യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

സ്വയം നിലനില്ക്കുന്നവനും (Self-existence) ആത്മബോധമുളളവനും പൗരുഷേയനും എല്ലാറ്റിന്റെയും ആദികാരണവും സർവ്വാതിശായിയും സർവ്വസന്നിഹിതനും ആയ സത്തയാണ് ദൈവം. ദൈവത്തിൻ്റെ പ്രകൃതിയെന്താണെന്ന് ദൈവം ഹോരേബിൽ മോശെയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നതിൽ നിന്ന് വ്യക്തമാണ്. മോശെ അവിടെക്കണ്ട കാഴ്ച മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും അത് വെന്തു പോകാതിരിക്കുന്നതുമാണ്. ഈ അത്ഭുതകരമായ കാഴ്ച കാണാൻ മോശെ അതിനോട് അടുത്തു ചെന്നപ്പോഴാണ് യഹോവ മോശെയോട് സംസാരിച്ചത്. (പുറ, 1:6). വസ്തുക്കൾ കത്തുകയെന്ന ഓക്സീകരണ പ്രക്രിയയെയാണ് പൊതുവേ അഗ്നി അഥവാ തീ എന്നു പറയുന്നത്. എന്തിനെയെങ്കിലും കത്തിക്കാതെ അഗ്നിക്ക് നിലനില്ക്കാൻ കഴിയില്ല. അഥവാ വസ്തുക്കളെ ദഹിപ്പിക്കാതെ തീ കത്തുന്നില്ല. എന്നാൽ മോശെ കണ്ടതെന്താണ്? മരുഭൂമിയിലെ മുൾപ്പടർപ്പ് കത്തുന്നുണ്ട് പക്ഷെ വെന്തുപോകുന്നില്ല; കാരണമെന്താണ്? അഗ്നിയിൽ വെളിപ്പെട്ടിരിക്കുന്നത് ദൈവമാണ്. എല്ലാവർക്കും എല്ലാം ഔദാര്യമായി നല്കുന്നവനും ആരിൽനിന്നും ഒന്നും ആദേയം ചെയ്യാതെ സ്വയം നിലനില്ക്കുന്നവനുമാണ് ദൈവം. എന്നാൽ ദൈവം മനുഷ്യനായി വെളിപ്പെട്ടപ്പോൾ ഏകവ്യക്തിയിൽ ഇരുപ്രകൃതി ആയിരുന്നു അഥവാ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആയിരുന്നെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ വേദപുസ്തകം എന്തു പറയുന്നു? 

ബൈബിളിലെ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ യേശുവിനു ഇരുപ്രകൃതിയുണ്ട്. അല്ലെങ്കിൽ യേശു ജഡത്തിൽ മനുഷ്യൻ മാത്രമായിരുന്നു എന്നു മനസ്സിലാക്കാം:

1. പൂർണ്ണദൈവത്തെയാണോ ‘ദൈവം ആയിരുന്നു’ എന്നു പറയുന്നത്? (യോഹ, 1:1).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവമാണോ ‘അത്യുന്നതൻ്റെ പുത്രൻ’ എന്നു വിളിക്കപ്പെടുന്നത്? (ലൂക്കൊ, 1:32)

6. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

7. പൂർണ്ണദൈവത്തെയാണോ കർത്താവിനു വിശുദ്ധമായി അർപ്പിച്ചത്? (ലൂക്കൊ, 2:22,23).

8. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51).

9. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

10. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

11. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

12. പൂർണ്ണദൈവത്തിൻ്റെ മേലാണോ ആത്മാവ് പ്രാവുപോലെ വന്നത്? (മർക്കൊ, 1:10).

13. പൂർണ്ണദൈവമാണോ പിശാചിനാൽ 40 ദിവസം പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

14. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

15. പൂർണ്ണദൈവത്തെയാണോ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത്? (പ്രവൃ, 10:38). 

16. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

17. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

18. പൂർണ്ണദൈവത്തിന് എങ്ങനെയൊരു പിതാവുണ്ടാകും? (മത്താ, 11:27).

19. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

20. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

21. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

22. പൂർണ്ണദൈവമാണോ സ്വയം മനുഷ്യപുത്രനെന്ന് വിളിക്കുന്നത്? (മത്താ, 17:9).

23. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

24. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

25. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

26. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

27. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28)

28. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

29. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

30. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

31. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

32. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

33. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

34. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

35. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

36. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

37. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

38. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

39. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

40. പൂർണ്ണദൈവത്തെയാണോ ‘ദൈവം ഉയിർപ്പിച്ചു’ എന്നു പറയുന്നത്? (പ്രവൃ, 5:30).

41. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

42. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

43. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

44. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

45. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

46. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

47. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

48. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

49. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

50. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

51. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

52. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

53. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

യേശുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള മുഴുവൻ സംഭവങ്ങളും മുകളിൽ ചേർത്തിട്ടുണ്ട്. അതിൽ എവിടെയാണ് പൂർണ്ണദൈവമുള്ളത്??? മേല്പറഞ്ഞ ചോദ്യങ്ങളെല്ലാം പൂർണ്ണദൈവത്തിനല്ല; യേശുവെന്ന മനുഷ്യനു ചേരുന്നതാണ്. കർത്താവായ യേശുക്രിസ്തു ജഡത്തിൽ ദൈവമായിരുന്നില്ല; പ്രത്യുത, പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാത്ത പൂർണ്ണ മനുഷ്യനായിരുന്നു. യോഹ, റോമ, 9:5; 1:1; ഫിലി, 2:6-8; 1തിമൊ, 2:5,6; 3:15,16; 2തിമൊ, 2:8; എബ്രാ, 2:14,15; 1യോഹ, 5:20 തുടങ്ങിയ വേദഭാഗങ്ങൾ നോക്കുക. യേശു തന്നെത്തന്നെ മനുഷ്യപുത്രനെന്നും മനുഷ്യനെന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. താൻ ജഡത്തിൽ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടുമില്ല. തന്നെ ‘നല്ലവൻ’ എന്നു വിളിച്ച പ്രമാണിയോട് “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” (ലൂക്കൊ, 18:19) എന്നു പറഞ്ഞ യേശു താൻ മരിച്ചുയിർത്തശേഷം, തോമാസ് തന്നെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നും കുറിക്കൊള്ളുക. 

മനുഷ്യനു മനുഷ്യൻ്റെ പാപംപോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) ഏകസത്യദൈവം യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് മരിക്കുകയായിരുന്നു. “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹ, 4:2). “പിതാവും പുത്രനും ഒരുവൻ (യോഹ, 10:30; 14:7-9), ദൈവവും കർത്താവും ഒരുവൻ (യോഹ, 20:28), ദൈവവും മദ്ധ്യസ്ഥനായ മനുഷ്യനും ഒരുവൻ” (1തിമൊ, 2:5-6). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7; യെശ, 9:6. ഒ.നോ: 17:3; 1യോഹ, 2:22).

ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവത്തെ മൂന്നു വ്യക്തികളെന്നു പറയുന്നതുതന്നെ ദുരുപദേശമാണ്. എന്നാൽ ത്രിത്വത്തിൻ്റെ ദുരുപദേശം അതിൽമാത്രം ഒതുങ്ങുന്നില്ല: ജഡത്തിൽ വെളിപ്പെട്ടവൻ പൂർണ്ണദൈവവും ആയിരുന്നു എന്നു പഠിപ്പിക്കുക; മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവമെടുത്ത പുത്രനെന്ന പദവിയെ നിത്യപുത്രനാക്കുക; ജഡത്തിൽ വെളിപ്പെട്ടവനെ അവതാരമാക്കുക തുടങ്ങിയ എക്സ്ട്രാ ദുരുപദേശങ്ങളുടെ സപ്പോർട്ടോടു കൂടിയാണ് ത്രിത്വം നിലനില്ക്കുന്നത്. ദൈവാത്മാവുള്ളവർ ത്രിത്വത്തിൻ്റെ വഞ്ചന മനസ്സിലാക്കാനാണ് മേല്പറഞ്ഞ ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. പരിഗ്രഹിക്കാൻ മനസ്സുണ്ടെങ്കിൽ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *