മിസ്രയീം (Egypt)
മിസ്രയീം ഇംഗ്ലീഷിൽ ഈജിപ്റ്റും, ഗ്രീക്കിൽ ഐഗുപ്റ്റൊസും ആണ്. ഹകുപ്താ എന്ന ഈജിപ്ഷ്യൻ പേരാണ് ഐഗുപറ്റൊസ് ആയത്. പൗരാണിക ഈജിപ്റ്റിന്റെ തലസ്ഥാനമായ മെംഫിസിന്റെ പേരുകളിലൊന്നാണ് ഹകുപ്താ. അംശത്തിന്റെ പേർ പൂർണ്ണത്തിന് ഉപയോഗിക്കുന്ന ശബ്ദാർത്ഥ വ്യവസ്ഥയനുസരിച്ച് തലസ്ഥാനനഗരിയുടെ പേർ രാജ്യത്തിന്റെ പേരായി മാറി. ഈജിപ്റ്റിലെ ജനങ്ങൾ തങ്ങളുടെ ദേശത്തെ വിളിച്ചിരുന്നതു കെമെത് എന്നാണ്; കറുത്ത നാട് എന്നർത്ഥം. മരുഭൂമിയിലെ ചുവന്ന മണ്ണിൽ നിന്നു വ്യത്യസ്തമായ നൈൽതീരത്തെ എക്കൽ മണ്ണിന്റെ നിറത്തെ അതു സൂചിപ്പിക്കുന്നു. ഹാമിന്റെ വംശജരാണ് മിസ്രയീമ്യർ. ഹാമ്യരുടെ നിറം കറുപ്പാണ്. ഹാം, കെമെത് എന്നീ പദങ്ങൾക്കു പരസ്പരം സാമ്യമുണ്ട്. തോവി എന്ന മറ്റൊരു പേരും കാണുന്നു; രണ്ടു നാടുകൾ എന്നർത്ഥം. മിസ്രയീം എന്നപേരും ദ്വിവചനമാണ്. ഉത്തരദക്ഷിണ ഈജിപ്റ്റുകളെ ഈ പേരുകൾ സൂചിപ്പിക്കുന്നു. ബി.സി. 14-ാം നൂറ്റാണ്ടു മുതലുള്ള രേഖകളിൽ മിസ്രയീം എന്ന പേർ കാണുന്നുണ്ട്.
ഭൂപ്രകൃതിയും കാലാവസ്ഥയും: വടക്ക് മെഡിറ്ററേനിയൻ സമുദ്രം, തെക്കു സുഡാൻ, പടിഞ്ഞാറു ലിബിയൻ മരുഭൂമി, കിഴക്കു ചെങ്കടലും അക്വാബാ ഉൾക്കടലും, വടക്കുകിഴക്കു യിസ്രായേൽ എന്നിവയാണ് ഈജിപ്റ്റിന്റെ അതിർത്തികൾ. ഉത്തരാഫ്രിക്ക മുഴുവൻ വ്യാപിച്ചുകിടക്കുന്ന സഹാറാ മരുഭൂമിയുടെ ഭാഗമാണ് ഈജിപ്റ്റ്. തെക്കുവടക്കായി ഒഴുകുന്ന നൈൽ നദിയാണ് ഈജിപ്റ്റിനെ ഫലഭൂയിഷ്ഠമാക്കുന്നത്. ആധുനിക ഈജിപ്റ്റിനു ഏകദേശം 10,00,250 ച.കി.മീറ്റർ വ്യാപ്തിയുണ്ട്. അതിൽ 96% മരുഭൂമിയും 4% കൃഷ്യർഹമായ ഭൂമിയുമാണ്. 4% ദേശത്താണ് ജനസംഖ്യയുടെ 99% പാർക്കുന്നത്. ‘നൈലിന്റെ ദാനം’ എന്നു ഈജിപ്റ്റിനെക്കുറിച്ചു ഹെകറ്റെയൂസ് പറഞ്ഞു. ഈ വാക്കുകളെ ഹെരൊഡോട്ടസ് ആവർത്തിച്ചുദ്ധരിച്ചിട്ടുണ്ട്. ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന ഈജിപ്റ്റിലെ കാലാവസ്ഥ വരണ്ടതാണ്. പ്രതിവർഷം അലക്സാണ്ട്രിയയിൽ 19 സെ.മീറ്ററും കൈറോയിൽ 3 സെ.മീറ്ററും മഴ ലഭിക്കുമ്പോൾ അസ്വാനിൽ മഴ ലഭിക്കുന്നില്ല എന്നു തന്നെ പറയണം.
അസ്വാന്റെ അടുക്കലുള്ള ഒന്നാം ജലപാതം മുതൽ മെംഫിസ് (കെയ്റോ) വരെയുള്ള ഇടുങ്ങിയതും ദീർഘമേറിയതുമായ നൈൽ താഴ്വരയും കെയ്റോ മുതൽ സമുദ്രം വരെയുള്ള വിശാലമായ ഡെൽറ്റയും ചേർന്നതാണ് പൗരാണിക ഈജിപ്റ്റ്. ഈജിപ്റ്റിന്റെ ദ്വന്ദ്വപ്രകൃതിക്കു കാരണം ഡൽയാണ്. അത് ഈജിപ്റ്റിനെ ദക്ഷിണ ഈജിപ്റ്റ് (Upper Egypt) ഉത്തര ഈജിപ്റ്റ് (Lower Egypt) എന്നിങ്ങനെ രണ്ടായി തിരിക്കുന്നു. തെക്കുനിന്നു വടക്കോട്ടൊഴുകുന്ന അപൂർവ്വം നദികളിലൊന്നാണ് നൈൽ. ദക്ഷിണ ഈജിപ്റ്റ് Upper Egypt-ഉം ഉത്തര ഈജിപ്റ്റ് Lower Egypt-ഉം ആയതിനു കാരണം അതാണ്. ഇരുവശവും കുന്നുകളാൽ ചുറ്റപ്പെട്ട നൈൽ താഴ്വരയ്ക്ക 19 കി.മീറ്ററിലധികം വീതിയില്ല. ചില സ്ഥാനങ്ങളിൽ അതു വളരെ ഇടുങ്ങുകയും ചെയ്യുന്നു. വെള്ളം എത്തുന്ന ഇടം വരെയും പച്ചസസ്യങ്ങൾ വളരുന്നു. അതിനപ്പുറം കുന്നുകൾ വരെയും മരുഭൂമിയാണ്. കെയ്റോയ്ക്ക് 20 കി.മീറ്റർ വടക്കുവെച്ച് നൈൽനദി രണ്ടു കൈവഴികളായി പിരിയുന്നു. ഉത്തരശാഖ റോസെറ്റയിൽ വച്ചും പൂർവ്വശാഖ ഡാമിയറ്റെയിൽ വച്ചും സമുദ്രത്തോടു ചേരുന്നു. കെയ്റോ മുതൽ സമുദ്രം വരെയുളള ദൂരം ഏകദേശം 160 കി.മീറ്റർ ആണ്. നൈൽ നദിയുടെ ഇരുശാഖയ്ക്കും ഇടയിലുള്ള പ്രദേശം ഡൽറ്റയാണ്. നദിയിലൂടെ ഒലിച്ചുവന്ന എക്കൽ മണ്ണാണ് ഡൽറ്റ രൂപപ്പെടുത്തിയത്. ഡൽറ്റയോടൊപ്പം കെയ്റോയ്ക്ക് തെക്കുള്ള നൈൽ താഴ്വരയുടെ ഉത്തരഭാഗവും ഉത്തര ഈജ്പിറ്റിൽ ഉൾക്കൊള്ളുന്നു. നൈൽ താഴ്വരയ്ക്കും പടിഞ്ഞാറ് സഹാറാ മരുഭൂമിയാണ്. നൈൽ താഴ്വരയ്ക്കും കിഴക്ക് ചെങ്കടലിനും ഇടയ്ക്ക് അറേബ്യൻ മരുഭൂമിയാണ്. സൂയസ് ഉൾക്കടലിനു കിഴക്കു സീനായി ഉപദ്വീപാണ്. മരുഭൂമികളാൽ ബാഹ്യബന്ധങ്ങളിൽ നിന്നും വിച്ഛേദിക്കപ്പെട്ടു ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞ ഈജിപ്റ്റിൽ ഒരു തനതായ സംസ്കാരം വളർന്നുവന്നു. പൗരാണിക സാമ്രാജ്യത്തിന്റെ കാലത്ത് (നാലാം രാജവംശം) ജില്ലകൾ ഉദയം ചെയ്തു. ഉത്തര ഈജിപ്റ്റിൽ ഇരുപതും ദക്ഷിണ ഈജിപ്റ്റിൽ ഇരുപത്തിരണ്ടും ജില്ലകൾ ഉണ്ടായിരുന്നു.
ജനതയും ഭാഷയും: പൗരാണിക മിസ്രയീമ്യർ ഹാമിന്റെ സന്തതികളാണ്; (ഉല്പ, 10:6). ഹാമ്യർ ആഫ്രിക്കൻ വംശ്യരാണ്. പില്ക്കാലത്ത് ബാബിലോന്യ ആക്രമണം ഉണ്ടാകുകയും തൽഫലമായി ഒരു ശേമ്യജനത കുടിയുറപ്പിക്കുകയും ചെയ്തു. ഭാഷയിലും സംസ്കാരത്തിലും അവരുടെ സ്വാധീനം ഉണ്ടായി. ഭാഷയുടെ വളർച്ചയിൽ അഞ്ചു പ്രധാനഘട്ടങ്ങൾ ദൃശ്യമാണ്: 1. പൗരാണിക ഈജിപ്ഷ്യൻ: പിരമിഡുകളിലെ ലിഖിതങ്ങൾ ഈ ഭാഷയിലായിരുന്നു. അതിന്റെ കാലം 1-8 രാജവംശത്തിന്റേതാണ് 2. മദ്ധ്യകാല ഈജിപ്ഷ്യൻ: 9-18 രാജവംശങ്ങളുടെ കാലം. ഈജിപ്റ്റിലെ സാഹിത്യകൃതികളെല്ലാം ഈ ഭാഷയിൽ രചിക്കപ്പെട്ടു. പില്ക്കാലത്തു അനുകരിക്കപ്പെട്ട ക്ലാസിക്കൽ ഭാഷയായി അതു നിലനിന്നു. 3. പില്ക്കാല ഈജിപ്ഷ്യൻ: നവസാമ്രാജ്യകാലത്തും അതിനുശേഷവും സംഭാഷണഭാഷ ഇതായിരുന്നു. കച്ചവടരേഖകളിലും ചുരുങ്ങിയ സാഹിത്യകൃതികളിലും ഈ ഭാഷ ശേഷിക്കുന്നുണ്ട്. 4. ജനകീയഭാഷ: ഒരു പൊതുവായ അക്ഷരമാലയിൽ എഴുതപ്പെട്ട ഭാഷയാണിത്. ബി.സി. 700 മുതൽ എ.ഡി. 450 വരെ ഈ ഭാഷ നിലനിന്നു. 5. കോപ്റ്റിക്: എ.ഡി. 3-ാം നൂറ്റാണ്ടു മുതൽ കോപ്റ്റിക് ഭാഷ പ്രാബല്യം പ്രാപിച്ചു. ഈജിപ്ഷ്യൻ ഭാഷയുടെ അവസാനഘട്ടമാണ് കോപ്റ്റിക്. ഈജിപ്റ്റിലെ ക്രിസ്ത്യാനികൾ അഥവാ കോപ്റ്ററുകളാണ് ഇതിനെ സാഹിത്യമാധ്യമം ആക്കിയിത്. ഗ്രീക്കു അക്ഷരമാലയോടു കൂടി ജനകീയ അക്ഷര മാലയിൽ നിന്നെടുത്ത ഏഴക്ഷരങ്ങൾ ചേർന്നതാണ് കോപ്റ്റിക് ഭാഷ. ആധുനിക ഈജിപ്റ്റിലെ ഭാഷ അറബിയാണ്. ഈജിപ്റ്റിലെ പ്രാചീനതമമായ അക്ഷരമാല ഹൈറോഗ്ലിഫിക്സ് അതേ. അതു ചിത്രഭാഷയായിരുന്നു. ബി.സി. എട്ടാം നൂറ്റാണ്ടിൽ ജനകീയ എഴുത്തു നിലവിൽ വന്നു. എ.ഡി. 1799-ൽ കണ്ടെടുത്ത റോസെറ്റ ശിലയിൽ ഹൈറോഗ്ലിഫിക്സ്, ജനകീയലിപി, ഗ്രീക്ക് എന്നീ ഭാഷകൾ ഉപയോഗിച്ചിരുന്നു. ഈജിപ്ഷ്യൻ ഭാഷയുടെ പഠനത്തിനു വഴിതെളിച്ചതു ഈ ശിലയാണ്.
മതം: മിസ്രയീമിലെ മതം ബഹുദേവതാ വിശ്വാസമായിരുന്നു. ആദ്യകാലത്ത് ഓരോ പട്ടണത്തിനും ഓരോ ദേവതയുണ്ടായിരുന്നു. അവയിലെ പല ദേവതകളും മിസ്രയീമ്യമതത്തിൽ അലിഞ്ഞു ചേർന്നു. പ്രധാനദേവതകൾ: 1. സൂര്യദേവനായ റാ: ഹെലിയോ പൊലിസ് അഥവാ സൂര്യ നഗരത്തിൽ പൂജിക്കപ്പെട്ടിരുന്നു. അഞ്ചാം രാജവംശത്തിന്റെ കാലത്താണ് സൂര്യദേവൻ പ്രാബല്യത്തിൽ വന്നത്. 2. ഒസിരിസ്: നൈൽ ദേവനാണ്. ഫലപുഷ്ടിയുടെ ദേവതയായി ആരാധിക്കപ്പെട്ടു. ഗ്രീസിലെയും റോമിലെയും ഗൂഢമതങ്ങൾ ഒസിരിസിനെയും ഐസിസിനെയും ആഗിരണം ചെയ്തു. 3. ഹോറസ്: ഒസിരിസിന്റെയും ഐസിസിന്റെയും പുത്രനായ മറ്റൊരു സൂര്യദേവൻ. 4. ആമെൻ റാ രാജ്യത്തിന്റെ പൊതു ദേവനായിത്തീർന്നു. 5. മെംഫിസിലെ ദേവനാണ് പ്താ. ചന്ദ്രനും ദേവതയായി പൂജിക്കപ്പെട്ടു. പ്രകൃതി വസ്തുക്കളിലും പ്രതിഭാസങ്ങളിലും അദൃശ്യശരീരികൾ വസിക്കുന്നു എന്നവർ വിശ്വസിച്ചു. മുതലയും മീനും പശുവും പൂച്ചയുമെല്ലാം ആരാധ്യവസ്തുക്കളായി മാറി. ദേവതകളിൽ പലതിന്റെയും ശരീരം മനുഷ്യരൂപവും തല മൃഗരൂപവുമാണ്. അഖ്നാതന്റെ കാലത്ത് ഒരു സാർവ്വലൗകിക ദേവനെ അവരോധിക്കുവാൻ ശ്രമം നടത്തി. അതു താൽക്കാലിക ഫലമേ നല്കിയുള്ളൂ. അവരുടെ സാഹിത്യഗ്രന്ഥങ്ങളധികവും മൃതന്മാരെ സംബന്ധിക്കുന്നവയാണ്. മരണാനന്തരജീവിതത്തിൽ അവർ അടിയുറച്ചു വിശ്വസിച്ചിരുന്നു. തന്മൂലം മൃതശരീരങ്ങളെ കേടുകൂടാതെ സൂക്ഷിക്കുവാൻ അവർ കാലവും ധനവും വ്യയം ചെയ്തു. മിസ്രയീമ്യ മതസ്വാധീനം ബൈബിളിലില്ല. പലപ്പോഴും യിസ്രായേല്യർ മിസ്രയീമ്യ ദേവപൂജയിലേക്കു വഴുതിവീണിട്ടുണ്ട്. ഉദാ: കാളക്കുട്ടി പൂജ.
ചരിത്ര സംക്ഷേപം: ബി.സി. 290-നടുപ്പിച്ച് മാനെതൊ എന്ന പുരോഹിതൻ ഈജിപ്റ്റിന്റെ ചരിത്രം ഗ്രീക്കിലെഴുതി. അതിൽ ഏകീകൃത ഈജിപ്റ്റിന്റെ ചരിത്രത്തെ മുപ്പത്തൊന്നു രാജവംശങ്ങളായി തിരിച്ചു. രാജവംശ ചരിത്രം ആരംഭിക്കുന്നതു ബി.സി. 2900 മുതലും അവസാനിക്കുന്നത് ബി.സി. 332-ലെ അലക്സാണ്ടറിന്റെ ഈജിപ്റ്റ് ആക്രമണത്തോടും ആണ്. നൈൽ തടത്തുനിന്നും സമീപത്തുള്ള മരുപ്രദേശത്തു നിന്നും ശിലായുഗാവശിഷ്ടങ്ങൾ ധാരാളം കണ്ടെടുത്തിട്ടുണ്ട്. നവീന ശിലായുഗത്തിൽ നൈൽ തടത്തിനു സമീപമുളള ചതുപ്പു നിലത്തിനും മരുഭൂമിക്കും ഇടയിലാണ് ജനങ്ങൾ കൂട്ടമായി പാർത്തിരുന്നത്. അവർ ഇഷ്ടികകൊണ്ടു വീടുണ്ടാക്കുകയും കൃഷിനടത്തുകയും ചെയ്തിരുന്നു. ചരിത്രാതീതകാല നാഗരികത ബി.സി. 5000-ൽ ആരംഭിച്ചു. എന്നു കരുതപ്പെടുന്നു. ഈ കാലത്ത് സ്വതന്ത്രജില്ലകൾ ഉദയം ചെയ്തു. അവയിൽ ഓരോന്നിന്റെയും കൊടിയടയാളം സസ്യമോ മൃഗമോ ആയിരുന്നു. ഒടുവിൽ സ്വതന്ത്രജില്ലകളുടെ സ്ഥാനത്ത് രണ്ടു പ്രബലമായ രാഷ്ട്ങ്ങളുണ്ടായി; ദക്ഷിണ ഈജിപ്റ്റം, ഉത്തര ഈജിപ്റ്റം. ദക്ഷിണ ഈജിപ്റ്റിന്റെ തലസ്ഥാനം ഓംബൊസ് (Ombos) ആയിരുന്നു; ചിഹ്നം താമരയും. ഉത്തര ഈജിപ്റ്റിന്റെ തലസ്ഥാനം അലക്സാണ്ടിയയ്ക്ക് അടുത്തുള്ള ബെഹ്ദത് (behdet) ആയിരുന്നു; ദേശീയ ചിഹ്നം പാപ്പിറസും. രാജ്യത്തിന്റെ ഏകീകരണശേഷവും ദ്വന്ദ്വഭാവം നിലനിന്നു. ഭരണാധിപന്മാരുടെ ഔദ്യോഗിക നാമം ”ദക്ഷിണോത്തര ഈജിപ്റ്ററുകളുടെ രാജാവു” എന്നാണ്. ദേശീയ ചിഹ്നത്തിൽ താമരയും പാപ്പിറസും കൂട്ടിച്ചേർത്തു.
ഈജിപ്റ്റിന്റെ ചരിത്രത്തെ താഴെപ്പറയുന്ന ഘട്ടങ്ങളായി തിരിക്കാം. 1. ആദ്യരാജവംശകാലം. ബി.സി. 2900-2700. 2. പൗരാണിക സാമ്രാജ്യം. 2700-2200. ഇതിനെ പിരമിഡുയുഗം എന്നു വിളിക്കുന്നു. 3. ഒന്നാമത്തെ ഇടക്കാലം. 2200-1900. 4. മദ്ധ്യസാമ്രാജ്യം. 1900-1750. 5. രണ്ടാമത്തെ ഇടക്കാലം. 1750-1570. 6. നവീന സാമ്രാജ്യം. 1570-1150. 7. അപചയം. 1085-332. മാനെതൊയുടെ വിവരണമനുസരിച്ച് മെനസ് അഥവാ നാർമർ ആയിരുന്നു ആദ്യരാജാവും ആദ്യരാജ വംശത്തിന്റെ സ്ഥാപകനും. ഒന്നും രണ്ടും രാജവംശത്തിലെ രാജാക്കന്മാരെ തൈന്യർ എന്നുവിളിക്കുന്നു. അബിദോസിലും മറ്റുമുള്ള ശവകുടീരങ്ങളിൽ നിന്നും എട്ടു രാജാക്കന്മാരുടെ പേരുകൾ അറിയാൻ കഴിഞ്ഞു. ഇവിടെയുള്ള ശവകുടീരങ്ങളും കൊള്ളയടിക്കപ്പെട്ടു. മൂന്നും നാലും രാജവംശങ്ങളുടെ കാലത്ത് (ബി.സി. 2700-2200) തലസ്ഥാനം മെംഫിസിലായിരുന്നു. മുന്നാം രാജവംശത്തിലെ സോസർ എന്ന പ്രഖ്യാത ഫറവോനാണ് സക്കാറയിലെ പിരമിഡു നിർമ്മിച്ചത്. ചരിത്രത്തിൽ അറിയപ്പെടുന്ന പ്രഥമ മഹാശിലാശില്പമാണിത്. അതിന് 57 മീറ്റർ ഉയരമുണ്ട്. നാലാം രാജവംശ സ്ഥാപകനായ കുഫുവാണ് ഏറ്റവും വലിയ പിമ്മിഡിന്റെ നിർമ്മാതാവ്. ഗിസയിൽ നിർമ്മിച്ച ഈ പിരമിഡു 13 ഏക്കർ വ്യാപിച്ചു നില്ക്കുന്നു. അതിന് 148 മീറ്റർ ഉയരമുണ്ട്. 2.5 ടൺ വീതം ഭാരമുള്ള 23 ലക്ഷം ചുണ്ണാമ്പു കൽപാളികളാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. അഞ്ചും ആറും രാജവംശത്തിലെ രാജാക്കന്മാരുടെ പിരമിഡുകളുടെ ചുവരുകളിലും ഉള്ളിലേക്കുള്ള പാതകളിലും ലിഖിതങ്ങളുണ്ട്. ഇവയെ പിരമിഡു ഗ്രന്ഥങ്ങളെന്നു വിളിക്കുന്നു. സൂര്യദേവന്റെ സന്നിധിയിൽ മൃതരാജാക്കന്മാർക്കു ലഭിക്കുന്ന മഹത്വപൂർണ്ണമായ മരണാനന്തര ജീവിതമാണ് അവയിലെ പ്രതിപാദ്യം.
മെംഫിസ് തലസ്ഥാനമാക്കി ഭരിച്ച 7-11 രാജവംശങ്ങളിലെ രാജാക്കന്മാർ ദുർബ്ബലന്മാരായിരുന്നു. അവരുടെ ഭരണകാലം ഏകദേശം 2200-1900 ബി.സി. പന്ത്രണ്ടാം രാജവംശം (1900-1750 ) മദ്ധ്യകാല സാമ്രാജ്യം എന്നറിയപ്പെടുന്നു. തദ്ദേശീയരായ തീബ്യരായിരുന്നു രാജാക്കന്മാർ. പലസ്തീനിലെ ഗോത്രപിതാക്കന്മാരുടെ കാലത്തിനു സമാന്തരമാണ് ഇവരുടെ കാലം. ഇക്കാലത്താണ് യോസേഫ് ഈജിപ്റ്റിൽ പ്രധാനമന്ത്രിയായതും യാക്കോബ് ഈജിപ്റ്റിലെത്തിയതും. ഈജിപ്ഷ്യൻ സാഹിത്യത്തിന്റെ സുവർണ്ണകാലമായിരുന്നു അത്. അമെനെമെസ് ഒന്നാമൻ പുത്രനുവേണ്ടി അനേകം സദൃശവാക്യങ്ങൾ രചിച്ചു. ചെങ്കടലിനെ പൂർവ്വ ഡൽറ്റയിലുള്ള നൈലിന്റെ ഏറ്റവും സമീപസ്ഥമായ ശാഖയുമായി ബന്ധിപ്പിക്കുന്നതിന് കനാൽ നിർമ്മിച്ചു. വ്യവസായത്തിന്റെയും സാമ്പത്തിക അഭിവൃദ്ധിയുടെയും കാലമായിരുന്നു അത്. 13-ഉം 14-ഉം രാജവംശങ്ങളിലെ ചക്രവർത്തിമാർ ദുർബ്ബലന്മാരായിരുന്നു. കൊട്ടാരത്തിലെ ഉപജാപങ്ങൾ മൂലം രാജവാഴ്ചയ്ക്കുടവു തട്ടി. അനന്തരം ഹിക്ക്സോസുകൾ (വിദേശ ഭരണാധികാരികൾ) ഈജിപ്റ്റി ആക്രമിച്ചു കീഴടക്കി. ഇവരെ പൊതുവെ ഇടയരാജാക്കന്മാർ എന്നു വിളിക്കുന്നു. ഹിത്യരുടെയും ഹൂര്യരുടെയും കലർപ്പോടുകൂടിയ ശേമ്യ ജനതയായിരിക്കണം ഹിക്സോസുകൾ. ഡെൽറ്റയിലെ അവാറിസ് ആയിരുന്നു തലസ്ഥാനം. പതിനേഴാം രാജവംശത്തിലെ അവസാനരാജാവായി അഹ്മൊസ് ഹിക്സോസുകളെ ഈജിപ്റ്റിൽ നിന്നും പൂർണ്ണമായി ബഹിഷ്ക്കരിച്ചു. ഈജിപ്റ്റിൽ കുതിരയും രഥവും ഉപയോഗിച്ചതും സാമ്രാജ്യം എന്ന ധാരണയ്ക്ക രൂപം നല്കിയതും ഹിക്സോസുകളായിരുന്നു.
18-20 രാജവംശങ്ങളുടെ കാലം (ബി.സി. 1570 – 1150) നവീന സാമ്രാജ്യം എന്നറിയപ്പെടുന്നു. ഈജിപ്റ്റിന്റെ സുവർണ്ണകാലമായിരുന്നു അത്. അമെൻഹോട്ടപ് പ്രഥമൻ (1546-1525), തുത്ത്മൊസ് പ്രഥമൻ (1525-1508), തുത്ത്മൊസ് ദ്വിതീയൻ (1503-1504), ഹത്ഷേപ്സുത്ത് രാജ്ഞി (1504-1482), തുത്ത്മൊസ് തൃതീയൻ (1482-1450) എന്നിവരായിരുന്നു ഈ കാലത്ത പ്രതാപികളായ രാജാക്കന്മാർ. തുത്ത്മൊസ് തൃതീയൻ ഒരു വലിയ യോദ്ധാവായിരുന്നു. ഇരുപതു കൊല്ലത്തോളം ഭരണം നടത്തിയ ഹത്ഷേപ്സുത്ത് ആണ് ലോകചരിതത്തിലെ ആദ്യരാജ്ഞിയായി (രാജാധികാരം നടത്തിയ) കരുതപ്പെടുന്നത്. ഇവർക്കു ശേഷമാണ് തുത്ത്മൊസ് മൂന്നാമൻ ഭരണമേറ്റത്. അദ്ദേഹത്തിന്റെ കാലത്ത് ഈജിപ്ഷ്യൻ സാമ്രാജ്യം പലസ്തീൻ, സിറിയ എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. മെഗിദ്ദോ യുദ്ധത്തിൽ (ബി.സി. 1482) ഹിത്യരെ തോല്പിച്ചു. മസ്സോറെറ്റിക് പാഠത്തിലെ കാലക്കണക്കനുസരിച്ചു യിസ്രായേൽമക്കളെ പീഡിപ്പിച്ചത് തുത്ത്മൊസ് മൂന്നാമനാണ്. യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നും പുറപ്പെട്ടത് അമെൻ ഹൊട്ടപ് ദ്വിതീയന്റെ കാലത്തായിരിക്കണം. അടുത്ത പ്രമുഖരാജാവ് തുത്ത്മൊസ് നാലാമനാണ്. അയാളുടെ പുത്രനായ അമെൻഹൊട്ടപ് തൃതീയന്റെ കാലം (1412 – 1375) അമർണകാലം എന്നറിയപ്പെടുന്നു. അനന്തരം അമെൻ ഹൊട്ടപ് നാലാമൻ (1375-1366) രാജാവായി. ഇയാൾ അഖ്നാതൻ (Akhnaton) എന്നറിയപ്പെട്ടു. അഖ്നാതൻ ആതന്റെ (സൂര്യദേവൻ) ആരാധകനായിരുന്നു. അഖെതാതോനിലേക്കു (തേൽ-എൽ-അമർണ) തലസ്ഥാനം മാറ്റി. എ.ഡി. 1886-ൽ അമർണാ എഴുത്തുകൾ ഇവിടെ നിന്നും കണ്ടെടുത്തു. അമർണയിൽ ആതൻ ദേവനു വേണ്ടി ദൈവാലയങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ചു. അഖ്നാതന്റെ ജാമാതാവായ തുത്തൻഖാമൻ തീബ്സിൽ തലസ്ഥാനം പുനഃസ്ഥാപിച്ചു തുത്തൻഖാമന്റെ ആഡംബരപൂർണ്ണമായ ശവകുടീരം 1922-ൽ കണ്ടുപിടിച്ചു. 19-ാം രാജവംശത്തിലെ (1353 – 1319) ഹാറംഹബ് പരമ്പരാഗതമായ മതം പുനഃസ്ഥാപിച്ചു. ആതൻദേവന്റെ സ്മാരകങ്ങൾ നശിപ്പിച്ച് ആമൻദേവനെ പ്രതിഷ്ഠിച്ചു. ഒരു വർഷം മാത്രമാണ് റയംസേസ് ഒന്നാമൻ ഭരണം നടത്തിയത്. അദ്ദേഹത്തിന്റെ പിൻഗാമി ആയിരുന്നു സേത്തി ഒന്നാമൻ (1318-1299) ഇയാൾ പലസ്തീൻ ആക്രമിച്ചു. റയംസേസ് രണ്ടാമൻ (1299-1232) സിറിയ തിരിച്ചു പിടിക്കുകയും ഹിത്യരുമായി സമാധാനസന്ധി ഉണ്ടാക്കുകയും ചെയ്തു. അടുത്ത രാജാവായ മെറെൻപ്ത (1232-1222 ) ഒരു വലിയ ആക്രമണകാരിയായിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാതമായ ശിലാലിഖിതത്തിലാണ് യിസ്രായേൽ ആദ്യമായി പരാമർശിക്കപ്പെടുന്നത്. 20-ാം രാജവംശത്തിൽ (1200-1085) പത്തോളം രാജാക്കന്മാർ ഉണ്ടായിരുന്നു.
ആമൻ പുരോഹിതനായ ഹരിഹർ അധികാരം പിടിച്ചെടുത്തു 21-ാം രാജവംശം സ്ഥാപിച്ചു. ഇക്കാലത്ത് ലിബ്യരുടെ അധിനിവേശം ഈജിപ്റ്റിലുണ്ടായിരുന്നു. ഷെഷോങ്ക് ഒന്നാമൻ (ശീശക്) 23-ാം രാജവംശം സ്ഥാപിച്ചു. ഇദ്ദേഹം ലിബിയൻ വംശജനും സൈന്യാധിപനും ആയിരുന്നു. 25-ാം രാജവംശം നോബ്യനായിരുന്നു. തുടർന്നു ഭരിച്ച നാലുവംശങ്ങൾക്ക് ചരിത്രത്തിൽ വലിയ പ്രസക്തി ഇല്ല. ബി.സി. 680-നടുപ്പിച്ച് ഈജിപ്റ്റിനു മേൽ അശ്ശൂർ പ്രാബല്യം പ്രാപിച്ചു. ഏസെർ-ഹദ്ദോൻ ഡൽറ്റാ ആക്രമിച്ചു. ഫറവോൻ തഹർക്ക ഉത്തര ഈജിപ്റ്റ് അശ്ശൂരിനു വിട്ടുകൊടുത്തു. അശ്ശൂർ സൈന്യം പിൻവലിച്ചപ്പോൾ തഹർക്ക ഉത്തര ഈജിപ്റ്റിനെ തന്റെ രാജ്യത്തോടു ചേർത്തു. അശ്ശൂർ ബനിപ്പാളിന്റെ കീഴിൽ അശ്ശൂർ വീണ്ടും ഈജിപ്റ്റ് ആക്രമിച്ചു. അശ്ശൂർ ബനിപ്പാളിന്റെ രണ്ടാം ആക്രമണത്തിൽ തീബ്സ് നിരോധിക്കപ്പെട്ടു. (നഹും, 3:8-10). 26-ാം രാജവംശത്തിന്റെ (663-525) സ്ഥാപകൻ പ്സാമെറ്റിക്കസ് ആയിരുന്നു; തലസ്ഥാനം സൈസ്. അദ്ദേഹം 650 വരെയും അശ്ശൂരിനു സാമന്തനായിരുന്നു.
അശ്ശൂർ രാജാവിനു ബാബിലോണിയയിലെ കലാപം അടിച്ചമർത്തുന്നതിനു ഈജിപ്റ്റിൽ നിന്നും സൈന്യം പിൻവിലിക്കേണ്ടി വന്നു. സന്ദർഭം പാഴാക്കാതെ ഈജിപ്റ്റ് സ്വതന്ത്രമായി. അനന്തരഗാമിയായ നെബോ രണ്ടാമൻ (609-593) 608-ൽ മെഗിദ്ദോയിൽ വച്ച് യോവാശ് രാജാവിനെ കൊന്നു. ബി.സി. 605-ൽ കർക്കെമീശിൽ വച്ചുണ്ടായ യുദ്ധത്തിൽ ഈജിപ്റ്റിലെ സൈന്യം പരാജയത്തിന്റെ വക്കിലെത്തി. പിതാവായ നബോപൊലാസർ മരിച്ചതിനെ തുടർന്ന് നെബൂഖദ്നേസറിനു യുദ്ധം നിറുത്തിവച്ചു മടിങ്ങിപ്പോകേണ്ടി വന്നു. അതുകൊണ്ട് ഫറവോൻ നൊഖോ രക്ഷപ്പെട്ടു. തുടർന്നു പ്സാമെറ്റിക്കസ് രണ്ടാമൻ, ഹൊഫ്ര, അമാസിസ് രണ്ടാമൻ, പ്സാമെറ്റിക്കസ് മുന്നാമൻ എന്നിവർ രാജാക്കന്മാരായി. അമാസിസിന്റെ കാലത്തു നെബൂഖദ്നേസർ ഈജിപ്റ്റ് ആക്രമിക്കുവാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ അന്ത്യത്തിൽ പാർസി സാമ്രാജ്യം പ്രാബല്യം പ്രാപിച്ചു. പുത്രനായ പ്സാമെറ്റിക്കസ് തൃതീയൻ ഭരണം ആരംഭിച്ചു അധികം നാൾ കഴിയുന്നതിനു മുമ്പു കോരെശിന്റെ പുത്രനായ കാംബിസസ് രണ്ടാമൻ ഈജിപ്റ്റ് കീഴടക്കി. 27-30 രാജവംശങ്ങളുടെ കാലത്ത് ഈജിപ്റ്റ് പാർസികൾക്ക് വിധേയമായിരുന്നു. ബി.സി. 332-ൽ അലക്സാണ്ടർ ചക്രവർത്തി ഈജിപ്റ്റ് കീഴടക്കി. ബി.സി. 30-ൽ ക്ലിയോപാട്ര മരിക്കുന്നതു വരെ ടോളമികളാണ് ഈജിപ്റ്റ് ഭരിച്ചത്.
മിസ്രയീം ബൈബിളിൽ: സമീപസ്ഥ രാജ്യങ്ങളിൽ യിസ്രായേലിനോടുള്ള ബന്ധത്തിൽ പ്രാധാന്യം മിസ്രയീമിനാണ് ഗോത്രപിതാക്കന്മാർക്കു മിസ്രയീം രണ്ടാം വീടായിരുന്നു. ക്ഷാമകാലത്തു ഗോത്രപിതാക്കന്മാരെ ഊട്ടിയതും അവർക്കഭയം നല്കിയതും ഈജിപ്റ്റാണ്. ഹെരോദാവിന്റെ ക്രോധത്തിൽ നിന്നു ശിശുവായ യേശുവിനു മിസ്രയീം സംരക്ഷണം നല്കി. (മത്താ, 2:13-15; ഹോശേ, 11:1). എങ്കിലും യിസ്രായേല്യർക്കു മിസ്രയീമ്യർ അന്യഭാഷയുള്ള ജാതിയാണ്. (സങ്കീ, 114:1).
ക്ഷാമകാലത്തു അബ്രാഹാമും യാക്കോബും പുത്രന്മാരും മിസ്രയീമിനെ ആശ്രയിച്ചു. (ഉല്പ, 12:10-20; 46:6). രാജാവിനു സാറായിലുള്ള താൽപര്യത്തെക്കുറിച്ചു അബ്രാഹാമിനുണ്ടായിരുന്ന ഭയം സാധുവായിരുന്നു. അപ്പക്കാരൻ, പാനപാത്രവാഹകൻ, നൈൽനദിയിലെ പശുക്കൾ, രോമം കത്രിക്കൽ, കരം, സ്വർണ്ണം, രഥങ്ങൾ, സൂര്യനഗരത്തിലെ പുരോഹിതൻ, ലക്ഷണം നോക്കൽ, മമ്മീകരണം, ശവസംസ്കാരച്ചടങ്ങുകൾ, സുഗന്ധവർഗ്ഗമിടൽ എന്നിങ്ങനെ രാഷ്ട്രീയവും സാംസ്കാരികവുമായ അനേകകാര്യങ്ങൾ യോസേഫിന്റെ ചരിത്രത്തിൽ നിന്നും നമുക്കു ലഭിക്കുന്നു. മിസ്രയീമിലെ ബാധകൾ ദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ചു ഒരു വ്യക്തമായ ചിത്രം നല്കുന്നുണ്ട്. പുറപ്പാടിന്റെ കാലത്തു തന്നെ പല വ്യവസായങ്ങളും ഈജിപ്റ്റിൽ വളർന്നിരുന്നതായി കാണാം. ഇഷ്ടിക നിർമ്മാണം, ആഭരണ നിർമ്മാണം (വെള്ളി, പൊന്നു) എന്നിവയിൽ അവർ വൈദഗ്ധ്യം നേടിയിരുന്നു. (പുറ, 11:2). മെംഫിസ് തുടങ്ങിയ പട്ടണങ്ങളിലെ കാളക്കുട്ടിയുടെ ആരാധന യിസ്രായേല്യരുടെ മനസ്സിൽ തളംകെട്ടി നിന്നു. അടിമവീടായ മിസ്രയീം ദേശം യിസ്രായേല്യർക്കു ഇരുമ്പുലയും ഇരുമ്പുചൂളയുമായിരുന്നു. (ആവ, 4:20; 1രാജാ, 8:51; യിരെ, 11:4). എങ്കിലും മരുഭൂമി പ്രയാണത്തിൽ മിസ്രയീമിലെ സമൃദ്ധിയായ ഭക്ഷണത്തെക്കുറിച്ചു ഓർത്തു അവർ ദുഃഖിച്ചു. മത്സ്യം, വെള്ളരിക്ക, മത്തങ്ങ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവയാണ് പ്രധാനം. (സംഖ്യാ, 11:5,6). രാജവാഴ്ചയുടെ തുടക്കത്തിൽ ശൗലിനും ദാവീദിനും മിസ്രയീമിനോടു നേരിട്ടു എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നതായി കാണുന്നില്ല. ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിച്ചു. ഗേസെർ പിടിച്ച് ഫറവോൻ തന്റെ മകൾക്കു സ്ത്രീധനം നല്കി. (1രാജാ, 9:16). മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രഷ്ഠമായിരുന്നു. ശലോമോനു ഈജിപ്റ്റുമായി കച്ചവട ബന്ധമുണ്ടായിരുന്നു. രാജാവിന്റെ കച്ചവടക്കാർ മിസ്രയീമിൽ നിന്നും കുതിരകളെ കൂട്ടമായി വിലയ്ക്കു വാങ്ങിക്കൊണ്ടു വന്നിരുന്നു. (2ദിന, 1:16,17). ദാവീദ് ഏദോമ്യരെ നശിപ്പിച്ചപ്പോൾ ഏദോമ്യനായ ഹദദ് മിസ്രയീമിലേക്കു രക്ഷപ്പെട്ടു. അവൻ മടങ്ങിവന്നു ശലോമോനു പ്രതിയോഗിയായി കഴിഞ്ഞു. നെബാത്തിന്റെ മകനായ യൊരോബെയാം ഈജിപ്റ്റിലേക്കു ഓടിപ്പോയി. മടങ്ങിവന്നു പത്തു യിസ്രായേൽ ഗോത്രങ്ങളെ അധീനപ്പെടുത്തി, ഉത്തരരാജ്യമായ യിസ്രായേലിലെ രാജാവായി. ഇവനാണ് ദാനിലും ബേഥേലിലും കാളക്കുട്ടികളെ പ്രതിഷ്ഠിച്ചതു. (1രാജാ, 12:26-32). രെഹബൈയാമിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്റ്റിലെ രാജാവായ ഷെഷോങ്ക് (ശീശക്) പലസ്തീൻ ആക്രമിച്ചു. മെഗിദ്ദോയിൽ വച്ചു ഈജിപ്ഷ്യൻ സൈന്യത്തെ തടയുവാനുള്ള ശ്രമത്തിൽ യോശീയാ രാജാവു വധിക്കപ്പെട്ടു. (2രാജാ, 23:29-30; 2ദിന, 35:20-27). യെരൂശലേമിന്റെ പതനശേഷം യെഹൂദ്യർ അഭയസ്ഥാനമായി കണ്ടത് മിസ്രയീമിനെയാണ്. ശിശുവായ യേശു മിസ്രയീമിൽ അഭയം പ്രാപിച്ചു എന്നതൊഴികെ മിസ്രയീമിനെ സംബന്ധിച്ചുള്ള പുതിയനിയമ പരാമർശങ്ങളൊന്നുമില്ല.
ലോകത്തിന്റെ പ്രതീകമായിട്ടാണ് മിസ്രയീമിനെ പ്രതിരൂപ വിജ്ഞാനീയം കണക്കാക്കുന്നത്. ഒരിടത്ത് യെരുശലേമിന്റെയും സൊദോമിന്റെയും പര്യായമായി പറയുന്നു. “അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കുംം.” (വെളി, 11:8). യെശയ്യാ പ്രവാചകൻ ഈജിപ്റ്റിന്റെ ശോഭനമായ ഭാവിയെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട്. ഭാവികാലത്ത് അനുഗ്രഹത്തിൽ പ്രഥമസ്ഥാനം മിസ്രയീമിനാണ്. “അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടും കൂടെ മൂന്നാമതായിരിക്കും. സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.” (യെശ, 19:24,25).