Category Archives: Uncategorized

“…..എന്ന് എഴുതിയിരിക്കുന്നുവല്ലോ”

“…..എന്ന് എഴുതിയിരിക്കുന്നുവല്ലോ”

അന്യദൈവങ്ങളെ ആരാധിക്കുന്ന കനാൻ ദേശത്തെ ജനങ്ങളോടൊപ്പം യിസ്രായേൽമക്കൾ ജീവിതമാരംഭിക്കുമ്പോൾ, തന്നെ മറക്കാതിരിക്കുവാനും തന്റെ കല്പനകൾ അനുസരിച്ചു ജിവിക്കുന്നതിനുമായി തന്റെ വചനങ്ങൾ അവരുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണമെന്നും അത് അവരുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കണമെന്നും, വീട്ടിൽ ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കണമെന്നും അത്യുന്നതനായ ദൈവം അവരോടു കല്പിച്ചു. (ആവ, 6:7). ജീവിതയാത്രയിൽ നമ്മെ പാപത്തിലേക്കു വീഴ്ത്തുവാനുള്ള പിശാചിന്റെ നിരന്തര പരിശ്രമങ്ങൾ തകർക്കുവാനും ദൈവസന്നിധിയിൽ വളരുവാനും തിരുവചനപഠനം അത്യന്താപേക്ഷിതമാണെന്ന് യേശുവിന് പിശാചിൽനിന്നു നേരിട്ട പരീക്ഷകൾ നമ്മെ പഠിപ്പിക്കുന്നു. തിരുവചനം വളച്ചൊടിച്ച് ഭാഗികമായി ഉദ്ധരിച്ചുകൊണ്ടാണ് പിശാച് കർത്താവിനെ പരീക്ഷിച്ചത്. കർത്താവിനെ യെരൂശലേം ദൈവാലയത്തിന്റെ അഗ്രത്തിൽ നിർത്തിക്കൊണ്ട് “നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കത്തക്കവണ്ണം നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് യേശുവിനോടു താഴോട്ടു ചാടുവാൻ ആവശ്യപ്പെട്ടു. 91-ാം സങ്കീർത്തനത്തിന്റെ 11,12 വാക്യങ്ങൾ ഉദ്ധരിക്കുന്നു എന്ന ഭാവേന പിശാച് “നിന്റെ എല്ലാ വഴികളിലും നിന്നെ കാത്തുസൂക്ഷിക്കേണ്ടതിനു” എന്ന മർമ്മപ്രധാനമായ ഭാഗം വിട്ടുകളഞ്ഞു. അനുദിന ജീവിതത്തിലെ സ്വാഭാവികമായ എല്ലാ വഴികളിലും തന്റെ പൈതലിനെ കാത്തുസൂക്ഷിക്കുമെന്നുള്ള ഉറപ്പാണ് ദൈവം നൽകുന്നത്. സ്വന്തം മാനത്തിനും പെരുമയ്ക്കുംവേണ്ടി സാഹസം പ്രവർത്തിക്കുന്ന വഴികളിൽ സൂക്ഷിക്കുമെന്നല്ല ദൈവം അരുളിച്ചെയ്തത്. “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്” എന്നുകൂടി എഴുതിയിരിക്കുന്നു (ആവ, 6:16) എന്നു പറഞ്ഞ് കർത്താവ് പിശാചിന്റെ തന്ത്രത്തെ തകർത്തു. പിശാചിന്റെ മറ്റു രണ്ടു പരീക്ഷകളെയും കർത്താവ് തകർത്തുകളഞ്ഞത് തിരുവചനം ഉദ്ധരിച്ചുകൊണ്ടാണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ദൈവപുത്രനെ ദൈവത്തിന്റെ വചനം ഉപയോഗിച്ചു തകർക്കുവാൻ ശ്രമിച്ച പിശാച് ഇന്നും അതേ തന്ത്രമുപയോഗിച്ച് മനുഷ്യനെ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ വചനം അപൂർണ്ണമായി ഉദ്ധരിച്ച്, “…… എന്ന് എഴുതിയിരിക്കുന്നുവല്ലോ” (മത്താ, 4:6) എന്നു പറഞ്ഞ് സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി സ്വന്തം വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട് പിശാചിന്റെ വേലക്കാർ, ദൈവവേല ചെയ്യുന്നവരുടെ ഭാവത്തിൽ നമ്മെ തകർക്കാതിരിക്കണമെങ്കിൽ തിരുവചന പഠനവും ധ്യാനവും അനുദിന ജീവിതത്തിന്റെ ഭാഗമാക്കി നാം മാറ്റണം. എങ്കിൽ മാത്രമേ നമുക്ക് പിശാചിന്റെ തന്ത്രങ്ങളെ മനസ്സിലാക്കുവാനും പരീക്ഷകളെ ജയിച്ച് യേശുവിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുന്നേറുവാനും കഴിയുകയുള്ളു.

ആത്മീയദർശനം

ആത്മീയ ദർശനം (Spiritual vision)

ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും പ്രയോജനപ്രദമായ ചില ചെറുചിന്തകളാണ് ഈ ഭാഗത്ത് ചേർത്തിരിക്കുന്നത്. അനുദിന ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ബൈബിളിൻ്റെ വെളിച്ചത്തിൽ പരിശോധിക്കുവാനും, പരിശുദ്ധാത്മശക്തിയാൽ അതിനെ അതിജീവിക്കുവാനും ഈ ആത്മീയ ദർശനങ്ങൾ എല്ലാവരെയും സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. (ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ ബൈബിളിൽ നിന്നെടുത്തത്).

പഴയനിയമം

1. സാത്താൻ്റെ തന്ത്രങ്ങൾ

2. അബ്രാഹാമിൻ്റെ മാതൃക

3. ആത്മീയ ഔന്നത്യം

4. പ്രാർത്ഥനകൾക്കുള്ള മറുപടി 

5. ദൈവത്തോടുകൂടെ നടക്കുന്നവർ

6. അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

7. ദൈവത്തോടുള്ള ഒഴികഴിവുകൾ

8. വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

9. നിഷിദ്ധമായ വേഴ്ചകൾ

10. ദൈവത്തിന് ശ്രഷ്ഠമായതു നൽകുക

11. ദൈവത്തിനു കൊടുക്കുക

12. അതു യഹോവ കേട്ടു

13. 11 ദിവസങ്ങൾക്കു പകരം 38 വർഷം

14. ദൈവജനവും ശത്രുന്റെ കെണികളും

15. ചുവടു മറക്കരുത്

16. പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

17. ഉറപ്പും ധൈര്യവും

18. വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

19. ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

20. പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക

21. ദൈവത്തിനു പ്രയോജനമുള്ള മക്കൾ

22. നഷ്ടങ്ങൾ വീണ്ടെടുത്തു നൽകുന്ന ദൈവം

23. ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ 

24. മതി യഹോവേ!

25. ആത്മാവിന്റെ ഇരട്ടിപ്പങ്ക്

26. നെഹുഷ്ഠാൻ

27. കുടുംബച്ഛേദത്തിനുള്ള പാപങ്ങൾ

28. ദൈവത്തോടുള്ള നിർവ്യാജസ്നേഹം

29. നാശത്തിനു മുമ്പേ നിഗളം

30. സ്വദേശം വിട്ടുപോകണ്ടി വന്നവൻ

31. സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം

32. പാനപാത്രവാഹകൻ ന്യായപ്രമാണത്തിലേക്ക്

33. ചരിത്രം തിരുത്തിക്കുറിച്ച ത്രിദിന ഉപവാസം

34. ദൈവജനത്തിൻ്റെ നിത്യശത്രു

35. മരണാനന്തര ജീവിത്തിലുള്ള പ്രത്യാശ

36. ഭാഗ്യവാനായ മനുഷ്യൻ

37. യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നവൻ

38. ഉൽക്കണ്ഠപ്പെടരുത്

39. ദൈവജനത്തിന്റെ പ്രകാശഗോപുരം

40. യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ!

41. യഹോവയെ പ്രകീർത്തിക്കുവിൻ

42. ശിക്ഷണം രക്ഷിക്കുന്നു

43. മാതാപിതാക്കളോടുള്ള കടപ്പാടുകൾ മറന്നാൽ

44. ഞാൻ – എന്റെ – എനിക്കു

45. ഹാ, മായ! മായ! സകലതും മായ

46. കൈ മലർത്തുമ്പോൾ കണ്ണു മറയ്ക്കുന്ന ദൈവം

47. ദൈവത്തിന്റെ മുന്തിരിത്തോട്ടം

48. യഹോവേ ഓർക്കണമെ!

49. നക്ഷത്രഫലം

50. നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു

51. ദൈവത്തിനുവേണ്ടി പീഡനങ്ങൾ

52. ഹൃദയത്തെ നോക്കുന്ന ദൈവം

53. മുന്നറിയിപ്പുകൾ അവഗണിക്കുമ്പോൾ

54. യഹോവയിലുള്ള മഹത്തായ പ്രത്യാശ

55. സത്യദൈവം മാത്രം

56. നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും

57. നിങ്ങൾ എന്തിനു മരിക്കുന്നു?

58. വചനകേൾവി

59. നല്ല ഇടയൻ

60. കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ

61. തീച്ചൂളയിലും കരുതുന്നവൻ

62. യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം

63. ഒരു ഉപവാസം നിയമിപ്പിൻ!

64. ദൈവവിളി അനുസരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ?

65. ഹൃദയത്തിന്റെ അഹങ്കാരം

66. പ്രവൃത്തി കണ്ട് മാനസാന്തരം വിലയിരുത്തുന്ന ദൈവം

67. എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

68. നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക

69. വാഗ്ദത്തങ്ങൾ വരും നിശ്ചയം; താമസിക്കയുമില്ല

70. യഹോവയുടെ ക്രോധദിവസം

71. ഓട്ടസഞ്ചിയിൽ കൂലി വാങ്ങുന്നവർ

72. നിങ്ങൾ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?

73. ഞാൻ വിവാഹമോചനം വെറുക്കുന്നു 

74. ദൈവത്തെ തോല്പിക്കുന്ന മനുഷ്യർ

പുതിയനിയമം

1.  “…..എന്ന് എഴുതിയിരിക്കുന്നുവല്ലോ”

2. ശുദ്ധീകരിക്കുന്ന കർത്താവ്

3. ഏലീ, ഏലീ, ലമ്മാ ശബക്താനി?

4. ആത്മശക്തിയാലുള്ള അത്ഭുതങ്ങൾ

5. നിങ്ങളുടെ പക്കൽ എന്തുണ്ട്?

6. യേശുവിനെ അനുഗമിക്കുന്നതിനുള്ള തടസ്സം

7. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്

8. കാലമേറെയായാലും കാത്തിരിക്കുന്ന സ്നേഹം

9. രക്തംകൊണ്ടെഴുതിയ പുതിയനിയമം

10. കുറ്റമില്ലെന്ന വിധി സമ്പാദിച്ചിട്ട് ശിക്ഷിക്കപ്പെട്ടവൻ

11. അന്ധനായിരുന്നവന്റെ അചഞ്ചലസാക്ഷ്യം

12. യേശുവില്ലാതെ കദനക്കടലിൽ 96 മണിക്കുർ

13. യേശുവിൻ്റെ ശിഷ്യരാകാനുള്ള വ്യവസ്ഥ

14. മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കുന്നവർ

15. പണംകൊണ്ടു പ്രാപിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവ്

16. യെരൂശലേമിലേക്കോ – ദമസ്കൊസിലേക്കോ?

17. നടുക്കടലിൽ ഉത്തരമരുളുന്ന ദൈവം

18. ആത്മാവിലുള്ള ഹൃദയപരിച്ഛേദന

19. ആരാകുന്നു ദൈവത്തിന്റെ മക്കൾ?

20. ആരുടെ പക്ഷക്കാരൻ?

21. നമ്മുടെ പെസഹാക്കുഞ്ഞാട്

22. ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു 

23. ക്രിസ്തുവിന്റെ പത്രം

24. മാംസരക്തങ്ങളോടു ആലോചിക്കാത്തവർ

25. പുതിയ സൃഷ്ടിയത്രേ കാര്യം

26. കർത്താവിനെന്നപോലെ ഭർത്താവിനു കീഴടങ്ങുക

27. സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം

28. ഭാര്യയെ സ്നേഹിക്കുക

29. ഇടവിടാതെ പ്രാർത്ഥിക്കുവിൻ!

30. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ!

31. ധനവാന്മാരുടെ അടിസ്ഥാനം

32. മുതിർന്നവരെ മാതൃകയാക്കിയ മകൻ

33. വീട്ടിലെ സഭ

34. വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം

35. വിശ്വാസം പ്രവൃത്തിയാൽ പ്രകടമാക്കണം 

36. നാവ് എന്ന തീ

37. ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

38. സ്നേഹത്തിന്റെ ഭാഷ്യം

39. പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക 

40. “നീ കുരുടനാകുന്നു”

ദൈവത്തെ തോല്പിക്കുന്ന മനുഷ്യർ

ദൈവത്തെ തോല്പിക്കുന്ന മനുഷ്യർ

കർത്താധികർത്താവും ദൈവാധിദൈവവുമായ യഹോവയാം ദൈവത്തെ വെറും മണ്ണായ മനുഷ്യൻ തോല്പിക്കുന്നു എന്നു പറയുന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. എന്നാൽ അത്യുന്നതനായ ദൈവംതന്നെയാണ് തന്റെ ജനത്തെക്കുറിച്ച്: “മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ” (മലാ, 3:8) എന്നു ദുഃഖത്തോടെ അരുളിച്ചെയ്യുന്നു. തനിക്കായി നൽകേണ്ട ദശാംശവും വഴിപാടുകളുമാണ് തന്റെ ജനം കവർച്ച ചെയ്യുന്നതെന്നു വ്യക്തമാക്കുന്ന ദൈവം, തന്നെ തോല്പിക്കുന്നതുകൊണ്ട് അവർ ശപിക്കപ്പെട്ടവരാകുന്നുവെന്നും പ്രഖ്യാപിക്കുന്നു. മിസയീമ്യ അടിമത്തത്തിൽനിന്ന് തന്റെ ജനത്തെ വിമോചിപ്പിച്ച്, താൻ അവർക്കായി ഒരുക്കിയിരിക്കുന്ന പാലും തേനും ഒഴുകുന്ന കനാൻ ദേശത്തേക്കു നയിക്കുമ്പോൾ അവർ അനുഷ്ഠിക്കേണ്ട കല്പനകൾ ദൈവം അവരോട് അരുളിച്ചെയ്തു. താനാണ് അവർക്കു സർവ്വനന്മകളും നൽകുന്നതെന്നുള്ള യാഥാർത്ഥ്യം അവരുടെ ഹൃദയങ്ങളിൽ രൂഢമൂലമാകുന്നതിനും, തന്നോടുള്ള ഭക്തിയിലും ഭയത്തിലും സ്നേഹത്തിലും ആരാധനയിലും അവർ ജീവിതം തുടരുന്നതിനും, അവർക്കു ലഭിക്കുന്ന ആദായങ്ങളുടെ അഥവാ വരുമാനങ്ങളുടെ പത്തിലൊന്ന് ദൈവത്തിനു നൽകണമെന്ന് ദൈവം അവരോടു കല്പിച്ചു. “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.” (ലേവ്യ, 27:30). ദൈവം അവർക്കു നൽകുന്ന അനുഗ്രഹങ്ങളുടെ പത്തു ശതമാനം മാത്രം ദൈവത്തിനു തിരിച്ചുനൽകുമ്പോൾ താൻ അവർക്ക് ആകാശത്തിന്റെ കിളിവാതിലുകൾ തുറന്ന് സ്ഥലം പോരാതെ വരുവോളം അവരുടെമേൽ അനുഗ്രഹങ്ങൾ പകരുമെന്ന് വാഗ്ദത്തം ചെയ്യുക മാത്രമല്ല, തന്റെ വാഗ്ദത്തത്തെ പരീക്ഷിച്ചു നോക്കുവാനും ദൈവം തന്റെ ജനത്തെ വെല്ലുവിളിക്കുന്നു. അവർക്കു സംഭരിക്കുവാൻ സ്ഥലം തികയാതാകുവോളം അവരെ അനുഗ്രഹിക്കുന്നത് എങ്ങനെയാണെന്നും ദൈവം വെളിപ്പെടുത്തുന്നു. കാർഷികവിളകളിൽ അധിഷ്ഠിതമായ അവരുടെ സമ്പദ് വ്യവസ്ഥ പലപ്പോഴും പ്രകൃതിക്ഷോഭങ്ങളാലും വെട്ടുക്കിളികളുടെ ആക്രമണങ്ങളാലും താറുമാറായിരുന്നു. ദൈവത്തെ കൊള്ളയടിക്കാതെ ദശാംശം നൽകുമ്പോൾ അവർക്കു നാശം വിതയ്ക്കുന്ന വെട്ടുക്കിളികളെ താൻ ശാസിക്കുമെന്നും കാർഷികവിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ നകുമെന്നും ദൈവം അവരോടു വാഗ്ദത്തം ചെയ്യുന്നു. ഒരുപക്ഷേ നാം കർഷകർ അല്ലായിരിക്കാം, എന്നാൽ ഒരു വലിയ തത്ത്വം ദൈവം ഇവിടെ അനാവരണം ചെയ്യുന്നു. അതായത് നമ്മുടെ സമ്പദ് വ്യവസ്ഥ കാർഷികവിളകളിൽ അധിഷ്ഠിതമല്ലെങ്കിലും ജീവിതയാത്രയിൽ വിവിധ ഉറവിടങ്ങളിലൂടെ ദൈവം നമുക്കു നൽകുന്ന സർവ്വ സമ്പത്തിന്റെയും പത്തു ശതമാനം ദൈവത്തിനു മടക്കിക്കൊടുക്കുവാൻ കഴിയുന്നില്ലെങ്കിൽ, എന്നെന്നേക്കും ആ ഉറവകൾ വറ്റിച്ചുകളയുമെന്ന് അസന്ദിഗ്ദ്ധമായ ഭാഷയിൽ ദൈവം മുന്നറിയിപ്പു നൽകുന്നു. എന്തെന്നാൽ ദശാംശം നാം നൽകാതിരിക്കുമ്പോൾ ദൈവത്തിനു നൽകേണ്ട പത്തു ശതമാനം നാം കൊള്ളയടിക്കുന്നുവെന്ന് മലാഖി 3:8-ൽ വെളിപ്പെടുത്തുന്നു.

ഞാൻ വിവാഹമോചനം വെറുക്കുന്നു

ഞാൻ വിവാഹമോചനം വെറുക്കുന്നു

ക്രൈസ്തവ സമൂഹത്തിൽ വിവാഹമോചനം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യനാടുകളിൽ പ്രതിവർഷം നടത്തപ്പെടുന്ന വിവാഹങ്ങളിൽ നാല്പതു ശതമാനത്തോളം വിവാഹമോചനങ്ങളിൽ കലാശിക്കുന്നു. ചില ക്രൈസ്തവസഭകൾ വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു. പൗരോഹിത്യ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ പോലും വിവാഹമോചനം നേടി പുനർവിവാഹം ചെയ്ത് പൗരോഹിത്യശുശ്രൂഷ തുടരുന്നു. വിവാഹമോചനം നേടി പുനർവിവാഹം ചെയ്തവർ പരിശുദ്ധാത്മശക്തിയിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് വലിയ ശുശ്രൂഷകൾ നയിക്കുന്നു. രാഷ്ട്രീയത്തലവന്മാരാകുവാനോ രാഷ്ട്രീയ നേതാക്കന്മാരാകുവാനോ വിവാഹമോചനം ഒരു തടസ്സമല്ലാതായി തീർന്നിരിക്കുന്നു. മൂന്നാം സഹസ്രാബ്ദം സമ്മാനിക്കുന്ന ഈ സ്ഥിതിവിശേഷത്തിലാണ്, വിവാഹമോചനത്തെക്കുറിച്ചുള്ള അത്യുന്നതനായ ദൈവത്തിന്റെ കാഴ്ചപ്പാട് നാം മനസിലാക്കേണ്ടത്. “ഞാൻ വിവാഹമോചനം വെറുക്കുന്നു” (മലാ, 2:16) എന്ന് യാതൊരു അർത്ഥശങ്കയ്ക്കോ വ്യാഖ്യാനഭേദങ്ങൾക്കോ പഴുതു നൽകാതെ ദൈവം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യത്തിൽ വിവാഹിതരായി ഒന്നായിത്തീരുന്ന ദമ്പതികളിൽനിന്ന് സ്നേഹവാനായ ദൈവം ആഗ്രഹിക്കുന്നത് ദൈവഭക്തരായ സന്താനങ്ങളെയാണ്. പരിശുദ്ധവും പരിപാവനവുമായ ആ ബന്ധത്തിൽ, യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുതെന്ന് ദൈവം പ്രത്യേകം കല്പിക്കുന്നു. കാരണം കന്യകയായിരുന്ന അവൾ ഭാര്യയായി, അമ്മയായി തീർന്നശേഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുമ്പോൾ അവൾക്ക് സന്തോഷപ്രദമായ ഒരു പുനർവിവാഹം ഏറെക്കുറെ അപ്രായോഗികമാണ്. എന്തെന്നാൽ തന്നെ വിവാഹം ചെയ്യുവാൻ ആഗ്രഹിക്കുന്ന മറ്റൊരു പുരുഷന്റെ പ്രതീക്ഷകൾ പൂർണ്ണമാക്കുവാൻ ക്ഷതമേറ്റ അവളുടെ ശരീരമനസ്സുകൾക്കു കഴിയുകയില്ല. ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന് യാതൊന്നും നഷ്ടപ്പെടാത്തതിനാൽ അവന് ഒരു പുനർവിവാഹത്തിനു പ്രയാസമില്ല. യൗവനത്തിൽ ഭാര്യയുമായി തന്റെ സന്നിധിയിൽ ഉടമ്പടി ചെയ്തിരിക്കുന്ന ഒരുവൻ അവളോട് അവിശ്വസ്തത കാണിക്കുകയോ അവളെ ഉപേക്ഷിക്കുകയോ ചെയ്തശേഷം തന്റെ ബലിപീഠത്തെ കണ്ണുനീർകൊണ്ടു മൂടിയാലും താൻ അവന്റെ വഴിപാടുകൾ സ്വീകരിക്കുകയില്ലെന്ന് ദൈവം അരുളിച്ചെയ്യുന്നതിൽ നിന്ന് വിവാഹമോചനം നടത്തുന്നവരെ ദൈവം എത്രമാത്രം വെറുകാകുന്നുവെന്നു വ്യക്തമാകുന്നു. വിവാഹമോചനത്തെ ഇത്രയധികം വെറുക്കുന്ന ദൈവത്തിന്റെ സന്നിധിയിലാണ് പുനർവിവാഹങ്ങൾ നിരന്തരം നടക്കുന്നതും നടത്തുന്നതുമെന്നതാണ് ഇന്നു ക്രൈസ്തവലോകത്തു ദർശിക്കാവുന്ന വൈപരീത്യം. അതോടൊപ്പം ഭാര്യാഭർത്താക്കന്മാരുടെ വേർപിരിയലോടുകൂടി ദൈവഭക്തരായിത്തീരണമെന്ന് ദൈവം ആഗ്രഹിച്ച അവരുടെ സന്താനങ്ങൾ, മാതാപിതാക്കളുടെ സ്നേഹപരിലാളനകൾ നഷ്ടപ്പെട്ട്, നിരാശയാലും മാനസിക സംഘർഷങ്ങളാലും മുരടിച്ച് ദൈവമില്ലാത്തവരായി വളർന്ന് അവരും നശിക്കുന്നു.

നിങ്ങൾ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?

നിങ്ങൾ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്?

ഇന്നത്തെ ക്രൈസ്തവ സമൂഹത്തിൽ ഉപവാസം അനുഷ്ഠിക്കുന്ന അനേകരുണ്ട്. എന്നാൽ മനുഷ്യൻ അനുഷ്ഠിക്കുന്ന ഉപവാസങ്ങളെയും അവയുടെ ലക്ഷ്യങ്ങളെയും സർവ്വശക്തനായ ദൈവം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് അധികമാരും ചിന്തിക്കാറില്ല. കഴിഞ്ഞി 70 വർഷങ്ങളായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും തങ്ങൾ അനുഷ്ഠിച്ചുവരുന്ന ഉപവാസം തുടരണമോ എന്ന് തന്നോടു ചോദിക്കുന്ന പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ദൈവം നൽകുന്ന മറുപടിയിൽനിന്ന് മനുഷ്യൻ ദൈവസന്നിധിയിൽ അനുഷ്ഠിക്കുന്നുവെന്നു പ്രഖ്യാപിക്കുന്ന ഉപവാസങ്ങളുടെ ഉദ്ദേശ്യശുദ്ധി സർവ്വജ്ഞാനിയായ ദൈവം സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് വ്യക്തമാകുന്നു. ദൈവം അവരോട്: “നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു? (സെഖ, 7:5) എന്ന മറുചോദ്യമാണ് ചോദിക്കുന്നത്. കാരണം ഈ രണ്ട് ഉപവാസങ്ങളും അവർ തങ്ങളുടെ സ്വന്തം തീരുമാനപ്രകാരം അനുഷ്ഠിച്ചിരുന്ന ഉപവാസങ്ങളായിരുന്നു. അഞ്ചാം മാസത്തിലെ ഉപവാസം, നെബൂഖദ്നേസർ യെരുശലേമിനെ തകർത്ത് ദൈവാലയം ചുട്ടുകരിച്ചപ്പോൾ ആരംഭിച്ചതായിരുന്നു. നെബുഖദ്നേസർ തന്റെ ആക്രമണത്തിനു ശേഷം യെരുശലേമിന്റെ ഭരണത്തിനായി നിയമിച്ച ഗെദല്യാവ് കൊല്ലപ്പെട്ടതിനാൽ ദുഃഖസൂചകമായി അനുഷ്ഠിച്ചിരുന്ന ഉപവാസമായിരുന്നു ഏഴാം മാസത്തിലെ ഉപവാസം. അങ്ങനെ തങ്ങൾക്കു നേരിട്ട ഭയങ്കരവും അതിദാരുണവുമായ നാശനഷ്ടങ്ങൾ ഓർത്തു വിലാപത്തോടെ അഞ്ചാം മാസവും ഏഴാം മാസവുമായി നീണ്ട 70 വർഷങ്ങൾ അവർ നടത്തിയ ഭക്ഷണവർജ്ജനങ്ങൾ ഉപവാസങ്ങളായി അത്യുന്നതനായ ദൈവം അംഗീകരിച്ചില്ല. കാരണം അവരുടെ കരച്ചിൽ തങ്ങളുടെ പാപങ്ങളെക്കുറിച്ചുള്ള അനുതാപത്തിൽ നിന്നുള്ളതല്ലായിരുന്നു. പിന്നെയോ അത് അവരുടെ നഷ്ടബോധത്തിൽനിന്നുണ്ടായ പ്രലപനങ്ങളായിരുന്നു. സ്നേഹവാനായ ദൈവത്തോടു വിശുദ്ധിയിൽ അലിഞ്ഞു ചേരുവാനായിരുന്നില്ല അവർ ഭക്ഷണം വെടിഞ്ഞത്. പ്രത്യുത, അവരുടെ നഷ്ടപ്പെട്ട നഗരത്തോടും കൊല്ലപ്പെട്ട നേതാവിനോടുമുള്ള സ്നേഹമായിരുന്നു അവരുടെ ഉപവാസങ്ങളുടെ ഉൾക്കാമ്പ്. തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് അവ ഉപേക്ഷിച്ച് പുതിയ സ്യഷ്ടികളായിത്തീരുന്ന ഉപവാസങ്ങളിലാണ് ദൈവം പ്രസാദിക്കുന്നത്. മറിച്ച് സ്വാർത്ഥതാൽപര്യങ്ങളോടും ഭൗതികലക്ഷ്യങ്ങളോടുംകൂടെ മാനുഷികബുദ്ധിയിൽ അനുഷ്ഠിക്കുന്ന ഉപവാസങ്ങൾ ദൈവസന്നിധിയിൽനിന്ന് യാതൊരു അനുഗ്രഹങ്ങളും നേടുവാൻ കഴിയാത്ത കേവലം ഭക്ഷണവർജ്ജനങ്ങളായി മാത്രം തീരുന്നു. അപ്പോഴാണ് “നിങ്ങളുടെ ഉപവാസം എനിക്കുവേണ്ടിത്തന്നെ ആയിരുന്നുവോ?” എന്ന ദൈവത്തിന്റെ ശബ്ദം നമുക്കു കേൾക്കേണ്ടിവരുന്നത്.

ഓട്ടസഞ്ചിയിൽ കൂലി വാങ്ങുന്നവർ

ഓട്ടസഞ്ചിയിൽ കൂലി വാങ്ങുന്നവർ

അത്യദ്ധ്വാനം ചെയ്ത് വരുമാനം വളരെയധികം വർദ്ധിപ്പിക്കുന്തോറും പാഴ്ച്ചെലവുകൾ അതിലധികം വർദ്ധിച്ച് ദാരിദ്ര്യത്തിലൂടെ മുന്നോട്ടുപോകുന്ന സഹോദരങ്ങളേറെയാണ്. ദൈവത്തെ അറിയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവർക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അനേകർ ആത്മഗതം ചെയ്യാറുണ്ട്. നീണ്ട ഏഴു പതിറ്റാണ്ടുകാലത്ത് ബാബിലോണ്യ പ്രവാസത്തിൽനിന്ന് ദൈവം വിമോചിപ്പിച്ച് യെരൂശലേമിലേക്കു കൊണ്ടുവന്ന ജനം അത്യധികം ആവേശത്തോടുകൂടെയാണ് ബാബിലോണ്യ ആക്രമണത്താൽ ചുട്ടുകരിക്കപ്പെട്ട ദൈവാലയത്തിനു വീണ്ടും അടിസ്ഥാനമിട്ടത്. എന്നാൽ അടിസ്ഥാനമിട്ട ശേഷം അവർ തങ്ങളുടെ സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള പ്രയത്നം ആരംഭിച്ചു. ആ അത്യദ്ധ്വാനത്തിൽ തങ്ങളെ വിമോചിപ്പിച്ച് തങ്ങളുടെ പിതൃഭവനത്തിലേക്ക് അത്യത്ഭുതകരമായി കൊണ്ടെത്തിച്ച് ദൈവത്തെയും ആ ദൈവത്തിനുവേണ്ടി അടിസ്ഥാനമിട്ടിരുന്ന ദൈവാലയത്തെയും അവർ വിസ്മരിച്ചുകളഞ്ഞു. യഹോവയുടെ ആലയം പണിയുവാൻ സമയമായിട്ടില്ല എന്ന ഭാവേന അവർ തങ്ങൾക്കു തട്ടിട്ട ഭവനങ്ങൾ പടുത്തുയർത്തി. അങ്ങനെ ദൈവത്തെയും ദൈവത്തിന്റെ ആലയത്തെയും മറന്നു സമ്പാദ്യങ്ങൾ സ്വരൂപിക്കുവാൻ കഠിനാദ്ധ്വാനം ചെയ്ത അവരുടെ പരിശ്രമങ്ങളെല്ലാം ദൈവം ശൂന്യമാക്കിക്കളഞ്ഞു. “നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു” (ഹഗാ, 1:6) എന്ന് അരുളിച്ചെയ്യുന്ന ദൈവം, അവർ പ്രതീക്ഷകളോടെ വീട്ടിൽ കൊണ്ടുവന്ന സമ്പാദ്യങ്ങളൊക്കെയും താൻ ഊതിക്കളഞ്ഞതായും അങ്ങനെ ഊതിക്കളയുവാനുളള കാരണം, തന്റെ ആലയം ശൂന്യമായിക്കിടക്കുമ്പോൾ അവർ തങ്ങളുടെ സ്വന്തം ഭവനങ്ങളുടെ അഭിവ്യദ്ധിക്കുവേണ്ടി പ്രയത്നിച്ചതാണെന്നും ഹഗ്ഗായി പ്രവാചകനിലൂടെ വ്യക്തമാക്കുന്നു (ഹഗാ, 1:9). അതുകൊണ്ട് പ്രകൃതിയിന്മേലും അവരുടെ കൈകളുടെ സകല പ്രവർത്തികളിന്മേലും ദൈവം വറുതി വിളിച്ചുവരുത്തിയിരിക്കുന്നതായി അരുളിച്ചെയ്തു. ഉടനേ അവർ ദൈവത്തിന്റെ ശബ്ദം കേട്ടനുസരിച്ച് ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ വ്യാപൃതരായി. അപ്പോൾ അതുവരെ അവരെ ശൂന്യതയിലേക്കു നടത്തിയ ദൈവം: “ഇന്നു മുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും” (ഹഗ്ഗാ, 2:19) എന്ന് അരുളിച്ചെയ്ത് അനുഗ്രഹത്തിന്റെ വാതായനം അവർക്കായി തുറന്നു. നമ്മുടെ അനുഗ്രഹത്തിനും അഭിവൃദ്ധിക്കും വേണ്ടി ദൈവത്തെ നാം ഭയപ്പെടുകയും അവനോടു പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ ആലയത്തെക്കുറിച്ച് അഥവാ ദൈവത്തിന്റെ വേലയെക്കുറിച്ച് (അത് സഭയോ ശുശ്രുഷയോ എന്തായിരുന്നാലും) തീക്ഷണതയില്ലാത്തവരായി തീരുകയാണെങ്കിൽ നമ്മുടെ പ്രയത്നങ്ങളൊക്കെയും ശൂന്യമായിപ്പോകുമെന്ന് ബാബിലോണിൽ നിന്നു മടങ്ങിയെത്തിയ പ്രവാസികളുടെ അനുഭവം വ്യക്തമാക്കുന്നു.

യഹോവയുടെ ക്രോധദിവസം

യഹോവയുടെ ക്രോധദിവസം

ആഭരണങ്ങൾ അലങ്കാരവസ്തുക്കളും ധനത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകങ്ങളുമാണ്. ഇവ ആവോളം സമ്പാദിച്ചു കൂട്ടുവാൻ മനുഷ്യൻ എല്ലായ്പ്പോഴും പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ധനത്തിന്റെയും പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും അടിസ്ഥാനമായി ഇവയെ കണക്കാക്കുന്ന മനുഷ്യൻ ഇവയുടെ മൂല്യം തങ്ങളെ രക്ഷിക്കുമെന്നു കണക്കുകൂട്ടുന്നു. തങ്ങളെ സമൃദ്ധിയിലേക്കു നയിച്ച അത്യുന്നതനായ ദൈവത്തെ മറന്ന യിസായേലിന്റെമേൽ ദൈവം നടത്തിയ ന്യായവിധി, സ്വർണ്ണവും വെള്ളിയും തങ്ങളെ രക്ഷിക്കുമെന്നു കരുതി ദൈവത്തെ മറന്നു മുന്നോട്ടുപോകുന്ന മനുഷ്യനുള്ള മുന്നറിയിപ്പാണ്: “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.” (സെഫ, 1:18). “ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.” (സെഫ, 1:15,16). മിസ്രയീമ്യ അടിമത്തത്തിൽനിന്ന് അത്ഭുതങ്ങളാലും അടയാളങ്ങളാലും തങ്ങളെ വിമോചിപ്പിച്ച്, ചെങ്കടലും യോർദാനും പിളർന്ന്, 40 വർഷക്കാലം മരുഭൂമിയിലൂടെ പകലിൽ മേഘസ്തംഭമായി തണലേകിയും, രാതിയിൽ അഗ്നിസ്തംഭമായി വെളിച്ചം നൽകിയും വഴിനടത്തിയവനും, ഭക്ഷി ക്കുവാൻ മന്നായും കാടപ്പക്ഷിയും നൽകി പാലും തേനും ഒഴുകുന്ന കനാൻദേശത്തെത്തിച്ചവനുമായ ദൈവത്തെ മറന്ന് യിസായേൽമക്കൾ, ജാതികളുടെ ദേവന്മാരായ ബാലിനെയും മല്ക്കാമിനെയും ആരാധിക്കുകയും, അവർക്കു പൂജാഗിരികൾ പണിതു നമസ്കരിക്കുകയും ചെയ്തു. ദൈവത്തിന്റെ നീതിയും ന്യായവും മറന്നു മ്ലേച്ഛതകളിൽ ജീവിച്ച്, യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല എന്നു പറഞ്ഞുകൊണ്ട് ദൈവത്തിന്റെ പ്രവാചകന്മാരെ നിന്ദിക്കുകയും കൊല്ലുകയും ചെയ്ത അവർ, തങ്ങളുടെ തിരിച്ചുവരവിനുവേണ്ടി ക്ഷമാപുർവ്വം കാത്തിരുന്ന കരുണാസമ്പന്നനായ ദൈവത്തെ പരീക്ഷിക്കുകയായിരുന്നു. ദൈവത്തിന്റെ ക്രോധദിവസത്തെ കുറിച്ചുള്ള മുന്നറിയിപ്പു ലഭിച്ചിട്ടും തങ്ങളുടെ സ്വർണ്ണവും വെള്ളിയും അഥവാ ധനവും പ്രതാപങ്ങളും തങ്ങളെ രക്ഷിക്കുമെന്നു ചിന്തിച്ച് ദൈവത്തെ അവഗണിച്ചുകൊണ്ട് അവർ മുന്നോട്ടുപോയി. ആ ക്രോധദിവസം ഭയാനകമായിരുന്നു. ദൈവം, താൻ രൂപകല്പന ചെയ്തതും ഭൂമിയിലെ ഏറ്റവും മനോഹരമായിരുന്നതുമായ ദൈവാലയത്തെയും, തന്നെ മറന്ന ജനതയുടെ ഭവനങ്ങളെയും കത്തിച്ചുകളഞ്ഞു. വൃദ്ധന്മാരും യൗവ്വനക്കാരും കുഞ്ഞുങ്ങളും എല്ലാമെല്ലാം മൃഗീയമായി കൊല്ലപ്പെട്ടു. തങ്ങളുടെ സമ്പത്തിലും സ്ഥാനമാനങ്ങളിലും പ്രതാപങ്ങളിലും ആശ്രയിച്ച്, അവ തങ്ങളെ രക്ഷിക്കുമെന്നു കരുതി നി മുന്നോട്ടുപോകുന്ന ആധുനിക മനുഷ്യന് ചരിത്രം നൽകുന്ന മുന്നറിയിപ്പാണ് യഹോവയുടെ ക്രോധദിവസം.

വാഗ്ദത്തങ്ങൾ വരും നിശ്ചയം; താമസിക്കയുമില്ല

വാഗ്ദത്തങ്ങൾ വരും നിശ്ചയം; താമസിക്കയുമില്ല

സർവ്വശക്തനായ ദൈവം, തന്നെ വിട്ട് പാപത്തിലൂടെ വഷളത്തങ്ങളിലും മ്ലേച്ഛതകളിലും ഓടുന്ന മനുഷ്യനെ തന്നിലേക്ക് മടക്കിവരുത്തുവാൻ തന്റെ ദാസന്മാരിലൂടെ മുന്നറിയിപ്പുകളും താക്കീതുകളും ലോകാരംഭംഴമുതൽ ഇന്നുവരെ നൽകിവരുന്നു. പക്ഷേ, അവ ഉടനടി സംഭവിക്കാത്തതിനാൽ ഈ മുന്നറിയിപ്പുകളെ ജനം അവഗണിച്ചും നിഷേധിച്ചുംകൊണ്ട് പാപത്തിന്റെ ആഴങ്ങളിലേക്കുള്ള ഓട്ടം തുടർന്നുകൊണ്ടിരിക്കുന്നു. ദൈവം തന്റെ പ്രവാചകന്മാരിലൂടെയും ദാസന്മാരിലൂടെയും താക്കീതുകളും മുന്നറിയിപ്പുകളും നൽകുന്നതു പാപിയെ നശിപ്പിക്കുവാനല്ല, പിന്നെയോ വീണ്ടെടുക്കുവാനാണ്. അതുകൊണ്ടാണ് “ദുഷ്ടൻ തന്റെ വഴിവിട്ടുതിരിഞ്ഞു ജീവിക്കുന്നതിലാണ് എനിക്കു സന്തോഷമുള്ളത്…… നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങൾ വിട്ടുതിരിയുവിൻ. നിങ്ങൾ എന്തിനു മരിക്കുന്നു?” (യെഹെ, 33:11) എന്ന് ദൈവം ചോദിക്കുന്നത്. അതുകൊണ്ടുതന്നെ മഹാകാരുണ്യവാനും ദീർഘക്ഷമയുള്ളവനും സ്നേഹവാനുമായ ദൈവം, മനുഷ്യൻ പാപം ഉപേക്ഷിച്ച് തന്റെ സ്നേഹത്തിലേക്കു മടങ്ങിവരുവാൻ അവനു വേണ്ടുവോളം സമയം കൊടുക്കുന്നു. പക്ഷേ ആ സമയദൈർഘ്യം ദൈവത്തിന്റെ അരുളപ്പാടുകളെ സംശയിക്കുവാനും തിരസ്കരിക്കുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഈ കാരണംകൊണ്ട് താൻ ദർശനങ്ങളും അരുളപ്പാടുകളും നൽകിയ തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്മാർപോലും പലപ്പോഴും വിഷമവൃത്തത്തിലാകുന്നു. എന്തെന്നാൽ ദൈവം നൽകിയ മുന്നറിയിപ്പുകളായ ദർശനങ്ങളും അരുളപ്പാടുകളും ഉടനടി പ്രാവർത്തികമാകാതെ വരുമ്പോൾ ജനം അവരെ അവിശ്വസിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് അത്യുന്നതനായ ദൈവം: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല” (ഹബ, 2:3) എന്നു തന്റെ വചനത്തിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന തന്റെ ദാസന്മാർക്ക് ഉറപ്പു നൽകുന്നത്.

നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക

നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക

ഇന്നത്തെ ക്രൈസ്തവസമൂഹങ്ങൾ വിവിധ തലങ്ങളിൽ തങ്ങൾക്കു ശക്തിയുണ്ടെന്നു കരുതുന്നവരാണ്. അസംഖ്യം ദേവാലയങ്ങൾ പടുത്തുയർത്തിയെന്ന് അവകാശപ്പെടുന്ന വർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളെന്ന് അഭിമാനിക്കുന്നവർ, ആതുരശുശ്രൂഷാ രംഗത്തെ പ്രബലത പ്രഘോഷിക്കുന്നവർ, അംഗസംഖ്യകൊണ്ട് തങ്ങളാണ് മുമ്പിലെന്നു വിളംബരം ചെയ്യുന്നവർ, അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. സർവ്വശക്തനായ ദൈവം തന്റെ പ്രവാചകനായ നഹൂമിലൂടെ ദൈവജനത്തിനു നൽകുന്ന മുന്നറിയിപ്പു ശ്രദ്ധേയമാണ്; “സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചുനോക്കുക; അരമുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.” (നഹൂം, 2:1). ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങൾ പ്രബലമെന്നു ധരിച്ചിരിക്കുന്ന പ്രസ്തുത, ഭൗതിക ശക്തികൾകൊണ്ട് ഈ സംഹാരകനെ നേരിടുവാനോ അവരെ ദൈവം ഭരമേല്പിച്ചിരിക്കുന്ന കോട്ടകൾ കാത്തുസൂക്ഷിക്കുവാനോ സാദ്ധ്യമല്ലെന്നു മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാൽ ആരാണ് ഈ സംഹാരകൻ അഥവാ ശത്രുവെന്നു ബോദ്ധ്യപ്പെട്ടാൽ മാത്രമേ, എന്തു ശക്തികൊണ്ട് അവനെ കീഴടക്കുവാൻ കഴിയുമെന്ന് നമുക്കു ചിന്തിക്കുവാൻ സാദ്ധ്യമാകൂ. അപ്പൊസ്തലനായ പൗലൊസ് ഈ ശത്രുവിനെക്കുറിച്ച് എഫെസ്യസഭയെ ഉദ്ബോധിപ്പിക്കുന്നതു ശ്രദ്ധേയമാണ്: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും ആകാശമണ്ഡലത്തിലെ ദുഷ്ടാത്മസേനയോടും അത്രേ.” (എഫെ, 6:12). ഈ ശ്രതുവിനെ നേരിടുന്നതിനായി കർത്താവിന്റെ അമിതബലത്തിൽ ശക്തിപ്പെടുവാൻ അപ്പൊസ്തലൻ നമ്മെ പ്രബോധിപ്പിക്കുന്നു. ദൈവജനത്തിന്റെ ശക്തി അവരിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു മാത്രമേ സംഹാരകനെ നേരിടുവാനും കീഴടക്കുവാനും ദൈവജനത്തിനു കഴിയുകയുള്ളു. അതുകൊണ്ടാണ് കർത്താവ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട്; “നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർക്കുവിൻ” (ലൂക്കൊ, 24:49) എന്നു കല്പിച്ചത്. ഇന്ന് ക്രൈസ്തവ കുടുംബങ്ങളും സഭകളും സമൂഹങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ ഭൗതിക ആസ്തികളാകുന്ന ശക്തികൊണ്ട് ഈ സംഹാരകന നേരിടുവാൻ ശ്രമിക്കുന്നതുകൊണ്ടാണ്. പരിശുദ്ധാത്മശക്തി ഒന്നുകൊണ്ടു മാത്രമേ ദൈവജനത്തെ തകർക്കുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഹാരകനെ തുരത്തുവാനും തകർക്കുവാനും കഴിയുകയുള്ളു എന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു.

എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

അത്യുന്നതനായ ദൈവത്തെ പ്രസാദിപ്പിച്ച് അനുഗ്രഹവർഷങ്ങൾ നേടുവാനായി മനുഷ്യൻ ദൈവത്തിനു കാഴ്ചകൾ അർപ്പിക്കാറുണ്ട്. കാഴ്ചകളുടെ ബാഹുല്യവും അവയുടെ മൂല്യവും അനുസരിച്ചാണ് ദൈവം അനുഗ്രഹങ്ങൾ പകരുന്നതെന്ന ധാരണ ഇന്നത്തെപ്പോലെ പ്രാചീനകാലത്തും നിലനിന്നിരുന്നുവെന്ന് മീഖായിലൂടെ ദൈവം തന്റെ ജനത്തിനു നൽകുന്ന അരുളപ്പാടുകൾ വ്യക്തമാക്കുന്നു. ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളെയോ ആയിരമായിരം ആട്ടുകൊറ്റന്മാരെയോ ഹോമയാഗം അർപ്പിക്കുന്നതിലോ പതിനായിരം പതിനായിരം തൈലനദികൾ കാഴ്ചയായി അർപ്പിക്കുന്നതിലോ മക്കളെ അഗ്നിയിൽ ബലിയായി അർപ്പിക്കുന്നതിലോ അല്ല ദൈവം പ്രസാദിക്കുന്നതെന്നും, ഭൗതികമായ കാഴ്ചകളെക്കാൾ ദൈവം വിലമതിക്കുന്നത് ആന്തരികമായ രൂപാന്തരവും തദ്വാര ഉളവാകുന്ന ദൈവിക സ്വഭാവവുമാണെന്നും ദൈവം തന്റെ പ്രവാചകനിലൂടെ വിശദമാക്കുന്നു. (മീഖാ, 6:6,7). താൻ മനുഷ്യനോടു ചോദിക്കുന്ന കാഴ്ച തന്റെ സ്വഭാവത്തോടനുരൂപപ്പെട്ട ജീവിതമാണെന്ന് അരുളിച്ചെയ്യുന്ന ദൈവം, അതിന്റെ അടിസ്ഥാനഘടകങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കുന്നു. “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:8). നാം ലൗകികമായി എന്തെല്ലാം കാഴ്ചകൾ ദൈവത്തിനു നൽകിയാലും അവയൊക്കെയും ദൈവം നമുക്കു തന്നിരിക്കുന്ന അനുഗ്രഹങ്ങളുടെ അംശങ്ങളോ അവയിൽനിന്നുള്ളതോ മാത്രമാണ്. സർവ്വശക്തനായ ദൈവത്തിന് നമ്മെത്തന്നെ സമ്പൂർണ്ണമായി സമർപ്പിക്കുന്നതാകുന്നു നമ്മുടെ ജീവിതയാത്രയിൽ നമുക്ക് ദൈവത്തിനു നൽകാവുന്ന ഏറ്റവും മഹത്തായ കാഴ്ച. അതു നാം നൽകുന്ന മറ്റെന്തിനെക്കാളും അമൂല്യവുമാണ്. എന്തെന്നാൽ ദൈവസ്വഭാവം ഉൾക്കൊണ്ട് നാം ദൈവത്തിന്റെ വകയായിത്തീരണമെന്നാണ് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ അത്യധികമായ ആഗ്രഹം. അതുകൊണ്ടുതന്നെ അതിനെക്കാൾ മഹത്തായ ഒരു കാഴ്ച അർപ്പിക്കുവാൻ നമുക്കു സാദ്ധ്യമല്ല.