❝പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ (റോമ 9:5). ഈ വേദഭാഗത്തിൻ്റെ പരിഭാഷകളിൽ പൂർണവിരാമം ഇടേണ്ട സ്ഥാനത്ത് അർധവിരാമമോ, അല്പവിരാമമോ ഇട്ടതുമൂലമാണ്, സർവ്വത്തിനും മീതെ ദൈവമായ പിതാവ്, മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് തെറ്റിദ്ധരിക്കാൻ ഇടയായത്. (1തിമൊ, 2:6). ഈ വേദഭാഗം പരിശോധിച്ചാൽത്തന്നെ ക്രിസ്തു ദൈവമല്ലെന്ന് മനസ്സിലാക്കാം. ക്രിസ്തു ദൈവമാണെങ്കിൽ, അവനെങ്ങനെ ജഡപ്രകാരം ഒരു യെഹൂദാസ്ത്രിയിൽനിന്ന് ജനിക്കും❓ ദൈവം ആരംഭവും അവസാനവും ഇല്ലാത്തവനാണ്: (സങ്കീ, 90:2). അവൻ ദൈവമാണെങ്കിൽ, അവനെങ്ങനെ മരിക്കും❓ ദൈവം മരണമില്ലാത്തവൻ (അമർത്യൻ) ആണ്: (1തിമൊ, 6:16). ദൂതന്മാർക്കുപോലും വംശാവലിയോ, ജനനമോ, മരണമോ ഇല്ലാതിരിക്കെ, ഒരു ദൈവമെങ്ങനെ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചു❓ നസറായനായ യേശുവെന്ന മനുഷ്യനാണ് (𝐌𝐚𝐧) മരിച്ചതെന്നും ദൈവമാണ് അവനെ ഉയിർപ്പിച്ചതെന്നും ദൈവശ്വാസീയമായ തിരുവെഴുത്തുകളിൽ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്: (പ്രവൃ, 2:23-24). പിന്നെങ്ങനെയാണ് ക്രിസ്തു സർവ്വത്തിനും മീതെ ദൈവമാകുന്നത്❓ ക്രിസ്തു സർവ്വത്തിനും മീതെയുള്ള ദൈവം ആണെങ്കിൽ, ക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ ആരാണ്; സർവ്വത്തിനും കീഴെയുള്ള ദൈവമോ❓ (യോഹ, 20:17 ⁃⁃ 2കൊരി, 11:31; എഫെ, 1:3; എഫെ, 1:17). ജഡപ്രകാരം ജനിച്ച ക്രിസ്തു മുഖാന്തരം സർവ്വത്തിനും മീതെയുള്ള പിതാവായ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതാണ് അവിടുത്തെ വിഷയം. അതിനു് വ്യക്തമായ കാരണവുമുണ്ട്. ക്രിസ്തു അരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്? അവൻ്റെ പൂർവ്വാസ്തിത്വം (𝐏𝐫𝐞-𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞) എന്താണ്? എന്നൊന്നും അറിയാത്തതാണ് പലരുടെയും പ്രശ്നം. അതറിഞ്ഞാൽ, ക്രിസ്തു ജഡപ്രകാരം യിസ്രായേലിൽനിന്ന് ജനിച്ചതിനു് പൗലൊസ് സർവ്വത്തിന്നും മീതെയുള്ള ദൈവത്തെ വാഴ്ത്തുന്നത് എന്തിനാണെന്ന് മനസ്സിലാകും. അത് അവസാനം പറഞ്ഞിട്ടുണ്ട്. അതിനുമുമ്പ് മറ്റു തെളിവുകൾ നോക്കാം:
➦ അഞ്ചാം നൂറ്റാണ്ടിലെ (400-440) ❝കോഡെക്സ് അലക്സാണ്ട്രിനസ്❞ (Codex Alexandrinus) ഗ്രീക്കുപാഠവും ആധുനിക പരിഭാഷകളും തമ്മിലുള്ള വ്യത്യാസവും നോക്കിയാൽ കാര്യം വ്യക്തമാകും. ❝hōn hoi pateres, kai ex hōn ho Christos to kata sarka, ho ōn epi pantōn Theos eulogētos eis tous aiōnas, amēn.❞ (ὧν οἱ πατέρες, καὶ ἐξ ὧν ὁ Χριστὸς τὸ κατὰ σάρκα, ὁ ὧν ἐπὶ πάντων Θεὸς εὐλογητὸς εἰς τοὺς αἰῶνας, ἀμήν). ഇതിൻ്റെ അർത്ഥം: ❝പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്, സർവ്വത്തിന്നും മീതേയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ [കാണുക: Codex Alexandrinus]. ഈ വേദഭാഗം നോക്കുക: ❝പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്,❞ എന്നിങ്ങനെ പിതാക്കന്മരെയും ക്രിസ്തുവിനെയും കുറിച്ച് ആദ്യഭാഗത്ത് പറഞ്ഞശേഷം, ❝ഹോ ഓൺ എപി പാന്തോൻ തെയോസ് യൂലോഗീതോസ് ഈസ് തൂസ് ഐഓനാസ്, ആമേൻ❞ (ho ōn epi pantōn Theos eulogētos eis tous aiōnas, amēn) അഥവാ, ❝സർവ്വത്തിന്നും മീതേയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞ (Who is over all God blessed forever, amen) എന്ന് ഒറ്റ ഭാഗമായിട്ടാണ് (Unit) പറയുന്നത്. ഇതാണ് ശരിയായ പരിഭാഷ.
➦ ഇനി ഇരുപത്തൊന്നാം നൂറ്റാണ്ടിലെ (2010) പ്രശസ്തമായ SBL Greek New Testament-ലെ വാക്യം നോക്കാം: ❝ὧν οἱ πατέρες, καὶ ἐξ ὧν ὁ χριστὸς τὸ κατὰ σάρκα, ὁ ὢν ἐπὶ πάντων, θεὸς εὐλογητὸς εἰς τοὺς αἰῶνας· ἀμήν.❞ ഈ വേദഭാഗം ശ്രദ്ധിച്ചാൽ, ❝പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്,❞ എന്നിങ്ങനെ പിതാക്കന്മരെയും ക്രിസ്തുവിനെക്കുറിച്ച് ആദ്യഭാഗത്ത് പറഞ്ഞശേഷം അടുത്തഭാഗത്ത്, ❝ഹോ ഓൺ എപി പാന്തോൻ❞ (ho ōn epi pantōn) അഥവാ, ❝ആരാണ് സർവ്വത്തിന്നും മീതെയുള്ളവൻ❞ (who rules over all) എന്ന വാക്യഖണ്ഡത്തിനു് വീണ്ടും അല്പവിരാമം (Comma) ഇട്ട് രണ്ടായി വേർപെടുത്തിയശേഷം, ❝തെയോസ് യൂലോഗീതോസ് ഈസ് തൂസ് ഐഓനാസ്, ആമേൻ❞ (Theos eulogētos eis tous aiōnas, amēn) എന്ന് ❝ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ❞ (God blessed forever, amen) എന്ന് വേർപെടുത്തിയപ്പോൾ, ❝അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ❞ (Who is over all, God blessed forever) എന്നർത്ഥമായി. അതായത്, ❝Who❞ എന്നത് ❝ആപേക്ഷിക സർവ്വനാമം❞ (Relative Pronoun) ആയി തെറ്റിദ്ധരിക്കപ്പെട്ടു. [കാണുക: SBLGNT]. ക്രിസ്തുവിനെ സർവ്വത്തിനും മീതെയുള്ളവൻ ആക്കാനാണ് അങ്ങനെ ചെയ്തത്. സർവ്വത്തിനും മീതെയുള്ളവനായാൽ, പിന്നെയവൻ ദൈവമാകുമല്ലോ❓
☛ എന്നാൽ ശ്രദ്ധേയമായ മറ്റൊരുകാര്യം കാണിക്കാം: ❝അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ❞ എന്നതിൽ, ❝അവൻ❞ എന്നത് മൂഭാഷയിൽ ഉള്ളതല്ല. ഇംഗ്ലീഷിൽ ❝Who❞ എന്നത് ❝അവൻ❞ എന്നർത്ഥത്തിൽ ആപേക്ഷിക സർവ്വനാമം (Relative Pronoun) ആയി ഉപയോഗിക്കാമെങ്കിലും ഈ വാക്യത്തിൻ്റെ സന്ദർഭത്തിൽ അത് ആപേക്ഷിക സർവ്വനാമമല്ല. കാരണം, ഗ്രീക്കിൽ അത് ക്രിയാപദമാണ്. അഥവാ, ❝ഹോ❞ (ὁ – ho) എന്നത് നിശ്ചയോപപദവും (Definite article), ❝ഓൺ❞ (ὧν ōn) എന്നത് ക്രിയാപദവും (Verb) ആണ്. അതിനാൽ, അവൻ സർവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ❞ എന്ന് പറയാൻ കഴിയില്ല; പ്രത്യുത, ❝സർവ്വത്തിന്നും മീതേയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ❞ എന്നോ, ❝സർവ്വത്തിന്നും മീതേയുള്ളവൻ എന്നെന്നേക്കും വാഴ്ത്തപ്പെട്ട ദൈവം❞ എന്നോ പറയാം. അതായത്, ആരാണോ സർവ്വത്തിനും മീതെയുള്ളവൻ അവനാണ് എന്നെന്നേക്കും വാഴ്ത്തപ്പെട്ട ദൈവം. ആമേൻ! സർവ്വത്തിന്നും മീതെയുള്ളവൻ പിതാവാണ്: (എഫെ, 4:6). അവനാണ് സർവ്വത്തിന്നുമീതെ ദൈവം. മറ്റൊരു സത്യദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല: (യോഹ, 17:3; ആവ, 4:39).
➤ ❝പിതാവ് എന്നെക്കാൾ വലിയവനാണെന്നും താൻ മനുഷ്യനാണെന്നും പിതാവ് എൻ്റെ ദൈവമാണെന്നും പറയുന്നത് വായിൽ വഞ്ചനയില്ലാത്ത യേശുവാണ്: (യോഹ, 14:28; യോഹ, 8:40; യോഹ, 20:17 ⁃⁃ 1പത്രൊ, 2:22).❞ പിന്നെങ്ങനെയാണ് അവൻ സർവ്വത്തിനു മീതെ ദൈവമാകുന്നത്❓ അല്ലെയോ സഹോദരങ്ങളേ! നിങ്ങൾ യേശുവിനെ വിശ്വസിക്കുക. യേശുവിൻ്റെ മുകളിൽ ഒരു പിതാവോ, ദൈവമോ ഇല്ലെങ്കിലല്ലേ അവൻ സർവ്വത്തിന്നും മീതെ ദൈവം ആകുകയുള്ളൂ: യേശുവിനെ നിങ്ങൾ സർവ്വത്തിന്നും മീതെ ദൈവമാക്കിയാൽ, യേശുവിൻ്റെയും നമ്മുടെയും പിതാവും സർവ്വത്തിന്നും മീതെയുള്ള ഏകദൈവവുമായവനെ എന്തുചെയ്യും❓ (യോഹ, 20:17; യോഹ, 17:3; 1കൊരി, 8:5-6 ⁃⁃ എഫെ, 4:6)
1️⃣ കൂടുതൽ തെളിവുകൾ കാണുക:
❶ നവീകരണ നായകനായ മാർട്ടിൻ ലൂഥറിൻ്റെ (Martin Luther) 1534-ലെ പരിഭാഷയിൽ നോക്കുക: ❝denen auch die Väter gehören und aus denen Christus herkommt nach dem Fleisch. Gott, der da ist über allem, sei gelobt in Ewigkeit. Amen.❞ (NU17). വാക്യത്തിൻ്റെ അർത്ഥം: ❝പിതാക്കന്മാരും അവരുടേതാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ് വന്നത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ!❞ ഈ വേദഭാഗത്ത് ❝പൂർണ്ണവിരമം❞ (Fullstop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും ദൈവത്തെയും വ്യക്തമായി വേർതിരിച്ചിട്ടുണ്ട്. ആധുനിക പരിഭാഷകൾ പലതും ❝പൂർണ്ണവിരാമം❞ മാറ്റിയിട്ട് തൽസ്ഥാനത്ത് ❝അല്പവിരാമം❞ (Comma) ഇട്ടപ്പോൾ, സർവ്വത്തിനും മീതെയുള്ള പിതാവായ ദൈവം പുത്രനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.
❷ 1550-ലെ Stephanus Textus Receptus-ൽ പിതാവാണ് സർവ്വത്തിനും മീതെ ദൈവം: ❝ὧν οἱ πατέρες καὶ ἐξ ὧν ὁ Χριστὸς τὸ κατὰ σάρκα· ὁ ὢν ἐπὶ πάντων θεὸς εὐλογητὸς εἰς τοὺς αἰῶνας ἀμήν – ón oi patéres kaí ex ón o Christós tó katá sárka. o ón epí pánton theós evlogitós eis toús aiónas amín – Of whom are the fathers, and of whom is Christ according to the flesh. who is over all, God blessed for ever and ever. Amen.❞ വാക്യം ശദ്ധിക്കുക: ❝പിതാക്കന്മാരും അവരിൽനിന്നുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു.❞ എന്ന് പറഞ്ഞശേഷം പുർണ്ണവിരാമം (Fullstop) ഇട്ടശേഷമാണ്, ❝സർവ്വത്തിന്നും മീതെയുള്ള ദൈവം, എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ❞ എന്ന് പറയുന്നത്. ഇതാണ് ശരിയായ പരിഭാഷ. [ഇതും നോക്കുക: Tischendorf 8th Edition].
❸ സത്യവേദപുസ്തകം സമകാലിക പരിഭാഷ നോക്കുക: ❝ക്രിസ്തു മനുഷ്യനായി അവതരിച്ചതും അവരുടെ വംശത്തിലാണല്ലോ. സകലത്തെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവന്‍! ആമേന്‍.❞ (റോമ, 9:5). ഈ വേദഭാഗത്ത്, പൂർണവിരാമം (Full stop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും പിതാവായ ദൈവത്തെയും വേർതിരിച്ചിരിക്കുന്നത് നോക്കുക. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെതന്നെ ആധുനിക പരിഭാഷയാണിത്. സത്യവേദപുസ്തകത്തിലെ പരിഭാഷ തെറ്റാണെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് 𝟐𝟎𝟏𝟑-ൽ ഇറങ്ങിയ സമകാലിക പരിഭാഷയിൽ വാക്യം തിരുത്തിയിരിക്കുന്നത്.
❹ ❝They have those famous ancestors, who were also the ancestors of the Christ. I pray that God, who rules over all, will be praised forever! Amen.❞ (CEV). ❝ക്രിസ്തുവിന്റെ പൂർവ്വികർ കൂടിയായ പ്രശസ്തരായ പൂർവ്വികർ അവർക്കുണ്ട്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു! ആമേൻ.❞
❺ ❝of whom are the fathers, and of whom is Christ according to the flesh. Who is over all, God blessed forever: amen.❞ (GodbeyNT). ❝പിതാക്കന്മാർ അവരിൽ നിന്നാണ്, ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നാണ്. എല്ലാറ്റിനും മീതെ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ: ആമേൻ.❞
❻ ❝they are descended from the famous Hebrew ancestors; and Christ, as a human being, belongs to their race. May God, who rules over all, be praised forever! Amen.❞ (GNT). ❝അവർ പ്രശസ്തരായ എബ്രായ പൂർവ്വികരിൽ നിന്നുള്ളവരാണ്; ഒരു മനുഷ്യനെന്ന നിലയിൽ ക്രിസ്തു അവരുടെ വംശത്തിൽ പെട്ടവനാണ്. എല്ലാറ്റിനെയും ഭരിക്കുന്ന ദൈവം എന്നേക്കും വാഴ്ത്തപ്പെടട്ടെ! ആമേൻ.❞
❼ ❝to them belong the patriarchs, and of their race, according to the flesh, is the Christ. God who is over all be blessed for ever. Amen.❞(RSV). ❝പിതാക്കന്മാരും അവരുടേതാണ്; ജഡപ്രകാരം ക്രിസ്തുവും അവരുടെ വംശത്തിൽ നിന്നാണ്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.❞
❽ പി.ഒ.സി. ബൈബിളിലും ❝യേശു സർവ്വാധിപനായ ദൈവം❞ എന്നാണ് പരിഭാഷ. എന്നാൽ അവരുടെ വത്തിക്കാൻ പരിഭാഷ കാണുക: ❝theirs the patriarchs, and from them, according to the flesh, is the Messiah. God who is over all be blessed forever. Amen.❞ (Vatican Bible). ❝അവരുടേതാണ് പിതാക്കന്മാർ, ജഡപ്രകാരം അവരിൽ നിന്നാണ് മിശിഹാ ഉത്ഭവിച്ചത്. എല്ലാറ്റിനും മീതെയുള്ള ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ. ആമേൻ.❞ വത്തിക്കാൻ ബൈബിൾ വാക്യത്തിന് വ്യക്തമായ ഒരു അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്: ❝Some editors punctuate this verse differently and prefer the translation, “Of whom is Christ according to the flesh, who is God over all.” However, Paul’s point is that God who is over all aimed to use Israel, which had been entrusted with every privilege, in outreach to the entire world through the Messiah.❞ [കാണുക: Footnote]
➤ഒറിജനൻ പി.ഡി.എഫ്: 1550-ലെ സ്റ്റെഫാനസ് ഗ്രീക്ക് പുതിയനിയമത്തിൽ (Stephanus Greek New Testament) വാക്യത്തിന് പൂർണ്ണവിരാമം (Fullstop) ഇട്ടുകൊണ്ട് ക്രിസ്തുവിനെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. [കാണുക: StephanusGNT). 1598-ലെ തിയോഡോർ ബെസയുടെ ഗ്രീക്ക്, ലാറ്റിൻ, ഡെച്ച് പുതിയനിയമത്തിലും (Theodore Beza Greek, Latina, Deutsch New Testament) ക്രിസ്തുവിനെയും ദൈവത്തെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. [കാണുക: BezaGNT). ആധുനിക പരിഭാഷകൾ വാക്യത്തിന് മദ്ധ്യത്തിലുള്ള പൂർണ്ണവിരാമം മാറ്റിയിട്ട് അർധവിരാമമോ, അല്പവിരാമമോ ഇട്ടപ്പോൾ മനുഷ്യനായ ക്രിസ്തു സർവ്വത്തിനുംമീതെ ദൈവമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ്.
2️⃣ വചനപരമായ തെളിവു്: ❝എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.❞ (എഫെ, 4:6). ഈ വേഭാഗത്ത്, പിതാവായ ഏകദൈവത്തെ ❝എല്ലാവർക്കും മീതെയുള്ളവൻ” (Above all) എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന ❝എപി പാന്റോൺ❞ (ἐπὶ πάντων – epi pantōn) എന്ന കൃത്യമായ ഗ്രീക്കുപ്രയോഗം തന്നെയാണ്, റോമർ 9:5-ൽ ❝സർവ്വത്തിനും മീതെ❞ (Over all) എന്ന് പറയാൻ റോമറിലും ഉപയോഗിച്ചിരിക്കുന്നത്. [കാണുക: Rom, 9:5 ⁃⁃ Eph, 4:6]. സർവ്വത്തിനും മീതെ രണ്ട് ദൈവമുണ്ടാകുക സാദ്ധ്യമല്ല. അങ്ങനെയായാൽ, ❝സർവ്വത്തിനും മീതെ❞ എന്ന പ്രയോഗംതന്നെ അബദ്ധമായിമാറും. തന്മൂലം, പുത്രനല്ല; പിതാവാണ് സർവ്വത്തിനുംമീതെ ദൈവമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.
3️⃣ ❝സർവ്വത്തിനും മീതെ ദൈവം❞ എന്നതിൻ്റെ മറ്റൊരു പ്രയോഗമാണ് ❝അത്യുന്നതനായ ദൈവം.❞ അത്യുന്നതനായ ദൈവം യഹോവയായ പിതാവാണ്:
❶ ❝അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.❞ (സങ്കീ, 83:18). ❝That men may know that thou, whose name alone is JEHOVAH, Art the Most High over all the earth.❞ (KJV). യഹോവ മാത്രമാണ് അത്യുന്നതൻ എന്നാണ് ഈ വാക്യം പറയുന്നത്. എബ്രായയിൽ Alone, Only എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ❝ബാദ്❞ (Bad) എന്ന പദവും ഗ്രീക്ക് സെപ്റ്റ്വജിൻ്റിൽ ❝മോണോസ്❞ (Mónos) എന്ന പദവും കൊണ്ടാണ്, ❝യഹോവ മാത്രം അത്യുന്നതൻ❞ എന്ന് പറഞ്ഞിരിക്കുന്നത്. തന്മൂലം, യഹോവയല്ലാതെ മറ്റൊരു അത്യുന്നതൻ ഉണ്ടെന്ന് തെളിയിക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള ആർക്കും കഴിയില്ല.
❷ ❝അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു.❞ (ഉല്പ, 14:23)
❸ ❝യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.❞ (2ശമൂ, 22:14)
❹ ❝അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.❞ (സങ്കീ, 7:17)
❺ ❝യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു.❞ (സങ്കീ, 18:13)
❻ ❝രാജാവു യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവൻ കുലുങ്ങാതിരിക്കും.❞ (സങ്കീ, 21:7)
❼ ❝അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു.❞ (സങ്കീ, 47:2)
❽ ❝യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും❞ (സങ്കീ, 92:1)
❾ ❝നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.❞ (സങ്കീ, 92:8)
❿ ❝യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ,❞ (സങ്കീ, 97;9). ❝യഹോവ എന്നു നാമമുള്ളവൻ മാത്രമാണ് അത്യുന്നതൻ❞ എന്ന് വചനം പറയുമ്പോൾ, മറ്റൊരു അത്യുന്നതൻ ഉണ്ടാകുക സാദ്ധ്യമല്ല: (സങ്കീ, 83:18). എന്നാൽ ക്രിസ്തു അത്യുന്നതനല്ല; അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെട്ടവനാണ്: ❝അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.❞ (ലൂക്കോ, 1:32). പ്രവചനംപോലെ പിതാവിനാൽ, ❝ഇവൻ എൻ്റെ പ്രിയപുത്രൻ❞ എന്ന് വിളിക്കപ്പെടുകയും ചെയ്തു: (മത്താ, 3:17). യഹോവയല്ലാതെ മറ്റൊരു അത്യുന്നതെനെക്കുറിച്ച് ബൈബിൾ ഒരിടത്തും പറയുന്നില്ല. അപ്പോൾ, സർവ്വത്തിനും മീതെ ദൈവം അഥവാ, അത്യുന്നതനായ ദൈവം പുത്രനല്ല; പിതാവാണെന്ന് മനസ്സിലാക്കാമല്ലോ?
4️⃣ യേശുവിൻ്റെ മുഴുജീവിതവും പരിശുദ്ധാത്മാവിലായിരുന്നു:
പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായവനും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിച്ചവനും (ലൂക്കൊ, 1:35) ആത്മാവിൽ ബലപ്പെട്ട് വളർന്നവനും (ലൂക്കൊ, 2:40) ആത്മാവിനാൽ അഭിഷേകം പ്രാപിച്ചവനും (ലൂക്കൊ, 3:22 → പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങിയവനും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെട്ടവനും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചവനും (ലൂക്കൊ, 4:14-15), ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിച്ചവനും (മത്താ, 12:28), ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിച്ചവനും (എബ്രാ, 9:14) ആത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്ത (1പത്രൊ, 3:18), ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ (മർക്കൊ, 15:39) എന്ന് ദൈവശ്വാസീയമായ വചനം സത്യംചെയ്ത് പറയുന്നു: (2തിമൊ, 3:16). പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ജനിച്ചുജീവിച്ചു മരിച്ചുയിർത്ത മനുഷ്യൻ എങ്ങനെ മരണമില്ലാത്ത ദൈവമാകും? (1തിമൊ, 6:16). അതും സർവ്വത്തിനും മീതെ ദൈവം! ആരംഭവും അവസാനവും ഇല്ലാത്ത, അനാദിയായും ശാശ്വതമായും ഉള്ളവനാണ് ദൈവം: (സങ്കീ, 90:2; യെശ, 44:6). എന്നാൽ ക്രിസ്തുവിനു് ഒരു ഉത്ഭവം (ആരംഭം) ഉണ്ട്: (ആവ, 18:15; ആവ, 18:18; യെശ, 7:14; മീഖാ, 5:2; മത്താ, 1:20; ലൂക്കൊ, 1:35; ലൂക്കൊ, 2:21; റോമ, 9:5). ഉത്ഭവമുള്ളവൻ എങ്ങനെയാണ് സർവ്വത്തിനും മീതെ ദൈവമാകുന്നത്? [കാണുക: മനുഷ്യനായ ക്രിസ്തുയേശു]
5️⃣ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും: ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ദൈവത്തെ പൗലൊസ് വാഴ്ത്തുന്നതും സ്തുതിക്കുന്നതും സ്തോത്രം ചെയ്യുന്നതുമായ ആറു വാക്യം ബൈബിളിലുണ്ട്. ❝നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.❞ (2കൊരി, 11:31; എഫെ, 1:3; എഫെ, 1:17 – റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:5). ➟അപ്പൊസ്തലൻ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തത് ദൈവപുത്രനെയല്ല; ദൈവപുത്രനും മനുഷ്യനുമായ യേശുക്രിസ്തുവിൻ്റെ ദൈവത്തെയാണ്: (മർക്കൊ, 15:39; യോഹ, 8:40). യേശുക്രിസ്തുവിൻ്റെ ദൈവമാണ് പൗലൊസിൻ്റെയും ദൈവമെങ്കിൽ, യേശുക്രിസ്തു സർവ്വത്തിനും മീതെ ദൈവമാണെന്ന് പൗലൊസ് പറയുമോ❓ യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ❓ യേശുക്രിസ്തു സർവ്വത്തിന്നും മീതെ ദൈവമാണെങ്കിൽ, ആ ദൈവത്തെയല്ലാതെ അവൻ മറ്റൊരു ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുമായിരുന്നോ❓ [കാണുക: യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവും]
6️⃣ പിതാവ് എന്നെക്കാൾ വലിയവൻ; പിതാവ് എൻ്റെ ദൈവം: തനിക്ക് ഒരു പിതാവുണ്ടെന്നും പിതാവ് തന്നെക്കാൾ വലിയവനാണെന്നും ദൈവപുത്രനായ യേശുക്രിസ്തു പറയുന്നു:
➦ “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്.” (മത്താ, 7:21). ദൈവം ക്രിസ്തുവിൻ്റെ പിതാവാണെന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. ക്രിസ്തു ദൈവത്തെ ❝എൻ്റെ പിതാവു❞ എന്ന് മത്തായി 7:21-മുതൽ യോഹന്നാൻ 20:17-വരെ അമ്പതോളം പ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. തന്നെയുമല്ല, ❝പിതാവു എന്നെക്കാൾ വലിയവനാണെന്നും, എന്റെ പിതാവു എല്ലാവരിലും വലിയവനാണെന്നും❞ പറഞ്ഞിട്ടുണ്ട്: (യോഹ, 10:29, യോഹ, 14:28).
➦ ❝യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.❞ (യോഹ, 20:17) യേശുവെന്ന മനുഷ്യൻ ദൈവത്തെ. ❝എന്റെ ദൈവം❞ എന്ന് അഞ്ചുപ്രാവശ്യം സംബോധന ചെയ്തിട്ടുണ്ട്. (മത്താ, 27:46; മർക്കൊ, 15:34; യോഹ, 20:17). ക്രിസ്തു സർവ്വത്തിനുംമീതെ ദൈവമാണെങ്കിൽ, ആ ദൈവത്തിനു് ആ ദൈവത്തിനു് മറ്റൊരു ദൈവമുണ്ടാകുമോ❓
7️⃣ ദൈവത്തിന്നു സകലവും സാദ്ധ്യമാണെന്നും (മത്താ, 19:26; മർക്കൊ, 10:27; ലൂക്കൊ, 18:27) തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ദൈവപുത്രനായ യേശു പറയുന്നു: ((യോഹ, 5:19; യോഹ, 5:30). ➟ദൈവപുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ബൈബിൾ വെളിപ്പെടുത്തുന്ന പിതാവു് ഏകദൈവവും പുത്രൻ ഏകമനുഷ്യനുമാണ്: (യോഹ, 17:3; 1കൊരി, 8:6 → റോമ, 5:15). ➟❝ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം❞ (മർക്കൊ, 15:39). പിതാവിനെക്കൂടാതെ, സ്വതേ ഒന്നും ചെയ്യാൻ കഴിയാത്ത പുത്രൻ എങ്ങനെയാണ് സർവ്വത്തിനുമീതെ ദൈവം ആകുന്നത്? താൻ ദൈവമായിരുന്നെങ്കിൽ, ❝തനിക്ക് സ്വതേ ഒന്നും ചെയ്യാൻ കഴിയില്ല❞ എന്ന് യേശു പറയുമായിരുന്നോ? യേശുവിനെപ്പോലും വിശ്വസിക്കാത്തവർക്ക് മാത്രമേ, അവൻ സർവ്വത്തിനും മീതെ ദൈവമാണെന്ന് വിശ്വസിക്കാൻ കഴിയുകയുള്ളു.
8️⃣ ❝എല്ലാറ്റിലും മുഖ്യകല്പനയോ: ❝യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.❞ (മർക്കൊ, 12:29). ❝ദൈവം ഒരുത്തൻ മാത്രം – The only God❞ (Joh,, 5:44), ➟❝ഒരേയൊരു സത്യദൈവം പിതാവാണ് – Father, the only true God❞ (Joh, 17:3), ➟❝പിതാവിനെ മാത്രം ആരാധിക്കണം❞ (മത്താ, 4:10; ലൂക്കൊ, 4:8), ➟❝എൻ്റെ പിതാവു് മാത്രമാണ് സകലവും അറിയുന്നതു❞ (മത്താ, 24:36), ➟❝മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു❞ (യോഹ, 8:40), ➟❝എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു❞ (യോഹ, 20:17) എന്നൊക്കെയാണ് ക്രിസ്തു പഠിപ്പിച്ചത്. പിതാവു മാത്രമാണ് സത്യദൈവം താൻ മനുഷ്യനാണെന്ന് പഠിപ്പിച്ച ക്രിസ്തുവിനെ സർവ്വത്തിനും മീതെ ദൈവമാക്കാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കുകഴിയും?
9️⃣ ❝ദൈവം ഒരുവൻ (God alone) അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി❞ (ലൂക്കോ, 5:21). ➟❝ഏകജ്ഞാനിയായ ദൈവം – The only wise God❞ (റോമ, 16:26), ➟❝ഏകദൈവം – The only God❞ (1തിമൊ, 1:17), ➟❝പിതാവായ ഏകദൈവമേ നമുക്കുള്ളൂ❞ (1കൊരി, 8:6), ➟❝ദൈവവും പിതാവുമായവൻ ഒരുവൻ❞ (എഫെ, 4:6) എന്നൊക്കെയാണ് അപ്പൊസ്തലന്മാർ പഠിപ്പിച്ചത്. ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുമ്പോൾ, ക്രിസ്തുവിനെ എങ്ങനെ ദൈവമാക്കാൻ പറ്റും?
🔟 ❝ഞാൻ മനുഷ്യനല്ല ദൈവം അത്രേ❞ എന്നാണ് യഹോവ പറയുന്നത്: (ഹോശ, 11:9) ❝ദൈവം മനുഷ്യനല്ല❞ എന്നാണ് പഴയനിയമ ഭക്തന്മാർ പറയുന്നത്: (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32). എന്നാൽ താൻ മനുഷ്യനാണെന്ന് യേശുവും അവൻ മനുഷ്യനാണെന്ന് അപ്പൊസ്തൈന്മാരും ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു: (യോഹ, 8:40 → പ്രവൃ, 2:23; റോമ, 5:15; 1തിമൊ, 2:6). [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ദൈവം മനുഷ്യനല്ലെങ്കിൽ, മറിയയുടെ മൂത്തമകനായി ജനിച്ച മനുഷ്യൻ എങ്ങനെയാണ് ദൈവമാകുന്നത്❓ ഇതുപോലെ അനേകം തെളിവുകളുണ്ട്; വിസ്തരഭയത്താൽ നിർത്തുന്നു.
☛ ജഡപ്രകാരമുള്ള ക്രിസ്തു:
➦ ❝ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചതു❞ എന്ന് പൗലൊസ് പറഞ്ഞിരിക്കയാൽ, അവൻ ആത്മപ്രകാരം ദൈവമാണ്; അല്ലെങ്കിൽ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണ് എന്ന് കരുതുന്നവരുണ്ട്. ❝ദൈവം ഒരുത്തൻ മാത്രമാണെന്നും [𝐓𝐡𝐞 𝐨𝐧𝐥𝐲 𝐆𝐨𝐝] (Joh, 5:44), പിതാവു് മാത്രമാണ് സത്യദൈവമെന്നും [𝐅𝐚𝐭𝐡𝐞𝐫, 𝐭𝐡𝐞 𝐨𝐧𝐥𝐲 𝐭𝐫𝐮𝐞 𝐆𝐨𝐝] (Joh, 17:3), പിതാവു് എന്നെക്കാൾ വലിയവനാണും (യോഹ, 14:28), ഞാൻ മനുഷ്യനാണെന്നും (യോഹ, 8:40), എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ലെന്നും (യോഹ, 5:30), പിതാവു് എന്റെ ദൈവമാണെന്നും❞ (യോഹ, 20:17) ദൈവപുത്രൻതന്നെ പറയുമ്പോൾ; അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. യേശുവെന്ന ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനായ വ്യക്തി പഴയനിയമത്തിലില്ല. (റോമ, 5:15). അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ആത്മപ്രകാരം ക്രിസ്തുവിനു് ഒരു പൂർവ്വാസ്തിത്വമുണ്ട്. അതുകൊണ്ടാണ് ❝ജഡപ്രകാരം ക്രിസ്തു യെഹൂദന്മാരിൽനിന്ന് ഉദ്ഭവിച്ചു❞ എന്ന് പൗലൊസ് പറഞ്ഞതും അവൻ മുഖാന്തരം സർവ്വത്തിന്നും മീതെയുള്ള ദൈവത്തെ വാഴ്ത്തുന്നതും. [ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?]
☛ യേശുവിൻ്റെ അസ്തിത്വം (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞):
➤ ❝ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു;❞ (1തിമൊ, 3:15-16).
➦ ക്രിസ്തു ജീവനുള്ള ദൈവമായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാട് (𝐌𝐚𝐧𝐢𝐟𝐞𝐬𝐭𝐚𝐭𝐢𝐨𝐧) അഥവാ, മനുഷ്യപ്രത്യക്ഷതയാണ്: (മത്താ, 16:16) ➟𝐓𝐡𝐞 𝐍𝐞𝐰 𝐌𝐞𝐬𝐬𝐢𝐚𝐧𝐢𝐜 𝐕𝐞𝐫𝐬𝐢𝐨𝐧-ൽ, ❝𝐆𝐨𝐝-𝐓𝐡𝐞 𝐅𝐚𝐭𝐡𝐞𝐫 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡❞ എന്ന് കാണാൻ കഴിയും: (1Tim, 3:16). ➟അതായത്, പിതാവായ യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി മറിയയെന്ന യിസ്രായേൽ കന്യകയിലൂടെ പ്രകൃത്യാതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20, ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟❝ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് മനുഷ്യനായ പുത്രനുമാണ്.❞ (മത്താ, 16:16; യോഹ, 1:18 ⁃⁃ യോഹ, 8:40). [കാണുക: മനുഷ്യനായ ക്രിസ്തുയേശു, പിതാവിൻ്റെ മാർവ്വിടത്തിലുള്ള പുത്രൻ, പുത്രൻ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു]. ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിലും (𝐏𝐫𝐞-𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വത്തിലും (𝐄𝐭𝐞𝐫𝐧𝐚𝐥 𝐞𝐱𝐢𝐬𝐭𝐞𝐧𝐜𝐞) പിതാവും പുത്രനും ഒന്നുതന്നെയാണ്: ((യെശ, 40:3; ലൂക്കൊ, 1:16-17; 1:68; 1:76-77; യോഹ, 1:30 ⁃⁃ യോഹ, 10:30; 14:9). ➟അതാണ്, പിതാവും ക്രിസ്തുവുമെന്ന ദൈവമർമ്മവും ദൈവഭക്തിയുടെ മർമ്മവും. (കൊലൊ, 2:2; 1തിമൊ, 3:16). അതുകൊണ്ടാണ്, ❝ജഡപ്രകാരം ക്രിസ്തുവും യിസ്രായേലിൽനിന്നല്ലോ ഉദ്ഭവിച്ചതു❞ എന്ന് പറഞ്ഞശേഷം, സർവ്വത്തിന്നും മീതെയുള്ള പിതാവായ ഏകദൈവത്തെ വാഴ്ത്തുന്നത്. ➤[കാണുക: ക്രിസ്തുവിൻ്റെ അസ്തിത്വവും പൂർവ്വാസ്തിത്വവും, ക്രിസ്തുവിനെ അറിയുക, ക്രിസ്ത്യാനിയാകുക, ദൈവം ഒരുത്തൻ മാത്രം, മോണോതീയിസം, ഞാനും പിതാവും ഒന്നാകുന്നു, പിതാവും പുത്രനും ഒന്നാകുന്നു]