പരമാർത്ഥജ്ഞാനം 8

കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു:
➦ ❝ദൂതൻ ഇടയന്മാരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.❞ (ലൂക്കൊ, 2:10-12). ➟ദൂതൻ്റെ ഈ വാക്കുകളെ തെറ്റിദ്ധരിച്ചുകൊണ്ട്, യേശു ജനനത്തിൽത്തന്നെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആണെന്ന് കരുതുന്നവരുണ്ട്. ➟യഥാർത്ഥത്തിൽ ഇതൊരു പ്രവചനവും യേശുവിൻ്റെ ജനനത്തെക്കുറിച്ച് ഇടയന്മാർക്കുള്ള സദ്വാർത്തയുമാണ്. അതിൻ്റെ ചില തെളിവുകൾ കാണാം: 
❶ സെഖര്യാവിനോടും മറിയയോടും യോസേഫിനോടുളുള്ള ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. ➟ഈ വേദഭാഗവും പ്രവചനമാണെന്ന് അതിൽത്തന്നെ തെളിവുണ്ട്: ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു❞ (I bring you good tidings of great joy, which shall be to all people). ➟ആദ്യവാക്യം: ❝സകലജനത്തിനും ഉണ്ടായ സന്തോഷമല്ല; ഉണ്ടാവാനുള്ള (shall be) സന്തോഷമാണ്.❞ ➟ഇവിടെ, ❝ഐമി❞ (εἰμί – eimi) എന്ന ക്രിയാധാതുവിൻ്റെ പ്രഥമപുരുഷ ഏകവചനത്തിലും (3rd Person Singular) ഭാവികാലത്തിലുള്ള (Future tense) ❝എസ്തൈ❞ (ἔσται – éstai) എന്ന ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. ➟അടുത്തവാക്യം: ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.❞ ➟ഈ വേദഭാഗത്ത്, ❝ജനിച്ചിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതിനാൽ ചരിത്രമാണെന്ന് ധരിക്കണ്ട. ➟ബൈബിളിലെ പ്രവചനങ്ങൾ മൂന്നു കാലങ്ങളിലും പറഞ്ഞിട്ടുണ്ട്: ➟ഉദാ: കർത്താവിൻ്റെ പുനരാഗമനം. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7). ഭാവികാലം: (എബ്രാ, 10:37). ➟യേശു നമ്മുടെ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയത് ജനനത്തിലല്ല; പിൽക്കാലത്താണ്. ➟അതുകൊണ്ടാണ്, ആദ്യവാക്യത്തിൽ ❝ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ എന്ന് ഭാവികാലത്തിൽ പറഞ്ഞത്. ജനനത്തിൽത്തന്നെ അവൻ ❝രക്ഷിതാവായ കർത്താവും ക്രിസ്തുവും❞ ആയിരുന്നെങ്കിൽ, ❝സർവ്വജനത്തിന്നും ഉണ്ടായ മഹാസന്തോഷം❞ എന്ന് ദൂതൻ പറയുമായിരുന്നു. ➟അതിനടുത്തവാക്യം: ❝നിങ്ങൾക്കു അടയാളമോ; ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.❞ ➟10-11 വാക്യത്തിൽ ചരിത്രഭാഗം: ❝ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു.❞എന്നത് മാത്രമാണ്. ➟❝ശിശുവിനെ നിങ്ങൾ കാണും❝ എന്നതുപോലും പ്രവചനമാണ്. ➟❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത് പിൽക്കാലത്താണ്. ➟അതിനാൽ, ഇതൊരു പ്രവചനവും ദൂതന്മാരോടുള്ള സദ്വാർത്തയുമാണെന്ന് മനസ്സിലാക്കാം.
❷ കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ക്രിസ്തുവിനെയോ, ദൈവപുത്രനെയോ അല്ല: അവളുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ എ.എം. 3789-ൽ (എ.ഡി. 29) യോർദ്ദാനിൽവെച്ച് ദൈവം അവനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ ക്രിസ്തു (അഭിഷിക്തൻ) ആയത്: (യെശ, 61:1; ലൂക്കൊ, 2:11ലൂക്കൊ, 3:22; പ്രവൃ, 10:38; പ്രവൃ, 4:27;). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് നസറെത്തിലെ തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟യേശു ജനിച്ച് ഏകദേശം മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവൻ അഭിഷിക്തൻ (ക്രിസ്തു) ആയത്: (ലൂക്കൊ, 3:23). ➟എന്നാൽ യോർദ്ദാനിൽവെച്ചും അവൻ മനുഷ്യരുടെ രക്ഷിതാവായ ക്രിസ്തു ആയില്ല; ശുശ്രൂഷയ്ക്കായുള്ള അഭിഷേകം പ്രാപിക്കുകയാണ് ചെയ്തത്. ➟അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് അവൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14-15). ➟പ്രവചനങ്ങൾക്ക് ത്രികാലസ്വഭാവമുള്ളതുപോലെ, ത്രികാല നിവൃത്തിയും (അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയും) ഉള്ളതായി കാണാം. ➟ഉദാ: ❝യിസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചു.❞ (ഹോശേ, 11:1). ➟ഇത് യിസ്രായേലിനെക്കുറിച്ചുള്ള പ്രവചനമാണ്. ➟ആത്മീയമായി ക്രിസ്തുവിൽ നിവൃത്തിയായി: (മത്താ, 2:15). ➟1948-ലെ യിസ്രായേൽ രാഷ്ട്ര രൂപീകരണത്തുടുള്ള ബന്ധത്തിൽ അംശമായി നിവൃത്തിച്ചു: (യെശ, 66:8). ➟അന്ത്യകാലത്ത് യിസ്രായേലിന് അവൻ്റെ രാജ്യം യഥാസ്ഥാനത്താക്കി കൊടുത്തുകഴിയുമ്പോൾ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവരും: (പ്രവൃ, 1:6ആവ, 30:3; യെശ, 11:11-12; 26:19; യിരെ, 29:14; യെഹെ, 38:8). ➟അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും ദൂതൻ്റെ പ്രവചനത്തിൻ്റെ ഭാഗിക നിവൃത്തിയുമാണ് യോർദ്ദാനിലെ അഭിഷേകമെന്ന് മനസ്സിലാക്കാം.
❸ യോർദ്ദാനിലെ സ്നാനാനന്തരമാണ് അവൻ ദൈവത്താൽ അഭിഷേകം പ്രാപിച്ച് ക്രിസ്തു ആയതെങ്കിലും അവൻ നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത് ജനനത്തിലോ, യോർദ്ദാനിലെ അഭിഷേകത്തിലോ അല്ല; മരിച്ച് ഉയിർത്തശേഷമാണ്: ➦❝ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.❞ (പ്രവൃ, 2:36). ➦❝യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.❞ (പ്രവൃ, 5:31). ➟അതായത്, നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അപ്പോഴാണ് അവൻ യഥാർത്ഥത്തിൽ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്.
➦ ആദാമിൻ്റെ അനുസരണക്കേടാണ് ലോകത്തിൻ്റെ പാപത്തിനു് കാരണം; ക്രിസ്തുവിൻ്റെ അനുസരണമാണ് ദൈവത്തോടു നമ്മെ നിരപ്പിച്ചതും അവൻ നിത്യരക്ഷയ്ക്ക് കാരണഭൂതനായതും: (എബ്രാ, 5:7-9). ➦❝ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.❞ (റോമർ 5:18-195:10-11). ➦❝മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.❞ (1കൊരി, 15:21). ➟തന്മൂലം, ❝കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു❞ ജനിച്ചത്, അവൻ്റെ മരണപുനരുത്ഥാനങ്ങൾക്ക് ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟അപ്പോഴാണ്, ❝സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം❞ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *