അപ്പൊസ്തലൻ (Apostle)
പേരിനർത്ഥം — പ്രേക്ഷിതൻ, അയയ്ക്കപ്പെട്ടവൻ
അപ്പൊസ്റ്റൊലൊസ് എന്ന ഗ്രീക്കുപദത്തിന്റെ ലിപ്യന്തരണമാണു അപ്പൊസ്തലൻ. അധികാരത്തോടു കൂടിയ പ്രതിപുരുഷൻ എന്നാണർത്ഥം. അയയ്ക്കുക എന്നർത്ഥമുള്ള അപ്പൊസ്റ്റെല്ലോ എന്ന ഗ്രീക്കുധാതുവിൽ നിന്നാണ് ഈ പദത്തിന്റെ നിഷ്പത്തി. സുവിശേഷങ്ങളിൽ പത്തു പ്രാവശ്യവും അപ്പൊസ്തല പ്രവൃത്തികളിൽ മുപ്പതു പ്രാവശ്യവും ലേഖനങ്ങളിൽ മുപ്പത്തിയെട്ടു പ്രാവശ്യവും വെളിപ്പാടിൽ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ എൺപത്തൊന്നു പ്രാവശ്യം അപ്പൊസ്തലൻ എന്ന പദം പുതിയനിയമത്തിലുണ്ട്. ഒരു പുതിയ നിയമപദമാണിത്. ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടി നിയുക്തനാണ് അപ്പൊസ്തലൻ. പൂർണ്ണ അധികാരത്തോടെ പ്രവർത്തിക്കുവാനുള്ള സ്വാതന്ത്ര്യം അയയ്ക്കപ്പെട്ടവനുണ്ട് അയച്ച വ്യക്തിയോടു കണക്കു ബോധിപ്പിക്കുവാൻ അയയ്ക്കപ്പെട്ടവൻ ബാധ്യസ്ഥനാണ്. അപ്പൊസ്തലൻ എന്ന പ്രയോഗത്തിന്റെ വ്യക്തമായ ധ്വനി യോഹന്നാൻ 17:18-ൽ ഉണ്ട്; “നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.” അപ്പൊസ്തലന്മാരുടെ അധികാരവും ബൈബിളിൽ വ്യക്തമാക്കിയിട്ടുണ്ട്; “അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;” (മർക്കൊ, 3:14-15).
അയക്കപ്പെട്ടവൻ അയച്ച ആളിനു തുല്യനാണെന്നാണ് യെഹൂദന്മാരുടെ തൽമൂദിൽ പറയുന്നത്. യൊരോബെയാമിന്റെ ഭാര്യ മകന്റെ രോഗാവസ്ഥയെക്കുറിച്ചു അറിയുവാൻ അഹിയാ പ്രവാചകന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു; “കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗമുണ്ട്.” (1രാജാ, 14:6). ഇവിടെ ഷാലുവഹ് (shalach) എന്ന എബ്രായ പദത്തിന്റെ പരിഭാഷയാണു സെപ്റ്റജിന്റിലെ അപാസ്റ്റൊലൊസ്. പഴയനിയമത്തിൽ ഈ പദം 852 പ്രാവശ്യമുണ്ട്. പുതിയ നിയമത്തിലെ സാങ്കേതികാർത്ഥത്തോടുകൂടി യെഹൂദന്മാരുടെ ഇടയിൽ പ്രയോഗത്തിലിരുന്ന ഷാലിയാഹ് എന്ന പദത്തിന്റെ തുടർച്ചയാണ് അപ്പൊസൊലൊസ് എന്ന വാദം വിവാദവിഷയമാണ്. മതാധികാരത്തെ പ്രതിനിധാനം ചെയ്യുന്നവനാണ് ഷാലിയാഹ്. അധികാരിയുടെ പ്രതിനിധിയായി കാര്യനിർവ്വഹണം നടത്തുവാനും സന്ദേശം കൈമാറുവാനും ധനം കൈകാര്യം ചെയ്യുവാനും ഷാലിയാഹിനു അധികാരമുണ്ട്. അദ്ദേഹം സിനഗോഗിനെ പ്രതിനിധാനം ചെയ്യുകയും, ആരാധനയെ നയിക്കുകയും ചെയ്യുന്നു. ഈ പ്രയോഗം പുരോഹിതത്വവും ഉൾക്കൊണ്ടിരുന്നു. ഷാലിയാഹ് ഒരിക്കലും യെഹൂദസമൂഹത്തിന്റെ പരിധിക്കു വെളിയിൽ പ്രവർത്തിച്ചിട്ടില്ല. പുതിയനിയമത്തിൽ അപ്പൊസ്തലത്വത്തിൽ അടങ്ങിയിരുന്ന പ്രേഷിതപ്രവർത്തനം ഷാലിയാഹിൽ ദൃശ്യമായിരുന്നില്ല. ദൈവത്താൽ അയയ്ക്കപ്പെട്ട ഒരുവനായ യേശുവിനെയും (എബ്രാ, 3:1), യിസ്രായേലിനോടു പ്രസംഗിക്കുവാൻ ദൈവം അയച്ചവരെയും (ലൂക്കൊ, 11:49), സഭ അയച്ചവരെയും (2കൊരി, 8:23, ഫിലി, 2:25), ആദിമസഭയിൽ പ്രധാനസ്ഥാനം വഹിച്ചിരുന്ന ഒരു ഗണത്തെയും (പ്രവൃ, 15:4) അപ്പൊസ്തലന്മാർ എന്നു വിളിക്കുന്നു.
അപ്പൊസ്തലന്മാരുടെ യോഗ്യത
ഒന്നാമതായി; അപ്പൊസ്തലന്മാർ യേശുവിനെ കണ്ടവരും യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷികളും ആണ്; “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം” (1യോഹ, 1:1). “ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” (പ്രവൃ, 1:22). “ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു” (പ്രവൃ, 2:32). കൊരിന്ത്യരിൽ ചിലർ പൗലൊസിൻ്റെ അപ്പൊസ്തലത്വത്തെ ചോദ്യം ചെയ്തപ്പോൾ താൻ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടവനാണെന്നു തറപ്പിച്ചു പറയുന്നു: “ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ?” (1കൊരി, 9:1). “എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ;” (1കൊരി, 15:8,9). അപ്പൊസ്തലന്മാക്ക് ഉണ്ടായിരിക്കേണ്ട രണ്ടാമതായി; പ്രവർത്തനങ്ങൾ അത്ഭുതങ്ങളിലും അടയാളങ്ങളിലും പ്രത്യക്ഷമാകേണ്ടതാണ്. “അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണ്ണ സഹിഷ്ണതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ.” (2കൊരി, 12:12). “ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ? മറ്റുള്ളവർക്കു ഞാൻ അപ്പൊസ്തലൻ അല്ലെന്നുവരികിൽ എങ്ങനെയെങ്കിലും നിങ്ങൾക്കു ആകുന്നു; കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളല്ലോ.” (1കൊരി, 9:1-2). മൂന്നാമതായി; കർത്താവ് നേരിട്ടു വിളിച്ചു നിയമിച്ചവരാണ് അപ്പൊസ്തലന്മാർ. (1കൊരി, 12:28, എഫെ, 4:11). തനിക്കു നേരിട്ടു ലഭിച്ച വിളിയെക്കുറിച്ചു പൗലൊസ് വെളിപ്പെടുത്തിയിട്ടുണ്ട്. (റോമ, (1:1, 1 കൊരി, 1:1, ഗലാ, 1:1,15).
അപ്പെസ്തലന്മാരുടെ പ്രധാനപ്പെട്ട യോഗ്യതകളെ ഇങ്ങനെ സംഗ്രഹിക്കാം
1. പരിശുദ്ധാത്മാവിൽ നിറഞ്ഞവൻ (പ്രവൃ, 1:8, 2:4).
2. പ്രസംഗിക്കാൻ അയക്കപ്പെട്ടവർ (മത്താ, 10:5-7, ലൂക്കോ, 10:1, റോമ, 10:14-18).
3. യേശുവിനോടു കൂടി ആയിരുന്നവർ (പ്രവൃ, 1:21).
4. പുനരുത്ഥാനത്തിനു സാക്ഷികൾ (ലൂക്കോ, 48).
5. യേശുവിനെ സാക്ഷിക്കുന്നവർ (പ്രവൃ, 1:22).
6. തിരഞ്ഞെടുക്കപ്പെട്ടവർ (പ്രവൃ, 1:25).
ബൈബിളിൽ അപ്പൊസ്തലൻ എന്നു പറപ്പെട്ടിരിക്കുന്നവർ
1. യേശുക്രിസ്തു
2. പത്രൊസ്
3. അന്ത്രെയാസ്
4. യാക്കോബ്
5. യോഹന്നാൻ
6. ഫിലിപ്പൊസ്
7. ബർത്തൊലൊമായി
8. തോമാസ്
9. മത്തായി
10. ചെറിയ യാക്കോബ്
11. തദ്ദായി
12. ശിമോൻ
13. യൂദാ
14. മത്ഥിയാസ്
15. പൗലൊസ്
16. ബർന്നബാസ്
17. യാക്കോബ് (യേശുവിന്റെ സഹോദരൻ)
18. അന്ത്രൊനിക്കൊസ്
19. യൂനിയാവ്
20. അപ്പൊല്ലോസ്
21. തീത്തൊസ്
23. തിമൊഥെയൊസ്
24. എപ്പഫ്രൊദിത്തൊസ്