ബൈബിളും ത്രിത്വവും താരതമ്യം
Category Archives: Uncategorized
ട്രിനിറ്റിയോട് ചില ചോദ്യങ്ങൾ
ട്രിനിറ്റിയോട് ചില ചോദ്യങ്ങൾ
1. ”കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” യഹോവ മാത്രമാണ് ദൈവം (Jehovah alone are God) എന്നു ബൈബിൾ ഉച്ചൈസ്തരം പ്രഖ്യാപിക്കുമ്പോൾ, അല്ല; ദൈവം ത്രിത്വമാണെന്ന് പറയുന്നതും പഠിപ്പിക്കുന്നതും വഞ്ചനയല്ലേ?
[ചോദ്യം വിശദമായി: ഹിസ്കീയാവിൻ്റെ യഹോവയോടുള്ള പ്രാർത്ഥനയാണ് ചോദ്യത്തിനാധാരം. അതിൻ്റെ ഇംഗ്ലീഷ് ചേർക്കുന്നു: O Lord, God of Israel, enthroned between the cherubim, you alone are God over all the kingdoms of the earth. You have made heaven and earth. (2രാജാ, 19:15). ഇതുപോലെ ഒന്നുംരണ്ടുമല്ല; അനേകം വാക്യങ്ങൾ ബൈബിളിലുണ്ട്. ത്രിത്വത്തിനു ദൈവം ഒരു വ്യക്തിയല്ല; മൂന്നു വ്യത്യസ്ഥ വ്യക്തികളാണ്. യഹോവയല്ല യേശു, യേശുവല്ല പരിശുദ്ധാത്മാവ്. എന്നാൽ ‘യഹോവ മാത്രമാണ് സർവ്വഭൂമിക്കും ദൈവം’ (Jehovah alone are God over all the kingdoms of the earth) എന്നു ബൈബിൾ പറയുമ്പോൾ; ദൈവം ത്രിത്വമാണെന്നു പറയുവാൻ സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കാണധികാരം ഉള്ളത്. ഒന്നുകൂടി പറഞ്ഞാൽ: യഹോവ മാത്രമാണ് ദൈവമെന്നു പരിശുദ്ധാത്മാവ് കർക്കശമായി പറയുമ്പോൾ; ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറയുകവഴി ‘യേശുവും പരിശുദ്ധാത്മാവും ദൈവമേയല്ല’ എന്നല്ലേ ത്രിത്വം പറയുന്നത്. പിതാവ് മാത്രമാണ് സത്യദൈവം’ എന്നു യേശുവും, ‘പിതാവായ ഏകദൈവമേ നമുക്കുള്ളു’ എന്നു പൗലൊസും പറയുന്നത് കുറിക്കൊള്ളുക. വിശേഷാൽ, ബൈബിളിനു വിപരീതമായി സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ വന്നറിയിച്ചാലും അവൻ ശപിക്കപ്പെട്ടവൻ എന്നു പൗലൊസ് രണ്ടുവട്ടം പറഞ്ഞിരിക്കേ; ത്രിത്വം ശപിക്കപ്പെട്ട ഉപദേശമല്ലെന്നു നിങ്ങളെങ്ങനെ തെളിയിക്കും?]
2. ‘യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല’ എന്നു ബൈബിൾ പറയുമ്പോൾ; പുത്രനും പരിശുദ്ധാത്മാവും ത്രിത്വത്തിനാരാണ്?
[ചോദ്യം വിശദമായി: യഹോവയും പുത്രനും പരിശുദ്ധാത്മാവുമാണ് ത്രിത്വത്തിലെ മൂന്നു വ്യക്തികൾ. ‘ദൈവം ഏകൻ’ എന്നു ബൈബിൾ പറയുന്നതിനെ ത്രിത്വം വ്യാഖ്യാനിക്കുന്നത്; “ജാതികളുടെ ദൈവങ്ങളിൽ നിന്നു സത്യദൈവത്തെ വേർതിരിച്ചു കാണിക്കാനാണ് ദൈവം ഏകൻ എന്നു പറഞ്ഞിരിക്കുന്നത്.” യഹോവയെന്നു പറയുന്നത് ത്രിത്വത്തിലെ ഒരു വ്യക്തി മാത്രമാണ്. ത്രിത്വത്തിലൊരു ഒരു വ്യക്തിയായ യഹോവയെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും യാതൊരു ദൈവവുമില്ലെന്ന് പഴയനിയമം ആവർത്തിച്ചു പറയുന്നു. (1രാജാ, 8:23; ആവ, 3:24: യോശു, 2:11; 2ദിന, 6:14). പൗലൊസ് പറയുന്നു; “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു.” (1കൊരി, 8:5,6). ജാതികൾക്ക് ദേവന്മാരോ, ദൈവങ്ങളോ ഉണ്ടെങ്കിൽത്തന്നെ സ്വർഗ്ഗത്തിലല്ല അവറ്റകളുടെ പാർപ്പിടം; ആകാശമണ്ഡലത്തിലോ, ഭൂമിയിലോ ആയിരിക്കും. ബൈബിൾ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു: ‘സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയെന്ന വ്യക്തിയെപ്പോലെ മറ്റൊരുത്തനുമില്ല.’ അപ്പോൾ, യഹോവയോടു സമത്വം പങ്കിടുന്നുവെന്ന് ത്രിത്വം പഠിപ്പിക്കുന്ന പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലേ? ആണെങ്കിൽ അവർ എവിടെപ്പോയി? ഏതുലോകത്ത് വസിക്കുന്നു? എന്തായാലും സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയോടു സമത്വം അവകാശപ്പെടാൻ ആരുമില്ല; നിങ്ങളുടെ പുത്രനായാലും പരിശുദ്ധാത്മാവായാലും. സത്യത്തിൽ ത്രിത്വോപദേശംകൊണ്ട് നിങ്ങൾ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലന്നോ? അതേ നടക്കൂ; അതാണല്ലോ സാത്താൻ ആഗ്രഹിക്കുന്നതും]
3. “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ (alone) ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെങ്കിൽ യഹോവ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നു പറയുമോ?
[ചോദ്യം വിശദമായി: യഹോവയുടെ കൂടെ നിത്യമായിട്ടുള്ള മറ്റു രണ്ടു വ്യക്തികളാണ് യേശുവും പരിശുദ്ധാത്മാവും എന്നാണ് ത്രിത്വോപദേശം. യഹോവ പറയുന്നു: “ഞാൻ ഒറ്റയ്ക്കാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചത്.” സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “എല്ലാറ്റിനെയും സൃഷ്‍ടിച്ച സര്‍വേശ്വരനാണു ഞാന്‍. ഞാന്‍ തനിയെയാണ് ആകാശത്തെ നിവര്‍ത്തിയത്. ഭൂമിക്കു രൂപം നല്‌കിയതും ഞാന്‍ തന്നെ. അപ്പോള്‍ എന്‍റെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ?” (യെശ, 44:24). ഉല്പത്തിയിൽ ‘നാം നമ്മുടെ’ എന്നു പറഞ്ഞിരിക്കകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടെന്നും; മൂന്നു വ്യക്തികളും ചേർന്നാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്നു പറഞ്ഞ് ഇക്കാലമത്രയും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നല്ലേ? ഇതിനെ എങ്ങനെ വേണമെങ്കിലും ത്രിത്വപണ്ഡിതന്മാർ വ്യാഖ്യാനിച്ചോ; യഹോവ നുണയനാണെന്നു മാത്രം പറയരുത്. ത്രിത്വോപദേശം രൂപപ്പെട്ടത് ബൈബിളിൽ നിന്നല്ല; നിഖ്യാ സുന്നഹദോസിൻ്റെ ബുദ്ധിമൂശയിൽ നിന്നാണെന്നു ഇപ്പോൾ വ്യക്തമായില്ലേ? വിശ്വാസികൾ ബൈബിളൊന്നു ശരിക്കു വായിച്ചാൽ അന്നുതീരും ത്രിത്വോപദേശം.]
4. ദൈവം സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെങ്കിൽ യഹോവയായ ദൈവം, പിതാവായ ദൈവം എന്നല്ലാതെ; യേശുവായ ദൈവം, പുത്രനായ ദൈവം, ക്രിസ്തുവായ ദൈവം, ആത്മാവായ ദൈവം, പരിശുദ്ധാത്മാവായ ദൈവം, എന്നൊന്നും ബൈബിളിൽ ഒരു പ്രയോഗംപോലും ഇല്ലാത്തതെന്താ?
[ചോദ്യം വിശദമായി: പഴയനിയമത്തിൽ യഹോവയായ ദൈവമെന്നും പുതിയനിയമത്തിൽ പിതാവായ ദൈവമെന്നുമുണ്ട്. ദൈവത്തിൽ മൂന്നു തുല്യവ്യക്തികൾ ഉണ്ടെങ്കിൽ മറ്റു രണ്ടു വ്യക്തികളുടേയും പേരുചേർത്തും പദവിചേർത്തും ദൈവമെന്ന കൃത്യമായ പ്രയോഗം ഉണ്ടാകേണ്ടതല്ലേ? ബൈബിളിലെ 66 പുസ്തകങ്ങളിലും 1,189 അദ്ധ്യായങ്ങളിലും 31,098 വാക്യങ്ങളിൽ ഒരിടത്തുപോലും അങ്ങനെയൊരു പ്രയോഗം ഇല്ലാത്തതിനു കാരണമെന്താണ്? പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടാണോ; അല്ല. പ്രത്യുത, പിതാവിൽനിന്നു വ്യത്യസ്തരായ ദൈവമോ വ്യക്തികളോ അല്ലാത്തതുകൊണ്ടാണ്. ”പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). അതായത്; യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതെന്നും; ആ ഏകസത്യദൈവത്തിൻ്റെ (യോഹ, 17:3) സ്ഥാനനാമം മാത്രമാണ് പുത്രൻ, പരിശുദ്ധാത്മാവ് എന്നുമല്ലേ ബൈബിൾ വ്യക്തമാക്കുന്നത്?]
5. ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ; ദൈവത്തിന്റെ പുത്രൻ, ദൈവത്തിന്റെ ക്രിസ്തു, ദൈവത്തിൻ്റെ ആത്മാവ്, ദൈവത്തിൻ്റെ പരിശുദ്ധാത്മാവ്, എന്നല്ലാതെ; ദൈവത്തിൻ്റെ യഹോവ, ദൈവത്തിന്റെ പിതാവ് എന്നൊന്നും ബൈബിളിൽ ഇല്ലാത്തതെന്താണ്?
[ചോദ്യം വിശദമായി: ഏകദൈവത്തിൽ വ്യത്യസ്തരായ മൂന്നു വ്യക്തികളാണ് ത്രിത്വത്തിനുള്ളത്. സമതുല്യരും സമദൈവത്വവുമുള്ള ഇവരിൽ ഒരാൾ പിതാവും, അടുത്തയാൾ പുത്രനും, മറ്റൊരാൾ പരിശുദ്ധാത്മാവും ആണ്. ഈ മൂവരിൽ ഒരാളെ ദൈവത്തിൻ്റെ പുത്രനെന്നും, അടുത്തയാളെ ദൈവത്തിൻ്റെ ആത്മാവെന്നും വിളിക്കുന്നു; മൂന്നാമത്തെയാളെ ദൈവത്തിൻ്റെ പിതാവെന്നു വിളിക്കാത്തതെന്താണ്? ദൈവത്തിനു പിതാവില്ലെന്നു പറയുമായിരുക്കും? അപ്പോൾ ദൈവത്തിനു പുത്രനെവിടുന്നുണ്ടായി? “പുത്രനില്ലാതെ പിതാവും പിതാവില്ലാതെ പുത്രനുമില്ലെന്നാണ് ദൈവശാസ്ത്രനിർവ്വചനം.” പുത്രനില്ലാതെ പിതാവില്ലെന്നും പുത്രൻ ദൈവമാണെന്നും പിതാവിൽനിന്നു വ്യത്യസ്തനാണെന്നും പറഞ്ഞുവെച്ചിട്ട് ദൈവത്തിനു പിതാവില്ലെന്നു പറഞ്ഞാൽ ശരിയാകുമോ? പുത്രൻ പിതാവിൽനിന്നു വ്യത്യസ്തനും ദൈവവുമാണെങ്കിൽ, പിതാവ് പുത്രനായദൈവത്തിൻ്റെ പിതാവാണ്. എന്നിട്ടും പിതാവിനെ ദൈവത്തിൻ്റെ പിതാവെന്നു ബൈബിൾ പറയാത്തതെന്താന്നാണ് ചോദ്യം. കാരണം “പിതാവായ ഏക ദൈവമേ നമുക്കുള്ളു;” (1കൊരി, 8:6). ആ പിതാവ് മാത്രമാണ് സത്യദൈവം (the only true God; യോഹ, 17:3). ആ ദൈവത്തിൻ്റെ ഏകനാമമാണ് യഹോവ എന്നത്. (പുറ, 3:15). യഹോവ മനുഷ്യനായി വെളിപ്പെട്ടപ്പോൾ എടുത്ത സംജ്ഞാനാമമാണ് യേശു. പുത്രൻ പരിശുദ്ധാത്മാവ് എന്നത് കേവലം സ്ഥാനനാമവും. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.” (എബ്രാ, 13:8). ദൈവത്തിനൊരപ്പനെയും മകനെയും ഉണ്ടാക്കിയപ്പോൾ ഇത്രവലിയ കെണിയൊക്കെ ബൈബിളിലുണ്ടെന്ന് അറിഞ്ഞില്ലായിരിക്കും?]
6. ‘ഒരു, ഒന്നു, ഏകൻ’ എന്നിങ്ങനെ പഴയപുതിയ നിയമങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന echad-നും heis-നും ബഹുത്വമുണ്ടെന്നു പറയുന്ന നിങ്ങൾ, ‘ഒരു ദൈവം മൂന്നു വ്യക്തികളെന്നു’ എങ്ങനെ പറയും? ‘ഒന്നിലധികം ദൈവം മൂന്നു വ്യക്തികൾ’ എന്നല്ലേ പറയാൻ കഴിയൂ?
[ചോദ്യം വിശദമായി: ത്രിത്വവിശ്വാസപ്രകാരം ‘ഒരു ദൈവവും മൂന്നു വ്യത്യസ്ത വ്യക്തികളും’ ആണുള്ളത്. ‘ഒരു’ (one) എന്ന പദത്തിന് ബഹുത്വമുണ്ടെന്നു പറയുന്നതും നിങ്ങൾ തന്നെയാണ്. അങ്ങനെയെങ്കിൽ ‘ഒരു ദൈവം’ എന്നു പറയുമ്പോൾ, ഒന്നിലധികം ദൈവങ്ങളായില്ലേ? അതായത്, നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ; ഒന്നിനു ഒറ്റയായ (only) എന്ന ഖണ്ഡിതമായ അർത്ഥമില്ല. തന്മൂലം ഒരു ദൈവം (one God) എന്നാൽ ‘ഒരേയൊരു ദൈവം’ (the only God) എന്നർത്ഥം വരുന്നില്ല. തന്നിമിത്തം ‘ഒരു ദൈവം മൂന്നു വ്യക്തികൾ’ എന്ന നിങ്ങളുടെ പ്രയോഗം അതിൽത്തന്നെ തെറ്റാണ്. ‘ഒരുദൈവം അഥവാ ഏകദൈവം എന്നു പറയുമ്പോൾത്തന്നെ ഒന്നിലധികം ദൈവങ്ങളായി. ഒരുപക്ഷെ, ബൈബിളിൻ്റെ മൂലഭാഷയായ എബ്രായയിലെയും ഗ്രീക്കിലെയും ഒന്നിനാണ് ബഹുത്വമുള്ളത്, മറ്റു ഭാഷകളിൽ ബഹുത്വമില്ല; അതുകൊണ്ട് ആ പ്രയോഗം തെറ്റല്ലെന്നു നിങ്ങൾ വാദിക്കുമായിരിക്കും. എബ്രായർക്കു വേണ്ടിയാണ് പ്രധാനമായും ക്രിസ്തു വന്നത്. അഥവാ എബ്രായരിൽ തുടങ്ങി സകല ജാതികളേയും രക്ഷിക്കാനാണ് യഹോവ മനുഷ്യനായി വെളിപ്പെട്ടത്. ദൈവസഭയുടെ ആദ്യാംഗങ്ങൾ എബ്രായരും ഗ്രീക്കുഭാഷ സംസാരിക്കുന്നവരും തന്നെയായിരുന്നു. അവരുടെ ഭാഷയിൽ എന്തെഴുതിയിരിക്കുന്നോ അതാണ് തിരുവചനം. അതിനോടു കൂട്ടുചേർക്കാൻ ഒരു ഭാഷക്കാർക്കും അനുവാദമില്ല. ‘ഒരു ദൈവം’ എന്നു എബ്രായഗ്രീക്കു ഭാഷകളിൽ എഴുതിവെച്ചിട്ടുണ്ട്. ആ ‘ഒന്നു’ എന്ന പദത്തിനു ബഹുത്വമുണ്ടെന്നു പറയുന്ന നിങ്ങൾ ഏകദൈവ വിശ്വാസികളാണെന്നു പറയുവാൻ ഒരു ന്യായവുമില്ല. നിങ്ങൾ ബഹുദൈവ വിശ്വാസികളാണ്; അതുമതി, ഒരുതർക്കത്തിനും ആവശ്യമില്ല. അപ്പോളെങ്ങനാ: നിങ്ങൾക്ക് ഒന്നിലധികം ദൈവങ്ങളുണ്ടെന്ന് സമ്മതിക്കുകയല്ലേ? ധൈര്യമായി സമ്മതിച്ചോ; ത്രിത്വവിശ്വാസികൾ പലരും സമ്മതിച്ചിട്ടുണ്ട്.]
7. സമനിത്യതരും വ്യതിരിക്തരുമായ മൂന്നു വ്യക്തികൾ എങ്ങനെ ഒരു ദൈവമാകും? ‘ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്നു വിവേചിക്കുക’ എന്നു പറഞ്ഞാൽത്തന്നെ ബഹുദൈവവിശ്വാസമായില്ലേ?
[ചോദ്യം വിശദമായി: ദൈവം സാരാംശത്തിൽ (ഊസിയ) ഒന്നാണെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. “ഒരു വർഗ്ഗത്തെ മറ്റൊരു വർഗ്ഗത്തിൽനിന്നു വിവേചിക്കുന്നത് എന്താണോ അതാണ് ഊസിയ.” ദൈവം ഒരു വർഗ്ഗം അഥവാ ദൈവവ്യക്തികളുടെ കൂട്ടമാണെന്ന് പറയുന്നതുതന്നെ ബഹുദൈവ വിശ്വാസമല്ലേ??? ഉദാ: ദൂതവർഗ്ഗം, മനുഷ്യവർഗ്ഗം തുടങ്ങിയവ. ഇനി, ദൈവത്തിൻ്റെ ഊസിയ എന്നു പറയുന്നത്; നിത്യൻ, സർവ്വജ്ഞാനി, സർവ്വവ്യാപി, സർവ്വശക്തൻ എന്നീ സവിശേഷഗുണങ്ങളാണ്; ഇത് ദൈവത്തിനു മാത്രമുള്ളതാണ്. മാത്രമല്ല മൂന്നുപേർക്കും തുല്യമായുള്ള ഈ ദൈവീകഗുണങ്ങൾ വിഭജിക്കപ്പെടുകയാണെങ്കിൽ മൂന്നു വ്യത്യസ്ത ദൈവങ്ങളായി മാറുമെന്നും ത്രിത്വം പഠിപ്പിക്കുന്നു. അതായത് നിത്യത്വം ഒന്നുമാത്രമേയുള്ളു; കാരണം ഒരു ദൈവമേയുള്ളു. അപ്പോൾ നിത്യരും വ്യത്യസ്തരുമായ മൂന്നു വ്യക്തികളെന്നു പറഞ്ഞാൽ, നിത്യത്വം വിഭജിക്കപ്പെട്ടില്ലേ? അപ്പോൾത്തന്നെ നിത്യനായവൻ ദൈവവുമാണ്. ഉദാ: പുത്രൻ നിത്യനാണെന്നു പറഞ്ഞിട്ടു ദൈവമാണെന്നും എടുത്തുപറയേണ്ട കാര്യമില്ല. തന്മൂലം, വ്യത്യസ്തരായ മൂന്നു നിത്യന്മാർ (ദൈവങ്ങൾ) ഒരു ദൈവമാകില്ല. ഇനിയും ഒരേ ദൈവവർഗ്ഗത്തിലുള്ള മൂന്നു വ്യത്യസ്ത വ്യക്തികൾ ഊസിയയിൽ ഒന്നാകുമെങ്കിൽ, യേശുവിൻ്റെ ശിഷ്യന്മാർ ഒരേ മനുഷ്യവർഗ്ഗത്തിലുള്ളവരും വ്യത്യസ്ത വ്യക്തികളും ആയതുകൊണ്ട് യേശു ഒരു മനുഷ്യനെ തിരഞ്ഞെടുത്തു 12 ശിഷ്യന്മാരാക്കി എന്നു പറഞ്ഞാൽ ആ പ്രയോഗം ശരിയാകണമല്ലോ? മനുഷ്യൻ്റെ ഊസിയ എന്താണെന്നറിയാമോ? “ചിരിക്കുന്നവൻ, ചിന്തിക്കുന്നവൻ, സാമുഹിക സാംസ്കാരിക രാഷ്ട്രീയ ബോധമുള്ളവൻ, പലതും നിർമ്മിക്കാൻ കഴിവുള്ളവൻ തുടങ്ങിയവയാണ്.” ഭൂമിയിലെ 760 കോടി വരുന്ന വ്യത്യസ്ത വ്യക്തികളെ ഒരേ മനുഷ്യവർഗ്ഗത്തിലുള്ളവർ ആകകൊണ്ടും ഊസിയയിൽ ഒന്നാകുകകൊണ്ടും ഭൂമിയിൽ ഒരു മനുഷ്യനേയുള്ളു എന്നു പറഞ്ഞാൽ ശരിയാകുമോ? ഇല്ലല്ലേ? തന്മൂലം മൂന്നു വ്യത്യസ്ത വ്യക്തികളെന്ന ഉപദേശവും, ത്രിത്വനിർവ്വചനവും അതിൽത്തന്നെ തെറ്റാണെന്ന വസ്തുത നിങ്ങൾ അംഗീകരിക്കുന്നോ?]
8. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വ്യത്യസ്ത വ്യക്തികളുടെ ദൈവത്വം ഊസിയയിൽ ഒന്നാക്കിയ ത്രിത്വത്തിനു അവരുടെ വ്യക്തിത്വം ഊസിയകൊണ്ട് ഒന്നാക്കാൻ കഴിയാത്തതെന്താ?
[ചോദ്യം വിശദമായി: പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നു ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങൾ മൂന്നു ദൈവങ്ങളെന്നു പറയില്ല; ഊസിയയിൽ ഒന്നാണെന്നു പറയും. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യക്തികളാണെന്നോ, വ്യത്യസ്തരാണെന്നോ ബൈബിളിൽ എഴുതിയിട്ടില്ല (വ്യക്തിയല്ലെന്നല്ല). എന്നിട്ടും ഈ വ്യക്തികളെ ഊസിയകൊണ്ട് ഒന്നാക്കാൻ കഴിയാത്തതെന്താ? ദൈവത്വത്തിൽ മാത്രമേ ഊസിയ പ്രവർത്തിക്കുകയുള്ളോ; വ്യക്തിത്വത്തിൽ പ്രവർത്തിക്കില്ലേ? ദൈവം ഏകനാണെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നിടത്താണ് നിങ്ങൾ ദൈവത്തെ ഊസിയകൊണ്ട് ഒന്നാക്കിയതെന്നോർക്കണം. അത്ഭുതം!]
9. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു വ്യത്യസ്ത വ്യക്തികളാണെന്നു ബൈബിളിൽ ഇല്ലാതിരിക്കേ ത്രിത്വക്കാർ അതെവിടെന്നാണ് കണ്ടെത്തിയത്?
[ചോദ്യം വിശദമായി: വ്യക്തിത്വം അഥവാ ഹൈപൊസ്റ്റാസിസ് എന്താണെന്നു ത്രിത്വം നിർവ്വചിച്ചിട്ടുണ്ട്: “ഒരേ വർഗ്ഗത്തിൽ തന്നെയുള്ള ഒന്നിൽനിന്നും മറ്റൊന്നിനെ വിവേചിക്കുന്നത് എന്താണോ അതാണ് ആളത്വം അഥവാ വ്യക്തിത്വം.” ത്രിത്വത്തിലെ വ്യത്യസ്ത വ്യക്തികൾക്ക് ഉദാഹരണവുമുണ്ട്: ”പിതാവ് പിതാവാണ്; പുത്രനോ പരിശുദ്ധാത്മാവോ അല്ല. പുത്രൻ പുത്രനാണ്; പിതാവോ പരിശുദ്ധാത്മാവോ അല്ല. പരിശുദ്ധാത്മാവ് പരിശുദ്ധാത്മാവാണ്; പിതാവോ പുത്രനോ അല്ല.” പിതാവ് പുത്രനെ സൃഷ്ടിക്കുകയോ, ജീവശാസ്ത്രപരമായി ജനിപ്പിക്കുകയോ ചെയ്തിട്ടാണോ പിതാവായത്? പുത്രൻ സൃഷ്ടിക്കപ്പെടുകയോ, ജീവശാസ്തപരമായി ജനിപ്പിക്കപ്പെടുകയോ വഴിയാണോ പുത്രനായത്? പരിശുദ്ധാത്മാവും ആരുടേയും സൃഷ്ടിയല്ലല്ലോ? അങ്ങനെയായിരുന്നെങ്കിൽ മേല്പറഞ്ഞ നിർവ്വചനവും ഉദാഹരണവും ശരിയാണ്. ‘പുത്രൻ’ എന്നത് അഭിധാനമാണെന്നു ത്രിത്വദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. പിന്നെയും ത്രിത്വത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെന്നു പറഞ്ഞാൽ എന്തബദ്ധമാണ്. കേരളത്തിൻ്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിജിലൻസ് മന്ത്രിയും വ്യത്യസ്ത വ്യക്തികളാണെന്നു പറയുന്നതുപോലെ മണ്ടത്തരമാണത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ സ്ഥാനനാമങ്ങൾ മാത്രമാണ്. പിന്നെങ്ങനെ മൂന്നു വ്യത്യസ്ത വ്യക്തികളെന്നു പറയാൻ കഴിയും? സാക്ഷാൽ ദൈവം പൂർണ്ണമനുഷ്യൻ മാത്രമായി ജഡത്തിൽ വെളിപ്പെട്ടു നിന്നുകൊണ്ടാണ് ദൈവവുമായി സംസാരിക്കുന്നതും പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നു ബഹുവചനത്തിൽ പറയുന്നതെന്നും, അവൻ മനുഷ്യനെന്ന നിലയിൽ ഭൂമിയിൽ ഇപ്പോഴില്ലെന്നും, അവൻ തൻ്റെ ശുശ്രൂഷ തികച്ചശേഷം സ്വർഗ്ഗേകരേറി പിതാവുമായി ഒന്നായശേഷമാണ് ദൈവസഭ സ്ഥാപിതമായതെന്നും കുറിക്കൊള്ളുക. പിന്നെവിടാണ് സാറന്മാരേ മൂന്നു വ്യത്യസ്ത വ്യക്തികൾ?]
10. ദൈവം ഏകനാണെന്നു പഴയപുതിയ നിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ ദൈവം ത്രിത്വമാണെന്ന് പറയാനും പഠിപ്പിക്കാനും എന്തു ന്യായമാണുള്ളത്?
[ചോദ്യം വിശദമായി: ദൈവം ബൈബിളിൽ ത്രിത്വമാണെന്നു ഒരിടത്തുപോലുമില്ല. അപ്പോൾത്തന്നെ ഏകൻ, ഏകസത്യദൈവം, ഏകദൈവമേ നമുക്കുള്ളു, ഒരുവൻ, ദൈവമോ ഒരുത്തൻ മാത്രം, ഞാനല്ലാതെ മറ്റൊരുത്തനുമില്ല, യഹോവയ്ക്ക് തുല്യനും സദൃശനുമായി ആരുമില്ല എന്നിങ്ങനെ നൂറിലേറേ വാക്യങ്ങളുണ്ട്. (കാണാൻ ‘ദൈവമോ ഒരുത്തൻ മാത്രം‘ ക്ലിക്ക് ചെയ്യുക). ദൈവം ഒറ്റയാനാണെന്നു അഥവാ, അനന്യമായ, കേവലമായ, മാത്രമായ (alone, only) എന്നയർത്ഥത്തിൽ ബൈബിളിൽ പറഞ്ഞിട്ടില്ലെന്നാണ് പലരും കരുതുന്നത്; ഒന്നും രണ്ടുമല്ല നാല്പതോളം പ്രാവശ്യം പഴയപുതിയ നിയമങ്ങളിൽ പറഞ്ഞിട്ടുണ്ട്. ത്രിത്വമെന്ന ആശയമുണ്ടെന്നു നിങ്ങൾ പറയുന്നു. പക്ഷെ, ബൈബിളിൻ്റെ ആഖ്യാനത്തിലില്ല; വ്യാഖ്യാനിച്ചു നിങ്ങളങ്ങനെ വിശ്വസിക്കുന്നു എന്നുമാത്രം. ഇനി ആശയമുണ്ടെന്നു സമ്മതിച്ചാൽത്തന്നെ ദൈവം ഏകനാണെന്ന് സ്ഫടികസ്ഫുടമായി എഴുതിയിരിക്കേ ആശയംകൊണ്ട് അതിനു വിപരീതമായി (പരിശുദ്ധാത്മാവ് എഴുതി വെച്ചിരിക്കുന്നതിന് വിപരീതമായി) എങ്ങനെ ത്രിത്വമാണെന്നു സ്ഥാപിക്കാൻ കഴിയും?]
11. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്നു അറിയും” എന്നു പഴയനിയമം പറയുമ്പോൾ; “സകലനാമത്തിന്നും മേലായ നാമമുള്ളവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനുമായ ക്രിസ്തുവിനെ എന്തുചെയ്യും???”
[ചോദ്യം വിശദമായി: സങ്കീർത്തനം 83:18: That men may know that thou, whose name alone is JEHOVAH, Art the Most High over all the earth. ‘യഹോവയെന്നു നാമമുള്ളവൻ മാത്രമാണ് ഉന്നതനെന്നു’ ആസാഫ് പറയുന്നു. ഉയർത്തെഴുന്നേ ക്രിസ്തുവാകട്ടെ; “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു” എന്നു പറയുമ്പോൾ; പൗലൊസ്: ക്രിസ്തുവിനെ സകലനാമത്തിന്നും മേലായ നാമമുള്ളവനെന്നും, എബ്രായലേഖകൻ: സ്വർഗ്ഗത്തേക്കാൾ ഉന്നതനെന്നുമാണ് പറയുന്നത്. ഏകസത്യദൈവം മാത്രമാണ് ഉന്നതൻ. ദൈവം ഏകവ്യക്തിയും, യഹോവ തന്നെയാണ് മനുഷ്യനായി വെളിപ്പെട്ട യേശുക്രിസ്തുവെന്നും നിങ്ങൾ സമ്മതിച്ചാൽ ഓക്കെ; രണ്ടു പ്രയോഗങ്ങളും ശരിയാണ്. പക്ഷെ, നിങ്ങൾക്ക് ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളാണ്. അപ്പോൾ പഴയനിയമവും പുതിയനിയമവും തമ്മിൽ വൈരുദ്ധ്യങ്ങൾ (contradictions) ഉണ്ടെന്നാണോ ത്രിത്വം വിശ്വസിക്കുന്നത്. അതോ, സർവ്വഭൂമിക്കും അധികാരി യഹോവയും, സ്വർഗ്ഗത്തിനധികാരി ക്രിസ്തുവുമെന്നോ? അല്ലെങ്കിൽ, പഴയനിയമത്തിൽ ഒരുദൈവം; പുതിയനിയമത്തിൽ മറ്റൊരു ദൈവമെന്നോ? ”യഹോവ മാത്രം ഉന്നതനെന്നു” പറഞ്ഞാൽ; മറ്റൊരുത്തനുമില്ലെന്നാണ് പ്രിയപ്പെട്ടവരെ! യഥാർത്ഥത്തിൽ നിങ്ങൾ യേശുക്രിസ്തു ദൈവമാണെന്ന് വിശ്വസിക്കുന്നുണ്ടോ?]
12. പഴയനിയമത്തിൽ യഹോവ മഹാദൈവമാണെന്നും; പുതിയനിയമത്തിൽ യേശുക്രിസ്തു മഹാദൈവമണെന്നും പറഞ്ഞിട്ടുണ്ട്. ത്രിത്വത്തിന് യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാകുമ്പോൾ രണ്ടു മഹാദൈവങ്ങൾ ആയില്ലേ?
[ചോദ്യം വിശദമായി: “യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.” സങ്കീ, 95:3). “മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു.” (തീത്തൊ, 2:12). ത്രിത്വത്തിന് യഹോവ യേശു പരിശുദ്ധാത്മാവ് എന്നിങ്ങനെ സമനിത്യരായ മൂന്ന് വ്യത്യസ്ത വ്യക്തികളാണുള്ളത്. നിങ്ങളുടെ ഉപദേശപ്രകാരം ‘ദൈവം’ മഹാദൈവമാണെന്നു പറഞ്ഞാൽ; ദൈവത്തിലെ മൂന്ന് വ്യക്തികളും മഹാദൈവമാണെന്നു പറയാം. എന്നാലിവിടെ ത്രിത്വത്തിലെ രണ്ട് വ്യക്തികളുടെ സംജ്ഞാനാമത്തോട് ചേർത്താണ് മഹാദൈവമെന്ന് പറഞ്ഞിരിക്കുന്നത്. പരിശുദ്ധാത്മാവിനോട് ചേർത്ത് മഹാദൈവമെന്ന് പറഞ്ഞിട്ടില്ലെന്നും കുറിക്കൊള്ളുക. പിതാവിനെ കാണണമെന്നു പറഞ്ഞ ഫിലിപ്പോസിനൊട് ‘നീ എന്നെ അറിയുന്നില്ലയോ’ എന്നാണ് യേശുവിൻ്റെ മറുചോദ്യമെന്നോർക്കണം. ‘ഞാനും പിതാവും ഒന്നാകുന്നു; എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു’ എന്നൊക്കെ സ്പഷ്ടമായി പറഞ്ഞിട്ടും, പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളാണെന്ന് പഠിപ്പിച്ചത് നിങ്ങളല്ലേ? ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണെന്ന് ബൈബിളിൽ നിന്ന് ഗ്രഹിക്കണം. അല്ലെങ്കിൽ ബഹുദൈവ വിശ്വാസികളാണെന്നു സമ്മതിക്കണം. 1,700 വഷമായിട്ടും പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും ത്രിത്വമൊരു പ്രഹേളികയായിരിക്കുന്നതിൻ്റെ കാരണമറിയാമോ? ബൈബിളിലെ ദൈവമല്ല ത്രിത്വം.]
13. എലോഹീം ബഹുവചനമായതു കൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടന്നു പഠിപ്പിക്കുന്ന നിങ്ങൾ പഴയനിയമത്തിലെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ പരിശുദ്ധാത്മാവ് നപുംസകമാണെന്നും പഠിപ്പിക്കാത്തതെന്താണ്?
[ചോദ്യം വിശദമായി: എലോഹീം ബഹുവചനമാണ്. എന്നാൽ എല്ലാ സ്ട്രോംങ് നിഘണ്ടുവിലും പറയുന്നത്; ‘എലോഹീം സത്യദൈവത്തിനു ഉപയോഗിച്ചിരിക്കുന്നത് ഏകവചനമായിട്ടാണ് അഥവാ, ഏകവചനത്തിൽ മനസ്സിലാക്കണം’ എന്നാണ്. എന്നിട്ടും നിങ്ങൾ ഏകസത്യദൈവത്തിൽ ബഹുത്വം ആരോപിക്കുന്നു. അങ്ങനെയെങ്കിൽ പഴയനിയമത്തിലെ പരിശുദ്ധാത്മാവിനെ കുറിക്കുന്ന റൂവഹ് സ്ത്രീലിംഗമാണെന്നും പുതിയനിയമത്തിലെ പ്ന്യൂമ നപുംസകമാണെന്നും മറന്നുപോയോ? പഴയനിയമത്തിലെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും പുതിയനിയമത്തിലെ പരിശുദ്ധാത്മാവ് ട്രാൻസ്ജെൻഡറാണെന്നും ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? നിങ്ങൾ സമ്മതിക്കും; ദൈവത്തിൻ്റെ മഹത്വമല്ലല്ലോ, ത്രിത്വമല്ലേ നിങ്ങൾക്ക് വലുത്. വാക്കുകളുടെ വചനവും ലിംഗവും നോക്കിയാണോ ദൈവത്തിൻ്റെ പ്രകൃതി നിർണ്ണയിക്കുന്നത്?]
14. പഴയനിയമത്തിലെ ഒന്നിനെ കുറിക്കുന്ന echad-നും പുതിയനിയമത്തിലെ heis-നും ബഹുത്വമുണ്ടെന്നും, yachiyd എന്ന ഖണ്ഡിതമായ ഏകവചനം ദൈവത്തിന് ഉപയോഗിച്ചിട്ടില്ലെന്നും, അക്കാരണത്താൽ ദൈവം ബഹുത്വമാണെന്നും പറഞ്ഞ് വിശ്വാസികളെ നിങ്ങൾ കബളിപ്പിക്കുകയല്ലേ ചെയ്യുന്നത്?
[ചോദ്യം വിശദമായി: എഖാദും ഹെയ്സും എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളിൽ ആദ്യത്തേതാണ്. അവരുടെ ഒന്നിന് ബഹുത്വമാണ് ഉള്ളതെങ്കിൽ 1, 11, 21, 31, ….. 111, 1111 ….. തുടങ്ങിയവയുടെ മൂല്യം എങ്ങനെ കണ്ടെത്തും? ഒന്നും ഒന്നും കൂട്ടിയാൽ എത്ര കിട്ടുമെന്നുപോലും അവർക്ക് പറയാൻ കഴിയില്ല. ശാസ്ത്രങ്ങളുടെ റാണിയായ ഗണിതശാസ്ത്രത്തിൽ എബ്രായരും ഗ്രേക്കരും വട്ടപ്പൂജ്യമായി മാറും. എന്നാൽ, ലോകത്തിലെ പരമോന്നത പുരസ്കാരമായ നോബൽ സമ്മാനം എബ്രായരാണ് ഏറ്റവുമധികം കരസ്ഥമാക്കിയിരിക്കുന്നത്. കണക്കിൽ ചുക്കും ചുണ്ണാമ്പുമറിയാത്തവർ ഇത്രയധികം നോബൽ സമ്മാനം എങ്ങനെ മേടിക്കും? ഇത് ബാഹ്യമായ തെളിവാണ്. ആന്തരികമായും നിങ്ങൾ പറയുന്ന കാര്യത്തിന് യാതൊരു തെളിവുമില്ല. മാത്രമല്ല, ഒന്നെന്ന ഖണ്ഡിതമായ അർത്ഥത്തിലാണ് echad-ഉം heis-ഉം ബൈബിളിൽ പ്രയോഗിച്ചിരിക്കുന്നത്. ഒന്നിനു ബഹുത്വമുണ്ടെന്നു വരുത്തിത്തീർക്കാൻ നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഉദാഹരണങ്ങൾ കണ്ടാൽ LKG കുട്ടികൾപോലും ചിരിക്കും. ഒന്നാം ദിവസം (ഏഴു ദിവസങ്ങളിൽ ഒന്ന്) (ഉല്പ, 1:5); വാരിയെല്ലുകളിൽ ഒന്നു (ഉല്പ, 2:21); നാലു നദികളിൽ ഒന്നാമത്തേതു (ഉല്പ, 2:10,11). ഒന്നാം ദിവസമെന്നു പറയുന്നത് ഏഴു ദിവസങ്ങളെയും ചേർത്താണോ? അതോ ഏഴു ദിവസങ്ങളിൽ ആദ്യത്തെ ദിവസത്തെ മാത്രമോ??? വാരിയെല്ലുകളിൽ ഒന്നെന്നു പറഞ്ഞാൽ മനുഷ്യശരീരത്തിലെ 24 വാരിയെല്ലുകളെയും ചേർത്താണോ? അതോ, 24-ൽ ഒരെണ്ണം മാത്രമെന്നോ??? നാലു നദികളിൽ ഒന്നാമത്തേതെന്നു പറഞ്ഞാൽ നാലുനദികളും ചേർന്ന ഒന്നെന്നാണോ? അതോ, നാലുനദികളിൽ ആദ്യത്തെ നദി മാത്രമെന്നോ??? ഇങ്ങനെയുള്ള ദുർവ്യാഖ്യാനങ്ങൾ ബൈബിളിൻ്റെ വിശ്വാസ്യതയ്ക്കുപോലും ഭീഷണിയാണ്. പിന്നെ യാഖീദ് (yachiyd) ദൈവത്തോടു ചേർത്ത് ഉപയോഗിച്ചിട്ടില്ലെങ്കിലും തത്തുല്യമായ മോണോസ് (monos) പുതിയനിയമത്തിലും, ഒറ്റയായ, കേവലമായ, മാത്രമായ (alone, only) എന്നയർത്ഥത്തിൽ ബാദ് (bad), ബാദദ് (badad) റാഖ് (raq) തുടങ്ങിയ പദങ്ങൾ പഴയനിയമത്തിലും അനവധിയായി ഉപയോഗിച്ചിട്ടുണ്ട്? വഞ്ചനയുടെ ആത്മാവാണ് ത്രിത്വക്കാർക്ക് ഉള്ളതെന്നല്ലേ തെളിയുന്നത്?]
15. ”ദൈവം സ്നേഹമായതുകൊണ്ട് അതു കൊടുക്കുവാനും വാങ്ങുവാനും പങ്കുവെയ്ക്കാനും ഒന്നിലധികം വ്യക്തികൾ വേണം; തന്മൂലം ദൈവം അനാദിയിൽത്തന്നെ മൂന്ന് വ്യത്യസ്ത വ്യക്തികളായിരുന്നു” എന്നു ത്രിത്വം പഠിപ്പിക്കുന്നത് ബൈബിൾ വെളിച്ചത്തിൽ വഞ്ചനയല്ലേ?
[ചോദ്യം വിശദമായി: തൻ്റെ സൃഷ്ടികൾക്ക് മുമ്പേതന്നെ ദൈവം മൂന്ന് വ്യത്യസ്ത വ്യക്തികളല്ലെങ്കിൽ തൻ്റെ സ്നേഹം പങ്കുവെയ്ക്കാൻ കഴിയാതെ താൻ ഒറ്റയ്ക്കിരുന്നു ബോറടിക്കുമത്രേ. ദൈവത്തെക്കുറിച്ച് എത്ര വികലമായ കാഴ്ചപ്പാടാണ് ത്രിത്വത്തിനുള്ളത്. ‘ദൈവം സ്നേഹം തന്നേ’ എന്നു പറഞ്ഞിരിക്കയാൽ, ദൈവം ആകെക്കൂടി സ്നേഹമെന്ന വികാരം മാത്രമാണെന്നാണോ നിങ്ങൾ മനസ്സിലാക്കുന്നത്? ദൈവീക ഗുണങ്ങളുടെ ഒരു പരമ്പര തന്നേ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്: അറിവ്, ആലോചന, ആത്മീയത, കനിവ്, കരുണ, കൃപ, ജ്ഞാനം, ദയ, ദീർഘക്ഷമ, ധനം, നന്മ, നീതി, നേര്, ന്യായം, പരമാധികാരം, ബലം, ഭുജവീര്യം, മഹാബലം, മഹാകരുണ, മഹാദയ, മഹാശക്തി, വിവേകം, വിവേകശക്തി, വിശുദ്ധി, വിശ്വസ്തത, സ്നേഹം, സൗമ്യത തുടങ്ങിയവ. ഇതൊക്കെ സൃഷ്ടികളുമായി ബന്ധപ്പെട്ടുള്ള ദൈവത്തിന്റെ പ്രദേയഗുണങ്ങൾ (Communicable Attributes) മാത്രമാണ്. ദൈവത്തിന് അപ്രദേയ ഗുണങ്ങളുമുണ്ട്. ദൈവം സൃഷ്ടികൾക്ക് വെളിപ്പെടുത്തേണ്ട ഈ ഗുണങ്ങളൊക്കെ താൻ സൃഷ്ടി നടത്തന്നുതിനുമുമ്പേ ദൈവം ദൈവത്തിനുതന്നെ പ്രദർശിപ്പിച്ചിരിക്കണം എന്നു ശഠിക്കുന്നത് എത്രയബദ്ധമാണ്. ചില ഉദാഹരണം പറയാം: ദൈവത്തിൻ്റെ അറിവിനെക്കുറിച്ച് റോമറിൽ പറയുന്നു. അറിവും സ്നേഹംപോലെ പങ്കുവെയ്ക്കപ്പെടണം. പക്ഷെ, ഒരു കുഴപ്പമുണ്ട്; അറിവുള്ളവൻ അറിവില്ലാത്തവർക്കാണ് അത് പങ്കുവെക്കേണ്ടത്. ത്രിത്വത്തിൽ ആർക്കാണ് അറിവ് കൂടുതലുണ്ടായിരുന്നത്; ആർക്കൊക്കെയാണ് അറിവില്ലാതിരുന്നത്? ദൈവം ബലവാനാണെന്ന് തെളിയിക്കാൻ ത്രിത്വത്തിലെ മൂന്നു വ്യക്തികളും തമ്മിൽ ഗുസ്തി പിടിക്കുമോ? എബ്രായരിൽ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണെന്ന് പറഞ്ഞിട്ടുണ്ട്. സ്നേഹം പങ്കുവെച്ചാലെ തെളിയുവെങ്കിൽ, അഗ്നി കത്തിയാലെ തെളിയു. ദൈവം അഗ്നിയാണെന്നു തെളിയിക്കാൻ അനാദിനിത്യതയിൽ ദൈവം ആരെ കത്തിച്ചിരിക്കും? ത്രിത്വം മലർന്നുകിടന്ന് തുപ്പുകയല്ലേ ചെയ്യുന്നത്? സത്യത്തിൽ നിങ്ങൾ ദൈവവിശ്വാസികളോ; ദൂഷകരോ?]
16. “പിതാവുമാത്രം സത്യദൈവം; പിതാവായ ഏകദൈവമേ നമുക്കുള്ളു; ദൈവവും പിതാവുമായവൻ ഒരുവൻ; ദൈവമോ ഒരുത്തൻ മാത്രം” എന്നിങ്ങനെ ദൈവത്തിൻ്റെ വചനം പറയുമ്പോൾ; പിതാവിൽനിന്നു വ്യത്യസ്തരാണെന്നു ത്രിത്വം വിശ്വസിക്കുന്ന പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്ന് വിശ്വാസികളെ പഠിപ്പിക്കുന്നത് ആത്മവഞ്ചനയല്ലേ?
[ചോദ്യം വിശദമായി: ചോദ്യം വിശദമായി: പിതാവാണ് ‘ഏകസത്യദൈവം’ (the only true God) എന്നു പറയുമ്പോൾ, വ്യത്യസ്ത വ്യക്തികളെന്നു ത്രിത്വം പഠിപ്പിക്കുന്ന പുത്രനും പരിശുദ്ധാത്മാവും ദൈവമാണെന്നു പഠിപ്പിക്കുന്നവർ തങ്ങളെത്തന്നെ വഞ്ചിക്കുകയല്ലേ? എന്നാൽ ബൈബിളിൻ്റെ ഉപദേശം എന്താണ്? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവത്തിൻ്റെ സ്ഥാനനാമമാണ്. അതിൽത്തന്നെ സൃഷ്ടിതാവും രക്ഷിതാവും പരിപാലകനും എന്നയർത്ഥത്തിൽ പിതാവെന്ന സ്ഥാനം മാത്രമാണ് നിത്യമായിരിക്കുന്നത്. അതുകൊണ്ടാണ് ‘പിതാവായ ഏകദൈവമേ നമുക്കുള്ളു’ (1കൊരി, 8:6) എന്നു പറയുന്നത്. പാപികളായ മനുഷ്യർക്ക് തങ്ങളെത്തന്നെ വീണ്ടെടുക്കാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുക്കാനോ കഴിയാത്തതുകൊണ്ട് (സങ്കീ, 49:7-9) പിതാവായ ദൈവം പുത്രനെന്ന സ്ഥാനനാമത്തിൽ പാപജഡത്തിൻ്റെ സാദൃശ്യത്തിൽ പാപംകൂടാതെ പ്രത്യക്ഷനായി തൻ്റെ മരണത്താൽ മനുഷ്യനു പാപപരിഹാരം വരുത്തുകയായിരുന്നു. അതിനാലാണ് ജഡത്തിൽവന്ന പൂർണ്ണമനുഷ്യൻ മാത്രമായ ക്രിസ്തു ‘പിതാവിനെ ഏകസത്യദൈവം’ എന്നു പറയുന്നതും (യോഹ, 17:1-3), പൗലൊസ് “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറയുന്നതും. ജഡത്തിൽവന്ന പുത്രൻ പൂർണ്ണമനുഷ്യൻ മാത്രമായതുകൊണ്ടാണ് താൻ ദൈവമാണെന്ന് അവകാശപ്പെടാതിരുന്നതും; പിതാവിന് കീഴ്പ്പെട്ടിരുന്നതും, പിതാവ് എന്നേക്കാളും എല്ലാവരെക്കാളും വലിയവനെന്നു പറയുന്നതും. മക്കൾക്കുവേണ്ടി ജഡത്തിൽ വന്നത് പിതാവാണെന്ന് എബ്രായലേഖകനും പറയുന്നില്ലേ??? “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15. ഒ.നോ: യോഹ, 14:8,9; യെശ, 9:6). പ്രത്യുത, പിതാവിൽനിന്നു വ്യത്യസ്ത വ്യക്തികളായാൽ പുത്രനും പരിശുദ്ധാത്മാവും ദൈവം ആകുന്നതെങ്ങനെ???]
17. “ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.” എന്നു ബൈബിൾ പറയുമ്പോൾ ദൈവം ത്രിത്വമാണെന്ന് വിശ്വസിച്ചാൽ എങ്ങനെ നിത്യജീവൻ ലഭിക്കും???
[ചോദ്യം വിശദമായി: തിരുവെഴുത്തുകൾ നിത്യജീവനെ വർണ്ണിക്കുക മാത്രമല്ല, കൃത്യമായി നിർവ്വചിച്ചിട്ടുമുണ്ട്: “ഏക സത്യദൈവമായ നിന്നെയും (പിതാവിനെയും) നീ (പിതാവ്) അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). യേശു പിതാവിനെ ‘ഏകസത്യദൈവം’ എന്നു വിളിക്കുന്നത് ഏകജാതനിലെ മോണോസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചാണ്. ത്രിത്വക്കാരുടെ ഭാഷയിൽ പറഞ്ഞാൽ പഴയനിയമത്തിലെ ഖണ്ഡിതമായ ഒന്നിനെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ ഗ്രീക്കുപദമാണത്. ഇംഗ്ലീഷിൽ the only true God എന്നാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവമെന്ന് യേശു പറയുന്നത് ഖണ്ഡിതമായ അർത്ഥത്തിലാണ്. യഹോവതന്നെ മനുഷ്യരുടെ പാപപരിഹാരാർത്ഥം പൂർണ്ണമനുഷ്യൻ മാത്രമായി മണ്ണിൽ വെളിപ്പെട്ടു നിന്നുകൊണ്ട് സ്വർഗ്ഗീയപിതാവ് മാത്രം സത്യദൈവമെന്ന് പറയുന്നത് യുക്തം. എന്നാൽ ത്രിത്വത്തെ സംബന്ധിച്ച് യഹോവ മനുഷ്യനായി പ്രത്യക്ഷനായതാണ് ക്രിസ്തുവെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല; പ്രത്യുത, പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പുത്രൻ പറയുമ്പോൾ; പിതാവിൽ നിന്നു വ്യത്യസ്തരായ ആരും (പുത്രനും പരിശുദ്ധാത്മാവും) ദൈവമാകില്ല. ബൈബിളിൽ സത്യദൈവം സാധാരണ ദൈവം എന്നിങ്ങനെ വേർതിരിച്ചിട്ടില്ല; പിന്നെയുള്ളത് വ്യാജദൈവമായ സാത്താനാണ്. (2കൊരി, 4:4). യേശുക്രിസ്തു വ്യാജദൈവമാണെന്ന് വിരോധികൾപോലും പറയില്ല. മാത്രമല്ല, യേശു സത്യദൈവമാണെന്നും (1യോഹ, 5:20), മഹാദൈവമാണെന്നും (തീത്തൊ, 212), ലേഖനങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. ബൈബിളിൽ എന്തായാലും വൈരുദ്ധ്യങ്ങളില്ല. പിന്നെങ്ങനെ പിതാവ് മാത്രം സത്യദൈവമെന്ന് യേശു പറഞ്ഞതും; പുത്രൻ സത്യദൈവവും മഹാദൈവവുമാണെന്ന് ലേഖനങ്ങളിൽ പറയുന്നതും ഒരുപോലെ ശരിയാകും? പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളായിരുന്നാൽ ശരിയാകുമോ??? ഇത് ദൈവവചനമാണ്; ഒന്നിൽ തെറ്റിയാൽ സകലതും തെറ്റില്ലേ? ഇനി ചിന്തിക്കൂ; യഹോവ പൂർണ്ണ മനുഷ്യനായി മണ്ണിൽ വെളിപ്പെട്ടാലും സ്വർഗ്ഗസിംഹാസനത്തിൽ ദൈവമായി ഉണ്ടാകുമല്ലോ? (യോഹ, 3:13). മനുഷ്യനായി നില്ക്കുന്ന യേശുവിന് പിതാവാണ് ഏകസത്യദൈവമെന്ന് പറയാൻ കഴിയില്ലേ? അവൻ തന്നെയാണ് സത്യദൈവമെന്നും മഹാദൈവമെന്നും അപ്പൊസ്തലന്മാർക്കും പറയാൻ കഴിയില്ലേ? “പിതാവിനെയും പുത്രനെയും അറിയുന്നതാണ് നിത്യജീവൻ.” പുതിയനിയമം ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള എല്ലാവർക്കുമറിയാം; അതിൽ പിതാവെന്നൊരു വ്യക്തിയും പുത്രനെന്നൊരു വ്യക്തിയുമുണ്ട്; നിത്യജീവൻ കിട്ടുമോ? ഒരിക്കലുമില്ല. പിന്നെന്തറിയണം സ്വർഗ്ഗീയപിതാവ് തന്നെയാണ് പുത്രനെന്ന സ്ഥാനനാമത്തിൽ മനുഷ്യനായി ഭൂമിയിൽവന്ന് എൻ്റെ പാപങ്ങൾക്കുവേണ്ടി മരിച്ചതെന്നറിയണം; അതല്ലേ നിത്യജീവൻ? ഈ സത്യമറിഞ്ഞിട്ടല്ലേ യേശുവിനെ കർത്താവെന്ന് വായ്കൊണ്ട് ഏറ്റുപറയേണ്ടത്? പിതാവാണ് രക്ഷയ്ക്ക് കാരണഭൂതൻ; പുത്രനാണത് ക്രൂശിൽ നിവൃത്തിക്കുന്നത്; പരിശുദ്ധാത്മാവാണ് രക്ഷ നമുക്ക് ലഭ്യമാക്കുന്നത്; രക്ഷയുടെ ഫലമാണ് നിത്യജീവൻ; ഈ ഏകസത്യദൈവമല്ലേ നമുക്കുള്ളു???]
18. ‘ജഡത്തിൽ വെളിപ്പെട്ടവന് പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു’ എന്നുപറഞ്ഞ് ത്രിത്വം ഇക്കാലമത്രയും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നില്ലേ?
[ചോദ്യം വിശദമായി: വചനം ജഡമായി തീർന്നവൻ ‘ദൈവം ആയിരുന്നു’ എന്നാണ് ബൈബിൾ പറയുന്നത്? ദൈവം ആയിരുന്നു എന്നു പറഞ്ഞാൽ ജഡത്തിലും ദൈവമാണെന്നാണോ അർത്ഥം. ‘ഞാൻ ഗൾഫിൽ ആയിരുന്നു’ എന്നു പറഞ്ഞാൽ ഇപ്പോഴും ഗൾഫിലാണെന്നാണോ? ഞാൻ ഉറങ്ങുകയായിരുന്നു’ എന്നു പറഞ്ഞാൽ; ഇപ്പോഴും ഉറങ്ങുകയാണെന്നാണോ? ‘ഞാൻ രോഗിയായിരുന്നു’ എന്നു പറഞ്ഞാൽ ഇപ്പോഴും രോഗിയാണെന്നാണോ? പുത്രൻ ജഡത്തിലും പുർണ്ണദൈവമായിട്ടാണോ ഒരു മനുഷ്യ രാജാവിനാൽ മിസ്രയീമിലേക്ക് പലായനം ചെയ്യപ്പെട്ടത്? പൂർണ്ണദൈവമാണോ മനുഷ്യരുടേയും ദൈവത്തിൻ്റേയും കൃപയിൽ മുതിർന്നു വന്നത്? പൂർണ്ണദൈവമാണോ പരീക്ഷയിലും ഗെത്ത്ശെമനയിലും പരിക്ഷീണനായപ്പോൾ ദൂതന്മാർ വന്ന് ബലപ്പെടുത്തിയത്? പുത്രനെങ്കിലും താൻ സഹിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി എന്നു പറയുന്നത് നിങ്ങളുടെ പൂർണ്ണദൈവത്തെയും ചേർത്താണോ? തൻ്റെ ജനനം മുതൽ മരണത്തോളം കഷ്ടം അനുഭവിച്ചപ്പോൾ ഈ പൂർണ്ണദൈവവും ഉണ്ടായിരുന്നോ? പൂർണ്ണ ദൈവത്തെയാണോ ആത്മാവിനാൽ നീതീകരിച്ചത്? ദൂതന്മാരേക്കാൾ താഴ്ചവന്ന പൂർണ്ണദൈവമോ? കേവലം ദൂതനുപോലും മരണമില്ലാതിരിക്കേ, ദൈവമാണോ ക്രൂശിൽ മരിച്ചത്??? ഭയങ്കരം! ദൈവത്തിനും മനുഷ്യനും മദ്ധ്യേനിന്നു രക്ഷണ്യവേല പൂർത്തിയാക്കിയ മദ്ധ്യസ്ഥനായ പുത്രൻ മനുഷ്യനായ ക്രിസ്തുയേശുവാണെന്ന് പൗലൊസ് കളവു പറയുകയാണോ? മാത്രമോ, യോഹ, 1:1; ഫിലി, 2:6:8; 1തിമൊ, 3:15,16; എബ്രാ, 2:14,15 തുടങ്ങിയ വാക്യങ്ങൾ എന്തുചെയ്യും? മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ശാപമരണം വരിച്ചവൻ പൂർണ്ണദൈവമാണെന്നു പഠിപ്പിക്കാൻ നിങ്ങൾക്ക് ലജ്ജ തോന്നണില്ലേ?]
19. പൂർണ്ണദൈവത്തെയാണോ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തു എന്നു പറഞ്ഞിരിക്കുന്നത്? ദൈവത്തെ അഭിഷേകം ചെയ്ത മറ്റൊരു ദൈവമോ???
[ചോദ്യം വിശദമായി: ക്രിസ്തു ആരാണെന്നറിയാത്തതാണ് ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളുടെ പ്രശ്നം. യോഹന്നാൻ 1:1-ൽ നിന്ന് അതുതെളിയിക്കാം. ദൈവത്തോടു കൂടെയായിരുന്ന വചനവും, ജഡമായി തീർന്നവനും ക്രിസ്തുവാണ്. (യോഹ, 1:14; 1യോഹ, 1:1,2). “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.” ഈ വാക്യത്തിൽ ദൈവവുമുണ്ട് വചനവുമുണ്ട്. ഇതിലെ ദൈവത്തെ യഹോവ/പിതാവ് എന്നും വചനത്തെ യേശു/പുത്രൻ എന്നിങ്ങനെയും മാറ്റിക്കൊണ്ട് വാക്യത്തെ പുനഃക്രമീകരിക്കുന്നു: “ആദിയിൽ യേശു ഉണ്ടായിരുന്നു; യേശു യഹോവയോടുകൂടെ ആയിരുന്നു; യേശു യഹോവ ആയിരുന്നു.” വീണ്ടും: “ആദിയിൽ പുത്രൻ ഉണ്ടായിരുന്നു; പുത്രൻ പിതാവിനോടുകൂടെ ആയിരുന്നു; പുത്രൻ പിതാവു ആയിരുന്നു.” യഹോവ/പിതാവ് ജഡത്തിൽ വന്നതാണ് യേശു/പുത്രൻ എന്നു ബൈബിൾ വ്യക്തമാക്കുന്നു. ജഡത്തിൽ വെളിപ്പെട്ടവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ ദൈവമായിരുന്നു. ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ആരാകുന്നു എന്നു ചോദിച്ചാൽ അവൻ മനുഷ്യൻ മാത്രമാണ്. ‘ക്രിസ്തു അഥവാ മശീഹ’ (അഭിഷിക്തൻ) എന്ന സ്ഥാനനാമം തന്നെ ജഡമായി തീർന്നവൻ പൂർണ്ണമായും മനുഷ്യനായിരുന്നു എന്നതിനു തെളിവാണ്. പഴയപുതിയ നിയമങ്ങളിൽ അഭിഷിക്തൻ എന്നു പേർ പറയപ്പെട്ടിരിക്കുന്നവനും, പുതിയനിയമത്തിൽ വ്യക്തിപരമായി ദൈവം അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നവനുമായ ഏകവ്യക്തി ക്രിസ്തു മാത്രമാണ്. ശുശ്രൂഷകൾക്കായി ദൈവം ദൈവത്തിനല്ല; മനുഷ്യർക്ക് നല്കുന്ന കൃപയാണ് അഭിഷേകം. പഴയനിയമത്തിൽ പുരോഹിതന്മാരെയും പ്രവാചകന്മാരെയും രാജാക്കന്മാരെയുമാണ് അഭിഷേകം ചെയ്തിരുന്നത്. പുതിയനിയമത്തിൽ ജഡത്തിൽ വന്നവൻ ഇതെല്ലാമായതുകൊണ്ടും, വിശേഷാൽ മനുഷ്യൻ മാത്രമായതുകൊണ്ടുമാണ് അവനെ ദൈവം പരിശുദ്ധാത്മാവുകൊണ്ടും ശക്തികൊണ്ടും അഭിഷേകം ചെയ്തത്. ക്രിസ്തു കന്യകയിൽ ഉല്പാദിതമായതും (മത്താ, 1:20), താൻ അത്ഭുതങ്ങളെ പ്രവർത്തിച്ചതും ദൈവാത്മാവിലാണെന്നും ബൈബിളിലുണ്ട്. (മത്താ, 12:28). പിന്നെയും ക്രിസ്തു ജഡത്തിൽ പൂർണ്ണദൈവമാണെന്നും, ദൈവം ദൈവത്തെയാണ് അഭിഷേകം ചെയ്തതെന്നുമുള്ള അധോലോക ദുരുപദേശം പറയാൻ ആർക്കു കഴിയും?]
20. ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ എന്നു ബൈബിൾ പഠിപ്പിക്കുമ്പോൾ, അല്ല; ദൈവം അവതരിച്ചതാണെന്ന് പറഞ്ഞും പഠിപ്പിച്ചുംകൊണ്ട് സത്യദൈവത്തെ മിഥ്യാമൂർത്തികൾക്ക് സമമാക്കിയത് ത്രിത്വോപദേശമല്ലേ?
[ചോദ്യം വിശദമായി: മിഥ്യാമൂർത്തികളായ തങ്ങളുടെ ദൈവങ്ങൾ അവതരിച്ചുവെന്നത് ജാതികളുടെ സങ്കല്പമാണ്. സത്യദൈവത്തിന് അവതാരമല്ല; വെളിപ്പാട് അഥവാ പ്രത്യക്ഷതയാണ് ഉള്ളത്. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. പുതിയനിയമത്തിൽ ജഡത്തിലുള്ള വരവിനെയും മഹത്വത്തിലുള്ള വരവിനെയും വെളിപ്പാടെന്നാണ് അനേകം പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വിശേഷാൽ ‘ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (1തിമൊ, 3:16) എന്നു അക്ഷരമായി എഴുതിവെച്ചിരിക്കേ അവതാരമെന്നു പറഞ്ഞാൽ ശരിയാകുമോ? സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നപ്പോഴും താൻ സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നുവെന്നല്ലേ ക്രിസ്തു പറഞ്ഞത്. അവതാരത്തിനത് സാദ്ധ്യമോ??? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13; ഒ.നോ: എബ്രാ, 2:14,15). സ്വർഗ്ഗിയപിതാവ് താൻതന്നെയാണെന്ന് ഫിലിപ്പോസിനോടുള്ള ബന്ധത്തിലും യേശു വ്യക്തമാക്കിയില്ലേ??? ഫിലിപ്പോസിൻ്റെ ആവശ്യം എന്തായിരുന്നു: “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” യേശുവിൻ്റെ മറുപടി: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ?” (യോഹ, 14:8,9). അപ്പോൾ യേശു ആരാണ്? പിതാവിൻ്റെ ഭവനത്തിൽ വാസസ്ഥലം ശരിയാക്കിയിട്ട് അവിടേക്ക് കൊണ്ടുപോകുമെന്നല്ലേ യേശു ശിഷ്യന്മാരോട് പറഞ്ഞത്. (14:2,3). സ്വർഗ്ഗത്തിൽ ദൂതന്മാർക്ക് ദൃശ്യനായ ഒരു പിതാവുണ്ട്. (യെശ, 6:1-5; മത്താ, 18:11). സ്വർഗ്ഗീയപിതാവ് യേശുവിൽനിന്ന് വ്യത്യസ്തനായ മറ്റൊരു വ്യക്തിയാണെങ്കിൽ, പിതാവിനെ കാണണമെന്ന ഫിലിപ്പോസിൻ്റെ ചോദ്യത്തിന് “നീ എന്നെ അറിയുന്നില്ലയോ” എന്നു ചോദിച്ചത് പച്ചക്കള്ളമാവില്ലേ??? Trinity എന്ന പദമോ വിഷയമോ ഇല്ലാത്തതുപോലെ incarnation എന്നൊരു പദവും ബൈബിളിലില്ല. ത്രിത്വമെന്ന ഒരു കള്ളം സ്ഥാപിക്കാൻ ഒരുപാട് കള്ളങ്ങൾ കൂട്ടിച്ചേർക്കേണ്ടി വരുമല്ലേ? “ഒരു കള്ളം നൂറുപ്രാവശ്യം ആവർത്തിച്ച് പറഞ്ഞാൽ; കേൾക്കുന്നവർ അത് സത്യമാണെന്നു വിശ്വസിച്ചുകൊള്ളും” എന്നുപറഞ്ഞ ഹിറ്റ്ലറുടെ തന്ത്രം നിങ്ങളുടേതിനേക്കാൾ എത്രയോ ഭേദമാണ്?]
21. നിത്യപിതാവെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവനെ നിത്യപുത്രനെന്നു വിളിച്ച് അവഹേളിക്കാൻ നിങ്ങൾക്ക് ആരാണധികാരം തന്നത്?
[ചോദ്യം വിശദമായി: യേശു നിത്യപിതാവാണെന്നു ബൈബിൾ പറയുമ്പോൾ; അല്ല, ദൈവത്തോടൊപ്പമുള്ള നിത്യപുത്രനാണെന്നു ത്രിത്വം പഠിപ്പിക്കുന്നു. ജഡത്തിൽ വന്നവൻ ‘നിത്യപിതാവെന്ന് വിളിക്കപ്പെടും’ എന്നു ത്രിത്വക്കാർ ബൈബിളിൽ വായിച്ചിട്ടില്ലേ? പുത്രനെ നിത്യപുത്രനെന്ന് വിളിക്കപ്പെടുമെന്ന പ്രവചനമോ, വിളിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ? നിത്യപുത്രനെന്നു ത്രിത്വം പഠിപ്പിക്കുന്നവനെ നിത്യപിതാവെന്നു പരിശുദ്ധാത്മാവ് വിളിക്കുമ്പോൾ ആരാണ് നുണ പറയുന്നത്; ത്രിത്വക്കാരോ പരിശുദ്ധാത്മാവോ? യെശയ്യാവ് 9:6-ലെ ‘നിത്യപിതാവിനെ’ ത്രിത്വം എങ്ങനെ വ്യാഖ്യാനിക്കും: ഇപ്പോൾ നിത്യപുത്രനാണ്; വളർന്ന് വലുതാകുമ്പോൾ നിത്യപിതാവാകുമെന്നോ? നിത്യപിതാവെന്നു ബൈബിളിൽ ആകെ ഒരു പ്രയോഗമാണുള്ളത്. അത് ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ച് അഥവാ ജഡത്തിൽ വെളിപ്പെട്ടവനെക്കുറിച്ച് മാത്രമാണ്. യേശു ആദിയും അന്തവുമാണെന്ന വാക്യം കൊണ്ടുവരണ്ട; യേശുവെന്നത് സംജ്ഞാനാമമാണ്. പുത്രനെന്ന സ്ഥാനം നിത്യമാണെന്നതിന് ബൈബിളിൽ ഒരു തെളിവുമില്ലെന്നാണ് പറഞ്ഞത്. യേശു ഇന്നലെയും ഇന്നും എന്നേക്കും ഒരാൾ തന്നെയാണ്. (എബ്രാ, 13:8). സൃഷ്ടിതാവും രക്ഷിതാവും പരിപാലകനും എന്നയർത്ഥത്തിൽ പിതാവെന്ന സ്ഥാനം മാത്രമാണ് നിത്യമായിട്ടുള്ളത്. അത് ജഡത്തിൽ വെളിപ്പെട്ടവന് മാത്രമാണ് നല്കിയിട്ടുള്ളതെങ്കിൽ അവനാണ് സകലത്തിൻ്റെ സ്രഷ്ടാവായ നിത്യപിതാവ്. പിന്നെങ്ങനെ യേശുവിനെ നിത്യപുത്രനെന്നു വിളിക്കും??? “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14).]
22. ബൈബിൾ പ്രകാരം ക്രിസ്തു എട്ടുപേരുടെ പുത്രനാണ്. ഇവരിൽ ദൈവമൊഴികെ മറ്റേഴുപേരും നശ്വരരായിരിക്കേ ക്രിസ്തു എങ്ങനെ അനശ്വരപുത്രൻ അഥവാ നിത്യപുത്രനാകും?
[ചോദ്യം വിശദമായി: ബൈബിളിൽ ക്രിസ്തു എട്ടുപേരുടെ പുത്രനാണെന്നു എഴുതിയിട്ടുണ്ട്: ദൈവപുത്രൻ (മത്താ, 4:3), മനുഷ്യപുത്രൻ (മത്താ, 8:20), മറിയയുടെ പുത്രൻ (മർക്കൊ, 6:3), യോസേഫിൻ്റെ പുത്രൻ (യോഹ, 1:45), അബ്രാഹാമിൻ്റെ പുത്രൻ (ഉല്പ, 22:18; ഗലാ, 3:16), യിസ്ഹാക്കിൻ്റെ പുത്രൻ (ഉല്പ, 26:5), യാക്കോബിൻ്റെ പുത്രൻ (ഉല്പ, 28:14), ദാവീദിൻ്റെ പുത്രൻ (2തിമൊ, 2:8). ഈ എട്ടുപേരിൽ ഏഴുപേരും നശ്വരരായിരിക്കേ ഇവരുടെ പുത്രനെന്നു ബൈബിൾ വിശേഷിപ്പിക്കുന്നവൻ എങ്ങനെ നിത്യപുത്രനാകും? ക്രിസ്തു ദൈവത്തിൻ്റെ മാത്രം പുത്രനാണ് മറ്റാരുടേയും പുത്രനല്ലെന്ന് പറയാൻ കഴിയുമോ? അല്ലെങ്കിൽ, ദൈവത്തിൻ്റെ സാക്ഷാൽ പുത്രനും മറ്റെതൊക്കെ സ്ഥാനമാണെന്നും പറയുമോ? ‘ദൈവപുത്രൻ’ എന്നേതർത്ഥത്തിൽ പറഞ്ഞിരിക്കുന്നുവോ, അതേ അർത്ഥത്തിൽ തന്നെയാണ് ‘മനുഷ്യപുത്രൻ’ എന്നും പറഞ്ഞിരിക്കൂന്നത്. ക്രിസ്തു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് ദൈവപുത്രനെന്നല്ല; മനുഷ്യപുത്രനെന്നാണ്. ഏതാണ്ട് തൊണ്ണൂറോളം പ്രാവശ്യം മനുഷ്യപുത്രനെന്ന പ്രയോഗമുണ്ട്. ‘യേശു’ എന്നതു മാത്രമാണ് സംജ്ഞാനാമം. ബാക്കിയുള്ള ദൈവപുത്രൻ, മനുഷ്യപുത്രൻ, പുത്രൻ, ക്രിസ്തു, വചനം, ഏകജാതൻ, ആദ്യജാതൻ വഴി, വാതിൽ, പാറ, മുന്തിരിവള്ളി, മൂലക്കല്ല് തുടങ്ങിയവയെല്ലാം സ്ഥാനനാമങ്ങളാണ്. മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതുകൊണ്ട് സർവ്വശക്തനായ യഹോവ തന്നെയല്ലേ യേശുവെന്ന നാമത്തിലും പുത്രനെന്ന സ്ഥാനത്തിലും മനുഷ്യനായി വെളിപ്പെട്ട് മനുഷ്യൻ്റെ പാപവും വഹിച്ചുകൊണ്ട് മരിച്ച് ഉയിർത്തെഴുന്നേറ്റത്? ഇതല്ലേ ബൈബിൾ പഠിപ്പിക്കുന്ന പുത്രത്വം? സാക്ഷാൽ ദൈവം പുർണ്ണമനുഷ്യൻ മാത്രമായി ജഡത്തിൽ വന്നതുകൊണ്ടാണ് ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും ഒരുപോലെ വിളിക്കുന്ന്. ദൈവത്തിൻ്റെ പുത്രത്വമാണ് മനുഷ്യർക്ക് രക്ഷ നല്കിയത്; അതൊരാളും വിസ്മരിച്ചുകൂടാ. പക്ഷെ, യേശു നിത്യപുത്രനല്ല; നിത്യപിതാവാണ്. ഈ വസ്തുത ആർക്കു നിഷേധിക്കാൻ കഴിയും? യെശ, 9:6; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 2:5,6; 3:15,16; എബ്രാ, 2:14,15]
23. പുത്രനു പിതാവിനോടു സമത്വമാണുള്ളതെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അതിനെന്തു തെളിവാണ് ബൈബിളിലുള്ളത്?
[ചോദ്യം വിശദമായി: പുത്രനു പിതാവിനോട് സമത്വമുണ്ടെന്ന് ത്രിത്വം പറയുന്നു. എന്നാൽ യേശു പറയുന്നതാകട്ടെ; “പരിശുദ്ധാത്മാവ് വലിയവൻ (മത്താ, 12:33); ദൈവം ഒരുവനല്ലാതെ നല്ലവനില്ല (മർക്കൊ, 10:18); പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല (യോഹ, 5:19); ഞാൻ എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നത് (5:30); പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു (8:28); ഞാൻ സ്വയമായി വന്നതല്ല; പിതാവ് എന്നെ അയച്ചതാകുന്നു (8:42); ഞാൻ ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു (12:49); “പിതാവു അരുളിച്ചെയ്തതുപോലെ ഞാൻ സംസാരിക്കുന്നു (12:50); ഞാൻ സ്വയമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല (14:31); എന്റെ പിതാവു എല്ലാവരിലും വലിയവൻ (10:29); പിതാവു എന്നെക്കാൾ വലിയവൻ (14:28); എൻ്റെ പിതാവ് എൻ്റെ ദൈവം” (യോഹ, 20:17) എന്നൊക്കെയാണ്. ഒരു പാസ്റ്റർ ഇതിനെ വ്യാഖ്യാനിച്ചത്; ”ഞങ്ങൾ പാസ്റ്ററമാരെല്ലാം തുല്യരാണ്; എങ്കിലും മറ്റൊരാളെക്കുറിച്ച് പറയുമ്പോൾ തന്നേക്കാൾ വലിയവനെന്നേ പറയു.” നല്ല വ്യാഖ്യാനമാണ്: പാസ്റ്ററന്മാർ തമ്മിൽത്തമ്മിൽ പിതാവേ, പുത്രാ എന്നൊക്കെ വിളിച്ച് ഭയങ്കര ബഹുമാനമല്ലേ??? ഒരാളെ വലിച്ചു താഴെയിട്ടിട്ട് ആ സ്ഥാനം എങ്ങനെ കൈക്കലാക്കാമെന്ന് നോക്കിനടക്കുന്നവരാണ് പരസ്പര ബഹുമാനത്തെക്കുറിച്ച് പറയുന്നത്. കളിക്കുടുക്കയും ബാലരമയും ഒന്നുമല്ലയിത്; ബൈബിളാണ്. നിങ്ങളുടെ വ്യാഖ്യാനം കയ്യിൽ വെച്ചാൽമതി. പുത്രനെന്ന പദവിതന്നെ പിതാവിനോട് വിധേയത്വമുള്ളവൻ എന്നതാണ്. മരണംവരെ താൻ പിതാവിനു വിധേയപ്പെട്ടാണ് ജീവിച്ചതും. ഫിലിപ്പിയരിൽ പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവസമാനത താൻ മുറുകെ പിടിച്ചില്ലെന്നാണ്. സാക്ഷാൽ ദൈവമായിരുന്നവൻ തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി മരണത്തോളം താഴ്ച അനുഭവിച്ചതിനെക്കുറിച്ചാണ്. പിന്നെ സമത്വമുണ്ടെന്ന് പറയുന്നതെവിടെയാണ്??? പിതാവായ ദൈവമല്ല പുത്രനെന്ന സ്ഥാനത്തിൽ മനുഷ്യനായി വെളിപ്പെട്ടതെങ്കിൽ, യഹോവസാക്ഷികൾ പഠിപ്പിക്കുമ്പോലെ പുത്രൻ ദൈവസൃഷ്ടിയായ ഒരു കുട്ടിദൈവമാണെന്ന് ത്രിത്വവും പഠിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞങ്ങൾക്ക് മൂന്നു ദൈവങ്ങളുണ്ടെന്ന് സമ്മതിക്കുക. (പുത്രൻ പിതാവിനോട് സമനാണെന്ന് തെളിയിക്കാൻ പുസ്തകമെഴുതിയ ഒരു പണ്ഡിതൻ ഒടുവിൽ, മൂന്ന് ദൈവമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. ഒടുവിൽ അതേ നടക്കൂ!)]
24. ത്രിത്വത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്നു വ്യത്യസ്ത വ്യക്തികളാണല്ലോ ഉള്ളത്. അതിൽ ആകാശവും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കണ്ടിട്ടില്ലാത്തതുമായ ദൈവം ആരാണ്? അല്ലെങ്കിൽ, ആ ദൈവവ്യക്തി ആരാണ്?
[ചോദ്യം വിശദമായി: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.” (യോഹ, 1:18; 1യോഹ, 4:12). ത്രിത്വത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളാണുള്ളത്. എന്നാൽ ബൈബിളിലെ ദൈവത്തിൻ്റെ സാക്ഷാൽ സ്വരുപം; ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്നതും ആരും ഒരുനാളും കണ്ടിട്ടില്ലാത്തതുമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന സ്ഥാനങ്ങൾക്ക് വ്യത്യസ്തമായ വ്യക്തിത്വം കല്പിച്ചവർ, ആരും ഒരുനാളും കണ്ടിട്ടില്ലാത്ത കാരണത്താൽ ദൈവത്തിൻ്റെ സാക്ഷാൽ സ്വരൂപത്തിന് വ്യക്തിത്വമില്ലെന്ന് പറയില്ലല്ലോ? സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ അനേകർ കണ്ടിട്ടുണ്ട്; പുത്രനെയും അനേകായിരങ്ങൾ കണ്ടിട്ടുണ്ട്. പരിശുദ്ധാത്മാവിനെ ആരും കണ്ടിട്ടില്ല. എങ്കിലും, പരിശുദ്ധാത്മാവാണ് സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവമെന്നു പറയാൻ കഴിയില്ല. “ആത്മാവ് വന്നിട്ടില്ലായിരുന്നു, ആത്മാവിനെ അയക്കും, ആത്മാവ് വരും, ആത്മാവു വന്നു” എന്നിത്യാദി പ്രയോഗങ്ങൾ സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. മാത്രമല്ല, ആകാശവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ഈ ദൈവം യഹോവയാണെന്നും ബൈബിൾ പറയുന്നു. (യിരെ, 23:23,24). യഹോവയും പരിശുദ്ധാത്മാവും ഒന്നാണെന്നു ത്രിത്വമെന്തായാലും പറയില്ല; പറഞ്ഞാൽ പണി പിന്നെയും പാളും. മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായ മൂന്നു പുരുഷന്മാർ പിതാവും പുത്രനും പരിശുദ്ധാത്മാവുമാണെന്നും ത്രിത്വം പഠിപ്പിക്കുന്നുണ്ട്. അതൂകൂടി പരിഗണിച്ചാൽ; അബ്രാഹാമും, സാറയും, ദാസിദാസന്മാരുൾപ്പെടെ അനേകംപേർ ത്രിത്വത്തിലെ മൂന്നു വ്യക്തികളേയും കണ്ടിട്ടുണ്ട്. എൻ്റെ ചോദ്യം: ആരുമൊരുനാളും കാണാത്ത ദൈവമാരാണെന്നാണ്??? ഒന്നെങ്കിൽ; ആരുമൊരുനാളും കണ്ടിട്ടില്ലാത്ത യഹോവ തന്നെയാണ് പിതാവെന്ന പദവിയിൽ പ്രത്യക്ഷനായി സിംഹാസനത്തിൽ ഇരിക്കുന്നതും, പുത്രനെന്ന അഭിധാനത്തിൽ ജഡത്തിൽ വെളിപ്പെട്ടതും, പരിശുദ്ധാത്മാവെന്ന സ്ഥാനത്തിൽ വിശ്വാസികളുടെ ഉള്ളിൽ വസിക്കുന്നതെന്നും വിശ്വസിക്കണം. അല്ലെങ്കിൽ, ദൈവത്തിൽ മൂന്നല്ല; നാലു വ്യക്തികളുണ്ടെന്നു സമ്മതിക്കണം. രണ്ടായാലും ബൈബിളിലില്ലാത്ത ത്രിത്വവിശ്വാസം തകരുകതന്നെചെയ്യും?]
25. അസ്തിത്വദ്യോതകമാണ് പേര്. പേരുകൂടാതെ ഒന്നും ലോകത്തിൽ നിലനില്ക്കുന്നില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് പറയുന്നവർ മൂന്നു വ്യക്തികളുടേയും പേര് പുതിയനിയമത്തിൽ നിന്ന് കാണിച്ചുതരാമോ?
[ചോദ്യം വിശദമായി: പേര് കൂടാതെ ഒരു വ്യക്തിയോ, വസ്തുവോ ഈ ലോകത്തുണ്ടെന്ന് പറയാൻ കഴിയില്ല. പേര് അഥവാ സംജ്ഞാനാമവും സ്ഥാനനാമവും തമ്മിൽ വ്യത്യാസമുണ്ട്. പേരെന്നാൽ; ഒരു വസ്തുവിനേയോ, വ്യക്തിയേയോ തിരിച്ചറിയാനുള്ള ഉപാധിയാണ്. സ്ഥാനപ്പേരെന്നാൽ; ഒരു വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ സ്ഥാനം തിരിച്ചറിയാനുള്ള ഉപാധിയാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സംജ്ഞാനാമമല്ല; സ്ഥാനനാമമാണ്. എന്നാൽ ഇവർ മൂന്നു വ്യത്യസ്ത വ്യക്തികളാണെങ്കിൽ നിശ്ചയമായും ഇവർക്കോരോ പേരുണ്ടാവണം. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പ്രയോഗം പഴയനിയമത്തിലല്ല; പുതിയനിയമത്തിലാണുള്ളത്. ഇതിൽ പുത്രൻ്റെ പേര്, ‘ദൈവപുത്രനായ യേശു’ (മർക്കൊ, 1:1; 2കൊരി, 1:19; എബ്രാ, 4:14) എന്നു ആവർത്തിച്ചുണ്ട്. പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും പേരെന്താണ്? പിതാവിനും പരിശുദ്ധാത്മാവിനും ഒരു പേർപറയാത്തത് അവർ പുത്രനിൽനിന്ന് വ്യത്യസ്തരല്ലാത്തതുകൊണ്ടല്ലേ? പിതാവിൻ്റെ നാമംതന്നെയാണ് പുത്രൻ്റെ നാമം: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു” (യോഹ, 5:43), “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു” (യോഹ, 10:45); “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” (യോഹ, 12:28). ആകാശത്തിനും ഭൂമിയിലും യേശുവെന്ന നാമമല്ലാതെ മറ്റൊരു നാമവുമില്ല. (പ്രവൃ, 4:12). വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊ, 3:17) എന്ന കല്പനയുമുണ്ട്. പരിശുദ്ധാത്മാവിനും ഒരു പേർ പറഞ്ഞിട്ടില്ല. Holly Spirit ഒരു പേരല്ല; സ്ഥാനപ്പേരാണ്. പഴയനിയമത്തിൽ ഒരു മനുഷ്യനെ Holly Man എന്നു പറഞ്ഞിട്ടുണ്ട്; ആ മനുഷ്യന് ‘എലീശ’ എന്ന കൃത്യമായ ഒരു പേരുമുണ്ട്. അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പേരെന്താണ്? ആത്മാവ് ഒരു വസ്തുവാണെന്നു പറഞ്ഞാൽപ്പോലും പേരുവേണം? അപ്പോൾ ദൈവത്തിൽനിന്നു വ്യത്യസ്തനായ വ്യക്തിയാണെങ്കിൽ പേർ വേണ്ടേ? അല്ലെങ്കിൽ, യഹോവ തന്നെയാണ് യേശുവെന്നും ആ ഏകദൈവത്തിൻ്റെ മൂന്നു പദവികളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നും മനസ്സോടെ അംഗീകരിക്കണം. അസ്തിത്വമുള്ള എന്തിൻ്റെയെങ്കിലും കൂടെ മാത്രമേ പേരിനു നിലനില്ക്കാൻ കഴിയൂ. ഒരു ചുഴലിക്കാറ്റു വന്നാലും കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ് എന്നിങ്ങനെ രണ്ടുപേരുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങളുൾപ്പെടെ തൻ്റെ സൃഷ്ടികൾക്കെല്ലാം പേരിട്ടവനുമായ ദൈവം മൂന്നു വ്യത്യസ്ത വ്യക്തികളായിരിക്കുകയും, അതിൽ ഒരു വ്യക്തിക്കു മാത്രമേ പുതിയനിയമത്തിൽ പേരുള്ളു എന്നുപറയുകയും ചെയ്താൽ ശരിയാകുമോ? അതിനർത്ഥം ത്രിത്വം വ്യാജോപദേശമാണെന്നല്ലേ?]
26. ജനനം കൂടാതെ ജീവനില്ല; ജന്മം നല്കാൻ ഒരപ്പൻ മതി. ആത്മഗോളത്തിൽ ത്രിത്വക്കാരുടെ അപ്പനാരാണെന്നു ചോദിച്ചാൽ ആരുടെ പേരുപറയും?
[ചോദ്യം വിശദമായി: ഭൗതിക ജീവനായാലും ആത്മീയ ജീവനായാലും ജനനത്തിലൂടെയാണ് ലഭിക്കുന്നത്. ഭൗതിക ലോകത്തിലായാലും ആത്മലോകത്തായാലും ജന്മംനല്കാൻ ഒരപ്പൻ മതി. പൂർവ്വപിതാക്കന്മാർക്കു സർവ്വശക്തിയുള്ള ദൈവമായി പ്രത്യക്ഷനായവനും മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ വെളിപ്പെട്ടവനും കാലസമ്പൂർണ്ണതയിൽ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവനും ഒരാൾതന്നെ ആയതുകൊണ്ട്; റോയി ആൻഡ്രൂസ് എന്ന എൻ്റെ അപ്പൻ്റെ പേര് ‘യേശുക്രിസ്തു’ എന്നു ഞാൻ ധൈര്യമായി പറയും. നിങ്ങൾക്ക് ദൈവം മൂന്ന് വ്യത്യസ്ത വ്യക്തികളാണ്. ഒരാളുടെ പേര് പറയാനും കഴിയില്ല; മൂന്നുപേരുടേയും പേര് അറിയത്തുമില്ല. പിന്നെന്തുചെയ്യും? ആരുടെ പേർ പറയും???]
27. പണ്ഡിതന്മാർ പറയുന്നത്; “ത്രിത്വം എന്ന വിഷയം അത്യന്തം സങ്കീർണ്ണമായ ഒരു മർമ്മം ആണ്. മനുഷ്യബുദ്ധിക്കു അത് വ്യക്തമായി വിശകലനം ചെയ്യുവാൻ സാധിക്കയില്ല.” ഇതല്ലേ നിങ്ങളുടെ ത്രിത്വോപദേശം?
[ചോദ്യം വിശദമായി: പണ്ഡിതന്മാർ ത്രിത്വപഠന ക്ലാസിൻ്റെ ആമുഖമായിട്ട് പറയുന്നതാണിത്. ത്രിത്വം പഠിപ്പിക്കുന്ന എല്ലാവരും ഇത് പറയാറുണ്ട്. ചിലർ മാർട്ടിൻ ലൂഥറിൻ്റെ ഒരു കഥ പറയാറുണ്ട്: “സെൻ്റ് അഗസ്റ്റിൻ ഒരിക്കൽ ത്രിത്വത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് കടൽക്കരയിക്കൂടി നടക്കുമ്പോൾ, രണ്ടു കുട്ടികൾ കടൽത്തീരത്ത് കുഴികുത്തി കക്കയുടെ തോടുകൊണ്ട് കടൽവെള്ളം കോരി കുഴികളിൽ ഒഴിക്കുന്നത് കാണുവാനിടയായി. അഗസ്റ്റിൻ അടുത്തുചെന്ന് ‘നിങ്ങൾ എന്താണീ ചെയ്യുന്നതെന്നു’ കുട്ടികളോട് ചോദിച്ചു. ‘ഞങ്ങൾ കടലിലെ വെള്ളമെല്ലാം വറ്റിക്കുകയാണന്നു’ കുട്ടികൾ പറഞ്ഞു. കഥയിലെ തുടർന്നുള്ള ഭാഗങ്ങൾ പലതരത്തിൽ കേട്ടിട്ടുണ്ട്. ചിലർ പറയുന്നത്: “അഗസ്റ്റിനു അപ്പോഴാണ് തൻ്റെ തെറ്റ് മനസ്സിലായത്. താനും ഈ കുട്ടികളെപ്പോലെയാണല്ലോ, മനുഷ്യർക്ക് സാദ്ധ്യമല്ലാത്ത ദൈവത്തിൻ്റെ ത്രിത്വമെന്ന മഹാകാര്യം തൻ്റെ ചെറിയ തലച്ചോറിൽ കൊള്ളിക്കാൻ ശ്രമിച്ചതോർത്ത് താൻ ദുഃഖിച്ചത്രേ.” വേറെ ചിലർ: “ആ കുട്ടികൾ അഗസ്റ്റിനു സദ്ബുദ്ധി ഉപദേശിക്കാൻ സ്വർഗ്ഗത്തിൽനിന്നു വന്ന ദൂതന്മാരായിരുന്നു. അഗസ്റ്റിൻ കുട്ടികളുമായി സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾത്തന്നെ അവർ മഹാമേരുപോലെ വലുതാകുകയും, ദൈവത്തിൻ്റെ ത്രിത്വത്തെക്കുറിച്ചാണോ നീ ചിന്തിക്കുന്നതെന്നു ചോദിച്ച് അഗസ്റ്റിനെ ശാസിച്ചത്രേ.” എന്തായാലും ഒരുകാര്യം സത്യമാണ്; പണ്ഡിതന്മാർക്കൊക്കെ അറിയാം: ബൈബിളിലില്ലാത്ത ത്രിത്വം വസ്തുനിഷ്ഠമായി സ്ഥാപിക്കുവാനും, വിശ്വാസികളെ പഠിപ്പിച്ചു മനസ്സിലാക്കുവാനും തങ്ങൾക്ക് കഴിയില്ല അതിനുള്ള മുൻകൂർ ജാമ്യമാണ് മർമ്മവും, അഗസ്റ്റിനും. എന്താണ് മർമ്മമെന്നാണ് ബൈബിൾ പറയുന്നത്: പൂർവ്വകാലങ്ങളിൽ മറഞ്ഞുകിടന്നതും പുതിയനിയമത്തിൽ ദൈവത്തിന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നതുമാണ് മർമ്മം. (റോമ, 16:24; എഫെ, 3:5; കൊലൊ, 1:26). ഒരു രഹസ്യം അഥവാ മർമ്മം വെളിപ്പെട്ടു കഴിഞ്ഞാൽ എങ്ങനെ മർമ്മമായിരിക്കും. വെളിപ്പെടുന്നതിനു മുമ്പായിരുന്നു രഹസ്യം വെളിപ്പെട്ടുകഴിഞ്ഞാൽ അത് പരസ്യമായി. പഴയനിയമത്തിൽ ദൈവത്തിനു മക്കളില്ല; യിസ്രായേൽ ദാസനായിരുന്നു. പുതിയനിയമ വിശ്വാസികൾ മക്കളാണ്. ദാസന്മാരോട് യജമാനൻ എല്ലാം വെളിപ്പെടുത്തില്ല; മക്കളോട് സകലവും വെളിപ്പെടുത്തും. ദൈവമക്കളെന്നാണ് ഓരോരുത്തരും തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. “എൻ്റെ അപ്പൻ എനിക്കൊരു മർമ്മമാണെങ്കിൽ ഞാനൊരു ജാരസന്തതിയെന്നേ വരൂ.” ബൈബിൾ സ്ഫടികസ്ഫുടം വെളിപ്പെടുത്തുന്ന ദൈവത്തെക്കുറിച്ച് മർമ്മമെന്നല്ല; സങ്കീർണ്ണമായ മർമ്മമെന്നുമല്ല; അത്യന്തം സങ്കീർണ്ണമായ മർമ്മമെന്നു പറയുന്നവർ ദൈവമക്കളെന്ന പേരിനു യോഗ്യരോ? ദൈവം സകലവും വെളിപ്പെടുത്തിയിട്ടും ത്രിത്വം ആർക്കും മനസ്സിലാകാത്തതെന്താ? അങ്ങനെയൊന്ന് ബൈബിളിൽ ഇല്ല, അത്രതന്നെ]
28. യഹോവയാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന സ്ഥാനത്തിലും ജഡത്തിൽ വെളിപ്പെട്ടതെന്ന് ബൈബിൾ പറയുമ്പോൾ; യഹോവയുടെ കൂടെയുള്ള നിത്യപുത്രനാണ് വന്നതെന്ന് ത്രിത്വം പറയുന്നു. അങ്ങനെയെങ്കിൽ ഹോശേയ 2:16-ഉം 2കൊരിന്ത്യർ 11:2-ഉം നിങ്ങൾ എങ്ങനെ വ്യാഖ്യാനിക്കും?
[ചോദ്യം വിശദമായി: ഹോശേയ 2:16 പ്രകാരം യഹോവയും യിസ്രായേലും തമ്മിൽ ഇപ്പോൾ ഉടയവനും ദാസനും എന്ന ബന്ധമേയുള്ളു. എന്നാൽ വരുവാനുള്ള കാലത്തിൽ ആ ബന്ധം ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാര്യഭർതൃ ബന്ധമായിമാറും. അഥവാ, യഹോവ വിവാഹം കഴിക്കാൻ കണ്ടുവെച്ചിരിക്കുന്ന നിർമ്മല കന്യകയാണ് യിസ്രായേൽ: “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.” ഇനി ത്രിത്വക്കാരുടെ ഭാഷയിൽ പറഞ്ഞാൽ: കുറേക്കാലം കഴിഞ്ഞിട്ട് യഹോവ തൻ്റെ പുത്രനെ ഭൂമിയിലേക്കയച്ചു. പുത്രൻ വന്ന് യിസ്രായേലെന്ന നിർമ്മല കന്യകയെ കണ്ട് ഇഷ്ടപ്പെട്ടിട്ട് അവളെ വിവാഹനിശ്ചയം ചെയ്തിട്ട് സ്വർഗ്ഗേ കരേറിപ്പോയി: “ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.” (2കൊരി, 11:2). ഇനി എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽവെച്ച് പുത്രനുമായുള്ള വിവാഹവും നടക്കും. (വെളി, 19:7). എന്തായിപ്പോ സംഭവിച്ചത്? അപ്പൻ വിവാഹം കഴിക്കാൻ കണ്ടുവെച്ചിരുന്ന കന്യകയുമായാണ് മകൻ്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ഭൂമിയിലെ ദുഷ്ടരായ മനുഷ്യർപോലും ചെയ്യാത്ത കാര്യങ്ങളാണ് ത്രിത്വോപദേശപ്രകാരം പുത്രൻ ചെയ്തിരിക്കുന്നത്. ഇതാണോ നിങ്ങളുടെ അതിവിശുദ്ധ വിശ്വാസം??? (നിശ്ചയം, വിവാഹം, ഭാര്യ, ഭർത്താവ് എന്നതൊക്കെ പ്രതീകാത്മകമാണ്) എങ്കിലും ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും വേണ്ടേ???]
29. പഴയനിയമത്തിൽ യിസ്രായേലിൻ്റെ ഭർത്താവായി യഹോവയെ പറഞ്ഞിട്ടുണ്ട്; പുതിയനിയമത്തിൽ സഭയുടെ ഭർത്താവായി ക്രിസ്തുവിനെയും. ത്രിത്വത്തിനു യഹോവയുടെ നിത്യപുത്രനാണ് ക്രിസ്തു. പ്രതീകാത്മകമെങ്കിലും പിതാവിൻ്റെ ഭാര്യയെ പുത്രൻ്റെ ഭാര്യയെന്നു പറയാമോ? മ്ലേച്ഛതയുടെ മാതാവോ ത്രിത്വം?
[ചോദ്യം വിശദമായി: പഴയനിയമത്തിൽ യഹോവ യിസ്രായേലിൻ്റെ ഭർത്താവാണ്: “നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭർത്താവു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടെടുപ്പുകാരൻ; സർവ്വഭൂമിയുടെയും ദൈവം എന്നു അവൻ വിളിക്കപ്പെടുന്നു.” (യെശ, 54:5. ഒ.നോ: യിരെ, 3:14, 20; 31:32). ക്രിസ്തുവും സഭയുമായുള്ള ബന്ധം ഏഴ് പ്രതിബിബങ്ങളിലൂടെയാണ് പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്നത്. അതിലൊന്നാണ് ‘മണവാളനും മണവാട്ടിയും’ (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9). ത്രിത്വോപദേശപ്രകാരം യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളും; യഹോവയുടെ നിത്യപുത്രനുമാണ് ക്രിസ്തു. എന്നാൽ ബൈബിൾ പറയുന്നത്; യഹോവ മനുഷ്യനായി മണ്ണിൽ വെളിപ്പെട്ടപ്പോൾ എടുത്ത സംജ്ഞാനാമമാണ് യേശു,(മത്താ, 1:21) സ്ഥാനമാണ് പുത്രൻ. (ലൂക്കൊ, 1:32. ഒ.നോ: മത്താ, 3:3 – യെശ, 40:3; മത്താ, 11:10 – മലാ, 3:1). അപ്പൻ്റെ രാജ്യത്തെ മകൻ്റെ രാജ്യമെന്നു പറയാം; അപ്പൻ്റെ അധികാരത്തെ മകൻ്റെ അധികാരമെന്നും; അപ്പൻ്റെ ജനത്തെ മകൻ്റെ ജനമെന്നും; അപ്പൻ്റെ ദാസന്മാരെ മകൻ്റെ ദാസന്മാരെന്നും; അപ്പൻ്റെ സഭയെ മകൻ്റെ സഭയെന്നും പറയാം; പക്ഷെ, അപ്പൻ്റെ ഭാര്യയെ മകൻ്റെ ഭാര്യയെന്നു എങ്ങനെ പറയാൻ കഴിയും? ത്രിത്വം അതല്ലേ പറയുന്നത്, പഠിപ്പിക്കുന്നത്??? എന്നാൽ, യഹോവയാണ് മനുഷ്യനായി വന്നതെങ്കിൽ രണ്ട് പ്രയോഗങ്ങളും ശരിയല്ലേ? ദൈവം മൂന്ന് വ്യത്യസ്ത വ്യക്തികളാണെന്ന ഉപദേശം സാത്താന്യമാണെന്നതിന് ഇതിൽക്കൂടുതൽ തെളിവുവേണോ??? സഹോദരന്മാരെ ഇത് ദൈവത്തിൻ്റെ വചനമാണ്; ഈ വചനപ്രകാരമാണ് ക്രിസ്തുവിൻ്റെ ന്യായവിധി വരുന്നത്. (റോമ, 2:16). മനുഷ്യരുടെ രഹസ്യങ്ങളെപ്പോലും ന്യായംവിധിക്കുന്ന ദൈവം; തൻ്റെ വചനം മറിച്ചുകളഞ്ഞാൽ വെറുതേ വിടുമോ???]
30. “മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” ദൈവം സമനിത്യരായ മൂന്ന് വ്യത്യസ്ത വ്യക്തികളാണെങ്കിൽ, യഹോവ മാത്രം ഉന്നതനാകുന്നതെങ്ങനെ?
[ചോദ്യം വിശദമായി: “മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.” (യെശ, 2:11, 2:17). ‘യഹോവ മാത്രം (Jehovah alone) അന്നാളിൽ ഉന്നതനായിരിക്കും’ എന്നാണ് പ്രവചനം. ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്ന സഹസ്രാബ്ദ രാജ്യത്തെയാണ് യെശയ്യാവ് അവിടെ കാണുന്നത്. ആദിയുമന്തവും ഇല്ലാത്തവനെയാണ് ദൈവമെന്നു വിളിക്കുന്നത്. അതിനാൽ ഏതുകാലത്തെക്കുറിച്ചുള്ള പ്രവചനമാണെന്നു നോക്കേണ്ടതില്ല. ഏതെങ്കിലുമൊരു കാലത്തിൽ യഹോവ മാത്രമാണ് ഉന്നതനെന്നു എഴുതിയിട്ടുണ്ടെങ്കിൽ, അവനൊരുത്തൻ മാത്രമേ സ്വർഗ്ഗത്തിലും ഭൂമിയിലും ഉന്നത ദൈവമായുള്ളു. യഹോവയോട് പങ്കുപറ്റാൻ വ്യത്യസ്തരായ മറ്റൊരുത്തനും ഇല്ലതന്നെ. യഹോവ തന്നെയാണ് ക്രിസ്തുവും പരിശുദ്ധാത്മാവും. ഒരേയൊരു സത്യദൈവം (the only true God) പിതാവാണെന്നും, ഞാനും പിതാവും ഒന്നാകുന്നു, എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു എന്നു യേശുവും; ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവമേ നമുക്കുള്ളു, ദൈവമോ ഒരുത്തൻ മാത്രം എന്നൊക്കെ അപ്പൊസ്തലന്മാരും പറയുന്നത് കുറിക്കൊള്ളുക. ദൈവത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളെന്ന ത്രിത്വോപദേശം കേവലം ദുരുപദേശമെന്നു പറഞ്ഞാൽ കുറഞ്ഞുപോകും; സാത്താന്യ ഉപദേശമാണ്.]
31. “ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.” ത്രിത്വത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളുണ്ടെങ്കിൽ യഹോവയുടെ നാമം മാത്രം സ്വീകരിച്ചാൽ മതിയാകുമോ?
[ചോദ്യം വിശദമായി: “ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം (Jehovah only), നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.” (യെശ, 26:13). യെഹൂദൻ്റെ ശാശ്വതപാറയായ യഹോവയ്ക്കുള്ള പാട്ടിലാണ് ‘യഹോവയുടെ നാമം മാത്രം ഞങ്ങൾ സ്വീകരിക്കുന്നു’ എന്നവർ പാടുന്നത്. ദൈവത്തിൽ മൂന്നു വ്യത്യസ്ത വ്യക്തികളുണ്ടെങ്കിൽ, അതിൽ രണ്ടുവ്യക്തികളെ തള്ളി ഒരു വ്യക്തിയായ യഹോവയെ മാത്രം സ്വീകരിച്ചാൽ മതിയാകുമോ? ചില ത്രിത്വപണ്ഡിതന്മാർ പറയുന്നത്; ‘മറ്റു രണ്ടു വ്യക്തികളുടെ കാര്യം യഹോവ അവരോടു മറച്ചുവെച്ചിരുന്നു’ എന്നാണ്. യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധമെന്താണെന്നു നിങ്ങൾക്കറിയാമോ? യഹോവ പറയുന്നത് കേൾക്കൂ: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.” (സങ്കീ, 137,5,6). അബ്രാഹാമിനോടു യഹോവ
ചോദിക്കുന്നത്; “ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?” (ഉല്പ, 18:17). ക്രിസ്തുവിലൂടെ സകല ജാതികൾക്കും വരേണ്ട അനുഗ്രഹം പൂർവ്വപിതാക്കന്മാർക്ക് മൂന്നു പേർക്കുമാണ് യഹോവ വെളിപ്പെടുത്തിയത്. (ഉല്പ, 22:18; 26:5; 28:14 <×> ഗലാ, 3:16). ദൈവത്തിൻ്റെ സ്നേഹിതനെന്നു പേർപെട്ട അബ്രാഹാമിനും; ഭൂതലത്തിലെ സകല മനുഷ്യരിലും അതിസൗമ്യനെന്നു യഹോവ സാക്ഷ്യം പറഞ്ഞ മോശെയ്ക്കും; ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവിദിനും; യഹോവ ജ്ഞാനവും വിവേകവും നല്കി ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനും; ദൈവത്തെ പലനിലകളിൽ ദർശിച്ച പ്രവാചകന്മാരും അറിയാത്ത മൂന്നു വ്യക്തികൾ ദൈവത്തിലുണ്ടെങ്കിൽ; യഹോവയ്ക്ക് പഴയനിയമ ഭക്തന്മാരോടുണ്ടായിരുന്ന സ്നേഹം കപടമായിരുന്നു. യഹോവയൊരു നയവഞ്ചകനാണെന്നു പറയേണ്ടിവരും. അതാണ് ത്രിത്വോപദേശത്തിലൂടെ സാത്താൻ ലക്ഷ്യമാക്കുന്നതും.]
32. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്ന വാക്യാംശം അബദ്ധവും ബൈബിൾ പ്രമാദവുമായി മാറില്ലേ?
[ചോദ്യം വിശദമായി: പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിലെ മൂന്നു വ്യത്യസ്ത വ്യക്തികളാണെന്ന ത്രിത്വവാദം ശരിയാകണമെങ്കിൽ മത്തായി 28:19-ലെ മേല്പറഞ്ഞ വാക്യാംശം തെറ്റായി മാറണം. എന്നാൽ ബൈബിൾ അപ്രമാദമാകയാൽ നിങ്ങളുടെ ഉപദേശമാണ് പ്രമാദമെന്നു തീർച്ച. തെളിവുതരാം: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നെഴുതിയാൽ ആ വാക്യാംശം ശരിയാകുമോ? ഇല്ല; വ്യാകരണ നിയമപ്രകാരം തെറ്റായിരിക്കും. കാരണം: അവർ മൂന്നു വ്യത്യസ്ത വ്യക്തികളാണ്; മൂന്നു വ്യത്യസ്ത വ്യക്തികളെ ചേർത്ത് പറയുമ്പോൾ നാമം എന്ന ഏകവചനമല്ല നാമങ്ങൾ എന്ന ബഹുവചനമാണ് വേണ്ടത്. വേറൊന്ന്; 14-ാം മന്ത്രിസഭയിലെ ‘മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം’ എന്നെഴുതിയാൽ അതിൻ്റെ വ്യാകരണം കൃത്യമാണ്. കാരണം; ഈ മൂന്നു സ്ഥാനങ്ങളും വഹിക്കുന്നത് പിണറായി വിജയനെന്ന ഏകവ്യക്തിയും ഏകമനുഷ്യനുമാണ്. ലോകത്തിലെ എല്ലാ ബൈബിൾ പരിഭാഷകളിലും ‘നാമം’ എന്ന എകവചനമാണുള്ളത്. അതിനാൽ പരിഭാഷകളിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കണ്ട. ആ വാക്യാംശം ശരിയായിരിക്കുന്നതിൻ്റെ കാരണംതന്നെ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ മൂന്നു പദവികളും ആ നാമത്തിൻ്റെ ഉടയവൻ യേശുക്രിസ്തു എന്ന ഏകനുമായതുകൊണ്ടാണ്. ബൈബിളിലതിനു ആവോളം തെളിവുണ്ട്. ബൈബിളിലെ ദൈവം ‘ഏകസത്യദൈവം’ (The only true God) ആണെന്നു ഉടനീളം എഴുതിവെച്ചിട്ടും, ബൈബിൾ ഭാഷയിൽ ചോദിച്ചാൽ; “നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ?” പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവത്തിൻ്റെ മൂന്നു സ്ഥാനങ്ങൾ മാത്രമാണെന്നും യഹോവ തന്നെയാണ് യേശുക്രിസ്തുവെന്നും ഹൃദയപൂർവ്വം അംഗീകരിക്കുകയല്ലേ നല്ലത്? ഏകദേശം 1,700 വർഷമായി ത്രിത്വം പഠിപ്പിച്ചിട്ടും പഠിപ്പിക്കുന്നവർക്കും പഠിക്കുന്നവർക്കും ത്രിത്വമൊരു പ്രഹേളികയാണ്. (മർമ്മമെന്ന് പണ്ഡിതന്മാർ). ത്രിത്വക്കാരെ, പരിശുദ്ധാത്മാവിനു പാലംവലിക്കുന്ന പണി നിർത്തിയിട്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവമായ യേശുവിൽ വിശ്വസിച്ചുകൂടെ?]
33. കർത്താവ് അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിലാണ് ക്രിസ്തീയസ്നാനം ഏത് നാമത്തിൽ നല്കണമെന്ന് കല്പിച്ചത്. അവരത് ചെയ്തതെങ്ങനെയാണെന്ന് പ്രവൃത്തികളിലുണ്ട്. എന്നാൽ ത്രിത്വം അപ്പൊസ്തലന്മാരുടെ വാക്കും പ്രവൃത്തിയും മുഖവിലക്കെടുക്കാതെ ക്രൈസ്തവ സ്നാനവും മറിച്ചുകളഞ്ഞില്ലേ?
[ചോദ്യം വിശദമായി: ശിഷ്യന്മാരുടെ ഭാഷയായ അരാമ്യയിലാണ് യേശു അവരോട് സംസാരിച്ചിരുന്നത്. ഉയിർത്തെഴുന്നേറ്റ താൻ മഹാനിയോഗം നല്കുമ്പോൾ ”പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ” സ്നാനം കഴിപ്പിപ്പാനാണ് കല്പിച്ചത്. അവർക്കത് മനസ്സിലായതിൽ ആധികമായി ആർക്കും മനസ്സിലാകില്ല. എന്നിട്ടും അപ്പൊസ്തലന്മാരെ വിശ്വസിക്കാതെ, അവർക്ക് ശേഷംവന്ന സഭാപിതാക്കന്മാരുടെ വാക്കുകളാണ് ത്രിത്വം വിശ്വസിച്ചത്. Ignatius (AD 35-108/140), Irenaeus (AD 130-202), Tertullian (AD 160-220), Hippolytus (AD 170-235) തുടങ്ങിയ സഭാപിതാക്കന്മാർ കർത്താവിൻ്റെ ശിഷ്യന്മാർ എന്തു ചെയ്തുവെന്നു നോക്കാതെ, മത്തായി 28:19 നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. ഞങ്ങൾ അപ്പൊസ്തലിക ഉപദേശവും പാരമ്പര്യവും പിൻപറ്റുന്നവരാണെന്ന് ഓരോ സഭകളും പറയുകയും, അപ്പൊസ്തലന്മാർ ഉപദേശിച്ചതിനും പ്രവർത്തിച്ചതിനും വിപരീതമായി ചെയ്യുന്നതും ന്യായമോ? ദൈവസഭയുടെ സാക്ഷാൽ പിതാക്കന്മാർ അപ്പൊസ്തലന്മാരല്ലേ? അവരുടെ ഉപദേശവും പ്രവൃത്തിയും ക്രിസ്തുവിൻ്റെ കല്പനയ്ക്ക് വിപരീതമായിരുന്നോ? പുതിയനിയമത്തിൽ സുവിശേഷം മാനസാന്തരം, പാപമോചനം, രക്ഷ, പ്രാർത്ഥന, രോഗസൗഖ്യം, നിത്യജീവൻ, തുടങ്ങി സകലകാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. ആദിമസഭയിൽ അപ്പൊസ്തലന്മാരും മറ്റു വിശ്വാസികളും വിളിച്ചപേക്ഷിച്ചിരുന്ന നാമവും യേശുവിൻ്റേതാണ്. യേശുവിൻ്റെ നാമമല്ലാതെ മറ്റൊരു നാമവും ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കിയിട്ടുമില്ല. (പ്രവൃ, 4:12). തൻ്റെ നാമം പിതാവിൻ്റെ നാമമാണെന്നും, പിതാവ് നല്കിയ നാമമാണെന്നും യേശുതന്നെ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവിനെ പിതാവിൻ്റെ ആത്മാവെന്നും പുത്രൻ്റെ ആത്മാവെന്നും അഭിന്നമായിട്ടും വിളിക്കുന്നു. “യേശു, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാനാണ് ശിഷ്യന്മാരോട് പറഞ്ഞത്. ‘പിതാവ് പുത്രൻ പരിശുദ്ധാത്മാവു’ എന്നത് സംജ്ഞാനാമം അല്ല പ്രത്യുത, പദവിനാമം അഥവാ, സ്ഥാനനാമമാണ്. അതായത്, യേശു ശിഷ്യന്മാരോട് കല്പിച്ചത്; ‘പിതാവ് പുത്രൻ പരിശുദ്ധാത്മാവു’ എന്ന മൂന്നു സ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേകനാമത്തിൽ അഥവാ, സംജ്ഞാനാമത്തിൽ സ്നാനം കഴിപ്പിക്കാനാണ്. ആ സംജ്ഞാനാമം എന്താണെന്നറിയാൻ പാരമ്പര്യവും ദൈവശാസ്ത്രവുമല്ല പഠിക്കേണ്ടത്; അപ്പൊസ്തലന്മാർ ഏതുനാമത്തിൽ സ്നാനം കഴിപ്പിച്ചു എന്നു നോക്കണം. അഥവാ, അപ്പൊസ്തല പ്രവൃത്തികൾ വായിച്ചു പഠിക്കണം. അവർ ‘യേശുക്രിസ്തു’ എന്ന ഏകനാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: (2:38; 8:16; 10:48; 19:5; 22:16. ഒ.നോ: റോമ, 6:3; ഗലാ, 3:27; കൊലൊ, 2:12). മറ്റൊന്നുകൂടി ഓർക്കുക: പെന്തക്കൊസ്തു നാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞശേഷമാണ് അവർ സ്നാനം കഴിപ്പിച്ചത്. യേശു കല്പിച്ചതിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ അവരിൽ വസിക്കുന്ന സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:26) അവരെ സമ്മതിക്കുമായിരുന്നോ??? കൂടാതെ, ‘‘വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ’’ (കൊലൊ, 3:17) കല്പനയുമുണ്ട്.” അങ്ങനെയെങ്കിൽ, ക്രിസ്തീയസ്നാനം യഥാർത്ഥത്തിൽ ഏതു നാമത്തിലാണ് അനുഷ്ഠിക്കേണ്ടത്??? ദൈവാത്മാവിനാൽ ജനിച്ച ഓരോരുത്തരും ശോധന ചെയ്യുക. ബൈബിളിലെ മിക്ക കാര്യങ്ങളും ഒരു വ്യാഖ്യാനവും കൂടാതെ, ഒത്തുവാക്യങ്ങളുടെ സഹായത്തോടെ മനസ്സിലാക്കാവുന്നതാണ്. പക്ഷെ, ത്രിത്വപണ്ഡിതന്മാർ ബൈബിളിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പൊട്ടക്കണ്ണന്മാർ ആനയെ കണ്ടപോലായി]
34. യഹോവയുടെ ആത്മാവ് യഹോവയിൽനിന്നു വ്യത്യസ്തനായ മറ്റൊരു വ്യക്തിയാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അപ്പോൾ യേശുവിൻ്റെ ആത്മാവാരാണ്?
[ചോദ്യം വിശദമായി: യഹോവയും യേശുവും പരിശുദ്ധാത്മാവും ദൈവമാണ്. യഹോവയും യേശുവും പരിശുദ്ധാത്മാവും വ്യക്തിയുമാണ്. എന്നാൽ മൂന്നു വ്യത്യസ്ത ദൈവങ്ങളോ, വ്യക്തികളോ ബൈബിളിലില്ല. പക്ഷെ, ത്രിത്വോപദേശപ്രകാരം യഹോവയും യേശുവും പരിശുദ്ധാത്മാവും സാംരാംശത്തിൽ ഒന്നാണെന്നു പറയുമ്പോൾത്തന്നെ, മൂന്നു വ്യത്യസ്ത വ്യക്തികളുമാണ്. അതായത്, യഹോവയും യഹോവയുടെ ആത്മാവായ പരിശുദ്ധാത്മാവും യഹോവയുടെ പുത്രനായ യേശുവുമാണ് ത്രിത്വത്തിലെ മൂന്നു വ്യത്യസ്ത വ്യക്തികൾ. അപ്പോൾ, യേശുവിൻ്റെ ആത്മാവ് (പ്രവൃ, 16:7), ക്രിസ്തുവിൻ്റെ ആത്മാവ് (റോമ, 8:9), യേശുക്രിസ്തുവിന്റെ ആത്മാവ് (ഫിലി, 1:19) എന്നൊക്കെ ബൈബിളിൽ പറഞ്ഞിരിക്കുന്ന ആത്മാവ് ആരാണ്? യഹോവയുടെ ആത്മാവുതന്നെയാണ് യേശുവിൻ്റെ ആത്മാവെന്നു പറയാൻ കഴിയില്ല; പറഞ്ഞാൽ, യഹോവയും യേശുവും ഒരു വ്യക്തിയാണെന്നു സമ്മതിക്കേണ്ടിവരും; അപ്പോൾ ത്രിത്വം തകരും. ത്രിത്വം നിലനില്ക്കണമെങ്കിൽ യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാകണം. ഇനിയെന്തുചെയ്യും? മഹാദൈവമായ യഹോവയുടെ (നെഹെ, 8:6) ആത്മാവിനു വ്യത്യസ്തമായൊരു വ്യക്തിത്വം കല്പിച്ച നിങ്ങൾ മഹാദൈവമായ യേശുവിൻ്റെ (തീത്തൊ, 2:12) ആത്മാവ് മറ്റൊരു വ്യക്തിയല്ലെന്നു എങ്ങനെ പറയും? ത്രിത്വോപദേശം കുറെക്കാലം കുറെപ്പേരെ വഞ്ചിച്ചു. പക്ഷെ, എല്ലാക്കാലവും ദൈവത്തോടോ അവൻ്റെ വചനത്തോടോ പിടിച്ചുനില്ക്കാൻ കഴിയില്ല; തകർന്നു തരിപ്പണമാകുകതന്നെ ചെയ്യും.]
35. ദൈവത്തിൻ്റെ ആത്മാവെന്നാൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ആത്മാവാണോ അതോ, പരിശുദ്ധാത്മാവ് മാത്രമാണോ? ദൈവം നിങ്ങൾക്ക് സമതുല്യരായ മൂന്ന് വ്യക്തികളായിരിക്കെ, അതിലൊരു വ്യക്തിയായ പരിശുദ്ധാത്മാവാണ് ദൈവത്തിൻ്റെ ആത്മാവെന്നു പറഞ്ഞാൽ ശരിയാകുമോ?
[ചോദ്യം വിശദമായി: യഹോവ യേശു പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യത്യസ്ത വ്യക്തികൾ ഉൾക്കൊള്ളുന്നതാണ് ത്രിത്വത്തിലെ ദൈവം. അപ്പോൾ ദൈവത്തിൻ്റെ ആത്മാവെന്നു പറഞ്ഞാൽ; മൂന്നു വ്യക്തികളും ചേർന്ന ഏകദൈവത്തിൻ്റെ ആത്മാവാണോ അതോ മൂന്നു വ്യക്തികളിൽ ഒരാളായ പരിശുദ്ധാത്മാവാണോ? ‘പരിശുദ്ധാത്മാവു’ എന്നാണ് ഉത്തരമെങ്കിൽ; യഹോവയുടെ ആത്മാവ്, യേശുവിൻ്റെ ആത്മാവ്, പിതാവിൻ്റെ ആത്മാവ്, ക്രിസ്തുവിന്റെ ആത്മാവ് എന്നൊക്കെ പറയുന്നതും പരിശുദ്ധാത്മാവെന്ന ഏകവ്യക്തിയാണോ? അങ്ങനെയായാൽ വ്യതിരിക്തരായ മൂന്നു വ്യക്തികൾ എന്ന ഉപദേശം പിന്നെയും സങ്കീർണ്ണമായില്ലേ? എല്ലാരുടേയും ആത്മാക്കൾ ഒന്നാണെങ്കിൽ വ്യതിരിക്തത എന്നൊരു സംഗതിയില്ലല്ലോ; ഒറ്റ വ്യക്തിയായില്ലേ? ദൈവം ഒരൊറ്റ വ്യക്തിയാണെന്നു സമ്മതിക്കുന്നതാണ് നല്ലത്; അല്ലെങ്കിൽ ദൈവവ്യക്തികൾ മൂന്നിലൊതുങ്ങില്ല; ഒരുപാട് വ്യക്തികളാകും.]
36. “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” എന്ന ദൈവാത്മാവിൻ്റെ ചോദ്യത്തിനുള്ള ഉത്തരമാണോ ത്രിത്വം?
[ചോദ്യം വിശദമായി: ത്രിത്വോപദേശം നിലനില്ക്കണമെങ്കിൽ എല്ലാ ഗുണങ്ങളും തുല്യമായുള്ള മൂന്നു വ്യത്യസ്ത വ്യക്തികൾ വേണം. പരിശുദ്ധാത്മാവ് ഒരു വെല്ലുവിളിയോടെയാണ് ഈ ചോദ്യം ചോദിക്കുന്നത്; “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6). ഒരിടത്തല്ല; അനേക സ്ഥാനങ്ങളിൽ ഈ ചോദ്യമുണ്ട്. (35:10; 71:19; 113:5; യെശ, 40:25; 46:5; മീഖാ, 7:18). ഭാവരൂപത്തിലല്ല; നിഷേധരൂപത്തിലാണ് ചോദ്യം. അങ്ങനെയൊരാൾ ഇല്ലാത്തതുകൊണ്ടാണ് ആ ചോദ്യം ചോദിച്ചിരിക്കുന്നത്. ദൈവത്തിൻ്റെ ചോദ്യത്തിനു ആർക്കു മറുപടി പറയാൻ കഴിയും? യഹോവയ്ക്ക് തുല്യനായും സദൃശനായും ആരുമില്ലെന്നു ബൈബിളിൽ അനേകം വാക്യങ്ങളിൽ എഴുതിവെച്ചിട്ടാണ് (പുറ, 15:11; സങ്കീ, 40:5; 86:8; യിരെ, 10:6) ഈ ചോദ്യം ചോദിക്കുന്നത്. എന്നാലും ത്രിത്വപണ്ഡിതന്മാർ സമ്മതിക്കില്ല; യഹോവയ്ക്കു തുല്യനായി പുത്രനും പരിശുദ്ധാത്മാവും ഉണ്ടെന്നാണ് അവരുടെ വാദം. ഇതുപോലെ നൂറുകണക്കിനു ചോദ്യങ്ങൾ ബൈബിളിലുണ്ട്. ഉദാ: “നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നിൽക്കാകുന്നവൻ ആർ?, ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ?, തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യിൽ നിന്നു വിടുവിക്കുന്നവനും ആരുള്ളു?, ദൈവത്തോടു ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?, ദൈവത്തെ തടുക്കുന്നതു ആർ?, ഭൂമിയുടെ അളവു നിയമിച്ചവൻ ആർ? അതിന്നു അളവുനൂൽ പിടിച്ചവനാർ?, ഭൂമിയുടെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?, ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ?, അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ?, മനസ്സിന്നു വിവേകം കൊടുത്തവൻ ആർ?, വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?” ഇതിനൊക്കെ ഉത്തരം പറയാൻ ഭൂമിയിലാരുള്ളു??? പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ ചോദിക്കുന്ന മറ്റൊരു ചോദ്യമുണ്ട്; “കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ??? (റോമ, 11:34,35; യെശ, 40:13). ”യഹോവയ്ക്കു തുല്യനായവൻ ആർ” എന്ന ചോദ്യത്തിന് ”പുത്രനും പരിശുദ്ധാത്മാവും” എന്നുത്തരം പറഞ്ഞ ത്രിത്വം “കർത്താവിൻ്റെ (യഹോവ) മന്ത്രിയായിരുന്നവൻ ആർ?” എന്ന ചോദ്യത്തിനും ഉത്തരംപറഞ്ഞ് ദൈവാത്മാവിനെ സഹായിക്കാമോ???]
37. “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു” എന്നു പറഞ്ഞത് യഹോവയാണ്. എന്നിട്ട് യഹോവയിൽനിന്നു വ്യത്യസ്തനായ യേശുവാണ് വന്നതെങ്കിൽ പ്രവചനം ചീറ്റിപ്പോയോ? അതോ പ്രവചനം ഇനിയും നിറവേറുമോ? എപ്പോൾ…???
[ചോദ്യം വിശദമായി: “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാ, 3:1). യെശയ്യാവ് ആത്മാവിൽ കാണുന്നതും യഹോവയ്ക്ക് വഴി ഒരുക്കുന്നതായിട്ടാണ്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3). യേശുവിനു വഴിയൊരുക്കാൻ വന്ന യോഹന്നാനെക്കുറിച്ച് എഴുതിയിരിക്കുന്നു: “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.” യെശയ്യാവ് പറഞ്ഞ ‘വഴി ഒരുക്കുന്നവൻ’ യോഹന്നാനാണ്; അത് കൃത്യമായി നിവൃത്തിയായെന്ന് സുവിശേഷകന്മാരും, യേശുവും സാക്ഷ്യപ്പെടുത്തുന്നു. (മത്താ, 3:3; മർക്കൊ, 1:2,3; ലൂക്കൊ, ലൂക്കൊ, 3:4,5; മത്താ, 11:10; ലൂക്കൊ, 7:27). അപ്പോൾ, പ്രവാചകന്മാർ പറഞ്ഞ ‘വഴി ഒരുക്കപ്പെടേണ്ട യഹോവ’ ആരാണ്? യോഹന്നാൻ ആർക്ക് വഴി ഒരുക്കിയോ അവനാണ് യഹോവ. യഹോവതന്നെ പുത്രനെന്ന സ്ഥാനത്തിൽ വന്നതല്ലെങ്കിൽ, പകുതി പ്രവചനം ശരിയായി; പകുതി ചീറ്റിപ്പോയെന്നു പറയുമോ? ഇതൊക്കെ എങ്ങനെ വ്യാഖ്യാനിച്ച് ഒപ്പിക്കുമോ ആവോ? യെശയ്യാവിൻ്റെ അടുത്തവാക്യം: “യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകലമനുഷ്യരും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.” (40:5). ശിശുവായ യേശുവിനെ കയ്യിലെടുത്തുകൊണ്ട് ശിമ്യോൻ പറയുന്നു: “ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കോ, 2:30,33). അരെയാണ് ശിമ്യോൻ കണ്ടത്; യഹോവയെത്തന്നെയാണ്. ത്രിത്വവിശ്വാസികളേ, നിങ്ങൾ ബൈബിളിൽ ഉള്ളതല്ലാതെ പണ്ഡിതന്മാരുടെ വ്യാജമൊന്നും വിശ്വസിക്കരുത്; അവർ നിങ്ങൾക്ക് നരകത്തിലേക്കുള്ള വഴിയാണൊരുക്കുന്നത്.]
38. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയല്ലേ കർത്താവായ ക്രിസ്തുവിൻ്റെ ജനനം? അതോ വീണ്ടെടുപ്പുകാരനായി യഹോവ ഇനി വരാനിരിക്കുന്നതേയുള്ളോ?
[ചോദ്യം വിശദമായി: ഭക്തനായ ഇയ്യോബിൻ്റെ പ്രവചനമാണിത്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). ‘വീണ്ടെടുപ്പുകാരൻ സൈന്യങ്ങളുടെ യഹോവയാണ്.’ (സങ്കീ, 19:14; 78:35; യെശ, 41:14; 43:14; 47:4). വീണ്ടെടുപ്പുകാരൻ പൊടിമേൽ അഥവാ, ഭൂമിയിൽ (upon the earth) വന്നു നിൽക്കുമെന്നാണ്. പ്രവചനം നിവൃത്തിയായില്ലേ? വന്നതാരാണ്? കർത്താവായ യേശുക്രിസ്തു: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.” (യോഹ, 1:14; 1യോഹ, 1:1-3). മാത്രമോ, ക്രിസ്തു ‘സ്വന്തരക്തത്താൽ എന്നേക്കുമുള്ളോരു വീണ്ടെടുപ്പും സാധിപ്പിച്ചു’ (എബ്രാ, 9:12). യഹോവയല്ല ക്രിസ്തുവെങ്കിൽ, ഈ പ്രവചനം ആരെക്കുറിച്ചാണ്? എന്നു നിവൃത്തിയാകും? അതിനെന്താണ് ബൈബിളിൽ തെളിവ്? അതോ പ്രവചനം ചീറ്റിപ്പോയോ? ത്രിത്വവിശ്വാസം സത്യമാകണമെങ്കിൽ ഇതുപോലെ പലപ്രവചനങ്ങൾക്കും നിങ്ങൾ മറുപടി പറയണം.]
39. പഴയനിയമത്തിൽ യാക്കോബ് കണ്ട സ്വപ്നത്തിൽ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്ത കോവണിയുടെ മുകളിൽ നിന്നിരുന്നത് യഹോവയാണ്. പുതിയനിയമത്തിൽ അതെങ്ങനെ മനുഷ്യപുത്രനായി? അതിനർത്ഥം യഹോവയും യേശുവും ഒരാളാണെന്നല്ലേ?
[ചോദ്യം വിശദമായി: യാക്കോബ് ബേർ-ശേബയിൽ നിന്നു ഹാരാനിലേക്കുള്ള യാത്രയിൽ ഒരു സ്ഥലത്തു എത്തിയപ്പോൾ കല്ലു തലയണയായി വെച്ചു കിടന്നുറങ്ങുമ്പോൾ; “ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. (ഉല്പ, 28:12,13). യേശു നഥനയലിനോടു: “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: “സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും.” (യോഹ, 1:51). ദൈവത്തിൻ്റെ ആജ്ഞാനുഗാമികളാണ് ദൂതന്മാർ. നമ്മുടെ കർത്താവിൻ്റെ ഭൂമിയിലെ വാഴ്ചക്കാലത്ത് ദൈവഹിതത്തിൻ്റെ വാഹകരെന്ന നിലയിൽ ദൂതന്മാർ സ്വർഗ്ഗത്തിൽനിന്നു ഭൂമിയിലേക്ക് ഇറങ്ങുകയും കയറുകയും ചെയ്തുകൊണ്ടിരിക്കും. എങ്ങനെ മനസ്സിലാക്കിയാലും അനതിവിദൂരഭാവിയിൽ സംഭവിക്കുന്ന ഒരു കാര്യത്തിൻ്റെ രണ്ട് വിവരണങ്ങളാണിതെന്ന് കാണാൻ കഴിയും. പഴയനിയമത്തിൽ യഹോവ നില്ക്കുമെന്ന് പറയുന്ന സ്ഥാനത്താണ് മനുഷ്യപുത്രൻ നില്ക്കുമെന്ന് താൻതന്നെ പറയുന്നത് ഇതെങ്ങനെ ശരിയാകും? അതിനർത്ഥം; അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമായ യഹോവയാണ് മനുഷ്യപുത്രനായി മണ്ണിൽ വെളിപ്പെട്ടതെന്നല്ലേ?]
40. “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” ഈ വാക്യപ്രകാരം സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യനായി മണ്ണിൽ വെളിപ്പെട്ടു നില്ക്കുന്നതെന്ന് സ്പഷ്ടമല്ലേ?
[ചോദ്യം വിശദമായി: ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആത്മീയജനനത്തിൻ്റെ അനിവാര്യതയെക്കുറിച്ചു പറഞ്ഞശേഷം യേശു നിക്കോദേമൊസിനോട് പറയുന്നതാണിത്: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13). മലയാളത്തിലെ മിക്ക പരിഭാഷകളിലും “സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ’ എന്നഭാഗം ബ്രാക്കറ്റിലാണ് കാണുന്നത്; പി.ഒ.സി. പോലുള്ളതിൽനിന്ന് ആ ഭാഗം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇംഗ്ലീഷിലെ ഒട്ടുമിക്ക പരിഭാഷകളിൽ വാക്യം അങ്ങനെതന്നെ ചേർത്തിട്ടുണ്ട്. ഉദാ: ABP, ABU, ACV, AU, AV, ASV, ABPE, AKJV, ANT, BB1568, BB1572, BKJV, BSV, CB1535, CKJV, CLNT, CPDB, CVB, DBT, DBYe, Diglott, DRB, DRL, EHV, EMTV, EOB13, ERV, FAA, GB1, GB1587, GDBY, GNV, GNT, HKTV, HNT, ISV, KJV200, LB, LBP, LHB, LITB, Logos, LONT, LSV, LT, MCV19, MKJV, MNT, Murdock, NHEB, Nibe, NKJV, NLV, NMB, NMV’18, NTWE, RHB, RNKJV, RV, RV1895, RWV, SLT, TB1526, Thomson, TRC, UKJV, VW, WB, WBMS, WBT, WEB, WEB+, WEBBE, WEBM, WMB,WMBB, WNT, WoNT, WOY, WPNT, WSNT, WST, WYC, WyNT, YLT തുടങ്ങിയവ. ബ്രാക്കറ്റിൽ ഇട്ടിരിക്കുന്നവയുമുണ്ട്: AFB, AFU, AMP, NHEB-JM, NHEB-ME, WNT, YWC2014 തുടങ്ങിയവ. ഈ വാക്യപ്രകാരം സ്വർഗ്ഗസിംഹാസനത്തിൽ കെരൂബുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന (യെശ, 6:1-3; വെളി, 4:2-8) യഹോവയുടെ പ്രത്യക്ഷത തന്നെയാണ് മനുഷ്യപുത്രനെന്ന് മനസ്സിലാക്കാം. മിക്ക പണ്ഡിതന്മാരും ഇത് ദൈവത്തിൻ്റെ സർവ്വവ്യാപകത്വമായി അംഗീകരിക്കുന്നുണ്ട്: നിക്കോദേമൊസിനോട് യേശു സംസാരിക്കവെതന്നെ സ്വർഗ്ഗത്തിൽ താൻ ഇരിക്കുന്നുവെന്നു അവർ മനസ്സിലാക്കുന്നു. എന്നാൽ ത്രിത്വം പഠിപ്പിക്കുന്ന: “ദൈവം മൂന്നു വ്യക്തികളാണ്; ദൈവത്തിനൊരു നിത്യപുത്രനുണ്ട്; ആ പുത്രൻ്റെ അവതാരമാണ് ക്രിസ്തു” തുടങ്ങിയ ഉപദേശങ്ങളൊക്കെ ഈ വാക്യപ്രകാരം കടപുഴകിവീഴും. യോഹന്നാൻ 1:1-ൽനിന്നും ഈ വസ്തുത ഗ്രഹിക്കാൻ കഴിയും. അവിടെ ദൈവവും വചനവുമുണ്ടല്ലോ; വചനമാണ് ജഡം ധരിച്ചതെന്നും എല്ലാവരും സമ്മതിക്കും. (യോഹ, 1:14; 1യോഹ, 1:1,2). ആ വാക്യം RNKJV-യിൽനിന്നും ചേർക്കാം. ഇതിനു രണ്ട് പരിഭാഷയുണ്ട്; യഹോവ/യാഹ്വേ എന്ന ദൈവനാമം എബ്രായ ചതുരക്ഷരിയിലും: “In the beginning was the Word, and the Word was with יהוה, and the Word was יהוה.” ഇംഗ്ലീഷ് ചതുരക്ഷരിയിലും: “In the beginning was the Word, and the Word was with YHVH, and the Word was YHVH.” ആ വാക്യത്തിൽ വചനത്തെ പുത്രൻ/യേശു എന്നും, ദൈവത്തെ പിതാവ്/യഹോവ എന്നുമാക്കി പുനഃക്രമീകരിച്ചാലും അത് മനസ്സിലാക്കാം: “ആദിയിൽ പുത്രൻ ഉണ്ടായിരുന്നു; പുത്രൻ പിതാവിനോടുകൂടെ ആയിരുന്നു; പുത്രൻ പിതാവു ആയിരുന്നു.” അടുത്തത്: “ആദിയിൽ യേശു ഉണ്ടായിരുന്നു; യേശു യഹോവയോടുകൂടെ ആയിരുന്നു; യേശു യഹോവ ആയിരുന്നു.” യഹോവയാണ് മനുഷ്യനായി പ്രത്യക്ഷനായതെന്ന് ഏറ്റവും സ്പഷ്ടമല്ലേ?]
41. “ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! ….. അവൻ (യഹോവ) വന്നു നിങ്ങളെ രക്ഷിക്കും ….. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ട യേശുവല്ല യഹോവയെങ്കിൽ; യഹോവയിനി എപ്പോൾ വരുമെന്ന് ത്രിത്വോപദേശിമാർ ഒന്നു പറയണം?
[ചോദ്യം വിശദമായി: യഹോവയെക്കുറിച്ചു യെശയ്യാവ് പറയുന്നു: “മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ (യഹോവ) വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശ, 35:4-6). യോഹന്നാൻ സ്നാപകൻ തടവിൽവെച്ച് തൻ്റെ ശിഷ്യന്മാരെ അയച്ച് ‘വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ’ (മത്താ, 11:3) എന്നു ചോദിക്കുമ്പോൾ യേശു മേല്പറഞ്ഞ പ്രവചനമാണ് ഉദ്ധരിക്കുന്നത്: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.” (മത്താ, 11:4,5). പഴയനിയമത്തിൽ ഒരു കുരുടൻ്റെയും കണ്ണുകണ്ടിട്ടില്ല; ഒരു ചെകിടൻ്റെയും ചെവി കേട്ടിട്ടില്ല; ഒരു മുടന്തനും മാനിനെപ്പോലെ ചാടിയിട്ടില്ല; ഒരു ഊമൻ്റെയും നാവ് ഉല്ലസിച്ചിട്ടില്ല. യഹോവ തൻ്റെ പുത്രനെ അയച്ച് രക്ഷിക്കുമെന്നല്ല; തൻ്റെ സൃഷ്ടികളിൽ ആരെയെങ്കിലും അയച്ച് രക്ഷിക്കുമെന്നുമല്ല; പ്രത്യുത, ‘അവൻ വന്നു നിങ്ങളെ രക്ഷിക്കും’ ആര്? “യഹോവ വന്നു രക്ഷിക്കും.” ഇത് പഴയനിയമത്തിലെ വ്യക്തമായ പ്രവചനമാണ്. ക്രിസ്തുവിലൂടെയത് നിവൃത്തിയായില്ലേ? ജഡത്തിൽ വെളിപ്പെട്ടുവന്ന കർത്താവായ യേശുക്രിസ്തു യഹോവയല്ലെങ്കിൽ; പിന്നെയാരാണ്? യഹോവ പിന്നീടെപ്പോഴെങ്കിലും ചെയ്യാനുള്ള കാര്യം തൻ്റെ പുത്രനെ അയച്ച് റിഹേഴ്സൽ നടത്തിയതാണോ? അപ്പോൾ, ഈ പ്രവചനം ഇനിയെന്നു നിവൃത്തിയാകും? അതോ പ്രവചനം പിന്നെയും പാളിയോ? തന്നിൽ ആ പ്രവചനം നിവൃത്തിയായെന്ന് പറഞ്ഞ ക്രിസ്തു കള്ളനാണോ? തുടർന്ന് യേശു പറയുന്നു: “എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ.” (മത്താ, 11:6). ത്രിത്വവിശ്വാസികളെ നിങ്ങൾ ക്രിസ്തുവിനെ ആറിയാതെ അവനിൽ ഇടറിപ്പോയവരല്ലേ?]
42. ജീവനുള്ള ദൈവത്തിൻ്റെ പുത്രനും, ജീവനുള്ള ദൈവവും യേശുക്രിസ്തു ആണെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. പിതാവും പുത്രനും രണ്ട് വ്യത്യസ്ത വ്യക്തികളാണെന്നു പറയുന്ന ത്രിത്വത്തിൻ്റെ പിതാവാരാണ്; ഈ ലോകത്തിൻ്റെ ദൈവമോ?
[ചോദ്യം വിശദമായി: യഹോവയാണ് ജീവനുള്ള ദൈവം. (സങ്കീ, 84:2; യെശ, 37:17; യിരെ, 10:10; 23:36). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് പത്രൊസ് യേശുവിനെ ഏറ്റുപറയുമ്പോൾ; “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” (മത്താ, 16:16) എന്നു പറയുകയുണ്ടായി. എന്നാൽ ദൈവഭക്തിയുടെ മർമ്മത്തെക്കുറിച്ച് പൗലൊസ് തിമൊഥെയൊസിനുള്ള ലേഖനത്തിൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നാണ് പറയുന്നത്. (1തിമൊ, 3:15,16). ഇത്, ദൈവഭക്തിയുടെ മർമ്മം, ദൈവഭക്തിയുടെ അഗാധരഹസ്യം, മതത്തിൻ്റെ രഹസ്യം, മതവിശ്വാസത്തിൻ്റെ മർമ്മം, ആരാധനാ ജീവിതത്തിൻ്റെ രഹസ്യം എന്നൊക്കെയാണ് വിവിധപരിഭാഷകളിൽ കാണുന്നത്. എന്തായാലും പൗലൊസൊരു മർമ്മപ്രധാനമായ കാര്യം വെളിപ്പെടുത്തുകയാണ്. മലയാളം പരിഭാഷകളിലെല്ലാം ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നെഴുതിയിരിക്കയാൽ; ‘അവൻ’ എന്ന സ്ഥാനത്ത് ക്രിസ്തുവെന്ന് ചേർത്തുകൊണ്ട് ത്രിത്വവിശ്വാസികൾ ദൈവം മൂന്ന് വ്യക്തികളാണെന്നോർത്ത് പുളകംകൊള്ളുകയാണ്. പക്ഷെ, ഭാഷയുടെ വ്യാകരണം അറിയാവുന്നവർ ‘അവൻ’ എന്ന സ്ഥാനത്ത് ക്രിസ്തു എന്ന് മനസ്സിലാക്കില്ല. പല ഇംഗ്ലീഷ് ഭാഷാന്തരങ്ങളിലും God എന്ന് കാണാം; എന്നാൽ അതും കൃത്യമല്ല. ‘അവൻ’ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. സർവ്വനാമത്തിൻ്റെ ഉടയവനെ അറിയാൻ മുകളിലുള്ള വാക്യം നോക്കണം. ആ അദ്ധ്യായത്തിൽ മൂന്ന് വിഷയങ്ങളാണ് പൗലൊസ് പറയുന്നത്: 1-7-വരെ മൂപ്പന്മാരുടെ യോഗ്യതകളും; 8-13-വരെ ശുശ്രൂഷകന്മാരുടെ യോഗ്യതകളും; 14-16 ദൈവഭക്തിയുടെ മർമ്മത്തെക്കുറിച്ചും. (ആദ്ധ്യായവിഭജനം കാണാൻ subheading ഉള്ള പരിഭാഷകൾ നോക്കുക). 15-ാം വാക്യം: “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” 16-ാം വാക്യം: “അവൻ ജഡത്തിൽ വെളിപ്പെട്ടു” ആര്? ആരുടെ സഭയെക്കുറിച്ചാണോ 15-ാം വാക്യത്തിൽ പറയുന്നത്; അവനാണ് ജഡത്തിൽ വെളിപ്പെട്ടത്. അതാണ് “ജീവനുള്ള ദൈവം.” പൗലൊസ് ഈ രഹസ്യം അന്നേ വെളിപ്പെടുത്തിയതാണ്. എങ്കിലും ത്രിത്വവിശ്വാസം, യഹോവാസാക്ഷി, ക്രിസ്റ്റാഡെൽഫിയൻസ് പോലുള്ളവർക്ക് ഇപ്പോഴും ഇതൊരു മർമ്മമായി തന്നെയാണിരിക്കുന്നത്. ഒരു സംശയം ചിലപ്പോൾ തോന്നാം: തന്നെ ”ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ” എന്നു വിളിച്ചപ്പോൾ യേശു എന്തുകൊണ്ട് നിഷേധിച്ചില്ല? ജീവനുള്ള ദൈവമായ യഹോവ പൂർണ്ണമനുഷ്യൻ മാത്രമായി ഭൂമിയിൽ വെളിപ്പെട്ടു നില്ക്കുമ്പോഴാണ് പത്രൊസ് ഇങ്ങനെ വിളിക്കുന്നത്. (യോഹ, 1:1; ഫിലി, 2:6-8; എബ്രാ, 2:14,15). എന്നാൽ പൗലൊസാകട്ടെ, ജഡത്തിൽ വന്നവൻ ആരായിരുന്നു അഥവാ അവൻ്റെ സാക്ഷാൽ അസ്തിത്വത്തിൻ്റെ രഹസ്യമാണ് വെളിപ്പെടുത്തുന്നത്. (1തിമൊ, 3:15,16). താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നപ്പോഴും സ്വർഗ്ഗത്തിൽത്തന്നെ ഇരിക്കുന്നെന്നല്ലേ ക്രിസ്തുവും പറഞ്ഞത്? യോഹ, 3:13.]
43. “കർത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ (യഹോവ) ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു? …… യെശയ്യാവു അവന്റെ (യേശു) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” യെശയ്യാവ് കണ്ട തേജസ്സ് യേശുവിൻ്റെയാണെന്ന് ബൈബിൾ പറയുമ്പോൾ അല്ലെന്നു പറയാൻ ത്രിത്വമെന്താ എതിർക്രിസ്തുവിൻ്റെ ആളുകളാണോ?
[ചോദ്യം വിശദമായി: യേശു തൻ്റെ പരസ്യശുശ്രൂഷ അവസാനിപ്പിച്ച് യെരൂശലേം ദൈവാലയം വിട്ടുപോകുമ്പോൾ, യെശയ്യാവിൻ്റെ രണ്ട് പ്രവചനങ്ങൾ (53:1; 6:9:10) ഉദ്ധരിച്ചുകൊണ്ട് യേശുവിനെക്കുറിച്ച് യോഹന്നാൻ പറയുന്നതാണിത്. സത്യവേദപുസ്തകം നൂതന പരിഭാഷയിൽ നിന്ന് ഈ വാക്യം ചേർക്കുന്നു: “അവരുടെ കണ്‍മുമ്പില്‍ ഇത്ര വളരെ അടയാളപ്രവൃത്തികള്‍ ചെയ്തിട്ടും അവര്‍ തന്നില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആര്‍ വിശ്വസിച്ചു? കര്‍ത്താവിന്‍റെ ഭുജബലം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകന്‍ പറഞ്ഞത് ഇങ്ങനെ പൂര്‍ത്തിയായി. അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാതെപോയതിനെപ്പറ്റി വീണ്ടും യെശയ്യാ പറയുന്നത് ഇപ്രകാരമാണ്: “ദൈവം അവരുടെ കണ്ണുകള്‍ അന്ധമാക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ കണ്ണുകൊണ്ടു കാണുകയോ, മനസ്സുകൊണ്ടു ഗ്രഹിക്കുകയോ, എന്നില്‍നിന്നു സുഖം പ്രാപിക്കുവാന്‍ എന്‍റെ അടുക്കലേക്കു തിരിയുകയോ ചെയ്യാതിരിക്കുവാന്‍തന്നെ” എന്ന് ദൈവം അരുള്‍ചെയ്യുന്നു യെശയ്യാ യേശുവിന്‍റെ മഹത്ത്വം ദര്‍ശിച്ചുകൊണ്ട് അവിടുത്തെക്കുറിച്ചു സംസാരിക്കുകയാണു ചെയ്തത്.” (യോഹ 12:38-41). സത്യവേദപുസ്തകത്തിൽ ‘അവൻ്റെ മഹത്ത്വം’ എന്ന സ്ഥാനത്ത് ‘യേശുവിൻ്റെ മഹത്ത്വം’ എന്നാണ് മലയാളം ബൈബിൾ ബി.സി.എസ്. വേർഷനിലും, “Isaiah said this because he saw Jesus’ glory and spoke about him” എന്ന് BSB, CEV ERV, GNT, GWT, NET, NIV തുടങ്ങിയ ഇംഗ്ലീഷ് പരിഭാഷകളിലും കൃത്യമായി കാണാം. ബാക്കി പരിഭാഷകളിൽ his glory എന്നാണ്. ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതയി യെശയ്യാവ് ദർശിച്ച മഹത്ത്വം യഹോവയുടേതാണെന്ന കാര്യത്തിൽ ത്രിത്വക്കാർക്കും തർക്കമില്ലല്ലോ? (യെശ, 6:1-5). യെശയ്യാവ് ആരുടെ മഹത്ത്വമാണോ ദർശിച്ചത് അവനാണ് വന്നതെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. അപ്പോൾ പുത്രനെന്ന സ്ഥാനത്തിൽ മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടുവന്ന് മനുഷ്യരുടെ പാപങ്ങളും വഹിച്ചുകൊണ്ട് മരിച്ചുയർത്തെഴുന്നേറ്റ ക്രിസ്തു (അഭിഷിക്തൻ) യഹോവയല്ലേ? (യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). യഹോവയിൽനിന്ന് വ്യത്യസ്തനായ മറ്റൊരു വ്യക്തിയാണ് ക്രിസ്തുവെന്ന് പറഞ്ഞ് ത്രിത്വം ആരോടാണ് മത്സരിക്കുന്നത്? സഹോദരന്മാരെ നിങ്ങൾ ക്രിസ്തുവിശ്വാസികളല്ലേ; ക്രിസ്തുവൈരികൾ (എതിർക്രിസ്തു) അല്ലല്ലോ?]
44. “ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നു യേശു യെഹൂദന്മാരോടു പറയുകയുണ്ടായി. ത്രിത്വക്കാർക്ക് ഈ വാക്യം ബാധകമല്ലേ?
[ചോദ്യം വിശദമായി: നമ്മൾ ഉപയോഗിക്കുന്ന 1910-ലെ സത്യവേദപുസ്തകത്തിൽ യോഹന്നാൻ 8:24-ലെ ”ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ’ എന്ന തർജ്ജമ കൃത്യമല്ല. 2013-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തന്നെ പ്രസിദ്ധീകരിച്ച സത്യവേദപുസ്തകം (CL) നൂതന പരിഭാഷയിൽ മേല്പറഞ്ഞ വാക്യം തിരുത്തിയിട്ടുണ്ട്: “നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കുമെന്നു ഞാന്‍ പറഞ്ഞുവല്ലോ. ഞാനാകുന്നവന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.” പി.ഒ.സി.യിലും, മലയാളം ബൈബിൾ BCS, MSV, ERV പരിഭാകളിലും, പല ഇംഗ്ലീഷ് പരിഭാഷകളിലും ഇതു മനസ്സിലാക്കാൻ കഴിയും. ‘ഞാനാകുന്നവൻ’ ആരാണെന്നു പുറപ്പാട് 3:14,15-ൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട്. ഒന്നുകൂടി പറഞ്ഞാൽ: “ഞാനാകുന്നവന്‍ ഞാന്‍തന്നെ അഥവാ ഞാൻ യഹോവ തന്നെയാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നാണ് യേശു യെഹുദന്മാരോട് പറയുന്നത്. യെഹൂദന്മാർക്ക് മാത്രമോ ഇത് ബാധകമായിരിക്കുന്നത്? യഹോവയല്ല യേശു; യഹോവയിൽനിന്നു വ്യത്യസ്തനായ മറ്റൊരു വ്യക്തിയാണ് യേശു എന്നു പഠിപ്പിക്കുന്ന ത്രിത്വത്തിന് ഈ വാക്യം ബാധകമല്ലേ??? യഹോവ അരുളിച്ചെയ്യുന്നു: “അതുകൊണ്ടു എന്റെ ജനം എന്റെ നാമത്തെ അറിയും; അതുകൊണ്ടു ഞാൻ, ഞാൻ തന്നെയാകുന്നു പ്രസ്താവിക്കുന്നവൻ എന്നു അവർ അന്നു അറിയും.” (യെശ, 52:6). യേശു: “മനുഷ്യപുത്രനെ നിങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഞാനാകുന്നവന്‍ ഞാന്‍ തന്നെ ആണെന്നു നിങ്ങള്‍ക്കു മനസ്സിലാകും.” (യോഹ, 8:28. ഒ.നോ: സെഖ, 12:8-10; വെളി, 1:7). യഹോവയല്ല യേശു വ്യത്യസ്തനായ മറ്റൊരാളാണെന്നു വിശ്വസിക്കുന്ന ത്രിത്വമെങ്ങനെ മരണം തെറ്റിയൊഴിയും??? ബൈബിൾ പരിഭാഷ തെറ്റാണെന്നു പറയാം; വിശ്വസിക്കാതിരിക്കാം. പക്ഷെ, ദൈവവചനം ഡമോക്ലീസിൻ്റെ വാളുപോലെ ഓരോരുത്തരുടെയും തലമേൽ തൂങ്ങിക്കിടപ്പുണ്ടെന്നോർക്കുക.]
45. യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ; യഹോവയെന്ന വ്യക്തിക്ക് വിലമതിച്ച മുപ്പത് വെള്ളിക്കാശെങ്ങനെ മറ്റൊരു വ്യക്തിയായ ക്രിസ്തുവിന് വിലമതിക്കും? പ്രവചനം എട്ടുനിലയിൽ പൊട്ടിയതാണോ? അതോ, യഹോവ മനുഷ്യനായി വെളിപ്പെട്ടതാണോ ക്രിസ്തു?
[ചോദ്യം വിശദമായി: “യഹോവ എന്നോടു: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവർ എന്നെ (യഹോവയെ) മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു. (സെഖ, 11:13). ഈസ്ക്കര്യോത്താ യൂദാ മഹാപുരോഹിതന്മാരോട് ചോദിക്കുന്നു: “നിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.” (മത്താ, 26:15). സെഖര്യാ പ്രവചനം ക്രിസ്തുവിൽ നിറവേറിയതായി ശിഷ്യനായ മത്തായി രേഖപ്പെടുത്തിയിരിക്കുന്നു. (മത്താ, 27:9,10). നിങ്ങൾ ബൈബിൾ വിശ്വസിക്കുന്നുവോ; ഇല്ലയോ? യഹോവയിൽനിന്ന് വ്യതിരിക്തനാണ് ക്രിസ്തുവെങ്കിൽ, ഈ പ്രവചനവും പാളിയെന്നല്ലേ അർത്ഥം. നിങ്ങളും അറിയപ്പെടുന്നത് വിശ്വാസികളെന്നു തന്നെയല്ലേ? വിശ്വാസമില്ലാത്ത വിശ്വാസികളോ?]
46. മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുന്ന രക്ഷകനും ദൈവവും യഹോവയാണെന്ന് പഴയനിയമവും; മരണത്തെ നീക്കിക്കളഞ്ഞ് രക്ഷയൊരുക്കിയത് ക്രിസ്തുവാണെന്ന് പുതിയനിയമവും പറയുന്നു. യഹോവയും യേശുവും വ്യത്യസ്ത വ്യക്തികളാണെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്ന ക്രിസ്തു കള്ളനായിരുന്നോ?
[ചോദ്യം വിശദമായി: യെശയ്യാവ് പ്രവചിക്കുന്നു; “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു. അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (25:8,9). എബ്രായലേഖകൻ പറയുന്നു: “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. (എബ്രാ, 2:14,15). ഇവിടുത്തെ പ്രയോഗം ശ്രദ്ധിക്കണം: ‘മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു.’ മക്കൾക്കുവേണ്ടി വരുന്നവനാരാണ്? പിതാവാണ്. അതുകൊണ്ടാണ് ക്രിസ്തുവിനെ ‘നിത്യപിവെന്ന് വിളിക്കപ്പെടും’ എന്നു പറഞ്ഞിരിക്കുന്നത്. (യെശ, 9:6). യെശയ്യാവ് കൃത്യമായിട്ടല്ലേ പറയുന്നത്: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ.” ആരോണോ തൻ്റെ മരണത്താൽ മരണത്തിൻ്റെ അധികാരിയെ എന്നേക്കും നീക്കിക്കളഞ്ഞത് അവനാണ് യഹോവ; അവൻ തന്നെയാണ് യേശുക്രിസ്തു. ഇതല്ലേ ബൈബിൾ വെളിപ്പെടുത്തുന്ന സുവിശേഷം. പ്രിയപ്പെട്ടവരേ; ബൈബിളാണോ ദൈവം ത്രിത്വമാണെന്ന് പഠിപ്പിച്ചത്; നിഖ്യാസുന്നഹദോസും സഭാപിതാക്കന്മാരുമല്ലേ? നിങ്ങൾ യഹോവയുടെ പക്ഷത്തുള്ളവരെങ്കിൽ ബൈബിൾ മാത്രം വിശ്വസിക്കുക. അല്ലെങ്കിൽ….?]
47. ത്രിത്വത്തിലെ വ്യത്യസ്ത വ്യക്തികളാണ് പിതാവും പുത്രനുമെങ്കിൽ; യഹോവയുടെ സാക്ഷികളെങ്ങനെ പുതിയനിയമത്തിൽ ക്രിസ്തുവിൻ്റെ മാത്രം സാക്ഷികളാകും? ‘എൻ്റെ സാക്ഷികൾ ആകും’ എന്നു പറഞ്ഞുകൊണ്ട് പുത്രൻ പിതാവിനെ തള്ളിയോ?
[ചോദ്യം വിശദമായി: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10; 43:12; 44:8). എന്നാൽ യേശു പറയുന്നതാകട്ടെ; “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും. (പ്രവൃ, 1:8). പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളായിട്ടാണ് യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ (14:23) എന്നു പറയുന്നതെന്നു വാദിക്കുന്ന നിങ്ങൾ ”എന്റെ സാക്ഷികൾ ആകും” എന്നു ക്രിസ്തു പറഞ്ഞതിനെ എന്തുപറയും? യഹോവയും യേശുവും വ്യത്യസ്തരാണെങ്കിൽ യഹോവയുടെ സാക്ഷികളെ ‘ഞങ്ങളുടെ സാക്ഷികൾ’ എന്നല്ലേ പറയേണ്ടത്? ‘എൻ്റെ സാക്ഷികളാകും’ എന്ന് യേശു പറഞ്ഞുവെങ്കിൽ പുത്രനും പിതാവും ഒന്നുതന്നെയാണ് (യോഹ, 10:30; 14:9) എന്നല്ലേ അർത്ഥം? ത്രിത്വം സ്ഥാപിക്കാനല്ല ബൈബിൾ പഠിക്കേണ്ടത്; സത്യം സ്ഥാപിക്കാനാണ്. യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ലെന്നും (ആവ, 4:39); യഹോവയോട് സദൃശൻ ആരുമില്ല (സങ്കീ, 40:5); തുല്യൻ ആരുമില്ല (സങ്കീ, 71:19) എന്നൊക്കെയാണ് ബൈബിൾ പറയുന്നത്. പുത്രൻ പിതാവിൽനിന്നു വ്യത്യസ്തനാണെങ്കിൽ ദൈവവുമല്ല സാക്ഷികളുമുണ്ടാകില്ല.]
48. പഴയനിയമത്തിൽ രക്ഷയ്ക്കായി യഹോവയല്ലാതെ മറ്റൊരുത്തനുമില്ലെന്നു പറയുമ്പോൾ; പുതിയനിയമത്തിൽ യേശുവിൻ്റെ നാമമല്ലാതെ മറ്റൊന്നില്ലെന്നു പറയുന്നു. യഹോവയും യേശുവും വ്യതിരിക്തരാണെങ്കിൽ രണ്ടു പ്രസ്താവനയും വ്യാജവും ബൈബിൾ അബദ്ധപഞ്ചാംഗവുമായില്ലേ?
[ചോദ്യം വിശദമായി: പഴയനിയമത്തിലെ സുവിശേഷം എന്നറിയപ്പെടുന്ന വാക്യമാണ് യെശയ്യാ 45:22: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യഹോവയല്ലാതെ, മറ്റൊരു ദൈവമില്ലെന്നും മറ്റൊരു രക്ഷിതാവുമില്ലെന്നും അവിടെ പറയുന്നു. “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43: 11). എന്നാൽ, പുതിയനിയമത്തിലേക്കു വരുമ്പോൾ; യേശുവിൻ്റെ അപ്പൊസ്തലന്മാരിൽ പ്രഥമനും, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനും, ദൈവസഭയുടെ വാതിൽ യെഹൂദർക്കും ശമര്യർക്കും ജാതികൾക്കും തുറന്നു കൊടുത്തവനുമായ പത്രൊസ് വിളിച്ചുപറയുന്നു; രക്ഷയ്ക്കായി യേശുവിൻ്റെ നാമമല്ലാതെ, മറ്റൊരു നാമമില്ല: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). രക്ഷയ്ക്കായി പിതാവ് മാത്രമേയുള്ളുവെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നു. ഇനി, ഒരു നിത്യപുത്രൻ പിതാവിനുണ്ടെങ്കിൽ പുതിയനിയമത്തിൽ എന്തുപറയണം? പുത്രൻ്റെ നാമവുംകൂടി രക്ഷയ്ക്കായുണ്ട് എന്നല്ലേ പറയേണ്ടത്? മറ്റൊരുത്തനിലും രക്ഷയില്ല പുത്രൻ്റെ നാമം മാത്രമേയുള്ളുവെന്ന് പറയാൻ പറ്റുമോ? ത്രിത്വക്കാരെ നിങ്ങളുടെ പിതാവിൻ്റെ കാലംകഴിഞ്ഞോ??? യഹോവയായ ദൈവം തന്നെയാണ് ‘പുത്രൻ’ എന്ന പദവിയിൽ ജഡത്തിൽ വന്ന കർത്താവായ യേശുക്രിസ്തുവെന്ന് വിശ്വസിക്കാത്തതെന്തേ?]
49. യേശു പഠിപ്പിച്ചത് സ്വർഗ്ഗസ്ഥനായ പിതാവിനെ വിളിച്ചു പ്രാർത്ഥിക്കാനാണ്. മനുഷ്യനെന്ന നിലയിൽ താൻ പ്രാർത്ഥിച്ചതും സ്വർഗ്ഗീയ പിതാവിനോടാണ്. എന്നാൽ ആദിമസഭ യേശുവിൻ്റെ നാമമാണ് വിളിച്ചു പ്രാർത്ഥിച്ചത്; ലേഖനങ്ങളിൽ കാണുന്നതും അങ്ങനെയാണ്. എന്നുവെച്ചാൽ, ഏകസത്യദൈവമായ സ്വർഗ്ഗീയ പിതാവുതന്നെ മനുഷ്യനായി വെളിപ്പെട്ടുവെന്നല്ലേ?
[ചോദ്യം വിശദമായി: ഒരുപദേശം ദൈവദത്തമാണോ എന്നറിയാൻ മൂന്ന് കാര്യങ്ങൾ പരിശോധിച്ചാൽ മതിയാകും: ഒന്ന്; യേശുക്രിസ്തു അക്കാര്യം കല്പിച്ചിട്ടുണ്ടോ അഥവാ, സുവിശേഷങ്ങളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നു നോക്കണം. രണ്ട്; അപ്പൊസ്തലന്മാർ അതനുസരിച്ചിട്ടുണ്ടോ അഥവാ പ്രവൃത്തികളുടെ പുസ്തകത്തിൽ അതുണ്ടോന്ന് നോക്കണം. മൂന്ന്; റോമർ മുതൽ യൂദാ വരെയുള്ള ലേഖനങ്ങളിൽ എവിടെയെങ്കിലും അതിനെക്കുറിച്ചുള്ള ഉപദേശമുണ്ടോന്ന് നോക്കണം. പ്രാർത്ഥനയെക്കുറിച്ച് നമുക്ക് നോക്കാം: സുവിശേഷങ്ങളിൽ: പ്രർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേയെന്ന ശിഷ്യന്മാരുടെ അപേക്ഷയിൽ; സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. (മത്താ, 6:9-13; ലൂക്കൊ, 11:1-4). പുത്രൻ്റെ നാമത്തിൽ അപേക്ഷിക്കുന്നത് താൻ ചെയ്തുതരുമെന്നും (യോഹ, 14:13; 14:14), പുത്രൻ്റെ നാമത്തിൽ പിതാവിനോട് അപേക്ഷിക്കുന്നത് പിതാവ് ചെയ്തുതരുമെന്നും (യോഹ, 15:16; 16:23), “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” (യോഹ, 16:23) എന്നും പറഞ്ഞിട്ടുണ്ട്. “കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങൾ എന്നെ കാണുകയില്ല” (യോഹ, 16:16) എന്ന് പറഞ്ഞശേഷമാണ് ഇത് പറയുന്നത്. ഇന്ന് പിതാവിനോട് അപേക്ഷിച്ച പുത്രൻ, അന്ന് എന്തുകൊണ്ട് പിതാവിനോട് അപേക്ഷിക്കുന്നില്ല; അന്ന് പിതാവ് പുത്രൻ എന്നൊരു വേർതിരിവില്ല. പ്രവൃത്തികളിൽ: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (2:21. ഒ.നോ: 2:36; റോമ, 10:9). യെരൂശലേം സഭ വിളിച്ചപേക്ഷിച്ചു. (പ്രവൃ, 9:20:21). സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു. (7:59). പൗലൊസ് വിളിച്ചപേക്ഷിച്ചു. (22:16). പുതിയനിയമത്തിൽ പിതാവിൻ്റെ പേർ പറഞ്ഞിട്ടില്ല; പ്രവൃത്തികളിൽ പിതാവെന്ന സ്ഥാനനാമത്തിൽ ആരും വിളിച്ചപേക്ഷിച്ചുമില്ല. ലേഖനങ്ങളിൽ: കൊരിന്ത്യസഭ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു. (1കൊരി, 1:2). പൗലൊസ് വിളിച്ചപേക്ഷിച്ചു (2കൊരി, 12:8), ‘കർത്താവിനെ (യേശു) വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.’ (2തിമൊ, 2:22) എന്നും കല്പിച്ചിട്ടുണ്ട്. കൂടാതെ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാനം യോഹന്നാൻ പ്രാർത്ഥിക്കുന്നു. “ആമേൻ, കർത്താവായ യേശുവേ, വരേണമേ,” (വെളി, 22:20). എല്ലാക്കാലത്തുമുള്ള ഭക്തന്മാരുടെ പ്രാർത്ഥനയാണിത്. മനുഷ്യനായി വെളിപ്പെട്ട യേശു പിതാവിനോട് പ്രാർത്ഥിക്കാൻ പറയുകയും, ആദിമസഭ അതായത് അപ്പൊസ്തലന്മാരടക്കം യേശുവിൻ്റെ നാമംമാത്രം വിളിച്ചപേക്ഷിക്കുകയും ചെയ്താൽ അതിനർത്ഥമെന്താണ്? സ്വർഗ്ഗീയ പിതാവാണ് പുത്രൻ എന്ന സ്ഥാനത്തിൽ മനുഷ്യനായി വെളിപ്പെട്ടതെന്നല്ലേ?
50. സഭയുടെ ഉൽപ്രാപണവുമായി ബന്ധപ്പെട്ട പ്രവചനത്തിൽ: യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരുമെന്നു പഴയനിയമവും; യേശുക്രിസ്തു ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുമെന്ന് പുതിയനിയമവും പറയുന്നു. യഹോവയും യേശുവും വ്യതിരിക്തരാണെങ്കിൽ ഈ പ്രവചനവും തെറ്റില്ലേ?
[ചോദ്യം വിശദമായി: കർത്താവിൻ്റെ പുനരാഗമനത്തിനു രണ്ട് ഘട്ടങ്ങളുള്ളതായിട്ടാണ് ബൈബിളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒന്നാമത്തത് സഭയ്ക്കുവേണ്ടി ഉള്ളതാണ്: “യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽ പോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. ….. അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.” (സെഖ, 9:14-16). “കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.” (1തെസ്സ, 4:16. ഒ.നോ: യോഹ, 14:1-3; 1കൊരി, 15:13-18). യഹോവയും യേശുവും രണ്ടു വ്യക്തികളാണെങ്കിൽ ഈ പ്രവചനം എന്തായിത്തീരുമെന്ന് ചിന്തിക്കുക?]
51. യിസ്രായേലിനോട് ബന്ധപ്പെട്ട മഹത്വപ്രത്യക്ഷതയിൽ: ശത്രുക്കളോട് വ്യവഹരിക്കാൻ യഹോവ അഗ്നിജ്വാലയിൽ പ്രത്യക്ഷനാകുമെന്ന് പഴയനിയമവും; യേശുക്രിസ്തു അഗ്നിജ്വാലയിൽ പ്രത്യക്ഷനാകുമെന്ന് പുതിയനിയമവും പറയുന്നു. യഹോവയും യേശുവും ഒരാളല്ലെങ്കിൽ ഈ പ്രവചനത്തിൻ്റെ ഗതിയെന്താകും?
[ചോദ്യം വിശദമായി: കർത്താവിൻ്റെ പുനരാഗമനത്തിൻ്റെ രണ്ടാമത്തെ ഘട്ടമാണിത്: “യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോടോ അവൻ ക്രോധം കാണിക്കും. യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടും കൂടെ നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയിരിക്കും. യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാർ വളരെ ആയിരിക്കും.” (യെശ, 66:14-16. ഒ.നോ: സെഖ, 12:10-14). “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ.” (2തെസ്സ, 1:6,7. ഒ.നോ: മത്താ, 24:30; എബ്രാ, 1:6; വെളി, 1:7). യഹോവയും യേശുവും ഒരാളല്ലെങ്കിൽ ഈ പ്രവചനത്തിനോക്കെ എന്തർത്ഥമാണുള്ളത്?]
52. മഹത്വപ്രത്യക്ഷതയെക്കുറിച്ചുള്ള കൃത്യമായ പ്രവചനം വേറെയുമുണ്ട്: യഹോവയുടെ ദിവസത്തിൽ ജാതികളോട് പൊരുതാൻ യഹോവ ഒലിവുമലയിൽ കാൽ ചവിട്ടുമെന്ന് സെഖര്യാവും ക്രിസ്തു മടങ്ങിവരുമെന്ന് ദൂതന്മാരും പ്രവചിക്കുന്നു. യഹോവയും യേശുവും വ്യതിരിക്തരാണെങ്കിൽ ഇതൊക്കെ അബദ്ധപ്രവചനങ്ങൾ ആകില്ലേ?
[ചോദ്യം വിശദമായി: സെഖര്യാവ് പ്രവചിക്കുന്നു: “അന്നാളിൽ യഹോവയുടെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:4). യേശു ഒലിവുമലയിൽ നിന്നു സ്വർഗ്ഗാരോഹണം ചെയ്തശേഷം വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ അപ്പൊസ്തലന്മാരുടെ അടുത്തുവന്നു പറഞ്ഞത്: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും.” (പ്രവൃ, 1:11,12). ഒലിവുമലയിൽ മടങ്ങിവരുന്നവൻ യേശുവാണെന്നാണ് ദൂതന്മാർ പറഞ്ഞത്. അവൻ മേഘാരൂഢനായി വരുമെന്ന് വെളിപ്പാടിലും പറയുന്നു. (1:7). യഹോവ അഗ്നിജ്വാലയിലും മേഘാരൂഢനായും വരുന്നതിൻ്റെ വേറെയും പ്രവചനങ്ങൾ പഴയനിയമത്തിലുമുണ്ട്. (ആവ, 33:26; യെശ, 66:15). ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് യേശു സ്പഷ്ടമായിട്ടിത് പറയുന്നുണ്ട്: “മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും.” (മത്താ, 16:27). ഈ.ആർ.വി.യിൽ “പിതാവിന്‍റെ മുഴുവന്‍ തേജസ്സോടെ വരും” എന്നാണ്. “നിത്യപിതാവ് എന്നു പേർ വിളിക്കപ്പെടും” (9:6) എന്ന യെശയ്യാപ്രവചനം നിവൃത്തിയാകുന്നത് അപ്പോഴാണ്. പിതാവും പുത്രനും വ്യത്യസ്ത വ്യക്തികളാണെങ്കിൽ ഇതിൽ ഒരു പ്രവചനം എന്തായാലും പാഴായിപ്പോകും. ദൈവത്തിൻ്റെ വചനം നിവൃത്തിയാകില്ലെന്നാണോ ത്രിത്വവിശ്വാസികളുടെ വിചാരം? ആകാശവും ഭൂമിയും മാറിപ്പോയാലും ദൈവത്തിൻ്റെ വചനം വള്ളിപുള്ളി വിടാതെ നിവൃത്തിയാകണ്ടേ?]
53. ‘യഹോവ എന്നെന്നേക്കും രാജാവാകുന്നു’ എന്നു പഴയനിയമവും, ‘യേശു യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും’ എന്നു പുതിയനിയമവും പറയുന്നു. ത്രിത്വത്തിൽ എത്ര രാജാക്കന്മാരുണ്ട്? മുന്നുപേരുംകൂടി ഒരു സിംഹാസനത്തിൽ ഇരിക്കുമോ? പ്രവചനങ്ങളെല്ലാം പാളുകയാണോ?
[ചോദ്യം വിശദമായി: ‘യഹോവ എന്നെന്നേക്കും രാജാവാകുന്നു.’ (സങ്കീ, 10:16. ഒ.നോ: സങ്കീ, 29:10; യെശ, 44:6; വിലാ, 5:19; സെഖ, 14:9). യേശുവനെക്കുറിച്ച്: “അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊ, 1:33. ഒ.നോ: യോഹ, 1:49; എബ്രാ, 1:8; വെളി, 19:6). സ്വർഗ്ഗത്തിലെ സിംഹാസനത്തിൽ എന്നെന്നേക്കും രാജാവായ യഹോവ ഇരിപ്പുണ്ട്. യേശുവും എന്നേക്കും രാജാവാണെന്നും ബൈബിൾ വ്യക്തമാക്കുന്നു. യിസ്രായേലിന്റെ രാജാവ് യഹോവയാണെന്ന് പഴയനിയമവും (യെശ, 44:6); യിസ്രായേലിന്റെ രാജാവു യേശുക്രിസ്തുവാണെന്ന് പുതിയനിയമവും വ്യക്തമായി പറയുന്നു. (യോഹ, 1:49). സ്വർഗ്ഗത്തിലാണെങ്കിൽ ഒരു സിംഹാനമേയുള്ളു. (വെളി, 4:2). രണ്ടു രാജാക്കന്മാരും കൂടി ഒരു സിംഹാസനത്തിലിരിക്കുമോ? അതോ, കേരളം ഭരിക്കുന്നപോലെ അഞ്ചോ പത്തോ കൊല്ലംവീതം മാറിമാറി ഭരിക്കുമോ? പുത്രൻ നിങ്ങൾക്ക് നിത്യപുത്രനാണ് അല്ലെങ്കിൽ എന്തെങ്കിലും പറഞ്ഞ് രക്ഷപെടാമായിരുന്നു. ഇതിനെയൊക്കെ എങ്ങനെ വ്യാഖ്യാനിക്കും? ദുരുപദേശമാണെങ്കിലും പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് ഒരു ചേർച്ചയൊക്കെ വേണ്ടേ?]
54. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” ത്രിത്വോപദേശപ്രകാരം ഈ പ്രവചനത്തിൻ്റെ രണ്ടാംഭാഗം ചീറ്റിപ്പോയോ?
[ചോദ്യം വിശദമായി: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). യേശുവിനെക്കുറിച്ചുള്ള മേല്പറഞ്ഞ പ്രവചനങ്ങളെല്ലാം തൻ്റെ ഐഹിക കാലത്ത് നിവൃത്തിയായതാണ്. നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു – “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അത്ഭുതമന്ത്രി – ‘യേശു ചെയ്ത അത്ഭുതങ്ങൾ കണ്ടിട്ടു’ (മത്താ, 21:15), ‘യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും’ (പ്രവൃ, 4:30). വീരനാം ദൈവം – മഹാദൈവം (Mighty God: GNV. തീത്തൊ 2:12). നിത്യപിതാവ് – ‘എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ (യോഹ, 14:8,9), ‘എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ’ (യോഹ, 20:28). സമാധാന പ്രഭു – ‘എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു’ (യോഹ, 14:27; ‘അവൻ നമ്മുടെ സമാധാനം’ (എഫെ, 2:14). യേശു നിത്യപുത്രനാണെന്ന് വിശ്വസിക്കുന്ന ത്രിത്വബുദ്ധിയിൽ ചിന്തിച്ചാൽ, ഈ രണ്ടുപ്രവചനവും ഒരാളിൽ നിറവേറുക സാദ്ധ്യമല്ല. പക്ഷെ, പ്രവചനമൊന്നും മനുഷ്യൻ്റെ ബുദ്ധിമൂശയിൽ നിന്നല്ല; ദൈവകല്പനയാൽ വന്നതുകൊണ്ട് (2പത്രൊ, 1:20,21) അത് നിറവേറുക തന്നെവേണം. പുത്രനെന്നതും പിതാവെന്നതും പദവികളാണ്; പക്ഷെ, ഏത് പദവിയോട് ചേർത്താണ് നിത്യം (eternal) എന്നു ചേർത്തിരിക്കുന്നത്, ആ പദവിയാണ് ജഡത്തിൽ വെളിപ്പെട്ടവൻ്റെ ശാശ്വതമായ പദവി. സർവ്വത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും നിത്യപിതാവുമായ യഹോവ മനുഷ്യൻ്റെ രക്ഷയോടുള്ള ബന്ധത്തിൽ തൻ്റെ പദവി ഗണ്യമാക്കാതെ പുത്രനെന്ന സ്ഥാനത്തിൽ വെളിപ്പെട്ടതുകൊണ്ട് രണ്ടു പ്രവചനവും ഒരാളിൽത്തന്നെ നിവൃത്തിയായത്. (യെശ, 9:6; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). ത്രിത്വത്തെ സംബന്ധിച്ച് നിത്യപുത്രനായവനെ നിത്യപുത്രനെന്ന് എങ്ങനെ വിളിക്കും?]
55. “യഹോവയുടെ മുമ്പിലാണ് സകലരുടേയും മുഴങ്കാൽ മടങ്ങുന്നതെന്ന് പഴയനിയമവും; യേശുവിൻ്റെ മുമ്പിലാണ് സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുന്നതെന്ന് പുതിയനിയമവും പറയുന്നു.” യഹോവയും യേശുവും വ്യത്യസ്തരാണെങ്കിൽ ഇവിടെയും പ്രവചനം പാളിപ്പോകില്ലേ?
[ചോദ്യം വിശദമായി: സത്യവേദപുസ്തകം നൂതന പരിഭാഷ ചേർക്കുന്നു: “ഞാന്‍ ശപഥം ചെയ്യുന്നു: “ഒരിക്കലും തിരിച്ചെടുക്കപ്പെടാത്ത നീതിപൂര്‍വമായ വാക്കുകള്‍ എന്നില്‍നിന്നു പുറപ്പെടുന്നു. എന്‍റെ മുമ്പില്‍ എല്ലാ മുട്ടുകളും മടങ്ങും, എല്ലാ നാവുകളും എന്‍റെ നാമത്തില്‍ സത്യം ചെയ്യും. നീതിയും ബലവും സര്‍വേശ്വരനില്‍ മാത്രമെന്ന് എന്നെക്കുറിച്ചു പറയും. എന്നെ വെറുത്തവര്‍ എല്ലാവരും എന്‍റെ മുമ്പില്‍ ലജ്ജിതരാകും.” (യെശ, 45:23-24). “അങ്ങനെ യേശുവിന്‍റെ ശ്രേഷ്ഠനാമത്തെ ആദരിച്ച് അവിടുത്തെ സ്വര്‍ഗത്തിലും ഭൂമിയിലും അധോലോകത്തിലുമുള്ള എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി, യേശുക്രിസ്തു കര്‍ത്താവെന്ന് എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു.” (ഫിലി 2:10-11). ഇവിടെ “യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയണം” എന്നെഴുതിയിരിക്കയാൽ പിതാവും പുത്രനും വ്യത്യസ്തരാണെന്നാണ് പലരും കരുതുന്നത്. ഇക്കൂട്ടർ ബോധപൂർവ്വം വിസ്മരിച്ചുകളയുന്ന ഒരു വസ്തുതയുണ്ട്. പഴയനിയമത്തിൽ യഹോവ അഥവാ യാഹ്വേ എന്ന നാമത്തെയാണ് സെപ്റ്റ്വജിൻ്റിലും പുതിയനിയമത്തിലും kyrios എന്ന് തർജ്ജമ ചെയ്തിരിക്കുന്നത്. ദൈവത്തെ theos എന്നും. ഏതാണ്ട് 670-തോളം പ്രാവശ്യം കർത്താവ് (യഹോവ) പുതിയനിയമത്തിലുണ്ട്; അതിൽ ഏകദേശം 450-തോളം പ്രാവശ്യം kyrios ക്രിസ്തുവിനെയാണ് കുറിക്കുന്നത്. മേല്പറഞ്ഞ വാക്യത്തിലുള്ള കർത്താവ് തന്നെയാണ് യഹോവ. റോമർ 10:9-ൽ രക്ഷയ്ക്കായി ഏറ്റുപറയേണ്ട കർത്താവും, പ്രവൃത്തി 2:36-ലെ കർത്താവുമെല്ലാം യഹോവയാണ്. “പിതാവായ ഏക ദൈവമേ നമുക്കുള്ളു; യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” (1കൊരി, 8:6) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഏകസത്യദൈവത്തിൻ്റെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്നതാണ്. മറിച്ചായാൽ, പഴയനിയമത്തിലെ പ്രവചനങ്ങളെല്ലാം വ്യാജമെന്നേവരൂ. പുത്രൻ്റെ മുമ്പിൽ മുഴങ്കാൽ മടക്കി “യേശുക്രിസ്തു കർത്താവ് അഥവാ പഴയനിയമത്തിലെ യഹോവ” എന്നാണ് എല്ലാ നാവും ഘോഷിക്കേണ്ടത്. അങ്ങനെ ഘോഷിക്കുമ്പോഴാണ് പിതാവായ ദൈവത്തിന് മഹത്വമുണ്ടാകുന്നത്; കാരണം പിതാവും പുത്രനും ഒരാൾ തന്നെയാണ്. യഹോവയുടെ വായിൽനിന്ന് മടങ്ങാത്ത അഥവാ തിരിച്ചെടുക്കാൻ പറ്റാത്ത വചനമാണ് പുറപ്പെട്ടത്. സകലരുടേയും കാൽ തൻ്റെ മുമ്പിൽ മടങ്ങുമെന്ന് യഹോവ സത്യം ചെയ്ത് അരുളിച്ചെയ്ത പ്രവചനം തന്നിൽത്തന്നെ നിവൃത്തിയാകേണ്ടേ?]
56. “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു.” യേശുക്രിസ്തു പൂണ്ണമായും ജഡത്തിൽ വന്നുവെന്നാണോ ത്രിത്വം വിശ്വസിക്കുന്നത്; അതോ ഇരുപ്രകൃതി ആയിരുന്നെന്നോ?
[ചോദ്യം വിശദമായി: സത്യവേദപുസ്തകം നൂതന പരിഭാഷ ഇങ്ങനെയാണ്: “ദൈവാത്മാവിനെ തിരിച്ചറിയുന്നത് ഇങ്ങനെയാണ്. യേശുക്രിസ്തു മനുഷ്യനായി വന്നു എന്ന് ഏറ്റുപറയുന്ന ഏത് ആത്മാവും ദൈവത്തില്‍ നിന്നുള്ളതാകുന്നു. (1യോഹ, 4:2. ഒ.നോ: 1യോഹ, 4:3; 2യോഹ, 1:7). “യേശുക്രിസ്തു സമ്പൂർണ്ണ മനുഷ്യനായി വന്നു” എന്നാണ് മറ്റൊരു പരിഭാഷ (MSV). എന്നാൽ ത്രിത്വം വിശ്വസിക്കുന്നതെന്താണ്? യേശു ജഡത്തിൽ സമ്പൂർണ്ണ മനുഷ്യൻ മാത്രമാണെന്ന് വിശ്വസിക്കാതെ; പൂർണ്ണദൈവവുമാണെന്ന് വിശ്വസിക്കുന്നു. പൂർണ്ണദൈവമാണോ മറിയയുടെ ഉദരത്തിൽ ശിശുവായി ജനിച്ചത്? പൂർണ്ണദൈവമാണോ ഉപജീവനത്തിനായി മരപ്പണി ചെയ്തത്? പൂർണ്ണദൈവമാണോ പ്രാണഭയത്താൽ മിസ്രയീമിലേക്ക് പാലായനം ചെയ്യപ്പെട്ടത്? പൂർണ്ണദൈവമാണോ ദൈവത്തിൻ്റെയും മനുഷ്യരുടേയും കൃപയിൽ മുതിർന്നുവന്നത്? പൂർണ്ണദൈവമാണോ പിശാചിനാൽ പരീക്ഷിക്കപ്പെട്ടത്? പൂർണ്ണദൈവമാണോ വിശപ്പും ദാഹവും മൂലം ക്ഷീണിച്ചത്? പൂർണ്ണദൈവത്തെയാണോ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം അഭിഷേകം ചെയ്തത്? പൂർണ്ണദൈവമാണോ അതിരാവിലെയും, വൈകുന്നേരത്തും, രാത്രിയിലും, ശുശ്രൂകളുടെ തുടക്കത്തിലും പിതാവിനോട് പ്രാർത്ഥിച്ചത്? പൂർണ്ണദൈവമാണോ എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ലെന്ന് പറയുന്നത്? പൂർണ്ണദൈവമെങ്ങനെ ദൂതന്മാരിൽ താഴ്ചവന്നവനായി? പൂർണ്ണദൈവമാണോ ആത്മാവിനാൽ നീതീകരിക്കപ്പെട്ടത്? പൂർണ്ണദൈവമാണോ മനുഷ്യർക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടത്? പൂർണ്ണദൈവമാണോ താൻ സഹിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ച് തികഞ്ഞവനായത്? പൂർണ്ണദൈവത്തിൻ്റെ അനുസരണമാണോ ആദാമിൻ്റെ ലംഘനത്തിന് പകരം നീതിയായത്? പൂർണ്ണദൈവമാണോ ഗെത്ത്ശെമനയിൽ മാനവകുലത്തിൻ്റെ പാപമെല്ലാം വഹിച്ച് പരിക്ഷീണനായി നിലത്തുവീണത്? പൂർണ്ണദൈവത്തെയാണോ ദൂതൻ വന്ന് ശക്തിപ്പെടുത്തിയത്? പൂർണ്ണദൈവമാണോ “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ” എന്ന് പ്രാർത്ഥിച്ചത്? പൂർണ്ണദൈവത്തെയാണോ യെഹൂദന്മാർ ക്രൂശിച്ചത്? പൂർണ്ണദൈവമാണോ എന്നെ കൈവിട്ടതെന്തെന്നു ചോദിച്ച് നിലവിളിച്ചത്? പൂർണ്ണദൈവമാണോ ക്രൂശിൽ മരിച്ചത്? പൂർണ്ണദൈവമാണോ പിതാവ് മാത്രം സത്യദൈവം (the only true God) എന്ന് പറയുന്നത്? യേശു ജഡത്തിലും പൂർണ്ണദൈവമായിരുന്നു എന്നു വിശ്വസിക്കുന്ന നിങ്ങൾ ഏതർത്ഥത്തിലാണ് യേശു സമ്പൂർണ്ണമനുഷ്യനായി വന്നുവെന്ന് വിശ്വസിക്കുന്നത്??? ദൈവസമാനത മുറുകെപ്പിടിക്കാതെ ക്രൂശിലെ മരണത്തോളം അനുസരണം കാണിച്ച പൂർണ്ണമനുഷ്യനെങ്ങനെ പൂർണ്ണദൈവമാകും??? മനുഷ്യനായ ക്രിസ്തേശു എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അവൻ ”ദൈവം ആയിരുന്നു” ജഡത്തിൽ അല്ലതാനും. എതിർക്രിസ്തുവുമായി സഖ്യം ചെയ്തിട്ട് ക്രിസ്ത്യാനിയെന്ന് വ്യാജം പറയുന്നുവോ?]
57. “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു?” പിതാവും പുത്രനും പരിശുദ്ധാത്മാവും സമതുല്യരായ മൂന്ന് വ്യക്തികളാണെന്ന് വിശ്വസിക്കുന്ന ത്രിത്വക്കാർ യേശുവിൻ്റെ അഭിഷിക്തപദവി നിഷേധിക്കുന്ന കള്ളന്മാരല്ലേ?
[ചോദ്യം വിശദമായി: “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” (1യോഹ, 2:22). മശീഹാ, ക്രിസ്തു എന്നീ പേരുകളുടെ അർത്ഥം അഭിഷിക്തൻ എന്നത്രേ. ബൈബിളിൽ പേർപറയപ്പെട്ടിരിക്കുന്ന 17 അഭിഷിക്തന്മാരാണുള്ളത്. അഹരോൻ, നാദാബ്, അബീഹു, എലെയാസർ, ഈഥാമാർ, സാദോക്ക്, ശൗൽ, ദാവീദ്, അബ്ശാലോം, ശലോമോൻ, ഹസായേൽ, യേഹൂ, യോവാശ്, യെഹൊവാഹാസ്, കോരെശ്, ഏലീശ, യേശുക്രിസ്തു. പുരോഹിതന്മാർ, രാജാക്കന്മാർ, പ്രവാചകന്മാർ എന്നിങ്ങനെ മൂന്ന് ഗണത്തിൽ ഉൾപ്പെട്ടവരെയാണ് അഭിഷേകം ചെയ്യുന്നത്; യേശുവിന് മൂന്നുപദവികളുമുണ്ട്. (എബ്രാ, 3:1; മത്താ, 2:2; പ്രവൃ, 3’22). പഴയപുതിയ നിയമങ്ങളിൽ അഭിഷിക്തനെന്ന് പറഞ്ഞിരിക്കുന്ന ഏകവ്യക്തിയും യേശുവാണ്. (സങ്കീ, 2:2; 45:7; യെശ, 61:1; ലൂക്കൊ, 4:18). ദൈവം തൻ്റെ ശുശ്രൂഷകൾക്കായി വ്യക്തികളെ വേർതിരിച്ച് വിശുദ്ധീകരിക്കുന്നതാണ് അഭിഷേകം. അഭിഷിക്തനാകാനുള്ള പ്രഥമയോഗ്യത ഒരു മനുഷ്യൻ ആയിരിക്കണം എന്നുള്ളതാണ്. യേശുക്രിസ്തു എന്നതിലെ ‘യേശു’ എന്നത് ‘യഹോവ രക്ഷയാകുന്നു’ എന്നർത്ഥമുള്ള സംജ്ഞാനാമവും; ‘ക്രിസ്തു’ എന്നത് ‘അഭിഷിക്തൻ’ എന്നുമാണ്. അതായത് അഭിഷിക്തനായ യേശുവെന്നോ, അഭിഷിക്തനായ മനുഷ്യനെന്നോ യേശുവിനെ വിളിക്കാം. പക്ഷെ, അഭിഷിക്തൻ ഒരിക്കലും ദൈവമാകില്ല; ദൈവത്തിനു അഭിഷേകം നല്കുന്നവനല്ലാതെ; അഭിഷിക്തനാകാൻ കഴിയില്ല. ത്രിത്വം എന്താണ് പഠിപ്പിക്കുന്നത്: “ജഡത്തിൽ വന്നവന് പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നു.” ഇരുപ്രകൃതി ഉള്ളവന് എന്തിനാണ് അഭിഷേകം. പൂർണ്ണദൈവത്തിന് അഭിഷേകമെന്ന ശക്തി വേണമെങ്കിൽ ആ ദൈവമെത്ര ബലഹീനനാണ്. യഹോവയാണ് പൂർണ്ണമനുഷ്യനായി ജഡത്തിൽ വെളിപ്പെട്ടതെന്ന് ബൈബിൾ പറയുകയും, ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30), ‘എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു’ (യോഹ, 14:9) എന്നൊക്കെ യേശുതന്നെ പറയുകയും ചെയ്യുമ്പോൾ; അല്ല, പിതാവും പുത്രനും സമതുല്യരായ വ്യക്തികളാണെന്ന് പറയുന്നവർ യേശുവെന്ന അഭിഷിക്തനെ അഥവാ ക്രിസ്തുവിനെ (പൂർണ്ണമനുഷ്യൻ) നിഷേധിക്കുകയല്ലേ? പിതാവ് മാത്രമാണ് സത്യദൈവം (the only true God) എന്ന് യേശു പറയുന്നത് ജഡത്തിൽ താൻ അഭിഷിക്തനായ മനുഷ്യൻ മാത്രമായതുകൊണ്ടാണ്. താൻ ഒരിക്കലും ദൈവമാണെന്ന് യേശു അവകാശപ്പെട്ടുമില്ല. തന്നെ നല്ലവൻ എന്നു വിളിച്ചതുപോലും വിലക്കിയ യേശു ഉയിർപ്പിനുശേഷം “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു വിളിച്ച തോമാസിനെ വിലക്കിയില്ലെന്നും ഓർക്കുക. മഹാദൈവം സത്യദൈവം എന്നൊക്കെ അപ്പൊസ്തലന്മാർ പറയുന്നതും സ്വർഗ്ഗാരോഹണത്തിന് ശേഷമാണ്; അതാണ് യേശുവിൻ്റെ സാക്ഷാൽ അസ്തിത്വം. മനുഷ്യർക്കുവേണ്ടി മരണംവരിച്ച യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്ത ത്രിത്വോപദേശമല്ലേ വ്യാജോപദേശം? യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നത് ത്രിത്വമല്ലേ?]
58. യേശു ദൈവത്തിന്റെ അക്ഷരിക പുത്രനാണെന്ന് ത്രിത്വം വിശ്വസിക്കുന്നു. ഈ പുത്രനെത്തന്നെയല്ലേ ദൈവത്തിൻ്റെ ഏകജാതനെന്നും ആദ്യജാതനെന്നും ബൈബിൾ വിശേഷിപ്പിക്കുന്നത്? ദൈവത്തിന്റെ പത്രനെങ്ങനെ ഒരേസമയം ആദ്യജാതനും ഏകജാതനും ആയിരിക്കാൻ കഴിയും?
[ചോദ്യം വിശദമായി: യേശുവിൻ്റെ പുത്രത്വം ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. പുത്രത്വമാണ് മനുഷ്യർക്ക് രക്ഷ നല്കിയത്; അതാർക്കും നിഷേധിക്കാൻ കഴിയുന്നതല്ല. എന്നാൽ യേശു അക്ഷരിക പുത്രനാണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല; പ്രത്യുത നിത്യപിതാവെന്ന് വിളിക്കപ്പെടേണ്ടവനുമാണ്. (യെശ, 9:6). പുത്രനെന്നത് മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവമെടുത്ത സ്ഥാനം അഥവാ പദവി മാത്രമാണ്. (യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15; ലൂക്കൊ, 1:33). രക്ഷണ്യവേല പൂർത്തിയാക്കി രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കുന്നതുവരെ പുത്രനെന്ന പദവി ദൈവത്തിന് ഉണ്ടാകുകയും ചെയ്യും. (1കൊരി, 15:24). ക്രിസ്തുവിൻ്റെ പുത്രത്വം പദവിയാണെന്നറിയാത്തതാണ് കുഴപ്പം. ബൈബിളിൽ യേശുവിനെ പുത്രനെന്നു മാത്രമല്ല പറയുന്നത്; ആദ്യജാതനെന്നും ഏകജാതനെന്നും അഞ്ചുപ്രാവശ്യം വീതം പറയുന്നുണ്ട്. ഏകജാതൻ്റെയർത്ഥം: സഹോദരങ്ങളില്ലാത്തവൻ അഥവാ ഒറ്റപ്പുത്രൻ എന്നാണ്. ക്രിസ്തു ദൈവത്തിൻ്റെ അക്ഷരിക പുത്രനാണെന്ന് വിശ്വസിക്കുന്നവർക്ക് ആശ്വാസം നല്കുന്ന പ്രയോഗമാണ് ഏകജാതൻ. പക്ഷെ ആദ്യജാതനെന്ന് വിളിക്കുന്നതോ? ആദ്യജാതൻ്റെയർത്ഥം: മൂത്ത പുത്രനെന്നാണ്. ആദ്യജാതനെന്ന പ്രയോഗംതന്നെ അനന്തരജാതന്മാരെ കുറിക്കുന്നു. ഒന്നാമത്; ഒരു വ്യക്തിക്ക് ദൈവത്തിൻ്റെയായാലും മനുഷ്യൻ്റെയായാലും ഏകജാതനും ആദ്യജാതനും ഒരുപോലെ ആയിരിക്കുവാൻ കഴിയില്ല. കാരണം, ഏകജാതന് വിപരീതമാണ് ആദ്യജാതനെന്ന പ്രയോഗം. അക്ഷരികാർത്ഥത്തിൽ മറിയയുടെ മാത്രം ആദ്യജാതനാണ് ക്രിസ്തു; ദൈവത്തിൻ്റെയല്ല. രണ്ടാമത്; പുത്രൻ, ഏകജാതൻ (ഒറ്റപ്പുത്രൻ), ആദ്യജാതൻ (മൂത്തപുത്രൻ) എന്നൊക്കെ പറഞ്ഞാലും ദൈവത്തിൻ്റെ പുത്രൻ തന്നെയാണ്. തന്മൂലം സ്ഥാനത്തിൽ അഥവാ പദവിയിൽ മാത്രമേ ക്രിസ്തുവിനു ദൈവത്തിൻ്റെ പുത്രനായിരിക്കാൻ കഴിയൂ. ഏകജാതനെന്ന പ്രയോഗത്തിനാധാരം; സൃഷ്ടികളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തവൻ അഥവാ തൻ്റെ നിസ്തുലജനനമാണ്. ആ അർത്ഥത്തിൽ ക്രിസ്തുവെന്ന ഒറ്റപ്പുത്രനേയുള്ളു. (ലൂക്കൊ, 1:30-33). ആദ്യജാതനാകട്ടെ; തൻ്റെ ക്രൂശുമരണത്താൽ അനേകരെ ദൈവത്തിനു മക്കളാക്കിയതുകൊണ്ടും. (എബ്രാ, 2:14,15). ആ അർത്ഥത്തിൽ ക്രിസ്തുമൂലം ദത്തെടുക്കപ്പെട്ട അനവധി മക്കൾ ദൈവത്തിനുണ്ട്. ഇനി, അക്ഷരികമായി ക്രിസ്തു ദൈവത്തിൻ്റെ പുത്രനാണെന്ന് പറയാൻ ‘ആദ്യജാതൻ’ എന്ന പ്രയോഗം ആരെയും അനുവദിക്കുന്നില്ല. കാരണം, ക്രിസ്തുവിനു തുല്യരായ അനന്തരജാതന്മാർ ദൈവത്തിനുണ്ടെങ്കിലേ അങ്ങനെ വിളിക്കാൻ കഴിയു? സ്വർഗ്ഗത്തേക്കാൾ ഉന്നതനായ ക്രിസ്തുമൂലം വീണ്ടെടുക്കപ്പെട്ടവരാരും അവനോട് തുല്യരാണെന്ന് പറയില്ല; ഒരുപക്ഷെ ലൂസിഫർ പറഞ്ഞേക്കും. മൂന്നാമത്; ക്രിസ്തു തന്നെത്തന്നെ മനുഷ്യപുത്രനെന്നാണ് വിശേഷിപ്പിച്ചത്. ദൈവപുത്രൻ മനുഷ്യപുത്രൻ എന്ന പ്രയോഗവും പുത്രനെന്നത് സ്ഥാനനാമമാണെന്ന് തെളിവുനല്കുന്നു. ദൈവം മനുഷ്യനായി വന്നതുകൊണ്ടാണ് ദൈവപുത്രൻ മനുഷ്യപുത്രൻ എന്നിങ്ങനെ അഭിന്നമായി വിളിക്കുന്നത്. പുത്രനെന്നത് ദൈവം ജഡത്തിൽ വെളിപ്പെട്ടപ്പോൾ എടുത്ത പദവിയാണെന്നറിയാതെ; യേശുക്രിസ്തു ദൈവത്തിൻ്റെ അക്ഷരിക പുത്രനാണെന്ന്
പഠിപ്പിക്കുന്നത് ന്യായമോ?]
59. ന്യായപ്രമാണത്തിൽനിന്നു വള്ളിപുള്ളി വിടാതെ സകലതും നിവൃത്തിയാകണം. പഴയനിയമത്തിൽ യഹോവയാൽ നിവർത്തിയാകേണ്ട അനേകം പ്രവചനങ്ങൾ നിലനില്ക്കേയാണ്, ന്യായപ്രമാണത്തെ നിവർത്തിക്കുവാനാണ് താൻ വന്നതെന്ന് ക്രിസ്തു അവകാശപ്പെട്ടത്. ഒന്നെങ്കിൽ; വന്നവൻ യഹോവയാണ്. അല്ലെങ്കിൽ; അവൻ ചതിയനല്ലാതെ മറ്റാരാണ്?
[ചോദ്യം വിശദമായി: പഴയനിയമത്തിൽ യഹോവയാൽ നിവൃത്തിയാകേണ്ട ഒത്തിരി പ്രവചനങ്ങൾ ബാക്കിയുള്ളപ്പോഴാണ് യെശയ്യാവ് 7:14 നിവൃത്തിച്ചുകൊണ്ട് ദൈവം നമ്മോടുകൂടെ (ഇമ്മാനൂവേൽ) വസിപ്പാൻ മനുഷ്യനായി വന്നത്. (മത്താ, 1:21,22; 1യോഹ, 1:1; 1:18; ഫിലി, 2:6-8; 1തിമൊ, 3:15,16; എബ്രാ, 2:14,15). യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21), പുത്രനെന്ന സ്ഥാനനാമത്തിലും (ലൂക്കൊ, 1:32) ജഡത്തിൽ വെളിപ്പെട്ടവൻ അരുളിച്ചെയ്യുന്നു: “ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവൃത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.” (മത്താ, 5:17. ഒ.നോ: ലൂക്കൊ, 16:17). ആകാശവും ഭൂമിയും മാറിപ്പോയാലും ഇപ്പറഞ്ഞവൻ്റെ വാക്കുകൾക്ക് ഒരുനാളും മാറ്റമുണ്ടാകില്ല. (മത്താ, 24:35; മർക്കൊ, 13:31; ലൂക്കൊ, 21:33). വള്ളിപുള്ളി മാറ്റമില്ലാതെ ന്യായപ്രമാണം നിവൃത്തിയാകണമെന്ന് പറയുമ്പോൾ; യഹോവയല്ലാതെ മറ്റാരെങ്കിലും വന്ന് പ്രവചനങ്ങൾ നിവൃത്തിച്ചാൽ മതിയാകുമോ? പോര. യഹോവ തന്നെ വന്ന് ചെയ്യണം. യേശുവിൻ്റെ ഐഹിക ശുശ്രൂഷയോടുള്ള ബന്ധത്തിൽ നിവൃത്തിയായതും (യെശ, 40:3; മലാ, 3:1–മത്താ, 3:3; മർക്കൊ, 1:2,3); (യെശ, 40:5–ലൂകൊ, 2:30,33); (ഇയ്യോ, 19:25–യോഹ, 1:14, 18); (ഉല്പ, 28:12,13–യോഹ, 1:51); (യെശ, 35:4-6–മതാ, 11:4-6); (യെശ, 53:1; 6:9,10–യോഹ, 12:38-41);; (പുറ, 3:14-16–യോഹ, 8:24); (യെശ, 52:6–യോഹ, 8:28); ( യെശ, 11:3–മത്താ, 27:9,10); യെശ, 25:8,9–എബ്രാ, 2:14,15); (യെശ, 43:10–പ്രവൃ, 1:8); യെശ, 45:22–പ്രവൃ, 4:12), ഇനി നിവൃത്തിയാകാനുള്ളതും (സെഖ, 9:14-16–1തെസ്സ, 4:16); യെശ, 66:14-16–2തെസ്സ, 16,7); (സെഖ, 14:4–പ്രവൃ, 1:11,12); (സങ്കീ, 10:16– ലൂക്കൊ, 1:33; യോഹ, 1:49); യെശ, 45:23,24–ഫിലി, 2:10,11) ആയ മേല്പറഞ്ഞ പ്രവചനങ്ങളൊക്കെ യഹോവ വന്ന് നിവൃത്തിയാക്കേണ്ടതാണ്. ഇനി ദൈവത്തിനൊരു പുത്രനുണ്ടെങ്കിൽ, പുത്രൻ വന്നാലും പ്രവചനമെങ്ങനെ നിവൃത്തിയാകും? ഏകസത്യദൈവമാണ് നമുക്കുള്ളത്. (യോഹ, 17:3). ആ ദൈവമാണ് മനുഷ്യനായി മണ്ണിൽ വന്നത്. (1തിമൊ, 3:16). അല്ലെങ്കിൽ യെഹൂദരെപ്പോലെ നമുക്കും വിശ്വസിക്കാം അവൻ ചതിയനായിരുന്നു. അവരെപ്പോലെ നമുക്കും ആ ചതിയനെ ക്രൂശിക്കാം!]
60. കർത്താവേ, ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം’ എന്ന ആവശ്യമറിയിച്ച ഫിലിപ്പോസിനോട് താൻ തന്നെയാണ് പിതാവെന്ന് യേശു പറയുമ്പോൾ; അങ്ങനല്ലെന്നു പഠിപ്പിക്കാൻ ത്രിത്വോപദേശിമാർ സാത്താൻ്റെ ആളുകളാണോ?
[ചോദ്യം വിശദമായി: “ഫിലിപ്പോസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു. യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8,9). ഫിലിപ്പോസിൻ്റെ ആവശ്യം ദൂതന്മാർ നിത്യം മുഖം കണ്ടാരാധിക്കുന്ന പിതാവിനെ കാണണമെന്നാണ്. യേശുവിൻ്റെ മറുപടി; ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസേ’ എന്നാണ്. അപ്പോൾ യേശു ആരാണ്? യേശു തന്നെയാണ് പിതാവ്. “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30. പിതാവും ഞാനും ഒന്നുതന്നെ. ERV-ml) എന്നു യേശു പറഞ്ഞതതിനെ, ദൈവത്താൽ അയക്കപ്പെട്ട ആർക്കും പറയാവുന്ന ആത്മിക അർത്ഥമാണ് ത്രിത്വം കല്പിക്കുന്നത്. എന്നാൽ യെഹൂദനെന്തിനാണ് കല്ലെടുത്തത്? (10:31). അതിൻ്റെ ഉത്തരം അവർതന്നെ പറയും: “യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 10:33). യേശു ദൈവത്തോട് സമനാക്കുകയോ, സാമ്യമാക്കുകയോ അല്ല ചെയ്തത്. ‘നിന്നെത്തന്നെ നീ ദൈവമാക്കി’ എന്നാണ് അവർ പറഞ്ഞത്. യെഹൂദനു ഒരുപാട് ദൈവമില്ല; യഹോവ മാത്രമേയുള്ളു. താൻതന്നെയാണ് പിതാവെന്ന് സ്പഷ്ടമായിട്ട് അവരോട് പറഞ്ഞതുകൊണ്ടാണ് അവർ കല്ലെടുത്തത്. ത്രിത്വത്തിനിത് അംഗീകരിക്കാൻ ബുദ്ധിമുട്ടെന്താണ്? സർവ്വശക്തനായവന് ദൈവപിതാവായി സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോൾത്തന്നെ മനഷ്യനായി മണ്ണിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപവും വഹിച്ചുകൊണ്ട് മരിച്ചുയിർത്തെഴുന്നേല്ക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ? അതോ, അക്കാര്യത്തിന് ദൈവത്തിനു നിങ്ങളുടെ സർട്ടിഫിക്കറ്റ് വല്ലതും വേണോ? ഉല്പത്തി 18-ാം അദ്ധ്യായം സമയം കിട്ടുമ്പോൾ വായിച്ചുനോക്കണം.]
61. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്നു ബൈബിൾ പറയുമ്പോൾ; രക്ഷിക്കാൻ കഴിയാത്ത, മറ്റു രണ്ടു വ്യക്തികൾ കൂടിയുണ്ടെന്നു പറഞ്ഞാൽ ശരിയാകുമോ?
[ചോദ്യം വിശദമായി: “മനുഷ്യരെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരാൾ യേശുവാണ്. ആകാശത്തിനു കീഴിൽ മനുഷ്യരെ രക്ഷിക്കാൻ ശക്തിയുള്ള ഒരേയൊരു നാമം അവൻ്റേതാണ്. നമ്മൾ യേശുവിലൂടെ രക്ഷിക്കപ്പെടണം.” (പ്രവൃ, 4:12, ഇ.ആർ.വി). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രോസാണിത് പറയുന്നത്. യേശുക്രിസ്തു അല്ലാതെ രക്ഷയ്ക്കായി മറ്റൊരു വ്യക്തിയില്ലെന്നും, മറ്റൊരു നാമമില്ലെന്നും, പിതാവിൻ്റെ നാമംതന്നെയാണ് പുത്രൻ്റെ നാമമെന്നും (യോഹ, 5:43; 17:11,12), പരിശുദ്ധാത്മാവ് വന്നത് യേശുവിൻ്റെ നാമത്തിലാണെന്നും (യോഹ, 14:26), പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്നു പദവികളും വഹിക്കുന്ന ഏകവ്യക്തിയും നാമവും യേശുക്രിസ്തു എന്ന ഏകനാണെന്നും (പ്രവൃ, 2:38; 8:16; 10:48; 19:5; 22:16; റോമ, 6:3-5; ഗലാ, 3:27; കൊലൊ, 2:12; 3:17) പുതിയനിയമം സ്ഫടികസ്ഫുടം വെളിപ്പെടുത്തിയിരിക്കേ; രക്ഷിക്കാൻ കഴിവില്ലാത്തതും, പുതിയനിയമത്തിൽ നാമമില്ലാത്തതുമായ മറ്റു രണ്ടു വ്യക്തികൾ കൂടി ദൈവത്തിലുണ്ടെന്നു വിശ്വസിക്കുന്നതാണോ യുക്തം? അതോ, സ്വർഗ്ഗീയപിതാവു തന്നെയാണ് പുത്രനെന്ന പദവിയിൽ മനുഷ്യനായി വെളിപ്പെട്ടതെന്നോ?
62. ദൈവം ത്രിത്വമാണെന്നു വിശ്വാസത്താൽ അംഗീകരിക്കണമെന്നാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. ബൈബിൾ എന്താണ് പറയുന്നത്; ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കണമെന്നോ; ദൈവത്തിൻ്റെ ഉണ്മയിൽ വിശ്വസിക്കണമെന്നോ?
[ചോദ്യം വിശദമായി: ത്രിത്വപണ്ഡിതന്മാർ പറയുന്നത്; ദൈവത്തിൻ്റെ ത്രിത്വം വിശ്വാസത്താൽ അംഗീകരിക്കണം; ബൈബിളിൻ്റെ അടിസ്ഥാന ഉപദേശമാണത്രേ ത്രിത്വം. ത്രിത്വനിഷേധി ദൈവനിഷേധിയാണ്; വിശ്വാസത്തിൽനിന്നു വീണുപോകും; നരകത്തിൽ പോകും എന്നിങ്ങനെ പറഞ്ഞ് പേടിപ്പിച്ചാണ് വിശ്വാസികളെ ത്രിത്വം വിശ്വസിപ്പിക്കുന്നത്. ഇതിനൊക്കെ ബൈബിളിൽ എന്തടിസ്ഥാനമാണുള്ളത്? ബൈബിൾ പറയുന്നത്; ദൈവത്തിൻ്റെ അസ്തിത്വത്തിൽ വിശ്വാസിക്കാനാണ്. ദൈവത്തിൻ്റെ അസ്തിത്വം അഥവാ ഉണ്മയെന്നാൽ ‘ദൈവം ഉണ്ടു’ എന്ന അവസ്ഥയാണ്. എബ്രായലേഖകൻ പറയുന്നു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ‘ദൈവം ഉണ്ടു’ എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (11:6). ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കാനാണോ പറയുന്നത്? ക്രിസ്തുവിൻ്റെ സഹോദരനായ യാക്കോബ് പറയുന്നു: “ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു. അതു നല്ലതുതന്നെ!” (2:19; സ.വേ.നൂ.പ; പി.ഒ.സി). ബൈബിളിലുടനീളം ദൈവം ഏകൻ മാത്രമാണെന്ന് പറഞ്ഞിരിക്കേ; ദൈവം ത്രിത്വമാണെന്ന് വ്യാജമായി വിശ്വസിക്കുന്നവരുടേയും പേര് വിശ്വാസിയെന്നുതന്നേ. ഇതാണോ നിങ്ങളുടെ ദൈവവിശ്വാസം?]
63. ദൈവത്തിൻ്റെ വചനം ദൈവത്തിൽനിന്നും വ്യതിരിക്തനായ വ്യക്തിയാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. യഹോവയുടെ ജ്ഞാനം യഹോവയിൽനിന്ന് വ്യത്യസ്തനായ തൻ്റെ സൃഷ്ടിപുത്രനാണെന്ന് യഹോവസാക്ഷികൾ പഠിപ്പിക്കുന്നു. രണ്ടുപേരും ഒരേ തൂവൽ പക്ഷികളല്ലേ?
[ചോദ്യം വിശദമായി: യോഹന്നാൻ ഒന്നാമദ്ധ്യായം പറയുന്നു: ദൈവത്തിൻ്റെ കൂടെയുണ്ടായിരുന്ന അഥവാ ഹൃദയത്തിലെ (1:1,18) വചനമാണ് ജഡമെടുത്തത്. (1:14). എന്നാൽ ത്രിത്വോപദേശം അതംഗീകരിക്കുന്നില്ല; വചനം മറ്റൊരു വ്യക്തിയാണെന്നു പഠിപ്പിക്കുന്നു. യഹോവസാക്ഷികളാകട്ടെ; സദൃശ്യവാക്യങ്ങൾ എട്ടാമദ്ധ്യായത്തിൽ പറയുന്ന ജ്ഞാനം ക്രിസ്തുവാണെന്ന് പഠിപ്പിക്കുന്നു. 8:22-32 വേദഭാഗങ്ങളിൽ “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി; …. ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു; …. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു….. ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു…..” എന്നിങ്ങനെ ജ്ഞാനം പറകയാൽ; യഹോവയുടെ സൃഷ്ടിപുത്രനാണ് ക്രിസ്തുവെന്ന് അവർ മനസ്സിലാക്കുന്നു. യഹോവയുടെ വചനത്തെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും മാത്രമേ ബൈബിൾ പറയുന്നുള്ളോ? യഹോവയുടെ അറിവ്, കരുണ, കൃപ, ദയ, ദീർഘക്ഷമ, നന്മ, നീതി, ന്യായം, പരമാധികാരം, ബലം, ഭുജം, മനസ്സലിവ്, വിവേകം, വിശുദ്ധി, വിശ്വസ്തത, ശക്തി, സത്യം, സമാധാനം, സ്നേഹം തുടങ്ങിയവയുടെ പ്രവൃത്തികൾ എന്തുചെയ്യും? ദൈവത്തിൻ്റെ ഈ സഹജഗുണങ്ങളൊക്കെ വ്യത്യസ്ത വ്യക്തികളാണെന്നു നിങ്ങൾ പറയുമോ? ഉദാ: യഹോവയുടെ ശക്തി; “അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, (യിരേമ്യാവു 10:12; 51:15). ആകാശവും ഭൂമിയും സൃഷ്ടിച്ച ‘ശക്തി’ മറ്റൊരു വ്യക്തിയാണെന്ന് ആരെങ്കിലും പറയുമോ? വിവേകം; “തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.” (സദൃ, 3:19; യിരേ, 10:12; 51:12). ആകാശത്തെ വിരിച്ച വിവേകം മറ്റൊരു വ്യക്തിയായിട്ട് അംഗീകരിക്കുമോ? “യഹോവയുടെ വചനമായി യഹോവ ശമൂവേലിനു തന്നെ വെളിപ്പെടുത്തിക്കൊടുത്തു.” (1ശമൂ, 3:21. ERV-ml). ശമൂവേലിനു വെളിപ്പെട്ട വചനവും യഹോവയും ഒന്നാണെങ്കിൽ, പുതിയനിയമത്തിലെ ദൈവത്തിൻ്റെ വചനവും ദൈവവും ഒരാളല്ലേ??? ദൈവത്തിൻ്റെ വചനം അഥവാ ദൈവത്തോടുകൂടെ ആയിരുന്ന വചനത്തെ ദൈവത്തിൽനിന്നു വേർപെടുത്തി മറ്റൊരു വ്യക്തിയും ദൈവവുമാണെന്ന് പറയുന്ന നിങ്ങൾ ബഹുദൈവ വിശ്വാസികളാണെന്ന് രണ്ടുവട്ടം സമ്മതിക്കുകയല്ലേ???]
64. ഏകദൈവത്തെ മൂന്ന് വ്യക്തികളാക്കി വിഭജിച്ച നിങ്ങൾക്ക്, ദൈവത്തിൻ്റെ ആത്മാവും, പരിശുദ്ധാത്മാവും, യഹോവയുടെ ആത്മാവും, യേശുവിൻ്റെ ആത്മാവും ഒന്നാണോ അതോ, മൂന്നാണോ?
[ചോദ്യം വിശദമായി: ബൈബിൾ പഠിപ്പിക്കുന്നത്; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നതും ആരും ഒരുനാളം കണ്ടിട്ടില്ലാത്തതുമായ ഏകദൈവത്തെ കുറിച്ചാണ്. ആ ഏകദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകൾ (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3) അഥവാ പദവികളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. (മത്താ, 28:19). എന്നാൽ ആ ദൈവത്തെ ത്രിത്വം, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തികളായി വിഭജിച്ചിരിക്കുന്നു. ത്രിത്വം വിഭജിച്ചിരിക്കുന്ന പ്രകാരം ദൈവം മൂന്നു വ്യക്തികളിൽ ഒതുങ്ങുന്നില്ല; കുറഞ്ഞത് ഏഴ് വ്യക്തികൾ വരും. 1. ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന ആരുമൊരുനാളും കണ്ടിട്ടില്ലാത്ത ദൈവം അഥവാ അക്ഷയനും അദൃശ്യനായ ദൈവം. (യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 1:17). 2. പിതാവ് അഥവാ യഹോവ. (യഹോവയെ സ്വർഗ്ഗസിംഹാസനത്തിൽ പലരും കണ്ടിട്ടുണ്ട്). (1കൊരി, 8:6; യെശ, 42:8). 3. പുത്രൻ അഥവാ യേശുക്രിസ്തു. (മർക്കൊ, 1:1). 4. പരിശുദ്ധാത്മാവ് അഥവാ ആത്മാവ്, ദൈവാത്മാവ്. (മത്താ, 1:18; 3:16; 4:1). 5. യഹോവയുടെ ആത്മാവ് അഥവാ പിതാവിൻ്റെ ആത്മാവ്. (ന്യായാ, 3:10; മത്താ, 10:20). 6. യേശുവിൻ്റെ ആത്മാവ് അഥവാ പുത്രൻ്റെ ആത്മാവ്. (പ്രവൃ, 16:7; ഗലാ, 4:6). 7. ദൈവത്തിൻ്റെ ആത്മാവ്. (ഉല്പ, 1:2; റോമ, 8:9). ദൈവത്തിൻ്റെ ആത്മാവും, പരിശുദ്ധാത്മാവും, യഹോവയുടെ ആത്മാവും, യേശുവിൻ്റെ ആത്മാവും ഒന്നാണെന്നു പറഞ്ഞാൽ ത്രിത്വം അവിടെ തീരും. ഇനിയെന്തു ചെയ്യും???]
65. യഹോയാണ് ജഡത്തിൽ വെളിപ്പെട്ടുവന്ന യേശുവെന്ന് ബൈബിൾ പറയുമ്പോൾ അല്ല; യഹോവയുടെ പുത്രനാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. എന്നാൽ മറിയ ഗർഭംധരിച്ചത് പിതാവിനാലല്ല; പരിശുദ്ധാത്മാവിലാണ്. അപ്പോൾ ശരിക്കും യേശുവിൻ്റെ പിതാവാരാണ്? അതോ, യേശുവിനു രണ്ട് പിതാവുണ്ടോ?
[ചോദ്യം വിശദമായി: പിതാവ് പുത്രനല്ല; പുത്രൻ പരിശുദ്ധാത്മാവല്ല; പരിശുദ്ധാത്മാവ് പിതാവല്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിലാണ് മറിയ ഗർഭംധരിച്ചതെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈ വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18. ഒ.നോ: മത്താ, 1:20; ലൂക്കൊ, 1:35). അപ്പോൾ യേശുവിൻ്റെ പിതാവ് പരിശുദ്ധാത്മാവല്ലേ? അതോ, യേശുവിന് രണ്ട് പിതാവുണ്ടോ??? രണ്ടാം സങ്കീർത്തനത്തിലെ വിഷയം (2:7) ജനനമല്ല; പുനരുത്ഥാനമാണ്. (പ്രവൃ, 13:32,33). ദൈവപുത്രനെന്നു വിളിച്ചിരിക്കുന്നതുകൊണ്ട് യഹോവയുടെ പുത്രനാണ് ക്രിസ്തുവെന്ന് പറയാൻ കഴിയില്ല. കാരണം പരിശുദ്ധാത്മാവും ദൈവമാണ്; യേശു തന്നെയും ദൈവമാണ്. ഒന്നെങ്കിൽ, യേശുവിനു രണ്ട് പിതാവുണ്ടെന്നു പഠിപ്പിക്കണം. അല്ലെങ്കിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് മൂന്ന് വ്യക്തികളല്ല; ഏകസത്യദൈവത്തിൻ്റെ മൂന്ന് പദവികളാണെന്ന സത്യം അംഗീകരിക്കണം.]
66. പിതാവ് മാത്രം ദൈവമാണെന്ന് യേശുക്രിസ്തുവും; യേശു ദൈവമാണെന്ന് ശിഷ്യന്മാരും പറയുന്നു. യേശുവിൻ്റെ വാക്കിനാൽ താൻ ദൈവമല്ല. എന്നാൽ യേശു ദൈവമാണെന്ന് അപ്പൊസ്തലന്മാർ തെളിവായി പറയുന്നു. ത്രിത്വോപദേശം ഇതെങ്ങനെ വ്യാഖ്യാനിക്കും?
[ചോദ്യം വിശദമായി: പിതാവ് മാത്രം ദൈവമാണെന്ന് യേശുക്രിസ്തുവും (യോഹ, 17:3); യേശു ദൈവമാണെന്ന് അപ്പൊസ്തലന്മാരും പറയുന്നു. (യോഹ, 20:28; റോമ, 9:5; തീത്തൊ, 2:12; 1യോഹ, 5;20). രണ്ടു പ്രസ്താവനകളും പരസ്പരം വൈരുദ്ധ്യമാണെന്ന് ആരും പറയാനിടയില്ല. ഏകദൈവ വിശ്വാസപ്രകാരം: “സ്വർഗ്ഗീയപിതാവാണ് യേശുവെന്ന നാമത്തിലും പുത്രനെന്ന പദവിയിലും വെളിപ്പെട്ടത്. ജഡത്തിൽ യേശു ദൈവമല്ലായിരുന്നു. മനുഷ്യനായ പുത്രനാണ് പിതാവുമാത്രം സത്യദൈവം എന്നു പറയുന്നത്. തൻ്റെ ജഡത്തിലുള്ള ശുശ്രൂഷ തികഞ്ഞശേഷമാണ് ശിഷ്യന്മാർ യേശു ദൈവമാണെന്ന് പ്രസ്താവിക്കുന്നത്. തന്മൂലം രണ്ട് പ്രസ്താവനകളും ഏകദൈവ വിശ്വസത്തിന് ശരിയാണ്.” ദൈവം സമതുല്യരായ മൂന്നു വ്യക്തികളാണെന്നു പറയുന്ന ത്രിത്വം ഈ സമസ്യ എങ്ങനെ പരിഹരിക്കും? ഇതൊക്കെ വിശ്വാസത്താൽ അംഗീകരിച്ചാൽ ആ വിശ്വാസമെത്ര ദുർബ്ബലമായിരിക്കും???]
‘അരിയെത്ര എന്നു ചോദിക്കുമ്പോൾ പയറഞ്ഞാഴി’ എന്നുത്തരം പറയാതിരിക്കാനാണ് ചോദ്യത്തോടൊപ്പം വിശദീകരണവും കൊടുത്തിരിക്കുന്നത്. വിശദീകരണം വായിച്ചശേഷം ബൈബിളിൽ ഉത്തരമുണ്ടെങ്കിൽ പറയുക. ബൈബിളിൻ്റെ ആഖ്യാനത്തോടു പുലബന്ധംപോലും ഇല്ലാത്ത വ്യാഖ്യാനങ്ങളാണ് ഉത്തരമെങ്കിൽ കമൻ്റുചെയ്തു ബുദ്ധിമുട്ടണമെന്നില്ല. എത്രവലിയ പണ്ഡിതനായാലും, ഇനി മഹാപണ്ഡിതനായിരുന്ന പൗലൊസ് എഴുന്നേറ്റു വന്നാലും, അതല്ല, സ്വർഗ്ഗത്തിൽ നിന്നൊരു ദൂതനാണെങ്കിൽ പോലും ബൈബിളിൽനിന്നു വ്യക്തമായ തെളിവില്ലെങ്കിൽ ഉത്തരം സ്വീകാര്യമല്ലെന്ന് ദൈവനാമത്തിൽ ഓർമ്മിപ്പിക്കുന്നു.
സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ഉത്തരങ്ങൾ എഴുതാൻ കഴിയുമെങ്കിൽ നിങ്ങളുടെ ഉത്തരങ്ങൾ നമ്പറിട്ട് കമന്റ് ബോക്സിൽ എഴുതിയിടുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!
പർമ്മെനാസ്
പർമ്മെനാസ് (Parmenas)
പേരിനർത്ഥം – നിലനില്ക്കുന്ന
മേശകളിൽ ശുശ്രൂഷ ചെയ്യുന്നതിനു ആദിമസഭ തിരഞ്ഞെടുത്ത ഏഴുപേരിൽ ഒരാൾ. (പ്രവൃ, 6:5). ട്രാജന്റെ വാഴ്ചക്കാലത്ത് എ.ഡി, 33-ൽ ഫിലിപ്പിയിൽ വച്ച് രക്തസാക്ഷിയായി എന്നു ഒരു പാരമ്പര്യമുണ്ട്. പർമ്മെനാസ് സോളിയിലെ ബിഷപ്പായിരുന്നു എന്നു ഹിപ്പൊലിറ്റസ് പറഞ്ഞിട്ടുണ്ട്.
പള്ളി
പള്ളി (Synagogue)
സുനഗോഗീ എന്ന ഗ്രീക്കു പദത്തിന് ‘കുട്ടിക്കൊണ്ടു വരൽ’ എന്നർത്ഥം. സുനഗോഗിന്റെ പരിഭാഷയാണ് പള്ളി. പഴയനിയമത്തിൽ സങ്കീർത്തനം 74:8-ൽ മാത്രമേ ‘പള്ളി’ ഉള്ളു. അവിടെ അതു മോഎദ് എന്ന എബ്രായ പദത്തിന്റെ തർജ്ജമയാണ്. സെപ്റ്റ്വജിന്റിൽ യിസ്രായേൽ സഭയെ കുറിക്കുവാൻ സുനഗോഗ് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ 57 സ്ഥാനങ്ങളിൽ ഈ പദം വരുന്നുണ്ട്. വെറും സമ്മേളനസ്ഥലം എന്നർത്ഥമുള്ള സുനഗോഗ് പിൽക്കാലത്ത് യെഹൂദന്മാരുടെ ആരാധനാസ്ഥലത്തെ കുറിക്കുന്ന പദമായി മാറി.
യെഹൂദമതത്തെ രൂപപ്പെടുത്തുന്നതിൽ ഒരു സുപ്രധാന പങ്ക് പള്ളിക്കുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യെഹൂദന്മാർ പാർത്ത ഇടങ്ങളിലെല്ലാം പള്ളി ഉണ്ടായിരുന്നു. ഉദാ: കുവൈപാസ് ദ്വീപിലെ സലമീസ് (പ്രവൃ, 13:5), പിസിദ്യയിലെ അന്ത്യാക്യ (പ്രവൃ, 13:14), ഇക്കോന്യ (പ്രവൃ, 14:1), ബെരോവ (പ്രവൃ, 17:10). യെരൂശലേം, അലക്സാണ്ടിയ തുടങ്ങിയ വലിയപട്ടണങ്ങളിൽ അനേകം പള്ളികളുണ്ടായിരുന്നു. തീത്തൂസ് ചക്രവർത്തി എ.ഡി, 70-ൽ യെരൂശലേം നശിപ്പിക്കുമ്പോൾ അവിടെ 480 പള്ളികൾ ഉണ്ടായിരുന്നുവെന്നും അല്ല 394 പള്ളികളേ ഉണ്ടായിരുന്നുള്ളുവെന്നും ഐതീഹ്യമുണ്ട്. പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള വ്യക്തമായ വിവരണം പഴയപുതിയ നിയമങ്ങളിലില്ല. ബാബിലോന്യ പ്രവാസത്തിനുമുമ്പു ആരാധന യെരൂശലേം ദൈവാലയത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രവാസകാലത്ത് യെരൂശലേമിൽ ആരാധിക്കുക അസാദ്ധ്യമായപ്പോൾ പ്രാർത്ഥനയുടെയും പ്രബോധനത്തിന്റെയും കേന്ദ്രങ്ങളായി പള്ളികൾ ഉദയം ചെയ്തു. ഇതാണ് പള്ളികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പൊതുവായ ധാരണ. ‘യിസ്രായേൽ മൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു’ (യെഹെ, 14:1) എന്ന വാക്യത്തിൽ പള്ളിയുടെ ഉത്പത്തിയുടെ അടിസ്ഥാനം ദർശിക്കാം. (ഒ.നോ: യെഹെ, 20:1).
യെരൂശലേം ദൈവാലയത്തിന്റെ മാതൃകയിലാണ് പള്ളികൾ പണിതത്. പൊതുആരാധനയിൽ പങ്കെടുക്കുന്നതിനു മുമ്പു അനുഷ്ഠാനപരമായ ശുദ്ധീകരണം നടത്തുന്നതിനു എല്ലാവർക്കും സൗകര്യപ്രദമായ വിധത്തിൽ സമുദ്രതീരത്തോ നദിക്കരയിലോ ആയിരിക്കും പള്ളിയുടെ നിർമ്മാണം. പള്ളികളുടെ വലുപ്പവും വാസ്തുവിദ്യയും വ്യത്യസ്തമാണ്. വടക്കുതെക്കായിട്ടാണ് പള്ളി നിലകൊള്ളുന്നത്. വാതിൽ തെക്കു ഭാഗത്തായിരിക്കും. ഒരു പ്രധാന വാതിലും രണ്ടു ചെറിയ പാർശ്വകവാടങ്ങളും ഉണ്ടായിരിക്കും.
പുതിയനിയമകാലത്തു പള്ളികളിലെ സജ്ജീകരണങ്ങൾ വളരെ ലളിതമായിരുന്നു. പ്രവാചകന്മാരുടെയും ന്യായപ്രമാണത്തിന്റെയും ചുരുളുകൾ സൂക്ഷിച്ചിരുന്ന ഒരു പെട്ടകം ഉണ്ടായിരുന്നു. മന്ദിരത്തിന്റെ പ്രവേശനത്തിന് അഭിമുഖമായി ഈ പെട്ടകം വച്ചിരുന്നു. ഉപവാസ ദിവസങ്ങളിൽ ഘോഷയാത്രയായി പെട്ടകത്ത കൊണ്ടുപോകും. പെട്ടകത്തിനു മുമ്പിലും ആരാധകർക്ക് അഭിമുഖവും ആയി മുഖ്യാസനങ്ങൾ ക്രമീകരിച്ചിരുന്നു. (മത്താ, 23:6). പ്രധാനികൾക്കു വേണ്ടിയായിരുന്നു അവ. ഒരുയർന്ന സ്ഥലത്ത് തിരുവെഴുത്തുകൾ പാരായണം ചെയ്യുന്നവർക്കും പ്രസംഗിക്കുന്നവർക്കും വേണ്ടി പ്രസംഗപീഠം സജ്ജമാക്കിയിരുന്നു. പള്ളിയിലെ കാര്യങ്ങളുടെ പൊതുനിയന്ത്രണം മൂപ്പന്മാർക്കാണ്. പ്രത്യേക കാര്യങ്ങൾക്കായി പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയമിച്ചിരുന്നു. എന്നാൽ തിരുവെഴുത്തുകളുടെ പാരായണം, പ്രാർത്ഥന, പ്രസംഗം എന്നിവയ്ക്കു പ്രത്യേകം ഉദ്യോഗസ്ഥന്മാർ ഇല്ല. അവ സഭയിലെ അംഗങ്ങൾ നടത്തിവന്നു. പള്ളിയുടെ പൊതുവായ മേൽനോട്ടം പള്ളിപ്രമാണിക്കായിരുന്നു. യെഹൂദ മതത്തിന്റെ എല്ലാമണ്ഡലങ്ങളിലും പള്ളിപ്രമാണിയുടെ സാന്നിദ്ധ്യം ഉണ്ട്. സഭാമൂപ്പനിൽനിന്നും വ്യത്യസ്തനാണ് പള്ളിപ്രമാണി. എന്നാൽ ഈ രണ്ടുസ്ഥാനങ്ങളും ഒരു വ്യക്തിക്കു വഹിക്കാവുന്നതാണ്. പള്ളിപ്രമാണി സമുഹത്തിന്റെ നായകനും പൊതുആരാധന നയിക്കുന്നവനുമാണ്. തിരുവെഴുത്തു പാരായണം ചെയ്യുന്നവർ, പ്രാർത്ഥനക്കാർ, പ്രസംഗകർ എന്നിവരെ നിയമിക്കുക, അയോഗ്യമായതു നടക്കാതെ സൂക്ഷിക്കുക (ലൂക്കൊ, 12:14) എന്നിവയാണ് പള്ളിപ്രമാണിയുടെ മുഖ്യചുമതലകൾ. ചിലപ്പോൾ ഒന്നിലധികം പള്ളിപ്രമാണികൾ ഉണ്ടായിരിക്കും. (പ്രവൃ, 13:15). ധർമ്മശേഖരം നടത്തുവാൻ പ്രത്യേക വ്യക്തികളുണ്ട്. മിഷ്ണ അനുസരിച്ചു രണ്ടുപേർ ധർമ്മശേഖരം നടത്തുകയും മൂന്നുപേർ വിതരണം ചെയ്യുകയും വേണം. പൊതു ആരാധനയിൽ തിരുവെഴുത്തുകൾ കൊണ്ടുവരികയും തിരികെ കൊണ്ടുപോകുകയും ചെയ്യുക (ലൂക്കൊ, 4:20), വായനയിൽ കുഞ്ഞുങ്ങളെ പ്രബോധിപ്പിക്കുക, കുറ്റവാളികളെ ചമ്മട്ടികൊണ്ടടിക്കുക എന്നിവ ശുശ്രൂഷക്കാരന്റെ ചുമതലകളാണ്.
അർഹതയുള്ള ഏതുവ്യക്തിക്കും ശുശ്രൂഷകളിൽ പങ്കെടുക്കാവുന്നതാണ്. ഉദാ: ക്രിസ്തു (ലൂക്കൊ, 4:16; മത്താ, 4:23), പൗലൊസ് (പ്രവൃ, 13:15). ശബ്ബത്തു നാളിലാണ് ആരാധന (പ്രവൃ, 15:21). സഭ ഒരു പ്രത്യേക ക്രമത്തിലാണ് ഇരിക്കുന്നത്. പ്രധാനപ്പെട്ട വ്യക്തികളുടെ സ്ഥാനം മുമ്പിലാണ്. സ്ത്രീകളും പുരുഷന്മാരും വെവ്വേറെയായി ഇരിക്കും. കുഷ്ഠരോഗിക്കു പ്രത്യേകസ്ഥലം നൽകിയിരുന്നു. ഷ്മാപാരായണം, പ്രാർത്ഥന, തോറാ (പഞ്ചഗ്രന്ഥം) പാരായണം, പ്രവാചകപുസ്തക പാരായണം, പുരോഹിതന്റെ ആശീർവാദം, വായിച്ച തിരുവെഴുത്തിന്റെ തർജ്ജമ, പ്രസംഗം എന്നിവയാണ് ആരാധനയുടെ പ്രധാന ഭാഗങ്ങൾ. ആവർത്തനം 6:4-9; 11:13-21; സംഖ്യാ 15:37-41) എന്നീ ഭാഗങ്ങളാണ് ഷ്മാ (കേൾക്കുക). ‘യിസ്രായേലെ കേൾക്ക’ എന്ന ഷ്മായോടൊപ്പം മുമ്പും പിമ്പും ആശീർവാദം ഉണ്ടായിരിക്കും. ഷ്മാ ഒരു പ്രാർത്ഥന എന്നതിലുപരി വിശ്വാസത്തിന്റെ ഏറ്റുപറച്ചിലാണ്. ഷ്മാ പാരായണത്തിനുശേഷം പ്രാർത്ഥനയാണ്. പിതാക്കന്മാരുടെ ദേശത്ത് യിസ്രായേലിന്റെ പുനഃസ്ഥാപനം, പുതുക്കിപ്പണിത യെരൂശലേം പട്ടണത്തിലേക്കും ദൈവാലയത്തിലേക്കും ഷെഖീനാ മഹത്വത്തിന്റെ മടങ്ങിവരവ്, ദാവീദ് രാജവംശത്തിന്റെ പുനഃസ്ഥാപനം എന്നിവയാണ് പ്രാർത്ഥനകളിലെ മുഖ്യപ്രമേയം. ന്യായപ്രമാണം, പ്രവാചകന്മാർ എന്നിവയിലെ ഭാഗങ്ങൾ ആർക്കും കുഞ്ഞുങ്ങൾക്കു പോലും വായിക്കാം. വായിക്കുന്ന വ്യക്തി സാധാരണയായി എഴുന്നേറ്റുനിൽക്കും. (ലൂക്കൊ, 4:16). തിരുവെഴുത്തിലെ രണ്ടാംഭാഷ എല്ലാവർക്കും പരിചയമില്ലാത്തതിനാൽ വായനയെത്തുടർന്നു അതിനെ അരാമ്യയിലേക്കു പരിഭാഷപ്പെടുത്തും. തിരുവെഴുത്തുകളെ വിശദമാക്കി . പ്രസംഗിക്കും. (മത്താ, 4:23; മർക്കൊ, 1:21; ലൂക്കൊ, 4:15; 6:6; 13:10; യോഹ, 6:59; 18:20). പ്രസംഗിക്കുന്നയാൾ ഉയർന്ന സ്ഥലത്തു ഇരിക്കും. (ലൂക്കൊ, 4:20). പള്ളിയിലെ അർഹതയുള്ള ഏതുവ്യക്തിക്കും പ്രഭാഷകന്റെ പദവി ലഭ്യമാണ്. പുരോഹിതന്റെ ആശീർവാദത്തോടെയാണ് ശുശ്രൂഷ അവസാനിക്കുക. സഭ ആമേൻ പറയും. പുരോഹിതനും ലേവ്യനും സന്നിഹിതരല്ലെങ്കിൽ ആശീർവാദത്തിനു പകരം പ്രാർത്ഥന ചൊല്ലും.
പത്രൊബാസ്
പത്രൊബാസ് (Patribas)
പേരിനർത്ഥം – പിതൃജീവൻ
റോമാസഭയിലെ ഒരംഗം. റോമായിലെ സഹോദരന്മാർക്ക് വന്ദനം അറിയിക്കുമ്പോൾ ഇയാൾക്കും പൗലൊസ് വന്ദനം അറിയിക്കുന്നു. “അസുംക്രിതൊസിന്നും പ്ളെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.” (റോമ, 16:14).
നോഹ
നോഹ (Noah)
പേരിനർത്ഥം – വിശ്രമം
ആദാമിൽ നിന്നു പത്താം തലമുറക്കാരനും ലാമേക്കിന്റെ പുത്രനും. (ഉല്പ, 5:28,29). 500 വയസ്സായ ശേഷം നോഹ ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ ജനിപ്പിച്ചു. (ഉല്പ, 5:32; 6:10). ദുഷ്ടതയുടെ ആധിക്യം നിമിത്തം ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതിൽ യഹോവ അനുതപിച്ചു. ഈ കാലത്താണ് ദൈവപുത്രന്മാർ മനുഷ്യപുത്രിമാരെ ഭാര്യമാരായി എടുത്തത്. മനുഷ്യന്റെ അതിക്രമം കൊണ്ട് ഭൂമി നിറഞ്ഞ കാരണത്താൽ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. (ഉല്പ, 6:13). എന്നാൽ 120 വർഷത്തെ പരിശോധനാകാലം യഹോവ നല്കി. ഈ കാലംമുഴുവൻ മനുഷ്യനെ ദൈവത്തിലേക്കു മടക്കി വരുത്തുന്നതിനു നോഹ ശ്രമിച്ചു. (ഉല്പ, 6:1-9; 1പത്രൊ, 3:20; 2പത്രൊ, 2:5).
യഹോവയുടെ കല്പനയനുസരിച്ച് നോഹ ഗോഫർ മരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി. അതിനു 300 മുഴം നീളവും 50 മുഴം വീതിയും 30 മുഴം ഉയരവും ഉണ്ടായിരുന്നു. നോഹയും ഭാര്യയും മൂന്നു പുത്രന്മാരും അവരുടെ ഭാര്യമാരുമായി എട്ടുപേർ പെട്ടകത്തിൽ പ്രവേശിച്ചു. അപ്പോൾ നോഹയ്ക്ക് 600 വയസ്സ് പ്രായമുണ്ടായിരുന്നു. സകല ജീവികളിൽ നിന്നും ആണും പെണ്ണുമായി രണ്ടു വീതവും ശുദ്ധിയുളളവയിൽനിന്ന് ഏഴുവീതവും പെട്ടകത്തിൽ കടന്നു. യഹോവ പെട്ടകത്തിന്റെ വാതിൽ അടച്ചു. (ഉല്പ, 7:16). നോഹയുടെ ആയുസ്സിന്റെ അറുനൂറാം വർഷം രണ്ടാം മാസം പതിനേഴാം തീയതി ജലപ്രളയം ആരംഭിച്ചു. 40 ദിവസം മഴ ഇടവിടാതെ പെയ്തു. നൂറ്റമ്പതു ദിവസം വെളളം പൊങ്ങിക്കൊണ്ടിരുന്നു. ഭൂമി വെള്ളത്താൽ മൂടി. (ഉല്പ, 6:13-7:24). ഏഴാം മാസം പതിനേഴാം തീയതി അരരാഞ്ഞ് പർവ്വതത്തിൽ പെട്ടകം ഉറച്ചു. നാല്പതു ദിവസത്തിനു ശേഷം ഒരു മലങ്കാക്കയെയും ഏഴുദിവസം ഇടവിട്ട് പ്രാവിനെയും പുറത്തുവിട്ട്, ജലപ്രളയത്തിന്റെ സ്ഥിതിമനസ്സിലാക്കി. 60-ാം വർഷം ഒന്നാം മാസം ഒന്നാം തീയതി വെളളം വറ്റിയിരുന്നു. (ഉല്പ, 8:13). നോഹയും കുടുംബവും പെട്ടകത്തിൽനിന്ന് പുറത്തിറങ്ങി. ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും പറവകളിൽ നിന്നും ചിലതെടുത്തു യാഗം കഴിച്ചു. നോഹയുടെ യാഗം സൗരഭ്യവാസനയായി കൈക്കൊണ്ട് ഇനിയൊരിക്കലും ഭൂമിയെ പ്രളയജലംകൊണ്ടു നശിപ്പിക്കയില്ല എന്ന് യഹോവ വാഗ്ദത്തം ചെയ്തു. ഭൂമിയുളള കാലത്തോളം ഋതുഭേദങ്ങൾക്ക് മാറ്റം വരുകയില്ലെന്നു യഹോവ അരുളിചെയ്തു. (ഉല്പ, 8:20-22). യഹോവ നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ചു. രക്തം കൂടാതെ മാംസം ഭക്ഷിക്കുവാൻ അനുവാദം നല്കി. വധശിക്ഷ ഏർപ്പെടുത്തി. നോഹയോടും പുത്രന്മാരോടും യഹോവ നിയമം ചെയ്തു. അതിന്റെ അടയാളമായി തന്റെ വില്ല് മേഘത്തിൽ വച്ചു. (ഉല്പ, 9:1-17).
ജലപ്രളയത്തിനുശേഷം നോഹ ഭൂമിയിൽ കൃഷി ചെയ്തു. നോഹ വീഞ്ഞുകുടിച്ചു മത്തനായി, വിവസ്ത്രനായി കൂടാരത്തിൽ കിടന്നു. പിതാവിന്റെ നഗ്നത കണ്ടിട്ടു നഗ്നത മറയ്ക്കാൻ ശ്രമിക്കാതെ ഹാം വിവരം മറ്റു സഹോദരന്മാരെ അറിയിച്ചു. ശേമും യാഫെത്തും പിതാവിന്റെ നഗ്നത കാണാതവണ്ണം വന്ന് അവന്റെ നഗ്നത മറച്ചു. നോഹ കനാനെ ശപിക്കുകയും മറ്റു പുത്രന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. (ഉല്പ, 9:20-27). ജലപ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു. അവന്റെ ആയുഷ്ക്കാലം 950 വർഷമായിരുന്നു. (ഉല്പ, 9:28,29). നീതിമാനായ നോഹ തന്റെ തലമുറയിൽ നിഷ്ക്കളങ്കനായിരുന്നു. അവൻ ദൈവത്തോടു കൂടെ നടന്നു. (ഉല്പ, 6:9). പുതിയനിയമത്തിൽ നോഹയെ നീതി പ്രസംഗി എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. (2പത്രൊ, 2:5). നോഹയുടെ വിശ്വാസത്ത എബ്രായ ലേഖനത്തിൽ പ്രശംസിച്ചിട്ടുണ്ട്. (11:7). തന്റെ പുനരാഗമനത്തിന്റെ അടയാളമായി നോഹയുടെ കാലത്തിന്റെ ആവർത്തനം യേശു സൂചിപ്പിച്ചു. (മത്താ, 24:37-39). ജലപ്രളയത്തിനു ശേഷമുള്ള സകല മനുഷ്യരും നോഹയുടെ സന്തതികളാണ്. പ്രളയത്തിനുശേഷം നോഹയുടെ മൂന്നു പുത്രന്മാരിൽ നിന്നുണ്ടായ 70 ജാതികളാണ് ഭൂമിയിൽ നിറഞ്ഞത്. (ഉല്പ, 10:132).
നെഹെമ്യാവ്
നെഹെമ്യാവ് (Nehemiah)
പേരിനർത്ഥം – യഹോവ ആശ്വസിപ്പിക്കുന്നു
ഹഖല്യാവിന്റെ മകൻ. നെഹെമ്യാവിന്റെ വംശാവലിയെക്കുറിച്ച് ഒരറിവുമില്ല. പിതാവു ഹഖല്യാവും ഒരു സഹോദരൻ ഹനാനിയുമായിരുന്നു. (നെഹെ, 1:1,2; 7:2). ബാബേൽ പ്രവാസകാലത്ത് അർത്ഥഹ്ശഷ്ടാ രാജാവിന്റെ പാനപാത്ര വാഹകനായിരുന്നു. (നെഹെ, 2:1). യെഹൂദന്മാരുടെ കഷ്ടതകൾ മനസ്സിലാക്കിയ നെഹെമ്യാവ് അവരുടെ സ്ഥിതി മെച്ചപ്പെടുത്തുവാൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചു. യെരൂശലേമിൽ മടങ്ങിച്ചെന്നു, യെരൂശലേം പുതുക്കിപ്പണിയുന്നതിന് രാജാവിൽനിന്നും അനുമതി വാങ്ങി. രാജാവു നെഹെമ്യാവിനെ യെരൂശലേമിലെ ദേശാധിപതിയായി നിയമിച്ചു. രാജാവിനോടു മടങ്ങിച്ചെല്ലാൻ ഒരവധി പറഞ്ഞു, യെഹൂദയിൽ എത്തുന്നതുവരെ തന്നെ കടത്തിവിടേണ്ടതിന് ദേശാധിപതിമാർക്കു എഴുത്തുകളും പണിക്കുവേണ്ട മരം നല്കേണ്ടതിന് രാജാവിന്റെ വനവിചാരകനായ ആസാഫിന് എഴുത്തും വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു തിരിച്ചു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും നെഹെമ്യാവിനോടൊപ്പം അയച്ചു. (2:1-10).
യെരൂശലേമിൽ എത്തിച്ചേർന്ന നെഹെമ്യാവു 52 ദിവസംകൊണ്ട് മതിലിന്റെ പണിതീർത്തു. (6:15). സൻബെല്ലത്തും തോബിയാവും അവരെ പുച്ഛിക്കുകയും നിന്ദിക്കുകയും മാത്രമല്ല ആയുധങ്ങളോടുകൂടെ എതിർത്തു പണി തടയുവാനും ശ്രമിച്ചു. ദൈവത്തിന്റെ സഹായത്താൽ ശത്രുക്കളുടെ എതിർപ്പുകൾ നിഷ്ഫലമായി. പട്ടണത്തിന് കാവല്ക്കാരെ നിയമിച്ചു എല്ലാം ക്രമീകരിച്ചു. നെഹെമ്യാവിനെ യെരുശലേമിൽ നിന്നു മടക്കി അയക്കുന്നതിനും കഴിയുമെങ്കിൽ വധിക്കുന്നതിനും ശ്രമങ്ങൾ നടത്തി. മതിൽപ്പണി പൂർത്തിയായിക്കഴിയുമ്പോൾ സ്വയം രാജാവാകുവാൻ നെഹെമ്യാവു ശ്രമിക്കുന്നു എന്ന സംശയം രാജാവിൽ ഉളവാക്കുവാൻ അവർക്കു കഴിഞ്ഞു. സൻബെല്ലത്ത് അയച്ച പ്രത്രികയുടെ അടിസ്ഥാനത്തിൽ വീണ്ടും ഒരു ഉത്തരവു നല്കുന്നതുവരെ രാജാവു് പണി തടഞ്ഞു. (എസ്രാ, 4:21). എസ്രായുടെ സഹകരണവും നെഹെമ്യാവിന് ഉണ്ടായിരുന്നു. ജനത്തിന്റെ ദാരിദ്ര്യം നിമിത്തം നെഹെമ്യാവു ദേശാധിപതിക്കുളള അഹോവൃത്തി വാങ്ങിയില്ല. (നെഹെ, 5:14).
പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം നെഹെമ്യാവു പാർസി രാജാധാനിയിലേക്കു മടങ്ങിപ്പോയി. (5:14; 13;6). ഈ കാലയളവിൽ യെരൂശലേം നിവാസികൾ മതപരമായ ക്രമീകരണങ്ങൾ താറുമാറാക്കി. അതുകൊണ്ടു കുറേനാൾ കഴിഞ്ഞിട്ടു രാജാവിനോടു അനുവാദം വാങ്ങി നെഹെമ്യാവു യെരുശലേമിലേക്കു മടങ്ങിവന്നു. (13:7). എത്രനാൾ നെഹെമ്യാവു യെരൂശലേമിൽ ഇല്ലായിരുന്നു എന്നതു വ്യക്തമല്ല. മടങ്ങിവന്നശേഷം നെഹെമ്യാവ് സമ്മിശ്രജാതികളെ യിസ്രായേല്യരിൽനിന്ന് വേർപിരിച്ചു. (13:1,2,3). എല്യാശീബ് തോബീയാവിനു ദൈവാലയത്തിന്റെ പ്രാകാരത്തിൽ ഒരുക്കിക്കൊടുത്തിരുന്ന അറയിൽനിന്ന് അവനെ പുറത്താക്കി. ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവരെ സഹായിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ദൈവാലയ ശുശ്രുഷകളെ ഉപേക്ഷിച്ചു നിലങ്ങളിലേക്കു പോയവരെ മടക്കിവരുത്തി. ശബ്ബത്താചരണവും ക്രമപ്പെടുത്തി. വിജാതീയ സ്ത്രീകളുമായുള്ള വിവാഹം വിലക്കി. (13:4-27). ബി.സി. 405-വരെ നെഹെമ്യാവു യെരൂശലേമിൽ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്നു. നെഹെമ്യാവിന്റെ മരണകാലവും സ്ഥലവും അജ്ഞാതമാണ്. നിഷ്ക്കളങ്ക സ്വഭാവമായിരുന്നു നെഹെമ്യാവിന്റേത്. രാജസന്നിധിയിലും സ്വന്തം ജനത്തിന്റെ മധ്യത്തിലും ഒന്നുപോലെ ആദരിക്കപ്പെട്ടിരുന്നു. സ്വന്തം ജനത്തിന്റെ കഷ്ടതയിൽ പങ്കുകൊണ്ടു. പ്രവൃത്തിയിൽ ആത്മാർത്ഥതയും ശുഷ്ക്കാന്തിയും കാട്ടി. ദൈവികകാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുങ്ങിയില്ല. യഹോവയുടെ കൈ എനിക്കു അനുകൂലം ആയിരുന്നതുകൊണ്ട് എന്നു ആവർത്തിച്ചു പറയുവാൻ തക്കവണ്ണം ഭക്തനായിരുന്നു. ദൈവാലയത്തിന്റെ വിശുദ്ധിക്കും ജനത്തിന്റെ വിശുദ്ധ ജീവിതത്തിനും പ്രാധാന്യം നല്കി.
നെബുഖദ്നേസർ
നെബുഖദ്നേസർ (Nebuchadnezzar)
പേരിനർത്ഥം – നെബോ അതിർ സംരക്ഷിക്കട്ടെ
പേരിന്റെ ശരിയായ രൂപം എബ്രായയിൽ നെബൂഖദ്രേസർ. കല്ദായ വംശത്തിൽ നബോപൊലാസറിന്റെ പുത്രൻ; ബി.സി. 605 മുതൽ 562 വരെ ബാബേൽ രാജാവ്. അശ്ശൂരിന്റെ ശക്തി ക്ഷയിച്ചപ്പോൾ ദാക്ഷിണാത്യരായ കല്ദയർ ഒരിക്കൽകൂടി ബാബിലോൺ നഗരത്തിന്റെ അധികാരം പിടിച്ചെടുക്കുവാൻ ശ്രമം നടത്തി. അശ്ശൂരിൽ അശ്ശൂർ ബനിപ്പാളിന്റെ വാഴ്ച അവസാനിച്ചപ്പോൾ ബി.സി. 625-ൽ നബോപൊലാസർ സിംഹാസനം കരസ്ഥമാക്കി. തുടർന്നു അശ്ശൂർ ബനിപ്പാളിന്റെ പിൻഗാമികളും നബോപൊലാസറും തമ്മിൽ രൂക്ഷമായ സംഘട്ടനങ്ങൾ നടന്നു.
നെബൂഖദ്നേസർ യുദ്ധരംഗത്ത് പ്രസിദ്ധനായി. സ്യാക്സാരസിന്റെ പുത്രിയെ നെബൂഖദ്നേസർ വിവാഹം ചെയ്തു. നീനെവേ തകർന്നപ്പോൾ ദക്ഷിണ അശ്ശൂരും വിശാലമായ പശ്ചിമ പ്രവിശ്യകളും നബോപൊലാസർ പിടിച്ചെടുത്തു. അശ്ശൂരിന്റെ ദൗർബ്ബല്യത്തെ മുതലെടുക്കുവാൻ ഈജിപ്റ്റ് ഒരുമ്പെട്ടു. പലസ്തീനും സുറിയയും ഈജിപ്ററിന് അധീനമായിരുന്നു. സുറിയാ നഗരങ്ങളിലെ ദേശാധിപതിമാർ ഈജിപ്റ്റിലെ രാജാക്കന്മാരെ നാഥൻ എന്നും ദേവൻ എന്നും വിളിച്ചു വിധേയപ്പെട്ടിരുന്നു. മിസ്രയീമിലെ നെഖോ രണ്ടാമൻ സുറിയയും പലസ്തീനും ആക്രമിക്കാൻ തുടങ്ങി. ബി.സി. 608-ൽ ഈജിപ്റ്റിൽ നിന്നും തിരിച്ച നെഖോയും സൈന്യവും മെഗിദ്ദോയിൽ എത്തി. യെഹൂദാരാജാവായ യോശീയാവു നെഖോയോടു ഏററുമുട്ടി കൊല്ലപ്പെട്ടു. നെഖോ രാജ്യത്തിന്റെ മുഴുവൻ അധിപനായി. തുടർന്നു യൂഫ്രട്ടീസ് തടത്തിലേക്കു തിരിഞ്ഞ നെഖോ കർക്കെമീശിൽ എത്തി. കർക്കെമീശിൽ താവളമടിച്ചിരുന്ന മിസ്രയീമ്യ സൈന്യത്തിനെതിരെ നെബൂഖദ്നേസർ സൈന്യത്തെ നയിച്ചു. ചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ചിട്ടുളള മഹായുദ്ധങ്ങളിൽ ഒന്നായിരുന്നു കർക്കെമീശ് യുദ്ധം. ദയനീയമായി പരാജയപ്പെട്ട നെഖോ പിന്തിരിഞ്ഞ് ഈജിപ്റ്റിലേക്കു ഓടി. മിസ്രയീം നദിവരെ നെബൂഖദ്നേസർ നെഖോയെ പിന്തുടർന്നു. ഈ നിർണ്ണായക ഘട്ടത്തിൽ ബി.സി. 604-ൽ പിതാവു മരിച്ചു. ഉടൻതന്നെ ഭരണം ഏറ്റെടുക്കാൻ നെബൂഖദ്നേസറിനു സ്വദേശത്തേക്കു മടങ്ങേണ്ടിവന്നു. പിതാവു മരിക്കാതിരുന്നെങ്കിൽ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിച്ചു കീഴടക്കുമായിരുന്നു. ആദ്യവർഷങ്ങളിൽ തന്റെ ഭരണം സുസ്ഥിരമാക്കാനുള്ള ശ്രമങ്ങളിൽ നെബൂഖദ്നേസർ വ്യാപൃതനായി. പരാജയപ്പെട്ടു എങ്കിലും പലസ്തീനിലും സിറിയയിലുമുളള തങ്ങളുടെ മോഹം ഈജിപ്റ്റിന് നഷ്ടപ്പെട്ടില്ല. ഫറവോനായ ഹൊഫ്രാ പലസ്തീനിൽ കലാപമുണ്ടാക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.
സിദെക്കീയാവ് രാജാവിനെ നെബുഖദ്നേസർ ആക്രമിച്ചു. ഒന്നര വർഷത്തെ നിരോധനത്തിനുശേഷം ബി.സി. 587-ൽ യെരൂശലേം വീണു. അനേകംപേരെ ബദ്ധരാക്കി നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയി. യെഹൂദയെ കല്ദായപ്രവിശ്യയാക്കി മാറ്റി. ഏദോം, മോവാബ്, സോർ, സീദോൻ എന്നീ ദേശങ്ങളെ നെബൂഖദ്നേസർ ദണ്ഡിപ്പിച്ചു. ബി.സി. 585 മുതൽ 572 വരെ പതിമൂന്നുവർഷം സോരിനെ നിരോധിച്ചിട്ടും പിടിക്കുവാൻ കഴിഞ്ഞില്ല. നാവികപ്പടയുടെ അഭാവമായിരുന്നു നെബൂഖദ്നേസറിന്റെ പരാജയത്തിനു കാരണം. അസ്വാൻ വരെയുളള ഈജിപ്റ്റിൽ നെബൂഖദ്നേസർ പടയോട്ടം നടത്തി. ഹൊഫ്രായുടെ പിൻഗാമിയുടെ കാലത്ത് ഈജിപ്റ്റ് ബാബിലോണിന് കീഴടങ്ങിയിരുന്നു. തന്റെ വാഴ്ചയുടെ 37-ാം വർഷം നെബൂഖദ്നേസർ ഈജിപ്റ്റിലേക്കു വീണ്ടും സൈന്യത്തെ അയച്ചതായി കാണുന്നു. കേദാരിലെ അറബികളോട് യുദ്ധം ചെയ്തു അവരെ തോല്പിച്ചു. (യിരെ, 49:28-33). ഈ യുദ്ധത്തെക്കുറിച്ച് ബാഹ്യരേഖകളൊന്നും ഇല്ല. താൻ കീഴടക്കിയ വിശാലമായ സാമ്രാജ്യത്തെ ബലം പ്രയോഗിച്ചു നിലനിർത്താനാണ് നെബൂഖദ്നേസർ ശ്രമിച്ചത്.
ബാബേലിന്റെ മഹത്വമായിരുന്നു നെബൂഖദ്നേസറിന്റെ ലക്ഷ്യം. ബാബിലോണിലെ ബേൽ മർദ്ദൂക് ക്ഷേത്രവും ബോർസിപ്പയിലെ നെബോ ക്ഷേത്രവും സുന്ദരമാക്കി. ബാബിലോൺ ഉൾപ്പെടെ പലനഗരങ്ങളെയും ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തു. 43 വർഷത്തെ ദീർഘവും സംഭവബഹുലവുമായ ഭരണത്തിനു ശേഷം നെബൂഖദ്നേസർ മരിച്ചു. പുത്രനായി എവിൽ-മെരോദാക് രാജാവായി. ദാനീയേൽ പ്രവചനത്തിലെ ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളിൽ നെബൂഖദ്നേസറുടെ ഭരണവും പ്രശസ്തിയും വർണ്ണിക്കപ്പെടുന്നു. “ഇതു ഞാൻ എന്റെ ധനമാഹാത്മ്യത്താൽ എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ” എന്നു നെബൂഖദ്നേസർ അഹങ്കരിച്ചു. (ദാനീ, 4:30). തൽഫലമായി ദൈവികശിക്ഷ അവന്റെമേൽ വരികയും രാജത്വം അവനെ വിട്ടുമാറുകയും ചെയ്തു. ഏഴുവർഷം അവൻ കാട്ടുമൃഗങ്ങളോടുകൂടി കഴിഞ്ഞു. ഒടുവിൽ നെബൂഖദ്നേസർ സ്വർഗ്ഗത്തേക്കു കണ്ണു ഉയർത്തി അത്യുന്നതനായ ദൈവത്തെ വാഴ്ത്തി. തുടർന്നു തന്റെ മഹത്വം നെബൂഖദ്നേസറിനു മടക്കിക്കിട്ടി. (ദാനീ, 4:36).
നെഖോ
നെഖോ (Necho)
ഈജിപ്റ്റിലെ ഇരുപത്താറാം രാജവംശത്തിലെ ഒരു ഫറവോൻ (ബി.സി. 609-594). ഇരുപത്താറാം രാജവംശ സ്ഥാപകനായ പ്സാമ്മറ്റിക്കസ് ഒന്നാമന്റെ (ബി.സി. 663-609) പുത്രൻ. 609-ൽ നെഖോ ഭരണം ഏറ്റെടുത്തപ്പോൾ സാമ്രാജ്യ വികസനത്തിനു ചുറ്റുപാടുകൾ അനുകൂലമായിരുന്നു. നീനെവേയുടെ പതനം സംഭവിച്ചിട്ടു മൂന്നുവർഷം കഴിഞ്ഞു. ബാബിലോണിനെതിരെ അശ്ശൂർ രാജാവായ അശ്ശൂർ-ഉബാലിത്ത് രണ്ടാമനെ സഹായിക്കുവാനായി സുറിയയിൽ പ്രവേശിച്ചു. യെഹൂദാരാജാവായ യോശീയാവ് മെഗിദ്ദോവിൽവച്ച് നെഖോവിനോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടു. (2രാജാ, 23:29; 2ദിന, 35:20-24). യോശീയാവിന്റെ പുത്രനായ യെഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി തൽസ്ഥാനത്ത് യോശീയാവിന്റെ മറ്റൊരു പുത്രനായ യെഹോയാക്കീമിനെ രാജാവായി വാഴിച്ചു. യെഹോയാക്കീം ഈജിപ്ററിന് കപ്പം കൊടുത്ത് കീഴടങ്ങിയിരുന്നു. (2രാജാ, 23:31-35; 2ദിന, 36:1-4). ബി.സി. 605-ൽ നടന്ന കർക്കെമീശ് യുദ്ധത്തിൽ നെബൂഖദ്നേസർ നെഖോയെ തോല്പിച്ചു. അങ്ങനെ യെഹൂദ മിസ്രയീമ്യ നുകത്തിൽനിന്ന് ബാബിലോന്യ നുകത്തിൻ കീഴിലായി. (2രാജാ, 24:1,7; യിരെ, 46:2). ഫറവോൻ നെഖോ ഈജിപ്റ്റിലേക്കു പിന്തിരിഞ്ഞോടി. മിസ്രയീം നദിവരെ നെഞ്ചൂഖദ്നേസർ ഫറവോനെ പിന്തുടർന്നു. പിതാവിന്റെ മരണം കാരണം നെബൂഖദ്നേസറിനു മടങ്ങിപ്പോകേണ്ടിവന്നു. ബി.സി. 601-ൽ നെബൂഖദ്നേസർ ഈജിപ്റ്റിനെതിരെ യുദ്ധം ചെയ്തതായി ബാബിലോന്യ വൃത്താന്തങ്ങൾ സൂചിപ്പിക്കുന്നു. ഈ യുദ്ധത്തിൽ ഇരുപക്ഷത്തിനും കനത്ത നഷ്ടങ്ങൾ ഉണ്ടായി. സൈന്യ പുനഃസംഘടനയ്ക്കു വേണ്ടി നെബൂഖദ്നേസർ ഒരു വർഷം നാട്ടിൽ കഴിഞ്ഞു. ഇക്കാലത്ത് യെഹോയാക്കീം ബാബേലിനോടു മത്സരിച്ചു. (2രാജാ, 24:1). ഈജിപ്റ്റിൽ നിന്ന് ഒരു സഹായവും യെഹോയാക്കീമിനു ലഭിച്ചില്ല. തുടർന്നു രാഷ്ട്രത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ ഫറവോൻ ജാഗരൂകനായി.
നീറോ
നീറോ (Nero)
നീറോ എന്ന പേര് പുതിയനിയമത്തിൽ ഇല്ലെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലസ്ഥാനങ്ങളിലും ഉണ്ട്. നീറോയുടെ ഭരണം ആദിമ സഭയ്ക്ക വളരെയധികം ദോഷം ചെയ്തു. പൗലൊസ് അപ്പൊസ്തലൻ കൈസറെ അഭയം ചൊല്ലുകയും (പ്രവൃ, 25:10-12) റോമൻ കാരാഗൃഹത്തിൽ വിസ്താരവും പ്രതീക്ഷിച്ച് രണ്ടുവർഷം കഴിയുകയും ചെയ്തു. (പ്രവൃ, 28:30). ജൂലിയസ് സീസറിന്റെ പാരമ്പര്യത്തിൽ ഒടുവിലത്തെ കൈസറായിരുന്നു നീറോ ക്ലൗദ്യൊസ് കൈസർ. എ.ഡി. 37-ൽ ആയിരുന്നു ജനനം. പിതാവ് റോമൻ സൈന്യാധിപനായ അഹെനോ ബാർബസും മാതാവ് കാലിഗുളയുടെ സഹോദരി അഗ്രിപ്പിനായും ആയിരുന്നു. നീറോയുടെ പന്ത്രണ്ടാം വയസ്സിൽ അഗ്രിപ്പിനാ ക്ലൗദ്യൊസിനെ വിവാഹം കഴിച്ചു. അദ്ദേഹം നീറോയെ ദത്തുപുത്രനായി സ്വീകരിച്ചു നീറോ ക്ലൗദ്യൊസ് കൈസർ ജർമ്മാനിക്കസ് എന്ന പേരു നല്കി. സെനറ്റിന്റെ അനുവാദത്തോടുകൂടി തന്റെ പുത്രിയായ ഒക്റ്റേവിയയെ നീറോയ്ക്ക് ഭാര്യയായി കൊടുത്തു. ക്ലൗദ്യൊസിന്റെ മരണശേഷം എ.ഡി. 54-ൽ നീറോ ചക്രവർത്തിയായി. നീറോയുടെ സ്വകാര്യജീവിതം വിഷയാസക്തമായിരുന്നു. എന്നാൽ സെനക്ക (Seneca) എന്ന തത്വചിന്തകന്റെയും ബുർറുസ് (Burrus) എന്ന സൈന്യാധിപന്റെയും നിയന്ത്രണത്തിൽ അഞ്ചു വർഷത്തോളം ഭരണം സംശുദ്ധമായിരുന്നു. ക്ലൗദ്യൊസിന്റെ പുത്രനും അവകാശിയുമായ ബ്രിട്ടാനിക്കയെ 55-ൽ വധിച്ചു. കാമുകിയായ പോപ്പെയയെ പ്രീതിപ്പെടുത്തുവാൻ വേണ്ടി എ.ഡി. 59-ൽ സ്വന്തം മാതാവിനെ വധിച്ചു. തുടർന്നു ഒക്ടേവിയയുമായുള്ള ബന്ധം വിടർത്തി പോപ്പെയയെ വിവാഹം കഴിച്ചു.
എ.ഡി. 64 ജൂലൈ 19-നു റോമിൽ ഭയങ്കരമായ അഗ്നിബാധ ഉണ്ടായി. നഗരത്തിന്റെ നാലിലൊന്നു നശിച്ചു. ഈ ദുരന്തത്തിനുശേഷം അധോലോക ദേവതകൾക്കു പൂജനടത്തുകയും എല്ലാ ദേവന്മാർക്കും ബലിയർപ്പിക്കുകയും ചെയ്തു. ഒരുയർന്ന ഗോപുരത്തിലിരുന്ന് അഗ്നി കത്തിക്കാളുന്നതു കണ്ടുരസിച്ച് നീറോ വീണമീട്ടിക്കൊണ്ടിരുന്നതായി പറയപ്പെടുന്നു. ഈ കാര്യം എത്രത്തോളം വാസ്തവമായിരുന്നു എന്നറിയുവാൻ നിവൃത്തിയില്ല. മന്ദിരനിർമ്മാണത്തിന് സ്ഥലം ലഭിക്കുവാൻ വേണ്ടി നീറോ തന്നെയാണ് അഗ്നിബാധയ്ക്കു കാരണമായതെന്നു വിശ്വസിക്കപ്പെടുന്നു. കുറ്റം ക്രിസ്ത്യാനികളുടെ മേൽ ചുമത്തി, ക്രിസ്ത്യാനികളെ വളരെയധികം പീഡിപ്പിച്ചു. ക്രൂരവും അസാധാരണവുമായ വിധത്തിലാണ് ക്രിസ്ത്യാനികളെ ദണ്ഡിപ്പിച്ചത്. ചിലരെ മൃഗങ്ങളുടെ തോലുടുപ്പിച്ച് പട്ടികളെക്കൊണ്ട് ആക്രമിപ്പിച്ചു. ചിലരെ ക്രൂശിക്കുകയും നീറോയുടെ ഉദ്യാനങ്ങളിൽ ദീപാലങ്കാരം പോലെ കത്തിക്കുകയും ചെയ്തു.
നീറോയുടെ സ്വഭാവമാറ്റം കണ്ട് സെനക്ക നീറോയെ ഉപദേശിക്കുകയുണ്ടായി. ഒടുവിൽ സെനക്കയെയും നീറോ വധിച്ചു. ഗർഭിണിയായിരുന്ന പോപ്പെയയെ ചവിട്ടിക്കൊന്നു. തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതുകൊണ്ടു ദത്തുസഹോദരിയായ അന്തോണിയായെ വധിക്കുവാൻ കല്പിച്ചു. അനന്തരം സ്റ്റാറ്റിലിയാ മെസ്സാലിനയെ വിവാഹം ചെയ്തു; അവളുടെ ഭർത്താവിനെ വധിച്ചു. അവസാനകാലത്ത് നല്ല പൗരന്മാരിൽ പലരെയും നീറോ കൊന്നു. 68-ൽ ഗാളിലും സ്പെയിനിലും ആഫ്രിക്കയിലും കലാപം ഉണ്ടായി. കൊട്ടാരത്തിലെ സൈന്യവും നീറോയ്ക്കെതിരെ തിരിഞ്ഞു. സെനറ്റു നീറോയ്ക്കു വധശിക്ഷ വിധിച്ചു. റോമിൽനിന്നു പലായനം ചെയ്യേണ്ട ദുഃസ്ഥിതി വന്നു. എ.ഡി. 68 ജൂൺ 9-ന് നീറോ ആത്മഹത്യ ചെയ്തു. നീറോ മരിച്ചിട്ടില്ലെന്നും അയാൾ മടങ്ങി വരുമെന്നും പലരും വിശ്വസിച്ചിരുന്നു. എ.ഡി. 69-ൽ ആസ്യയിലും അഖായയിലും ഒരു വ്യാജ നീറോ എഴുന്നേററു. പക്ഷേ അവൻ വധിക്കപ്പെട്ടു. ഇതുപോലെ പല സംഭവങ്ങളുമുണ്ടായി. വെളിപ്പാടു പുസ്തകത്തിലെ മൃഗം നീറോ ആണെന്നു കരുതുന്നവരുണ്ട്. വരാനിരിക്കുന്ന എതിർക്രിസ്തുവിനെ നീറോയിൽ ദർശിക്കുന്നവരും കുറവല്ല. നീറോയുടെ ഭാര്യ പോപ്പെയാ യെഹൂദ മതത്തിൽ തത്പരയായിരുന്നു എന്ന് ജൊസീഫസ് പറയുന്നുണ്ട്. അതിനാലാണ് യെഹൂദന്മാരിലേറെ ക്രിസ്ത്യാനികളെ നീറോ ഉപദ്രവിച്ചത്. അപ്പൊസ്തലന്മാരായ പത്രൊസും പൗലൊസും റോമിൽ വച്ച് നീറോയാൽ വധിക്കപ്പെട്ടു എന്നു കരുതപ്പെടുന്നു.