വചനം ജഡമായിത്തീർന്നു

“വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.”
(യോഹന്നാൻ 1:14)

യോഹന്നാൻ്റെ സുവിശേഷത്തിലെ ക്രിസ്തു ദൈവമോ, വചനമോ അല്ല; “വചനം ജഡമായിത്തീർന്നു” എന്നാണ് അവൻ പറയുന്നത്: (1:14). എന്നാൽ, അതും അക്ഷരാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് പറയുന്നത്. യോഹന്നാൻ്റെ സുവിശേഷം ആത്മീയ സുവിശേഷമാണ്. സമവീക്ഷണ സുവിശേഷങ്ങളിൽനിന്ന് യോഹന്നാൻ്റെ സുവിശേഷത്തെ വ്യത്യസ്തമാക്കുന്ന ഘടകവും അതുതന്നെയാണ്. യോഹന്നാനിലെ പ്രഭാഷണങ്ങളെല്ലാം ആത്മീയ പ്രഭാഷണങ്ങളാണ്. പുതിയജനനം (3:1-21), ജീവനുള്ള വെള്ളം (4:10-14), സത്യനമസ്കാരം (4:20-24), പിതാവും പുത്രനും തമ്മിലുള്ള ബന്ധം (5:17-47; 8:16-59; 10:29-41; 15:9-27), സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന ജീവൻ്റെ അപ്പം (6:32-69), ജീവജലത്തിൻ്റെ നദി (7:37-39), ലോകത്തിൻ്റെ വെളിച്ചം (8:12; 9:512;46), പുനരുത്ഥാനവും ജീവനും (11:21-26), വഴിയും സത്യവും ജീവനും (14:1-6) തുടങ്ങിയവ നോക്കുക. യേശുവിൻ്റെ മൂന്നരവർഷത്തെ ശുശ്രൂഷയിൽ നിന്ന് സമവീക്ഷണ സുവിശേഷകന്മാർ എടുക്കാതെ വിട്ടുകഞ്ഞ ആത്മീയപ്രഭാഷണങ്ങളാണ്, പിന്നെയും ഏകദേശം മുപ്പത് വർഷങ്ങൾക്കുശേഷം രേഖയാക്കാനുള്ള നിയോഗം യോഹന്നാനാണ് ലഭിച്ചത്. യോഹന്നാൻ്റെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നതെല്ലാം ആത്മീയ വിഷയങ്ങളായതുകൊണ്ടാണ്, “ഇതു കഠിനവാക്കു, ഇതു ആർക്കു കേൾപ്പാൻ കഴിയും” എന്നു പറഞ്ഞുകൊണ്ട് അവൻ്റെ ശിഷ്യന്മാർ പലരും പിൻവാങ്ങിപ്പോയത്: (6:60,66). യോഹന്നാനിലെ ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ മകൻ തന്നെയാണ്: (2:5,12; 19:25). യോസേഫിൻ്റെ മകനാണെന്നും പറഞ്ഞിട്ടുണ്ട്: (1:45). എന്നാൽ, യോഹന്നാൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ വചനം ജഡമായവനായി യോഹന്നാൻ അവതരിപ്പിക്കുന്നത്. അത് തൻ്റെ സുവിശേഷത്തിൻ്റെ പൂർണ്ണതയ്ക്കുവേണ്ടി ആത്മീയമായി പറയുന്നതാണ്. മത്തായി, ലൂക്കൊസ് സുവിശേഷങ്ങൾപോലെ വംശാവലിയോടെ മറിയയുടെ മകനായി അവനെ അവതരിപ്പിച്ചാൽ; “സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്ന ജീവൻ്റെ അപ്പം” തുടങ്ങിയ യേശുവിൻ്റെ വാക്കുകളുമായി ഒത്തുപോകില്ല. അത് പുസ്തകത്തിൻ്റെ വിശ്വാസ്യതയെ (Credibility) ബാധിക്കും. അതായത്, മറിയയുടെ മകനായി ഭൂമിയിൽ ജനിച്ചു എന്ന് തുടക്കത്തിൽ പറഞ്ഞശേഷം, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പിന്നീട് പറഞ്ഞാൽ; പുസ്തകം പൂര്‍വ്വാപരവൈരുദ്ധ്യമാകും. യേശുവിൻ്റെ ആത്മീയ പ്രഭാഷണങ്ങളും പ്രയോഗങ്ങളും സമവീക്ഷണ സുവിശേഷകന്മാർ എടുക്കാത്തതിൻ്റെ കാരണവും അതാണ്. യോഹന്നാൻ്റെ സുവിശേഷം ആത്മീയപ്രഭാഷണങ്ങളുടെ സമാഹാരം ആയതുകൊണ്ടാണ്, ദൈവത്തിൻ്റെ വചനത്തിന് മനുഷ്യത്വാരോപണം (Personification) കൊടുത്തുകൊണ്ട്, വചനം ദൈവത്തോടു കൂടെയായിരുന്നു എന്നും, വചനം ജഡമായിത്തീർന്നു എന്നും ആത്മീയമായി പറയുന്നത്. അല്ലാതെ, ക്രിസ്തു യഥാർത്ഥത്തിൽ വചനമോ, വചനം ജഡമായിത്തീർന്നവനോ അല്ല.

1️⃣ പഴയനിയമത്തിൽ, ദൈവപുത്രനായ യേശു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്: (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലനും അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ബി.സി. 6-ൽ മറിയയുടെ ആദ്യജാതനായിട്ടാണ് യേശു ജനിച്ചത്: (ലൂക്കൊ, 2:7). യെശയ്യാവിന്റെ ദൂതന്റെയും പ്രവചനങ്ങൾപോലെ എ.ഡി. 29-ലാണ് അവൻ ക്രിസ്തുവും ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 10:38). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്: (ലൂക്കൊ, 4:16-21). പ്രവചനങ്ങൾപോലെ എ.ഡി. 29-ൽ മാത്രം ക്രിസ്തുവും ദൈവപുത്രനും ആയവൻ, ദൈവത്തോടുകൂടെയുള്ള വചനമെന്ന നിത്യപുത്രനും ദൈവവും ആകുന്നത് എങ്ങനെയാണ്?

2️⃣ യഹോവയായ ഏകദൈവമാണ് ക്രിസ്തുവിനെ ക്കുറിച്ചുള്ള ച്ച് ആദ്യം പ്രവചിക്കുന്നത്: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പ, 3:15). പ്രഥമപ്രവചനം, പ്രഥമവാഗ്ദത്തം, പ്രഥമസുവിശേഷം എന്നൊക്കെ ഈ വേദഭാഗം അറിയപ്പെടുന്നു. ബൈബിളിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപരാമർശമാണിത്. ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, ക്രിസ്തു തനിക്ക് തുല്യനായ വചനമെന്ന ദൈവമാണെങ്കിലോ, യഹോവ അവനെ, സ്ത്രീയുടെ സന്തതിയെന്ന് പരിചയപ്പെടുത്തുമായിരുന്നോ? ദൈവം ആരുടെയും പുത്രനല്ല; സകലത്തിനും ആദി കാരണവും സകലത്തിൻ്റെ സ്രഷ്ടാവുമാണ്. ക്രിസ്തു യഹോവയ്ക്ക് സമനായ ദൈവമാണെങ്കിൽ, അവനെ പരിചയപ്പെടുത്തുന്ന പ്രഥമവാക്യത്തിൽ, ആ നിലയിലല്ലേ പരിചയപ്പെടുത്തേണ്ടത്? ഒരു ദൈവം തനിക്കു തുല്യനായ മറ്റൊരുത്തൻ്റെ ഐഡന്റിറ്റി ഒളിച്ചുവെക്കാൻ ആവശ്യമെന്താണ്? തന്മൂലം, ക്രിസ്തു വചനമെന്ന ദൈവമല്ലെന്ന് മണസ്സിലാക്കാമല്ലോ. യഹോവ അരുളിച്ചെയ്തപോലെ, കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്ന് ജനിച്ചവനാണ്, തൻ്റെ മരണത്താൽ പഴയ പാമ്പായ പിശാചിൻ്റെ തല തകർത്തത്. (ഗലാ, 4:4; എബ്രാ, 2:14-16).

3️⃣ യഹോവ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ മറ്റൊരു വേദഭാഗം നോക്കാം: “നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.” (ആവ, 18:18-19). ഇത് ക്രിസ്തുവിനെക്കുറിച്ച് യഹോവയായ ദൈവം മോശെയോട് പറഞ്ഞതാണ്. (പ്രവൃ, 3:22; 7:37). ഈ വേദഭാഗത്ത് അഞ്ച് കാര്യങ്ങൾ കാണാം: 1. നിന്നെപ്പോലെ ഒരു പ്രവാചകൻ: നിന്നെപ്പോലെ അഥവാ, മോശെയെപ്പോലെ ഒരു പ്രവാചകനെന്നാണ് യഹോവ ക്രിസ്തുവിനെ ആദ്യം വിശേഷിപ്പിക്കുന്നത്. ദൈവം തനിക്ക് തുല്യനായ ഒരു ദൈവത്തെ പ്രവാചകനായി എഴുന്നേല്പിച്ചു എന്ന് പറയുന്നതുതന്നെ വെറും വിഡ്ഢിത്തമാണ്. ഇനി, ക്രിസ്തു യഹോവയ്ക്ക് തുല്യനായ വചനമെന്ന ദൈവമാണെങ്കിൽ, മനുഷ്യനായ മോശെയെപ്പോലൊരു പ്രവാചകനെന്ന് അവനെ പറയുമായിരുന്നോ? ദൈവത്തിൻ്റെ ശ്രേഷ്ഠ പ്രവാചകനാണ് മോശെ എന്നുള്ളത് തർക്കമറ്റ സംഗതിയാണ്. എന്നിരുന്നാലും, മോശെ ദൈവത്തിൻ്റെ ദാസനായ മനുഷ്യൻ തന്നെയാണ്. എത്ര പ്രശംസകൾക്കും വിശേഷണങ്ങൾക്കും യോഗ്യനാണെങ്കിലും മനുഷ്യൻ ദൈവത്തിന് തുല്യനാകുമോ? ക്രിസ്തു യഹോവയ്ക്ക് തുല്യനായ ദൈവമാണെങ്കിൽ, ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല എന്നൊക്കെപ്പറഞ്ഞ യഹോവതന്നെ ഭോഷ്ക്ക് പറയുന്നവനാകും. (യെശ, 40:25; 46:5,9). തന്നെയുമല്ല, തനിക്ക് തുല്യനായ ഒരു ദൈവത്തെ മോശെയെന്ന മനുഷ്യനോട് സമനാക്കിയാൽ താൻതന്നെ നിന്ദ്യനായി മാറില്ലേ? പലരും തങ്ങളുടെ ദുരുപദേശത്താൽ, ദൈവത്തെ ഭോഷ്ക്ക് പറയുന്നവനും നിന്ദ്യനും ആക്കുകയാണ് ചെയ്യുന്നത്. ദൈവം മനുഷ്യനല്ല; താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, മനുഷ്യനായി അവസ്ഥാഭേദം വരാനും മരണത്തിലൂടെ പാപപരിഹാരം വരുത്താനും കഴിയില്ല. (ഇയ്യോ, 9:32; ഹോശേ, 11:9; 1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). തന്മൂലം, ക്രിസ്തു ദൈവമാണെങ്കിൽ അവനൊരിക്കലും മോശെയ്ക്ക് തുല്യനായ മനുഷ്യനാകാനോ, മരണത്തിലൂടെ പാപപരിഹാരം വരുത്താനോ കഴിയുമായിരുന്നില്ല. 2. അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും: പിന്നെ പറയുന്നത്, ക്രിസ്തുവിനെ യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിക്കും എന്നാണ്. യഹോവയുടെ വാക്കുപോലെ, യിസ്രായേൽ കന്യകയിലൂടെ യിസ്രായേലിൽനിന്നാണ് അവൻ എഴുന്നേറ്റത്. (മത്താ, 1:21; ലൂക്കൊ, 2:5-7; റോമ, 9:5). ദൈവം ത്രിത്വമാണെങ്കിലോ, ക്രിസ്തു വചനമെന്ന ദൈവമാണെങ്കിലോ, അവനെ സ്വർഗ്ഗത്തിൽനിന്ന് അയച്ച് നിങ്ങളെ രക്ഷിക്കുമെന്നല്ലാതെ, അവൻ മോശെയെപ്പോലൊരു പ്രവാചകനാണെന്നും യിസ്രായേൽ സഹോദരന്മാരുടെ ഇടയിൽനിന്ന് അവനെ എഴുന്നേല്പിക്കും എന്നൊന്നും ദൈവം പറയുമായിരുന്നില്ല. ഒരു ദൈവത്തിന് തനിക്കു തുല്യനായ മറ്റൊരു ദൈവത്തെ എങ്ങനെ മനുഷ്യനോട് സമനാക്കി ഡീഗ്രേഡ് (degrade) ചെയ്യാൻ പറ്റും? 3. എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും: ക്രിസ്തു വചനമെന്ന ദൈവമാണെന്നാണ് ട്രിനിറ്റിയും വൺനെസ്സുകാരും പഠിപ്പിക്കുന്നത്. എന്നാൽ, അവൻ വചനമാണെന്ന് ബൈബിളിൽ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. അവൻ വചനമല്ല എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് യഹോവയുടെ വാക്കുകൾ: “എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും.” ക്രിസ്തു വചനമെന്ന ദൈവമാണെങ്കിൽ, വചനത്തിൻ്റെ നാവിന്മേലാണോ യഹോവ തൻ്റെ കൊടുക്കുന്നത്? എന്നാൽ ലൂക്കൊസ് പറയുന്നത് നോക്കുക: “എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ (Logos) നിമിത്തം ആശ്ചര്യപെട്ടു.” (ലൂക്കോ, 4:22). ഈ വേദഭാഗത്ത്, യേശുവിന്റെ വായിൽനിന്ന് പുറപ്പെട്ട വാക്കുകൾ (Logos – Word) അഥവാ, വചനങ്ങളാണ്, യഹോവ അവൻ്റെ നാവിന്മേൽ ആക്കിക്കൊടുത്ത തൻ്റെ വചനങ്ങൾ (dabar). അതിനാൽ, ക്രിസ്തു യഹോവയുടെ വചനമല്ല; അവൻ്റെ വായിൽനിന്ന് പറപ്പെട്ടതാണ് വചനമെന്ന് അസന്ദിഗ്ധമായി തെളിയുന്നു. 4. ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും: ക്രിസ്തു പറയുന്നതു നോക്കുക്കുക: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. (യോഹ, 7:16). പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു. (8:28). ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. (യോഹ, 12:49). ഞാൻ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു. (യോഹ, 12:50). ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു. (യോഹ, 14:10). നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു. (യോഹ, 14:24). എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. (യോഹ, 14:31). ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.” (യോഹ, 15:10). 5. അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36).

3️⃣ യോഹന്നാൻ്റെ ക്രിസ്തു വചനമെന്ന നിത്യദൈവമാണെന്ന് വിശ്വസിക്കുന്നവർ യോഹന്നാൻ്റെ പുസ്തകങ്ങൾ വസ്തുനിഷ്ഠമായി പഠിച്ചിച്ചിട്ടുള്ളവരേയല്ല. ദൈവപുത്രനായ ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അതിൽ, ക്രിസ്തു മനുഷ്യനാണെന്ന് ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്. 17 പ്രാവശ്യം:

  1. ജഡം (sarx) – യോഹ, 1:14,
  2. മനുഷ്യൻ (anir) – 1:30,
  3. മനുഷ്യൻ (anthropos) – 3:27,
  4. മനുഷ്യൻ (anthropon) – 4:29,
  5. മനുഷ്യൻ (anthropos) – 5:12,
  6. മനുഷ്യൻ (anthropos) – 7:46,
  7. മനുഷ്യൻ (anthropon) – 8:40,
  8. മനുഷ്യൻ (anthropos) – 9:11,
  9. മനുഷ്യൻ (anthropos) – 9:16,
  10. മനുഷ്യൻ (anthropos) – 9:24,
  11. മനുഷ്യൻ (anthropos) – 10:33,
  12. മനുഷ്യൻ (anthropos) – 11:47,
  13. മനുഷ്യൻ (anthropos) – 11:50,
  14. മനുഷ്യൻ (anthropon) – 18:14,
  15. മനുഷ്യൻ (anthropou) – 18:17,
  16. മനുഷ്യൻ (anthropou) – 18:29,
  17. മനുഷ്യൻ (anthropos) – 19:5.

3️⃣ താൻ ദൈവമല്ല; മനുഷ്യനാണെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. താൻ ദൈവമല്ലെന്ന് ദൈവപുത്രൻ കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറെ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് മൂന്നുപ്രാവശ്യം ക്രിസ്തു പറഞ്ഞിട്ടുണ്ട്. ക്രൂശിൽ മരിച്ചിട്ട് ദൈവം ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ച ക്രിസ്തു ആരാണെന്ന് അറിയാത്തതുകൊണ്ടാണ് അവനെ വചനവിരുദ്ധമായി ദൈവമാക്കാൻ പലരും ശ്രമിക്കുന്നത്. (പ്രവൃ, 23:24,36; 5:31). താൻ ദൈവമല്ല; മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും ക്രിസ്തു ഖണ്ഡിതമായി പറയുന്നത് യോഹന്നാൻ്റെ സുവിശേഷത്തിലാണ്:

“തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (monou theou) ആണ്. ഇംഗ്ലീഷിൽ God alone ആണ്. പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ (single) കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). ആ പദം കൊണ്ടാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുന്നത്. ഇവിടെപ്പറയുന്ന, ഒരുത്തൻ മാത്രമായ ദൈവം താനാണെന്നല്ല പറയുന്നത്. ഉത്തമപുരുഷനായ താൻ, മധ്യമപുരുഷനായ യെഹൂദന്മാരോട്, പ്രഥമപുരുഷനായ അഥവാ, മൂന്നാമനായ ഒരേയൊരു ദൈവത്തെക്കുറിച്ചാണ് പറയുന്നത്. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, ദൈവം സമനിത്യരായ മൂന്നുപേർ ആണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ പ്രഥമപുരുഷ സർവ്വനാമത്തിൽ ദൈവപുത്രനായ ക്രിസ്തു പറയുമായിരുന്നില്ല. പിതാവ് ഒരുത്തൻ മാത്രമാണ് ദൈവം എന്ന് സിംഗിളിനെ കുറിക്കുന്ന മോണോസ് കൊണ്ട് ഖണ്ഡിതമായി പറയുകവഴി, ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും ക്രിസ്തു അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ, ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു നുണയനും വഞ്ചകനും ആണെന്ന് സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല.

“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവമായ പിതാവ് ഗ്രീക്കിൽ, പാറ്റിർ ടോൺ മോണോൻ അലതിനോൻ തിയോൻ (Pater ton monon alethinon theon) ആണ്. ഇംഗ്ലീഷിൽ, Father. the only true God ആണ്. Father, the only true God എന്ന് പറഞ്ഞാൽ; പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ സിംഗിളിനെ കുറിക്കുന്ന യാഹീദ് തുല്യമായ മോണോസ് കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ, പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ, സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ്, ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. അതിനാൽ, പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. തന്മൂലം, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ ദൈവം ത്രിത്വമല്ലെന്നും താൻ ദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. പുത്രനെ അനുസരിക്കാത്തവൻ ജീവനെ കാണുകയില്ലെന്നാണ് വചനം പറയുന്നത്. (യോഹ, 3:36). 

“ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40)

“യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.” (യോഹ, 20:17)

താൻ സത്യദൈവമല്ല; മനുഷ്യനാണെന്നും തനിക്കൊരു ദൈവമുണ്ടെന്നും പുത്രൻതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ; അവൻ സത്യദൈവമാകില്ല; വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം കർത്താവിനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ പിതാവിനെക്കാൾ താഴ്ന്നവനും (യോഹ, 14:28. ഒ.നോ: 20:29) സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണ്. (എബ്രാ, 7:26). അതായത്, ട്രിനിറ്റി തങ്ങളുടെ ദുരുപദേശത്താൽ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകളിലൂടെ ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ത്രിമൂർത്തി ഉപദേശം.

4️⃣ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, പുത്രൻ ആത്മാവായ ദൈവമല്ല; അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും വംശപരമ്പരയിൽ മറിയയെന്ന കന്യകയിൽ പരിശുദ്ധാവിനാൽ ഉല്പാദിതമായ (മത്താ, 1:20; ലൂക്കൊ, 2:21), ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:35) അഥവാ, പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). ഒന്നൂകൂടി വ്യക്തമാക്കിയാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ അവളിൽനിന്ന് ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ട് (ലൂക്കൊ, 2:40), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവനും (ലൂക്കൊ, 2:52) ആത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22; പ്രവൃ, 10:38) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രുഷ ചെയ്തവനും (ലൂക്കൊ, 4:14) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28) ദൈവത്താൽ പാപമോചനം നല്കിയവനും (മത്താ, 9:8), ആത്മാവിനാൽ ദൈവത്തിന് തന്നെത്താൻ നിഷ്ക്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന പാപരഹിതനായ മനുഷ്യനാണ് ക്രിസ്തു. (യോഹ, 8:40; 1യോഹ, 3:5). 

5️⃣ യോഹന്നാൻ്റെ സുവിശേഷം ആത്മീയമായതുകൊണ്ടാണ്, വചനം എന്നൊരു പൂർവ്വാസ്തിത്വം യോഹന്നാൻ ക്രിസ്തുവിന് കല്പിച്ചിരിക്കുന്നത്. ക്രിസ്തുവിൻ്റെ പൂർവ്വാസ്തിത്വം യഥാർത്ഥത്തിൽ വചനമെന്ന നിലയിലല്ല; അഥവാ, അവൻ വചനം ജഡമായിത്തീർന്നവനല്ല; പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). അഥവാ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ്. (യോഹ, 8:40; 1യോഹ, 3:5). അതിൻ്റെ വ്യക്തമായ തെളിവ് യോഹന്നാൻ്റെ സുവിശേഷത്തിൽത്തന്നെയുണ്ട്: ഞാൻ തന്നെ അവൻ അഥവാ, പിതാവെന്ന് മൂന്നുപ്രവാശ്യം പറഞ്ഞിട്ടുണ്ട്: (8:24; 8:28; 13:19). താൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്: (8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞിട്ടുണ്ട്: (10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്: (14:9). ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം, ക്രിസ്തു ദൈവത്തോടു കൂടെയുള്ള വചനമെന്ന നിത്യദൈവമാണ്. അവൻ യഥാർത്ഥത്തിൽ വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവൻ ആണെങ്കിൽ അഥവാ, അവൻ്റെ പൂർവ്വാസ്തിത്വം വചനമെന്ന നിലയിൽ ആയിരുന്നെങ്കിൽ; അവൻ നിത്യമായ അസ്തിത്വത്തിലും വചനമായിരിക്കണം. അങ്ങനെയാണെങ്കിൽ, ക്രിസ്തു മേല്പറഞ്ഞ കാര്യങ്ങളും അബദ്ധമായിമാറും. പിതാവായ ദൈവത്തോടുകൂടെ നിത്യമായുള്ള വചനം ജഡമായിത്തീർന്നവൻ, ഞാൻതന്നേ വചനം എന്നല്ലാതെ; ഞാർതന്നേ പിതാവാണെന്ന് എങ്ങനെ പറയും? ഞാൻ അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള വചനമാണെന്നല്ലാതെ, എഗോ എയ്മി അഥവാ, ഹോവയാണെന്ന് എങ്ങനെ പറയും? ഞാനും വചനവും ഒന്നാണെന്നല്ലാതെ, ഞാനും പിതാവും ഒന്നാകുന്നു എന്ന് എങ്ങനെ പറയും? എന്നെക്കണ്ടവൻ വചനത്തെ കണ്ടു എന്നല്ലാതെ; എന്നെക്കണ്ടവൻ പിതാവിനെക്കണ്ടിരിക്കുന്നു എന്നെങ്ങനെ പറയും?

6️⃣ ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ് യേശു. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: ലൂക്കൊ, 1:68; യെശ, 25:8-9; 35:3-6; 40:3). ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). താൻ മരണമില്ലാത്തവനും മാറ്റമില്ലാത്തവനും അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, ദൈവത്തിന് തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് വേഷം മാറാനോ അവതാരമെടുക്കാനോ കഴിയില്ല. (1തിമൊ, 6:16; മലാ, 3:6; യാക്കോ, 1:17). അതിനാൽ, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ മനുഷ്യനാണ് യേശു. (യോഹ, 8:40; 1യോഹ, 3:5). 

ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ അഥവാ, വെളിപ്പാടുകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147: 19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, അവൻ്റെ ദൈവമായ യഹോവ ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ, ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; എബ്രാ, 10:5; സങ്കീ, 40:6. ഒ.നോ: ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14). തന്മൂലം, സുവിശേഷചരിത്രകാരത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: (1തിമൊ, 2:5-6. ഒ.നോ: യോഹ, 8:16,29; 12:28; 14:6, 23; 16:32; 17:3,11,21,23). അതിനാൽ, സുവിശേഷചരിത്രകാലമൊഴികെ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെയാണ്. (യോഹ, 10:30). അതാണ് ദൈവഭക്തിയുടെ മർമ്മം. [കാണുക: ദൈവഭക്തിയുടെ മർമ്മം]. പരിഗ്രഹിപ്പാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കൂടുതൽ അറിയാൻ:

ലോഗോസ് ക്രിസ്തുവാണോ? 10 തെളിവുകൾ

ദൈവപുത്രൻ വചനമെന്ന ദൈവമാണോ?

Leave a Reply

Your email address will not be published. Required fields are marked *