All posts by roy7

യോവേൽ

യോവേൽ (Joel)

പേരിനനർത്ഥം — യഹോവ ദൈവം

യോവേൽപ്രവാചകൻ പെഥുവേലിന്റെ പുത്രനാണ്. ആത്മപ്പകർച്ചയെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം പ്രവൃത്തി 2:16 ഉദ്ധരിക്കുന്നിടത്തൊഴികെ ഈ പ്രവചനത്തിനു വെളിയിൽ മറ്റൊരിടത്തും യോവേൽ പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടില്ല. പ്രവാചകനെക്കുറിച്ചു വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. യിസ്രായേലിലെ സർവ്വ സാധാരണമായ സംജ്ഞയാണ് യോവേൽ. കാനോനികമായ തിരുവെഴുത്തുകളിൽ പന്ത്രണ്ടോളം പേർ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. പുരോഹിതന്മാരെ സംബോധന ചെയ്യുന്നതിൽ നിന്നും അദ്ദേഹം പുരോഹിത ഗണത്തിൽ ഉൾപ്പെട്ടവനാണെന്നു കരുതപ്പെടുന്നു. (യോവേ, 1:13, 2:17). പുസ്തകത്തിന്റെ ശീർഷകത്തിൽ സ്ഥലം സൂചിപ്പിച്ചിട്ടില്ല. യെരൂശലേം അഥവാ യെഹൂദാ ആയിരിക്കണം ഈ അരുളപ്പാടുകളുടെ ഈറ്റില്ലം. മൂന്നാമദ്ധ്യായം മറ്റാരോ എഴുതിയതാണെന്നു ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗ്രന്ഥത്തിനു സാഹിത്യപരമായ ഏകത്വമുണ്ടെന്നും പെഥുവേലിന്റെ മകനായ യോവേൽ തന്നെയാണു മുഴുവൻ ഗ്രന്ഥത്തിന്റെയും കർത്താവെന്നും അധികം പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.(നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യോവേലിൻ്റെ പുസ്തകം’).

ഹോശേയാ

ഹോശേയാ

പേരിനർത്ഥം — രക്ഷ

ഹോശേയാപ്രവാചകന്റെ വ്യക്തിജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവൊന്നും ലഭ്യമല്ല. പിതാവിന്റെ പേര് ബയേരി എന്നാണ്. ജന്മസ്ഥലവും അജ്ഞാതമാണ്. അദ്ദേഹം ഉത്തരരാജ്യമായ യിസായേൽ രാജ്യത്തിലെ പ്രജയായിരുന്നു എന്നത് പ്രവചനത്തിന്റെ ശൈലിയിലും ഭാഷയിലും നിന്നു വ്യക്തമാണ്. യിസ്രായേലിലെ സ്ഥലങ്ങളും ചുറ്റുപാടുകളും പ്രവാചകനു സുപരിചിതമായിരുന്നു. (5:1, 6:8-9, 12:12, 14:6). കൂടാതെ യിസ്രായേൽ രാജ്യത്തെ ദേശമെന്നും (1:2), യിസ്രായേൽ രാജാവിനെ നമ്മുടെ രാജാവെന്നും (7:5) വിളിക്കുന്നു. പ്രവാചകന്റെ തൊഴിൽ എന്തായിരുന്നു എന്നും അറിയാൻ നിവൃത്തിയില്ല. 7:4-ൽ നിന്നും പ്രവാചകൻ ഒരു അപ്പക്കാരനായി ജോലിചെയ്തിരുന്നു എന്നു കരുതപ്പെടുന്നു. പ്രവചനത്തിലെ കൃഷിയെ സംബന്ധിച്ചുള്ള പരാമർശങ്ങളിൽ നിന്നും അദ്ദേഹം കർഷകനായിരുന്നു എന്നു കരുതുന്നവരുണ്ട്. ചരിത്രം, രാഷ്ട്രീയകാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പരിജ്ഞാനവും കാല്പനികമായ ശൈലിയും വർണ്ണനയും ഒരു സാധാരണ കർഷകനല്ല എഴുത്തുകാരനെന്നു വ്യക്തമാക്കുന്നു. ഭാര്യയായ ഗോമരിനെ ദിബ്ലയീമിന്റെ മകൾ എന്നു പറയന്നു. അവൾ മൂന്നു കുഞ്ഞുങ്ങളുടെ മാതാവാണ്. ബത്ത്- ദിവ്ളായീം എന്ന പ്രയോഗത്തിൽ അവളുടെ ജനനസ്ഥലത്തിന്റെ സൂചനകാണുന്നവരുണ്ട്. ഗിലെയാദിലെ ഒരു സ്ഥലമാണതെന്നു അവർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, അതിനു വിശ്വസനീയമായ തെളിവുകളില്ല. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ഹോശേയയുടെ പുസ്തകം’).

ദാനീയേൽ

ദാനീയേൽ

പേരിനർത്ഥം — ദൈവം എൻ്റെ ന്യായാധിപതി

ദാനീയേൽ പ്രവചനത്തിന്റെ കർത്താവ്. ദാനീയേൽ പ്രവാചകന്റെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒരറിവുമില്ല. രാജകുടുംബത്തിലോ പ്രഭു കുടുംബത്തിലോ ജനിച്ചിരിക്കണം. (ദാനീ, 1:3). യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷത്തിൽ ദാനീയേലിനെയും കൂട്ടരെയും ബാബേൽ രാജാവായ നെബുഖദ്നേസർ ബദ്ധരാക്കിക്കൊണ്ടു പോയി. അന്ന് ദാനീയേൽ വളരെ ചെറുപ്പമായിരുന്നു. യിസായേല്യരിൽ രാജസന്തതിയിലും കുലീനന്മാരിലു വച്ച് അംഗഭംഗം ഇല്ലാത്തവരും സുന്ദരന്മാരും സകല ജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും യോഗ്യന്മാരുമായ ചില ബാലന്മാരെ തിരഞ്ഞെടുത്ത് കല്ദയഭാഷയും വിദ്യയും അഭ്യസിപ്പിച്ചു. ആ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ്, എന്നിവർ ഉണ്ടായിരുന്നു. (1:6). ഷണ്ഡാധിപൻ ദാനീയേലിന് ബേൽത്ത്ശസ്സർ എന്ന പേർ നല്കി. ദാനീയേലും കൂട്ടുകാരും ഭക്ഷണസംബന്ധമായ ന്യായപ്രമാണ കല്പന ലംഘിക്കാതിരിക്കുവാൻ ശ്രമിച്ചു. അവർ രാജഭോജനം കൊണ്ട് മലിനപ്പെടാതെ തങ്ങളെത്തന്നെ കാത്തുസൂക്ഷിച്ചു. പത്തു ദിവസത്തെ പരീക്ഷണത്തിൽ ശാകാപദാർത്ഥം കഴിച്ച നാലു ബാലന്മാരും രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരെക്കാളും അഴകും മാംസപുഷ്ടിയും ഉള്ളവരായി കാണപ്പെട്ടു. ദാനീയേൽ ദർശനങ്ങളെയും സ്വപ്നങ്ങളെയും വിവേചിക്കുവാൻ കഴിവുള്ളവനായിത്തീർന്നു. മൂന്നുവർഷത്തെ പരിശീലനത്തിനു ശേഷം നാലുപേരെയും രാജസന്നിധിയിൽ കൊണ്ടുവന്നു. സംതൃപ്തനായ നെബുഖദ്നേസർ അവരെ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിയമിച്ചു. 

നെബുഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ രാജാവു ഒരു സ്വപ്നം കണ്ടു, വ്യാകുലപ്പെട്ടു. രാജാവിനു സ്വപ്നം ഓർക്കാൻ കഴിഞ്ഞില്ല. ബാബേലിലെ വിദ്വാന്മാരിൽ ആർക്കും രാജാവിന്റെ സ്വപ്നവും അർത്ഥവും പറയുവാൻ കഴിഞ്ഞില്ല. എന്നാൽ ദാനീയേൽ രാജാവിനു സ്വപ്നവും അർത്ഥവും വെളിപ്പെടുത്തിക്കൊടുത്തു . (2:1-46). സംപ്രീതനായ രാജാവ് ദാനീയേലിനെ ബാബേൽ സംസ്ഥാനത്തിന് അധിപതിയും ബാബേലിലെ വിദ്വാന്മാർക്കു പ്രധാന വിചാരകനും ആയി നിയമിച്ചു. ദാനീയേൽ രാജാവിന്റെ കൊട്ടാരത്തിൽ പാർത്തു. (2:48-49). അനന്തരം രാജാവിൻ്റെ മറെറാരു സ്വപ്നവും ദാനീയേൽ വ്യാഖ്യാനിച്ചു. അല്പകാലത്തേക്കു നെബുഖദ്നേസരിനു സിംഹാസനം നഷ്ടപ്പെടുകയും രാജാവ് കാളയെപ്പോലെ പുല്ലു തിന്നുകയും ചെയ്യുമെന്നും ആ കാലത്തിനുശേഷം നെബുഖദ്നേസരിന് രാജത്വം ഉറയ്ക്കുമെന്നും ആയിരുന്നു ആ സ്വപ്നത്തിന്റെ അർത്ഥം. (4:1-37). നെബുഖദ്നേസരിന്റെ അനന്തരഗാമികളുടെ കാലത്ത് ദാനീയേലിന് ഇത്രയും ഉന്നതമായ സ്ഥാനം ഉണ്ടായിരുന്നതായി കാണുന്നില്ല. (8:27). ദാനീയേൽ ശുശൻ രാജധാനിയിൽ വസിക്കുകയായിരുന്നു. ബേൽശസ്സർ രാജാവിന്റെ ഒന്നാം വർഷത്തിലും പിന്നീട് മൂന്നാം വർഷത്തിലും ദാനീയേൽ ദർശനങ്ങൾ കണ്ടു. (7:1, 8:1). ഭാവികാലസംഭവങ്ങളും ലോകരാഷ്ട്രങ്ങളുടെ അന്ത്യവിധിയും അവയ്ക്കു ദൈവരാജ്യത്തോടുള്ള ബന്ധവും ദാനീയേലിനു വെളിപ്പെട്ടു. 

ബേൽശസ്സർ രാജാവു ഒരു വലിയ വിരുന്നു നടത്തി. ആ സമയത്ത് ഒരു കൈപ്പത്തിവന്ന് ഭിത്തിയിൽ എഴുതി. ആ എഴുത്ത് വായിക്കുന്നതിനോ അർത്ഥം പറയുന്നതിനോ വിദ്വാന്മാർക്കു കഴിഞ്ഞില്ല. ദാനീയേലിനെ വരുത്തുകയും അദ്ദേഹം എഴുത്തിന്റെ അർത്ഥം രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിപ്പിച്ച് രാജാവ് ദാനീയേലിനെ രാജ്യത്തിൽ മൂന്നാമനാക്കി. ആ രാത്രിയിൽ തന്നെ ബേൽശസ്സർ കൊല്ലപ്പെടുകയും ദാര്യാവേശ് രാജാവാകുകയും ചെയ്തു. (5:29). വിസ്തൃതമായ രാജ്യം ഭരിക്കേണ്ടതിനു 120 പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും ദാര്യാവേശ് നിയമിച്ചു. മൂന്നദ്ധ്യക്ഷന്മാരിൽ ഒരാളായിരുന്നു ദാനീയേൽ. ദാനീയേലിൻ്റെ ഉന്നത പദവിയും കർശനമായ നീതിനിഷ്ഠയും സഹപ്രവർത്തകരിൽ അസൂയ ഉളവാക്കി. അവർ ദാനീയേലിനെതിരെ ഗൂഢാലോചന നടത്തി. മുപ്പതു ദിവസത്തേക്കു രാജാവിനോടല്ലാതെ ആരോടും പ്രാർത്ഥിക്കരുതെന്നും അനുസരിക്കാത്തവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നും ഒരു കല്പന പുറപ്പെടുവിക്കുന്നതിന് അവർ രാജാവിനെ പ്രേരിപ്പിച്ചു. ഭാര്യാവേശ് രാജാവു രേഖയും വിരോധ കല്പനയും എഴുതിച്ചു. ഇതറിഞ്ഞ ദാനീയേൽ വീട്ടിൽ ചെന്ന് മുൻപേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു. (6:10). ശത്രുക്കൾ ഈ വിവരം രാജാവിനെ അറിയിച്ചു. രാജാവ് ദാനീയേലിനെ സിംഹഗുഹയിൽ ഇട്ടു. ദു:ഖിതനായ രാജാവ് ഉപവസിച്ച് രാത്രി കഴിച്ചുകൂട്ടി. ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. രാജാവ് രാവിലെ ഗുഹയ്ക്കടുത്തു ചെന്നു. ദാനീയേലിനെ സിംഹഗുഹയിൽ നിന്നു കയറ്റുവാൻ കല്പിച്ചു. അനന്തരം ദാനീയേലിനെ കുറ്റം ചുമത്തിയവരെ സിംഹഗുഹയിലിട്ടു. 

കോരെശിന്റെ കാലത്തും ദാനീയേൽ ശുഭമായിരുന്നു. (6:28). കോരെശിന്റെ മൂന്നാം വർഷത്തിൽ ദാനീയേലിനു പിന്നെയും ദർശനങ്ങൾ ലഭിച്ചു. യിസ്രായേൽ ജാതിയുടെ കഷ്ടതയും അവർക്കു പിന്നീടുണ്ടാകുന്ന മഹത്വവും യേശുക്രിസ്തുവിലൂടെയുള്ള അവരുടെ യഥാർത്ഥ വീണ്ടെടുപ്പും ദാനീയേൽ ദർശിച്ചു. ”നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും” എന്നിങ്ങനെ ആശ്വാസവാഗ്ദാനം ദാനീയേലിനു ലഭിച്ചു. ദാനീയേൽ നീതിമാനും ജ്ഞാനിയുമായിരുന്നു എന്ന് യെഹസ്ക്കേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നു. (14:14,20, 28:3). യെഹസ്ക്കേൽ ഇതെഴുതുമ്പോൾ ദാനീയേൽ യുവാവായിരുന്നു. അതിനാൽ ഈ ദാനീയേലിനെ അല്ല, മറ്റേതെങ്കിങ്കിലും പ്രവാചകനെയോ റാസ്ഷമ്രാ പുരാണത്തിലെ (ഉഗാരിറ്റിസ് പാഠം) ദാനീയേലിനെയോ ആണ് യെഹെസ്ക്കേൽ വിവക്ഷിക്കുന്നതെന്നു ചിലർ കരുതുന്നു. അതു ശരിയായിരിക്കാനിടയില്ല. കുട്ടിക്കാലം മുതല്ക്കേ വിശുദ്ധിക്കും വിജ്ഞാനത്തിനും ദാനീയേൽ പ്രഖ്യാതി നേടിയിരുന്നു എന്നത് മറക്കാനാവില്ല. (ദാനീ, 1:4,17,20). യെഹെസ്ക്കേലിന്റെ പ്രവചനകാലത്ത് ദാനീയേലിനു മുപ്പതുവയസ്സെങ്കിലും പ്രായം ഉണ്ടായിരുന്നിരിക്കണം. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ദാനീയേലിൻ്റെ പുസ്തകം’).

യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകൻ

പേരിനർത്ഥം — ദൈവം ബലപ്പെടുത്തും

നാലു വലിയപ്രവാചകന്മാരിൽ ഒരാളാണ് യെഹെസ്ക്കേൽ. ഇദ്ദേഹം ബുസി എന്ന പുരോഹിതന്റെ പുത്രനായിരുന്നു. യെരൂശലേമിന്റെ നാശത്തിനു പതിനൊന്നു വർഷം മുമ്പു യെഹോയാഖീൻ രാജാവിനോടൊപ്പം പ്രവാസത്തിലേക്കു പോയി. (2രാജാ, 24:12-15). കെബാർ നദീതീരത്തു മറ്റു പ്രവാസികളോടൊപ്പം കഴിയുമ്പോൾ അദ്ദേഹത്തിനു യഹോവയുടെ അരുളപ്പാടു ലഭിച്ചു. (യെഹെ, 1:3). യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ (ബി.സി. 592) ആണ് പ്രവാചകനു അരുളപ്പാടു ലഭിച്ചത്. പ്രവാചകന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവു നമുക്കു ലഭിച്ചിട്ടില്ല. ബാബേലിൽ അദ്ദേഹത്തിനു ഒരു വീടുണ്ടായിരുന്നു. (യെഹ, 8:1). അദ്ദേഹത്തിന്റെ ഭാര്യ അപ്രതീക്ഷിതമായി മരിച്ചു. യഹോവയുടെ അരുളപ്പാടനുസരിച്ചു മൃതവിലാപം കഴിച്ചില്ല. (യെഹെ, 24:15-18). പ്രവാസത്തിലും ജനം അദ്ദേഹത്തെ ബഹുമാനിക്കുകയും അവരുടെ മുപ്പന്മാർ എല്ലാ സന്ദർഭങ്ങളിലും പ്രവാചകന്റെ അഭിപ്രായം ആരായുവാൻ കൂടി വരികയും ചെയ്തിരുന്നു. (8:1, 11:25, 141, 20:1). പ്രവാചകൻ രേഖപ്പെടുത്തുന്ന ഒടുവിലത്തെ കാലം പ്രവാസത്തിന്റെ 27-ാം വർഷമാണ്. (29:17). അതിൽ നിന്നും യെഹെക്കേൽ പ്രവാചകൻ 22 വർഷത്തോളം പ്രവചന ശുശ്രൂഷ തുടർന്നുവെന്നു മനസ്സിലാക്കാം. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യെഹസ്ക്കേലിൻ്റെ പുസ്തകം’).

യിരെമ്യാപ്രവാചകൻ

യിരെമ്യാപ്രവാചകൻ

പേരിനർത്ഥം — യഹോവ ഉയർത്തും

വലിയ പ്രവാചകന്മാരിൽ രണ്ടാമനായിരുന്നു യിരെമ്യാവ്. എബ്രായ ചരിത്രത്തിൽ കടുത്ത പ്രതിസന്ധിയുടെ കാലത്തായിരുന്നു യിരെമ്യാവിന്റെ പ്രവാചകശുശ്രൂഷ. യെരുശലേമിനു മൂന്നു കി.മീ. വടക്കു കിഴക്കുള്ള അനാഥോത്ത് എന്ന പട്ടണത്തിൽ ബി.സി. 640-ൽ യിരെമ്യാവു ജനിച്ചു. പുരോഹിത കുലത്തിലായിരുന്നു ജനനം. അബ്യാഥാർ പുരോഹിതന്റെ അനന്തരഗാമിയായിരിക്കണം യിരെമ്യാവിന്റെ പിതാവായ ഹില്കീയാവ്. (1രാജാ, 2:26). പ്രവാചകന്റെ ബാല്യകാലത്തെക്കുറിച്ചു വ്യക്തമായ അറിവില്ല. ന്യായപ്രമാണത്തിന്റെ (തോറ) പാരമ്പര്യത്തിൽ വളർന്ന പ്രവാചകനിൽ എട്ടാം നൂറ്റാണ്ടിലെ പ്രവാചകന്മാരുടെ സ്വാധീനം വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. നാല്പതു വർഷത്ത ദീർഘമായ ശുശ്രുഷ യോശീയാവു, യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ, സിദെക്കീയാവ് എന്നീ അഞ്ചു രാജാക്കന്മാരുടെ കാലത്തായിരുന്നു. 

യോശീയാ രാജാവിന്റെ വാഴ്ചയുടെ 13-ാം വർഷത്തിൽ (626 ബി.സി) യഹോവ യിരെമ്യാവിനെ പ്രവാചകനായി വിളിച്ചു. അശ്ശൂർ രാജാക്കന്മാരിൽ പ്രസിദ്ധനായ അശ്ശൂർ ബനിപ്പാളിന്റെ മരണവർഷമായിരുന്നു അത്. അശ്ശൂർ സാമ്രാജ്യത്തിന്റെ നാശം ബാബിലോണിന്റെയും ഈജിപ്റ്റിന്റെയും പ്രാബല്യത്തിനു വഴിയൊരുക്കുകയും അവർ തമ്മിലുള്ള നേതൃത്വ മത്സരത്തിനും സ്പർദ്ധയ്ക്കും കാരണമാവുകയും ചെയ്തു. നെബുഖദ്നേസർ രാജാവിന്റെ പിതാവായ നബോപൊലാസർ (626-605 ബി.സി) ബാബിലോണിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഈജിപ്റ്റ് പ്സാമ്മെറ്റിക്കസിന്റെ (664-610 ബി.സി) കീഴിൽ പുനർജ്ജീവൻ പ്രാപിച്ചു. ഇവ രണ്ടും യെഹൂദയുടെ ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. 

പ്രതിസന്ധിനിറഞ്ഞ ഈ കാലത്താണ് യെഹൂദാ ജനത്തെ ഭർത്സിക്കുവാനും താക്കീതു ചെയ്യുവാനും ആശ്വസിപ്പിക്കുവാനും ഗുണദോഷിക്കുവാനും വേണ്ടി യിരെമ്യാവു വിളിക്കപ്പെട്ടത്. ദൈവവിളി ലഭിച്ചപ്പോൾ യിരെമ്യാവു ബാലനായിരുന്നു. വ്യക്തിപരവും ആത്മികവും സാമൂഹികവുമായ തന്റെ അപക്വാവസ്ഥയെ യിരെമ്യാവു ദൈവത്തോടു ഏറ്റുപറഞ്ഞു. “അയ്യോ യഹോവയായ കർത്താവേ, എനിക്കു സംസാരിപ്പാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലോ.” (യിരെ, 1:6). പഴയനിയമകാലത്തു ഇരുപതു വയസ്സിനു മേലോട്ടുള്ളവരാണു ദൈവിക ശുശ്രൂഷയ്ക്കു വിളിക്കപ്പെടുന്നതു. (സംഖ്യാ, 8:24, 1ദിന, 23:24). തന്റെ ശുശ്രൂഷയുടെ ആദ്യഘട്ടത്തിൽ യിരെമ്യാവു സ്വജനത്തിന്റെ മതപരമായ ദോഷങ്ങളെ അപലപിക്കുകയും വടക്കുനിന്നുള്ള ആസന്നമായ ആക്രമണത്തെ വിളിച്ചറിയിക്കുകയും ചെയ്തു. വടക്കുനിന്നുള്ള ആക്രമണം ഏതാണെന്നതു വിവാദ്രഗസ്തമായ വിഷയമാണ്. അവർ സിതിയന്മാരാണെന്നും അലക്സാണ്ടർ ചക്രവർത്തിയാണെന്നും ബി.സി. 612-ൽ നീനെവേ നശിപ്പിച്ച കലയരും മേദ്യരുമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 

യോശീയാ രാജാവു തന്റെ വാഴ്ചയുടെ 18-ാം വർഷത്തിൽ (ബി.സി. 621) തികച്ചും വ്യവസ്ഥിതമായ രീതിയിൽ മതനവീകരണം ആരംഭിച്ചു. (2രാജാ, 23:3). അപ്പോഴേക്കും യിരെമ്യാവു പ്രവാചകശുശ്രൂഷ ആരംഭിച്ചു അഞ്ചു വർഷം കഴിഞ്ഞിരുന്നു. ദൈവാലയത്തെ പുതുക്കുന്നതിനിടയിൽ കണ്ടെടുത്ത ഒരു ന്യായപ്രമാണ പുസ്തകമാണ് യോശീയാവിന്റെ നവീകരണത്തിനു പ്രേരകമായത്. ഈ കാലത്തു യിരെമ്യാവു പ്രവാചകനെന്ന നിലയിൽ പൊതു സമ്മതനായിരുന്നുവോ എന്നതു സംശയമാണ്. കാരണം ന്യായപ്രമാണ പുസ്തകത്തെക്കുറിച്ചുള്ള ദൈവിക അരുളപ്പാടിനുവേണ്ടി രാജാവു ദൂതന്മാരെ അയച്ചതു ഹൂൽദാ പ്രവാചികയുടെ അടുക്കലാണ്. (2രാജാ, 22:14). ഏറെത്താമസിയാതെ ഈ നിയമത്തിന്റെ വചനങ്ങൾ യെരുശലേം നിവാസികളോടറിയിക്കുവാൻ യഹോവ യിരെമ്യാവിനോട് ആരുളിച്ചെയ്തു. യോശീയാവിന്റെ നവീകരണത്തിൽ പ്രവാചകൻ സന്തുഷ്ടനായിരുന്നു. (യിരെ, 11:1-8). എന്നാൽ യോശീയാ രാജാവിന്റെ വാഴ്ചയുടെ ഒടുവിലത്തെ ദശകത്തെക്കുറിച്ചു കൂടുതൽ പരാമർശങ്ങളൊന്നും യിരെമ്യാവിന്റെ പ്രവചനത്തിലില്ല. രാജാവിന്റെ മരണത്തിനു എട്ടു വർഷം മുമ്പു ബാബിലോന്യരും മേദ്യരും അശ്ശൂരിനെ നശിപ്പിച്ചു തുടങ്ങി. ബി.സി. 612-ൽ നീനെവേ തകർന്നു. അശ്ശൂരിന്റെ പതനത്തോടു കൂടി പ്സാമ്മെറ്റിക്കസിന്റെ അനന്തരഗാമിയായ ഫറവോൻ നെഖോ (610-594 ബി.സി) പലസ്തീന്റെ തീരപ്രദേശങ്ങളിലേക്കു മുന്നേറി. മെഗിദ്ദോയിൽ വച്ചു നെഖോയെ തടയുന്നതിനു യോശീയാവു ശ്രമിച്ചു. ഈ യുദ്ധത്തിൽ (ബി.സി. 609) യോശീയാവു വധിക്കപ്പെട്ടു. (2രാജാ, 23:29). യോശീയാവിന്റെ അകാലമരണത്തിൽ സ്വാഭാവികമായും യിരെമ്യാവു വിലപിച്ചു. (22:10). യോശീയാവിന്റെ മരണശേഷം പുത്രനായ യെഹോവാഹാസ് രാജാവായി. അദ്ദേഹം മൂന്നുമാസം ഭരിച്ചു; ജനങ്ങളിൽ ഭാരിച്ച നികുതി ചുമത്തി. (2രാജാ, 23:31-33). മൂന്നുമാസത്തിനു ശേഷം ഫറവോൻ നെഖോ യെഹോവാഹാസിനെ സിംഹാസനഭ്രഷ്ടനാക്കി പകരം അവന്റെ ജ്യേഷ്ഠനായ യെഹോയാക്കീമിനെ രാജാവാക്കി. യെഹോവാഹാസ് മിസയീമിലേക്കു ബദ്ധനായി പോകേണ്ടിവന്നതിൽ യിരെമ്യാവു ദു:ഖിച്ചു. (22:10-12). 

യെഹോയാക്കീമിന്റെ (609-597 ബി.സി) വാഴ്ചക്കാലത്തു യിരെമ്യാവിന്റെ സ്ഥിതി മോശമായി. (യിരെ, 7:1-8:12). ദൈവാലയത്തെ ദൈവം നശിപ്പിക്കുമെന്നും യെഹൂദാ ജനത്തെ യഹോവ ഉപേക്ഷിക്കുമെന്നും പ്രവചിച്ചതുകൊണ്ടു ജനം ഇളകി പ്രവാചകനെ കൊല്ലാനൊരുങ്ങി. യെഹോയാക്കീമിന്റെ കാലത്തുണ്ടായ പ്രധാന സംഭവമാണു കർക്കെമീശ് യുദ്ധം. ബി.സി. 605-ൽ ഫറവോൻ നെഖോ സൈന്യവുമായി യൂഫ്രട്ടീസ് തീരത്തേക്കു മുന്നേറി. അവനോടു യുദ്ധം ചെയ്യേണ്ടതിനു നബൊപൊലാസർ പുത്രനായ നെബുഖദ്നേസറിനെ നിയോഗിച്ചു. കർക്കെമീശിൽ വച്ചു നടന്ന നിർണ്ണായക യുദ്ധത്തിൽ ഈജിപ്റ്റ് പരാജയപ്പെടുകയും മദ്ധ്യപൗരസ്ത്യദേശത്തിന്റെ നേതൃത്വം ബാബിലോണിന്റെ കൈകളിൽ അമരുകയും ചെയ്തു. ഈജിപ്റ്റിലേക്കുള്ള പാതകളെല്ലാം ബാബിലോണിന്റെ നിയന്ത്രണത്തിലായി. ഈ അന്തർദ്ദേശീയ അധികാര മത്സരത്തിൽ യെഹൂദയുടെ അപകട സാദ്ധ്യതകൾ യിരെമ്യാവു മനസ്സിലാക്കി. യെഹൂദാ ഈജിപ്റ്റിനോടു സഖ്യം ചെയ്യുകയും ഈജിപ്റ്റ് പരാജയപ്പെടുകയും ചെയ്താൽ അതിന്റെ തിക്തഫലം യെഹൂദാ അനുഭവിക്കും. ബാബിലോന്യർ യെഹൂദയെ കീഴടക്കി ഈജിപ്റ്റിനെ ആക്രമിക്കാനുള്ള താവളമാക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. നെബൂഖദ്നേസർ യെഹൂദയെ ശൂന്യമാക്കുമെന്നു യിരെമ്യാവു പ്രവചിച്ചു. (25:9). തന്മൂലം ബാബേലിനു കീഴടങ്ങിയിരിക്കുകയാണു നാശത്തിൽ നിന്നുള്ള ഒരേ ഒരു പോംവഴിയെന്നു അദ്ദേഹം ഉപദേശിച്ചു. യിരെമ്യാവിന്റെ പ്രവചനങ്ങൾക്കെതിരായിരുന്നു യെഹോയാക്കീമിന്റെ നയതന്ത്രം. അവന്റെ സ്വാർത്ഥതയും അഹങ്കാരവും യെഹൂദയെ നാശത്തിലേക്കു നയിച്ചു. (യിരെ, 22:13-19). മൂന്നു വർഷം യെഹോയാക്കീം സാമന്തനായി ഇരുന്നശേഷം നെബുഖദ്നേസറിനോടു മത്സരിച്ചു. (2രാജാ, 24:1). അതു യിരെമ്യാവിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടായിരുന്നു. തൽഫലമായി കസ്ദയസൈന്യം ബി.സി. 597-ൽ യെഹൂദാ ആക്രമിച്ചു. ഇതായിരുന്നു യെരുശലേമിന്റെ മേലുള്ള ഒന്നാമത്തെ ആക്രമണം. പട്ടണം പിടിക്കുന്നതിനു തൊട്ടു മുമ്പായി യെഹോയാക്കീം മരിച്ചു. 

രാജാവിനെയും പ്രവാചകന്മാരെയും യിരെമ്യാവു കഠിനമായി ഭർത്സിച്ചു. കല്ദയരോടു ആഭിമുഖ്യമുള്ള കക്ഷിയുടെ വക്താവായിട്ടാണ് യിരെമ്യാവു കാണപ്പെട്ടത്. രക്ഷയ്ക്കുള്ള ഏകമാർഗ്ഗം കല്ദയർക്കു വിധേയപ്പെടുകയാണെന്നു പ്രവാചകൻ വ്യക്തമാക്കി. തന്മൂലം അദ്ദേഹം ദേശദ്രോഹിയായി മുദ്രയടിക്കപ്പെട്ടു. പ്രവാചകന്മാരും പുരോഹിതന്മാരും അദ്ദേഹത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തി. യിരെമ്യാവിനെതിരെ ഗൂഢാലോചന നടത്തുകയും അദ്ദേഹത്തെ പീഡിപ്പിക്കുകയും തടവിലാക്കുകയും വധശിക്ഷ നല്കാൻ അധികാരികളെ പ്രേരിപ്പിക്കുകയും ചെയ്തു. (12:6, 15:15-18, 20:2, 26 അ). യെഹോയാക്കീമിന്റെ നാലാം വർഷത്തിൽ പ്രവചനങ്ങളെ രേഖപ്പെടുത്തുവാൻ അരുളപ്പാടു ലഭിച്ചു. ബാരൂക്കിനെക്കൊണ്ടു പ്രവചനങ്ങൾ എഴുതിപ്പിച്ച് ഉപവാസദിവസത്തിൽ പരസ്യമായി വായിപ്പിച്ചു. പ്രഭുക്കന്മാരുടെ മുമ്പിൽ ബാരൂക്കിനെ വരുത്തി. തങ്ങൾ ഈ ചുരുൾ രാജാവിനെ വായിച്ചിച്ചു കേൾപ്പിച്ചു അദ്ദേഹത്തെ ബോധ്യപ്പെടുത്താമെന്നു അവർ ഏറ്റു. അതുവരെ ബാരൂക്കിനെയും പ്രവാചകനെയും ഒളിവിൽ കഴിയാൻ അവർ ഉപദേശിച്ചു. എന്നാൽ ചുരുളിന്റെ മൂന്നു നാലു ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ യെഹോയാക്കീം രാജാവു ചുരുളിനെ നശിപ്പിച്ചു കളഞ്ഞു. ബാരുക്കിനെയും യിരെമ്യാവിനെയും പിടിച്ചു ബന്ധിക്കുന്നതിനു രാജാവു കല്പന കൊടുത്തു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു. യഹോവയുടെ കല്പനപ്രകാരം ചുരുൾ വീണ്ടും എഴുതുകയും അതു പോലുള്ള പ്രവചനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. (36:22). പശ്ഹൂർ പുരോഹിതൻ യിരെമ്യാവിനെ അടിച്ചതു ഈ കാലത്താണ്. (20:2). ഈ നിരാശാപൂർണ്ണമായ ചുറ്റുപാടുകളിലും യെഹൂദയ്ക്കു വേണ്ടി പക്ഷവാദം ചെയ്യുകയും ദൈവാലയത്തിന്റെയും രാജ്യത്തിന്റെയും നാശത്തെപ്പറ്റി പ്രവചിക്കുകയും സ്വജനത്തിന്റെ വിധിയെപ്പറ്റി വിലപിക്കുകയും ചെയ്തുകൊണ്ടു പ്രവാചകൻ തന്റെ ദൗത്യത്തിൽ ഉറച്ചു നിന്നു. നെബൂഖദ്നേസർ യെഹോയാക്കീമിനെ ചങ്ങലകളാൽ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി. (2ദിന, 36:6). 

യെഹോയാക്കീമിനു ശേഷം പുത്രനായ യെഹോയാഖീൻ (ബി.സി. 597) രാജാവായി. 18 വയസ്സുള്ള യുവരാജകുമാരൻ മൂന്നുമാസം രാജ്യം ഭരിച്ചു. (2രാജാ, 24:8). യെഹൂദയിലെ പ്രഭു കുടുംബങ്ങളിൽ പെട്ടവരോടൊപ്പം രാജാവും ബാബേലിലേക്കു നാടുകടത്തപ്പെട്ടു. (2രാജാ, 24:10-18). പ്രസ്തുത സംഭവവും യിരെമ്യാവു പ്രവചിച്ചിരുന്നു. (22:24-30). 36 വർഷത്തിനു ശേഷം നെബുഖദ്നേസറിന്റെ പിൻഗാമിയായ എവീൽ-മെരോദക് അവനെ കാരാഗൃഹത്തിൽ നിന്നും മോചിപ്പിച്ചു. (2രാജാ, 25:27-30). ബി.സി. 597-ലെ ആക്രമണത്തിനു ശേഷം നെബുഖദ്നേസർ യോശീയാവിന്റെ മകനും (യിരെ, 1:3) യെഹോയാഖീന്റെ ചിറ്റപ്പനുമായ സിദെക്കീയാവിനെ രാജാവാക്കി. (2രാജാ, 24:17, 2ദിന, 36:10). ഇദ്ദേഹത്തിന്റെ വാഴ്ചക്കാലത്താണ് (597-587 ബി.സി) യെഹൂദയുടെ അന്ത്യം ഭവിച്ചത്. യെഹൂദയിൽ പ്രബലമായിത്തീർന്ന മിസ്രയീമ്യാഭിമുഖ്യമുള്ള കക്ഷിയുമായി ചേർന്നു സിദെക്കീയാവു ബാബേലിനോടു മത്സരിച്ചു. പ്രവാചകന്റെ താക്കീതുകൾ രാജാവു കൈക്കൊണ്ടില്ല. കള്ളപ്രവാചകന്മാർ യിരെമ്യാവിനെ കൊല്ലുവാൻ അന്വേഷിച്ചു. (28:1-12-29:24-32). ബാബേൽ പ്രവാസകാലം എഴുപതു വർഷമെന്നു യിരെമ്യാവും വെറും രണ്ടുവർഷമെന്നു കള്ളപ്രവാചകന്മാരും പ്രവചിച്ചതായിരുന്നു കാരണം. ബി.സി. 587-ൽ കല്ദയ സൈന്യം പലസ്തീനിൽ ഇരച്ചുകയറി. യിരെമ്യാവു പ്രവചിച്ചതു പോലെ പട്ടണങ്ങൾ അയാളുടെ മുമ്പിൽ താളടിയായി. ബാബേലിനു കീഴടങ്ങുവാൻ യിരെമ്യാവു സിദക്കീയാവിനെ ഉപദേശിച്ചു. രാജാവു അതു നിരസിച്ചപ്പോൾ പ്രവാചകൻ പട്ടണം വിട്ടുപോകുവാൻ ശ്രമിച്ചു. ശ്രതുവിന്റെ മുമ്പിൽ പട്ടണം ഉപേക്ഷിച്ചുപോകുന്നു എന്നു പറഞ്ഞു യിരെമ്യാവിനെ കാരാഗൃഹത്തിലടച്ചു. നെബുഖദ്നേസറിന്റെ സൈന്യം യെരുശലേമിനെ നിരോധിച്ചു; ദൈവാലയം കൊള്ളയടിക്കുകയും യെഹൂദയെ ശൂന്യമാക്കുകയും ചെയ്തു. സിദെക്കീയാവിന്റെ ദൗർബല്യം കാരണം യിരെമ്യാവിന്റെ ശത്രുക്കൾ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു. എബായ അടിമകൾക്കു വിമോചനം പ്രസിദ്ധമാക്കിയ ശേഷം അതിനു വിപരീതമായി പ്രവർത്തിച്ചവർക്കു ഭയങ്കരമായ ന്യായവിധിയുണ്ടാകുമെന്നു യിരെമ്യാവു മുന്നറിയിച്ചു. (34:8-22). ശത്രുക്കൾ അദ്ദേഹത്തെ തടങ്കലിലാക്കി നിലവറയിൽ പാർപ്പിച്ചു. (37:11-16). പിന്നീടു കാവല്പുരമുറ്റത്തേക്കു മാറ്റിപ്പാർപ്പിച്ചു. (37:17-21). രാജ്യദ്രോഹക്കുറ്റം ചുമത്തി കുഴിയിലിട്ടു കളഞ്ഞു. എന്നാൽ ഏബൈദ്-മേലെക്കിന്റെ ഇടപെടൽ നിമിത്തം കാവൽപ്പുര മുറ്റത്തു പാർത്തു. (38:1-28). അവിടെവച്ചു രാജാവു പ്രവാചകനുമായി രഹസ്യമായി ഇടപെട്ടു. യെരുശലേം ആക്രമണത്തിന്റെ അവസാനഘട്ടത്തിൽ യിരെമ്യാവു അനാഥോത്തിൽ തന്റെ ഇളയപ്പന്റെ മകന്റെ നിലം വാങ്ങി . യെരുശലേമിന്റെ പുന;സ്ഥാപനത്തിന്റെ ഉറപ്പുനല്കുന്ന ഒരു പ്രതീകാത്മക പ്രവൃത്തിയായിരുന്നു അത്. (32:1-15). അപ്പോഴും വീണ്ടെടുപ്പിന്റെ വാഗ്ദാനങ്ങൾ അദ്ദേഹം നല്കി. (32:36-44, 33:1-26). ക്രിസ്തുവിൽ നിറവേറേണ്ടിയിരുന്ന പുതിയ ഉടമ്പടിയെക്കുറിച്ചും യിരെമ്യാവ് മുന്നറിയിച്ചു. (31:31). 

നെബൂഖദ്നേസർ യിരെമ്യാവിനോടു കരുണ കാണിച്ചു. യെഹൂദയിലെ ഗവർണ്ണറായി നെബുഖദ്നേസർ ഗെദല്യാവിനെ നിയമിച്ചു. യിരെമ്യാവു മിസ്പയിൽ ചെന്നു ഗെദല്യാവിന്റെ അടുക്കൽ അഭയം തേടി. (40:1-6). ഏറെത്താമസിയാതെ ഗെദല്യാവു വധിക്കപ്പെട്ടു. (41:1). ബാബേൽ രാജാവിന്റെ പ്രതികാരം ഭയന്നു മിസ്പയിൽ ശേഷിച്ചവർ മിസ്രയീമിലേക്കു പലായനം ചെയ്തു. (42:1-43:7). യിരെമ്യാവിനെയും ബാരൂക്കിനെയും അവർ കൂടെ കൊണ്ടുപോയി. ഈജിപ്റ്റിലെ തഹ്പനേസിലും അദ്ദേഹം പ്രവാചകദൗത്യം തുടർന്നു. നെബൂഖദ്നേസർ ഈജിപ്റ്റ് കീഴടക്കുമെന്നു അദ്ദേഹം പ്രവചിച്ചു. (43:8-13). തഹ്പനേസിലെ യെഹൂദന്മാർ യിരെമ്യാവിനെ കല്ലെറിഞ്ഞു കൊന്നു എന്നു ഒരു ക്രൈസ്തവ പാരമ്പര്യമുണ്ട്. അലക്സാണ്ടർ ചക്രവർത്തി യിരെമ്യാവിന്റെ അസ്ഥികളെ അലക്സാണ്ട്രിയയിലേക്കു കൊണ്ടുവന്നു എന്നു മറ്റൊരു പാരമ്പര്യം പറയുന്നു. നെബുഖദ്നേസർ ഈജിപ്റ്റ് ആക്രമിച്ചു കഴിഞ്ഞപ്പോൾ ബാരുക്കിനോടൊപ്പം യിരെമ്യാവു ബാബിലോണിലേക്കു രക്ഷപ്പെട്ടുവെന്നും അവിടെ മരിച്ചു എന്നും യെഹൂദന്മാർ വിശ്വസിക്കുന്നു. 

എതിർപ്പുകളുടെയും കഷ്ടതകളുടെയും മദ്ധ്യത്തിൽ തെല്ലും സങ്കോചം കൂടാതെ പ്രവാചകശുശ്രുഷ വിശ്വസ്തതയോടെ നിർവ്വഹിച്ച വ്യക്തിയായിരുന്നു യിരെമ്യാവ്. യെഹൂദയുടെ ചരിത്രത്തിൽ നാശത്തിന്റെ വക്താവായി മാറേണ്ട ദുര്യോഗമാണ് യിരെമ്യാവിനുണ്ടായത്. യോശീയാവിന്റെ നവീകരണശ്രമം താത്ക്കാലികമായിരുന്നു. ആന്തരികമായ മാറ്റം ഉളവാക്കുവാൻ അതിനു കഴിഞ്ഞില്ല. തന്മൂലം തുടർന്നുണ്ടായ മതച്യുതിയിലും രാഷ്ട്രീയമായ അപഭ്രംശത്തിലും യിരെമ്യാവിന്റെ സന്ദേശം നിർമ്മൂലനത്തിന്റേതും നാശത്തിന്റേതുമായി മാറി. (1:10,18). പ്രവാചകന്റെ ദീർഘമായ പ്രവാചക ശുശുഷയിൽ മുഴുവൻ മുഴങ്ങിക്കേട്ടതു ന്യായവിധിയുടെ സന്ദേശമാണ്. ദൈവത്തിന്റെ ദാസന്മാരെയും പ്രവാചകന്മാരെയും ചെവിക്കൊള്ളാത്ത ജനം യിരെമ്യാപ്രവാചകന്റെ വാക്കുകളും കേട്ടില്ല. (7:25, 44:4). വിശ്വാസത്യാഗിയായ ജാതിക്കു യഹോവ ന്യായപ്രമാണത്തിൽ കല്പിച്ചിരുന്നതു സംഭവിച്ചു. (ആവ 28:30). തങ്ങളുടെ ജീവനെ രക്ഷിക്കുവാൻ ബാബേലിനു കീഴടങ്ങുവാനുള്ള പ്രവാചകദൂതു നിരസിക്കപ്പെട്ടു. സ്വന്തം രാജ്യത്തെയും ജനത്തെയും അളവറ്റു സ്നേഹിച്ച പ്രവാചകൻ കുഴപ്പക്കാരനും രാജ്യദ്രോഹിയുമായി മുദ്രയടിക്കപ്പെട്ടു. ജനവും പ്രഭുക്കന്മാരും രാജാക്കന്മാരും അദ്ദേഹത്തെ കൊല്ലുവാൻ ശ്രമിച്ചു. അദ്ദേഹം അനുഭവിച്ച ദു:ഖം അഗാധവും അസഹ്യവുമായിരുന്നു. “ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലതേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്.” (വിലാ, 3:1-2). മാനസിക സംഘർഷങ്ങളുടെയും ബാഹ്യപീഡനങ്ങളുടെയും മദ്ധ്യത്തിൽ ഭാര്യയുടെ പ്രാത്സാഹനവും സ്നേഹവും അദ്ദേഹത്തിനു ആവശ്യമായിരുന്നു. എന്നാൽ പ്രവാചകനു അതു നിഷേധിക്കപ്പെട്ടു. യെരൂശലേമിൽ സാധാരണ ഗതിയിലുള്ള കുടുംബജീവിതം നഷ്ടപ്പെടുവാൻ പോകുന്നു എന്നതിനു അതു അടയാളമായിരുന്നു. (16:1-4). എല്ലാ കഷ്ടതകളിലും യിരെമ്യാവിനു ആശ്രയവും ആശ്വാസവും ദൈവമായിരുന്നു. വിശ്വാസസത്യങ്ങളിൽ അയവു കാണിക്കാതെ ആരുടെയും മുഖം നോക്കാതെ രാഷ്ട്രീയവും മതപരവുമായ ശക്തികളെ ധിക്കരിച്ചുകൊണ്ടു ദൈവത്തിന്റെ അരുളപ്പാടുകൾ വിളംബരം ചെയ്തു. യിരെമ്യാ പ്രവചനത്തിൽ ആത്മകഥാപരമായ ഭാഗങ്ങൾ അനേകമുണ്ട്. അതിലുള്ള ഏറ്റുപറച്ചിലുകളിൽ പ്രവാചകന്റെ വ്യക്തിത്വം വ്യക്തമായി കാണാം. ആത്മകഥാംശം നിറഞ്ഞു നില്ക്കുന്ന പ്രധാന ഭാഗങ്ങൾ ഇവയാണ്. (10:23-24, 11:18-12:6, 15:10-21, 17:9-11, 14-18, 18:18-23, 20:7-18). പഴയനിയമം പരാജയപ്പെട്ടുവെങ്കിലും പുതിയതും മെച്ചവുമായ ഒരു പുതിയനിയമം നല്കുമെന്ന പ്രവചനം യിരെമ്യാവു നല്കി. (31:31-34). (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യിരെമ്യാവിൻ്റെ പുസ്തകം’).

യെശയ്യാപ്രവാചകൻ

യെശയ്യാപ്രവാചകൻ

പേരിനർത്ഥം — യഹോവ രക്ഷ ആകുന്നു

എബ്രായ പ്രവാചകന്മാരിൽ അഗ്രഗണ്യനാണ് യെശയ്യാവ്. ‘യെഷയാഹു’ എന്ന എബായപേരിനു ‘യഹോവ രക്ഷ ആകുന്നു’ എന്നർത്ഥം. പഴയനിയമ പ്രവാചകന്മാരുടെ പ്രഭു, പഴയനിയമത്തിലെ സുവിശേഷകൻ, പ്രവാചകന്മാർക്കിടയിലെ കഴുകൻ എന്നിങ്ങനെയുള്ള അപരനാമങ്ങളിൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. യെശയ്യാ പ്രവാചകന്റെ പിതാവായ ആമോസ് (ശക്തൻ) ഒരു പ്രമുഖ വ്യക്തിയായിരുന്നിരിക്കണം. അതിനാലാണ് ‘ആമോസിന്റെ മകൻ’ എന്നു ആവർത്തിച്ചു (13 പ്രാവശ്യം) പറഞ്ഞിട്ടുള്ളത്. പ്രവാചകന്റെ ഗോത്രം ഏതാണെന്നറിയില്ല. യെരൂശലേമിൽ ദൈവാലയ പരിസരത്തു പാർത്തിരുന്നു എന്നു കരുതപ്പെടുന്നു. (അ. 6). ഭാര്യയെ പ്രവാചകി എന്നു പരിചയപ്പെടുത്തുന്നു. (8:3 ). അദ്ദേഹത്തിനു ശെയാർ-യാശൂബ് (7:3) എന്നും, മഹേർ-ശാലാൽ ഹാശ്-ബസ് (8:3) എന്നും രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഈ പേരുകൾ പ്രതീകാത്മകങ്ങളാണ്. 

യെഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ നാലുപേരുടെ വാഴ്ചക്കാലത്താണ് യെശയ്യാവു പ്രവചിച്ചത്. പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളിൽ കാലപരമായി ആദ്യത്തേതു ഉസ്സീയാവിന്റെ മരണവും (ബി.സി. 740) ഒടുവിലത്തേതു സൻഹേരീബിന്റെ മരണവും (ബി.സി. 681) ആണ്. (യെശ, 6:1, 37:38). പ്രവാചകന്റെ ശുശ്രൂഷയുടെ ആദ്യഘട്ടം ഉസ്സീയാവിന്റെയും (ബി.സി. 783-738), യോഥാമിന്റെയും (സഹസമ്രാട്ടായി 750-738 ബി.സി; സാമ്രട്ടായി 738-735 ) വാഴ്ചക്കാലമാണ്; രണ്ടാമത്തെ ഘട്ടം ആഹാസിന്റെ ഭരണകാലവും (735-719); മൂന്നാമത്തെ ഘട്ടം യെഹിസ്കീയാ രാജാവിന്റെ സിംഹാസനാരോഹണം മുതൽ വാഴ്ചയുടെ പതിനഞ്ചാമാണ്ടു (719-705) വരെയുമാണ്. അതിനുശേഷം യെശയ്യാവു പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. പാരമ്പര്യം അനുസരിച്ചു മനശ്ശെയുടെ കല്പനപ്രകാരം പ്രവാചകൻ ഈർച്ചവാളിനാൽ അറുത്തു കൊല്ലപ്പെട്ടു; എബ്രായർ 11:37 ഇതിന്റെ സൂചനയായി കരുതപ്പെടുന്നു. യെശയ്യാവും മീഖയും സമകാലികരായിരുന്നു. (യെശ, 1:1; മീഖാ, 1:1(. യെശയ്യാവിന്റെ പ്രവർത്തനത്തിനു മുമ്പായിരുന്നു ആമോസിന്റെയും ഹോശേയയുടെയും പ്രവർത്തനം. (ആമോ, 1:1; ഹോശേ, 1:1). ആമോസും ഹോശേയയും പ്രവചിച്ചതു പ്രധാനമായും ഉത്തരഗോതങ്ങളോടായിരുന്നു; യെശയ്യാവും മീഖായും യെഹൂദയോടും യെരൂശലേമിനോടും. 

യെരുശലേമിൽ ഉന്നതപദവി യെശയ്യാവിന് ഉണ്ടായിരുന്നിരിക്കണം. യെഹിസ്കീയാ രാജാവു ഉന്നത ഉദ്യോഗസ്ഥന്മാരെയും പുരോഹിതന്മാരുടെ മുപ്പന്മാരെയും ആയിരുന്നു ദൂതന്മാരായി യെശയ്യാവിന്റെ അടുക്കലേക്കയച്ചത്. (2രാജാ, 19:2). യെരൂശലേമിലെ പ്രവാചകഗണത്തിന്റെ പ്രമാണിയും തലവനും അദ്ദേഹമായിരുന്നിരിക്കണം. പാർസി രാജാവായ കോരെശിനെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനങ്ങൾ യെഹൂദന്മാരെ മോചിപ്പിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം പേരിലുള്ള പ്രവചനം കൂടാതെ ഉസ്സീയാവിന്റെ ജീവചരിത്രവും (2ദിന, 26:22) യെഹിസ്കീയാവിന്റെ ജീവചരിത്രവും (32:32) യെശയ്യാവു എഴുതി. ഈ രണ്ടു ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയി. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘യെശയ്യാവിൻ്റെ പുസ്തകം’).

പൗലൊസിൻ്റെ പ്രാർത്ഥനകൾ

പൗലൊസിൻ്റെ പ്രാർത്ഥനകൾ (Paul’s prayers)

പൗലൊസ് യെരൂശലേമിൽ ബന്ധനസ്ഥൻ ആയപ്പോൾ റോമൻ കൈസറെ അഭയം ചൊല്ലുകയുണ്ടായി: “ഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 25:12). പൗലൊസ് കൈസറെ അഭയം ചൊല്ലി റോമിലേക്ക് പോയത് ഭീരുത്വപരമായ ഒരു സംഗതിയായി കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ, പൗലൊസ് യെരൂശലേമിൽ ബന്ധിതനായതിൻ്റെ പിറ്റേ രാത്രിയിൽ കർത്താവ് അവനോട് സംസാരിച്ചിരുന്നു. “രാത്രിയിൽ കർത്താവു അവന്റെ അടുക്കൽ നിന്നു: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ ‘റോമയിലും’ സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു:” (പ്രവൃ, 23:11). കർത്താവിൻ്റെ ഈ വാക്കുകളുടെ നിവൃത്തിയായിരുന്നു, “കൈസരെ അഭയംചൊല്ലൽ.” പിന്നെയും രണ്ട് വർഷങ്ങൾക്കുശേഷം, എ.ഡി. 61-ലെ ശരത്കാലത്ത് യൂലിയൊസ് എന്ന ശതാധിപനോടൊപ്പം പൗലൊസിനെ റോമിലേക്കു അയച്ചു. ലൂക്കൊസും അരിസ്തർഹൊസും അവരോടൊപ്പം ഉണ്ടായിരുന്നു. റോമിൽ തന്റെ കാവലായ പടയാളിയോടൊപ്പം സ്വന്തമായി വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചു. വീട്ടിൽ വരുന്നവരോടു സുവിശേഷം അറിയിക്കാനുള്ള സ്വാതന്ത്യം അപ്പൊസ്തലനു ലഭിച്ചു. “പൗലൊസ് കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാർത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു: പൂർണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു. ” (പ്രവൃ, 28:29-30). കാരാഗൃഹലേഖനങ്ങളായ എഫെസ്യർ, ഫിലിപ്പിയർ, കൊലൊസ്യർ, ഫിലേമോൻ എന്നിവ ഈ സമയത്ത് എഴുതിയതാണ്. ഈ കാലത്ത് അദ്ദേഹത്തിന് എഴുതുന്നതിനും ധ്യാനിക്കുന്നതിനുമുള്ള അവസരം ധാരാളം ലഭിച്ചു. 

ഈ നാലു ലേഖനങ്ങളിൽ ആദ്യമൂന്നു ലേഖനങ്ങളിൽ; എഫെസ്യരിൽ രണ്ട്, ഫിലിപ്പിയരിൽ ഒന്ന്, കൊലൊസ്യരിൽ ഒന്ന് എന്നിങ്ങനെ സഭകൾക്കുവേണ്ടി താൻ കഴിക്കുന്ന നാലു പ്രാർത്ഥനകൾ ഉണ്ട്. ഈ പ്രാർത്ഥനകൾക്ക് ഒരു പ്രത്യേകതയുണ്ട്: ഇതു തികച്ചും ആത്മീകമാണ്. പഴയനിയമത്തിൽ യാക്കേയുടെ മകനായ ആഗൂരിന്റെ ശ്രേഷ്മായ ഒരു പ്രാർത്ഥനയുണ്ട്. നിത്യവൃത്തിയാണ് അതിലെ വിഷയം: “വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ:” (സദൃ, 30:8). യേശു പഠിപ്പിച്ച പ്രാർത്ഥനയിലും അന്നന്നു വേണ്ടുന്ന ആഹാരത്തിനു വേണ്ടി പ്രാർത്ഥിക്കാൻ കല്പിച്ചിട്ടുണ്ട്: (മത്താ, 6:11). എന്നാൽ, ഈ പ്രാർത്ഥനയിൽ ഭൗതിക ആവശ്യങ്ങളൊന്നും തന്നെ താൻ ചോദിക്കുന്നില്ല. സഭകളുടെ ആത്മീക ഉന്നമനമാണ് പ്രാർത്ഥനകളുടെ പ്രമേയം.

ഒന്നാം പ്രാർത്ഥന: എഫെസ്യരിലെ ഒന്നാമത്തെ പ്രാർത്ഥന (1:15-19) ആത്മീക പ്രകാശനത്തിനു വേണ്ടിയാണ്.

“അതുനിമിത്തം, ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.”

അതുനിമിത്തം: ‘സുവിശേഷമെന്ന സത്യവചനത്താൽ ക്രിസ്തുവിൽ വിശ്വസിക്കമൂലം ആത്മാവിനാൽ മുദ്രിതരായിരിക്കുന്നതു’ നിമിത്തം: (13-14). പ്രാർത്ഥനയുടെ ആദ്യഭാഗത്ത് താൻ അവരുടെ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ചും, സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ചും കേട്ടതുകൊണ്ട് ദൈവത്തിന് സ്തോത്രം കരേറ്റുകയാണ്. ദൈവത്തോടുള്ള വിശ്വാസവും സ്നേഹവും ഒരു വിശ്വാസിക്ക് എത്രയധികം വർദ്ധിക്കുന്നുവോ, അത്രയധികം സഹവിശ്വാസികളോടും അഥവാ, സഹജീവികളോടുമുള്ള സ്നേഹവും വർദ്ധിക്കും. ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ പകയ്ക്കുകയും ഒരുപോലെ സാദ്ധ്യമല്ല. (1യോഹ, 5:20). 

പ്രാർത്ഥയിൽ നാലു കാര്യങ്ങളാണ് താൻ പിതാവിനോട് അപേക്ഷിക്കുന്നത്:

1. ദൈവവും പിതാവുമായവനെ കുറിച്ചുള്ള പരിജ്ഞാനത്തിനായി ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ ലഭിക്കാൻ

2. നമ്മുടെ വിളിയെക്കുറിച്ചുള ദൈവത്തിൻ്റെ ആശ ഇന്നതെന്നറിയാൻ വിശ്വാസിയുടെ ഹൃദയദൃഷ്ടി പ്രകാശിക്കാൻ

3. വിശുദ്ധന്മാരിൽ ദൈവത്തിന്റെ അവകാശത്തിന്റെ മഹിമാധനം (മഹത്വത്തിൻ്റെ സമൃദ്ധി) അറിവാൻ

4. നമുക്കുവേണ്ടി പ്രവർത്തന നിരതമായിരിക്കുന്ന ദൈവത്തിൻ്റെ അളവറ്റ ശക്തിയുടെ വലിപ്പമറിയാൻ.

രണ്ടാം പ്രാർത്ഥന: എഫെസ്യരിലെ രണ്ടാമത്തെ പ്രാർത്ഥന (3:14-19) ആത്മശക്തിക്കു വേണ്ടിയാണ്.

“അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.”

അതുനിമിത്തം: മൂന്നാമദ്ധ്യായം ആരംഭിക്കുന്നതും ‘അതുനിമിത്തം’ എന്ന പ്രയോഗത്തോടെയാണ്. രണ്ടാം അദ്ധ്യായത്തിൽ ജാതികൾ പ്രകൃതിയാൽ എന്തായിരുന്നുവെന്നും ഇപ്പോൾ ക്രിസ്തുവിൽ എന്തായിത്തീർന്നു എന്നുമാണ് പറയുന്നത്. അതുനിമിത്തം, ജാതികളോടു സുവിശേഷം അറിയിക്കാൻ തിരഞ്ഞെടുത്ത തൻ്റെ ജയിൽവാസത്തെ കുറിച്ചും, ക്രിസ്തു തനിക്കു വെളിപ്പെടുത്തിത്തന്ന മർമ്മത്തെക്കുറിച്ചും  (3:6), ക്രിസ്തുവിലുള്ള വിശ്വാസത്താൽ നമുക്കു സിദ്ധിച്ച ദൈവരാജ്യ പ്രവേശനത്തിനുള്ള ധൈര്യവും (3:13), താനനുഭവിക്കുന്ന കഷ്ടതകൾ നിങ്ങളുടെ മഹത്വമാകുന്നതും (3:13) നിമിത്തം. പ്രാർത്ഥനയുടെ ആദ്യഭാഗത്ത്: സകല കുടുംബത്തിനും പേർ വരുവാൻ കാരണമായ പിതാവിൻ്റെ സന്നിധിയിൽ താൻ മുട്ടുകുത്തുകയാണ്. സ്വർഗ്ഗത്തിലെ ദൂതന്മാർക്ക് മാത്രമല്ല, ഭൂമിയിലെ സ്വന്തജനമായ യെഹൂദന്മാർക്കും മാത്രമല്ല, അർദ്ധ യെഹൂദരായ ശമര്യർക്കും മാത്രമല്ല, ഇപ്പോൾ, ക്രിസ്തുവിനെ കൂടാതെയുള്ളവരും, യിസ്രായേൽ പൗരതയോടു സംബന്ധമില്ലാത്തവരും, വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും, പ്രത്യാശയില്ലാത്തവരും, ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്ന ജാതികൾക്കുംകൂടി ദൈവരാജ്യത്തിൽ പേർ വരുവാൻ  കാരണമായി. മാത്രമോ, ജാതികളുടെ അപ്പൊസ്തലനായി അകാലപ്രജപോലുള്ള തന്നെ തിരഞ്ഞെടുത്തതു കൊണ്ടും പിതാവിൻ്റെ സന്നിധിയിൽ സ്തുതി കരേറ്റുന്നതു ഉചിതം തന്നെ. 

പ്രാർത്ഥനയിൽ ആറു കാര്യങ്ങളാണ് താൻ പിതാവിനോട് അപേക്ഷിക്കുന്നത്:

1. ദൈവത്തിൻ്റെ മഹത്വത്തിനു യോജിച്ചവണ്ണം നമ്മുടെ അകത്തെ മനുഷ്യൻ ശക്തിപ്പെടണം

2. ക്രിസ്തു വിശ്വാസത്താൽ നമ്മുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം

3. നമ്മൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരാകണം

4. ദൈവസ്നേഹത്തിൻ്റെ വീതിയും നീളവും ഉയരവും ആഴവും സകല വിശുദ്ധന്മാർക്കൊപ്പം ഗ്രഹിക്കണം

5. പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിയണം

6. ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരണം.

മൂന്നാം പ്രാർത്ഥന: ഫിലിപ്പിയരിലെ പ്രാർത്ഥന (1:9-12) അവരുടെ സ്നേഹം പരിജ്ഞാനത്തിൽ വർദ്ധിച്ചുവരുവാൻ വേണ്ടിയാണ്.

“നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു.”

മൂന്നു വാക്യങ്ങൾ മാത്രമുള്ള വളരെ ചെറിയൊരു പ്രാർത്ഥനയാണ് ഫിലിപ്പിയരിൽ ഉള്ളത്. വിഷയം: പരിജ്ഞാന പ്രകാരമുള്ള സ്നേഹം. ജ്ഞാനം പ്രായോഗിക തലത്തിൽ ഉപയോഗിക്കുമ്പോൾ പരിജ്ഞാനം അഥവാ, പരിചയജ്ഞാനമായി മാറുന്നു. ഉദാഹരണത്തിനു: പ്രാർത്ഥന ദൈവം കേൾക്കുമെന്നുള്ളതു ഒരു ജ്ഞാനമാണ്. എന്നാൽ, ഇതൊരു പൊതുവായ അറിവാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ഈ ജ്ഞാനം പ്രയോജനപ്പെടുത്താമെന്ന് ഇക്കൂട്ടർക്ക് വലിയ ഉറപ്പൊന്നും ഉണ്ടാകില്ല.  പക്ഷെ, ‘പ്രാർത്ഥന ദൈവം കേൾക്കും’ എന്ന ജ്ഞാനം പ്രയോഗിച്ചു പരിചയമുള്ളവൻ അഥവാ, ദുർഘടഘട്ടങ്ങളിൽ പ്രാർത്ഥിച്ചു ജയമെടുത്തിട്ടുള്ളവനെ സംബന്ധിച്ചു അതൊരു പരിജ്ഞാനമാണ്. പ്രതികൂല സാഹചര്യങ്ങളിൽ അവൻ പതറിപ്പോകാതെ പ്രാർത്ഥനയിൽ ജാഗരിക്കും. പൗലൊസ് കൊരിന്ത്യരോടു പറയുന്നു: ‘അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു:” (1കൊരി, 8:1). ഒരു വ്യക്തിയിലുള്ള അറിവു കേവലം അറിവു മാത്രമായിരുന്നാൽ, തനിക്കെല്ലാം അറിയാമെന്ന നിഗളമായിരിക്കും ഫലം. എന്നാൽ, അത് മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന വിധത്തിൽ സ്നേഹത്തിൽ പ്രയോഗിച്ചു തുടങ്ങുമ്പോൾ പരിജ്ഞാനമായി മാറുന്നു. അതുപോലെ, ദൈവം സ്നേഹസമ്പൂർണ്ണനും (1യോഹ, 4:8), ക്രിസ്തു സ്നേഹസ്വരൂപനുമാണ്: (കൊലൊ, 1:13). വീണ്ടുംജനിച്ച എല്ലാവരുടേയും ഹൃദയങളിൽ ദൈവസ്നേഹം പരിശുദ്ധാത്മാവിനാൽ പകർന്നു നല്കിയിട്ടുമുണ്ട്: (റോമ, 5:5). ഈ സ്നേഹം പരിജ്ഞാനപ്രകാരം വർദ്ധിച്ചു വന്നിട്ടു സഹജീവികളിലേക്കും പകരപ്പെടണമെന്നതാണ് പ്രാർത്ഥനയുടെ പ്രഥമലക്ഷ്യം. 

പ്രാർത്ഥനയിൽ നാലു കാര്യങ്ങളാണ് താൻ ദൈവത്തോട് അപേക്ഷിക്കുന്നത്:

1. സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും വിവേകത്തിലും വർദ്ധിച്ചു വരണം

2. ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം

3. ക്രിസ്തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ആകണം

4. ദൈവത്തിന്റെ മഹത്വത്തിനായി യേശുക്രിസ്തുവിനാൽ നീതി ഫലം നിറഞ്ഞവരുമായി തീരേണം.

നാലാം പ്രാർത്ഥന: കൊലൊസ്യരിലെ പ്രാർത്ഥന (1:9-13) അവർ ആത്മീകമായ ഉൾക്കാഴ്ച പ്രാപിക്കുവാനാണ്

“അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും സകല സഹിഷ്ണതെക്കും ദീർഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.”

അതുകൊണ്ടു: പൗലൊസിൻ്റെ സഹഭൃത്യനായ എപ്പഫ്രാസിൽ നിന്നാണ് കൊലൊസ്യർ സുവിശേഷം കൈക്കൊണ്ട് ദൈവഭാഗത്തേക്ക് വന്നത്. അവൻ അവർക്കുവേണ്ടി ക്രിസ്തുവിൻ്റെ വിശ്വസ്ത ശുശ്രൂഷകനായിരുന്നു. കൂടാതെ, കൊലൊസ്യരുടെ രക്ഷയും ആത്മാവിലുള്ള സ്നേഹവും എപ്പഫ്രാസാണ് പൗലൊസിനോടു അറിയിക്കുകയും ചെയ്തതു: (1-6-8). അതുകൊണ്ടു, ഈ സന്തോഷവർത്തമാനം പൗലൊസ് കേട്ട നാൾ മുതൽ അവർക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുകയാണ്. ആത്മീക ഉൾക്കാഴ്ച, യോഗ്യമായ നടപ്പ് അഥവാ ജീവിതം, സമൃദ്ധിയായ ശക്തി, സ്തോത്രത്തിൻ്റെ ആത്മാവ് തുടങ്ങിയവയാണ് വിഷയം.

പ്രാർത്ഥനയിൽ നാലു കാര്യങ്ങളാണ് ദൈവത്തോട് താൻ അപേക്ഷിക്കുന്നത്:

1. ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും ദൈവേഷ്ടപ്രകാരമുള്ള പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം

2. സൽപ്രവൃത്തികളിൽ ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണം

3. ദൈവത്തിൻ്റെ മഹത്വത്തിനു ഒത്തവണ്ണം പൂർണ്ണശക്തിയോടെ ബലപ്പെടേണമെന്നും

4. സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെച്ച പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യണം.

പൗലൊസിൻ്റെ വിശ്വാസവീക്ഷണം

പൗലൊസിൻ്റെ പ്രാർത്ഥന പോലെയായിരുന്നു തൻ്റെ ജീവിതവും. തന്നെത്തന്നെയും (1കൊരി, 4:13), ലോകത്തിലുള്ളതൊക്കെയും (3:11) ചവറെന്നെണ്ണുകയും, സ്വർഗ്ഗീയമായതിനെ താൻ അധികം കാംക്ഷിക്കുകയും ചെയ്തു: (2കൊരി, 5:3). യേശുക്രിസ്തൂവിൻ്റെ പ്രധാന ഉപദേശം ‘തന്നെത്താൻ താഴുത്തുക’ എന്നതായിരുന്നു: (സെഖ, 9:9; മത്താ, 11:19; 11:29; 18:4; 23:12; മർക്കൊ, 9:35; ലൂക്കൊ, 7:34; 14:11; 15:1,2; 18:14; യോഹ, 13:4,5; ഫിലി, 2:5-8). തന്നെത്താൻ താഴ്ത്തണമെന്നു പഠിപ്പിക്കുകയും പ്രസംഗിക്കുകയും മാത്രമല്ല ചെയ്തത്; ക്രൂശിലെ നീചമരണത്തോളം തന്നെത്താൻ താഴ്ത്തുകയും ചെയ്തു: (ഫിലി, 2:5-8). ന്യായപ്രമാണമെന്ന ചുമപ്പാൻ കഴിയാത്ത നുകം എടുത്തു നീക്കിയിട്ടു (പ്രവൃ, 15:10), തൻ്റെ മൃദുവും ലഘുവുമായ നുകം ഏറ്റുകൊൾവാൻ, അടിമനുകത്തിൽ കുടുങ്ങിക്കിടക്കുന്ന ലോകത്തോട് യേശു വിളിച്ചുപറഞ്ഞു: “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു:” (മത്താ, 11:29,30). പൗലൊസ് ഏറ്റുകൊണ്ടത് ആ നുകമാണ്. യേശുവിൻ്റെ ഉപദേശവും മാതൃകയും ശിരസാവഹിച്ച താൻ ഫിലിപ്പിയർക്ക് ലേഖനം എഴുതുമ്പോൾ; “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” (2:3) എന്നു അവരെ ഉദ്ബോധിപ്പിച്ചു. ഉപദേശിക്കുക മാത്രമല്ല ചെയ്തത്; തൻ്റെ ജീവിതം പരിശോധിച്ചാൽ ഈ മാതൃക താൻ ജീവിതത്തിൽ പകർത്തിയിരുന്നു എന്നു കാണാൻ കഴിയും. ദമസ്കൊസിൻ്റെ വഴിയിൽവെച്ച് താൻ ക്രിസ്തുവിനാൽ പിടിക്കപ്പെടുന്നത് എ.ഡി. 34/35-ലാണ്. അതിനെക്കുറിച്ച് താൻ പറയുന്നത് ഇങ്ങനെയാണ്; “എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല:” (1കൊരി, 15:8). ജാതികളുടെ അപ്പൊസ്തലനായിട്ടാണ് തന്നെ കർത്താവ് വിളിക്കുന്നത്: (പ്രവൃ, 22:21; റോമ, 11:13). പന്ത്രണ്ടു അപ്പോസ്തലന്മാർക്ക് ശേഷമാണ് തൻ്റെ തിരഞ്ഞെടുപ്പ് എന്നതുകൊണ്ട് അകാലപ്രജ അഥവാ, സമയം തെറ്റി ജനിച്ചവൻ എന്നാണ് തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. ലോകത്തിൽ ഒത്തിരി ശ്രേഷ്ഠതകൾ അവകാശപ്പെടുവാൻ ഉണ്ടായിരുന്നിട്ടും (ഫിലി, 3:4-6) ‘അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ’ എന്നാണ് പറയുന്നത്. എ.ഡി. 61-ൽ റോമിലെ തടവിൽനിന്ന് എഫെസ്യർക്ക് ലേഖനം എഴുതിയപ്പോൾ; ‘സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ’ (3:8) എന്നു വിശേഷിപ്പിച്ചു. തിമൊഥെയൊസിനു ലേഖനം എഴുതുന്ന എ.ഡി. 65-ൽ ‘പാപികളിൽ ഞാൻ ഒന്നാമൻ’ എന്നും വിശേഷിപ്പിക്കുന്നു. 

തൻ്റെ മക്കൾക്ക് മാത്യകയായി ദൈവം വെച്ചിരിക്കുന്നത് ക്രിസ്തുവിൻ്റെ ജീവിതവും പ്രവൃത്തിയും തന്നെയാണ്: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു:” (1പത്രൊ, 2:21). എങ്കിലും, ക്രിസ്തുവിൻ്റെ വിശ്വസ്ത അടിമയെന്ന നിലയിൽ പൗലൊസും വിശ്വാസികൾക്ക് അനുകരണീയ വ്യക്തിത്വമാണ്. സഭകളിൽ അധികാരങ്ങൾക്കും സ്ഥാനമാനങ്ങൾക്കും  വേണ്ടി കടിപിടികൂടുകയും, കുറുക്കുവഴികൾ തേടുകയും ചെയ്യുന്ന അനേകരുണ്ട്. അവരൊക്കെ ആത്മപ്രകാരമല്ല; ജഡപ്രകാരം തന്നെത്തന്നെ ശേഷ്ഠരായി കാണുന്നവരാണ്. അവരൊക്കെ പൗലൊസിൻ്റെ ആത്മീക വളർച്ച എപ്രകാരമായിരുന്നു എന്നു പഠിക്കുന്നത് നല്ലതാണ്. “താൻ ക്രിസ്തീയജീവിതം ആരംഭിക്കുന്നത്; അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവൻ അഥവാ, സഭയിലെ പ്രധാനികളിൽ ചെറിയവൻ ആയിട്ടാണ്. ജീവതത്തിൻ്റെ ഏകദേശം മദ്ധ്യാഹ്നത്തിൽ താൻ സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ അഥവാ, ദൈവസഭയിലെ സകല വിശ്വാസികളിലും ഏറ്റവും ചെറിയവൻ എന്നു തന്നെത്തന്നെ എണ്ണി. ജീവിത സായാഹ്നത്തിൽ താൻ പാപികളിൽ ഒന്നാമൻ അഥവാ, ലോകത്തിൽത്തന്നെ ഏറ്റവും ചെറിയവൻ എന്നു വിശേഷിപ്പിച്ചു.” തന്നെത്താൻ താഴ്ത്തുകവഴി ദൈവസന്നിധിയിൽ താൻ ഏറ്റവും ശ്രേഷ്ഠനായിത്തീർന്നു. പൗലൊസ് തൻ്റെ ആത്മീക ജീവിതത്തിൽ മുറുകെപ്പിടിച്ചത് ദൈവകൃപയാണ്. “എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ:” (1കൊരി, 15:10).

പൂർണ്ണത

പൂർണ്ണത (perfection)

സമ്പൂർണ്ണത, നിറവ്, തികവ്, പൂർത്തി, അത്യുത്തമം എന്നീ പദങ്ങളും പൂർണ്ണതയുടെ അർത്ഥം ദ്യോതിപ്പിക്കുന്നു. നന്മ, ഔൽകൃഷ്ട്യം എന്നിവയോടുള്ള ബന്ധത്തിൽ ഒന്നിന്റെയും അഭാവമില്ലാത്തത് എന്നാണ് പൂർണ്ണതയെ (ടെലയൊസ്) അരിസ്റ്റോട്ടിൽ നിർവ്വചിക്കുന്നത്. ഈ നിർവ്വചനപ്രകാരം അപൂർണ്ണമായ ലോകത്ത് സാക്ഷാത്കരിക്കുവാനാകാത്ത ഒരാദർശമാണ് പൂർണ്ണത. പൂർണ്ണതയെ കുറിക്കുന്ന ‘താമീം’ എന്ന എബായപദത്തിന് ഊനമില്ലാത്തത്, നിഷ്ക്കളങ്കം, ആത്മാർത്ഥം, പുർണ്ണം എന്നൊക്കെ അർത്ഥമുണ്ട്. 91 പ്രാവശ്യം ഈ പദം പഴയനിയമത്തിലുണ്ട്. അവയിൽ 51 പ്രാവശ്യവും വഴിപാടുകളോടുള്ള ബന്ധത്തിലാണ്. യാഗം അർപ്പിക്കുന്ന മൃഗം ഊനമില്ലാത്തതായിരിക്കണം. യോശുവ ഗിബെയോന്യരോടു യുദ്ധം ചെയ്തപ്പോൾ സുര്യൻ ഒരു ദിവസം മുഴുവൻ (താമീം) അസ്തമിക്കാതെ നിന്നു. (യോശു, 10:13). നോഹ തന്റെ തലമുറയിൽ നിഷ്ക്കളങ്കൻ (താമീം) ആയിരുന്നു. (ഉല്പ, 6:1). ദൈവവുമായി ബന്ധപ്പെട്ട അഞ്ചു സ്ഥാനങ്ങളിൽ താമീം അതിന്റെ മൗലികാർത്ഥത്തിൽ കാണാം. ദൈവത്തിൻ്റെ പ്രവൃത്തി അത്യുത്തമം (ആവ, 32:4); ദൈവത്തിന്റെ വഴിയും (2ശമൂ, 22:31; സങ്കീ, 18:30), യഹോവയുടെ ന്യായപ്രമാണവും (സങ്കീ, 19:7) തികവുള്ളത്; ദൈവം ജ്ഞാന സമ്പൂർണ്ണനാണ് (ഇയ്യോ, 37:16). ടെലെയൊസ് എന്ന ഗ്രീക്കുപദം പുതിയ നിയമത്തിൽ 19 തവണ പ്രയോഗിച്ചിട്ടുണ്ട്. രണ്ടു വാക്യങ്ങളിൽ പ്രായം തികഞ്ഞവർ, മുതിർന്നവർ എന്നീ ആശയങ്ങളാണുള്ളത്. (1കൊരി, 14:20; എബ്രാ, 5:14). മറ്റു അഞ്ച് സ്ഥാനങ്ങളിൽ കൂടി ഈ ആശയഛായ ഉണ്ട്. (1കൊരി, 2:6; എഫെ, 4:13; ഫിലി, 3:15; കൊലൊ, 1:28; 4:12). ഈ വാക്യങ്ങളിലെല്ലാം തികഞ്ഞവൻ, തികഞ്ഞവ എന്നാണ് പരിഭാഷ. മറ്റു 12 സ്ഥാനങ്ങളിലും കേവലസമ്പൂർണ്ണത വിവക്ഷിക്കുന്നില്ല. ഇതിന്റെ ക്രിയാരൂപം പൂർത്തിവരുത്തുക എന്ന അർത്ഥത്തിൽ അനേകം പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട് (എബ്രാ, 10:14). 

കേവല പൂർണ്ണത ദൈവത്തിനു മാത്രമേയുള്ളൂ. അവനിൽ യാതൊന്നിന്റെയും അഭാവമോ അല്പഭാവമോ ഇല്ല. അവന്റെ പൂർണ്ണത നിത്യമാണ്. മറ്റുള്ളവയുടെ പൂർണ്ണതയ്ക്കധിഷ്ഠാനവും പൂർണ്ണതയുടെ മാനദണ്ഡവും ദൈവത്തിന്റെ പൂർണ്ണതയാണ്. ദൈവത്തിന്റെ വഴി, ദൈവത്തിന്റെ ന്യായപ്രമാണം എന്നിവയും പൂർണ്ണമാണ്. ദൈവിക നിയമത്തോട് മനുഷ്യർ അനുരൂപരാകുമ്പോൾ സാപേക്ഷമായ പൂർണ്ണത അവർക്കു ലഭിക്കുന്നു. നിങ്ങളുടെ സ്വർഗ്ഗീയ പിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ (മത്താ, 5:48) എന്ന കല്പനയിൽ ദൈവത്തിന്റെ കേവലമായ പൂർണ്ണത മനുഷ്യനു പ്രാപ്യമല്ലെന്നതു വ്യക്തമാണ്. എന്നാൽ ആ പൂർണ്ണതയിലേക്കുള്ള വളർച്ചയാണു വേണ്ടത്. നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതു പോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ. (ലൂക്കൊ, 6:36). പിതാവായ ദൈവം മനസ്സലിവുള്ളവൻ ആയിരിക്കുന്നതുപോലെ മനുഷ്യർക്കു മനസ്സലിവുള്ളവർ ആകുവാൻ സാദ്ധ്യമല്ല.

ഭൗമികജീവിതത്തിൽ മനുഷ്യനു പൂർണ്ണത സാധ്യമാണോ എന്നത് വിവാദവിഷയമാണ്. ഒരു പ്രത്യേക ആശയത്തിൽ വിശ്വാസികൾ ഈ ജീവിതത്തിൽ തന്നെ പൂർണ്ണരാണെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. എന്നാൽ വിശാലമായ അർത്ഥത്തിൽ പൂർണ്ണത ഭാവികമാണ്. പരിശുദ്ധാത്മ സ്നാനത്തിലൂടെ ഒരു വ്യക്തിക്കു ലഭിക്കുന്ന ക്രിസ്തുവിനോടുളള ഐക്യം പൂർണ്ണമാണ്. (റോമ, 6:3,4; ഗലാ, 3:27; കൊലൊ, 2:10-12; 1കൊരി, 12:13). ക്രിസ്തുവിൽ ആക്കപ്പെട്ട ഒരു വ്യക്തിയെ പുത്രന്റെ പൂർണ്ണതയിലൂടെ പിതാവു കാണുന്നു. സൽഗുണ പൂർത്തിയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ യാഗമാണ്. (എബ്രാ, 10:14). ക്രിസ്തുവിന്റെ നീതി വിശ്വാസിക്കു നല്കപ്പെട്ടിരിക്കുന്നതു പാര്യന്തിക വിശുദ്ധീകരണത്തിന് ഉറപ്പാണ്. (2കൊരി, 5:21; കൊലൊ, 1:22). കഷ്ടതയിൽ സ്ഥിരതയും (യാക്കോ, 1:4), ദൈവഹിതത്തോടുള്ള ആഭിമുഖ്യവും (കൊലൊ, 4:12), ആത്മാവിലുള്ള ആശ്രയവും (ഗലാ, 3:3), ദൈവസ്നേഹത്തിലുളള ഉറപ്പും (1യോഹ, 4:17,18) പൂർണ്ണതയിലേക്കു നയിക്കുന്നു. സമ്പൂർണ്ണതയുടെ ബന്ധമാണു സ്നേഹം. (കൊലൊ, 3:14). മരണത്തിലോ ക്രിസ്തുവിന്റെ പുനരാഗമനത്തിലോ വിശ്വാസി പൂർണ്ണത പ്രാപിക്കുന്നു. 

ബൈബിളിലെ പൂർണ്ണമായ കാര്യങ്ങൾ

1.പൂർണ്ണ അനുസരണം (1തിമൊ, 2:11)

2. പൂർണ്ണ ആത്മാവ് (മത്താ, 22;37)

3. പൂർണ്ണ ക്ഷേമം (ഇയ്യോ, 21:23) 

4. പൂർണ്ണ ഗൗരവം (തീത്താ, 2:15) 

5. പൂർണ്ണ ജയം (റോമ, 8:37)

6. പൂർണ്ണ ജാഗ്രത (പ്രവൃ, 17:11) 

7. പൂർണ്ണ താത്പര്യം (2ദിന, 15:15)

8. പൂർണ്ണ തൃപ്തി (2കൊരി, 9:8) 

9. പൂർണ്ണ ധൈര്യം (പ്രവൃ, 4:30)

10. പൂർണ്ണ ദ്വേഷം (സങ്കീ, 139:22)

11. പൂർണ്ണ നന്ദി (പ്രവൃ, 24:3)

12. പൂർണ്ണ നിർമ്മലത (1തിമൊ, 5:2)

13. പൂർണ്ണ നിശ്ചയം (കൊലൊ, 4:12)

14. പൂർണ്ണ നീതി (ഇയ്യോ, 37:23)

15. പൂർണ്ണ പ്രതിഫലം (രൂത്ത്, 2:12)

16. പൂർണ്ണ പ്രത്യാശ (1പത്രൊ, 1:13)

17. പൂർണ്ണ പ്രസാദം (കൊലൊ, 1:10)

18. പൂർണ്ണ പ്രാഗത്ഭ്യം (പ്രവൃ, 28:30) 

19. പൂർണ്ണ ഭയം (1പത്രൊ, 2:18)

20. പൂർണ്ണ മനസ്സ് (ആവ, 4:29) 

21. പൂർണ്ണ വാർദ്ധക്യം (ഇയ്യോ, 5:26)

22. പൂർണ്ണ വിനയം (എഫെ, 4:2) 

23. പൂർണ്ണ ശക്തൻ (നഹും, 1:12)

24. പൂർണ്ണ ശക്തി (ആവ, 6:5) 

25. പൂർണ്ണ സംഖ്യ (റോമ, 11:25)

26. പൂർണ്ണ സംഹാരം (മീഖാ, 2:4)

27. പൂർണ്ണ സന്തോഷം (ഫിലി, 2:29)

28. പൂർണ്ണ സമാധാനം (യെശ, 26:3)

29. പൂർണ്ണ സഹിഷ്ണുത (2കൊരി, 12:12)

30. പൂർണ്ണ സുന്ദരി (യെഹെ, 27:3)

31. പൂർണ്ണ സൗമ്യത (തീത്തൊ, 3:2)

32. പൂർണ്ണ സ്ഥിരത (എഫെ, 6:18)

33. പൂർണ്ണ ഹൃദയം (ആവ, 4:29) 

34. പൂർണ്ണ ഹൃദയസന്തോഷം (യെഹെ, 36;5)

പുറപ്പാട്

പുറപ്പാട് (The Exodus)

യഹോവ ബലമുളള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കര പ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും കൂടെ യിസ്രായേൽ മക്കളെ മിസ്രയീം ദേശത്തു നിന്നു പുറപ്പെടുവിച്ച മഹാസംഭവമാണ് ‘പുറപ്പാട്.’ (പുറ, 12:51; ആവ, 26:58). 

യോസേഫ് മിസ്രയീമിലെ മന്ത്രിയായി. ക്ഷാമകാലത്ത് ധാന്യം വാങ്ങുന്നതിനു മിസ്രയീമിലെത്തിയ സഹോദരന്മാർക്കു യോസേഫ് സ്വയം വെളിപ്പെടുത്തി. അനന്തരം യാക്കോബും കുടുംബവും മിസ്രയീമിൽ ചെന്നു ഗോശെൻ ദേശത്തു പാർപ്പുറപ്പിച്ചു. നൈൽ ഡെൽറ്റയുടെ പൂർവ്വഭാഗത്തുളള വാദി തുമിലാത്-നു (Wadi Tumilat) ചുറ്റുമുള്ള പ്രദേശമാണ് ഗോശെൻ ദേശം. മിസ്രയീം ദേശത്തിലെ നല്ല ഭാഗമായിരുന്നു അത്. (ഉല്പ, 47:11). അനുകൂലമായ സാഹചര്യത്തിൽ അവർ പെരുകി. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഹിക്സോസു കാലയളവിലാണ്  (1700 ബി.സി) യോസേഫ് മിസ്രയീമിലെ ഭരണാധികാരി ആയത്. തദ്ദേശീയ ഭരണ കർത്താക്കളുടെ കീഴിൽ ഒരിക്കലും ഒരു ശേമ്യനു മിസ്രയീം ഭരണകർത്താവാകാൻ സാദ്ധ്യമല്ലെന്നും, വിദേശികളായ ഹിക്സോസുകളുടെ കീഴിൽ അവരും ശേമ്യരാകയാൽ അതിനു സാദ്ധ്യമാണെന്നും ഉള്ള ധാരണയാണു പ്രസ്തുത നിഗമനത്തിന്നടിസ്ഥാനം. എന്നാൽ ബി.സി. 1780-1546 മിസ്രയീമ്യ ചരിത്രത്തിൽ അന്ധകാരവൃതവും അവ്യക്തവും ആയ ഒരു കാലയളവാണ്. ഈ കുഴപ്പം പിടിച്ച കാലത്ത് യിസ്രായേല്യർ മിസ്രയീമിൽ ഉണ്ടായിരുന്നു. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി (പുറ, 1:8) എന്നതു നവ സാമ്രാജ്യത്തിലെ (New Empire) ഫറവോന്മാരിലൊരാളെ കുറിക്കുന്നു. മിസ്രയീമിൽ നിന്നും ഹിക്സോസുകളെ തുരത്തിയശേഷമാണു നവസാമ്രാജ്യം സ്ഥാപിതമായത്. സോവാൻ വയൽ (സങ്കീ, 78:12) താനിസ് സഭൂമിയിലെ (Plain of Tanis) ഹിക്സോസുകളുടെ തലസ്ഥാനത്തിന് അടുത്തായിരുന്നു. പത്തുബാധ അയച്ചാണ് അവരെ അത്ഭുതകരമായി വിടുവിച്ചത്. 

പുറപ്പാടിന്റെ മാർഗ്ഗം 

പുറപ്പാടിന്റെ മാർഗ്ഗം ചെങ്കടൽ വഴിയായിരുന്നു എന്നു പരിഭാഷകളിൽ കാണുന്നു. യാംസൂഫ് എന്ന എബായ പ്രയോഗത്തിന്നർത്ഥം ചെങ്കടൽ അല്ല; ഞാങ്ങണക്കടൽ ആണ്. ചെങ്കടലിൽ ഞാങ്ങണ ഇല്ല. അവർ കടന്ന ജലരാശി സീനായി മരുഭൂമിക്കും മിസ്രയീമിനും മദ്ധ്യേ ഒരു പ്രാകൃതിക വിഘ്നമായി നിലനിന്നിരുന്നു. മറിച്ചു ചെങ്കടലിലെത്തണമെങ്കിൽ യിസ്രായേല്യർക്കു വിശാലമായ മരുഭൂമി കടക്കണമായിരുന്നു. സുക്കോത്തിനടുത്തുള്ള ഞാങ്ങണ (പാപ്പിറസ്) കടലാണ് ഇവിടെ വിവക്ഷിതം. യാത്ര തുടങ്ങിയ സ്ഥലമായ റയംസേസിൽ (അവാറിസ്-സോവൻ: പുറ, 12:37) നിന്നു ഏകദേശം 53 കി.മീറ്റർ തെക്കു കിഴക്കാണത്. താനിസിനു അടുത്തുള്ള പാപ്പിറസ് തടാകമാണ് യിസ്രായേല്യർ അത്ഭുതകരമായി കടന്ന ഞാങ്ങണക്കടൽ. തിമ്സഹ് (Timsah) തടാകത്തിന് അടുത്തുവച്ചാണ് ഈ കടക്കൽ. റയംസേസ് മുമ്പു അവാറിസ്-സോവൻ എന്നും പില്ക്കാലത്ത് താനിസ് എന്നും അറിയപ്പെട്ടു. ബി.സി. 1720-നടുത്തു നിർമ്മിക്കപ്പെട്ട ഹിക്സോസ് തലസ്ഥാനമാണ് താനിസ്. 

റയംസേസ് വിട്ട യിസ്രായേല്യർ കനാനിലേക്കു യാത്രയായി. നേരിട്ടുള്ള മാർഗ്ഗം മെഡിറ്ററേനിയൻ തീരത്തിനു സമാന്തരമായി കിടക്കുന്നു. യിസ്രായേൽ നേർവ്വഴിയിലുടെ പോയിരുന്നുവെങ്കിൽ ഈജിപ്ഷ്യൻ മതിൽ (ശൂർ) കടക്കേണ്ടി വരുമായിരുന്നു. ഈ മതിലായിരുന്നു വടക്കു കിഴക്കൻ പെരുവഴിയെ സംരക്ഷിച്ചിരുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള മതിൽ കടക്കുക പ്രയാസമായിരുന്നു. അതു കടന്നാലും ഫെലിസ്ത്യരുടെ എതിർപ്പുണ്ടാകും. ശക്തരായ ശത്രുക്കളോടു നേരിട്ടു യുദ്ധത്തിൽ ഏർപ്പെടുന്നതിനു മുമ്പ് തന്റെ ജനത്തിനു മരുഭൂമിയിലെ ശിക്ഷണം ദൈവിക പരിപാടിയിൽ ഉൾപ്പെട്ടതായിരുന്നു. (പുറ, 13:17). റയംസേസിൽ നിന്നു പുറപ്പെട്ട യിസ്രായേല്യർ (പുറ, 12:37) തെക്കുകിഴക്കായി സഞ്ചരിച്ച് സുക്കോത്തിൽ (തേൽ-എൽ-മഷ്കുതാഹ്) എത്തി. പീഥോമിന് (പുറ, 1:11) ഏകദേശം 16 കി.മീറ്റർ കിഴക്കാണ് സുക്കോത്ത്. അവർ സുക്കോത്തിൽ നിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെയുളള ഏഥാമിൽ പാളയമിറങ്ങി. (പുറ, 13:20). ‘മതിൽ’ എന്നർത്ഥമുള്ള ഒരു മിസ്രയീമ്യ ധാതുവിൽ നിന്നുണ്ടായ പദമാണ് ഏഥാം. ഇത് തിംസഹ് തടാകപദേശമാണ്. ഏഥാമിൽ നിന്നും യിസ്രായേല്യർ തിരിഞ്ഞു മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽഫോനു സമീപത്തുളള പീഹഹീരോത്തിന്നരികെ പാളയമിറങ്ങി. (പുറ, 14:1,2). മിസ്രയീമ്യർ പൂജിച്ചിരുന്ന ഒരു ശേമ്യദേവതയാണു് ബാൽ-സെഫോൻ. പീഹഹീരോത് മിസ്രയീമ്യ പീഹതോർ ആയിരിക്കണം. പീഹഹീരോത് കടന്നു യിസ്രായേൽ മക്കൾ ചെങ്കടലിൽ  എത്തി.

പുറപ്പാടിൻ്റെ മാർഗ്ഗം പട്ടികയായി:

“ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.” (സംഖ്യാ, 33:3).

1. സൂക്കോത്ത് (സംഖ്യാ, 33:5)

2. ഏഥാം (പുറ, 13:20; സംഖ്യാ, 33:6)

3. മിഗ്ദോൽ (പുറ, 14:2, സംഖ്യാ, 33:7)

4. ബാൽ-സെഫോൻ (പുറ, 14:2, 9; സംഖ്യാ, 33:7)

5. പീഹഹീരോത്ത് (പുറ, 14:2, 9; സംഖ്യാ, 33:7)

6. ചെങ്കടൽ (സംഖ്യാ, 33:10)

7. ശൂർ മരുഭൂമി (പുറ, 15:22)

8. മാറാ (പുറ, 15:23; സംഖ്യാ, 33:8)

9. ഏലീം (പുറ, 15:27; സംഖ്യാ, 33:9)

10. സീൻ മരുഭൂമി (പുറ, 16:1; സംഖ്യാ, 33:11)

11. ദൊഫ്ക്കുയിൽ (സംഖ്യാ, 33:12)

12. ആലൂശ് (സംഖ്യാ, 33:13)

13. രെഫീദീം (പുറ, 15:22; സംഖ്യാ, 33:14)

14. സീനായി മരുഭൂമി (പുറ, 19:1; സംഖ്യാ, 33:15)

15. പാറാൻ മരുഭൂമി (സംഖ്യാ, 10:12)

16. കിബ്രോൻ-ഹത്താവ (സംഖ്യാ, 11:35; 33:16)

17. ഹസേരോത്ത് (സംഖ്യാ, 11:35; 33:17)

18. പാരാൻ മരുഭൂമി (സംഖ്യാ, 12:16)

19. രിത്ത്മ (കാദേശ്-ബർന്നേയ) (സംഖ്യാ, 13:26; 33:18)

20. രിമ്മോൻ-പേരെസ് (സംഖ്യാ, 33:19)

21. ലിബ്ന (സംഖ്യാ, 33:20)

22. രിസ്സ (സംഖ്യാ, 33:21)

23. കെഹേലാഥ (സംഖ്യാ, 33:22)

24. ശാഫേർമല (സംഖ്യാ, 33:23)

25. ഹരാദ (സംഖ്യാ, 33;24)

26. മകഹേലോത്ത് (സംഖ്യാ, 33:25)

27. തഹത്ത് (സ.ഖ്യാ, 33:26)

28. താരഹ് (സംഖ്യാ, 33:27)

29. മിത്ത്ക്ക (സംഖ്യാ, 33:28)

30. ഹശ്മോന (സംഖ്യാ, 33:29)

31. മോസേരോത്ത് (സംഖ്യാ, 33:30)

32. ബെനേ-യാക്കാൻ [ബെരോത്ത്] (സംഖ്യാ, 33:31; ആവ, 10:6)

33. ഹോർ-ഹഗിദ്ഗാദ് (ഗുദ്ഗോദ)(സംഖ്യാ, 33:32; ആവ, 10:7)

34. യൊത്ബാഥ (സംഖ്യാ, 33:33; ആവ, 10:7)

35. അബ്രോന (സംഖ്യാ, 33:34)

36. എസ്യോൻ-ഗേബെർ (സംഖ്യാ, 33:35)

37. സീൻ മരുഭൂമി (കാദേശ്) (സംഖ്യാ, 20:1, 33:36)

38. ഹോർ പർവ്വതം (സംഖ്യാ, 33:37)

39. മോസര (ആവ, ആവ, 10:6)

40. സല്മോന (സംഖ്യാ, 33:41)

41. പൂനോൻ (സംഖ്യാ, 33:42)

42. ഓബാത്ത് (സംഖ്യാ, 21:10; 33:43)

43. ഈയ്യെ-അബാരീം (സംഖ്യാ, 20:11; 33:44

44. സാരോദ്, സേരെദ് (സംഖ്യാ, 21:12; ആവ, 2:13,14)

45. അർന്നോൻ (സംഖ്യാ, 21:13)

46. ബേർ (സംഖ്യാ, 21:16)

47. മത്ഥാന (സംഖ്യാ, 21:19)

48. നഹലീയേൽ (സംഖ്യാ, 21:19)

49. ബാമോത്ത് (സംഖ്യാ, 21:20)

50. പിസ്ഗമുകൾ (സംഖ്യാ, 21:20)

51. ദീബോൻ-ഗാദ് (സംഖ്യാ, 33:45)

52. അല്മോദിബ്ലാഥയീം (സംഖ്യാ, 33:46)

53. അബാരീം പർവ്വതം (സംഖ്യാ, 33:47)

54. മോവാബ് സമഭൂമി (സംഖ്യാ, 33:48)

55. ബേത്ത്-യെശീമോത്ത് (സംഖ്യാ, 33:49)

56. ആബേൽ-ശിത്തീം (സംഖ്യാ, 25:1; 33:49)

പുറപ്പാടിൽ എത്ര ജനങ്ങളുണ്ടായിരുന്നു എന്നറിയാൻ:

👇

പുറപ്പാടിലെ ജനസംഖ്യ

പുനരുത്ഥാനം

പുനരുത്ഥാനം (resurrection)

മരണാനന്തരം ശരീരം വീണ്ടും ജീവൻ പ്രാപിക്കുന്നതാണ് പുനരുത്ഥാനം. പുനരുത്ഥാനം ശരീരത്തിനാണ്. അനസ്റ്റാസിസ് എന്ന ഗ്രീക്കുപദത്തിന് എഴുന്നേല്പിക്കൽ എന്നർത്ഥം. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുന്നതിനു എഗെർസിസ് എന്ന പദം മത്തായി 27:53-ൽ പ്രയോഗിച്ചിട്ടുണ്ട്. കേവലമായ അമർത്ത്യതയെക്കുറിച്ചു ബൈബിൾ പഠിപ്പിക്കുന്നില്ല. ആത്മാവിന്റെ വീണ്ടെടുപ്പും ശരീരത്തിന്റെ വീണ്ടെടുപ്പും വീണ്ടെടുപ്പിൽ ഉൾപ്പെടുന്നു. ദൈവത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം അമർത്ത്യതയിലുള്ള വിശ്വാസമാണ്. പുനരുത്ഥാനത്തെ നിഷേധിക്കുന്നത് അമർത്ത്യതയെ നിഷേധിക്കുന്നതിനു തുല്യമാണ്. അമർത്ത്യതയോടുള്ള ബന്ധത്തിൽ പ്രധാനമായും രണ്ടു ചിന്താഗതികളാണുള്ളത്: പുനർജ്ജനനവും പുനരുത്ഥാനവും. മരണാനന്തരമുള്ള ദേഹാന്തര പ്രാപ്തിയാണ് (ഏതെങ്കിലും ജീവികളുടെ) പുനർജ്ജനന വിശ്വാസം. യവനദാർശനികനായ പിത്തഗോറസിന്റെ കാലം മുതൽ അതൊരു ചിന്താപദ്ധതിയായി രൂപം കൊണ്ടു; പല മതങ്ങളുടെയും അടിസ്ഥാനപ്രമാണമായി മാറി. മരിക്കുന്ന വ്യക്തി അതേ ശരീരത്തിൽ ജീവൻ പ്രാപിക്കുന്നതാണ് പുനരുത്ഥാനം. 

പുനരുത്ഥാനം പഴയനിയമത്തിൽ: എല്ലാ കാലത്തും മനുഷ്യനിൽ നിന്നുയരുന്ന ചോദ്യമാണ്; “മനുഷ്യൻ മരിച്ചാൻ വീണ്ടും ജീവിക്കുമോ?” (ഇയ്യോ, 14:14). വൈയക്തികമായ പുനരുത്ഥാനത്തെക്കുറിച്ചുള്ള സ്പഷ്ടമായ രേഖ ദാനീയേൽ 12:2-ൽ ആണ്: “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജക്കും നിത്യനിന്ദയ്ക്കമായും ഉണരും.” (ദാനീ, 12:2). ഈ വാക്യത്തിലെ ആദ്യത്തെ രണ്ടു വാക്കുകളുടെ (റബീം മിയ്യെഷെനീ) അർത്ഥം നിദ്രകൊള്ളുന്നവരിൽ പലരും എന്നാണ്. ചിലർ എന്നു തർജ്ജമ ചെയ്തിട്ടുള്ള എല്ലെഹ് എന്ന പദം രണ്ടു പ്രാവശ്യം പ്രയോഗിച്ചിട്ടുണ്ട്. ഈ പാഠത്തിന്റെ ശരിയായ തർജ്ജമ എബ്രായ പണ്ഡിതന്മാരുടെ പക്ഷത്തിൽ ഇപ്രകാരമാണ്: ‘നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ഉണരും; ഇവർ നിത്യജീവനായും എന്നാൽ അവർ (അതായത് മരിച്ചവരിൽ ശേഷം പേർ) ഉണരും; ലജ്ജയ്ക്കും, നിത്യനിന്ദയ്ക്കായും.’ പുതിയനിയമത്തിൽ പ്രത്യേകിച്ചു വെളിപ്പാട് 20:4-15-ൽ പ്രവചിച്ചിട്ടുള്ള പുനരുത്ഥാനത്തിന്റെ രണ്ടു ഘട്ടങ്ങൾ ഈ വാക്യത്തിൽ സുവ്യക്തമാണ്. പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ ഇയ്യോബിന്റെ വാക്കുകൾ പ്രധാനമാണ്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ  പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.” (ഇയ്യോ, 19:25-27). ഈ വാക്യങ്ങളിലെ പുനരുത്ഥാനസൂചന നിഷേധിക്കുന്നവരുണ്ട്. പാഠത്തിന്റെ അവ്യക്തതയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 14-ാം അദ്ധ്യായത്തിൽ പുനരുത്ഥാനത്തെ കുറിച്ചു പറയുന്നു. തന്റെ വീണ്ടെടുപ്പുകാരൻ ഭാവിയിൽ പൊടിമേൽ നില്ക്കുമ്പോഴാണ് തന്റെ പുനരുത്ഥാനം നടക്കുന്നതെന്നു ഇയ്യോബു വിശ്വസിച്ചു. (19:25-27). ഇതേ നിലയിലാണ് ജെറോം ഈ ഭാഗത്തെ മനസ്സിലാക്കിയതും സെപ്റ്റ്വജിന്റ് തർജ്ജമ ചെയ്തതും.

യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുന്ന (യെശ, 25:8) പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പാടുന്ന പാട്ടു; “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞു പോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ” എന്നിങ്ങനെ തുടരുന്നു. (യെശ, 26:19). നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ എന്നു സങ്കീർത്തനക്കാരൻ (85:6) ചോദിക്കുന്നു. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതാകുന്നു. (സങ്കീ, 115:16). ആദാമിനെ സൃഷ്ടിച്ചപ്പോൾ അവനെ ആവരണം ചെയ്തിരുന്ന ദൈവതേജസ്സ് എന്തായിരുന്നു എന്നും എങ്ങനെയുളളത് ആയിരുന്നുവെന്നും ആരും അറിയുകയോ കാണുകയോ ചെയ്തിട്ടില്ല. എന്നാൽ പുനരുത്ഥാനസമയത്തു അതു വെളിപ്പെടും. കർത്താവിന്റെ നാളിലെ മശീഹാ പ്രതീക്ഷയുമായി ബന്ധപ്പെടുത്തിയാണ് പഴയനിയമത്തിൽ പുനരുത്ഥാനം പറയപ്പെട്ടിട്ടുള്ളത്. ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും (ദാനീ, 12:1) എന്നു മഹാപീഡനത്തെക്കുറിച്ചു പ്രവചിച്ച ശേഷമാണ് ദാനീയേൽ പുനരുത്ഥാനത്തെക്കുറിച്ചു പ്രവചിക്കുന്നത്. യെശയ്യാ പ്രവാചകനും പുനരുത്ഥാനത്തോടു ബന്ധിച്ചു യഹോവയുടെ സന്ദർശനത്തെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. (26:20,21). യോഹന്നാൻ സുവിശേഷത്തിലും (11:4) പുനരുത്ഥാനം കർത്താവിന്റെ നാളിനോടു ബന്ധപ്പെട്ടു തന്നെയാണു നില്ക്കുന്നത്. “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്ത ഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.” പുനരുത്ഥാനത്തെ കുറിച്ചുള്ള മറ്റു പരാമർശങ്ങൾ താഴെ പറയുന്നവയാണ്: (സങ്കീ, 16:10; 49:15; ഹോശേ, 5:15-6:2 ; യോഹ, 5:28,29; 11:24; പ്രവൃ, 2:25-28, 31; 13:35; എബ്രാ, 1:17,18). ചില വാക്യങ്ങൾ യിസ്രായേലിന്റെ ജാതീയ പുനരുത്ഥാനത്തെ കുറിക്കുന്ന വാക്യങ്ങൾ ആണെങ്കിൽത്തന്നെയും പുനരുത്ഥാനം അവയിൽ വ്യംഗ്യമായുണ്ട്. പുനരുത്ഥാനത്തെ കുറിച്ചുള്ള മൂന്നു കാര്യങ്ങളാണ് പഴയനിയമത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്. 1. പുനരുത്ഥാനം ഉണ്ട്. 2. പുനരുത്ഥാനം സാർവ്വത്രികമാണ്. 3. രണ്ടുവിധത്തിലുള്ള പുനരുത്ഥാനങ്ങളുണ്ട്; നിത്യജീവനായും നിത്യനിന്ദയ്ക്കായും. 

പുനരുത്ഥാനം പുതിയനിയമത്തിൽ: പഴയനിയമത്തിൽ രണ്ടുവിധത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അവ തമ്മിലുള്ള കാലവ്യത്യാസം പ്രകടമല്ല. നിത്യജീവനായും നിത്യനിന്ദയ്ക്കായും ഉയിർത്തെഴുന്നേല്ക്കുന്നത് രണ്ടു കാലത്താണ്. അവയ്ക്കു തമ്മിൽ ആയിരം വർഷത്തിന്റെ കാലവിടവു് ഉണ്ട്.  

ജീവനായുള്ള പുനരുത്ഥാനം: നീതിമാന്മാരുടെ പുനരുത്ഥാനം (ലൂക്കൊ, 14:13,14) മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനം (ഫിലി, 3:10,11), ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് (എബ്രാ, 11:35), ജീവനായുള്ള പുനരുത്ഥാനം (യോഹ, 5:28,29), ഒന്നാമത്തെ പുനരുത്ഥാനം (വെളി, 20:6) എന്നീ പേരുകളിലും അറിയപ്പെടുന്നു. മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനരുത്ഥാനമാണ് ഒന്നാം പുനരുത്ഥാനം. മരിച്ചവരിൽ അധികവും കല്ലറകളിൽ തന്നെ ശേഷിക്കുമ്പോൾ ഒരു ചെറിയ വിഭാഗം ഉയിർത്തെഴുന്നേല്ക്കും. ശേഷിച്ചവരുടെ പുനരുത്ഥാനമാണ് രണ്ടാം പുനരുത്ഥാനം. അതു നിത്യനാശത്തിന്നായാണ്. ഈ രണ്ടു പുനരുത്ഥാനങ്ങൾക്കും മദ്ധ്യ ആയിരം വർഷത്തിന്റെ വിടവുണ്ട്. പുനരുത്ഥാനത്തെ ഒന്നാമത്തെതെന്നും രണ്ടാമത്തേതെന്നും വിളിക്കുന്നതു ഉയിർത്തെഴുന്നേല്പിന്റെ കാലക്രമമനുസരിച്ചല്ല; പ്രത്യുത ഉയിർപ്പിക്കപ്പെടുന്നവരുടെ ഭാഗധേയമനുസരിച്ചാണ്. 

‘മരിച്ചവരിൽ നിന്നുള്ള’ എന്ന പ്രയോഗം പുതിയ നിയമത്തിൽ 49 സ്ഥാനങ്ങളിലുണ്ട്. ഇവയിലൊന്നു പോലും ദുഷ്ടന്മാരുടെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിലുള്ളതല്ല. മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യം ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ കുറിക്കുകയാണാ 34 പ്രാവശ്യം. മൂന്നു പ്രാവശ്യം യോഹന്നാൻ സ്നാപകന്റെ സംശയിക്കപ്പെട്ട പുനരുത്ഥാനത്തെയും, മൂന്നു പ്രാവശ്യം ലാസറിന്റെ പുനരത്ഥാനത്തെയും പ്രസ്താവിക്കുന്നു. പാപത്തിന്റെ മരണാവസ്ഥയിൽ നിന്നും ആത്മീയ ജീവനിലേക്കു ഉയിർപ്പിക്കപ്പെട്ടതിനെ കുറിക്കുവാൻ അപ്പൊസ്തലനായ പൗലൊസ് ആലങ്കാരികമായി മൂന്നു പ്രാവശ്യം ഇതേ പ്രയോഗം ആവർത്തിക്കുന്നുണ്ട്. (റോമ, 6:13; 11:5; എഫെ, 5:14). മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും എന്നു ലൂക്കൊസ് 16:3-ലും മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേറ്റവനെപ്പോലെ എന്നു എബായർ 11:19-ലും കാണാം. ഭാവി പുനരുത്ഥാനത്തെ കുറിക്കുവാൻ നാലു സ്ഥാനങ്ങളിൽ ഈ പ്രയോഗം കാണപ്പെടുന്നു. (മർക്കൊ, 12:25; ലൂക്കൊ, 20:35,36; പ്രവൃ, 4:1,2; ഫിലി, 3:11). 

മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേല്പ് പഴയനിയമകാലത്തു വെളിപ്പെട്ടിരുന്നില്ല. പുനരുത്ഥാനം വ്യത്യസ്ത ഘട്ടങ്ങളായാണ് സംഭവിക്കുന്നതെന്നും അവർക്കറിയാൻ കഴിഞ്ഞിരുന്നില്ല. ക്രിസ്തുവിന്റെ ശിഷ്യന്മാർ പോലും ഈ വിഷയത്തിൽ സംശയം പ്രകടിപ്പിച്ചതായി കാണാം. “അവർ മലയിൽനിന്നു ഇറങ്ങുമ്പോൾ മനുഷ്യപുത്രൻ മരിച്ചവരിൽനിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടു അറിയിക്കരുതെന്നു അവൻ അവരോടു കല്പിച്ചു. മരിച്ചവരിൽ നിന്നും എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചും കൊണ്ടു അവർ ആ വാക്കു ഉളളിൽ സംഗ്രഹിച്ചു.” (മർക്കൊ, 9:9,10). ഇവിടെ ശിഷ്യന്മാരുടെ സംശയം ഉയിർത്തെഴുന്നേല്പിനെക്കുറിച്ചല്ല, പ്രത്യുത മരിച്ചവരിൽ നിന്നുള്ള ഉയിർത്തെഴുന്നേല്പിനെ കുറിച്ചായിരുന്നു.  

ന്യായവിധിക്കായുള്ള പുനരുത്ഥാനം: രണ്ടാം പുനരുത്ഥാനമെന്നും അറിയപ്പെടുന്നു. ന്യായവിധി ശിക്ഷാവിധിയാണ്. രക്ഷിക്കപ്പെടാത്തവരെ മാത്രം ബാധിക്കുന്ന പുനരുത്ഥാനമാണത്. ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായി ഉണരും. (ദാനീ, 12:2). തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു. (യോഹ, 5:29). മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. (വെളി, 20:5, 11-13). സഹസ്രാബ്ദവാഴ്ചയ്ക്കു മുമ്പായി ഒന്നാം പുനരുത്ഥാനം (വെളി, 20:5) നടന്നു കഴിയും. ഒന്നാം പുനരുത്ഥാനം നീതിമാന്മാരുടേതാണ്. അതിനെ മരിച്ചവരുടെ ഇടയിൽ നിന്നുഉള്ള പുനരുത്ഥാനം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതേസമയം ന്യായവിധിക്കായുള്ള രണ്ടാം പുനരുത്ഥാനത്തിൽ ഉയിർപ്പിക്കപ്പെടുന്നത് മരിച്ചവർ ആബാലവൃദ്ധമാണ്. ഈ പുനരുത്ഥാനശേഷം മരിച്ചവരിൽ ഒരു വ്യക്തി പോലും കല്ലറയിൽ ശേഷിക്കുകയില്ല. എന്നാൽ ഒന്നാം പുനരുത്ഥാനത്തിനു ശേഷവും ആയിരം വർഷമെങ്കിലും ദുഷ്ടന്മാർ കല്ലറകളിൽ അന്ത്യവിധി കാത്തു കിടക്കുകയായിരിക്കും. 

പുനരുത്ഥാന നിര: പൗലൊസ് അപ്പൊസ്തലൻ പുനരുത്ഥാനക്രമം വിശദമായി വർണ്ണിക്കുകയാണ് കൊരിന്ത്യർക്കെഴുതിയ ഒന്നാം ലേഖ നത്തിൽ: “ഓരോരുത്തനും താന്താന്റെ നിയിലത്രേ; ആദ്യ ഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം.” (1കൊരി, 15:23). പുനരുത്ഥാനത്തിനു വിവിധ നിരകളുണ്ടെന്നു വ്യക്തമാക്കുകയാണ്: ‘ഓരോരുത്തനും താന്താന്റെ നിരയിലത്രേ’ എന്ന പ്രയോഗം. നിര എന്നതിന്റെ ഗ്രീക്കുപദമായ ‘ടാഗ്മ’ സൈന്യത്തിന്റെ നിരയെ വ്യഞ്ജിപ്പിക്കുന്നു. “നിന്റെ സേനാദിവസത്തിൽ വിശുദ്ധ വസ്ത്രാലങ്കാരത്തോടു കൂടെ ഉഷസ്സിന്റെ ഉദരത്തിൽ നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു” എന്ന സങ്കീർത്തന (110:3) പ്രവചന ഭാഗത്തിലെ സേനാദിവസം, യുവാക്കളായ മഞ്ഞു എന്നീ പ്രയോഗങ്ങളും ശ്രദ്ധിക്കുക. പുനരുത്ഥാനനിരയുടെ നായകൻ ‘വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു’ തന്നേ. പുനരുത്ഥാനത്തിന്റെ ആദ്യഫലമാണ് ക്രിസ്തു. ആദ്യഫലം കൊയ്ത്ത്തുനാളിലെ കറ്റയുടെ സമൃദ്ധിയെ കാണിക്കുന്നു. പുനരുത്ഥാനത്തെക്കുറിച്ചുള്ള ദൈവിക പരിപാടിയുടെ പ്രാരംഭം ക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. പുനരുത്ഥാനത്തിന്റെ അടുത്ത നിരയെ അവതരിപ്പിക്കുന്നത്; ‘പിന്നെ’ എന്ന അനന്തരവാചി കൊണ്ടാണ്. ക്രിസ്തുവിന്റെ പുനരുത്ഥാനം കഴിഞ്ഞ ഉടൻ എന്നല്ല. സാമാന്യം ദീർഘമായ കാലയളവിനു ശേഷമാണ് അടുത്ത പുനരുത്ഥാനനിര പ്രത്യക്ഷപ്പെടുന്നതെന്നു വ്യക്തമാക്കുകയാണ്: ‘പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ’ എന്ന പ്രയോഗം. ‘പിന്നെ അവസാനം’ എന്നതു പുനരുത്ഥാനത്തിന്റെ അവസാനനിരയെ കാണിക്കുന്നു. ഇതു സഹസ്രാബ്ദത്തിനു ശേഷം രക്ഷിക്കപ്പെടാത്തവർ ആബാലവൃദ്ധം വെള്ള സിംഹാസനവിധിക്കായി ഉയിർക്കന്നതിനെ വെളിപ്പെടുത്തുന്നു. 

ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നും മടങ്ങിവരുമ്പോൾ ക്രിസ്തുവിൽ മരിച്ചവർ ഉയിർക്കുകയും ജീവനോടിരിക്കുന്ന വിശുദ്ധന്മാർ രൂപാന്തരപ്പെടുകയും ചെയ്യും. “കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു.” (1തെസ്സ, 4:15). ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിനു മുമ്പു മൂന്നു കാര്യങ്ങൾ സംഭവിക്കും. 1. ക്രിസ്തു ഗംഭീരനാദത്തോടെ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവരും. 2. പ്രധാന ദൂതനായ മീഖായേലിന്റെ ശബ്ദം മുഴങ്ങും. 3. ദൈവത്തിന്റെ കാഹളം മുഴങ്ങും. കർത്താവു ഗംഭീരനാദം പുറപ്പെടുവിക്കുന്നതു ക്രിസ്തുവിൽ മരിച്ചവരുടെ ഉയിർപ്പിനും ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരത്തിനും വേണ്ടിയായിരിക്കണം. (യോഹ, 5:28,29). “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു. ഇപ്പോൾ വന്നുമിരിക്കുന്നു.” (യോഹ, 5:25). സഭയുടെ ഉൽപ്രാപണത്തോടുള്ള ബന്ധത്തിൽ പ്രധാന ദൂതന്റെ ശബ്ദം പറയപ്പെട്ടിരിക്കുന്നതു കൊണ്ടു ക്രിസ്തുവിൽ മരിച്ചവർ മാത്രമല്ല യിസ്രായേലും പഴയനിയമ വിശുദ്ധന്മാരും ഉൽപ്രാപണത്തിൽ ഉൾപ്പെടുമെന്ന് ചിലർ വാദിക്കുന്നു. യിസ്രായേലിന്റെ പുനരുത്ഥാനവും ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനവും രണ്ടു വ്യത്യസ്ത സംഭവങ്ങളും വിഭിന്ന കാലങ്ങളിൽ സംഭവിക്കുന്നവയും ആണ്. പുതിയനിയമ വിശ്വാസികളുടെ ഉയിർത്തെഴുന്നേല്പ് മഹാപീഡനത്തിനു മുമ്പും പഴയനിയമ വിശുദ്ധന്മാരുടേത് മഹാപീഡനത്തിന്റെ അവസാനവുമാണ് സംഭവിക്കുന്നത്. (ദാനീ, 12:1,2; വെളി, 20:4-6). കൃപായുഗാന്ത്യത്തിൽ ക്രിസ്തുവിൽ മരിച്ച വിശുദ്ധന്മാരുടെ ഉയിർപ്പിനും രൂപാന്തരത്തിനും വേണ്ടിയുള്ളതാണ് ദൈവത്തിന്റെ കാഹളം. 1കൊരി, 15:52-ലെ അന്ത്യകാഹളം ഇതിനു സമാന്തരമാണ്. 

ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരം: ക്രിസ്തുവിൽ മരിച്ചവരുടെ പുനരുത്ഥാനത്തിനുശേഷം കണ്ണിമയ്ക്കുന്നതിനിടയിൽ ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരം സംഭവിക്കും. മർത്ത്യശരീരം അമർത്ത്യശരീരമായും ദ്രവത്വമുള്ള ശരീരം അദവത്വമുള്ള ശരീരമായും രൂപാന്തരം പ്രാപിക്കും. ഇതൊരു മർമ്മം ആയിട്ടാണ് അപ്പൊസ്തലൻ വെളിപ്പെടുത്തുന്നത്; “ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്ത്യമായതു അമർത്ത്യത്വത്തെയും ധരിക്കേണം.” (1കൊരി, 15:51-53). പഴയനിയമത്തിൽ ജീവനോടെ എടുക്കപ്പെട്ട ഹാനോക്കിന്റെയും ഏലീയാവിന്റെയും ചരിത്രം മാത്രമേയുള്ളൂ. ഒരു തലമുറയിലെ വിശുദ്ധന്മാർ മുഴുവൻ രൂപാന്തരം പ്രാപിക്കുന്നതിന്റെ നേരിയ സൂചനപോലും പഴയനിയമത്തിലില്ല. മരണം കാണാതെ എടുക്കപ്പെടുന്ന ജീവൻമുക്തന്മാരാണ് മരണത്തെ വെല്ലുവിളിക്കുന്നത്. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” (1കൊരി, 15:55). 

പുനരുത്ഥാനശരീരം: “അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.” (1യോഹ, 3:2). നമ്മുടെ ശരീരം ക്രിസ്തുവിന്റെ പുനരുത്ഥാന ശരീരത്തിനു അനുരൂപമായി മാറും. ക്രിസ്തുവിൽ മരിച്ചവർക്കു പുനരുത്ഥാനത്തിലൂടെയും ജീവനോടിരിക്കുന്ന വിശുദ്ധന്മാർക്കു രൂപാന്തരത്തിലൂടെയും പുതിയ ശരീരം ലഭിക്കും. പുതിയ ശരീരം അമർത്യവും ദ്രവത്വം ഇല്ലാത്തതുമാണ്. പ്രാകൃതശരീരത്തിനുളളതു പോലെ വാർദ്ധക്യമോ, ജരയോ, അപചയമോ ഈ പുതിയ ശരീരത്തിനില്ലാത്തതു കൊണ്ടാണ് അതിനെ ദ്രവത്വമില്ലാത്തതെന്നു പറഞ്ഞിരിക്കുന്നത്. മരണത്തിനൊരിക്കലും വിധേയമല്ലാത്തതിനാലാണ് അതു അമർത്യമായിരിക്കുന്നത്. പുനരുത്ഥാന ശരീരത്തിന്റെ ഐശ്വര്യങ്ങളെക്കുറിച്ചു അപ്പൊസ്തലൻ പറയുന്നുണ്ട്. അത്; അമർത്യവും (1കൊരി, 15:53), അദ്രവവും (1കൊരി, 15:42), മഹത്വമുളളതും (ഫിലി, 3:21), ശക്തിയുള്ളതും (1കൊരി, 15:43), ആത്മീയവും (1കൊരി, 15:44), സ്വർഗ്ഗീയവും (1കൊരി, 15:44) അത്രേ. 

ക്രിസ്തുവിന്റെ പുനരുത്ഥാന ശരീരത്തിന്റെ വിവരണത്തിൽ നിന്നും നമ്മുടെ പുനരുത്ഥാനശരീരം എങ്ങനെ ആയിരിക്കുമെന്ന ധാരണ നമുക്കു ലഭിക്കുന്നു. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനു മുമ്പു പലരും ഉയിർപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പുനർജ്ജീവപ്രാപ്തി എന്നതിലേറെ പുനരുത്ഥാനമായിരുന്നില്ല. അവർ തുടർന്നു സാധാരണ രീതിയിൽ മരിക്കയും ശരീരങ്ങൾ അടക്കപ്പെടുകയും ചെയ്തു. പുനർജ്ജീവൻ പ്രാപിക്കയിൽ അവരുടെ ശരീരങ്ങൾക്കു രൂപാന്തരം സംഭവിച്ചിരുന്നില്ല. എന്നാൽ പുനരുത്ഥാനത്തിലാകട്ടെ ശരീരത്തിനു ഉടൻതന്നെ രൂപാന്തരം സംഭവിക്കും. 

പുനരുത്ഥാനശേഷം ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെട്ടതു മഗ്ദലന മറിയയ്ക്കായിരുന്നു. ക്രിസ്തുവും മറിയയും തമ്മിലുണ്ടായ അഭിമുഖ ദർശനത്തിലും, കല്ലറ കണ്ടുമടങ്ങിയ മറ്റു സ്ത്രീകളോടുമുള്ള ബന്ധത്തിലും രണ്ടുകാര്യം വ്യക്തമാകുന്നു. ഒന്നാമതായി, മറിയ ക്രിസ്തുവിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശബ്ദം ഉൾപ്പെടെ പല കാര്യങ്ങളിലും പുനരുത്ഥാനശരീരം സ്വാഭാവിക ശരീരത്തിനു സദൃശമാണെന്നു സിദ്ധിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവർ സ്വർഗ്ഗത്തിൽ നമുക്ക് അന്യരോ അജ്ഞാതരോ ആയിരിക്കയില്ല. സ്വർഗ്ഗത്തിൽ ഏതു ഭാഷ ഉപയോഗിച്ചാലും നാം ഭൂമിയിൽ വെച്ച് അവരുടെ ശബ്ദം തിരിച്ചറിഞ്ഞതു പോലെ തന്നെ സ്വർഗ്ഗത്തിൽ വച്ചും തിരിച്ചറിയും. രണ്ടാമതായി, കല്ലറ കണ്ടുമടങ്ങിയ സ്ത്രീകൾ കർത്താവിനെ കാൽ പിടിച്ചു നമസ്കരിച്ചതിൽ നിന്നും പുനരുത്ഥാന ശരീരം വാസ്തവമാണെന്നും അതു വെറും തോന്നലല്ലെന്നും തെളിയുന്നു. സ്ത്രീകൾ പിടിച്ചതു ഒരു ഭ്രമരുപത്തെയായിരുന്നില്ല; ക്രിസ്തുവിന്റെ ശരീരം സാക്ഷാൽ ഉള്ളതായിരുന്നു. പഴയശരീരം മാറുകയും, ഒരു പുതിയ ശരീരം പുനരുത്ഥാനത്തിന്റെ സർവൈശ്വര്യങ്ങളോടു കൂടി ലഭിക്കുകയും ചെയ്യും. 

പുനരുത്ഥാന ശരീരത്തിന് മാംസവും അസ്ഥിയും ഉണ്ടോയിരിക്കും. നമ്മുടെ ഭൗതികശരീരത്തിനു സദൃശമാണത്. ക്രിസ്തുവിന്റെ വാക്കുകൾ ഈ സത്യത്തെ സാക്ഷീകരിക്കുന്നു. “എന്നെ തൊട്ടു നോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.” (ലൂക്കൊ, 24:39,40). ഇവിടെ രക്തത്തെക്കുറിച്ചു ഒന്നും പറയുന്നില്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി; “സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല. (1കൊരി, 15:50). രക്തചംക്രമണത്തോടു കൂടിയ ശരീരം സ്വർഗ്ഗത്തിനു അനുയോജ്യമല്ല. നമ്മുടെ സ്വാഭാവിക ശരീരത്തെ നിലനിർത്തുന്നതു രക്തമാണ്. രക്തത്തിന്റെ ആവശ്യം പുനരുത്ഥാന ശരീരത്തിനില്ല. പുനരുത്ഥാനത്തിൽ ലഭിക്കുന്ന രൂപാന്തരപ്പെട്ട ശരീരം പാപരഹിതമാണ്. 

പുനരുത്ഥാന ശരീരത്തെ നിലനിർത്തുന്നതിനു ഭക്ഷണം ആവശ്യമില്ല. എന്നാൽ ഭക്ഷണം കഴിക്കുവാൻ സാധിക്കും. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന ശിഷ്യന്മാരുടെ മുമ്പിൽ വച്ചു അവൻ ഭക്ഷണം കഴിച്ചു. (ലൂക്കൊ, 24:41-43). ചുരുക്കത്തിൽ പുനരുത്ഥാന ശരീരം ദൃശ്യവും സ്പർശ്യവുമാണ്. ഭൗതിക ശരീരത്തിനു സമാനമാണെങ്കിലും അതിന്റെ എല്ലാ പരിമിതികളിൽ നിന്നും വിമുക്തമാണ്. യാത്രയ്ക്ക് നടക്കേണ്ടതില്ല. കതകടച്ചിരിക്കുമ്പോൾ മുറിക്കകത്തു കടക്കാൻ പുനരുത്ഥാനഴശരീരികൾക്കു കഴിയും. ഭൗതികമായ ഒന്നിനും അതിന്റെ ചലനത്തെ പ്രതിബന്ധിക്കുവാൻ സാദ്ധ്യമല്ല. കർത്താവിന്റെ സാന്നിദ്ധ്യത്തിൽ വസിക്കുവാൻ പര്യാപ്തമായ ഒന്നാണ് പുനരുത്ഥാനശരീരം. 

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം: പ്രപഞ്ചത്തിലെ മഹാസംഭവങ്ങളിലൊന്നാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. രക്ഷകനെ സംബന്ധിച്ചിടത്തോളം പുനരുത്ഥാനം ഒരനിവാര്യതയാണ്. ക്രൂശിൽ മരിച്ച വ്യക്തി ഒരിക്കലും രക്ഷകനാകുകയില്ല. ക്രിസ്തു ഉയിർത്തെഴുന്നേല്ക്കാതെ ഇരുന്നുവെങ്കിൽ യെഹൂദന്മാരുടെ പരിഹാസം സാർത്ഥകമാകുമായിരുന്നു. “ഇവൻ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചു പറഞ്ഞു.” (ലൂക്കൊ, 23:35). യായീറോസിന്റെ മകൾ, നയീനിലെ വിധവയുടെ മകൻ, ലാസർ എന്നിവരെ യേശു ഉയിർപ്പിച്ചു. ഇവ പുനർജ്ജീവ പ്രാപ്തിയല്ലാതെ പുനരുത്ഥാനമായിരുന്നില്ല. സാധാരണ മനുഷ്യരെപ്പോലെ അവർ മരണത്തിനു വീണ്ടും വിധേയരായി. എന്നാൽ ക്രിസ്തുവാകട്ടെ നിദ്രകൊണ്ടവരിൽ നിന്നും ആദ്യഫലമായി ഉയിർത്തെഴുന്നേറ്റു. (1കൊരി, 15:20). 

തെളിവുകൾ: ഒഴിഞ്ഞ കല്ലറ: “അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.” (ലൂക്കൊ, 24:3). പുനരുത്ഥാനത്തെ സംബന്ധിച്ച രണ്ടു കാര്യങ്ങൾ ഇവിടെ ശ്രദ്ധേയമാണ്. ഒന്നാമതായി കല്ലുരുട്ടി മാറ്റുന്നതിനു മുമ്പു തന്നെ പുനരുത്ഥാനം ചെയ്ത ശരീരം കല്ലറ വിട്ടു കഴിഞ്ഞിരുന്നു. ജീവന്റെ കർത്താവായ ക്രിസ്തുവിനെ പുറത്തുവിടാൻ വേണ്ടിയല്ല കല്ല് ഉരുട്ടിമാറ്റിയത്; പ്രത്യുത, സ്ത്രീകളെയും ശിഷ്യന്മാരെയും അകത്തു പ്രവേശിപ്പിക്കുന്നതിനും ക്രിസ്തുവിന്റെ ശരീരാഭാവത്തിനും പുനരുത്ഥാനത്തിനും അവർ സാക്ഷികളാകുവാനും വേണ്ടിയായിരുന്നു. കല്ലറ തുറന്നപ്പോൾ കാവൽക്കാരും, സ്ത്രീകളും സാക്ഷികളായിരുന്നു. കല്ലറ മുദ്രവച്ചപ്പോൾ ശരീരം അതിനകത്തുണ്ടായിരുന്നു. എന്നാൽ മുദ്ര പൊട്ടിച്ചപ്പോൾ യേശുവിന്റെ ശരീരം ഇല്ലായിരുന്നു. രണ്ടാമതായി, മർക്കൊസും ലൂക്കൊസും ഒഴിഞ്ഞ കല്ലറയെക്കുറിച്ചു പറയുന്ന ഭാഗം ശ്രദ്ധേയമാണ്. മർക്കൊസിന്റെ വിവരണത്തിൽ യേശുവിന്റെ ശരീരം വച്ച സ്ഥലം ദൂതൻ ചൂണ്ടിക്കാണിക്കുന്നതായി വിവരിക്കുന്നു. (മർക്കൊ, 16:6). പത്രൊസ് കല്ലറയ്ക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി തുണി മാത്രം കണ്ടു ആശ്ചര്യപ്പെട്ടതായി ലൂക്കൊസ് എഴുതി. (24:12). 

ശിഷ്യന്മാർ മറ്റൊരു കല്ലറയ്ക്കരികെ ചെന്നുവെന്നും വെള്ളവസ്ത്രം ധരിച്ച് ഒരു യുവാവ് ‘അവൻ ഇവിടെ ഇല്ല’ അതായത്, ‘അവൻ മറ്റൊരു കല്ലറയിലാണു’ എന്നു പറഞ്ഞുവെന്നും നിഷേധികൾ വാദിക്കുന്നു. ഇതു വെറും ദോഷാരോപണം മാത്രമാണ്. യേശുവിനെ അടക്കിയ സ്ഥലം നോക്കിക്കണ്ട സ്ത്രീകൾ തന്നെയാണ് ഞായറാഴ്ച പുലർച്ചെ കല്ലറ കാണാൻ വന്നത്. അതിൽ ദഗ്ദലക്കാരി മറിയയാണ് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടുവരുന്നത്. മാത്രമല്ല, ശരിയായ കല്ലറ ശത്രുക്കളും മിത്രങ്ങളും ഇത്രവേഗം മറന്നുപോവുക അസംഭവ്യമാണ്. ശിഷ്യന്മാരുടെ ആദ്യപ്രസംഗം തന്നെ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ ഊന്നിയപ്പോൾ അതു നിഷേധിക്കുവാൻ വേണ്ടി അധികാരികൾ യേശുവിന്റെ ശരീരം കണ്ടെത്തുവാൻ കഠിനപരിശ്രമം നടത്തുമായിരുന്നു എന്നതു കേവലസത്യം മാത്രമാണ്. 

ഒഴിഞ്ഞ കല്ലറയ്ക്കു മുന്നു സാദ്ധ്യതകൾ ഉണ്ടാകാം: 1. യേശുവിന്റെ മിത്രങ്ങൾ ശരീരം എടുത്തുകൊണ്ടു പോയി. 2. ശ്രതുക്കൾ ശരീരം തട്ടിക്കൊണ്ടുപോയി. 3. യേശു ഉയിർത്തെഴുന്നേറ്റു. ഇതിലാദ്യത്തേത് ചിന്തിക്കുവാൻ പോലും പ്രയാസമാണ്. ശിഷ്യന്മാരുടെ മനസ്സിൽ യേശുവിന്റെ ഉയിർത്തെഴുന്നേല്പിനെ കുറിച്ചു ഒരു ചിന്തയും ഇല്ലായിരുന്നു. യേശു മരിച്ച വെള്ളിയാഴ്ച ദിവസം രാത്രി . ശിഷ്യന്മാരുടെ സകല ആശകളും നശിച്ചു. അവർ യെഹൂദന്മാരെ ഭയപ്പെട്ടു ഒളിച്ചു കഴിയുകയായിരുന്നു. മാത്രവുമല്ല, യേശുവിന്റെ കല്ലറയ്ക്കു കാവൽ ഏർപ്പെടുത്തിയിരുന്നു. ശിഷ്യന്മാർ ശ്രമിച്ചിരുന്നു എങ്കിൽത്തന്നെയും യേശുവിന്റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോകുവാൻ കഴിയുമായിരുന്നില്ല. മാത്രവുമല്ല, അപ്രകാരം ചെയ്യുന്നവർക്കൊരിക്കലും അപ്പൊസ്തലപ്രവൃത്തികളുടെ ആരംഭത്തിൽ കാണുന്നതുപോലെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു പ്രസംഗിക്കുവാനും കഴിയുമായിരുന്നില്ല. പലരെയും തടവിലാക്കി. യാക്കോബിനെ കൊന്നു. വ്യാജം എന്നു വ്യക്തമായി അറിയാവുന്ന ഒന്നിനുവേണ്ടി മനുഷ്യർ ഇമ്മാതിരി ശിക്ഷകളും കഷ്ടതകളും അനുഭവിക്കുവാൻ ഒരുമ്പെടുകയില്ല. ക്രിസ്ത്യാനികൾ ഉപദ്രവികളായി കരുതപ്പെടുകയും അവരെ പീഡിപ്പിക്കുവാൻ അധികാരികൾ ഒരുങ്ങുകയും ചെയ്തപ്പോൾ ശിഷ്യന്മാർ യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നതിന്റെ തെളിവിനായി എത്ര പണം വേണമെങ്കിലും കൊടുക്കുമായിരുന്നു. ക്രിസ്ത്യാനികളിൽ നിന്നു തന്നെ യുദയെപ്പോലൊരു ദ്രോഹിയെ കിട്ടുകയും ചെയ്യും. ഇക്കാരണങ്ങളാൽ ശിഷ്യന്മാരോ അനുയായികളോ യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നു വിശ്വസിക്കുവാൻ സാദ്ധ്യമല്ല. 

ശ്രതുക്കൾ യേശുവിന്റെ ശരീരം തട്ടിക്കൊണ്ടു പോകുവാനും സാദ്ധ്യതയില്ല. അപ്രകാരം ചെയ്യുന്നതിന്റെ പിന്നിൽ ഒരു ലക്ഷ്യവും അവർക്കില്ല. യേശുക്രിസ്തു ഉയിർത്തെഴുന്നേക്കും എന്ന ഊഹത്തെപ്പോലും അമർച്ച ചെയ്യാൻ ഒരുങ്ങിയിരുന്ന അവർ പ്രസ്തുത ഊഹവ്യാപനത്തിന് സഹായകമായി യേശുവിന്റെ ശരീരം തട്ടിക്കൊണ്ടു പോകുമെന്നു ചിന്തിക്കുവാൻ കൂടി കഴിയുകയില്ല. യേശുവിന്റെ കല്ലറയിലെ കാവലും അതിനു തടസ്സമാണ്. പത്രൊസും അപ്പൊസ്തലന്മാരും യേശുവിന്റെ പുനരുതാനത്തെക്കുറിച്ചു പ്രസംഗിച്ചപ്പോൾ അതു നിഷേധിക്കുവാൻ വേണ്ടി തങ്ങൾ എടുത്തു കൊണ്ടുപോയ ശരീരം ശത്രുക്കൾ പൊതുജനസമക്ഷം പ്രദർശിപ്പിക്കുമായിരുന്നു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു ശിഷ്യന്മാർ ചെയ്ത പ്രസംഗത്തെക്കാളും അർത്ഥവത്തും വാചാലവുമായിരുന്നു യെഹൂദന്മാരുടെ മൗനം.

ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രത്യക്ഷതകൾ: “അവൻ കഷ്ടം അനുഭവിച്ച ശേഷം നാല്പതു നാളോളം പ്രത്യക്ഷനായി.” (പ്രവൃ, 1:2). ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പന്ത്രണ്ടു പ്രത്യക്ഷതകളെക്കുറിച്ചുളള വിവരണം പുതിയനിയമത്തിലുണ്ട്. അവയുടെ ക്രമം താഴെക്കൊടുക്കുന്നു:

1. പത്രാസും യോഹന്നാനും പോയ ശേഷം കല്ലറയ്ക്കൽ വന്ന മറിയയ്ക്ക്: (മർക്കൊ, 16:9; യോഹ, 20:11:18).

2. വഴിയിൽ വെച്ച് സ്ത്രീകൾക്ക്: (മത്താ, 28:9).

3. എമ്മവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാർക്ക്: (മർക്കൊ, 16:12; ലൂക്കൊ, 24:13-33).

4. ശിമോൻ പത്രാസിന്: (ലൂക്കൊ, 24:34; 1കൊരി, 15:5).

5. പത്തു ശിഷ്യന്മാർക്ക്: (യോഹ, 20:19:24).

6. പതിനൊന്നു ശിഷ്യന്മാർക്ക്: (യോഹ, 20:26-29).

7. തിബെര്യാസ് കടൽക്കരയിൽ വച്ച് ശിഷ്യന്മാർക്ക്: (യോഹ, 21:1-14).

8. ഗലീലാമലയിൽ വച്ച് ശിഷ്യന്മാർക്ക്: (മത്താ, 28:16-20).

9. അഞ്ഞൂറിലധികം സഹോദരന്മാർക്ക് ഒരുമിച്ച്: (1കൊരി, 15:6).

10. യാക്കോബിന്: (1കൊരി, 15:7).

11. യേശു സ്വർഗ്ഗാരോഹണം ചെയ്ത മലയിൽ വെച്ചു ശിഷ്യന്മാർക്ക്: (മർക്കൊ, 16:19; ലൂക്കൊ, 24:50; പ്രവൃ, 1:9).

12. പൗലൊസിന്: (1കൊരി, 15:8). 

നാലു സുവിശേഷങ്ങളിലും 1കൊരിന്ത്യർ 15-ലും ആണ് ഈ പ്രത്യക്ഷതകൾ രേഖപ്പെടുത്തിയിട്ടുള്ളത്. വിവരണങ്ങളെല്ലാം സ്വത്രന്തങ്ങളാണ്. എന്നാൽ അവയെ പൊരുത്തപ്പെടുത്തുക പ്രയാസമല്ല. പുനരുത്ഥാനശേഷം ക്രിസ്തുവിനെ കണ്ട സാക്ഷികൾ വ്യത്യസ്ത തലങ്ങളിലുള്ളവരാണ്. ഇവരിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. വിശ്വാസികൾക്കാണ് അധികം പ്രത്യക്ഷപ്പെട്ടതെങ്കിലും അവിശ്വാസിയായ യാക്കോബിനും പ്രത്യക്ഷപ്പെട്ടു. അതിനുശേഷമാണ് യാക്കോബ് യേശുക്രിസ്തുവിൽ വിശ്വസിച്ചത്. അവിശ്വാസിയായിരുന്ന പൗലൊസിനു ക്രിസ്തു നല്കിയ പ്രത്യക്ഷതയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിച്ചവനും ക്രിസ്ത്യാനികളുടെ ബദ്ധശത്രുവുമായിരുന്നു അദ്ദേഹം. മരിച്ചവരുടെയിടയിൽ നിന്നു ഉയിർത്തെഴുന്നേറ്റ യേശുവിനെ താൻ കണ്ടത് അപ്പൊസ്തലൻ ഊന്നിപ്പറഞ്ഞിട്ടുണ്ട്.  

ശിഷ്യന്മാരിലുണ്ടായ മാറ്റം: ശിഷ്യന്മാരിലുണ്ടായ പരിവർത്തനം ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് വലിയ തെളിവാണ്. യേശുവിന്റെ ക്രൂശീകരണശേഷം പരാജിതരും സംഭീതരും ആയിരുന്ന ശിഷ്യന്മാർ ഏറെത്താമസിയാതെ ക്രിസ്തുവിനു വേണ്ടി കാരാഗൃഹവാസം അനുഭവിപ്പാനും മരിക്കുവാനും ധൈര്യപൂർവ്വം മുന്നോട്ടു വന്നു. യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രൊസിനെ ചില നാളുകൾക്കുശേഷം നാം കാണുന്നത് ഇളക്കുവാൻ കഴിയാത്ത ധൈര്യമുള്ള വനായിട്ടാണ്. ഈ മാറ്റം അവരിൽ എങ്ങനെയുണ്ടായി? യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു ദൃഢനിശ്ചയം ഇല്ലായിരുന്നുവെങ്കിൽ അവർ ഈ ത്യാഗത്തിന് മുതിരുമായിരുന്നോ? ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവിന്റെ പുനരുത്ഥാനം സംശയസ്പർശമറ്റതാണ്. 

ആരാധനാദിവസത്തിൽ വന്ന മാറ്റം: ക്രിസ്തുവിന്റെ ഉയിർപ്പോടുകൂടി വിശ്വാസികൾ ആഴ്ചയുടെ ഒന്നാം നാൾ ഒരുമിച്ചു കൂടി ദൈവത്തെ ആരാധിച്ചു. “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടി വന്നപ്പോൾ.” (അപ്പൊ, 20:7). “ഞാൻ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിനു ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും” (1കൊരി, 16:2). അപ്പൊസ്തലന്മാർ യെഹൂദന്മാർ ആയിരുന്നു. ആദിമകാലം തൊട്ടു യെഹൂദന്മാർ ആചരിച്ചിരുന്ന ശബ്ദത്തിനെ (ശനിയാഴ്ച) ഉപേക്ഷിച്ചുകൊണ്ടു ആരാധനയ്ക്കുവേണ്ടി ഞായറാഴ്ച സ്വീകരിച്ചതുതന്നെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു തെളിവാണ്. ഏദൻതോട്ടത്തിൽ വച്ചാണ് ദൈവം ശബ്ബത്തു ഏർപ്പെടുത്തിയത്. തുടർന്നു ദൈവത്തോടുള്ള യിസ്രായേലിന്റെ ഉടമ്പടിയുടെ അടയാളമായി ശബ്ബത്തിനെ സ്ഥിരീകരിച്ചു. (പുറ, 31:13; യെഹ, 20:12, 20). സൃഷ്ടിയുടെ സ്മാരകദിനമാണ് ശബ്ബത്തെങ്കിൽ പുതുസൃഷ്ടിയുടെയും പുനരുത്ഥാനത്തിന്റെയും സ്മാരകദിനമാണ് ഞായറാഴ്ച. ഞായറാഴ്ച്ച ആരാധനാദിനമായി മാറിയത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു തെളിവാണ്. ശബ്ബത്ത് സൃഷ്ടിപ്പിന്റെ പൂർത്തീകരണത്തെയും ഒന്നാം ദിവസം വീണ്ടെടുപ്പിന്റെ പൂർത്തീകരണത്തയും കാണിക്കുന്നു. 

സഭയുടെ ആരംഭം: ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്മേലാണ് സഭ പണിയപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ മരണത്തോടു കൂടി ചിതറിപ്പോയ ശിഷ്യന്മാർ ഒരുമിച്ചു കൂടുന്നതിനും സഭ രൂപം കൊള്ളുന്നതിനും കാരണമായത് ക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. 

പുതിയനിയമ രൂപീകരണം: ക്രിസ്തു പുനരുത്ഥാനം ചെയ്യാതിരുന്നുവെങ്കിൽ പുതിയനിയമം എഴുതപ്പെടുകയില്ലായിരുന്നു. യേശു കല്ലറയിൽ അടക്കപ്പെട്ട അവസ്ഥയിൽ ആയിരുന്നുവെങ്കിൽ അവന്റെ ജീവിതം മരണം എന്നിവയുടെ ചരിത്രം അവനോടൊപ്പം അടക്കപ്പെട്ടിരുന്നേനേ എന്ന ചൊല്ല് സാർത്ഥകമാണ്. 

പുനരുത്ഥാനത്തിന്റെ ഫലം: ക്രിസ്തു ശാസ്ത്രത്തിൽ പുനരുത്ഥാനം വളരെ പ്രധാനപ്പെട്ട വിഷയമാണ്. മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം ദിവസം താൻ ഉയിർത്തെഴുന്നേല്ക്കും എന്ന് യേശു പ്രവചിച്ചിരുന്നു. (മർക്കൊ, 8:31; 9:31; 10:34). ദൈവപുത്രനായ ക്രിസ്തു ദൈവമാകയാൽ പുനരുത്ഥാനം ചെയ്യേണ്ടിയിരുന്നു. ദൈവപുത്രനെ പിടിച്ചുവയ്ക്കുവാൻ മരണത്തിനു ആസാദ്ധ്യമായിരുന്നു. (പ്രവൃ, 2:24; റോമ, 1:5; യോഹ, 5:26). ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചു. (പ്രവൃ, 13:32,33). ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ പ്രാധാന്യം അപ്പൊസ്തലൻ വിശദമാക്കുന്നു; “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നുവരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിനു കള്ളസാക്ഷികൾ എന്നു വരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.” (1കൊരി, 15:14-17). ക്രിസ്തുവിന്റെ മരണത്തെ അംഗീകരിക്കുന്നവരിൽ പലരും ദേഹസഹിതമുള്ള പുനരുത്ഥാനത്തെ നിഷേധിക്കുന്നു. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിക്കുന്ന എല്ലാ സത്യങ്ങളുടെയും അധിഷ്ഠാനം പുനരുത്ഥാനമാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ കൊരിന്ത്യരുടെ വിശ്വാസം വ്യർത്ഥമാണ്. അപ്പൊസ്തലന്മാരുടെ പ്രസംഗം വ്യർത്ഥമാണ്; അവർ കള്ളസാക്ഷികളാണ്. ക്രിസ്തുവിൽ നിദ്രകൊണ്ടവർ നശിച്ചുപോയി. ക്രിസ്ത്യാനികൾ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. സുവിശേഷത്തിന്റെ അവിഭാജ്യഘടകമാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ക്രിസ്തു പുനരുത്ഥാനം ചെയ്തില്ലെങ്കിൽ നമ്മുടെ രക്ഷ പൂർത്തിയാക്കി എന്നതിനു ഉറപ്പൊന്നും ഇല്ല. വിശ്വാസികളുടെ പുനരുത്ഥാനത്തിന്റെ ഉറപ്പാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. നാം നീതീകരിക്കപ്പെട്ടിരിക്കുന്നത് അവന്റെ പുനരുത്ഥാനത്തിലാണ്. (റോമ, 4:25). ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി അനുഭവിച്ചറിയാൻ പൗലൊസ് തീവ്രമായി ആഗ്രഹിച്ചു. (ഫിലി, 3:10). ക്രിസ്തുവിനോടു കുടെ ഉയിർത്തെഴുന്നേറ്റ വിശ്വാസികൾ ഉയരത്തിലുള്ളത് അന്വേഷിക്കുവാൻ (കൊലൊ, 3:1), സ്വർഗ്ഗീയവിളിയാൽ (എബ്രാ, 3:1) വിളിക്കപ്പെട്ടവരാണ്.