ചെറിയ പ്രവാചകന്മാരിൽ ഒരാളായ മലാഖി പഴയനിയമത്തിലെ ഒടുവിലത്തെ പ്രവാപകനാണ്. പഴയനിയമത്തിലെ അവസാന പുസ്തകം മലാഖിയുടെ പ്രവചനമാണ്. ഈ പുസ്തകത്തിനു പുറമെ നിന്നും പ്രവാചകനെപ്പറ്റി ഒരു വിവരവും ലഭ്യമല്ല. ‘എന്റെ ദൂതൻ’ എന്നാണ് പേരിനർത്ഥം. പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമായ സെപ്റ്റ്വജിന്റിൽ മലാഖി എന്ന പേരിനെ സാമാന്യനാമമായി പരിഗണിച്ചു ‘എന്റെ ദൂതൻ’ എന്നു തർജ്ജമ ചെയ്തു. “എന്റെ ദൂതൻ മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട് എന്നാണ് സെപ്റ്റ്വജിന്റിലെ ശീർഷകം. (1:1). അതിന്റെ ചുവടുപിടിച്ചു പല പണ്ഡിതന്മാരും മലാഖി പ്രവചനം അജ്ഞാത കർതൃകമാണെന്നു വാദിക്കുന്നു. പ്രവചന പുസ്തകങ്ങൾ എഴുത്തുകാരുടെ പേരുകളിൽ അറിയപ്പെടുന്നതു കൊണ്ടു മലാഖിയും എഴുത്തുകാരന്റെ പേരായി കരുതുകയാണു യുക്തം. യോനാഥാൻ ബെൻ ഉസ്സീയേലിന്റെ തർഗും മലാഖി എസ്രാ ആണെന്നു കരുതുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘മലാഖിയുടെ പുസ്തകം’).
സെഖര്യാപ്രവാചകൻ ബെരെഖ്യാവിന്റെ പുത്രനും ഇദ്ദോ പ്രവാചകന്റെ പൗത്രനുമാണ്. എസ്രാ, 5:1-ലും 6:14-ലും സെഖര്യാവിനെ ഇദ്ദോവിന്റെ മകനെന്നു പറഞ്ഞിട്ടുണ്ട്. (ഒ.നോ; നെഹെ,12:16). ബെരെഖ്യാവിനെക്കുറിച്ച് ഇവിടെ ഒന്നും പറഞ്ഞിട്ടില്ല. സെഖര്യാവ് 1:1-ലെ ബെഖര്യാവ് പ്രക്ഷിപ്തമെന്നു കരുതുന്നവരുണ്ട്. ഇദ്ദോയുടെ പുത്രൻ എന്നത് പൗത്രൻ എന്നു കരുതുകയാണ് യുക്തം. പുത്രനെന്ന ശബ്ദം പില്ക്കാല സന്തതികളെയും സൂചിപ്പിക്കുമാറു വ്യാപകമായ അർത്ഥത്തിൽ പ്രയോഗിക്കുന്നതു എബ്രായർക്കിടയിൽ സഹജമാണ്. ബാബേൽ പ്രവാസത്തിൽ നിന്നു യെഹൂദ്യയിലേക്കു മടങ്ങിവന്ന പുരോഹിത പിതൃഭവനത്തലവന്മാരിൽ ഒരാളായിരുന്ന ഇദ്ദോ. (നെഹെ, 12:16). ഇതിൽ നിന്നും സെഖര്യാവ് പുരോഹിതനായിരുന്നുവെന്നത് വ്യക്തമാണ്. കൂടാതെ അദ്ദേഹം പ്രവാചകനുമായിരുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘സെഖര്യാവിൻ്റെ പുസ്തകം’).
ഹഗ്ഗായി പ്രവാചകന്റെ വ്യക്തിജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവു ലഭ്യമല്ല. ബാബേൽ പ്രവാസത്തിനുശേഷം യെഹൂദയിൽ പ്രവർത്തിച്ച മൂന്നു പ്രവാചകന്മാരിൽ ഒന്നാമനാണു ഹഗ്ഗായി. മറ്റു രണ്ടുപേർ സെഖര്യാവും മലാഖിയും ആണ്. ഇദ്ദേഹം സെഖര്യാ പ്രവാചകന്റെ സമകാലികനായിരുന്നു (ഹഗ്ഗാ,1:1,സെഖ, 1:1) എങ്കിലും സെഖര്യാ പ്രവാചകനെക്കാൾ അല്പം പ്രായം കൂടിയവനായിരിക്കണം. ഇരുവരുടെയും പേർ ഒരുമിച്ചു വരുന്ന സ്ഥാനങ്ങളിൽ ഹഗ്ഗായിയുടെ പേരിനാണു പ്രാഥമ്യം. (എസ്രാ, 5:1, 6:14). ഹഗ്ഗായി പ്രവാചകൻ എന്നാണ് എസ്രാ 5:1-ലും പ്രവചനത്തിലും പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടുള്ളത്. യഹോവയുടെ ദൂതൻ എന്നു വിളിക്കപ്പെട്ടിട്ടുള്ള ഏകപ്രവാചകൻ ഹഗ്ഗായി ആണ്. (1:13). ദാര്യാവേശ് ഹിസ്റ്റാസ്പെസിന്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ (ബി.സി. 520) പ്രവാചകൻ തന്റെ ശുശ്രൂഷ ആരംഭിച്ചു. കോരെശ് രാജാവിന്റെ വാഴ്ചയ്ക്കു ശേഷം ഉപേക്ഷിക്കപ്പെട്ട ദൈവാലയത്തിന്റെ പണി പുനരാരംഭിക്കുന്നതിനു സെഖര്യാ പ്രവാചകനോടൊപ്പം അദ്ദേഹം ജനത്തെ പ്രോത്സാഹിപ്പിച്ചു. പ്രവാചകന്മാരുടെ പ്രേരണയും പ്രോത്സാഹനവും മൂലം ജനം ദൈവാലയത്തിന്റെ പണിയിൽ ഉത്സാഹിക്കുകയും ബി.സി 516-ൽ അതായതു ദാര്യാവേശിന്റെ ഭരണത്തിന്റെ ആറാം വർഷം ദൈവാലയത്തിന്റെ പണി പൂർത്തിയാക്കി അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ഹഗ്ഗായിയുടെ പുസ്തകം’).
ഹിസ്ക്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കുശിയുടെ മകനാണ് സെഫന്യാവ് (1:1). യോശീയാവിന്റെ ഭരണകാലത്താണു് (ബി.സി. 639-608) പ്രവചിച്ചത്. സെഫന്യാവിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. അമര്യാവും മനശ്ശെ രാജാവും സഹോദരന്മാരാണ്. പഴയനിയമത്തിലെ മുപ്പത്താറാമത്തെ പുസ്തകത്തിൻ്റെ എഴുത്തുകാരൻ; ചെറിയ പ്രവാചകന്മാരിൽ ഒമ്പതാമത്തേതും. യെഹൂദയുടെ എഴുപതുവർഷത്തെ ബാബേൽ പ്രവാസത്തിനു മുമ്പു അവസാനം എഴുതപ്പെട്ട പുസ്തകമാണ് ഇത്. നാലു തലമുകളുടെ പാരമ്പര്യം പ്രവാചകൻ രേഖപ്പെടുത്തുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘സെഫന്യാവിൻ്റെ പുസ്തകം’).
പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ എട്ടാമൻ. അല്പം വ്യത്യസ്തമായ രീതിയിലാണ് പേർ രേഖപ്പെടുത്തിക്കാണുന്നത്. സെപ്റ്റ്വജിന്റിൽ അംബാകൂം എന്നാണു രൂപം. പേരിന്റെ അർത്ഥം ആലിംഗനം എന്നാണ്. ഈ പേരിനെ അശ്ശൂര്യ ഭാഷയുമായി ബന്ധിപ്പിക്കുന്നവരുണ്ട്. ഹംബകുകു എന്ന് പേരോടു കൂടിയ ഉദ്യാനസസ്യവുമായി ഈ പേരിനു ബന്ധമുണ്ടെന്നു റെയ്സർ (Reiser) കരുതുന്നു. പക്ഷേ ഇതു വെറും ഊഹം മാത്രമാണ്. ഹബക്കുക് പ്രവാചകൻ ശൂനേംകാരിയുടെ പുത്രനാണെന്നും (2രാജാ, 4:16) യെശയ്യാപ്രവചനത്തിലെ കാവല്ക്കാരൻ (21:6) ആണെന്നും നിർദ്ദേശിക്കുന്നവരുണ്ട്. ‘ബേലും സർപ്പവും’ എന്ന അപ്പോക്രിഫാ ഗ്രന്ഥത്തിന്റെ ശീർഷകത്തിൽ പ്രവാചകനെ ലേവിഗോത്രത്തിലെ യേശുവിന്റെ പുത്രൻ എന്നു പറഞ്ഞിട്ടുണ്ട്. അനന്തരം പ്രവാചകനെ സിംഹക്കുഴിയിൽക്കിടന്ന ദാനീയേലുമായി ബന്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനും തെളിവൊന്നുമില്ല. യോശീയാവിന്റെ വാഴ്ചയുടെ അന്ത്യനാളുകളിലും യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും പ്രവാചകൻ ജീവിച്ചിരുന്നിരിക്കണം. കല്ദയരെക്കുറിച്ചുള്ള പരാമർശം 1:5,6-ൽ കാണാം. കല്ദയരുടെ പ്രതാപകാലം 720-538 ബി.സി. ആയിരുന്നു. ദൈവാലയം നിലവിലുള്ളതായി പ്രവചനത്തിൽ പറയുന്നുണ്ട്. (2:20, 3:19). മൂന്നാമദ്ധ്യായത്തിലെ സംഗീത പരാമർശങ്ങൾ ഇദ്ദേഹം ലേവ്യഗായക സംഘത്തിൽ ഉൾപ്പെട്ടവനായിരിക്കണം എന്ന നിഗമനത്തിനു സാധുത്വം നല്കുന്നു. ഇതിൽ നിന്നും ഹബക്കൂക് പ്രവാചകൻ ലേവിഗോത്രജനാണെന്നത് സ്പഷ്ടമാണ്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ, ‘ഹബക്കൂകിൻ്റെ പുസ്തകം’).
നെഹെമ്യാവ് എന്ന പേരിന്റെ സംക്ഷിപ്തരൂപമാണ് നഹൂം. ചെറിയ പ്രവാചകന്മാരിൽ ഏഴാമനാണ് നഹൂം. പുസ്തകത്തിന്റെ ശീർഷകത്തിൽ നിന്നു കിട്ടുന്നതൊഴികെ പ്രവാചകനെക്കുറിച്ചു മറ്റൊരറിവും ലഭ്യമല്ല. എല്ക്കോശ്യനായ നഹൂമിന്റെ ദർശന പുസ്തകം (1:1) എന്നാണ് പുസ്തകം ആരംഭിക്കുന്നത്. എല്ക്കോശ് എന്ന ഗ്രാമത്തിന്റെ സ്ഥാനവും വിവാദവിഷയമാണ്. വിശുദ്ധ ജെറോമിന്റെ അഭിപ്രായത്തിൽ എല്ക്കോശ് ഗലീലയിലാണ്. കഫർന്നഹും എന്ന പേരിന്നർത്ഥം നഹൂമിന്റെ ഗ്രാമമാണെന്നും അതുകൊണ്ട് നഹൂമിന്റെ സ്വദേശം കഫർന്നഹും ആണെന്നും ഒരഭിപ്രായമുണ്ട്. നീനെവേ പട്ടണത്തിന്നെതിരെയുള്ള ആധുനിക മൊസൂളിനു (Mosul) 80 കി.മീ. വടക്കുള്ള അൽഖുഷിൽ ആണ് നഹുവിന്റെ ജന്മസ്ഥലവും കല്ലറയും ഉള്ളതെന്നു ഒരു പാരമ്പര്യം ഉണ്ട്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘നഹൂമിൻ്റെ പുസ്തകം’).
മോരസ്ത്യനായ മീഖാ എന്നു പ്രവാചകൻ സ്വയം പരിചയപ്പെടുത്തുന്നു. (മീഖാ, 1:1). മോരേശെത്തിൽ നിന്നുളള വനാണ് മോരസ്ത്യൻ. ഗത്തിലെ മോരേശെത്ത് ആണ് മീഖാ പ്രവാചകന്റെ ജന്മദേശം. യെരുശലേമിനു 32 കി.മീ. തെക്കു പടിഞ്ഞാറാണ് മോരേശെത്ത്. യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തു (742-687 ബി.സി.) മീഖാ പ്രവചിച്ചു. ഹോശേയാ, ആമോസ്, യെശയ്യാവ് എന്നിവരുടെ സമകാലികനായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലൊന്ന് ഹിസ്കീയാരാജാവിന്റെ വാഴ്ചക്കാലത്തുള്ളതാണ്. (യിരെ, 26:18). യെഹൂദയിൽ പെസഹാ പെരുനാൾ ആരംഭിക്കുന്നതിനു മുമ്പ് ഈ പ്രവചനം നല്കിയിരിക്കണം. യെഹോരാമിനെ കുറ്റപ്പെടുത്തുക നിമിത്തം പാറയിൽ നിന്നു തള്ളിയിട്ടു കൊന്നുവെന്നും സ്വന്തം ഗ്രാമമായ മൊറാതിയിൽ അടക്കിയെന്നും പാരമ്പര്യം പറയുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘മീഖായുടെ പുസ്തകം’).
സെബുലൂൻ ഗോത്രത്തിൽ ഗത്ത്-ഹേഫറിൽ നിന്നുള്ള യോനാപ്രവാചകൻ അമിത്ഥായിയുടെ മകനാണ്. (2രാജാ, 14:25). നസറെത്തിനു 6. കി.മീ. വടക്കാണ് ഗത്ത്-ഹേഫർ. തന്റെ പേരിലുള്ള പുസ്തകത്തിനു പുറമെ യോനായെക്കുറിച്ചുള്ള ഏക പഴയനിയമ പരാമർശം 2രാജാക്കന്മാർ 14:25-ലാണ്. യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ (782-753) ഭാരണകാലത്തിലോ അല്പം മുമ്പോ അദ്ദേഹം ജീവിച്ചിരുന്നു. യൊരോബയാം രണ്ടാമൻ ചുറ്റുമുള്ള രാജ്യങ്ങളെ കീഴടക്കി യിസ്രായേലിന്റെ അതിർത്തി വിസതാരമാക്കുമെന്ന യോനായുടെ പ്രവചനം നിവേറി. (2രാജാ, 14:25). യിസ്രായേലിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന കാലത്താണ് ദൈവം യോനായെ നീവയിലേക്കു അയച്ചത്. നീനവേയിലെ ജനത്തോടു പ്രവചിക്കുന്നതിനു യഹോവ യോനയോടു കല്പ്പിച്ചു. നീനെവേയിലേക്കു പോകുവാൻ മനസ്സില്ലാതെ യോനാ യാഫോവിൽ ചെന്നു തർശീശിലേക്കുള്ള കപ്പലിൽ കയറി. സമുദ്രത്തിൽ കൊടുങ്കാറ്റടിച്ചു; കപ്പൽ മുങ്ങുമാറായി. രക്ഷയ്ക്ക് വേണ്ടി തന്റെ ദൈവത്തോടു പ്രാർത്ഥിക്കുവാൻ യോനായോടു കപ്പൽപ്രമാണി ആവശ്യപ്പെട്ടു. കൊടുങ്കാറ്റു ശമിക്കാത്തതിനാൽ ദൈവകോപത്തിനു കാരണക്കാരനായ വ്യക്തിയെ കണ്ടുപിടിക്കുവാൻ ചീട്ടിട്ടു. യോനായുടെ നിർദ്ദേശമനുസരിച്ചു തന്നെ കപ്പൽക്കാർ യോനായെ സമുദ്രത്തിലെറിഞ്ഞു. സമുദ്രത്തിന്റെ കോപമടങ്ങി. ഒരു മഹാമത്സ്യം പ്രവാചകനെ വിഴുങ്ങി. മൂന്നാമത്തെ ദിവസം മത്സ്യം യോനായെ കരയ്ക്കു ഛർദ്ദിച്ചു. വീണ്ടും യഹോവ കല്പ്പിച്ചതനുസരിച്ചു യോനാ നീനെവേയിലേക്കു പോയി. യോനായുടെ പ്രസംഗം കേട്ടു ജനം അനുതപിക്കുകയും പട്ടണം മുഴുവൻ രക്ഷിക്കപ്പെടുകയും ചെയ്തു. താൻ പ്രവചിച്ചതു പോലെ നഗരം നശിക്കാത്തതിൽ കുപിതനായ യോനാ തന്റെ ജീവനെടുത്തുകൊള്ളുന്നതിനു ദൈവത്തോടപേക്ഷിച്ചു. ദ്രുതവളർച്ചയും നാശവും പ്രദർശിപ്പിച്ച ആവണക്കിലുടെ കരുണയുടെ ആവശ്യം ദൈവം യോനായെ പഠിപ്പിച്ചു. യോനാ കടലാനയുടെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ ഉള്ളിലിരിക്കും (മത്താ, 12:40) എന്നു യേശുക്രിസ്തു തന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രസ്താവിച്ചു.
പ്രവചനത്തിന്റെ കർത്താവായ യോനായും 2രാജാ, 14:25-ലെ യോനായും ഒരാളല്ലെന്നു ചില വിമർശകന്മാർ വാദിച്ചു. എന്നാൽ പാരമ്പര്യങ്ങൾ ഇരുവരും ഒരാളാണെന്നു ചൂണ്ടിക്കാണിക്കുന്നു. യോനാപ്രവാചകൻ യൊരോബെയാം രണ്ടാമന്റെ കാലത്തു പ്രവചിച്ചു എന്നു യെഹൂദ്യ ഖ്യാതാക്കൾ ഉറപ്പായി വിശ്വസിച്ചു. ഏലീയാവിനെ സത്കരിച്ച സാരെഫാത്തിലെ വിധവയുടെ പുത്രനാണ് യോനാ എന്നു എലിയേസർ റബ്ബി പറഞ്ഞു. യോനായെ വിഴുങ്ങിയ മഹാമത്സ്യം ഈ ഉദ്ദേശ്യത്തിനു വേണ്ടി ലോകസ്ഥാപനത്തിൽ തന്നെ സൃഷ്ടിക്കപ്പെട്ടു എന്നു അദ്ദേഹം പഠിപ്പിച്ചു. മഹാമത്സ്യത്തിനകത്തുവച്ചു പ്രവാചകനുണ്ടായ അനുഭവങ്ങളെക്കുറിച്ചുള്ള പല കഥകളുമുണ്ട്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യോനായുടെ പുസ്തകം’).
പഴയനിയമത്തിലെ ഓബദ്യാ പ്രവചനത്തിന്റെ കർത്താവ്. ഓബദ്യാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും വ്യക്തമായ ഒരറിവുമില്ല. യെരുശലേം പതനത്തിനു ശേഷം (ബി.സി. 587) ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഈ പ്രവാചകനും ആഹാബ് രാജാവിന്റെ കാര്യവിചാരകനായ ഓബദ്യാവും ഒരാളാണെന്നു ബാബിലോണിയൻ തലമൂദിൽ കാണുന്നു. എന്നാൽ ഈ ധാരണ ശരിയായിരിക്കാനിടയില്ല. ഏലീയാവിനെ പിടിക്കുവാൻ അഹസ്യാവു അയച്ച മൂന്നാമത്തെ സൈന്യാധിപനെ (2രാജാ, 1:13-15) പ്രവാചകനായി കരുതുന്നവരുണ്ട്. തലമുദിന്റെ പാരമ്പര്യമനുസരിച്ച് യെഹൂദ മതാനുസാരിയായിത്തീർന്ന ഏദോമ്യനാണ് പ്രവാചകൻ. ഏദോമിനെതിരെ ഇത്രയും ശക്തമായി സംസാരിക്കുന്ന പ്രവാചകൻ ഏദോമ്യനായിരിക്കുക സ്വാഭാവികമല്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ഓബദ്യാവിൻ്റെ പുസ്തകം’).
പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവൻ. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14).
ഉസ്സീയാവിന്റെയും യൊരോബെയാമിന്റെയും കാലഘട്ടം സമാധാനത്തിന്റേതും സമ്പദ്സമൃദ്ധിയുടേതും ആയിരുന്നു. വളർന്നുവന്ന നഗരവത്കരണവും നഗരങ്ങളിലെ ധനകേന്ദ്രീകരണവും ഗ്രാമപ്രദേശങ്ങളെ വല്ലാതെ ഞെരുക്കി. ന്യായപ്രമാണ കല്പനകൾക്കു വിരുദ്ധമായി കുടുംബാവകാശങ്ങൾ പണക്കാർ പണയം വാങ്ങുകയും കാലാന്തരത്തിൽ അവ അവരുടെ വകയായിത്തീരുകയും ചെയ്തു. ഇങ്ങനെ ധനികരായ ജന്മിമാരുടെ ഒരു പുതിയവർഗ്ഗം വളർന്നുവന്നു. അവകാശം നഷ്ടപ്പെട്ട സാധുക്കൾ മുൻപു് തങ്ങളുടേതായിരുന്ന നിലത്തിൽ ഇപ്പോൾ തങ്ങളുടെ ഋണദാതാക്കൾക്കു വേണ്ടി ജോലി ചെയ്യുവാൻ നിർബന്ധിതരായി തീർന്നു. ഋണബദ്ധൻ അടിമയായി വില്ക്കപ്പെടുകയും മടങ്ങിവരവിന് ഒരു പ്രതീക്ഷയുമില്ലാതവണ്ണം അന്യരാജ്യങ്ങളിലേക്കു പോവുകയും ചെയ്തു. വിഗ്രഹാരാധന വ്യാപകമായി. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് തെക്കോവയിലെ ഒരിടയൻ യിസ്രായേലിനുവേണ്ടി പ്രവാചകശുശ്രൂഷ നിർവ്വഹിക്കുവാൻ ബേഥേലിലേക്കു വന്നത്. യെഹൂദയിൽ നിന്നു ഒരു പ്രവാചകൻ യിസായേലിലേക്കു നിയോഗിക്കപ്പെടുന്നതു തികച്ചും അപൂർവ്വമായ ഒന്നാണ്. പ്രവാചകന്റെ ഭാഷണങ്ങൾ എല്ലാവരുടെയും ശ്രദ്ധയെ ആകർഷിച്ചു. ധനവാന്മാരുടെ ആഡംബരജീവിതം, വിഗ്രഹാരാധന, സാന്മാർഗ്ഗികാധഃപതനം എന്നിവയായിരുന്നു ആമോസിന്റെ പ്രവചന വിഷയം. യൊരോബെയാമിനു എതിരായി ഗൂഢാലോചന നടത്തി എന്ന കുറ്റം ആമോസിലാരോപിച്ചു. ബേഥേലിലെ മഹാപുരോഹിതനായ അമസ്യാവു ആമോസിനെ ഭീഷണിപ്പെടുത്തി. ദൌത്യനിർവ്വഹണ ശേഷം ആമോസ് യെഹൂദയിലേക്കു മടങ്ങിപ്പോയിരിക്കണം. മരണകാലവും മരണവിധവും നമുക്കറിയില്ല. എന്നാൽ അമസ്യാവിനെ സംബന്ധിക്കുന്ന പ്രവചനത്തിനുശേഷം അധികം താമസിയാതെ മഹാപുരോഹിതന്റെ ക്രൂരതയ്ക്ക് വിധേയനായി ആമോസ് മരിച്ചു എന്നൊരു പാരമ്പര്യമുണ്ട്. പുരോഹിതന്റെയും കുടുംബത്തിന്റെയും മേൽ വരേണ്ട നാശത്തെക്കുറിച്ചുള്ള പ്രവചനം ഹേതുവായി ക്ഷഭിതനായ അമസ്യാവ് ആമോസിനെ കയ്യേററം ചെയ്തു എന്നും അർദ്ധപാണനായിത്തീർന്ന ആമോസിനെ സ്വന്തം ദേശത്തു കൊണ്ടുവന്നു എന്നും ചില ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം മരിച്ചു എന്നും പറയപ്പെടുന്നു. എന്നാൽ ഈ കഥയ്ക്കു മതിയായ തെളിവില്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ആമോസിൻ്റെ പുസ്തകം’).