നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ …….

നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു

“ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). രണ്ടാം സങ്കീർത്തനത്തിലെ ഈ വാക്യം അനേകർ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചിലർ യഹോവയുടെ സൃഷ്ടിയായി യേശുവിനെ മനസ്സിലാക്കുമ്പോൾ, മറ്റുചിലർ ഈ വാക്യത്തെ കന്യകാജനനവുമായി ബന്ധിപ്പിക്കുന്നു. പ്രഥമാർത്ഥത്തിൽ രണ്ടാം സങ്കീർത്തനത്തിൻ്റെ രചയിതാവാണ് പുത്രൻ. ‘എന്നോടു’ എന്ന് ഉത്തമപുരുഷനിൽ പറയുന്നത് സങ്കീർത്തനക്കാരനാണ്; എഴുത്തുകാരൻ്റെ പേരതിലില്ല; ദാവീദോ, അവൻ്റെ സന്തതിയായ ശലോമോനോ ആകാം. യഹോവ രണ്ടുപേരേയും പുത്രനെന്നും അവർ അവനെ പിതാവെന്നും വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7 = 2ശമൂ, 7:12-14; സങ്കീ, 89:26,27). എന്നാൽ താഴോട്ടുള്ള കാര്യങ്ങളും ചേർത്ത് പഠിക്കുമ്പോൾ (2:8-12) ആ വാക്യം ദാവീദിനെയും, ശലോമോനെയും അതിലംഘിച്ചുകൊണ്ട് മശീഹായിൽ നിവൃത്തിയാകുന്നതു കാണാം. (യിരെ, 23:5,6; പ്രവൃ, 13:33; എബ്രാ, 1:5; 5:5). സങ്കീർത്തനം 2:7 ക്രിസ്തുവിൽ നിവൃത്തിയാകുന്നത് തൻ്റെ പുനരുത്ഥാനത്തോടും, രണ്ടാംവരവിനോടും, പൗരോഹിത്യ ശുശ്രൂഷയോടുള്ള ബന്ധത്തിലുമാണ്. 2, 18, 20, 21, 45, 72, 89, 101, 110, 144 തുടങ്ങിയവ രാജകീയ സങ്കീർത്തനങ്ങളാണ്. അവയൊക്കെ ക്രിസ്തുവിനെ രാജാവായി പ്രതീക്ഷിക്കുന്നതാണ്. രണ്ടാം സങ്കീർത്തനം തൻ്റെ രാജകീയ വാഴ്ചയ്ക്ക് തൊട്ടുമുമ്പുള്ള മഹാപീഡനത്തിൽ ലോകഭരണം ക്രിസ്തു ഏറ്റെടുക്കുന്നതിനെ തടസ്സം ചെയ്യാൻ ഭൂമിയിലെ ഭരണകർത്താക്കളും രാജ്യങ്ങളും സഖ്യത ചെയ്യുന്നു. അതിനെതിരെ യഹോവ അവരെ പരിഹസിക്കുകയും കോപത്തോടെ തൻ്റെ മാറ്റമില്ലാത്ത നിർണ്ണയം പ്രസ്താവിക്കുന്നതുമാണ് 1-5 വാക്യങ്ങൾ. (എബ്രാ, 1:5,6). 6-ാം വാക്യം: “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.” അപ്പോൾ ജനനമല്ല അവിടത്തെ വിഷയം: രാജകീയ അഭിഷേകമാണ്. തുടർന്ന് 7-9 വാക്യങ്ങൾ അഭിഷിക്തൻ പറയുന്നതായിട്ടാണ്: “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു. എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും; ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.” അവിടെ ഏഴാം വാക്യത്തിലെ ജനനം രാജകീയ ജനനത്തെ അഥവാ രാജകീയ അഭിഷേകത്തെ കുറിക്കുന്നതാണ്.

പുതിയനിയമത്തിലെ പഴയനിയമ ഉദ്ധരണികൾ മനസ്സിലാക്കേണ്ടത് അപ്പൊസ്തലന്മാർ അതെങ്ങനെ വ്യാഖാനിച്ചിരിക്കുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലാണ്. പിസിദ്യയിലെ അന്ത്യൊക്ക്യയിൽ പള്ളിയിൽവെച്ച് പൗലൊസ് പ്രസംഗിക്കുമ്പോൾ സങ്കീർത്തനം 2:7 ഉദ്ധരിക്കുന്നത് ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിലാണ്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.” (പ്രവൃ, 13:32,33). അതായത് സങ്കീർത്തനം 2:7 നിവൃത്തിയായത് ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേല്പിലാണെന്ന് വ്യക്തമായിട്ടാണ് പൗലൊസ് പറയുന്നത്. ഇത് ഒന്നുകൂടി ഗ്രഹിക്കാൻ രണ്ട് പരിഭാഷകൾകൂടി നോക്കാം; “നമ്മുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ദൈവം യേശുവിനെ ഉയിര്‍പ്പിച്ചതുമൂലം മക്കളായ നമുക്കു പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്‍റെ പിതാവായിത്തീര്‍ന്നിരിക്കുന്നു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിട്ടുണ്ടല്ലോ. ആ സദ്‍വാര്‍ത്ത ഞങ്ങള്‍ നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നു.” (സ.വേ.പു.നൂ.പ). അടുത്ത പരിഭാഷ: “ഞങ്ങള്‍ നിങ്ങളോടു പ്രസംഗിക്കുന്ന സുവിശേഷം ഇതാണ്‌; “പിതാക്കന്‍മാര്‍ക്കു നല്‍കിയിരുന്ന വാഗ്‌ദാനം യേശുവിനെ ഉയിര്‍പ്പിച്ചുകൊണ്ട്‌ ദൈവം മക്കളായ നമുക്കു നിറവേറ്റിത്തന്നിരിക്കുന്നു. രണ്ടാം സങ്കീര്‍ത്തനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ: നീ എന്റെ പുത്രനാണ്‌. ഇന്നു ഞാന്‍ നിനക്കു ജന്മം നല്‍കി.” (പി.ഒ.സി). അപ്പോൾ, പുതിയനിയമത്തിൽ സങ്കീർത്തനം 2:7-ൻ്റെ ആദ്യനിവൃത്തി: പുനരുത്ഥാനം അഥവാ മരിച്ചവരിൽനിന്ന് ആദ്യനായി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിനോടുള്ള ബന്ധത്തിലാണ്.

പുനരുത്ഥാനവും ഒരു ജനനമല്ലേ; അപ്പോൾ യഹോവ തൻ്റെ പുത്രനെ ജനിപ്പിച്ചതായി തെളിഞ്ഞില്ലേ? എന്ന് ചോദിക്കുന്നവരുണ്ട്. പ്രധാനമായും യഹോവസാക്ഷികളാണ് അത് പറയുന്നത്. ദൈവം പുത്രനെ ഉയിർത്തെഴുന്നേല്പിച്ചു എന്നു പറയുന്ന വാക്യങ്ങളാണ് അതിനാധാരം. നമുക്കത് നോക്കാം: പിതാവ് പുത്രനെ ഉയിർത്തെഴുന്നേല്പിച്ചതായി പത്ത് വാക്യങ്ങളുണ്ട്: (പ്രവൃ, 2:24; പ്രവൃ, 2:31; പ്രവൃ, 10:40; പ്രവൃ, 13:30; പ്രവൃ, 13:32; പ്രവൃ, 13:37; പ്രവൃ, 17:31; റോമ, 10:9; എഫെ, 2:7; കൊലൊ, 2:12). പുത്രൻ തന്നെത്താൻ ഉയിർത്തെഴുന്നേറ്റതായി മുപ്പത്തൊന്നു വാക്യങ്ങളുണ്ട്: (മത്താ, 17:22,23; മത്താ, 20:18,19; മത്താ, 26:31,32; മത്താ, 27:63; മത്തായി 28:5-7; മർക്കൊ, 8:31; മർക്കൊ, 9:31; മർക്കൊ, 10:34; മർക്കൊ, 14:27,28; മർക്കൊ, 16:5,6; മർക്കൊ, 16:9; ലൂക്കോ, 9:22; ലൂക്കോ, 18:31; ലൂക്കോ, 24:6,7; ലൂക്കോ, 24:34; ലൂക്കോ, 24:46; യോഹ, 2:19; യോഹ, 2:21,22; യോഹ, 20:8,9; യോഹ, 21:13; യോഹ, 21:14; പ്രവൃ, 10:41; പ്രവൃ, 17:3; റോമ, 1:5; റോമ, 6:9; റോമ, 7:4; റോമ, 8:34; 1കൊരി, 15:3,4; 1കൊരി, 15:12; 1കൊരി, 15:13; 2തിമൊ, 2:8). അതായത്, പുത്രൻ തന്നെത്താൻ ഉയിർത്തതായി പറയുന്ന 21 തെളിവുകൾ അധികമുണ്ട്. ഉയിർപ്പിച്ചവനും ഉയിർത്തവനും ഒരാൾതന്നെ ആയതുകൊണ്ടാണ് പിതാവ് ഉയിർപ്പിച്ചുവെന്നും പുത്രൻ ഉയിർത്തുവെന്നും പറഞ്ഞിരിക്കുന്നത്. കൂടാതെ, ക്രിസ്തു തന്നെത്താൻ മരണത്തിനു ഏല്പിച്ചുകൊടുത്തുവെന്നു പത്ത് വാക്യങ്ങളുമുണ്ട്: (ഗലാ, 1:3; 2:20; എഫെ, 5:2, 5:27; ഫിലി, 2:8; 1തിമൊ, 2:6; തീത്തൊ, 2:14; എബ്രാ, 7:27; 9:14; 9:25-28). തന്നെത്താൻ മരണത്തിന് ഏല്പിച്ചുകെടുത്തവന് തന്നെത്താൻ ഉയിർത്തെഴുന്നേല്ക്കാൻ കഴിവില്ലേ???…

സങ്കീർത്തനം 2:7-നെ പുതിയനിയമത്തിൽ വീണ്ടും ഉദ്ധരിക്കുന്നത് ദൂതന്മാരേക്കാൾ ശ്രേഷ്ഠമായ മശീഹായുടെ രാജകീയ സ്ഥാനത്തെ കാണിക്കാനാണ്: “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?” (എബ്രാ, 1:5). ഒന്നാം വരവിൽ താൻ ദൂതന്മാരേക്കാൾ താഴ്ചയുള്ളവനായാണ് വന്നത്. (എബ്രാ, 2:9). രണ്ടാം വരവിൽ താൻ ദൂതന്മാരുടെ കർത്താവും സർവ്വഭൂമിയുടേയും രാജാവായിട്ടാണ് വരുന്നത്. ക്രിസ്തുവിൻ്റെ ഒന്നാം വരവിൽ ദൂതന്മാർ ആനന്ദിച്ചു. (ലൂക്കൊ, 2:13,14). രണ്ടാം വരവിൽ ആരാധിക്കുന്ന ദൂതഗണങ്ങൾ രാജാവിനെ അകമ്പടി സേവിക്കും. (മത്താ, 16:27; 25:31; 2തെസ്സ, 1:6,7; എബ്രാ, 1:6; വെളി, 5:11-14). അടുത്തവാക്യം ക്രിസ്തുവിൻ്റെ ഭൂമിയിലേക്കുള്ള രാജകീയ പ്രവേശമാണ്. “ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.” (എബ്രാ, 1:6). അർത്ഥാൽ, രണ്ടാം പ്രാവശ്യം സങ്കീർത്തനം 2:7 ഉദ്ധരിക്കുന്നത് എന്നേക്കും രാജാവായ ക്രിസ്തുവിനോടുള്ള ബന്ധത്തിലാണ്. (ലൂക്കൊ, 1:33; യോഹ, 1:49). അതായത്, രണ്ടാം സങ്കീർത്തനത്തിൻ്റെ പുതിയനിയമത്തിലെ രണ്ടാമത്തെ നിവൃത്തി ക്രിസ്തുവിൻ്റെ രാജകീയജനനമാണ്. അടുത്ത അഞ്ച് വാക്യങ്ങൾ (സങ്കീ, 2:8-12) ക്രിസ്തുവിൻ്റെ രാജാധികാരത്തെ കുറിച്ചാണെന്നും കുറിക്കൊള്ളുക.

സങ്കീർത്തനം 2:7 മൂന്നാമതായും അവസാനമായും ഉദ്ധരിക്കുന്നത്; ക്രിസ്തുവിൻ്റെ കുറ്റമറ്റ പൗരോഹിത്യത്തോടുള്ള ബന്ധത്തിലാണ്. ലേവ്യപുരോഹിതന്മാർ ബലഹീനത പൂണ്ടവരാകയാൽ ജനത്തിന്നു വേണ്ടി എന്നപോലെ തങ്ങൾക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവരും ആയിരുന്നു. (എബ്രാ, 5:1-3). എന്നാൽ ക്രിസ്തു ആ ഗോത്രത്തിൽ ഉൾപ്പെട്ടവനല്ല; മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനാണ്. (എബ്രാ, 5:6; 6:20; 7:17). ആ ലേവ്യ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്ത (എബ്രാ, 7:26), പവിത്രനും, നിർദ്ദോഷനും, നിർമ്മലനും, പാപികളോടു വേറുവിട്ടവനും, സ്വർഗ്ഗത്തെക്കാൾ ഉന്നതനുമാണ് ക്രിസ്തു. (എബ്രാ, 7:27). അവൻ ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12). മഹാപുരോഹിതനായ യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താലാണ് നാമോരൊരുത്തരും വിശുദ്ധീകരിക്കപ്പെട്ടത്. (എബ്രാ,10:10). “അതുകൊണ്ടു ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു.” (എബ്രാ, 2:17). അർത്ഥാൽ, മൂന്നാം പ്രാവശ്യം സങ്കീർത്തനം 2:7- ഉദ്ധരിക്കുന്നത് താൻ ഒരിക്കലായി പൂർത്തിയാക്കിയ പൗരോഹിത്യ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ്.
അതായത്, രണ്ടാം സങ്കീർത്തനത്തിൻ്റെ ഒടുവിലത്തെ നിവൃത്തി ക്രിസ്തുവിൻ്റെ പൗരോഹിത്യജനനമാണ്. (എബ്രാ, 2:14,15).

യേശുവിനെക്കുറിച്ച് ദോഷൈകദൃക്കുകൾ പറയുംപോലെ കന്യകാജനനം അഥവാ ജഡത്തിലുള്ള വെളിപ്പാടല്ല സങ്കീർത്തനം 2:7 എന്ന് മനസ്സിലാക്കാൻ ഇനിയും തെളിവുകൾ തരാം:

യേശുവിൻ്റെ കന്യകാജനനത്തോടുള്ള ബന്ധത്തിൽ സുവിശേഷകന്മാരാരും സങ്കീർത്തനം 2:7 ഉദ്ധരിച്ചിട്ടില്ല. ജഡത്തിലുള്ള വെളിപ്പാടിനെ കുറിക്കാൻ യെശയ്യാ പ്രവചനമാണ് ഉദ്ധരിക്കുന്നത്. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്താ, 1:22; യെശ, 7:14. ഒ.നോ: യെശ, 9:6). യെശയ്യാവ് 9:6-ൽ പറയുന്നത്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നാണ്; അല്ലാതെ, “യഹോവയ്ക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; യഹോവയ്ക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു” എന്നല്ല പറയുന്നത്. ദൈവം ത്രിത്വമാണെന്നും യഹോവയുടെ പുത്രനാണ് സൃഷ്ടിയാണ് ക്രിസ്തുവെന്നൊക്കെ പഠിപ്പിക്കുന്നവർ ബോധപൂർവ്വം വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. സങ്കീർത്തനം 2:7 കന്യകാജനനത്തോടു ബന്ധപ്പെടുത്തി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, മറിയ ഗർഭിണിയായത് പരിശുദ്ധാത്മാവിലാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18. ഒ.നോ: മത്താ, 1:20; ലൂക്കൊ, 1:35). യേശു യഹോവയാൽ ജനിപ്പിക്കപ്പെട്ട പുത്രനാണെന്ന് സ്ഥാപിക്കാൻ കഴിയില്ല; ആ വാക്യം ചീറ്റിപ്പോയി. വേണമെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പുത്രനാണെന്നു സ്ഥാപിക്കാം. യേശുവിനെ ദൈവപുത്രനെന്നു വിളിച്ചിരിക്കുന്ന കാരണത്താൽ, യേശു യഹോവയുടെ മാത്രം പുത്രനാണെന്ന് അതിനാൽ സ്ഥാപിക്കാൻ കഴിയില്ല. ഒന്നാമത്; ത്രിത്വപ്രകാരം പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളും ദൈവവുമാണ്. ‘ദൈവത്തിൻ്റെ പുത്രൻ’ എന്നതിലെ ദൈവം യഹോവതന്നെ ആകണമെന്ന് യാതൊരു നിർബ്ബന്ധവുമില്ല; പരിശുദ്ധാവും ദൈവമാണ്; പുത്രൻ തന്നെയും ദൈവമാണ്. രണ്ടാമത്; യഹോവ പിതാവായിരിക്കുന്നതു പോലെ ക്രിസ്തുവിൻ്റെ ജനനത്തിൽ പരിശുദ്ധാത്മാവും പിതാവാണ്. മാത്രമല്ല, പുത്രനെയും നിത്യപിതാവെന്ന് വിളിച്ചിട്ടുണ്ട്. (യെശ, 9:6. ഒ.നോ: യോഹ, 14:7-9; എബ്രാ, 2:14,15). നിത്യപിതാവിൻ്റെ പിതാവാണ് യഹോവയെന്ന് പറഞ്ഞാൽ അതിനേക്കാൾ വലിയ അബദ്ധമെന്താണ്? മൂന്നാമത്; ദൈവപുത്രനെന്ന് മാത്രമല്ല യേശുവിനെ വിളിച്ചിട്ടുള്ളത്. മനുഷ്യപുത്രൻ (മത്താ, 8:20), അബ്രാഹാമിൻ്റെ പുത്രൻ (ഗലാ, 3:16), ദാവീദുപുത്രൻ (മർക്കൊ, 10:48), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ മകൻ (യോഹ, 1:45), യിസ്ഹാക്കിൻ്റെ പുത്രൻ (ഈല്പ, 26:5; ഗലാ, 3:16), യാക്കോബിൻ്റെ പുത്രൻ (ഉല്പ, 28:14; ഗലാ, 3:16), യിസ്രായേലിൻ്റെ പുത്രൻ (മീഖാ 5:2) തുടങ്ങിയവ. അപ്പോൾ പുത്രനെന്ന പ്രയോഗത്താൽ ക്രിസ്തു ജനിപ്പിക്കപ്പെട്ടവനെന്നോ, സൃഷ്ടിക്കപ്പെട്ടവനെന്നോ സ്ഥാപിക്കാൻ യാതൊരു നിർവ്വാഹവുമില്ല. പ്രത്യുത, പുത്രനെന്നത് സ്ഥാനനാമം മാത്രമാണ്. പിതാവെന്നത് എപ്രകാരം ഏകസത്യദൈവത്തിൻ്റെ പദവിയായിരിക്കുന്നുവോ, അപ്രകാരമുള്ള പദവികളാണ് പുത്രനും പരിശുദ്ധാത്മാവും. അഥവാ, യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടത്.

ഇനിയും തെളിവുകൾ തരാം: പുത്രൻ: “യിസ്രായേൽ എന്റെ പുത്രൻ” (പുറ, 4:22) എന്നു യഹോവ പറയുന്നുണ്ട്. അബ്രാഹാമിനെ യഹോവ വിളിച്ചു വേർതിരിച്ചുവെന്നല്ലാതെ, യിസ്രായേലിനെ യഹോവ ജനിപ്പിച്ചുവെന്നോ, സൃഷ്ടിച്ചുവെന്നോ ആരെങ്കിലും പറയുമോ? 2ശമൂവേൽ 7:14-ൽ “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നു യഹോവ പറയുന്നത്, ശലോമോനെ കുറിച്ചാണ്. യഹോവ ശലോമോനെ താൻ മകനായി വേർതിരിച്ചു എന്നല്ലാതെ ജനിപ്പിച്ചുവെന്നോ, സൃഷ്ടിച്ചുവെന്നോ ആരും പറയില്ല. ആദ്യജാതൻ: “യിസ്രായേൽ എന്റെ ആദ്യജാതൻ” (പുറ, 4:22); പറയുന്നെങ്കിൽ ആദാമാണ് എൻ്റെ ആദ്യജാതനെന്നല്ലേ പറയാൻ കഴിയു; യിസ്രായേലെങ്ങനെ ആദ്യജാതനാകും? “ഞാൻ അവനെ (ദാവീദ്) ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.” (സങ്കീ, 89:27). ദാവീദ് ആദ്യജാതനെന്നല്ല; ആദ്യജാതനാക്കുമെന്നാണ്; അതൊരു പദവിയാണെന്ന് വ്യക്തമല്ലേ? “ഞാൻ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.” (യിരെ, 31:9). എഫ്രയീം അപ്പനായ യോസേഫിൻ്റെപോലും ആദ്യജാതനല്ല; പിന്നെങ്ങനെ ദൈവത്തിൻ്റെ ആദ്യജാതനാകും? ഏകജാതൻ: ഏകജാതനെന്ന പ്രയോഗം മനുഷ്യപുത്രനായ യേശുവിൻ്റെ നിസ്തുലജനനത്തെ കുറിക്കുന്നതാണ്. സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവനായി ജഡത്തിൽ വന്നതുകൊണ്ടാണ് ഏകജാതനെന്ന് വിളിക്കുന്നത്. (എബ്രാ, 2:14,15). ഇനി, ജനനവാദികളും സൃഷ്ടിവാദികളും പറയുന്നതു പോലെ, യേശുവിനെ ജനിപ്പിക്കുകയോ, സൃഷ്ടിക്കുകയോ ചെയ്തതാണെങ്കിൽ ദാവീദിനെയോ, ശലോമോനെയോ നിഴലാക്കി പറയേണ്ട ആവശ്യമെന്താണ്; നേരിട്ടത് പറയാമല്ലോ? അതിലും രസകരമായ ഒരു വസ്തുതകൂടിയുണ്ട്: യേശുവിനെ ദൈവത്തിൻ്റെ ഏകജാതനെന്നു അഞ്ചുപ്രാവശ്യവും ആദ്യജാതനെന്നു അഞ്ചുപ്രാവശ്യവും പറഞ്ഞിട്ടുണ്ട്. ഏകജാതനെ ‘ദൈവത്തിൻ്റെ ഒരേയൊരു പുത്രൻ’ എന്ന അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ ആദ്യജാതനെയും അക്ഷരാത്ഥത്തിൽത്തന്നെ മനസ്സിലാക്കേണ്ടേ? ഒരാൾക്കെങ്ങനെ മറ്റൊരാളുടെ ഏകജാതനും ആദ്യജാതനുമാകാൻ കഴിയും? നമുക്കു തോന്നിയതുപോലെ ബൈബിൾ വ്യാഖ്യാനിച്ചാൽ മതിയാകുമോ?

ഇനിയുമുണ്ട് തെളിവ്: മത്തായി സുവിശേഷത്തിൽ യേശു കന്യകമറിയത്തിൽ ജനിച്ചശേഷം വിദ്വാന്മാർ പൈതലിനെ കാണാൻ വരുന്നുണ്ട്. അവരുടെ ചോദ്യം പ്രസക്തമാണ്: “യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.” (2:2). ഒരു രക്ഷകൻ ശിശുവായി ജനിക്കുന്നതിനെക്കുറിച്ച് പഴയനിയമത്തിൽ പ്രവചനമുണ്ട്. (യെശ, 9:6; 7:14). രാജാധികാരം യെഹൂദയ്ക്ക് ആയിരിക്കുമെന്നും (ഉല്പ, 49:10), ‘യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും’ (സംഖ്യാ, 24:17) എന്നും പ്രവചനമുണ്ട്. മറ്റൊന്ന്; യഹോവ നിത്യദൈവവും (ഉല്പ, 21:33; യെശ, 40:28), ശാശ്വതരാജാവും (യിരെ, 10:10), അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും (ദാനീ, 4:3) ആകയാൽ; ഏതർത്ഥത്തിലായാലും യഹോവയ്ക്കൊരു പുത്രൻ ജനിച്ചാൽ അത് രാജാവായിരിക്കില്ല; രാജകുമാരനായിരിക്കും. അപ്പോൾ ശിശുവായി ജനിച്ച രാജാവാരാണ്; നിത്യരാജാവായ യഹോവയാണ്. (സങ്കീ, 145:13). മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) യഹോവതന്നെ പുത്രനെന്ന പദവിയിൽ മനുഷ്യനായി മറിയയുടെ ഉദരത്തിലുടെ ജനിക്കുകയായിരുന്നു.

ജഡത്തിൽ വെളിപ്പെട്ടുവന്നത് ആരാണെന്നു നോക്കിയാൽ ബാക്കികൂടി വ്യക്തമാകും:

യോസേഫ് മറിയയെ ഗൂഢമായി ഉപേക്ഷിക്കുവാൻ ഭാവിച്ചപ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി പറഞ്ഞത്; “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). ‘‘അവൻ തൻ്റെ ജനത്തെ’’ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും. യിസ്രായേൽ ആരുടെ ജനമാണ്? യഹോവുടെ ജനം. (പുറ, 11:29; സംഖ്യാ, 16:41; ആവ, 27:9; 2ശമൂ, 6:29; 2രാജാ, 9:6; 11:17). അപ്പോൾ, അവരെ പാപങ്ങളിൽനിന്നു രക്ഷിക്കാൻ മനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടുവന്നിരിക്കുന്നവൻ ആരാണ്? യിസ്രായേലിൻ്റെ രക്ഷകനായ യഹോവ. (1തിമൊ, 3:15-16. ഒ.നോ: യോഹ, 1:1; 20:28; ഫിലി, 2:6-8; എബ്രാ, 2:14-15). “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11; 45:21; ഹോശേ, 13:5. ഒ.നോ: 2ശമൂ, 22:3; സങ്കീ, 102:23; യെശ, 45:15; 49:26; 63:8).

സ്നാപകൻ്റെ ജനനത്തെക്കുറിച്ചു ദൂതൻ സെഖര്യാവിനോടു പറയുമ്പോൾ; “അവൻ (യോഹന്നാൻ) യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിൻ്റെ (യഹോവ) അടുക്കലേക്കു തിരിച്ചുവരുത്തും. അവൻ (യോഹന്നാൻ) അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നു (യഹോവ) വേണ്ടി ഒരുക്കുവാൻ അവന്നു (യഹോവ) മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.” (ലൂക്കൊ, 1:16-17). മേല്പറഞ്ഞ മൂന്നു കർത്താവും യഹോവയാണ്. യോഹന്നാൻ യഹോവയുടെ മുമ്പാകെ നടന്നാണ് യിസ്രായേൽ ജനത്തെ ഒരുക്കേണ്ടതും അവൻ്റെ അടുക്കലേക്കു തിരിച്ചുവരുത്തേണ്ടതും. എന്നാൽ യോഹന്നാൻ ആരുടെ മുമ്പേയാണ് നടന്നത്? കർത്താവായ യേശുവിൻ്റെ. അപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ ജഡത്തിൽ വെളിപ്പട്ടതാരാണ്? ദൈവമായ യഹോവ. (യോഹ, 1:1; 20:28; ഫിലി, 2:6-8; 1തിമൊ, 3:16-17; എബ്രാ, 2:14-15). “അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ‍, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ‍ അന്നു അറിയും. ……… യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർ‍ അഭിമുഖമായി കാണും.” (യെശ, 52:6-8).

യോഹന്നാൻ്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്കയും.” (ലൂക്കോസ് 1:67-68). യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തത്; അവൻ്റെ പുത്രൻ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണോ? അല്ല. ‘’അവൻ (യഹോവ) തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്തതാരാണ്? കർത്താവായ യേശുക്രിസ്തു. യഹോവയായ ദൈവമായിരുന്നവൻ (യോഹ, 1:1) ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തുകൊണ്ട് (യോഹ, 1:14) സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. (എബ്രാ, 9:12). “മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.” (യെശ, 35:4). നമ്മെ വന്ന് രക്ഷിച്ചതാരാണ്? കർത്താവായ യേശുക്രിസ്തു. (യോഹ, 1:1; 14; 20:28; ഫിലി, 2:6-8; 1തിമൊ, 3:15-16; എബ്രാ, 2:14-15).

യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് ദൈവാലയത്തിൽ നിന്ന് മടങ്ങിപ്പോകുമ്പോൾ യെശയ്യാവിൻ്റെ പ്രവചനത്തിലെ രണ്ട് വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകൻ പറഞ്ഞ വചനം നിവൃത്തിയാവാൻ ഇടവന്നു. അവർക്കു വിശ്വസിപ്പാൻ കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: അവർ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താൻ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവൻ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:38-41; യെശ, 53:1; 6:10;). യെശയ്യാവ് കണ്ട തേജസ്സ് യഹോവയുടേതാണ്. (യെശ, 6:1-5). എന്നാൽ യോഹന്നാൻ പറയുന്നത് യേശുവിൻ്റെ മഹത്വമാണ് ദർശിച്ചതെന്നാണ്. സത്യവേദപുസ്തകം നൂതന പരിഭാഷയിൽനിന്ന് വ്യക്തമായി മനസ്സിലാക്കാം: “യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണ് ചെയ്തത്.” ഈ വേദഭാഗങ്ങളും നോക്കുക: (യെശ, 40:3; മലാ, 3:1 = (മത്താ, 3:3; മർക്കൊ, 1:2,3; ലൂക്കൊ, 3:4,5); (യെശ, 25:8,9 = എബ്രാ, 2:14,15); (യെശ, 35:4-6 = മത്താ, 11:3-6; ലൂക്കൊ, 7:20-23); (സെഖ, 9:14 = 1തെസ്സ, 4:16); (യെശ, 14:4 = പ്രവൃ, 1:10,11); (യെശ, 52:8 = യോഹ, 1:14, 18; 1യോഹ, 1:1,2).

ക്രിസ്തുവിനെ ആദ്യജാതനെന്ന് വിളിച്ചിരിക്കുന്ന വേദഭാഗങ്ങളും പുനത്ഥാനത്തോടുള്ള ബന്ധത്തിലാണ്:

“സർവ്വസൃഷ്ടിക്കും ആദ്യജാതൻ” (കൊലൊ, 1:15): സർവ്വജ്ഞനായ ദൈവം തൻ്റെ സൃഷ്ടിയായ മനുഷ്യൻ പാപത്തിൽ വീഴുമെന്നും, അവൻ്റെ പാപത്തിനു പരിഹാരം വരുത്താൻ താൻതന്നെ മശീഹായായി വെളിപ്പെടണമെന്നുള്ള മുന്നറിവിനാലാണ് (ഉല്പ, 3:15); തന്നിൽത്തന്നെ ക്രിസ്തുവിനെ (അഭിഷിക്തനായ മനുഷ്യൻ) ആദ്യജാതനായി കണ്ട് അവനിലൂടെ രക്ഷപ്രാപിക്കാനുള്ള അനന്തരജാതന്മാരെ ലോകസ്ഥാപനത്തിനു മുമ്പേ തിരഞ്ഞെടുത്തത്. (എഫെ, 1:4). തന്മൂലം, സൃഷ്ടാവും പരിപാലകനുമായ ദൈവംതന്നെ (എബ്രാ, 1:8-10) രക്ഷിതാവായ കർത്താവും (പ്രവൃ, 4:12) സകലസൃഷ്ടിക്കും ആദ്യജാതനായ ക്രിസ്തുവും. (കൊലൊ, 1:15). മാത്രമല്ല, സകലവും തനിക്കായിട്ടും (കൊലോ, 1:16) താൻ മുഖാന്തരവും സൃഷ്ടിക്കപ്പെടുകയും (യോഹ, 1:3) സർവ്വത്തിനും മുമ്പേയുള്ളവനും; സകലത്തിനും ആധാരവുമായിരിക്കുന്നു. (കൊലൊ, 1:17). ഇവിടെ സൃഷ്ടികളെയെല്ലാം തൻ്റെ പുനരുത്ഥാനത്താൽ ഉദ്ധരിക്കുന്നവനെന്ന നിലയിലാണ് ക്രിസ്തു ആദ്യജാതനാകുന്നത്. (റോമ, 8:22). ദൈവത്തിൻ്റെ മുന്നറിവ്, മൻനിർണ്ണയം, മുന്നിയമനം, വിളി, തിരഞ്ഞെടുപ്പ് തുടങ്ങിയവ തൻ്റെ സർവ്വജ്ഞാനത്താൽ ഉള്ളവയാണ്. (യെശ, 46:10; എബ്രാ, 4:13).

“സഹോദരന്മാരിൽ ആദ്യജാതൻ” (8:29); ക്രിസ്തു തൻ്റെ രക്ഷാകരപ്രവൃത്തിയാൽ വീണ്ടെടുക്കപ്പെട്ട എല്ലാ ദൈവമക്കളുടേയും മൂത്ത ജേഷ്ഠനെന്ന നിലയിൽ ദൈവത്തിൻ്റെ ആദ്യജാതനാണ്. പുനരുത്ഥാനത്താലാണ് ക്രിസ്തു ആദ്യജാതനായത്. (1കൊരി, 15:20-22).

“മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവൻ” (കൊലൊ, 1:18; വെളി, 1:5); മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റവൻ എന്നനിലയിൽ ക്രിസ്തു ദൈവത്തിൻ്റെ ആദ്യജാതനാണ്.

“ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ” (എബ്രാ, 1:6); തൻ്റെ പുനരുത്ഥാനത്താൽ സർവ്വമഹത്വത്തിനും യോഗ്യനായ (മത്താ, 28:19) രാജാവെന്ന നിലയിൽ ക്രിസ്തു ആദ്യജാതനാണ്. (എബ്രാ, 1:8,9). മേല്പറഞ്ഞ വാക്യങ്ങളിലൊക്കെ ആദ്യജാതനെ ആദ്യപുത്രനോ, ആദ്യസൃഷ്ടിയോ ആക്കിയാൽ എങ്ങനെയിരികും? ബൈബിൾ സ്വന്തയിഷ്ടപ്രകാരം തോന്നിയപോലെ വ്യാഖ്യാനിച്ചാൽ മതിയോ? ലോകത്തിൻ്റെ മുഴുവൻ പാപം ചുമന്നൊഴിച്ചുകളയാൻ ഒരടിമയെപ്പൊലെ മണ്ണിൽ വെളിപ്പെട്ടവൻ സൗരഭ്യവാസനയായ് ദൈവത്തിന് തന്നെത്തന്നെ അർപ്പിച്ചതുകൊണ്ട്, സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരം പ്രാപിച്ചവനായി ഉയിർത്തെഴുന്നേറ്റതിനാലാണ് ദൈവത്തിൻ്റെ ആദ്യജാതനായത്. അനേകം പുത്രന്മാരെ തേജസ്സിലേക്ക് നടത്തുകയായിരുന്നു ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ ലക്ഷ്യം. (എബ്രാ, 2:10). പുനരുത്ഥാനത്തിൽ ആദ്യനായ ക്രിസ്തു മുഖാന്തരമാണ് വിശ്വാസികളൊക്കെ ദൈവത്തിൻ്റെ മക്കൾ അഥവാ അനന്തരജാതന്മാർ ആയതും, ക്രിസ്തു വിശ്വാസികളുടെ മൂത്ത സഹോദരനായതും. പുനരുത്ഥാന നിരയെക്കുറിച്ച് പൗലൊസ് പറയുന്നതും നോക്കുക. (1കൊരി, 15:20, 15:23). പുതിയനിയമത്തിൽ സങ്കീർത്തനം 2:7-ൻ്റെ നിവൃത്തി ക്രിസ്തുവിൻ്റെ കന്യകാജനനത്തിലൂടെയല്ല നിവൃത്തിയാകുന്നത്; പ്രത്യുത, പുനരുത്ഥാനത്തോടും, പൗരോഹിത്യത്തോടും, രാജകീയ അഭിഷേകത്തോടും ബന്ധപ്പെട്ടാണ്. അതായത്, രണ്ടാം സങ്കീർത്തനത്തിലെ ‘ജനനം’ ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തെ കുറിക്കുന്ന ജനനമാണ്.

യേശു ദൈവത്തിൻ്റെ സൃഷ്ടിയാണെന്നു വരുത്തീർക്കാൻ മറ്റൊരു വാക്യമുള്ളത്; “വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു.” (വെളി, 3:14). ”ദൈവസൃഷ്ടിയുടെ ആരംഭം” എന്നു പറഞ്ഞാൽ, ദൈവം ആദ്യമായി യേശുവിനെ സൃഷ്ടിച്ചുവെന്നാണോ? ”യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭം” (സങ്കീ, 111:10; സദൃ, 1:7) എന്നു പറഞ്ഞാൽ; ”യഹോവഭക്തി ജ്ഞാനത്തിൻ്റെ തുടക്കം” എന്നല്ലല്ലോ; ”യഹോവഭക്തി ജ്ഞാനത്തിനാധാരം അഥവാ, ജ്ഞാനത്തിനു കാരണം” എന്നല്ലേ? ഒരു ഭക്തനോട് ഒരാൾ ചോദിച്ചുവെന്നിരിക്കട്ടെ; “നിനക്കിത്രയും ജ്ഞാനം എവിടുന്ന് കിട്ടി. ഭക്തൻ: ദൈവത്തോടുള്ള ഭക്തിയാണ് എൻ്റെ ജ്ഞാനത്തിനു കാരണം അഥവാ ആധാരം എന്നല്ലേ പറയുക.” Beginning എന്ന പദത്തിനു ആരംഭം, തുടക്കം, ഉത്ഭവം, മൂലം, ആദികാരണം, മൂലാധാരം എന്നൊക്കെ അർത്ഥമുണ്ട്. മറ്റു പരിഭാഷകൾ നോക്കാം:

The Source of The Creation of God. (Aramaic Bible in Plain English)

The Chief of the creation of God. (Literal Standard Version)

The ruler of God’s creation. (New International Version)

The Originator of God’s creation. (Berean Study Bible)

The Head of God’s creation. (New Heart English Bible)

Highest ruler of God’s creation. (Free Bible Version)

I am the one by whom God created all things. (Translation for translators)

മേല്പറഞ്ഞ പരിഭാഷയിലൊക്കെ ആരംഭമെന്നാണോ അർത്ഥം. “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” (യോഹ, 1:3). “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങളാകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊ, 1:16,17).

മനുഷ്യനായി ഭൂമിയിൽ വന്നവൻ ആരാണെന്ന് മനസ്സിലാക്കാൻ മറ്റൊരു തെളിവുകൂടി തരാം: യഹോവയുടെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് മനഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:26,27). എന്നാൽ പൗലൊസ് പറയുന്നു: ആദാം വരുവാനുള്ളവനായ ക്രിസ്തുവിൻ്റെ പ്രതിരൂപമാണ്. (റോമ, 5:14). പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തിയ മനുഷ്യർ ക്രിസ്തുവിൻ്റെ സ്വരൂപത്തോട് അനുരൂപരാകാനാണ് അവനെ ആദ്യജാതനായി മുന്നിയമിച്ചത്. (റോമ, 8:29). യഹോവയാണ് ആദാമിനെ സൃഷ്ടിച്ചതെന്ന് പഴയനിയമം പറയുന്നു. ആദാമിന് ജഡത്തിൽ വെളിപ്പെട്ട ക്രിസ്തുവിൻ്റെ സ്വരൂപമാണെന്നും, ദൈവമക്കൾ ക്രിസ്തുവിൻ്റെ സ്വരൂപത്തോടാണ് അനുരൂപരാകേണ്ടതെന്നും പുതിയനിയമവും പറയുന്നു. അപ്പോൾ ജഡത്തിൽ വെളിപ്പെട്ടതാരാണ്; യഹോവയായ ദൈവം. “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.” (കൊലൊ, 3:10).

ദൈവം യേശുവിനെ ജനിപ്പിച്ചതാണെന്നും, സൃഷ്ടിച്ചതാണെന്നും പറഞ്ഞ് ആരുമിനി മഞ്ഞുകൊള്ളണ്ട. യേശുവിനെ ജനിച്ചവനും, സൃഷ്ടിക്കപ്പെട്ടവനുമാക്കാനുള്ള സാത്താൻ്റെ വെള്ളമങ്ങ് വാങ്ങിവെച്ചോണ്ടാൽ മതി; അത് ദൈവമക്കളുടെ അടുക്കൽ ഇനി ചിലവാകില്ല. ”സർവ്വകാലങ്ങൾക്കുമുമ്പേ പിതാവിൽനിന്നു ജനിച്ചു, പിതാവിൻ്റെ സൃഷ്ടിയാണു” തുടങ്ങിയവയൊക്കെ കൂറേക്കാലമായി കേൾക്കുന്നു. ദൈവശാസ്ത്രം വെട്ടിവിഴുങ്ങിയിട്ട് വായിൽതോന്നിയതൊക്കെ വിളിച്ചു പറഞ്ഞാൽ ഇനിയാരും വിശ്വസിക്കാൻ പോകുന്നില്ല; ദൈവമക്കൾ ദൈവത്തിൻ്റെ വചനത്തിൽനിന്നു കാര്യങ്ങൾ മനസ്സിലാക്കി. പലരും അപ്പൊസ്തലന്മാരേക്കാൾ വലിയ പണ്ഡിതന്മാരാണെന്നാണ് ഭാവം. പുതിയനിയമ എഴുത്തുകാർ എഴുതിവെച്ചിരിക്കുന്നതിനെ പുച്ഛിച്ചുകൊണ്ടാണ് സ്വന്തവ്യാഖ്യാനം ബൈബിളിൽ തിരുകിക്കയറ്റാൻ ശ്രമിക്കുന്നത്. ഇനി ആ പരിപ്പ് വേവില്ല. “അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ‍, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ‍ അന്നു അറിയും.” (യെശ, 52:6). യേശു ഏകസത്യദൈവമാണെന്ന് ദൈവാത്മാവുള്ളവർ ദൈവവചനത്തിൽനിന്നു അറിഞ്ഞുകഴിഞ്ഞു. യേശുവിനെ ആറിഞ്ഞവർക്കായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *