ദൈവസൃഷ്ടിയുടെ ആരംഭം
“ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളിപ്പാട് 3:14)
‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു ക്രിസ്തുവിനെ പറഞ്ഞിരിക്കയാൽ അവൻ ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് യഹോവാസാക്ഷികൾ വിചാരിക്കുന്നു. ത്രിത്വവിശ്വാസികൾ ക്രിസ്തു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറയുമ്പോൾത്തന്നെ, സർവ്വലോകങ്ങൾക്കും മുമ്പെ അവൻ പിതാവിൽനിന്നു ജനിച്ചവനാണെന്ന് വിശ്വസിക്കുന്നു. എന്നിട്ട്, ജനിപ്പിച്ചുവെന്നു പറഞ്ഞാൽ സൃഷ്ടിച്ചുവെന്ന് അർത്ഥമില്ലെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ‘ജനിക്കുക’ എന്നുപറഞ്ഞാൽ; ‘ശൂന്യതയിൽനിന്നു ഉളവാക്കി’ എന്നു അർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ബൈബൾ പ്രകാരവും ലോകപ്രകാരവും, സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും ജനിപ്പിച്ചുവെന്നു പറഞ്ഞാലും, ആരംഭമുള്ളവനെന്നാണ് അർത്ഥം. സൃഷ്ടിച്ചപ്പോൾ ദൈവം തൻ്റെ സാദൃശ്യത്തിൽ ആദാമിനെ സൗഷ്ടിച്ചു; ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ ശേത്തിനെ ജനിപ്പിച്ചു: (ഉല്പ, 5:1,3). തമ്മിലെന്ത് വ്യത്യാസമാണുള്ളത്? സൃഷ്ടിക്കപ്പെടന്നതിന് മുമ്പ് സൃഷ്ടിയും, ജനിപ്പിക്കപ്പെടുന്നതിന് മുമ്പ് ജനിച്ചവനും ഇല്ലായിരുന്നു. അതായത്, സൃഷ്ടിയായാലും ജനിച്ചവനാണെങ്കിലും രണ്ടുകൂട്ടരുടെയും ഉപദേശപ്രകാരം ക്രിസ്തു ആരംഭമുള്ളവനാണ്. അതിനാൽ, “യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നാണ് രണ്ടുപേരുടെയും ഉപദേശം. എന്നാൽ, “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ” എന്നാണ് ബൈബിൾ പറയുന്നത്: (എബ്രാ, 13:8). അപ്പോൾ, സൃഷ്ടിവാദികളും ജനനവാദികളും ഒരേ തൂവൽപ്പക്ഷികളും, ബൈബിൾവിരുദ്ധ ഉപദേശകരുമാണെന്ന് മനസ്സിലാക്കാം. [കാണുക: നിഖ്യാവിശ്വാസപ്രമാണം]
ആരംഭം: ആർഖി (arche – beginning) എന്ന ഗ്രീക്കു പദം അറുപതോളം പ്രാവശ്യമുണ്ട്. ആദി, ആരംഭം, തുടക്കം, മൂലം, മൂലകാരണം, മൂലാധാരം എന്നൊക്കെ പദത്തിന് അർത്ഥമുണ്ട്. സത്യവേദപുസ്തകത്തിൽ ആദി (മത്താ, 19:4; 19:18), ആരംഭം (24:8; 24:29), അധികാരം (ലൂക്കൊ, 12:12; 20:20), കോണ് (പ്രവൃ, 10:11) പൂർവ്വകാലം (എബ്രാ, 1:10), ആദ്യം (എബ്രാ, 3:14; 5:12), അല്ഫ (വെളി, 1:8; 21:6) എന്നിങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു.
സൃഷ്ടിയുടെ ആരംഭം: “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:” (വെളി, 3:14). ഭാഷയുടെ വ്യാകരണ നിയമപ്രകാരം “സൃഷ്ടിയുടെ ആരംഭം” എന്നത് ആദ്യത്തെ സൃഷ്ടിയാണെന്ന് അർത്ഥമില്ല; എന്തെന്നാൽ ക്രിയ ബഹുവചനം ആയാലാണ് ആരംഭമെന്ന പദത്തിന് “ഒന്നാമത്തേതു, ആദ്യത്തേതു” എന്നർത്ഥം വരുന്നത്. അല്ലെങ്കിൽ സൃഷ്ടിക്ക് “കാരണം” എന്നാണ് അർത്ഥം വരുന്നത്. അതായത്, “ദൈവസൃഷ്ടികളുടെ ആരംഭം” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; സൃഷ്ടികളിൽ ഒന്നാമത്തെ അഥവാ ആദ്യത്തെ സൃഷ്ടിയെന്ന് അർത്ഥം വരും. ഉദാഹരണം: “അടയാളങ്ങളുടെ ആരംഭം” എന്ന് യോഹന്നാൻ പറഞ്ഞിരിക്കുന്നത് നോക്കുക. (2:12). അവിടെ, ‘അടയാളങ്ങൾ’ എന്ന ക്രിയ ബഹുവചനം ആയതുകൊണ്ടാണ് “ആരംഭം” എന്ന പ്രയോഗത്തിനു ആദ്യത്തെ അടയാളമെന്ന് അർത്ഥം വരുന്നത്. യേശു ചെയ്ത അനേക അടയാളങ്ങളിൽ ആദ്യത്തേതാണല്ലോ കാനാവിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ അത്ഭുതം. (യോഹ, 2:6-11). ഏകവചനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്യം കാണുക: “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.’ (സദൃ, 1:7). ഇവിടെ, യഹോവാഭക്തി ജ്ഞാനത്തിൽ ഒന്നാമത്തേതെന്നോ, ആദ്യത്തേത് എന്നൊന്നുമല്ലല്ലോ അർത്ഥം; ഭക്തൻ്റെ ജ്ഞാനത്തിനു കാരണം യഹോവാഭക്തിയാണ്. ഗ്രീക്കിൽ സൃഷ്ടിയെ കുറിക്കുന്ന ക്റ്റിസിയൊസ് (ktiseos – creation, creature) ഏകവചനമാണ്. മറ്റൊരുദാഹരണം: “സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.” (മർക്കൊ, 10:6). ഇവിടെയും ക്രിയ ഏകവചനമാണ്. സൃഷ്ടികളിൽ ആദ്യമായി മനുഷ്യനെയല്ല സൃഷ്ടിച്ചത്; എല്ലാ സൃഷ്ടികൾക്കും അവസാനമാണ് മനുഷ്യനെ സൃഷ്ടിച്ചത്. “സൃഷ്ടികളുടെ ആരംഭത്തിൽ അവരെ ആണും പെണ്ണുമായി ഉണ്ടാക്കി” എന്നു ബഹുവചനത്തിൽ പറഞ്ഞാൽ; ആദാമിനെയും ഹവ്വയെയുമാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് അർത്ഥം വരും; അത് വാസ്തവം അല്ലാത്തതിനാലാണ് “സൃഷ്ടിയുടെ ആരംഭം” എന്ന ഏകവചനം പറഞ്ഞിരിക്കുന്നത്. ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം, ക്റ്റിസ്മ (ktisma – creatures) ആണ്. ബഹുവചനത്തിന് തെളിവു കാണുക: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18. ഒ.നോ: വെളി, 8:9). “അവന്‍ സൃഷ്ടിച്ച എല്ലാറ്റിനെക്കാളും നമുക്കു പ്രാധാന്യം ഉണ്ടാക്കുവാന്‍ അവനാഗ്രഹിച്ചു” എന്നാണ് ഈ.ആർ.വി. പരിഭാഷ. ഇവിടെ “സൃഷ്ടികൾ” എന്ന ബഹുവചനം നോക്കുക: വീണ്ടുംജനിച്ചവർ സൃഷ്ടിക്ക് കാരണമല്ല; സൃഷ്ടികളിൽ ആദ്യസ്ഥാനം അഥവാ ഒന്നാമത്തേത് ആകാൻ വേണ്ടിയാണ് വീണ്ടും ജനിപ്പിച്ചിരിക്കുന്നത്. അതിനാൽ, ‘ദൈവസൃഷ്ടിയുടെ ആരംഭം’ എന്നു പറഞ്ഞാൽ; ദൈവസൃഷ്ടിക്ക് കാരണം, മൂലാധാരം എന്നൊക്കെയാണ് അർത്ഥം. (എബ്രാ, 1:10). ഭാഷയുടെ വ്യാകരണനിയമങ്ങളെയൊക്കെ അതിലംഘിച്ചുകൊണ്ട് ഉപദേശം ഉണ്ടാക്കുമ്പോഴാണ് ദുരുപദേശം ആകുന്നത്.
ഏകമനുഷ്യനായ യേശുക്രിസ്തുവിനെ അറിയാതെ, ഏകസത്യദൈവത്തെ ഒരാളും അറിയുമെന്ന് വിചാരിക്കരുത്. “നിന്റെ പിതാവു എവിടെ എന്നു ചോദിച്ച യെഹൂദന്മാരോട് യേശു പറഞ്ഞത്: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നാണ്: (യോഹ, 8:19). അതായത്, യേശുവെന്ന ക്രിസ്തുവിനെ അഥവാ അഭിഷാക്തനായ മനുഷ്യനെ അറിയാതെ, പിതാവായ ഏകദൈവത്തെ ആരും അറിയാൻ പോകുന്നില്ല. യേശു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് പറയുന്ന യഹോവസാക്ഷികളോടും, സർവ്വകാലങ്ങൾക്കും മുമ്പേ പിതാവിൽനിന്ന് ജനിച്ചതാണെന്ന് പറയുന്ന ത്രിത്വവിശ്വാസികളോടുമായി, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചുള്ള വസ്തുക ഇതാണ്: കന്യകയായ മറിയയിൽ ഉരുവാകുന്നതിന് മുമ്പെ, യേശു എന്നൊരു പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ഇല്ലായിരുന്നു. അനന്തരം, ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്ന് സ്വർഗ്ഗത്തിൽനിന്ന് ദൈവപിതാവ് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള, ഒരു ദൈവപുത്രനും ഇല്ലായിരുന്നു. അതായത്, കന്യകയായ മറിയ പ്രസവിച്ചത്: ദൈവത്തെയോ, ദൈവപുത്രനോ, ക്രിസ്തുവിനെയോ അല്ല; ഒരു വിശുദ്ധപ്രജയെ അഥവാ പാമറിയാത്ത ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 2കൊരി, 5:21). അനന്തരം, ആത്മാവിനാൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ (ലൂക്കൊ, 2:40,52), ഏകദേശം മുപ്പതു വയസ്സുള്ളപ്പോൾ, യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ്, യേശുവെന്ന മനുഷ്യൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; പ്രവൃ, 10:30. ഒ.നോ: ലൂക്കൊ, 4:18-21). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവനങ്ങളുടെ നിവൃത്തിയായിട്ട് ദൈവപിതാവ്, ‘ഇവൻ എൻ്റെ പ്രിയപുത്രൻ’ എന്ന് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ദൈവപുത്രനായത്: (ലൂക്കൊ, 1:32,35; 3:22). അതായത്, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും യഥാർത്ഥത്തിൽ ജനിക്കുന്നത്, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയായ മറിയത്തിൻ്റെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. പ്രവചനമെന്നാൽ, മേലാൽ അഥവാ ഭാവിയിൽ സംഭവിപ്പാനുള്ളത് എന്നാണ്. (ദാനീ, 2:45). ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്നത് ദൈവമാണ്. (യെശ, 46:10). ദൈവത്തിന് ഭോഷ്ക്ക് പറയായാൻ കഴിയില്ല. (എബ്രാ, 6:18). എന്തെന്നാൽ, വ്യാജം പറവാൻ അവൻ മനുഷ്യനല്ല. (സംഖ്യാ, 23:19). പ്രവചനംപോലെ, മുപ്പത് വർഷങ്ങൾക്കുശേഷം പ്രവചനനിവൃത്തിയായിട്ട്, ദൈവപിതാവിനാൽ പുത്രനെന്ന് വിളിക്കപ്പെട്ടവൻ, യഹോവസാക്ഷികളുടെ വിശ്വാസംപോലെ, എങ്ങനെ സർവ്വസൃഷ്ടികൾക്കും മുമ്പനായി സൃഷ്ടികൾക്കപ്പെട്ടവനാകും? ട്രിനിറ്റിയുടെ വിശ്വാസപോലെ, എങ്ങനെ സർവ്വലോകങ്ങൾക്കും മുമ്പേ ജനിച്ചവനാകും? മുമ്പേ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ദൂതൻ്റെ രണ്ട് പ്രവചനങ്ങളും യോർദ്ദാനിലെ പ്രവചനനിവൃത്തിയും നാടകമായിരുന്നോ? ജനനത്തിനു മുമ്പെ ഉണ്ടായിരുന്നത് ക്രിസ്തുവല്ല, അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ലൂക്കൊ,22:37; 24:44; യോഹ, 5:46; എബ്രാ, 10;7). അതുകൊണ്ടാണ്, പഴയനിയമ പ്രവാചകന്മാർ അവരിലുള്ള ക്രിസ്തുവിൻ്റെ അഥവാ, അഭിഷിക്തൻ്റെ ആത്മാവിനാൽ യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് ആരാഞ്ഞ് അന്വേഷിച്ചിരുന്നത്. (1പത്രൊ, 1:11). മുമ്പേയുള്ള ഒരാളെക്കുറിച്ച് ആരാഞ്ഞ് അന്വേഷിക്കേണ്ടതില്ലല്ലോ? അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയുന്നത്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും, അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം, ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു” എന്നാണ്: (1പത്രോ, 1:20). യേശുവെന്ന ക്രിസ്തു, ലോകസ്ഥാപനത്തിന് മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രോസ് പറയുന്നത്, മുന്നറിയപ്പെട്ടവൻ അഥവാ മുമ്പുകൂട്ടി അറിയപ്പെട്ടവനും, അന്ത്യകാലത്ത് വെളിപ്പെട്ടവനും (manifest) ആകുന്നു എന്നാണ്. അന്ത്യകാലത്ത് വെളിപ്പെട്ട പാപമറിയാത്ത മനുഷ്യൻ അക്ഷരാർത്ഥത്തിൽ ആദിയിൽ എങ്ങനെയുണ്ടാകും?
ഏകമനുഷ്യൻ: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് പറഞ്ഞാൽ അതിൻ്റെ അർത്ഥം, എല്ലാ മനുഷ്യരെപ്പോലെയും അവൻ കേവലം മനുഷ്യനാണെന്നല്ല; അവൻ ഏകമനുഷ്യനാണ്. ദൈവം തൻ്റെ ആദ്യസൃഷ്ടിയായ ആദാമിനെ നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചിട്ട് മൂക്കിൽ ജീവശ്വാസമൂതി ജീവനുള്ള മനുഷ്യനാക്കുകയായിരുന്നു: (ഉല്പ, 2:7). അതുപോലെ, ഏതൊരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നതും മാതാപിതാക്കളാലാണ്; അപ്പൻ്റെ ബീജവും അമ്മയുടെ അണ്ഡവും വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും ആദേയം ചെയ്തുകൊണ്ടാണ്. എന്നാൽ, ക്രിസ്തു ഭൂമിയിൽനിന്നും ഒന്നും ആദേയം ചെയ്യാതെ കന്യകയിലൂടെ മനുഷ്യനായി ലോകത്തിൽ വെളിപ്പെടുകയായിരുന്നു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും” എന്ന പ്രവചനം പോലെ (യെശ, 7:14; മത്താ, 1:22) കന്യകയായ മറിയയിലൂടെയാണ് യേശു ജനിച്ചത്: (മത്താ, 1:25). ‘കന്യക ഗർഭിണിയായി‘ എന്ന പ്രയോഗത്തിൽ, ആ സന്തതിയുടെ ജനനത്തിൽ പുരുഷന് യാതൊരു ബന്ധവുമില്ല എന്നാണ് അർത്ഥമാക്കുന്നത്. സ്ത്രീയുടെ അണ്ഡവും പുരുഷൻ്റെ ബീജവും സംയോജിക്കുമ്പോഴാണ് ഒരു കുഞ്ഞിൻ്റെ ഭ്രൂണം രൂപപ്പെടുന്നത്. പുരുഷസംസർഗ്ഗം കൂടാതെയാണ് ഒരു സ്ത്രീ പ്രസവിക്കുന്നതെങ്കിൽ, ആ സ്ത്രീയുടെ അണ്ഡവും നിഷ്ക്രിയമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. പഴയനിയമത്തിൽ ഇങ്ങനെ കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). സകല മനുഷ്യരും പാപികളായിരിക്കെ (റോമ, 3:23; 5:12), മറിയയിൽനിന്ന് ക്രിസ്തു എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവനും പാപിയാണെന്നേവരൂ. എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്; “പാപമറിയാത്തവൻ (2കൊരി, 5:21), അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നെക്കെയാണ്: (എബ്രാ, 7:26). ക്രിസ്തുവിൻ്റെ ഒരു പ്രസ്ഥാവന നോക്കുക: “സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
(ലൂക്കോ, 7:28). ക്രിസ്തു യഥാർത്ഥത്തിൽ മറിയയുടെ സന്തതിയാണെങ്കിൽ അവൻ്റെ സ്ഥാനം യോഹന്നാൻ സ്നാപകനെക്കാൾ താഴെയാണെന്ന് ഈ വാക്യം തെളിയിക്കുന്നു. എന്നാൽ യോഹന്നാൻ പറയുന്നു; അവൻ്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല: (മത്താ, 3:11). പൗലൊസ് സാമാന്യമനുഷ്യരിൽനിന്ന് ക്രിസ്തുവിനെ വേർതിരിച്ച് പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു.” (ഗലാ, 1:1,2). ആദ്യമനുഷ്യനെ ദൈവം പാപമില്ലാത്തവനായി സൃഷ്ടിച്ചുവെങ്കിലും അവൻ പാപിയായിട്ടാണ് മരിച്ചത്. ക്രിസ്തു പാപമില്ലാത്തവനായി കന്യകയിലൂടെ ലോകത്തിൽ വെളിപ്പെടുകയും പാപമറിയാത്തവനായിത്തന്നെ മരിച്ചുയിർക്കുകയുമാണ് ചെയ്തത്. അതിനാലവനെ മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത ഏകമനുഷ്യനെന്ന് ധൈര്യത്തോടെ പറയാം. ഇതും നോക്കുക: (മത്താ, 1:18, 20; ലൂക്കൊ, 1:35). എന്നാൽ ചോദ്യമിതാണ്: അവൻ പാപമറിയാത്തവനായി അന്ത്യകാലത് ലോകത്തിൽ വെളിപ്പാട്ടവനാണെങ്കിൽ, അവന് പൂർവ്വാസ്തിത്വം ഉണ്ടാകണമല്ലോ? അവൻ്റെ പൂർവ്വാസ്തിത്വം എന്താണ്? മനുഷ്യരുടെ പാപപരിഹാരാർത്ഥം അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ട യേശുവെന്ന പാപമറിയാത്ത മനുഷ്യന്, പൂർവ്വാസ്തിത്വം ഉണ്ട്. എന്നാൽ, അത് യഹോവസാക്ഷികളും ട്രിനിറ്റിയും വിശ്വസിക്കുന്നപോലെ, സൃഷ്ടിപുത്രനായിട്ടോ, ജനിച്ച പുത്രനായിട്ടോ അല്ല. പൂർവ്വാസ്തിത്വത്തിൽ അവൻ ഏകസത്യദൈവമാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16).
ദൈവഭക്തിയുടെ മർമ്മം:“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:14-16). മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ അഥവാ പ്രത്യക്ഷനായവൻ “ആരായിരുന്നു” എന്നു ദൈവഭക്തിയുടെ മർമ്മത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വേദഭാഗത്തെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിനെ ആദ്യകാല ആധുനിക ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം “God was manifest in the flesh” എന്നാണ്. Tyndale Bible (1526), Coverdale Bible (1535), Matthew’s Bible (1537), The Great Bible (1539), Bishops’ Bible of (1568), Geneva Bible of (1587), King James Version (1611). “ദൈവം മാംസത്തിലെ വെളിപ്പെട്ടാർ” എന്നു പരിശുദ്ധ വേദാഗമം (1717) തമിഴിലും “ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു ബെഞ്ചമിൻ ബെയ്‌ലി (1829, 1843, 1876) പരിഭാഷകളിലും കാണാവുന്നതാണ്: (1തിമൊ, 3:16). എന്നാൽ, ഈ പരിഭാഷകൾ പകുതി ശരിയാണെന്നല്ലാതെ, പൂർണ്ണമായും ശരിയല്ല. അങ്ങനെ നോക്കിയാൽ, സത്യവേദപുസ്തകത്തിലെ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതാണ് കൃത്യമായ പരിഭാഷ. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” ജീവനുള്ള ദൈവത്തെക്കുറിച്ചാണ് പലോസ് തിമൊഥെയോസിനോട് പറയുന്നത്. അഥവാ, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് എഴുതുന്നത്. അതായത്, പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസും തിമൊഥെയോസുമല്ല ജഡത്തിൽ വെളിപ്പെട്ടത്, “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (ലൂക്കൊ, 131-32,35; 1തിമൊ, 3:14-16). യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നു കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ, വന്ന് രക്ഷിക്കുമെന്നും, യെശയ്യാവ് പ്രവചിച്ചിരുന്നു. 25:8, 35:4. സെഖര്യാപുരോഹിതൻ അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിട്ടുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊൺ 1:68). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ട്, നീ അവന് യേശു എന്നു പേർ ഇടേണം” എന്ന് ഗബ്രിയേൽ ദൂതൻ പ്രവചിച്ചപ: (മത്താ, 1:21). അവൻ തൻ്റെ ജനത്തെ രക്ഷിക്കാൻ: യീസ്രായേൽ യഹോവയുടെ ജനമാണ്: (2രാജാ, 11:17; 1ദിന, 14:2). “മക്കൾ ജഡ രക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ, ജഡ രക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ, തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു, എന്ന് എബ്രായലേഖകൻ പറയുന്നു. (2:14,15). യേശുവിനെയാണല്ലോ യെഹൂദന്മാർ കുത്തിത്തുളച്ചത്. (യോഹ, 19:33). എന്നാൽ, അവർ കുത്തിത്തുളച്ചവനായ എങ്കലേക്ക് നോക്കുമെന്നാണ് യഹോവ പറയുന്നത്. (സെഖ, 12:10; യോഹ, 19:37). സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ല, മലയാളത്തിലെ വിശുദ്ധഗ്രന്ഥം പരിഭാഷയും ഇംഗ്ളീഷ് പരിഭാഷകളും നോക്കുക. തന്നെയാണ് കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ, യഹോവ തന്നെയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും മനുഷ്യനായി വെളിപ്പെട്ടതെന്ന് മനസ്സിലാക്കാമല്ലോ? ദൈവത്തിൻ്റെ ആത്മാവ് സ്ഫടികസ്ഫുടമായാണ് എഴുതിവെച്ചിരിക്കുന്നത്. എങ്കിലും, ദൈവം ലോകസൃഷ്ടിക്കു മുമ്പെ മനുഷ്യരുടെ തേജസ്സിനായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ, ദൈവത്തിന്റെ ഞ്ഞാാനമെന്ന ഈ മർമ്മം അഥവാ രഹസ്യം, യെഹൂദന്മാർ അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നുവെങ്കിൽ, അവർ തങ്ങളുടെ തേജസ്സിൻ്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (1കൊരിൺ 2ൻ്റെ 7,8). യെഹൂദന്മാർക്ക് അത് മർമ്മമായിരുന്നെങ്കിൽ, ആ മർമ്മം ദൈവം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് ഇന്നേക്ക് ഏകദേശം 2,000 വർഷമായി. എന്നിട്ടും, ഇന്നും അനേകർക്കും അത് യെഹൂദരപ്പോലെ മർമ്മ മായിരിക്കുകയാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.