ഒനോമയും (Name) ഒനോമാട്ടയും (Names)

നാമവും (onoma) നാമങ്ങളും (onomata) എന്ന വിഷയമാണ് നാം ചിന്തിക്കുന്നത്: മത്തായി 28:19-ൽ “നാമം” (Name) എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “ഒനോമ” (ὀνόμα – onóma) ആണ്. “നാമം അഥവാ പേരു” (name) എന്ന ഏകവചനത്തെ കുറിക്കുന്ന “ഒനോമ” ഇരുന്നൂറ്റി പതിനാറ് പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21,22,25; 6:9). “നാമങ്ങൾ അഥവാ, പേരുകൾ” (Names) എന്ന ബഹുവചനത്തെ കുറിക്കുന്ന “ഒനോമാട്ട” (ὀνόματά – onómatá) എന്ന ഗ്രീക്കുപദം പതിമൂന്ന് പ്രാവശ്യവുമുണ്ട്. ഉദാ: (മത്താ, 10:2; ലൂക്കൊ, 10:20; പ്രവൃ, 1:15; 18:15; വെളി, 13:8; 17:3; 17:8; 21:12; 21:14). സത്യവേദപുസ്തകത്തിൽ ഏകവചനവും ബഹുവചനവും മനസ്സിലാക്കാൻ പ്രയാസമാണ്. മൂലഭാഷയും, KJV മുതലായ ഇംഗ്ലീഷ് പരിഭാഷകളും, സത്യവേദപുസ്തകം സമകാലിക പരിഭാഷ, പി.ഒ.സി, വിശുദ്ധഗ്രന്ഥം മുതലായ മലയാളം പരിഭാഷകളും പരിശോധിക്കുക. എബ്രായയിൽ, “നാമം” എന്ന ഏകവചനത്തെ കുറിക്കുന്ന “ഷാം” എന്നൊരു പദമുണ്ട്. (ഉല്പ, 2:11; 3:20; 4:17). “നാമങ്ങൾ” എന്ന ബഹുവചനത്തെ കുറിക്കുന്ന “ഷമോത്ത്” എന്ന പദവുമുണ്ട്. (ഉല്പ, 36:10, 40; 46:8). പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ “നാമം” എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന “ഒനോമ” എഴുന്നൂറ്റി എഴുപത്തെട്ട് പ്രാവശ്യമുണ്ട്. (ഉല്പ, 2:11,13; 3:20). “നാമങ്ങൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന “ഒനോമാട്ട” എൺപത്താറ് പ്രാവശ്യമുണ്ട്. (ഉല്പ, 36:10,40; 46:8). അതായത്, ഒന്നിലേറെ വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് പറയുമ്പോൾ, “നാമങ്ങൾ അഥവാ, പേരുകൾ” എന്ന ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായ ഒരു പദം എബ്രായയിലും ഗ്രീക്കിലുമുണ്ട്. ഇനി, ബഹുവചനത്തിൻ്റെ തെളിവുകൾ നോക്കാം:

1️⃣ “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ ശ്രദ്ധിക്കുക: വ്യത്യസ്ത വ്യക്തികളായ നാലുപേരെക്കുറിച്ചു പറയുമ്പോൾ, “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനമാണ് ഉപയോഗിച്ചിരിക്കുന്നത്. അവർ അഹരോനെന്ന ഏകമനുഷ്യൻ്റെ മക്കളും സഹോദരന്മാരുമാണെന്ന് ഓർക്കണം. അതായത്, മനുഷ്യരെന്ന നിലയിൽ അവർ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, വ്യക്തികളെന്ന നിലയിൽ അവർ വ്യത്യസ്തരാണ്. അതിനാൽ, ഭാഷയുടെ വ്യാകരണ നിയമപ്രകാരം “നാമം” എന്ന ഏകവചനം അവിടെ പറ്റില്ല. അതുകൊണ്ടാണ് “നാമങ്ങൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്.

2️⃣ “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ വ്യത്യസ്ത വ്യക്തികളാകയാലാണ്, “പേരുകൾ അഥവാ, നാമങ്ങൾ” എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്. അവർ ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും സഹോദരന്മാരെന്ന നിലയിൽ ഐക്യത്തിൽ ഒന്നാണെന്ന് പറഞ്ഞാലും, ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ “നാമം” എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല.

3️⃣ “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: ഒന്നാമന്‍ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോന്‍, ശിമോന്‍റെ സഹോദരന്‍ അന്ത്രയാസ്, സെബദിയുടെ പുത്രന്‍ യാക്കോബ്, യാക്കോബിന്‍റെ സഹോദരന്‍ യോഹന്നാന്‍, ഫീലിപ്പോസ്, ബര്‍തൊലൊമായി, തോമസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോന്‍,” (മത്താ, 10:2-4 → സത്യവേദപുസ്തകം സമകാലിക പരിഭാഷ). സത്യവേദപുസ്തകത്തിൽ “പേരാവിതു” എന്നാണ് കാണുന്നത്. ഗ്രീക്കിൽ, “ഒനോമാട്ടയും (onómatá) ഇംഗ്ലീഷിൽ Names-ഉം ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒ.സി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. അപ്പൊസ്തലന്മാർ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് “പേരു” എന്ന ഏകവചനം ഉപയോഗിക്കാതെ, “പേരുകൾ” എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം. ക്രിസ്തു തൻ്റെ മഹാപൗരോഹിത്യ പ്രാർത്ഥനയിൽ അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അതായത്, ക്രിസ്തു തലയായ അവൻ്റെ ശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിലും, ക്രിസ്തു താൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർ എന്ന നിലയിലും, വിശേഷാൽ ക്രിസ്തുവിൻ്റെ പ്രാർത്ഥനയാലും അവർ ഐക്യത്തിൽ ഒന്നാണ്. (എഫെ, 1:22-23). എന്നിട്ടും, അവരെ ചേർത്ത് പറയുമ്പോൾ, “നാമമല്ല; നാമങ്ങൾ” എന്നാണ് പറയുന്നത്. ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണ നിയമപ്രകാരം “നാമം” (onóma – Name) എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ്, അപ്പൊസ്തലന്മാരുടെ “പേരുകൾ” എന്ന് ബഹുവചനത്തിൽ കാണുന്നത്.

4️⃣ “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിൽ അല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” (ലൂക്കോ, 10:20, സ.വേ.പു.സ.പ). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും പേർ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ, ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ പേരുകളും ആണ്. സത്യവേദപുസ്തകം സമകാലിക പരിഭാഷ, മലയാളം ഓശാന, വിശുദ്ധഗ്രന്ഥം, പി.ഒസി മുതലായവ നോക്കുക. [കാണുക: വി.ഗ്രന്ഥം]. വിശ്വാസികൾ എല്ലാവരും ആത്മസ്നാനത്താൽ, ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങളെന്ന നിലയിൽ ഒന്നാണ്. (1കൊരി, 12:12-13; എഫെ, 1:22-23). എന്നിട്ടും, സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല; പേരുകളാണ് ഉള്ളത്. നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും വ്യത്യസ്ത വ്യക്തികളാണ്. പല വ്യക്തികളെ ചേർത്തുപറയുമ്പോൾ, ഭാഷയുടെ നിയമപ്രകാരം “നാമം” എന്ന ഏകവചനമല്ല; “നാമങ്ങൾ” എന്ന ബഹുവചനമാണ് പറയുന്നത്.

5️⃣ “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തൊലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14, സ.വേ.പു.സ.പ). ഐക്യത്തിൽ ഒന്നായ പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പുത്തനെരുശലേമിൽപ്പോലും പേരല്ല; പേരുകളാണ് ഉള്ളത്. വ്യത്യസ്ത വ്യക്തികളെയോ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്ത് ഒരു സാഹചര്യത്തിലും “പേർ അഥവാ, നാമം” എന്ന ഏകവചനം പറയാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം: അനേകർ കരുതുന്നതുപോലെ പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്വസ്ത്ര വ്യക്തിയായിരുന്നെങ്കിൽ ഭാഷാപരമായി മത്തായി 28:19 അഥവാ, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം വ്യാകരണനിയമപ്രകാരം അബദ്ധമായിമാറും. തന്മൂലം, “ആ വാക്യത്തിലുള്ളത് വ്യത്യസ്ത വ്യക്തികളല്ല; അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ (manifestations) ആണെന്ന് മനസ്സിലാക്കാം.” അതായത്, അദൃശ്യനായ “മോണോസ് തെയൊസിൻ്റെ” (Mónos Theós – The only God) അഥവാ, ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകകളും പദവികളും ആയതുകൊണ്ടാണ്, “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ വസ്തുതയ്ക്ക് ആന്തരികവും ബാഹ്യവുമായ ഓരോ തെളിവുകൂടി തരാം:

ആന്തരികം: യെശയ്യാവ് ഒരുത്തൻ്റെ നാല് പ്രാവചനിക നാമം (Prophetic Name) പറയുമ്പോൾ, “നാമം” എന്ന് ഏകവചനം പറയുന്നത് കാണാം: “അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്ന് പേർ വിളിക്കപ്പെടും.” (യെശ, 9:6). ഈ വേദഭാഗത്ത്, “പേര് അഥവാ, നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഈ നാലു പ്രാവചനിക നാമവും വ്യത്യസ്ത വ്യക്തികളെക്കുറിച്ചല്ല; ഏകനെക്കുറിച്ചാണ്. ഇവിടെപ്പറയുന്ന നാല് “പ്രാവചനിക നാമം” (Prophetic Name) വ്യത്യസ്ത വ്യക്തികകളെ സൂചിപ്പിക്കുന്നത് ആയിരുന്നെങ്കിൽ, “പേരുകൾ വിളിക്കപ്പെടും” എന്ന് ബഹുവചനത്തിൽ പറയുമായിരുന്നു. പ്രവാചകൻ ദൈവത്തിൻ്റെ വായും പ്രവചനം ദൈവത്തിൻ്റെ വാക്കുകളും ആണെന്നോർക്കുക. ആർക്ക് തെറ്റുപറ്റിയാലും ദൈവത്തിന് തെറ്റുപറ്റില്ല. അതുപോലെ, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ അഥവാ, ഒരേയൊരു ദൈവത്തിൻ്റെ (Mónos Theós – The only God) മൂന്ന് വെളിപ്പാടുകളും പദവികളും ആയതുകൊണ്ടാണ് “നാമം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും സമനിത്യരും വിഭിന്നരുമായ വ്യക്തികളായിരുന്നെങ്കിൽ, “നാമങ്ങൾ” എന്ന ബഹുവചനം പറയാൻ മാത്രമേ വ്യാകരണത്തിൽ വ്യവസ്ഥയുള്ളൂ. ഒന്നുകൂടി മനസ്സിലാക്കുക: ദൈവം മനുഷ്യർക്കുവേണ്ടി മനുഷ്യരുടെ ഭാഷയിൽ മനുഷ്യരെക്കൊണ്ട് ബൈബിൾ എഴുതിച്ചത് മനുഷ്യർ മനസ്സിലാക്കാനാണ്. അജ്ഞാനിയായിരിക്കാനല്ല; ജ്ഞാനിയായിയിരിക്കാനാണ് വചനം ആവശ്യപ്പെടുന്നത്: (എഫെ, 5:15).

ബാഹ്യമായ രണ്ട് തെളിവുകൾ തരാം:
1️⃣ വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് “ജീ. സുശീലൻ” ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; “സ്നാനം നല്കുന്നത് യേശുവിൻ്റെ നാമത്തിലാണ്” എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. (Systematic Theology, പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന പ്രയോഗം ഒരു “സംജ്ഞാനാമത്തെ” (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. പുള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: “ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം” എന്നും പുള്ളി പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 159). ഭാഷ അറിയാവുന്നവരാണെങ്കിൽ, വചനം വിശ്വസിക്കുന്നില്ലെങ്കിൽപ്പോലും “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെ നാമം” എന്ന പ്രയോഗം വ്യത്യസ്ത വ്യക്തികളുടെ ഐക്യത്തിൽ ഒന്നാകുന്നതിനെ കുറിക്കുന്നതല്ല; ഒരു പ്രത്യേക പേരിനെ കുറിക്കുന്നതാണെന്ന് മനസ്സിലാക്കാൻ കഴിയും.

2️⃣ ഇതൊരു ഉപമ മാത്രമാണ്. പുളിച്ച മാവിന് ദൈവരാജ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തപോലെ, ഈ ഉപമയിൽ പറയുന്ന ആൾക്ക് ബൈബിളുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ ഇപ്പോഴത്തെ “മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം” എന്ന് പറഞ്ഞാൽ, ആ വാക്യാംശത്തിൻ്റെ വ്യാകരണം കൃത്യമാണ്. ആ മൂന്ന് പദവികളും വഹിക്കുന്നത് “പിണറായി വിജയൻ” എന്ന ഏക വ്യക്തിയാണ്. ഇനി, വ്യത്യസ്ത വ്യക്തികളാണ് ആ മൂന്ന് പദവികൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ, “നാമം” എന്ന ഏകവചനം പറയാൻ കഴിയില്ല; “നാമങ്ങൾ” എന്ന ബഹുവചനം പറയണം. ഭാഷാപരമായി ഒന്നിലേറെ വ്യക്തികളെയൊ, വ്യത്യസ്ത വ്യക്തികളുടെ പദവികളെയോ ചേർത്തു പറയുമ്പോൾ, “നാമങ്ങൾ” എന്ന ബഹുവചനമാണ് വരേണ്ടത്. തന്മൂലം, മത്തായി 28:19-ൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നത് അദൃശ്യനായ ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ് നാമം എന്ന ഏകവചനം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാം. അല്ലാതെ, പിതാവും പുത്രനും പരിശുദ്ധാത്മാവും നിത്യരും വ്യത്യസ്തരുമായ മൂന്ന് വ്യക്തികൾ ആയിരുന്നെങ്കിൽ, “നാമം അഥവാ, ഒനോമ” എന്ന ഏകവചനം പറയാൻ കഴിയില്ല. “നാമങ്ങൾ അഥവാ, ഒനോമാട്ട” എന്ന ബഹുവചനം പറയുമായിരുന്നു. ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുക്കൊണ്ട്, സദുപദേശത്തെ ദുരുപദേശമാക്കാൻ ആർക്കുവേണേലും കഴിയും. അതുവെച്ചുകൊണ്ട്, കുറേക്കാലം എല്ലാവരെയും വഞ്ചിക്കുകയും ചെയ്യാം. എന്നാൽ ദൈവത്തിൻ്റെ ന്യായവിധി തെറ്റിയൊഴിയാൻ കഴിയുമോ? “ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽ വീഴുന്നത് ഭയങ്കരം” എന്നാണ് എബ്രായലേഖകൻ പറയുന്നത്. (10:31). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

പിതാവിൻ്റെയും പുത്രൻ്റെയും നാമം എന്താണ്?

സ്നാനം ഏല്ക്കേണ്ട നാമം

One thought on “ഒനോമയും (Name) ഒനോമാട്ടയും (Names)”

Leave a Reply

Your email address will not be published. Required fields are marked *