യെഹോയാഖീൻ

യെഹോയാഖീൻ (Jehoiachin)

പേരിനർത്ഥം — യഹോവ ഉറപ്പിക്കും  

യെഹൂദയിലെ പത്തൊമ്പതാമത്തെ രാജാവായിരുന്നു യെഹോയാഖീൻ (യെഖൊന്യാവു: 1ദിന, 3:16; കൊന്യാവു: യിരെ, 22:24,28). മൂന്നു മാസവും പത്തുദിവസവും (ബി.സി. 598-597) രാജ്യം ഭരിച്ചു. (2ദിന, 36:9). യെഹോയാക്കീമിന്റെ പുത്രനായ യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ തന്നെ നെബുഖദ്നേസർ യെഹൂദാ ആക്രമിച്ചു, രാജാവിനെയും ജനത്തെയും ബാബേലിലേക്കു പ്രവാസികളായി കൊണ്ടുപോയി. യെഹോയാഖീന്റെ ഭരണത്തിന്റെയും രാജവംശത്തിന്റെയും അന്ത്യം യിരെമ്യാവു (22:24-30) പ്രവചിച്ചിട്ടുണ്ടോയിരുന്നു. യെഹോയാഖീനു പകരം മത്ഥന്യാവിനെ സിദെക്കീയാവു എന്നു പേരുമാറ്റി രാജാവായി വാഴിച്ചു. (2രാജാ, 24:17). നെബുഖദ്നേസറിന്റെ മരണശേഷം എവിൽ-മെരോദക് ബി.സി. 561-ൽ യെഹോയാഖീനെ കാരാഗൃഹത്തിൽ നിന്നു വിടുവിച്ചു ജീവിതകാലം മുഴുവൻ തന്നോടൊപ്പം കൊട്ടാരത്തിൽ അവനു അഹോവൃത്തി നിയമിച്ചു. (2രാജാ, 25:27-30; യിരെ, 52:3-34). ബാബിലോണിലെ യെഹൂദന്മാർ യെഹോയാഖീൻ രാജാവിന്റെ പ്രവാസം മുതൽ കാലം കണക്കു കൂട്ടിവന്നു. (യെഹെ, 1:2).

യെഹോയാക്കീം

യെഹോയാക്കീം (Jehoiakim)

പേരിനർത്ഥം — യഹോവ ഉറപ്പിച്ചു 

യെഹൂദയിലെ പതിനെട്ടാമത്തെ രാജാവ് (ബി.സി. 609-598). യോശീയാവിന്റെ പുത്രനായ യെഹോവാഹാസിനെ മിസ്രയീം രാജാവായ ഫറവോൻ-നെഖോ രണ്ടാമൻ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം എല്യാക്കീമിനെ രാജാവാക്കി; എല്യാക്കീമിന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. (2രാജാ, 23:34). ഇരുപത്തഞ്ചാം വയസ്സിൽ രാജാവായ യെഹോയാക്കീം പതിനൊന്നുവർഷം രാജ്യഭാരം ചെയ്തു. (2രാജാ, 23:36). ഫറവോനു വലിയ കപ്പം കൊടുക്കേണ്ടിവന്നു. (2രാജാ, 23:35). ജനത്തെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു കൊട്ടാരങ്ങൾ പണിതു. യിരെമ്യാപ്രവാചകൻ അതിനു രാജാവിനെ ശാസിച്ചു. (യിരെ, 22:13-17). ബാബേൽ രാജാവായ നെബുഖദ്നേസർ യെഹൂദാ ആക്രമിച്ചു. മൂന്നുവർഷം യെഹോയാക്കീം നെബുഖദ്നേസറിനു ആശ്രിതനായിരുന്നു. (2രാജാ, 24:1). പിന്നീടു അവൻ മത്സരിക്കുകയാൽ നെബുഖദ്നേസർ വീണ്ടും യെഹൂദയോടു യുദ്ധം ചെയ്തു അതിനെ തോല്പിച്ചു. നെബുഖദ്നേസർ രാജ്യത്തു പ്രവേശിക്കുന്നതിനു മുമ്പു യെഹോയാക്കീം മരിച്ചു. (2രാജാ, 24:6). 

യെഹോയാക്കീം ധാരാളം നിഷ്ക്കളങ്കരക്തം ചൊരിയിച്ചു. (2രാജാ, 24:4). തന്നെ എതിർത്തതിനു ഊരീയാ പ്രവാചകനെ വധിച്ചു. (യിരെ, 26:20-23). യിരെമ്യാ പ്രവാചകനെ എതിർക്കുകയും യിരെമ്യാ പ്രവാചകന്റെ വചനങ്ങളടങ്ങിയ ചുരുൾ കത്തിക്കൊണ്ടു മുറിച്ചു നെരിപ്പോടിലെ തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്തു. (യിരെ, 36:22).

യെഹോവാഹാസ്

യെഹോവാഹാസ് (Jehoahas)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ പതിനേഴാമത്തെ രാജാവ് (ബി.സി. 609) യോശീയാവിനു ഹമൂതൽ എന്ന ഭാര്യയിൽ ജനിച്ഛ പുത്രൻ. ഹമൂതൽ ലിബനക്കാരനായ യിരെമ്യാവിൻ്റെ മകൾ ആയിരുന്നു. മൂന്നുമാസം മാത്രം രാജ്യം ഭരിച്ചു. (2രാജാ, 23:30-31). മിസയീം രാജാവായ ഫറവോൻ നെഖോ ഇവനെ ബന്ധനസ്ഥനാക്കി പകരം എല്യാക്കീമിനെ യെഹോയാക്കീം എന്നപേരിൽ രാജാവാക്കി. (2ദിന, 36:1-4, യിരെ, 22:10:12). ശല്ലും എന്ന പേരിലും അറിയപ്പെട്ടിരുന്നു. (1ദിന, 3:15).

യോശീയാവ്

യോശീയാവ് (Josiah)

പേരിനർത്ഥം — ദൈവം സൗഖ്യമാക്കി  

യെഹൂദയിലെ പതിനാറാമത്തെ രാജാവ്. ഭരണകാലം 641-609 ബി.സി. ആമോന്റെ പുത്രനായ യോശീയാവ് എട്ടാമത്തെ വയസ്സിൽ രാജാവായി; 31 വർഷം യെഹൂദാ ഭരിച്ചു. (2രാജാ, 21:26; 22:1; 2ദിന, 34). അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽ തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു തുടങ്ങി; പ്രന്തണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാ പ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരുശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. (2ദിന, 34:3). യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാമാണ്ടിൽ മഹാപുരോഹിതനായ ഹില്ക്കീയാവു യഹോവയുടെ ആലയത്തിൽ നിന്നു ന്യായപ്രമാണപുസ്തകം കണ്ടെടുത്തു. (2രാജാ, 22:8; 2ദിന, 34:14,15). രായസക്കാരനായ ശാഫാൻ മുഖാന്തരം അതു രാജാവിനെ ഏല്പ്പിച്ചു. പുസ്തകത്തിലെ സന്ദേശത്തിൽ രാജാവു ദു:ഖിക്കുകയും ഹുൽദാ പ്രവാചകിയുടെ അടുക്കൽ യഹോവയോടു അരുളപ്പാടു ചോദിക്കാൻ പ്രതിനിധികളെ അയയ്ക്കുകയും ചെയ്തു. ദേശത്തിനു അനർത്ഥം വരുമെന്നും എന്നാൽ യോശീയാവു യഹോവയെ ഭയപ്പെടുകയാൽ അവന്റെ കാലത്ത് അനർത്ഥം ഉണ്ടാകുകയില്ലെന്നും അറിയിച്ചു. (2രാജാ, 22:20,21). പിന്നീടു ജനത്തെ മുഴുവൻ ആലയത്തിൽ വിളിച്ചുകൂട്ടി നിയമപുസ്തകം വായിച്ചു കേൾപ്പിച്ചു. ദൈവാലയം ശുദ്ധീകരിക്കുകയും അന്യദേവന്മാരുടെ ബലിപീഠങ്ങൾ നശിപ്പിക്കുകയും ചെയ്തു. യൊരോബെയാം ബേഥേലിൽ നിർമ്മിച്ച് യാഗപീഠവും പൂജാഗിരിയും ഇടിച്ചു കളഞ്ഞു. ഇതു യാഗപീഠത്തെക്കുറിച്ചുള്ള പ്രവചനപ്രകാരം സംഭവിച്ചു. (2രാജാ, 23:1-20). പൂർണ്ണമായ വിശുദ്ധീകരണത്തിനു ശേഷം ജനം പെസഹ ആചരിച്ചു. ഇതുപോലൊരു പെസഹ യെഹൂദാ രാജാക്കന്മാരുടെയോ യിസായേൽ രാജാക്കന്മാരുടെയോ കാലത്തു നടന്നിട്ടില്ല. (2രാജാ, 23:22; 2ദിന, 35:1-18).

ഈ കാലത്തു ബാബേൽ അശ്ശൂരിനെതിരെ യുദ്ധം ചെയ്തു നീനെവേ പിടിച്ചു. മിസ്രയീമിലെ ഫറവോൻ നെഖോ രണ്ടാമൻ അശ്ശൂരിന്റെ സഹായത്തിനായി ഒരു സൈന്യത്തെ അയച്ചു. യോശീയാവു മെഗിദ്ദോ താഴ്വരയിൽ വച്ചു അവനെ എതിർത്തു. (2രാജാ, 23:29,30; 2ദിന, 35:20-24). യെഹൂദ സൈന്യം പരാജയപ്പെടുകയും യോശീയാവിനു മുറിവേല്ക്കുകയും ചെയ്തു. അവനെ യെരുശലേമിലേക്കു കൊണ്ടുവന്നു എങ്കിലും മരിച്ചുപോയി. അവനെ പിതാക്കന്മാരുടെ കല്ലറയിൽ അടക്കി. (2ദിന, 35-24). അവൻ്റെ ശേഷം യെഹോവാഹാസ് അവനു പകരം രാജാവായി. (2ദിന, 36:1). യിരെമ്യാവിന്റെയും സെഫന്യാവിന്റെയും പ്രവചനങ്ങളിൽ യോശീയാവിനെക്കുറിച്ചുള്ള പരാമർശമുണ്ട്.

മനശ്ശെ

മനശ്ശെ (Manasseh)

പേരിനർത്ഥം — മറവി ഉണ്ടാക്കുനവൻ

യെഹൂദയിലെ പതിന്നാലാമത്തെ രാജാവ്. ഹിസ്ക്കിയാരാജാവിന്റെ പുത്രനാണ് മനശ്ശെ. (2രാജാ, 20:21; 21:1; 2ദിന, 32:33; 33:1). മനശ്ലെയുടെ അമ്മയ്ക്കു ഹെഫ്സീബ എന്നുപേർ. പിതാവിന്റെ മരണത്തിനു 12 വർഷം മുമ്പാണ് മനശ്ശയ ജനിച്ചത്. യെഹൂദയുടെ ചരിത്രത്തിൽ ഏറ്റവും അധിധികം വർഷം ഭരണം നടത്തിയത് മനശ്ശെയാണ്. പിതാവിന്റെ കാലത്തു തന്നെ മനശ്ശെ സഹരാജാവായി ഭരണം നടത്തിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽ മനശ്ശെ രാജാവായി. മതപരമായ പിന്മാറ്റത്തിന്റെ കാലമായിരുന്നു മനശ്ശെയുടെ ഭരണകാലം. അന്യദേശങ്ങളിലെ അന്ധവിശ്വാസങ്ങൾ സ്വന്തം രാജ്യത്തിൽ സ്വീകരിച്ചു. മനശ്ശെ യഹോവയ്ക്കു അനിഷ്ടമായുള്ളതു ചെയ്തു. അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കുകയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കുകയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കുകയും ചെയ്തു. പൂജാഗിരികളെ വീണ്ടും പണിതു. ബാലിനു ബലിപീഠങ്ങൾ നിർമ്മിച്ചു. അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു. ദൈവാലയത്തിലെ രണ്ടു പ്രാകാരങ്ങളിലും ആകാശസൈന്യത്തിന് ബലിപീഠങ്ങൾ പണിതു. മനശ്ശെയെ ശാസിച്ച പ്രവാചകന്മാരെ അവൻ പീഡിപ്പിച്ചു. 

റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ചു യെശയ്യാപ്രവാചകൻ മനശ്ശയുടെ കല്പനയാൽ ഈർച്ചവാൾ കൊണ്ടു അറുക്കപ്പെട്ടു. യെശയ്യാവിന്റെ മരണശേഷം യോശീയാ രാജാവിന്റെ കാലം വരെ പ്രവാചകശബ്ദം കേട്ടതേയില്ല. മനശ്ശയുടെ പാപങ്ങൾക്കു പ്രത്യാഘാതം ഉണ്ടായി. അശ്ശൂർ സൈന്യം വന്ന് മനശ്ശയെ കൊളുത്തുകളാൽ പിടിച്ച് ചങ്ങലയിട്ട് ബാബേലിലേക്കു കൊണ്ടുപോയി. (2ദിന, 33:11). കഷ്ടത്തിലായപ്പോൾ മനശ്ശെ തന്നെത്താൻ താഴ്ത്തി ദൈവത്തോടു വിളിച്ചപേക്ഷിച്ചു. ദൈവം അവന്റെ പ്രാർത്ഥന കേട്ടു രാജകീയ പദവി മടക്കിക്കൊടുത്തു. ഒരു വർഷത്തോളം മനശ്ശെ ബദ്ധനായിരുന്നു. മടങ്ങിവന്നശേഷം രാജ്യത്തെ ഭദ്രമാക്കുവാൻ വേണ്ട ശ്രമങ്ങൾ ചെയ്തു. യഹോവയുടെ ആലയത്തിൽ നിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും നീക്കിക്കളഞ്ഞു. യഹോവയുടെ യാഗപീഠം നന്നാക്കി. അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു. മനശ്ശെ മരിച്ചപ്പോൾ അരമനത്തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ അടക്കം ചെയ്തു. (2രാജാ, 21:18,26; 2ദിന, 33:20). യേശുവിന്റെ വംശാവലിയിൽ മനശ്ശയുടെ പേർ ഉണ്ട്. (മത്താ, 1:9,10). ഏസർ-ഹദോന്റെ ശിലാലിഖിതത്തിൽ മനശ്ശെ രാജാവിനെക്കുറിച്ചുള്ള പരാമർശം ഉണ്ട്.

ഹിസ്ക്കീയാവ്

ഹിസ്ക്കീയാവ് (Hezekiah)

പേരിനർത്ഥം — യഹോവ എൻ്റെ ബലം

യെഹൂദയിലെ പതിമൂന്നാമത്തെ രാജാവ്. ആഹാസിൻ്റെ പുത്രനായ ഹിസ്ക്കീയാവു ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ രാജാവായി, 29 വർഷം രാജ്യം ഭരിച്ചു. (ബി.സി. 715-686). 2രാജാക്കന്മാർ18-20; 2ദിനവൃത്താന്തം 29-32; യെശയ്യാവ് 36-39 എന്നീ ഭാഗങ്ങളിൽ ഹിസ്ക്കീയാ രാജാവിന്റെ ചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. 

ഹിസ്ക്കീയാവു ദൈവാലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർക്കുകയും ദൈവാലയം വെടിപ്പാക്കി വിശുദ്ധീകരിക്കുകയും ചെയ്തു. രാജ്യത്തിലെ വിഗ്രഹാരാധനാ ക്ഷേത്രങ്ങളെയും പൂജാഗിരികളെയും നശിപ്പിച്ചു. മോശെയുടെ കാലത്തുണ്ടാക്കിയിരുന്ന പിച്ചളസർപ്പത്തെ തകർത്തു. ആരാധനയും യാഗങ്ങളും ന്യായപ്രമാണപ്രകാരം പുന:സ്ഥാപിച്ചു. അതിനുശേഷം യെഹൂദയും യിസ്രായേലും ചേർന്നു പെസഹ ആചരിച്ചു. അതു യെരുശലേമിൽ വലിയ സന്തോഷത്തിനു കാരണമായി. ശലോമോന്റെ കാലം മുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. (2ദിന, 30:1-27). 

നഷ്ടപ്പെട്ടുപോയ പല പട്ടണങ്ങളും ഹിസ്ക്കീയാവു പിടിച്ചു, രാജ്യം വിസ്തൃതമാക്കി. അശ്ശൂരിന്റെ ആക്രമണങ്ങളെ ചെറുത്തു തോല്പിച്ചു. ശരിയായ സാമ്പത്തിക സ്ഥിരത കൈവരിച്ചു. (2ദിന,’32:27-30). ദേശീയ സുരക്ഷിതത്വത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തു. സൈന്യത്തെ സുസംഘടിതമാക്കി. (2ദിന, 32:5-7). ജലസംഭരണം വളരെ വിദഗ്ദ്ധമായ രീതിയിൽ ക്രമീകരിച്ചു. പട്ടണത്തിനു പുറത്തു നിന്നും ഗീഹോൻ അരുവിയിലെ ജലം 600 വാര ദൈർഘ്യമുള്ള ഒരു തുരങ്കത്തിൽ കൂടി പട്ടണമതിലിനുള്ളിൽ കൊണ്ടുവന്നു, ശീലോഹാം കുളത്തിൽ വെള്ളം സംഭരിക്കത്തക്കവണ്ണം ക്രമീകരിച്ചു. ശത്രുക്കൾ അരുവി തടസ്സപ്പെടുത്താതിരിക്കുവാൻ ഉത്ഭവസ്ഥലം മൂടി സംരക്ഷിച്ചു. (2രാജാ, 20:20; 2ദിന, 32:30).

അശ്ശൂരിന്റെ ആധിപത്യത്തിനു എതിരായി ബാബേലും മിസ്രയീമും സംഘടിക്കുവാൻ ശ്രമിച്ചു. അതിൽ പങ്കുചേരുവാൻ ബാബേൽ ദൂതന്മാരെ യെരുശലേമിലേക്കു അയച്ചു. ഹിസ്ക്കീയാവു രാജധാനിയിലും ഭണ്ഡാരത്തിലുമുള്ള സകലതും ദൂതന്മാരെ കാണിച്ചു. ഈ തെറ്റായ പ്രവൃത്തിക്കു യെശയ്യാവു ശാസിക്കുകയും ബാബേൽ യെഹൂദയെ കൊള്ളയിടും എന്നു പ്രവചിക്കുകയും ചെയ്തു. (യെശ,29). അശ്ശൂർരാജാവു ഹിസ്ക്കീയാവിനും മറ്റു ശ്രതുക്കൾക്കുമെതിരെ ശക്തിയായ ആക്രമണം നടത്തി. അശ്ശൂർരാജാവായ സൻഹേരീബ് ഹിസ്ക്കീയാവിനു മുന്നൂറു താലന്ത് വെള്ളിയും മുപ്പതുതാലന്തു പൊന്നും പിഴ കല്പ്പിച്ചു. (2രാജാ, 18:14). ഈ ഭാരിച്ച കപ്പം കൊടുക്കുന്നതിനു യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും ഉണ്ടായിരുന്ന വെള്ളിയൊക്കെയും എടുത്തതിനു പുറമെ ദൈവാലയത്തിന്റെ വാതിലുകളിലും കട്ടളകളിലും പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്തു. ഏറെത്താമസിയാതെ യെരുശലേമിനെ നശിപ്പിക്കുവാൻ തന്നെ സൻഹേരീബ് തീരുമാനിച്ചു. ഹിസ്ക്കീയാരാജാവു യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചു. രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ട അശൂർ പാളയത്തിൽ 185000 പേരെ കൊന്നു. സൻഹേരീബ് മടങ്ങിപ്പോയി. അവനെ പുത്രന്മാർ കൊന്നു. എത ശക്തിയോടെ ആക്രമിച്ചിട്ടും യെരൂശലേം പിടിച്ചെടുക്കുവാൻ അശ്ശൂരിനു കഴിഞ്ഞില്ല.

ഹിസ്ക്കീയാവിനു മാരകമായ രോഗം ബാധിച്ചു. (2രാജാ 20:1; 2ദിന, 32:24; യെശ, 38:1). രാജാവിന്റെ പ്രാർത്ഥന അനുസരിച്ചു 15 വർഷം ആയുസ്സ് നീട്ടിക്കൊടുത്തു. ഹിസ്ക്കീയാവു മരിച്ചപ്പോൾ മനശ്ശെ രാജാവായി. (2രാജാ, 20:21).

യോഥാം

യോഥാം (Jotham)

പേരിനർത്ഥം — യഹോവ നേരുള്ളവൻ

ഉസ്സീയാ രാജാവിനു സാദോക്കിന്റെ പുത്രിയായ യെരൂശായിൽ ജനിച്ച പുത്രൻ; യെഹൂദയിലെ പതിനൊന്നാമത്തെ രാജാവ്. ഭരണകാലം ബി.സി. 750-732. പിതാവായ ഉസ്സീയാവു കുഷ്ഠരോഗിയായി തീർന്നതിനാൽ യോഥാം രാജപ്രതിനിധിയായി ഭരിച്ചു. രാജാവായപ്പോൾ യോഥാമിനു 25 വയസ്സായിരുന്നു. (2രാജാ, 15:5,32,33; 2ദിന, 27:1). ദൈവാലയത്തിന്റെ മേലത്തെ പടിവാതിൽ പണിയുകയും പട്ടണമതിൽ നന്നാക്കുകയും പുതിയ പട്ടണങ്ങൾ മതിൽ കെട്ടി സൂക്ഷിക്കുകയും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിയുകയും ചെയ്തു. അമ്മോന്യരെ കീഴടക്കി (2ദിന, 27:3-6) അവരിൽ നിന്നു കപ്പം ഈടാക്കി. യോഥാം മരിച്ചപ്പോൾ യെഹൂദാ രാജാക്കന്മാരുടെ ശ്മശാനത്തിൽ അവനെ അടക്കി. (2രാജാ, 15:38; 2ദിന, 27:8,9). അവൻ്റെ മകനായ ആഹാസ് അവനു പകരം രാജാവായി. (2ദിന, 27:9).

യോവാശ്

യോവാശ് (Joash)

പേരിനർത്ഥം — യഹോവ തന്നു

യെഹൂദയിലെ എട്ടാമത്തെ രാജാവ്; അഹസ്യാവ് രാജാവിനു സിബ്യായിൽ ജനിച്ച് പുത്രൻ. (2ദിന, 24:1). ഭരണകാലം 835-796 ബി.സി. അഹസ്യാവു യിസ്രായേലിൽ വച്ചു യേഹുവിനാൽ വധിക്കപ്പെട്ടു. ഉടൻ അഥല്യാ രാജ്ഞി രാജകുമാരന്മാരെ എല്ലാം വധിച്ചു ഭരണം ഏറ്റെടുത്തു. എന്നാൽ അഹസ്യാവിന്റെ സഹോദരിയായ യെഹോശേബ അഹസ്യാവിന്റെ മകനായ യോവാശിനെ കൊണ്ടുപോയി ഒളിപ്പിച്ചു. അവനു 7 വയസ്സായപ്പോൾ യെഹോയാദാ പുരോഹിതൻ ആളുകളെ വിളിച്ചുകൂട്ടി അവനെ രാജാവാക്കുകയും അഥല്യയെ വധിക്കുകയും ചെയ്തു. (2രാജാ, 11 അ; 2ദിന, 22:10:12; 23 അ). യെഹോയാദാ പുരോഹിതന്റെ കാലം മുഴുവൻ യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. (2ദിന, 24:2). ദൈവാലയത്തിന്റെ അറ്റകുറ്റം തീർക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. യെഹോയാദാ പുരോഹിതന്റെ മരണശേഷം യോവാശ് പാപത്തിൽ വീണു. രാജ്യത്തിൽ വിഗ്രഹാരാധന വ്യാപകമായി. താക്കീതു നല്കിയ പ്രവാചകന്മാരെ ഉപദ്രവിച്ചു. യെഹോയാദാ പുരോഹിതന്റെ പുത്രനായ സെഖര്യാവിനെ മരണത്തിനേല്പിച്ചു. ഹസായേലിന്റെ കീഴിൽ അരാമ്യരുടെ ആക്രമണഭീഷണി ഉണ്ടായപ്പോൾ ദൈവാലയത്തിലെ പൊന്നെടുത്ത് അരാം രാജാവിനു സമ്മാനമായി നല്കി. അവന്റെ കൊട്ടാരത്തിലുള്ള രണ്ടുപേർ അവനെ വധിച്ചു. യോവാശ് 40 വർഷം രാജ്യം ഭരിച്ചു. അവൻ്റെ ശേഷം മകനായ അമസ്യാവ് അവനുപകരം രാജാവായി. (2ദിന, 24:17). യേശുവിന്റെ വംശാവലിയിൽ ഉപേക്ഷിക്കപ്പെട്ട മൂന്നു രാജാക്കന്മാരിലൊരാളാണ് യോവാശ്. (മത്താ, 1:8).

അഥല്യാ

അഥല്യാ (Athaliah)

പേരിനർത്ഥം — യഹോവ വലിയവൻ

യെഹൂദയുടെ സിംഹാസനത്തിലിരുന്ന ഏക സ്ത്രീ. യിസ്രായേൽ രാജാവായ ആഹാബിന്റെയും ഈസേബെലിന്റെയും മകൾ. അഥല്യായെ 2ദിനവൃത്താന്തം 22:2-ൽ ഒമ്രിയുടെ മകൾ എന്നു പറഞ്ഞിരിക്കുന്നു. ഒമ്രി ആഹാബിന്റെ പിതാവാണ്. എന്നാൽ ചെറുമകൾ എന്ന അർത്ഥത്തിൽ ആയിരിക്കണം പ്രസ്തുതി പ്രയോഗം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനുവേണ്ടി യെഹൂദയിലെ അഞ്ചാമത്തെ രാജാവായ യെഹോരാം അഥല്യായെ വിവാഹം കഴിച്ചു. യെഹോരാം അവളുടെ പ്രേരണയ്ക്ക് വശംവദനായി “ആഹാബ്ഗൃഹം ചെയ്തതു പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്നു.” (2ദിന, 21:6). എട്ടുവർഷത്തെ ഭരണത്തിനുശേഷം യെഹോരാം മരിക്കയും അഹസ്യാവു രാജാവാകുകയും ചെയ്തു. അമ്മയുടെ ഉപദേശപ്രകാരം ദുഷ്ടത പ്രവർത്തിച്ചുകൊണ്ട് അവനും ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു. (2ദിന, 22:2,3). അഹസ്യാവ് ഒരു വർഷം മാത്രമാണു രാജ്യം ഭരിച്ചത്. യേഹു അവനെ കൊന്നു. ഉടൻ തന്നെ മറ്റു രാജാക്കന്മാരെയെല്ലാം കൊന്നിട്ട് അഥല്യാ രാജ്യഭരണം ഏറ്റെടുത്തു. അഹസ്യാവിന്റെ പുത്രനായ യോവാശ് മാത്രം ഒളിപ്പിക്കപ്പെട്ടു. (2രാജാ, 11:1). അഥല്യായുടെ രാജ്യഭാരം ആറു വർഷത്തേക്കായിരുന്നു. യെഹോയാദാ പുരോഹിതന്റെ ഭാര്യയായ യെഹോശേബ യോവാശിനെ ദൈവാലയത്തിൽ ഒളിപ്പിച്ച് വളർത്തുകയായിരുന്നു. ഏഴാമത്തെ വയസ്സിൽ യോവാശ് സിംഹാസനാരോഹണം ചെയ്തു. പ്രതിരോധത്തിനുവേണ്ട എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ട് യെഹോയാദാ പുരോഹിതൻ യോവാശിനെ പ്രത്യക്ഷപ്പെടുത്തുകയും രാജാവായി വാഴിക്കുകയും ചെയ്തു. ബാൽക്ഷേത്രത്തിൽ ആരാധിച്ചു കൊണ്ടിരുന്ന അഥല്യാ ആളുകളുടെ ആരവം കേട്ടു. ഈ സംഭവമെല്ലാം കണ്ടപ്പോൾ അവൾ വസ്ത്രം കീറി. ദ്രോഹം ദ്രോഹം എന്നു വിളിച്ചു പറഞ്ഞു. (2രാജാ, 11:14). അഥല്യാ വധിക്കപ്പെട്ടു. (2രാജാ, 11:22). ഈ വിപ്ലവതിൽ കൊലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ളത് ബാലിൻ്റെ പുരോഹിതനായ മത്ഥാനെ മാത്രമാണ്. (2രാജാ, 11:18). 

അഹസ്യാവ്

അഹസ്യാവ് (Ahaziah)

പേരിനർത്ഥം — യഹോവ പിടിച്ചിരിക്കുന്നു

യെഹൂദയിലെ ആറാമത്തെ രാജാവ്. കാലം ബി.സി. 841. യെഹോരാമിന്റെയും അഥല്യയുടെയും ഇളയപുതനായിരുന്നു. ഒരു വർഷം മാത്രം ഭരിച്ചു. അവനും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു. ദുഷ്ടത പ്രവർത്തിക്കാൻ അവനെ ഉപദേശിച്ചതു അമ്മ തന്നെയായിരുന്നു. (2ദിന, 22:1-4) അരാം രാജാവായ ഹസായേലിനോടു യുദ്ധം ചെയ്യുവാൻ യിസ്രായേൽ രാജാവായ യോരാമിനോടൊപ്പം പോയി. യുദ്ധത്തിൽ യിസ്രായേൽ രാജാവിനു മുറിവേറ്റു. ചികിത്സിക്കേണ്ടതിനു അവൻ യിസ്രയേലിലേക്കു മടങ്ങിപ്പോയി. അഹസ്യാവു അവനെ സന്ദർശിച്ചു. ആ സമയം യിസായേലിലെ ഒരു പടനായകനായ യേഹൂവിനാൽ കൊല്ലപ്പെട്ടു. (2രാജാ, 9:1-28). യെഹോവാഹാസ് (2ദിന, 21:17; 25:23) അസര്യാവ് (2ദിന, 22:6) എന്നീ പേരുകളിലും അഹസ്യാവ് അറിയപ്പെടുന്നു. അവൻ്റെ ശേഷം അവൻ്റെ ആമ്മയായ അഥല്യാ ഭരണം ഏറ്റെടുത്തു. (2രാജാ, 11:1-3).