Category Archives: Uncategorized

ലുക്കിയ

ലുക്കിയ (Lycia)

ഏഷ്യാമൈനറിനു തെക്കു പടിഞ്ഞാറുള്ള റോമൻ പ്രവിശ്യ. ലുക്കിയ മലമ്പ്രദേശമാണ്. ലുക്കിയയിലെ പട്ടണങ്ങളായ പത്തരയും, മുറയും പൗലൊസ് സന്ദർശിച്ചു. “അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി; കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.” (പ്രവൃ, 27:4,5).

ലുക്കവോന്യ

ലുക്കവോന്യ (Lycaomia) 

ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യ. ലുക്കവോന്യയുടെ വടക്കു ഗലാത്യയും കിഴക്കു കപ്പദോക്യയും തെക്കു ഇസൗറിയയും പടിഞ്ഞാറു ഫ്രുഗ്യയും കിടക്കുന്നു. ദേശനിവാസികൾ പിന്നോക്കരാണ്. ദെർബ്ബെ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യയിലെ പട്ടണങ്ങളാണ്. ലുക്കവോന്യഭാഷ അപഭ്രംശം സംഭവിച്ച ഗ്രീക്കും അശ്ശൂര്യൻ ഭാഷയും തമ്മിലുള്ള മിശ്രമാണ്. (പ്രവൃ, 14:11). പൗലൊസ് ഇവിടെ പ്രസംഗിക്കുകയും (പ്രവൃ, 14:1-6) വീണ്ടും ഇവിടം സന്ദർശിക്കുകയും ചെയ്തു. (പ്രവൃ,16:1,2).

ലവൊദിക്യാ

ലവൊദിക്യാ (Laodicea)

സിറിയയിലെയും ഏഷ്യാമൈനറിലെയും അനേകം പട്ടണങ്ങൾക്കു ലവൊദിക്യ എന്നുപേരുണ്ട്. എഫെസൊസിൽ നിന്നും ഏചദേശം 65 കി.മീറ്റർ അകലെയായി ലൈകസിന്റെ തീരത്തു സ്ഥിതിചെയ്തിരുന്ന ലവൊദിക്യ മാത്രമാണ് തിരുവെഴുത്തുകളിൽ പറയപ്പെടുന്നത്. അന്ത്യാക്കസ് രണ്ടാമൻ (ബി.സി. 261-246) ഭാര്യയായ ലവൊഡിസിന്റെ സ്മാരകമായി ലവൊദിക്യ എന്നു പട്ടണത്തിനു പേരിട്ടു. എ.ഡി. 66-ലെ ഭൂകമ്പം പട്ടണത്ത നിലംപരിചാക്കി. പരസഹായം കൂടാതെ ലവൊദിക്യ പണിയപ്പെട്ടു. റോമൻ സെനറ്റിന്റെ ഭൂകമ്പ ദുരിതാശ്വാസസഹായം അവർ നിരസിച്ചു. “ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു: എനിക്കു ഒന്നിനും മുട്ടില്ല” എന്ന സ്ഥിതിയായിരുന്നു ലവൊദിക്യയുടേത്. (വെളി, 3:17). കറുത്ത അങ്കികൾക്കും പരവതാനികൾക്കും പ്രസിദ്ധിയാർജ്ജിച്ച നഗരമായിരുന്ന ലവൊദിക്യാ. ഇവ നിർമ്മിക്കാനാവശ്യമായ കറുത്ത കമ്പിളിരോമം ലൈകസ് താഴ്വരയിൽ സമൃദ്ധമായിരുന്നു. ഇവിടെ ഒരു മെഡിക്കൽ സ്കൂൾ ഉണ്ടായിരുന്നു. കൊള്ളീറിയം എന്നപേരിൽ അറിയപ്പെടുന്ന നയനലേപം നിർമ്മിച്ചിരുന്നു. ലവൊദിക്യയിൽ ഒരു സഭ ഉണ്ടായിരുന്നു. (കൊലൊ, 2:1; 4:13, 15,16; വെളി, 1:11). ലവൊദിക്യ ഇന്നു ശൂന്യമാണ്. തുർക്കികൾ അതിനെ എസ്കി-ഹിസ്സാർ (പൗരാണിക ഹർമ്മ്യം) എന്നു വിളിക്കുന്നു.

റോമ

റോമ (Rome)

ആരംഭത്തിൽ ഒരു ചെറിയ നഗരമായിരുന്ന റോമ ഏറ്റവും വലിയ വിശ്വസാമ്രാജ്യത്തിന്റെ ഭരണ കേന്ദ്രമായി മാറി. ഇന്ന് റോം ഇറ്റലിയുടെ തലസ്ഥാനം ആണ്. സംസ്കാരത്തിന്റെ പരമകാഷ്ഠയിൽ എത്തിയ റോം സാന്മാർഗ്ഗിക അധഃപതനത്തിന്റെ പര്യായമായിത്തീർന്നു. റോമാ സാമ്രാജ്യത്തിന്റെ ഉച്ചാവസ്ഥയിലാണ് ക്രിസ്തുമതം റോമിൽ വ്യാപിച്ചത്. 

റോമിന്റെ സ്ഥാപകനും പ്രഥമ രാജാവുമായ റോമുലസ് ഐതീഹ്യമനുസരിച്ച് മാഴ്സ് ദേവന്റെ പുത്രനാണ്. ബന്ധുക്കൾ നിഷ്ക്കരുണം ഉപേക്ഷിച്ച റോമുലസിനെ പോറ്റി വളർത്തിയതു ഒരു ഇടയന്റെ ഭാര്യയും ചെന്നായയും ആയിരുന്നു. ബി.സി. 753-ൽ ആയിരുന്നു റോമിന്റെ സ്ഥാപനം. റോമുലസിന്റെ പേരിൽ നിന്നാണ് ‘റോമ’യുടെ നിഷ്പത്തി. ടൈബർനദി പതിക്കുന്ന മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്നും ഏകദേശം 27 കി.മീറ്റർ മുകളിൽ ടൈബർ നദിയുടെ ഇരുകരകളിലുമാണ് നഗരം സ്ഥിതിചെയ്യുന്നത്. ആരംഭത്തിൽ റോമിലെ കുടിപാർപ്പു പലാത്തിൻ (Palatinum) കുന്നിൽ മാത്രമായിരുന്നു. ഈ പദത്തിൽ നിന്നാണ് ഇംഗ്ലീഷിലെ Palace-ന്റെ ഉത്പത്തി. തുടർന്നു ആറു കുന്നുകൾ കൂടി ഉൾപ്പെട്ടു. സെർവിയുസ് തുള്ളിയൂസ് (Servius Tullius) ഏഴുകുന്നുകളെയും ചുറ്റി കന്മതിൽ കെട്ടിയടച്ചു. അങ്ങനെ റോം ഏഴുകുന്നുകളുടെ നഗരം (Urbs Septicollis) ആയി. പലാത്തിൻ (Palatine), ക്വിറിനാൽ (Quirinal), അവെന്തിൻ (Aventine), ചേളിയം (Caelian), വിമിനാൽ (Viminal), എസ്ക്യൂലിൻ (Esquiline), കാപ്പിത്തോളിൻ (Capitoline) എന്നിവയാണ് ഏഴുകുന്നുകൾ. ലത്തീനിൽ Mons Palatinus, Mons Quirinalis, Mons Aventinus, Mons caelius, Mons Viminalis, Mons Esquilinus, Mons capitolinus. 

റോമിന്റെ ആദ്യത്തെ മതിൽ വളരെ മോശമായിരുന്നു. റോമുലസിന്റെ സഹോദരനായ റീമസ് അതിനെ ആക്ഷേപിച്ചതുകൊണ്ട് അവനെ വധിച്ചു. റോമിലെ ആദ്യനിവാസികൾ ഒളിച്ചോടിയവരും, കുറ്റവാളികളും വിദേശികളും ആയിരുന്നു. 39 വർഷത്തെ ഭരണത്തിനു ശേഷം ബി.സി. 714-ൽ റോമുലസ് പെട്ടെന്നു അപ്രത്യക്ഷനായി. അയാൾ സ്വർഗ്ഗത്തിലേക്കെടുക്കപ്പെട്ടെന്നു പ്രചരിപ്പിച്ചു. ക്വിറിനുസ് എന്ന പേരിൽ ദൈവിക ബഹുമതികൾ റോമുലസിനു നല്കി. പന്ത്രണ്ടു ദേവന്മാരിലൊന്നായി അയാളെ ഉയർത്തി. ഒരു ക്ഷേത്രം പ്രതിഷ്ഠിച്ചു; ഫ്ളാമെൻ ക്വീറിനാലിസ് എന്ന പേരിൽ ഒരു പുരോഹിതനെ ബലികൾ അർപ്പിക്കുന്നതിനായി നിയോഗിച്ചു. ആദ്യകാലത്തു റോം ഭരിച്ചിരുന്ന ഏഴു രാജാക്കന്മാരാണു റോമുലസ് (ബി.സി. 753-715), നൂമാ (ബി.സി. 715-672), തുള്ളൂസ് ഹോസ്റ്റിലസ് (ബി.സി. 672-640), അഞ്ചുസ് മാർസ്യൂസ് (ബി,സി. 640-616), ടാർക്വിൻ പ്രസ്ക്കുസ് (ബി.സി. 616-578), സെർവ്യൂസ് തുള്ളിയൂസ് (ബി.സി. 578-534), ടാർക്വിൻ ഗർവ്വി (ബി.സി. 534-509) എന്നിവർ. ടാർക്വിൻ ഒരു യുദ്ധത്തിന്റെ ഫലമായി നാടുവിട്ടു. അതോടെ റോം റിപ്പബ്ലിക്കായി. ബി.സി. 509-27 ആയിരുന്നു റിപ്പബ്ലിക്കിന്റെ കാലം. രാജാവില്ലാത്ത രാഷ്ട്രം എന്നതിൽ കവിഞ്ഞു ജനകീയമായ ഒരുള്ളടക്കവും റിപ്പബ്ലിക്കിനില്ലായിരുന്നു. ബി.സി. 367 വരെ ഫെട്രിഷ്യൻ (പ്രഭു) കുടുംബങ്ങളിൽ നിന്നു ആണ്ടുതോറും തിരഞ്ഞടുത്തിരുന്ന രണ്ടു കോൺസലുകളാണ് റോം ഭരിച്ചിരന്നത്. ബി.സി. 367-ൽ പ്ലീബിയന്മാരിൽ (സാധാരണ ജനം) നിന്നും കോൺസലിനെ തിരഞ്ഞെടുത്തു. കോൺസലുകൾക്കു രാജാക്കന്മാരുടെ പൂർണ്ണ അധികാരമുണ്ടായിരുന്നു. 

റോമിന്റെ ആധിപത്യം ക്രമേണ വർദ്ധിച്ചുവന്നു. ഇറ്റലി പൂർണ്ണമായി റോമിനു കീഴടങ്ങി. തുടർന്നു അയോണിയൻ തീരത്തുണ്ടായിരുന്ന ഗ്രീക്കു കോളനികൾ (ബി.സി. 275) റോമിന്റെ വകയായി. മൂന്നു പ്യൂണിക്ക് യുദ്ധങ്ങൾളുടെ ഫലമായി (ബി.സി. 264-146) സിസിലി, സാർഡീനിയ, കോഴ്സിക്ക, കാർത്തേജിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങൾ, മാസിഡോണിയ എന്നിവ റോമിന്റെ കീഴിലായി. ബി.സി. 64-63-ൽ പൊന്തൊസ്, സുറിയ, കിലിക്യ എന്നിവയെ പോംപി റോമൻ പ്രവിശ്യയാക്കി; ബി.സി. 63-ൽ പലസ്തീനെ ആക്രമിച്ചു. ബി.സി. 63 മുതൽ 31 വരെ റോമിൽ ആഭ്യന്തര വിപ്ലവം നടന്നു. ഒന്നാമത്ത ത്രിനായകത്വം (Triumvirate) ബി.സി, 60-ൽ നിലവിൽ വന്നു. അതിൽ ജൂലിയസ് സീസർ, പോംപി, ക്രാസ്സസ് എന്നിവർ ഉൾപ്പെട്ടിരുന്നു. ബി.സി. 44-ൽ ജൂലിയസ് സീസർ വധിക്കപ്പെട്ടു. രണ്ടാമത്തെ ട്രയംവിറേറ്റിൽ (ബി.സി. 43) ഒക്ടേവിയനും ആന്റണിയും ലെപിഡസും ഉൾപ്പെട്ടിരുന്നു. ബി.സി. 42-ൽ ഫിലിപ്പിയിൽ വച്ചു ഇവർ ബ്രൂട്ടസിന്റെയും കാഷ്യസ്സിന്റെയും കീഴിലുള്ള സൈന്യത്തെ തോല്പിച്ചു. ബി.സി. 31-ലെ ആക്ടിയം യുദ്ധത്തോടു കൂടി ഒക്ടേവിയൻ (അഗസ്റ്റസ് സീസർ) റോമിന്റെ പരമാധികാരിയായി, റോമിന്റെ സാമ്രാജ്യകാലം ആരംഭിച്ചു. 

അഗസ്റ്റസ് സീസറിന്റെ (ഔഗുസ്തൊസ് കൈസർ – ബി.സി. 31- എ.ഡി. 14) കാലത്താണ് യേശു ജനിച്ചത്. തിബെര്യാസ് കൈസറുടെ (എ.ഡി. 14-37) കാലത്തായിരുന്നു യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ശുശ്രൂഷകൾ. തുടർന്നു കാളിഗുളയും (എ.ഡി. 37-41), കൌദ്യൊസും (41-54) റോം ഭരിച്ചു. ക്ലൗദ്യൊസിന്റെ കാലത്തായിരുന്നു പൗലൊസ് അപ്പൊസ്തലന്റെ മിഷണറി യാത്രകൾ. നീറോയുടെ കാലത്ത് (54-68) റോം അഗ്നിക്കിരയായി. അതിന്റെ പേരിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു. പൗലൊസ് രക്തസാക്ഷിയായി. നീറോ ചക്രവർത്തിയുടെ മരണത്തെ തുടർന്നുണ്ടായ അധികാര മത്സരത്തിൽ വെസ്പേഷ്യൻ (69-79) ചക്രവർത്തിയായി. ഈ കാലയളവിൽ യെരൂശലേമിൽ വിപ്ലവം ഉണ്ടായി. എ.ഡി. 70-ൽ യെരുശലേമിനെ പൂർണ്ണമായി നശിപ്പിച്ചു. വെസ്പേഷ്യനെ തുടർന്നു തീത്തുസും (79-81), ഡൊമീഷ്യനും (8-96) റോം ഭരിച്ചു. ഡൊമീഷ്യന്റെ കാലത്താണ് ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡ കൊടുംപിരിക്കൊണ്ടത്. യോഹന്നാൻ അപ്പൊസ്തലൻ പത്മാസിലേക്കു നാടു കടത്തപ്പെട്ടു. അവിടെ വച്ചു അദ്ദേഹം വെളിപ്പാടു പുസ്തകം എഴുതി. നെർവ (എ.ഡി. 96-98), ട്രാജൻ (98-117) ഹദ്രിയൻ (117-138), അന്റോണിയസ് പയസ് (138-161), മാർക്കസ് ഔറീലിയസ് (161-180), കമ്മോദസ് (180-192), സെപ്റ്റിമുസ് സെവെറുസ് (193-211), കാരക്കല്ല (211-217), എലഗാബെലസ് (218-222), സെവറുസ് അലക്സാണ്ടർ (222-235), മാക്സിമിൻ (235-238), ഡീഷിയസ് (241-251), ഒറീലിയൻ (270-275), ഡയോക്ലീഷ്യൻ (284-305) എന്നിവരായിരുന്നു റോം ഭരിച്ച ചക്രവർത്തിമാരിൽ പ്രമുഖർ. ഹദ്രിയന്റെ കാലത്തു യെരുശലേം പുതുക്കിപ്പണിതു ജാതീയ നഗരമാക്കി മാറ്റി, അതിന് ഐലിയ കാപ്പിത്തോളിന എന്ന പേർ നല്കി. കിസ്ത്യാനികളെ ഏറ്റവുമധികം പീഡിപ്പിച്ചതു ഡയോക്ലീഷ്യൻ ആയിരുന്നു. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തു ക്രിസ്തുമതം നിയമപരമായി അംഗീകരിക്കപ്പെട്ടു. സ്മുർന്നയിലെ സഭയോടുള്ള ദൂതിൽ (വെളി, 2:10) ക്രിസ്തുമാർഗ്ഗത്തെ ഉന്മൂലനം ചെയ്വാൻ റോമിലെ ചക്രവർത്തിമാർ ചെയ്ത ശ്രമങ്ങളുടെ സൂചനയുണ്ട്. 

പൗലൊസ് റോമിൽ എത്തുമ്പോൾ പത്തുലക്ഷം ജനസംഖ്യയുള്ള ഒരു വലിയ പട്ടണമായിരുന്നു റോം. അന്ന് ലോകത്തിലെ ഏറ്റവും വലിയ പട്ടണമായിരുന്നു ഇത്. പലാത്തിൻ കുന്നിലായിരുന്നു അപ്പോളയുടെയും സൈബലയുടെയും ക്ഷേത്രങ്ങൾ. ബാബിലോണിനെപ്പോലെ റോമും സംഘടിതമായ ജാതീയമതങ്ങളുടെ പ്രതീകമാണ്. അതെപ്പോഴും ക്രിസ്തുമതത്തിനെതിരാണ്. വെളിപ്പാട് പുസ്തകത്തിൽ റോമാസാമ്രാജ്യത്തെയും പട്ടണത്തെയും പാപത്തിന്റെ പ്രതീകമായി അവതരിപ്പിച്ചിട്ടുണ്ട്. വെളിപ്പാട് 17-ഉം 18-ഉം അദ്ധ്യായങ്ങളിൽ റോമിന്റെ വീഴ്ച മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഏഴു മലകളിൽ ഇരിക്കുന്ന പാപം എന്ന സ്ത്രീയായും തന്റെ മേച്ഛത കൊണ്ടു ഭൂമിയെ മുഴുവനും വഷളാക്കുന്നവളായും റോമിനെ അവതരിപ്പിക്കുന്നു. യെഹെസ്ക്കേൽ പ്രവചനത്തിലെ സോരിനെക്കുറിച്ചുള്ള വിലാപം പോലെയാണ് വെളിപ്പാട് 18-ാം അദ്ധ്യായത്തിലെ റോമിനെക്കുറിച്ചുള്ള വിലാപം. അവളുടെ കച്ചവടചരക്കുകളിൽ ഇരുപത്തിയെട്ടു ഇനങ്ങളാണ് പറയപ്പെട്ടിരിക്കുന്നത്. (വെളി, 18:11-16). അവൾക്കു ശിക്ഷ വന്നതും ഇത്ര വലിയ സമ്പത്തു നശിച്ചുപോയതും മണിക്കൂറിനുള്ളിലാണ്.

രെഫീദീം

രെഫീദീം (Rephidim)

പേരിനർത്ഥം — സമഭൂമികൾ

യിസ്രായേൽ മക്കൾ സീനായിൽ എത്തുന്നതിനു മുമ്പു മരുഭൂമിയിൽ പാളയമിറങ്ങിയ സ്ഥലങ്ങളിലൊന്ന്. സീൻ മരുഭൂമിക്കും സീനായി മരുഭൂമിക്കും മദ്ധ്യേയാണിത് രെഫീദീമിനോടു ബന്ധപ്പെട്ട മൂന്നു സംഭവങ്ങളുണ്ട്: 1. രെഫീദീമിൽ വച്ചു ദാഹശമനത്തിനു വെള്ളം നല്കാൻ കഴിയാത്തതിനാൽ മോശെക്കു നേരെ ജനം പിറുപിറുക്കയും ദൈവത്തെ പരീക്ഷിക്കുകയും ചെയ്തു. അതിനാൽ ഈ സ്ഥലം ‘മസ്സാ എന്നും മെരിബാ’ എന്നും അറിയപ്പെട്ടു. (പുറ, 17:1-7; 19:2). 2. അമാലേക്കിന്റെ പരാജയം ഇവിടെ സംഭവിച്ചു. അതിന്റെ സ്മരണയ്ക്കായി ‘യഹോവ നിസ്സി’ എന്ന യാഗപീഠം പണിതു. (പുറ, 17:8-16). 3. മോശെയുടെ അമ്മായപ്പനായ യിത്രോ മോശെയെ സന്ദർശിച്ചു ന്യായാധിപന്മാരെ നിയമിക്കുന്ന കാര്യം സംസാരിച്ചു. (പുറ, 18).

രിബ്ല

രിബ്ല (Riblah)

പേരിനർത്ഥം — സമൃദ്ധി

അശ്ശൂര്യരുടെയും മിസ്രയീമ്യരുടെയും ശക്തികേന്ദ്രമായിരുന്ന രിബ്ല ഓറെന്റീസ് നദീതീരത്ത് സ്ഥിതിചെയ്തിരുന്നു. ഫലഭൂയിഷ്ഠമായ നിലങ്ങളും ലെബാനോൻ പർവ്വതത്തിലെ വൃക്ഷസ്ഥലികളും ഈ പ്രദേശത്തെ പടനിലമാക്കി. ഫറവോൻ-നെഖോ യെരൂശലേം പിടിച്ചു യെഹോവാഹാസ് രാജാവിനെ രിബ്ലയിൽ വച്ചു ബന്ധിച്ചു ഈജിപ്റ്റിൽ കൊണ്ടുപോയി. യെഹോവാഹാസ് അവിടെ വച്ചു മരിച്ചു. (2രാജാ, 23:31-34). ചില വർഷങ്ങൾക്കുശേഷം നെബുഖദ്നേസർ യിരെമ്യാ പ്രവാചകനെ പിടിക്കുകയും സിദെക്കീയാ രാജാവിനെ ബദ്ധനാക്കി രിബ്ലയിലേക്കു കൊണ്ടുപോവുകയും ചെയ്തു. അവിടെ സിദെക്കീയാ രാജാവിന്റെ മുമ്പിൽ വച്ചു പുത്രന്മാരെ കൊല്ലുകയും, കണ്ണുകൾ കുത്തിപ്പൊട്ടിച്ചു സിദെക്കീയാവിനെ ചങ്ങല കൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോവുകയും ചെയ്തു. (2രാജാ, 25:6,7). തുടർന്നു നെബൂഖദ്നേസർ യെരുശലേം നശിപ്പിച്ചു. പുരോഹിതന്മാരെയും ദൈവാലയം സൂക്ഷിപ്പുകാരെയും രിബ്ലയിലേക്കു കൊണ്ടുപോയി അവിടെവച്ചു അവരെ കൊന്നു. 2രാജാ, 25:21). യെഹെസ്ക്കേൽ 6:14-ൽ പറയുന്ന രിബ്ലാമരുഭൂമിയും ഇവിടം തന്നെയായിരിക്കണം. 

യിസ്രായേലിന്റെ വടക്കുകിഴക്കെ അതിരിലുള്ള ഒരു സ്ഥലത്തിനും രിബ്ലയെന്നു പേരുണ്ട്. (സംഖ്യാ, 34:11). ശെഫാമിനും കിന്നരെത്ത് കടലിനും ഇടയ്ക്കു അയിനു കിഴക്കാണു സ്ഥാനം.

രാമ

രാമ (Ramah)

പേരിനർത്ഥം — ഉന്നതി

ഉയരത്തെയോ ഉയർന്നസ്ഥലത്തെയോ വിവക്ഷിക്കുകയാണു റാമ എന്ന എബ്രായപദം. പലസ്തീനിലെ അനേകം സ്ഥലങ്ങൾക്കു കേവലനാമമായോ, സംയുക്തനാമമായോ ഈ പേരുണ്ട്. പല പ്രാചീന ഗ്രാമങ്ങളും പട്ടണങ്ങളും ഉദയം കൊണ്ടത് കുന്നുകളിലാണ്. അവയിൽ പ്രധാനപ്പെട്ടവ രാമ എന്നറിയപ്പെട്ടു. രാമത്ത് (യോശു, 13:26), രാമോത്ത് (യോശു, 21:38; 1ശമൂ, 30:27), രാമഥയീം (1ശമൂ, 1:1) എന്നിവ രാമയുടെ അന്യരുപങ്ങളാണ്. 

ബെന്യാമീൻ ഗോത്രത്തിനു ലഭിച്ച പട്ടണങ്ങളിലൊന്ന് രാമയാണ്. ഗിബെയോൻ, ബേരോത്ത്, യെരൂശലേം എന്നിവയോടൊപ്പം പറയപ്പെട്ടിരിക്കുന്നു. (യോശു, 18:25). ദെബോര രാമയ്ക്കും ബേഥേലിനും മദ്ധ്യേ വസിച്ചിരുന്നു. (ന്യായാ, 4:5). ലേവ്യന്റെ ചരിത്രത്തിൽ രാമയുടെ സ്ഥാനം വ്യക്തമായി നല്കിയിട്ടുണ്ട്. (ന്യായാ, 19:13). “അവൻ പിന്നെയും തന്റെ ബാല്യക്കാരനോടു: നമുക്കു ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമയിലോ രാപ്പാർക്കാം എന്നു പറഞ്ഞു.” ഇവ തമ്മിൽ 3 കി.മീറ്റർ അകലമേ ഉള്ളൂ. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ രാമ നശിപ്പിക്കപ്പെട്ടിരിക്കണം. യിസ്രായേൽ രാജാവായ ബയെശാ രാമയെ പണിതു. (1രാജാ, 15:17). രാമ പണിയുന്നതു തടയാനായി യെഹൂദയിലെ ആസാരാജാവ് ഉത്തരപലസ്തീൻ ആക്രമിക്കുന്നതിനു അരാമ്യർക്കു കൈക്കൂലി കൊടുത്തു. (1രാജാ, 15:18-21). തുടർന്നു യെഹൂദയിലുള്ളവരെ അയച്ചു ബയെശാ പണിതുറപ്പിച്ച രാമയുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി. (1രാജാ, 15:22). അശ്ശൂർരാജാവിന്റെ മുന്നേറ്റത്തിനു വിധേയമായ പട്ടണങ്ങളുടെ പട്ടികയിലും രാമയുടെ സ്ഥാനം വ്യക്തമായി നല്കിയിട്ടുണ്ട്. (യെശ, 10:28-32). നെബുഖദ്നേസർ യെരുശലേം പിടിച്ചശേഷം ബദ്ധരായ യിസ്രായേല്യരെ നെബുസരദാൻ രാമയിൽ കുട്ടിച്ചേർത്തു. അവരിൽ യിരെമ്യാ പ്രവാചകനും ഉണ്ടായിരുന്നു. (യിരെ, 40:1; 39:8-12). യിരെമ്യാ പ്രവാചകനെ വിട്ടയച്ചു. പ്രവാസത്തിൽ നിന്നു മടങ്ങിവന്ന പൂർവ്വനിവാസികൾ രാമയെ വീണ്ടും പണിതു. (എസ്രാ, 2:26; നെഹെ, 7:30). നെഹെമ്യാവ് 11:3-ലെ രാമ മറ്റൊരു സ്ഥലമായിരിക്കണം.

യോർദ്ദാനക്കരെ

യോർദ്ദാനക്കരെ (Trans-Jordan) 

യോർദ്ദാന്റെ കിഴക്കുള്ള പ്രദേശമാണിത്. ആധുനിക പലസ്തീന്റെ ഭാഗമല്ല ഇവിടം. പ്രാചീന ചരിത്രത്തിലും ഇവിടം അധികവും അന്യാധീനമായിരുന്നു. പക്ഷേ ബൈബിൾ ചരിത്രവുമായി അടുത്ത ബന്ധമുണ്ട്. യോർദ്ദാൻ താഴ്വരയ്ക്കും സിറിയൻ മരുഭൂമിക്കും ഇടയ്ക്കു ഹെർമ്മോൻ പർവ്വതം മുതൽ ചാവുകടലിന്റെ തെക്കെ അറ്റംവരെ നീണ്ടുകിടക്കുന്ന ഉന്നതതടമാണ് ട്രാൻസ് യോർദ്ദാൻ. ഇതിനു 250 കി.മീറ്റർ നീളവും 50 മുതൽ 133 കി.മീറ്റർ വരെ വീതിയും ഉണ്ട്. ശരാശരി ഉയരം 600 മീറ്ററാണ്. ഗലീലക്കടലിനു തെക്കായി യോർദ്ദാൻ നദിയുടെ പോഷകനദിയായ യാർമുഖിനു വടക്കു ബാശാൻ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തുകൂടെ പുതിയനിയമകാലത്തു ദെക്കപ്പൊലി എന്നറിയപ്പെട്ടിരുന്ന ദശനഗരസംഘടനയിലെ പൗരസ്ത്യാംഗങ്ങൾ വളഞ്ഞുകിടക്കുന്നു. അതിന്റെ കിഴക്കു ഭാഗത്തു ഗ്രീക്കുകാരുടെ ത്രഖോനിത്തി സ്ഥിതിചെയ്യുന്നു. (ലുക്കൊ, 3:1). ഇതു പ്രാചീനമായ വൾക്കാനോ കല്ലുകൊണ്ട് ശൂന്യമായ സ്ഥലമാണ്. ബാശാനിലെ ഓഗിന്റെ പട്ടണമായിരുന്നു അത്. (ആവ, 3:4). ബാശാനു തെക്ക് നദിയിലേക്കു വ്യാപിച്ചു കിടക്കുകയാണ് ഗിലെയാദ്. യാക്കോബിന്റെ മൽപ്പിടുത്തത്തിനു രംഗഭൂമിയായത് യാബ്ബോക്കാണ്. സംഖ്യാ 32-ലും യോശുവ 12-ലും രേഖപ്പെടുത്തിയിരിക്കുന്ന ഗോത്രങ്ങളുടെ പങ്കിൽ വടക്കുള്ള ബാശാൻ മുഴുവൻ മനശ്ശക്കും തെക്കുള്ള മോവാബ്യ ഉന്നതഭൂമി മുഴുവൻ രൂബേനും ഗിലെയാദിന്റെ മദ്ധ്യദേശം ഗാദിനും ലഭിച്ചു. അതുകൊണ്ടാണ് ന്യായാധിപന്മാർ 5:17-ൽ ഗാദിനെ ഗിലെയാദായി പറഞ്ഞിരിക്കുന്നത്. 

ഏലീയാവ് ഓടിപ്പോയ കൈരീത്തും ദാവീദിന്റെ അഭയസ്ഥാനമായിരുന്ന മഹനയീമും ഗിലെയാദിലാണ്. സമൃദ്ധിയായ ജലവും നിബിഡമായ വനങ്ങളും കൊണ്ട് അനുഗൃഹീതമാണ് ഗിലെയാദ്. യാബ്ബോക്കിനു തെക്കായി ചാവുകടലിൽ ചേരുന്ന അർണോൻ നദിയുടെ കിഴക്കെതീരത്തിനു മദ്ധ്യേവച്ചു ഈ പീഠഭൂമി വരണ്ടതും ശൂന്യവുമായിത്തീരുന്നു. ഇവിടെയായിരുന്നു അമ്മോന്റെ പഴയനാടായ നെബോ. അർണോനു തെക്കായി മോവാബ് സ്ഥിതിചെയ്യുന്നു. യിസ്രായേൽ അപൂർവ്വമായി മാത്രം കൈയടക്കിയിരുന്ന ഒരു പീഠഭൂമിയാണിത്. അതിനും തെക്കാണു ഏദോം. ഇവിടെയുള്ള ലോഹഖനികൾ പ്രസിദ്ധങ്ങളാണ്. ഇവയെ ആദ്യമായി ഖനനം ചെയ്തുപയോഗിച്ചത് ദാവീദും ശലോമോനുമാണ്. പെട്രാ എന്ന വിചിത്രമായ പാറ ഏദോമിൻ്റെ ശക്തികേന്ദ്രമായിരുന്നു. ട്രാൻസ് യോർദ്ദാനിലെ ഏറ്റവും വലിയ നദി യാർമുഖ് ആണ്. ഗിലെയാദിനു തെക്കുനിന്നാണിതിന്റെ ഉത്ഭവം. ഇത് വടക്കോട്ടൊഴുകുമ്പോൾ അഗ്നിപർവ്വത പ്രദേശമായ ഹൗറാനിൽ നിന്നും ഒഴുകിവരുന്ന പോഷകനദികൾ ഇതിനോടു ചേരുന്നു. ഈ നദി ഒടുവിൽ യോർദാനിൽ പതിക്കുന്നു.

യോപ്പ

യോപ്പ (Joppa) 

പേരിനർത്ഥം — സൗന്ദര്യം

യാഫോ: (യോശു, 19:46; 2ദിന, 2:16; എസ്രാ, 3:7; യോനാ, 1:3), യോപ്പ: (അപ്പൊ, 9:36, 43; 10:5, 8). യെരൂശലേമിനു ഏകദേശം 56 കി.മീറ്റർ വടക്കു പടിഞ്ഞാറു കിടക്കുന്ന ഒരു പ്രാചീന തുറമുഖം. പ്രാചീന യോപ്പയുടെ സ്ഥാനത്തുതന്നെയാണ് ആധുനിക യോപ്പ സ്ഥിതിചെയ്യുന്നത്. 1948-ൽ യോപ്പ ടെൽ അവീവിനോടു ചേർത്തശേഷം ടെൽ അവീവു-യാഫോ എന്നറിയപ്പെടുന്നു. 35 മീറ്റർ പൊക്കമുള്ള പാറകളോടു കൂടിയ കുന്നിൻ പ്രദേശത്താണ് പട്ടണം പണിഞ്ഞിരിക്കുന്നത്. കർമ്മേൽ പർവ്വതത്തിനും ഈജിപ്റ്റിന്റെ അതിരിനുമിടയ്ക്കുള്ള പ്രകൃതിദത്തമായ ഏക തുറമുഖമാണിത്. പൊക്കം കുറഞ്ഞു ഉന്തിനില്ക്കുന്ന പാറക്കെട്ടുകളാലാണ് തുറമുഖം രൂപപ്പെട്ടത്. വളരെ പഴക്കമുള്ള പട്ടണമാണ് യോപ്പ. തുത്ത്മൊസ് മൂന്നാമന്റെ (ബി.സി. 15-ാം നൂറ്റാണ്ട്) ആക്രമണങ്ങളുടെ പട്ടികയിലും , അമർണാ (ബി.സി. 14-ാം നൂറ്റാണ്ട്) എഴുത്തുകളിലും യോപ്പയുടെ പേരുണ്ട്. ദാനിനു അവകാശമായി നല്കിയ പട്ടണമാണ് യാഫോ. (യോശു, 19:46). അതു യെരൂശലേമിന്റെ തുറമുഖമായിരുന്നു. ദൈവാലയം പണിയുന്നതിനു ലെബാനോനിൽ നിന്നു മരം വെട്ടി ചങ്ങാടം കെട്ടി കടൽ വഴിയായി ഹീരാം ശലോമോനു യാഫോവിൽ എത്തിച്ചു കൊടുത്തു. (2ദിന, 2:16). ബാബേൽ പ്രവാസത്തിൽ നിന്നു മടങ്ങിവന്ന ശേഷം ദൈവാലയം പുതുക്കിപ്പണിയുന്നതിനു കോരെശിന്റെ കല്പനപ്രകാരം ലെബാനോനിൽ നിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവന്നു. (എസ്രാ, 3:7). ദൈവസന്നിധിയിൽ നിന്നോടിപ്പോയ യോനാ തർശീശിലേക്കു കപ്പൽ കയറിയതു യാഫോവിൽ നിന്നായിരുന്നു. (1:3). അപ്പൊസ്തലനായ പത്രൊസ് ഉയിർപ്പിച്ച തബീഥ യോപ്പക്കാരിയായിരുന്നു. (പ്രവൃ, 9:36). പത്രൊസ് തോക്കൊല്ലനായ ശിമോനോടുകൂടെ വളരെനാൾ യോപ്പയിൽ പാർത്തു. (പ്രവൃ, 9:43). പത്രൊസിനു ഇവിടെവച്ചു സുവിശേഷം യെഹൂദനും ജാതിക്കും ഒരുപോലെ നല്കപ്പെട്ടിരിക്കുകയാണെന്ന സത്യം വ്യക്തമാക്കുന്ന തുപ്പട്ടിയുടെ ദർശനം ലഭിച്ചു. (പ്രവൃ, 10:5,16).

ബി.സി. 148-ൽ യോനാഥാൻ മക്കാബെയുസ് യോപ്പ പിടിച്ചു. (1മക്കാ, 10:76). ശിമോൻ അവിടെ ഒരു പാളയം സ്ഥാപിച്ചു. (1മക്കാ, 12:34). സമാധാനം പുനഃസ്ഥാപിക്കപ്പെട്ടശേഷം യോപ്പ വീണ്ടും ഒരു തുറമുഖമായി. എ.ഡി. 66-ലെ യുദ്ധത്തിൽ റോമൻ സൈന്യം യോപ്പയിലെ നിവാസികളിൽ 8400 പേരെ കൊന്നു. അനന്തരം വെസ്പേഷ്യൻ പട്ടണം പിടിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. കുരിശുയുദ്ധക്കാലത്തു യോപ്പ പലരുടെ കയ്യിലായി. രണ്ടാം ലോകമഹായുദ്ധശേഷം യോപ്പയുടെ ഭാഗങ്ങൾ ഉൽഖനനം ചെയ്തു. സിംഹപൂജയ്ക്കു സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രം കണ്ടെടുത്തിട്ടുണ്ട്. ഇതു ഫെലിസ്ത്യരുടെ കാലത്തിനു മുമ്പ് (ബി.സി. 13-ാം നൂറ്റാണ്ട്) ഉള്ളതാണ്.

യെഹൂദ്യ

യെഹൂദ്യ (Judea)

റോമാ സർക്കാർ പലസ്തീനെ വിഭജിച്ചതിൽ തെക്കെ അറ്റത്തുള്ള ഭാഗത്തിന്റെ പേരാണ് യെഹൂദ്യ. യെഹൂദ്യയ്ക്കു ബേത്ലേഹെം മുതൽ ബേർ-ശേബ വരെ ഏകദേശം 85 കി.മീ. നീളവും 48 കി.മീ. വീതിയുമുണ്ട്. പ്രദേശത്തിൽ പകുതിയും മരുഭൂമിയാണ്. യെഹൂദയുടെ വടക്കു ശമര്യയും തെക്കു മരുഭൂമിയും കിഴക്കു യോർദ്ദാൻ താഴ്വരയും ചാവുകടലും പടിഞ്ഞാറു മരുഭൂമിയും ആണ്. ചാവുകടൽത്തീരം മുതൽ മദ്ധ്യപീഠഭൂമിവരെ വ്യാപിച്ചു കിടക്കുകയാണ് യെഹൂദ്യമരുഭൂമി. അതിന്റെ കിഴക്കെ അറ്റത്തു ജലസമൃദ്ധിയുള്ള മൂന്നു സ്ഥലങ്ങളുണ്ട്: യെരീഹോ, ഐൻ ഫെഷ്ക്കാ (16 കി.മീ. തെക്ക്), ഐൻജിദി അഥവാ ഏൻ-ഗെദി. യെഹൂദ്യയിലേക്കു യെരീഹോയിൽ നിന്നു മൂന്നും, ഐൻ ഫൈഷ്ക്കയിൽ നിന്നു ഒന്നും ഏൻ-ഗെദിയിൽ നിന്നു ഒന്നും റോഡുകൾ പോകുന്നു. യെഹൂദ്യയുടെ ഭൂമിശാസ്ത്രത്തിനു മൂന്നു പ്രത്യേകതകളുണ്ട്. 1. ഇടയസ്വഭാവം. 2. മരുഭൂമിയോടുള്ള അടുപ്പം. 3. ഒരു വലിയ പട്ടണം വളരാനുള്ള സാഹചര്യമില്ലായ്മ. ഈ മൂന്നു പ്രത്യേകതകളും യെഹൂദ്യയുടെ ചരിത്രത്ത വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 

യെഹൂദ്യയെക്കുറിച്ചുള്ള ഒന്നാമത്തെ ബൈബിൾ പരാമർശം എസ്രാ 5:8-ലാണ്. അവിടെ യെഹൂദ്യ പേർഷ്യൻ സംസ്ഥാനത്തെ കുറിക്കുന്നു. അപ്പൊക്രിഫാ ഗ്രന്ഥങ്ങൾളിലും യെഹൂദ്യയെക്കുറിച്ചു പറയുന്നുണ്ട്. (1. എസ്ദ്രാസ്, 1:30; 1മക്കാ, 5:45; 710). ബാബിലോന്യ പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരിലധികവും യെഹൂദാ ഗോത്രത്തിൽ ഉള്ളവരാകയാൽ അവരെ യെഹൂദന്മാരെന്നും ദേശത്തെ യെഹൂദ്യയെന്നും വിളിച്ചു. പേർഷ്യൻ സാമ്രാജ്യത്തിനു കീഴിൽ യെഹൂദ്യ ഒരു പ്രവിശ്യയായിരുന്നു. യെഹൂദാ ദേശാധിപതി ഒരു യെഹൂദനായിരുന്നു. (ഹഗ്ഗാ, 1:14; 2:2). അർക്കെലെയൊസിന്റെ നാടുകടത്തലിനു ശേഷം യെഹൂദ്യയെ റോമൻ പ്രവിശ്യയായ സുറിയയോടു ചേർത്തു. അതിന്റെ ദേശാധിപതി റോമൻ ചക്രവർത്തി നിയമിക്കുന്ന ഇടപ്രഭു ആയിരുന്നു. ഇടപ്രഭുവിന്റെ ഔദ്യോഗിക വസതി കൈസര്യയിലായിരുന്നു. രണ്ടു പ്രവാചകന്മാരെങ്കിലും യെഹൂദ്യാ മരുഭൂമിയിൽ നിന്നുള്ളവരാണ്; തെക്കോവയിലെ ആമോസും, അനാഥോത്തിലെ യിരെമ്യാവും. ശൗലിൽ നിന്നു ദാവീദ് അഭയം പ്രാപിച്ചിരുന്നത് ഈ മരുഭൂമിയെയാണ്. യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷയ്ക്കു വേണ്ടി ഒരുക്കപ്പെട്ടതും യേശു പരീക്ഷിക്കപ്പെട്ടതും യെഹൂദ്യ മരുഭൂമിയിലാണ്.