സത്യം

സത്യം (truth)

സതേഹിതം യത് (ഉള്ളതിനൊത്തത്) സത്യം. ശപഥത്തിനും യഥാർത്ഥ ഭാഷണത്തിനും സത്യം എന്നു പറയും. ഉണ്മ, വാസ്തവം, യാഥാർത്യം, അസ്തിത്വമുള്ളത്, നിലനില്പുള്ളത്, നിർവ്യാജമായത്, ശപഥം, സദ്ഭാവം ഇതൊക്കെ സത്യത്തിൻ്റെ പര്യായങ്ങളാണ്. എമെത് (സത്യം) എന്ന എബ്രായപദത്തിൽ മൂന്നക്ഷരങ്ങളുണ്ട്: ‘ആലേഫ്, മേം, തൗ’ ഇവ മൂന്നും അക്ഷരമാലയിലെ ഒന്നാമത്തെയും നടുവിലത്തെയും ഒടുവിലത്തെയും അക്ഷരമാണ്. ഹനീനാറബ്ബി പ്രസ്താവിച്ചു; ‘പരിശുദ്ധന്റെ മുദ്ര’ അവന്റെ നാമം വാഴ്ത്തപ്പെടട്ടെ, സത്യമാണ്.’ എമെത് ആദിമദ്ധ്യാന്ത വർണ്ണങ്ങളാൽ രൂപംകൊണ്ടത് പിൻവരുന്ന സത്യം പഠിപ്പിക്കുന്നതിനാണെന്നു മറ്റൊരു റബ്ബി വ്യാഖ്യാനിക്കുന്നു; “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്ന് ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ, “ഞാനല്ലാതെ ഒരു ദൈവവുമില്ല.” എന്റെ പരമാധികാരം മറ്റൊന്നിനു ഒരിക്കലും പകർന്നു കൊടുക്കായ്കയാൽ “ഞാൻ അന്ത്യന്മാരോടു കൂടെ അനന്യനും ആകുന്നു.” (യെശ, 41:4).

സത്യത്തിനു രണ്ടു പ്രധാന ആശയങ്ങളുണ്ട്. 1. പ്രസ്താവനകളുടെ പരസ്പരബന്ധവും അവയ്ക്ക് യഥാർത്ഥ വസ്തുക്കളോടുള്ള പൊരുത്തവും. 2. ഉൺമയായ വസ്തുത. “നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.” (ഉല്പ, 42-16). പറഞ്ഞ കാര്യത്തിന്റെ വാസ്തവികതയാണ് ഇവിടെ വിവക്ഷിതം. ഇവിടെ സത്യത്തിനു നേര് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവിക വെളിപ്പാടിനെ സംബന്ധിച്ച് സത്യം തന്നെ എന്നു പറയുന്ന സന്ദർഭങ്ങൾ കാണാം. ദൈവത്തിന്റെ വെളിപ്പാടുകളും പ്രസ്താവനകളും വിധികളും സത്യമാണ്: (ദാനീ, 8:26; 10:1, 21; സങ്കീ, 19:9; 119:160). ദൈവം സത്യവാനാണ്. (റോമ, 3:4). അതുകൊണ്ട് ദൈവത്തിന്റെ വചനങ്ങളെല്ലാം സത്യമാകുന്നു. (യോഹ, 17:17). മോശെ പ്രാപ്തിയുള്ള പുരുഷന്മാരെക്കുറിച്ചു പറയുമ്പോൾ അവർ ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരും എന്നു പറഞ്ഞിരിക്കുന്നു. (പുറ, 18:21). സ്വഭാവദാർഢ്യത്തെ വെളിപ്പെടുത്തുന്നതാണ് സത്യസന്ധത. വ്യക്തിപരമായ പെരുമാറ്റത്തെ അതു സ്വാധീനിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ധാരണ ദൈവത്തിന്റെ സ്വഭാവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത് വ്യാജത്തിന്റെ വിപര്യായമാണ് സത്യം. ദൈവത്തിനു ഭോഷ്കു പറയുവാൻ കഴിയുകയില്ല. (എബ്രാ, 6:18). യേശു പ്രാർത്ഥിച്ചു ‘സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.’ (യോഹ, 17:17). “തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വത്രന്തന്മാരാക്കുകയും ചെയ്യും.” എന്ന് ക്രിസ്തു വാഗ്ദാനം ചെയ്തു. (യോഹ, 8:31,32). സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനാണ് ക്രിസ്തു ജനിച്ചത്. ക്രിസ്തു തന്നെയണ് സത്യം. ഈ സത്യം മനസ്സിലാക്കുവാൻ പീലാത്തോസിനു കഴിയാതെ പോയി. സത്യം എന്നാൽ എന്ത് എന്നു പീലാത്തോസ് യേശുവിനോടു ചോദിച്ചു. യേശു നല്കിയ മറുപടി ശ്രദ്ധേയമാണ്: “സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനു ഞാൻ ജനിച്ചു. അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതൽപരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:37. ഒ.നോ: 8:14; 19:35),

മനസ്സലിവ്

മനസ്സലിവ് (compassion)

മറ്റൊരാളിന്റെ നേർക്കു മനസ്സിനുണ്ടാകുന്ന ആർദ്രഭാവമാണ് മനസ്സലിവ്. യെരുശലേമിനോടു മനസ്സലിവു തോന്നി നവജാതാവസ്ഥയിൽ അവളെ ശുശ്രൂഷിക്കുവാൻ ഒരു കണ്ണിനും കനിവുണ്ടായില്ല എന്നു യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിനെക്കുറിച്ചു പ്രസ്താവിച്ചു. (യെഹ, 16:5). അതിക്രമം നിമിത്തം ചിതറിയ യിസ്രായേലിനെ കൂട്ടിച്ചേർക്കുന്നതു യഹോവയുടെ മനസ്സലിവാണ്. (ആവ, 30:3). ബാബേൽപ്രവാസത്തിൽ നിന്നും യഹോവ അവരെ മടക്കി വരുത്തി. (യെശ, 14:1; 63:15). പീഡകന്മാർ നിമിത്തമുള്ള സ്വജനത്തിന്റെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവു തോന്നും. (ന്യായാ, 2:18; 2രാജാ, 13:23).

സ്പ്ലാങ്ഖ്നിസൊമായ് എന്ന ഗ്രീക്കു ധാതുവിന് മനസ്സലിയുക എന്നർത്ഥം. സ്പ്ലാങ്ഖ്ന കുടൽ ആണ്. ഗ്രീക്കുകാരുടെ ധാരണയിൽ പ്രബലമായ വികാരങ്ങൾ കുടലിൽ സ്ഥിതി ചെയ്യുന്നു. മനസ്സലിവ് സാധാരണനിലയിലുള്ള അനുകമ്പയോ സഹതാപമോ സഹഭാവമോ അല്ല, അന്തർഭാഗത്തുണ്ടാകുന്നു വികാരത്തിന്റെ ബഹിർസ്ഫുരണമാണ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ. ക്രിസ്തുവിനു പുരുഷാരത്തോടും കഷ്ടത അനുഭവിക്കുന്ന വ്യക്തിയോടും ഉണ്ടായ മനസ്സലിവിനെ കാണിക്കുവാനാണ് ഈ ഗ്രീക്കുപദം പ്രയോഗിച്ചിട്ടുള്ളത്. കടം വീട്ടുവാൻ നിവൃത്തിയില്ലാത്ത ദാസനോടു കരുണ കാണിച്ച യജമാനന്റെ മനോഭാവവും (മത്താ, 18:27), മുറിവേറ്റു വഴിയിൽ കിടന്ന യാത്രക്കാരനോടു നല്ല ശമര്യനു തോന്നിയ മനോഭാവവും (ലൂക്കൊ, 10:33), മുടിയനായ പുത്രനോടു പിതാവിനുണ്ടായ മനോഭാവവും (ലൂക്കൊ, 15:20) മനസ്സലിവാണ്. പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കണ്ടിട്ട് യേശു അവരെക്കുറിച്ചു മനസ്സലിഞ്ഞു. (മത്താ, 9:36; 14:14; മർക്കൊ, 6:34). വിശന്ന പുരുഷാരത്തെ കണ്ട് യേശു മനസ്സലിഞ്ഞു. (മത്താ, 15:32; മർക്കൊ, 8:2). കുരുടന്മാരുടെ നിലവിളി കേട്ടു യേശു മനസ്സലിഞ്ഞു അവർക്കു സൗഖ്യം നല്കി. (മത്താ, 20:34). യേശു മനസ്സലിഞ്ഞു കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കി. (മർക്കൊ, 1:41). ഭൂതഗസ്തന്റെ പിതാവിന്റെ അപേക്ഷ കേട്ടു മനസ്സലിഞ്ഞു ഭൂതഗസ്തനായ ബാലനെ യേശു സൗഖ്യമാക്കി. (മർക്കൊ, 9:22). നയിനിലെ വിധവ യുടെ ദു:ഖം കണ്ട് യേശു മനസ്സലിഞ്ഞു, ബാലനെ ഉയിർപ്പിച്ചു. (ലൂക്കൊ, 7:13). പൗലൊസിന്റെ പ്രബോധനത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ മനസ്സലിവാണ്. (റോമ, 12:1). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം മനസ്സലിവുളള പിതാവും സർവ്വാശ്വാസം നല്കുന്ന ദൈവവുമാണ്. (2കൊരി, 1:3). ദൈവമക്കളായ വിശുദ്ധന്മാർ തന്മൂലം മനസ്സലിവു ധരിക്കേണ്ടവരാണ്. (കൊലൊ, 3:12).

ഇന്ദ്രിയജയം

ഇന്ദ്രിയജയം (self-control)

“ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃ, 25:28). സ്വയത്ത നിയന്ത്രിക്കുന്നതാണ് ആത്മസംയമനം. ഇന്ദ്രിയങ്ങളുടെ ചോദനകളെയും മാനസികാഭിലാഷങ്ങളെയും കീഴടക്കേണ്ടതാണ്. മിക്ക വ്യക്തികളുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നതു വാസനാരൂപമായ ചോദനകളാണ്. ആത്മീയൻ ഇന്ദ്രിയങ്ങൾക്കു കീഴടങ്ങാതെ അവയെ വേണ്ട വിധത്തിൽ നിയന്ത്രിക്കും. വാസനകൾ നല്ലതോ ചീത്തയോ അല്ല. അവയെ നല്ല വഴിക്കും ചീത്ത വഴിക്കും തിരിച്ചുവിടാവുന്നതേയുള്ളു. ആത്മസംയമനം ആസക്തിക്കും കാമത്തിനും അതിരു വയ്ക്കുകയും ആഗ്രഹങ്ങളെ ഏതു പരിധിവരെ തൃപ്തിപ്പെടുത്താം എന്നതിന് വിവേകത്തിൽ നിന്ന് മാർഗ്ഗദർശനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ആത്മത്യാഗത്തിന്റെ അതിർവരെ എത്തിച്ചേരുന്നതാണ് പുതിയ നിയമത്തിൽ ഉപദേശിക്കപ്പെട്ട ആത്മസംയമനം. ആത്മപരിത്യാഗത്തിന്റെ ഉന്നതമായ മാതൃക ക്രിസ്തുവാണ്. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണം ഉള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). ക്രിസ്തുവിനെ അനുഗമിക്കുന്നവർ സ്വയം ത്യജിക്കേണ്ടതാണ്. “പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു, നാൾതോറും തന്റെ കൂശ് എടുത്തും കൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കൊ, 9:23-24). ഈ സ്വയത്യാഗത്തിന്റെ വ്യക്തമായ രൂപം അപ്പൊസ്തലനായ പൌലൊസ് സ്വാനുഭവത്തിലൂടെ രേഖപ്പെടുത്തുന്നു. (2കൊരി, 6:4-10; 4:8-10). ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലേണ്ടതാണ്. (1പത്രൊ, 2:11,12). സ്വാദുഭോജനങ്ങളെ കൊതിക്കാതെ ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിക്കണം. (സദൃ, 23:2,3). നാം നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും കൂട്ടുകാരനെ അവന്റെ ആത്മീയ വർദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കയും വേണം. (റോമ,15:1-3). പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു അന്യരും പരദേശികളും എന്നപോലെ ഭൂമിയിൽ ജീവിക്കേണ്ടതാണ്.

സൗമ്യത

സൗമ്യത (meekness)

പരസ്പരബന്ധമുള്ള ഗുണങ്ങളാണ് സൗമ്യതയും താഴ്ചയും. പഴയനിയമത്തിലും ഒരു സുകൃതമായി സൗമ്യത പറയപ്പെട്ടിട്ടുണ്ട്. ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും’ (സങ്കീ, 37:11) എന്ന വാക്യത്തെ ഗിരിപ്രഭാഷണത്തിൽ മൂന്നാമത്തെ ഭാഗ്യവചനമായി ക്രിസ്തു ഉദ്ധരിച്ചു. (മത്താ, 5:5). മോശെയുടെ സൗമ്യത പ്രസിദ്ധമായിരുന്നു. (സംഖ്യാ, 12:1-3). സൗമ്യതയ്ക്കുപയോഗിക്കുന്ന ഗ്രീക്കു പദത്തിന്റെ (പ്രാവൊടീസ്) മലയാളവിവർത്തനം സുകരമല്ല. കോപത്തിനും കോപമില്ലായ്മയ്ക്കും മദ്ധ്യേയുളള ഒരവസ്ഥയാണിത്. പുതിയനിയമത്തിൽ ഈ പദം സഹിഷ്ണുതയെയും പരപരിഗണനയെയും പൊതുനന്മയ്ക്കു വേണ്ടി സ്വാർത്ഥത ഉപേക്ഷിക്കുവാനുള്ള മനോഭാവത്തെയും കാണിക്കുന്നു. മറ്റുള്ളവരുടെ മേൽ അധീശത്വം കാണിക്കുവാനുള്ള വാസനയെ സൗമ്യത നിയന്ത്രിക്കുന്നു. സൗമ്യത ആത്മാവിന്റെ ഫലമാണ്. (ഗലാ, 5:23). ജീവിതത്തിൽ അനുഭവപ്പെടുന്ന കഷ്ടപ്പാടുകൾ മാത്രമല്ല, മനുഷ്യർ ചെയ്യുന്ന അപകാരങ്ങളും ക്ഷമയോടു സഹിക്കുവാൻ സൗമ്യത നമുക്കു കഴിവു തരുന്നു. ക്രിസ്തു സൗമ്യതയ്ക്ക് മാതൃകയാണ്. (മത്താ, 11:29). വിരോധികളോടു സൗമ്യതയോടുകൂടെ ഇടപെടണം. (2തിമൊ, 2:26). പ്രതിവാദം ചെയ്യുന്നത് സൗമ്യതയോടെ ആയിരിക്കണം. (1പത്രൊ, 3:15). പരസ്പരം ക്ഷമിക്കുന്നതിനു സൗമ്യത വേണം. (എഫെ, 4:2).

വിശ്വസ്തത

വിശ്വസ്തത (faithfulness)

പുതിയ നിയമത്തിൽ ‘പിസ്റ്റിസ്’ എന്ന ഗ്രീക്കുപദം കർത്ത്രർത്ഥത്തിലും കർമ്മാർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. കർത്ത്രർത്ഥത്തിൽ വിശ്വാസമെന്നും കർമ്മാർത്ഥത്തിൽ വിശ്വാസ്യത അഥവാ വിശ്വസ്തത എന്നുമത്രേ അർത്ഥം. വിശ്വാസം ആദ്ധ്യാത്മിക ജീവിതത്തിന്റെ നാരായവേരാണ്; വിശ്വസ്തത ആത്മീയജീവിതത്തിന്റെ ഫലങ്ങളിലൊന്നും. (ഗലാ, 5:22). ആത്മീയൻ വിശ്വാസയോഗ്യനാണ്. കൊരിന്തിലെ ചില വിശ്വാസികൾ പൗലൊസിനെ അവിശ്വസ്തനെന്നു കുറ്റപ്പെടുത്തി. പൗലൊസ് അതിനും സൗമ്യമായി മറുപടി നല്കി; “ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ, ഉവ്വ; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരുപണമോ? നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി.” (2കൊരി, 1:17,18). ദൈവത്തിന്റെ ഗൃഹവിചാരകൻ വിശ്വസ്തനായിരിക്കണം. (1കൊരി, 4:2). എന്തു പ്രയാസം നേരിട്ടാലും നിരാശനാകാതെ സ്ഥിരത പാലിക്കുന്നതിനും വിശ്വസ്തത ആവശ്യമാണ്.

പരോപകാരം

പരോപകാരം (goodness)

അന്യനു ചെയ്യുന്ന നന്മയാണ് പരോപകാരം. ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന ചൊല്ല് പ്രസിദ്ധമാണ്. നന്മകൂടാതെ തന്നെ ഒരുവനു നീതിമാനായിരിക്കുവാൻ കഴിയും. പ്യൂരിറ്റന്മാർ നീതിമാന്മാരായിരുന്നു. എന്നാൽ തങ്ങളുടെ ധാർമ്മിക നിലവാരത്തിലെത്താത്തവരെ അവർ കഠിനമായി ഭർത്സിച്ചിരുന്നു. അപ്പൊസ്തലനായ പൗലൊസ് നീതിയും നന്മയും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചിട്ടുണ്ട്; “നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിക്കാൻ തുനിയുമായിരിക്കും.” (റോമ, 5:7). പരീശന്മാരും യേശുവും തമ്മിലുള്ള സംഘർഷത്തിനു പ്രധാനകാരണം, പരീശന്മാർ നീതിക്കും യേശു നന്മയ്ക്കും വേണ്ടി നിലകൊണ്ടു എന്നതാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും സമ്പൂർണ്ണത ലക്ഷ്യമാക്കുന്നത് നീതിയിലേറെ നന്മയെയാണ്. ഒരു നീതിമാന്റെ എല്ലാ ധാർമ്മിക ഗുണങ്ങളും നന്മയുള്ള മനുഷ്യനിലുണ്ടായിരിക്കും; ഒപ്പം മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും. പരസ്പരം സഹായിക്കുന്നതിനു ഇതു പ്രേരകമാണ്.

ദയ

ദയ (kindness)

അന്യർക്കുവേണ്ടിയുള്ള എരിവും അവരോടുള്ള അമിതമായ താത്പര്യവുമാണ് ‘ഹെസെദ്’ എന്ന എബ്രായപദം വിവക്ഷിക്കുന്നത്. കനിവ്, കരുണ, മനസ്സലിവ് എന്നിവ പര്യായങ്ങളാണ്. പരസ്പരം സഹായം ചെയ്യുക, അപരനു ഉപകാരം ചെയ്യുക (ഉല്പ, 21:23; 2ശമൂ, 10:2), പീഡിതരോടു അനുകമ്പ കാണിക്കുക (ഇയ്യോ, 6:14) എന്നിവ ദയയിൽ ഉൾപ്പെടുന്നു. ദയ ചെയ്യുക (ഉല്പ, 20:13; 23:13; 40:14; ഇയ്യോ, 6:28; പ്രവൃ, 25:3), ദയ കാണിക്കുക (ഉല്പ, 21:23; ആവ, 5:10; ഇയ്യോ, 6:14; സങ്കീ, 109:16; സദൃ, 19:22; പ്രവൃ, 24:23; 27:3; 28:2; 1കൊരി, 13:4), ദയ തോന്നുക (ഉല്പ, 32:20; 33:10; രൂത്ത്, 2:10; 1ശമൂ, 25:8) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ തിരുവെഴുത്തുകളിൽ സുലഭമാണ്. ദയയെക്കുറിക്കുന്ന ഗ്രീക്കുപദത്തിൻ്റെ (ഖ്റീസ്റ്റൊററീസ്) പ്രാഥമികാർത്ഥം പ്രയോജനം അഥവാ ഉപകാരം എന്നത്രേ. വ്യക്തികളോടുള്ള ബന്ധത്തിൽ അതിനു ദയ എന്നർത്ഥമുണ്ട്. സ്നേഹത്തിൻറ ബഹിഷ്പ്രകടനമാണ് ദയ. “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.” (1കൊരി, 13:4).

ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിനു (2ശമൂ, 9:3) എന്നു ദാവീദ് പറഞ്ഞതിനു ദൈവത്തെപ്പോലെ ദയ കാണിക്കുക എന്നോ, ദൈവത്തെ ഓർത്തു ദയകാണിക്കുക എന്നോ അർത്ഥമാകാം. ദൈവം മനുഷ്യനോടു കാണിക്കുന്ന കരുണ അവൻ്റെ ദയയാണ്. ദൈവം കരുണാസമ്പന്നനും (എഫെ, 2:4), മഹാകരുണയും മനസ്സലിവും ഉള്ളവനും (യാക്കോ, 5:11), കരുണാധിക്യമുള്ളവനും (1പത്രൊ, 1:8) ആണ്. യിസ്രായേല്യരോടും (സങ്കീ, 102:13), വിജാതീയരോടും (റോമ, 11:30) തന്നെ ഭയപ്പെടുന്നവരോടും (സങ്കീ, 103:17; ലൂക്കൊ, 1:50), തന്റെ രക്ഷ അന്വേഷിക്കുന്നവരോടും (യെശ, 55:7) ദൈവം കരുണയുളളവനാണ്. ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ളവനാണ് ദൈവം. (നെഹെ, 9:17). മനുഷ്യൻ ദയാതത്പരനും (മീഖാ, 6:8), ദയാപൂർണ്ണനും (റോമ, 15:14) ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും. (സദൃ, 22:9).

ദീർഘക്ഷമ

ദീർഘക്ഷമ (long suffering)

ദൈവിക ഗുണങ്ങളിലൊന്നാണ് ദീർഘക്ഷമ. കോപിക്കുന്നതിൽ താമസമുള്ളവൻ (slow to anger) എന്നാണിതിനർത്ഥം. മനുഷ്യരെ പാപത്തിനു ശിക്ഷിക്കുന്നതിൽ ദൈവം കാലതാമസം വരുത്തുന്നതിന്നടിസ്ഥാനം തന്റെ ദീർഘക്ഷമയാണ്. (പുറ, 34:6; സംഖ്യാ, 14:17; നെഹെ, 9:17; സങ്കീ, 86:15; 103:8; 145:8; യിരെ, 15:15; യോവേ, 2:13; യോനാ, 4:2; നഹും, 1:3; ലൂക്കൊ, 18:7; റോമ, 2:4; 9:22; 1തിമൊ, 1:16; 1പത്രൊ, 3:18; 2പത്രൊ, 3:9, 15). പ്രകോപനത്തിന്റെ മുമ്പിൽ പെട്ടെന്നു പ്രതികാരം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യാതെ സ്വയം നിയന്ത്രിക്കുന്നതിലൂടെയാണ് ദീർഘക്ഷമ വെളിപ്പെടുന്നത്. ദ്വേഷ്യത്തിന്റെ വിപര്യായമാണിത്. കരുണയുമായി ദീർഘക്ഷമയ്ക്ക് ബന്ധമുണ്ട്.

ആത്മാവിന്റെ ഫലമാണ് ദീർഘക്ഷമ. (ഗലാ, 5:22). മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന ദോഷകരമായ പെരുമാറ്റം കോപത്തിനോ വൈരാഗ്യത്തിനോ ഇടകൊടുക്കാതെ സഹിക്കുന്നതാണ് ദീർഘക്ഷമ. ദോഷൈകദൃക്കുകൾ ക്രോധത്തിനു വശംവദരാണ്. പ്രാകൃതമനുഷ്യന് (natural man) മറ്റുള്ളവരോടുള്ള ക്ഷമ വേഗം നശിക്കും. (2കൊരി, 6:6; എഫെ, 4:2; കൊലൊ, 3:12; മർക്കോ, 9:9). ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാനും (സദൃ, 14:29), സാദ്ധവീരനിലും ശ്രേഷ്ഠനും (സദൃ, 16:32) ആണ്. മനുഷ്യനു ദീർഘക്ഷമ ലഭിക്കുന്നത് വിവേക ബുദ്ധിയാലാണ്. (സദൃ, 19:11). എല്ലാവരോടും ദീർഘക്ഷമ കാണിക്കുവാനാണ് അപ്പൊസ്തലൻ തെസ്സലൊനീക്യയിലെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്. (1തെസ്സ, 5:14). ശാസിക്കുന്നത് ദീർഘക്ഷമയോടെ ആയിരിക്കണം. (2തിമൊ, 4:2). വാഗ്ദത്തം പ്രാപിക്കുന്നതിനു ദീർഘക്ഷമ ആവശ്യമാണ്. (എബാ, 6:15).

സമാധാനം

സമാധാനം (peace)

പഴയനിയമത്തിൽ സമാധാനം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന എബ്രായപദം ‘ഷാലോം’ ആണ്. ഈ പദത്തിനു സ്വാസ്ഥ്യം, പൂർണ്ണത, ക്ഷേമം തുടങ്ങിയ അർത്ഥങ്ങളുണ്ട്. മറ്റൊരാളിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കുമ്പോഴും (ഉല്പ, 43:27; പുറ, 4:18; ന്യായാ, 19:20), മറ്റൊരാളുമായി രഞ്ജനത്തിലാണെന്നതു സൂചിപ്പിക്കുമ്പോഴും (1രാജാ, 5:12) ഷാലോം ഉപയോഗിക്കും. ഒരു പട്ടണത്തിന്റെയോ രാജ്യത്തിന്റെയോ സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുകയോ ആശംസിക്കുകയോ ചെയ്യാറുണ്ട്. (സങ്കീ, 122:6; യിരെ, 29:7). ശാരീരികമായ സുരക്ഷയ്ക്കും സമാധാനം എന്നു പറയും. (സങ്കീ, 4:8). ആത്മീയമായ ക്ഷേമത്തിന്റെ അവസ്ഥയാണ് സമാധാനം. അത് സത്യം, നീതി എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. “ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.” (സങ്കീ, 85:10). സമാധാനം ദൈവത്തിന്റെ ദാനമാണ്. മശീഹയുടെ വാഴ്ച സമാധാനത്തിന്റെ കാലമാണ്. (യെശ, 2:2, 4; 11:1-9; ഹഗ്ഗാ, 2:7-9). മശീഹ സമാധാനപ്രഭുവാണ്. (യെശ, 9:6). സമാധാനം ഘോഷിക്കുന്നവനും പ്രസിദ്ധമാക്കുന്നവനും (യെശ, 52:7), പൂർണ്ണസമാധാനത്തിൽ കാക്കുന്നവനും (യെശ, 26:3), സമാധാനം നിയമിക്കുന്നവനും നിവർത്തിക്കുന്നവനും (യെശ, 26:12), സമാധാന നിവാസത്തിൽ പാർപ്പിക്കുന്നവനും (യെശ, 32:18), അവസാനം വരാത്ത സമാധാനവും (യെശ, 9:7), നീങ്ങിപ്പോകാത്ത സമാധാന നിയമം ചെയ്തവനും കർത്താവത്രേ.

സമാധാനത്തെക്കുറിക്കുന്ന ഗ്രീക്കുപദം ‘ഐറീനി’ ആണ്. എബ്രായയിലെ ഷാലോമിന്റെ മുഴുവൻ അർത്ഥവിവക്ഷയും ഈ പദം ഉൾക്കൊള്ളുന്നുണ്ട്. ആദ്ധ്യാത്മികമായ വിവക്ഷ പ്രയുക്ത സ്ഥാനങ്ങളിലെല്ലാം കാണാം. ആശീർവ്വാദം നല്കുന്നതു സമാധാനം ആശംസിക്കുകയാണ്. “സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.” (1തെസ്സ, 5:23). പാപിയായ മനുഷ്യനു ദൈവത്തോടു നിരപ്പു പ്രാപിക്കേണ്ടതിനു പാപത്തിന്റെ ശത്രുത മാറ്റേണ്ടതാണ്. ക്രിസ്തുവിന്റെ യാഗത്താലാണ് ഈ ശ്രതുത മാറി ദൈവത്തോടു സമാധാനം പ്രാപിക്കുന്നത്. (റോമ, 5:1; കൊലൊ, 1:20). ‘നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി.’ (യെശ, 53:5). ക്രിസ്തുവാണ് നമ്മുടെ സമാധാനം. (എഫെ, 2:14). ദൈവസമാധാനം സകലബുദ്ധിയെയും കവിയുന്നതാണ്. (ഫിലി, 4:7). അന്യോന്യം സമാധാനത്തിൽ കഴിയുന്നതിനു വിശ്വാസികൾ ശ്രമിക്കേണ്ടതാണ്. (റോമ, 14:19; 1കൊരി, 14:33).

സന്തോഷം

സന്തോഷം (Joy)

സന്തോഷം, ആനന്ദം എന്നിവയുടെ ഒട്ടധികം പരാമർശങ്ങൾ തിരുവെഴുത്തുകളിലുണ്ട്. പ്രാകൃതികമായ സന്തോഷം (ഉല്ലാസം, ആനന്ദം, തൃപ്തി ഇത്യാദി), മാനസികമായ സന്തോഷം (സമാധാനം, സ്വസ്ഥത, ശാന്തി), ആത്മികമായ സന്തോഷം (വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ സന്തോഷം) എന്നിവ സന്തോഷത്തിന്റെ വിവിധ ഭാവങ്ങളാണ്. പഴയനിയമത്തിൽ പത്ത് എബ്രായപദങ്ങൾ സന്തോഷവാചികളായുണ്ട്. അവയിൽ പ്രധാനപ്പെട്ടവ: സിംഹാഹ്, ഗീൽ, മെസോസ്, സാസോൻ എന്നിവയാണ്. സന്തോഷത്തോടൊപ്പം ആർത്തുവിളിയും ഉണ്ടാകും. (നെഹെ, 12:43). ദൈവം സന്തോഷത്തിന്റെ ദൈവമാണ്. (സങ്കീ, 104:31). കലർപ്പില്ലാത്ത സന്തോഷം ലഭിക്കുന്നത് ദൈവത്തിൽ നിന്നാണ്. ദൈവമാണ് സന്തോഷത്തിന്റെ ഉറവിടം. യഹോവയുടെ സന്തോഷം നമ്മുടെ ബലമാണ്. (നെഹൈ, 8:10). യഹോവയുടെ സന്നിധിയിൽ സന്തോഷപരിപൂർണ്ണത ഉണ്ട്. (സങ്കീ, 16:11). കറയറ്റ സന്തോഷത്തിന്റെ പ്രകാശനം സങ്കീർത്തനങ്ങളിൽ കാണാം. യിസ്രായേലിനെ യഥാസ്ഥാനപ്പെടുത്തുമ്പോൾ ‘മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.’ (യെശ, 62:5). “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ: ഇതാ, ഞാൻ യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരുശലേമിനെക്കുറിച്ചു . സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും.” (യെശ, 65:18).

ഗ്രീക്കിൽ സന്തോഷത്തെക്കുറിക്കുന്ന പ്രധാനപദം ‘ഖാറാ’ ആണ്. അഗല്യാസിസ്, യുഫ്രൊസുനീ എന്നിവയാണു് മറ്റു പദങ്ങൾ. ക്രിസ്തുവിന്റെ ജനനം മഹാസന്തോഷമായിരുന്നു. (ലൂക്കൊ, 2:10). ക്രിസ്തുവിന്റെ ജൈത്രപ്രവേശവും (മർക്കൊ, 11:9; ലൂക്കൊ, 19:37), ഉയിർത്തെഴുന്നേല്പും (മത്താ, 28:8) സന്തോഷം നല്കി. സന്തോഷം പ്രദാനം ചെയ്യുന്നതു ക്രിസ്തു തന്നെയാണ്. ‘എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.’ (യോഹ, 15:11; യോഹ, 16:24). ആദിമസഭയുടെ ജീവിതം സന്തോഷത്തിൽ അധിഷ്ഠിതമായിരുന്നു. യേശുവിന്റെ നാമത്തിൽ ചെയ്ത അത്ഭുതപ്രവൃത്തികളും (പ്രവൃ, 8:8), ജാതികളുടെ മാനസാന്തരവും (പ്രവൃ, 15:3), അപ്പം നുറുക്കലും (പ്രവൃ, 2:46) എല്ലാം സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. ദൈവകല്പന അനുസരിക്കുന്നതിലും (പ്രവൃ, 8’39), തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കുവാൻ യോഗ്യരായി എണ്ണപ്പെടുന്നതിലും (പ്രവൃ, 5:41) അവർ സന്തോഷിച്ചു. കർത്താവിൽ സന്തോഷിക്കാൻ വിളിക്കപ്പെട്ടവരവാണ് ക്രിസ്ത്യാനികൾ. (ഫിലി, 3:1). ആത്മാവിന്റെ ഫലങ്ങളിലൊന്നാണ് ആത്മീയ സന്തോഷം. (ഗലാ, 5:22). ഈ സന്തോഷം സ്ഥിരവും (യോഹ, 16:22; ഫിലി, 4:4), അവാച്യവും മഹിമയുള്ളതും (1പത്രൊ, 1:9) ആണ്.