ആത്മികം (spiritual)
ആത്മാവിനെ സംബന്ധിച്ചത്. (റോമ, 7:14; 1കൊരി, 2:13,14; 9:11; 15:46; കൊലൊ, 1:10; വെളി, 11:8). ആത്മാവിനെ അനുസരിച്ച് നടക്കുകയും, ആത്മാവിനാൽ നടത്തപ്പെടുകയും ചെയ്യുന്ന മനുഷ്യനാണ് ആത്മികൻ. (1കൊരി,2:13, 15; 3:1; 14:37; ഗലാ, 6:1).
ആത്മികം (spiritual)
ആത്മാവിനെ സംബന്ധിച്ചത്. (റോമ, 7:14; 1കൊരി, 2:13,14; 9:11; 15:46; കൊലൊ, 1:10; വെളി, 11:8). ആത്മാവിനെ അനുസരിച്ച് നടക്കുകയും, ആത്മാവിനാൽ നടത്തപ്പെടുകയും ചെയ്യുന്ന മനുഷ്യനാണ് ആത്മികൻ. (1കൊരി,2:13, 15; 3:1; 14:37; ഗലാ, 6:1).
ദൈവചനം (Word of God)
”ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു” (യോഹ, 8:46). ”കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23).
പഴയനിയമത്തിൽ വചനത്തെക്കുറിക്കുന്ന ‘ദാബർ’ (דָּבָר- dabar) എന്ന എബ്രായ പദം അനവധി പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. വചനം, കല്പന, പ്രവചനം, വാഗ്ദത്തം, മുന്നറിയിപ്പ് എന്നിങ്ങനെ ദൈവത്തിൽ നിന്നും മനുഷ്യനു ലഭിക്കുന്ന ആശയവിനിമയത്തെ കുറിക്കുന്നു. സെപ്റ്റ്വജിന്റ് ദാബറിനെ ‘ലോഗോസ് അഥവാ റീമ’ എന്നു പരിഭാഷപ്പെടുത്തുന്നു. ഈ രണ്ടു പദങ്ങളും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ലോഗോസ് (λόγος – logos) 330 പ്രാവശ്യവും, റീമാ (ῥῆμα – rhema) 69 പ്രാവശ്യവും പുതിയനിയമത്തിൽ കാണാം.
ചലനാത്മകമായ വചനം: വാക്കിനും പ്രവൃത്തിക്കും തമ്മിലുള്ള ബന്ധം എബ്രായപ്രയോഗം വിശദമാക്കുന്നു. ദുഷ്ടവാക്കുകൾ ദുഷ്പ്രവൃത്തിക്കു തുല്യമാണ്. സങ്കീർത്തനം 35:20-ലെ വ്യാജകാര്യങ്ങൾക്ക് എബ്രായയിൽ ദാവാർ ആണ്. കൊടുത്ത വാക്ക് ഒരിക്കലും പിൻവലിക്കാനാവില്ല. (ഉല്പ, 27). ദൈവത്തിന്റെ ഭാഷണത്തിലാണ് പ്രപഞ്ചം ഉണ്ടായത്. (ഉല്പ, 1:3). “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി.” (സങ്കീ 33:6). ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു. (എബ്രാ, 11:3). ദൈവത്തിന്റെ വചനം സ്വയം നിറവേറുകയായിരുന്നു ക്രിസ്തുവിന്റെ അത്ഭുതകരമായ ജനനത്തിൽ. (ലുക്കൊ, 1:38).
വചനവും വെളിപ്പാടും: പ്രവാചകന്റെ സന്ദേശം ദൈവത്തിന്റെ വചനമാണ്. ശമുവേലിനെ വിളിക്കുന്നതുവരെ ദൈവവചനം ശമുവേലിനു വെളിപ്പെട്ടിരുന്നില്ല. (1ശമൂ, 3:7). ഒരു പ്രവാചകനിലേക്കു ദൈവവചനം വരുകയാണ്. പ്രവാചകനു അരുളപ്പാടുണ്ടായി എന്നതാണ് സാധാരണ ഉപയോഗിക്കുന്ന ശൈലി. (യിരെ, 1:2). പ്രവാചകനു ലഭിക്കുന്ന ദർശനത്തിന്റെ വിഷയമായിരിക്കാം അത്. (യിരെ, 31:28). ഈ വചനം കേൾപ്പിൻ എന്നു (ആമോ, 4:1; 5:1) പ്രവാചകന്മാർ വിളിച്ചു പറയുമ്പോൾ ചരിത്രപരമായി നിവർത്തിക്കപ്പെടാനുള്ള ദൈവത്തിന്റെ വെളിപ്പാട് അവർ വിളംബരം ചെയ്യുകയാണ്. കാരണം ദൈവത്തിന്റെ വചനം സ്വർഗ്ഗത്തിൽ സ്ഥിരമായിരിക്കുന്നു.
ക്രിസ്തു പഴയനിയമത്തെ മുഴുവൻ ദൈവവചനം എന്നു വിളിച്ചു. (മത്താ, 15:6). ക്രൈസ്തവ വെളിപ്പാട് മുഴുവനും ക്രിസ്തുവിന്റെ വചനം ആണ്. (കൊലൊ, 3:16). ക്രിസ്തുവിനെ കുറിക്കുന്നതിനും വചനം എന്ന വാക്കു തന്നെയാണ് ഉപയോഗിക്കുക. (യോഹ, 1:1, 14). ദൈവം പണ്ടു ഭാഗം ഭാഗമായിട്ടു അരുളിച്ചെയ്തു. എന്നാൽ ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം പൂർണ്ണമായി അരുളിച്ചെയ്തു. (എബ്രാ, 1:1). ക്രിസ്തുവിനെ നിരസിക്കുന്നവരിൽ ദൈവവചനം ഇല്ല. (യോഹ, 5:38). ക്രിസ്തുശിഷ്യന്മാരുടെ പ്രത്യേകത അവരിൽ ക്രിസ്തുവിന്റെ വചനം വസിക്കുന്നു എന്നതത്ര. (യോഹ, 15:7).
വചനവും സുവിശേഷവും: വെളിപ്പെട്ട ദൈവവചനം രക്ഷയുടേതാണ്; രക്ഷയ്ക്കു ഹേതുവാണ്. (യെശ, 55:10). പ്രവാചക വചനം ദൈവത്തിന്റെ കൃപയെക്കുറിച്ചും കരുണയെക്കുറിച്ചും സംസാരിക്കുന്നു; ഒപ്പം ദൈവക്രോധം, ന്യായവിധി എന്നിവയെക്കുറിച്ചും. രക്ഷാകരവചനത്തെ മൂർത്തമായും അവതരിപ്പിച്ചിട്ടുണ്ട്. ദൈവം വചനം അയച്ചു തന്റെ ജനത്തെ സൗഖ്യമാക്കുന്നു. (സങ്കീ, 107:20). ദൈവവചനം എന്നേയ്ക്കും നിലനില്ക്കുന്നു. (യെശ, 40:8). ഈ വചനം സുവിശേഷമാണ്. (1പത്രൊ, 1:25). ദൈവവചനത്താലാണ് ഒരു വ്യക്തി വീണ്ടു ജനിക്കുന്നത്. (1പത്രൊ, 1:23; യാക്കോ, 1:18). യേശു സംസാരിച്ച വചനങ്ങൾ ശിഷ്യന്മാരെ ശുദ്ധീകരിച്ചു. (യോഹ, 15:3). യേശു സംസാരിച്ചത് ദൈവവചനം ആയിരുന്നു. (ലൂക്കൊ, 5:1). ക്രിസ്തുവിന്റെ സന്ദേശത്തിലെയും അപ്പൊസ്തലന്മാരുടെ പ്രസംഗത്തിലെയും വിഷയം ക്രിസ്തു ആയിരുന്നു? രാജ്യത്തിന്റെ വചനം (മത്താ, 13:19), ക്രൂശിന്റെ വചനം (1കൊരി, 1:18) എന്നിങ്ങനെ വചനത്തെ വിവേചിക്കുന്നുണ്ട്.
വചനവും തിരുവെഴുത്തും: ക്രിസ്തു ദൈവവചനത്തെയും സമ്പ്രദായത്തെയും വേർതിരിച്ചു പറഞ്ഞു. (മത്താ, 15:6). മൗലികമായ വെളിപ്പാടിനെയും അതിന്റെ ലിഖിത രൂപത്തെയും യേശു സമന്വയിപ്പിക്കുന്നുണ്ട്. (യോഹ, 10:35). പഴയനിയമ ഉപദേശത്തെ മുഴുവൻ പൗലൊസ് ദൈവവചനം എന്നു വിളിച്ചു. (റോമ, 9:6). പഴയനിയമത്തിലെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തെയും വചനം എന്നു പറഞ്ഞിട്ടുണ്ട്. (റോമ, 13:9; ഗലാ, 5:14). ദൈവവചനം ദൈവത്തിന്റെ സ്വയം പ്രകാശനമാണ്. ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചു; തിരുവെഴുത്തുകളിലൂടെ സംസാരിച്ചു. തിരുവെഴുത്തുകൾ അവന്റെ വചനമാണ്. ദൈവം വചനമായി ലോകത്തിലേക്കു വന്നു. വചനം ദൈവം ആയിരുന്നു. വചനം ചലനാത്മകമാണ്, രക്ഷിക്കുന്നതാണ്, ന്യായം വിധിക്കുന്നതാണ്.
വചനവും ക്രിസ്തുവും: ലോഗോസ് എന്ന ഗ്രീക്കുപദം സാങ്കേതികാർത്ഥത്തിൽ ക്രിസ്തുവിന്റെ പേരായി യോഹന്നാന്റെ എഴുത്തുകളിൽ പ്രയോഗിച്ചിരിക്കുന്നു. ലോഗൊസിനെ വചനം എന്നു തന്നെയാണ് പരിഭാഷ ചെയ്തിട്ടുള്ളത്. ഭൂമിയിലെ ഈ മാതൃകാമനുഷ്യനാണ് മനുഷ്യസൃഷ്ടിയിൽ ദൈവത്തിന്റെ മാതൃക. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29. ഒ.നോ: ഫിലി, 3:21). പുതിയനിയമത്തിൽ മൂന്നു ഭാഗങ്ങളിൽ ലോഗോസ് ക്രിസ്തുവിനെ കുറിക്കുന്നു. (യോഹ, 1:1, 14; 1യോഹ, 1:1-3; വെളി, 19:13). ക്രിസ്തുവിന്റെ നിത്യാസ്തിക്യത്തെയും ദൈവത്വത്തെയും വെളിപ്പെടുത്തുന്നതാണ് വചനമെന്ന നാമം. ആദിമുതലേ ഉണ്ടായിരുന്ന വചനവും സാക്ഷാൽ ദൈവമായിരുന്നവനും (യോഹ, 1:1); കൃപയും സത്യവും നിറഞ്ഞവനായി മനുഷ്യരോടുകൂടി പാർത്ത വചനവും ക്രിസ്തുവാണ്. (യോഹ, 1:14). “ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു.” (1യോഹ, 1:1,2). മനുഷ്യൻ ജീവിക്കുന്നത് ഭക്ഷണംകൊണ്ടു മാത്രമല്ല; ദൈവത്തിൻ്റെ വായിൽനിന്നു വരുന്ന സകല വചനവുംകൊണ്ടു കൂടിയാണ്. (മത്താ, 4:4). ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; ദൈവത്തിൻ്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. (മത്താ, 24:35). ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ (ലൂക്കോ, 11:28). വചനത്തിൽ നിലനില്ക്കുന്നവരാണ് ക്രിസ്തുവിൻ്റെ യഥാർത്ഥ ശിഷ്യന്മാർ. (യോഹ, 8:31). ക്രിസ്തുവിൻ്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല (യോഹ, 8:51,52).
വചനവും വീണ്ടുംജനനവും: വീണ്ടുംജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് യേശു നിക്കോദെമൊസിനോടു പറഞ്ഞു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). വചനത്താലും ആത്മാവിനാവുമാണ് വ്യക്തി വീണ്ടുംജനിക്കുന്നത്: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.” (യോഹ, 3:5,6). “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” (എഫെ, 5:26). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ് ‘ദൈവവചനം കൈക്കൊള്ളുക’ എന്നത്. (പ്രവൃ, 2:41,42). യെഹൂദന്മാരും (പ്രവൃ, 2:41), ശമര്യരും (പ്രവൃ, 8:14), ജാതികളും (11:1) ദൈവവചനം കൈക്കൊണ്ടു. യേശു യെഹൂദന്മാരോടു പറഞ്ഞു: ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു? “ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.” (യോഹ, 8:46). പൗലൊസ് അപ്പൊസ്തലൻ തെസ്സലൊനിക്യരോട് പറഞ്ഞു: ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.” (1തെസ്സ, 2:13).
വചനം: സൗഖ്യമാക്കുന്നു (സങ്കീ, 117:20), അണ്ണാക്കിനു മധുരം (119:103), കാലിനു ദീപം (സങ്കീ, 119: 105; സദൃ, 6:3), വെളിച്ചം (സദൃ, 6:3), ഹൃദയത്തിനു ആനന്ദം (യിരെ, 15:16), ആത്മാവും ജീവനും (യോഹ, 6:63), നിത്യജീവൻ (യോഹ, 6:68; പ്രവൃ, 13:48; ഫിലി, 2:15), ന്യായംവിധിക്കും (യോഹ, 12:46), ശുദ്ധീകരണം (യോഹ, 15:3; 17:17), പ്രാർത്ഥനയ്ക്കുത്തരം (യോഹ, 15:7), രക്ഷ (പ്രവൃ, 2:41; 4:4; 13:26), കൃപ (പ്രവൃ, 14:3; 20:32), ആശ്വാസം (പ്രവൃ, 15:35), വിശ്വാസം (റോമ, 10:17), ദൈവശക്തി (1കൊരി, 1:18), ആത്മാവിൻ്റെ വാൾ (എഫെ, 6:17), സത്യം (കൊലൊ, 1:3; 2തിമൊ, 2:15; യാക്കോ, 1:18), പത്ഥ്യം (1തിമൊ, 6:3; 2തിമൊ, 1:13; തീത്തൊ, 2:8), ബന്ധനമില്ല (2തിമൊ, 2:9), വിശ്വാസ്യം (തീത്തൊ, 1:5), വിശ്വാസയോഗ്യം (തീത്തൊ, 3:8), ശക്തിയുള്ളത് (എബ്രാ, 1:3), ജീവനും ചൈതന്യവും (എബ്രാ, 4:12), നീതി (എബ്രാ, 5:13), നല്ലത് (എബ്രാ, 6:5), സകലവും സൃഷ്ടിക്കപ്പ്ട്ടത് (എബ്രാ, 11:3), ആത്മാക്കളെ രക്ഷിക്കാൻ ശക്തിയുള്ളതും ഉൾനട്ടതും (യാക്കോ, 1:21), നിലനില്ക്കുന്നത് (1പത്രൊ, 1:23), വീണ്ടും ജനിപ്പിക്കുന്നത് (1പത്രൊ, 1:23), പ്രാകൃതമനുഷ്യനെ വീണ്ടും ജനിപ്പിച്ചുകൊണ്ടു ദൈവമക്കളാക്കുന്നതും (യോഹ, 3:15-17) നിത്യജീവനെന്ന കൃപാവരം (റോമ, 6:23) നല്കുന്നതും ജഡത്തിൽ വെളിപ്പെട്ട വചനവും തിരുവെഴുത്തുകളെന്ന വചനവുമാണ്. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” (എബ്രാ, 4:12).
രക്ഷ (salvation)
സോഡ്സോ (രക്ഷിക്കുക, വിടുവിക്കുക), സോറ്റീർ (രക്ഷകൻ, രക്ഷിതാവ്), സോറ്റീറിയ (രക്ഷ), സോറ്റീറിയൊസ്, സോറ്റീറിയൊൻ (വിശേഷണ രൂപങ്ങൾ) എന്നിവയാണ് രക്ഷയുമായി ബന്ധപ്പെട്ട പുതിയനിയമ ഗ്രീക്കു പ്രയോഗങ്ങൾ. നാമവിശേഷണത്തിന്റെ നപുംസകരുപമായ സോറ്റീറിയൊൻ നാമമായി രണ്ടു സ്ഥാനങ്ങളിൽ ക്രിസ്തുവിനു പകരം പ്രയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 2:31; 3:6). വ്യക്തിപരവും (പ്രവൃ, 27:34; ഫിലി, 1:19; എബ്രാ, 11:7), ദേശീയവും (ലൂക്കൊ, 1:69-71; അപ്പൊ, 7:25) ആയ വിമോചനം, രക്ഷാനായകനായ ക്രിസ്തു (ലൂക്കൊ, 2:31; യോഹ, 4:22), രക്ഷയുടെ വ്യത്യസ്ത ഘടകങ്ങൾ (ഫിലി, 2:12; 1പത്രൊ, 1:9; റോമ, 13:11; 1തെസ്സ, 5:8-10), പരിശുദ്ധാത്മാവിലൂടെ ദൈവം നല്കുന്ന സകലവിധ അനുഗ്രഹങ്ങൾ (2കൊരി 6:2; എബ്രാ, 5:9; 1പത്രൊ, 1:9,10; യൂദാ, 3) എന്നീ അർത്ഥങ്ങളിൽ സോറ്റീറിയ (രക്ഷ) പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘സോഡ്സോ’യും അനുബന്ധപദങ്ങളും സെപ്റ്റജിന്റിൽ സു. 483 തവണ പ്രയോഗിച്ചിട്ടുണ്ട്. യാഷാ (278 പ്രാവശ്യം), ഷാലോം (68 തവണ), റ്റ്സെലെം (55 പ്രാവശ്യം) എന്നീ എബ്രായ പദങ്ങളെയാണ് പ്രധാനമായും ‘സോഡ്സോ’ കൊണ്ടു സെപ്റ്റജിന്റിൽ പരിഭാഷപ്പെടുത്തിയിട്ടുള്ളത്. പഴയനിയമത്തിലെ രക്ഷയുടെ അടിസ്ഥാനപരമായ ആശയങ്ങൾ ‘യാഷാ’യിൽ നിന്നു ലഭ്യമാണ്. ‘വിശാലസ്ഥലത്താക്കുക’ അഥവാ വിശാലത വരുത്തുക എന്നതാണ് പ്രാഥമികാർത്ഥം. (സങ്കീ, 18:36). നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നവയിൽ നിന്നു സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, രക്ഷിക്കുക, വിടുവിക്കുക എന്നീ അർത്ഥങ്ങളും അതിനുണ്ട്. രോഗം (യെശ, 38:20), കഷ്ടം (യിരെ, 30:7) എന്നിവയിൽ നിന്നുള്ള വിടുതലിനും, ശ്രതുക്കളിൽ നിന്നുള്ള മോചനത്തിനും (സങ്കീ, 44:7) യാഷാ എന്ന എബ്രായധാതു പ്രയോഗിച്ചിട്ടുണ്ട്.
പഴയനിയമത്തിൽ: ഭൗതികവും ആത്മീയവുമായ വിടുതലിനെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ദൈവം തന്റെ ഭക്തരെ ശത്രുക്കളിൽ നിന്നും ദുഷ്ടന്മാരുടെ കെണികളിൽ നിന്നും രക്ഷിക്കുന്നു. (സങ്കീ, 37:40; 59:2; 106:5). യഹോവ തന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കുന്നു. (യെഹ, 34:22); സ്വന്തം ജനത്തെ രക്ഷിക്കുന്നു. (ഹോശേ, 1:7). പിതാക്കന്മാരെ മിസ്രയീമിൽ നിന്നും രക്ഷിച്ചു. (സങ്കീ, 106:7-10). മറ്റാരും സഹായിക്കാനില്ലാത്ത എളിയവരെ അവൻ രക്ഷിക്കുന്നു. (സങ്കീ, 34:6). ആത്മീയമായി പാപം മോചിച്ചും, സന്തോഷവും സമാധാനവും നല്കിയും പ്രാർത്ഥനയ്ക്കുത്തരം അരുളിയും ദൈവം രക്ഷിക്കുന്നു. (സങ്കീ, 79:9; 69:13; 51:12). മനുഷ്യനു രക്ഷയ്ക്കു വേണ്ടി ക്രമീകരണങ്ങൾ ചെയ്തതു ദൈവം തന്നെയാണ്. രക്ഷ ദൈവത്തിന്റേതും ദൈവത്തിൽ നിന്നുള്ളതുമാണ്: (സങ്കീ, 3:8; 62:1; യെശ, 45:22). ‘എന്റെ രക്ഷയുടെ ദൈവം’ എന്നു അവകാശബോധത്തോടെ പ്രവാചകന്മാർ ദൈവത്തെ വെളിപ്പെടുത്തി. (ഹബ, 3:18; മീഖാ, 7:7). “രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.” (സങ്കീ, 3:8). “എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽ നിന്നു വരുന്നു.” (സങ്കീ, 62:1). രക്ഷയെക്കുറിച്ചുള്ള പഴയനിയമ വെളിപ്പാടിന്റെ സാരം മോശയുടെ വാക്കുകളിൽ സൂചിതമാണ്. “ഭയപ്പെടേണ്ട; ഉറച്ചു നില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്യാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറ, 14:13).
പുതിയനിയമത്തിൽ: പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കപ്പെടുന്നതു പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും ഉള്ള വിടുതലാണ്. പൂർണ്ണമായ രക്ഷയ്ക്കും, രക്ഷയുടെ വ്യത്യസ്ത അംശങ്ങൾക്കും ‘രക്ഷ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. രക്ഷ എന്ന പദത്തിന്റെ അർത്ഥാന്തരങ്ങൾ ഇവയാണ്: 1. ക്രിസ്തു: രക്ഷാനായകനായ ക്രിസ്തുവിനെ രക്ഷ എന്നു വിളിക്കുന്നു. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നേ. ശിശുവായ യേശുവിനെ കൈയിൽ വഹിച്ചുകൊണ്ടു ശിമോൻ പറഞ്ഞു; ‘നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.’ (ലൂക്കൊ, 2:31). ക്രിസ്തുവിനെ രക്ഷാനായകൻ എന്നും (എബ്രാ, 2:10) വിളിച്ചിട്ടുണ്ട്. 2. ആത്മരക്ഷ: വീണ്ടും ജനിക്കുന്ന സമയത്ത് ആത്മാവു രക്ഷിക്കപ്പെട്ടു പാപത്തിന്റെ ശിക്ഷയിൽ നിന്നു മുക്തമാകുന്നു. ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു. (റോമ, 8:10). എഫെസ്യർ 2:4-ലും, 8-ലും രക്ഷിക്കപ്പെട്ടിരിക്കുന്നു, രക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നിങ്ങനെ ഭൂതകാലത്തിൽ പറഞ്ഞിരിക്കുന്നതു ആത്മാവിന്റെ രക്ഷ അഥവാ നീതീകരണത്തെ (Justification) വ്യഞ്ജിപ്പിക്കുന്നു. 3. പ്രാണന്റെ രക്ഷ അഥവാ ദേഹി രക്ഷ: 2പത്രൊസ് 1:9-ൽ പ്രാണന്റെ രക്ഷയ്ക്കും ‘രക്ഷ’ എന്നു പറഞ്ഞിരിക്കുന്നു. മലയാളത്തിൽ ‘ആത്മ’ എന്നു പരിഭാഷ. ഗ്രീക്കിൽ ദേഹിയുടെ രക്ഷ (സോറ്റീറിയാൻ പ്സ്യൂഖോൻ) എന്നാണ്. 4. ശരീരത്തിന്റെ രക്ഷ അഥവാ തേജസ്കരണം: നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു (റോമ, 13:11) എന്നതു ശരീരത്തിന്റെ തേജസ്കരണത്തെയാണ് വിവക്ഷിക്കുന്നത്. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു. (റോമ, 8:23). 5. സമ്പൂർണ്ണ രക്ഷ: രക്ഷാപുർത്തി എന്നു എബ്രായർ 11:40-ൽ പറഞ്ഞിരിക്കുന്നത് സമ്പൂർണ്ണ രക്ഷയെയാണ്. ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത യിൽ അനിന്ദ്യമായി വെളിപ്പെടുന്നതിനെ (1തെസ്സ, 5:23) കാണിക്കുന്നു. 6. രക്ഷപ്പെടുന്നതിനു നല്കുന്ന അവസരം: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2പത്രൊ, 3:14).
രക്ഷ ദൈവത്തിൽ നിന്ന്: രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്. പിതാവ് രക്ഷ വിധിക്കുന്നു; പുത്രൻ ലഭ്യമാക്കുന്നു; പരിശുദ്ധാത്മാവ് വ്യക്തിയിൽ പ്രായോഗികമാക്കുന്നു. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവത്തിന്റെ നിയമം. പുത്രന്റെ മരണത്തിലൂടെയാണ് ദൈവം തന്റെ രക്ഷാകര പ്രവർത്തനം നിർവ്വഹിക്കുന്നത്. പാപത്തിനു പ്രായശ്ചിത്തം ആകുന്നതിനു വേണ്ടി ദൈവം സ്വപുത്രനെ നല്കി; കാൽവരിക്രൂശിൽ അവനെ തകർത്തു കളഞ്ഞു. (യെശ, 53:10). ‘പാപം അറിയാത്തവനെ നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിനു അവൻ നമുക്കു വേണ്ടി പാപം ആക്കി.’ (2കൊരി, 5:21). ദൈവത്തിന്റെ വിശുദ്ധിക്കു വിരുദ്ധമായ പാപം ക്രിസ്തുവിൽ മാറ്റപ്പെട്ടു. ദൂരസ്ഥനായിരുന്ന മനുഷ്യൻ ക്രിസ്തുവിൽ ക്രിസ്തുവിന്റെ രക്തം മുലം ദൈവത്തിനു സമീപസ്ഥനായി, ദൈവവുമായി നിരപ്പു പ്രാപിച്ചു. അടിമയെ ബന്ധനത്തിൽ നിന്നും വീണ്ടെടുക്കുവാനുള്ള മറുവില ക്രിസ്തു നല്കി; മനുഷ്യൻ ദൈവികകോടതിയിൽ നീതീകരിക്കപ്പെട്ടു. മനുഷ്യവർഗ്ഗത്തെ തന്നിൽ ഏകീഭവിപ്പിച്ചു സ്വന്തയാഗത്താൽ ദൈവത്തിന്റെ മുമ്പിൽ സമർപ്പിച്ചു. പാപിയായ മനുഷ്യനു വേണ്ടി ദൈവം ക്രിസ്തുവിലൂടെ പൂർത്തിയാക്കിയ രക്ഷാപദ്ധതി ഇതത്രേ.
രക്ഷ കൃപയാൽ: രക്ഷ ദൈവത്തിന്റെ കൃപാദാനമാണ്. (എഫെ, 2:5). പാപം മൂലം തന്നിൽ നിന്നകന്നുപോയ മനുഷ്യവർഗ്ഗത്തെ തന്നോടു നിരപ്പിക്കുവാൻ വേണ്ടി ദൈവം ചെയ്യുന്ന സൗജന്യവും മനുഷ്യൻ ഒരു വിധത്തിലും അർഹിക്കാത്തതുമായ പ്രവൃത്തിയാണ് കൃപ. പാപത്തിനു പ്രായശ്ചിത്തമായി സ്വന്തപുത്രനെ ആദരിക്കാതെ കാൽവരിക്രൂശിൽ മരിക്കാൻ ഏല്പിച്ചുതന്നതിലൂടെ ദൈവം തന്റെ കൃപ പൂർണ്ണമായി വെളിപ്പെടുത്തി. (റോമ, 8:32). പാപത്തിനു പരിഹാരം ഏർപ്പെടുത്തിയതു തന്നെ ദൈവകൃപയുടെ അത്യന്ത വ്യാപാരമാണ്. തന്മൂലം മനുഷ്യന്റെ പുണ്യപ്രവ്യത്തികളൊന്നും രക്ഷയ്ക്കാവശ്യമില്ല; രക്ഷകനിലുള്ള വിശ്വാസം മാത്രംമതി.
രക്ഷയുടെ പ്രതികാല സ്വഭാവം: മനുഷ്യന്റെ രക്ഷാനുഭവത്തിനു ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ ത്രികാല സൂചനയുണ്ട്. അതായത് രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും. (എഫെ, 2:8; 1കൊരി, 1:18; മത്താ, 10:22; റോമ, 5:9,10; 8:24). ക്രിസ്തുവിനായി പാപി നീതീകരിക്കപ്പെട്ടു, ശിക്ഷാമുക്തനായി. നീതീകരിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയിൽ അവനു സ്വയം രക്ഷിക്കപ്പെടുവാൻ കഴിയാതിരുന്നതു പോലെ, നീതീകരിക്കപ്പെട്ട ശേഷം രക്ഷയെ നഷ്ടപ്പെടുത്തുവാൻ അവനു കഴിയുകയില്ല. രക്ഷ ഭദ്രമാണ്. ദൈവം ചെയ്തതിനെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അഭക്തിയും ലോകമോഹങ്ങളും ഉപേക്ഷിച്ചു ഭക്തിയോടും നീതിയോടും കൂടെ വിശുദ്ധജീവിതം നയിക്കുവാൻ വിശ്വാസിയെ പരിശുദ്ധാത്മാവു സഹായിക്കുന്നു. ഇതിനെ രക്ഷയുടെ വർത്തമാനകാലാനുഭവം അഥവാ വിശുദ്ധീകരണം എന്നു പറയുന്നു. രക്ഷയുടെ വർത്തമാന കാലാനുഭവത്തിൽ നിറഞ്ഞു നില്ക്കന്നതു സ്നേഹമാണ്. പരിശുദ്ധാത്മാവ് ഉള്ളിൽ നട്ട സ്നേഹത്തിൽ ജീവിതം ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും വിശ്വാസി ദിവ്യസ്വഭാവത്തിനു കൂട്ടാളിയാകയും ചെയ്യുന്നു. രക്ഷയുടെ പൂർത്തീകരണം ഭാവികമാണ്. പ്രത്യാശയാൽ രക്ഷിക്കപ്പെട്ടു; രക്ഷ നേടാനായി വിശ്വാസി നിയമിക്കപ്പെട്ടു. (1തെസ്സ, 5:9; 2തെസ്സ, 2:13; 2തിമൊ, 2:10; എബ്രാ, 1:14). ഈ രക്ഷ അന്ത്യകാലത്തു വെളിപ്പെടുന്നതാണ്. (1പത്രൊ, 1:4). “നാം വിശ്വസിച്ച സമയത്തക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.’ (റോമ, 13:11).
മനുഷ്യചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപരസ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. ജ്ഞാനമതം (Gnosticism) പഠിപ്പിക്കുന്നതു പോലെ മനുഷ്യൻ ജ്ഞാനത്താൽ രക്ഷ പ്രാപിക്കുന്നില്ല. നൈതികവും മതപരവുമായ പ്രവൃത്തികളാൽ മനുഷ്യൻ രക്ഷിക്കപ്പെടുന്നില്ല (യെഹുമതം). ദേവനുമായുള്ള സായൂജ്യത്തിലും മനുഷ്യനു രക്ഷ ലഭിക്കുന്നില്ല (യവന ഗുഢമതം). യേശുക്രിസ്തുവിന്റെ ജനനമരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളിൽ ദൈവം പൂർത്തിയാക്കിയ പ്രവൃത്തിയിലൂടെയാണ് രക്ഷ ലഭിക്കുന്നത്. തന്മൂലം ക്രൈസ്തവ സന്ദേശം തത്വജ്ഞാനമോ (സോഫിയ) നീതി സംഹിതയോ യോഗാഭ്യാസത്തിനുള്ള സാങ്കേതിക വിദ്യയോ അല്ല. അതു വിടുതലിന്റെ വിളംബരമാണ്. സദ്വർത്തമാന ഘോഷണമാണ്. രക്ഷിതാവ് (സോറ്റീർ) എന്ന ബഹുമതിനാമം പഴയനിയമത്തിൽ ദൈവത്തിന്റെയും പുതിയനിയമത്തിൽ ക്രിസ്തുവിന്റെയും പേരാണ്. (ലൂക്കൊ, 2:11; യോഹ, 4:42; പ്രവൃ, 5:31; 18:23; എഫെ, 5:23; ഫിലി, 3:20; 2തിമൊ, 1:10; തീത്തോ, 1:4; 2:12; 3:6; 2പത്രൊ, 1:1, 11; 2:20; 3:2, 18; 1യോഹ, 4:14). രക്ഷയുടെ ഊന്നൽ ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളിലാണ്. (1കൊരി, 15:5). ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ കൈത്താലാണ് നാം രക്ഷിക്കപ്പെട്ടത്. (പ്രവൃ, 20:28; റോമ, 3:25; 5:9; എഫെ, 1:7; കൊലൊ, 1:20; എബ്രാ, 9:12; 12:24; 13:12; 1യോഹ, 1:7; വെളി, 1:5; 5:9). ഈ സന്ദേശം പ്രസംഗിക്കപ്പെടുമ്പോൾ മനുഷ്യർ അതു കേട്ട് വിശ്വാസത്തിൽ ക്രിസ്തുവിനെ സ്വീകരിക്കും. അങ്ങനെ ദൈവത്തിന്റെ രക്ഷ അവരുടെ അടുക്കൽ എത്തുന്നു. “ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.” (1കൊരി, 1:21-23, റോമ, 10:8, 14; 1തെസ്സ, 1:4).
രക്ഷ നൈതികവും ആത്മികവുമാണ്. കുറ്റബോധത്തിൽ നിന്നും (റോമ, 5:1; എബ്രാ, 10:22), ന്യായപ്രമാണത്തിൽ നിന്നും അതിന്റെ ശാപത്തിൽ നിന്നും (ഗലാ, 3:13; കൊലൊ, 2:14), മരണത്തിൽ നിന്നും (1പത്രൊ, 1:3-5; 1കൊരി, 15:51-56), ന്യായവിധിയിൽ നിന്നും (എബ്രാ, 9:27) മരണഭയത്തിൽ നിന്നും (എബ്രാ, 2:15) അടിമത്തത്തിൽ നിന്നും (ഗലാ, 5:1) ഉള്ള വിടുതലാണ് രക്ഷ. ഭൗതികമായ ഐശ്വര്യമോ ലൗകികവിജയമോ രക്ഷ ഉൾക്കൊള്ളുന്നില്ല. (പ്രവൃ, 3:6; 2കൊരി, 6:10). ആരോഗ്യവും ക്ഷേമവും അത് വാഗ്ദാനം ചെയ്യുന്നില്ല. രോഗസൗഖ്യം ലഭിക്കുന്നു എങ്കിൽ തന്നെയും രക്ഷയുടെ ഫലവുമായി അതിനെ ബന്ധിപ്പിക്കുവാൻ പാടില്ല. സാമൂഹികമായ അനീതിയിൽ നിന്നും രക്ഷ മോചനം തരുമെന്നു കരുതാനും പാടില്ല. (1കൊരി, 7:20-24). രക്ഷയ്ക്ക് യുഗാന്ത്യസ്വഭാവമുണ്ട്. പാപത്തിൽ നിന്നും അതിന്റെ അനന്തരഫലങ്ങളിൽ നിന്നുമുള്ള പൂർണ്ണമായ വിമോചനമാണ് രക്ഷ. വിധായകമായി ക്രിസ്തുവിൽ സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങളും (എഫെ, 1:3) പരിശുദ്ധാത്മാവിന്റെ ദാനവും വരുംകാലങ്ങളിൽ അഥവാ ഭാവിയിൽ തേജസ്കരിക്കപ്പെട്ട ശരീരത്തിൽ സൗഭാഗ്യജീവിതവും രക്ഷ പ്രദാനം ചെയ്യുന്നു. കർത്താവിന്റെ പ്രത്യക്ഷതയിൽ ശരീരത്തിന്റെ തേജസ്കരണത്തോടൊപ്പം അനുഭവവേദ്യമാകുന്ന രക്ഷാപൂർത്തിയുടെ മുൻരുചി മാത്രമാണ് വർത്തമാനകാലത്തു നാം രക്ഷയിലൂടെ അനുഭവിക്കുന്നത്.
സുവിശേഷം (Gospel)
എവാങ്ഗെലിയാൻ എന്ന ഗ്രീക്കുപദത്തിനു സുവാർത്ത എന്നർത്ഥം. ക്ലാസിക്കൽ ഗ്രീക്കിൽ നല്ലവാർത്തയ്ക്ക് നൽകുന്ന പ്രതിഫലത്തിനാണ് ഈ വാക്കുപയോഗിക്കുന്നത്. പുതിയനിയമത്തിലും ആദിമക്രൈസ്തവ സാഹിത്യത്തിലും സുവാർത്തയ്ക്കാണ് ‘എവാങ്ഗെലിയാൻ’ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. പുതിയനിയമത്തിൽ 77 തവണ ഈ പദം ഉണ്ട്. സുവിശേഷം ഒരു പുതിയനിയമ പദമായണെങ്കിലും അതിന്റെ ആശയം പഴയനിയമത്തിൽ സ്പഷ്ടമായി കാണാം. യിസ്രായേലിന്റെ പ്രതീക്ഷയിൽ സുവാർത്തയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ ജനനത്തിനു ഏഴു നൂറ്റാണ്ടുകൾക്കു മുൻപു യെശയ്യാ പ്രവാചകൻ വീണ്ടെടുപ്പുകാരൻ സീയോനിലേക്കു വരുമെന്നും എളിയവരോടു സദ്വർത്തമാനം ഘോഷിക്കുമെന്നും പ്രവചിച്ചു. (യെശ, 61:1,2). “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാർത്ത ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശ, 52:7). യെരൂശലേമിനെയും സീയോനെയും സുവാർത്താദൂതി എന്നു വിളിക്കുന്നു (യെശ, 40:9).
സുവിശേഷകാരന്മാരിൽ മത്തായിയും മർക്കൊസുമാണ്. എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിക്കുന്നത്. അതിന്റെ ക്രിയാരൂപം ലൂക്കൊസിലും അപ്പൊസ്തല പ്രവൃത്തികളിലുമായി 26 പ്രാവശ്യം ഉണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ നാമമോ ക്രിയയോ ഇല്ല. യിസ്രായേല്യരോടുള്ള വാഗ്ദാനങ്ങൾ ക്രിസ്തുയേശുവിൽ ദൈവം നിവർത്തിച്ചതിന്റെയും എല്ലാവർക്കുമായി രക്ഷാമാർഗ്ഗം തുറന്നതിന്റെയും സുവാർത്തയാണ് സുവിശേഷം. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണു സുവിശേഷം.” (1കൊരി, 15:3,4). “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക അതാകുന്നു എന്റെ സുവിശേഷം” (2തിമൊ, 2:8) എന്നു പൌലൊസ് അന്യത്ര വിശദമാക്കിയിട്ടുണ്ട്.
മനുഷ്യന്റെ രക്ഷയ്ക്കായി സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. (റോമ, 1:15,16). സുവിശേഷത്തിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്ത തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16:15,16). സുവിശേഷം ക്രിസ്തുവിനോടു കൂടെയാണ് വന്നതെങ്കിലും അബ്രാഹാമിനു ദൈവം നല്കിയ അനുഗ്രഹ വാഗ്ദാനത്തിലും (ഗലാ, 3:8), പ്രവാചക എഴുത്തുകളിലും (റോമ, 1:2) അത് ഉൾക്കൊണ്ടിരുന്നു. സുവിശേഷം വന്നതു ശക്തിയോടെയാണ് (1തെസ്സ, 1:5), മാത്രവുമല്ല, സുവിശേഷം ദൈവശക്തി തന്നെയാണ്. (റോമ, 1:16). സുവിശേഷത്തെ ദൈവത്തിന്റെ സുവിശേഷം (1തെസ്സ, 2:2, 9), ക്രിസ്തുവിന്റെ സുവിശേഷം (മർക്കൊ, 1:1; റോമ, 15:19), ദൈവകൃപയുടെ സുവിശേഷം (പ്രവൃ, 20:24), സമാധാന സുവിശേഷം (എഫെ, 6:15), രക്ഷയെക്കുറിച്ചുള്ള സുവിശേഷം (എഫെ, 1:13), തേജസ്സുള്ള സുവിശേഷം (2കൊരി, 4:4), എന്നിങ്ങനെ വിളിക്കുന്നു. ക്രിസ്തുവും (മത്താ, 4:23; 11:5), അപ്പൊസ്തലന്മാരും (അപ്പൊ, 16:10; റോമ, 1:15), സുവിശേഷകന്മാരും (പ്രവൃ, 8:25), സുവിശേഷം പ്രസംഗിച്ചു. എ.ഡി. 150-നു ശേഷമാണ് പുതിയനിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾക്കും സുവിശേഷങ്ങൾ എന്ന പേരു ലഭിച്ചത്.
നീതി (righteousness)
ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. ഡിക് എന്ന ഗ്രീക്കുധാതുവും സമാനമായി റ്റ്സെദെക് എന്ന എബായ ധാതുവും നീതി അഥവാ ന്യായം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ ‘ഡിക്’ എന്ന ഗ്രീക്കുധാതുവിന്റെ അർത്ഥം നേരായത് എന്നും, മറ്റു ചിലരുടെ അഭിപ്രായത്തിൽ ആചാരം അഥവാ കീഴ്വഴക്കം എന്നുമത്രേ. ഒടുവിലത്തെ അർത്ഥം സന്നിഗ്ദ്ധമാണ്. ബൈബിളിലെ ആശയം ‘ശരിയായത്’ എന്നതിനോടാണടുത്തു നില്ക്കുന്നത്. ശരി എന്നത് പ്രസ്തുത സന്ദർഭത്തിൽ സ്വീകരിക്കുന്ന മാനദണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു. റ്റ്സാദിക് എന്ന നാമപദത്തെ സെപ്റ്റജിന്റിൽ ‘ഡികായിയൊസുനീ’ എന്നും ‘ഡികായിയോസ്’ എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും, നിയമപരവും, മനശ്ശാസ്ത്രപരവും, ആത്മീയവും ആയ തത്ത്വങ്ങൾക്ക് അനുസരണമായ പെരുമാറ്റമാണ്. ഒരു പ്രത്യേക ലക്ഷ്യസാധ്യത്തിന് അനുയോജ്യമായ പ്രവൃത്തിയല്ലത്. സഹമനുഷ്യരോടുള്ള നിഷ്പക്ഷമായ പെരുമാറ്റമോ, ഓരോ മനുഷ്യനും അർഹമായതു നല്കുന്നതിനു തുല്യമോ അല്ല നീതി. ഇവയ്ക്കെല്ലാമുപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കുകയാണ് നീതി. ഓരോ വ്യക്തിയുടെയും ബന്ധങ്ങൾ നിരവധിയാണ്. രാജാവിനു പ്രജകളോടു, ന്യായാധിപതിക്കു പരാതിക്കാരോടു, പുരോഹിതനു ആരാധകരോടു, സാമാന്യ മനുഷ്യനു കുടുംബത്തോടു, ഗോത്രത്തലവനു സമൂഹത്തോടു, സമൂഹത്തിനു സാധുക്കളോടും അന്യരോടും പരദേശികളോടും, എല്ലാവർക്കും ദൈവത്തോടു എന്നിങ്ങനെ ബന്ധങ്ങൾ വ്യാപകമാണ്. ഇവയിൽ ഓരോ ബന്ധവും പ്രത്യേകം ചുമതലകളെ വിവക്ഷിക്കുന്നു. അവയുടെ നിർവ്വഹണമാണ് നീതി. ഒരു ചുറ്റുപാടിൽ നീതിയായിരിക്കുന്നതു മറ്റൊരു ചുറ്റുപാടിൽ നീതിയല്ലാതാകും. പ്രസ്തുത ബന്ധത്തിനു വെളിയിൽ നീതിക്കു മാനദണ്ഡമില്ല. ഈ ബന്ധം ഒരു വ്യക്തിയിൽ ഭരമേല്പിക്കുന്ന ഉപാധികളെ നിറവേറ്റുമ്പോൾ പ്രസ്തുത വ്യക്തി പഴയനിയമവീക്ഷണത്തിൽ നീതിമാനാണ്. ഉടമ്പടി ബന്ധത്തിലായിരിക്കുകയാൽ ശൗലിനെ കൊല്ലാൻ വിസമ്മതിച്ചതു കൊണ്ടു ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). കൂടാതെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ വധിച്ചവരോടു ദാവീദ് പ്രതികാരം ചെയ്തു. (2ശമൂ, 4:11). ശൗലിന്റെ ഗൃഹം നശിച്ചുകഴിഞ്ഞപ്പോൾ ദാവീദിൽ നിന്നു ദയ പ്രതീക്ഷിക്കുവാൻ മെഫീബോശത്തിനു ഒരവകാശവുമില്ലായിരുന്നു. എന്നാൽ ദാവീദ് ദയ കാണിച്ചു. (2ശമൂ, 19:28).
സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്. ഇയ്യോബിനെപ്പോലെയുള്ള ഒരു നീതിമാൻ തന്റെ സമകാലികർക്ക് ഒരനുഗ്രഹമാണ്. ദരിദ്രനെയും, അനാഥനെയും വിധവയെയും അവൻ കരുതുന്നു (ഇയ്യോ, 29:12-15; 31:16-19; ആവ, 24:13; സദൃ, 29:7), വ്യവഹാരത്തിൽ അവർക്കുവേണ്ടി നിലകൊള്ളുന്നു (ഇയ്യോ, 29:16; 31:21; സദൃ, 31:9), കൃപാലുവായി ദാനം ചെയ്യുന്നു (സങ്കീ, 37:21, 25,26; സദൃ, 21:26) അതിഥിയെയും പരദേശിയെയും, വഴിപോക്കനെയും കരുതുന്നു (ഇയ്യോ, 31:31,32), സമ്പത്തിനെക്കാൾ നീതിയെ അമൂല്യമായി കരുതുന്നു (ഇയ്യോ, 31:24,25; സങ്കീ, 37:16; സദൃ, 16:8), മൃഗങ്ങളോടും (സദൃ, 12:10), ദാസീദാസന്മാരോടും അനുകമ്പയോടെ പെരുമാറുന്നു (ഇയ്യോ, 31:13), വൈരിയുടെ നാശത്തിൽ സന്തോഷിക്കുന്നില്ല (ഇയ്യോ, 31:29,30). നീതിമാൻ ആധിപത്യം നടത്തുമ്പോൾ ജനം സന്തോഷിക്കുന്നു. (സദൃ, 29:2). നീതി ജാതിയെ ഉയർത്തുന്നു. (സദൃ, 14:34). നീതിമാൻ കുടുംബത്തെ ആനന്ദിപ്പിക്കുന്നു. (സദൃ, 23:14). നീതിമാന്മാരുടെ പാത പ്രഭാതത്തിന്റെ വെളിച്ചം പോലെയാണ്. (സദൃ, 4:18). നീതിമാന്റെ ഓർമ്മ പോലും അനുഗ്രഹദായകമാണ്. (സദൃ, 10:7). നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു. (സദൃ, 11:10). നീതിമാനു ശാശ്വതമായ അടിസ്ഥാനം ഉണ്ട്; അവൻ ഒരിക്കലും കുലുങ്ങിപ്പോകയില്ല. (സദൃ, 10:25, 30; 12:3,12). അവന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നു. (സദൃ, 10:16; 11:19; 12:28). അവനു സന്തതിയും (സങ്കീ, 37:37,38), സമ്പത്തും (സദൃ, 13:21,22, 25; 15:6), ആഗ്രഹസിദ്ധിയും (സദൃ, 10:24, 28; 11:23), കഷ്ടത്തിൽ നിന്നു വിടുതലും (സദൃ, 11:8; 12:21; 24:16) ഉണ്ട്.
സമൂഹത്തിൽ നീതി പുന;സ്ഥാപിക്കുകയാണ് ന്യായാധിപന്റെയും ചക്രവർത്തിയുടെയും കടമ. (ഹോശേ, 13:10). നീതിയും ന്യായവും നടത്തിക്കൊടുക്കുവാൻ ഉടമ്പടി . ബദ്ധനാണ് രാജാവ്. (2ശമൂ 8:15). നീതിമാനായ രാജാവ് രാജ്യത്തു സമാധാനവും ഐശ്വര്യവും വിളയിക്കുന്നു. (സങ്കീ, 72). യെഹോയാക്കീമിനോടു യിരെമ്യാപ്രവാചകൻ (22:3, 15) ആവശ്യപ്പെട്ടതും ജനത്തിനു നീതിയും ന്യായവും നടത്തിക്കൊടുക്കാനാണ്. മശീഹ വരുമ്പോൾ നീതിയും ന്യായവും നടത്തി രാജ്യത്തെ ക്ഷേമപൂർണ്ണമാക്കും. (യെശ, 9:7; 11:3-5; യിരെ, 23:5,6; 33:14-16). യിസായേലിനു ദൈവത്തോടു ഉടമ്പടിബന്ധമാണുള്ളത്. അതിനാൽ നീതി ദൈവകല്പനകളെ അനുസരിക്കുന്നതിന് ഊന്നൽ നല്കി. യിസ്രായേലിന് ദൈവത്തോടുണ്ടായിരുന്ന ബന്ധം അവളുടെ നീതിയിലായിരുന്നില്ല എന്നതു പ്രത്യേകം ഓർക്കേണ്ടതാണ്. ന്യായപ്രമാണത്തിനും മുമ്പുള്ളതായിരുന്നു ഉടമ്പടി ബന്ധം. യിസ്രായേലിന്റെ അസ്തിത്വത്തിനു തന്നെ അടിസ്ഥാനം ദൈവം യിസ്രായേലിനെ തിരഞ്ഞെടുത്തു എന്നതത്രേ. യഹോവയാണ് നിയമത്തിന്റെ കർത്താവും, ആരംഭകനും സംരക്ഷകനും. ദൈവത്തിനു മാത്രമേ ഈ നിയമം ഭഞ്ജിക്കാനാവൂ. യിസായേൽ മക്കൾക്കു അവരുടെ ദൈവത്തെ ഉപേക്ഷിക്കാനും തൽഫലമായി ദൈവകോധം വരുത്തി വയ്ക്കാനും കഴിയും; എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ നിന്നു രക്ഷപ്പെടാനാവുകയില്ല. തുടർന്നു യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം ക്രോധത്തിന്റേതായി മാറും. ദൈവത്തിന്റെ കൃപയിലാണ് ഈ ബന്ധം; അല്ലാതെ, ന്യായപ്രമാണത്തിലല്ല. തന്റെ പ്രത്യേക നിക്ഷേപമായി യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു വീണ്ടെടുത്തതു തന്റെ ആർദകരുണയാലും കൃപയാലും അത്രേ. ഈ കൃപയുടെ ബന്ധത്തിൽ തന്റെ നിയമബദ്ധജനത്തിനു വഴികാട്ടിയായി ന്യായപ്രമാണം നല്കി. യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ യിസ്രായേൽ ഒരു വിശുദ്ധ ജനമായിരിക്കേണ്ടതിന്നാണാ ന്യായപ്രമാണം നല്കിയത്. (ലേവ്യ, 19). തന്മൂലം ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കുകയും (സങ്കീ, 1:2), പൊന്നിനെക്കാളും തങ്കത്തെക്കാളും ആഗ്രഹിക്കുകയും തേനിനെയും തേങ്കട്ടയെയുംകാൾ മധുരമായി ആസ്വദിക്കയും (സങ്കീ, 19:10) ചെയ്യേണ്ടതാണ്.
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ നീതി ദൈവഹിതത്തോടുളള ശരിയായ ബന്ധത്തെക്കുറിക്കുന്നു. ദൈവം യിസ്രായേലിനോടുള്ള നിയമത്തിൽ സ്വഹിതം പ്രകടമായി വെളിപ്പെടുത്തി. ദൈവം നീതിമാനാണ്. (2ദിന, 12:6; സങ്കീ, 7:9). തന്റെ ജനത്തിനു വേണ്ടി ദൈവം നീതിയോടെ ന്യായം വിധിക്കുന്നു. (സങ്കീ, 9:4; യിരെ, 11:20). വിടുതലിനുവേണ്ടി ദൈവജനം ദൈവത്തിന്റെ നീതിയിലാണ് ആശ്രയിക്കുന്നത്. (സങ്കീ, 31:1; യിരെ, 11:20). ഇതു നീതിയെ രക്ഷയോടു ബന്ധിക്കുന്നു. ദൈവം ‘നീതിമാനായ ദൈവവും രക്ഷിതാവും’ ആണ്. (യെശ, 45:21). “മണവാളൻ തലപ്പാവു അണിയുന്നതു പോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ ക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.” (യെശ, 61:10).
ദൈവഹിതത്തിനു അനുരൂപമായിരിക്കുക എന്ന ധ്വനിയാണ് പുതിയനിയമം നീതിക്കു നല്കുന്നത്. എല്ലാ മനുഷ്യരും പാപം നിമിത്തം ദൈവതേജസ്സു നഷ്ടപ്പെട്ടവരായി ദൈഹിതം നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലായി. (റോമ, 3:9-20; ലൂക്കൊ, 18:9-14; യോഹ, 8:7). മനുഷ്യന്റെ അനീതിയുടെ വിരുദ്ധകോടിയിൽ നില്ക്കുകയാണ് ദൈവത്തിന്റെ നീതി. (റോമ, 1:17). ഈ ദൈവനീതി അത്ഭുതകരമായ കൃപയിലൂടെ മനുഷ്യനെ സഹായിക്കുന്നു. കർത്താവായ യേശുവിലും അവന്റെ രക്ഷണ്യപവൃത്തിയിലും വിശ്വസിക്കുന്നതിലൂടെ പാപിയായ മനുഷ്യൻ ദൈവനീതി പ്രാപിക്കുന്നു. (റോമ, 3:21-31; 4:1-25; 10:3; 1കൊരി, 1:30; 2കൊരി, 5:21; ഫിലി, 3:9). ദൈവത്തിന്റെ നീതിദാനത്തിലൂടെ ദൈവത്തിന്റെ രക്ഷയിലേക്കു മനുഷ്യൻ പ്രവേശിക്കുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. (റോമ, 6:12-23; 2കൊരി, 6:7; ഫിലി, 1:11; എഫെ, 4:24).
സത്യം (truth)
സതേഹിതം യത് (ഉള്ളതിനൊത്തത്) സത്യം. ശപഥത്തിനും യഥാർത്ഥ ഭാഷണത്തിനും സത്യം എന്നു പറയും. ഉണ്മ, വാസ്തവം, യാഥാർത്യം, അസ്തിത്വമുള്ളത്, നിലനില്പുള്ളത്, നിർവ്യാജമായത്, ശപഥം, സദ്ഭാവം ഇതൊക്കെ സത്യത്തിൻ്റെ പര്യായങ്ങളാണ്. എമെത് (സത്യം) എന്ന എബ്രായപദത്തിൽ മൂന്നക്ഷരങ്ങളുണ്ട്: ‘ആലേഫ്, മേം, തൗ’ ഇവ മൂന്നും അക്ഷരമാലയിലെ ഒന്നാമത്തെയും നടുവിലത്തെയും ഒടുവിലത്തെയും അക്ഷരമാണ്. ഹനീനാറബ്ബി പ്രസ്താവിച്ചു; ‘പരിശുദ്ധന്റെ മുദ്ര’ അവന്റെ നാമം വാഴ്ത്തപ്പെടട്ടെ, സത്യമാണ്.’ എമെത് ആദിമദ്ധ്യാന്ത വർണ്ണങ്ങളാൽ രൂപംകൊണ്ടത് പിൻവരുന്ന സത്യം പഠിപ്പിക്കുന്നതിനാണെന്നു മറ്റൊരു റബ്ബി വ്യാഖ്യാനിക്കുന്നു; “ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 44:6). മറ്റൊന്നിൽ നിന്ന് ഞാനൊന്നും ആദാനം ചെയ്തിട്ടില്ലായ്കയാൽ ഞാൻ ആദ്യനാണ്. എനിക്കു പങ്കാളി ഇല്ലായ്കയാൽ, “ഞാനല്ലാതെ ഒരു ദൈവവുമില്ല.” എന്റെ പരമാധികാരം മറ്റൊന്നിനു ഒരിക്കലും പകർന്നു കൊടുക്കായ്കയാൽ “ഞാൻ അന്ത്യന്മാരോടു കൂടെ അനന്യനും ആകുന്നു.” (യെശ, 41:4).
സത്യത്തിനു രണ്ടു പ്രധാന ആശയങ്ങളുണ്ട്. 1. പ്രസ്താവനകളുടെ പരസ്പരബന്ധവും അവയ്ക്ക് യഥാർത്ഥ വസ്തുക്കളോടുള്ള പൊരുത്തവും. 2. ഉൺമയായ വസ്തുത. “നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു വരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.” (ഉല്പ, 42-16). പറഞ്ഞ കാര്യത്തിന്റെ വാസ്തവികതയാണ് ഇവിടെ വിവക്ഷിതം. ഇവിടെ സത്യത്തിനു നേര് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവിക വെളിപ്പാടിനെ സംബന്ധിച്ച് സത്യം തന്നെ എന്നു പറയുന്ന സന്ദർഭങ്ങൾ കാണാം. ദൈവത്തിന്റെ വെളിപ്പാടുകളും പ്രസ്താവനകളും വിധികളും സത്യമാണ്: (ദാനീ, 8:26; 10:1, 21; സങ്കീ, 19:9; 119:160). ദൈവം സത്യവാനാണ്. (റോമ, 3:4). അതുകൊണ്ട് ദൈവത്തിന്റെ വചനങ്ങളെല്ലാം സത്യമാകുന്നു. (യോഹ, 17:17). മോശെ പ്രാപ്തിയുള്ള പുരുഷന്മാരെക്കുറിച്ചു പറയുമ്പോൾ അവർ ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരും എന്നു പറഞ്ഞിരിക്കുന്നു. (പുറ, 18:21). സ്വഭാവദാർഢ്യത്തെ വെളിപ്പെടുത്തുന്നതാണ് സത്യസന്ധത. വ്യക്തിപരമായ പെരുമാറ്റത്തെ അതു സ്വാധീനിക്കുന്നു. സത്യത്തെക്കുറിച്ചുള്ള ധാരണ ദൈവത്തിന്റെ സ്വഭാവത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത് വ്യാജത്തിന്റെ വിപര്യായമാണ് സത്യം. ദൈവത്തിനു ഭോഷ്കു പറയുവാൻ കഴിയുകയില്ല. (എബ്രാ, 6:18). യേശു പ്രാർത്ഥിച്ചു ‘സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.’ (യോഹ, 17:17). “തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വത്രന്തന്മാരാക്കുകയും ചെയ്യും.” എന്ന് ക്രിസ്തു വാഗ്ദാനം ചെയ്തു. (യോഹ, 8:31,32). സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനാണ് ക്രിസ്തു ജനിച്ചത്. ക്രിസ്തു തന്നെയണ് സത്യം. ഈ സത്യം മനസ്സിലാക്കുവാൻ പീലാത്തോസിനു കഴിയാതെ പോയി. സത്യം എന്നാൽ എന്ത് എന്നു പീലാത്തോസ് യേശുവിനോടു ചോദിച്ചു. യേശു നല്കിയ മറുപടി ശ്രദ്ധേയമാണ്: “സത്യത്തിനു സാക്ഷി നില്ക്കേണ്ടതിനു ഞാൻ ജനിച്ചു. അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതൽപരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (യോഹ, 18:37. ഒ.നോ: 8:14; 19:35),
മനസ്സലിവ് (compassion)
മറ്റൊരാളിന്റെ നേർക്കു മനസ്സിനുണ്ടാകുന്ന ആർദ്രഭാവമാണ് മനസ്സലിവ്. യെരുശലേമിനോടു മനസ്സലിവു തോന്നി നവജാതാവസ്ഥയിൽ അവളെ ശുശ്രൂഷിക്കുവാൻ ഒരു കണ്ണിനും കനിവുണ്ടായില്ല എന്നു യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിനെക്കുറിച്ചു പ്രസ്താവിച്ചു. (യെഹ, 16:5). അതിക്രമം നിമിത്തം ചിതറിയ യിസ്രായേലിനെ കൂട്ടിച്ചേർക്കുന്നതു യഹോവയുടെ മനസ്സലിവാണ്. (ആവ, 30:3). ബാബേൽപ്രവാസത്തിൽ നിന്നും യഹോവ അവരെ മടക്കി വരുത്തി. (യെശ, 14:1; 63:15). പീഡകന്മാർ നിമിത്തമുള്ള സ്വജനത്തിന്റെ നിലവിളിയിങ്കൽ യഹോവയ്ക്ക് മനസ്സലിവു തോന്നും. (ന്യായാ, 2:18; 2രാജാ, 13:23).
സ്പ്ലാങ്ഖ്നിസൊമായ് എന്ന ഗ്രീക്കു ധാതുവിന് മനസ്സലിയുക എന്നർത്ഥം. സ്പ്ലാങ്ഖ്ന കുടൽ ആണ്. ഗ്രീക്കുകാരുടെ ധാരണയിൽ പ്രബലമായ വികാരങ്ങൾ കുടലിൽ സ്ഥിതി ചെയ്യുന്നു. മനസ്സലിവ് സാധാരണനിലയിലുള്ള അനുകമ്പയോ സഹതാപമോ സഹഭാവമോ അല്ല, അന്തർഭാഗത്തുണ്ടാകുന്നു വികാരത്തിന്റെ ബഹിർസ്ഫുരണമാണ്. ആദ്യത്തെ മൂന്നു സുവിശേഷങ്ങളിൽ മാത്രമേ ഈ പദം ഉപയോഗിച്ചിട്ടുള്ളൂ. ക്രിസ്തുവിനു പുരുഷാരത്തോടും കഷ്ടത അനുഭവിക്കുന്ന വ്യക്തിയോടും ഉണ്ടായ മനസ്സലിവിനെ കാണിക്കുവാനാണ് ഈ ഗ്രീക്കുപദം പ്രയോഗിച്ചിട്ടുള്ളത്. കടം വീട്ടുവാൻ നിവൃത്തിയില്ലാത്ത ദാസനോടു കരുണ കാണിച്ച യജമാനന്റെ മനോഭാവവും (മത്താ, 18:27), മുറിവേറ്റു വഴിയിൽ കിടന്ന യാത്രക്കാരനോടു നല്ല ശമര്യനു തോന്നിയ മനോഭാവവും (ലൂക്കൊ, 10:33), മുടിയനായ പുത്രനോടു പിതാവിനുണ്ടായ മനോഭാവവും (ലൂക്കൊ, 15:20) മനസ്സലിവാണ്. പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കണ്ടിട്ട് യേശു അവരെക്കുറിച്ചു മനസ്സലിഞ്ഞു. (മത്താ, 9:36; 14:14; മർക്കൊ, 6:34). വിശന്ന പുരുഷാരത്തെ കണ്ട് യേശു മനസ്സലിഞ്ഞു. (മത്താ, 15:32; മർക്കൊ, 8:2). കുരുടന്മാരുടെ നിലവിളി കേട്ടു യേശു മനസ്സലിഞ്ഞു അവർക്കു സൗഖ്യം നല്കി. (മത്താ, 20:34). യേശു മനസ്സലിഞ്ഞു കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കി. (മർക്കൊ, 1:41). ഭൂതഗസ്തന്റെ പിതാവിന്റെ അപേക്ഷ കേട്ടു മനസ്സലിഞ്ഞു ഭൂതഗസ്തനായ ബാലനെ യേശു സൗഖ്യമാക്കി. (മർക്കൊ, 9:22). നയിനിലെ വിധവ യുടെ ദു:ഖം കണ്ട് യേശു മനസ്സലിഞ്ഞു, ബാലനെ ഉയിർപ്പിച്ചു. (ലൂക്കൊ, 7:13). പൗലൊസിന്റെ പ്രബോധനത്തിന്റെ അടിസ്ഥാനം ദൈവത്തിന്റെ മനസ്സലിവാണ്. (റോമ, 12:1). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം മനസ്സലിവുളള പിതാവും സർവ്വാശ്വാസം നല്കുന്ന ദൈവവുമാണ്. (2കൊരി, 1:3). ദൈവമക്കളായ വിശുദ്ധന്മാർ തന്മൂലം മനസ്സലിവു ധരിക്കേണ്ടവരാണ്. (കൊലൊ, 3:12).
ഇന്ദ്രിയജയം (self-control)
“ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.” (സദൃ, 25:28). സ്വയത്ത നിയന്ത്രിക്കുന്നതാണ് ആത്മസംയമനം. ഇന്ദ്രിയങ്ങളുടെ ചോദനകളെയും മാനസികാഭിലാഷങ്ങളെയും കീഴടക്കേണ്ടതാണ്. മിക്ക വ്യക്തികളുടെയും പെരുമാറ്റത്തെ നിയന്ത്രിക്കുന്നതു വാസനാരൂപമായ ചോദനകളാണ്. ആത്മീയൻ ഇന്ദ്രിയങ്ങൾക്കു കീഴടങ്ങാതെ അവയെ വേണ്ട വിധത്തിൽ നിയന്ത്രിക്കും. വാസനകൾ നല്ലതോ ചീത്തയോ അല്ല. അവയെ നല്ല വഴിക്കും ചീത്ത വഴിക്കും തിരിച്ചുവിടാവുന്നതേയുള്ളു. ആത്മസംയമനം ആസക്തിക്കും കാമത്തിനും അതിരു വയ്ക്കുകയും ആഗ്രഹങ്ങളെ ഏതു പരിധിവരെ തൃപ്തിപ്പെടുത്താം എന്നതിന് വിവേകത്തിൽ നിന്ന് മാർഗ്ഗദർശനം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ആത്മത്യാഗത്തിന്റെ അതിർവരെ എത്തിച്ചേരുന്നതാണ് പുതിയ നിയമത്തിൽ ഉപദേശിക്കപ്പെട്ട ആത്മസംയമനം. ആത്മപരിത്യാഗത്തിന്റെ ഉന്നതമായ മാതൃക ക്രിസ്തുവാണ്. “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണം ഉള്ളവനായിത്തീർന്നു.” (ഫിലി, 2:6-8). ക്രിസ്തുവിനെ അനുഗമിക്കുന്നവർ സ്വയം ത്യജിക്കേണ്ടതാണ്. “പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു, നാൾതോറും തന്റെ കൂശ് എടുത്തും കൊണ്ടു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.” (ലൂക്കൊ, 9:23-24). ഈ സ്വയത്യാഗത്തിന്റെ വ്യക്തമായ രൂപം അപ്പൊസ്തലനായ പൌലൊസ് സ്വാനുഭവത്തിലൂടെ രേഖപ്പെടുത്തുന്നു. (2കൊരി, 6:4-10; 4:8-10). ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലേണ്ടതാണ്. (1പത്രൊ, 2:11,12). സ്വാദുഭോജനങ്ങളെ കൊതിക്കാതെ ഭക്ഷണകാര്യങ്ങളിൽ മിതത്വം പാലിക്കണം. (സദൃ, 23:2,3). നാം നമ്മിൽതന്നെ പ്രസാദിക്കാതിരിക്കയും കൂട്ടുകാരനെ അവന്റെ ആത്മീയ വർദ്ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കയും വേണം. (റോമ,15:1-3). പാപത്തിന്റെ തൽക്കാല ഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു അന്യരും പരദേശികളും എന്നപോലെ ഭൂമിയിൽ ജീവിക്കേണ്ടതാണ്.
സൗമ്യത (meekness)
പരസ്പരബന്ധമുള്ള ഗുണങ്ങളാണ് സൗമ്യതയും താഴ്ചയും. പഴയനിയമത്തിലും ഒരു സുകൃതമായി സൗമ്യത പറയപ്പെട്ടിട്ടുണ്ട്. ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും’ (സങ്കീ, 37:11) എന്ന വാക്യത്തെ ഗിരിപ്രഭാഷണത്തിൽ മൂന്നാമത്തെ ഭാഗ്യവചനമായി ക്രിസ്തു ഉദ്ധരിച്ചു. (മത്താ, 5:5). മോശെയുടെ സൗമ്യത പ്രസിദ്ധമായിരുന്നു. (സംഖ്യാ, 12:1-3). സൗമ്യതയ്ക്കുപയോഗിക്കുന്ന ഗ്രീക്കു പദത്തിന്റെ (പ്രാവൊടീസ്) മലയാളവിവർത്തനം സുകരമല്ല. കോപത്തിനും കോപമില്ലായ്മയ്ക്കും മദ്ധ്യേയുളള ഒരവസ്ഥയാണിത്. പുതിയനിയമത്തിൽ ഈ പദം സഹിഷ്ണുതയെയും പരപരിഗണനയെയും പൊതുനന്മയ്ക്കു വേണ്ടി സ്വാർത്ഥത ഉപേക്ഷിക്കുവാനുള്ള മനോഭാവത്തെയും കാണിക്കുന്നു. മറ്റുള്ളവരുടെ മേൽ അധീശത്വം കാണിക്കുവാനുള്ള വാസനയെ സൗമ്യത നിയന്ത്രിക്കുന്നു. സൗമ്യത ആത്മാവിന്റെ ഫലമാണ്. (ഗലാ, 5:23). ജീവിതത്തിൽ അനുഭവപ്പെടുന്ന കഷ്ടപ്പാടുകൾ മാത്രമല്ല, മനുഷ്യർ ചെയ്യുന്ന അപകാരങ്ങളും ക്ഷമയോടു സഹിക്കുവാൻ സൗമ്യത നമുക്കു കഴിവു തരുന്നു. ക്രിസ്തു സൗമ്യതയ്ക്ക് മാതൃകയാണ്. (മത്താ, 11:29). വിരോധികളോടു സൗമ്യതയോടുകൂടെ ഇടപെടണം. (2തിമൊ, 2:26). പ്രതിവാദം ചെയ്യുന്നത് സൗമ്യതയോടെ ആയിരിക്കണം. (1പത്രൊ, 3:15). പരസ്പരം ക്ഷമിക്കുന്നതിനു സൗമ്യത വേണം. (എഫെ, 4:2).
വിശ്വസ്തത (faithfulness)
പുതിയ നിയമത്തിൽ ‘പിസ്റ്റിസ്’ എന്ന ഗ്രീക്കുപദം കർത്ത്രർത്ഥത്തിലും കർമ്മാർത്ഥത്തിലും പ്രയോഗിച്ചിട്ടുണ്ട്. കർത്ത്രർത്ഥത്തിൽ വിശ്വാസമെന്നും കർമ്മാർത്ഥത്തിൽ വിശ്വാസ്യത അഥവാ വിശ്വസ്തത എന്നുമത്രേ അർത്ഥം. വിശ്വാസം ആദ്ധ്യാത്മിക ജീവിതത്തിന്റെ നാരായവേരാണ്; വിശ്വസ്തത ആത്മീയജീവിതത്തിന്റെ ഫലങ്ങളിലൊന്നും. (ഗലാ, 5:22). ആത്മീയൻ വിശ്വാസയോഗ്യനാണ്. കൊരിന്തിലെ ചില വിശ്വാസികൾ പൗലൊസിനെ അവിശ്വസ്തനെന്നു കുറ്റപ്പെടുത്തി. പൗലൊസ് അതിനും സൗമ്യമായി മറുപടി നല്കി; “ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്ക് ഉവ്വ, ഉവ്വ; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരുപണമോ? നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി.” (2കൊരി, 1:17,18). ദൈവത്തിന്റെ ഗൃഹവിചാരകൻ വിശ്വസ്തനായിരിക്കണം. (1കൊരി, 4:2). എന്തു പ്രയാസം നേരിട്ടാലും നിരാശനാകാതെ സ്ഥിരത പാലിക്കുന്നതിനും വിശ്വസ്തത ആവശ്യമാണ്.