ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തുവിന്റെ ചരിത്രപരത

ക്രിസ്തു ആരാണെന്ന് വ്യക്തമായ പരിജ്ഞാനമില്ലാതെ അനേകരും അവനെ തേജോവധം ചെയ്തുകൊണ്ട് താനൊരു സാങ്കല്പിക കഥാപാത്രമാണെന്ന് ഘോഷിച്ച് സംതൃപ്തിയടയുന്നു. ദൈവദൂഷകരും, നിരീശ്വരവാദികളും, യുക്തിവാദികളും, സാത്താൻ സേവകരും അതിൽപെടും. സുവിശേഷ കാലഘട്ടത്തിലെ ചക്രവർത്തിമാർ, രാജാക്കന്മാർ, ഇടപ്രഭുക്കന്മാർ, ദേശാധിപതിമാർ, മഹാപുരോഹിതന്മാർ, പരീശന്മാർ, ശാസ്ത്രിമാർ, സദൂക്യർ, സ്ഥലങ്ങൾ, നാണയങ്ങൾ, സംഭവങ്ങൾ, പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ തുടങ്ങിയവയെല്ലാം യേശുവിന്റെ ചരിത്രത്തിന്റെ സാക്ഷ്യങ്ങളായിരിക്കുകയും, ആളുകളൊക്കെ ജീവിച്ചിരുന്നവരാണെന്ന് ചരിത്രം തെളിയിക്കുകയും ചെയ്തിട്ടും, യേശുക്രിസ്തു മാത്രം ചരിത്രപുരുഷനല്ലായിരുന്നു എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നതിനെ നികൃഷ്ഠബുദ്ധിയെന്നേ പറയാൻ കഴിയൂ. യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്ന് വിശ്വസിച്ചുകഴിഞ്ഞാൽ, ഭൂമിയിൽ ഒരു മനുഷ്യനും വാഗ്ദാനം ചെയ്യാൻ കഴിയാത്തതും, പറയാൻ അസാദ്ധ്യവുമായ കാര്യങ്ങളെ താൻ അരുളിച്ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. ഇതവരുടെ ആത്മരക്ഷയ്ക്ക് കാരണമായി തീരുമെന്നതിനാൽ സാത്താൻ അവരുടെ കണ്ണുകളെ കുരുടാക്കിയിരിക്കുകയാണ്.

ആന്തരീക തെളിവുകൾ

ബൈബിളിൽ സുവിശേഷങ്ങളിലെ വിവരമനുസരിച്ച് റോമാ സാമ്രാജ്യത്തിലെ ചക്രവർത്തിയായ അഗസ്റ്റസ് കൈസറിന്റെ (ബി.സി. 31-എ.ഡി. 14) ഭരണകാലത്താ ണ് യേശു ജനിച്ചത്. (ലൂക്കൊ, 2:1). അത് ഹെരോദാ രാജാവിന്റെ (ബി.സി 37- 4) മരണത്തിനു മുൻപാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 2:1, 19,20). ഹെരോദാ മരിക്കുന്നത് ബി.സി 4 മാർച്ച് 13-നാണ്. ഹെരോദാവിനു ശേഷം അപ്പനേക്കാൾ ദുഷ്ടനായ മകൻ അർക്കലെയൊസ് ആയിരുന്നു യെഹൂദ്യ ഭരിച്ചത്. അതുകൊണ്ടാണ് യോസേഫും കുടുംബവും ഗലീലപ്രദേശത്തേക്ക് മാറിപ്പോയത്. (മത്താ, 2:22). യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹാപെരുന്നാളിനു പോകുമായിരുന്നു. (ലൂക്കൊ, 2:41). യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവനെയും പെരുന്നാളിനു കൊണ്ടുപോയി. (ലൂക്കൊ, 2:43). എ.ഡി. 6-ലെ പെസഹ ഏപ്രിൽ ഒന്നിനായിരുന്നു. അന്നും അവന്റെ അമ്മയപ്പന്മാർ പതിവുപോലെ പെരുന്നാളിനു പോയിരുന്നു. അർക്കലെയൊസിനെ റോം തിരികെ വിളിക്കുന്നത് അതേവർഷം (എ.ഡി. 6) ജൂണിലാണ്. അതിനടുത്തവർഷം യോസേഫും മറിയയും പെസഹാപെരുന്നാളിന് പോയപ്പോൾ ബാലനായ യേശുവിനെയും കൂട്ടി. അന്ന് യേശുവിന് പന്ത്രണ്ട് വയസ്സായിരുന്നു. (ലൂക്കൊ, 2:42). ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ യേശു ജനിച്ചു. ആബീബ് അഥവാ നീസാൻമാസം 15-നാണ് പെസഹ. ബി.സി. 6-ലെ (എ.യു.സി. 748 – എബ്രായ വർഷം 3755) പെസഹ ഏ പ്രിൽ 1-ന് ആയിരുന്നു. എ.ഡി. 7-ലെ (എ.യു.സി. 760 – എബ്രായ വർഷം 3767) പെസഹ പെരുന്നാൾ മാർച്ച് 20-നാണ്. തന്മൂലം ബി.സി. 6-ലെ വസന്തകാലത്തിന്റെ ആരംഭത്തിൽ, കൃത്യമായിപ്പറഞ്ഞാൽ, ബി.സി. 6 മാർച്ച് മാസത്തിയിരുന്നു യേശുവിന്റെ ജനനമെന്നു മനസ്സിലാക്കാം. [കൂടുതൽ വിവരങ്ങൾക്ക്, ‘ക്രിസ്തുവിന്റെ ജനനവർഷം‘ ലേഖനം. കർത്താവായ ക്രിസ്തുവിൻ്റെ ജനനവർഷം വീഡിയോ]

തിബെര്യാസ് കൈസർ ( എ.ഡി. 14-37) റോമാ ചക്രവർത്തിയും, പീലാത്തോസ് (എ.ഡി. 26-36) യെഹൂദ്യ ഗവർണ്ണറും, ഹെരോദാ അന്തിപ്പാസ് (ബി.സി 4-എ.ഡി. 39) ഗലീലയിലെ ഇടപ്രഭുവും, അവന്റെ സഹോദരനായ ഹെരോദാ ഫിലിപ്പോസ് (ബി.സി 4-എ.ഡി. 34) ഇതുര്യ, തഖോനിത്തി ദേശങ്ങളിലെ ഇടപ്രഭുവും, ലുസാന്യാസ് (ബി.സി. 5-എ.ഡി.19) അബിലേനയിലെ ഇടപ്രഭുവും, ഹന്നാവും (എ.ഡി. 6-15), കയ്യഫാവും (എ.ഡി. 18-36) മഹാപുരോഹിതന്മാരായും ഇരിക്കുംകാലം യോഹന്നാൻ ശുശ്രൂഷ ആരംഭിച്ചു. തിബെര്യാസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിലാണ് യേശുവിന്റെ മുന്നോടിയായ (മലാ, 3:1) യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷ ആരംഭിക്കുന്നത്. (ലൂക്കൊ, 3:1). തിബെര്യാസ് എ.ഡി. 14-ൽ അധികാരറ്റു. അതിന്റെ പതിനഞ്ചാമത്തെ വർഷം എ.ഡി. 29-ൽ യോഹന്നാൻ ശുശ്രൂഷ തുടങ്ങി. അനന്തരം യേശുവും സ്നാനമേറ്റ് ശുശ്രൂഷ ആരംഭിച്ചു. (ലൂക്കൊ, 3:21-23). നാല് പെസഹയെക്കുറിച്ചുള്ള വിവരം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്. തന്മൂലം യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷയുടെ കാലയളവ് മൂന്നര വർഷമായിരുന്നു എന്നും വ്യക്തമാണ്. ശബ്ബത്തിന്റെ തലേദിവസം ഒരുക്കനാളിൽ അഥവാ വെള്ളിയാഴ്ചയാണ് യേശുവിനെ ക്രൂശിച്ചതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. (യോഹ, 19:31). കൃത്യമായി പറഞ്ഞാൽ നീസാൻ പതിനഞ്ച് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ദിവസമാണ് യേശു ക്രൂശിക്കപ്പെട്ടത്. യെഹൂദന്മാർ ഈ പെരുന്നാളിനെ പെസഹയെന്നും , പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും അഭിന്നമായി വിളിച്ചിരുന്നു. (ലൂക്കൊ, 22:1,7). യെഹൂദന്മാരുടെ കലണ്ടർ പ്രകാരം എ.ഡി. 29 മുതൽ 36 വരെയുള്ള വർഷങ്ങളിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ വെള്ളിയാഴ്ച വന്നിരിക്കുന്നത് എ.ഡി. 30-നും, 33-നും മാത്രമാണ്. തന്മൂലം എ.ഡി. 29-ന് ശുശ്രൂഷ ആരംഭിച്ച യേശുക്രിസ്തു തന്റെ മൂന്നര വർഷത്തെ ശുശ്രൂഷ തികച്ചശേഷം എ.ഡി. 33 ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ക്രൂശുമരണം വരിച്ചതെന്നും സ്പഷ്ടമാണ്. 

ബൈബിളിലെ ഗലീലക്കാരനായ യേശു എന്ന പദപ്രയോഗവും (മത്താ, 26:69), നസറായനായ യേശു എന്ന പദപ്രയോഗവും (മത്താ, 26:71, മർക്കൊ, 10:47; 14:67; യോഹ, 18:5; പ്രവൃ, 2:23) പ്രത്യേകം ശ്രദ്ധേയമാണ്. യിസ്രായേലിലെ ഗലീല ജില്ലക്കാരനായ യേശുവെന്നും നസറെത്തു പട്ടണക്കാരനായ യേശുവെന്നും തെളിവായിത്തന്നെ വിളിച്ചിരിക്കുന്നു. ഗലീലയുമായും നസറെത്തുമായുള്ള യേശുവിന്റെ സജീവബന്ധം ഇതിൽനിന്നും അസന്നിഗ്ദ്ധമായി തെളിയുന്നു. 

ബാഹ്യതെളിവുകൾ

യേശു ജീവിച്ചിരുന്നു എന്നതിന് തെളിവായി ബൈബിളിനു പുറത്തു ചരിത്രരേഖകൾ ഒന്നും ഇല്ലെന്നു വിമർശകർ പറയുന്നുണ്ട്. അവരുടെ ദുർമനസ്സാക്ഷിയെക്കുറിച്ചു മുകളിൽ സൂചിപ്പിച്ചുവല്ലോ. അവർക്കുവേണ്ടിയല്ല; സത്യാന്വേഷികൾക്കു വേണ്ടി ചുരുക്കം ചിലത് ചുവടെ ചേർക്കുന്നു: റോമൻ ചക്രവർത്തി വെസ്പേഷ്യന്റെ (എ.ഡി. 69-79) ഭരണകാലത്ത്, ടൈറ്റസിന്റെ നേതൃത്വത്തിൽ എ.ഡി. 70 ആഗസ്റ്റ് 3-ന് റോമൻ സൈന്യം യെരൂശലേം കീഴടക്കി പതിനാലു ലക്ഷത്തോളം യെഹൂദന്മാരെ കൊന്നൊടുക്കി ദൈവാലയവും പട്ടണവും ചുട്ടെരിച്ചുകളഞ്ഞതും; റോമൻ ചക്രവർത്തി ഹാഡ്രിയാന്റെ ( 117-138 ) കാലത്തു ദൈവാലയ നിർമ്മാണത്തിനും വിപ്ലവത്തിനും തയ്യാറായ യെഹൂദന്മാരെ 135-ൽ നിഷ്കരുണം അടിച്ചമർത്തി യെരുശലേം വീണ്ടും ഇടിച്ചുനിരത്തി ഒരു റോമൻ നഗരിയാക്കി മാറ്റിയതും ചരിത്ര കാരന്മാരൊക്കെയും രേഖപ്പെടുത്തിയിട്ടുള്ളതാണ്. (AB Peter Schafer, The History of the Jews in Antiquity, Routledge ( 1995 ) 2013 pp.191-192. Mireille Hadas Lebel (2006). Jerusalem Against Rome. Peeters Publishers. p. 86. Flavius Josephus, The Wars of the Jews VI.9.3). അതിനുശേഷവും ഇത്രയധികം ചരിത്രത്തെളിവുകൾ അവശേഷിക്കുന്നത്, ക്രിസ്തു എന്ന ചരിത്രസത്യത്തിന്റെ നിസ്തുലത ഒന്നു മാത്രമാണ്. 

യേശുക്രിസ്തുവിന്റെ ചരിത്രപരതയെ തെളിയിക്കുന്ന അക്രൈസ്തവ എഴുത്തുകാരുടെ പുരാതനമായ സാക്ഷ്യങ്ങൾ താഴെ കൊടുക്കുന്നു. ഈ എഴുത്തുകാർ അവജ്ഞയോടെ വീക്ഷിച്ച ഒരു മതനേതാവിനെയും അയാളുടെ അനുയായികളെയും ചുറ്റിപ്പറ്റിയുളള ചരിത്രപരമായ സാധ്യത ഉയർത്തിപ്പിടിക്കേണ്ടയാവശ്യം അവർക്കില്ലാത്തതിനാൽ, അഥവാ അവർ ക്രിസ്തുമാർഗ്ഗത്തിന് എതിരായിരുന്നു എന്ന വസ്തുത അവരുടെ സാക്ഷ്യത്തെ കൂടുതൽ വിലയുറ്റതാക്കി മാറ്റുന്നു! 

ഫ്ലാവിയസ് ജോസീഫസ്: യേശുവിന്റെ മരണത്തിനും നാലു വർഷങ്ങൾക്കു ശേഷം ജനിച്ച സുപ്രസിദ്ധ യഹൂദാ ചരിത്രകാരനായ ‘ഫ്ലാവിയസ് ജോസീഫസ്’ (37-100) The Jewish Antiquities (യഹൂദന്മാരുടെ പുരാതനത്വം) എന്ന കൃതിയിൽ യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നു: “ഏതാണ്ട് ഈ അടുത്ത കാലത്താണ് യേശു എന്ന ഒരു ജ്ഞാനിയായ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യൻ എന്ന് അദ്ദേഹത്തെ വിളിക്കുന്നത് നീതിയായിരിക്കുമോ എന്തോ? കാരണം അദ്ദേഹം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനും സത്യത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരുടെ ഉപദേഷ്ടാവും ആയിരുന്നു. യഹൂദരിൽ നിന്നും ജാതികളിൽ നിന്നും അദ്ദേഹം വലിയൊരു സംഘത്തെ തങ്കലേക്ക് ആകർഷിച്ചിരുന്നു. അദ്ദേഹം ക്രിസ്തുവായിരുന്നു. ഞങ്ങളുടെ പ്രമാണികളുടെ നിർദ്ദേശപ്രകാരം പീലാത്തോസ് അദ്ദേഹത്തെ കുരിശുമരണത്തിന് വിധിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രഥമ സുഹൃത്തുക്കൾ അദ്ദേഹത്തെ വിട്ടുകളഞ്ഞില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹം മൂന്നാം ദിവസം ജീവനോടെ എഴുന്നേറ്റ് വന്ന് അവർക്ക് പ്രത്യക്ഷനായി. ഇവയും മറ്റ് ആയിരക്കണക്കിന് മറ്റ് അത്ഭുത വസ്തുതകളും ദിവ്യപ്രവാചകന്മാർ അദ്ദേഹത്തെപ്പറ്റി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പേരിനൊത്ത് ക്രിസ്ത്യാനികൾ എന്ന് പേരു ലഭിച്ച ആ ജാതി ഇന്നും അസ്തമിച്ചുപോയിട്ടില്ല.” (The Works of Flavius Josephus, Translated by William Whistom, The Antiquities of the Jews, Book XV111, cha. 3:3, Page 474). “ക്രിസ്തുവിന്റെ മുന്നോടിയായ സ്നാപക യോഹന്നാനെക്കുറിച്ചും ഈ അദ്ധ്യായത്തിൽ പരാമർശമുണ്ട്.” (Antiquities of Jews, Book XVIII Chapter 8:5, 2). “ക്രിസ്തു എന്നു വിളിക്കുന്ന യേശുവിന്റെ സഹോദരനായ യാക്കോബ്  കല്ലെറിയപ്പെട്ട സംഭവവും ജോസീഫസ് മറ്റൊരദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്.” (Flavius Josephus: Antiquities of Jews, Book XX, Chapter 9:1, based on the translation of Louis H Feldman. The Loeb Classical Library). എ.ഡി. 93-നും 94-നും മദ്ധ്യേ ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്ത് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 

കൊർന്നോലിയസ് ടാസിറ്റസ്: ഹാബർമാസ് പറയുന്നതനുസരിച്ച്, “ഏതാണ്ട് അര ഡസൻ റോമൻ ചക്രവർത്തിമാരുടെ ഭരണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു റോമൻ ചരിത്രകാരനായിരുന്നു ‘കൊർന്നോലിയസ് ടാസിറ്റസ്’ (എ.ഡി. 55-120). തന്റെ ധാർമ്മീക ഐക്യദാർഢ്യവും കാതലായ നയവും മൂലം പണ്ഡിതന്മാരുടെ ഇടയിൽ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൗരാണിക റോമിന്റെ ഏറ്റവും വലിയ ചരിത്രകാരൻ എന്നു വിളിക്കപ്പെടുന്നു. (ഗാരി ആർ ഹാബർമാസ്, The Verdict of History, p.87). ടാസിറ്റസിന്റെ ഏറ്റവും ഉന്നതമായ കൃതികൾ ‘അന്നൽസും, ഹിസ്റ്ററീസും’ ആണ്. എ.ഡി. 14-ൽ ഔഗുസ്തൂസിന്റെ മരണം മുതൽ എ.ഡി. 68-ൽ നീറോയുടെ മരണം വരെ അന്നൽസ് പ്രതിപാദിക്കുമ്പോൾ, ഹിസ്റ്ററീസ് നീറോയുടെ മരണത്തിൽ തുടങ്ങി എ.ഡി. 96-ൽ ഡൊമിഷ്യന്റെ മരണംവരെ എത്തുന്നു.” (ഹാബർമാസ്, The Verdict of History, p. 87). നീറോയുടെ മരണത്തെക്കുറിച്ച് എഴുതുമ്പോൾ, ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചും റോമിലെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ചും ടാസിറ്റസ് സൂചിപ്പിക്കുന്നുണ്ട്. “നീറോ ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന റോമിന്റെ വലിയ തീ പിടുത്തം മൂലമുണ്ടായ അപകീർത്തിയിൽനിന്ന് വിടുതൽ പ്രാപിക്കുവാൻ, മനുഷ്യന് ചെയ്യാൻ കഴിയുന്ന സകല ദുരിതാശ്വാസത്തിനോ, രാജകുമാരനു ചെയ്യാൻ കഴിയുന്ന സകല ദാനധർമ്മങ്ങൾക്കോ, ദൈവങ്ങൾക്ക് നൽകാൻ കഴിയുമായിരുന്ന സകല പാപപരിഹാര പ്രക്രിയകൾക്കോ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനസംസാരം അടിച്ചമർത്തുന്നതിനായി ബാഹുല്യംമൂലം വെറുക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികൾ എന്ന് പൊതുവേ പറഞ്ഞുവരുന്ന വ്യക്തികളുടെമേൽ കുറ്റം ആരോപിക്കപ്പെടുകയും അതിക്രൂരമായ പീഡനങ്ങൾ കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ക്രിസ്തൂസിനെ തിബെര്യോസിന്റെ (എ.ഡി. 14-37) ഭരണകാത്ത് യെഹൂദയിലെ ഗവർണ്ണർ ആയിരുന്ന പൊന്തിയോസ് പീലാത്തോസ് മരണത്തിനേല്പിച്ചു. എന്നാൽ വിനാശകരമായ ഈ അന്ധവിശ്വാസം കുറേക്കാലത്തേക്ക് ഒതുങ്ങിയെങ്കിലും ഇത് ആരംഭിച്ച യെഹൂദ്യയിൽ മാത്രമല്ല, റോമാ പട്ടണത്തിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു.” (Cornelius Tacitus; Annales, XV, 44). 

ടാസിറ്റസിന്റെ ഈ ഉദ്ധരണിയിൽ നിന്ന് രസകരമായ ഒരു ചിന്താസരണി എഫ്.എഫ് . ബ്രൂസ് ചൂണ്ടിക്കാണിക്കുന്നന്നുണ്ട്: “നമുക്ക് ലഭിച്ചിട്ടുള്ള മറ്റൊരു ജാതീയ രേഖകളിലും പീലാത്തോസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശുവിനെ മരണത്തിനു വിധിച്ചതിലൂടെ ഒരു ജാതീയ രചയിതാവിന്റെ വർണ്ണനയിൽ ഇടം കണ്ടെത്തിയ ഒരേ ഒരു സൂചന ചരിത്രത്തിലെ വിരോധാഭാസമായി കണക്കാക്കാം. ‘പൊന്തിയോസ് പീലാത്തോസിന്റെ കീഴിൽ കഷ്ടപ്പെട്ടു’ എന്ന് പറയുന്നതിലൂടെ ഒരു നിമിഷത്തേക്ക് പൗരാണിക ക്രിസ്തീയ വിശ്വാസപ്രമാണവുമായി ടാസിറ്റസ് കൈകോർക്കുന്നു.” (ബ്രൂസ്, Jesus and Christian Origins Outside the New Testament, p. 23).

മാർക്കസ് ബോക്ക്മ്യൂൽ എന്ന കേംബ്രിഡ്ജ് കോളേജ് അദ്ധ്യാപകൻ പറയുന്നത്: “യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും യെഹൂദ്യയിലെ തിബെര്യോസ് നാടുവാണിരുന്നതും പൊന്തിയോസ് പീലാത്തോസ് ഗവർണ്ണർ ആയിരുന്നതും (സാങ്കേതികമായി 26-36-ൽ പ്രീഫെക്ട്) ആയ കാലത്ത് ഔപചാരികമായി വധിക്കപ്പെട്ടുവെന്നും ഉള്ളതിന് സ്വതന്ത്രമായ സ്ഥിരീകരണം അന്നത്തെക്കാലത്തെ ഉന്നതനായ ഒരു റോമൻ ചരിത്രകാരന്റെ സാക്ഷ്യത്തിലൂടെ നമുക്ക് ലഭിക്കുന്നു എന്നതിനാൽ, ടാസിറ്റസിന്റെ അഭിപ്രായം പ്രയോജകീഭവിക്കുന്നു. അത് അധികമില്ലെങ്കിലും ഇന്നും മുൻപോട്ടു വയ്ക്കുന്ന രണ്ടു വ്യത്യസ്ത സിദ്ധാന്തങ്ങളെ പൊളിച്ചു കാട്ടുന്നതിന് അത്ഭുതകരമായ പ്രയോജനമാണ് നൽകിയിരിക്കുന്നത്. ഒന്ന്; നസറായനായ യേശു ജീവിച്ചിരുന്നിട്ടില്ല. രണ്ട്; റോമാക്കാരുടെ ഔപചാരികമായ മരണശിക്ഷയ്ക്ക് വിധേയമായിട്ടല്ല യേശു മരിച്ചത്.” (ബോക്ക്മ്യൂൽ, This Jesus: Martyr, Lord, Messiah, p.10,11). 

സമോസാറ്റയിലെ ലൂഷ്യൻ: രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന സമോസാറ്റയിലെ ‘ലൂഷ്യൻ’ എന്ന ഹാസ്യസാഹിത്യകാരൻ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാർത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തർക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്റെ കൃതിയിൽ നിന്നും: “ഈ ദിവസം വരെയും ക്രിസ്ത്യാനികൾ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാരീതി അവതരിപ്പിച്ചവനും അക്കാരണത്താൽ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്റെ ഉടമ. അവർ എല്ലാക്കാലത്തും അമർത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയിൽ മരണത്തോടുള്ള സർവ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവർ മാനസാന്തരപ്പെട്ട ഉടനെ അവർ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർ വിശ്വാസത്തിന്റെ പേരിൽ സ്വീകരിക്കുന്നതിനാൽ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു.” (ലൂഷ്യൻ, The Death of Peregrine, p.11-13). 

സ്യൂട്ടോണിയസ്: റോമൻ ചരിത്രകാരനായ ‘സ്യൂട്ടോണിയസ്’ ( എഡി . 71-135 ) എ.ഡി .120-ൽ രചിച്ച കൃതിയിൽ: ക്ലോഡിയസ് ചക്രവർത്തി യെഹൂദന്മാരും ക്രിസ്ത്യാനികളും റോമാ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന വിളംബരം പുറപ്പെടുവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈസ്റ്റസിന്റെ (ക്രിസ്തു) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാർ തുടർച്ചയായി കലാപം ഉണ്ടാക്കിയതിനാൽ, അവൻ അവരെ റോമിൽ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി .49-ൽ നടന്ന ഈ സംഭവം പ്രവൃത്തി 18:2-ൽ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. (ക്ലോഡിയസിന്റെ ജീവചരിത്രം 25:4). മറ്റൊരു കൃതിയിൽ നീറോയുടെ ഭരണകാലത്ത് എ.ഡി .64-ൽ റോമിൽ നടന്ന അതിഭയങ്കരമായ തീപിടുത്തത്തി നെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിൻപറ്റിയ ഒരു കൂട്ടം ആളുകളുടെ മേൽ വീണു” (Lives of the Caesers, 26:2). യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളിൽ ആണെന്ന നിഗമനത്തിൽ, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികൾ രാജകീയ പട്ടണത്തിൽ ഇരുപതു വർഷങ്ങൾക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാർത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തിൽനിന്ന് ഉയിർത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവർ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോർട്ട് ചെയ്യുന്നു. (Suetonius, Lives of the Cessars, Claudius, 25, Nero 16.3, Documents of the Christian Church, pp.3).. റോമാചക്രവർത്തി ഹാഡ്രിയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സ്യൂട്ടോണിയസ്, റോമാ ചക്രവർത്തിയായ ട്രാജന്റെ കാലത്ത് ഏഷ്യാമൈനറിൽ ബിഥിന്യയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. (A Ro man Pro-consul in Bithynia). 

പ്ലിനി: റോമൻ രേഖകളിൽ മറ്റൊന്ന് എ.ഡി. 112-നടുത്ത് ‘ ചെറിയ പ്ലിനി’ (Younger Pliny, A.D.62-113) ട്രാജൻ ചക്രവർത്തിക്കയച്ച കത്താണ്. ബിഥുന്യയിൽ ഗവർണ്ണറായിരുന്ന അദ്ധേഹം അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാ രീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി. 120-ൽ റോമൻ ഗ്രന്ഥകാരനായ ‘സെത്തോനിയസ്’ നീറോയുടെ കാലത്തെ മതമർദ്ദനങ്ങളെ സ്ഥിരീകരിച്ചുകൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ധേഹം എഴുതുന്നു “മശീഹായുടെ പ്രേരണയാൽ കൂടെക്കൂടെ സമരമുണ്ടാക്കിക്കൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവർത്തി (ക്ലോഡിയസ്) റോമാ നഗരത്തിൽ നിന്നും പുറത്താക്കി.” (ക്ലോഡിയസ് 25 ) . എ.ഡി. 49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊസ്തലപ്രവൃത്തിയിൽ സ്ഥിരീകരിച്ചിട്ടു ണ്ട്. “അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടുപോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.” (പ്രവൃ, 18:1,2). കൂടാതെ ഹാദ്രിയാൻ ചക്രവർത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമർശിക്കുന്നു പ്രസ്തുത കത്ത് 125-ൽ കോൺസ്യൂൾ ആയ ‘ഗായോസ് മിനിച്ചിയൂസ്’ ഫൊന്താനൂസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്. 

എഴുത്തുകാരനും ട്രാജൻ ചക്രവർത്തിയുടെ ഉദ്ദ്യോഗ സ്ഥനുമായിരുന്ന പ്ലിനി, ക്രൈസ്തവരെ സംബന്ധിച്ച് ചക്രവർത്തിയുടെ നയമെന്തെന്നറിയാൻ അദ്ധേഹം ട്രാജനെഴുതിയ കത്തിലെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു: “ക്രൈസ്തവരെന്നു തുറന്നുപറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവർ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവർത്തിക്കുന്നു. എന്നിട്ടും നില്ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മർക്കടമുഷ്ടിക്കും നിർബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ഒരിക്കലും തങ്ങൾ ക്രൈസ്തവരായിരുന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാ മെന്നു കരുതുന്നു. പക്ഷേ അവർ എന്റെ മുമ്പിൽ റോമൻ ദൈവങ്ങൾക്ക് ധൂപവും പ്രാർത്ഥനയും അർപ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അവർ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം, പക്ഷേ യഥാർത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാൽ ചിലർ പറയുന്നു ഞങ്ങൾ വളരെ വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവർ റോമൻ ദൈവങ്ങളുടേയും അങ്ങയുടേയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവർ പറയുന്നത്, അവർ ചെയ്ത ഏകതെറ്റ് മുൻകൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളിൽ പതിവുപോലെ ഒരുമിച്ചുകൂടി ദൈവത്തിനെന്നപോലെ മശീഹായ്ക്ക് സ്തോത്രങ്ങൾ ആലപിക്കുന്നു എന്നത് മാത്രമാണ്. അതുപോലെ അവർ ചില പ്രതിജ്ഞകൾ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങൾ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളിൽ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാൻ നിർത്തിവെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാൻ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരിൽ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങൾ നിയന്ത്രണാധീനമെന്നു തോന്നുമെങ്കിലും അവർ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേർ ഉണ്ട്.” ഈ കത്തിനുള്ള ചക്രവർത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ: “അല്ലയോ പ്രിയപ്പെട്ട സെക്കുൻദൂസ്, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ടവിധത്തിൽ പെരുമാറുക. എല്ലാ കേസുകൾക്കും സ്വീകരിക്കുവാൻ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നൽകുവാൻ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല, എന്നാൽ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവർ തെറ്റുകാരാണെന്നു തെളിയുകയും ചെയ്താൽ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിന് ബലിയർപ്പിക്കുകയും ചെയ്താൽ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നൽകപ്പെടുന്ന കുറ്റാരോപണങ്ങൾ ഒരു നിയമക്കോടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല.” (C. Plinii Caecilli, Secundi, Epi-stularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48). 

താല്ലസ്: ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരിൽ ഒരാൾ ‘താല്ലസ്’ ആയിരുന്നു. എ.ഡി. 52-ൽ ജീവിച്ചിരുന്ന താല്ലസ് ട്രോജൻ യുദ്ധം തുടങ്ങി തന്റെ കാലഘട്ടം വരെയുള്ള പൂർവ്വ മെഡിറ്ററെനിയൻ ചരിത്രം എഴുതി. (Garry R Habermas, The Verdict of History, p.93). നിർഭാഗ്യവശാൽ, മറ്റു രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളിൽ മാത്രമാണു തന്റെ എഴുത്തുകൾ നിലനില്ക്കുന്നത്. എ.ഡി. 221-ൽ തന്റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ‘ജൂലിയസ് ആഫ്രിക്കാനസ്’ അവരിലൊരാളാണ്. ക്രിസ്തുവിന്റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി .221-ൽ നടന്ന ഒരു ചർച്ചയിൽ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തിൽ പാറകൾ പിളർന്നു യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകർന്നു തരിപ്പണമായി. താല്ലസ് തന്റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തിൽ, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്റെ കാരണം, പൂർണ്ണചന്ദ്രന്റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌർണ്ണമിയുടെ കാല ത്തായിരുന്നു.” (Julius Africanus, Chronography, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867). താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ് 23:44,45-ൽ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് പെസഹാ പൌർണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത് എന്നുള്ളതാണ്. ഇതിനെക്കുറിച്ച് എഫ്.എഫ്. ബ്രൂസിന്റെ നിരീക്ഷണം നോക്കാം: “ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയിൽ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാൽ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകൾ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.” (F.F. Bruce, “The New Testment Documents: Are They Reliable?” p.113). 

ഫ്ലെഗോൺ: ‘ഫ്ലെഗോൺ’ എന്ന മറ്റൊരു മതേതര പണ്ഡിതൻ, ‘ക്രോണിക്കിൾസ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്റെ ഒരു ചെറിയ തുണ്ട് തന്റെ കൃതിയിൽ ചേർത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോൺ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താൻ വിശദീകരിക്കുകയും ചെയ്യുന്നു. “ടൈബീരിയസ് കൈസരിന്റെ കാലത്ത്, പൌർണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.” (Julius Africanus, Chronography, 18:1). ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസ സംരക്ഷകനുമായ ‘ഒരിഗനും’ (Contra Celsum, 2:14,33, 59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകർത്താവായ ‘ഫിലോപ്പോണും’ ഫ്ലൈഗോണിന്റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട്. (Josh McDowell and Bill Wilson, He Walked Amoung Us, p. 36). 

മാറാ ബർ സെറാപ്പിയോൻ: സിറിയക്കാരനായ ‘മാറാ ബർ സെറാപ്പിയോൻ’ എന്ന വ്യക്തി തന്റെ മകൻ’ സെറാപ്പിയോന് ഒന്നാം നൂറ്റാണ്ടി ലെ അവസാനത്തിനും മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിന്റെയും ഇടയിൽ എഴുതിയ ഒരു കത്ത് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ച് ആ കത്തിൽ പറയുന്ന ഭാഗം താഴെ കൊടുക്കുന്നു: “സോക്രട്ടീസിനെ വധിച്ചതിനാൽ എന്ത് പ്രയോജനമാണ് അഥേനർക്ക് ലഭിച്ചത്? അവരുടെ കുറ്റത്തിന് ന്യായവിധി എന്നവണ്ണം ക്ഷാമവും പ്ലേഗും അവരുടെ മേൽ വന്നു. പൈതഗോറസിനെ അഗ്നിക്കിരയാക്കിയത് കൊണ്ട് സാമോനിലെ ജനങ്ങൾക്ക് എന്ത് ഗുണം കിട്ടി? ഒരു നിമിഷംകൊണ്ട് അവരുടെ ദേശം മണലാരണ്യമായി മാറി. അവരുടെ ജ്ഞാനിയായ രാജാവിനെ (ക്രിസ്തു) വധിച്ചത് കൊണ്ട് യെഹൂദന്മാർക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? അവരുടെ രാജ്യം ഛിന്നഭിന്നമായത് അതിനുശേഷമാണ്. ഈ മൂന്ന് ജ്ഞാനികൾക്കും വേണ്ടി ദൈവം പകരം വീട്ടി; അഥേനർ വിശപ്പ് മൂലം മരിച്ചു; സാമോന്യർ കടലാക്രമണത്തിനിരയായി; യെഹൂദന്മാർ അവരുടെ രാജ്യത്ത് നിന്ന് ഓടിക്കപ്പെട്ടു പ്രവാസികളായി പാർത്തു. എന്നാൽ സോക്രട്ടീസ് മരിച്ചിട്ടില്ല; ഹിരായുടെ പ്രതിമയിലൂടെ അയാൾ ജീവിച്ചു. ജ്ഞാനിയായ രാജാവും മരിച്ചിട്ടില്ല, താൻ നല്കിയ ഉപദേശത്താൽ ജീവിച്ചു.” (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p. 200).

സെൽസസ്: ഒരു തത്വജ്ഞാനിയായിരുന്ന സെൽസസ് ക്രിസ്തുവിനെയും ക്രിസ്തുമാർഗ്ഗത്തെയും കുറിച്ച് തന്റെ “True Discourse” എന്ന ഗ്രന്ഥത്തിൽ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക് ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാർഗ്ഗത്തിന്മേൽ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാർമ്മിക നിലവാരത്തെയും താൻ അതിൽ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങൾ താൻ അതിൽ വിമർശിച്ചിരിക്കുന്നു. (The Oxford Dictionary of the Christian Church, ed. F.L. Cross, 1961 P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങൾ സെൽസസ് വിമർശിച്ചു എങ്കിലും ക്രിസ്തുവിന്റെ ജീവിതം, മരണം എന്നീ യാഥാർത്ഥ്യങ്ങളെ താൻ അംഗീകരിച്ചിരുന്നുവെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. സെൽസസിന്റെ ഈ വിമർശനത്തിന് സഭാപിതാവും വേദപണ്ഡിതനും ആയിരുന്ന ഓരിജൻ തന്റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്റെ എട്ടു വാല്യങ്ങളിലായി മറുപടി നൽകി. (The Oxford Dictionary of the Christian Church, ed. FL. Cross, 1961. P256).

യെഹൂദാ തല്മൂദ്: തല്മൂദിൻ്റെ നിന്നുള്ള സാക്ഷ്യം: “പെസഹായുടെ തലേന്നാൾ അവർ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരൻ നാല്പതു ദിവസം യേശുവിന്റെ മുൻപിൽ നടന്നുകൊണ്ട്: ഈ മനുഷ്യൻ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാൽ, ഇവനെ കല്ലെറിയുവാൻ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആർക്കെങ്കിലും അറിയാമെങ്കിൽ അവൻ വന്നു ഇയാൾക്ക് വേണ്ടി വാദിക്കട്ടെ. എന്നാൽ അവനു അനുകൂലമായി ഒന്നും കാണായ്കയാൽ പെസഹയുടെ തലേന്നാൾ അവനെ ക്രൂശിലേറ്റി.” റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ ഒരു ചതിയനാണ്. “സർവ്വകാരുണികൻ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവൻ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a ). ‘

‘ഏണസ്റ്റ് റെനാൻ’ (1823-1892) ചരിത്രപുരുഷനായ ക്രിസ്തുവിനെ ചരിത്രത്തിന്റെ മദ്ധ്യബിന്ദുവാക്കുന്നു. B.C എന്നും A.D എന്നും രണ്ടായി വിഭജിച്ച് ലോകചരിത്രപഠനം എളുപ്പമാകുകയാണ് ക്രിസ്തുവിന്റെ ചരിത്രാസ്തിക്യം. B.C എന്നത് ബിഫോർ ക്രൈസ്റ്റ് (Before Christ, ക്രിസ്തുവിനു മുമ്പ്) ‘അന്നോ ദോമിനി’ (Anno Domini) ലത്തീൻ പ്രയോഗത്തിന്റെ ആദ്യക്ഷരങ്ങളാണ്. A.D. In the year of the Lord എന്നർത്ഥം . 1863-ൽ റെനാൻ The Life of Jesus എന്ന പേരിൽ യേശുവിന്റെ ജീവചരിത്രം രചിച്ചു. ഫ്രഞ്ച് ഭാഷയിൽ രചിച്ച ഈ കൃതിയുടെ ഇംഗ്ലീഷ് വിവർത്തരനം 1935-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

യേശുവിനെ സംബന്ധിച്ചുളള പുരാതന ക്രൈസ്തവേതര ചരിത്ര പരാമർശനങ്ങളെ ‘ദി ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾ പോലും യേശു ഒരു ചരിത്രപുരുഷനാണെന്നുളള വസ്തുത സംശയിച്ചില്ല എന്നാണ് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നത്. മതിയായ കാരണമില്ലാതെ പല എഴുത്തുകാരാൽ അത് ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുമാണ്.” (1976, മാക്രോപ്പീഡിയ, വാല്യം 10, പേ. 145(. 

“യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” (2യോഹന്നാൻ 2:7)

One thought on “ക്രിസ്തുവിന്റെ ചരിത്രപരത”

Leave a Reply

Your email address will not be published. Required fields are marked *