സർവ്വസൃഷ്ടിക്കും ആദ്യജാതൻ

സർവ്വസൃഷ്ടിക്കും ആദ്യജാതൻ:
1:15. ❝അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
1:16. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
1:17. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
1:18. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
1:19. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
1:20. അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ (കൊലൊ, 1:15-20)
➦ കൊലൊസ്യരിലെ ഈ വേദഭാഗത്തെ വിഷയം ആദിമസൃഷ്ടിയല്ല; ക്രിസ്തുവിലൂടെയുള്ള പുതുസൃഷ്ടിയാണ്. ❝ആദാം മുഖാന്തരം പാപത്തിനും ശാപത്തിനും വിധേയമായ ആകാശഭൂമികളെയും അവയിലുള്ളവയെയും ഒടുക്കത്തെ ആദാമായ ക്രിസ്തു മുഖാന്തരമാണ് ദൈവം പുതുക്കുന്നത്.❞ 
15-ാം വാക്യത്തിൻ്റെ ആദ്യഭാഗം: ❝അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമ.❞ ക്രിസ്തു അദൃശ്യനായ ദൈവമല്ല; ദൈവത്തിൻ്റെ പ്രതിമയാണ്. ➟❝അദൃശ്യനായ ദൈവത്തിന്റെ പ്രതിമ❞ എന്ന പ്രയോഗം, അവൻ ദൈവമല്ലെന്നും അവൻ സൃഷ്ടിക്ക് മുമ്പേ ഉണ്ടായിരുന്നവനല്ല എന്നതിൻ്റെ തെളിവാണ്. ➟❝ദൈവം❞ എന്നത് ആരുടെയും പേരോ, പദവിയോ അല്ല; സ്രഷ്ടാവിൻ്റെ പ്രകൃതിയാണ് (Nature). ➟എന്നാൽ ❝ദൈവത്തിൻ്റെ പ്രതിമ❞ എന്നത് ക്രിസ്തുവിൻ്റെ അസ്തിത്വമോ, പ്രകൃതിയോ അല്ല; അവൻ്റെ പദവിയാണ്. ➟ദൈവത്തെ ഒരിക്കലും ദൈവത്തിൻ്റെ പ്രതിമ എന്ന് പറയില്ല; പറഞ്ഞാൽ അബദ്ധമാണ്; മനുഷ്യനെ മനുഷ്യൻ്റെ പ്രതിമയെന്നും പറയില്ല. ➟ക്രിസ്തുവിനെ മാത്രമല്ല; പുരുഷനെയും (ἀνήρ – anēr – Man) ദൈവത്തിൻ്റെ പ്രതിമ എന്ന് പറഞ്ഞിട്ടുണ്ട്: (1കൊരി, 11:7). [കാണുക: പ്രതിമ]. 
അടുത്തഭാഗം: ❝സർവ്വസൃഷ്ടിക്കും ആദ്യജാതൻ.❞ ➟ഇതും അവൻ്റെ അസ്തിത്വമല്ല; പദവിയാണ്. ➟അവനെ ❝സർവ്വസൃഷ്ടിക്കും ആദ്യജാതൻ❞ എന്ന് പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിലല്ല; ആത്മീയ അർത്ഥത്തിലാണ് . ➟അതിന് പ്രധാനപ്പെട്ട ചില തെളിവുകൾ തരാം: 
❶ ട്രിനിറ്റി വിചാരിക്കുന്നപോലെ ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമല്ല; ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:15-16).➟ ❝അവൻ ജഡത്തിൽ വെളിപ്പെട്ടു❞ എന്നതിലെ ❝അവൻ❞ എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് ❝നാമം❞ ചേർത്താൽ, ❝ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (The Living God was manifest in the flesh) എന്നുകിട്ടും. ➟ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). ➟അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിലൂടെ ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശു: (റോമ, 5:15). ➟എ.എം. 3755 മുതലാണ് (ബി.സി. 6) മനുഷ്യനായ ക്രിസ്തുയേശുവിൻ്റെ ചരിത്രം ആരംഭിക്കുന്നത്. ➟പിന്നെങ്ങനെ അവൻ സർവ്വസൃഷ്ടികൾക്കും ആദ്യജാതനാകും❓ പഴയനിയമത്തിൽ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ മാത്രമാണുള്ളത്. [കാണുക: ദൈവപുത്രനായ ക്രിസ്തു പഴയനിയമത്തിൽ ഉണ്ടായിരുന്നോ?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
❷ ❝ആദ്യജാതൻ❞എന്ന പ്രയോഗം അനന്തരജാതന്മാരെ (ഇളയ സഹോദരങ്ങളെ) വ്യഞ്ജിപ്പിക്കുന്നതാണ്. ➟❝സർവ്വസൃഷ്ടിക്കും ആദ്യജാതൻ❞ എന്ന പ്രയോഗം യഥാർത്ഥത്തിലാണെങ്കിൽ, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടികൾക്കും (പട്ടി പൂച്ച പഴുതാര ഉൾപ്പെടെ) ക്രിസ്തു മൂത്ത സഹോദരനായിരിക്കണം. ➟എന്നാൽ ക്രിസ്തു വിശ്വാസികളുടെ മാത്രം മൂത്തസഹോദരനാണ്: (റോമ, 8:29). ➟അവൻ ദൂതന്മാരുടെയോ, ഭൂമിയിലെ മറ്റ് സൃഷ്ടികളുടെയോ മൂത്തസഹോദരല്ല. ➟അതിനാൽ, ആ പ്രയോഗം അക്ഷരാർത്ഥത്തിലല്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: സഹോദരന്മാരിൽ ആദ്യജാതൻ]
❸ ഏകജാതൻ എന്ന പദം അഞ്ചുപ്രാവശ്യവും (യോഹ, 1:14; 1:18; 3:16; 3:18; 1യോഹ, 4:9) ആദ്യജാതൻ എന്ന പദം നാലുപ്രാവശ്യവും ക്രിസ്തുവിന് ഉപയോഗിച്ചിട്ടുണ്ട്. ➟ഈ വേഭാഗത്ത് രണ്ടുപ്രാവശ്യമുണ്ട്: (കൊലൊ, 1:15; 1:18റോമ, 8:29; വെളി, 1:5). ➟ഏകജാതൻ, ആദ്യജാതൻ എന്നിവ യഥാർത്ഥത്തിലാണെങ്കിൽ, രണ്ടും പരസ്പരവിരുദ്ധമാണ്. ➟ഒരു മകനും അപ്പൻ്റെ ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കാൻ കഴിയില്ല. ➟തന്മൂലം, അതവൻ്റെ പദവിയാണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
❹ ❝സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), ➟സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), ➟മരിച്ചവരുടെ ഇടയിൽനിന്നുള്ള ആദ്യജാതൻ (കൊലൊ, 1:18), ➟മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5)❞ എന്നീ പ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ, ❝ആദ്യജാതൻ❞ എന്നത് അവൻ്റെ അസ്തിത്വമല്ല (𝐄𝐱𝐢𝐬𝐭𝐞𝐧𝐜𝐞); പദവി (𝐓𝐢𝐭𝐥𝐞) ആണെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. ➟അതിനാൽ, സർവ്വസൃഷ്ടിയുടെയും ഉദ്ധാരകൻ എന്ന നിലയിലാണ് ❝സർവ്വസൃഷ്ടിക്കും ആദ്യജാതൻ❞ എന്ന് പൗലൊസ് ക്രിസ്തുവിനെ വിശേഷിപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാം: (റോമ, 8:19-22). 
16-ാം വാക്യം: ❝സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.❞ ➟ഈ വേദഭാഗം ആദിയിലെ സൃഷ്ടിയെക്കുറിച്ചല്ല; പുതുവാനഭൂമിയുടെ സൃഷ്ടിയെക്കുറിച്ചാണ് പറയുന്നത്. ➟അതിന് ചില തെളിവുകൾ തരാം: 
❶ ആദിയിൽ ആകാശങ്ങളും ഭൂമിയും മനുഷ്യനെയും സൃഷ്ടിച്ചത് യഹോവയായ ദൈവം ഒറ്റയ്ക്കാണ്. ➟തൻ്റെയൊപ്പം ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ഒരു വെല്ലുവിളിയെന്നവണ്ണം യഹോവ ചോദിക്കുന്നത് നോക്കുക: ❝നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (𝐀𝐥𝐨𝐧𝐞) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?❞ (യെശ, 44:24). ➟അടുത്തവാക്യം: ❝ഇങ്ങനെ ദൈവം തന്റെ (𝐇𝐢𝐬) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.❞ (ഉല്പ, 1:27). ➟ദൈവം ഒറ്റയ്ക്കാണ് സകലവും സൃഷ്ച്ചിച്ചതെന്ന് അനേകം വാക്യങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരിക്കെ, ക്രിസ്തു മുഖാന്തരമാണ് സൃഷ്ടിച്ചതെന്ന് എങ്ങനെ പറയും❓ [കാണുക: ദൈവം തന്റെ (His) സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, നാം നമ്മുടെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കുക]
❷ ആദിമ സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟അതിന്നു യേശു: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4). ➟വാക്യം ശ്രദ്ധിക്കുക: ❝സൃഷ്ടിച്ച അവൻ❞ (𝐇𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന പ്രഥമപുരഷ ഏകവചനമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടിയിൽ താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐖𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന ഉത്തമപുരഷ ബഹുവചനം (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥) പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ഒ.നോ: (മർക്കൊ, 10:6). ➟ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: യേശു സ്രഷ്ടാവല്ല]
❸ ❝നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.❞ (എഫെ, 2:10). ➟ദൈവം ക്രിസ്തുയേശുവിലൂടെ സൽപ്രവർത്തികൾക്കായിട്ടു നമ്മെ സൃഷ്ടിച്ചത് ആദിയിലല്ല; കാലസമ്പൂർണ്ണതയിൽ അവൻ്റെ മരണപുനരുദ്ധാനത്താലാണ്: (എഫെ, 2:5-9).
❹❝അവൻ (ക്രിസ്തു) ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟ക്രിസ്തു ലോകസ്ഥാപനത്തിനുമുമ്പെ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവനും അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് വെളിപ്പെട്ടവനും എന്നാണ്. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]. ➟ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി അന്ത്യകാലത്ത് കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ടവനാകയാൽ (1തിമൊ, 3:15-16 –:മത്താ, 1:20; ലൂക്കൊ, 2:21; മത്താ, 1:18), പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➟യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ജനനം (യെശ, 7:14), അഭിഷേകം (യെശ, 61:1), പുത്രത്വം (ലൂക്കൊ, 1:32; 1:35), ശുശ്രൂഷ (യെശ, 42:1-3), കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), മരണം (യെശ, 53:10-12), അടക്കം (യെശ, 53:9), പുനരുത്ഥാനം (സങ്കീ, 16:10) മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. 
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❝യേശു❞ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟ഏറ്റവും ശ്രദ്ധേയമായകാര്യം അതൊന്നുമല്ല: യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു, ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലാതിരുന്നവൻ, എങ്ങനെയാണ് ആദിയിലെ സൃഷ്ടിയിൽ ഉണ്ടാകുന്നത്❓
❺ ❝അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു❞ എന്ന് ഭൂതകാലത്തിൽ (Future tense) പറഞ്ഞിരിക്കയാൽ, പ്രസ്തുത വേദഭാഗം ആദിയിൽ സംഭവിച്ച ചരിത്രമാണെന്ന് കരുതണ്ട. ➟ബൈബിളിൽ പ്രവചനം മൂന്ന് കാലത്തിലും പറഞ്ഞിട്ടുണ്ട്. ➟കർത്താവിൻ്റെ വരവ് മൂന്നുകാലത്തിലും പറഞ്ഞിരിക്കുന്നത് നോക്കുക: ➟ഭൂതകാലം: (യൂദാ, 1:15). ➟വർത്തമാനകാലം:  (വെളി, 1:7). ➟ഭാവികാലം: (എബ്രാ, 10:37). ➟പുതുവാനഭൂമികൾ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല; സൃഷ്ടിക്കപ്പെടാൻ ഇരിക്കുന്നതേയുള്ളു. ➟അതിനാൽ ഈ വേദഭാഗം പ്രവചനാത്മകമാണെന്ന് മനസ്സിലാക്കാം.
➦ യഹോവയായ ഏകദൈവം ആദിയിങ്കൽ ഒറ്റയ്ക്ക് സൃഷ്ടിച്ചതെല്ലാം ❝എത്രയും നല്ലതായിരുന്നു.❞ (ഉല്പ, 1:31). ➟സൃഷ്ടിയിങ്കൽ എത്രയും നല്ലതായിരുന്നവ ആദാം മുഖാന്തരമാണ് പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായത്: (ഉല്പ, 3:17-19; റോമ, 8:20). ➟ആദാം മുഖാന്തരം പാപത്തിലും ശാപത്തിലുമായിപ്പോയ സൃഷ്ടികൾക്ക്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തു മുഖാന്തരം ഉദ്ധാരണംവരുത്തി, പുതുവാനഭൂമികൾ സൃഷ്ടിക്കുന്നതാണ് വിഷയം. (റോമ, 5:15-18). 
17-ാം വാക്യം: ❝അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.❞ ➟ഈ വേദഭാഗത്തുള്ള, ❝സർവ്വത്തിന്നും മുമ്പേയുള്ളവൻ❞ എന്ന പ്രയോഗം ആത്മീയമാണ്. ➟ക്രിസ്തുവിലൂടെയുള്ള രക്ഷാകരപ്രവൃത്തി ദൈവം മുന്നിയമിച്ചിരുന്നു എന്നാണ് അതിൻ്റെ അർത്ഥം: (പ്രവൃ, 4:28; റോമ, 8:29-30; 1കൊരി, 2:7). ➟രണ്ട് വേദഭാഗങ്ങൾ തെളിവായി കാണിക്കാം:
❶ ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും❞ (എഫെ, 1:4). ➟ഈ വാക്യപ്രകാരം, ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നെങ്കിൽ, ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ട നമ്മളും ഉണ്ടായിരിക്കണം. ➟നമ്മളിലില്ലാതെ നമ്മളെ എങ്ങനെ തിരഞ്ഞെടുക്കും❓ ദൈവത്തിൻ്റെ തിരഞ്ഞെടുപ്പ് തൻ്റെ സർവ്വജ്ഞാനത്താൽ ഉള്ളതാണ്. ➟കാലസമ്പൂർണ്ണതയിലെ തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിനെയും, അവനിലൂടെ രക്ഷപ്രാപിക്കുന്നവരെയും ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുന്നതാണ് മുന്നിയമനത്തിനും തിരഞ്ഞെടുപ്പിനും അടിസ്ഥാനം. ➟അല്ലാതെ, ദൈവത്തിൻ്റെ വെളിപ്പാടായ ക്രിസ്തുവോ, നമ്മളോ ലോകസ്ഥാപനത്തിന്നു മുമ്പെ ഇല്ലായിരുന്നു.
❷ പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ (1പത്രൊ, 1:20). ➟വാക്യം ശ്രദ്ധിക്കുക: ❝ക്രിസ്തു ലോകസ്ഥാപനത്തിന്നു മുമ്പെ ഉണ്ടായിരുന്നവൻ എന്നല്ല; മുന്നറിയപ്പെട്ടവൻ❞ എന്നാണ് പറയുന്നത്. ➟അടുത്തഭാഗം: ❝അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.❞ മനുഷ്യരുടെ രക്ഷയ്ക്കായി അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവൻ, സർവ്വത്തിന്നും മുമ്പേ യഥാർത്ഥത്തിൽ എങ്ങനെയുണ്ടാകും❓ ➟അവൻ സർവ്വത്തിനുമുമ്പേ അവൻ ഉണ്ടായിരുന്നത് ദൈവത്തിൻ്റെ ഉള്ളിലാണ്. ➟അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനായ ഒരു ക്രിസ്തു, അവൻ ജനിക്കുന്നതിനുമുമ്പേ ഇല്ലായിരുന്നു. [കാണുക: അന്ത്യകാലത്ത് വെളിപ്പെട്ടവൻ]
അടുത്തഭാഗം: ❝അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.❞ ➟ആദിമസൃഷ്ടി ഒന്നാമത്തെ ആദാം മുഖാന്തരം നശ്വരമാണ്. ➟എന്നാൽ നിത്യരക്ഷയുടെ കാരണഭൂതനായ ഒടുക്കത്തെ ആദാം അനശ്വരമായ സകലത്തിനും ആധാരമാണ്. ➟ഈ ആകാശഭൂമികളും മറ്റു സൃഷ്ടികളും നശ്വരമാകാൻ കാരണം ആദ്യമനുഷ്യനായ ആദമാണ്. ➟എന്നാൽ പുതുവാനഭൂമിയും അതിലെ സൃഷ്ടികളും വിശ്വാസികളും ഉൾപ്പെട്ട നിലനില്ക്കുന്നതായ സകലത്തിന്നും ആധാരമായിരിക്കുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണ്. ➟അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തമാണ്: (കൊലൊ, 1:20
18-ാം വാക്യം: ❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.❞
ആദ്യഭാഗം: ❝അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു.❞ ➟ക്രിസ്തു സർവ്വത്തിന്നും മീതെ തലയും (എഫെ, 1:22), ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയും (എഫെ, 1:23), എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയുമാണ്: (കൊലൊ, 2:10). ➟തലയായവനിൽ നിന്നാണ് സഭയ്ക്ക് ചൈതന്യം ലഭിച്ച് ദൈവികമായ വളർച്ചപ്രാപിക്കുന്നത്: (കൊലൊ, 2:19). ➟ആദിമസൃഷ്ടിക്ക് ക്രിസ്തുവിൻ്റെ ഒരു സംഭവനയും (𝐂𝐨𝐧𝐭𝐫𝐢𝐛𝐮𝐭𝐢𝐨𝐧) ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്, അത് ആദാം മൂഖാന്തരം നശ്വരമായിത്തീർന്നത്.
അടുത്തഭാഗം: ❝സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു.❞ ➦ഈ പ്രയോഗം ശ്രദ്ധിക്കുക: ക്രിസ്തു സകലത്തിന്നും മുമ്പനാണെന്നോ, മുമ്പേ ഉണ്ടായിരുന്നെന്നോ അല്ല പറയുന്നത്; ➟❝സകലത്തിലും താൻ മുമ്പൻ ആകേണ്ടതിന്നു❞ (𝐭𝐡𝐚𝐭 𝐢𝐧 𝐚𝐥𝐥 𝐭𝐡𝐢𝐧𝐠𝐬 𝐇𝐞 𝐦𝐚𝐲 𝐡𝐚𝐯𝐞 𝐭𝐡𝐞 𝐩𝐫𝐞𝐞𝐦𝐢𝐧𝐞𝐧𝐜𝐞) എന്നാണ് പറയുന്നത്: (NKJV). ➟❝സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു❞ എന്ന പ്രയോഗം, അവൻ യഥാർത്ഥത്തിൽ മുമ്പേ ഇല്ലായിരുന്നു എന്നതിൻ്റെ തെളിവാണ്. ➟അതായത്, സകലത്തിലും ക്രിസ്തു മുമ്പനാകേണ്ടതിനാണ് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യജാതനായി എഴുന്നേറ്റതും. ➟നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽമരിച്ച പുരുഷനായ (𝐌𝐚𝐧) നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ചിട്ടാണ് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയത്: (1പത്രൊ, 2:24; പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31). ➟അവൻ്റെ മരണപുനരുത്ഥാനങ്ങളിലൂടെയാണ് അവൻ സകലത്തിനും മുമ്പനായത്. ➟ഈ വേദഭാഗത്ത്, ആദ്യനായി എഴുന്നേറ്റു എന്നല്ല; ആദ്യജാതനായി (πρωτότοκος – prōtotokos) എഴുന്നേറ്റു എന്നാണ്. ➟❝ആദ്യജാതൻ❞ എന്നത് ക്രിസ്തുവിൻ്റെ പദവിയാണ് എന്ന് അസന്ദിഗ്ദ്ധമായി തെളിയിക്കുന്ന വേദഭാഗമാണിത്.
19-ാം വാക്യം: ❝അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും.❞ ➟യോർദ്ദാനിലെ അഭിഷേക സമയത്താണ് യേശുവെന്ന പാപരഹിതനായ മനുഷ്യൻ്റെ മേൽ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതെ ദേഹരൂപമായി ആവസിച്ചത്: (യെശ, 61:1; മത്താ, 3:16; ലൂക്കൊ, 4:1; ലൂക്കൊ, 4:18-21; പ്രവൃ, 4:27; പ്രവൃ, 10:38). ➟❝പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. ➖ അവനിലല്ലോ ദൈവത്തിന്റെ സർവ്വ സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു.❞ (ലൂക്കോ, 3:22 കൊലൊ, 2:9). [കാണുക: ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണത ദേഹരൂപമായി വസിച്ചവൻ]
20-ാം വാക്യം: ❝അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ ➟❝അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി.❞ ഈ വാക്യം, കൊലൊസ്സ്യർ 1:15-20 ആദിമസൃഷ്ടിയെക്കുറിച്ചല്ല; ക്രിസ്തുവിലൂടെയുള്ള ദൈവത്തിൻ്റെ പുതുസൃഷ്ടിയെക്കുറിച്ചാണ് (𝐍𝐞𝐰 𝐜𝐫𝐞𝐚𝐭𝐢𝐨𝐧) എന്നതിൻ്റെ ഏറ്റവും വ്യക്തമായ തെളിവാണ്. ➟ആദാം മുഖാന്തരം നശ്വരമായിത്തീർന്ന സൃഷ്ടിയെ ക്രിസ്തുവിലൂടെയാണ് നിരപ്പിക്കുന്നത്. ➟❝ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.❞ ➟നിരപ്പ് വരുത്തണമെങ്കിൽ അത് മുമ്പെ കുഴപ്പമുള്ളത് ആയിരിക്കണമല്ലോ. ➟കാലസമ്പൂർണ്ണതയിൽ സ്വർഗ്ഗത്തിലും ഭൂമിയിലുള്ളതും എല്ലാം ക്രിസ്തുവൻ്റെ പാപപരിഹാരബലിയിലൂടെ ഒന്നാക്കുന്നതാണ് ദൈവികവ്യവസ്ഥ: ❝അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.❞ (എഫെ, 1:10). ➟ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വചനത്താൽ ഉളവായ ആകാശഭൂമികൾ (യെശ, 55:11സങ്കീ, 33:6) ➟ആദ്യത്തെ ആദാം മൂഖാന്തരം ശാപഗ്രസ്ഥമായതിനാൽ അത് തീക്കായി സൂക്ഷിച്ചിരിക്കയാണ്: ❝ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.❞ (2പത്രൊ, 3:5-7). ➟ഇനി, നീതിവസിക്കുന്നതും ശാശ്വതവുമായ പുതിയ ആകാശഭൂമികളാണ് ദൈവം ക്രിസ്തുവിലൂടെ സൃഷ്ടിക്കുന്നത്: ❝ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർ‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ➖ ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.❞ (യെശ, 65:17; വെളി, 21:12പത്രൊ, 3:13; യെശ, 66:22). 
സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ:
➦ ❝ക്രിസ്തു സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ ആയതുകൊണ്ടാണ്, അവനെ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാതെ ട്രിനിറ്റി പഠിപ്പിക്കുന്നപോലെ അവൻ സർവ്വസൃഷ്ടികൾക്കും മുമ്പെ ജനിച്ചവനോ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ സൃഷ്ടിക്കപ്പെട്ടവനോ അല്ല.❞
➦ ❝സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ. സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.❞ (റോമ, 8:19-22). ➟❝സൃഷ്ടി മുഴുവൻ ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കും എന്നുള്ള ആശയോടെ ഈറ്റു നോവോടെ ഇരിക്കുന്നു❞ എന്നാണ് പൗലോസ് പറയുന്നത്. ➟ആദാമിൻ്റെ ലംഘനം നിമിത്തം മനുഷ്യൻ മാത്രമല്ല; സർവ്വസൃഷ്ടികളും ദ്രവത്വത്തിനും നാശത്തിനും വിധേയമായി. (ഉല്പ, 3:17-19; റോമ, 5:12-19). ➟❝നിൻ്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു❞ എന്നാണ് ദൈവം ആദാമിനോട് പറഞ്ഞത്. ➟എന്നാൽ സർവ്വസൃഷ്ടികളുടെയും ഉദ്ധാരകൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവാണ്. ❝എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല, ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.❞ (റോമ, 5:155:17). ➟ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് സർവ്വസൃഷ്ടിക്കും ഉദ്ധാരണത്തിന് കാരണമാകുന്നത്. ➟മനുഷ്യൻ്റെ പാപംമൂലമാണ് സൃഷ്ടികൾ ശപിക്കപ്പെട്ടത്; മനുഷ്യൻ്റെ യഥാസ്ഥാപനം സർവ്വസൃഷ്ടികളുടെയും അനുഗ്രഹത്തിനും ഉദ്ധാരണത്തിനും കാരണമാകും. ➟മനുഷ്യരുടെ പുതുസൃഷ്ടിക്കും ((2കൊരി, 5:17- 18ഗലാ, 6:14-15) സഹസ്രാബ്ദരാജ്യത്തിലെ അനുഗ്രഹങ്ങൾക്കും പുതുവാനഭൂമിക്കും കാരണം, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ്. ➟അതിനാലാണ്, അവൻ സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന പദവിക്ക് അർഹനായത്. (എബ്രാ, 2:14-15). ➟അല്ലാതെ, അവൻ സർവ്വസൃഷ്ടിക്കും മുമ്പെ സൃഷ്ടിക്കപ്പെട്ടവനോ, ജനിച്ചവനോ അല്ല. ➟ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി എ.എം. 3755-ൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായ യേശുവന്ന മനുഷ്യൻ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായി ചരിത്രപരമായി എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് ദൈവപുത്രനായത്: (ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22). ➟ദൈവം ക്രിസ്തുവിലൂടെ മനുഷ്യരെയും (2കൊരി, 5:17- 18) വാനഭൂമികളെയും (വെളി, 21:1) പുനഃസൃഷ്ടിക്കുന്നതാണ് പ്രസ്തുത വേദഭാഗത്തെ വിഷയമെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

ആദിമസൃഷ്ടിയും പുതുസൃഷ്ടിയും:
➦ ദൈവം ആദിമ സൃഷ്ടിയിൽ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച ആദാമിനെയാണ് അവൻ സൃഷ്ടികളിൽ മകുടമായി കണ്ടത്. ➟ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പും പിമ്പുമുള്ള ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: ❝അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.❞ (ഉല്പ, 1:26-28). ➟പ്രപഞ്ചത്തിലുള്ള സകലത്തിന്മേലും അധികരമുള്ളവനായി ആദാമിനെ സൃഷ്ടിച്ചതുകൊണ്ടാണ്, അവൻ്റെ പാപം സർവ്വസൃഷ്ടിയുടെയും പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും കാരണമായത്. ➟ആദിമസൃഷ്ടി ക്രിസ്തു മുഖാന്തരം ആയിരുന്നെങ്കിൽ, ആദാം പാപംചെയ്ത് അതിനെ പാപപങ്കിലം ആക്കുവാൻ ക്രിസ്തു അനുവദിക്കില്ലായിരുന്നു. ➟അതിൻ്റെ തെളിവ് എബ്രായ ലേഖനത്തിലുണ്ട്: ❝ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും❞ (എബ്രാ, 1:2-3). ➟ആദ്യവാക്യത്തിൽ, ❝അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി❞ (δι’ οὗ καὶ ἐποίησεν τοὺς αἰῶνας – di’ hou kai epoiēsen tous aiōnas) എന്നത് ഒരു ഭൂതകാല പ്രയോഗമാണ്. ➟ഇതിലെ, ❝എപ്പൊയെസെൻ❞ (ἐποίησεν – epoiēsen) എന്ന പ്രഥമപുരുഷ ഏകവചന ക്രിയാപദം (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫 𝐕𝐞𝐫𝐛) പൊയിയെവോ (ποιέω – poieō) എന്ന ധാതുവിന്റെ ഭൂതകാല (𝐚𝐨𝐫𝐢𝐬𝐭) രൂപമാണ്. ഇത് യഥാർത്ഥത്തിൽ ആദിമ സൃഷ്ടിയെക്കുറിച്ചുള്ള ചരിത്രമല്ല; ക്രിസ്തുവിലൂടെയുള്ള പുതുസൃഷ്ടിയെക്കുറിച്ചുള്ള (𝐍𝐞𝐰 𝐜𝐫𝐞𝐚𝐭𝐢𝐨𝐧) പ്രവചനമാണ്. അതിൻ്റെ ചില തെളിവുകൾ തരാം: 
❶ ആദിമ സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്: ➟അതിന്നു യേശു: ❝സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.❞ (മത്താ, 19:4). ➟വാക്യം ശ്രദ്ധിക്കുക: ❝സൃഷ്ടിച്ച അവൻ❞ (𝐇𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന പ്രഥമപുരഷ ഏകവചനമാണ് (𝟑𝐫𝐝 𝐏𝐞𝐫𝐬𝐨𝐧 𝐒𝐢𝐧𝐠𝐮𝐥𝐚𝐫) ക്രിസ്തു പറഞ്ഞത്. ➟സൃഷ്ടിയിൽ താനും ഉണ്ടായിരുന്നെങ്കിൽ, ❝സൃഷ്ടിച്ച ഞങ്ങൾ❞ (𝐖𝐞 𝐰𝐢𝐜𝐡 𝐦𝐚𝐝𝐞) എന്ന ഉത്തമപുരഷ ബഹുവചനം (𝟏𝐬𝐭 𝐏𝐞𝐫𝐬𝐨𝐧 𝐏𝐥𝐮𝐫𝐚𝐥) പറയുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ഒ.നോ: (മർക്കൊ, 10:6). ➟ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ ആദിമസൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. [കാണുക: യേശു സ്രഷ്ടാവല്ല]
❷ ബൈബിളിൽ പ്രവചനം മൂന്ന് കാലത്തിലും പറഞ്ഞിട്ടുണ്ട്. ➟കർത്താവിൻ്റെ വരവ് മൂന്നുകാലത്തിലും പറഞ്ഞിരിക്കുന്നത് നോക്കുക: ➟ഭൂതകാലം: (യൂദാ, 1:15). ➟വർത്തമാനകാലം:  (വെളി, 1:7). ➟ഭാവികാലം: (എബ്രാ, 10:37). ➟വേറെയും തെളിവുണ്ട്. ➟അതിനാൽ,  ❝അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി❞ എന്ന് ഭൂതകാലത്തിൽ പറഞ്ഞിരിക്കയാൽ, ആദിയിലെ സൃഷ്ടിയെക്കുറിച്ചാണെന്ന് അർത്ഥമില്ല. [കാണുക: പ്രവചനങ്ങൾ]
❸ ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നവനും അറിയുന്നവനുമായ ദൈവത്തെ സംബന്ധിച്ച് ക്രിസ്തുവിലൂടെ പുതിയസൃഷ്ടി പൂർത്തിയായി കഴിഞ്ഞതാണ്: (യെശ, 46:10). ➟മനുഷ്യരെ സംബന്ധിച്ച് അതിനിയും ഗോചരമായിട്ടില്ല എന്നേയുള്ളൂ. ➟നമ്മുടെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പൗലൊസ് പറയുന്നത് നോക്കുക: ❝നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.❞ (എഫെ, 1:4). ➟നമ്മളില്ലാതിരിക്കെ ❝ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു❞ എന്ന് പറയാമെങ്കിൽ, ❝ക്രിസ്തു മുഖാന്തരം ലോകത്തെയും (പുതുവാനഭുമികൾ) ഉണ്ടാക്കി❞ എന്ന് എത്രയധികമായി പറയാം. ➟ഈ വാദഭാഗത്ത്, ❝ലോകം❞ (𝐖𝐨𝐫𝐥𝐝) എന്നത് ഏകവചനമല്ല; ❝ലോകങ്ങൾ❞ (𝐖𝐨𝐫𝐥𝐝𝐬) എന്ന ബഹുവചനമാണ് വരേണ്ടത്. ➟മൂലഭാഷയിൽ, ❝എഓനാസ്❞ (αἰῶνας – aiónas) എന്ന ബഹുവചനമാണ്. ➟അത് പുതുവാനഭൂമികളെയാണ് കുറിക്കുന്നതാണ്. 
അടുത്തവാക്യം: ❝അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു❞ (എബ്രാ, 1:3). ➟ഈ വേദഭാഗം പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: who being the brightness of 𝗵𝗶𝘀 glory, and the express image of 𝗵𝗶𝘀 person, and upholding all things by the word of 𝗵𝗶𝘀 power. (KJV). ➟ഈ വേദഭാഗത്ത്, 𝐰𝐡𝐨 𝐛𝐞𝐢𝐧𝐠 എന്നത് പുത്രൻ❞ എന്ന കർത്താവിനെ❞ (𝐬𝐮𝐛𝐣𝐞𝐜𝐭) കുറിക്കുന്ന ഒരു പ്രയോഗമാണ്. ➟പിന്നെക്കാണുന്ന 𝐡𝐢𝐬 എന്ന മൂന്ന് പ്രഥമപുരഷ സർവ്വനാമവും (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧 𝐌𝐚𝐬𝐜𝐮𝐥𝐢𝐧𝐞) പിതാവായ ദൈവത്തെ കുറിക്കുന്നതാണ്. ➟അതായത്, ❝പുത്രൻ ദൈവത്തിൻ്റെ തേജസ്സിന്റെ പ്രഭയും ദൈവത്തിൻ്റെ തത്വത്തിന്റെ മുദ്രയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ സകലത്തേയും വഹിക്കുന്നവനും ആകുന്നു❞ എന്നാണ് ശരിയായ പരിഭാഷ. 
ഇനി, സത്യവേദപുസ്തകം കാണുക: ❝അവൻ (പുത്രൻ) അവന്റെ (ദൈവത്തിൻ്റെ) തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ (ദൈവത്തിൻ്റെ) ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു.❞ ➟ഇംഗ്ലീഷിൽ ദൈവത്തെ കുറിക്കുന്ന മൂന്ന് പ്രഥമപുരുഷ (𝟑𝐫𝐝 𝐩𝐞𝐫𝐬𝐨𝐧) സർവ്വനാമവും 𝐇𝐢𝐬 എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. ➟എന്നാൽ സത്യവേദപുസ്തകത്തിൽ രണ്ടെണ്ണം ❝അവൻ്റെ❞ എന്നും ഒരെണ്ണം ❝തൻ്റെ❞ എന്നും മാറ്റിയെഴുതിയതാണ് സംശയത്തിന് ഇടയായത്. ➟സകലത്തേയും പുത്രൻ വഹിക്കുന്നത് തന്റെ ശക്തിയുള്ള വചനത്താലല്ല; ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താലാണ്. [കാണുക: സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവൻ]
ഇവിടെ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ട്: ആദിമ സൃഷ്ടിയെയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിച്ചിരുന്നതെങ്കിൽ, ആദാം മുഖാന്തരം അതെങ്ങനെ പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും വിധേയമായി❓ ➟പുത്രൻ സകലത്തെയും ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുമ്പോൾ (സംരക്ഷിക്കുമ്പോൾ) പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയപാമ്പിന് ഹവ്വായെ ഉപായത്താൽ ചതിച്ചുകൊണ്ട് അതിനെ പാപപങ്കിലമാക്കാൻ കഴിയുമോ❓ (2കൊരി, 11:3; വെളി, 12:9). ഒരിക്കലുമില്ല. ആദിമസൃഷ്ടിയല്ല; പാപത്തിൻ്റെയും മരണത്തിൻ്റെയും അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയശേഷം അവൻ മുഖാന്തരം സൃഷ്ടിക്കപ്പട്ട/പ്പെടുന്ന പുതുവാനഭൂമിയാണ് പുത്രൻ ദൈവത്തിൻ്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നതായി എബ്രായലേഖകൻ പറയുന്നതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്: (എബ്രാ, 2:14-15). ➟അതിനെ കളങ്കപ്പെടുത്താൻ ഒരു സാത്താനും വരില്ല. ➟കാരണം, സാത്താൻ്റെ പണി തീർത്തിട്ടാണ് പുതുവാനഭൂമി സൃഷ്ടിക്കുന്നത്. ➟തന്മൂലം, കൊലൊസ്സ്യരിലും എബ്രായരിലും പറയുന്നത് ആദിമ സൃഷ്ടിയെക്കുറിച്ചല്ല; പുതുവാനഭൂമികളുടെ സൃഷ്ടിയെക്കുറിച്ചാണെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം.

കാണുക:

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം

One thought on “സർവ്വസൃഷ്ടിക്കും ആദ്യജാതൻ”

Leave a Reply

Your email address will not be published. Required fields are marked *