ജഡത്തിൽ വെളിപ്പെട്ട “അവൻ” പിതാവോ, പുത്രനോ❓

ദൈവഭക്തിയുടെ മർമ്മത്തിൽ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ് കാണുന്നത്. ജഡത്തിൽ വെളിപ്പെട്ട അവൻ; പിതാവാണോ, പുത്രനാണോ എന്നാണ് നാം പരിശോധിക്കുന്നത്. ആ വേദഭാഗം ഇപ്രകാരമാണ്: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തെ, നീതിയുടെ രഹസ്യം (വിശുദ്ധഗ്രന്ഥം), ആരാധനാ ജീവിതത്തിന്‍റെ രഹസ്യം (ഇ.ആർ.വി), മതവിശ്വാസത്തിന്‍റെ മര്‍മ്മം (സ.വേ.പു.സ.പ), ദൈവഭക്തിയുടെ അഗാധരഹസ്യം (മ.ബൈ.നൂ.പ), മതത്തിൻ്റെ രഹസ്യം’ (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. ദൈവത്തെയും ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച വലിയൊരു രഹസ്യം പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തുകയാണ്. പൂർവ്വകാലങ്ങളിൽ അഥവാ, പഴയനിയമകാലത്ത് മറഞ്ഞുകിടന്നതും അഥവാ, വെളിപ്പെടാതിരുന്നതും നിത്യദൈവത്തിൻ്റെ നിയോഗപ്രകാരം പുതിയനിയമ സഭയ്ക്ക് അഥവാ, വിശുദ്ധന്മാർക്ക് വെളിപ്പെട്ടതിനെയുമാണ് മർമ്മം എന്ന് പറയുന്നത്. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ദൈവം, ഈ മർമ്മം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും, ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്.

“അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ, ‘അവൻ‘ എന്നതിനെ ഭാഷയുടെ വ്യാകരണത്തിൽ, സർവ്വനാമം എന്ന് പറയും. നാമത്തിന്‌ പകരം ഉപയോഗിക്കുന്ന പദങ്ങളെയാണ് സർവ്വനാമങ്ങൾ എന്നു പറയുന്നത്. അതായത്, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമങ്ങൾ ഉപയോഗിക്കുന്നത്. പ്രധാനമായും സർവ്വനാമങ്ങൾ മൂന്ന് വിധത്തിലുണ്ട്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. ഇംഗ്ലീഷിൽ, first person, second person, third person എന്നിങ്ങനെ പറയും. അതായത്, ആരാണോ പറയുന്നത് അദ്ദേഹത്തിൻ്റെ നാമത്തിനു പകരം ഉപയോഗിക്കുന്ന പദത്തെയാണ് ഉത്തമപുരുഷ സർവ്വനാമം എന്ന് പറയുന്നത്. ആരോടാണോ പറയുന്നത്, അദ്ദേഹത്തിൻ്റെ പേരിനു പകരം ഉപയോഗിക്കുന്ന പദത്തെയാണ് മധ്യമപുരുഷ സർവ്വനാമം എന്ന് പറയുന്നത്. ആരെക്കുറിച്ചാണോ പറയുന്നത് അദ്ദേഹത്തിൻ്റെ പേരിനു പകരം ഉപയോഗിക്കുന്ന പദത്തെയാണ് പ്രഥമപുരുഷ സർവ്വനാമം എന്ന് പറയുന്നത്. ഇനി, എഴുത്തുകളെ അഥവാ, ലേഖനങ്ങളക്കുറിച്ച് പറഞ്ഞാൽ; ഉത്തമപുരുഷൻ്റെ അഥവാ, എഴുത്തുകാരൻ്റെ പേരും, മധ്യമപുരുഷൻ്റെ അഥവാ, ആർക്കാണോ ലേഖനം എഴുതുന്നത് അദ്ദേഹത്തിൻ്റെ പേരും എല്ലാ ലേഖനങ്ങളുടെയും തുടക്കത്തിൽത്തന്നെ ഓരോ പ്രാവശ്യം പരാമർശിച്ചിട്ടുണ്ടാകും. പിന്നീട്, ആവർത്തന വിരസത ഒഴിവാക്കാൻ, ലേഖനങ്ങളുടെ അവസാനംവരെ അവരുടെ പേര് പരാമർശിക്കാതെ, എഴുത്തുകാരൻ ഞാൻ, എൻ്റെ എനിക്ക് എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമവും, ആർക്കാണോ ലേഖനം എഴുതുന്നത് അയാൾക്ക്, നീ, നിൻ്റെ, നിനക്ക് എന്നിങ്ങനെ മധ്യമപുരുഷ സർവ്വനാമവും ആണ് ഉപയോഗിക്കുന്നത്. എന്നാൽ,  മൂന്നാമത് ഒരുത്തനെക്കുറിച്ച് അല്ലെങ്കിൽ ഒരു വസ്തുവിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുമ്പോൾ, ആ വിഷയത്തോടുള്ള ബന്ധത്തിൽ മാത്രമാണ് പേര് പരാമർശിക്കുന്നതും, പേര് ആവർത്തിക്കാൻ ആവശ്യമെങ്കിൽ പകരം പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കുന്നതും. അതായത്, ഒരു പ്രത്യേക വിഷയത്തോടുള്ള ബന്ധത്തിൽ എഴുത്തുകാരനും ലേഖന സ്വീകർത്താവും അല്ലാത്ത മൂന്നാമത് ഒരുത്തനെ പരമർശിക്കേണ്ടി വരുമ്പോൾ, അയാളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്ന പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും ഉപയോഗിക്കാതെ, “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

ഇനി നമുക്ക്, നമ്മുടെ ചിന്തയ്ക്ക് ആധാരമായ വേദഭാഗം പരിശോധിക്കാം: 1തിമൊഥെയൊസ് 3-ാം ആദ്ധ്യായത്തിൽ മൂന്ന് വിഷയം കാണാം. 1-മുതൽ 7-വരെയുള്ള വേദഭാഗങ്ങൾ അദ്ധ്യക്ഷൻ്റെ യോഗ്യതകളും, 8-മുതൽ 13-വരെയുള്ള വേദഭാഗങ്ങൾ ശുശ്രൂഷകൻ്റെ യോഗ്യതകളും, 14-മതൽ 16-വരെ ദൈവഭക്തിയുടെ മർമ്മം എന്ന പ്രത്യേക വിഷയവുമാണ് പൗലൊസ് പ്രസ്താവിക്കുന്നത്. 16-ാം വാക്യത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് കാണുന്നത്. ‘അവൻ‘ എന്നത് പ്രഥമപുരുഷ സർവ്വനാമം ആണെന്ന് മുകളിൽ നാം കണ്ടതാണ്. തന്നെയുമല്ല, എഴുത്തുകാരനും, ആർക്കാണോ ലേഖനം എഴുതുന്നത് അയാളും ഒഴികെ, മൂന്നാമത് ഒരുത്തനെ പരാമർശിക്കേണ്ടി വരുമ്പോൾ, അദ്ദേഹത്തെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും പറയാതെ, അവൻ എന്ന സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ലെന്നും നാം കണ്ടതാണ്. തന്മൂലം, ‘അവൻ‘ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ പ്രസ്തുത വേദഭാഗത്തുതന്നെ ഉണ്ടാകണം. അതാണ് ഭാഷ. നമുക്ക് ആ വേദഭാഗം ഒന്നു പരിശോധിക്കാം: അതിൻ്റെ പതിനാലാം വാക്യം: “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്ന് ആശിക്കുന്നു.” ഈ വേദഭാഗത്ത് പറയുന്ന ‘ഞാൻ‘ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവൻ, എഴുത്തുകാരനായ പൗലൊസ് ആണ്. ‘നിൻ്റെ‘ എന്ന മധ്യമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവൻ തിമൊഥെയൊസ് ആണ്. അതായത്, ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്ന് ആശിക്കുന്നു എന്ന് പൗലൊസ് തിമൊഥെയോസിനോടാണ് പറയുന്നത്. അതിൻ്റെ പതിനഞ്ചാം വാക്യം: “താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.” ഈ വേദഭാഗത്ത്, ദൈവഭക്തിയുടെ മർമ്മം എന്ന വിഷയം പറയുന്നതിൻ്റെ ഉദ്ദേശമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞാൻ വരുവാൻ താമസിച്ചുപോയാൽ, സത്യത്തിന്റെ തൂണും അടിസ്ഥാനവുമായ ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ എങ്ങനെ നടക്കേണമെന്ന് അറിയേണ്ടതിനാണ് ഇത് എഴുതുന്നത്. മേൽപറഞ്ഞ രണ്ട് വേദഭാഗങ്ങളിൽ മൂന്നുപേരെക്കാണാം. പതിനാലാം വാക്യത്തിൽ, എഴുത്തുകാരൻ അഥവാ, ഉത്തമപുരുഷനായ പൗലൊസിനെയും, ലേഖനം ആർക്കാണോ എഴുതിയത് അഥവാ, മധ്യമപുരുഷനായ തിമൊയൊസിനെയും കാണാം. പതിനഞ്ചാം വാക്യത്തിൽ, ആരെക്കുറിച്ചാണോ തിമൊഥെയൊസിനോട് പറയുന്നത് അഥവാ, പ്രഥമപുരുഷനായ ജീവനുള്ള ദൈവത്തെയും കാണാം. അതായത്, ആര്, ആരോട്, ആരെക്കുറിച്ച് പറഞ്ഞു എന്ന ചോദ്യത്തിൻ്റെ ഉത്തരം നമുക്ക് കിട്ടി. പൗലൊസ് തിമൊഥെയൊസിനോട് ജീവനുള്ള ദൈവത്തിത്തെക്കുറിച്ചും അവൻ്റെ സഭയാകുന്ന ദൈവാലയത്തെക്കുറിച്ചുമാണ് പറയുന്നത്. ഇനി, അതിൻ്റെ പതിനാറാം വാക്യം: “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു. എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” ഈ വാക്യത്തിൽ ആറ് കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ, ആദ്യഭാഗമാണ് നമ്മുടെ വിഷയം; അതുമാത്രമാണ് നാം ചിന്തിക്കുന്നത്. “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് ആദ്യഭാഗത്ത് പറയുന്നത്. ആരാണ് ജഡത്തിൽ വെളിപ്പെട്ടത്? മൂന്നുവിധത്തിൽ ഇത് നമുക്ക് മനസ്സിലാക്കാം:

1. ദൈവഭക്തിയുടെ മർമ്മം എന്ന വിഷയത്തിൽ, പേർ പറഞ്ഞിരിക്കുന്ന മൂന്നുപേരാണ് ഉള്ളത്. പൗലൊസ്, തിമൊഥെയൊസ്, ജീവനുള്ള ദൈവം. പേർ പറഞ്ഞിരിക്കുന്ന ഈ മൂവരിൽ ഒരാൾക്കല്ലാതെ, നാലാമത് ഒരാൾക്ക് ജഡത്തിൽ വെളിപ്പെടാൻ ഭാഷാപരമായി ആ വേദഭാഗം സമ്മതിക്കില്ല. അതിൽ, പൗലൊസും തിമൊഥെയൊസും മനുഷ്യരാണ്. മനുഷ്യർക്ക് പിന്നെയും ജഡത്തിൽ അഥവാ, മനുഷ്യനായി വെളിപ്പെടേണ്ട ആവശ്യമില്ല. അതിനൊട്ട് കഴിയുകയുമില്ല. അതായത്, അവിടെയുള്ളവരിൽ ജീവനുള്ള ദൈവത്തിനൊഴികെ, മറ്റാർക്കും ജഡത്തിൽ വെളിപ്പെടാൻ കഴിയുകയില്ല. തന്മൂലം, ജഡത്തിൽ വെളിപ്പെട്ട ‘അവൻ‘ ജീവനുള്ള ദൈവമാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം.

2.അവൻ‘ എന്നത് പ്രഥമപുഷനെ കുറിക്കുന്ന സർവ്വനാമം ആണ്. പ്രസ്തുത വേദഭാഗത്തുള്ള മൂവരിൽ, പൗലൊസ് ഉത്തമപുരുഷനും തിമൊഥെയൊസ് മധ്യമപുരുഷനും ആണ്. പൗലൊസ് തിമൊഥെയൊസിനോട് ജീവനുള്ള ദൈവത്തെക്കുറിച്ചാണ് പറഞ്ഞത്. ആര്, ആരോട്, ആരെക്കുറിച്ച് പറയുന്നുവോ, അവനാണ് പ്രഥമപുരുഷൻ. അപ്പോൾ, ജീവനുള്ള ദൈവം ആണ് അവിടുത്തെ പ്രഥമപുരുഷൻ എന്ന് മനസ്സിലാക്കാമല്ലോ. അതായത്, ‘അവൻ‘ എന്നത്, പ്രഥമപുരുഷനെ കുറിക്കുന്ന സർവ്വനാമം ആണ്. തന്മൂലം, അവിടെപ്പറയുന്ന, ‘അവൻ‘ ജീവനുള്ള ദൈവമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

3. പതിനഞ്ചാം വാക്യത്തിൽ, ജീവനുള്ള ദൈവത്തെക്കുറിച്ച് പറഞ്ഞിട്ട് അടുത്തവാക്യത്തിൻ്റെ ആദ്യഭാഗത്തുതന്നെ, അവൻ അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. തന്മൂലം, വാക്കും ഭാഷണവും കൂടാതെ, ജഡത്തിൽ വെളിപ്പെട്ട ‘അവൻ‘ ജീവനുള്ള ദൈവമാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

ദൈവഭക്തിയുടെ മർമ്മം എന്ന ഈ വേദഭാഗം, ഭാഷയുടെ വ്യാകരണം അറിയില്ലെങ്കിലും ബൈബിൾ വായിക്കുന്ന എല്ലാവർക്കും വളരെ എളുപ്പം മനസ്സിലാകേണ്ടതാണ്. നിർഭാഗ്യവശാൽ, അനേകർക്കും ഈ ദൈവികരഹസ്യം വെളിപ്പെട്ടിട്ടില്ല. അതിൻ്റെ കാരണം: അനേകരും ക്രിസ്തുവിൻ്റെ അനുയായികളല്ല; പ്രസ്ഥാനങ്ങളുടെ അടിമകളാണ്. അവരവർ ആയിരിക്കുന്ന പ്രസ്ഥാനങ്ങളുടെ ദുരുപദശത്തിൻ്റെ കണ്ണടകൾ ധരിച്ചുകൊണ്ടാണ് അനേകരും ദൈവവചനം വായിക്കുന്നത്. അതുകൊണ്ടാണ്, ഇന്നയോളം പല രഹസ്യങ്ങളും വെളിപ്പെടാതിരിക്കുന്നത്. “ദൈവം അവർക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.” (റോമ, 11:8). പ്രസ്ഥാനങ്ങളുടെ അടിമകളാകാതെ, ക്രിസ്തുവിൻ്റെ അനുയായി ആയാൽ ദൈവവചന സത്യങ്ങളെല്ലാം താനേ വെളിപ്പെട്ടുവരും.

ജഡത്തിൽ വെളിപ്പെട്ട ‘അവൻ‘ ജീവനുള്ള ദൈവമാണെന്ന് നാം കണ്ടു. ഇനി, അറിയാനുള്ളത്, ജീവനുള്ള ദൈവം പിതാവാണോ, പുത്രനാണോ എന്നാണ്. ഫിലിപ്പിന്റെ കൈസര്യയിൽവെച്ച്, “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്ന് ക്രിസ്തു ശിഷ്യന്മാരോട് ചോദിച്ചപ്പോൾ, നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നാണ് പത്രൊസ് ഉത്തരം പറഞ്ഞത്. ബർയോനാ ശിമോനേ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്റെ പിതാവത്രേ നിനക്ക് ഇത് വെളിപ്പെടുത്തിയത് എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി. (മത്താ, 16:15-17). ഈ വേദഭാഗത്തുനിന്ന് രണ്ട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാം: 1. ക്രിസ്തു ജീവനുള്ള ദൈവമല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. 2. സ്വർഗ്ഗസ്ഥനായ പിതാവാണ് ജീവനുള്ള ദൈവമെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം. തന്മൂലം, ജീവനുള്ള ദൈവമാണ് യേശുവിൻ്റെ പിതാവെന്ന് ഈ വേദഭാഗത്ത് വ്യക്തമാണല്ലോ. അടുത്ത ചോദ്യം: ജീവനുള്ള ദൈവവും സ്വർഗ്ഗസ്ഥനായ പിതാവും ആരാണ്; അവൻ്റെ പേരെന്താണ്? ജീവനുള്ള ദൈവം യഹോവയാണെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ  ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.” (യിരെ, 10:10. ഒ.നോ: 2രാജാ, 19:4; യെശ, 37:17). ജീവനുള്ള ദൈവം എന്ന പ്രയോഗം മുപ്പതു പ്രാവശ്യം ബൈബിളിലുണ്ട്. എന്നാൽ, പിതാവിനെ കുറിക്കാനല്ലാതെ, ഒരിക്കൽപ്പോലും ദൈവപുത്രനായ ക്രിസ്തുവിനെ കുറിക്കാൻ ആ പ്രയോഗം ഉപയോഗിച്ചിട്ടില്ല. തന്മൂലം, ക്രിസ്തുവിൻ്റെ പിതാവായ യഹോവയാണ് ജീവനുള്ള ദൈവം എന്ന് സംശയലേശമന്യേ മനസ്സിലാക്കാം. അടുത്തത്, സ്വർഗ്ഗസ്ഥനായ പിതാവ് ആരാണ്? സ്വർഗസ്ഥനായ എന്റെ പിതാവ് എന്നാണ് ക്രിസ്തു പിതാവിനെ സംബോധന ചെയ്തത്. അനേകം പ്രാവശ്യം താനത് പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 12:50; 15:13; 18:19). സ്വർഗ്ഗസ്ഥനായ ദൈവം യഹോവയാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.” (2ദിന, 20:6. ഒ.നോ: സങ്കീ, 136:26; വിലാ, 3:1). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ 34 പ്രാവശ്യം ബൈബിളിൽക്കാണാം, എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രനെന്ന പ്രയോഗം ഒരിക്കൽപ്പോലും കാണാൻ കഴിയില്ല. തന്മൂലം, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് എന്ന് ക്രിസ്തു പറയുന്നത് ജീവനുള്ള ദൈവമായ യഹോവയെക്കുറിച്ചാണെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. ദൈവപുത്രൻ്റെ പിതാവാണ് യഹോവ എന്നതിനു അനേകം തെളിവുകൾ വേദപുസ്തകത്തിലുണ്ട്. ക്രിസ്തു യെഹൂദന്മാരോട് ഇപ്രകാരം പറഞ്ഞു: “ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു.” (യോഹ, 8:53). യിസ്രായേലിൻ്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. “യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.” (സങ്കീ, 41:13. ഒ.നോ: പുറ, 5:1; 32:37; യോശു, 7:13). അതായത്, യിസ്രായേലിൻ്റെ ദൈവമാണ് തൻ്റെ പിതാവെന്നാണ് യേശു പറഞ്ഞത്. തന്മൂലം, ജീവനുള്ള ദൈവവും പിതാവുമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടം വ്യക്തമാകുന്നു.

നമ്മുടെ പാപ പരിഹാരത്തിനായി ക്രൂശിക്കപ്പെട്ടിട്ട്, ദൈവം ഉയിർപ്പിച്ചവൻ ആരാണെന്ന് ക്രൈസ്തവരോട് ചോദിച്ചാൽ; ദൈവം, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ, ദൂതൻ, ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, സ്ത്രീയുടെ സന്തതി, ക്രിസ്തു, ദാസൻ. സ്രഷ്ടാവ്, സൃഷ്ടി തുടങ്ങി നൂറുകണക്കിനു ഉത്തരങ്ങൾ കിട്ടും. എന്നാൽ അതൊന്നുമല്ല ഉത്തരം. ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) എന്നാണ് ബൈബിളിൻ്റെ ഉത്തരം. അഥവാ, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്നാണ്. അതാണ്, നമ്മൾ ചിന്തിച്ചുവരുന്ന ദൈവഭക്തിയുടെ മർമ്മം. ക്രിസ്തുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? എന്ന് ലോകത്തോട് ഉറക്കെ ചോദിക്കാൻ തക്കവണ്ണം, ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള ഒരു മനുഷ്യൻ ലോകത്തിൽ ജനിച്ച് ജീവിച്ചത് നമ്മുടെ കർത്താവായ ക്രിസ്തു മാത്രമാണ്. (യോഹ, 8:46). അതായത്, ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിച്ച പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:18,20; ലൂക്കൊ, 1:35; 2:21; യോഹ, 6:69). ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ, സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്:

1. പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് അവൻ വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32;37).
2. താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് (I am not alone) അവൻ രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 16:32). യോർദ്ദാനിലെ സ്നാനം മുതൽ പിതാവായദൈവം മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ലെന്ന് അവൻ പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; പ്രവൃ, 10:38).
3. പിതാവേ, നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്ന് ക്രിസ്തു പ്രാർത്ഥിക്കുമ്പോൾ, ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു എന്ന് പിതാവ് പ്രത്യുത്തരം നല്കിയതായി കാണാം. (യോഹ, 12:28).
4. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:6).
5. പിതാവിനെയും തന്നെയും ചേർത്ത്, ‘ഞങ്ങൾ’ എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23).
6. നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3).
7. തന്നെയും പിതാവിനെയും ചേർത്ത്, ‘നമ്മെപ്പോലെ’ എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11).
8. പിതാവിനെയും ചേർത്ത്, ‘നാം’ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23).
9. മരണസമയത്ത് തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 23:46).
10. ഉയിർത്തെഴുന്നേറ്റ ക്രിസ്തു, എൻ്റെ പിതാവും എൻ്റെ ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 20:17). ഇതുപോലെ, നൂറുകണക്കിന് തെളിവുകൾ ബൈബിളിലുണ്ട്. ഉദാ: (മത്താ, 3:17; 16:16; 17:5; 1കൊരി, 8:6; 2കൊരി, 15:31; 1തിമൊ, 2:5-6; യൂദാ, 1:4).

ക്രിസ്തുവിനെ, മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6) എന്നിങ്ങനെയാണ് അപ്പൊസ്തലന്മാർ അവനെ വിശേഷിപ്പിക്കുന്നത്. (മത്താ, 26:74, മർക്കൊ, 24:71; 1കൊരി, 15:21; ഫിലി, 2:8). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34). ക്രിസ്തുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പേടുത്തിയിട്ടുണ്ട്. അതായത്, ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവ് 40 പ്രാവശ്യം എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശെ, 11:9; യോഹ, 4:24). താൻ നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും ആകയാൽ; തനിക്ക് മനുഷ്യനായി അവതാരം എടുക്കാനോ, മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിക്കാനോ കഴിയില്ല. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24; മലാ, 3:6; 1തിമൊ, 6:16; യാക്കോ, 1:17). അതുകൊണ്ടാണ്, പിതാവായ ഏകദൈവം ജഡത്തിൽ പ്രത്യക്ഷമായത്. അതായത്, ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ് യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ. ഒന്നുകൂടി വ്യക്തമാക്കിയാൽ; വെളിപ്പെട്ടവൻ ജീവനുള്ള ദൈവമായ പിതാവും വെളിപ്പാട് പുത്രനുമാണ്.

അപ്പോൾ, ന്യായമായിട്ടും ഉണ്ടാകുന്ന ഒരു ചോദ്യമുണ്ട്. ജീവനുള്ള ദൈവവും പിതാവുമായ യഹോവയുടെ ജഡത്തിലുള്ള വെളിപ്പെടാണ് ക്രിസ്തു എങ്കിൽ, അവൻ ദൈവത്തിൽനിന്നും വിഭിന്നനായ ഒരു മനുഷ്യവ്യക്തി ആയത് എങ്ങനെയാണ്? അതറിയാൻ, രണ്ട് കാര്യങ്ങൾ അറിയണം. ഒന്നാമത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതി എന്താണെന്ന് അറിയണം. രണ്ടാമത്, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്രക്ഷത എന്താണെന്ന് അറിയണം. ആദ്യം ദൈവത്തിൻ്റെ പ്രകൃതി നോക്കാം: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10).താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.

ദൈവം ഒരുത്തൻ മാത്രം: സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലർചേർന്ന ഒന്നല്ല; ഒരുത്തൻ മാത്രമാണ്.  “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല.

ദൈവത്തിൻ്റെ പ്രത്യക്ഷത: അടുത്തതായി, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്താണെന്ന് അറിയണം. ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി; അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ കാണ്മാൻ കഴിയാത്തവൻ എന്നത്. (യോഹ, 1:18; 1യോഹ, 4:12; 1തിമൊ, 6:16). യെശയ്യാവ് പറയുന്നു: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). എന്നാൽ, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമെന്ന് ബൈബിൾ വിശേഷിപ്പിക്കുന്ന ദൈവത്തെ, പഴയപുതിയ നിയമങ്ങളിൽ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടവരാണ്. മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തെ എന്റെ കണ്ണാൽ നിന്നെ കാണുന്നു എന്നാണ് ഇയ്യോബ് പറഞ്ഞത്. മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, യോഹന്നാൻ തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടവരാണ്. സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. (മത്താ, 18:11). അദൃശ്യനും ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത ദൈവത്തെ മനുഷ്യർ കണ്ടതും ദൂതന്മാർ നിത്യം കാണുന്നതും എങ്ങനെയാണ്? അതിനെയാണ്, ദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എന്ന് പറയുന്നത്. അതായത്, അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റം വരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത (manifestation) എന്ന് പറയുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതകളെപ്പറ്റി മുപ്പതോളം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷത എന്ന് പറയാതെ, ദൈവത്തെ കണ്ടതായും അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം, ദൈവമായിട്ടുതന്നെ അഥവാ, ദൈവിക പ്രത്യക്ഷത എടുത്തതു കൂടാതെ, മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ തെളിവ് പുതിയനിയമത്തിൽ മാത്രമല്ല പഴയനിയമത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

പഴയനിയമത്തിലെ മനുഷ്യപ്രത്യക്ഷത: “അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:” (ഉല്പ, 18:2). യഹോവയായ ഏകദൈവം തൻ്റെ ദാസനായ അബ്രാഹാമിനെ സന്ദർശിക്കാൻ എടുത്ത, ഒരു പുതിയ മനുഷ്യാസ്തിത്വത്തെ അഥവാ, മനുഷ്യപ്രത്യക്ഷതയെ ആണ് മമ്രേയുടെ തോപ്പിൽ അവൻ കണ്ടത്.  അതിൻ്റെ ചില തെളിവുകൾ തരാം: 1. യഹോവ അബ്രാഹാമിനു പ്രത്യക്ഷനായി എന്നാണ് ഒന്നാം വാക്യത്തിൽ പഴയുന്നത്. എന്നാൽ, അവൻ മമ്രേയുടെ തോപ്പിൽ കണ്ടത്, ദൈവത്തെയല്ല; മൂന്നു പുരുഷന്മാർ അഥവാ, മനുഷ്യരെയാണ്. ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ,9:32; ഹോശേ, 11:9; യോഹ, 4:24). എന്നാൽ, മനുഷ്യനെ കുറിക്കുന്ന ഈഷ് (eesh) എന്ന എബ്രായ പദത്തിൻ്റെ ബഹുവചനമായ അനഷീം (anashim) അഥവാ, മനുഷ്യർ എന്ന പദമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. തന്മൂലം, ദൈവം എടുത്ത ഒരു പ്രത്യക്ഷ ശരീരമാണ് അഥവാ, ഒരു മനുഷ്യ പ്രത്യക്ഷതയാണ് അബ്രാഹം കണ്ടതെന്ന് മനസ്സിലാക്കാം. 2. അബ്രാഹാമിനു പ്രത്യക്ഷരായ മൂന്നു പുരുഷന്മാരിൽ ഒരുത്തനെ യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13,14,17,19,19,20,22,26,33). രണ്ടുപേർ ദൂതന്മാരാണെന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:16,22; 19:1). 3. “അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു.” (ഉല്പ, 1:2). അബ്രാഹാം ആചാരപരമായി മൂവരെയും ഒരുമിച്ചാണ് കുനിഞ്ഞ് നമസ്കരിച്ചത്. അതുപോലെതന്നെ, മമ്രേയുടെ തോപ്പിൽനിന്ന് സോദോമിലേക്കുപോയ രണ്ട് ദൂതന്മാരെ, ലോത്ത് നിലംവരെ കുനിഞ്ഞു നമസ്കരിച്ചതായും കാണാം. (ഉല്പ, 19:1). അതായത്, യഹോവ കൂടെയുള്ളപ്പോഴും ദൂതന്മാർ മാത്രമുള്ളപ്പോഴും നിലംവരെ കുനിഞ്ഞു അവരെ നമസ്കരിച്ചത്, യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത ആയതുകൊണ്ടാണ്. യഹോവ ദൈവിക പ്രത്യക്ഷത എടുത്താണ് വന്നിരുന്നെങ്കിൽ, അവരെ എതിരേറ്റു നിലംവരെ കുനിഞ്ഞു (meet them and bowed low to the ground) എന്നു പറയാതെ, ദൈവത്തെ പ്രത്യേകമായി ‘അവനെ കുനിഞ്ഞു നമസ്കരിച്ചു’ എന്നു ഏകവചനത്തിൽ പറയുമായിരുന്നു. 4. അബ്രാഹാം അവരോടു പറഞ്ഞത്: “യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു.” (ഉല്പത്തി 18:3-5). അബ്രാഹാം പറയുന്നത് ശ്രദ്ധിക്കുക: “ഞാൻ നിങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്.” തൻ്റെ അടുക്കൽ ഭക്ഷണം കഴിക്കാൻ വന്ന വഴിയാത്രക്കാരായാണ് അവൻ അവരെ മനസ്സിലാക്കിയത്. തുടർന്ന്, അവൻ സാറയോട് മാവു കുഴച്ച് ഭക്ഷണമുണ്ടാക്കുവാൻ കല്പിക്കുകയും, ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു, അതിനെ പാകം ചെയ്യാനും കല്പിച്ചു. (18:6,7). അതിൻ്റെശേഷം, വെണ്ണയും പാലും അപ്പവും കാളയിറച്ചിയും കൂട്ടി അവർ ഭക്ഷണം കഴിച്ചതായും കാണാം. (18:9). തുടർന്ന്, യഹോവ യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം പുതുക്കുകയും സോദോമിൻ്റെ ന്യായവിധിയെക്കുറിച്ച് അബ്രാഹാമുമായി ദീർഘമായൊരു സംഭാഷണം കഴിഞ്ഞശേഷമാണ് അവൻ മടങ്ങിപ്പോയത്. (18:9-33). യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യൻ കുറഞ്ഞത്, ഏഴെട്ടുനാഴിക അബ്രാഹാമിനൊപ്പം അവിടെ ചിലവഴിച്ചതായിക്കാണാം. ഇതാണ്, പഴയനിയമത്തിൽ ഏകദൈവമായ യഹോവ എടുത്ത മനുഷ്യപ്രത്യക്ഷത.

ജീവനുള്ള ദൈവമായ യഹോവ പുതിയനിയമത്തിൽ എടുത്ത മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത പൂർണ്ണമനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). യേശുവെന്ന വിശുദ്ധപ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ മുമ്പെ ഉണ്ടായിരുന്നവനല്ല; പരിശുദ്ധാത്മാവ് അവനെ കന്യകയുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). “ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പഴയനിയമ പ്രവചനത്തിൻ്റെ നിവൃത്തിയായിട്ടാണ്, കന്യകയുടെ ഉദരത്തിലൂടെ ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (സങ്കീ, 40:6; എബ്രാ, 10:5). അതായത്, ദൈവം തൻ്റെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (മത്താ, 1:20; ലൂക്കൊ, 1:35; 2:20; യോഹ, 6:69; 8:40). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ പുതിയ ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് അവൻ്റെ രക്തത്താലും മരണത്താലുമാണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, ശരീരവും രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷത എടുത്തത്. ദൈവത്തിന് ജഡത്തിൽ വെളിപ്പാടാൻ അഥവാ, മനുഷ്യപ്രത്യക്ഷത എടുക്കാൻ ഒരു സ്ത്രീയുടെ ആവശ്യമില്ല. അതിൻ്റെ തെളിവാണ് മമ്രേയുടെ തോപ്പിൽ കണ്ടത്. അബ്രാഹാമിൻ്റെ അടുക്കൽ ദൈവം മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് പാപപരിഹാരത്തിനല്ല; തൻ്റെ സ്നേഹിതനെ സന്ദർശിക്കാനും യിസ്ഹാക്കിനെക്കുറിച്ചുള്ള വാഗ്ദത്തം നല്കാനുമാണ്. എന്നാൽ, സ്വന്തജനത്തെ അവരുടെ പാപങ്ങളിന്ന് രക്ഷിക്കാനാണ് പുതിയ നിയമത്തിലെ മനുഷ്യപ്രത്യക്ഷത. (മത്താ, 1:21). യെഹൂദന്മാരെ അവരുടെ പാപത്തിൽനിന്ന് രക്ഷിക്കണമെങ്കിൽ, അവരുടെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിക്കണമായിരുന്നു. (ഗലാ, 4:4). അതുകൊണ്ടാണ്, മറിയയെന്ന ഒരു യെഹൂദാ കന്യകയിലൂടെ ജീവനുള്ള ദൈവമായ യഹോവ ഒരു പ്രത്യക്ഷ ശരീരം എടുത്തത്. യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്, യേശുവെന്ന മനുഷ്യൻ എന്നതിന് ഒരുപാട് തെളിവുകൾ ബൈബിളിലുണ്ട്. വിസ്തരഭയത്താൽ അതെല്ലാം ഇവിടെപ്പറയുക സാദ്ധ്യമല്ല. [ദയവായി, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]

ക്രിസ്തുവിനെക്കുറിച്ച് ചില കാര്യങ്ങൾകൂടി നോക്കാം: ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ എന്ന് ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെന്നും ദൈവമാണെന്നും ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനാണെന്നും കരുതുന്നവരാണ് അനേകരും. എന്നാൽ, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ, അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്ന് പഠിപ്പിച്ച ക്രിസ്തു അതിനെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചു കളയുന്നതാണ് നല്ലത്. (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവന് അഭിഷേകത്തിൻ്റെ ആവശ്യമെന്താണ്? ദൂതന്മാർക്കു പോലും അഭിഷേകം ആവശ്യമില്ലാതിരിക്കേ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനും ദൈവവും ആയിരുന്നെങ്കിൽ, എന്തിനായിരുന്നു; ആത്മാവിനാൽ അവനെ ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 4:14). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അവൻ ദൈവത്തിൻ്റെ നിത്യപുത്രനായ ദൈവം ആയിരുന്നെങ്കിൽ, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന് ദൂതൻ രണ്ടുവട്ടം പ്രവചിച്ചത് എന്തിനായിരുന്നു? യോർദ്ദാനിലെ, പ്രവചനനിവൃത്തിയുടെ ആവശ്യമെന്തായിരുന്നു? ബൈബിൾ ഒരു കോമഡി പുസ്തകം അല്ലെന്ന് ആദ്യം മനസ്സിലാക്കുക. അഭിഷേകാനന്തരമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു പാപം അറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. തന്മൂലം, ദൈവപുത്രനായ ക്രിസ്തു ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്ന് സംശയലേശമന്യേ തെളിയുന്നു. അതായത്, അന്ത്യകാലത്ത് അഥവാ, കാലസമ്പൂർണ്ണതയിൽ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ജീവനുള്ള ദൈവമായ യഹോവ എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ.

താൻ ദൈവമല്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36). ഇതെല്ലാം ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്നും പറഞ്ഞിട്ടുണ്ട് (യോഹ, 8:40; 20:17).  “പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളൂ.” (യോഹ, 3:36). പുത്രനെ വിശ്വസിക്കുക എന്ന് പറഞ്ഞാൽ; പുത്രൻ കാണിച്ചിരിക്കുന്ന മാതൃകയും പറഞ്ഞിരിക്കുന്ന കാര്യങ്ങളും സമ്പൂർണ്ണമായി ഉൾക്കൊള്ളുകയും അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നാണ്. (1പത്രൊ, 2:21). ദൈവപുത്രനെപ്പോലും വിശ്വസിക്കാത്തവർക്ക് എങ്ങനെ നിത്യജീവൻ കിട്ടും?

അവൻ ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), അബ്രാഹം ജനിച്ചതിന് മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണ് (യോഹ, 8:58), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, ക്രിസ്തു, പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാലാണ്, ഞാൻ തന്നേ അവൻ, അബ്രാഹാം ജനിച്ചതിന് മുമ്പേയുള്ള യഹോവയാണ്, ഞാനും പിതാവും ഒന്നാകുന്നു, എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്.

പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു  ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട്, ദൈവാത്മാവിനാൽ ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15; എബ്രാ, 9:14). മൂന്നാം ദിവസം, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട ക്രിസ്തു; അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). പിതാവ് മാത്രമാണ് സത്യദൈവമെന്ന് ക്രിസ്തുവും പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തന്മാരും പറയുന്നത് വിശ്വസിക്കാത്തവരാണ്, ദുരുപദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ആ പിതാവായ ദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ക്രിസ്തു അഥവാ, ദൈവത്താൽ അഭിഷേകം പ്രപിച്ച പാപം അറിയാത്ത പൂർണ്ണ മനുഷ്യൻ. അതായത്, വെളിപ്പെട്ടവൻ പിതാവായ ഏകദൈവവും ജഡത്തിലെ വെളിപ്പാട് ദൈവപുത്രനായ ക്രിസ്തുവുമാണ്. പരിഗ്രഹിപ്പാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *