‘പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ’ (റോമ, 12:8). സമാശ്വാസം നല്കുക, ഉപദേശം നല്കുക, പ്രോത്സാഹനം നല്കുക, പ്രേരണ നല്കുക, പ്രചോദനം നല്കുക ശിക്ഷണം നല്കുക പഠിപ്പിക്കുക എന്നിങനെ വ്യത്യസ്തമായ അർത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രവാചകനോടും ഉപദേഷ്ടാവിനോടും അടുത്ത ബന്ധമുള്ള ഒരു ഗണമാണ് പ്രബോധകർ. ഗുണദോഷിച്ചു വിശ്വാസികളെ ജീവിതത്തിന്റെ ഉത്തമമാർഗ്ഗത്തിൽ എത്തിക്കുകയും ക്രിസ്തുവിനു വേണ്ടി സമർപ്പണജീവിതത്തിൽ അവരെ ഉറപ്പിക്കുകയുമാണ് പബോധകന്റെ പ്രവൃത്തി. ആത്മീയമായ പ്രേരണാശക്തി ഈ വരത്തിനു അനുബന്ധമാണ്. “കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.” (സദൃ, 6:23). “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” (സദൃ, 1:7). “പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.” (സദൃ, 5:23).
‘ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ (റോമ, 12:7). ആത്മിക ശുശ്രൂഷകൾക്കായി ദൈവം നല്കുന്നതാണ് ശുശ്രൂഷാവരം. സഭയിൽ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെ രണ്ട് ഔദ്യോഗിക പദവികൾ നാം കാണുന്നു. ശുശ്രൂഷകന്മാരുടെ ഔദ്യോഗിക പദവി എങ്ങനെ നിലവിൽ വന്നുവെന്നു നമുക്കറിയില്ല. ശുശ്രൂഷകരുടെ യോഗ്യതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം 1തിമൊഥെയൊസ് 3:8-13-ൽ നല്കിയിട്ടുണ്ട്. വ്യക്തിപരമായി ശുശ്രൂഷകന്മാർ ഘനശാലികളും അനിന്ദ്യരും ആയിരിക്കണം. ഇരുവാക്കുകാരും, മദ്യപരും ദുർല്ലാഭമോഹികളും ശുശ്രൂഷക്കാരായിരിക്കുവാൻ പാടില്ല. സാമൂഹികമായി ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തം കുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആത്മീയമായി വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവരും ആയിരിക്കണം അവർ. ശുശ്രുഷകന്മാരെ നിയോഗിക്കുന്നത് സഭ തന്നെയാണ്. ഓരോ പ്രാദേശികസഭയിലും അനേകം ശുശ്രൂഷകന്മാരുണ്ടായിരുന്നു. (ഫിലി, 1:1; 1തിമൊ, 3:8, അപ്പൊ, 6:1-6). പ്രവൃത്തി ആറാമദ്ധ്യായത്തിൽ ഏഴു പേരെയാണ് തിരഞ്ഞെഞ്ഞെടുത്തത്. എന്നാൽ പ്രാദേശികസഭയുടെ ചുറ്റുപാടുകളും വലിപ്പവും ശുശ്രൂഷകളുടെ വൈവിധ്യവും കണക്കിലെടുത്തു ശുശ്രൂഷകന്മാരുടെ എണ്ണം വ്യത്യാസപ്പെടുത്താൻ കഴിയും. സാധുക്കളുടെ കാര്യം നോക്കുന്നതിനാണ് ആദിമ സഭയിൽ ഏഴുപേരെ തിരഞ്ഞെടുത്തത്. ഇതു അപ്പൊസ്തലന്മാർക്ക് പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കുവാൻ സ്വാതന്ത്ര്യവും സമയവും നല്കി. സ്തെഫാനൊസ്, ഫിലിപ്പോസ് എന്നിവരുടെ സേവനം സഭയുടെ സാമ്പത്തികവും ഭൗതികവുമായ തലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.
‘ചിലരെ ഇടയന്മാരായും നിയമിച്ചിരിക്കുന്നു;’ (എഫെ, 4:11). സഭയെ പത്ഥ്യോപദേശത്തിൽ പരിപാലിക്കുന്ന അദ്ധ്യക്ഷന്മാരെയാണ് ഇടയന്മാർ എന്ന് വിവക്ഷിച്ചിരിക്കുന്നത്. യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധം ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിനു സദൃശമാണ്. “യഹോവ എന്റെ ഇടയനാകുന്നു” എന്ന് ദാവീദു പാടുന്നു. (സങ്കീ, 23:1). “യഹോവ ഒരു ഇടയനെപ്പോലെ തന്റെ ആട്ടിൻകുട്ടത്തെ മേയ്ക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്ത് മാറിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശ, 40:11). പുതിയ നിയമത്തിൽ ക്രിസ്തുവിനും സഭയ്ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുവാൻ കർത്താവുപയോഗിച്ച സാദൃശ്യങ്ങളിലൊന്നാണ് ഇടയനും ആടുകളും. സഭാപരിപാലനത്തെ കുറിക്കുന്ന പ്രയോഗമാണ് ഇടയപരിപാലനം. യേശുക്രിസ്തു നല്ല ഇടയനാണ്. ഈ നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു. (യോഹ, 10:11). യെഹൂദന്മാരിൽ നിന്നും ജാതികളിൽ നിന്നും വിളിച്ചു വേർതിരിക്കപ്പെട്ട സഭയാണ് ആട്ടിൻകുട്ടം. ഇടയൻ എന്ന നിലയിൽ ക്രിസ്തുവിനു മൂന്ന് പ്രത്യേക വിശേഷണങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. നല്ല ഇടയൻ (യോഹ, 10:1, 14). വലിയ ഇടയൻ (എബ്രാ, 13:20), ഇടയശ്രഷ്ഠൻ (1പത്രൊ, 5:4). ദൈവത്തിൻ്റെ ആട്ടിൻകൂട്ടമായ സഭയെ പരിപാലിക്കുവാൻ ദൈവം നല്കുന്ന വരമാണ് ഇടയശുശ്രൂഷ. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു.” (എഫെ, 4:11).
‘അവൻ ചിലരെ സുവിശേഷകന്മാരായും നിയമിച്ചിരിക്കുന്നു;’ (എഫെ, 4:11). കേൾവിക്കാർ ക്ഷണത്തിൽ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സുവിശേഷം പ്രസംഗിക്കുവാൻ ദൈവം നൽകിയിരുന്ന വരമാണ് സുവിശേഷവരം. എവങ്ഗെലിസ്റ്റിസ് എന്ന ഗ്രീക്കു പദത്തിന് സുവാർത്ത വിളംബരം ചെയ്യുന്നവൻ എന്നർത്ഥം. യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന ഏതുവ്യക്തിയെയും സുവിശേഷകൻ എന്നുപറയാം. പുതിയനിയമത്തിൽ ഒരു പ്രത്യേക ശുശ്രൂഷാക്രമത്ത ഇത് വ്യക്തമാക്കുന്നു: “അവൻ ചിലരെ അപ്പൊസ്തലന്മാരെയും ചിലരെ പ്രവാചകന്മാരായും ചിവരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. (എഫെ, 4:11). സഭ സ്ഥാപിക്കുന്നത് സുവിശേഷകന്മാരാണ്; വിശ്വാസത്താൽ സഭയെ പണിതുയർത്തുന്നതു അദ്ധ്യക്ഷനും. സുവിശേഷം കേട്ടിട്ടില്ലാത്തവരോടു സുവിശേഷം പ്രസംഗിച്ചുകൊണ്ട് സുവിശേഷകൻ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നു. അപ്പൊസ്തലന്മാരും (പ്രവൃ, 8:25, 14:7, 1കൊരി, 1:7), മൂപ്പന്മാരും (2തിമൊ, 2:4-5) സുവിശേഷകന്റെ പ്രവൃത്തി ചെയ്തിരുന്നു. സുവിശേഷകൻ എന്നത് പ്രവൃത്തിയെ കുറിക്കുന്ന പദമാണ്; അല്ലാതെ പദവിയെക്കുറിക്കുന്നതല്ല. സുവിശേഷകൻ അപ്പൊസ്തലനോ, മൂപ്പനോ, ഡീക്കനോ ആയിരിക്കണമെന്നില്ല. ഇവരിൽ ആർക്കും സുവിശേഷകൻ ആകാവുന്നതാണ്.
‘സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു;’ (1കൊരി, 14:26). “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16). ദൈവനാമമഹത്വത്തിനായി കീർത്തനങ്ങൾ രചിക്കുന്നതും, അതു ശ്രുപിമധുരമായി ആലപിക്കാൻ കഴീയുന്നതും ഒരു വരമാണ്. പഴയനായമ കാലത്തും സങ്കീർത്തനത്തിന് വലിയ തോതിലുള്ള പ്രാധാന്യമുണ്ടായിരുന്നു. സങ്കീർത്തനപുസ്തകം അതനുദാഹരണമാണ്. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ‘സ്തോത്രം പാടിയശേഷം ഒലീവുമലക്കു പുറപ്പെട്ടുപോയി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (മർക്കൊ, 14:26). അപ്പസ്തലന്മാരായ പൗലൊസും ശീലാസും കാരാഗൃഹത്തിൽ വെച്ച് ദൈവത്തെ പിടിസ്തുതിച്ചതായും കാണുന്നുണ്ട്. (പ്രവൃ, 16:25). വെളിപ്പാട് പുസ്തകത്തിലും പാട്ടിൻ്റെ അലയടികൾ കാണാം. (5:10; 14:3; 15:3). “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെ,5:19,20).
‘പരിപാലനവരം’ (1കൊരി, 12:28). സഭയുടെ പരിപാലനത്തിനുള്ള കഴിവ് ഒരു കൃപാവരമാണ്. (1കൊരി, 12:28). ഭരിക്കുന്നവൻ ഉത്സാഹത്തോടെ ചെയ്യേണ്ടതാണ്. (റോമ, 12:8). അന്ന് സഭയുടെ സംവിധാനവും സ്ഥാനങ്ങളും വ്യക്തമായിരുന്നില്ല; സഭയെ നടത്തിയിരുന്നത് നിയമിക്കപ്പെട്ട കാര്യദർശികളുമായിരുന്നില്ല. തന്മൂലം പ്രാദേശിക സഭകളെ ഭരിക്കുന്നതിന് പ്രത്യേകം പരിപാലനവരം ലഭിച്ചവർ വേണ്ടിയിരുന്നു. കാലക്രമത്തിൽ ഈ വരം ചില വ്യക്തികൾക്കു ലഭിക്കുകയും അവർ പ്രസ്തുത ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തു.
‘സഹായം ചെയ്യുവാനുള്ള വരം’ (1കൊരി, 12:28). സഹായം ചെയ്യുവാനുള്ള ഈ വരം എന്താണെന്ന് അപ്പൊസ്തപ്രവൃത്തി 20:35-ൽ നിന്ന് മനസ്സിലാക്കാം: “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” സ്വന്തം മാതൃക ചൂണ്ടിക്കാണിച്ചാണ് അപ്പൊസ്തലൻ സഭയെ പ്രബോധിപ്പിക്കുന്നത്. ആദിമസഭ ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു. അതിനു ക്രിസ്തുവാണ് നമ്മുടെ മാതൃക: “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ?” (2കൊരി, 8:9). ഈ വരം മക്കദോന്യ സഭയ്ക്കുണ്ടായിരുന്നതായി അപ്പൊസ്തലൻ സാക്ഷ്യം പറയുന്നു. (2കൊരി, 8:1). “വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കുമീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി.” (2കൊരി, 8:3,4).
‘മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം’ (1കൊരി, 12:10), ‘എല്ലാവരും വ്യാഖ്യാനിക്കുന്നുവോ?’ (1കൊരി, 12:31), “അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.” (1കൊരി, 14:13). അന്യഭാഷയെ പിന്തുടരുന്ന വരമാണ് വ്യാഖ്യാനവരം. അന്യഭാഷ സംസാരിക്കുന്നവൻ തന്നെ വ്യാഖ്യാനിയാകാം. (1കൊരി, 14:13). പൊതുവെ വ്യാഖ്യാനവരം മറ്റുള്ളവർക്കായിരുന്നു. (1കൊരി, 14:27, 28). പെന്തെക്കൊസ്തിലെ അന്യഭാഷയ്ക്ക് വ്യാഖ്യാനിയുടെ ആവശ്യമില്ലായിരുന്നു. കാരണം, ഗലീലക്കാരായ ശിഷ്യന്മാരുടെ അന്യഭാഷ അവിടെ വന്നു കൂടിയ മറുഭാഷക്കാരായ യെഹൂദന്മാർക്ക് മനസ്സിലാകുന്നതായിരുന്നു. (പ്രവൃ, 2:7,8). എന്നാൽ കൊരിന്തു സഭയിൽ വ്യാഖ്യാനിയെക്കുടാതെയുള്ള അന്യഭാഷ വിലക്കുന്നതായും കാണാം. “അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ, വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1കൊരി, 14:27,28). ‘ഭാഷാവരമോ അതു നിന്നുപോകും’ (1കൊരി, 13:8) എന്നു പറഞ്ഞിട്ടുണ്ട്. ഭാഷാവരമുണ്ടെങ്കിൽ മാത്രമേ വ്യാഖ്യാനിയുടെ ആവശ്യമുള്ളൂ. ഇന്ന് ലോകത്തിൽ അനവധിയാളുകൾ അന്യഭാഷകളിൽ സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരാളുപോലും വ്യാഖ്യാനിക്കുന്നില്ല. ഖ്യാഖ്യാനവരം ആർക്കുമില്ലാത്തതും അന്യഭാഷ നിന്നുപോയതിൻ്റെ തെളിവാണ്.
‘വേറൊരുവന്നു പലവിധ ഭാഷകൾ (1കൊരി, 12:10), ‘വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു’ (1കൊരി, 12:28), ‘ഭാഷാവരമോ, അതു നിന്നുപോകും.’ (1കൊരി, 13:8). ഭാഷാവരം ഒരു സഭയ്ക്കോ സഭയുടെ ഏതെങ്കിലും വിഭാഗത്തിനോ മാത്രമായി നല്കപ്പെട്ടതായിരുന്നില്ല. വരങ്ങളുടെ താരതമ്യവിവേചനത്തിൽ ഒടുക്കത്തെ സ്ഥാനമാണ് ഭാഷാവരത്തിനും വ്യാഖ്യാനവരത്തിനും അപ്പൊസ്തലൻ രണ്ടു പട്ടികകളിലും നല്കുന്നത്. (1കൊരി, 12:8-10; 28-30). അന്യഭാഷ ആരും തിരിച്ചറിയുന്നില്ല; അതുകൊണ്ട് അത് സഭയ്ക്ക് ആത്മിക വർദ്ധന വരുത്തുന്നില്ല. (1കൊരി, 14:2). “ലോകത്തിൽ വിവിധ ഭാഷകൾ അനവധിയുണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവകയാൽ സഭയുടെ ആത്മികവർദ്ധനക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.” (1കൊരി, 14’10-12). എന്നാൽ പെന്തെക്കൊസ്തു നാളിൽ സംസാരിച്ചത് അറിയപ്പെട്ട മാനുഷിക ഭാഷയിലായിരുന്നു. “ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതുകേട്ട് അമ്പരന്നു പോയി.” (പ്രവൃ, 2:6). അന്യഭാഷ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു. (1കൊരി, 14:4). അന്യഭാഷ സംസാരിക്കുന്നവന് ബുദ്ധിപരമായ കഴിവുകൾ നഷ്ടപ്പെട്ടിരിക്കും. (1കൊരി, 14:14-15). എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല. (1കൊരി, 12:29). അന്യഭാഷ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ്. (1കൊരി, 14:22). സഭയൊക്കെയു കൂടി അന്യഭാഷകളിൽ സംസാരിക്കാൻ പാടില്ല. (1കൊരി, 14:23). വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ ഹൃദയത്തിൽ സംസാരിക്കണം: “വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1കൊരി, 14:28).
“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.” (1കൊരി, 13:8). കർത്താവിൻ്റെ വരവിലാണ് അന്യഭാഷയും ജ്ഞാനവും പ്രവചനവും നിന്നുപോകുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. കർത്താവിൻ്റെ വരവിനുശേഷം ഭൂമിയിൽ ദൈവസഭ ഉണ്ടാകില്ലെന്നു മാത്രമല്ല; വേദപുസ്തകം നിഷ്ക്രിയമാകുകയും ചെയ്യും. മാത്രമല്ല, കൃപാവരങ്ങൾ യാതൊന്നിൻ്റെയും ആവശ്യവുമില്ല. പിന്നെ കുറഞ്ഞത് മുപ്പത് വരങ്ങളെങ്കിലും ഉള്ള സ്ഥാനത്ത് മൂന്നു വരങ്ങൾ മാത്രം മാറിപ്പോകുമെന്ന് പറയുന്നതെന്തിനാണ്?