പലസ്തീൻ (Palestine)
കേവലം ഭൂമിശാസ്ത്ര സംബന്ധമായ ഒരു സംജ്ഞയാണ് പലസ്തീൻ. ഒരു ജനതയെയോ, സംസ്കാരത്തെയോ അതു വിവക്ഷിക്കുന്നില്ല. Palestine എന്ന പേര് KJV-യിൽ നാലിടത്തുണ്ട്: (പുറ, 15:14; യെശ, 14:29, 31; യോവേ, 3:4). ഈ നാലു സ്ഥാനങ്ങളിലും പലസ്തീൻ ഫെലിസ്ത്യ ദേശത്തെ കുറിക്കുകയാൽ സത്യവേദപുസ്തകത്തിലും മറ്റനേകം ഭാഷാന്തരങ്ങളിലും ഫെലിസ്ത്യദേശം എന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. യിസ്രായേലിന്റെ ശത്രുക്കളായ ഫെലിസ്ത്യരുടെ ദേശത്തെ കുറിക്കുവാനാണ് പലസ്തീൻ പ്രയോഗത്തിൽ വന്നത്. ഈ പേര് ആദ്യം പ്രയോഗിച്ചത് യവന ചരിത്രകാരനായ ഹെരൊഡോട്ടസ് ആണ്. അതു ദക്ഷിണസിറിയയെ (അരാം) കുറിക്കുവാനും. പലൈസ്തീനാ (Palaestina) എന്ന രൂപത്തിൽ റോമക്കാരും പ്രസ്തുത പേരുപയോഗിച്ചു. പലസ്തീന്റെ പ്രാചീന നാമമായ കനാനും ഇതുപോലൊരു ചരിത്രമാണുള്ളത്. ബി.സി. പതിനാലാം നൂറ്റാണ്ടിലെ എൽ-അമർണാ എഴുത്തുകളിൽ കനാൻ എന്ന പേരു തീരസമതലങ്ങളെ മാത്രം വിവക്ഷിക്കുന്നു. കനാന്റെ ഉൾഭാഗത്തോട്ടുള്ള ആക്രമണങ്ങൾക്കുശേഷം യോർദ്ദാൻ താഴ്വരയുടെ പടിഞ്ഞാറുള്ള പ്രദേശങ്ങളെ കനാൻ എന്നു വ്യവഹരിച്ചു. യിസ്രായേൽദേശം (1ശമൂ, 13:19), വാഗ്ദത്തനാട് (എബ്രാ, 11:9) എന്നീ പേരുകൾ ഇതേ പ്രദേശത്തുണ്ടായിരുന്ന യിസ്രായേല്യരുമായി ബന്ധപ്പെട്ടിരുന്നു. വാഗ്ദത്തനാട് പ്രായേണ നെഗീവിനു വടക്കു ബേർ-ശേബാ മുതൽ ദാൻ വരെയുള്ള പ്രദേശങ്ങളെ കുറിക്കുന്നു. യിസ്രായേലിലെ രണ്ടര ഗോത്രങ്ങൾ യോർദ്ദാനു കിഴക്കു വാസമുറപ്പിച്ചത് യാദൃച്ഛികമായ ചുറ്റുപാടുകളിലായിരുന്നു. യിസ്രായേൽ രാജ്യം വിഭജിക്കപ്പെട്ടശേഷം യിസ്രായേൽ എന്ന പേര് വടക്കെ രാജ്യത്തിനു നൽകി. മദ്ധ്യയുഗങ്ങളിൽ വിശുദ്ധനാട് എന്ന പ്രായോഗമാണ് അധികമായി ഉപയോഗിച്ചുവന്നത്.
പലസ്തീനെ കുറിക്കുന്ന രണ്ടുപ്രത്യേക പ്രയോഗങ്ങൾ പഴയനിയമത്തിലുണ്ട്: 1. വിശുദ്ധദേശം: (സെഖ, 2:12). 2. യഹോവയുടെ ദേശം: (ഹോശേ, 9:3; ഒ.നോ: ലേവ്യ, 25:23; സങ്കീ, 85:1; യെശ, 8:8; യോവേ, 1:6; 3:2; യിരെ, 16:18). പഴയനിയമത്തിലും പുതിയനിയമത്തിലും കാണപ്പെടുന്ന രണ്ടു പേരുകളാണ് യിസ്രായേൽ ദേശവും കനാനും. യിസായേൽദേശം എന്ന പേര് ആദ്യമായി കാണുന്നത് 1ശമൂവേൽ 13:19-ൽ ആണ്. തുടർന്നുള്ള പുസ്തകങ്ങളിൽ ഈ നാമം പ്രചുരമായി പ്രയോഗിച്ചിട്ടുണ്ട്. ഈ പേരിനോടു ഏറ്റവും കൂടുതൽ ആഭിമുഖ്യം കാണിച്ചിട്ടുള്ളതു യെഹെസ്കേൽ പ്രവാചകനാണ്. മത്തായി 2:21-ഉം നോക്കുക. ഹാമിന്റെ പുത്രനായ കനാനിൽ നിന്നാണു കനാൻ എന്ന പേരിന്റെ ഉൽപത്തി. കനാന്റെ സന്തതികളായിരുന്നു ഈ പ്രദേശത്തു കുടിപാർത്തത്. (ഉല്പ, 9:18, 10:15-19). ഏറ്റവും പ്രാചീനമായ പേരാണിത്. കനാൻ യോർദ്ദാനു പടിഞ്ഞാറുള്ള ദേശത്തെകുറിക്കുന്നു. (പുറ, 6:4; 15:15; ലേവ്യ, 15:34; ആവ, 22:39; യോശു, 14:1; സങ്കീ, 105:11; ഉല്പ, 17:8). വാഗ്ദത്തദേശം, യെഹൂദ്യ എന്നീ രണ്ടുപേരുകൾ പുതിയനിയമത്തിൽ മാത്രമേ ഉള്ളൂ. എബ്രായർ 11:9-ൽ മാത്രം പ്രയോഗിച്ചിട്ടുള്ള പേരാണ് വാഗ്ദത്തദേശം. പഴയനിയമ തിരുവെഴുത്തുകളെ ആധാരമാക്കിയാണ് പ്രസ്തുത നാമം നൽകിയിട്ടുള്ളത്. (ഉല്പ, 13:15; ആവ, 34:1-4; ഉല്പ, 50:24; യെഹെ, 20:42; പ്രവൃ, 7:5). യെഹൂദാ ഗോത്രത്തിന്റെ പ്രദേശത്തെമാത്രം കുറിക്കുവാനായിരുന്നു യെഹൂദാദേശം എന്ന പേര് ആദ്യം പ്രയോഗിച്ചത്. (2ദിന, 9:11). പ്രവാസാനന്തരം യോർദ്ദാനു കിഴക്കുള്ള പ്രദേശങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടു മുഴുവൻ ദേശത്തെയും വ്യവഹരിക്കുവാൻ ഈ പേരുപയോഗിച്ചു. (ലൂക്കൊ, 1:5; 23:5; മത്താ, 19:1; പ്രവൃ, 28:21).
സ്ഥാനവും വലിപ്പവും: ഒരു വിധത്തിൽ പറഞ്ഞാൽ ലോകത്തിലെ മൂന്നു പ്രധാന ഭൂഖണ്ഡങ്ങളായ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് പലസ്തീൻ. പ്രാചീന ലോകശക്തികളായിരുന്ന ഈജിപ്റ്റ് (മിസ്രയീം) അസ്സീറിയ (അശ്ശൂർ) ബാബിലോൺ, പേർഷ്യ, ഗ്രീസ്, റോം എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട ഒരു വൃത്തത്തിന്റെ കേന്ദ്രത്തിലാണ് പലസ്തീന്റെ സ്ഥിതി. “ഇതു യെരുശലേം ആകുന്നു: ഞാൻ അതിനെ ജാതികളുടെ മദ്ധ്യ വച്ചിരിക്കുന്നു; അതിനുചുറ്റും രാജ്യങ്ങൾ ഉണ്ട്.” (യെഹെ, 5:5). കിഴക്കും തെക്കും മരുഭൂമികളാലും, പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രത്താലും ചുറ്റപ്പെട്ടു യൂഫ്രട്ടീസ്, നൈൽ നദികൾക്കു മദ്ധ്യേ അവയെ ബന്ധിപ്പിക്കുന്ന പാലംപോലെ സ്ഥിതി ചെയ്യുന്ന പലസ്തീനിലുടെയായിരുന്നു പ്രാചീനകാലത്തു ലോകത്തിലെ പ്രധാന വാണിജ്യപാതകൾ കടന്നുപോയത്. വിശാലമായ അർത്ഥത്തിൽ വാഗ്ദത്തനാടിന്റെ അതിർത്തി യഹോവ നിയമിച്ചത് മിസ്രയീം നദി തുടങ്ങി ഫ്രാത്തു (യൂഫ്രട്ടീസ്) നദിവരെയായിരുന്നു. (ഉല്പ, 15:18; പുറ, 23:31; സംഖ്യാ, 34:1-12; യോശു, 1:3,4; 15:4). ദാവീദിന്റെയും ശലോമോന്റെയും കാലത്തുമാത്രമേ രാജ്യം ഈ വിസ്തൃതിയെ പ്രാപിച്ചുള്ളൂ.
പലസ്തീനു ഖണ്ഡിതമായ ഒരതിർ മാത്രമേ പറയുവാൻ കഴിയു; പടിഞ്ഞാറു ഭാഗത്തു മെഡിറ്ററേനിയൻ സമുദ്രം. പ്രസ്തുത സമുദ്രത്തെ തിരുവെഴുത്തുകളിൽ മഹാസമുദ്രം എന്നത്രേ വിളിച്ചിരിക്കുന്നത്. പലസ്തീന്റെ മറ്റതിരുകൾ ചുറ്റുമുള്ള രാജ്യങ്ങളുടെ ആക്രമണഫലമായി കാലാകാലങ്ങളിൽ മാറിക്കൊണ്ടിരുന്നു. തെക്കെ അതിരായി പഴയനിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു് ബേർ-ശേബയെയാണ്. വടക്കുഭാഗത്തും വ്യക്തമായ അതിരില്ല. പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന വടക്കെ അതിർ ദാൻ അത്രേ. ”ദാൻ മുതൽ ബേർ-ശേബവരെ” എന്ന പ്രയോഗം മുഴുവൻ പലസ്തീനെയും ഉൾക്കൊള്ളുന്നു. (ന്യായാ, 20:1; 1ശമൂ, 3:20; 2ശമൂ, 3:9). വടക്കുനിന്നും തെക്കോട്ടു ദാൻ മുതൽ ബേർ-ശേബവരെ 241 കിലോമീറ്റർ നീളമുള്ളണ്ട്. പലസ്തീന്റെ തലസ്ഥാനമായ യെരൂശലേമിന്റെ സ്ഥാനം ഉത്തരഅക്ഷാംശം 30°ക്ക് അല്പം താഴെയാണ്. സോരിനു 48 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ലയീശത്രേ ദാൻ. പലസ്തീന്റെ കിഴക്കെ അതിർ വിദൂരസ്ഥമായ യൂഫ്രട്ടീസ് നദിയും (ആവ, 1:7), മറ്റു ചിലപ്പോൾ സമീപസ്ഥമായ യോർദ്ദാൻ നദിയുമാണ്.
യോർദ്ദാൻ നദിയുടെ പശ്ചിമ ഭാഗത്തെയാണ് പൊതുവെ പലസ്തീൻ രാജ്യമായി കണക്കാക്കി വരുന്നത്. വടക്കു ദാൻ മുതൽ ബേർ-ശേബവരെയും പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രം മുതൽ കിഴക്കു യോർദ്ദാൻ വരെയും പലസ്തീന്റെ വിസ്തീർണ്ണം ഏകദേശം 15,540 ചതുരശ്ര കിലോമീറ്ററാണ്. ട്രാൻസ് യോർദ്ദാൻ (യോർദ്ദാനക്കരെ) എന്നു വിളിക്കുന്ന കിഴക്കേക്കരയിലും യിസ്രായേൽ ഗോത്രങ്ങൾ (2½) പാർത്തിരുന്നു. കിഴക്കൻ യോർദ്ദാന് ഏകദേശം 10,360 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണം ഉണ്ട്. ഈ രണ്ടു ഭാഗങ്ങൾ ചേരുമ്പോഴും പലസ്തീന്റെ വിസ്തൃതി വെറും 25, 900 ചതുരശ്ര കിലോമീറ്ററേ ഉള്ളൂ. വലുപ്പത്തിൽ കേരളത്തെക്കാളും ചെറുതത്രേ പലസ്തീൻ. കേരളത്തിന്റെ വിസ്തീർണ്ണം 38,855 ചതുരശ്ര കിലോമീറ്ററാണെന്ന് ഓർക്കുക. ഇന്നത്തെ യിസ്രായേലിന്റെ വലുപ്പം 20,779 ചതുരശ്ര കിലോമീറ്ററാണ് (1967-ലെ യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളൊഴികെ). ആധുനിക യിസ്രായേലിന്റെ അതിരുകൾ വടക്കു ലെബാനോനും, കിഴക്കു സിറിയയും ജോർഡാനും തെക്ക് യു.എ.ആറും പടിഞ്ഞാറു മെഡിറ്ററേനിയൻ സമുദ്രവും ആണ്.