പുറപ്പാടിലെ ജനസംഖ്യ

പുറപ്പാടിലെ ജനസംഖ്യ

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന യിസ്രായേൽജനം ആകെ എത്രപേരുണ്ടായിരുന്നു എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. ഏകദേശം ഇരുപതുലക്ഷം (2,000,000) ജനം വരുമെന്നാണ് പണ്ഡിതമതം പറയുന്നത്. എന്നാൽ, എത്ര ജനമുണ്ടായിരുന്നു എന്നു കണക്കുകൂട്ടാൻ കഴിയുന്ന രണ്ടു കാനേഷുമാരിയും മറ്റു സൂചനകളും ബൈബിളിലുണ്ട്. നമുക്കതൊന്നു പരിശോധിച്ചുനോക്കാം: ഒന്ന്; ഈജിപ്റ്റിലെ റമസേസിൽനിന്നു യാത്ര പുറപ്പെട്ട ജനം പുരുഷന്മാർ മാത്രം ഏകദേശം ആറുലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. (പുറ, 12:37). രണ്ട്; കാനേഷുമാരി അഥവാ, ജനസംഖ്യ എടുക്കുന്നതിനെക്കുറിച്ചു ന്യായപ്രമാണത്തിൽ വ്യക്തമായ കല്പന നല്കിയിട്ടുണ്ട്. (പുറ, 30:12-14, സംഖ്യാ, 3:46,47). മിസ്രയീമിൽനിന്ന് പുറപ്പെട്ടുപോന്ന ജനത്തെ ദൈവത്തിന്റെ നിയോഗമനുസരിച്ചു മൂന്നുപ്രാവശ്യം എണ്ണിയതായിട്ട് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതു വയസ്സിനു മുകളിലുളള പുരുഷന്മാരുടെ കണക്കാണെടുക്കുന്നത്. സമാഗമനകൂടാര നിർമിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോഴും (പുറ, 38:26). യുദ്ധപ്രാപ്തരായവരെ എണ്ണിയപ്പോഴും (സംഖ്യാ, 1:2,3; 26:2) ഇരുപതുവയസ്സ് മുതലുള്ളവരെയാണ് എണ്ണിയത്. ഇരുപതു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ളവരെയാണ് യോദ്ധാക്കളായി കണക്കാക്കിയിരുന്നത്. മുപ്പതു വയസ്സു മുതൽ അമ്പതു വയസ്സു വരെയാണ് സമാഗമന കൂടാരത്തിൽ വേലചെയ്യുവാനുള്ള ലേവ്യരുടെ പ്രായം. (സംഖ്യാ, 42, 23, 30, 34, 39). 

പുറപ്പാടിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിൽ സീനായിൽ താവളമടിച്ചിരുന്ന സമയത്ത്, സമാഗമനകൂടാര നിർമ്മിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോൾ ആറു ലക്ഷത്തി മൂവായിരത്തി അഞ്ചൂറ്റമ്പതുപേർ (6,03,550) ഉണ്ടായിരുന്നു. (പുറ, 38:26). പുറപ്പാടിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി സീനായിൽ വെച്ച് യോദ്ധാക്കളായ പുരുഷന്മാരുടെ എണ്ണമെടുത്തപ്പോഴും 603,550 പേർ തന്നെയായിരുന്നു. (പുറ, 38:26). 38 വർഷങ്ങൾക്കുശേഷം കനാൻ പ്രവേശനത്തിനു മുമ്പായി, മൂന്നാമതൊരു കണക്കെടുത്തപ്പോൾ 1820 പേരുടെ കുറവുണ്ടായിരുന്നു. മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നവരുടെ എണ്ണമറിയാൻ ആദ്യത്തെ രണ്ടു കണക്കെടുപ്പുകൾ മാത്രം പരിശോധിച്ചാൽ മതി. മൂന്നു കണക്കെടുപ്പിലും ലേവ്യരെ പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണിയിരുന്നില്ല; അവരെ പ്രത്യേകമാണ് എണ്ണിയിരുന്നത്. (സംഖ്യാ, 1:47-49). മോശെയും അഹരോനും മരിക്കുന്നത് 120 വയസ്സിനും അതിനു ശേഷവുമാണ്. തന്മൂലം അന്നത്തെ ശരാശരി ആയുസ്സ് 100 വയസ്സെന്ന് കണക്കാക്കുന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 603,550 എന്നത് കുഞ്ഞുകുട്ടികൾ തുടങ്ങി വൃദ്ധന്മാർവരെയുള്ള പുരുഷപ്രജകളിൽ 30% മാത്രമാണ്. ഇരുപത് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയും, അമ്പത് വയസ്സിനു മുകളിലുള്ള പ്രായമായവരേയും ചേർത്ത് 70% കൂടി കൂട്ടുമ്പോൾ, 603,550+1,408,281 = 2,011,831 പേർ എന്നുകിട്ടും. ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ ആയിരുന്നു. (സംഖ്യാ, 3:39). ലേവ്യരേയും കൂട്ടുമ്പോൾ 2,011,831+22000 = 2,033,831 എന്നുകിട്ടും. അത്രയുംതന്നെ സ്ത്രീകളും എന്നു കണക്കാക്കിയാൽ, നാല്പതുലക്ഷത്തി അറുപത്തേഴായിരത്തി അറൂന്നൂറ്റി അറുപത്തിരണ്ടെന്നു (4,067,662) കിട്ടും. “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും” (ഉല്പ, 22:17) എന്നരുളിച്ചെയ്തത് യഹോവയാണ്; തന്മൂലം, സ്ത്രീപുരുഷ അനുപാതം കൃത്യമായിരിക്കും. 

നാല്പതുലക്ഷത്തിലധികം ആളുകളെന്നത് പെട്ടെന്ന് ഒരതിശയോക്തിയായിട്ട് തോന്നുമെങ്കിലും, കണക്കുകൾ സസൂക്ഷ്മം പരിശോധിച്ചാൽ, തെല്ലും അതിശയോക്തിക്ക് വകയുണ്ടാവില്ല. 40 ലക്ഷത്തിലധികം ആളുണ്ടെങ്കിലും, യുദ്ധം ചെയ്യാൻ പുരുഷന്മാരിൽ 30% പേരായ 6 ലക്ഷം പേരാണുള്ളത്. (സംഖ്യാ, 11:21). അതിൽത്തന്നെ, പകുതിപ്പേർക്കു മാത്രമേ ശത്രുരാജ്യത്തു കടന്നുകയറി യുദ്ധം ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ളവർ തങ്ങളുടെ ദൈവത്തിൻ്റെ വാസസ്ഥലമായ സമാഗമന കൂടാരത്തെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പ്രായമായ മാതാപിതാകളെയും, തങ്ങൾ മിസ്രയീമിൽനിന്ന് കൊള്ളയിട്ട വസ്തുവകകളെയും സൂക്ഷിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വാളും കുന്തവുമല്ലാതെ, ഇന്നത്തെപ്പൊലെ അത്യാധുനിക യുദ്ധസാമഗ്രികളൊന്നും അക്കാലത്തുണ്ടായിരുന്നില്ല; കായികബലം കൊണ്ടാണ് യുദ്ധം ജയിച്ചിരുന്നത്. അമോര്യരാജാവായ സീഹോനെയും (സംഖ്യാ, 21:21-24), ബാശാൻ രാജാവായ ഓഗിനെയും (21:33-35), കനാൻദേശത്തിലെ ഏഴുജാതികളെരും (പ്രവൃ, 13:19), കനാനിലെ എഴുപത് രാജാക്കന്മാരുടെ കൈകാലുകളിലെ പെരുവിരൽ മുറിച്ച് അടിമയാക്കിയിരുന്ന, കനാൻ രാജാവായ അദോനീ ബേസെക്കിനെ തോല്പിച്ചതും (ന്യായാ, 1:7). യഹോവയുടെ ഭുജബലത്താലും ദൈവം നല്കിയ സൈന്യബലത്താലുമാണ്.

സംഖ്യാപുസ്തകം 1-ാം അദ്ധ്യായം

രൂബേൻ –         46,500  

ശിമെയൊൻ – 59,300 

ഗാദ് –                 45,650  

യെഹൂദാ –       74,600 

യിസ്സാഖാർ –    54,400 

സെബൂലൂൻ –  57,400 

എഫ്രയീം –       40,500 

മനശ്ശെ –           32,200  

ബെന്യാമീൻ –  35,400  

ദാൻ –                62,700  

ആശേർ –        41,500 

നഫ്താലി –     53,400 

                     ……………….

                     = 603,550

38 വർഷത്തിനുശേഷം സംഖ്യാ, 26

രൂബേൻ –         43,730 

ശിമെയൊൻ – 22,200  

ഗാദ് –                 40,500  

യെഹൂദാ –       76,500  

യിസ്സാഖാർ –    64,300  

സെബൂലൂൻ –  60,500  

മനശ്ശെ –           52,700  

എഫ്രയീം –       32,500  

ബെന്യാമീൻ –  45,600 

ദാൻ –                64,400 

ആശേർ –        53,400 

നഫ്താലി –     45,400 

                   ……………….

                     = 601,730 

ലേവ്യരെ ആദ്യം കണക്കെടുക്കുമ്പോൾ 22,000 പേരും (സംഖ്യാ, 3:39), രണ്ടാമത് കണക്കെടുത്തപ്പോൾ 1,000 പേർ കൂടി 23,000 പേരായി. (സംഖ്യാ, 26:57-61).

പുറപ്പാടിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും, പുറപ്പാടിൻ്റെ മാർഗ്ഗവും കാണാൻ:

👇

പുറപ്പാട്

ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ❓

ത്രിത്വമെന്ന പദം ബൈബിളിൽ ഇല്ലെങ്കിലും ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടെന്നാണ് ട്രിനിറ്റിയുടെ വാദം. ട്രിനിറ്റി അവകാശപ്പെടുന്നതുപോലെ ഒരാശയവും ബൈബിളിലില്ല. എങ്കിലും, ഒരു വാദത്തിനുവേണ്ടി അതു സമ്മതിച്ചാൽത്തന്നെ, ദൈവം ത്രിത്വമാണെന്ന അവകാശവാദം എപ്പോഴാണ് ന്യായീകരിക്കപ്പെടുന്നത്? ത്രിത്വമെന്ന പദം ഇല്ലാതിരിക്കുമ്പോൾത്തന്നെ, ഏകൻ എന്ന പദവും വചനത്തിൽ ഇല്ലെങ്കിൽ, ത്രിത്വമെന്ന ആശയം മുൻനിർത്തി ദൈവം ത്രിത്വമാണെന്ന് വാദിക്കുന്നതിൽ ഒരു ന്യായമുണ്ട്. എന്നാൽ ത്രിത്വമെന്ന പദം മാത്രമേ ബൈബിളിൽ ഇല്ലാതുള്ളു; ഏകൻ എന്ന പദം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഒന്നല്ല, പത്തല്ല, നൂറിലേറെ പ്രാവശ്യം ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ‘ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, പിതാവായ ഏകദൈവം, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല എന്നിങ്ങനെ, ദൈവത്തിൻ്റെ ആത്മാവിനാൽ ആവർത്തിച്ച് എഴുതിവെച്ചിരിക്കെ, ദൈവം ഏകനല്ല, ത്രിത്വമാണെന്ന് പറയാൻ എങ്ങനെ കഴിയും? ഇനി, ഇവർ പറയുന്ന ത്രിത്വമെന്ന ആശയമെന്താണ്? പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന് ഒരു വാക്യത്തിലോ, അടുത്തടുത്ത വാക്യത്തിലോ പറഞ്ഞിരിക്കുന്നതാണ് ത്രിത്വമെന്ന ആശയം. അങ്ങനെയാണെങ്കിൽ, ദ്വൈത്വമെന്ന ആശയമാണ് വചനത്തിൽ കൂടുതലുള്ളത്. നവദൈവം എന്ന ആശയവുമുണ്ട്. ട്രിനിറ്റിയുടെ ഐഡിയോളജി വചനപ്രകാരം നിലനില്ക്കുമോ എന്ന് നോക്കാം:

ഇതാണ് ത്രിത്വമെന്ന് അവർ പറയുന്ന ആശയം:

1.യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16-17)

2. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക. (മത്താ, 28:19). ഇതാണ് ത്രിത്വമെന്ന ആശയം ഉള്ള പ്രധാന വാക്യമായി പറയുന്നത്. ത്രിത്വത്തിൽ ഒന്നാമൻ പിതാവും രണ്ടാമൻ പുത്രനും മൂന്നാമൻ പരിശുദ്ധാത്മാവുമാണ്. എന്നാൽ ഇനി വരുന്ന വാക്യങ്ങളിൽ ഈ ഓർഡറിൽ കാണാൻ കഴിയില്ല. അവിടെത്തന്നെ ത്രിത്വോപദേശം ചീറ്റിപ്പോയി. തിരിച്ചും മറിച്ചുമാണ് കാണുന്നതെങ്കിലും പിതാവും പുത്രനും പരിശുദ്ധാത്മാവുമുള്ള പല വാക്യങ്ങളുമുണ്ട്.

3. അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കൊ, 1:35). 

4. പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു. (ലൂക്കൊ, 2:40)

5.പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:22)

6. എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും. (യോഹ, 14:16)

7. എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും. (യോഹ, 14:26)

8. ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും. (യോഹ, 15:26)

9. അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം. (പ്രവൃ, 1:4)

10. അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകർന്നുതന്നു, (പ്രവൃ, 2:33)

11. നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ. (പ്രവൃ, 10:38)

12. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? (പ്രവൃ, 11:17)

13. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. (പ്രവൃ, 20:28)

14. യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യശരീരങ്ങളെയും ജീവിപ്പിക്കും. (റോമ, 8:11)

15. ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ. അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാകുന്നവനും തന്നേ. (റോമ, 14:17)

16. എങ്കിലും ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു. (റോമ, 15:15)

17. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു. (2കൊരി, 1:21)

18. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. (2കൊരി, 13:14). 

19. നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു. (എഫെ, 1:17)

20. അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു. (എഫെ, 2:18)

21. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു. (എഫെ, 2:22)

22. ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു. (2തെസ്സ, 2:13)

23. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ. (തീത്തൊ, 3:6-7)

24. കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? (എബ്രാ, 2:3)

25. ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും? (എബ്രാ, 9:14)

26. പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. (1പത്രൊ, 1:1-2)

27. നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (യൂദാ, 1:20). ഇതാണ് ത്രിത്വമെന്ന ആശയം തരുന്ന വാക്യങ്ങളായി നിങ്ങൾ പറയുന്നത്.

ത്രിത്വമെന്ന ആശയം ഉണ്ടെന്ന് ട്രിനിറ്റി വാദിക്കുന്ന വാക്യങ്ങളാണ് മുകളിൽ കാണുന്നത്. ഇതാണ് ത്രിത്വമെന്ന ആശയമെങ്കിൽ അതിനെക്കാൾ പതിന്മടങ്ങ് വാക്യങ്ങൾ ദ്വൈത്വം തെളിയിക്കാനുണ്ട്. [താഴെക്കാണാം:]. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്: ത്രിത്വവിശ്വാസത്തിൽ പിതാവ് ഒന്നാമനും പുത്രൻ രണ്ടാമനും പരിശുദ്ധാത്മാവ് മൂന്നാമനുമാണ്. എന്നാൽ മേല്പറഞ്ഞ 27 വാക്യങ്ങളിൽ 17 വാക്യങ്ങളിൽ പുത്രനെ ഒന്നാമതായാണ് പറഞ്ഞിരിക്കുന്നത്. ഏവർക്കും സുപരിചിതമായ ആശിർവാദത്തിപ്പോലും പുത്രനെ ഒന്നാമതായാണ് പറഞ്ഞിരിക്കുന്നത്: (2കൊരി, 13:14). പിതാവിനെ നാലു വാക്യങ്ങളിൽ മാത്രമാണ് ഒന്നാമതായി പറഞ്ഞിരിക്കുന്നത്. ട്രിനിറ്റി മൂന്നാമൻ എന്നു പഠിപ്പിക്കുന്ന പരിശുദ്ധാത്മാവ് ആറു വാക്യങ്ങളിൽ (പിതാവിനെക്കാൾ അധികം) ഒന്നാമനാണ്. അതിനാൽ ട്രിനിറ്റി പഠിപ്പിക്കുന്ന ഒന്നാമർ, രണ്ടാമൻ, മൂന്നാമൻ എന്ന ക്രമംപോലും വചനവിരുദ്ധമാണെന്ന് തെളിയുന്നു. യേശുവിൻ്റെ മുഴുവൻ ശുശ്രൂഷയും പരിശുദ്ധാത്മാവിനാൽ ആയിരുന്നു: ക്രിസ്തു, ആത്മാവിനാൽ ഉല്പാദിതമാകുകയും (മത്താ, 1:20; ലൂക്കൊ, 2:21) ആത്മാവിനാൽ ഉത്ഭവിക്കുകയും (ലൂക്കൊ, 1:35) ആത്മാവിനാൽ ബലപ്പെട്ടു വളരുകയും (ലൂക്കൊ, 2:40), ആത്മാവിനാൽ ആഭിഷേകം പ്രാപിക്കുകയും (ലൂക്കൊ, 3:22പ്രവൃ, 10:38) ആത്മാവ് നിറഞ്ഞവനായി യോർദ്ദാൻവിട്ടു മടങ്ങുകയും (ലൂക്കൊ, 4:1) ആത്മാവിനാൽ പരീക്ഷയിലേക്ക് നടത്തപ്പെടുകയും (മത്താ, 4:1; ലൂക്കൊ, 4:1) ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിക്കുകയും (ലൂക്കൊ, 4:14-15) ആത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും (മത്താ, 12:28) ആത്മാവിനാൽ തന്നെത്തന്നെ ദൈവത്തിനു് നിഷ്കളങ്കനായി അർപ്പിക്കുകയും (എബ്രാ, 9:14) ആത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്: (1പത്രൊ, 3:18). ആത്മാവിനാൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തവൻ ആത്മാവിനെക്കാൾ മുമ്പനാകുമോ? പരിശുദ്ധാത്മാവ് ദൈവവും (ലൂക്കൊ, 3:22 – യോഹ, 16:32; മത്താ, 12:28 – പ്രവൃ, 2:22; 1പത്രൊ, 3:18 – ഗലാ, 1:1; പ്രവൃ, 5:3 – 5:4) യേശു ദൈവത്തിൻ്റെ വെളിപ്പാടായ പാപരഹിതനായ മനുഷ്യനുമാണ്: (1തിമൊ, 3:14-16; യോഹ, 8:40; റോമ, 5:15; 1കൊരി, 15:21; 1തിമൊ, 2:6; 1യോഹ, 3:5). മനുഷ്യൻ എത്ര ശ്രേഷ്ഠനായാലും ദൈവത്തെക്കാൾ മുമ്പനാകുമോ? പരിശുദ്ധാത്മാവ് തന്നെക്കാൾ വലിയവനാണെന്നാണ് പുത്രൻ സാക്ഷ്യം പറഞ്ഞത്: (മത്താ, 12:31-32; മർക്കൊ, 3:28-29; ലൂക്കൊ, 12:10). പിന്നെങ്ങനെയാണ് പുത്രൻ രണ്ടാമനും പരിശുദ്ധാത്മാവ് മൂന്നാമനും ആയത്? മൊത്തത്തിൽ ബൈബിൾവിരുദ്ധ ഉപദേശമാണ് ത്രിത്വം. [കാണുക: ദൈവഭക്തിയുടെ മർമ്മം, പരിശുദ്ധാത്മാവ് ആരാണ്?]

ട്രിനിറ്റിയുടെ ഭാഷയിൽ, ദ്വൈത്വം എന്ന ആശയം വരുന്ന വാക്യങ്ങൾ കാണാം:

1. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. (യോഹ, 1:18)

2. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹ, 3:16)

3. ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. (യോഹ, 3:17)

4. അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. (യോഹ, 3:18)

5. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (യോഹ, 17:3)

7. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു. (പ്രവൃ, 3:26)

8. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (റോമ, 1:4)

9. ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. (റോമ, 5:15)

10. എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു. (റോമ, 15:5)

11. സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. (റോമ, 16:20)

12. ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (റോമ, 16:26)

13. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1കൊരി, 1:3)

14. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ. (1കൊരി, 1:9)

15. പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു. (1കൊരി 8:6)

16. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. (1കൊരി, 15:57)

17. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (2കൊരി, 1:2)

18. മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. (2കൊരി, 1:3)

19. ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. (2കൊരി, 4:6)

20. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (2കൊരി, 11:31)

21. പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (ഗലാ, 1:3-4)

22. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (എഫെ 1:1)

23. സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെ, 1:3)

24. നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു (എഫെ, 1:17)

25. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. (എഫെ, 5:5)

26. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. (എഫെ, 5:20)

27. പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ. (എഫെ, 6:23)

28. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (ഫിലി, 1:2)

29. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; (ഫിലി, 2:9)

30. എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി, 2:11)

31. ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്കു എഴുതുന്നതു: (കൊലൊ, 1:1)

32. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. (കൊലൊ, 1:5)

33. വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ. (കൊലൊ, 3:17)

34. പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1തെസ്സ, 1:1)

35. നമ്മുടെ കർത്താവായ യേശിക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓർത്തു (1തെസ്സ, 1:3)

36. നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവാൻ വഴിനിരത്തിത്തരുമാറാകട്ടെ. (1തെസ്സ, 3:11)

37. ഇങ്ങനെ നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. (1തെസ്സ, 3:13)

38. പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (2തെസ്സ, 1:2)

39. അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു. (2തെസ്സ, 1:11)

40. നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ. (2തെസ്സ, 2:16)

41. നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: (1തിമൊ, 1:1)

42. പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. (1തിമൊ, 1:2)

43. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. (1തിമൊ, 2:5-6)

44. പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. (2തിമൊ, 1:2)

45. പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (തീത്തൊ, 1:4)

46. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (ഫിലെ, 1:3)

47. ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും വന്ദനം. (യാക്കോ, 1:1)

48. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, (1പത്രൊ, 1:3) 

49. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു. (1പത്രൊ, 3:21)

50. യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവർക്കു എഴുതുന്നതു:” (2പത്രൊ, 1:1)

51. ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. (2പത്രൊ, 1:2)

52. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. (1യോഹ, 2:22)

53. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1യോഹ, 2:23)

54. ദൈവത്തിന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ. (1യോഹ, 3:23)

55. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1യോഹ, 4:15)

56. ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു. (1യോഹ, 5:20)

57. പിതാവായ ദൈവത്തിങ്കൽ നിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽ നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ. (2യോഹ, 1:3)

58. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. (2യോഹ, 1:9). 

59. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു: (യൂദാ, 1:1)

60. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (യൂദാ, 1:21)

61. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു. (വെളി, 1:2).

ഇതുപോലെ ദൈവം ദ്വൈത്യമാണെന്ന് തെളിയിക്കാൻ അഞ്ചൂറിലേറെ തെളിവുകളുണ്ട് തെളിവുണ്ട്. യോഹാന്നാനിൽ മാത്രം നൂറിലധികം വാക്യങ്ങളുണ്ട്. വിസ്തരഭയത്താൽ ചുരുക്കിയതാണ്. നിങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ആശയപ്രകാരം ദൈവം ത്രിത്വമാകുമെങ്കിൽ, അതിനെക്കാൾ പതിന്മടങ്ങ് വചനത്തെളിവുകളുള്ള ആശയമല്ലേ ദ്വൈത്വം? “ഞാനും പിതാവും ഒന്നാകുന്നു” യേശു സ്പഷ്ടമായി പറഞ്ഞിട്ടുമുണ്ട്: (യോഹ, 10:30). “പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നാകുന്നു” എന്ന് ആരും പറഞ്ഞിട്ടുമില്ല. ഈ വചനത്തെളിവുകൾ വെച്ചുകൊണ്ട് ദ്വൈത്വമെന്ന മറ്റൊരു ദുരുപദേശം രംഗപ്രവേശം ചെയ്താൽ, ഏതൊന്നുകൊണ്ട് നിങ്ങളതിനെ ഖണ്ഡിക്കും? അതേ വചനവിരുദ്ധ ആശയംതന്നെയല്ലേ നിങ്ങളും മുന്നോട്ട് വെക്കുന്നത്?

പിതാവിൻ്റെയും പുത്രൻ്റെയും കൃപയും സമാധാനവും ആശംസിക്കുന്ന പതിനഞ്ച് വാക്യങ്ങളുണ്ട്:

1. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (റോമ, 1:4).

2. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (1കൊരി, 1:3).

3. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (2കൊരി, 1:2)

4. പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തിൽനിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങൾനിമിത്തം തന്നെത്താൻ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (ഗലാ, 1:3-4)

5. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (എഫെ, 1:1)

6. പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.” (എഫെ, 6:23)

7. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (ഫിലി, 1:2)

8. പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (2തെസ്സ, 1:2)

9. അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തിൽ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.” (1തിമൊ, 1:2)

10. പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. (2തിമൊ, 1:2)

11. പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽ നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽ നിന്നും, നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (തീത്തൊ, 1:4)

12. നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (ഫിലേ, 1:3)

13. ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. (2പത്രൊ, 1:2)

14. പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ. (2യോഹ, 1:3)

15. യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്കു എഴുതുന്നതു: നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും വർദ്ധിക്കുമാറാകട്ടെ. (യൂദാ, 1:1). നിങ്ങൾ മുന്നോട്ടുവെയ്ക്കുന്ന ആശയപ്രകാരം, വേറൊരുത്തൻ ദൈവം “ദ്വൈത്വം” ആണെന്നുപറഞ്ഞുകൊണ്ട് മേല്പറഞ്ഞ വാക്യങ്ങളുമായി ഇറങ്ങിത്തിരിച്ചാൽ; ത്രിമൂർത്തികൾ വാലും ചുരുട്ടി ഓടേണ്ടിവരും.

ഇനി ട്രിനിറ്റിയുടെ ഭാഷയിൽ, നവദൈവം എന്ന് ആശയം വരുന്ന വാക്യം കാണാം:

1. യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (വെളി, 1:4-5). ഈ വേദഭാഗത്ത് പിതാവിനും പുത്രനുമൊപ്പം കൃപയും സമാധാനവും ആശംസിക്കുന്ന ഏഴ് ആത്മാവിനെ കാണാം. 

ദൈവം ഏകനല്ല; ത്രിത്വമാണെന്ന് പറയുന്ന ത്രിമൂർത്തികളുടെ ആശയപ്രകാരം ഇവിടെ ഒൻപത് പേരുണ്ട്. ബൈബിളിലെ ദൈവം ഏകനുമല്ല; ദ്വൈത്വവുമല്ല; ത്രിത്വവുമല്ല; നവദൈവമാണെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ദുരുപദേശം ഉദയം ചെയ്താൽ നിങ്ങൾ അംഗീകരിക്കുമോ? നിങ്ങൾക്ക് അംഗീകരിക്കേണ്ടിവരും. അതുതന്നെ ദുരുപദേശമല്ലേ നിങ്ങളും പറയുന്നത്.

ദൈവം ദ്വൈത്വമാണെന്നോ, ത്രിത്വമാണെന്നോ, നവദൈവമാണെന്നോ ബൈബിളിൽ പറഞ്ഞിട്ടില്ല. പിന്നെ, അങ്ങനെ തോന്നുന്ന ഒരാശയം വെച്ചുകൊണ്ട് ദൈവം ദ്വൈത്വമാണെന്നോ, ത്രിത്വമാണെന്നോ, നവദൈവമാണെന്നോ വാദിക്കാൻ കഴിയുന്നത് എപ്പോഴാണ്? ദൈവം ദ്വൈത്വമാണെന്നോ, ത്രിത്വമാണെന്നോ, നവദൈവമാണെന്നോ ബൈബിളിൽ ഇല്ലാതിരിക്കുമ്പോൾത്തന്നെ, ഏകനെന്ന പദവും ബൈബിളിലില്ലെങ്കിൽ അതിൽ ഏതെങ്കിലും ഒരാശയം വെച്ചുകൊണ്ട്, ദൈവം അങ്ങനാണെന്ന് വാദിക്കുന്നതിൽ ഒരു ന്യായമുണ്ട്. എന്നാൽ ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, ഏകസത്യദൈവം, പിതാവായ ഏകദൈവം എന്നിങ്ങനെ 100-ലേറെ പ്രാവശ്യം ദൈവത്തിൻ്റെ ആത്മാവിനാൽ അക്ഷരംപ്രതി ആലേഖനംചെയ്ത് വെച്ചിരിക്കെ, അതിനെ നിഷ്ക്കരുണം തള്ളിയിട്ട് ദൈവം ദ്വൈത്വമാണെന്നോ, ത്രിത്വമാണെന്നോ, നവദൈവമാണെന്നോ വാദിക്കാൻ സാത്താൻ്റെ അനുയായികൾക്കല്ലാതെ ആർക്ക് കഴിയും? 

എലോഹീം ബഹൂവചനം ആയതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടാകുമോ?

എഹാദും (ehad) ഹെയ്സും (heis) ഐക്യത്തിൽ ഒന്നാണോ?

ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക

ദൈവഭക്തിയുടെ മർമ്മം

പ്രാർത്ഥന

പ്രാർത്ഥന (Prayer)

ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സ്രഷ്ടാവായ ദൈവത്തോടു ബന്ധം പുലർത്തുന്നത് പ്രാർത്ഥനയിലൂടെയാണ്. പ്രാർത്ഥനാനുഭവം സാർവ്വത്രികവും സർവ്വതലസ്പർശിയുമാണ്. കാലഗതിയാലോ സാംസ്കാരിക പരിവർത്തനത്താലോ പ്രാർത്ഥന കാലഹരണപ്പെടുന്നില്ല. ശരീരത്തിനു ഭക്ഷണം എന്നപോലെ പ്രാർത്ഥന പ്രാണനും ആത്മാവിനും അനിവാര്യമാണ്. ബൈബിളിൽ പ്രാർത്ഥനയ്ക്ക് നല്കിയിരിക്കുന്ന സ്ഥാനം അതിന് മതിയായ തെളിവത്രേ. ആദാമും ദൈവവും തമ്മിലുള്ള സംഭാഷണം തുടങ്ങി പഴയപുതിയ നിയമങ്ങളിൽ ഉടനീളം പ്രാർത്ഥിച്ച വ്യക്തികളെ സംബന്ധിച്ചുള്ള വിവരണങ്ങൾ കാണാം. പഴയനിയമത്തിൽ എൺപത്തഞ്ചോളം മൗലികമായ പ്രാർത്ഥനകളുണ്ട്. അറുപതോളം പൂർണ്ണ സങ്കീർത്തനങ്ങളും പതിനാലു സങ്കീർത്തനഭാഗങ്ങളും പ്രാർത്ഥന എന്നു വിളിക്കപ്പെടാവുന്നതാണ്. 

അപേക്ഷിക്കുക (ആവ, 3:23), ആരാധിക്കുക (ഉല്പ, 4:26), നിലവിളിക്കുക  (ന്യായാ, 3:9; സങ്കീ, 72:12), ധ്യാനിക്കുക  (ഇയ്യോ, 15:4), ചോദിക്കുക (സങ്കീ, 105:40), യാചിക്കുക (മത്താ, 6:8), പ്രാർത്ഥിക്കുക (പ്രവൃ, 8:22), ദൈവനാമം വിളിച്ചപേക്ഷിക്കുക (പ്രവൃ, 9:14), പക്ഷവാദം ചെയ്യുക (റോമ, 8:27), തുടങ്ങിയ പദങ്ങൾ ‘പ്രാർത്ഥിക്കുക’ എന്ന തിനു സമാനമായി പ്രയോഗിച്ചിട്ടുണ്ട്. യാചന എന്നത്രേ പ്രാർത്ഥനയുടെ പ്രഥമാർത്ഥം. പ്രഭുക്കന്മാരോടും ശ്രേഷ്ഠവ്യക്തികളോടും അപേക്ഷിക്കുന്നതിനെ പ്രാർത്ഥന എന്നു പറയാറുണ്ടെങ്കിലും ദൈവത്തോടു അപേക്ഷിക്കുന്നതിനാണ് പ്രാർത്ഥന എന്നു ബൈബിളിൽ പറഞ്ഞിട്ടുള്ളത്. പിതാക്കന്മാരുടെ കാലത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയായിരുന്നു പ്രാർത്ഥന. (ഉല്പ, 4:26; 12:8; 21:33). പ്രാർത്ഥന യാഗവുമായി ബന്ധപ്പെട്ടിരുന്നു. (ഉല്പ, 13:4; 26:25; 28:20-22). ഒരു വ്യക്തി ദൈവത്തെ സ്തുതിക്കുകയും ദൈവത്തിനു സ്തോത്രം ചെയ്യുകയും പാപങ്ങളെ ഏറ്റുപറയുകയും അപേക്ഷിക്കുകയും ചെയ്യുകയാണ് പ്രാർത്ഥനയിൽ. മനുഷ്യാത്മാവിനു ചെയ്യാവുന്ന ഏറ്റവും വലിയ പ്രവൃത്തിയാണിത്. ദൈവം മനുഷ്യാത്മാവിനെ സ്പർശിച്ചതു കൊണ്ടാണ് മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നത്. പ്രാർത്ഥന ഒരിക്കലും മനുഷ്യന്റെ പ്രാകൃതമായ പ്രതികരണമല്ല. (യോഹ, 4:24). കാരണം ജഡത്തിൽ നിന്നു ജനിച്ചതെല്ലാം ജഡം തന്നെയാണ്. 

പ്രാർത്ഥനയുടെ ആവശ്യവും പ്രാധാന്യവും: പ്രാർത്ഥനയെക്കുറിച്ചു വ്യക്തമായ ഉപദേശം പുതിയനിയമം നല്കുന്നുണ്ട്. ക്രിസ്തുവിന്റെ ഉപദേശവും പ്രാർത്ഥനയുമാണ് ഇവയ്ക്ക് അടിസ്ഥാനം. 

1. പ്രാർത്ഥനയെക്കുറിച്ചു ക്രിസ്തു പഠിപ്പിച്ചു: ക്രിസ്തുവിന്റെ പല ഉപമകളും പ്രാർത്ഥനയെ കുറിച്ചുള്ളവയാണ്. അർദ്ധരാത്രിയിലെ സ്നേഹിതന്റെ ഉപമ (ലൂക്കൊ, 11:5-8), മടുത്തുപോകാതെ പ്രാർത്ഥിക്കുന്നതിന്റെ ആവശ്യം വ്യക്തമാക്കുന്നു. അനീതിയുള്ള ന്യായാധിപതിയുടെ ഉപമ (ലൂക്കൊ, 18:1-8) പ്രാർത്ഥനയുടെ നൈരന്തര്യത്തെ ചൂണ്ടിക്കാണിക്കുന്നു. പരീശന്റെയും ചുങ്കക്കാരന്റെയും പ്രാർത്ഥന (ലൂക്കൊ, 18:10-14) പ്രാർത്ഥനയിലെ വിനയവും അനുതാപവും വ്യക്തമാക്കുന്നു. അനീതിയുളള ഭ്യത്യന്റെ ഉപമ പ്രാർത്ഥനയിൽ ക്ഷമയുടെയും കരുണയുടെയും ആവശ്യം വെളിപ്പെടുത്തുന്നു. (മത്താ, 18:23, 25). 

2. ഐഹിക ജീവിതത്തിൽ ക്രിസ്തു പ്രാർത്ഥന്നയ്ക്ക് മാതൃക കാണിച്ചു: (എബ്രാ, 5:7). ഭക്ഷണം, നിദ്ര എന്നതിനെക്കാൾ പ്രാധാന്യം യേശു പ്രാർത്ഥനയ്ക്കു നല്കി. (മർക്കൊ, 1:35; ലൂക്കൊ, 6:12). ശുശ്രൂഷകളുടെ തുടക്കത്തിലെല്ലാം ക്രിസ്തു പ്രാർത്ഥിച്ചു. 

3. അപ്പൊസ്തലന്മാർ ഉപദേശിച്ചു: “പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.” (കൊലൊ, 4:2). “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാറ്റിനും തോത്രം ചെയ്വിൻ.” (1തെസ്സ, 5:17). 

4. ആദിമസഭ പ്രാർത്ഥനയ്ക്ക് ഊന്നൽ നൽകി. (പ്രവൃ, 6:4). കാരാഗൃഹത്തിൽ കിടന്ന് പത്രോസിനുവേണ്ടി സഭ ശ്രദ്ധയോടുകൂടി പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പൗലൊസ് അപ്പൊസ്തലൻ വിശ്വാസികൾക്കുവേണ്ടി എല്ലായ്പ്പോഴും പ്രാർത്ഥിച്ചിരുന്നു. (റോമ, 1:9; കൊലൊ, 1:9). 

5. പ്രാർത്ഥിക്കാതെ ഇരിക്കുന്നത് പാപമാണ്. “ഞാനോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്വാൻ ഇടവരരുതേ.” (1ശമൂ, 12:23). 

6. പ്രാർത്ഥിക്കാതെ ഇരിക്കുന്നത് ദൈവത്തെ ദുഃഖിപ്പിക്കുന്നു: ദൈവത്തിന്റെ നേർക്കുള്ള തെറ്റായ മനോഭാവവും ദൈവത്തെ കുറിച്ചുള്ള അജ്ഞതയുമാണ് പ്രാർത്ഥിക്കുന്നതിൽ നിന്നു മനുഷ്യനെ തടയുന്നത്. “എന്നാൽ യാക്കോബേ നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല. യിസ്രായേലേ നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.” (യെശ, 43:22).

7. പ്രാർത്ഥനയിലൂടെയാണ് ദൈവത്തിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുന്നത്: (മത്താ, 7:11). 

പ്രാർത്ഥിക്കേണ്ടത് ആരോട്?: നാം പ്രാർത്ഥിക്കേണ്ടത് പിതാവാം ദൈവത്തോടും പുത്രനാം ദൈവത്തോടുമാണ്. പത്രോസ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ സഭ ദൈവത്തോടു നിരന്തരം പ്രാർത്ഥിച്ചു. (പ്രവൃ, 12:5). പ്രപഞ്ചത്തിന്റെ സർവ്വാധികാരിയും പരിപാലകനുമായ ദൈവം തന്നെയാണ് പ്രാർത്ഥന സ്വീകരിപ്പാൻ യോഗ്യൻ. (നെഹെ, 4:9; യോഹ, 16:23; 1തെസ്സ, 5:23). സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാൻ ക്രിസ്തു പഠിപ്പിച്ചു. (മത്താ, 6:9; യോഹ, 16:23; 17:1, 11, 25; പ്രവൃ, 4:24; എഫെ, 1:17; 3:14). പുത്രനെ സംബോധന ചെയ്തും പ്രാർത്ഥിക്കാവുന്നതാണ്. “നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നത്.” (1കൊരി, 1:2). ആദിമസഭ ക്രിസ്തുവിനെ സംബോധന ചെയ്തു പ്രാർത്ഥിച്ചിരുന്നതായി പുതിയനിയമത്തിൽ പലയിടത്തും കാണാം. (പ്രവൃ, 7:59; 2കൊരി, 12:8; 2തിമൊ, 2:22). പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുന്നതിനെ കുറിച്ചുള്ള സൂചനകൾ ബൈബിളിൽ കാണുന്നില്ല. പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കുവാൻ കല്പനയോ അപ്രകാരം പ്രാർത്ഥിച്ചതിന്റെ ദൃഷ്ടാന്തമോ ബൈബിളിൽ ഇല്ലെങ്കിൽ തന്നെയും അതു നിരോധിച്ചിട്ടില്ല. പരിശുദ്ധാത്മാവ് ദൈവം ആകയാൽ പരിശുദ്ധാത്മാവും ആരാധനയ്ക്ക് അർഹനാണ്. പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയെക്കുറിച്ചു 2കൊരിന്ത്യർ 13:14-ൽ കാണാം. ഇതു പ്രാർത്ഥനയെ സൂചിപ്പിക്കുന്നതായി ചിലർ കരുതുന്നു. നമ്മുടെ പ്രാർത്ഥന സ്വീകരിക്കുന്നതിനെക്കാളും നമ്മിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് പരിശുദ്ധാത്മാവു ചെയ്യുന്നത്. (റോമ, 8:26; യൂദാ, 20). പരിശുദ്ധാത്മാവിന്റെ ശക്തിയിലും നടത്തിപ്പിലും പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തോടു അപേക്ഷിക്കുന്നതാണ് പ്രാർത്ഥന. 

പ്രാർത്ഥനയുടെ വിഷയം: 

1. നമ്മുടെ ആവശ്യങ്ങൾ: യേശുക്രിസ്തു തന്റെ ആവശ്യങ്ങൾക്കു വേണ്ടി മനുഷ്യപുത്രൻ എന്ന നിലയിൽ ദൈവത്തോടു അപേക്ഷിച്ചു. വ്യക്തിപരമായ സഹായത്തിനുവേണ്ടി പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയിൽ ഭക്ഷണത്തിനു വേണ്ടിയും ദുഷ്ടനിൽ നിന്നുള്ള മോചനത്തിനു വേണ്ടിയും അപേക്ഷിക്കുന്നു. (മത്താ, 6:9-15). ജ്ഞാനം കുറവായ വ്യക്തി ജ്ഞാനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കേണ്ടതാണ്. (യാക്കോ, 1:5). കഷ്ടതയിലും പീഡനത്തിലും ദൈവത്തോടു നിലവിളിക്കുമ്പോൾ ദൈവം കേൾക്കും. (സങ്കീ, 102:16; 69:33; പുറ, 22:22,23; യാക്കോ, 5:4). കഷ്ടം അനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (യാക്കോ, 5:13).

2. സഹവിശ്വാസികൾ: “എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (യാക്കോ, 5:16). വിശ്വാസികൾ പരസ്പരം പ്രാർത്ഥിക്കേണ്ടതാണ്. (റോമ, 1:9,10). പുതുതായി വിശ്വാസത്തിലേക്കു വരുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം. (1തെസ്സ, 3:9-13; 2തെസ്സ, 1:11,12).

3. ക്രിസ്തീയ ശുശ്രൂഷകന്മാർ: “സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ. ഞാൻ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ മർമ്മം പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ എനിക്കു വചനം നല്കപ്പെടേണ്ടതിന്നും ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിൽ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാർത്ഥിപ്പിൻ.” (എഫെ, 6:18-20).

4. രോഗികൾ: “നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. (യാക്കോ, 5:14-16).

5. ഭരണകർത്താക്കൾ: (1തിമൊ, 2:1-3). അധികാരത്തിൽ ഇരിക്കുന്നവർക്കുവേണ്ടി വിശ്വാസികൾ പ്രാർത്ഥിക്കേണ്ടത് ദൈവഹിതവും കല്പനയുമാണ്. (1പത്രൊ, 2:17; 2പത്രൊ, 2:10,11). മക്കൾക്കു വേണ്ടിയും (1ദിന, 29:18,19), ഉപ്രദവിക്കുന്നവർക്കു വേണ്ടിയും (മത്താ, 5:44; ലൂക്കൊ, 6:28; 23:34; പ്രവൃ, 7:60), പ്രാർത്ഥിക്കേണ്ടതാണ്. ചുരുക്കത്തിൽ സകല മനുഷ്യർക്കും (1തിമൊ, 2:1), സകലത്തിനു വേണ്ടിയും (ഫിലി, 4:6) പ്രാർത്ഥിക്കണം. യെരൂശലേമിന്റെ സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ സങ്കീർത്തനക്കാരൻ ആവശ്യപ്പെടുന്നു. (സങ്കീ, 122:6,7). 

പ്രാർത്ഥനയുടെ രീതിയും വിധവും: എല്ലാവരുടെയും പ്രാർത്ഥന ശരിയായ രീതിയിലുള്ളതല്ല. ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും തങ്ങളുടെ പ്രാർത്ഥന കുറ്റമറ്റതായി കരുതിയില്ല. തന്മൂലം അവർ ക്രിസ്തുവിനോടു പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നതിനു അപേക്ഷിച്ചു. (ലൂക്കൊ, 11:1(. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ (റോമ, 8:26) എന്നു പറയുമ്പോൾ പൗലൊസും വിവക്ഷിക്കുന്നതു പ്രാർത്ഥനയിൽ നേരിടുന്ന പരിമിതികളെയാണ്. എന്നാൽ ആത്മാവു തന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. പ്രാർത്ഥനാസമയത്തു ശരീരം ഏതു നിലയിലായിരിക്കണമെന്നു വ്യക്തമാക്കുന്നില്ല. പ്രാർത്ഥനയിൽ ശരീരനിലയല്ല മാനസികനിലയാണ് പ്രാധാന്യം. ബൈബിളിലെ പ്രാർത്ഥനകളിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ സൂചനകളാണധികം. നിന്നും (യിരെ, 18:20; മർക്കൊ, 11:25; ലൂക്കൊ, 18:13; യോഹ, 17:1), മുട്ടുകുത്തിയും (1രാജാ, 8:54; എസ്രാ, 9:5; ദാനീ, 6:10; ലൂക്കൊ, 22:41; പ്രവൃ, 20’36; എഫെ, 3:14), കവിണ്ണുവീണും (മത്താ, 26:39), കിടക്കയിൽ കിടന്നും (സങ്കീ, 63:6), വെള്ളത്തിൽ നടന്നും (മത്താ, 14:30), ഇരുന്നും (2ശമൂ, 7:18; 1രാജാ, 18:42), ക്രൂശിൽ കിടന്നും പ്രാർത്ഥിച്ചതായി കാണാം. മൗനമായും (1ശമൂ, 1:13), ഉറക്കെയും (യെഹെ, 11:13), ചിലപ്പോൾ കൈകൾ ഉയർത്തിയും (1രാജാ, 8:22; സങ്കീ, 28:2; 134:2; 1തിമൊ, 2:8) പ്രാർത്ഥിച്ചു. 

പ്രാർത്ഥനയ്ക്കുള്ള സ്ഥലം: പ്രാർത്ഥിക്കുന്ന സമയവുമായി ബന്ധപ്പെട്ടതാണ് പ്രാർത്ഥനയ്ക്കുള്ള സ്ഥലം. ചുറ്റുമുള്ള കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ് രഹസ്യമായി ഉള്ളറയിലിരുന്നു ഏകാഗ്രമായി പ്രാർത്ഥിക്കുവാൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നു. (മത്താ, 6:6). സ്വകാര്യ പ്രാർത്ഥനയിൽ ദൈവവുമായി ബന്ധപ്പെടുവാൻ നിർജ്ജനപ്രദേശം (മർക്കൊ, 1:35), മലമുകൾ (മത്താ, 13:34) എന്നിവ പോലുള്ള ഏകാന്തസ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതു നല്ലതാണ്. ഒരുമിച്ചുളള പ്രാർത്ഥനയെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (മത്താ, 18:19; പ്രവൃ, 1:14; 12:5; 20:36). അവിശ്വാസികളുടെ മുമ്പിൽ വച്ചും പ്രാർത്ഥിക്കേണ്ടതാണ്. (പ്രവൃ, 16:25). എവിടെവച്ചും പ്രാർത്ഥിക്കുവാനാണ് പൗലൊസ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1തിമൊ, 2:8). പ്രാർത്ഥനയ്ക്കു പ്രത്യേകസ്ഥലം ആവശ്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. വെളിമ്പ്രദേശത്തും (ഉല്പ, 24:11,12), നദിക്കരയിലും (പ്രവൃ, 16:13), കടല്ക്കരയിലും പ്രവൃ, 21:5), യുദ്ധക്കളത്തിലും (1ശമൂ, 7:5), കിടക്കയിലും (സങ്കീ, 63:6), ദൈവാലയത്തിലും (2രാജാ, 19:14), പ്രാർത്ഥിച്ചതിന്റെ ഉദാഹരണങ്ങൾ ബൈബിളിലുണ്ട്. 

പ്രാർത്ഥനയ്ക്കുളള സമയം: എല്ലായ്പ്പോഴും പ്രാർത്ഥിക്കുവാൻ (ലൂക്കൊ, 18:1; എഫെ, 6:18) തിരുവെഴുത്തുകൾ ഉപദേശിക്കുന്നെങ്കിലും പ്രാർത്ഥിക്കേണ്ട ചില സമയങ്ങളുടെ സൂചന കാണാവുന്നതാണ്. “ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും. ഞാൻ വൈകുന്നേരത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും. അവൻ എന്റെ പ്രാർത്ഥന കേൾക്കും.” (സങ്കീ, 55:16,17). ദാനീയേൽ ദിവസവും മൂന്നു പ്രാവശ്യം മുട്ടുകുത്തി പ്രാർത്ഥിച്ചതായി കാണുന്നു. (ദാനീ, 6:10). ആറാംമണി നേരത്തും ഒമ്പതാം മണി നേരത്തും അപ്പൊസ്തലന്മാർ പ്രാർത്ഥിച്ചുവന്നു. (പ്രവൃ, 3:1; 10:9, 30). ഭക്ഷണത്തിനു മുമ്പു പ്രാർത്ഥിക്കണ്ടതാണ്. (മത്താ, 14:19; പ്രവൃ,27:35; 1തിമൊ, 4:4). കഷ്ടകാലത്ത് ദൈവത്തോടു വിളിച്ചപേക്ഷിക്കണം. (സങ്കീ, 50:15). ശത്രു നമ്മുടെമേൽ പ്രബലമാകുമ്പോഴും അനർത്ഥം വളയുമ്പോഴും നാം ദൈവത്തോടു അപേക്ഷിക്കേണ്ടതാണ്. (1ദിന, 5:20; 2ദിന, 13-16; 20:1-19; സങ്കീ, 60:11; 17:1,2; 86:7; 130:1; യോനാ, 2:2). 

പ്രാർത്ഥനയിൽ ഔചിത്യം: സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നാണ് അപ്പൊസ്തലൻ ഉപദേശിക്കുന്നത്. (1കൊരി, 14:40) ഈ ഔചിത്യബോധം പ്രാർത്ഥനയിലും ഉണ്ടായിരിക്കേണ്ടതാണ്. ആദിമ ക്രിസ്ത്യാനികൾ ഉചിതമായും ക്രമമായും പ്രാർത്ഥിച്ചിരുന്നതായി കാണാം. (പ്രവൃ, 1:24-26; 4:24-31; 12:5, 12; 13:1-3). പ്രാർത്ഥന എങ്ങനെ ആയിരിക്കണമെന്ന് ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:7). ഉപവസിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതെന്നും തലയിൽ എണ്ണതേച്ചു കഴുകണമെന്നും ക്രിസ്തു ഉപദേശിച്ചു. (മത്താ, 6:16-18). 

പ്രാർത്ഥനയും മറുപടിയും: പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്ത സന്ദർഭങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഇല്ല അഥവാ ഇപ്പോഴില്ല എന്നിങ്ങനെ ദൈവം മറുപടി തരുന്നതും തന്റെ കരുണാധിക്യത്തിലാണ്. ദൈവഭക്തന്മാരുടെ പ്രാർത്ഥന വിഫലമായിപ്പോയ സന്ദർഭങ്ങൾ തിരുവെഴുത്തുകളിൽ ഉണ്ട്. (സങ്കീ, 88:13,14; വിലാ, 3:44; ഹബ, 1:2, 13). മറുപടി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കുവാൻ പലപ്പോഴും സാധിക്കാറില്ല. (1കൊരി, 13:14). പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മാനസികനിലയ്ക്കും പ്രാധാന്യമുണ്ട്. മറുപടി ലഭിക്കേണ്ടതിന്;

1. പ്രാർത്ഥന വിശ്വാസത്താലായിരിക്കണം: (എബ്രാ, 11:16; മത്താ, 17:20; 21:22; മർക്കൊ, 11:23,24; യാക്കോ, 1:6)

2. യേശുവിന്റെ നാമത്തിലായിരിക്കണം: (യോഹ, 14:13; 15:16; 16:23)

3. ദൈവഹിതമനുസരിച്ചായിരിക്കണം: (1യോഹ, 5:14,15). 

4. പരിശുദ്ധാത്മാവിൽ: (എഫെ, 6:18; യൂദാ, 20). 

5. പാപം ഏറ്റു പറഞ്ഞു ഉപേക്ഷിച്ച ശേഷം ആയിരിക്കണം: (സങ്കീ, 66:18; സദൃ, 28:9; യെശ, 59:1,2).

6. ക്ഷമിക്കുന്ന ഹൃദയത്തോടായിരിക്കണം: (മത്താ, 6:12-15; 18:21-35; മർക്കൊ, 11:25,26; യാക്കോ, 5:14, 16).

7. സഹോദരനോടു നിരന്നിട്ടു വേണം: (മത്താ, 5:21-24; 18:19).

8. മടുത്തു പോകാതെയായിരിക്കണം: (ലൂക്കൊ, 11:5-8; 18:1-8).

9. ശ്രദ്ധയോടു കൂടെയായിരിക്കണം: (യാക്കോ, 5:16).

10. പ്രാർത്ഥിക്കുന്ന വ്യക്തി ക്രിസ്തുവിൽ വസിക്കണം: (യോഹ, 15:7). 

പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കാത്തതിനു ചില കാരണങ്ങൾ തിരുവെഴുത്തുകൾ പറയുന്നുണ്ട്. 

1. ഭോഗത്തിൽ ചെലവിടുന്നതിനു അപേക്ഷിക്കുന്നതുകൊണ്ട്. (യാക്കോ, 4:3). 

2. അതിക്രമം നിമിത്തം: സങ്കീ .66:18; യെശ, 59:1,2; ഹബ, 1:13). 

3. ഹൃദയത്തിൽ വിഗ്രഹം വെച്ചുകൊള്ളുന്നതിനാൽ: (യെഹ, 14:3). 

4. നാം ക്ഷമിക്കാത്തതുകൊണ്ട്: (മർക്കൊ, 11:25,26).

5. അവിശ്വാസം ഹേതുവായി: (യാക്കോ, 1:6). 

6. ദൈവവചനം കേൾക്കാൻ വിസമ്മതിക്കുന്നതു കൊണ്ട്: (സദൃ, 28:9). 

7. എളിയവന്റെ നിലവിളി ആദരിക്കാത്തതു കൊണ്ട്: സദൃ, 21:13). 

പ്രാർത്ഥന നിഷ്പ്രയോജനമല്ലെന്നു തിരുവെഴുത്തുകളും വ്യക്തികളുടെ അനുഭവങ്ങളും വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ രക്ഷണ്യപ്രവൃത്തിയുടെ നടത്തിപ്പിൽ പ്രാർത്ഥനയ്ക്കു ഒരു പ്രധാന പങ്കുണ്ട്. (1തിമൊ, 2:1-4). വ്യക്തിപരമായ ജീവിതത്തിൽ ദർശനത്തിന്റെയും ശക്തിയുടെയും അനുഗ്രഹത്തിന്റെയും ഉറവിടം പ്രാർത്ഥനയാണ്. അതിനാലാണ് പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് പ്രധാനസ്ഥാനം നൽകിയിട്ടുള്ളത്. (ലൂക്കൊ, 18:1; എഫെ, 5:18; ഫിലി, 4:6; 1തിമൊ, 2:1; 1തെസ്സ, 5:17). പ്രാർത്ഥന അവഗണിക്കുന്നതു പാപം തന്നെയാണ്. (1ശമൂ, 12:23). കാരണം മനുഷ്യജീവിതത്തിൽ ദൈവകൃപയുടെ പ്രവർത്തനത്ത അതു തടയുന്നു. എല്ലാറ്റിന്റെയും പരമമായ ലക്ഷ്യം ദൈവമഹത്വമാണ്. പുത്രന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവിന്റെ മഹത്വത്തിനായി നമുക്കു ലഭിക്കും. “നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും.” (യോഹ, 14:13).

പ്രവാസം

പ്രവാസം (captivity)

പരദേശത്തുപോയി പാർക്കുന്നതാണ് പ്രവാസം. സ്വരാജ്യഭ്രഷ്ടരായി യിസ്രായേൽമക്കൾ അന്യരാജ്യത്തു പോയി പാർക്കേണ്ടി വന്നതാണ് യിസ്രായേല്യ ചരിത്രത്തിൽ പ്രവാസം എന്ന് അറിയപ്പെടുന്നത്. ഒരു പട്ടണത്തിലെയോ ജില്ലയിലെയോ ജനം മുഴുവൻ ബലപ്രയോഗത്തിനു വിധേയമായി അന്യദേശത്തുപോയി പാർക്കേണ്ടിവരുന്നതു പുരാതന ചരിത്രത്തിൽ അസാധാരണ സംഭവമല്ല. ജനത്തെ മാറ്റി പാർപ്പിക്കുന്നതിനു രണ്ടു ലക്ഷ്യങ്ങളുണ്ട്. 1. പുതിയ പട്ടണങ്ങളെ പെട്ടെന്നു ജനനിബിഡമാക്കുക. 2. ശത്രുസംഘങ്ങളെ വിഘടിപ്പിച്ചു ദുർബ്ബലമാക്കുക. 

നാടുകടത്തൽ ആദ്യം നടപ്പിലാക്കിയതു അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ തൃതീയനാണ്. താൻ കീഴടക്കിയ ജനങ്ങളെ മുഴുവൻ തന്റെ സാമ്രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി അദ്ദേഹം പാർപ്പിച്ചു. (1രാജാ, 15:29). സർഗ്ഗോൻ, സൻഹേരീബ്, എസ്സർ-ഹദ്ദോൻ, ബാബിലോന്യ രാജാക്കന്മാർ പ്രത്യേകിച്ചും നെബൂഖദ്നേസർ എന്നിവർ ഈ നയം പിന്തുടർന്നു. യിസായേലിന്റെ മിസ്രയീമിലെ അടിമത്തത്തയും ഫെലിസ്ത്യർ തുടങ്ങിയവർ പലകാലത്തായി ഇവരെ കീഴടക്കിയതിനെയും ഒരു വിശാലമായ അർത്ഥത്തിൽ പ്രവാസം എന്നു പറയാനുണ്ട്. ബാബിലോന്യൻ, പേർഷ്യൻ, ഗ്രേക്കൻ, റോമൻ എന്നിങ്ങനെ നാലായി യെഹൂദന്മാർ തങ്ങളുടെ ദേശീയ പ്രവാസങ്ങളെ കണക്കാക്കുന്നു. എന്നാൽ അശ്ശൂര്യ ബാബിലോന്യ രാജാക്കന്മാർ യെഹൂദന്മാരെ നാടു കടത്തിയതിനെയാണ് പ്രവാസം എന്നു പൊതുവെ പറയുന്നത്. (മത്താ, 1:17). ബാബേൽ പ്രവാസം യിസ്രായേല്യ ചരിത്രത്തിൽ തിക്തമായ ഒരു സംഭവമാണ്. അവരുടെ ജീവിതത്തെയും ചിന്തയെയും ഇത്രത്തോളം ബാധിച്ചിട്ടുള്ള മറ്റൊരു സംഭവം ഇല്ല. യിസ്രായേൽ മക്കളുടെ മിസ്രയീമിലെ അടിമത്തം പ്രവാസമായിരുന്നില്ല. മിസ്രയീമിൽ നിന്നുള്ള അവരുടെ വിടുതൽ യഥാസ്ഥാപനവുമായിരുന്നില്ല. കാരണം, യോശുവ കനാൻ കീഴടക്കുന്നതുവരെയും അതു അവരുടെ അവകാശദേശമായിരുന്നില്ല. 

യിസ്രായേലിന്റെ പ്രവാസം: തെക്കുപടിഞ്ഞാറു ഈജിപ്റ്റിന്റെയും വടക്കുകിഴക്കു മെസൊപ്പൊട്ടേമിയയുടെയും ഇടയിൽ ഉലഞ്ഞുകൊണ്ടിരുന്ന ഒരു ചരിത്രമായിരുന്നു യിസ്രായേലിന്റേതും യെഹൂദയുടേതും. ബൈബിൾ ചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈജിപ്റ്റ് പ്രബലമായിരുന്നു. അശ്ശൂരിന്റെയും ബാബിലോണിന്റെയും വളർച്ചയോടുകൂടി ആദ്യം യിസ്രായേലും പിന്നീട് യെഹൂദയും താളടിയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു. ഉത്തരരാജ്യമായ യിസായേലിലെ പത്തു ഗോത്രങ്ങളുടെ പ്രവാസം ഒരു സങ്കീർണ്ണമായ പ്രക്രിയയായിരുന്നു. യൊരോബെയാം രണ്ടാമന്റെ വാഴ്ചക്കാലത്ത് യിസ്രായേൽ അതിന്റെ ഉച്ചാവസ്ഥയിലെത്തി. ഈ കാലത്തു അശ്ശൂർ ഏതു പ്രകാരേണയും സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ വെമ്പുകയായിരുന്നു. യിസ്രായേൽ രാജാവായ പേക്കഹിന്റെ കാലത്താ (740 ബി.സി.) ‘തിഗ്ലത്ത്-പിലേസർ തൃതീയൻ’ രൂബേന്യരെയും, ഗാദ്യരെയും, മനശ്ശയുടെ പാതിഗോത്രത്തെയും (1ദിന, 5:26), ഗലീലയിലെ നിവാസികളെയും (2രാജാ, 15:29; യെശ, 9:1) ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി. അരാമിന്റെ തലസ്ഥാനമായ ദമ്മേശെക്ക് പിടിച്ചശേഷം തിഗ്ലത്ത്-പിലേസർ യിസ്രായേലിന്റെ ഒടുവിലത്തെ രാജാവായ ഹോശേയയെ വാഴിച്ചു. നിഷ്ഫലമായ ഈജിപ്ഷ്യൻ സഹായം പ്രതീക്ഷിച്ചുകൊണ്ടു ഹോശേയ അശ്ശൂരിനോടു മത്സരിച്ചു. അശ്ശൂർരാജാവായ ശല്മനേസർ യിസ്രായേലിനെ രണ്ടുപ്രാവശ്യം ആക്രമിച്ചു. (2രാജാ, 17:3,5). അദ്ദേഹത്തിന്റെ പിൻഗാമിയായ സർഗ്ഗോൻ ദ്വിതീയൻ ബി.സി. 721-ൽ ശമര്യ പിടിച്ചു 27290 പേരെ ബദ്ധരാക്കി കൊണ്ടപോയതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതായിരുന്നു പത്തുഗോത്രങ്ങളുടെ അന്ത്യം. ‘യെഹൂദാഗോത്രം അല്ലാതെ ആരും ശേഷിച്ചില്ല.’ (2രാജാ, 17:18). യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. (2രാജാ, 17:6; 18:11). പത്തു ഗോത്രങ്ങളുടെയും നാടുകടത്തൽ പൂർണ്ണമായിരുന്നു. വ്യക്തിത്വം നഷ്ടപ്പെട്ട അവർ ചരിത്രഗതിയിൽ മടങ്ങിവരാതവണ്ണം മറ്റുള്ളവരുമായി കലർന്നു. 

യെഹൂദയുടെ പ്രവാസം: യെഹൂദ്യരുടെ പ്രവാസവും പൊടുന്നനവെ സംഭവിച്ചതല്ല. അശ്ശൂർരാജാവായ അശ്ശൂർബനിപ്പാളിനു ശേഷം യെഹുദയുടെ മേലുള്ള അശ്ശൂരിന്റെ അധീശത്വം അയഞ്ഞു തുടങ്ങി. നവബാബിലോന്യ സാമ്രാജ്യം (ബി.സി. 629-539) ശക്തി പ്രാപിച്ചു വരികയായിരുന്നു. യെഹൂദയും ഈജിപ്റ്റും ഈ ഇടവേളയെ പ്രയോജനപ്പെടുത്തുവാൻ ശ്രമിച്ചു. മെഗിദ്ദോ യുദ്ധത്തിൽ വച്ചു യെഹൂദയുടെ പ്രതീക്ഷ തകർന്നു. യെഹൂദാരാജാവായ യോശീയാവു കൊല്ലപ്പെട്ടു. ഈജിപ്റ്റ് യെഹൂദയുടെ മേൽ അധീശത്വം പുലർത്തി. ബി.സി. 605-ൽ കർക്കെമീശിൽ വച്ച് നെബുഖദ്നേസർ ഈജിപ്റ്റിനെ തോല്പിച്ചു. യോശീയാവിന്റെ പുത്രന്മാർരിൽ ഒരുവനായ യെഹോവാഹാസിനെ മൂന്നു മാസത്തെ ഭരണത്തിനുശേഷം ഫറവോൻ നെഖോ മിസ്രയീമിലേക്കു ബദ്ധനാക്കി കൊണ്ടുപോയി. അവൻ അവിടെ വച്ച് മരിച്ചു. (2രാജാ, 23:31-34; 2ദിന, 36:1-4; യിരെ, 22:10-12). തുടർന്നു യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീം പതിനൊന്നു വർഷം ഭരിച്ചു (ബി.സി. 609-598). നെബുഖദ്നേസർ യെരുശലേം നിരോധിച്ച കാലത്തു യെഹോയാക്കീം മരിച്ചു. പുത്രനായ യെഹോയാഖീൻ മൂന്നുമാസം രാജ്യം ഭരിച്ചു (ഡിസംബർ 598-മാർച്ച് 597 ബി.സി). തുടർന്നു അദ്ദേഹം ബദ്ധനായി ബാബേലിലേക്കു പോയി. (2രാജാ, 24:6-8; 2ദിന, 36:9,10). അനന്തരം യോശീയാവിന്റെ മൂന്നാമത്തെ പുത്രനായ മത്ഥന്യാവെ സിദെക്കീയാവ് എന്നപേരിൽ നെബൂഖദ്നേസർ രാജാവാക്കി. പതിനൊന്നു വർഷം അയാൾ ആശ്രിതനായി ഭരിച്ചു. (മാർച്ച് 597-ജൂലൈ 587 ബി.സി.). യെരുശലേം പിടിക്കപ്പെട്ടപ്പോൾ സിദെക്കീയാവിനെ കണ്ണു കുത്തിപ്പൊട്ടിച്ചു ബദ്ധനാക്കി ബാബേലിലേക്കു കൊണ്ടുപോയി. അവിടെ മരണംവരെ അദ്ദേഹം ബദ്ധനായിരുന്നു. മുന്നു യെഹൂദാരാജാക്കന്മാർ നാടുകടത്തൽ അനുഭവിച്ചു. യെഹോവാഹാസ്, യെഹോയാഖീൻ, സിദെക്കീയാവ്. മൂന്നു പ്രാവശ്യമായിട്ടാണ് യെഹൂദന്മാരെ ബാബേലിലേക്കു നാടുകടത്തിയത്. ഇവയിൽ ഒന്നാമത്തേതു് ബി.സി. 598-ൽ ആയിരുന്നു. അപ്പോൾ യെഹോയാക്കീം രാജാവ്, അവന്റെ അമ്മ, പരിചാരകന്മാർ എന്നിവരെ പിടിച്ചു കൊണ്ടുപോയി. ഒപ്പം ദൈവാലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും എടുത്തു കൊണ്ടുപോയി. യെരൂശലേമ്യരും പ്രഭുക്കന്മാരും പരാക്രമശാലികളുമായി 10,000 പേരെ ബദ്ധരാക്കിക്കൊണ്ടു പോയി. ദേശത്തു എളിയവർ മാത്രമേ ശേഷിച്ചുള്ളൂ. (2രാജാ, 24:12-16). യിരെമ്യാവാ 52:28-30-ൽ നെബുഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം ആകെ 4600 പേർ എന്നു കാണുന്നു. (ബി.സി. 598-ൽ 3023 പേർ; ബി.സി. 587-ൽ 832 പേർ; ബി.സി. 582-ൽ 745 പേർ; ആകെ 4600 പേർ. ഏതോ ഔദ്യോഗികരേഖയിൽ നിന്നുള്ള കണക്കാണിത്. ലാഖീശിൽ നിന്നും കണ്ടെടുത്ത ഓട്ടു ലിഖിതങ്ങളും ദൈബീർ, ലാഖീശ്, ബേത്ശെമേശ് എന്നീ പട്ടണങ്ങൾ ഉത്ഖനനം ചെയ്തപ്പോൾ ലഭിച്ച തെളിവുകളും ബി.സി. 598-97-ൽ യെഹൂദയ്ക്കു നേരിട്ട ദയനീയ പരാജയത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്കുന്നു. സിദെക്കീയാ രാജാവു ബാബേലിനോടു മത്സരിച്ചതാണു രണ്ടാമത്തെ നാടുകടത്തലിനു കാരണമായത്. ഇതിനെക്കുറിച്ചു 2രാജാക്കന്മാർ 25:8-21; യിരെ, 39:8-10; 40:7; 52:12-34 എന്നീ ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ദൈവാലയവും രാജധാനിയും പ്രധാന ഭവനങ്ങളും അഗ്നിക്കിരയാക്കി. യെരുശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു. ജനത്തെ ബദ്ധരാക്കിക്കൊണ്ടുപോയി. ഇത് ബി.സി. 587-ൽ സംഭവിച്ചു. 

ബാബേൽ രാജാവ് ഗെദല്യാവിനെ യെഹൂദയിലെ അധിപതിയായി നിയമിച്ചു. മിസ്പയായിരുന്നു ഗെദല്യാവിന്റെ ആസ്ഥാനം. ഗെദല്യാവു വധിക്കപ്പെട്ടു. ശേഷിച്ച യെഹുദന്മാർ ഭയന്നു ഈജ്പിറ്റിലേക്കു ഓടിപ്പോയി. തങ്ങളോടു ചേരുവാൻ അവർ യിരെമ്യാവിനെയും നിർബ്ബന്ധിച്ചു. (2രാജാ, 25:22-26; യിരെ, 40-44). ഗെദല്യാവിന്റെ വധമായിരുന്നു മൂന്നാമത്തെ നാടുകടത്തലിനു കാരണം. പദവിയും നിലയും ഉള്ളവരെയായിരുന്നു മൂന്നാമതു ബദ്ധരാക്കി ക്കൊണ്ടുപോയത്. ബി.സി. 598-ൽ ബദ്ധനായിപ്പോയ യെഹോയാഖീന് വളരെ അനുകൂലമായ പരിചരണമാണ് ലഭിച്ചത്. അതിനെക്കുറിച്ചുളള ബൈബിൾ രേഖകളെ നെബുഖദ്നേസരിന്റെ രാജകീയ രേഖകളും ശരിവയ്ക്കുന്നു. (2രാജാ, 25:27-30; യിരെ, 52:31-34). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് രാജാവായി. അദ്ദേഹം യെഹോയാഖീനെ കടാക്ഷിച്ചു കാരാഗൃഹത്തിൽ നിന്നു മോചിപ്പിച്ചു മറ്റു സാമന്ത രാജാക്കന്മാരോടൊപ്പം ആക്കി. ബാബേലിലെ അവസാനരാജാവായ നബോണിദസിൻ്റെ (555-539) കാലത്തു പാർസിരാജാവായ കോരെശ് ബാബേൽ കീഴടക്കി. പ്രവാസികളായിരുന്ന യെഹൂദന്മാരെ പലസ്തീനിൽ മടങ്ങിവന്നു ദൈവാലയം പണിയുന്നതിന് അദ്ദേഹം അനുവദിച്ചു. 

ബദ്ധന്മാരുടെ സ്ഥിതി: ബദ്ധന്മാരുടെ സ്ഥിതി പരമദയനീയമായിരുന്നു. പ്രവാസകാലത്തു യഹോവയോടു വിശ്വസ്തത പുലർത്തിയവർ കഠിനവിദ്വേഷത്തിനും നിന്ദയ്ക്കും പാത്രമായി. (സങ്കീ, 137). തങ്ങളുടെ നിലനില്പിനു കഠിനാധ്വാനം ചെയ്യുക മാത്രമല്ല കപ്പം കൊടുക്കേണ്ടിയും വന്നു. പുരോഹിത, രാജ, പ്രഭു കുടുംബങ്ങളിൽ നിന്നുള്ളവർ കഠിനനിന്ദ അനുഭവിച്ചു. (യെശ, 43:28; 52:5). ദേശത്തു ഉന്നതസ്ഥാനം വഹിക്കുന്നതിനും (ദാനീ, 4:28), രാജാവിന്റെ അടുക്കൽ വിശ്വസ്തസേവനം നടത്തുന്നതിനും (നെഹ, 1:11) യെഹൂദന്മാർക്കു തടസ്സം ഉണ്ടായിരുന്നില്ല. അവർ യിരെമ്യാവിന്റെ ഉപദേശം അനുസരിച്ചു. (യിരെ, 29:5). പ്രവാസികൾ സംഖ്യയിലും ധനത്തിലും വർദ്ധിച്ചു വന്നു. അവർ വംശപാരമ്പര്യം കാത്തു സൂക്ഷിച്ചു. ദൈവാലയവും യാഗവും ഉത്സവങ്ങളും അവർക്കുണ്ടായിരുന്നില്ല. എന്നാൽ പരിച്ഛേദനം, ഭക്ഷണനിയമങ്ങൾ എന്നിവ അവർ ആചരിച്ചു. എല്ലാ പട്ടണങ്ങളിലും പള്ളികൾ സ്ഥാപിക്കുന്ന രീതി യെഹൂദന്മാർ ആരംഭിച്ചതു ബാബേൽ പ്രവാ സകാലത്താണ്. ചില സങ്കീർത്തനങ്ങൾ പ്രവാസികളായ യെഹൂദന്മാരുടെ വികാരങ്ങളെ വർണ്ണിക്കുന്നു. യിരെമ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ എന്നീ പ്രവാചകന്മാരിൽ നിന്നാണ് പ്രവാസികളെക്കുറിച്ചു നാം അധികം മനസ്സിലാക്കുന്നത്. 

പ്രവാസത്തിന്റെ കാലയളവ്: ബാബേൽ പ്രവാസം 70 വർഷം നീണ്ടു നില്ക്കുമെന്നു യിരെമ്യാവ് (25:12; 29:10) പ്രവചിച്ചു. കാലം കണക്കാക്കുന്നതിനു രണ്ടു രീതികളുണ്ട്. 1. ദേശീയം. 2. മതപരം. നെബുഖദ്നേസരിന്റെ ആദ്യത്തെ ആക്രമണം മുതൽ കോരെശിന്റെ വിളംബരം വരെയാണ് സിവിൽ കാലയളവ്. (ബി.സി. 606-538). ദൈവാലയം ചുട്ടതു മുതൽ പുനർനിർമ്മാണം വരെയുള്ളതാണ് മതപരമായ കാലയളവ്. (ബി.സി. 587-517). ബി.സി. 538-ലെ കോരെശിന്റെ വിളംബരത്തോടു കൂടിയാണ് ബാബേൽ പ്രവാസം അവസാനിച്ചത്. (എസ്രാ, 1:2). സെരുബ്ബാബേൽ (ബി,സി. 535), എസ്രാ (ബി,സി. 458), നെഹെമ്യാവ് (ബി,സി. 445) എന്നിവരുടെ കീഴിൽ ഒരു വലിയ കൂട്ടം പ്രവാസികൾ മടങ്ങിവന്നു. ബി.സി. 538-ലെ കല്പനപ്രകാരം മടങ്ങി വന്നവർ ദാസന്മാരെ കൂടാതെ 42,360 പേരാണ്. അവരിൽ ഉദ്ദേശം 30,000 പേർ യെഹൂദാ, ബെന്യാമീൻ, ലേവി എന്നീ ഗോത്രങ്ങളിൽ ഉള്ളവർ ആയിരുന്നു. ശേഷിച്ച 12,000 പേർ യിസ്രായേൽ ഗോത്രങ്ങളിൽ പെട്ടവരാണെന്നു കരുതപ്പെടുന്നു. (എസാ, 6:17). ദേശീയ സവിശേഷതകൾ പുലർത്തിക്കൊണ്ടു അശ്ശൂരിൽ ശേഷിച്ചവർ (എസ്ഥേ, 8:9,11) ചിതറിപ്പാർപ്പുകാർ എന്നറിയപ്പെട്ടു. (യോഹ, 7:35; 1പത്രൊ, 1:1; യാക്കോ, 1:1). യിസ്രായേലിലെ പത്തു ഗോത്രങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ല. അവരിൽ ചിലർ തിരിച്ചുവന്നു യെഹൂദന്മാരുമായി കൂടിക്കലർന്നു. (ലൂക്കൊ, 2:36). ചിലർ ശമര്യയിൽ വസിച്ചു ശമര്യരുമായി കൂടിക്കലർന്നു (എസ്രാ, 6:21; യോഹ, 4:12) യെഹൂദന്മാരുടെ ശത്രുക്കളായി മാറി. 

പ്രവാസകാരണങ്ങളും ഫലങ്ങളും: യഹോവയുമായുള്ള ഉടമ്പടിയെ ധിക്കരിച്ചു അന്യദേവന്മാരെ സേവിച്ചതിന്റെ ഫലമായിരുന്നു ബാബേൽ പ്രവാസം. ശബ്ബത്ത് അനുഷ്ഠിക്കുകയോ ന്യായപ്രമാണം ആചരിക്കുകയോ ചെയ്യാതെ വിഗ്രഹാരാധനയിലും സ്വേച്ഛാപ്രവൃത്തികളിലും ജനം മുഴുകി. ബാബേൽ പ്രവാസത്തെക്കുറിച്ചു ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.” (2ദിന, 36:21). അനുതപിച്ചു യഹോവയിങ്കലേക്കു തിരിയുവാൻ പ്രവാചകന്മാർ ജനത്തെ ഉപദേശിച്ചു. പശ്ചാത്താപത്തോടും പ്രാർത്ഥനയോടും കൂടെ അവർ ദൈവത്തിങ്കലേക്കു തിരിഞ്ഞു. നാലു മാസങ്ങളിലായി അവർ ആചരിച്ച് നാലു ഉപവാസദിനങ്ങളുടെ സ്ഥാപനം ജനത്തിന്റെ പശ്ചാത്താപത്തിനുള്ള വ്യക്തമായ തെളിവാണ്. (സെഖ, 7:5; 8:19). പ്രവാസത്തിൽ നിന്നും മടങ്ങിവന്ന യെഹൂദന്മാർ വിഗ്രഹാരാധന മുതലായ പാപങ്ങൾ വിട്ടൊഴിഞ്ഞു ആത്മീയ ജീവിതം ആരംഭിച്ചു. (യെഹ, 36:24-28). പ്രവാസം യെഹൂദന്മാരുടെ നാട്ടുഭാഷയിൽ മാറ്റം വരുത്തി. (നെഹ, 8:8). പുതിയ വാണിജ്യപ്രവർത്തനങ്ങളും സ്ഥാപനങ്ങളും അഭിവൃദ്ധിപ്പെട്ടു.

റോമൻ പ്രവാസം: റോമിന്റെ കീഴിൽ യെഹൂദന്മാരുടെ അവസ്ഥ സാക്ഷാൽ പ്രവാസം തന്നെയായിരുന്നു. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി പ്രവാസികളെ അടിമകളാക്കി മാറ്റി. ജൊസീഫസ് പറയുന്നതനുസരിച്ചു തീത്തോസിന്റെ കീഴിൽ നടന്ന യെരുശലേം നിരോധനത്തിൽ പതിനൊന്നു ലക്ഷം പേർ മരിച്ചുവീണു. യുദ്ധത്തിൽ മുഴുവനുമായി 97,000 പേർ പിടിക്കപ്പെട്ടു. അവരിൽ 17 വയസ്സിനു താഴെയുള്ളവരെ അടിമകളായി വിറ്റു. കുറച്ചു പേരെ മിസ്രയീമിലെ ഖനികളിലേക്കു അയച്ചു. ദേശത്തു ശേഷിച്ചവർ ഏവംവിധമായ ദാരുണാവസ്ഥ ഹദ്രിയന്റെ വാഴ്ചയിൽ അനുഭവിച്ചു. രണ്ടു യുദ്ധങ്ങളോടെ വിശുദ്ധഭൂമിയിൽ നിന്നും യെഹൂദാജനം തുടച്ചു മാറ്റപ്പെട്ടു. 

യിസ്രായേലിന്റെ പുന:സ്ഥാപനം: ഭാവിയിൽ ജാതികളുടെ തലയായി യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമെന്ന് യെശയ്യാവു പ്രവചിച്ചു. “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽ നിന്നും മിസ്രയീമിൽ നിന്നും പത്രോസിൽ നിന്നും, കൂശിൽ നിന്നും, ഏലാമിൽ നിന്നും, ശിനാരിൽ നിന്നും, ഹമാത്തിൽ നിന്നും, സമുദ്രത്തിലെ ദ്വീപുകളിൽ നിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈനീട്ടും.” (യെശ, 11:11). ഇതിനെ രണ്ടാം വീണ്ടെടുപ്പു എന്നു വിളിക്കുന്നു. യെഹൂദന്മാരെ ഒരിക്കൽ മാത്രമേ യഥാസ്ഥാനപ്പെടുത്തിയുളളു . അതു ബാബേൽ പ്രവാസത്തിൽ നിന്നായിരുന്നു. മിസ്രയീമീൽ നിന്നുള്ള മോചനം യഥാസ്ഥാപനം ആയിരുന്നില്ല. കാരണം പലസ്തീൻ കീഴടക്കുന്നതുവരെയും പലസ്തീൻ അവരുടെ അവകാശമായിരുന്നില്ല. ക്രിസ്തുവിന്റെ രണ്ടാം വരവിൽ ജാതികളുടെ കാലം തികഞ്ഞശേഷം (ലൂക്കൊ, 21:24) ഇന്നത്തെ ലോകവ്യാപകമായ ചിതറലിൽ നിന്നുമായിരിക്കും യെഹൂദന്മാരുടെ രണ്ടാമത്തെയും ഒടുവിലത്തെയും യഥാസ്ഥാപനം. യിസ്രായേല്യരുടെ ജാതീയമായ മാനസാന്തരത്തിനു മുമ്പു (സെഖ, 12:10) മഹാപീഡന കാലത്തെ ന്യായവിധിയെയും ശിക്ഷണത്തെയും തുടർന്നുള്ള (മത്താ, 24:21-31; യിരെ, 30:4-7; ദാനീ, 12:1) അവിശ്വാസത്തിൽ നിന്നുള്ള വീണ്ടെടുപ്പു ആയിരിക്കും അത്. (യെഹെ, 36:24-27). അതൊരു ദേശീയ യഥാസ്ഥാപനം ആണ്. (യെഹെ, 37:1-22; റോമ, 11:25). തുടർന്നു ഭൂമിയിൽ മശീഹയുടെ ഭരണമാണ്. ഈ സഹസ്രാബ്ദത്തിൽ ജാതികളുടെ തലയായി, പുരോഹിത വംശമായി യെഹൂദന്മാർ ശോഭിക്കും.

പ്രവാചിക

പ്രവാചിക (prophetess)

പ്രവാചകശുശ്രുഷ ചെയ്ത സ്ത്രീകളും പ്രവാചകന്റെ ഭാര്യയും പ്രവാചിക എന്നറിയപ്പെട്ടു. പഴയനിയമത്തിലും പുതിയനിയമത്തിലും പ്രവാചികമാരെക്കുറിച്ചു പറഞ്ഞു കാണുന്നു. പഴയനിയമത്തിൽ പ്രവാചികമാരായി പ്രത്യേകം പറയപ്പെട്ട നാലു സ്ത്രീകളാണ് മോശയുടെ സഹോദരിയായ മിര്യാം, ദെബോര, ഹുൽദാ, നോവദ്യാ എന്നിവർ. യിസ്രായേൽജനം ചെങ്കടൽ കടന്നശേഷം മിര്യാം പ്രവാചികയും മറ്റു സ്ത്രീകളും തപ്പുകളോടും നൃത്തങ്ങളോടും കൂടെ സങ്കീർത്തനം പാടി. (പുറ, 15:20). ലപ്പീദോത്തിന്റെ ഭാര്യയായ ദെബോര എന്ന പ്രവാചിക യിസായേലിനു ന്യായപാലനം ചെയ്തു. (ന്യായാ, 4:4). ന്യായപ്രമാണ പുസ്തകം കണ്ടെത്തിയ ശേഷം യോശീയാ രാജാവിനോടു ദൈവഹിതം അറിയിച്ച ഹുൽദാ പ്രവാചിക രാജവസ്ത്ര വിചാരകനായ ശല്ലുമിന്റെ ഭാര്യയായിരുന്നു. (2രാജാ, 22:14). മറ്റു പ്രവാചകന്മാരോടൊപ്പം നോവദ്യാ പ്രവാചികയും നെഹെമ്യാവിനെ ഭയപ്പെടുത്തുവാൻ ശ്രമിച്ചു. (നെഹെ, 6:14). ശിശുവായ യേശുവിനെ ദൈവാലയത്തിൽ അർപ്പിക്കാൻ കൊണ്ടുചെന്നപ്പോൾ ദൈവത്തെ സ്തുതിച്ച പ്രവാചികയായിരുന്നു ഹന്ന. (ലൂക്കൊ, 2:36). യെശയ്യാവിന്റെ ഭാര്യ പ്രവാചിക എന്നു വിളിക്കപ്പെട്ടു. (യെശ, 8:3). കൈസര്യയിലെ ഫിലിപ്പോസ് സുവിശേഷകനു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു. (പ്രവൃ, 21:9). എന്നാൽ ഇവരിലാരെയും പ്രവാചിക എന്നു വിളിച്ചിട്ടില്ല. ആദിമ സഭയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവചനവരം ഉണ്ടായിരുന്നു. (1കൊരി, 11:4). “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രി മാരും പ്രവചിക്കും” എന്ന യോവേൽ പ്രവാചകന്റെ (2:28) പ്രവചനത്തിന്റെ നിവൃത്തി പെന്തെകൊസ്തനാളിൽ ഉണ്ടായതിനെത്തുടർന്നായിരുന്നു ഇത്. (പ്രവൃ, 2:16). യിസ്രായേലിൽ കള്ളപ്രവാചികമാരും ഉണ്ടായിരുന്നു. (യെഹ, 13:17). പ്രവാചിക എന്നു സ്വയം പറഞ്ഞുകൊണ്ടു വിശ്വാസികളെ തെറ്റിച്ചു കളഞ്ഞ ഈസേബൽ എന്നൊരു സ്ത്രീ തൂയഥൈര സഭയിൽ ഉണ്ടായിരുന്നു. (വെളി, 2:20).

ആകെ പ്രവാചികമാർ

1. മിര്യാം (പുറ, 15:20)

2. ദെബോര (ന്യായാ, 4:4)

3. ഹുൽദാ (2രാജാ, 22:14)

4. നോവദ്യാ (നെഹെ, 6:14)

5. യെശയ്യാവിൻ്റെ ഭാര്യ (8:3)

6. ഹന്നാ (ലൂക്കൊ, 3:36)

7. ഫിലിപ്പോസിൻ്റെ നാലു പുത്രിമാർ (പ്രവൃ,21:9).

കള്ളപ്രവാചികമാർ

9. യിസ്രായേൽ പുത്രിമാർ (യെഹെ, 13:17)

10. ഈസേബൽ (വെളി, 2:20).

ശമൂവേൽ

ശമൂവേൽ (Samuel)

പേരിനർത്ഥം — ദൈവം കേട്ടു

യിസ്രായേലിലെ ഒടുവിലത്തെ ന്യായാധിപനും (അപ്പൊ, 13:20), ആദ്യത്തെ പ്രവാചകനും (അപ്പൊ, 3:24) ആയ ശമൂവേൽ ലേവി ഗോത്രജനായിരുന്നു. (1ദിന, 6:1-28, 33-38)  പഴയനിയമകാലത്ത് മോശയ്ക്കു ശേഷം ജനിച്ചവരിൽ മഹാനായി കരുതപ്പെട്ടുവന്നു. (യിരെ, 15:1). പൗരോഹിത്യത്തിൽ ഏലിയുടെ പിൻഗാമിയായിരുന്നു. എഫയീം മലനാട്ടിൽ രാമാഥയീം സോഫീമിൽ എല്കാനായുടെയും ഹന്നയുടെയും പുത്രനായി ജനിച്ചു. മക്കളില്ലാതിരുന്നതിനാൽ ഹന്ന മനോവ്യസനത്തോടുകൂടി പ്രാർത്ഥിച്ചു വന്നു. ഒരു പുരുഷസന്താനം ലഭിച്ചാൽ അവനെ ജീവപര്യന്തം യഹോവയ്ക്ക് സമർപ്പിക്കും എന്നു അവൾ നിശ്ചയിച്ചു. അവൾക്ക് ഒരു മകൻ ജനിച്ചു. ‘ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി’ എന്നു പറഞ്ഞ് ശമൂവേൽ എന്നു പേരിട്ടു. (1ശമൂ, 1:1-20). അവനു മുലകുടി മാറിയശേഷം മാതാപിതാക്കന്മാർ അവനെ ശീലോവിൽ യഹോവയുടെ ആലയത്തിൽ പ്രതിഷ്ഠിച്ചു. (1:28). 

കുഞ്ഞായിരുന്നപ്പോൾ തന്നെ ശമുവേൽ ദൈവത്തിന്റെ സന്നിധിയിൽ ഏഫോദ് ധരിച്ചു ശുശ്രൂഷ ചെയ്തു. ആണ്ടു തോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി അമ്മ ശമുവേലിനു നല്കിയിരുന്നു. (1ശമൂ, 2:11,18,19). ആ കാലത്ത് യഹോവയുടെ വചനം ദുർല്ലഭമായിരുന്നു. എന്നാൽ ശമൂവേൽ ദൈവാലയത്തിൽ കിടന്നപ്പോൾ യഹോവ വിളിച്ചു അവനോടു സംസാരിച്ചു. ദീർഘനാളുകൾക്കു ശേഷം യഹോവ തന്റെ അരുളപ്പാട് അറിയിക്കുകയായിരുന്നു. ഏലിയുടെ കുടുംബത്തിന്റെ നാശത്തെക്കുറിച്ചുള്ള അരുളപ്പാടു വിമനസ്സോടെ ഏലിയെ അറിയിച്ചു. ശമൂവേൽ വളർന്നു; യഹോവ അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമായില്ല. യിസ്രായേല്യരൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്ത പ്രവാചകൻ എന്നു മനസ്സിലാക്കി. (1ശമു, 3:1-20). 

യിസായേൽ ഫെലിസ്ത്യരോടു ദാരുണമായി പരാജയപ്പെടുകയും യഹോവയുടെ പെട്ടകം പിടിക്കപ്പെടുകയും ചെയ്തു. അധികകാലവും യഹോവയുടെ നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ ആയിരുന്നു. യിസ്രായേൽ ജനം വിലപിച്ചു. (1ശമൂ, 7:1-2). തങ്ങളുടെ പാപവഴികളെ ഉപേക്ഷിക്കുവാനും അന്യദൈവങ്ങളെ മാറ്റിക്കളയുവാനും ശമൂവേൽ ജനത്തെ ഉപദേശിച്ചു. ജനത്തെയെല്ലാം മിസ്പയിൽ കുട്ടി വരുത്തി; അവർ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഈ സഭയിൽ വച്ച് ശമൂവേൽ തിരഞ്ഞെടുക്കപ്പെട്ടതായി അഥവാ ജനം ശമൂവേലിനെ ന്യായാധിപനായി അംഗീകരിച്ചതായി കരുതപ്പെടുന്നു. (1ശമൂ, 7:3-6). യിസ്രായേൽ മിസ്പയിൽ ഒന്നിച്ചു കൂടി എന്നറിഞ്ഞു ഫെലിസ്ത്യർ അവരോടു യുദ്ധത്തിനു വന്നു. ശമൂവേൽ യിസ്രായേലിനു വേണ്ടി യാഗം കഴിച്ച് പ്രാർത്ഥിച്ചു. യഹോവ ഇടിമുഴക്കി ഫെലിസ്ത്യരെ ഭയപ്പെടുത്തി. അവർ തോറ്റോടുകയും യിസായേൽ അവരെ സംഹരിക്കുകയും ചെയ്തു. വർഷത്തിലെ പ്രസ്തുത ഋതുവിൽ മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത പ്രകൃതി പ്രതിഭാസമായിരുന്നു അത്. യിസ്രായേലിന്റെ ശത്രുക്കൾ പരാജയപ്പെട്ടു. യിസായേൽ അവരെ ബേത്കാർ വരെ പിന്തുടർന്നു അവരെ സംഹരിച്ചു. (1ശമൂ, 7:11). ശമൂവേൽ ഒരു കല്ലെടുത്തു മിസ്പെക്കും ശേനിനും മദ്ധ്യ നാട്ടി ‘ഇതത്തോളം യഹോവ നമ്മെ സഹായിച്ചു’ എന്നു പറഞ്ഞ് അതിനു ഏബെൻ-ഏസെർ എന്നു പേരിട്ടു. (1ശമൂ, 7:12). ഫെലിസ്ത്യർ കീഴടക്കിയിരുന്ന പട്ടണങ്ങൾ യിസ്രായേലിനു തിരികെക്കിട്ടി. യിസ്രായേലും അമോര്യരും തമ്മിലും സമാധാനമായിരുന്നു. (1ശമൂ, 7:14). ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റി സഞ്ചരിച്ചു ന്യായപാലനം ചെയ്തു വന്നു. (1ശമൂ, 7:16-17). രാമയിൽ താമസിച്ചു യിസ്രായേലിനു ന്യായപാലനം ചെയ്യുകയും അവിടെ ഒരു യാഗപീഠം പണിയുകയും ചെയ്തു. ശമൂവേൽ ജീവപര്യന്തം യിസായേലിനു ന്യായപാലനം ചെയ്തു. (1ശമൂ, 7:15). 

ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരായ യോവേൽ, അബീയാവു എന്നിവരെ ന്യായാധിപന്മാരാക്കി. എന്നാൽ അവർ ശമൂവേലിന്റെ വഴിയിൽ നടക്കാതെ കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു. ആകയാൽ സകല ജാതികൾക്കുമുള്ളതുപോലെ യിസ്രായേലിനു ഒരു രാജാവിനെ നിയമിക്കണമെന്നു അവർ ശമൂവേലിനോട് ആവശ്യപ്പെട്ടു. (1ശമൂ, 8:1-5). ശമുവേൽ പ്രാർത്ഥിച്ചു; യഹോവ കല്പ്പിച്ചതനുസരിച്ച് രാജനീതി എന്തായിരിക്കുമെന്നു അവരോടു പറഞ്ഞു. എങ്കിലും അവർ രാജാവിനു വേണ്ടി അപേക്ഷിക്കുകയാൽ അവർക്കൊരു രാജാവിനെ വാഴിച്ചു. കൊടുക്കുന്നതിനുള്ള ദൈവകല്പന അവരെ അറിയിച്ചു. (1ശമു, 8:6-19). ബെന്യാമീൻ ഗോത്രത്തിൽ ധനികനായ കീശിന് ശൗൽ എന്നു പേരായ ഒരു പുത്രൻ ഉണ്ടായിരുന്നു. അവൻ കോമളനും എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയവനും ആയിരുന്നു. അപ്പൻ്റെ കാണാതെപോയ കഴുതകളെ അന്വേഷിച്ചുപോയ വഴിയിൽ ശൗൽ ശമുവേലിന്റെ അടുക്കൽ വന്നു. ശമുവേൽ അവനെ സ്വീകരിക്കുകയും, അവന്റെ തലയിൽ തെലം ഒഴിച്ചു ‘യഹോവ തന്റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു’ എന്നു പറയുകയും ചെയ്തു. (1ശമൂ, 10:1). ശമുവേൽ ജനത്തെ മിസ്പയിൽ ഒന്നിച്ചു കുട്ടി. അവിടെവച്ചു രാജാവിനായി ചീട്ടിടുകയും ചീട്ട് ശൗലിനു വീഴുകയും ചെയ്തു. (1ശമൂ, 10:17-25). ഇങ്ങനെ ശൗലിനെ ഔപചാരികമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു. (1ശമൂ, 10:17-25). അമ്മോന്യനായ നാഹാശ് യാബേശ് നിവാസികൾക്കെതിരെ യുദ്ധത്തിനൊരുങ്ങി. ഇതറിഞ്ഞ് ശൗൽ ജനത്തെ കൂട്ടി അവർക്കെതിരെ ചെന്നു, അവരെ നിശ്ശേഷം തോല്പിച്ചു. ശൗലിന്റെ രാജത്വം ഉറപ്പിക്കുകയും (1ശമൂ, 11:14-15); ശമൂവേൽ ദീർഘമായ ഒരു വിടവാങ്ങൽ പ്രസംഗം നടത്തുകയും ചെയ്തു. തന്റെ ന്യായപാലന കാലത്തെക്കുറിച്ചു വളരെ വ്യക്തമായ അവകാശവാദങ്ങൾ അദ്ദേഹം നിരത്തി. എന്നാൽ പ്രവാചകനെതിരെ ഒരു വാക്കു പോലും പറയുവാൻ ആർക്കും ഇല്ലായിരുന്നു. (1ശമൂ, 12:1-25).

ശൗൽ രാജാവായി വാണു തുടങ്ങി എങ്കിലും ശമുവേൽ ന്യായാധിപനും പ്രവാചകനും ആയി പ്രവർത്തിച്ചു വന്നു. ശൗൽ ഫെലിസ്ത്യർക്കെതിരെ യുദ്ധത്തിലായിരുന്നു. യാഗം നടത്തുവാൻ ഗില്ഗാലിൽ ശമുവേലിനെ കാത്തിരുന്നു. എന്നാൽ ശമുവേൽ നിശ്ചിതസമയത്തിനു വരാതിരുന്നതുകൊണ്ട് ശൗൽ ഹോമയാഗം കഴിച്ചു. അതു രാജാവിനു വിഹിതമല്ലായിരുന്നു. യാഗാർപ്പണം അവസാനിക്കും മുമ്പു തന്നെ ശമൂവേൽ വരികയും അവനെ ശാസിക്കുകയും ചെയ്തു. അവന്റെ രാജത്വം നിലനില്ക്കുകയില്ല എന്നും അതു തനിക്കു ബോധിച്ച ഒരു പുരുഷനു യഹോവ നല്കുമെന്നും ശമുവേൽ പറഞ്ഞു. (1ശമൂ,13:1-15). ശമൂവേൽ അവനെ വിട്ടു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. അമാലേക്യരെ പൂർണ്ണമായി നശിപ്പിക്കണം എന്ന കല്പന ശൗൽ അനുസരിക്കാതെ രാജാവായ ആഗാഗിനെ രക്ഷിക്കുകയും തടിച്ച മൃഗങ്ങളെ ജീവനോടെ സൂക്ഷിക്കുകയും ചെയ്തു. ശമൂവേൽ ഇതിനു ശൗലിനെ ശാസിച്ചു. അനുസരണക്കേടു നിമിത്തം യഹോവ ശൗലിനെ ഉപേക്ഷിച്ചു എന്നു ശമൂവേൽ ശൗലിനെ അറിയിച്ചു. മടങ്ങിപ്പോകുവാൻ ഭാവിക്കുമ്പോൾ ശൗൽ ശമൂവേലിനെ അവിടെ തന്നോടു കൂടി ആരാധിക്കുവാൻ നിർബന്ധിച്ചു; ശമൂവേൽ കൂട്ടാക്കിയില്ല. ശൗൽ ബലം പ്രയോഗിച്ചു പ്രവാചകനെ പിടിച്ചു നിറുത്തുവാനൊരുങ്ങി. അതിൽ ശമൂവേലിന്റെ അങ്കി കീറിപ്പോയി. യിസ്രായേലിന്റെ രാജത്വം ഇന്നു നിങ്കൽ നിന്നു കീറി നിന്നെക്കാൾ ഉത്തമനായ നിന്റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. പിന്നെ ആഗാഗിനെ വരുത്തി കൊന്നുകളഞ്ഞു. അവിടെ നിന്നും ശമൂവേൽ രാമയിലേക്കു പോയി. പിന്നെ ശമൂവേൽ ശൗലിനെ ജീവപര്യന്തം കണ്ടിട്ടില്ല. (ശമൂ, 15:35). 

അനന്തരം യഹോവയുടെ കല്പനപ്രകാരം ശമൂവേൽ ബേത്ലേഹെമിൽ ചെന്നു യിശ്ശായിയുടെ ഇളയ പുത്രനായ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ശൗൽ ക്രോധത്തിൽ ദാവീദിനെ കൊല്ലാനൊരുങ്ങി. ദാവീദ് ഓടി രാമയിൽ ചെന്നു ശമുവേലിനോടു എല്ലാം പറഞ്ഞു. പിന്നെ ദാവീദും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാർത്തു. ഇതറിഞ്ഞ ശൗൽ ദാവീദിനെ പിടിക്കാൻ ദൂതന്മാരെ അയച്ചു. ഒടുവിൽ ശൗൽ തന്നെ നയ്യോത്തിൽ ചെന്നു. ശൗലിന്റെ മേലും ആത്മാവു വന്നു; ശൗൽ തന്റെ കൃത്യത്തിൽ നിന്നും പിന്മാറി. (1ശമൂ, 19:18-24). ശമുവേൽ മരിച്ചു. യിസായേൽ അവനെക്കുറിച്ചു വിലപിച്ചു. രാമയിൽ അവന്റെ വീട്ടിനരികിൽ അവനെ അടക്കി. (1ശമൂ, 25:1).

ശമൂവേൽ പ്രവാചകന്റെ സ്വഭാവത്തിൽ സവിശേഷ ശ്രദ്ധയ്ക്ക് പാത്രമാകുന്നതു അദ്ദേഹത്തിന്റെ ഭക്തിയാണ്. മാതാവ് യഹോവയുടെ ശുശ്രൂഷയ്ക്കായി ശമൂവേലിനെ സമർപ്പിച്ചു. ആജീവനാന്തം അദ്ദേഹം ദൈവത്തെ സേവിച്ചു. പ്രതിസന്ധികളിലെല്ലാം യഹോവയിങ്കലേക്കു തിരിയുകയും ഉപദേശം പ്രാപിക്കുകയും ചെയ്തു. പ്രവർത്തികളും തീരുമാനങ്ങളും എല്ലാം യഹോവയുടെ വചനത്തെ അധിഷ്ഠാനമാക്കിയായിരുന്നു. ജനക്ഷേമമായിരുന്നു തന്റെ ഭരണത്തിന്റെ ലക്ഷ്യം. സ്ഥാനവും മാനവും അധികാരവും അദ്ദേഹത്തിന്റെ പിന്നാലെ ചെല്ലുകയായിരുന്നു. തന്റെ ഉപദേശവും ശുശ്രൂഷയും ഗണിക്കാതെ ഒരു രാജാവിനെ തിരഞ്ഞെടുത്തിട്ടും പ്രവാചകൻ ജനത്തോട് ഒരതൃപ്തിയും പ്രകടിപ്പിച്ചില്ല. ഏകാധിപത്യ സ്ഥാപനത്തിൽ ഉണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചു ജനത്തിനു മുന്നറിയിപ്പു നല്കി. തന്റെ പിൻഗാമിയായി ശൗലിനെ തിരഞ്ഞെടുത്തപ്പോൾ യാതൊരു വിദ്വേഷവും കാണിക്കാതെ വളരെ സ്നേഹത്തോടും പൈതൃകമായ വാത്സല്യത്തോടുമാണ് അദ്ദേഹം പെരുമാറിയത്. ഇത്രയും വലിയ ഹൃദയവിശാലതയ്ക്ക് ചരിത്രത്തിൽ മറ്റൊരു ദൃഷ്ടാന്തമില്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ ചോദ്യം ചെയ്യപ്പെടാവുന്നതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗം ശ്രദ്ധിക്കുക: ‘ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു, ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽ നിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.’ (1ശമൂ, 12:3). 

നാഥാൻ

നാഥാൻ (Nathan)

പേരിനർത്ഥം — അവൻ തന്നു

ദാവീദിന്റെയും ശലോമോന്റെയും ഭരണകാലത്തു ജീവിച്ചിരുന്ന ഒരു പ്രവാചകൻ. ദൈവാലയ നിർമ്മാണത്തെക്കുറിച്ച് ദാവീദിന് ഉപദേശം നല്കുന്നതുമായുള്ള ബന്ധത്തിലാണ് നാഥാൻ രംഗത്തു വരുന്നത്. (2ശമൂ, 7:2-3). ദൈവത്തിൽനിന്നു ദർശനം ലഭിച്ചശേഷം ദൈവാലയം പണിയരുതെന്നു ദാവീദിനോടു പറഞ്ഞു. (7:4-17). ബത്ത്-ശേബയോടുള്ള ബന്ധത്തിൽ ദാവീദ് ചെയ്ത ഹീനമായ പാപത്തിനുശേഷം നാഥാൻ പ്രവാചകൻ ദാവീദിന്റെ അടുക്കൽ വന്നു. ദാവീദിന്റെ പാപത്തിന്റെ കാഠിന്യം വെളിപ്പെടുത്താൻ ഒരു സാധുവിന്റെ പെൺകുഞ്ഞാടിനെ പിടിച്ചു, ധനികൻ വിരുന്നു നടത്തിയ ഉപമ ദാവീദിനോടു പറഞ്ഞു. ഈ ഉപമ തന്നെ സംബന്ധിക്കുന്നതാണെന്ന് അറിയാതെ ആ മനുഷ്യൻ മരണയോഗ്യൻ എന്നും അവൻ നാലിരട്ടി പകരം കൊടുക്കണം എന്നും തനിക്കു ശിക്ഷ താൻ തന്നെ വിധിച്ചു. ‘ആ മനുഷ്യൻ നീ തന്നേ’ എന്നു പ്രവാചകൻ ദാവീദിനോടു ശക്തമായ ഭാഷയിൽ പ്രതിവചിച്ചു. (2ശമു, 12:1-7). ശലോമോൻ ജനിച്ചപ്പോൾ യഹോവയുടെ നിർദ്ദേശം അനുസരിച്ച് പ്രവാചകൻ ‘യെദീദ്യാവു’ എന്നു പേർ വിളിച്ചു. (12:24-25). ദാവീദിന്റെ അന്ത്യകാലത്ത് ശലോമോന്റെ സിംഹാസനാരോഹണം നാഥാൻ പ്രവാചകൻ ഉറപ്പാക്കി. (1രാജാ, 1:8-30). രാജാവിന്റെ അപേക്ഷ അനുസരിച്ച് ശലോമോനെ അഭിഷേകം ചെയ്യുവാൻ മുൻകൈ എടുത്തു. ദൈവാലയാരാധന പുനഃസംഘടിപ്പിക്കുന്നതിനു ആവശ്യമായ നിർദ്ദേശങ്ങൾ ദാവീദിനു നല്കി. (2ദിന, 29:25). ദാവീദിന്റെയും ശലോമോന്റെയും ചരിത്രങ്ങൾ നാഥാൻ പ്രവാചകൻ എഴുതി. (1ദിന, 29:29, 2ദിന, 9:29).

മീഖായാവ്

മീഖായാവ് (Michaiah)

പേരിനർത്ഥം — യഹോവയെപ്പോലെ ആരുള്ളൂ

ശമര്യയിലെ ഒരു പ്രവാചകൻ; യിമ്ലയുടെ മകൻ. ആഹാബ് രാജാവിന്റെ വാഴ്ചയുടെ ഒടുവിലത്തെ വർഷം രാജാവിന്റെ പരാജയവും മരണവും പ്രവചിച്ചു. ബെൻ-ഹദദുമായുള്ള വലിയ യുദ്ധം കഴിഞ്ഞു മൂന്നു വർഷത്തിനു ശേഷം രാമോത്ത്-ഗിലെയാദ് പിടിക്കുവാൻ യുദ്ധം ചെയ്യണമെന്നു ആഹാബ് രാജാവ് യെഹൂദാ രാജാവായ യെഹോശാഫാത്തിനോടു പറഞ്ഞു. യെഹോശാഫാത്ത് സമ്മതിച്ചു. എന്നാൽ യുദ്ധത്തിനു പോകുന്നതിനു മുമ്പു യഹോവയുടെ അരുളപ്പാടു ചോദിക്കണമെന്നാവശ്യപ്പെട്ടു. ആഹാബ് 400 പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു രാമോത്തിലേക്കു യുദ്ധത്തിനു പോകണമോ വേണ്ടയോ എന്നു ചോദിച്ചു. ‘അതിനു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും’ എന്നു പറഞ്ഞു. ഈ മറുപടിയിൽ അസന്തുഷ്ടനായ യെഹോശാഫാത്ത് രാജാവ് ശമര്യയിൽ യഹോവയുടെ പ്രവാചകനായി ഇനി ആരും ഇല്ലയോ എന്നന്വേഷിച്ചു. അതിനു ആഹാബ്: ഇനി യിമ്ലയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതു കൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. എങ്കിലും ഒരു ദൂതനെ അയച്ചു മീഖായാവിനെ വരുത്തി. മറ്റു പ്രവാചകന്മാരെപ്പോലെ ഗുണമായ് സംസാരിക്കണം എന്ന് ദൂതൻ പ്രവാചകനോടാവശ്യപ്പെട്ടു. ആഹാബിന്റെ പരാജയവും മരണവും മീഖായാവു പ്രവചിച്ചു. വ്യാജാത്മാവിന്റെ പ്രവർത്തനത്താലാണ് മറ്റു പ്രവാചകന്മാർ പ്രവചിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെനയനയുടെ മകനായ സിദെക്കീയാവ് ഉടൻ മീഖായാവിന്റെ ചെകിട്ടത്തടിച്ചു. താൻ സമാധാനത്തോടെ വരുവോളം മീഖായാവിനെ കാരാഗൃഹത്തിലടച്ചു ഞെരുക്കത്തിന്റെ അപ്പവും വെള്ളവും കൊടുക്കുവാൻ ആഹാബ് കല്പിച്ചു. രാജാവു സമാധാനത്തോടെ മടങ്ങിവരികയില്ലെന്നു പ്രവാചകൻ ദൃഢമായി പറഞ്ഞു. യഹോവ സിംഹാസനത്തിൽ ഇരിക്കുന്നത് മീഖായാവ് കാണുകയുണ്ടായി:  “എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന, 18:18). ‘സകലജാതികളുമായുള്ളാരേ കേട്ടുകൊൾവിൻ’ എന്നു പറഞ്ഞുകൊണ്ടാണ് മീഖായാവിന്റെ പ്രവചനം അവസാനിച്ചത്. (1രാജാ, 22:1-28, 2ദിന, 18:3-27). 1രാജാക്കന്മാർ 20:35-36-ൽ പ്രവാചകശിഷ്യനെ സിംഹം കൊല്ലുമെന്നു പ്രവചിച്ചവനും അരാമ്യരെ ജയിച്ചശേഷം ബെൻ-ഹദദിനെ വധിക്കാത്തതിന് ആഹാബ് രാജാവിനെ കുറ്റപ്പെടുത്തിയവനും മീഖായാവാണെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഗാദ്

ഗാദ് (Gad)

പേരിനർത്ഥം — ഭാഗ്യം

ദാവീദ് രാജാവിൻ്റെ കാലത്തു ജീവിച്ചിരുന്ന പ്രവാചകൻ. ദാവീദിന്റെ പ്രവാചകനെന്നു പരിച്ഛിന്നമായി പറഞ്ഞിരിക്കുന്നു. ദാവീദ് ദുർഗ്ഗത്തിൽ പാർക്കുന്ന കാലത്ത് ദാവീദിനോടു ചേർന്നിരിക്കണം. അദുല്ലാം ഗുഹയിൽ പാർക്കാതെ യെഹൂദാ ദേശത്തേക്കു പോകുവാൻ പ്രവാചകൻ ദാവീദിനെ ഉപദേശിച്ചു. (1ശമൂ, 22:5). ദാവീദ് ജനസംഖ്യയെടുത്തതു ദൈവത്തിന് അനിഷ്ടമായി. അതിന്റെ ശിക്ഷ ദാവീദിനെ അറിയിച്ചത് ഗാദ് പ്രവാചകനാണ്. (2ശമൂ, 24:11-18, 1ദിന, 21:9-19). രാജകൊട്ടാരവുമായി പ്രവാചകനു അടുത്ത ബന്ധമുണ്ടായിരുന്നു. ദൈവാലയത്തിലെ സംഗീത ശുശ്രൂഷയുടെ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രവാചകൻ രാജാവിനെ സഹായിച്ചു. 2ദിന, 29:25). ഇദ്ദേഹം ദാവീദ് രാജാവിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്. (1ദിന, 29:29-30).

ദാവീദിന്റെ വാഴ്ചയുടെ അവസാനകാലത്താണ് ജനത്തെ എണ്ണിയത്. ഇത് ദൈവഹിതത്തിനു വിരോധമായിരുന്നു. “അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു. യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു. ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിനു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.” (1ദിന, 21:1-2). ഈ ജനസംഖ്യയെടുക്കൽ ദൈവത്തിനു ഹിതമല്ലാതിരുന്നതിനാൽ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ അതു ചേർത്തിട്ടില്ല. “സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല അതുനിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസത് കത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.” (1ദിന, 27:24).

ജനസംഖ്യ എടുത്തതിൽ ദാവീദ് ചെയ്ത തെറ്റിൻ്റെ സ്വരൂപത്തെക്കുറിച്ചു രണ്ടുവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. ഒന്ന്; ദാവീദ് രാജാവ് ജനത്തെ എണ്ണിയപ്പോൾ ജനംമദ്ധ്യേ ബാധ ഉണ്ടാകാതിരിക്കാൻ ഓരോ വ്യക്തിയും തന്റെ ജീവനുവേണ്ടി വീണ്ടെടുപ്പുവില നല്കിയില്ല. അങ്ങനെ ദൈവകല്പന ലംഘിച്ചു. രണ്ട്; യുദ്ധത്തിനുള്ള സന്നദ്ധതയും ജനത്തിന്റെ എണ്ണവും കാട്ടി രാജ്യത്തിന്റെ ശക്തിയിലും മഹത്വത്തിലും അഭിമാനിക്കാനുള്ള ശ്രമം. അതുനിമിത്തം യഹോവ ദർശകനായ ഗാദിനെ ദാവീദിന്റെ അടുക്കലയിച്ചു; മൂന്നു കാര്യങ്ങളിലൊന്നു തിരഞ്ഞെടുത്തു കൊളളുവാനാവശ്യപ്പെട്ടു: മുന്നു സംവത്സരത്തെ ക്ഷാമം; മൂന്നു മാസം ശത്രുക്കളുടെ വാൾ; മൂന്നു ദിവസം ദേശത്തു യഹോവയുടെ വാളായ മഹാമാരി. “ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നെ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു ദാവീദു പറഞ്ഞു. (1ദിന, 21:13). തുടർന്നുണ്ടായ മഹാമാരിയിൽ യിസ്രായേലിൽ എഴുപതിനായിരം പേർ മരിച്ചു. ക്ഷാമത്തിന്റെ കാലക്കണക്ക് 2ശമൂവേലിലെയും 1ദിനവൃത്താന്തത്തിലെയും വിവരണങ്ങളിൽ പൊരുത്തപ്പെടുന്നില്ല. ദേശത്തു ഏഴു സംവത്സരം ക്ഷാമം ഉണ്ടാകും എന്നാണു 2ശമൂവേൽ 24:13-ൽ. എന്നാൽ സെപ്റ്റ്വജിന്റിൽ മൂന്നു സംവത്സരം എന്നു തന്നെയാണ്. ഇതിനു മതിയായ വിശദീകരണം നല്കപ്പെടുന്നുണ്ട്. ഗിബെയോന്യരുടെ നേർക്കു ശൌലും കുടുംബവും കാണിച്ച് അതിക്രമം നിമിത്തം (2ശമു, 21:1-2) മൂന്നു വർഷത്തെ ക്ഷാമം അനുഭവിക്കുകയായിരുന്നു. ജനസംഖ്യ എടുക്കുന്നതിനു ഒമ്പതു മാസവും ഇരുപതു ദിവസവും വേണ്ടിവന്നു. (2ശമൂ, 24:8). ഇത് നാലാം വർഷം. ഇതിനെതുടർന്നു മൂന്നു വർഷം കൂടിയാവുമ്പോൾ ഏഴുവർഷം തികയും. 

ജനത്തെ ബാധിക്കുന്ന ബാധകണ്ടിട്ട് ദാവീദ് തൻ്റെ കുറ്റത്തെക്കുറിച്ച് അനുതപിച്ചു. ‘ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ’ എന്നു യഹോവയോടു പ്രാർത്ഥിക്കുകയും ചെയ്തു. (2ശമൂ, 24:17). അന്നുതന്നെ ഗാദ് പ്രവാചകനെ യഹോവ ദാവീദിൻ്റെ അടുക്കൽ അയച്ചു: ‘നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക’ എന്നു പറയിച്ചു. (2ശമൂ, 24:18). പ്രവാചകൻ പറഞ്ഞതുപോലെ അരവ്നയുടെ കളം വിലയ്ക്കു വാങ്ങി, ദാവീദ് യാഗമർപ്പിച്ചപ്പോൾ ബാധ ദേശത്തെ വിട്ടുമാറി: “ദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.” (2ശമൂ, 24:25).

എലീശ

എലീശ (Elisha)

പേരിനർത്ഥം — ദൈവം രക്ഷയാകുന്നു

ഏലീയാപ്രവാചകൻ ശിഷ്യൻ. ബി.സി. ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ (850-800) യിസ്രായേലിന്റെ രാഷ്ട്രീയ മതമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന ശക്തനായ പ്രവാചകൻ. പഴയനിയമത്തിൽ ഏറ്റവുമധികം അത്ഭുതം പ്രവർത്തിച്ചത് എലീശയായിരുന്നു. യെഹോരാം, യോരാം, യേഹൂ, യോവാശ്, യെഹോവാശ് എന്നീ രാജാക്കന്മാരുടെ കാലമായിരുന്നു പ്രവചനകാലം. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ ആദ്യത്തെ പതിമൂന്നദ്ധ്യായങ്ങളിൽ നീണ്ടുകിടക്കുകയാണ് എലീശായുടെ ചരിത്രം. 

ഫലഭൂയിഷ്ഠമായ യോർദ്ദാൻ താഴ്വരയിലെ ആബേൽ-മെഹോലയിൽ നിന്നുള്ള മഹാധനികനായ ശാഫാത്തിന്റെ മകനായിരുന്നു എലീശാ. (1രാജാ, 19:16). പതിനൊന്നു ഏർകാളകളുടെ പിന്നാലെ പന്ത്രണ്ടാമതു ഏർകാളയെ പൂട്ടി ഉഴുതുകൊണ്ടിരിക്കുമ്പോഴാണ് യഹോവയുടെ നിയോഗം പ്രാപിച്ച ഏലീയാ പ്രവാചകൻ തന്റെ പുതപ്പ് എലീശയുടെമേൽ ഇട്ട് ശുശ്രൂഷയ്ക്കായി വിളിച്ചത്. ഉടൻതന്നെ കാളയെവിട്ട് ഏലീയാവിന്റെ പിന്നാലെ പോയി. വീട്ടിൽ ചെന്ന് മാതാപിതാക്കന്മാരെ ചുംബിച്ച് യാത്ര പറഞ്ഞു. തന്റെ കർഷകജീവിതം അവസാനിപ്പിച്ചതിന്റെ അടയാളമായി കാളയെ അറുത്ത് മരക്കോപ്പുകൊണ്ടു പാകം ചെയ്തു ജനത്തിനു നല്കി. സമ്പന്നനായിരുന്നാലും ഇല്ലെങ്കിലും താൻ ജനത്തിന്റെ പ്രവാചകനാണെന്ന് ഇതിലൂടെ തെളിയിച്ചു. (1രാജാ, 19:19-21). ഏലീയാവിന്റെ കൈക്കു വെള്ളമൊഴിച്ചവൻ എന്നു എലീശായെ വിശേഷിപ്പിച്ചിട്ടുണ്ട്. (2രാജാ, 3:11). 

ഏലീയാ പ്രവാചകൻ സ്വർഗ്ഗാരോഹണം ചെയ്യാറായി, എന്നാൽ ആ വൃദ്ധനിൽനിന്നും വേർപെടുവാൻ എലീശാ ഇഷ്ടപ്പെട്ടില്ല. ഇരുവരും യോർദ്ദാൻ കടന്നശേഷം ഏലിയാവ് എലീശയോട് ചോദിച്ചു. ‘ഞാൻ നിങ്കൽനിന്നും എടുത്തുകൊള്ളപ്പെടും മുമ്പെ ഞാൻ നിനക്കു എന്തു ചെയ്തുതരേണം?’ അതിനു എലീശാ: ‘നിന്റെ ആത്മാവിൽ ഇരട്ടിപ്പങ്കു എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.’ (2രാജാ, 2:9). ഇരട്ടിപ്പങ്ക് ആദ്യജാതന്റെ അവകാശമാണ്. ആരോഹണസമയത്ത് ഏലീയാവിനെ കാണുമെങ്കിൽ എലീശയുടെ ആഗ്രഹം സഫലമാകുമെന്ന് വാഗ്ദാനം നല്കി. അഗ്നിരഥവും അഗ്ന്യശ്വങ്ങളും അവരെ വേർപിരിക്കുകയും ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു. ഏലീയാവിൽ നിന്നും വീണ പുതപ്പും എടുത്ത് എലീശാ മടങ്ങിപ്പോന്നു. (2രാജാ, 2:9,13). ഏലീയാവു എടുക്കപ്പെട്ട ഉടൻതന്നെ എലീശ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. ഏലീയാവിന്റെ പുതപ്പെടുത്തു യഹോവയുടെ നാമത്തിൽ യോർദ്ദാൻ നദിയെ അടിച്ചു, നദി രണ്ടായി പിരിഞ്ഞു. (2രാജാ, 2:14). ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടി പങ്കു എലീശയുടെ മേൽ ഉണ്ടെന്നു ശിഷ്യന്മാർക്കു ബോധ്യമായി; അവർ ഏലീയാവിന്റെ പിൻഗാമിയായി എലീശയെ സ്വീകരിച്ചു. (2രാജാ, 2:15). ഈ സംഭവത്തിനു ശേഷം എലീശാ യെരീഹോവിൽ പാർത്തു. യെരീഹോവിലെ ഉറവിലെ ജലം ഗർഭ നാശകമാണെന്ന് പട്ടണക്കാർ എലീശയെ അറിയിച്ചു. പ്രവാചകൻ വെള്ളത്തെ ഉപ്പിട്ടു ശുദ്ധമാക്കി. (2രാജാ, 2:19-22). യെരീഹോവിൽ നിന്നും ബേഥേലിലേക്കു പോകുമ്പോൾ ബാലന്മാർ പ്രവാചകനെ ‘മൊട്ടത്തലയാ കയറിവാ’ എന്നു പരിഹസിച്ചു പറഞ്ഞു. പ്രവാചകൻ അവരെ യഹോവയുടെ നാമത്തിൽ ശപിച്ചു. ഉടൻ രണ്ടു പെൺകരടികൾ കാട്ടിൽനിന്നു ഇറങ്ങിവന്ന് അവരിൽ നാല്പത്തി രണ്ടുപേരെ കീറിക്കളഞ്ഞു. (2രാജാ, 2:24). അവിടെ നിന്നു പ്രവാചകൻ കർമ്മേലിലേക്കു പോവുകയും പിന്നീടു ശമര്യയിലേക്കു മടങ്ങുകയും ചെയ്തു.

യിസ്രായേൽ രാജാവായ യെഹോരാമും യെഹൂദയിലെയും ഏദോമിലെയും രാജാക്കന്മാരും ചേർന്ന് മോവാബ്യരോടു യുദ്ധത്തിനൊരുങ്ങി. അപ്പോൾ ജലക്ഷാമമുണ്ടായി. രാജാക്കന്മാർ എലീശയുടെ അടുക്കൽ ചെന്നപേക്ഷിച്ചു. എലീശാ ഒരു വീണക്കാരനെ വരുത്തി വീണവായിച്ചപ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വരുകയും കുഴികൾ കുഴിക്കുവാൻ അവൻ കല്പിക്കുകയും ചെയ്തു. അവർക്കനുഗ്രഹ കാരണമായിരുന്ന വെള്ളം ശത്രുക്കൾക്ക് നാശകാരണമായിത്തീർന്നു. രാവിലെ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചപ്പോൾ മോവാബ്യർക്കു വെള്ളം രക്തംപോലെ ചുവപ്പായി തോന്നി. അവർ പറഞ്ഞു ‘അതു രക്തമാകുന്നു; ആ രജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ കൊള്ളയ്ക്ക് വരുവിൻ എന്നു അവർ പറഞ്ഞു.’ അവർ യിസായേൽ പാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നു ചെന്ന് മോവാബ്യരെ പിന്നെയും തോല്പ്പിച്ചുകളഞ്ഞു. (2രാജാ, 3:22-25). 

പ്രവാചക ശിഷ്യന്മാരിൽ ഒരാൾ മരിച്ചു. അയാളുടെ വിധവയും രണ്ടുകുഞ്ഞുങ്ങളും നിരാലംബരായിത്തീർന്നു. കടക്കാർ രണ്ടുകുഞ്ഞുങ്ങളെയും അടിമകളായി വിൽക്കുവാൻ ഒരുങ്ങുകയായിരുന്നു. ഈ ദുഃസ്ഥിതിയിൽ ആ വിധവ എലീശയോടു സഹായം അപേക്ഷിച്ചു. വിധവയ്ക്കു ശേഷിച്ചിരുന്ന ഒരുഭരണി എണ്ണകൊണ്ടു പ്രവാചകൻ അവളെ രക്ഷിച്ചു. വിധവയുടെ എണ്ണ വർദ്ധിക്കുകയും ആ എണ്ണ വിറ്റു കടംവീട്ടുകയും തുടർന്നു അവർ ഉപജീവനം കഴിക്കുകയും ചെയ്തു. (2രാജാ, 4:1-7). ഈ അത്ഭുതം നടന്ന സ്ഥലമോ കാലമോ പ്രസ്താവിച്ചിട്ടില്ല. എലീശാ പ്രവാചകന് ശുനേമിലെ ഒരു സമ്പന്നയായ സ്ത്രീ ആതിഥ്യം നല്കി. തന്റെ വിട്ടിൽ ഒരു പ്രത്യേകമുറി അവൾ പ്രവാചകനു സജ്ജീകരിച്ചു കൊടുത്തു. അതിൽ പ്രസന്നചിത്തനായ പ്രവാചകൻ എന്തെങ്കിലും വരം ചോദിച്ചു കൊള്ളുവാൻ ആവശ്യപ്പെട്ടു. താൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നുവെന്നു പറഞ്ഞു അവൾ പ്രവാചകനോടു ഒന്നും ആവശ്യപ്പെട്ടില്ല. ഗേഹസിയിൽ നിന്നും അവളുടെ അനപത്യതയെക്കുറിച്ചറിഞ്ഞ പ്രവാചകൻ ഒരു പുത്രന്റെ ജനനം ഉറപ്പുകൊടുത്തു. ഒരുദിവസം ബാലൻ വയലിൽ പിതാവിന്റെ അടുക്കലേക്കു പോയി. അവിടെവച്ചു സൂര്യാഘാതത്താൽ പൈതൽ മരിച്ചു. മരിച്ച പൈതലിനെ പ്രവാചകന്റെ കിടക്കയിൽ കിടത്തിയശേഷം ശൂനേംകാരി തിടുക്കത്തിൽ കർമ്മേലിൽ ചെന്നു പ്രവാചകനെ വിവരമറിയിച്ചു. ആദ്യം എലീശ തന്റെ ഭൃത്യനായ ഗേഹസിയെ പ്രവാചക ദണ്ഡുമായി അയച്ചു. എന്നാൽ ശൂനേംകാരിയുടെ നിർബന്ധംമൂലം പ്രവാചകൻ തന്നെ അവളുടെ വീട്ടിലേക്കുപോയി. എലീശാ ബാലന്റെമേൽ കിടന്ന് ദൈവത്തോടപേക്ഷിച്ചു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു. (2രാജാ, 4:8-37). 

ക്ഷാമകാലത്ത് പ്രവാചകശിഷ്യന്മാർ കാട്ടിൽ കിടന്നതെന്തും ഭക്ഷിക്കുന്ന ദുഃസ്ഥിതിയിൽ എത്തിചേർന്നു. അടപ്പിൽ ഒരു വലിയ കലം വച്ച് പായസം ഉണ്ടാക്കുന്നതിനു വേണ്ടി കാട്ടിൽ നിന്നു കിട്ടിയ പച്ചക്കറികൾ അതിലിട്ടു. പായസം ഭക്ഷിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ അവർ ‘ദൈവപുരുഷനായുള്ളാവേ കലത്തിൽ മരണം’ എന്നു വിളിച്ചു പറഞ്ഞു. കലത്തിൽ മാവിട്ട് എലീശാ പായസത്തിലെ ദൂഷ്യം ഇല്ലാതാക്കി. (2രാജാ, 4:38-41). ഇതേ കാലത്തുതന്നെ സമാനമായ മറ്റൊരത്ഭുതവും നടന്നു. ബാൽ-ശാലീശയിൽ നിന്ന് ഒരു മനുഷ്യൻ ആദ്യഫലമായി ഇരുപതു യവത്തപ്പവും മലരും കൊണ്ടുവന്നു. ഇത്രയും ഭക്ഷണപദാർത്ഥങ്ങൾ കൊണ്ട് പ്രവാചകൻ നൂറു പേരെ അത്ഭുതകരമായി പരിപോഷിപ്പിക്കുകയും ബാക്കി ശേഷിപ്പിക്കുകയും ചെയ്തു. (2രാജാ, 4:42-44). പുതിയനിയമത്തിൽ രണ്ടു പുരുഷാരത്തെയാണ് യേശു അത്ഭുതകരമായി പോഷിപ്പിച്ചത്. 

പ്രവാചകശിഷ്യന്മാർ പാർത്തിരുന്ന ഇടം ഇടുങ്ങിയതായിരുന്നു. ഒരു വലിയ പാർപ്പിടം നിർമ്മിക്കുന്നതിനുവേണ്ടി അവർ മരം വെട്ടുകയായിരുന്നു. അ സമയത്ത് ഒരുവന്റെ കോടാലി ഊരി നദിയിൽ വീണു. പ്രവാചകൻ ഒരു കോൽ വെട്ടി കോടാലി വീണ സ്ഥാനത്തു എറിഞ്ഞു, ഉടൻ കോടാലി വെള്ളത്തിൽ പൊങ്ങി. (2രാജാ, 6:1-7). അരാം രാജാവിന്റെ സേനാപതിയായ നയമാൻ കുഷ്ഠരോഗിയായിരുന്നു. (2രാജാ, 5:1,27). എലീശാ പ്രവാചകനെക്കുറിച്ചു കേട്ട് നയമാൻ വിവരം തന്റെ രാജാവിനോട്  അറിയിച്ചു. അരാം രാജാവ് ഒരെഴുത്തുമായി നയമാനെ യിസായേൽ രാജാവിന്റെ അടുക്കലേക്കയച്ചു. ഈ എഴുത്തിനോടൊപ്പം വളരെയേറെ സമ്മാനങ്ങളും രാജാവിനയച്ചിരുന്നു. അരാം രാജാവായ ബെൻ-ഹദദ് യിസ്രായേലുമായി യുദ്ധത്തിനൊരു വഴി കണ്ടുപിടിക്കുകയായിരുന്നു എന്നാണ് യിസ്രായേൽ രാജാവു കരുതിയത്. വിവരമറിഞ്ഞ എലീശാ പ്രവാചകൻ നയമാനെ തന്റെ അടുക്കൽ അയക്കുവാൻ രാജാവിനോടാവശ്യപ്പെട്ടു. നയമാൻ പ്രവാചകന്റെ വീട്ടിലെത്തി. എലീശാ നേരിട്ടുപോലും സംസാരിക്കാതെ ദാസനെ അയച്ചു നയമാനോടു; ‘നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.’ ഈ നിർദ്ദേശം നയമാന് അർത്ഥശൂന്യമായി തോന്നി. എന്നാൽ ഭൃത്യന്മാരുടെ നിർബന്ധം ഹേതുവായി പ്രവാചകൻ നിർദ്ദേശിച്ചതു പോലെതന്നെ നയമാൻ ചെയ്തു. അവന്റെ കുഷ്ഠം ശുദ്ധമായി ദേഹം ഒരു ചെറിയ ബാലന്റെ ശരീരം പോലെ ആയിത്തീർന്നു. യിസ്രായേലിന്റെ ദൈവം സാക്ഷാൽ ദൈവമാണെന്നു ആ വിജാതീയനു വെളിപ്പെട്ടു. നയമാന്റെ സമ്മാനങ്ങളെല്ലാം എലീശ തിരസ്കരിച്ചു. എലീശയുടെ ശിഷ്യനായ ഗേഹസിക്കു അതു സഹിക്കുവാനായില്ല. ഗേഹസി പിന്നാലെ ചെന്നു ആ സമ്മാനങ്ങളിൽ ഒരു ഭാഗം പ്രവാചകൻ ആവശ്യപ്പെട്ടതായി നയമാനോടു പറഞ്ഞു. താൻ ചെയ്ത പ്രവൃത്തി പ്രവാചകനിൽ നിന്നു മറച്ചുവയ്ക്കുവാൻ ഗേഹസി ശ്രമിച്ചു. എന്നാൽ പ്രവാചകൻ അതറിയുകയും നയമാന്റെ കുഷ്ഠം ഗേഹസിയെയും അവന്റെ സന്തതിയെയും ബാധിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. അവൻ കുഷ്ഠരോഗിയായി പ്രവാചകനെ വിട്ടുപോയി. (2രാജാ, 5:1-27). 

ശുശ്രൂഷയുടെ ആരംഭം മുതൽ തന്നെ എലീശാ രാജ്യകാര്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അരാമ്യർ യിസ്രാനോടു യുദ്ധം ചെയ്ത കാലത്ത് അവർ രഹസ്യമായെടുക്കുന്ന തീരുമാനം പോലും എലീശ അറിയുകയും യസ്രായേൽ രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്തുതന്നു. ഇങ്ങനെ പലപ്രാവശ്യം യിസ്രായേൽ രാജാവിനെ യുദ്ധത്തിൽ നിന്നു രക്ഷിച്ചു. ഇതറിഞ്ഞ അരാം രാജാവ് എലീശയെ പിടിക്കുന്നതിന് ഒരു സൈന്യത്തെ അയച്ചു. സൈന്യം രാത്രിയിൽ എലീശയുടെ വാസസ്ഥാനമായ ദോഥാൻ വളഞ്ഞു. ഈ അപകടം ആദ്യം കണ്ട ഭത്യൻ ഭയത്തോടുകൂടെ എലീശയെ വിവരം അറിയിച്ചു. എലീശ പ്രാർത്ഥിച്ചപ്പോൾ ബാല്യക്കാരന്റെ കണ്ണുകൾ തുറന്നു. എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മലനിറഞ്ഞിരിക്കുന്നതു അവൻ കണ്ടു. പ്രവാചകന്റെ പ്രാർത്ഥനയുടെ ഫലമായി ദൈവം അവരെ അന്ധത പിടിപ്പിച്ചു. അവൻ അവരെ ശമര്യയിലേക്കു കൂട്ടി കൊണ്ടുപോയി. ശമര്യയിലെത്തിയപ്പോൾ എലീശാ പ്രാർത്ഥിച്ച് അവരുടെ അന്ധതമാറ്റി. അവർക്കു യാതൊരുപ്രദവവും ചെയ്യരുതെന്നു പ്രവാചകൻ രാജാവിനോടു പറഞ്ഞു. മാത്രവുമല്ല, ഒരു വലിയ വിരുന്നൊരുക്കി അവരെ സത്കരിച്ച് മടക്കി അയച്ചു. (2രാജാ, 6:8-23). 

അരാം രാജാവായ ബെൻ-ഹദദ് ശമര്യയെ ഉപരോധിച്ചു. ശമര്യാനിവാസികൾ മഹാക്ഷാമം നിമിത്തം കഷ്ടപ്പെട്ടു. രാജാവായ യെഹോരാമിന് എലീശയോടു വൈരം തോന്നി. എലീശയെ വധിക്കുവാൻ ഒരു ദൂതനെ അയച്ചു. ഈ ദൂതൻ വരുമ്പോൾ വാതില്ക്കൽ അവനെ തടുക്കാൻ എലീശാ തന്റെ കൂടെയുണ്ടായിരുന്നവരോടു പറഞ്ഞു. മാത്രവുമല്ല, രാജാവ് പിന്നാലെ വരുന്നുണ്ടെന്നും പ്രവാചകൻ വെളിപ്പെടുത്തി. (നിർവ്വികാരമായി പുറപ്പെടുവിച്ച വിധിയുടെ ഫലം തടയുവാനാണു രാജാവു പുറകെ ധ്യതിപ്പെട്ടു വന്നതെന്നു ജൊസീഫസ് വ്യാഖ്യാനിക്കുന്നു). പിറ്റേ ദിവസം അതേ സമയം ശമര്യയുടെ പടിവാതിലിൽ ധാന്യങ്ങൾ സമൃദ്ധിയായി വിലകുറച്ചു വില്ക്കുമെന്നു എലീശ രാജാവിനെ അറിയിച്ചു. അന്നു രാത്രി രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ശബ്ദം ദൈവം അരാമ്യരെ കേൾപ്പിച്ചു. യിസ്രായേൽ രാജാവു തങ്ങൾക്കു വിരോധമായി ഹിത്യരുടെയും മിസ്രയീമ്യരുടെയും സൈന്യങ്ങളെ കൂലിക്കെടുത്തു എന്നു പറഞ്ഞു അരാമ്യർ രാത്രിതന്നെ എല്ലാം ഉപേക്ഷിച്ചു ഓടിപ്പോയി. എലീശയുടെ വാക്കു വിശ്വസിക്കാത്ത അകമ്പടിനായകനെ എലീശാ പ്രവചിച്ചതുപോലെ പടിവാതിലിൽ വച്ച് ജനം ചവിട്ടിക്കൊന്നു. (2രാജാ, 6:24-7:20). 

രാഷ്ട്രീയമായ രണ്ടു വിപ്ലവങ്ങൾക്ക് – ഒന്ന് അരാമിലും, ഒന്ന് യിസ്രായേലിലും – എലീശ കാരണമായി. ബെൻ-ഹദദിന്റെ മന്ത്രിയായിരുന്ന ഹസായേലിനെ അരാം രാജാവായി അഭിഷേകം ചെയ്യുവാൻ എലീശാ ദമ്മേശക്കിലേക്കു പോയി. രോഗിയായിക്കിടന്ന ബെൻ-ഹദദ് രോഗത്തിൽ നിന്നും സൗഖ്യം ലഭിക്കുമോ എന്നറിയുവാൻ വേണ്ടി ഹസായേലിനെ എലീശയുടെ അടുക്കലേക്കയച്ചു. ബെൻ-ഹദദ് മരിക്കുമെന്നും ഹസായേൽ രാജാവാകുമെന്നും എലീശാ പ്രവചിച്ചു. ബെൻ-ഹദദിനെ വധിച്ച് ഹസായേൽ രാജാവായി. (2രാജാ, 8:7-15). രാജാവായ ഹസായേൽ യിസ്രായേലിനോടു യുദ്ധം തുടങ്ങി. യുദ്ധത്തിൽ യെഹോരാം മുറിവേല്ക്കുകയും യുദ്ധത്തിൽ നിന്നു പിൻവാങ്ങുകയും ചെയതു. രഹസ്യമായി യേഹൂവിനെ രാജാവായി അഭിഷേകം ചെയ്യുവാൻ പ്രവാചക ശിഷ്യന്മാരിൽ ഒരുത്തനെ എലീശാ അയച്ചു. (2രാജാ, 9:3). എലീശയുടെ ഈ പ്രവൃത്തി അറിഞ്ഞപ്പോൾ മറ്റു സൈന്യാധിപന്മാർ യേഹുവിനെ രാജാവായി അംഗീകരിച്ചു. യെഹോരാം വധിക്കപ്പെട്ടു; അമ്മയായ ഈസസേബെലിനെ കിളിവാതിലിൽനിന്നു താഴേക്കു തളളിയിട്ടു. അവളുടെ മാംസം നായ്ക്കൾ തിന്നു. ആഹാബിനു ശമര്യയിലുണ്ടായിരുന്ന എഴുപതു പുത്രന്മാരെയും യേഹൂ കൊന്നു. 

എലീശാ ദീർഘായുഷ്മനായിരുന്നു. മരണക്കിടക്കയിൽ പോലും പ്രവാചകന്റെ ജൈവശക്തിക്ക് ഒട്ടും കോട്ടം തട്ടിയിരുന്നില്ല. മരണശയ്യയിലായിരുന്ന പ്രവാചകനെ കാണാൻ യിസ്രായേൽ രാജാവായ യോവാശ് വന്നു. അദ്ദേഹം നിലവിളിച്ചു. ‘എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളാവേ എന്നു പറഞ്ഞു.’ (2രാജാ, 13:14). ഏലീയാവു സ്വർഗ്ഗത്തേക്ക് എടുക്കപ്പെട്ടപ്പോൾ എലീശാ പറഞ്ഞ വാക്കുകളാണിവ. മരണക്കിടക്കയിൽവച്ച് അരാമ്യരുമായുള്ള യുദ്ധത്തിന്റെ ഫലം എന്തായിരിക്കുമെന്ന് പ്രവാചകൻ യിസ്രായേൽ രാജാവിനോടു പ്രവചിച്ചു. എലീശാ മരിച്ചു. എലീശയുടെ അത്ഭുതങ്ങളിൽ ഏറ്റവും വലുത് മരണാനന്തരം സംഭവിച്ചതാണ്. എലീശയുടെ കല്ലറക്കടുത്തുകൂടെ കടന്നുപോയ ഒരു വിലാപയാത്രയെ മോവാബ്യർ ആക്രമിച്ചു. പരിഭ്രമം ബാധിച്ച അവർ ധ്യതിയിൽ മൃതശരീരത്തെ പ്രവാചകന്റെ കല്ലറയിലിട്ടു. ആ ശവം എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവൻ പ്രാപിച്ചു. മരണത്തിനു ശേഷവും ജീവൻ നല്കാൻ പ്രവാചകനു കഴിഞ്ഞു. (2രാജാ, 13:20-21). 

ഏലീയാവിന്റെയും എലീശയുടെയും സ്വഭാവങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. അലഞ്ഞുതിരിയുന്ന പ്രകൃതമായിരുന്നു ഏലീയാവിന്റേത്. സുഹൃത്തുക്കളോടൊപ്പവും നഗരത്തിലും താമസിക്കുകയായിരുന്നു എലീശയ്ക്കിഷ്ടം. എലീശയുടെ അത്ഭുതങ്ങളധികവും സൗഖ്യവും പുനർജീവനും നല്കുന്നത് ആയിരുന്നു. സാധുക്കളെ സഹായിക്കുകയായിരുന്നു എലീശയുടെ പ്രധാന ലക്ഷ്യം. വിധവയുടെ എണ്ണവർദ്ധിപ്പിച്ചതും വെള്ളത്തെ പഥ്യമാക്കിയതും ഇതിലുൾപ്പെടുന്നു. നിശ്ചയദാർഢ്യമുള്ളവനും ശക്തനുമായിരുന്നു ഏലീയാവ്. ആവശ്യസന്ദർഭങ്ങളിൽ എലീശ ശക്തമായി പ്രതികരിക്കുമെങ്കിലും പൊതുവെ ശാന്തസ്വഭാവിയായിരുന്നു.