
“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16)
ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം സമകാലിക പരിഭാഷയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്‍ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ERV, ESV, ESVUK, EXB, FBV, GNT, GW, GWN, HCSB, ICB, ISV, MEV, NASB, NCB, NCV, NIRV, NIV, NIVUK, NOG, NRSVA, NRSVACE, NRSVCE, NRSVUE, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം മറ്റു വചനഭാഗങ്ങളുമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.
2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ, അഗോചരമായ എന്നു പറഞ്ഞാൽ; കാണാന്‍ വയ്യാത്ത, കാഴ്ചയില്‍പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ “ദൃശ്യാദൃശ്യനായ ദൈവം” (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല.
3. ദൈവപ്രകൃതിയുടെ സവിശേഷതയെക്കുറിച്ചുള്ള പൗലൊസിൻ്റെ ഒരു പ്രധാന പ്രയോഗമാണ് “അദൃശ്യദൈവം” എന്നത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് “മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. അദൃശ്യൻ എന്ന പദത്തിൻ്റെ നിർവ്വചനമാണ്, ‘ആരും ഒരുനാളും കാണാത്തവൻ” എന്നത്. ആദ്യ അദ്ധ്യായത്തിൽ അദൃശ്യൻ എന്നെഴുതിയശേഷം അടുത്ത അദ്ധ്യായത്തിൽ “മനുഷ്യരാരും കാണാത്തവൻ” എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം പൂർവ്വാപരവൈരുദ്ധ്യമാകും.
4. മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും: പൗലൊസവിടെ പറയുന്നത്; “മനുഷ്യർ ആരും കാണാത്തവൻ” എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും” എന്നുകൂടി പറയുന്നുണ്ട്. അഥവാ, “മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. മനുഷ്യൻ ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താലും, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36 ⁃⁃ മത്താ, 22:30; മർക്കൊ, 12:25). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, ദൂതന്മാർ കാണുന്ന ദൈവത്തെ മനുഷ്യർക്ക് കാണാൻ കഴിയേണ്ടതല്ലേ? അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് പൗലൊസിൻ്റെ കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.
5. ‘ആരും ഒരുനാളും കാണാത്തവൻ’ എന്ന പ്രയോഗം രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ ”അദൃശ്യൻ അഥവാ, ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉണ്ട്. പുനരുത്ഥാനത്തിൽ വിശ്വാസികൾ ദൈവദൂതന്മാരോടു തുല്യരാകുമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ, പ്രധാനപ്പെട്ട മറ്റൊരു തെളിവുണ്ട്: പിതാവ് പ്രത്യക്ഷനാകുമ്പോൾ നാം പിതാവിനോടു സദൃശന്മാരാകും എന്നാണ് യോഹന്നാൻ പറയുന്നത്: (1യോഹ, 3:2 ⁃⁃ 1യോഹ, 2:28). ദൂതതുല്യരും പിതാവിനോടു സദൃശന്മാരാകുന്നവരുമായ വിശ്വാസികൾക്ക് ദൈവത്തെ കാണ്മാൻ കഴിയാത്തതിനാൽ, ദൂതന്മാർക്കും ദൈവത്തെ അവൻ്റെ സാക്ഷാൽ പ്രകൃതിയിൽ കാണാൻ കഴിയില്ലെന്നത് വ്യക്തമാണ്. തന്മൂലം, ❛മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ❛ആരും ഒരുനാളും കാണാത്തവൻ❜ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും മനസ്സിലാക്കാം.
ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപ്രകൃതിയുടെ സവിശേഷതകൾ: ➤❝അക്ഷയനും അദൃശ്യനും (1തിമൊ, 1:17) അനാദിയായും ശ്വാശ്വതമായുമുള്ളവനും (സങ്കീ, 90:2) ➟അമർത്യനും (1തിമൊ, 6:16) ➟ആത്മാവും (യോഹ, 4:24; 2കൊരി, 3:17-18) ➟ആദ്യനും അന്ത്യനും (യെശ, 44:6) ➟ആകാശങ്ങളും ഭൂമിയും നിറഞ്ഞുനിൽക്കുന്നവനും (യിരെ, 23:24) ➟ആരുമൊരുനാളും കാണാത്തവനും (1യോഹ, 4:12) ➟കാണ്മാൻ കഴിയാത്തവനും (1തിമൊ, 6:16) ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 15:7) ➟ഗതിഭേദത്താൽ ആഛാദനമില്ലാത്തവനും (യാക്കോ, 1:17) ➟മാറ്റമില്ലാത്തവനും (മലാ, 3:6) ➟നമ്മുടെ ഹൃദയത്തെക്കാൾ വലിയവനുമായ [നമ്മുടെ ചിന്തകൾക്കും വിചാരങ്ങൾക്കും യുക്തിക്കും ബുദ്ധിക്കും അതീതൻ] (1യോഹ, 3:20) ➟ഒരേയൊരു ദൈവമാണ് (Mónos Theós – The only God) നമുക്കുള്ളത്.❞ (യോഹ, 5:44). ➟ദൈവം അദൃശ്യനാണെന്നു മൂന്നുപ്രാവശ്യവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27) ➟ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12) ➟ദൈവത്തെ കാണ്മാൻ കഴിയില്ലെന്നു ഒരുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്: (1തിമൊ, 6:16). ➤❝യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.❞ (യെശ, 45:15). ➟താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു: (യിരെ, 23:24). ➟സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു: (സങ്കീ, 139:7-10). ➟സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും ദൈവം അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു: (1രാജാ, 8:27). ➤❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്നാണ് പൗലൊസ് പറയുന്നത്: (പ്രവൃ, 17:28). ❝അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു❞ എന്ന് പറഞ്ഞാൽ; ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ➟ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ➟ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ➟സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. ➤❛അവരിൽ❜ (In them) അല്ല; ➤❛അവനിൽ❜ (In him) ആണ് നാം ജീവിക്കുന്നത്. ➟ദൈവം മൂന്ന് വ്യക്തിയായിരുങ്കിൽ, ➤❛അവനിൽ❜ എന്ന ❛ഏകവചനം❜ (Singular) അല്ല; ➤❛അവരിൽ❜ എന്ന ❛ബഹുവചനം❜ (Plural) പറയുമായിരുന്നു. ➟എന്നാൽ ചിലർക്ക് ദൈവം ഏകനല്ല; മൂന്നുപേരാണ്. ➟പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് നിങ്ങൾ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ❓ ➟മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ❓ ➟അതിൽ ഒരുത്തനാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ അവരുടെ ആപ്പീസ് പൂട്ടും. ദൈവം സമനിത്യരായ മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ, അവരിൽ ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത സർവ്വവ്യാപിയായ ദൈവം ആരാണെന്നു പറയും❓ സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ മൂന്നു ദൈവത്തിലെ അല്ലെങ്കിൽ, മൂന്നു വ്യക്തികളിലെ ഒരു വ്യക്തിയാണ് ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; പലരുടെയും അതിവിശുദ്ധവിശ്വാസം തകർന്ന് തരിപ്പണമാകും. [കാണുക: മോണോതീയിസം]
ദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് ആവർത്തിച്ച് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുമുണ്ട്: ➤മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:2) മുതലായവർ ദൈവത്തെ കണ്ടവരാണ്. ➟സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ➤❝ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല❞ എന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്: (യോഹ, 1:18; 1യോഹ, 4:12 ⁃⁃ വെളി, 4:2). ➟ക്രിസ്തു പറയുന്നു: ➤❝സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു.❞ (മത്താ, 18:11). ➟ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ്; മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ മുതലായവർ കണ്ടത്. ➟ദൈവത്തെ ദൂതന്മാർ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നതായാണ് യോഹന്നാനും യെശയ്യാവും കണ്ടത്. (വെളി, 4:8; യെശ, 6:3). അതായത്, അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് ഭക്തന്മാർ കണ്ടത്: ❝ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.❞ ❛ദൈവത്തെ കണ്ടു❜ എന്ന് പറയാതെ, ദൈവം പ്രത്യക്ഷനായി എന്നും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; ഉല്പ, 17:1), യിസ്ഹാക്ക് (ഉല്പ, 26:2; ഉല്പ, 26:24), യാക്കോബ് (ഉല്പ, 35:7; ഉല്പ, 35:9. ഒ.നോ: 48:3), മോശെ (പുറ, 3:16; പുറ, 6:3. ഒ.നോ: സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4; സംഖ്യാ, 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 1:7; 2ദിന, 7:12), യിരെമ്യാവ് (31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷതകളെയാണ് പഴയപുതിയനിയമങ്ങളിൽ ദൂതന്മാരും മനുഷ്യരും കാണുന്നത്. തന്മൂലം, അദൃശ്യനായ ഏകദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതിയെയാണ് ❛ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമല്ല❜ എന്ന് പറയുന്നതെന്ന് മനസ്സിലാക്കാം.
ദൈവം അനുഗ്രഹിക്കട്ടെ