“മശീയാഹ്” (masiah) എന്ന എബ്രായപദത്തിനും “ഖ്രിസ്റ്റോസ്” (christos) എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണർത്ഥം. ദൈവം തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ മനുഷ്യരെ തൻ്റെ ആത്മാവിനാൽ ശക്തിപ്പെടുത്തുന്ന കർമ്മമാണ് അഭിഷേകം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ദൈവം തൻ്റെ ശുശ്രൂഷകരായി തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് കൊടുക്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരും (ലേവ്യ, 4:3), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (2ശമൂ,5:17) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പഴയപുതിയനിയമങ്ങളിൽ പേർ പറഞ്ഞിരിക്കുന്ന ഇരുപതോളം മശീഹമാർ (ക്രിസ്തുക്കൾ) ഉണ്ട്. എന്നാൽ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും നേരിട്ട് അഭിഷേകം ചെയ്തിരിക്കുന്നതായി പറഞ്ഞിട്ടുള്ള ഏകവ്യക്തി നമ്മുടെ കർത്താവായ “യേശു” മാത്രമാണ്. എന്നാൽ ഒരു വേദഭാഗത്തെ തെറ്റിദ്ധരിച്ചുകൊണ്ട്, അവൻ ജനനത്തിൽത്തന്നെ ക്രിസ്തുവാണെന്ന് കരുതുന്നവരുണ്ട്. വാക്യം ഇപ്രകാരമാണ്: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ, 2:11). ഇതാണ്, യേശു ജനനത്തിൽത്തന്നെ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നു എന്ന് തെറ്റിദ്ധരിക്കാൻ ഇടയായ വാക്യം. എന്നാൽ യേശു തൻ്റെ ജനനത്തിൽ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നില്ല; അതൊരു പ്രവചനമാണ്. അതിൻ്റെ അഞ്ച് തെളിവുകൾ ആദ്യം കാണിക്കാം. [കാണുക: മശീഹമാർ]
1. പുതിയനിയമത്തിൽ ഗബ്രീയേൽ ദൂതൻ്റെ വാക്കുകളെല്ലാം പ്രവചനങ്ങളാണ്. സെഖര്യാ പുരോഹിതനോടും കന്യകയായ മറിയയോടും അവളുടെ ഭർത്താവായ യോസേഫിനോടുമുള്ള ഗബ്രീയേൽ ദൂതൻ്റെ വന്ദനവും ആമുഖവും ഒഴികെ മറ്റെല്ലാം, യേശുവിൻ്റെ ജനനത്തെക്കുറിച്ചും അനന്തര സംഭവങ്ങളെക്കുറിച്ചുമുള്ള പ്രവചനങ്ങൾ ആയിരുന്നു. 2. യേശു ജനനത്തിൽത്തന്ന രക്ഷിതാവായ കർത്താവോ, ക്രിസ്തുവോ ആയിരുന്നില്ല. യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. പെക്കൊസ്തുനാളിലെ പ്രഥമ പ്രസംഗത്തിലും അനന്തര പ്രസംഗങ്ങളിലും പത്രൊസ് അപ്പൊസ്തലൻ ഈ വസ്തുത അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്: (പ്രവൃ, 2:22-24; പ്രവൃ, 2:36; പ്രവൃ, 5:31). അഥവാ, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയ ശേഷമാണ്, അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയത്: (ഉല്പ, 3:15; എബ്രാ, 2:14-15). 3. ദൂതൻ്റേത് ഒരു പ്രവചനമാണ് എന്നതിൻ്റെ വ്യക്തമായ തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. അതിൻ്റെ 10-ാം വാക്യം: “ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.” (ലൂക്കൊ, 2:10). ബേത്ലഹേമിൽ, യേശു ജനിച്ചശേഷം അഥവാ, അവൻ്റെ ജനനം ചരിത്രം ആയശേഷമാണ് ദൂതൻ ഇടയന്മാരോട് ഇത് പറയുന്നത്. ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “സർവജനത്തിനും ഉണ്ടായ മഹാസന്തോഷം” എന്നല്ല; “ഉണ്ടാകുവാനിരിക്കുന്ന മഹാസന്തോഷം” നിങ്ങളോട് സുവിശേഷിക്കുന്നു എന്നാണ് പറഞ്ഞത്. അവൻ്റെ ജനനത്തിൽത്തന്നെ അവൻ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആയിരുന്നെങ്കിൽ, “സർവ്വജനത്തിനും ഉണ്ടായ സന്തോഷം” എന്ന് “ഭൂതകാലത്തിൽ” പറയുമായിരുന്നു. എന്നാൽ ഭൂതകാലത്തിലല്ല; “ഉണ്ടാകുവാനുള്ള സന്തോഷം” എന്ന് “ഭാവികാലത്തിൽ” (പ്രവചനാത്മകം) ആണ് പറയുന്നത്. അടുത്ത വാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” ഈ വേദഭാഗത്ത്, “ജനിച്ചിരിക്കുന്നു” എന്ന് ഭൂതകാലത്തിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ജനിച്ചത് കർത്താവായ ക്രിസ്തു അല്ല; ഒരു വിശുദ്ധപ്രജ അഥവാ, പാപരഹിതനായ മനുഷ്യശിശുവാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). അവൻ “ക്രിസ്തുവും മനുഷ്യരുടെ രക്ഷിതാവായ കർത്താവും” ആകുവാൻ ഇരിക്കുന്നതേയുള്ളു. അതാണ്, “സർവ്വജനത്തിനും ഉണ്ടാകുവാനിക്കുന്ന മഹാസന്തോഷം.” അതായത്, രക്ഷിതാവായ കർത്താവും ക്രിസ്തുവും ആകുവാനുള്ളവൻ ജനിച്ച സദ്വാർത്തയാണ് (സുവിശേഷം) ദൂതൻ ഇടയന്മാരോട് അറിയിച്ചത്. അതിനാൽ, യഥാർത്ഥത്തിൽ അതൊരു പ്രവചനമാണെന്ന് മനസ്സിലാക്കാം. 4. ബൈബിളിലെ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, അത് മൂന്നു കാലങ്ങളിലും പറഞ്ഞിരിക്കുന്നത് കാണാം. ഉദാ: കർത്താവിൻ്റെ പുനരാഗമനത്തെക്കുറിച്ച് മൂന്ന് കാലങ്ങളിലും പറഞ്ഞിട്ടുണ്ട്. ഭൂതകാലം: (യൂദാ, 1:15). വർത്തമാനകാലം: (വെളി, 1:7), ഭാവികാലം: (എബ്രാ, 10:37). അതിനാൽ, അതൊരു പ്രവചനം ആണെന്നും അതിൻ്റെ നിവൃത്തി ഭാവിയിലാണെന്നും സംശയലേശമെന്യേ മനസ്സിലാക്കാം. 5. ദൂതൻ മാത്രമല്ല; യെശയ്യാവും യേശുവിൻ്റെ ക്രിസ്തുത്വത്തെക്കുറിച്ച് (അഭിഷേകം) പ്രവചിച്ചിട്ടുണ്ട്: (യെശ, 61:1). ഈ രണ്ടു പ്രവചനങ്ങളും എപ്പോഴാണ് നിവൃത്തിയായത് എന്നാണ് ഇനി അറിയാനുള്ളത്. അതിനുമുമ്പ് രണ്ടുകാര്യങ്ങൾ അറിയണം: 1. ക്രിസ്തു ആരാണ്? അഥവാ, അവൻ്റെ അസ്തിത്വം എന്താണ്? 2. ക്രിസ്തുവിൻ്റെ പ്രകൃതി എന്താണ്?
1. ക്രിസ്തു ആരാണ്: ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നു ചോദിച്ചാൽ: അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1യോഹ, 3:16). ദൈവഭക്തിയുടെ മർമ്മത്തിൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് സത്യവേദപുസ്തകത്തിലും ഏറിയ ഗ്രീക്കുപരിഭാഷകളിലും കാണുന്നത്: (1തിമൊ, 3:16; Study Bible, BGB, Nestle 1904, SBLGNT, WH1881, WHNA27, Tischendorf 8th, OGT). അവിടുത്തെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത്, “നാമം” ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh) എന്ന് കിട്ടും: (1തിമൊ, 3:15-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതാണ് പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മം അല്ലെങ്കിൽ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:16; 1കൊരി, 2:7. ഒ.നോ: യിരെ, 10:10; 1പത്രൊ, 1:20). അതായത്, പ്രവചനംപോലെ ഏകദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി പ്രകൃത്യാതീതമായി കന്യകയിൽ ഉല്പാദിപ്പിച്ച വിശുദ്ധപ്രജ അഥവാ, പാപരഹിതനായ വ്യക്തിയാണ് യേശു. (യെശ, 25:8 → എബ്രാ, 2:14-15; യെശ, 35:4-6 → മത്താ, 11:3-5; ലൂക്കൊ, 7:21-22; യെശ, 40;3; മലാ, 3:1 → ലൂക്കൊ, 1:75-77; സെഖ, 12:10 → യോഹ, 19:37; സെഖ, 14:3-4 → പ്രവൃ, 1:11; മത്താ, 1:18, മത്താ, 1:20, ലൂക്കൊ, 2:21; ലൂക്കൊ, 1:32; 1യോഹ, 3:5 ഒ.നോ: ഉല്പ, 3:15 → എബ്രാ, 2:14-15; ആവ, 18:15 → പ്രവൃ, 7:37; ആവ, 18:18-19 → പ്രവൃ 3:22-23; സങ്കീ, 40:6 → എബ്രാ, 10:5; യേശ, 7:14 → മത്താ, 1:21-23). അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവ് യേശുവിനെ അവളുടെ ഉദരത്തിൽ ഉല്പാദിപ്പിച്ചതാണ്. അവൻ അവളിൽ ഉല്പാദിതമായതും അവളിൽനിന്ന് ഉത്ഭവിച്ചതും പരിശുദ്ധാത്മാവിലാണ്: (മത്താ, 1:18; 1:20; ലൂക്കൊ, 1:35; 2:21). [കാണുക: ദൈവഭക്തിയുടെ മർമ്മം]
2. ക്രിസ്തുവിന്റെ പ്രകൃതി: ക്രിസ്തുവിൻ്റെ പ്രകൃതി അല്ലെങ്കിൽ സ്വരൂപം എന്താണെന്നു ചോദിച്ചാൽ: പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ (മത്താ, 1:20 → മത്താ, 1:18; ലൂക്കൊ, 1:35; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) മനുഷ്യനാണ്: (യോഹ, 8:40). താൻ മനുഷ്യനാണെന്ന് ദൈവപുത്രനായ ക്രിസ്തുതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.” (യോഹ 8:40. ഒ.നോ: മത്താ, 11:19; ലൂക്കൊ, 7:34). മൂന്നരവർഷം ക്രിസ്തുവിനോടൊപ്പം ഉണ്ടായിരുന്ന അവൻ്റെ ശിഷ്യന്മാരും അവൻ മനുഷ്യനാണെന്ന് സംശയലേശമന്യേ പറഞ്ഞിട്ടുണ്ട്: മനുഷ്യൻ (മത്താ, 26:72), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), മനുഷ്യൻ (1കൊരി, 15:21), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (മനുഷ്യൻ) (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിട്ടുകണ്ട എല്ലാത്തരം ആളുകളും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: യോഹന്നാൻ സ്നാപകൻ (യോഹ, 1:30), പുരുഷാരം (മത്താ, 9:8), ശമര്യാസ്ത്രീ (യോഹ, 4:29), ചേകവർ (യോഹ, 7:46), പിറവിക്കുരുടൻ (യോഹ, 9:11), പരീശന്മാർ (യോഹ, 9:16), യെഹൂദന്മാർ (യോഹ, 10:33), മഹാപുരോഹിതന്മാർ (യോഹ, 11:47), കയ്യാഫാവ് (യോഹ, 11:50), വാതിൽ കാവൽക്കാരത്തി (യോഹ, 18:17), പീലാത്തോസ് (ലൂക്കൊ, 23:4), ശതാധിപൻ (മർക്കൊ, 15:39), ന്യായാധിപസംഘം (പ്രവൃ, 5:28).അവൻ മനുഷ്യനാണെന്ന് ദൈവാത്മാവ് നാല്പതുപ്രാവശ്യം ആലേഖനംചെയ്ത് വെച്ചിട്ടുണ്ട്. [കാണുക: യേശുവിൻ്റെ ചരിത്രപരത]
സുവിശേഷ ചരിത്രകാലത്ത് പിതാവും പുത്രനും, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ വിഭിന്നരായിരുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.” (1തിമൊ, 2:5-6). മരണമില്ലാത്ത ദൈവമല്ല നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചത്; ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള പാപരഹിതനായ മനുഷ്യനാണ്: (1തിമൊ, 6:16; 1പത്രൊ, 2:24; 1തിമൊ, 2:6; എബ്രാ, 2:9). സുവിശേഷകാലത്ത്, ദൈവവും ക്രിസ്തുവും വിഭിന്നരായിരുന്നു എന്നതിന് 500-ലധികം വാക്യങ്ങൾ തെളിവായുണ്ട്. മനുഷ്യനായ ക്രിസ്തുയേശുതന്നെ അക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 24:36; 26:39; യോഹ, 8:16; യോഹ, 12:28; യോഹ, 14:6; യോഹ, 14:23; യോഹ, 16:32; യോഹ, 17:3; യോഹ, 17:11; യോഹ, 17:21; യോഹ, 17:23; 20:17; ലൂക്കൊ, 23:46). ക്രിസ്തു, ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, മറിയയുടെ പുത്രൻ, യോസെഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി, അപ്പൊസ്തലൻ, പ്രവാചകൻ, മഹാപുരോഹിതൻ, വഴി, വാതിൽ, ജീവൻ, സത്യം തുങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. [കാണുക: യേശുക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ?]
യേശുവെന്ന മനുഷ്യൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത് എപ്പോഴാണെന്ന് നോക്കാം: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; മത്താ, 1:16; ലൂക്കൊ, 1:35; ലൂക്കൊ, 2:7; 1യോഹ, 3:5; യോഹ, 8:40). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം അവനെ പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (മത്താ, 1:25; ലൂക്കൊ, 2:7; ലൂക്കൊ, 22-24; പുറ, 13:2; പുറ, 13:12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19-20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). ചിലർ കരുതുന്നപോലെ, യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ അതിനെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ ന്യായപ്രമാണത്തെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം വേറെന്താണ്? “ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം” എന്നു പഠിപ്പിച്ച ക്രിസ്തു ന്യായപ്രമാണത്തെ ലംഘിച്ചു എന്ന് വിശ്വസിക്കുന്നതിനെക്കാൾ, വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്: (ലൂക്കൊ, 16:17). അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവനു് ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിയായി, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ “ക്രിസ്തു” (അഭിഷിക്തൻ) ആയത്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22). കൊർന്നേല്യൊസിൻ്റെ ഭവനത്തിൽവെച്ച് പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.”‘ (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; ലൂക്കൊ, 4:18-19). “ദൈവം അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസൻ” എന്നാണ് ആദിമസഭ അവനെ വിശേഷിപ്പിച്ചത്: (പ്രവൃ, 4:27 → പ്രവൃ, 3:13; പ്രവൃ, 3:26; പ്രവൃ, 4:30). അതായത്, യോർദ്ദാനിൽ വെച്ചാണ് യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനങ്ങളുടെ നിവൃത്തിപോലെ യേശുവെന്ന മനുഷ്യൻ ദൈവത്തിൻ്റെ “അഭിഷിക്തൻ” (ക്രിസ്തു) ആയത്. (ലൂക്കൊ, 9:20; യോഹ, 8:40).
താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. പരിശുദ്ധാത്താവ് നിറഞ്ഞവനായി യോർദ്ദാൻ വിട്ടു മടങ്ങിയ യേശുവിനെ, ആത്മാവു നേരെ മരുഭൂമിയിലെ പരീക്ഷയിലേക്കാണ് നടത്തിയത്: (ലൂക്കൊ, 4:1; മത്താ, 4:1). അതിനുശേഷം, ആത്മാവിൻ്റെ ശക്തിയോടെയാണ്, സ്വന്തപട്ടണമായ നസറെത്തിലെ പള്ളിയിൽ നിന്ന് യേശുവെന്ന “ക്രിസ്തു” തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14-15). പിന്നെ വായിക്കുന്നത് ഇപ്രകാരമാണ്: “അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. യെശയ്യാപ്രവാചകന്റെ പുസ്തകം അവനു കൊടുത്തു; അവൻ പുസ്തകം വിടർത്തി: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കൽ പതിഞ്ഞിരുന്നു. അവൻ അവരോട്: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിനു നിവൃത്തിവന്നിരിക്കുന്നു” എന്നു പറഞ്ഞുതുടങ്ങി. (ലൂക്കൊ, 4:16-21). 16-ാം വാക്യം ശ്രദ്ധിക്കുക; ”യേശു പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റു നിന്നു.” യേശു നസറെത്തിലെ ആ പള്ളിയിൽ (synagoge) ആയിരുന്നു പതിവായി പോയിരുന്നത്. എന്നാൽ അന്നൊന്നും അവൻ “അഭിഷിക്തൻ” (ക്രിസ്തു) ആയിരുന്നില്ല. എന്നാൽ യോർദ്ദാനിലെ അഭിഷേകാനന്തരം, പള്ളിയിൽവെച്ച് യെശയ്യാപ്രവചനം 61:1-2 വാക്യങ്ങൾ വായിച്ചശേഷം പറയുന്നത് നോക്കുക: “ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” (ലൂക്കൊ, 4:21). അതായത്, പതിവായി പള്ളിയിൽ പോയിരുന്നവൻ, പതിവായി ന്യായപ്രമാണം വായിച്ചിരുന്നവൻ യെഹൂദ്യയിൽപ്പോയി യോർദ്ദാനിൽവെച്ച് ദൈവത്താൽ അഭിഷേകം പ്രാപിച്ചശേഷം, നസറെത്തിലെ പള്ളിയിൽ മടങ്ങിവന്നിട്ടു പറയുന്നു: “ഇന്നു ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു.” തന്മൂലം, യേശു ജനിച്ച് മുപ്പതുവർഷം കഴിഞ്ഞാണ്, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ “ക്രിസ്തു” (അഭിഷിക്തൻ) ആയതെന്ന് അവൻ്റെ വാക്കിനാൽതന്നെ അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 3:23). പ്രവചനം എന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). യേശുവെന്ന വ്യക്തി ജനിച്ചത്, ബി.സി. 6-ൽ (എബ്രായ വർഷം 3755) ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1; ലൂക്കൊ, 2:11; ലൂക്കൊ, 3:22; ലൂക്കൊ, 4:18-21; പ്രവൃ, 4:27; പ്രവൃ, 10:38). ഒരുകാര്യംകൂടി പ്രത്യേകം ഓർക്കുക: ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്: (പ്രവൃ, 10:38). ദൈവം, ദൈവത്തെയല്ല അഭിഷേകം ചെയ്തത്; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപരഹിതയായ മനുഷ്യനെയാണ്: (1യോഹ, 3:5; യോഹ, 8:40). ബൈബിളിൽ യേശു ഉൾപ്പെടെ ഇരുപതോളം അഭിഷിക്തന്മാരുടെ അഥവാ, മശീഹമാരുടെ പേർ പറഞ്ഞിട്ടുണ്ട്. അതിൽ, ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാർക്ക് അഭിഷേകം ആവശ്യമില്ല; അവർ സൃഷ്ടിയിൽത്തന്നെ ശക്തന്മാരാണ്. ദൂന്മാർക്കുപോലും ആവശ്യമില്ലാത്തെ അഭിഷേകം യേശുവിനു ആവശ്യമായി വന്നത്, അവൻ ദൂദന്മാരെക്കാൻ അല്പമൊരു താഴ്ചവന്ന മനുഷ്യൻ ആയതുകൊണ്ടാണ്: (എബ്രാ, 2:9; 1തിമൊ, 2:6). ഇതൊക്കെ, ദൈവത്തിൻ്റെ ആത്മാവിനാൽ ബൈബിളിൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കുന്ന വസ്തുതകളാണ്.
എന്നാൽ യേശു മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായത് യോർദ്ദാനിൽവെച്ചല്ല; പുനരുത്ഥാനത്തിനു ശേഷമാണ്. യേശുവെന്ന ദൈവത്തിൻ്റെ “ക്രിസ്തു” അഥവാ, “അഭിഷിക്തനായ മനുഷ്യൻ” യോർദ്ദാനിലെ അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). താൻ ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അത്ഭുതങ്ങളെ പ്രവർത്തിച്ചത്: (മത്താ, 12:28. ഒ.നോ: യോഹ, 3:2; പ്രവൃ, 2:22; പ്രവൃ, 10:38). ദൈവത്താലാണ് പാപമോചനം നല്കിയത്: (ലൂക്കൊ, 5:21→മത്താ, 9:8). മൂന്നരവർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കൊടുവിൽ, ഗെത്ത്ശെമനയിൽവെച്ച് മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പാപമറിയാത്ത ക്രിസ്തു പാപമാക്കപ്പെടുകയും, “പാപത്തിൻ്റെ ശമ്പളം മരണം” എന്ന ദൈവനീതി നിവൃത്തിക്കാൻ മരണത്തിനതീതനായിരുന്നവൻ മരണത്തിനധീതനായിത്തീരുകയും ചെയ്തു: (മത്താ, 26:36-39; 2കൊരി, 5:21; റോമ, 6:23). പിറ്റേദിവസം അവൻ നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽക്കയറി: (1പത്രൊ, 2:24). അനന്തരം ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തുയേശു തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ ദൈവത്തിനു് തന്നെത്താൻ നിഷ്കളങ്കമായി അർപ്പിച്ചുകൊണ്ട് മരണം ആസ്വദിച്ചു: (എബ്രാ, 2:9; 1തിമൊ, 2:6; എബ്രാ, 9:14). യോർദ്ദാനിൽവെച്ച് ദൈവത്താൽ മഹാപുരോഹിതനായ ക്രിസ്തു, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനായി നിന്നുകൊണ്ട് മറുവിലയായ കുഞ്ഞാടായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിക്കുകയായിരുന്നു: (എബ്രാ, 4:15; 1തിമൊ, 2:5:6; യോഹ, 1:29; എഫെ, 5:2). മൂന്നാം ദിവസം ദൈവാത്മാവിനാൽ അഥവാ, ദൈവത്താലാണ് അവൻ ഉയിർപ്പിക്കപ്പെട്ടത്: (1പത്രൊ, 3:18; പ്രവൃ, 10:40). പെന്തെക്കൊസ്തുനാളിൽ പത്രൊസ് പറയുന്നത് നോക്കുക: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി (Man) നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു; ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.” (പ്രവൃ, 2:23-24). അടുത്തവാക്യം: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അടുത്തവേദഭാഗം: “നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.” (പ്രവൃ, 2:30-31). യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ്, അവനെ മനുഷ്യരുടെ കർത്താവും ക്രിസ്തുവുമാക്കി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്. (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31).
ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, വിവിധ കാലങ്ങളിൽ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ (ഭൂതം, ഭാവി, വർത്തമാനം) മാത്രമല്ല; ആസന്നഭാവിയിൽ നിവൃത്തിയാകുന്നതും വിദൂരഭാവിയിൽ നിവൃത്തിയാകുന്നതും രണ്ടോ, മൂന്നോ ഭാഗങ്ങളായി നിവൃത്തിയാകുന്നതുമായ പ്രവചങ്ങളും കാണാം. കൂടാതെ, പ്രവചനങ്ങൾക്ക് അംശനിവൃത്തിയും ആത്മീയനിവൃത്തിയും പൂർണ്ണനിവൃത്തിയുമുണ്ട്. അതിനാൽ, യെശയ്യാപ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തിയും (ലൂക്കൊ, 4:18-21) ദൂതൻ്റെ പ്രവചനത്തിൻ്റെ അംശമായ നിവൃത്തിയാണ് യോർദ്ദാനിൽ ഉണ്ടായതെന്ന് മനസ്സിലാക്കാം: (ലൂക്കൊ, 2:11). ദൂതന്റെ പ്രവചനത്തിനു് പൂർണ്ണനിവൃത്തിവന്നത്, യേശുവിൻ്റെ പുനരുത്ഥാന ശേഷമാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം: (ലൂക്കൊ, 2:11 → പ്രവൃ, 2:36). ഇതാണ് ക്രിസ്തുവിനെക്കുറിച്ച്, ബൈബിൾ വെളിപ്പെടുത്തുന്ന ആത്മീയചരിത്ര വസ്തുതകൾ. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. [കാണുക: പ്രവചനങ്ങൾ]
കാണുക:⏬