ഗായൊസ്

ഗായൊസ് (Gaius)

പേരിനർത്ഥം – പ്രഭു

പുതിയനിയമത്തിൽ നാലുപേർ ഗായൊസ് എന്നപേരിൽ അറിയപ്പെടുന്നു:

1. പൗലൊസിന്റെ കുട്ടുയാത്രക്കാരനായിരുന്ന ഒരു മക്കെദോന്യൻ. എഫെസൊസിൽ വച്ച് ലഹളക്കാർ ഗായൊസിനെ പിടിച്ചുകൊണ്ടുപോയി: “പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൗലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തർഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.” (പ്രവൃ, 19:29).

2.  പൗലൊസിനോടുകൂടെ യാത്രചെയ്ത ദൈർബ്ബക്കാരനായ ഒരാൾ: “ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.” (പ്രവൃ, 20:4).

3. കൊരിന്തിൽ വച്ചു പൗലൊസ് സ്നാനപ്പെടുത്തിയ ഒരു ക്രിസ്ത്യാനി: “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” (1കൊരി, 1:15). ഗായൊസിന്റെ ഭവനത്തിലാണ് വിശ്വാസികൾ കൂടിവന്നിരുന്നത്. റോമർക്കു ലേഖനമെഴുതുമ്പോൾ, “എനിക്കും സർവ്വസഭയ്ക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു” (റോമ, 16:23) എന്നു പൗലൊസ് പറയുന്നു. 

4. യോഹന്നാന്റെ മൂന്നാം ലേഖനം ഗായൊസിനെ അഭിസംബോധന ചെയ്തെഴുതിയതാണ്. പക്ഷേ പൗലൊസായിരിക്കാം ഗായൊസിനെ വിശ്വാസത്തിലേക്കു നയിച്ചത്. എഫെസൊസിനടുത്തുള്ള ഏതോ പട്ടണത്തിൽ വസിച്ചിരുന്ന ഒരു മാന്യനും സമ്പന്നനുമായിരുന്നു ഇദ്ദേഹം. ചില സഹോദരന്മാരെ യോഗ്യമാംവണ്ണം യാത്ര അയക്കുവാൻ പ്രേരിപ്പിച്ചുകൊണ്ടാണ് അപ്പൊസ്തലൻ ഈ ലേഖനം എഴുതിയത്. (3യോഹ, 1-6).

ഗാദ്

ഗാദ് (Gad)

പേരിനർത്ഥം – ഭാഗ്യം

യാക്കോബിന്റെ ഏഴാമത്തെ പുത്രനും തൻ്റെ ഭാര്യയായ ലേയയുടെ ദാസി സില്പയിൽ ജനിച്ച ആദ്യജാതനും: (ഉല്പ, 30:11). ഗാദിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചു മറ്റു വിവരങ്ങളൊന്നും തിരുവെഴുത്തിൽ നല്കിയിട്ടില്ല. യാക്കോബ് തന്റെ മരണശയ്യയിൽ മറ്റു പുത്രന്മാരോടൊപ്പം ഗാദിനെയും അനുഗ്രഹിച്ചു: “ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും” (ഉല്പ, 49:19). ഗാദിന്റെ പേരുകൊണ്ടുള്ള ഒരു പദലീലയായിരുന്നു യാക്കോബിന്റെ ആനുഗ്രഹം. ഒരു കവർച്ചപ്പട ഗാദിനെ ഞെരുക്കുമെന്നും ഒടുവിൽ ഗാദ് അവരെ ഞെരുക്കുകയും പിൻപടയെ ആക്രമിക്കുകയും ചെയ്യുമെന്നും യാക്കോബ് വിവക്ഷിച്ചു. 

യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോകുമ്പോൾ ഗാദിന് ഏഴു പുത്രന്മാരുണ്ടായിരുന്നു: (ഉല്പ, 46:16). പേരുകളിലധികവും ബഹുവചനാന്തങ്ങളാണ്. തന്മൂലം അവ വ്യക്തിനാമങ്ങൾ എന്നതിലേറെ കുടുംബനാമങ്ങൾ ആയിരിക്കണം. ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ഗാദ്യരുടെ എണ്ണം 45,650 ആയിരുന്നുവെങ്കിലും അടുത്തതിൽ അത് 40,500 ആയി കുറഞ്ഞു. അങ്ങനെ ജനസംഖ്യയിൽ എട്ടാം സ്ഥാനത്തു നിന്ന ഗോത്രം പത്താം സ്ഥാനത്തായി: (സംഖ്യാ, 1:25; 26:18). യിസ്രായേല്യ സൈന്യത്തിൽ രണ്ടാം വിഭാഗത്തോടാണ് ഗാദിനെ ചേർത്തിരുന്നത്. സമാഗമന കൂടാരത്തിന്റെ തെക്കുഭാഗത്തു പാളയമടിച്ചിരുന്ന അവർ രൂബേന്റെ കൊടിക്കീഴിലാണ് പുറപ്പെട്ടത്. ദെയൂവേലിന്റെ മകനായ എലിയാസാഫ് ആയിരുന്നു അവരുടെ പ്രഭു: (സംഖ്യാ, 1:14; 2:10-16). അസംഖ്യം കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് യോർദ്ദാനു കിഴക്കുള്ള പ്രദേശം അവർ മോശെയോടു ആവശ്യപ്പെട്ടു. കനാൻ കീഴടക്കുന്നതിനു സഹോദരന്മാരെ സഹായിക്കുമെന്ന ഉറപ്പിന്മേൽ ഗാദ്യരുടെ അഭീഷ്ടം മോശെ അനുവദിച്ചു.

യാക്കോബിന്റെ സന്തതികൾ‘ കാണുക:

ഗല്ലിയോൻ

ഗല്ലിയോൻ (Gallio)

പേരിനർത്ഥം – ഉദ്ഘോഷകൻ

പൂർണ്ണമായ പേര് ലൂഷ്യസ് യൂനിയൂസ് അന്നയൂസ് ഗല്ലിയോ (Lucius Junius Annaeus Gallio) ആണ്. റോമാ ചക്രവർത്തിയായ ക്ലൗദ്യൊസ് എ.ഡി. 52-ൽ ഗല്ലിയോനെ അഖായയുടെ ദേശാധിപതിയായി നിയമിച്ചു. സ്റ്റോയിക്കു ചിന്തകനായ സെനക്കയുടെ ജ്യേഷ്ഠനായിരുന്നു ഗല്ലിയോൻ. 1905-ൽ ഗ്രീസിലെ ഡെൽഫിയിൽ നിന്നും കണ്ടെടുത്ത ഒരു രേഖയിൽ ഗല്ലിയോൻ്റെ നിയമനം സംബന്ധിച്ചുള്ള വ്യക്തമായ സൂചനയുണ്ട്. പൗലൊസ് കൊരിന്ത് സന്ദർശിച്ചകാലം നിർണ്ണയിക്കുവാൻ ഈ രേഖ സഹായകമാണ്. ഗല്ലിയോനെക്കുറിച്ചു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ അത്ര ശോഭനമല്ല. പൗലൊസ് തന്റെ രണ്ടാം മിഷണറിയാത്രയിൽ കൊരിന്തിൽ ദൈവവചനം പ്രസംഗിച്ചു. യെഹൂദന്മാർ അദ്ദേഹത്തെ വിസ്താരത്തിനായി ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുവന്നു. ന്യായപ്രമാണ സംബന്ധമായ കുറ്റങ്ങൾ മാത്രമേ പൗലൊസിന്റെ മേൽ ആരോപിച്ചിട്ടുള്ളൂ എന്നതിനാൽ ഗല്ലിയോൻ പൌലൊസിനെ വിസ്തരിക്കാതെ വിട്ടയച്ചു. യെഹൂദന്മാരോടു തികഞ്ഞ അവജ്ഞയായിരുന്നു അയാൾക്കുണ്ടായിരുന്നത്: (പ്രവൃ, 18:12-17). എ.ഡി. 65-ൽ നീറോയുടെ കല്പനപ്രകാരം ഗല്ലിയോൻ വധിക്കപ്പെട്ടു.

ഗമാലീയേൽ

ഗമാലീയേൽ (Gamaliel)

പേരിനർത്ഥം – ദൈവം നല്കുന്ന പ്രതിഫലം

ഹില്ലേൽ എന്ന പ്രസിദ്ധനായ വേദശാസ്ത്രിയുടെ പൌത്രൻ. യെഹൂദാനിയമപണ്ഡിതനും സന്നദ്രീം സംഘാംഗവുമായിരുന്നു. അഗാധപാണ്ഡിത്യവും സ്വഭാവമഹത്ത്വവും കൊണ്ടു സർവ്വാദരണീയനായിരുന്ന ഗമാലീയേൽ റബ്ബാൻ എന്ന വിശിഷ്ടപദവിയിൽ അറിയപ്പെട്ടിരുന്ന ഏഴു നിയമജ്ഞരിൽ ഒരാളായിരുന്നു. ‘ന്യായപ്രമാ ണത്തിന്റെ മനോഹരത്വം’ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു. റബ്ബാൻ ഗമാലീയേൽ മരിച്ചതോടുകൂടി ന്യായപ്രമാണത്തിന്റെ തേജസ്സ് നിലച്ചുപോയി എന്നു തല്മൂദ് പറയുന്നു. ഒരു പരീശൻ ആയിരുന്നുവെങ്കിലും പരീശന്മാരുടെ സങ്കുചിതത്വം ഗമാലീയേലിനെ സ്പർശിച്ചില്ല. സ്വപക്ഷത്തിന്റെ മുൻവിധികൾക്കതീതനായി ചിന്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അപ്പൊസ്തലന്മാരെ ന്യായാധിപസംഘത്തിന്റെ മുമ്പിൽ കൊണ്ടുവന്നപ്പോൾ അവരുടെ ധൈര്യവും ഉറപ്പും കണ്ടിട്ടു കോപപരവശരായി അവരെ ഒടുക്കിക്കളയുവാൻ ന്യായാധിപസംഘം ഒരുങ്ങി. അതിനെ തടഞ്ഞത് ഗമാലീയേലിന്റെ പ്രഭാഷണമായിരുന്നു: (പ്രവൃ, 5:34-39). തുടർന്നു അപ്പൊസ്തലന്മാരെ അടിച്ചശേഷം വിട്ടയച്ചു. അപ്പൊസ്തലനായ പൗലൊസ് ഗമാലീയേലിന്റെ കാല്ക്കലിരുന്നു ന്യായപ്രമാണം പഠിച്ചു എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്: (പ്രവൃ, 22:3). ന്യായപ്രമാണ വ്യാഖ്യാനത്തെ സംബന്ധിച്ച് രണ്ടു വിഭിന്ന ചിന്താഗതികളായിരുന്നു ഹില്ലേലിനും ഷമ്മായിക്കും. ഷമ്മായിയും കൂട്ടരും കടുത്ത യഥാസ്ഥിതികരും ന്യായപ്രമാണത്തിന്റെ ആക്ഷരികമായ അനുഷ്ഠാനത്തിൽ നിഷ്ക്കർഷ പുലർത്തിയവരുമായിരുന്നു. ഹില്ലേലിൻ പക്ഷക്കാർ ന്യായപ്രമാണം ലളിതമായി വ്യാഖ്യാനിക്കുന്നവരും അനാവശ്യമായ ഭാരം ജനങ്ങളുടെമേൽ കെട്ടിവയ്ക്കാൻ ഒരുമ്പെടാത്തവരുമായിരുന്നു.

ഗ്രബ്രീയേൽ

ഗ്രബ്രീയേൽ (Gabriel)

പേരിനർത്ഥം – ദൈവപുരുഷൻ

ബൈബിളിൽ പേരിനാൽ പറയപ്പെട്ടിട്ടുള്ള രണ്ടു ദൂതന്മാരാണ് ഗബ്രീയേലും മീഖായേലും. ഗ്രബീയേൽ ദൂതുവാഹിയും മീഖായേൽ യുദ്ധവീരനുമാണ്. ദൈവത്തിന്റെ വീരപുരുഷൻ എന്നാണ് ഗ്രബീയേൽ എന്ന പേരിന്നർത്ഥം. ഗബ്രിയേൽ ദൂതൻ്റെ നാലു പ്രത്യക്ഷതകൾ തിരുവെഴുത്തുകളിലുണ്ട്. ഈ നാലു സ്ഥാനങ്ങളിലും ദൈവികനിർണ്ണയം വെളിപ്പെടുത്തുന്ന ദൂതനായിട്ടാണ് ഗ്രബ്രീയേലിനെ കാണുന്നത്. ദാനീയേൽ പ്രവാചകന് ദർശനം വ്യക്തമാക്കിക്കൊടുത്തത് ഗ്രബ്രീയേലാണ്: (ദാനീ, 8:15-27; 9:20-27). യോഹന്നാൻ സ്നാപകന്റെ ജനനത്തെക്കുറിച്ചുളള സന്ദേശം ഗ്രബ്രീയേൽ ദൂതൻ മുഖേനയാണ് സെഖര്യാവിനു ലഭിച്ചതു: (ലൂക്കൊ, 1:11). ക്രിസ്തുവിന്റെ ജനനത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള സന്ദേശം മറിയയ്ക്കു നല്കിയതും ഗ്രബ്രീയേലായിരുന്നു: ( ലൂക്കൊ, 1:26-33).ദാനീയേൽ 9:21-ൽ ഗ്രബ്രീയേലെന്ന പുരുഷൻ എന്നു കാണുന്നു. അമിതബലവും അസാധാരണവേഗവും ഗ്രബ്രീയേലിനുണ്ട്. പ്രവാചകന്റെ അടുക്കൽ ദൂതൻ പറന്നുവന്നു: (ദാനീ, 9:21). ‘ദൈവസന്നിധിയിൽ നില്ക്കുന്ന ഗ്രബ്രീയേൽ ആകുന്നു’ എന്നു ദൂതൻ സ്വയം പരിചയപ്പെടുത്തി: :ലൂക്കൊ, 1:19). മനുഷ്യരൂപത്തിലാണ് ഗ്രബ്രീയേൽ ദൂതനെ കാണുന്നത്: (ദാനീ, 10:18). ശബ്ദം മനുഷ്യശബ്ദമാണ്: (ദാനീ, 10:17-18). സ്പർശിക്കുന്നതിനും (8:18; 10:18), ഒരു പ്രത്യേക സ്ഥാനത്തു നില്ക്കുന്നതിനും (ലൂക്കൊ, 1:11-12) ഗ്രബ്രീയേൽ ദൂതനു കഴിവുണ്ട്. 

പ്രധാനദൂതന്മാരായ മീഖായേലും, റഫായേലും, ഗ്രബ്രീയേലും, ഊരീയേലും മനുഷ്യവർഗ്ഗത്തിന്റെ ദുഷ്ടത സ്രഷ്ടാവിനെ അറിയിക്കുന്നതായി ഹാനോക്കിന്റെ പുസ്തകത്തിൽ വർണ്ണിച്ചിട്ടുണ്ട്. ദൈവിക സിംഹാസനത്തിനു മുമ്പിൽ, യെഹൂദയുടെ കൊടിയുടെ അടുക്കൽ ഗ്രബ്രീയേൽ ദൂതൻ നില്ക്കുന്നതായി റബ്ബിമാരുടെ എഴുത്തുകളിൽ കാണാം.

ക്വർത്തൊസ്

ക്വർത്തൊസ് (Quartus)

പേരിനർത്ഥം – നാലാമൻ

കൊരിന്തിലെ ഒരു ക്രിസ്ത്യാനി. ക്വർത്തൊസിന്റെ വന്ദനം പൗലൊസ് റോമാസഭയ്ക്കയച്ചുകൊടുത്തു: (റോമ, 16:23). എഴുപതു ശിഷ്യന്മാരിൽ ഒരുവനായിരുന്നു ക്വർത്തൊസ് എന്നൊരു പാരമ്പര്യമുണ്ട്.

ക്ലൗദ്യൊസ് ലൂസിയാസ്

ക്ലൗദ്യൊസ് ലൂസിയാസ് (Claudius Lysias) 

പേരിനർത്ഥം – അസന്തുഷ്ട മുക്തൻ

യെരൂശലേമിലെ അന്തോണിയാ കോട്ടയിൽ താവളമടിച്ചിരുന്ന റോമൻ സൈന്യത്തിന്റെ സഹസാധിപൻ. യെഹൂദന്മാരുടെ ക്രോധത്തിൽ നിന്നും ഇയാൾ പൗലൊസിനെ രക്ഷപ്പെടുത്തി നാടുവാഴിയായ ഫെലിക്സിന്റെ അടുക്കലേക്കു അയച്ചു: (പ്രവൃ, 21:37,38; 22:24-30). ഈ സഹസ്രാധിപൻ വളരെ പണം കൊടുത്താണ് റോമാപൗരത്വം നേടിയതു: (പ്രവൃ, 22:28).

ക്ലൗദ്യൊസ്

ക്ലൗദ്യൊസ് (Claudius)

പേരിനർത്ഥം – അസന്തുഷ്ടൻ

റോമിലെ നാലാമത്തെ ചക്രവർത്തി. കാലിഗുളയെ പിന്തുടർന്നു എ.ഡി. 41 ജനുവരി 25-നു ചക്രവർത്തിയായി. ദ്രുസസ്സിന്റെയും അന്തോണിയയുടെയും മകനായി ബി.സി. പത്താമാണ്ട് ആഗസ്റ്റ് 1-നു ഗാളിലെ ലയോൺസിൽ ജനിച്ചു. ശൈശവത്തിൽ തന്നെ പിതാവു നഷ്ടപ്പെട്ട ക്ലൗദ്യൊസിനു ശരിയായ പരിഗണനയും പരിചരണവും ലഭിച്ചില്ല. സാഹിത്യ പരിശ്രമത്തിൽ ഏർപ്പെട്ട അദ്ദേഹം അനേകം ലേഖനങ്ങളെഴുതി. കാലിഗുള വധിക്കപ്പെട്ടപ്പോൾ ഭയന്നു ഒളിവിൽ കഴിഞ്ഞ ക്ലൗദ്യൊസിനെ ഒരു ഭടൻ ചക്രവർത്തിയായി പ്രഖ്യാപിച്ചു. യെഹൂദന്മാരോടു ക്ലൗദ്യൊസ് ഉദാരമായി പെരുമാറി. ക്രെസ്തൂസിന്റെ നേതൃത്വത്തിൽ ലഹള നടത്തിയ യെഹൂദന്മാരെ അദ്ദേഹം റോമിൽ നിന്നു പുറത്താക്കിയെന്നു സ്യൂട്ടോണിയസ് എഴുതി. ക്ലൗദ്യൊസിന്റെ വാഴ്ചക്കാലത്ത് റോമിൽ ക്രിസ്ത്യാനികളായ യെഹൂദന്മാർ ഉണ്ടായിരുന്നു. യെഹൂദന്മാർ എല്ലാവരും റോം വിട്ടുപോകണമെന്ന ക്ലൗദ്യൊസിന്റെ വിളംബരമനുസരിച്ച് പൗലൊസിന്റെ സുഹൃത്തുക്കളായിരുന്ന അക്വിലാസും പ്രിസ്കില്ലയും പട്ടണത്തിൽ നിന്നു പോയി. (പ്പവൃ, 18:2). റോമിൽ യെഹൂദന്മാരുടെ ലഹള നടന്നുവെന്നും അത് ഒരു ക്രിസ്തുവിന്റെ പേരിലായിരുന്നുവെന്നും മാത്രമേ സ്യൂട്ടോണിയസിനു അറിയാമായിരുന്നുള്ളു. യെഹൂദന്മാരുടെ വിപ്ലവം കാരണം യെഹൂദന്മാരുടെ സമ്മേളനങ്ങളെ ക്ലൗദ്യൊസ് നിരോധിച്ചു. ഇതിന്റെ അർത്ഥം മതാനുഷ്ഠാനങ്ങൾക്ക് യെഹൂദൻ റോമാപട്ടണം വിട്ടുപോകണമെന്നതായിരുന്നു. ഭാര്യമാരുടെ സ്വാധീനവലയത്തിൽ പെടുന്നതുവരെ ചക്രവർത്തി സുസമ്മതനായിരുന്നു. രാജ്യത്തിനു ഗുണകരമായ കാര്യങ്ങൾ പലതും ചെയ്തു. തന്റെ അനന്തരവളായ അഗ്രിപ്പിനയെ ക്ലൗദ്യൊസ് വിവാഹം കഴിച്ചു. ക്ലൗദ്യൊസിന്റെ പുത്രനായ ബ്രിട്ടാനിക്കസിനുപകരം അവളുടെ പൂർവ്വവിവാഹത്തിലെ പുത്രനായ നീറോയെ ചക്രവർത്തിയാക്കുവാൻ അഗ്രിപ്പിന ശ്രമിച്ചു. അതു സാദ്ധ്യമല്ലെന്നു കണ്ടു അവൾ ചക്രവർത്തിക്കു വിഷം കൊടുത്തു. അനന്തരം നീറോ ചക്രവർത്തിയായി. ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നുള്ള അഗബൊസിന്റെ പവചനം ക്ലൗദ്യൊസിന്റെ കാലത്തു നിറവേറി: (പ്രവൃ, 11:28).

ക്ലേമന്ത്

ക്ലേമന്ത് (Clement)

പേരിനർത്ഥം – കരുണാപൂർണ്ണൻ

ഫിലിപ്പിനഗരത്തിലെ ഒരു ക്രിസ്ത്യാനി. ഇയാളെക്കുറിച്ചു ജീവപുസ്തകത്തിൽ പേരുള്ളവൻ എന്നു പൗലൊസ് അപ്പൊസ്തലൻ പറയുന്നു: (ഫിലി, 4:3). റോമിലെ ബിഷപ്പായിരുന്ന ക്ലേമന്ത് പൗലൊസിൻ്റെ ഈ സഹപ്രവർത്തകനായിരുന്നു എന്നു കരുതപ്പെടുന്നു. 

ക്ലെയോപ്പാവ്

ക്ലെയോപ്പാവ് (Clopas)

പേരിനർത്ഥം – പിതാവിന്നു മഹത്വം

യേശുവിന്റെ അമ്മ മറിയയോടും, അമ്മയുടെ സഹോദരിയോടുമൊപ്പം ക്രൂശിനരികെ നിന്ന മറിയയുടെ ഭർത്താവ്: (യോഹ, 19:25). അല്ഫായി എന്ന് പേരിൻറ ഗ്രീക്കു രൂപമായിരിക്കണം ക്ലെയോപ്പാവ്.