മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം

മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ കേരളത്തിലെ വിശ്വാസികള്‍ക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമായിരുന്നില്ല. മലയാളദേശത്തിലെ ക്രൈസ്തവർ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുർബ്ബാനക്രമവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി.എം.എസ്. മിഷനറിമാർ വന്നതോടു കൂടി മലയാള ദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. എ.ഡി. 1811-ല്‍ സെറാമ്പൂര്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും സി.എം.എസ്. മിഷനറിയുമായിരുന്ന ക്ലോഡിയസ് ബുക്കാനൻ്റെ ഉത്സാഹത്താൽ നാലു സുവിശേഷങ്ങളും അപ്പോസ്തല പ്രവര്‍ത്തികളും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിന്‍റെ മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാല്‍ ഈ പരിഭാഷ റമ്പാൻ ബൈബിൾ എന്ന് അറിയപ്പെട്ടു. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ ബൈബിൾ പരിഭാഷ അറിയപ്പെടുന്നുണ്ട്. ആ പുസ്തകം ആണ് ഇന്ത്യയിൽ അച്ചടിച്ച ആദ്യത്തെ മലയാളം പുസ്തകം. അന്നത്തെ തമിഴ് കലര്‍ന്ന മലയാളഭാഷയുടെ പോരായ്മകളും മറ്റു ചില കാരണങ്ങളും നിമിത്തം അതിന് കാര്യമായ പ്രചാരം ലഭിച്ചില്ല.

1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ, ബെഞ്ചമിൻ ബെയ്ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായ ഭാഷാ പണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺ‌റോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. 1819-ല്‍ കോട്ടയത്തുവച്ച് റവ. ബെഞ്ചമിന്‍ ബെയിലി സ്വന്തമായി നിര്‍മ്മിച്ച പ്രസ്സിലാണ് മലയാളഭാഷയില്‍ ആദ്യമായി അച്ചുകള്‍ നിരന്നതും പുതിയ നിയമത്തിന്റെ ഏതാനും ഭാഗങ്ങള്‍ അച്ചടിക്കപ്പെട്ടതും. മലയാളത്തില്‍ ആദ്യമായി അച്ചടി നടന്നതു ബൈബിള്‍ ഭാഗങ്ങളാണന്ന്‍ അഭിമാനപൂര്‍വ്വം അവകാശപ്പെടാം. ലോകത്തില്‍ അനേകം ഭാഷകള്‍ക്കും അക്ഷരങ്ങള്‍ കണ്ടുപിടിച്ചതും അച്ചടിതന്നെയും ഉണ്ടായിവന്നതും ബൈബിളിനോട് ബന്ധപ്പെട്ടാണ്. 1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി ആറു വര്‍ഷങ്ങള്‍ക്കുശേഷം 1841-ല്‍ തന്റെ തന്നേ പരിശ്രമത്തില്‍ മുഴുമലയാളം ബൈബിള്‍ അച്ചടിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു. 1854-ല ഡോ. ഹെർമൻ ഗുണ്ടർട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയനിയമത്തിന്റെ മറ്റൊരു തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. പിന്നിട് ബാസല്‍മിഷന്റെ ചുമതലയില്‍ പഴയനിയമത്തിന്റെ ചില ഭാഗങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1858-ല്‍ മാന്നാനം പ്രസ്സില്‍ നിന്നും സുറിയാനി ഭാഷയില്‍നിന്നും പുതിയനിയമത്തിന്റെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസിന്റേയും എൽ.എം.എസ്സിന്റേയും ബാസൽ മിഷൻ്റെയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന, അരമായ മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്. ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെടേയും ഗുണ്ടർട്ടിന്റേയും മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും ഒക്കെ സസൂക്ഷ്മം പരിശോധിച്ചു. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് ശേഷം പഴയ നിയമവും പൂർത്തിയാക്കി. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് തയ്യാറാക്കി, മംഗലാപുരത്ത് അച്ചടിച്ച്, ‘സത്യവേദപുസ്തകം’ എന്ന പേരിൽ 1910-ൽ സമ്പൂർണ്ണ മലയാളപരിഭാഷ പുറത്തിറങ്ങി. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജമയ്ക്കു കഴിഞ്ഞു. അതിനാൽ തന്നെ അത് പെട്ടെന്ന് ജനകീയമായി.

1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C. ബൈബിള്‍ പ്രസിദ്ധീകരിച്ചു. 1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി NIBV (New India Bible Version) എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ത്തില്‍ വിശുദ്ധ മലയാളം ബൈബിൾ എന്ന പേരില്‍ ഡോ. മാത്യൂസ്‌ വര്‍ഗിസ്‌ പ്രസിദ്ധീകരിച്ചു. ഈ പരിഭാഷയുടെ ഇന്‍റര്‍ആക്ടിവ് സി.ഡി.യും ലഭ്യമാണ്. 2004 ഓഗസ്റ്റ് 14-നു സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം യൂണികോഡില്‍ ഇന്റർനെറ്റിൽ ആദ്യമായി നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥവും നിഷാദ് കൈപ്പള്ളി എന്‍‌കോഡ് ചെയ്ത ‘സത്യവേദപുസ്തകം’ തന്നെയാണ്. ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പണിയും കൈപ്പള്ളി തന്നെ തുടങ്ങി വെച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ അതു മുന്നോട്ട് നീങ്ങിയില്ല. തുടര്‍ന്ന് പ്രമുഖ മലയാളം ബ്ലോഗ്ഗര്‍മാരായ ഷിജു അലക്സും, തമനുവും (പ്രമോദ് ജേക്കബ്) 2007 ജൂലൈ 15-നു ബൈബിള്‍ വിക്കിസോര്‍സിലാക്കുന്ന പ്രൊജക്ട് തുടങ്ങി. 2007 ഓഗസ്റ്റ് 10-നു മലയാളത്തിലെ ആദ്യത്തെ യൂണിക്കോഡ് ഗ്രന്ഥം, മലയാളം വിക്കിസോര്‍സിലേക്കു ചേര്‍ക്കപ്പെടുന്ന ആദ്യത്തെ ഗ്രന്ഥവും ആയി. ശ്രീ. ജീസ്മോന്‍ ജേക്കബ്‌ ഈ മലയാളം ബൈബിളിന്റെ ആന്‍ഡ്രോയിഡ്, ആപ്പിള്‍ iOs മൊബൈല്‍ അപ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു.

ഡോ. ഹെർമൻ ഗുണ്ടർട്ട്

ഡോ. ഹെർമൻ ഗുണ്ടർട്ട്

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4-1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-ന് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്‌നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം. ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരു ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.

ഇന്ത്യയിൽ: 1814- ൽ ജർമ്മനി വിട്ട അദ്ദേഹം ഇംഗ്ലണ്ട് വഴി ഇന്ത്യയിലെത്തി. ആദ്യം എത്തിയത് മദ്രാസിലാണ്. സ്വിറ്റ്‌സർലാന്റുകാരിയായ ജൂലി ഡുബോയിസിനെ വിവാഹം കഴിച്ചു. ജൂലിയുടെ മാതൃഭാഷ ഫ്രെഞ്ച് ആയിരുന്നു.

അദ്ദേഹത്തിന് പാലിയും സംസ്കൃതവും എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇരുപത്തിമൂന്ന് വർഷത്തോളം അദ്ദേഹം ഇന്ത്യയിൽ താമസിച്ചു. ഇതിൽ ജർമ്മനിയിൽ ചെലവഴിച്ച ഒരു വർഷത്തെ ഇടവേളയുൾപ്പെടെ കേരളത്തിൽ കഴിഞ്ഞത് ഇരുപതു വർഷമാണ്. അതിൽ ഒൻപതു വർഷം അദ്ദേഹം തലശ്ശേരിയിലായിരുന്നു. അദ്ദേഹം 1847-ൽ തുടങ്ങിയ രാജ്യസമാചാരം എന്ന പത്രമാണ് മലയാളത്തിലെ ആദ്യ പത്രം. സുവിശേഷ പ്രവർത്തനത്തിനായി പശ്ചിമോദയം എന്ന പത്രവും തുടങ്ങി.

ഗുണ്ടർട്ടിന്റെ സംഭാവനകൾ: ഒരു സാധാരണ പാതിരിയായി പ്രവർത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്റെ പേരിലാണ് അദ്ദേഹം ചരിത്രത്തിൽ അവിസ്മരണീയനായത്. 1868-ൽ എഴുതിയ മലയാളം വ്യാകരണം, 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിൿഷണറി എന്നിവ വളരെ സുപ്രധാനമാണ്. ബൈബിൾ വേദപുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ട് പരിഭാഷപ്പെടുത്തി ഭാഷാ വ്യാകരണത്തിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, സംസ്കൃതേതരമായ ആദ്യത്തെ ആധികാരിക പഠനമായിരുന്നു. സ്വന്തമായി രണ്ടു പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതിൽ രാജ്യസമാചാരം മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രവും ആനുകാലികവുമായി വിലയിരുത്തപ്പെടുന്നു. രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയം വിജ്ഞാനസംബന്ധമായ ലേഖനങ്ങളിലായിരുന്നു ശ്രദ്ധ പതിപ്പിച്ചത്. തലശേരിയിൽ ഗുണ്ടർട്ടിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. പ്രശസ്ത ജർമ്മൻ നോവലെഴുത്തുകാരനും നോബൽ സമ്മാനിതനുമായ ഹെർമ്മൻ ഹെസ്സെ ഗുണ്ടർട്ടിന്റെ ചെറുമകനായിരുന്നു. 1859ൽ രോഗബാധിതനായി ജർമ്മനിയിലേക്കു മടങ്ങിപ്പോയി. 1893 ഏപ്രിൽ 25-ന് അദ്ദേഹം അന്തരിച്ചു.

ബെഞ്ചമിൻ ബെയ്‌ലി

ബെഞ്ചമിൻ ബെയ്‌ലി

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. (ജനനം:1791 – മരണം 1871 ഏപ്രിൽ 3) ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ്‌.

പശ്ചാത്തലം: പതിനെട്ടാം നൂറ്റാണ്ട് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഘോരമായ അന്ധകാരത്തിന്റെ കാലഘട്ടമായിരുന്നു. ഭീഷണമായ സാമൂഹിക അസമത്വങ്ങളും അനീതികളും കൊണ്ട് കേരളത്തിലെ സ്ഥിതി അതിനേക്കാൾ ഭയങ്കരമായിരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥ കർക്കശമായി പാലിക്കപ്പെട്ട സ്ഥലമായിരുന്നു കേരളം. അയിത്തം, തീണ്ടൽ, തൊട്ടുകൂടായ്മ, അടിമത്തം, ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു. വിദ്യാഭ്യാസം ഉന്നത സാമുദായികർക്കുമാത്രമായി പരിമിതപ്പെട്ടിരുന്നു. ക്രിസ്ത്യാനികളിൽ തന്നെ വളരെ ചുരുക്കം പേരേ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി പാശ്ചാത്യ മിഷണറിമാർ കേരളത്തിലേക്ക് വരാൻ തുടങ്ങി. പ്രേഷിത പ്രവർത്തനത്തിനായി വന്ന അവർ ഇവിടത്തെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പുരോഗമിച്ചു. എവിടെയെല്ലാം മിഷണറിമാർ പ്രവർത്തിച്ചുവോ അവിടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കലാശാലകൾ വരെ സ്ഥാപിക്കാനായി അവർ രാപകൽ അദ്ധ്വാനിച്ചു. ഈ മിഷണറിമാരിൽ എടുത്തു പറയേണ്ട പേരുകളിലൊന്ന് ബെഞ്ചമിൻ ബെയ്‌ലിയുടേതാണ്. അറിയാത്ത ഭാഷയിലുള്ള ആരാധനകേട്ട് ശീലമായ ക്രിസ്ത്യാനികൾക്ക് ആദ്യമായി നാട്ടുഭാഷയിൽ പ്രാർത്ഥിക്കുന്നതിന്റെ അനുഭൂതി പകർന്നത് അദ്ദേഹമാണ്‌. മലയാളം അച്ചടിയിലെ ബാലപാഠങ്ങളും മലയാളിയെ അദ്ദേഹം പഠിപ്പിച്ചു. മിഷണറി പ്രവർത്തനത്തിനിടയിൽ മക്കൾ ഉൾപ്പെടെ തനിക്ക് പ്രിയപ്പെട്ടവരെ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിരാശനാകാതെ വിരമിക്കുന്നതുവരെ അദ്ദേഹം പ്രവർത്തനനിരതനായി.

1812-ൽ ബെഞ്ചമിൻ സി.എം.എസ്സ് എന്ന മിഷനറി സമൂഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എന്ന നിലയിൽ വൈദിക കോളേജിൽ ചേർന്നു. സഹോദരി സാറയുടെ ഭർത്താവായിർത്തീർന്ന ജോസഫ് ഡോവ്സൺ, ജോൺ കോളിയർ എന്നിവർ സതീർത്ഥ്യരായിരുന്നു. 1815-ൽ അദ്ദേഹം ഡീക്കൻ പട്ടം സ്വീകരിച്ചു. 8 മാസത്തിനു ശേഷം പൂർണ്ണ വൈദികപ്പട്ടവും ഏറ്റു. ഇതിനിടക്ക് അദ്ദേഹം എലിസബത്ത് എല്ല എന്ന യുവതിയെ വിവാഹം കഴിച്ചു.

1816-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി) എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് മേയ് 4 തീയതി ഹീറോ എന്ന കപ്പലിൽ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ സെപ്റ്റംബർ 8-ന്‌ മദ്രാസ് തുറമുഖത്തിലെത്തി. ഒരു മാസം മദ്രാസിൽ ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.

കേരളത്തിൽ: കുതിരവണ്ടിയിലും കാളവണ്ടയിലുമായി അവർ നവംബർ 16-ന്‌ കൊച്ചിയിലെത്തിച്ചേർന്നു. ഇതിനിടക്ക് എലിസബത്ത് ഗർഭിണിയായി. നവംബർ 19-ന്‌ ആലപ്പുഴയിലെത്തി. അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 1817 മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും കോട്ടയത്ത് എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി.

ബൈബിളിന്റെ വിവർത്തനം: കേരളത്തിൽ ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ക്രിസ്തുമതം പ്രചരിച്ചെങ്കിലും 19-ാംനൂറ്റാണ്ടിന്റെ ആരംഭത്തിലേ ബൈബിൾ സാധാരണക്കാരന് വായിക്കാനായുള്ളൂ. ഉണ്ടായിരുന്ന ബൈബിളാകട്ടേ സുറിയാനിയിലും ലത്തീനിലുമായിരുന്നു. അത് സാധാരണക്കാരന് മനസ്സിലാക്കാനാവാത്തതും. പോരാത്തതിന് ബൈബിൾ തൊടുകയോ വായിക്കുകയോ ചെയ്യുന്നത് പാപമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. പുരോഹിതന്മാർ പറഞ്ഞുകൊടുക്കുന്ന കഥകൾ അല്ലാതെ ജനങ്ങൾക്ക് ബൈബിളുമായി പരിചയപ്പെടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. 1806-ൽ കേരളം സന്ദർശിച്ച ക്ലോഡിയസ്സ് ബുക്കാനൻ സുറിയാനി സഭയെ ബൈബിൾ വിവർത്തനം ചെയ്യാനായി നിർദ്ദേശിക്കുകയുണ്ടായി. ബുക്കാനൻ പിന്നീട് രണ്ടാമതും കേരളത്തിലെത്തിയപ്പോൾ അന്നു ലഭ്യമായ വിവർത്തനങ്ങൾ ബോംബെയിൽ വിട്ട് അച്ചടിപ്പിച്ചു. കുറിയർ ബൈബിൾ എന്നറിയപ്പെട്ടിരുന്നംഇതിന് ഒട്ടേറെ ന്യൂനതകൾ ഉണ്ടായിരുന്നു. സുറിയാനിയും മലയാളവും കലർന്ന് ഗദ്യരൂപത്തിലായിരുന്നു അത്. ലിപികളാകട്ടെ വളരെംവലുതും വികലമായതും. നല്ല മലയാളത്തിലുള്ള ബൈബിളിൻറെ ആവശ്യകത കേണൽ മൺ‍റോ ബെയ്‍ലിയോട് സൂചിപ്പിക്കുകയും ബെയ്‍ലി ആ ജോലി സന്തോഷം ഏറ്റെടുത്തു. 1818-ൽ ജോസഫ് ഫെൻ കോളേജിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ബെയ്‍ലി ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകുകയായിരുന്നു.

മലയാളം നന്നായി അറിയാമായിരുന്നെങ്കിലും അദ്ദേഹം ആ ജോലി ഒറ്റയ്‌ക്ക് ചെയ്യാൻ ധൈര്യപ്പെട്ടില്ല. മദ്രാസിൽ പോയി ഇംഗ്ലീഷ് പഠിച്ച സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന ചെറുശ്ശേരി ചാത്തു നായർ അദ്ദേഹത്തിന് മുഖ്യസഹായിയായിംഎത്തി. കൂടാതെ വൈദ്യനാഥൻ എന്ന പണ്ഡിതനും സുറിയാനി പണ്ഡിതന്മാരായ കത്തനാർമാരും ഹീബ്രു പണ്ഡിതനായ മേശെ ഈശാർഫതും അദ്ദേഹത്തിനെ സഹായിച്ചു. തർജ്ജമ അത്യന്തം വിഷമകരമായിരുന്നു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. സംഭാഷണ ഭാഷക്ക് പ്രാദേശികമായ വ്യത്യാസം എന്നപോലെ തന്നെ ജാതീയമായ വ്യത്യാസംംപോലും ഉണ്ടായിരുന്നു. ഏത് രീതി സ്വീകരിക്കണമെന്നതിൽംവിഷമത അനുഭവിച്ചു. ഒടുവിൽ‌ എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സാഹിത്യങ്ങളിലെ കാവ്യഭാഷാ ശൈലി സ്വാംശീകരിച്ച് ഒരു തനതായ ഗദ്യശൈലി ഉണ്ടാക്കി വിവർത്തനം ആരംഭിച്ചു.

പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് 1829-ൽ ബൈബിൾ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശെയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ൽ ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

റമ്പാൻ ബൈബിൾ

റമ്പാൻ ബൈബിൾ

മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ് റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്. ‘വിശുദ്ധ വേദപുസ്തകം’ എന്ന പേരിൽ 1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ഇംഗ്ലീഷ് വേദപ്രചാരകൻ ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ പരിഭാഷ അറിയപ്പെടുന്നുണ്ട്.

ചരിത്രം: 1806-ൽ മലബാറിലെത്തിയ ഈസ്റ്റിൻ‌ഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്‌ളയിൻ ഡോ. ക്ലോഡിയസ് ബുക്കാനൻ മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) സന്ദർശിച്ചു. മെത്രാപ്പോലീത്ത ആയിരം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. അതിനൊപ്പം മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷയുടെ ഒരു കൈയെഴുത്തു പകർപ്പും ഉണ്ടായിരുന്നു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ സ്വകാര്യ ഉപയോഗത്തിനായും ഒരു ഭക്ത്യഭ്യാസം എന്ന നിലയിലും നിർവഹിച്ചതാണ് ആ പരിഭാഷ എന്നറിഞ്ഞ ബുക്കാനൻ, മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു 1807-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു. മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത പരിഭാഷക്കു മേൽനോട്ടം വഹിച്ചു. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 9.5 ഇഞ്ച് നീളവും എട്ട് ഇഞ്ച് വീതിയും രണ്ട് ഇഞ്ച് കനവും 504 പേജുകളുമാണ് ഈ ബൈബിളിനുള്ളത്. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു. അദ്ധ്യായത്തിനു ‘കെപ്പാലഓൻ’ എന്നും സങ്കീർത്തനത്തിന് ‘മസുമൂർ’ എന്നും ജ്ഞാനസ്നാനത്തിന് ‘മാമൂദിസ’ എന്നും പഴയനിയമത്തിന് ‘ഒറേത്ത’ എന്നും മറ്റുമുള്ള സുറിയാനിപദങ്ങൾ റമ്പാൻ ബൈബിളിൽ അതേപടി സ്വീകരിച്ചിരിക്കുന്നു.

ഭാഷാശൈലി: മലയാളഭാഷയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കൃതിയായി റമ്പാന്റെ ബൈബിൾ പരിഭാഷയെ കാണുന്നവരുണ്ട്. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കൃതിയിലെ ഭാഷയാണ് മലയാളത്തിലെ മാനകഗദ്യ ശൈലിയായി പിന്നീട് വികസിച്ചതെന്നും എഴുത്തച്ഛൻ മലയാളത്തിലെ കാവ്യഭാഷയുടെ മനനീകരണത്തിനു തുടക്കം കുറിച്ചതുപോലെ ഗദ്യഭാഷയുടെ മാനനീകരണത്തിനു തുടക്കമിട്ടത് കായംകുളം പീലീപ്പോസ് റമ്പാനാണെന്നും വേദശബ്ദരത്നാകരം എന്ന മലയാളം ബൈബിൾ നിഘണ്ടുവിന്റെ കർത്താവായ ഡി. ബാബു പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വാദം സ്ഥാപിക്കാൻ അദ്ദേഹം മത്തായിയുടെ സുവിശേഷം 2-ാം അദ്ധ്യായം 13-ാം വാക്യം റമ്പാൻ ബൈബിളിൽ നിന്നും എടുത്തെഴുതിയ ശേഷം അതിനെ എൻ.വി. കൃഷ്ണവാര്യരുടെ മേൽനോട്ടത്തിൽ നിർവഹിക്കപ്പെട്ട ഇരുപതാം നൂറ്റാണ്ടിലെ ഓശാന ബൈബിൾ പരിഭാഷയിലെ ഇതേ വാക്യത്തിന്റെ രൂപവുമായി താരതമ്യപ്പെടുത്തുന്നു.

റമ്പാൻ ബൈബിൾ: “എന്നാൽ, അവര് പൊയപ്പോൾ യൊസഫിന് സ്വപ്നത്തിൽ തമ്പുരാന്റെ മാലാഖ അവന് കാണപ്പെട്ട് അവനോട് ചൊല്ലി: നീ എഴുന്നേറ്റ് പൈതലിനെയും തന്റെ ഉമ്മായെയും കൂട്ടി മിസ്രേമിന് നീ ഓടി ഒളിക്കാ. നിന്നോട് ഞാൻ ചൊല്ലുന്നു എന്നതിനോളം അവിടെ നീ ആകാ. തന്നെ അവൻ മുടിപ്പാൻ എന്നപ്പോലെ പൈതലിനെ അന്വഷിപ്പാൻ ഹെറൊദേസ് ആയിസ്തപ്പെട്ടവനാകുന്നു.”

ഓശാന ബൈബിൾ: “അവർ പോയിക്കഴിഞ്ഞ് കർത്താവിന്റെ മാലാഖ സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: എഴുന്നേൽക്കുക; ശിശുവിനെയും അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാൻ പറയുംവരെ അവിടെ താമസിക്കണം. കാരണം, ഈ ശിശുവിനെ നശിപ്പിക്കാൻ ഹെറോദേസ് ഉടനെ അന്വേഷണം ആരംഭിക്കും.”

റമ്പാന്റെ വാക്യങ്ങളുടെ ‘അരികും മൂലയും ചെത്തിയാൽ’ ഇരുപതാം നൂറ്റാണ്ടിലെ പരിഭാഷയിലെ രൂപമാകും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഫിലിപ്പോസ് റമ്പാൻ

കായംകുളം ഫിലിപ്പോസ് റമ്പാൻ

1811-ലെ ബൈബിൾ വിവർത്തനയത്നത്തിൽ പ്രമുഖസ്ഥാനം വഹിച്ച സഹകാരിയാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്യത്തെ ഗദ്യപുസ്തകങ്ങളിലൊന്ന് എന്ന നിലയിലും പ്രസക്തമാണ്.

ജീവിതരേഖ: കായംകുളം മണങ്ങനഴികത്ത് കുടുംബത്തിൽ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായിട്ടാണ് ജനനം. ഫിലിപ്പോസ് റമ്പാന്റെ കഴിവും പാണ്ഡിത്യവും കണ്ടറിഞ്ഞ ആറാം മാർത്തോമ്മാ വലിയ മാർ ദീവന്നാസിയോസ് തന്റെ സെക്രട്ടറിയായി ഫിലിപ്പോസ് കത്തനാരെ നിയമിച്ചു. 1794 ഏപ്രിൽ 18-ന് ആറാം മാർത്തോമാ, വിദേശ മെത്രാൻ മാർ ഈവാനിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിൽ മാവേലിക്കരയിൽ വെച്ച് ഇദ്ദേഹത്തിന് റമ്പാൻ സ്ഥാനം നൽകി.

സുറിയാനി ഭാഷയിൽ പ്രാവീണ്യം നേടിയതിനൊപ്പം വിജ്ഞാന ദാഹിയായ ഇദ്ദേഹം പ്രാചീനവും പ്രശസ്തവുമായ വിവിധ മല്പാൻ പാഠശാഖകൾ സന്ദർശിക്കുകയും താളിയോലകളും ചുരുളുകളും ശേഖരിച്ച് പഠനവിധേയമാക്കി വിശുദ്ധ വേദപുസ്തകം പകർത്തി എഴുതി. സഭയിൽ സന്ദർശനത്തിനെത്തുന്ന വിദേശീയർക്കും സ്വദേശീയർക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. മെക്കാളെ, ബുക്കാനൻ, മാർ ഈവാനിയോസ് തുടങ്ങി നിരവധി ആളുകളുമായി ഫിലിപ്പോസ് റമ്പാന് ബന്ധം ഉണ്ടായിരുന്നുവെന്നും തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഏഴാം മാർത്തോമ്മായുടെ കാലത്തും റമ്പാൻ സെക്രട്ടറിയായി തുടർന്നു. എട്ടാം മാർത്തോമ്മയുടെ സെക്രട്ടറിയായി നിയമതിനായെങ്കിലും ആ പദവിയിൽ തുടർന്നില്ല. വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് തീർത്ഥാടകനായി ശിഷ്ടകാലം ചെലവഴിച്ചു. അവസാന കാലത്ത് ഇദ്ദേഹം അടൂർ കണ്ണങ്കോട് സെന്റ് തോമസ് പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. 1812-ൽ അന്തരിച്ച ഇദ്ദേഹത്തെ കണ്ണങ്കോട് പള്ളിയോട് ചേർന്നുള്ള പ്രത്യേക കബറിടത്തിൽ അടക്കം ചെയ്തു .

ക്ലോഡിയസ് ബുക്കാനൻ

ക്ലോഡിയസ് ബുക്കാനൻ

ഇംഗ്ലീഷ് വേദ പ്രചാരകനായിരുന്നു ഡോ. ക്ലോഡിയസ് ബുക്കാനൻ (12 മാർച്ച് 1766 – 9 ഫെബ്രുവരി 1815). ഇദ്ദേഹത്തിന്റെ ഉത്സാഹത്താലാണ് മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിൾ ‘റമ്പാൻ ബൈബിളിന്റെ’ വിവർത്തനം നിർവഹിക്കപ്പെട്ടത്. ബുക്കാനൻ പ്രിൻറ് ചെയ്തതിനാൽ ബുക്കാനൻ ബൈബിളെന്നും കുറിയർ പ്രസിൽ അച്ചടിച്ചതിനാൽ കുറിയർ ബൈബിളെന്നും വിളിക്കുന്നുണ്ട്. ‘പുതിയനിയമ’ത്തിന്റെ ഈ പരിഭാഷ മുംബൈയിലെ കൂറിയർ പ്രസിലാണ് 1811-ൽ അച്ചടിച്ചത്.

ബുക്കാനൻ ബൈബിൾ: ഈസ്റ്റ് ഇന്ത്യകമ്പനിയിലെ ഉദ്യോഗസ്ഥരുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ആംഗ്ലിക്കൻ സഭയാണ് ബുക്കാനനെ 1797-ൽ ചാപ്ലയിനായി കൽക്കട്ടയിലേക്ക് അയച്ചത്. 1800-ൽ ഫോർട്ട് വില്യം കോളേജ് തുടങ്ങിയപ്പോൾ അതിന്റെ ഉപാദ്ധ്യക്ഷനായി. കോളേജിന്റെ പ്രവർത്തനത്തിലിരിക്കുമ്പോൾ ഭാരതീയ ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള പദ്ധതികൾ ബുക്കാനൻ ആരംഭിച്ചു. തുടക്കത്തിൽ പതിനഞ്ച് ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാനുള്ള പദ്ധതികളാണാരംഭിച്ചത്.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും സുറിയാനി ക്രിസ്ത്യാനികളെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 1805-ൽ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ബുക്കാനനെ ചുമതലപ്പെടുത്തി അതനുസരിച്ചാണ് 1806-ൽ അദ്ദേഹം കേരളത്തിലെത്തിയത്. മലങ്കര സഭയുടെ അന്നത്തെ മേലധ്യക്ഷനായിരുന്ന മാർ ദീവന്നാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയെ (ആറാം മാർത്തോമയെ) ബുക്കാനൻ സന്ദർശിച്ചപ്പോൾ, മെത്രാപ്പോലീത്ത ആയിരത്തിലധികം വർഷമായി സുറിയാനി സഭയുടെ കൈവശമിരുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു പുരാതന ബൈബിൾ ബുക്കാനന് സമ്മാനിച്ചു. മെത്രാപ്പോലീത്തയുടെ സെക്രട്ടറി ആയിരുന്ന ഫിലിപ്പോസ് റമ്പാൻ നിർവഹിച്ച മത്തായിയുടെ സുവിശേഷത്തിന്റെ മലയാള പരിഭാഷ കാണാനിടയായ ബുക്കാനൻ മറ്റു സുവിശേഷങ്ങളുടെ തർജ്ജമ കൂടി ഏറ്റെടുക്കാൻ റമ്പാനെ പ്രേരിപ്പിച്ചു. 1807-ൽ ആരംഭിച്ച ഈ വിവർത്തനയത്നത്തിന് ഇംഗ്ലണ്ടിലെ ബുക്കാനന്റെ മാതൃസഭയുടേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളുടെയും സഹകരണമുണ്ടായിരുന്നു. തിരുവിതാംകൂറിൽ നിന്നു തന്നെയുള്ള വിജ്ഞരായ നാട്ടുകാരാണ് അച്ചടി മേൽനോട്ടം നടത്തിയത്. ഈ ‘പുതിയ നിയമ’ത്തിന്റെ അച്ചടിയെപ്പറ്റി, ‘ക്രിസ്ത്യൻ റിസെർച്ചസ് ഇൻ ഇന്ത്യ’ (1814) എന്ന പുസ്തകത്തിൽ ബുക്കാനൻ എഴുതിയിട്ടുണ്ട് ‘അതിനടുത്ത വർഷം (നാലു സുവിശേഷങ്ങളുടെ പരിഭാഷ പൂർത്തിയായശേഷം) ഞാൻ രണ്ടാമതും തിരുവിതാംകൂർ സന്ദർശിക്കുകയും കൈയെഴുത്തുപ്രതി ബോംബെയിലേക്ക്, അടുത്തകാലത്ത് അവിടെ ഉണ്ടാക്കിയ ഒന്നാന്തരം മലബാർ അച്ചുകൾ ഉപയോഗിച്ചു മുദ്രണം ചെയ്യാനായി കൊണ്ടുപോവുകയും ചെയ്തു.’ 

മർമ്മം

മർമ്മം (Mystery)

“റാസ്സ്” (raz) എന്ന അരാമ്യപദം ദാനീയേൽ പ്രവചനത്തിൽ ഒമ്പതു പ്രാവശ്യമുണ്ട്. (ദാനീ, 2:18; 2:19; 2:27; 2:28; 2:29; 2:30; 2:47; 2:47; 4:9). അതിനെ സെപ്റ്റ്വജിന്റിൽ “മിസ്റ്റീറിയൊൻ” (mysterion) എന്നു പരിഭാഷ ചെയ്തിരിക്കുന്നു. പുതിയനിയമത്തിൽ ഈ പദം 27 പ്രാവശ്യമുണ്ട്. (മത്താ, 13:11; മർക്കൊ, 4:11; ലൂക്കൊ, 8:10; റോമ, 11:25; 16:25; 1കൊരി, 2:7; 4:1; 13:2; 14:2; 15:51; എഫെ, 1:9; 3:3; 3:4; 3:9; 5:32; 6:19; കൊലൊ, 1:26; 1:27; 2:2; 4:3; 2തെസ്സ, 2:7; 1തിമൊ, 3:8; 3:16; വെളി, 1:20; 10:7; 17:5; 17:7). ദാനീയേൽ പ്രവചനത്തിൽ “രഹസ്യം” (Mystery) എന്നും, പുതിയനിയമത്തിൽ “മർമ്മം” (Mystery) എന്നും തർജ്ജമ ചെയ്തിരിക്കുന്നു. പൗലൊസിന്റെ ലേഖനങ്ങളിലാണ് അധികവും ഈ പദം കാണപ്പെടുന്നത്.  ‘മർമ്മം’ ഒരു പുതിയനിയമസത്യം ആണെന്നു ചൂണ്ടിക്കാണിക്കുന്നതും പൗലൊസ് ആണ്. റോമർ 16:25-ൽ പുതിയനിയമ പ്രയോഗത്തിനു് അനുസരണമായുള്ള നിർവ്വചനം കാണാം: “പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗ്രപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ അറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിനു അനുസരണമായുള്ള എന്റെ സുവിശേഷത്തിനും;” (റോമ, 16:24,25).

“മർമ്മം” എന്ന പദത്തിന്റെ ധാത്വർത്ഥം മാരകമായത് എന്നത്രേ. മർമ്മത്തിന്റെ അപരാർത്ഥങ്ങളാണ് “രഹസ്യം, ഗൂഢസത്യം” മുതലായവ. മലയാളം ബൈബിൾ മൂന്നു സ്ഥാനങ്ങളിലൊഴികെയും (1കൊരി, 14:2; 2തെസ്സ, 2:7; വെളി, 17:5), പി.ഒ.സി.യിൽ രണ്ടു സ്ഥാനങ്ങളിലൊഴികെയും (2തെസ്സ, 2:7, വെളി, 17:5) “മിസ്റ്റീറിയാൻ” എന്ന പദത്തെ ഏതാണ്ട് ഐകരൂപ്യമായി “രഹസ്യം” എന്ന് വിവർത്തനം ചെയ്തിട്ടുണ്ട്. ബൈബിളിനു് വെളിയിൽ രഹസ്യോപദേശം എന്ന ധ്വനിയാണ് ഈ പ്രയോഗത്തിനുള്ളത്. ഉപനിഷത്ത് എന്ന സംസ്കൃത പദവും ഇതേ അർത്ഥതലത്തിലാണ് പ്രയോഗത്തിൽ വന്നത്. പുതിയനിയമ ഉപദേശത്തിന്റെ പശ്ചാത്തലത്തിൽ “മിസ്റ്റീറിയൊൻ” എന്നതുകൊണ്ടു നാം മനസ്സിലാക്കുന്നത് പഴയനിയമത്തിൽ മറഞ്ഞിരുന്നതും പുതിയനിയമത്തിൽ വെളിപ്പെട്ടതും ആയ സത്യം എന്നത്രേ.

പ്രധാനമായി പതിനഞ്ചു മർമ്മം പുതിയനിയമത്തിൽ അനാവരണം ചെയ്യപ്പെടുന്നു: അവ:

1. സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം: (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15)

2. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റെ മർമ്മം: (റോമ, 11:25)

3. വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം: (റോമ, 16:24,25)

4. മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം: (1കൊരി, 2:7-10)

5. സഭായുഗാന്ത്യത്തിൽ ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരവും സഭയുടെ ഉൽപാപണവും എന്ന മർമ്മം: (1കൊരി, 15:51,52; 1തെസ്സ, 4:14-17)

6. ദൈവഹിതത്തിന്റെ മർമ്മം: (എഫെ, 1:9,10)

7. രക്ഷിക്കപ്പെട്ട യെഹൂദന്മാരും യവനന്മാരും ചേർന്നുള്ള ക്രിസ്തുവിന്റെ ശരീരമായ സഭ എന്ന മർമ്മം: (എഫെ, 3:1-11; 6:19; കൊലൊ, 4:3)

8. ക്രിസ്തുവിന്റെ മണവാട്ടിസഭ എന്ന മർമ്മം: (എഫെ, 5:28-32)

9. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നമ്മിൽ വസിക്കുന്നു എന്ന മർമ്മം: (കൊലൊ, 1:26,27; ഗലാ, 2:20)

10. ക്രിസ്തു എന്ന ദൈവമർമ്മം: (കൊലൊ, 2:2,3; കൊലൊ, 2:9; യോഹ, 1:14)

11. അധർമ്മത്തിന്റെ മർമ്മം: (2തെസ്സ, 2:7; മത്താ, 13:33)

12. വിശ്വാസത്തിൻ്റെ മർമ്മം. (1തിമൊ, 3:9)

13. ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16)

14. ഏഴു നക്ഷത്രത്തിന്റെ മർമ്മം: (വെളി, 1:20)

15. മഹതിയാം ബാബിലോൻ എന്ന മർമ്മം: (വെളി, 17:5-7).

മരുഭൂമികൾ

മരുഭൂമി (desert, wilderness) 

ജന്തുക്കൾ ദാഹം നിമിത്തം മരിച്ചു പോകുന്ന (മൃങ്പ്രാണത്യാഗേ) സ്ഥലമാണ് മരുഭൂമി. നിർജ്ജലഭൂമിക്കും പർവ്വതത്തിനും മരു എന്നു പേരുണ്ട്. ബൈബിളിൽ മരുഭൂമി എന്നു പറയപ്പെടുന്ന പ്രദേശങ്ങൾ പൂർണ്ണമായും ആൾപാർപ്പില്ലാത്തതോ കൃഷിചെയ്യപ്പെടാത്തതോ ആയ പ്രദേശങ്ങളായിരുന്നില്ല. മേച്ചില്പുറങ്ങളും സമഭുമികളും ഉറവകളും വല്ലപ്പോഴും മഴലഭിക്കുന്ന മരുപ്പച്ചകളും ജലസംഭരണം സാദ്ധ്യമായ സ്ഥലങ്ങളും ആയിരുന്നു മരുഭൂമി. അവിടെ ഗ്രാമങ്ങൾ ഉണ്ടായിരുന്നു; വാണിജ്യമാർഗ്ഗങ്ങൾ വികസിച്ചിരുന്നു. സിറിയയിലെയും അറേബ്യയിലെയും മരുഭൂമികൾ വിസ്തൃതങ്ങളാണ്. യോർദ്ദാന്നക്കരെയുള്ള പീഠഭൂമിയിലും, ചാവുകടലിനു അരികെയും സീനായിലും ഉളള മരുഭൂമികളാണ് ബൈബിളിൽ അധികമായി പരാമർശിക്കപ്പെടുന്നത്. മരുഭൂമിയെക്കുറിക്കുന്ന എബ്രായ ഗ്രീക്കുപദങ്ങൾ പിൻവരുന്നവയാണ്: 

മിദ്ബാർ, അറാവാഹ്, യെഷീമോൻ’ തുടങ്ങിയവയാണ് എബ്രായ പദങ്ങൾ.

‘മിദ്ബാർ’നെ സെപ്റ്റ്വജിന്റിൽ എറീമൊസ് എന്നു വിവർത്തനം ചെയ്യുന്നു. പഴയനിയമത്തിൽ 270 പ്രാവശ്യം ഈ പദം ഉണ്ട്. മരുഭൂമിയിൽ (മിദ്ബാർ), മേച്ചില്പുറങ്ങളും (സങ്കീ, 65:13; യിരെ, 23:10), പുല്പുറങ്ങളും (യോവേ, 2:22), ആടുകളും (1ശമൂ, 17:28) ഉണ്ട്. ബേർ-ശേബ (ഉല്പ, 24:14), മോവാബ് (സംഖ്യാ, 21:11), ഏൻ-ഗെദി (1ശമൂ, 24:1), ഗിബെയോൻ (2ശമൂ, 2:24), ഏദോം (2രാജാ, 3:8), ദമ്മേശെക്ക് (1രാജാ, 19:15) തുടങ്ങിയ മരുഭൂമികൾ കൃഷി ചെയ്യാത്ത സ്ഥലങ്ങളാണ്. മരുഭൂമികളിൽ പട്ടണങ്ങളും വിശ്രമ സ്ഥലങ്ങൾ അഥവാ സത്രങ്ങളും ഉണ്ട്. (യോശ, 15:61,62; യിരെ, 9:2). മരുഭൂമിയിലെ ജീവികളാണ് കാട്ടുകഴുത (ഇയ്യോ, 24:5), കുറുനരി (മലാ, 1:3), വേഴാമ്പൽ (സങ്കീ, 102:6), ഒട്ടകപ്പക്ഷി (വിലാ, 4:3) തുടങ്ങിയവ. മരുഭൂമിയിൽ മുള്ളുകളും (ന്യായാ, 8:7), കുഴികളും (ഉല്പ, 37:22) ഉണ്ട്. തരിശും ശൂന്യവുമായ നിലം (ഇയ്യോ, 38:26), ഓളി കേൾക്കുന്ന ശൂന്യപ്രദേശം (ആവ, 32:10) എന്നീ പ്രയോഗങ്ങൾ മരുഭൂമിയുടെ ശൂന്യതയെ വെളിപ്പെടുത്തുന്നു. അറാവാഹ്: വരണ്ട പ്രദേശമാണ്. (യെശ, 33:9; 35:1, 6; 40:3; 51:3). മരുപ്രദേശത്തിലെ ചെന്നായ് (യിരെ, 5:6) ദൈവത്തെ അനുസരിക്കാത്തവർക്കുള്ള നാശത്തിന്റെ പ്രതീകമാണ്. യെഷീമോൻ: മരുപ്രദേശമാണ്. (ആവ, 32:10; സങ്കീ, 68:7). 

എറീമൊസ്, എറീമിയാ: പുതിയ നിയമത്തിലും സെപ്റ്റജിന്റിലും മരുഭൂമിക്കു പ്രയോഗിച്ചിട്ടുള്ള ഗ്രീക്കുപദമാണു് എറീമിയ. യെഹൂദ്യമരുഭൂമിയൊഴികെ (മത്താ, 3:1) മരുഭൂമികളുടെ പേരുകളൊന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. ‘എറീമൊൻ ടൊപൊൻ’ എന്നതിനെ നിർജ്ജനസ്ഥലം (മത്താ, 14:13; മർക്കൊ, 1:35; ലൂക്കൊ, 4:42), ഏകാന്ത സ്ഥലം (മർക്കൊ, 6:31,32), നിർജ്ജനപ്രദേശം (മർക്കൊ, 6:35) എന്നിങ്ങനെ തർജ്ജമ ചെയ്തിട്ടുണ്ട്. തിരുവെഴുത്തുകളിൽ പ്രലോഭനം, ഏകാന്തത, പീഡനം എന്നിവയുടെയും (യെശ, 27:10; 33:9) ദൈവത്തെ ഉപേക്ഷിച്ച യിസായേലിന്റെയും (യെശ, 40:3) പ്രതീകമാണ് മരുഭൂമി. 

ബൈബിളിലെ മരുഭൂമികൾ

1. ബേർ-ശേബ (ഉല്പ, 21:14)

2. പാരാൻ മരുഭൂമി (ഉല്പ, 21:21)

3. ശൂർ മരുഭൂമി (പുറ, 15:22)

4. സീൻ (Sin) മരുഭൂമി – പുറ, 16:1

5. സീനായി മരുഭൂമി (പുറ, 19:1)

6. സീൻ (Zin) മരുഭൂമി (സംഖ്യാ, 20:1)

7. ഏഥാ മരഭൂമി (സംഖ്യാ, 33:8)

8. മഹാമരുഭൂമി (ആവ, 1:19)

9. മോവാബ് മരുഭൂമി (ആവ, 2:8)

10. കെദേമോത്ത് മരുഭൂമി (ആവ, 2:26)

11. ബേത്ത്-ആവെൻ മരുഭൂമി (യോശു, 18:12)

12. യെഹൂദാ മരുഭൂമി (ന്യായാ, 1:16)

13. സീഫ് മരുഭൂമി (1ശമൂ, 23:14)

14. മാവോൻ മരുഭൂമി (1ശമൂ, 23:24)

15. ഏൻ-ഗെദി മരുഭൂമി (1ശമൂ, 24:1)

16. ഗിബെയോൻ മരുഭൂമി (2ശമൂ, 2:24)

17. ദെമ്മേശെക്ക് മരുഭൂമി (1രാജാ, 19:15)

18. ഏദോം മരുഭൂമി (2രാജാ, 3:8)

19. യെരൂവേൽ മരുഭൂമി (2ദിന, 20:16)

20. തെക്കോവ മരുഭൂമി (2ദിന, 20:20)

21. കാദേശ് മരുഭൂമി (സങ്കീ, 29:8)

22. സമുദ്രതീരത്തെ മരുഭൂമി (യെശെ, 24:1)

23. രിബ്ലാ മരുഭൂമി (യെഹെ, 6:14)

24. മിസ്രയീം മരുഭൂമി (യെഹെ, 20:36)

മുന്നിയമനം

മുന്നിയമനം (predestination)

ദൈവശാസ്ത്രത്തിൽ വളരെയധികം വാദപ്രതിവാദങ്ങൾക്കു വിധേയമായ വിഷയങ്ങളിലൊന്നാണ് മുന്നിയമനം. രക്ഷാവിജ്ഞാനീയത്തിലെ അഞ്ചു പ്രധാന പ്രയോഗങ്ങളാണ് മുന്നിയമനം, മുൻനിർണ്ണയം, മുന്നറിവ്, തിരഞ്ഞെടുപ്പ്, വിളി, എന്നിവ. പര്യായങ്ങളെന്നപോലെ പ്രയോഗിക്കപ്പെടുന്നെങ്കിലും അവ വിഭിന്നങ്ങളാണ്. 

പ്രയോഗങ്ങൾ: ‘പ്രൊഹെറിഡ്സോ’ എന്ന പദമാണ് മുന്നിയമിക്കുക എന്ന അർത്ഥത്തിൽ ഗ്രീക്കിൽ. പ്രവൃത്തി 4:28; റോമർ 8:29,30 ; 1കൊരിന്ത്യർ 2:7; എഫെസ്യർ 1:6, 12 എന്നീ ഭാഗങ്ങളിലാണ് ‘പ്രൊഹൊറിഡ്സോ’യുടെ പ്രയോഗം കാണുന്നത്. ഈ ആറു സ്ഥാനങ്ങളിലും മുന്നിയമിക്കുക എന്നു തന്നെയാണു പരിഭാഷ. പുതിയനിയമത്തിൽ പ്രസ്തുത ക്രിയയുടെ കർത്താവ് ദൈവമാണ്. ഒരു വ്യക്തിക്കുവേണ്ടി ഒരു ചുറ്റുപാടിനെ മുൻകൂട്ടി നിയമിക്കുകയോ ഒരു ചുറ്റുപാടിനായി ഒരു വ്യക്തിയെ മുൻകൂട്ടി നിയമിക്കുകയോ ചെയ്യുക എന്ന ആശയമാണ് ഈ ക്രിയയ്ക്കുള്ളത്. മുൻകൂട്ടി എന്ന അർത്ഥമാണ് ‘പ്രൊ’ എന്ന ഉപസർഗ്ഗത്തിനു സമാനമായ ആശയമാണു ‘പ്രൊ’ ചേർന്നുള്ള മറ്റു പല സംയുക്തരൂപങ്ങളിലും കാണുന്നത്. ഉദാ: മുന്നൊരുക്കുക (റോമ, 9:23; എഫെ, 2:10), മുൻനിയമിക്കുക (പ്രവൃ, 3:20; 22:14), മുമ്പുകൂട്ടി നിയമിക്കുക (പ്രവൃ, 10:41), മുൻകാണുക (ഗലാ, 3:8; എബ്രാ, 11:40), മുന്നറിയുക (റോമ, 8:29; 11:2; 1പത്രൊ, 1:20), മുന്നറിവ് (1പത്രൊ, 1:2; പ്രവൃ, 2:23) ഇവ മുന്നിയമനത്തിന്റെ ആശയം വെളിപ്പെടുത്തുന്നവയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ സർവ്വവും കരുതിക്കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്നു മുന്നിയമനം വ്യക്തമാക്കുന്നു. സൃഷ്ടിക്കു മുമ്പുതന്നെ . ദൈവം സ്വന്തനിർണ്ണയം ഉറപ്പാക്കിക്കഴിഞ്ഞു. (എഫെ, 1:4).

മുന്നിയമനവും മുന്നിർണ്ണയവും: ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണു നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണ് ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേകപദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പ്പിക്കുന്നു. “നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആ നിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും. നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരുന്നു, അതുപോലെ സംഭവിച്ചു. (പ്രവൃ, 4:27, 29). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു. 

ദൈവിക നിർണ്ണയം: ദൈവിക നിർണ്ണയം കേവലവും നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവികനിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിൽ ഉളളവയാണ് ദൈവിക നിർണ്ണയങ്ങൾ. 

ദൈവികനിർണ്ണയങ്ങളുടെ ക്രമം: ദൈവികനിർണ്ണയങ്ങളുടെ ക്രമത്തെക്കുറിച്ചു വിഭിന്ന ചിന്താഗതികളുണ്ട്. 

പതനപൂർവ്വ നിർണ്ണയവാദം: 1. ചിലരെ രക്ഷിക്കുന്നതിനും മറ്റുള്ളവരെ നഷ്ടാവസ്ഥയിൽ ഉപേക്ഷിക്കുന്നതിനും ഉള്ള നിർണ്ണയം. 2. ഇരുകൂട്ടരെയും സൃഷ്ടിക്കുന്നതിനുളള നിർണ്ണയം. 3. ഇരുകൂട്ടരുടെയും വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 4. വൃതന്മാർക്കു രക്ഷ നല്കുന്നതിന് ക്രിസ്തുവിനെ അയയ്ക്കാനുള്ള നിർണ്ണയം. 5. വൃതന്മാർക്കു രക്ഷ പ്രായോഗികമാക്കുന്നതിനു പരിശുദ്ധാത്മാവിനെ അയയ്ക്കാനുളള നിർണ്ണയം. ഇവയിൽ നാലും അഞ്ചും ഒന്നായി വ്യവഹരിക്കുന്നവരുമുണ്ട്. സൃഷ്ടിക്കുവാൻ നിർണ്ണയിക്കുന്നതിനു മുമ്പ് ചിലരെ രക്ഷിക്കുവാനും ഉപേക്ഷിക്കുവാനും നിർണ്ണയിച്ചു എന്നതു തിരുവെഴുത്തുകളിലെ ഉപദേശത്തിനും ദൈവസ്നേഹത്തിനും നിരക്കുന്നതല്ല. അതിനാൽ പതനപൂർവ്വനിർണ്ണയവാദം ഒരു വിധത്തിലും അംഗീകാരയോഗ്യമല്ല. 

പതനാനന്തര നിർണ്ണയവാദം: 1. മനുഷ്യരെ സൃഷ്ടിക്കുന്നതിനുളള നിർണ്ണയം. 2. വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 3. വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനും, വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുന്നതിനും ഉളള നിർണ്ണയം. 4. വൃതന്മാർക്കു വീണ്ടെടുപ്പുകാരനെ നല്കുന്നതിനുള്ള നിർണ്ണയം. 5. വൃതന്മാരിൽ വീണ്ടെടുപ്പു പ്രായോഗികമാക്കുന്നതിനു പരിശുദ്ധാത്മാവിനെ അയക്കാനുളള നിർണ്ണയം. പതനാനന്തര നിർണ്ണയവാദമനുസരിച്ചു ദൈവത്തിന്റെ വീണ്ടെടുപ്പു പരിമിതമാണ്. എന്നാൽ വീണ്ടെടുപ്പ് അപരിമിതമാണെന്നു തെളിയിക്കുന്ന അനേകം ഭാഗങ്ങൾ തിരുവെഴുത്തുകളിലുണ്ട്. രക്ഷാകരമായ ദൈവകൃപ ഉദിച്ചതു വൃതന്മാർക്കുവേണ്ടി മാത്രമല്ല, സകല മനുഷ്യർക്കും വേണ്ടിയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്താ, 2:11). ക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചു. (1തിമൊ, 2:6; 4:10; എബ്രാ, 2:9; 1യോഹ, 2:2; 4:14). ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ആഗ്രഹിക്കുന്നു. (2പത്രൊ, 3:9). “മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചു . കൊൾവിൻ.” (യെഹെ, 18:32). രക്ഷയ്ക്കുള്ള ആഹ്വാനം എല്ലാവർക്കും വേണ്ടിയുള്ളതാണ്. (യോഹ, 3:15; 11:26; പ്രവൃ, 2:21; 10:43). 

തന്മൂലം ദൈവികനിർണ്ണയങ്ങൾ ഈ ക്രമത്തിൽ മനസ്സിലാക്കുകയാണുചിതം: 1. മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള നിർണ്ണയം. 2. വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 3. സകല മനുഷ്യർക്കും പര്യാപ്തമായ വീണ്ടെടുപ്പു ക്രിസ്തുവിൽ നല്കാനുള്ള നിർണ്ണയം. 4. വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനും വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുന്നതിനും ഉള്ള നിർണ്ണയം. 5. വിശ്വസിക്കുന്നവർക്കു രക്ഷ ഭദ്രമാക്കുന്നതിനു പരി ശുദ്ധാത്മാവിനെ അയയ്ക്കുന്നതിനുളള നിർണ്ണയം. ഈ ക്രമത്തിൽ തിരഞ്ഞെടുപ്പിനും അപരിമിതമായ വീണ്ടെടുപ്പിനും സാദ്ധ്യത നല്കുകയും തിരഞ്ഞെടുക്കപ്പെട്ടവർക്കു വീണ്ടെടുപ്പിന്റെ വിശേഷപ്രയോജനം അംഗീകരിക്കുകയും ചെയ്യുന്നു. (യോഹ, 17:9, 20, 24; പ്രവൃ, 13:48; റോമ, 8:29; എഫെ, 1:4; 2തിമൊ, 1:9; 1പത്രൊ, 1:1) 

പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷ പ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽ ദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പു തന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലുസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ ക്രൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും, മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28). 

മുന്നിർണ്ണയവും മുന്നറിവും: ഒരു സംഭവം ദൈവം നിർണ്ണയിച്ചതുകൊണ്ടുതന്നെ സംഭവിക്കുമെന്നു ദൈവം അറിയുന്നതാണ് മുന്നറിവ്. എന്തു സംഭവിക്കുമെന്നു മാത്രമല്ല തന്റെ പ്രവർത്തനപദ്ധതിയുടെ നിർവ്വഹണത്തിനു ആരെല്ലാമായിരിക്കും ഉപകരണങ്ങളെന്നും ദൈവം അറിയുന്നു. സംഭവങ്ങളെപ്പോലെ തന്നെ വ്യക്തികളും ദൈവത്തിന്റെ മുന്നറിവിലുണ്ട്. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നത്: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29). 

ക്രിസ്തുവിനെ സ്വീകരിക്കുന്നത് ആരൊക്കെയാണെന്നു ദൈവം അറിയുന്നു എന്നും ദൈവം അവരെ തിരഞ്ഞടുത്തു എന്നും ധാരണയുണ്ട്. അതു തെറ്റാണ്. അങ്ങനെയാണെങ്കിൽ ദൈവം മുന്നിയമിക്കുകയോ മുൻനിർണ്ണയിക്കുകയോ മുന്നറിയുകയോ ചെയ്തിട്ടില്ല. ദൈവം തന്റെ സർവ്വജ്ഞാനം പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മനുഷ്യന്റെ സ്വതന്ത്രേച്ച ദൈവത്തെ പരിമിതപ്പെടുത്തുന്നു എന്നു പറയേണ്ടിവരും. മനുഷ്യഹിതത്തിന്റെ പരിമിതികൾക്കപ്പുറത്തു ദൈവത്തിനു പ്രവർത്തിക്കുവാൻ കഴിയാതെ വരും. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമെന്നു താൻ അറിയുന്നവരെ മാത്രം ദൈവം തിരഞ്ഞെടുക്കുകയാണെങ്കിൽ ദൈവം പരമാധികാരിയല്ലാതായിത്തീരും. വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടതു ദൈവത്തിന്റെ മുന്നറിവിനൊത്തവണ്ണമാണ്. അല്ലാതെ മുന്നറിവു കാരണമായല്ല. (1പത്രൊ, 1:2) 

മുന്നറിവ്

ഭാവി സംഭവങ്ങളുടെ മുഴുവൻ ഗതിയെയും സംബന്ധിച്ചുള്ള ദൈവത്തിനു മുൻകൂട്ടിയുള്ള അറിവാണ് മുന്നറിവു് (fore knowledge; ഗ്രീ: പ്രൊഗ്നോസിസ്). ദൈവത്തിന്റെ മുന്നറിവു അപരിമിതവും അന്തർജ്ഞാനപരവും, സഹജവും, പ്രത്യക്ഷവുമാണ്. ദൈവത്തിന് സ്വയത്തെക്കുറിച്ചുളള ജ്ഞാനവും തന്റെ നിത്യമായ പദ്ധതിയിലുൾപ്പെട്ട സകലത്തിന്റെയും ജ്ഞാനവും ഉണ്ട്. ദൈവിക മനസ്സിൽ എല്ലാം നിത്യമായ ‘ഇന്നു’ മാത്രം; ഭൂതം, വർത്തമാനം, ഭാവി എന്നീ കാലവരമ്പുകൾ അതിനില്ല. ഉന്നതനും, ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണ് ദൈവം. (യെശ, 57:15). ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). മനുഷ്യന്റെ അറിവാകട്ടെ സാന്തവും നിരീക്ഷണത്തിൽ നിന്നും ചിന്തയിൽ നിന്നും വ്യൂൽപ്പന്നവുമാണ്. 

മനുഷ്യന്റെ സ്വാതന്ത്ര്യവും തൽഫലമായുള്ള ഉത്തരവാദിത്വവും ദൈവിക മുന്നറിവും തമ്മിലുള്ള ബന്ധം ദുർജ്ഞേയമാണ്. എല്ലാ സംഭവങ്ങളെയും ദൈവം മുന്നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രേച്ഛയുള്ള മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നു; തന്റെ പ്രവൃത്തികൾക്കെല്ലാം അവൻ ഉത്തരവാദി ആണ്. ഈ രണ്ടു സത്യങ്ങളും തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. (പ്രവൃ, 4:27,28; എഫെ, 1:11; റോമ, 8:29,30; സങ്കീ, 33:11; യെശ, 14:14; ലൂക്കൊ, 22:22; ദാനീ, 4:35). അർമ്മീനിയൻ സിദ്ധാന്തപ്രകാരം മുന്നിയമനവും മുന്നറിവും ഒന്നാണ്. ദൈവം സർവ്വവും മുന്നറിയുന്നു എന്നു ചിലർ അംഗീകരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അറിയപ്പെടാവുന്ന കാര്യങ്ങളെല്ലാം ദൈവം മുന്നറിയുന്നു. സ്വതന്ത്രച്ഛയുള്ളവരുടെ പ്രവൃത്തി ദൈവത്തിനു അവ്യക്തമാണ്. ദൈവം എല്ലാം മുന്നറിയുന്നുവെന്നു അംഗീകരിക്കുന്നതും മനുഷ്യരുടെ പ്രവൃത്തികൾ ദൈവം മുന്നിയമിച്ചതാണെന്നു അംഗീകരിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ദൈവത്തിന്റെ മുന്നറിവു പരിമിതമാണെങ്കിൽ ഭാവിയെക്കുറിച്ചു ഭാഗികമായെങ്കിലും ദൈവം അജ്ഞനാണ്. ദൈവം അനുദിനവും അറിവു വർദ്ധിപ്പിക്കുകയാണ്. തന്മൂലം ദൈവത്തിന്റെ സംവിധാനവും നിർണ്ണയവും മാറിക്കൊണ്ടിരിക്കുന്നുവെന്നു സമ്മതിക്കേണ്ടിവരും. മാത്രവുമല്ല, ദൈവത്തിന്റെ സർവ്വജ്ഞാനത്തെ നിഷേധിക്കുന്നതിനു തുല്യമാണത്. 

ചിലരെ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ടാനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ്ഴതിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ അതു മുന്നിയമനസിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. ദൈവത്തിന്റെ നിത്യനിർണ്ണയം മനുഷ്യവർഗ്ഗത്തെ രണ്ടായി തിരിക്കുന്നു: ഒരു വിഭാഗം നിത്യജീവനായി തിരഞ്ഞെടുക്കപ്പെടുന്നു; മറ്റു വിഭാഗം നിത്യനാശത്തിനായി പാപാവസ്ഥയിൽ ഉപേക്ഷിക്കപ്പെടുന്നു. ‘നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.’ (പ്രവൃ, 13:48). ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുന്നിയമിക്കുകയും ചെയ്തവരെ തന്നിലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവൃത്തിയാണ് വിളി. “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:28-30). വിളിക്കുന്നതു ദൈവമാണ്. അന്ധകാരത്തിൽ നിന്നും അത്ഭുതപ്രകാശത്തിലേക്കും സ്വപുത്രനായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കും ഉള്ള ഈ വിളി പരമവിളിയും, സ്വർഗ്ഗീയവിളിയും, വിശുദ്ധവിളിയും ആണ്. (1പത്രൊ, 2:9; 1കൊരി, 1:9; ഫിലി, 3:14; എബ്രാ, 3:1; 2തിമൊ, 1:29). ദൈവത്തിന്റെ മുന്നിയമനത്തിനു അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ ഫലമായിട്ടാണ് ദൈവവിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. (പ്രവൃ, 2:47; 11:18, 21-23; 14:27; 15:7; 16:14; 28:27).

മശീഹ

മശീഹ (Messiah) 

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരും (പുറ, 6:23; 29:21; 1ദിന, 29 22), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 10:10; 16:1; 19:10; 1രാജാ, 1:39; 51; 19:15; 2രാജാ, 9:36; 11:12; 23:30; യെശ, 45:1) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിൽ അഭിഷിക്തൻ യേശുവാണ്. (ലൂക്കൊ, 4:18; പ്രവൃ, 10:38). മേല്പറഞ്ഞ മൂന്നു പദവികളും യേശുവിനുണ്ട്. (മത്താ, 2:2; പ്രവൃ, 3:22; എബ്രാ, 3:1). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ടഭിഷിക്തനുണ്ട്: മോശെയും (എബ്രാ, 11:24-26) യിസ്രായേലും. (പ്രവൃ, 4:26). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11). കർത്താവിൻ്റെ ജനത്തെ ഭരിക്കുന്ന ഭൗമികരാജാവാണ് അഭിഷിക്തൻ. ശൗൽ മുതലുള്ള പല രാജാക്കന്മാരും അഭിഷിക്തരാണെങ്കിലും, ‘എൻ്റെ അഭിഷിക്തൻ’ (1ശമൂ, 2:35; സങ്കീ, 132:17), ‘എൻ്റെ അഭിഷിക്തന്മാർ’ (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും; ‘നിൻ്റെ അഭിഷിക്തൻ’ (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്തരാജാവ് ദാവീദിൻ്റെ സ്വന്തപുത്രന്മാരല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). ഈ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു. ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം യിസ്രായേലിനു അവരുടെ പദവികളൊന്നും സാക്ഷാത്കരിക്കാനോ ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കുവാനോ അവർക്ക് കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ യഹോവയായ ദൈവം (ആവ, 27:9; മത്താ, 1:21) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തുവായി (ലൂക്കൊ, 4:18; പ്രവൃ, 10:38) ജഡത്തിൽ വെളിപ്പെട്ട്, അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)