യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?

ദൈവപുത്രനായ യേശു പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി അഥവാ സങ്കര പ്രകൃതിയുള്ളവനായിട്ടാണ് ജനിച്ചതെന്ന് അനേകർ കരുതുന്നു. ദൈവമെന്നത് പോയിട്ട് അവൻ തൻ്റെ ജനനത്തിൽ ദൈവപുത്രനോ, ക്രിസ്തുവോ പോലുമായിരുന്നില്ല. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും വംശാവലിയിലുള്ള പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്: (മത്താ, 1:1; ലൂക്കൊ, 1:35; 2കൊരി, 5:21). വിശേഷാൽ മറിയ പ്രസവിച്ച വിശുദ്ധപ്രജ അവളുടെ ആദ്യജാതനായിരുന്നു: (ലൂക്കൊ, 1:35; 2:7). ആ കുഞ്ഞിനെ എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും ദൈവകല്പനപോലെ ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). യേശു മറിയയുടെ ആദ്യജാതനാകകൊണ്ട് അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല, രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃത്തിയായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. അതിനാൻ ദൈവപുത്രനെന്നതുപോലും ഒരു അഭിധാനമാണെന്നു മനസ്സിലാക്കാമല്ലോ. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിച്ചിടത്തുനിന്നാണ് ക്രൈസ്തവദുരുപദേശങ്ങളുടെ ഘോഷയാത്ര ആരംഭിച്ചത്.

ദൈവപുത്രനായ യേശു, തൻ്റെ ഐഹിക ജീവകാലത്ത് പാപമറിയാത്ത പൂർണ്ണമനുഷ്യൻ മാത്രമായിരുന്നു. ക്രിസ്തുവിന് ഏതൊരു മനുഷ്യനെപ്പോലെയും ആത്മാവും (pneuma – spirit) ദേഹിയും (psyche – soul) ദേഹവും (soma – body) അസ്ഥിയും (യോഹ, 19:32-36) രക്തവും (blood – haima) ഉണ്ടായിരുന്നു. (1തെസ്സ, 5:23; ലൂക്കൊ, 23:46; മത്താ, 26:38; 1പത്രൊ, 2:24). യോർദ്ദാനിലെ സ്നാനം മുതൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും മനുഷ്യനായ യേശുവിനെ അഭിഷേകം ചെയ്തിട്ട് അവൻ്റെ കൂടെ മറ്റൊരു വ്യക്തിയായി വസിച്ചതുകൊണ്ട്, അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതല്ലാതെ, ഐഹികജീവിതത്തിൽ അവൻ തന്നിൽത്തന്നെ ദൈവമായായിരുന്നു എന്നതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി വെളിപ്പെട്ടവനിൽ ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി ഉണ്ടായിരുന്നോ? വേദപുസ്തകം എന്തു പറയുന്നു? നമുക്കു നോക്കാം:

“ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” (1യോഹന്നാൻ 4:2).

എല്ലാ വിവരങ്ങളും വിശദമായറിയുക:

1. വചനം ജഡമായത്തീർന്ന പൂർണ്ണദൈവമോ? (യോഹ, 1:14).

2. പൂർണ്ണദൈവത്തിനാണോ വംശാവലിയുള്ളത്? (മത്താ, 1:1-27; ലൂക്കൊ, 3:24-38).

3. പൂർണ്ണദൈവമാണോ കന്യകയുടെ ഉദരത്തിൽ ഉരുവായത്? (മത്താ, 1:22,23).

4. പൂർണ്ണദൈവമാണോ ഒരു മനുഷ്യരാജാവിനാൽ പ്രാണരക്ഷാർത്ഥം മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? (മത്താ, 2:13,14).

5. പൂർണ്ണദൈവമാണോ ‘അത്യുന്നതൻ്റെ പുത്രൻ’ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:32)

6. പർണ്ണദൈവമാണോ ദൈവപുത്രൻ എന്നു വിളിക്കപ്പെടുമെന്ന് പറഞ്ഞത്? (ലൂക്കൊ, 1:35)

7. പൂർണ്ണദൈവത്തെയാണോ മറിയയുടെ ആദ്യജാതനെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്? (ലൂക്കൊ, 2:7)

8. പൂർണ്ണദൈവത്തെയാണോ എട്ടാംനാളിൽ പരിച്ഛേദന കഴിച്ചത്? (ലൂക്കൊ, 2:21).

9. പൂർണ്ണദൈവത്തെയാണോ മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനായി വീണ്ടെടുത്തത്? (ലൂക്കൊ, 2:22,23).

10. പൂർണ്ണദൈവമാണോ യേസേഫിനും മറിയയ്ക്കും കീഴടങ്ങിയിരുന്നത്? (ലൂക്കൊ, 1:51)

11. പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? (ലൂക്കൊ, 2:52).

12. പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? (മർക്കൊ, 6:3). 

13. പൂർണ്ണദൈവമാണോ യോഹന്നാനാൽ സ്നാനപ്പെട്ടത്? (മത്താ, 3:13-17).

14. പൂർണ്ണദൈവത്തെയാണോ വേറൊരു ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തത്? (മർക്കൊ, 1:10; പ്രവൃ, 10:30).

15. പൂർണ്ണദൈവമാണോ നാല്പതു ദിവസം ഉപവസിച്ചത്? (മത്താ, 4:2)

16. പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? (ലൂക്കൊ, 4:1).

17. പൂർണ്ണദൈവത്തിനാണോ വിശന്നത്? (ലൂക്കൊ, 4:2).

18. പൂർണ്ണദൈവത്തോട് കൂടെയിരുന്നാണോ വേറൊരു ദൈവം അത്ഭുതങ്ങൾ പ്രവർത്തിച്ചത്? (പ്രവൃ, 10:38). 

19. പൂർണ്ണദൈവത്തിൻ്റെ കൂടെയാണോ സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി ഉണ്ടായിരുന്നത്? (ലൂക്കൊ, 5:17)

20. പൂർണ്ണദൈവമാണോ ‘ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു’ എന്നു പറഞ്ഞത്? (മത്താ, 12:28). 

21. പൂർണ്ണദൈവമാണോ താൻ ശലോമോനെക്കാൾ വലിയവൻ എന്നു പറയുന്നത്? (മത്താ, 12:42).

22. പൂർണ്ണദൈവമാണോ പിതാവിനോട് പ്രാർത്ഥിച്ചത്? (മത്താ, 14:23). 

23. പൂർണ്ണദൈവമാണോ ‘കർത്താവെന്നെ അഭിഷേകം ചെയ്ത് അയച്ചിരിക്കുന്നു’ എന്നു പറയുന്നത്? (ലൂക്കൊ, 4:18,19). 

24. പൂർണ്ണദൈവത്തെയാണോ ‘ക്രിസ്തു/മശീഹ’ (അഭിഷിക്തൻ) എന്ന് വിളിക്കുന്നത്? (മത്താ, 16:16).

25. പൂർണ്ണദൈവത്തെയാണോ ദൈവത്തിന്റെ ഏകജാതൻ എന്ന് വിളിക്കുന്നത്? (യോഹ, 1:14).

26. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ആദ്യജാതൻ എന്നു വിളിക്കുന്നത്? (റോമ, 8:29).

27. പൂർണ്ണദൈവമാണോ ”എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? (മർക്കൊ, 10;18).

28. പൂർണ്ണദൈവമാണോ തനിക്കെതിരെ പറഞ്ഞാൽ ക്ഷമിക്കും, ആത്മാവിനെതിരെ പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് പറഞ്ഞത്? (ലൂക്കൊ, 12:10).

29. പൂർണ്ണദൈവമാണോ തന്നെത്തന്നെ മനുഷ്യൻ എന്നു വിശേഷിപ്പിക്കുന്നത്? (യോഹ, 8:40).

30. പൂർണ്ണദൈവമാണോ പിതാവ് എല്ലാവരിലും വലിയവൻ; എന്നെക്കാൾ വലിയവൻ  എന്നു പറയുന്നത്? (യോഹ, 10:29; 14:28).

31. പൂർണ്ണദൈവമാണോ ഉള്ളം കലങ്ങി: ‘പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ’ എന്ന് പ്രാർത്ഥിച്ചത്? (യോഹ, 12:27)

32. പൂർണ്ണദൈവമാണോ ശിഷ്യന്മാരുടെ കാലുകൾ കഴുകിയത്? (യോഹ, 13:4,5)

33. പൂർണ്ണദൈവമാണോ പിതാവിനെ ഏകസത്യദൈവം എന്ന് വിളിക്കുന്നത്? (യോഹ, 17:3).

34. പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ പരിക്ഷീണനായി നിലത്തുവീണത്? (മത്താ, 26:39).

35. പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? (മർക്കൊ, 14:36).

36. പൂർണ്ണദൈവത്തെയാണോ സ്വർഗ്ഗത്തിലെ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? (ലൂക്കൊ, 22:43).

37. പൂർണ്ണദൈവത്തെയാണോ യൂദാ ഒറ്റുകൊടുത്തത്? (ലൂക്കൊ, 22:42).

38. പൂർണ്ണദൈവത്തെയാണോ പത്രൊസ് തള്ളിപ്പറഞ്ഞത്? (മത്താ, 26:70).

39. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ വിസ്തരിച്ചത്? (ലൂക്കൊ, 22:66).

40. പൂർണ്ണദൈവത്തെയാണോ നിയമകോടതികൾ വിസ്തരിച്ചത്? (യോഹ, 18:38). 

41. പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? (മർക്കൊ, 15:25).

42. പൂർണ്ണദൈവമാണോ ”എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്തു” എന്നു നിലവിളിച്ചത്? (മത്താ, 27:46).

43. പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? (മത്താ, 27:50).

44. പൂർണ്ണദൈവത്തെയാണോ കല്ലറയിൽ അടക്കം ചെയ്തത്? (യോഹ, 19:40).

45. പൂർണ്ണദൈവത്തെയാണോ ദൈവം ഉയിർപ്പിച്ചുത്? (പ്രവൃ, 5:30).

46. പൂർണ്ണദൈവമാണോ ‘എൻ്റെ ദൈവം’ എന്നു പിതാവിനെ വിളിക്കുന്നത്? (യോഹ, 20:17).

47. പൂർണ്ണദൈവത്തെയാണോ ദൈവത്തിൻ്റെ ദാസൻ എന്നു പറഞ്ഞിരിക്കുന്നത്? (പ്രവൃ, 3:13).

48. പൂർണ്ണദൈവത്തെയാണോ ‘എന്നെപ്പോലെ ഒരു പ്രവാചകൻ’ എന്ന് മോശെ പറയുന്നത്? (പ്രവൃ, 3:22).

49. പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? (റോമ, 5:16).

50. പൂർണ്ണദൈവത്തിൻ്റെ തലയായി മറ്റൊരു ദൈവമോ? (കൊരി, 11:3).

51. പൂർണ്ണദൈവത്തെയാണോ ‘പാപം അറിയാത്തവൻ’ എന്ന് പൗലൊസ് വിശേഷിപ്പിക്കുന്നത്? (2കൊരി, 5:21).

52. പൂർണ്ണദൈവമാണോ ക്രൂശിലെ മരണത്തോളം അനുസരണം കാട്ടിയത്? (ഫിലി, 2:8).

53. പൂർണ്ണദൈവം ആർക്കാണ് തൻ്റെ മരണത്താൽ മറുവില നല്കിയത്? (1തിമൊ, 2:6).

54. പൂർണ്ണദൈവത്തെയാണോ മനുഷ്യനായ ക്രിസ്തേശു എന്നു വിളിക്കുന്നത്? (1തിമൊ, 2:6).

55. പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? (1തിമൊ, 3:16).

56. പൂർണ്ണദൈവമാണോ ദൂതന്മാരിൽ താഴ്ചവന്നവൻ എന്നു ബൈബിൾ പറയുന്നത്? (എബ്രാ, 2:9). 

57. പൂണ്ണദൈവത്തെയാണോ അപ്പൊസ്തലൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

58. പൂണ്ണദൈവത്തെയാണോ മഹാപുരോഹിതൻ എന്നു വിളിക്കുന്നത്? (എബ്രാ, 3:1).

59. പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? (എബ്രാ, 4:15).

60. പൂർണ്ണദൈവം തന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ മറ്റൊരാളോട് പ്രാർത്ഥിക്കുകയോ? (എബ്രാ, 5:7)

61. പൂർണ്ണദൈവമാണോ അനുസരണം പഠിച്ച് തികഞ്ഞവനായത്? (എബ്രാ, 5:8).

62. പൂർണ്ണദൈവത്തെയാണോ ‘അവൻ പാപം ചെയ്തിട്ടില്ല; അവൻ്റെ വായിൽ വഞ്ചന ഒന്നു ഉണ്ടായിരുന്നില്ല’ (1പത്രൊ, 2:22) എന്ന് പത്രോസ് പറയുന്നത്?

63. പൂർണ്ണദൈവത്തിൻ്റെ രക്തം കൊണ്ടാണോ നമ്മുടെ പാപമെല്ലാം പോക്കി ശുദ്ധീകരിച്ചത്? (1യോഹ, 1:7).

പശുത്തൊട്ടി മുതൽ (ലൂക്കൊ, 2:7) ക്രൂശിലെ മരണംവരെ (ലൂക്കൊ, 23:46) പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടപ്പോൾ യേശുവിലുള്ള പൂർണ്ണദൈവം എവിടെയായിരുന്നു???… (എബ്രാ,4:15). “ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു” (എബ്രാ, 5:7) എന്നു എബ്രായലേഖകൻ നുണപറകയാണോ???… ദൈവത്തിനു മരണമുണ്ടാകുകയോ, ആ ദൈവത്തെ രക്ഷിപ്പാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടാകുകയോ ചെയ്താൽ ആ ദൈവമെങ്ങനെ ദൈവമാകും???… ‘ദൈവപുത്രൻ പൂർണ്ണദൈവമായിരുന്നു’ എന്നു പറയുന്നവരുടെ ദൈവത്തെക്കുറിച്ചുള്ള ധാരണ (concept) എന്താണ്???… മനുഷ്യനെന്ന നിലയിൽ യേശുവിന് ഒരു പിതാവ് മാത്രമല്ല; ദൈവം കൂടി ഉണ്ടായിരുന്നു. “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” (മത്താ, 27:46) എന്ന് നിലവിളിച്ചുകൊണ്ട് ക്രൂശിൽ മരിച്ചവൻ പൂർണ്ണദൈവമാണെന്ന് പഠിപ്പിക്കുന്ന ത്രിത്വം ദുരുപദേശമല്ലാതെ മറ്റെന്താണ്? യേശുക്രിസ്തുവിൻ്റെ ദൈവത്തെ അപ്പൊസ്തലന്മാർ സ്തുതിക്കുന്നതായി കാണാം. (2കൊരി, 11:31; എഫെ, 1:3; 1:17. ഒ.നോ: റോമ, 15:5; 2കൊരി, 1:3; കൊലോ, 1:3; 1പത്രൊ, 1:3). പൂർണ്ണദൈവത്തിന് ഒരു ദൈവമുണ്ടാകുക സാധ്യമോ???…

യേശുവിൻ്റെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള മുഴുവൻ സംഭവങ്ങളും ചോദ്യങ്ങളായി മുകളിൽ ചേർത്തിട്ടുണ്ട്. അതിൽ എവിടെയാണ് പൂർണ്ണദൈവമുള്ളത്? മേല്പറഞ്ഞ ചോദ്യങ്ങളെല്ലാം പൂർണ്ണദൈവത്തിനല്ല; യേശുവെന്ന മനുഷ്യനു ചേരുന്നതാണ്. ദൈവപുത്രൻ ദൈവമല്ല; പാപമറിയാത്ത അഥവാ പാപത്തിൻ്റെ ലാഞ്ചനപോലുമില്ലാത്ത പൂർണ്ണ മനുഷ്യനാണ്. യോഹ, 1:1; റോമ, 9:5; ഫിലി, 2:6-8; 1തിമൊ, 2:5,6; 3:15,16; 2തിമൊ, 2:8; എബ്രാ, 2:14,15; 1യോഹ, 5:20 തുടങ്ങിയ വേദഭാഗങ്ങൾ നോക്കുക. യേശു തന്നെത്തന്നെ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചിരുന്നത്: (യോഹ, 8:40). യേശുവിനെ മുപ്പത്താറു പ്രവശ്യം മനുഷ്യനെന്നു വിശേഷിപ്പിച്ചിട്ടുണ്ട്:. (മത്താ, 9:8; 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:14; 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 11:50; 18:14; 18:17; 18:29; 19:5; പ്രവൃ, 2:23; 5:28; 17:31; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 11:2; ഫിലി, 2:8; 1തിമൊ, 2:6; 3:16). ദൈവപുത്രൻ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടുമില്ല. തന്നെ ‘നല്ലവൻ’ എന്നു വിളിച്ച പ്രമാണിയോട് “ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല” (ലൂക്കൊ, 18:19) എന്നു പറഞ്ഞുകൊണ്ണ് ദൈവത്തിനുമാത്രം അവകാശപ്പെട്ട “നല്ലവൻ” എന്ന പദവിപോലും നിഷേധിക്കുകയായിരുന്നു: (സങ്കീ, 34:8; 73:1; 135:3)

ദൈവപുത്രൻ പാപമറിയാത്ത പൂർണ്ണമനുഷ്യൻ മാത്രമായിരുന്നുവെന്നും, ദൈവം അല്ലായിരുന്നവെന്നും ബൈബിൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്ന്; യോഹന്നാൻ 1:1-ൽ “വചനം ദൈവം ആയിരുന്നു” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ വചനം ജഡമായവനാണ് ക്രിസ്തു. (യോഹ, 1:14). ജഡമായിത്തീർന്ന വചനം ദൈവം ആകുന്നുവെന്നല്ല, ആയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട്; ഏകസത്യദൈവമായ (The only true God) നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ദൈവപുത്രൻ ദൈവമാണെങ്കിൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് യേശുവിന് എങ്ങനെ പറയാൻ കഴിയും? അപ്പോൾ, യേശു ജഡത്തിൽ സത്യദൈവമല്ലാത്ത ദൈവയിരുന്നോ? മൂന്ന്; “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവൻ ആയിത്തീർന്നു.” (ഫിലി, 2:6-8). ദൈവമായിരുന്നവൻ മനുഷ്യരുടെ പാപരിഹാരാർത്ഥം മരണമുള്ള മനുഷ്യനായി താഴ്മ ധരിച്ചതാണ് വിഷയം. ചോദ്യം; യേശു ദൈവത്തോട് മുറുകെ പിടിക്കാഞ്ഞ സമത്വം എന്താണ്? ‘തന്നെത്താൻ ഒഴിച്ചു’ എന്നത് മറ്റു പരിഭാഷകളിൽ ‘തന്നെത്തന്നെ ശൂന്യനാക്കി’ എന്നാണ് കാണുന്നത്. അടുത്ത ചോദ്യം; എന്ത് ശൂന്യാമാക്കിക്കൊണ്ടാണ് യേശു വേഷത്തിൽ മനുഷ്യനായി വിളങ്ങിയത്? തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്തന്നെ ശൂന്യമാക്കി മരണമുള്ള മനുഷ്യനായി എന്നല്ലേ? നാല്; “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18), പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19), ഞാൻ എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത് (5:30), പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28), ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (12:49), എന്റെ പിതാവു എല്ലാവരിലും വലിയവൻ (10:29), പിതാവു എന്നെക്കാൾ വലിയവൻ (14:28), എൻ്റെ പിതാവ് എൻ്റെ ദൈവം” (യോഹ, 20:17). ദൈവപുത്രൻ പൂർണ്ണദൈവമാണ് പറയുന്ന നിങ്ങൾ, പൂർണ്ണദൈവത്തിനും മീതെ മറ്റൊരു ദൈവമുണ്ടെന്ന ദുരുപദേശമല്ലേ പറയുന്നത്? പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവൻ” (എബ്രാ, 4:15) ജഡത്തിലും പൂർണ്ണദൈവം ആയിരുന്നുവെന്ന് പറഞ്ഞാൽ പരിശുദ്ധാത്മാവിനോടുള്ള ദൂഷണമല്ലാതെ മറ്റെന്താണ്? വേദപുസ്തകം പച്ചക്കള്ളമാണെന്നല്ലേ ത്രിത്വം പഠിപ്പിക്കുന്നത്? ത്രിത്വമെന്ന വ്യാജം സ്ഥാപിക്കാൻ ഇത്രവലിയ ദൂരുപദേശമോ?

മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് അവരുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിൽ മരിക്കാൻ മണ്ണിൽ വെളിപ്പെട്ടവൻ ദൈവത്തിൽനിന്നും എത്രയധികം താഴ്ചയുള്ളവനായെന്ന് ഫിലിപ്പ്യരിൽ പൗലൊസ് പറയുന്നുണ്ട്. താഴ്ചയുടെ ഏഴ് പടികൾ കാണാം: ദൈവസമാനത അഥവാ ദൈവത്വം മുറുകെ പിടിച്ചില്ല; ദാസരൂപം എടുത്തു; മനുഷ്യസാദൃശ്യത്തിലായി; തന്നെത്താൻ ഒഴിച്ചു; വേഷത്തിൽ മനുഷ്യനായി; തന്നെത്താൻ താഴ്ത്തി; ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായി. (ഫിലി, 2:6-8). ദൈവത്തിൽനിന്നും ഇത്രയധികം താഴ്ചവന്നവൻ ‘ദൈവമാകുന്നു’ എന്നുപറഞ്ഞാൽ ശരിയാകുമോ?

ദൈവത്തിൻ്റെ അവതാരമാണ് യേശു എന്ന ദുരുപദേശമാണ് സത്യം അറിയുവാൻ കഴിയാതവണ്ണം വിശ്വാസികളുടെ കണ്ണ് കുരുടാകാൻ കാരണം. പിതാവിനോടുകൂടി നിത്യതമുതൽക്കേ ഉണ്ടായിരുന്ന ദൈവംതന്നെയായ പുത്രനാണ് അവതരിച്ചതെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അവതരിച്ചുകഴിഞ്ഞാൽ പിന്നെ സ്വർഗ്ഗത്തിൽ പുത്രനുണ്ടാകാൻ പാടില്ല. സ്വർഗ്ഗത്തിൽ ശൂന്യനായിക്കൊണ്ടേ ഭൂമിയിൽ അവതരിക്കാൻ സാധിക്കുകയുള്ളു. അപ്പോൾ പുത്രദൈവം ഇല്ലാതെയായിപ്പോകാതിരിക്കാൻ ത്രിത്വപണ്ഡിതന്മാരുടെ ബുദ്ധിമൂശയിൽ ഉരുവായതാണ് അവതാരമെന്ന ദുരുപദേശം. ബൈബിൾ പറയുന്നത് ദൈവത്തിൻ്റെ പ്രത്യക്ഷത അഥവാ വെളിപ്പാടിനെക്കുറിച്ചാണ്. (1തിമൊ, 3:14-16). പലപ്രാവശ്യം ജഡത്തിലുള്ള വെളിപ്പാടിനെക്കുറിച്ചും മഹത്വത്തിലുള്ള വെളിപ്പാടിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അവതാരമെന്ന് പേർപറകപോലും ചെയ്തിട്ടില്ല. സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും താൻ സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നുവെന്ന് ക്രിസ്തു പറഞ്ഞു. (യോഹ, 1:13). യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടുനില്ക്കുന്ന മനുഷ്യപുത്രനെന്ന് സ്പഷ്ടമായിട്ടല്ലേ താൻ പറയുന്നത്?

ജഡത്തിൽ യേശുവിനു ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നുവെന്നു നിഷ്പക്ഷബുദ്ധികൾ വിശ്വസിക്കാൻ മൂന്ന് കാരണങ്ങളുണ്ട്. ഒന്ന്; യേശു ചെയ്ത അത്ഭുതപ്രവൃത്തികൾ: ബൈബിളിൽ ദൈവത്വം തെളിയിക്കാനുള്ള മാനദണ്ഡം അത്ഭുതപ്രവൃത്തികളല്ല. അങ്ങനെയാണെങ്കിൽ പഴയനിയമത്തിൽ മോശെയും ഏലിയാവും എലീശയും; പുതിയനിയമത്തിൽ പത്രൊസും പൗലൊസും ദൈവങ്ങളാണ്. മോശെ മിസ്രയീമിലും ചെങ്കടലിലും അത്ഭുതങ്ങൾ ചെയ്തതു കൂടാതെ നാല്പതുവർഷം മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്തുവെന്നാണ് ബൈബിൾ പറയുന്നത്. (പ്രവൃ, 7:36). യേശുവോ, മൂന്നരവർഷം അത്ഭുതം പ്രവർത്തിച്ചു. അത്ഭുതങ്ങളാണ് ദൈവത്വം നിർണ്ണയിക്കുന്നതിൻ്റെ ഘടകമെങ്കിൽ മോശെയെക്കാൾ വലിയൊരു ദൈവം ബൈബിളിലില്ല. യേശു പറഞ്ഞത്: താൻ ചെയ്യുന്നതിലും വലിയ പ്രവൃത്തികൾ ശിഷ്യന്മാർ ചെയ്യുമെന്നാണ്. (യോഹ, 14:12). യേശുവിൻ്റെ വാക്കുപോലെ, പത്രൊസിൻ്റെ നിഴൽ വീണും പൗലൊസിൻ്റെ റൂമാലും ഉത്തരീയവുംകൊണ്ടും രോഗികൾ സൗഖ്യമായി. (പ്രവൃ, 5:15; 19:12). അതിനാൽ അവർ യേശുവിനെക്കാൾ വലിയ ദൈവമാകുമോ? ദൈവം നല്കുന്ന കൃപയ്ക്കൊത്തവണ്ണമാണ് ഓരോരുത്തരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. പരിശുദ്ധമനുഷ്യനായ യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത് എങ്ങനെയാണെന്നു ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യോർദ്ദാനിലെ സ്നാനം മുതൽ ദൈവം തൻ്റെ അഭിഷിക്തനോടു കൂടെയിരുന്ന് പ്രവർത്തിക്കുകയായിരുന്നു: “ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.” (മത്താ, 12:28). “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും” (ലൂക്കൊ, 4:18). നിക്കൊദേമൊസ് രാത്രിയിൽ യേശുവിൻ്റെ അടുക്കൽ വന്നു അവനോടു: “റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല എന്നു പറഞ്ഞു.” (യോഹ, 3:2). “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.” (ലൂക്കോ, 5:17). ‘ദൈവത്തിൻ്റെ ശക്തികൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു.’ (ലൂക്കൊ, 11:20). “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ദൈവപിതാവ് യേശുവിനോട് കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്നു വ്യക്തമായില്ലേ? (ഒ.നോ: യോഹ, 8:16; 16:32).

രണ്ട്; യേശു നല്കിയ പാപമോചനം: യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം നസറായനായ യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിട്ട് അവൻ്റെ കൂടെ വസിക്കുകയായിരുനു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 4:18; പ്രവൃ, 4:27). തൻ്റെ കൂടെയിരുന്ന ദൈവത്താലാണ് ദൈവപുത്രൻ അത്ഭുതങ്ങളും അടയാളങ്ങളും പാപമോചനവും നല്കിയത്. ഇനി, പാപമോചനം നല്കിയ സന്ദർഭം ഒന്നു നോക്കാം: യേശു ഒരു പക്ഷവാതക്കാരനോടു: “മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” (മർക്കൊ, 2:5) എന്നു പറഞ്ഞപ്പോഴാണ്, “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ” എന്നു പരീശന്മാരും ശാസ്ത്രിമാരും ഹൃദയത്തിൽ അവനെതിരെ ഹൃദയത്തിൽ ചിന്തിച്ചത്: (മർക്കൊ, 2:7; ലൂക്കൊ, 5:21). അപ്പോൾ യേശു പറയുന്നത് ശ്രദ്ധിക്കുക: “എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: ‘എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക’ എന്നു പറഞ്ഞു.” (മത്താ, 9:6; മർക്കൊ, 2:10; ലൂക്കൊ, 5:24). പുരുഷാരത്തിൻ്റെ പ്രതികരണം നോക്കുക: “പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.” (മത്താ, 9:8). നോക്കുക: ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവൻ ആർ’ എന്നു ചോദിച്ചവർതന്നെ മനുഷ്യനായ യേശുവിന് ദൈവം കൊടുത്ത അധികാരമാണെന്ന് സമ്മതിച്ചു. ദൈവപുത്രന് അധികാരമുണ്ടായത് അദൃശ്യനായി തൻ്റെകൂടെ വസിക്കുന്ന ദൈവത്താലാണ്. “പിതാവു എന്നോടുകൂടെ ഉള്ളതു കൊണ്ടു ഞാൻ ഏകനല്ല” എന്നു യേശുതന്നെയാണ് പറഞ്ഞത്: (യോഹ, 16:32). “അവൻ എന്നെ ഏകനായി വിട്ടിട്ടില്ല” എന്നും യേശു പറഞ്ഞു: (യോഹ, 8:16). ദൈവപിതാവ് കൂടെയുള്ളതുകൊണ്ടാണ് യേശു പാപം മോചിച്ചതെന്ന് വ്യക്തമാല്ലേ?

മൂന്ന്; യേശുവിനെ അനേകർ നമസ്കരിച്ചത്: ക്രിസ്തുവിൻ്റെ ജനനത്തിൽ വിദ്വാന്മാരും, ശുശ്രൂഷയിൽ ഭൂതഗ്രസ്തരും ശിഷ്യന്മാരും അങ്ങനെ അനേകർ അവനെ നമസ്കരിച്ചതായി കാണാം. മൂന്നുകാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: ഒന്ന്; പഴയപുതിയനിയമങ്ങളിൽ നമസ്കാരത്തിന് ഉപയോഗിച്ചിരിക്കുന്ന പദം ദൈവത്തെ ആരാധിക്കുന്നതിനും രാജാവിനെയും പ്രഭുക്കന്മാരെയും ശ്രേഷ്ഠജനത്തെയും ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. ലോത്ത് ദൂതന്മാരെയും (ഉല്പ, 10:1) അബ്രാഹാം ഹിത്യരെയും (ഉല്പ,23:7) ദേശത്തിലെ ജനത്തെയും (ഉല്പ, 23:12) യാക്കോബും ഭാര്യമാരും മക്കളും ഏശാവിനെയും (ഉല്പ, 33:3,6,7) സഹോദരന്മാർ യോസേഫിനെയും (ഉല്പ, 37:10,26,28) നമസ്കരിച്ചതിനും; എല്യേസറും (ഉല്പ,24:26,48,52) മോശെയും (പുറ, 34:8) ശൗലും (1ശമൂ, 1531) ദാവീദും (2ശമൂ, 12:20) യഹോവയെ ആരാധിച്ചതിനും ഷാഖാഹ് (shachah) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും (മത്താ, 4:10; യോഹ, 4:21-24; 1കൊരി, 14:25; വെളി, 4:10; 7:11), ക്രിസ്തുവിനെ നമസ്കരിക്കുന്നതിനും (മത്താ, 2:2,8,11; 8:2; 9:18; 14:33; 15:25), മനുഷ്യനെ നമസ്കരിക്കുന്നതിനും (മത്താ, 18:26), വിഗ്രഹങ്ങളെ നമസ്കരിക്കുന്നതിനും (പ്രവൃ, 7:43), സഭയെ നമസ്കരിക്കുന്നതിനും (വെളി, 3:9), ദുർഭൂതങ്ങളെയും ബിംബങ്ങളെയും (വെളി, 9:20), മഹാസർപ്പത്തെയും (വെളി, 13:4), മൃഗത്തെയും (വെളി, 13:4,8,12; 14:9,11), പ്രതിമയെയും (വെളി, 13:15; 14:9, 11; 16:2) നമസ്കരിക്കുന്നതിനും ‘പ്രൊസ്കിനിയൊ’ (proskyneo) എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എന്നുവെച്ചാൽ, ദൈവത്തെ ആരാധിക്കുന്നതിനും മനുഷ്യരെ ആചാരപരമായി ബഹുമാനിക്കുന്നതിനും ബൈബിളിൽ ഒരേ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നമസ്കരിച്ചു എന്ന് പറഞ്ഞിരിക്കുന്ന കാരണത്താൽ ആരും ദൈവമാകില്ല. രണ്ട്; ക്രിസ്തു ദാവീദിൻ്റെ സന്തതിയായ രാജാവാണ്. (ലൂക്കൊ, 1:32,33). പഴയനിയമത്തിൽ അഭിഷിക്തരായ രാജാക്കന്മാരെ ജനം നമസ്കരിച്ചതിൻ്റെ അനേകം തെളിവുകളുണ്ട്: ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയ പല രാജാക്കന്മാരെയും നമസ്കരിച്ചതായി കാണാം: (1ശമൂ, 24:8; 2ശമൂ, 2:1; 9:6; 14:4; 14:22; 14:33; 16:4;:18:28; 24:20; 1രാജാ, 1:16; 1:23; 1:31; 1രാജാ, 1:53; 1ദിന, 21:21). ക്രിസ്തു രാജാവായി പിറന്നവനാണ്. “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?” എന്ന് ചോദിച്ചുകൊണ്ടാണ് വിദ്വാന്മാർ അവനെ നമസ്കരിക്കാൻ വന്നതും (മത്താ, 2:2) വീണ് നമസ്കരിച്ചതും. (മത്താ, 1:11). പഴയനിയമരാജാക്കന്മാർ നമസ്കാരത്തിന് യോഗ്യരാണെങ്കിൽ ക്രിസ്തു എത്രയധികമായി അതിന് യോഗ്യനാണ്. എന്നാലത് ആരാധനാപരമായ നമസ്ക്കാരമല്ല; ആചാരപരവും ബഹുമാനപരവുമായ നമസ്ക്കാരമാണ്. നമസ്കരിക്കപ്പെട്ടവരൊക്കെ ദൈവങ്ങളാകുമെങ്കിൽ നൂറിൽ കുറയാത്ത ദൈവങ്ങൾ ബൈബിളിലുണ്ട്. മൂന്ന്;

ദൈവപുത്രനായ യേശുവിനെ ആരാധിക്കുകയായിരുന്നില്ല; ആചാരപരമായ അവനെ നമസ്കരിക്കുകയായിരുന്നു എന്നതിൻ്റെ പ്രധാന തെളിവ് അവൻ്റെ വാക്കിൽത്തന്നെയുണ്ട്: “യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മത്താ, 4:10. ലൂക്കോ, 4:8). ആരാധനയെക്കുറിക്കുന്ന ‘ലാട്രുവോ’ (latreuo) എന്ന പദമാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. സുവിശേഷങ്ങളിൽ ഒരിടത്തും ഈ പദംകൊണ്ട് യേശുവിനെ ആരും ആരാധിച്ചതായി പറഞ്ഞിട്ടില്ല. പ്രഥമപുരുഷ സർവ്വനാമത്തിലാണ് (third person), “ദൈവത്തെ മാത്രം അഥവാ അവനെ മാത്രം (Him only) ആരാധിക്കണം” എന്ന് ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദൈവപുത്രനായ യേശു ആരാധന സ്വീകരിച്ചുവെങ്കിൽ, ദൈവത്തെ മാത്രം ആരാധിക്കണമെന്ന് യേശു പറയുമായിരുന്നോ? ത്രിത്വപണ്ഡിതന്മാർ പറയുന്നപ്രകാരം, രഹസ്യത്തിൽ ആരാധന സ്വീകരിച്ചശേഷം ഭോഷ്കിൻ്റെ അപ്പനായ സാത്താനോട് ദൈവപുത്രൻ, അതിലും വലിയ ഭോഷ്ക്ക് പറഞ്ഞുവെന്നു വരും. മറ്റൊരിക്കൽ, തന്നെ നല്ലവനെന്നു വിളിച്ച ഒരു പ്രമാണിയോട് യേശു പറഞ്ഞത്, “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.” (മർക്കൊ, 10:17,18). അതായത്, ആത്യന്തികമായി നല്ലവൻ എന്ന പദവിക്ക് അർഹൻ ദൈവം ഒരുത്തൻ മാത്രമാണ്: (2ശമൂ,മ7:3; എസ്രാ, 3:11; സങ്കീ, 34:8; 73:1; 135:3; 145:9; വിലാ, 3:25; മത്താ, 19:17). ദൈവപുത്രൻ ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്ന പാപമറിയാത്ത മനുഷ്യൻ മാത്രമാകയാൽ “നല്ലവൻ” എന്ന പദവിപോലും താൻ, ദൈവത്തിന് മാത്രം അർഹമായ ആരാധന സ്വീകരിച്ചു എന്നുപറഞ്ഞാൽ; അതില്പരം ദൈവദൂഷണമെന്താണ്?

ജഡത്തിൽ ജനിച്ച് ക്രൂശിൽ മരിച്ചവൻ “ആരാകുന്നു” എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത മനുഷ്യനാകുന്നു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” 1തിമൊ, 2:5,6. ഒ.നോ: 2കൊരി, 5:21). “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). ഇത് ബൈബിളിൻ്റെ ഒരു ബാലപാഠമാണ്. എന്നാൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിൽ മരിക്കാൻ സ്വർഗ്ഗത്തിൽനിന്നു ഭൂമിയിൽ വെളിപ്പെട്ട രണ്ടാം മനുഷ്യൻ (1കൊരി, 15:47) “ആരായിരുന്നു അഥവാ വചനം ജഡമായിത്തീർന്നവൻ ആരായിരുന്നു” എന്നു ചോദിച്ചാൽ; അവൻ ദൈവം ആയിരുന്നു: “God was manifest in the flesh” (KJV, 1തിമൊ, 3:16), “Word was God” (KJV, യോഹ, 1:1). ക്രിസ്തുവെന്ന ദൈവമർമ്മം അറിയാത്തവരെല്ലാം ദൈവപുത്രനായ യേശുവിൻ്റെ ക്രിസ്തുത്വവും ചരിത്രപരതയും നിഷേധിക്കുന്നവരാണ്: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). ക്രിസ്തു ‘ജഡത്തിൽ ദൈവമായിരുന്നു’ എന്ന് വിശ്വസിക്കുന്ന ഒരാൾ, യേശുവിനെ ക്രിസ്തുവല്ല അഥവാ അഭിഷിക്ത മനുഷ്യനല്ല (ചരിത്രപുരുഷൻ) എന്ന് നിഷേധിക്കുന്ന കള്ളനും പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന എതിർക്രിസ്തുവും ആകുന്നു. എന്തെന്നാൽ, ദൈവത്തിനു ചരിത്രമില്ല; മനുഷ്യനു മാത്രമാണ് ചരിത്രമുള്ളത്. 1യോഹന്നാൻ ലേഖനം യേശുവിൻ്റെ ക്രിസ്തുത്വവും ചരിത്രപരതയും നിഷേധിച്ച ദുരുപദേശികളായ കള്ളന്മാർക്കും എതിർക്രിസ്തുക്കൾക്കും ഉള്ളതാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

കൂടുതൽ അറിയാൻ കാണുക:

മനുഷ്യനായ ദൈവപുത്രൻ

12 thoughts on “യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?”

Leave a Reply

Your email address will not be published. Required fields are marked *