നോഹ

നോഹ (Noah)

പേരിനർത്ഥം – വിശ്രമം

ആദാമിൽ നിന്നു പത്താം തലമുറക്കാരനും ലാമേക്കിന്റെ പുത്രനും. (ഉല്പ, 5:28,29). 500 വയസ്സായ ശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ ജനിപ്പിച്ചു. (ഉല്പ, 5:32; 6:10). ദുഷ്ടതയുടെ ആധിക്യം നിമിത്തം ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവ അനുതപിച്ചു. ഈ കാലത്താണ് ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ ഭാര്യമാരായി എടുത്തത്. മനുഷ്യന്റെ അതിക്രമം കൊണ്ട് ഭൂമി നിറഞ്ഞ കാരണത്താൽ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. (ഉല്പ, 6:13). എന്നാൽ 120 വർഷത്തെ പരിശോധനാകാലം യഹോവ നല്കി. ഈ കാലംമുഴുവൻ മനുഷ്യനെ ദൈവത്തിലേക്കു മടക്കി വരുത്തുന്നതിനു നോഹ ശ്രമിച്ചു. (ഉല്പ, 6:1-9; 1പത്രൊ, 3:20; 2പത്രൊ, 2:5).

യഹോവയുടെ കല്പനയനുസരിച്ച് നോഹ ഗോഫർ മരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി. അതിനു 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും ഉണ്ടായിരുന്നു. നോഹയും ഭാര്യയും മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരുമായി എട്ടുപേർ പെട്ടകത്തിൽ പ്രവേശിച്ചു. അപ്പോൾ നോഹയ്ക്ക് 600 വയസ്സ് പ്രായമുണ്ടായിരുന്നു. സകല ജീവികളിൽ നിന്നും ആണും പെണ്ണുമായി രണ്ടു വീതവും ശുദ്ധിയുളളവയിൽനിന്ന് ഏഴുവീതവും പെട്ടകത്തിൽ കടന്നു. യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. (ഉല്പ, 7:16). നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷം രണ്ടാം മാസം പതിനേഴാം തീയതി ജലപ്രളയം ആരംഭിച്ചു. 40 ദിവസം മഴ ഇടവിടാതെ പെയ്തു. നൂറ്റമ്പതു ദിവസം വെളളം പൊങ്ങിക്കൊണ്ടിരുന്നു. ഭൂമി വെള്ളത്താൽ മൂടി. (ഉല്പ, 6:13-7:24). ഏഴാം മാസം പതിനേഴാം തീയതി അരരാഞ്ഞ് പർവ്വതത്തിൽ പെട്ടകം ഉറച്ചു. നാല്പതു ദിവസത്തിനു ശേഷം ഒരു മലങ്കാക്കയെയും ഏഴുദിവസം ഇടവിട്ട് പ്രാവിനെയും പുറത്തുവിട്ട്, ജലപ്രളയത്തിന്റെ സ്ഥിതിമനസ്സിലാക്കി. 60-ാം വർഷം ഒന്നാം മാസം ഒന്നാം തീയതി വെളളം വറ്റിയിരുന്നു. (ഉല്പ, 8:13). നോഹയും കുടുംബവും പെട്ടകത്തിൽനിന്ന് പുറത്തിറങ്ങി. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും പറവകളിൽ നിന്നും ചിലതെടുത്തു യാഗം കഴിച്ചു. നോഹയുടെ യാഗം സൗരഭ്യവാസനയായി കൈക്കൊണ്ട് ഇനിയൊരിക്കലും ഭൂമിയെ പ്രളയജലംകൊണ്ടു നശിപ്പിക്കയില്ല എന്ന് യഹോവ വാഗ്ദത്തം ചെയ്തു. ഭൂമിയുളള കാലത്തോളം ഋതുഭേദങ്ങൾക്ക് മാറ്റം വരുകയില്ലെന്നു യഹോവ അരുളിചെയ്തു. (ഉല്പ, 8:20-22). യഹോവ നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചു. രക്തം കൂടാതെ മാംസം ഭക്ഷിക്കുവാൻ അനുവാദം നല്കി. വധശിക്ഷ ഏർപ്പെടുത്തി. നോഹയോടും പുത്രന്മാരോടും യഹോവ നിയമം ചെയ്തു. അതിന്റെ അടയാളമായി തന്റെ വില്ല് മേഘത്തിൽ വച്ചു. (ഉല്പ, 9:1-17).

ജലപ്രളയത്തിനുശേഷം നോഹ ഭൂമിയിൽ കൃഷി ചെയ്തു. നോഹ വീഞ്ഞുകുടിച്ചു മത്തനായി, വിവസ്ത്രനായി കൂടാരത്തിൽ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ടു നഗ്നത മറയ്ക്കാൻ ശ്രമിക്കാതെ ഹാം വിവരം മറ്റു സഹോദരന്മാരെ അറിയിച്ചു. ശേമും യാഫെത്തും പിതാവിന്റെ നഗ്നത കാണാതവണ്ണം വന്ന് അവന്റെ നഗ്നത മറച്ചു. നോഹ കനാനെ ശപിക്കുകയും മറ്റു പുത്രന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പ, 9:20-27). ജലപ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. അവന്റെ ആയുഷ്ക്കാലം 950 വർഷമായിരുന്നു. (ഉല്പ, 9:28,29). നീതിമാനായ നോഹ തന്റെ തലമുറയിൽ നിഷ്ക്കളങ്കനായിരുന്നു. അവൻ ദൈവത്തോടു കൂടെ നടന്നു. (ഉല്പ, 6:9). പുതിയനിയമത്തിൽ നോഹയെ നീതി പ്രസംഗി എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. (2പത്രൊ, 2:5). നോഹയുടെ വിശ്വാസത്ത എബ്രായ ലേഖനത്തിൽ പ്രശംസിച്ചിട്ടുണ്ട്. (11:7). തന്റെ പുനരാഗമനത്തിന്റെ അടയാളമായി നോഹയുടെ കാലത്തിന്റെ ആവർത്തനം യേശു സൂചിപ്പിച്ചു. (മത്താ, 24:37-39). ജലപ്രളയത്തിനു ശേഷമുള്ള സകല മനുഷ്യരും നോഹയുടെ സന്തതികളാണ്. പ്രളയത്തിനുശേഷം നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്നുണ്ടായ 70 ജാതികളാണ് ഭൂമിയിൽ നിറഞ്ഞത്. (ഉല്പ, 10:132).

നെഹെമ്യാവ്

നെഹെമ്യാവ് (Nehemiah)

പേരിനർത്ഥം – യഹോവ ആശ്വസിപ്പിക്കുന്നു

ഹഖല്യാവിന്റെ മകൻ. നെഹെമ്യാവിന്റെ വംശാവലിയെക്കുറിച്ച് ഒരറിവുമില്ല. പിതാവു ഹഖല്യാവും ഒരു സഹോദരൻ ഹനാനിയുമായിരുന്നു. (നെഹെ, 1:1,2; 7:2). ബാബേൽ പ്രവാസകാലത്ത് അർത്ഥഹ്ശഷ്ടാ രാജാവിന്റെ പാനപാത്ര വാഹകനായിരുന്നു. (നെഹെ, 2:1). യെഹൂദന്മാരുടെ കഷ്ടതകൾ മനസ്സിലാക്കിയ നെഹെമ്യാവ് അവരുടെ സ്ഥിതി മെച്ചപ്പെടുത്തുവാൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചു. യെരൂശലേമിൽ മടങ്ങിച്ചെന്നു, യെരൂശലേം പുതുക്കിപ്പണിയുന്നതിന് രാജാവിൽനിന്നും അനുമതി വാങ്ങി. രാജാവു നെഹെമ്യാവിനെ യെരൂശലേമിലെ ദേശാധിപതിയായി നിയമിച്ചു. രാജാവിനോടു മടങ്ങിച്ചെല്ലാൻ ഒരവധി പറഞ്ഞു, യെഹൂദയിൽ എത്തുന്നതുവരെ തന്നെ കടത്തിവിടേണ്ടതിന് ദേശാധിപതിമാർക്കു എഴുത്തുകളും പണിക്കുവേണ്ട മരം നല്കേണ്ടതിന് രാജാവിന്റെ വനവിചാരകനായ ആസാഫിന് എഴുത്തും വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു തിരിച്ചു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും നെഹെമ്യാവിനോടൊപ്പം അയച്ചു. (2:1-10).

യെരൂശലേമിൽ എത്തിച്ചേർന്ന നെഹെമ്യാവു 52 ദിവസംകൊണ്ട് മതിലിന്റെ പണിതീർത്തു. (6:15). സൻബെല്ലത്തും തോബിയാവും അവരെ പുച്ഛിക്കുകയും നിന്ദിക്കുകയും മാത്രമല്ല ആയുധങ്ങളോടുകൂടെ എതിർത്തു പണി തടയുവാനും ശ്രമിച്ചു. ദൈവത്തിന്റെ സഹായത്താൽ ശത്രുക്കളുടെ എതിർപ്പുകൾ നിഷ്ഫലമായി. പട്ടണത്തിന് കാവല്ക്കാരെ നിയമിച്ചു എല്ലാം ക്രമീകരിച്ചു. നെഹെമ്യാവിനെ യെരുശലേമിൽ നിന്നു മടക്കി അയക്കുന്നതിനും കഴിയുമെങ്കിൽ വധിക്കുന്നതിനും ശ്രമങ്ങൾ നടത്തി. മതിൽപ്പണി പൂർത്തിയായിക്കഴിയുമ്പോൾ സ്വയം രാജാവാകുവാൻ നെഹെമ്യാവു ശ്രമിക്കുന്നു എന്ന സംശയം രാജാവിൽ ഉളവാക്കുവാൻ അവർക്കു കഴിഞ്ഞു. സൻബെല്ലത്ത് അയച്ച പ്രത്രികയുടെ അടിസ്ഥാനത്തിൽ വീണ്ടും ഒരു ഉത്തരവു നല്കുന്നതുവരെ രാജാവു് പണി തടഞ്ഞു. (എസ്രാ, 4:21). എസ്രായുടെ സഹകരണവും നെഹെമ്യാവിന് ഉണ്ടായിരുന്നു. ജനത്തിന്റെ ദാരിദ്ര്യം നിമിത്തം നെഹെമ്യാവു ദേശാധിപതിക്കുളള അഹോവൃത്തി വാങ്ങിയില്ല. (നെഹെ, 5:14).

പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം നെഹെമ്യാവു പാർസി രാജാധാനിയിലേക്കു മടങ്ങിപ്പോയി. (5:14; 13;6). ഈ കാലയളവിൽ യെരൂശലേം നിവാസികൾ മതപരമായ ക്രമീകരണങ്ങൾ താറുമാറാക്കി. അതുകൊണ്ടു കുറേനാൾ കഴിഞ്ഞിട്ടു രാജാവിനോടു അനുവാദം വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു മടങ്ങിവന്നു. (13:7). എത്രനാൾ നെഹെമ്യാവു യെരൂശലേമിൽ ഇല്ലായിരുന്നു എന്നതു വ്യക്തമല്ല. മടങ്ങിവന്നശേഷം നെഹെമ്യാവ് സമ്മിശ്രജാതികളെ യിസ്രായേല്യരിൽനിന്ന് വേർപിരിച്ചു. (13:1,2,3). എല്യാശീബ് തോബീയാവിനു ദൈവാലയത്തിന്റെ പ്രാകാരത്തിൽ ഒരുക്കിക്കൊടുത്തിരുന്ന അറയിൽനിന്ന് അവനെ പുറത്താക്കി. ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവരെ സഹായിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ദൈവാലയ ശുശ്രുഷകളെ ഉപേക്ഷിച്ചു നിലങ്ങളിലേക്കു പോയവരെ മടക്കിവരുത്തി. ശബ്ബത്താചരണവും ക്രമപ്പെടുത്തി. വിജാതീയ സ്ത്രീകളുമായുള്ള വിവാഹം വിലക്കി. (13:4-27). ബി.സി. 405-വരെ നെഹെമ്യാവു യെരൂശലേമിൽ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. നെഹെമ്യാവിന്റെ മരണകാലവും സ്ഥലവും അജ്ഞാതമാണ്. നിഷ്ക്കളങ്ക സ്വഭാവമായിരുന്നു നെഹെമ്യാവിന്റേത്. രാജസന്നിധിയിലും സ്വന്തം ജനത്തിന്റെ മധ്യത്തിലും ഒന്നുപോലെ ആദരിക്കപ്പെട്ടിരുന്നു. സ്വന്തം ജനത്തിന്റെ കഷ്ടതയിൽ പങ്കുകൊണ്ടു. പ്രവൃത്തിയിൽ ആത്മാർത്ഥതയും ശുഷ്ക്കാന്തിയും കാട്ടി. ദൈവികകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങിയില്ല. യഹോവയുടെ കൈ എനിക്കു അനുകൂലം ആയിരുന്നതുകൊണ്ട് എന്നു ആവർത്തിച്ചു പറയുവാൻ തക്കവണ്ണം ഭക്തനായിരുന്നു. ദൈവാലയത്തിന്റെ വിശുദ്ധിക്കും ജനത്തിന്റെ വിശുദ്ധ ജീവിതത്തിനും പ്രാധാന്യം നല്കി.

നെബുഖദ്നേസർ

നെബുഖദ്നേസർ (Nebuchadnezzar)

പേരിനർത്ഥം – നെബോ അതിർ സംരക്ഷിക്കട്ടെ

പേരിന്റെ ശരിയായ രൂപം എബ്രായയിൽ നെബൂഖദ്രേസർ. കല്ദായ വംശത്തിൽ നബോപൊലാസറിന്റെ പുത്രൻ; ബി.സി. 605 മുതൽ 562 വരെ ബാബേൽ രാജാവ്. അശ്ശൂരിന്റെ ശക്തി ക്ഷയിച്ചപ്പോൾ ദാക്ഷിണാത്യരായ കല്ദയർ ഒരിക്കൽകൂടി ബാബിലോൺ നഗരത്തിന്റെ അധികാരം പിടിച്ചെടുക്കുവാൻ ശ്രമം നടത്തി. അശ്ശൂരിൽ അശ്ശൂർ ബനിപ്പാളിന്റെ വാഴ്ച അവസാനിച്ചപ്പോൾ ബി.സി. 625-ൽ നബോപൊലാസർ സിംഹാസനം കരസ്ഥമാക്കി. തുടർന്നു അശ്ശൂർ ബനിപ്പാളിന്റെ പിൻഗാമികളും നബോപൊലാസറും തമ്മിൽ രൂക്ഷമായ സംഘട്ടനങ്ങൾ നടന്നു.

നെബൂഖദ്നേസർ യുദ്ധരംഗത്ത് പ്രസിദ്ധനായി. സ്യാക്സാരസിന്റെ പുത്രിയെ നെബൂഖദ്നേസർ വിവാഹം ചെയ്തു. നീനെവേ തകർന്നപ്പോൾ ദക്ഷിണ അശ്ശൂരും വിശാലമായ പശ്ചിമ പ്രവിശ്യകളും നബോപൊലാസർ പിടിച്ചെടുത്തു. അശ്ശൂരിന്റെ ദൗർബ്ബല്യത്തെ മുതലെടുക്കുവാൻ ഈജിപ്റ്റ് ഒരുമ്പെട്ടു. പലസ്തീനും സുറിയയും ഈജിപ്ററിന് അധീനമായിരുന്നു. സുറിയാ നഗരങ്ങളിലെ ദേശാധിപതിമാർ ഈജിപ്റ്റിലെ രാജാക്കന്മാരെ നാഥൻ എന്നും ദേവൻ എന്നും വിളിച്ചു വിധേയപ്പെട്ടിരുന്നു. മിസ്രയീമിലെ നെഖോ രണ്ടാമൻ സുറിയയും പലസ്തീനും ആക്രമിക്കാൻ തുടങ്ങി. ബി.സി. 608-ൽ ഈജിപ്റ്റിൽ നിന്നും തിരിച്ച നെഖോയും സൈന്യവും മെഗിദ്ദോയിൽ എത്തി. യെഹൂദാരാജാവായ യോശീയാവു നെഖോയോടു ഏററുമുട്ടി കൊല്ലപ്പെട്ടു. നെഖോ രാജ്യത്തിന്റെ മുഴുവൻ അധിപനായി. തുടർന്നു യൂഫ്രട്ടീസ് തടത്തിലേക്കു തിരിഞ്ഞ നെഖോ കർക്കെമീശിൽ എത്തി. കർക്കെമീശിൽ താവളമടിച്ചിരുന്ന മിസ്രയീമ്യ സൈന്യത്തിനെതിരെ നെബൂഖദ്നേസർ സൈന്യത്തെ നയിച്ചു. ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിട്ടുളള മഹായുദ്ധങ്ങളിൽ ഒന്നായിരുന്നു കർക്കെമീശ് യുദ്ധം. ദയനീയമായി പരാജയപ്പെട്ട നെഖോ പിന്തിരിഞ്ഞ് ഈജിപ്റ്റിലേക്കു ഓടി. മിസ്രയീം നദിവരെ നെബൂഖദ്നേസർ നെഖോയെ പിന്തുടർന്നു. ഈ നിർണ്ണായക ഘട്ടത്തിൽ ബി.സി. 604-ൽ പിതാവു മരിച്ചു. ഉടൻതന്നെ ഭരണം ഏറ്റെടുക്കാൻ നെബൂഖദ്നേസറിനു സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. പിതാവു മരിക്കാതിരുന്നെങ്കിൽ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിച്ചു കീഴടക്കുമായിരുന്നു. ആദ്യവർഷങ്ങളിൽ തന്റെ ഭരണം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളിൽ നെബൂഖദ്നേസർ വ്യാപൃതനായി. പരാജയപ്പെട്ടു എങ്കിലും പലസ്തീനിലും സിറിയയിലുമുളള തങ്ങളുടെ മോഹം ഈജിപ്റ്റിന് നഷ്ടപ്പെട്ടില്ല. ഫറവോനായ ഹൊഫ്രാ പലസ്തീനിൽ കലാപമുണ്ടാക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.

സിദെക്കീയാവ് രാജാവിനെ നെബുഖദ്നേസർ ആക്രമിച്ചു. ഒന്നര വർഷത്തെ നിരോധനത്തിനുശേഷം ബി.സി. 587-ൽ യെരൂശലേം വീണു. അനേകംപേരെ ബദ്ധരാക്കി നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയി. യെഹൂദയെ കല്ദായപ്രവിശ്യയാക്കി മാറ്റി. ഏദോം, മോവാബ്, സോർ, സീദോൻ എന്നീ ദേശങ്ങളെ നെബൂഖദ്നേസർ ദണ്ഡിപ്പിച്ചു. ബി.സി. 585 മുതൽ 572 വരെ പതിമൂന്നുവർഷം സോരിനെ നിരോധിച്ചിട്ടും പിടിക്കുവാൻ കഴിഞ്ഞില്ല. നാവികപ്പടയുടെ അഭാവമായിരുന്നു നെബൂഖദ്നേസറിന്റെ പരാജയത്തിനു കാരണം. അസ്വാൻ വരെയുളള ഈജിപ്റ്റിൽ നെബൂഖദ്നേസർ പടയോട്ടം നടത്തി. ഹൊഫ്രായുടെ പിൻഗാമിയുടെ കാലത്ത് ഈജിപ്റ്റ് ബാബിലോണിന് കീഴടങ്ങിയിരുന്നു. തന്റെ വാഴ്ചയുടെ 37-ാം വർഷം നെബൂഖദ്നേസർ ഈജിപ്റ്റിലേക്കു വീണ്ടും സൈന്യത്തെ അയച്ചതായി കാണുന്നു. കേദാരിലെ അറബികളോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (യിരെ, 49:28-33). ഈ യുദ്ധത്തെക്കുറിച്ച് ബാഹ്യരേഖകളൊന്നും ഇല്ല. താൻ കീഴടക്കിയ വിശാലമായ സാമ്രാജ്യത്തെ ബലം പ്രയോഗിച്ചു നിലനിർത്താനാണ് നെബൂഖദ്നേസർ ശ്രമിച്ചത്.

ബാബേലിന്റെ മഹത്വമായിരുന്നു നെബൂഖദ്നേസറിന്റെ ലക്ഷ്യം. ബാബിലോണിലെ ബേൽ മർദ്ദൂക് ക്ഷേത്രവും ബോർസിപ്പയിലെ നെബോ ക്ഷേത്രവും സുന്ദരമാക്കി. ബാബിലോൺ ഉൾപ്പെടെ പലനഗരങ്ങളെയും ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തു. 43 വർഷത്തെ ദീർഘവും സംഭവബഹുലവുമായ ഭരണത്തിനു ശേഷം നെബൂഖദ്നേസർ മരിച്ചു. പുത്രനായി എവിൽ-മെരോദാക് രാജാവായി. ദാനീയേൽ പ്രവചനത്തിലെ ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ നെബൂഖദ്നേസറുടെ ഭരണവും പ്രശസ്തിയും വർണ്ണിക്കപ്പെടുന്നു. “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ” എന്നു നെബൂഖദ്നേസർ അഹങ്കരിച്ചു. (ദാനീ, 4:30). തൽഫലമായി ദൈവികശിക്ഷ അവന്റെമേൽ വരികയും രാജത്വം അവനെ വിട്ടുമാറുകയും ചെയ്തു. ഏഴുവർഷം അവൻ കാട്ടുമൃഗങ്ങളോടുകൂടി കഴിഞ്ഞു. ഒടുവിൽ നെബൂഖദ്നേസർ സ്വർഗ്ഗത്തേക്കു കണ്ണു ഉയർത്തി അത്യുന്നതനായ ദൈവത്തെ വാഴ്ത്തി. തുടർന്നു തന്റെ മഹത്വം നെബൂഖദ്നേസറിനു മടക്കിക്കിട്ടി. (ദാനീ, 4:36).

നെഖോ

നെഖോ (Necho)

ഈജിപ്റ്റിലെ ഇരുപത്താറാം രാജവംശത്തിലെ ഒരു ഫറവോൻ (ബി.സി. 609-594). ഇരുപത്താറാം രാജവംശ സ്ഥാപകനായ പ്സാമ്മറ്റിക്കസ് ഒന്നാമന്റെ (ബി.സി. 663-609) പുത്രൻ. 609-ൽ നെഖോ ഭരണം ഏറ്റെടുത്തപ്പോൾ സാമ്രാജ്യ വികസനത്തിനു ചുറ്റുപാടുകൾ അനുകൂലമായിരുന്നു. നീനെവേയുടെ പതനം സംഭവിച്ചിട്ടു മൂന്നുവർഷം കഴിഞ്ഞു. ബാബിലോണിനെതിരെ അശ്ശൂർ രാജാവായ അശ്ശൂർ-ഉബാലിത്ത് രണ്ടാമനെ സഹായിക്കുവാനായി സുറിയയിൽ പ്രവേശിച്ചു. യെഹൂദാരാജാവായ യോശീയാവ് മെഗിദ്ദോവിൽവച്ച് നെഖോവിനോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു. (2രാജാ, 23:29; 2ദിന, 35:20-24). യോശീയാവിന്റെ പുത്രനായ യെഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി തൽസ്ഥാനത്ത് യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീമിനെ രാജാവായി വാഴിച്ചു. യെഹോയാക്കീം ഈജിപ്ററിന് കപ്പം കൊടുത്ത് കീഴടങ്ങിയിരുന്നു. (2രാജാ, 23:31-35; 2ദിന, 36:1-4). ബി.സി. 605-ൽ നടന്ന കർക്കെമീശ് യുദ്ധത്തിൽ നെബൂഖദ്നേസർ നെഖോയെ തോല്പിച്ചു. അങ്ങനെ യെഹൂദ മിസ്രയീമ്യ നുകത്തിൽനിന്ന് ബാബിലോന്യ നുകത്തിൻ കീഴിലായി. (2രാജാ, 24:1,7; യിരെ, 46:2). ഫറവോൻ നെഖോ ഈജിപ്റ്റിലേക്കു പിന്തിരിഞ്ഞോടി. മിസ്രയീം നദിവരെ നെഞ്ചൂഖദ്നേസർ ഫറവോനെ പിന്തുടർന്നു. പിതാവിന്റെ മരണം കാരണം നെബൂഖദ്നേസറിനു മടങ്ങിപ്പോകേണ്ടിവന്നു. ബി.സി. 601-ൽ നെബൂഖദ്നേസർ ഈജിപ്റ്റിനെതിരെ യുദ്ധം ചെയ്തതായി ബാബിലോന്യ വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. ഈ യുദ്ധത്തിൽ ഇരുപക്ഷത്തിനും കനത്ത നഷ്ടങ്ങൾ ഉണ്ടായി. സൈന്യ പുനഃസംഘടനയ്ക്കു വേണ്ടി നെബൂഖദ്നേസർ ഒരു വർഷം നാട്ടിൽ കഴിഞ്ഞു. ഇക്കാലത്ത് യെഹോയാക്കീം ബാബേലിനോടു മത്സരിച്ചു. (2രാജാ, 24:1). ഈജിപ്റ്റിൽ നിന്ന് ഒരു സഹായവും യെഹോയാക്കീമിനു ലഭിച്ചില്ല. തുടർന്നു രാഷ്ട്രത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഫറവോൻ ജാഗരൂകനായി.

നീറോ

നീറോ (Nero)

നീറോ എന്ന പേര് പുതിയനിയമത്തിൽ ഇല്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലസ്ഥാനങ്ങളിലും ഉണ്ട്. നീറോയുടെ ഭരണം ആദിമ സഭയ്ക്ക വളരെയധികം ദോഷം ചെയ്തു. പൗലൊസ് അപ്പൊസ്തലൻ കൈസറെ അഭയം ചൊല്ലുകയും (പ്രവൃ, 25:10-12) റോമൻ കാരാഗൃഹത്തിൽ വിസ്താരവും പ്രതീക്ഷിച്ച് രണ്ടുവർഷം കഴിയുകയും ചെയ്തു. (പ്രവൃ, 28:30). ജൂലിയസ് സീസറിന്റെ പാരമ്പര്യത്തിൽ ഒടുവിലത്തെ കൈസറായിരുന്നു നീറോ ക്ലൗദ്യൊസ് കൈസർ. എ.ഡി. 37-ൽ ആയിരുന്നു ജനനം. പിതാവ് റോമൻ സൈന്യാധിപനായ അഹെനോ ബാർബസും മാതാവ് കാലിഗുളയുടെ സഹോദരി അഗ്രിപ്പിനായും ആയിരുന്നു. നീറോയുടെ പന്ത്രണ്ടാം വയസ്സിൽ അഗ്രിപ്പിനാ ക്ലൗദ്യൊസിനെ വിവാഹം കഴിച്ചു. അദ്ദേഹം നീറോയെ ദത്തുപുത്രനായി സ്വീകരിച്ചു നീറോ ക്ലൗദ്യൊസ് കൈസർ ജർമ്മാനിക്കസ് എന്ന പേരു നല്കി. സെനറ്റിന്റെ അനുവാദത്തോടുകൂടി തന്റെ പുത്രിയായ ഒക്റ്റേവിയയെ നീറോയ്ക്ക് ഭാര്യയായി കൊടുത്തു. ക്ലൗദ്യൊസിന്റെ മരണശേഷം എ.ഡി. 54-ൽ നീറോ ചക്രവർത്തിയായി. നീറോയുടെ സ്വകാര്യജീവിതം വിഷയാസക്തമായിരുന്നു. എന്നാൽ സെനക്ക (Seneca) എന്ന തത്വചിന്തകന്റെയും ബുർറുസ് (Burrus) എന്ന സൈന്യാധിപന്റെയും നിയന്ത്രണത്തിൽ അഞ്ചു വർഷത്തോളം ഭരണം സംശുദ്ധമായിരുന്നു. ക്ലൗദ്യൊസിന്റെ പുത്രനും അവകാശിയുമായ ബ്രിട്ടാനിക്കയെ 55-ൽ വധിച്ചു. കാമുകിയായ പോപ്പെയയെ പ്രീതിപ്പെടുത്തുവാൻ വേണ്ടി എ.ഡി. 59-ൽ സ്വന്തം മാതാവിനെ വധിച്ചു. തുടർന്നു ഒക്ടേവിയയുമായുള്ള ബന്ധം വിടർത്തി പോപ്പെയയെ വിവാഹം കഴിച്ചു.

എ.ഡി. 64 ജൂലൈ 19-നു റോമിൽ ഭയങ്കരമായ അഗ്നിബാധ ഉണ്ടായി. നഗരത്തിന്റെ നാലിലൊന്നു നശിച്ചു. ഈ ദുരന്തത്തിനുശേഷം അധോലോക ദേവതകൾക്കു പൂജനടത്തുകയും എല്ലാ ദേവന്മാർക്കും ബലിയർപ്പിക്കുകയും ചെയ്തു. ഒരുയർന്ന ഗോപുരത്തിലിരുന്ന് അഗ്നി കത്തിക്കാളുന്നതു കണ്ടുരസിച്ച് നീറോ വീണമീട്ടിക്കൊണ്ടിരുന്നതായി പറയപ്പെടുന്നു. ഈ കാര്യം എത്രത്തോളം വാസ്തവമായിരുന്നു എന്നറിയുവാൻ നിവൃത്തിയില്ല. മന്ദിരനിർമ്മാണത്തിന് സ്ഥലം ലഭിക്കുവാൻ വേണ്ടി നീറോ തന്നെയാണ് അഗ്നിബാധയ്ക്കു കാരണമായതെന്നു വിശ്വസിക്കപ്പെടുന്നു. കുറ്റം ക്രിസ്ത്യാനികളുടെ മേൽ ചുമത്തി, ക്രിസ്ത്യാനികളെ വളരെയധികം പീഡിപ്പിച്ചു. ക്രൂരവും അസാധാരണവുമായ വിധത്തിലാണ് ക്രിസ്ത്യാനികളെ ദണ്ഡിപ്പിച്ചത്. ചിലരെ മൃഗങ്ങളുടെ തോലുടുപ്പിച്ച് പട്ടികളെക്കൊണ്ട് ആക്രമിപ്പിച്ചു. ചിലരെ ക്രൂശിക്കുകയും നീറോയുടെ ഉദ്യാനങ്ങളിൽ ദീപാലങ്കാരം പോലെ കത്തിക്കുകയും ചെയ്തു.

നീറോയുടെ സ്വഭാവമാറ്റം കണ്ട് സെനക്ക നീറോയെ ഉപദേശിക്കുകയുണ്ടായി. ഒടുവിൽ സെനക്കയെയും നീറോ വധിച്ചു. ഗർഭിണിയായിരുന്ന പോപ്പെയയെ ചവിട്ടിക്കൊന്നു. തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതുകൊണ്ടു ദത്തുസഹോദരിയായ അന്തോണിയായെ വധിക്കുവാൻ കല്പിച്ചു. അനന്തരം സ്റ്റാറ്റിലിയാ മെസ്സാലിനയെ വിവാഹം ചെയ്തു; അവളുടെ ഭർത്താവിനെ വധിച്ചു. അവസാനകാലത്ത് നല്ല പൗരന്മാരിൽ പലരെയും നീറോ കൊന്നു. 68-ൽ ഗാളിലും സ്പെയിനിലും ആഫ്രിക്കയിലും കലാപം ഉണ്ടായി. കൊട്ടാരത്തിലെ സൈന്യവും നീറോയ്ക്കെതിരെ തിരിഞ്ഞു. സെനറ്റു നീറോയ്ക്കു വധശിക്ഷ വിധിച്ചു. റോമിൽനിന്നു പലായനം ചെയ്യേണ്ട ദുഃസ്ഥിതി വന്നു. എ.ഡി. 68 ജൂൺ 9-ന് നീറോ ആത്മഹത്യ ചെയ്തു. നീറോ മരിച്ചിട്ടില്ലെന്നും അയാൾ മടങ്ങി വരുമെന്നും പലരും വിശ്വസിച്ചിരുന്നു. എ.ഡി. 69-ൽ ആസ്യയിലും അഖായയിലും ഒരു വ്യാജ നീറോ എഴുന്നേററു. പക്ഷേ അവൻ വധിക്കപ്പെട്ടു. ഇതുപോലെ പല സംഭവങ്ങളുമുണ്ടായി. വെളിപ്പാടു പുസ്തകത്തിലെ മൃഗം നീറോ ആണെന്നു കരുതുന്നവരുണ്ട്. വരാനിരിക്കുന്ന എതിർക്രിസ്തുവിനെ നീറോയിൽ ദർശിക്കുന്നവരും കുറവല്ല. നീറോയുടെ ഭാര്യ പോപ്പെയാ യെഹൂദ മതത്തിൽ തത്പരയായിരുന്നു എന്ന് ജൊസീഫസ് പറയുന്നുണ്ട്. അതിനാലാണ് യെഹൂദന്മാരിലേറെ ക്രിസ്ത്യാനികളെ നീറോ ഉപദ്രവിച്ചത്. അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും റോമിൽ വച്ച് നീറോയാൽ വധിക്കപ്പെട്ടു എന്നു കരുതപ്പെടുന്നു.

നീഗർ

നീഗർ (Niger)

പേരിനർത്ഥം – കറുപ്പൻ

അന്ത്യാക്യസഭയിൽ പൗലൊസിനെയും ബർന്നബാസിനെയും മിഷണറി വേലയ്ക്കയക്കുന്ന സന്ദർഭത്തിൽ കൂടിയിരുന്ന പ്രവാചകന്മാരുടെയും ശിഷ്യന്മാരുടെയും കൂട്ടത്തിൽ നീഗറും ഉണ്ടായിരുന്നു. (പ്രവൃ, 13:2). നീഗർ എന്നു പേരുള്ള ശിമോൻ എന്നാണ് ഇയാളെക്കുറിച്ച് പറഞ്ഞിട്ടുളളത്. ഉത്തരാഫ്രിക്കയിൽ നിന്നുള്ള എബ്രായ ക്രിസ്ത്യാനി ആയിരിക്കണം.

നിമ്രോദ്

നിമ്രോദ് (Nimrod)

പേരിനർത്ഥം – മത്സരി

ഹാമിന്റെ പുത്രനായ കൂശിന്റെ പുത്രൻ. നായാട്ടു വീരനായിരുന്ന നിമ്രോദ് ആയിരുന്നു ബാബേൽ സാമാജ്യത്തിന്റെ സ്ഥാപകൻ. (ഉല്പ, 10;8,9). മീഖാ 5:6-ൽ ബാബേലിനെ നിമ്രോദ് ദേശം എന്നുവിളിച്ചിരിക്കുന്നു. സാമ്രാജ്യശക്തി ചരിത്രത്തിൽ ആദ്യമായി വെളിപ്പെടുത്തുന്നതു നിമ്രോദിലൂടെയാണ്. ശപിക്കപ്പെട്ട ഹാമിന്റെ വംശത്തിലൂടെയായിരുന്നു സാമ്രാജ്യശക്തിയുടെ ഉദയം. നിമ്രോദ് സ്ഥാപിച്ച ബാബേൽ തിരുവെഴുത്തുകളിൽ ഉടനീളം മതപരവും നൈതികവുമായ ഒരു ദുഷ്ടവ്യവസ്ഥിതിയുടെ പ്രതിരൂപമാണ്. (യെശ, 21:9; യിരെ, 50:24; 51:64; വെളി, 16:19; 17:5; 18:3). ദൈവത്തിനെതിരെയുള്ള ഒരു പ്രതിയോഗിയായിട്ടാണ് നിമ്രോദിനെ കാണുന്നത്. ജലപ്രളയത്തിന്റെ തിക്തസ്മരണയോടു കൂടിയ ഒരു ജനത്തിനു സംരക്ഷണം വാഗ്ദാനം ചെയ്ത് അവരെ കീഴടക്കി ഭരിക്കുകയായിരുന്നു നിമ്രോദ്. മെസപ്പൊട്ടേമിയയിൽ ഉറുക്കിലെ (ഏരക്: ഉല്പ, 10:10) രാജാവായിരുന്ന ഗിൽഗമേഷ് എന്ന ഇതിഹാസ പുരുഷനുമായി നിമ്രോദിനു ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ബാബേലിലെ മെരോദക് ദേവന്റെ മാനുഷികരൂപമായി നിമ്രോദിനെ കരുതുന്നവരുണ്ട്. മെസപ്പൊട്ടേമിയയിലെ അനേകം സ്ഥലനാമങ്ങൾക്ക് നിമോദിന്റെ പേരിനോടു ബന്ധമുണ്ട്.

നീരപ്പ്

നിരപ്പ് (reconciliation)

മനുഷ്യർ തമ്മിലും (1ശമൂ, 29:4; മത്താ, 5:24; 1കൊരി, 7:11), ദൈവവും മനുഷ്യനും തമ്മിലും (റോമ, 5:1-11; 2കൊരി, 5:18; കൊലൊ, 1:20; എഫെ, 2:5) ഉളള വ്യക്തിപരമായ ബന്ധത്തിലെ മാറ്റമാണ് നിരപ്പ്. ഈ മാറ്റത്തിലൂടെ ശത്രുത്വത്തിന്റെയും അന്യത്വത്തിന്റെയും സ്ഥാനത്ത് സമാധാനവും കൂട്ടായ്മയും ഉണ്ടാകുന്നു. ഒരവസ്ഥയിൽനിന്നു മറ്റൊരവസ്ഥയിലേക്കു പൂർണ്ണമായി മാറുക എന്നതാണ് നിരപ്പിന്റെ അർത്ഥം. ശരിയായ നിലവാരത്തിലെത്താൻ വേണ്ടി ഒന്നിനെയോ ഒരുവനെയോ പൂർണ്ണമായി മാറ്റി ക്രമീകരിക്കുന്നതാണ് നിരപ്പിക്കൽ (റോമ, 5:6-11). ക്രിസ്തുവിന്റെ മരണംമൂലം ദൈവത്തോടുള്ള ബന്ധത്തിൽ ലോകത്തെ പൂർണ്ണമായ മാറ്റത്തിനു വിധേയമാക്കി. മത്സരിയായ മനുഷ്യനും ദൈവത്തിനും തമ്മിൽ നഷ്ടപ്പെട്ടുപോയ ബന്ധത്തെ പുനഃസ്ഥാപിക്കുന്നതിനു എല്ലാറ്റിനെയും ദൈവത്തോടു നിരപ്പിക്കുകയാണ് ചെയ്തത്. (2കൊരി, 5:18; എഫെ, 2:4; യോഹ, 3:16). ഈ നിരപ്പിനു മുഴുവൻ കാരണഭൂതൻ ദൈവം തന്നെയാണ്. ക്രിസ്തുവിലൂടെയാണ് ദൈവം നിരപ്പു വരുത്തിയത്. പുത്രന്റെ മരണത്തിലൂടെ അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം മൂലം നാം ദൈവത്തോടു നിരപ്പു പ്രാപിച്ചു. “ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.” (റോമ, 5:10,11; കൊലൊ, 1:20,22; എഫെ, 2:16).

നിത്യദണ്ഡനം

നിത്യദണ്ഡനം (everlasting punishment)

പാപത്തിനു ശിക്ഷയുണ്ട് (ദാനീ, 12:2; മത്താ, 10:15; യോഹ, 5:28); ഈ ശിക്ഷ നിത്യമാണ്. അടുത്തകാലത്ത് ഈ ചിന്താഗതിക്കെതിരെ ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അന്തിമഘട്ടത്തിൽ എല്ലാവരും രക്ഷിക്കപ്പെടും എന്നതാണ് ഒരു വാദം. ബൈബിളിലെ ചില ഭാഗങ്ങൾ വേർപെടുത്തി വായിക്കുമ്പോൾ അപ്രകാരം തോന്നുമെങ്കിലും തിരുവെഴുത്തുകളുടെ ഉപദേശം മറിച്ചാണ്. മനുഷ്യന്റെ അമർത്ത്യത സോപാധികമാണ് എന്നതാണ് രണ്ടാമത്തെ വാദം. ഒരുവൻ ക്രിസ്തുവിൽ വിശ്വസിച്ചു രക്ഷനേടുകയാണെങ്കിൽ അവനു അമർത്ത്യജീവൻ ലഭിക്കും; അല്ലെന്നു വരികിൽ മരണത്തോടുകൂടി അവൻ അവസാനിക്കും. (സങ്കീ, 9:5; 92:7) തുടങ്ങിയ ഭാഗങ്ങളിൽ ദുഷ്ടന്മാർ നശിച്ചു പോകുമെന്നു കാണുന്നു. ഈ വാക്യങ്ങളിലെ നാശം ഉന്മൂലനാശത്ത കുറിക്കുന്നില്ല. ഞങ്ങൾ നശിച്ചു പോകുന്നു എന്ന് ശിഷ്യന്മാർ വിളിച്ചു പറഞ്ഞത് (മത്താ, 8:29) അത്യന്തനാശം എന്ന അർത്ഥത്തിൽ അല്ലല്ലോ. ദുഷ്ടന്മാരെ ആ നാളിൽ വേരും കൊമ്പും ശേഷിപ്പിക്കാതെ നശിപ്പിച്ചുകളയുമെന്നു പറഞ്ഞിട്ടുണ്ട്. (മലാ, 4:1). ഇവിടെ ഭൗതികശരീരം മാത്രമേ വിവക്ഷിക്കുന്നുള്ളൂ. ഭൗതികശരീരം ദഹിച്ചു പോകും; എന്നാൽ ആത്മാവ് നിലനില്ക്കും. ക്രിസ്തുവിന്റെ പ്രായശ്ചിത്തയാഗം നിത്യമാണ്. ഒരു താൽക്കാലിക ശിക്ഷയുടെ വിടുതലിനായി നിത്യയാഗം കഴിക്കേണ്ട ആവശ്യമില്ല. (എബാ, 9:13,14). ഇവർ നിത്യ ദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും (മത്താ, 25:46) എന്നും അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല (മർക്കൊ, 9:45) എന്നും ക്രിസ്തു പറഞ്ഞു. ആത്മാവ് നിത്യമാകയാൽ ദണ്ഡനം നിത്യമാണ്.

നാഹൂം

നാഹും (Naum)

പേരിനർത്ഥം – ആശ്വാസകൻ

യേശുവിന്റെ വംശാവലിയിൽ എസ്ലിയുടെ മകനും ആമോസിന്റെ അപ്പനും. (ലൂക്കൊ, 3:25). എല്യോവേനായിയുടെ മകനായ യോഹാനാനും (1ദിന, 3:24) നാഹൂമും ഒരാളായിരിക്കാൻ ഇടയുണ്ട്.