ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകുമോ?

ശബ്ബത്ത് ആചരിക്കാത്തവർ നരകത്തിൽ പോകുമോ?

യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും, ആരാധനാദിനവുമാണ് ശബ്ബത്ത്. സൃഷ്ടിയുടെ കാലത്ത് ശബ്ബത്ത് വ്യവസ്ഥാപിതമായി. സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത് ദൈവം ഏഴാം ദിവസമായ ശബ്ബത്തിനെ വിശുദ്ധീകരിക്കുന്നതോടു കൂടിയാണ്. ഏഴാം ദിവസം ദൈവം തന്റെ സർഗ്ഗപ്രവർത്തനത്തിൽ നിന്നും സ്വസ്ഥനായി. “താൻ സൃഷ്ടിച്ചുണ്ടാക്കിയ സകലപ്രവൃത്തിയിൽ നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പ,2:3). യിസ്രായേല്യർ സീനായ് പർവ്വതത്തിൽ എത്തുന്നതിനു മുമ്പു സീൻ മരുഭൂമിയിൽ വച്ചു ദൈവം അവർക്കു മന്ന നല്കി. ആറാമത്തെ ദിവസം പതിവിൽ ഇരട്ടിയാണ് നല്കിയത്. ഏഴാം ദിവസം ജോലി ചെയ്യാതെ വിശ്രമമായി ആചരിക്കുവാനായിരുന്നു അപകാരം ചെയ്തത്. “അവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്യാനുള്ളതു പാകം ചെയ്വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.” (പുറ, 16:23). തുടർന്ന് സീനായിൽ വച്ച് പത്തു കല്പനകൾ നല്കി. (പുറ, 20:1-17). അതിൽ ഏഴാം ദിവസം ശബ്ബത്തായി ആചരിക്കണമെന്നു നാലാം കല്പനയിൽ നിർദ്ദേശം നല്കി. (പുറ, 20:8). ശബ്ബത്ത് ആചരിക്കുവാനുള്ള കാരണമായി പറഞ്ഞത് ദൈവം സൃഷ്ടിപ്പിൽ നിന്ന് ഏഴാം ദിവസം നിവൃത്തനായി, ആ ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു എന്നതാണ്. ഈ ദിവസം മനുഷ്യനു ശാരീരികമായും ആത്മികമായും അനുഗ്രഹമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ലേവ്യനിയമങ്ങളിൽ ശബ്ബത്തിനെക്കുറിച്ച് ഇടയ്ക്കിടെ പറയുന്നുണ്ട്. ശബ്ബത്തിന് വിശുദ്ധസഭായോഗം കൂടേണ്ടതാണ്. (ലേവ്യ, 23:3). യഹോവ തങ്ങളെ ശുദ്ധീകരിക്കുന്നു എന്ന് യിസ്രായേല്യരെ ഓർപ്പിക്കുന്നതാണ് ശബ്ബത്ത്. (പുറ, 31:12). നാല്പതു വർഷത്തിനു ശേഷം ശബ്ബത്ത് ആചരിക്കേണ്ട ദൈവകല്പനയെക്കുറിച്ച് മോശെ യിസ്രായേല്യരെ ഓർപ്പിച്ചു. മിസയീമ്യ അടിമത്തത്തിൽ നിന്നു ദൈവം അവരെ വിടുവിച്ചതു കൊണ്ട് ശബ്ബത്ത് ആചരിക്കാനുള്ള പ്രത്യേക കടപ്പാടവർക്കുണ്ട്. (ആവ, 5:15).

ശബ്ബത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ ലേഖനം കാണുക: ശബ്ബത്ത്

പുതിയനിയമ വിശ്വാസികൾ ശബ്ബത്താചരിക്കേണ്ടതുണ്ടോ? 

1. ശബ്ബത്ത് എന്നത് ന്യായപ്രമാണ കല്പനയിൽപ്പെട്ടതാണ്. ഇത് ന്യായപ്രമാണകാലമല്ല; കൃപായുഗമാണ്. ന്യായപ്രമാണ കാലം കഴിഞ്ഞിട്ട് ഇന്നേക്ക് 1,989 വർഷമായി. ഒന്നുകൂടി പറഞ്ഞാൽ; ന്യായപ്രമാണമെന്ന പഴയ വസ്ത്രത്തോട് തുന്നിച്ചേർത്ത കോടിത്തുണിക്കണ്ടമല്ല പുതിയനിയമം. ന്യായപ്രമാണമെന്ന പഴയ തുരുത്തിയിൽ പകർന്നുവെച്ചിരിക്കുന്ന പുതുവീഞ്ഞുമല്ല. ന്യായപ്രമാണത്തെ പൂർത്തീകരിച്ചിട്ട് (മത്താ, 5:17), വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തു (റോമ, 10:4), തൻ്റെ ചങ്കിലെ ചോരകൊണ്ട് രചിച്ച കൃപയുടെ പ്രമാണമായ പുതിയനിയമമാണ് ദൈവമക്കൾ അനുസരിക്കേണ്ടതും ആചരിക്കേണ്ടതും.

പ്രിയപ്പെട്ടവരേ; ഈ പുതിയതെന്നു പറഞ്ഞാൽ പഴയതിനു നീക്കം വരണ്ടേ? അല്ലെങ്കിൽ പഴയതും പുതിയതും കൂടെ ചക്ക കുഴയുന്നതുപോലെ കുഴയില്ലേ? എന്താണ് പുതിയനിയമമെന്നു യിരെമ്യാപ്രവചനം 31:31-4 ഉദ്ധരിച്ചുകൊണ്ട് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ട്: (എബ്രാ, 8:8-12). എന്നിട്ടു പറയുന്നു; “പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.” (എബ്രാ, 8:13). ന്യായപ്രമാണത്തെ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന  മരണശുശ്രൂഷയെന്നും, പുതിയനിയമത്തെ ആത്മാവിൻ്റെ ശുശ്രൂഷയെന്നുമാണ് പൗലൊസ് പറയുന്നത്. (2കൊരി, 3:7,8). ന്യായപ്രമാണം ആചരിക്കാൻ ഇച്ഛിച്ച ഗലാത്യരോട് പൗലൊസ് പറയുന്നു: “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” (ഗലാ, 3:13). ന്യായപ്രമാണത്തിൻ്റെ ശാപത്തിൽനിന്നു ക്രിസ്തു സ്വന്തരക്തത്താൽ നമ്മെ വിലയ്ക്കു വാങ്ങിയശേഷവും ന്യായപ്രമാണ കല്പനയായ ശബ്ബത്ത് ആചരിക്കുവാൻ നമ്മെ പ്രഠിപ്പിക്കുന്നവർ ക്രിസ്തുവിൻ്റെ കൃപയിൽനിന്ന് വീണ്ടും ശാപത്തിലേക്ക് നമ്മെ വലിച്ചിഴയ്ക്കുകയാണെന്ന് ഓർത്തുകൊൾക!

പഴയപുതിയനിയമങ്ങളുടെ താരതമ്യം കാണാൻ ലിങ്കിൽ പോകുക: പഴയനിയമവും പുതിയനിയമവും

2. പുതിയനിയമം ഒരു വിശ്വാസമാർഗ്ഗവും ന്യായപ്രമാണം ഒരു അനുഷ്ഠാന മാർഗ്ഗവുമാണ്. (റോമ, 2:13, 25). “ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; ‘അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും’ എന്നുണ്ടല്ലോ.” (ഗലാ, 3:12). പുതിയനിയമത്തിൽ കല്പനകളും ഉപദേശങ്ങളും പ്രബോധനങ്ങളും അനവധിയുണ്ടെങ്കിലും, കർത്താവായ യേശുക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ സമ്പാദിച്ച സഭയ്ക്ക് ആചരിക്കുവാനായി ഏല്പിച്ചിരിക്കുന്ന രണ്ട് അനുഷ്ഠാനങ്ങൾ മാത്രമാണുള്ളത്: ഒന്ന്, സ്നാനവും; മറ്റൊന്ന്, കർത്തൃമേശയും. ഒന്നാമത്തേത്, ഒരിക്കലായും; രണ്ടാമത്തേത്, നിരന്തരമായും അനുഷ്ഠിക്കണം. “ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ സ്നാപകൻ വരെ ആയിരുന്നു.” (ലൂക്കോ, 16:16). ക്രിസ്തുവാണ് ന്യായപ്രമാണത്തിൻ്റെ അവസാനം. (റോമ, 10:4). ക്രിസ്തുവിൻ്റെ ശുശ്രൂഷ പൂർത്തിയായതോടുകടി ന്യായപ്രമാണത്തിന്നു നിവൃത്തിവന്നു. (മത്താ, 5:17). ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം രചിക്കപ്പെട്ടതോടുകൂടി പഴയനിയമം അപ്രസക്തമായി. (എബ്രാ, 7:15, 18,19; 8:13). 

ഇനിയും പഴയനിയമത്തിൽനിന്ന് ദൈവമക്കൾ എന്തെങ്കിലും അനുസരിക്കേണ്ടതുണ്ടെങ്കിൽ, അതൊക്കെ പുതിയനിയമത്തിൽ എടുത്തെഴുതിയിട്ടുണ്ട്. അതിനൊരു ഉദാഹരണമാണ് ദൈവം മദ്ധ്യസ്ഥൻ മുഖാന്തരം മോശെയ്ക്ക് കൊടുത്ത പത്ത് കല്പനകൾ. പത്തുകല്പനകളിൽ ഒമ്പതും പുതിയനിയമത്തിൽ എടുത്തുപറയുകയും വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. ‘ശബ്ബത്തുനാളിനെ ശുദ്ധീകരിച്ചാൽ ഓർക്ക’ എന്ന നാലാം കല്പന മാത്രം ഒഴിവാക്കി. ഗിരിപ്രഭാഷണത്തിൽ ചില കല്പനകളെ ക്രിസ്തുതന്നെ തന്റെ ശിഷ്യന്മാർക്കു വിശദമാക്കിക്കൊടുത്തു. (മത്താ, 6:22,29,30,33,34). 

കല്പനകൾ പുതിയനിയമത്തിൽ

1. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (പുറ, 20:2-3, മത്താ, 4:10).

2. ഒരു വിഗ്രഹം ഉണ്ടാക്കരുത്. (പുറ, 20:4-6, 1യോഹ, 5:21).

3. യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറ, 20:7, മത്താ, 5:34, യക്കോ, 5:12). 

4. ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാൻ ഓർക്കുക. ഈ കല്പന പുതിയനിയമത്തിൽ ഇല്ല. (പുറ, 20:8, ഗലാ, 4:10,11, കൊലൊ, 2:16).

5. അപ്പനെയും അമ്മയെയും ബഹുമാനിക്ക. (പുറ, 6:12, എഫെ, 6:1-3).

6. കുല ചെയ്യരുത്. (പുറ, 20:13, മത്താ, 5:21-22, 1യോഹ, 3:15).

7. വ്യഭിചാരം ചെയ്യരുത്. (പുറ, 20:14, മത്താ, 5:27-28, എബ്രാ, 13:4).

8. മോഷ്ടിക്കരുത്. (പുറ, 15:15, എഫെ, 4:28).

9. കള്ളസാക്ഷ്യം പറയരുത്. (പുറ, 20:16, എഫെ, 4:25, കൊലൊ, 3:9).

10. കൂട്ടുകാരൻ്റെ യാതൊന്നും മോഹിക്കരുത്. (പുറ, 20:17, കൊലൊ, 3:5, റോമ, 7:7).

ഒന്നാംകല്പന അമ്പതോളം പ്രാവശ്യവും, രണ്ടാംകല്പന പ്രന്തണ്ടു പ്രാവശ്യവും, മൂന്നാംകല്പന നാലു പ്രാവശ്യവും, അഞ്ചാംകല്പന ആറു പ്രാവശ്യവും, ആറാംകല്പന ആറു പ്രാവശ്യവും ഏഴാംകല്പന പ്രന്ത്രണ്ടു പ്രാവശ്യവും, എട്ടാംകല്പന ആറു പ്രാവശ്യവും, ഒമ്പതാംകല്പന നാലു പ്രാവശ്യവും, പത്താംകല്പന ഒമ്പതു പ്രാവശ്യവും പുതിയനിയമത്തിൽ ആവർത്തിച്ചിട്ടുണ്ട്. 

നാലാം കല്പനയായ ശബ്ബത്താചരണം ദൈവമകൾ അനുഷ്ഠിക്കാൻ ആവശ്യമില്ലാത്തതുകൊണ്ടാണ് ആ കല്പന പുതിയനിയമത്തിൽ ഇല്ലാത്തത്. മാത്രമല്ല, പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: “നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാൻ ഭയപ്പെടുന്നു.” (ഗലാ, 4:10,11). “അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.” (കൊലൊ, 2:16,17). പഴയനിയമത്തിലെ പെരുന്നാളുകളും വാവുകളും ശബ്ബത്തുകളുമെല്ലാം വരുവനുള്ള മശീഹായുടെ നിഴലുകളായിരുന്നു. പൊരുളായ ക്രിസ്തു വെളിപ്പെട്ടുകഴിഞ്ഞാൽ പിന്നെയും നിഴലുകളുടെ പുറകേ പോകേണ്ടതുണ്ടോ? പോയാൽ ശബ്ബത്തുമാത്രം ആചരിച്ചാൽ മതിയോ? പരിച്ഛേദനയും പെരുന്നാളുകളും വാവുകളുമൊക്കെ ആചരിക്കണ്ടേ? ന്യായപ്രമാണതിലെ ഒരു കല്പന അനുസരിക്കുന്നവൻ മുഴുവൻ കല്പനയും (613 കല്പകൾ) അനുസരിക്കാൻ കടപ്പെട്ടിരിക്കുന്നു. (ഗലാ, 5:3). എന്നിട്ടു പൗലൊസ് പറയുന്നു. “ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). ക്രിസ്തുവിൻ്റെ കൃപയിൽനിന്ന് നമ്മെ വലിച്ചുതാഴെയിടണമെന്ന് ആഗ്രഹമുള്ളവൻ ആരാണെന്ന് നിങ്ങൾക്കറിയാം. അവൻ്റെ പിടിയിൽപ്പെടാതെ ഓരോരുത്തരും സൂക്ഷിച്ചുകൊൾക.

3. ഈ സഹോദരിയെപ്പോലുള്ള ഉപദേശിമാർ അപ്പൊസ്തലന്മാരുടെ കാലത്തുമുണ്ടായിരുന്നു. പരീശപക്ഷത്തിൽനിന്നു ക്രിസ്ത്യാനികളായ അവരിൽ ചിലർ വിശ്വാസികളെ “പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം” (പ്രവൃ, 15:5) എന്നിങ്ങനെ പൗലൊസിനോടും ബർന്നബാസിനോടും വാദിക്കുകയുണ്ടായി. (15:1,2). ആ തർക്ക സംഗതിയാണ് ഒന്നാമത്തെ യെരൂശലേം കൗൺസിലിനാധാരം. (പ്രവൃ, 15:1-33). ആ സമ്മേളനത്തിൽ ആദ്യം പ്രസംഗിച്ച പത്രോസ് ന്യായപ്രമാണത്തെക്കുറിച്ച് പറഞ്ഞത്; “നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലാത്ത നുകം” (പ്രവൃ, 15:10) എന്നാണ്. അവസാനമായി കർത്താവിൻ്റെ സഹോദരനായ യാക്കോബ് പറയുന്ന ഒരു കാര്യമുണ്ട്: “ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.” (പ്രവൃ, 15:19,20). ജാതികളിൽ നിന്നു രക്ഷയിലേക്കു വന്ന വിശ്വാസികളെ ‘അസഹ്യപ്പെടുത്താതെ’ അഥവാ ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നൂകം അവരുടെ ചുമലിൽ വെച്ചുകൊടുക്കാതെ, ലഘുവായ കാര്യങ്ങൾ മാത്രം വർജ്ജിച്ചാൽ മതിയെന്നു അപ്പൊസ്തലന്മാരുടെ മാത്രം തീരുമാനമാണോ? അല്ല. “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃ, 15:28). “സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” (ഗലാ, 5:1). ന്യായപ്രമാണമെന്ന അടിമനുകത്തിൽനിന്നു ക്രിസ്തു തൻ്റെ രക്തംചിന്തി വിടുവിച്ചിട്ടും നമ്മെ അടിമനുകത്തിലേക്ക് പിന്നെയും വലിച്ചുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന റീനാ അലക്സ് ഏത് ആത്മാവിനു അധീനയാണെന്ന് ഓരോരുത്തരും മനസ്സിലാക്കിക്കൊള്ളണം. 

4. യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയപ്പോൾ അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുവാൻതുടങ്ങി. അതു കണ്ടിട്ടു പരീശന്മാർ യേശുവിനോടു ചോദിച്ചു: നിൻ്റെ ശിഷ്യന്മാർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതെന്താണ്? ഉടനെ പഴയനിയമത്തിലെ ദാവീദിൻ്റെ ഒരു സംഭവമാണ് യേശു ഉദ്ധരിക്കുന്നത്. പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കൽ ചെന്ന ദാവീദ് കൂട്ടരും പുരോഹിതന്മാർ മാത്രം ഭക്ഷിക്കുന്നതും തങ്ങൾക്ക് ഭക്ഷിക്കാൻ വിഹിതമല്ലാത്തതുമായ കാഴ്ചയപ്പം ഭക്ഷിച്ചകാര്യം നിങ്ങൾ വായിച്ചിട്ടില്ലേ? (1ശമൂ, 21:1-6). ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? എന്നിട്ടു പറയുന്നു: എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. ”മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.” (മത്തായി 12:1-8; മർക്കൊ, 2:23-28; ലൂക്കൊ, 6:1-5). ദൈവാലയത്തേക്കാൾ വലിയവനും ശബ്ബത്തു നിയമിച്ചുകൊടുത്ത ശബ്ബത്തിൻ്റെ കർത്താവുമായ യഹോവയാണ് മനുഷ്യനായിവന്ന ക്രിസ്തു; അവന് ശബ്ബത്തിനെ നീക്കിക്കളയാൻ അധികാരമില്ലയോ? ശബ്ബത്തിൻ്റെ കർത്താവായ ക്രിസ്തു കൂടെയിരുന്നപ്പോഴാണ് ശിഷ്യന്മാർ ശബ്ബത്തു ലംഘിച്ചത്; അഥവാ ആചരിക്കാതിരുന്നത്. അതേ ശബ്ബത്തിൻ്റെ കർത്താവ് ലോകാവസാനത്തോളം എല്ലാനാളും നമ്മളോടുകൂടെ ഉള്ളപ്പോൾ (മത്താ, 28:19) നാമെന്തിനു ശബ്ബത്താചരിക്കണം? ദൈവത്തിൻ്റെ ദാസന്മാരായ ലേവ്യപുരോഹിതന്മാർ ശബ്ബത്തിനെ ലംഘിച്ചിട്ടും കുറ്റമില്ലാതിരിക്കുന്നുവെങ്കിൽ, ദൈവത്തിൻ്റെ മക്കളും (യോഹ, 1:12; 3:16) രാജകീയ പുരോഹിതന്മാരുമായ (1പത്രൊ, 2:9) നമ്മൾ ശബ്ബത്താചരിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്ന് പഠിപ്പിക്കാൻ സാത്താൻ്റെ സന്തതികൾക്കല്ലാതെ ആർക്കു കഴിയും?

5. ഞായറാഴ്ച ആരാധന പാഗനിസമാണെന്നു പറയുന്ന റീനാ അലക്സിന് ഞായറാഴ്ചയുടെ പ്രത്യേകത എന്താണെന്നറിയാമോ? യേശു മരിച്ച ദിവസവും ഉയിർത്തെഴുന്നേറ്റ ദിവസവും സ്വർഗ്ഗാരോഹണം ചെയ്ത ദിവസവും ദൈവസഭ സ്ഥാപിതമായ ദിവസവും ഏതാണെന്നറിയാമോ? വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് യേശു മരിക്കുകയും, ഞായറാഴ്ച രാവിലെ ഉയിർക്കുകയും ചെയ്തു. അതിനിടയിൽ വരുന്ന ശനിയാഴ്ച അഥവാ ശബ്ബത്തുദിവസം സംഭവിച്ചത് എന്താണെന്നറിയാമോ? ശബ്ബത്ത് അനുഷ്ഠിക്കാൻ കടപ്പെട്ടവർ തന്നെ ശബ്ബത്തിൻ്റെ കർത്താവ് ഉയിർക്കാതിരിക്കുവാൻ കല്ലറ അടച്ചുറപ്പാക്കിയ ദിവസമാണ്. ആ ദിവസം വിശുദ്ധമായി ആചരിക്കണമെന്ന് പുതിയനിയമത്തിൽ എവിടെയാണ് കല്പനയുള്ളത്? യേശു മരിച്ചത് എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയും, ഉയിർത്തത് ഏപ്രിൽ 5 ഞായറാഴ്ചയും, സ്വർഗ്ഗാരോഹണം മെയ് 14 വ്യാഴാഴ്ചയും, സഭാസ്ഥാപനം മെയ് 24 ഞായറാഴ്ചയുമാണ്. യേശുവിൻ്റെ പുനരുത്ഥാന ജീവനാണ് ദൈവമക്കൾക്ക് ലഭിച്ചിരിക്കുന്ന നിത്യജീവൻ. പാപത്തിൽ മരിച്ചവരായ നാം ക്രിസ്തുവിനോടുകൂടി നിത്യജീവനിലേക്ക് ഉയിർത്തിരിക്കയാണ്. (കൊലൊ, 3:1. ഒ.നോ: യോഹ, 11:25). ക്രിസ്തു ഉയിർത്തെഴുന്നേറ്റ ദിവസവും എന്നേക്കും തൻ്റെ മക്കളോടുകൂടി വസിക്കാൻ പരിശുദ്ധാത്മാവ് അവരോഹണം ചെയ്ത ദിവസവും ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസമായ ഞായറാഴ്ച ആയതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഞായറാഴ്ച ആരാധനയ്ക്കായി കൂടിവരുന്നത്. (മത്താ, 28:1, 6; മർക്കൊ, 16:9; ലൂക്കൊ, 24:1, 6; യോഹ, 20:1, 9, 17; പ്രവൃ, 2:1-4). എന്താണ് സുവിശേഷം? “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (1തിമൊ, 2:8). മാനവകുലത്തിൻ്റെ രക്ഷയ്ക്കായി മഹാദൈവമായ യഹോവ യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21) പുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32, 35) മനുഷ്യനായി വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുചൊണ്ട് ക്രൂശിൽ മരിച്ച് ഉയിർത്തെഴുന്നേറ്റ ഞായറാഴ്ചയേക്കാൾ എന്ത് വിശേഷതയാണ് ശബ്ബത്തിനുള്ളത്???…

6. പ്രവൃത്തികൾ 20:7-ൽ ‘ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം’ (mia sabbaton) എന്നു പറഞ്ഞിരിക്കുന്നതിനെ റീനാ പണ്ഡിത വ്യാഖ്യാനിച്ചിട്ടുണ്ട്. “അത് ഞായറാഴ്ചയല്ല; ശബ്ബത്തുകളിൽ ഒന്നാണ് അഥവാ ശനിയാഴ്ച തന്നെയാണ്. എന്നിട്ട്, അതിനെ വിശദീകരിക്കുന്നത്; പെസഹാ കഴിഞ്ഞാൽ ഏഴ് ശബ്ബത്തുകൾ കഴിഞ്ഞാണ് പെന്തെക്കൊസ്തു വരുന്നത്; തന്മൂലം ആ ശബ്ബത്തുകളിൽ ഒന്നിനെയാണ് ആഴ്ചയുടെ ഒന്നാം ദിവസം എന്നു അവിടെ പറഞ്ഞിരിക്കുന്നത്.” പുളിപ്പില്ലാത്തപ്പത്തിൻ്റെ പെരുന്നാൾ കഴിഞ്ഞ് ഏഴ് ശബ്ബത്തെണ്ണി പിറ്റേദിവസം അഥവാ അമ്പതാം ദിവസമാണ് പെന്തെക്കൊസ്ത് പെരുന്നാൾ എന്നത് ശരിയാണ്. എന്നാൽ റീനാ പണ്ഡിതയുടെ വ്യാഖ്യാനപ്രകാരം ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം ശബ്ബത്ത് തന്നെയാണോന്ന് നമുക്കു ബൈബിളിൽ ഒന്നു പരിശോധിക്കാം: യേശുവിൻ്റെ മരണത്തോടും ഉയിർപ്പിനോടുള്ള ബന്ധത്തിൽ ഇക്കാര്യം നമുക്കു മനസ്സിലാക്കാൻ കഴിയും. യേശു മരിച്ചത് ശബ്ബത്തിൻ്റെ ഒരുക്കനാൾ അഥവാ തലേദിവസമായ വെള്ളിയാഴ്ചയാണ്. (മർക്കൊ, 15:42; ലൂക്കൊ, 23:53; യോഹ, 19:14, 31, 42). അന്നു വൈകിട്ടുതന്നെ യേശുവിനെ അടക്കുകയും ചെയ്തു. (ലൂക്കൊ, 23:53). ഈ ഒരുക്കനാളിൻ്റെ പിറ്റേദിവസം അഥവാ ശബ്ബത്തിൻ്റെ അന്നാണ് മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിൻ്റെ കല്ലറ അടച്ചുറപ്പാക്കിയത്. (മത്താ, 27;62-66).  ഈ ശബ്ബത്തു ദിവസത്തിൻ്റെ പിറ്റേന്നാളായ ഞായറാഴ്ചയാണ് യേശു ഉയിർത്തതെന്ന് നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഞായറാഴ്ച ദിവസത്തെയാണ് ആഴ്ചവട്ടത്തിൻ്റെ ഒന്നാം ദിവസം (നാൾ) എന്ന് നാല് സുവിശേഷങ്ങളിലായി ആറുപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. (മത്താ, 28:1; മർക്കൊ, 16:2, 16:9; ലൂക്കൊ, 24:1; യോഹ, 20:1, 20:19). റീനാ പണ്ഡിതയുടെ വ്യാഖ്യാനപ്രകാരം വെള്ളിയാഴ്ച മരിച്ച യേശു മൂന്നാം ദിവസമായ ഞായറാഴ്ചയല്ല; രണ്ടാം ദിവസമായ ശബ്ബത്തിലോ, അല്ലെങ്കിൽ ഒൻപതാം ദിവസമായ അടുത്ത ശബ്ബത്തിലോ ഉയിർത്തുവന്നു മനസ്സിലാക്കണമോ? അപാര വ്യാഖ്യാനമാണ്. മറ്റൊന്ന്; ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾതോറും യെരൂശലേമിലേക്കുള്ള ധർമ്മശേഖരണം നടത്താനാണ് പൗലൊസ് ഗലാത്യ സഭയോടും കൊരിന്ത്യ സഭയോടും ആജ്ഞാപിച്ചത്. (1കൊരി, 16:1-3). പുതിയനിയമസഭ ശബ്ബത്തു ആചരിച്ചിരുന്നുവെങ്കിൽ ശബ്ബത്തിനോടു ബന്ധപ്പെട്ട കല്പനകളും പാലിക്കണ്ടേ? ശബ്ബത്തിൽ വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം (പുറ, 35:2) എന്ന കല്പന നിലനില്ക്കേ ശബ്ബത്തിൽ ധർമ്മശേഖരണം പോലൊരു പ്രവൃത്തി എങ്ങനെ ചെയ്യാൻ കഴിയും? 

ശബ്ബത്ത് യെഹൂദന്മാരുടെ ആഴ്ചതോറുമുള്ള വിശ്രമദിനവും ആരാധനദിനവുമാണ്. എന്നാൽ ശബ്ബതോൻ (sabbaton) എന്ന ഗ്രീക്കുപദത്തെ KJV-യിൽ Sabbath day എന്ന് 37 പ്രാവശ്യവും, Sabbath എന്ന് 27 പ്രാവശ്യവും, week എന്ന് 9 പ്രാവശ്യവും പരിഭാഷ ചെയ്തിട്ടുണ്ട്. സത്യവേദപുസ്തകത്തിലും ശബ്ബത്ത് (ശനിയാഴ്ച), ആഴ്ചവട്ടം, ആഴ്ച എന്നിങ്ങനെ ശബ്ബതോൻ (sabbaton) പ്രയോഗിച്ചിരിക്കുന്നു. ലൂക്കോസ് 18:12-ലെ പരീശൻ്റെ പ്രാർത്ഥനയിൽ: ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു” എന്നിങ്ങനെ പ്രാർത്ഥിക്കുന്നതായി കാണാം. അവിടെയും ശബ്ബതോൻ (sabbaton) എന്ന പദമാണ് ഉപയോഗിക്കുന്നത്. അതായത്, “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ (mia sabbaton) ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നു” (പ്രവൃ, 20:7) എന്ന ലൂക്കൊസിൻ്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്ത റീനാ അലക്സിൻ്റെ വ്യാഖ്യാനപ്രകാരം പരീശന്മാർ ആഴ്ചയിൽ രണ്ടുദിവസമല്ല; ശബ്ബത്തിൽ അഥവാ ശനിയാഴ്ച രണ്ടുപ്രാവശ്യം ഉപവസിക്കും എന്നു മനസ്സിലാക്കണ്ടേ? റീനാ സഹോദരി, ഇതൊരുമാതിരി ദുരന്ത ഉപദേശമായിപ്പോയി.

7. യേശുവും ആപ്പൊസ്തലന്മാരും ശബ്ബത്തുതോറും സിനഗോഗുകളിൽ പോയിരുന്നത് ക്രിസ്തീയ ആരാധനയ്ക്കായിരുന്നു എന്നാണ് റീനചേച്ചിയുടെ മറ്റൊരു കണ്ടെത്തൽ. “അവൻ (യേശു) വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.” (ലൂക്കോ, 4:16). യേശുവിൻ്റെ ഐഹിക ജീവകാലത്തൊന്നും ദൈവസമഭ സ്ഥാപിതമായിരുന്നില്ല. യേശു സ്വർഗ്ഗാരോഹണം ചെയ്ത് പത്ത് ദിവസമായപ്പോഴാണ് “ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല” (മത്താ, 16:18) എന്ന ക്രിസ്തുവിൻ്റെ നിർണ്ണയം നിറവേറിയത്. യേശു ഒരു യെഹൂദ പുരുഷനായാണ് ജനിച്ചത്. അതിനാൽ, യെഹൂദാ മര്യാദപ്രകാരം ന്യായപ്രമാണം അനുശാസിക്കുന്നതെല്ലാം താൻ ചെയ്തിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ ശബ്ബത്താചരിക്കണമെന്ന് വരുമോ? യേശു ശബ്ബത്താചരിചതുകൊണ്ട് നമ്മളും ആചരിക്കണമെങ്കിൽ യേശു ചെയ്തതെല്ലാം ചെയ്യണ്ടേ? ഏട്ടാം നാളിൽ പരിച്ഛേദന കഴിക്കണം, ആദ്യജാതന്മാരുടെ വീണ്ടെടുപ്പു നടത്തണം, യാഗം കഴിക്കണം, ശബ്ബത്താചരിക്കണം, മൂന്നുനേരം സിനഗോഗുകളിൽ പോയി പ്രാർത്ഥിക്കണം, പെരുന്നാളുകളിൽ സംബന്ധികണം, യോർദ്ദാനിൽ പോയി സ്നാനമേല്ക്കണം തുടങ്ങിയവ എല്ലാം ചെയ്യണ്ടേ?

ഇനി, അപ്പൊസ്തലന്മാർ ശബ്ബത്തിൽ പള്ളിയിൽ പോയത് ക്രിസ്തീയ ആരാധനയ്ക്കും അപ്പം നുറുക്കുവാനുമല്ല; യെഹൂദന്മാരോട് സുവിശേഷം അറിയിക്കാനാണ്. പൗലൊസും ബർന്നബാസും ആദ്യം പോയത് പിസിദ്യാ ദേശത്ത് അന്ത്യൊക്ക്യയിലെ പള്ളിയിലേക്കായിരുന്നു. അവർ അവിടെ പോയിരുന്നു; പൗലൊസിനു ശുശ്രൂഷിക്കാൻ അവസരം ലഭിച്ചപ്പോൾ, യിസ്രായേൽ ജനത്തെ മിസ്രയീമിൽനിന്നു വിടുവിക്കുന്നതു മുതൽ ന്യായപ്രമാണത്തിൽ നിന്നു ക്രിസ്തുവിന കുറിച്ചുള്ള സുവിശേഷമാണ് അറിയിച്ചത്. (പ്രവൃ, 13:14-43). “പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി” (പ്രവൃ, 13:44) എന്നാണ് അവിടെ പറയുന്നത്. (13:45-52). മറ്റൊരു ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം അന്വേഷിച്ച് പോയപ്പോഴാണ് ലുദിയയും കുടുബവും രക്ഷപ്രാപിച്ചത്. (പ്രവൃ, 16:13-15). തെസ്സലോനീക്യയിലെ  പള്ളിയിൽ ശബ്ബത്തിൽ ക്രിസ്തുവിനെ പ്രസംഗിച്ചപ്പോൾ പല യെഹൂദന്മാരും യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേർന്നു. (പ്രവൃ, 17:1-4). കൊരിന്തിൽവെച്ചും ശബ്ബത്തുതോറും പൗലൊസ് പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചുപോന്നതായി കാണാം. (പ്രവൃ, 18:4). ആകയാൽ, അപ്പൊസ്തലന്മാർ ശനിയാഴ്ചകൾ തോറും സിനഗോഗുകളിൽ പോയിരുന്നത് ശബ്ബത്താചരിക്കുവാനല്ല; പ്രത്യുത, ചിതറിപ്പാർക്കുന്ന യെഹൂദന്മാരെല്ലാം ശബ്ബത്തുനാളിൽ അവിടെ പ്രാർത്ഥനയ്ക്കായി കൂടിവരുന്നതുകൊണ്ട് ആ സമൂഹത്തോടു സുവിശേഷം അറിയിക്കാനാണ് പോയതെന്ന് മനസ്സിലാക്കാം. അപ്പൊസ്തലന്മാർ ശബ്ബത്തുനാളിൽ പള്ളിയിൽപ്പോയി എന്നു പറഞ്ഞിരിക്കുന്ന ഭാഗത്തെല്ലാം സുവിശേഷം അറിയിച്ചതായും, അനേകർ ക്രിസ്തുവിൽ വിശ്വസിച്ചതായും കൃത്യമായി രേഖപ്പെടുത്തിയിരിക്കേ, അവർ അറിയിച്ച സുവിശേഷത്തെ മറച്ചുവെച്ചുകൊണ്ട് ശബ്ബത്താചരിക്കുവാനാണ് പോയതെന്ന് പഠിപ്പിക്കുന്ന റീനച്ചേച്ചിയിലുള്ള ദുഷ്ടബുദ്ധി ആരും കാണാതെപോകരുത്. 

സഹോദരി, യിസ്രായേലിൽ യെഹൂദന്മാരോടുകൂടി താമസിക്കുന്ന അങ്ങയ്ക്ക് ന്യായപ്രമാണം കൂടി അനുസരിച്ചാൽ കൊള്ളാമെന്നു തോന്നുന്നത് സ്വാഭാവികം മാത്രം. ക്രിസ്തു തൻ്റെ സ്വന്തരക്തത്താൽ രചിച്ച പുതിയനിയമത്തിനു വീരുദ്ധമാകാതെ ന്യായപ്രമാണം മുഴുവനും അനുസരിക്കാനുള്ള മാർഗ്ഗം യേശുവും പൗലൊസും പറഞ്ഞിട്ടുണ്ടല്ലോ; അത് ചെയ്യുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്താൽ പോരെ. “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി 22:37-40. ഒ.നോ: മത്താ, 7:12). ക്രിസ്തു സകല ന്യായപ്രമാണത്തെയും രണ്ടു കല്പനകളായി ചുരുക്കിയപ്പോൾ, പൗലൊസ് ന്യായപ്രമാണം മുഴുവനും ഒറ്റക്കല്പനയാക്കി മാറ്റി: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാ, 5:14). 

എൻ്റെ പൊന്നു റീനാ സഹോദരീ, സകല ദൈവദാസന്മാരെയും ദുഷിച്ചു സംസാരിക്കുന്ന തങ്കളുടെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട്. വചനവിരുദ്ധമായി ന്യായപ്രമാണ കല്പനകൾ അനുസരിക്കണമെന്ന് പഠിപ്പിക്കുന്ന താങ്കൾ, യഥാർത്ഥമായി ന്യായപ്രമാണം ആചരിക്കാൻ ഇച്ഛിക്കുന്നുവെങ്കിൽ, ദൈവദാസന്മാരോടും സഹോദരന്മാരോടും മനസ്സിൽ സൂക്ഷിച്ചിരിക്കുന്ന വിദ്വേഷം കളഞ്ഞിട്ട്, “കൂട്ടുകാരനെ അഥവാ സഹജീവികളെ, നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന ഏകകല്പന അനുസരിച്ചാൽ, ന്യായപ്രമാണം മുഴുവനും ആചരിച്ചതിനു തുല്യമാണ്.

പൗലൊസിൻ്റെ കൃപാവരങ്ങളൊക്കെ അതിൻ്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് (പ്രവൃ, 14:3 – 19:11,12) താനും ശീലാസും തെസ്സലൊനീക്കയിൽ നിന്നും ബെരോവയിൽ ചെന്നത്. ആ ബെരോവക്കാരെക്കുറിച്ച് പരിശുദ്ധാത്മാവിൻ്റെ ഒരു സാക്ഷ്യം കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു.” എന്നിട്ടു അതിൻ്റെ കാരണവും എഴുതിയിട്ടുണ്ട്: “അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്; പണ്ഡിതശ്രേഷ്ഠനും അത്ഭുതപ്രവർത്തകനുമായ പൗലൊസിൻ്റെ വാക്കുകളെ അവർ വെള്ളംതൊടാതെ വിഴുങ്ങിയില്ല. പ്രത്യുത, പൗലൊസ് പറയുന്ന കാര്യങ്ങളെ ശ്രദ്ധയോടെ കേട്ടിട്ട്, പറഞ്ഞ കാര്യങ്ങളുടെ വസ്തുത അറിയാൻ അവർ എല്ലാദിവസവും തിരുവെഴുത്തുകളെ പരിശോധിച്ചുകൊണ്ടിരുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവ് അവരെ ‘ഉത്തമന്മാർ’ എന്നു വിളിക്കുന്നത്. “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിനും” പരിശുദ്ധാത്മാവ് കല്പിച്ചിട്ടുണ്ട്. (1തെസ്സ, 5:21). ആരുടെ പ്രസംഗവും കേൾക്കുന്നതിൽ കുഴപ്പമൊന്നുമില്ല; പക്ഷെ, അത് വിശ്വസിക്കുന്നതിനു മുമ്പ് ദൈവവചനത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോന്ന് ഓരോരുത്തനും പരിശോധിച്ചു നോക്കേണ്ടതാണ്. കാരണം, ബൈബിളിൽ എഴുതിവെച്ചിരിക്കുന്നതിനു വിരുദ്ധമായി ഇനി, അപ്പൊസ്തലന്മാർ തന്നെ എഴുന്നേറ്റുവന്നു പറഞ്ഞാലോ; അല്ലെങ്കിൽ സ്വർഗ്ഗത്തിലെ ദൂതന്മാർ വന്നു പറഞ്ഞാലോ അങ്ങനെതന്നെ വിശ്വസിക്കാൻ നമുക്കു വ്യവസ്ഥയില്ല. (ഗലാ, 1:8,9). സകലവും ശോധനചെയ്ത് നല്ലതുമാത്രം സ്വീകരിപ്പാൻ ദൈവം എല്ലാവരെയും സഹായിക്കട്ടെ!

“ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാത്യർ 2:21). 

.

Leave a Reply

Your email address will not be published. Required fields are marked *