ശമര്യ (Samaria)
വടക്കെ രാജ്യമായ യിസ്രായേലിന്റെ തലസ്ഥാനനഗരം. യെരുശലേമിനു 55 കി.മീറ്റർ വടക്കും ശൈഖമിനു 11 കി.മീറ്റർ വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. മനശ്ശെ ഗോത്രത്തിന്റെ അവകാശത്തിൽപ്പെട്ട പ്രദേശമാണ് ശമര്യ. ഏകദേശം 90 മീറ്റർ ഉയരമുള്ള കുന്നിൻപുറത്താണ് പട്ടണത്തിന്റെ സ്ഥാനം. ശമര്യ മൂന്നു വശത്തും (വടക്കു, കിഴക്കു, തെക്കു) മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറോട്ടു ഈ പ്രദേശം 463 മീറ്റർ ഉയരത്തിൽ നിന്നും അല്പാല്പമായി ചരിഞ്ഞു 35 കി.മീറ്റർ അകലെയുള്ള മെഡിറ്ററേനിയൻ സമുദ്രത്തിൽ എത്തുന്നു. ശമര്യാപട്ടണത്തിൽ നിന്നും ഏകദേശം 13 കി.മീറ്റർ ദൂരം വരെ വിശാലമായ താഴ്വര കാണാം. താഴ്വരയ്ക്കപ്പുറത്തു പൊക്കം കുറഞ്ഞ കുന്നുകളും അതിനപ്പുറം സമുദ്രവുമാണ്.
യിസ്രായേൽ രാജാവായ ഒമ്രി രണ്ടു താലന്തു വെള്ളി കൊടുത്തു ശെമെറിന്റെ കൈയിൽനിന്നും വിലയ്ക്കുവാങ്ങിയ കുന്നിന്റെ പുറത്തു പട്ടണം പണിതു. ആ കുന്നിന്റെ ഉടമസ്ഥന്റെ പേർ തന്നെയാണു പട്ടണത്തിനു നല്കിയത്. (1രാജാ, 16:24). അന്നു മുതൽ പത്തു ഗോത്രങ്ങളും പ്രവാസികളായി പോകുന്നതുവരെ ഏകദേശം 200 വർഷം ശമര്യ യിസ്രായേലിന്റെ രാജധാനി ആയിരുന്നു. ഒമ്രി മുതൽ ഹോശേയ വരെയുള്ള പതിന്നാലു രാജാക്കന്മാരുടെ വഴി തെറ്റിയ ജീവിതമാണ് ശമര്യയുടെ ചരിത്രം. ഈ കാലം മുഴുവൻ വിഗ്രഹാരാധനയുടെ കേന്ദ്രസ്ഥാനമായിരുന്നു ശമര്യ. (യെശ, 9:9; യിരെ, 23:13,14; യെഹ, 16:46-55; ആമോ, 6:1; മീഖാ, 1:1).
ഒമ്രിയുടെ മരണശേഷം പുത്രനായ ആഹാബ് ശമര്യയുടെ പണി തുടർന്നു. ബാലിന് ഒരു ക്ഷേത്രവും ബലിപീഠവും അശേരാപ്രതിഷ്ഠയും നിർമ്മിച്ചു. (1രാജാ, 16:28-33; 18:18,19; 2രാജാ, 13:6). ആഹാബ് ശമര്യയിൽ ഒരു ദന്തമന്ദിരം നിർമ്മിച്ചു. (1രാജാ, 22:39). ശമര്യയുടെ ശൂന്യശിഷ്ടങ്ങളിൽ നിന്നും അഞ്ഞൂറിലധികം ദന്തഖണ്ഡങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവയിലധികവും കലാപരമായ കൊത്തുപണികൾ ഉള്ളവയാണ്. ആഹാബിന്റെ വാഴ്ചയുടെ ഉത്തരാർദ്ധത്തിൽ അരാം രാജാവായ ബെൻ-ഹദദ് ശമര്യയെ നിരോധിച്ചു. യഹോവ തന്നെ ദൈവം എന്നു ആഹാബിനു ബോദ്ധ്യമാക്കിക്കൊടുക്കാൻ വേണ്ടി ദൈവം യിസ്രായേലിനു വിജയം നല്കി. (1രാജാ, 20:1-21). പിറ്റെയാണ്ടിൽ ബെൻ-ഹദദ് കീഴടങ്ങിയെങ്കിലും ആഹാബ് അവനെ ഉടമ്പടി ചെയ്ത് വിട്ടയച്ചു. ഇതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു. (1രാജാ, 20:35-47). മൂന്നു വർഷത്തിനുശേഷം അരാമ്യരിൽ നിന്നും രാമോത്ത്-ഗിലെയാദ് മോചിപ്പിക്കുവാനായി യെഹൂദാരാജാവായ യെഹോശാഫാത്തിനെ ക്ഷണിച്ചു. ഇരുരാജാക്കന്മാരും ശമര്യയുടെ പടിവാതിലിൽ വെച്ചു ആലോചിച്ചുറച്ചശേഷം പ്രവാചകന്റെ വാക്കുകളെ നിരസിച്ചു കള്ള പ്രവാചകന്മാരുടെ വാക്കനുസരിച്ചു യുദ്ധത്തിനു പുറപ്പെട്ടു. (1രാജാ, 22:1-28; 2ദിന, 18:2, 9). അമ്പേറ്റു ആഹാബ് രഥത്തിൽക്കിടന്നു മരിച്ചു. അടക്കത്തിനുവേണ്ടി അവനെ ശമര്യയിലേക്കു കൊണ്ടുവന്നു, രഥം ശമര്യയിലെ കുളത്തിൽ കഴുകി. (1രാജാ, 22:29-38). ആഹാബ് ഗൃഹത്തെ മുഴുവൻ സംഹരിക്കുന്നതിനു യഹോവ യേഹുവിനെ അഭിഷേകം ചെയ്തു. (2രാജാ, 9:6-10). യോരാമിനെയും അഹസ്യാവിനെയും ഈസേബെലിനെയും യേഹൂ വധിച്ചു. (2രാജാ, 9:22-37). തുടർന്ന് ആഹാബിന്റെ എഴുപതു പുത്രന്മാരെയും കൊന്നു.
ശമര്യയും യെരുശലേമും പലപ്പോഴും ബദ്ധവൈരത്തിലായിരുന്നു. ചിലപ്പോൾ തുറന്ന യുദ്ധവും നടന്നിരുന്നു. ഒരിക്കൽ യെഹൂദാരാജാവ് ഏദോം ആക്രമിക്കുവാൻ ഒരുങ്ങിയപ്പോൾ യിസ്രായേലിലെ ഒരു ലക്ഷം കൂലിപ്പടയാളികളെ യഹോവയുടെ കല്പനയനുസരിച്ച് മടക്കി അയച്ചു. നൂറു താലന്തു വെള്ളി അവർക്കു നല്കിയെങ്കിലും രോഷാകുലരായ യിസ്രായേല്യർ യെഹൂദ്യപട്ടണങ്ങളെ കൊള്ളയടിച്ചു. (2ദിന, 25:5-13). യെഹൂദാ രാജാവായ അമസ്യാവ് ഏദോമിനെ ജയിച്ചശേഷം ശമര്യയുമായി മത്സരിച്ചു. യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽ വെച്ചു യെഹൂദാരാജാവായ അമസ്യാവിനെ നേരിട്ടു, യെഹൂദാ തോറ്റു. യെഹോവാശ് ദൈവാലയത്തിലും രാജധാനിയിലും ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും എല്ലാം കൊണ്ടുപോയി. (2രാജാ, 14:8-14; 2ദിന, 25:17-24).
ശമര്യയിലെ രാജാക്കന്മാർ എല്ലാം ദുഷ്ടത നിറഞ്ഞവരായിരുന്നു. പ്രവാചകന്മാർ രാജാക്കന്മാർക്കും പ്രജകൾക്കും ഒരുപോലെ താക്കീതു നല്കി. ഏലീയാവ്, എലീശ (1രാജാ, 20:13, 28, 35-42; 22:8), യെശയ്യാവ് (8:4; 9:9), ഹോശേയ (7:1; 8:5,6; 10:5, 7; 13:16), ആമോസ് (3:9; 8:14), മീഖാ (1:1, 5,6) എന്നീ പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കുക. ബി.സി. 742-ൽ ശല്മനേസ്സർ അഞ്ചാമൻ ശമര്യയെ നിരോധിച്ചു. ബി.സി. 721-ൽ ശല്മനേസ്സറുടെ അനന്തരഗാമിയായ സർഗ്ഗോൻ ശമര്യ പിടിച്ചു, രാജ്യത്തെ നശിപ്പിച്ചു. ബി.സി. 331-ൽ അലക്സാണ്ടർ ശമര്യ കീഴടക്കി. റോമൻ ആധിപത്യ കാലത്ത് അഗസ്റ്റസ് സീസർ ശമര്യയെ ഹെരോദാ രാജാവിനു നല്കി. ഹെരോദാവ് പട്ടണത്തെ മോടിപിടിപ്പിച്ചു, സെബസ്തെ (Sebaste) എന്നു പേരിട്ടു. ഔഗുസ്ത (Augusta) എന്ന ലത്തീൻ നാമത്തിന്റെ ഗ്രീക്കു രൂപമാണിത്. സെബസ്തിയേ (Sebastiyeh) എന്ന അറബിനാമം ഹെരോദാവു നല്കിയ പേരിനെ പ്രതി ഫലിപ്പിക്കുന്നു.
യെഹൂദന്മാർക്കു ശമര്യരോടുള്ള വൈരം പുതിയനിയമ കാലത്ത് പ്രവൃദ്ധമായിരുന്നു. യേശു നല്ല ശമര്യാക്കാരന്റെ ഉപമ പറയുകയും, ശമര്യാക്കാരനായ കുഷ്ഠരോഗിക്കു സൗഖ്യം നല്കുകയും, ശമര്യാ സ്ത്രീയോടു സംഭാഷിക്കുകയും ചെയ്തു. ഇവയെല്ലാം യാഥാസ്ഥിതിക യെഹൂദന്മാരെ ചൊടിപ്പിക്കുന്നതായിരുന്നു. യേശു രണ്ടു ദിവസം ശെഖേമിൽ ചെലവഴിച്ചു എന്നു യോഹന്നാൻ രേഖപ്പെടുത്തുന്നു. ശമര്യയിൽ അനേകം പേർ യേശുവിൽ വിശ്വസിച്ചു. തന്റെ ശുശ്രൂഷാകാലത്ത് തന്റെ ദൗത്യം പ്രധാനമായും യിസ്രായേലിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ പുനരുത്ഥാനത്തിനു ശേഷം ശമര്യയിൽ പ്രസംഗിക്കുവാനായി യേശുക്രിസ്തു ശിഷ്യന്മാരെ നിയോഗിച്ചു. പെന്തെക്കൊസ്തിനു ശേഷം ഫിലിപ്പോസ് ശമര്യാപട്ടണത്തിൽ ചെന്ന് ക്രിസ്തുവിനെ പ്രസംഗിച്ചു. (പ്രവൃ, 8:5). ഇതാണ് ശമര്യയെക്കുറിച്ചുള്ള അവസാന പരാമർശം.