All posts by roy7

ആമോസ്

ആമോസിൻ്റെ പുസ്തകം (Book of Amos)

പഴയനിയമത്തിലെ മുപ്പതാമത്തെ പുസ്തകം. പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ഒരുവനാണ് ആമോസ്. ബേത്ത്ലേഹെമിനു 10. കി.മീ. തെക്കുള്ള തെക്കോവാ ഗ്രാമക്കാരനായിരുന്നു. യിസ്രായേലിലെ ഉത്തര രാജ്യത്തിനെതിരായി പ്രവചിക്കുവാൻ വയലിൽ നിന്നും വിളിക്കപ്പെട്ട യെഹൂദ്യനും ഔദ്യോഗിക പരിശീലനം ലഭിച്ചിട്ടില്ലാത്തവനും പ്രവാചകപാരമ്പര്യവുമായി പുർവ്വബന്ധമില്ലാത്തവനും ആയിരുന്നു ആമോസ്. ആമോസ് പ്രവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറമേ വളരെക്കുറച്ചു മാത്രമേ അദ്ദേഹത്തെക്കുറിച്ചു അറിയാൻ കഴിയുന്നുള്ളു. പഴയനിയമത്തിൽ തന്റെ പേരിൽ മറെറാരു വ്യക്തി അറിയപ്പെടുന്നില്ല. യെശയ്യാ പ്രവാചകന്റെ പിതാവും ഈ ആമോസും നിശ്ചയമായും ഒരാളല്ല. (യെശ, 1:1). യേശുവിന്റെ വംശാവലിയിൽ ആമോസെന്ന പേരിൽ മറ്റൊരാളുണ്ട്. (ലൂക്കൊ, 3:25). ഭാരം ചുമക്കുന്നവൻ എന്നേ പേരിന്നർത്ഥമുള്ളൂ. എന്നാൽ പ്രവാചകന്റെ ചരിത്രത്തിലോ ആളത്തത്തിലോ ഈ അർത്ഥത്തിനു എന്തെങ്കിലും പ്രത്യേക വിവക്ഷ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. യെഹൂദാ രാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും ആയിരുന്നു ആമോസിന്റെ ശുശ്രൂഷ. (ആമോ, (1:1). ആമോസിന്റെ പരസ്യശുശ്രൂഷ ഒരു ഭൂകമ്പത്തിന് രണ്ടുകൊല്ലം മുമ്പായിരുന്നു. ആമോസ് പ്രവാചകനോ പ്രവാചകശിഷ്യനോ ആയിരുന്നില്ല. എങ്കിലും ദൈവം ആമോസിനെ പ്രവാചകനായി വിളിച്ചു. (7:14). 

എഴുതിയ കാലം: ആദ്യമായി പ്രവചനം രേഖപ്പെടുത്തിയത് ആമോസാണ്. ബി.സി. എട്ടാം ശതകത്തിന്റെ ദ്വിതീയ പാദമാണ് കാലം. യെഹൂദാരാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെയും കാലത്തായിരുന്നു ആമോസിന്റെ പ്രവർത്തനം. (1:1). യിസ്രായേൽ യെഹൂദാ രാജാക്കന്മാരുടെ ഭരണകാലങ്ങളെ കുറിച്ച് വേണ്ടുവോളം അഭിപ്രായഭേദങ്ങളുണ്ട്. ഉസ്സീയാരാജാവിന്റെ 52 വർഷത്തെ നീണ്ട വാഴ്ച 792 ബി.സി.യിൽ ആരംഭിച്ചു എന്നും 740 ബി.സി.യിൽ അദ്ദേഹം മരിച്ചു എന്നും കരുതപ്പെടുന്നു. ഉസ്സീയാവു കുഷ്ഠരോഗിയായപ്പോൾ (ബി.സി. 750) പുത്രനായ യോഥാം സഹഭരണാധിപനായി. യൊരോബെയാം രണ്ടാമന്റെ . ഭരണകാലം ബി.സി. 793-753 ആയിരിക്കണം. ഈ രണ്ടു രാജാക്കന്മാരും ഒരേകാലത്തു വളരെക്കാലം ഭരിച്ചിരുന്നതുകൊണ്ട് അതിൽ നിന്നും പ്രവചനകാലം ഗണിച്ചെടുക്കുന്നതു പ്രയാസമാണ്. ഒരു ഭൂകമ്പത്തിന് രണ്ടുവർഷം മുമ്പായിരുന്നു ആമോസിന്റെ പരസ്യശു ശൂഷയുടെ ആരംഭം. ഭൂകമ്പത്തിന്റെ കാലം രേഖപ്പെടുത്തിയിട്ടില്ല. ഉസ്സീയാവിന്റെ കാലത്തുണ്ടായ ഭൂകമ്പത്തെക്കുറിച്ചു സെഖര്യാ പ്രവാചകനും (14:5) പ്രസ്താവിക്കുന്നതുകൊണ്ട് അതൊരു പ്രധാന സംഭവമായിരുന്നു എന്നു മനസ്സിലാക്കാം. ബി.സി. 763-ാം വർഷം ജൂൺമാസം 15-ാം തീയതി ഒരു പൂർണ്ണസൂര്യഗ്രഹണം നടന്നതായി കാണുന്നു. ആമോസ് 4:13 സൂര്യഗ്രഹണത്തോടൊപ്പം നടന്ന ഭൂകമ്പത്തെ സൂചിപ്പിക്കുന്നതായി സി.റ്റി. ഫ്രാൻസിസ്കോ തന്റെ പഴയനിയമ പ്രവേശികയിൽ പറയുന്നു. എങ്കിൽ പ്രവചനാരംഭം ബി.സി. 765 ആണെന്നു വരും. ഉസ്സീയാവു ആലയത്തിൽ കടന്നു ധൂപം കാട്ടുവാൻ ഒരുങ്ങിയപ്പോഴാണ് ഭൂകമ്പം നടന്നതെന്ന് ജൊസീഫസ് പറയുന്നു. അപ്പോൾ തന്നെ രാജാവിനെ കുഷ്ഠം ബാധിച്ചു . നിർഭാഗ്യവശാൽ സൂര്യഗ്രഹണം ബി.സി. 763-ലും, യോഥാം ഭരണം ആരംഭിച്ചത് ബി.സി. 750-ലും ആണ്. തന്മൂലം കൃത്യമായ കാലഗണനം അല്പം ബുദ്ധിമുട്ടുള്ളതാണ്. 

പ്രവചനത്തിന്റെ ആധികാരികത: പ്രവചനത്തിന്റെ ദൈവികാധികാരത്തെ പുതിയനിയമം ഉറപ്പിക്കുന്നു. ന്യായാധിപസംഘത്തിനു മുമ്പാകെ സ്തെഫാനൊസ് ചെയ്ത പ്രസംഗത്തിൽ (പ്രവൃ, 7:42-43) ആമോസ് 5:25-27 ഉദ്ധരിച്ചു. യെരുശലേം സമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ (പ്രവൃ 15:16) യാക്കോബ് ആമോസ് 9:11 ഉദ്ധരിച്ചു. ആമോസ് 1:9-12, 2:4-5,13, 5:8, 9:5,6,11-15 എന്നീ ഭാഗങ്ങളൊഴികെ ആമോസ് പ്രവചനത്തിന്റെ ഐക്യം മിക്കവാറും എല്ലാവരും അംഗീകരിക്കുന്നുണ്ട്. മേല്പ്പറഞ്ഞ ഭാഗങ്ങൾ പില്ക്കാലത്തെ കൂട്ടിച്ചേർക്കലുകളാണെന്നു ചിലർ കരുതുന്നു. യിസ്രായേൽ മതത്തിന്റെ വികാസത്തെക്കുറിച്ചുള്ള തെറ്റായ സിദ്ധാന്തങ്ങളാണ് അതിന്നടിസ്ഥാനം. ഉദാഹരണമായി ഓസ്റ്റർലീയും റോബിൻസനും ആമോസ് 9:11-12 പ്രവാസകാലത്ത് എഴുതപ്പെട്ടതാണെന്നു വാദിക്കുന്നു. ദാവീദിന്റെ കൂടാരം വീണുപോയതിനെക്കുറിച്ചുള്ള പരാമർശമാണ് അതിനടിസ്ഥാനം. എന്നാൽ ദാവീദിന്റെ കൂടാരം വീണുപോയെന്നു പ്രവാചകൻ പറയുന്നതിനു കാരണം ദാവീദിന്റെ കാലത്തു അതിനുണ്ടായിരുന്ന പ്രാധാന്യം നഷ്ടപ്പെട്ടതാണു; അല്ലാതെ, ബാബേൽ പ്രവാസത്തെ സൂചിപ്പിക്കുകയല്ല.

ശൈലി: ”ശുദ്ധമായ എബ്രായശൈലിയുടെ മകുടോദാഹരണം” എന്നാണ് ആമോസിന്റെ പുസ്തകത്തെ റോബർട്ട്സൻ സ്മിത്ത് വിശേഷിപ്പിക്കുന്നത്. ശൈലിയുടെ ലാളിത്യം അതിന്റെ മുഖമുദ്രയാണ്. പൂർണ്ണമായ സംഗ്രഥനവും, ഉചിതമായ പദവിന്യാസവും, മൌലികമായ അലങ്കാരപ്രയോഗങ്ങളും പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ലക്ഷ്യസാദ്ധ്യത്തിനായി പ്രവാചകൻ പദ്യവും ഗദ്യവും പ്രയോജനപ്പെടുത്തി. സന്ദേശം വ്യക്തമാക്കാനായി എല്ലാവിധ അലങ്കാരങ്ങളും പ്രയോഗിച്ചു. യിസായേൽ സംസ്കാരത്തിൽ നിന്നും ലഭ്യമായ വായ്മൊഴി സാഹിത്യത്തിന്റെ സമസ്ത സിദ്ധികളും പ്രയോഗിക്കുന്നതിനു ആമോസിനുള്ള സാമർത്ഥ്യം അദ്ദേഹത്തിന്റെ ഭാഷണങ്ങളിൽ കാണാം. കടങ്കഥകളിലും, ഉപമകളിലും, നാട്ടിലെ പഴഞ്ചൊല്ലുകളിലും വെളിപ്പെടുന്ന സംഭാഷണ ശൈലികളെ അദ്ദേഹം സ്വീകരിച്ചു. അധികം രൂപകങ്ങളും ഇടയൻ, കർഷകൻ എന്നീ നിലകളിൽ ഗ്രാമീണജീവിത നിരീക്ഷണത്തിൽ നിന്നും സ്വായത്തമാക്കിയവയാണ്. (1:3, 2:13, 3:12, 4:1, 9:9). തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായിരുന്നെങ്കിലും ആമോസ് അനഭ്യസ്തനായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ശൈലി വ്യക്തമാക്കുന്നു.

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാർ പിന്തുടർന്നുപോന്ന അവരുടെ വ്യാജമൂർത്തികൾ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” ആമോസ് 2:4.

2. “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” ആമോസ് 3:7.

3. “അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.” ആമോസ് 9:14,15.

ഉള്ളടക്കം: ക്രമീകൃതമായ രീതിയിൽ സൂക്ഷ്മതയോടെ രചിച്ച ഒരു ഗ്രന്ഥമാണിത്. ഓരോ ചെറിയ മുഖവുരയോടും ഉപസംഹാരത്തോടും കൂടെ മൂന്ന് വിഭാഗങ്ങളാണ് ഈ പ്രവചനത്തിലുള്ളത്. ഒന്ന്; എട്ടുജാതികളുടെ മേൽ ശിക്ഷാവിധിയുടെ പ്രഖ്യാപനം. രണ്ട്; യിസ്രായേലിന്റെ അതിക്രമങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഭാഷണങ്ങൾ. മൂന്ന്; തിരഞ്ഞെടുക്കപ്പെട്ട ജാതിയുടെ മേൽ വരാൻ പോകുന്ന ശിക്ഷയുടെ അനിവാര്യത വെളിപ്പെടുത്തുന്ന അഞ്ചു ദർശനങ്ങൾ.    

I. മുഖവുര: 1:1-2.

II. ന്യായവിധി ജാതികളുടെ മേൽ: 1:3-2:16 

1. സിറിയ: 1:3-5.

2. ഫെലിസ്ത്യർ: 1:6-8.

3. ഫിനീഷ്യ: 1:9-10. 

4. ഏദോം: 1:11-12. 

5. അമ്മോൻ: 1:13-15.

6. മോവാബ്: 2:1-3.

7. യെഹൂദാ: 2:4-5. 

8. യിസായേൽ: 2:6-16. 

III. യിസായേലിന്റെ അതിക്രമവും ശിക്ഷയും: 3:1-6:14. 

1. ഒന്നാം പ്രഭാഷണം: 3:1-15. 

2. രണ്ടാം പ്രഭാഷണം: 4:1-13. 

3. മൂന്നാം പ്രഭാഷണം: 5 :1-6:14. 

IV. പ്രവാചകന്റെ ദർശനങ്ങൾ: 7:1-9:10. 

1.. വെട്ടുക്കിളികളാലുള്ള നാശം: 7:1-3. 

2. അഗ്നിശിക്ഷ: 7:4-6. 

3. തുക്കുകട്ട: 7:7-9.

4. അമസ്യാവിന്റെ എതിർപ്പ്: 7:10-17.

5. ഗ്രീഷ്മകാലഫലക്കൊട്ട: 8:1-14.

6. ബേഥേലിലെ യാഗപീഠം: 9 :1-10. 

V. ഉപസംഹാരം: 9:11-15.

1. മശീഹയുടെ വരവും ഭൌമികവാഴ്ചയും: 9:11-12.

2. മശീഹയുടെ വാഴ്ചയിലെ സമൃദ്ധി: 9;13.

3. യിസ്രായേലിന്റെ യഥാസ്ഥാപനം: 9:14-15.

പൂർണ്ണവിഷയം

പ്രവാചകൻ തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
ദേശത്തിന്റെ അവസ്ഥ 1:1-2
ദൈവം ന്യായവിധി പ്രഖ്യാപിക്കുന്നു 1:3—2:3
ദമ്മേശേക്കിന്റെ മേലുള്ള ന്യായവിധി 1:3-5
ഫെലിസ്ത്യരുടെ മേലുള്ള ന്യായവിധി1:6-8
സോരിന്റെ മേലുള്ള ന്യായവിധി1:9 10
ഏദോമിന്റെ മേലുള്ള ന്യായവിധി 1:11 12
അമോന്യര്‍ക്കുള്ള ന്യായവിധി 1:13-15
മോവാബിന്റെ മേലുള്ള ന്യായവിധി 2:1-3
യെഹൂദയുടെ മേലുള്ള ന്യായവിധി 2:4 5
വടക്കെ രാജ്യമായ യിസ്രായേലിന്റെ മേലുള്ള ന്യായവിധി2:6-12
പദവിയും ഉത്തരവാദിത്വവും 3:1-3
ദൈവം പ്രവാചകനിലൂടെ സംസാരിക്കുന്നു 3:4-8
യിസ്രായേൽ ദരിദ്രരെ പീഡിപ്പിക്കുന്നു……
യിസ്രായേൽ ജനത്തിന്റെ സുഖഭോഗ ജീവിതം 3:9-15
യിസ്രായേലിന്റെ സമ്പത്ത്, വഷളായ
ആരാധനാ രീതി, വരാനിരിക്കുന്ന ശിക്ഷാവിധി 4:1-5
മുൻ ശിക്ഷകൾ, നല്ല ഫലം കണ്ടില്ല 4:5-13
വിലാപം, അനുതപിക്കുന്നതിനുള്ള ആഹ്വാനം 5:1-6
ദൈവത്തെ അന്വേഷിക്കുക, ജീവിക്കുക 5:4-6
ദരിദ്രരെ ചൂഷണം ചെയ്ത് നേടിയ സമ്പത്ത് നശിക്കും 5:7-13 ദൈവത്തെ അന്വേഷിക്കുക, അല്ലെങ്കിൽ
വീഥികളിൽ വിലാപം കേൾക്കും 5:14-17
“യഹോവയുടെ ദിവസം” – പ്രകാശമില്ലാതെ അന്ധതമസ്സ് 5:18-20
യിസ്രായേലിന്റെ മതപരമായ
ചടങ്ങുകളെക്കുറിച്ചുള്ള വിമര്‍ശനം 5:20-27
ഇസ്രായേലിന്റെ ഗർവ്വും അഹങ്കാരവും 6:1-14
യിസ്രായേലിന്റെ മേൽ വരുന്ന അത്യാഹിതത്തെ
സംബന്ധിച്ചുള്ള ദര്‍ശനം 7:1-9
അമസ്യാവിന് വരുന്ന നാശം 7:10-17
ദര്‍ശനങ്ങൾ 8:1—9:10
കൊട്ട നിറയെ ഫലങ്ങൾ 8:1-14
ബഥേലിലെ മന്ദിരത്തിന് വന്ന നാശം 9:1-10
ഭാവിയിൽ യിസ്രായേലിന്റെ യഥാസ്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനം 9:11-15

യോവേൽ

യോവേലിന്റെ പുസ്തകം (Book of Joel)

പഴയനിയമത്തിലെ ഇരുപത്തൊമ്പതാമത്തെ പുസ്തകം; ചെറിയ പ്രവാചകന്മാരിൽ രണ്ടാമത്തേത്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു. ചില ചെറിയ പിഴവുകളൊഴികെ (യോവേ, 1:7, 17; 2:11; 3:11) യോവേലിന്റെ എബ്രായപാഠം സംശുദ്ധമായി സംപ്രഷണം ചെയ്തിട്ടുണ്ട്. സെപ്റ്റ്വജിൻ്റ്, പെഷിത്താ, വുൾഗാത്താ (ലത്തീൻ) പാഠങ്ങൾ, മസോറെറ്റിക് പാഠത്തിൽ നിന്നും വളരെക്കുറച്ചു മാത്രമേ വ്യതിചലിക്കുന്നുള്ളൂ. അപ്രധാനമായ ചില കൂട്ടിച്ചേർക്കലുകൾ സെപ്റ്റജിന്റിലുണ്ട്. (1:5, 8, 18; 2:12; 3:11). ഇവ കുറെക്കൂടെ മെച്ചമായ മൂലപാഠത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്നതു സന്ദിഗ്ദ്ധമാണ്. 16-ാം നൂറ്റാണ്ടു മുതലുള്ള മിക്ക എബ്രായ ബൈബിളുകളിലും പുസ്തകത്തെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. യോവേൽ 1:1-20; 2:1-27; 3:1-5; 4:1-21; 2:28-32 ആണ് എബ്രായയിൽ മുന്നാമദ്ധ്യായം.

ഗ്രന്ഥകർത്താവും കാലവും: യോവേൽ പ്രവാചകൻ പെഥുവേലിന്റെ പുത്രനാണ്. ആത്മപ്പകർച്ചയെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം പ്രവൃത്തി 2:16 ഉദ്ധരിക്കുന്നിടത്തൊഴികെ ഈ പ്രവചനത്തിനു വെളിയിൽ മറ്റൊരിടത്തും യോവേൽ പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടില്ല. പ്രവാചകനെക്കുറിച്ചു വ്യക്തമായ അറിവു ലഭിച്ചിട്ടില്ല. യിസ്രായേലിലെ സർവ്വ സാധാരണമായ സംജ്ഞയാണ് യോവേൽ. കാനോനികമായ തിരുവെഴുത്തുകളിൽ പന്ത്രണ്ടോളം പേർ ഈ പേരിൽ അറിയപ്പെടുന്നുണ്ട്. പുരോഹിതന്മാരെ സംബോധന ചെയ്യുന്നതിൽ നിന്നും അദ്ദേഹം പുരോഹിത ഗണത്തിൽ ഉൾപ്പെട്ടവനാണെന്നു കരുതപ്പെടുന്നു. (യോവേ, 1:13, 2:17). പുസ്തകത്തിന്റെ ശീർഷകത്തിൽ സ്ഥലം സൂചിപ്പിച്ചിട്ടില്ല. യെരൂശലേം അഥവാ യെഹൂദാ ആയിരിക്കണം ഈ അരുളപ്പാടുകളുടെ ഈറ്റില്ലം. മൂന്നാമദ്ധ്യായം മറ്റാരോ എഴുതിയതാണെന്നു ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗ്രന്ഥത്തിനു സാഹിത്യപരമായ ഏകത്വമുണ്ടെന്നും പെഥുവേലിന്റെ മകനായ യോവേൽ തന്നെയാണു മുഴുവൻ ഗ്രന്ഥത്തിന്റെയും കർത്താവെന്നും അധികം പണ്ഡിതന്മാരും സമ്മതിക്കുന്നുണ്ട്.

യോവേലിന്റെ ശുശ്രൂഷാകാലം ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടില്ല. ബി.സി. 200 ആണു ഇതിന്റെ കാലം എന്നു ഓസ്റ്റർലിയും റോബിൻസനും പറഞ്ഞു കാണുന്നു. ബി.സി. 400-നു അപ്പുറം ആയിരിക്കുകയില്ല ഇതിന്റെ രചനാകാലം എന്ന ആർ.കെ. ഹാരിസന്റെ മതം. ബാബേൽ പ്രവാസത്തിനു മുമ്പാണു യോവേൽ ജീവിച്ചിരുന്നതെന്നു ഗ്രന്ഥത്തിലെ ആഭ്യന്തരതെളിവുകൾ ചൂണ്ടിക്കാണിക്കുന്നു. യോവാശ് രാജാവിന്റെ വാഴ്ചക്കാലം (ബി.സി. 835-796) ആയിരിക്കണം പ്രവചനത്തിന്റെ കാലം. പ്രവാസാനന്തര പ്രവാചകന്മാരായ ഹഗ്ഗായി, സെഖര്യാവു, മലാഖി എന്നിവരുടേതിൽ നിന്നു വ്യത്യമാണ് ഈ പ്രവചനത്തിന്റെ ഭാഷാരീതിയും പ്രമേയവും. ഇതിന്റെ ഭാഷയും ശൈലിയും ക്ലാസിക്കൽ എബ്രായ സാഹിത്യത്തോടടുത്തു നിൽക്കുന്നു. രാജാവിനെക്കുറിച്ചുള്ള ഒരു പരാമർശവും പുസ്തകത്തിലില്ല. യോവാശ് രാജാവായപ്പോൾ അവനു ഏഴു വയസ്സായിരുന്നുപ്രായം. (2ദിന, 24:1, 2രാജാ, 11:21). മഹാപുരോഹിതനായ യെഹോയാദയും മുപ്പന്മാരുമാണു ഭരണനിർവ്വഹണം നടത്തിയിരുന്നത്. യിസ്രായേലിന്റെ ശത്രുക്കളായി പ്രവാചകൻ പറഞ്ഞിരിക്കുന്നതു സോർ, സീദോൻ, ഫെലിസ്ത്യർ, മിസ്രയീം, ഏദോം എന്നിവരെയാണ്. (3:4,19). ആമോസിന്റെ കാലം മുതൽ പ്രവാസകാലം വരെ യിസ്രായേലിനെ പീഡിപ്പിച്ച അശ്ശൂര്യരെയും ബാബിലോന്യരെയും കുറിച്ചു പ്രവാചകൻ പറഞ്ഞിട്ടില്ല. അതിൽ നിന്നും പ്രവാസകാലത്തിനു മുമ്പാണ് പ്രവചനത്തിന്റെ രചനാ കാലമെന്നു കരുതാം. യവനരെക്കുറിച്ചുള്ള പരാമർശം പ്രവാസാനന്തരകാലത്തെ തെളിയിക്കുവാൻ പര്യാപ്തമല്ല. ബി.സി. 8-ാം നൂറ്റാണ്ടിലെ അശ്ശൂർ രേഖകളിൽ യവനരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യോവേൽ പ്രവചനം ആമോസ് പ്രവാചകനു പരിചിതമായിരുന്നുവെന്നു ചില ഭാഗങ്ങൾ വ്യഞ്ജിപ്പിക്കുന്നുണ്ട്. (ഉദാ; യോവേ, 3:16, ആമോ, 1:2, യോവേ, 3;18, ആമോ, 9:13). ആമോസിനു മുമ്പു യോവേൽ പ്രവചനം എഴുതപ്പെട്ടിരിക്കണം. 

വിഷയ സംഗ്രഹം: നാലു പ്രധാന വിഷയങ്ങളാണ് യോവേൽ പ്രതിപാദിക്കുന്നത്. ഒന്ന്; ഭയങ്കരനാശം വരുത്തിവച്ച വെട്ടുക്കിളിബാധ. രണ്ട്; പശ്ചാത്താപം മൂലം യിസ്രായേലിനു വീണ്ടും ലഭിച്ച ഐശ്വര്യം. മൂന്ന്; ആത്മാവിന്റെ ദാനങ്ങൾ. നാല്; യിസ്രായേലിനു ദോഷം ചെയ്ത ജാതികളുടെ മേലുള്ള അന്ത്യന്യായവിധിയും യെഹൂദയ്ക്കുള്ള അനുഗ്രഹവും. യഹോവയുടെ അരുളപ്പാടു തനിക്കുണ്ടായി എന്ന മുഖവുരയോടെ യോവേൽ പ്രവചനം ആരംഭിക്കുന്നു. (1:1). ഭയാനകമായ രീതിയിൽ വെട്ടുക്കിളിപ്പട അനുക്രമമായി നടത്തിയ ആക്രമണത്തിന്റെ വിവരണമാണ് 1:1:12-ൽ. ഈ ബാധയുടെ ഫലങ്ങൾ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. (1:5-12). മദ്യപന്മാർക്കു പുതുവീഞ്ഞു അറ്റുപോയിരിക്കുകയാണ്. വെട്ടുക്കിളിയുടെ പല്ല് സിംഹത്തിന്റെ പല്ലിനു തുല്യം ഭയങ്കരമാണ്. വയലുകളിലെയും മുന്തിരിത്തോട്ടങ്ങളിലെയും വിളവു മുഴുവൻ നശിച്ചുപോയി. യഹോവയുടെ ക്രോധത്തിന്റെ നാൾ വന്നിരിക്കുന്നതുകൊണ്ടു പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി പുരോഹിതന്മാർ രട്ടുടുത്ത് വിലപിക്കേണ്ടതാണ്. (1:13-15). പശ്ചാത്താപത്തിന്റെ ഫലങ്ങളാണ് 1:13-2:27-വരെ വിവരിക്കുന്നത് ഉപവാസത്തെയും യാഗത്തെയും കുറിച്ചുള്ള പഴയനിയമ വീക്ഷണങ്ങൾ പരസ്പര വിരുദ്ധങ്ങളല്ല. ആമോസ്, യെശയ്യാവു എന്നിവരെക്കാൾ യോവേൽ അനുഷ്ഠാനങ്ങൾക്കു പ്രാധാന്യം നല്കുന്നു. ഒരു പ്രാർത്ഥനയായിരിക്കണം 16-20 വാക്യങ്ങൾ. തുടർന്നു പ്രവാചകൻ വർണ്ണിക്കുന്നതു യഹോവയുടെ നാളിനെക്കുറിച്ചാണ്. (2:1-11). യഹോവയുടെ ദിവസം ഇരുട്ടും അന്ധകാരവുമുള്ളാരു ദിവസവും മേഘവും കൂരിരുട്ടുമുള്ളാരു ദിവസവും തന്നേ. വെട്ടുക്കിളിപ്പടയുടെ മുന്നേറ്റം നിമിത്തം ജനങ്ങൾ നടുങ്ങുകയാണ്. ന്യായവിധിക്കു മുമ്പായി വിധിയുടെ താഴ്വരയിൽ ജാതികൾ കൂടുന്നതിന്റെ പ്രതീകമായിരിക്കണം വെട്ടുക്കിളികൾ. ഭയത്തിന്റെ ചുറ്റുപാടിൽ അനുതപിക്കുവാനുള്ള സമയം വൈകിയിട്ടില്ല. (2:12-14). വസ്ത്രങ്ങളെയല്ല, ഹൃദയങ്ങളെതന്നെ കീറി യഥാർത്ഥ അനുതാപത്തോടു കൂടി ദൈവത്തിങ്കലേക്കു തിരിയുമെങ്കിൽ ദൈവം അനുതപിക്കുകയും പൂർവ്വാധികം അനുഗ്രഹം നല്കുകയും ചെയ്യും. (2:18,25). ആത്മാവിന്റെ പകർച്ചയാണ് 2:28-32 വരെ. ഈ ഭാഗം പെന്തെകൊസ്തനാളിൽ നിറവേറിയതായി അപ്പൊസ്തലനായ പത്രാസ് പ്രസ്താവിക്കുകയുണ്ടായി. മഹാപീഡന കാലത്തിന്റെ ഒരു ദർശനവും നമുക്കിവിടെ ലഭിക്കുന്നു. 32-ാം വാക്യം കർത്താവായ യേശുക്രിസ്തുവിൽ പ്രത്യക്ഷരം നിറവേറുകയാണ്. കർത്താവായ യേശുവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ നിത്യരക്ഷ സ്വായത്തമാക്കുന്നു. ജാതികളുടെ ന്യായവിധിയാണു് 3-ാം അദ്ധ്യായം. വിധിയുടെ താഴ്വരയിൽ കൂടിച്ചേരുന്ന ജാതികളെ വിധിക്കുന്നത് ദൈവം തന്നെയാണ്. (3:12-14). ഭൗമികവും യുഗാന്ത്യപരവുമായ പ്രവചനങ്ങൾ ഈ അദ്ധ്യായത്തിൽ സമ്മേളിതമായിരിക്കുന്നു. 

കാലികമായതിലൂടെ കാലാതീതത്വം വെളിപ്പെടുത്തുകയാണു യോവേലിന്റെ പ്രവചനം. വെട്ടുക്കിളി ബാധ ദൈവക്രോധത്തിന്റെ പ്രതീകവും പാപത്തിന്മേലുള്ള ദൈവത്തിന്റെ ശിക്ഷദമായ സന്ദർശനവുമാണ്. അനുതാപത്തെത്തുടർന്നു ദൈവം തന്റെ ജനത്തിനു നല്കുന്ന വീണ്ടെടുപ്പു പ്രവാചകൻ വ്യക്തമായി ചിത്രീകരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനം, യഹോവയുടെ നാൾ എന്നിവയോടു ബന്ധപ്പെട്ട പ്രവചനങ്ങൾ ഇതിലുണ്ട്. ചെറുതെങ്കിലും സ്തോഭജനകമായ പുസ്തകമാണ് യോവേലിന്റേത്.

പ്രധാന വാക്യങ്ങൾ: 1. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” യോവേൽ 1:4.

2. “ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.” യോവേൽ 2:25.

3. “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.” യോവേൽ 2:28.

4. “അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനെക്കും.” യോവേൽ 3:18.

ബാഹ്യരേഖ: I. വെട്ടുക്കിളി ബാധയെക്കുറിചുള്ള വിവരണം: 1:1-20.

1. പണ്ടുണ്ടാകാത്ത തരത്തിലുള്ള അതിന്റെ കാഠിന്യം: 1:1-4.

2. മദ്യപന്മാരുടെ മേൽ: 1:5-7.

3. പുരോഹിതന്മാരുട മേൽ: 1:8-10; 13-16.

4. കൃഷിക്കാരുടെ മേൽ: 1:11,12,17, 18.

5. പ്രവാചകൻ നിവവിളിക്കുന്നു: 1:19,20.

II. ശ്രതുവിന്റെ ആക്രമണത്തെ കുറിച്ചുള്ള വിവരണം: 2:1-11. 

III. യഹൂദയോട് അനുതപിക്കുവാൻ ദൈവം ആവശ്യപ്പെടുന്നു: 2:12-14. 

IV. ഉപവാസ പ്രഖ്യാപനം: 2:15-17. 

V. ദൈവീക വിടുതൽ വാഗ്ദത്തം ചെയ്യപ്പെടുന്നു: 2:18-3:21.

1. ഭൗതികമായ സമൃദ്ധി: 2:18,19, 21-27.

2. ശത്രുവിന്റെ നാശം:  2:20.

3. ദൈവത്തിന്റെ ആത്മാവ് പകരപ്പെടുന്നു: 2:28,29.

4. ക്രിസ്തുവിന്റെ രണ്ടാം വരവിനു മുമ്പുള്ള അടയാളങ്ങൾ: 2:30-32.

5. ജാതികൾക്കുള്ള ന്യായവിധി: 3:1-16.

6. യഹൂദന്മാരുടെ പുനഃസ്ഥാപനവും ഭാവി അനുഗ്രഹവും: 3:16-21.

പൂർണ്ണവിഷയം

വെട്ടുക്കിളിയുണ്ടാക്കുന്ന നാശം 1:2-20
യഹോവയുടെ ദിവസം 2:1
യിസ്രായേലിനെ ആക്രമിക്കുന്ന സൈന്യങ്ങൾ 2:2-10
അവര്‍ അനുതപിക്കുമെങ്കിൽ രക്ഷിക്കയും അനുഗ്രഹിക്കുകയും ചെയ്യും എന്ന വാഗ്ദത്തം 2:18-20
സന്തോഷത്തിന്റെ സന്ദേശം 2:21-24
ഭാവി അനുഗ്രഹങ്ങൾ, പരിശുദ്ധാത്മാവിന്റെ അഭിഷേകം 2:25-32
യിസ്രായേലിനെ കഷ്ടപ്പെത്തുന്നവരുടെ മേലുള്ള ശിക്ഷാവിധി 3:3-16
യിസ്രായേലിന് അനുഗ്രഹം വരുമെന്നുളള വാഗ്ദത്തം 3:17-21

ഹോശേയ

ഹോശേയയുടെ പുസ്തകം (Book of Hosea)

പഴയനിയമത്തിലെ ഇരുപത്തെട്ടാമത്തെ പുസ്തകം; ചെറുപ്രവാചകന്മാരിൽ ആദ്യത്തേതും. പഴയനിയമ പ്രവചന പുസ്തകങ്ങളിൽ ഉത്തരരാജ്യമായ യിസ്രായേലിൽ നിന്നുത്ഭവിച്ചതു ഹോശേയ മാത്രമാണ്. പുസ്തകം ഗ്രന്ഥകാരന്റെ പേരിൽ അറിയപ്പെടുന്നു.

പ്രവാചകന്റെ കാലം: കാലത്തെക്കുറിച്ചു വ്യക്തമായ സൂചന നല്കിക്കൊണ്ടാണ് പ്രവചനം ആരംഭിക്കുന്നത്. ”ഉസ്സീയാവു, യോഥാം, ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായി യോവാശിൻ മകനായ യൊരോബെയാമിന്റെ കാലത്തും ബയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാട്.” (1:1). പ്രവാചകന്റെ ശുശ്രൂഷയുടെ ആരംഭം സൂക്ഷ്മമായി പറയുക എളുപ്പമല്ല. രണ്ടുവിധത്തിലുള്ള കാല സൂചനയാണ് ഒന്നാം വാക്യത്തിൽ കൊടുത്തിട്ടുള്ളത്; യെഹൂദ പശ്ചാത്തലത്തിലും യിസ്രായേൽ പശ്ചാത്തലത്തിലും. ഉസ്സീയാവു (ബി.സി. 767-740), യോഥാം (740-732), ആഹാസ് (732-716), ഹിസ്കീയാവു് (716-687) എന്നീ നാലു യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടാമന്റെ കാലത്തും (782-753 ബി.സി) പ്രവാചകൻ ശുശ്രൂഷിച്ചു. പ്രവാചകന്റെ പ്രവർത്തനം നടന്ന ദേശത്തിനു പ്രാധാന്യം നല്കാതെ യെഹൂദ്യ രാജാക്കന്മാർക്കു പ്രാമുഖ്യം നല്കുന്നതുകൊണ്ടു യെഹൂദയിലാരോ അനുബന്ധിച്ചതാണ് ആദ്യവാക്യം എന്നു കരുതുന്നവരുണ്ട്. ദാവീദിന്റെ വംശത്തെ നിയമാനുസൃതമായി കരുതി പ്രവാചകൻ തന്നെ ഇങ്ങനെ പ്രാരംഭവാക്യം രേഖപ്പെടുത്തി എന്നു ചിന്തിക്കുന്നതിൽ തെറ്റില്ല. 1-4-ൽ യേഹൂ ഗൃഹത്തെക്കുറിച്ചുള്ള പരാമർശം യൊരോബെയാം രണ്ടാമന്റെ മരണത്തിനു മുമ്പുള്ള (ബി.സി. 753) കാലത്തെ ചൂണ്ടിക്കാണിക്കുന്നു. ഹോശേയ 8-9-ലെ അശ്ശൂരിനെക്കുറിച്ചുള്ള സൂചന മെനഹേം തിഗ്ലത്ത്-പിലേസർ തൃതീയനു നല്കിയ കപ്പത്തെക്കുറിച്ചാണെങ്കിൽ (ബി.സി. 739) ബി.സി. 743-ലും പ്രവാചകന്റെ ശുശ്രൂഷ തുടർന്നിരുന്നു എന്നു കാണാം. ബി.സി. 735-734-ലെ അരാമ്യ എഫയീമ്യയുദ്ധമാണ് ഹോശേയ 5:8-6:6-ൽ സുചിതമെങ്കിൽ യൊരോബെയാമിന്റെ മരണശേഷവും പ്രവാചകന്റെ ശുശ്രൂഷ തുടർന്നു എന്നു മനസ്സിലാക്കാം. ചുരുക്കത്തിൽ ബി.സി. 753 മുതൽ ശമര്യയുടെ പതനം വരെയും (ബി.സി. 722) പ്രവാചകന്റെ ശുശ്രൂഷ നീണ്ടുനിന്നു എന്നു വ്യക്തമാണ്. ദീർഘകാലം യിസ്രായേലിൽ പ്രവർത്തിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. തന്മൂലം പ്രവാചകൻ യെഹൂദയിലേക്കു വന്നുവെന്നും അവിടെ വച്ചു പ്രവചനം എഴുതി എന്നും കരുതപ്പെടുന്നു. പ്രവാചകന്റെ കാലത്തു യിസ്രായേൽ സാമ്പത്തികഭദ്രത കൈവരിച്ചിരുന്നു. യൊരോബെയാം രണ്ടാമന്റെ ഭരണം യിസ്രായേലിനെ സംബന്ധിച്ചിടത്തോളം സുവർണ്ണകാലമായിരുന്നു. വാണിജ്യത്തിന്റെ വികാസം നഗരങ്ങളുടെ വളർച്ചയ്ക്കു വഴിതെളിച്ചു. ഇടത്തരം കച്ചവടക്കാരുടെ വർഗ്ഗം വളർന്നു വന്നു. സമ്പത്തിന്റെ വളർച്ച മതപരമായ അധഃപതനത്തിനും അപചയത്തിനും കാരണമായി. അതിൽ ദുഃഖിതനായ പ്രവാചകൻ സ്വന്തം കുടുംബജീവിതത്തിലൂടെ ദൈവികസന്ദേശം ജനത്തെ അറിയിച്ചു. 

ഹോശേയയും ഗോമറും: ഹോശേയ പ്രവാചകന്റെ വിവാഹത്തിന്റെ ചുറ്റുപാടുകളും അതിന്റെ പ്രാവചനികമായ വ്യംഗ്യാർത്ഥവും പണ്ഡിതന്മാരുടെ തീരാത്ത വാദപ്രതിവാദങ്ങളുടെ കളമാണ്. ‘ഭഗ്നഭവനത്തിന്റെ പ്രവാചകൻ’ എന്നാണ് പ്രവാചകൻ അറിയപ്പെടുന്നത്. പ്രവാചകന്റെ വിവാഹബന്ധത്തെക്കുറിച്ചുള്ള വിവരണം ഒന്നും മൂന്നും അദ്ധ്യായങ്ങളിലുണ്ട്. ഒന്നാമദ്ധ്യായത്തിലേതു പ്രഥമ പുരുഷാഖ്യാനവും മൂന്നാ മദ്ധ്യായത്തിലേത് ഉത്തമ പുരുഷാഖ്യാനവുമാണ്. നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക (1:2) എന്ന് യഹോവ പ്രവാചകനോടു കല്പിച്ചു. അതനുസരിച്ച് അദ്ദേഹം ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു. അവളിൽ പ്രവാചകനു ‘യിസ്രെയേൽ’ (ദൈവം വിതയ്ക്കും), ‘ലോ-അമ്മീ’ (എന്റെ ജനമല്ല) എന്ന രണ്ടു പുത്രന്മാരും ‘ലോരൂഹമാ’ (കരുണ ലഭിക്കാത്തവൾ) എന്ന മകളും ജനിച്ചു. (1:4,6,9). മൂന്നാം അദ്ധ്യായത്തിൽ യഹോവ പ്രവാചകനോടു ”നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക” എന്നു കല്പിച്ചു. അതനുസരിച്ച് ഹോശേയ ഒരു വ്യഭിചാരിണിയെ വിലയ്ക്കു വാങ്ങി ശിക്ഷണത്തിൽ പാർപ്പിച്ചു. 3:1-3). ഈ പ്രവൃത്തിക്കും പ്രതീകാത്മക വ്യാഖ്യാനം നല്കിയിട്ടുണ്ട്. ഈ പ്രസ്താവനകൾക്കു ആക്ഷരികവ്യാഖ്യാനമാണോ, അതോ പ്രതീകാത്മകവ്യാഖ്യാനമാണോ നല്കേണ്ടത് എന്നതു വിവാദവിഷയമാണ്. 

ഹോശേയ രണ്ടു സ്ത്രീകളെ വിവാഹം ചെയ്തുവെന്നും (ആദ്യത്തേതിനെ ഉപേക്ഷിച്ചതിനു ശേഷം രണ്ടാമത്തേതിനെ സ്വീകരിച്ചു) അല്ല ഒരാളെ തന്നെ രണ്ടുപ്രാവശ്യം സ്വീകരിച്ചുവെന്നും വാദിക്കുന്നുവരുണ്ട്. ഹോശേയ ഗോമരിനെ പരിഗ്രഹിച്ചു. എന്നാൽ അവൾ ജാരന്മാരുടെ പുറകെ പോയി. പ്രവാചകൻ അവളെ വിലയ്ക്കു വാങ്ങി ഭവനത്തിൽ ചേർത്തു. ഇത് ദൈവവുമായുള്ള ബന്ധം വിട്ടുപോയ യിസ്രായേലിന്റെ ചിത്രമാണ്. വിശ്വസ്തനായ ദൈവം അവിശ്വസ്തയായ യിസ്രായേലിനെ മടക്കിക്കൊണ്ടുവന്നു. യിസായേലിനോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹമാണ് ഹോശേയാ പ്രവചനത്തിന്റെ വിഷയം. യിസ്രായേലിന്റെ വിഗ്രഹാരാധന, ദുഷ്ടത, ബന്ധനം, യഥാസ്ഥാപനം ഇവയാണു പ്രധാനമായി ചിത്രീകരിക്കുന്നത്. മക്കൾക്കു നല്കിയ പ്രതീകനാമങ്ങൾ പ്രവചനത്തിലെ പ്രധാന വിഷയങ്ങളെ ഉൾക്കൊള്ളുന്നു. യിസ്രെയേൽ-യേഹുവിന്റെ രാജവംശം ഉന്മൂലനം ചെയ്യപ്പെടും; ലോരുഹമാ-അശ്ശൂർ ബദ്ധരാക്കും; ലോ-അമ്മീ യിസായേലിന്റെ താൽകാലിക നിരാസം (റോമ, 11:1:24); അമ്മീ-അന്ത്യകാലത്ത് യിസ്രായേലിന്റെ യഥാസ്ഥാപനം (റോമ, 11:25-26). ഹോശേയാ പ്രവചനത്തിൽ നിന്നു പല ഭാഗങ്ങളും പുതിയനിയമത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. (ഹോശേ, 11 : 1 – മത്താ 2 : 15 ; ഹോശേ 6:6–മത്താ, 9:13, 12:7, ഹോശേ, 10:8–ലൂക്കൊ, 23:30, ഹോശേ, 2:23–റോമ, 9:25, ഹോശേ, 13:14-1കൊരി, 15:55, ഹോശേ, 1:9-10, 2:23–1പത്രൊ, 2:10).

പ്രധാന വാക്യങ്ങൾ: 1. “യഹോവ ഹോശേയമുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോടു: നീ ചെന്നുപരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.” ഹോശേയ 1:2.

2. “ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.” ഹോശേയ 2:23.

3. “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.” ഹോശേയ 6:6.

4. “നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും; അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈ വേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൌഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.” ഹോശേയ 14:2-4.

ബാഹ്യരേഖ: 1. യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം പ്രവാചകന്റെ വിവാഹാനുഭവത്തിലൂടെ ചിത്രീകരിക്കുന്നു: 1:1-3:5.

2. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വ്യവഹാരം: 4:1-5:15. 

3. മാനസാന്തരപ്പെടാനുള്ള പ്രബോധനം: 6:1-11.

4. യിസ്രായേലിനു അയ്യോ കഷ്ടം: 7:1-16.

5. കാറ്റു വിതച്ചു ചുഴലിക്കാറ്റു കൊയ്യുക: 8:1-14.

6. യിസ്രായേലിനു വരാൻ പോകുന്ന ശിക്ഷ: 9:1-10.

7. ദൈവിക സ്നേഹത്തിന്റെയും കരുണയുടെയും വിജയം: 11:1-11.

8. യിസ്രായേലിന്റെ അവിശ്വസ്തത നിമിത്തമുള്ള നാശം: 11:12-13:16.

9. മാനസാന്തരപ്പെടുന്ന ജനത്തിന്റെ യഥാസ്ഥാപനം: 14:1-9.

പൂർണ്ണവിഷയം

ഹോശേയയുടെ ഭാര്യയും മക്കളും 1:1-11
യിസ്രായേൽ ജനത്തിന്റെ അവിശ്വസ്തത 2:1-13
യിസ്രായേലിനെ അവരുടെ പഴയകാല നന്മയിലേക്ക് യഥാസ്ഥാനപ്പെടുത്തുമെന്നുള്ള വാഗ്ദത്തം 2:14-23
ഹോശേയ തന്റെ അവിശ്വസ്തതയായ ഭാര്യയെ തിരികെ കൊണ്ടുവരുന്നു 3:1-5
ദൈവം യിസ്രായേൽ ജനത്തിനെതിരായി കുറ്റം ആരോപിക്കുന്നു 4:1-19
രാജാവിനും, പുരോഹിതന്മാർക്കും, ജനത്തിനും ഉള്ള മുന്നറിയിപ്പുകളും ഉപദേശങ്ങളും 5:1-15
അനുതാപത്തിനുള്ള ഒരു വിളി 6:1-3
യിസ്രായേൽ ജനത്തിനെതിരായ കൂടുതൽ കുറ്റങ്ങൾ 6:4-11
മത്സരം, വ്യഭിചാരം, മദ്യപാനം 7:1-16
യിസ്രായേലിന്റെ മേലുള്ള ന്യായവിധി 8:1—10:15
കൊടുങ്കാറ്റ് കൊയ്യുന്നു കൊയ്യുന്നു 8:1-14
തടവും പ്രവാസവും 9:1-17
അപമാനം 10:1-15
പാപം നിറഞ്ഞ യിസ്രായേൽ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹം 11:1-11
യിസ്രായേലിന്റെ കുറ്റബോധം, ദൈവം മുൻപ് അവരോട് കരുണ കാണിച്ചത് 11:12—12:14
യിസ്രായേലിന്റെ അവിശ്വസ്തത, അവരോടുള്ള ദൈവത്തിന്റെ കോപം 13:1-6
അനുതാപത്തിനുള്ള വിളി, അനുഗ്രഹ വാഗ്ദാനം 14:1-9

ദാനീയേൽ

ദാനീയേലിന്റെ പുസ്തകം (Book of Daniel)

പഴയനിയമത്തിൽ ഇരുപത്തി ഏഴാമത്തെ പുസ്തകം. വലിയ പ്രവാചകന്മാരിൽ നാലാമത്തേതാണ് ദാനീയേൽ പ്രവചനം. എബ്രായ ബൈബിളിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) ഉൾപ്പെടുന്നു. ദാനീയേൽ പ്രവാചകന് പ്രവചനാത്മാവ് ഉണ്ടായിരുന്നു എങ്കിലും പ്രവാചകൻ എന്ന ഔദ്യോഗിക പദവി ഇല്ലായിരുന്നു. അതുകൊണ്ടാണു ഈ പുസ്തകത്തെ പ്രവചനപുസ്തകങ്ങളുടെ വിഭാഗത്തിൽ ചേർക്കാത്തത്. പ്രധാനകഥാപാത്രമായ ദാനീയേലിന്റെ പേരിലാണ് പുസ്തകം അറിയപ്പെടുന്നത്. 

ഗ്രന്ഥകർത്താവും കാലവും: ബി.സി. ആറാം നൂററാണ്ടിൽ ദാനീയേൽ എഴുതി എന്നാണ് പരമ്പരാഗതമായ വിശ്വാസം. ദാനീയേൽ പ്രവചനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് “ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിചെയ്തു’ എന്ന് യേശു പ്രസ്താവിച്ചു. (മത്താ, 24:15). മക്കാബ്യകാലത്ത് എഴുതപ്പെട്ടതെന്ന് നിരുപകന്മാർ വാദിക്കുന്ന ഭാഗത്തുനിന്നാണ് (ദാനീ, 9:27; 12:11) യേശു ഉദ്ധരിച്ചത്. ദാനീയേൽ ഉത്തമപുരുഷനിൽ സംസാരിക്കുകയും ദൈവിക വെളിപ്പാട് ലഭിച്ചതായി അവകാശപ്പെടുകയും ചെയ്യുന്നു. (7:2; 4:6,7,8; 8:1,2,3). ‘അന്ത്യകാലം വരെ മുദ്രയിടുക’ എന്ന് ദാനീയേലിനു ലഭിച്ച കല്പനയും രേഖപ്പെടുത്തിയിട്ടുണ്ട്. (12:4). ദാനീയേൽ പ്രവചനത്തിന്റെ ആദ്യത്തെ ആറദ്ധ്യായങ്ങൾ ചരിത്രപരവും ഒടുവിലത്തെ ആറദ്ധ്യായങ്ങൾ പ്രവചന പരവുമാണ്. ഇരുഭാഗങ്ങൾക്കും തമ്മിലുള്ള സാംഗോപാംഗബന്ധം നിഷേധിക്കാനാവുന്നതല്ല. രണ്ടാം അദ്ധ്യായത്തിൽ അവതരിപ്പിച്ചിട്ടുള്ള വിഷയത്തിന്റെ വിശദീകരണമാണ് ഏഴ്, എട്ട് അദ്ധ്യായങ്ങളിൽ. 9-12 അദ്ധ്യായങ്ങളിലെ വെളിപ്പാടിനധിഷ്ഠാനം രണ്ടാം അദ്ധ്യായമാണ്. പുസ്തകത്തിന്റെ സാഹിത്യപരമായ ഐക്യം എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നു. ദാനീയേലിന്റെ സ്വഭാവം ഒരേ നിലയിലാണ് പുസ്തകത്തിൽ ആദിയോടന്തം പ്രത്യക്ഷപ്പെടുന്നത്. ദാനീയേൽ എന്ന ഏകവ്യക്തിയുടെ രചനയാണീ പുസ്തകം എന്നു തെളിയിക്കുന്ന വസ്തുതകളാണിവ. ദാനീയേൽ ജീവിച്ചിരുന്ന ബാബേൽ പേർഷ്യൻ സാമ്രാജ്യങ്ങളുടെ ചരിത്രപശ്ചാത്തലമാണ് പ്രവചനത്തിൽ പ്രതിഫലിക്കുന്നത്.

ദാനീയേലിലെ ഭാഷ: ദാനീയേൽ പ്രവചനത്തിലെ 1:1-2:4a; 8-12 അദ്ധ്യായങ്ങൾ എന്നീ രണ്ടു ഭാഗങ്ങൾ എബായയിലും 2:4b-7:28 അരാമ്യയിലുമാണ് എഴുതപ്പെട്ടത്. ഗ്രന്ഥരചനയ്ക്ക് രണ്ടു ഭാഷ പ്രയോജനപ്പെടുത്തിയതിനെക്കുറിച്ച് പല വിശദീകരണങ്ങൾ ഉണ്ട്. ഡാൽമൻ, റ്റോറി എന്നിവരുടെ അഭിപ്രായത്തിൽ ഒന്നാംഭാഗം അരാമ്യയിൽ നിന്നും തർജ്ജമ ചെയ്തതാണ്. തുടർന്ന് ദർശനങ്ങൾ എബായയിൽ എഴുതി. ദർശനങ്ങളിൽ ആദ്യത്തേത് ഒരു സംശോധകൻ അരാമ്യയിലേക്കു തർജ്ജമ ചെയ്തു. മറെറാരഭിപ്രായം അനുസരിച്ച ദാനീയേൽ പ്രവചനത്തിന്റെ ഭാഷ എബ്രായയാണ്. ഏതോ വിധത്തിൽ 2-7 അദ്ധ്യായങ്ങൾ നഷ്ടപ്പെട്ടു. ഈ വിടവ് നികത്തുന്നതിന് അരാമ്യ തർജ്ജമ പ്രയോജനപ്പെടുത്തി. പ്രവചനം മുഴുവൻ അരാമ്യയിൽ എഴുതി എന്നു ചാറത്സ് സിദ്ധാന്തിക്കുന്നു. എബ്രായ കാനോനിൽ സ്ഥാനം നേടുന്നതിനുവേണ്ടി ഒന്നാം അദ്ധ്യായവും ഒടുവിലത്തെ നാലു അദ്ധ്യായവും എബ്രായയിലേക്കു പരിഭാഷപ്പെടുത്തി. ദാനീയേലിന്റെ തർഗും ഒന്നും ലഭ്യമല്ലാത്തതുകൊണ്ടു പുസ്തകത്തിന്റെ വ്യാഖ്യാനം മസോറെറ്റിക് പാഠത്ത അടിസ്ഥാനമാക്കി ചെയ്യാനേ കഴിയു. മസോറെറ്റിക്പാഠം സംശുദ്ധമായ രീതിയിൽ ശേഷിക്കുന്നുണ്ട്. സെപ്റ്റ്വജിന്റ് പാഠവും അതിനെ പിന്തുടരുന്ന മറ്റു പല പാഠങ്ങളും മൂന്നു ബാലന്മാരുടെ പാട്ട് എന്ന ദീർഘമായ ഖണ്ഡം ദാനീയേൽ 3:23-നു ശേഷം കൂട്ടിച്ചേർത്തിട്ടുണ്ട്. സെപ്റ്റ്വജിന്റിലും വുൾഗാത്തയിലും സൂസന്നയുടെ കഥ 13-ാം അദ്ധ്യായമായും, ബേലും സർപ്പവും 14-ാം അദ്ധ്യായമായും ചേർത്തിട്ടുണ്ട്. കുമ്രാൻ ഗുഹകളിൽ നിന്നു കണ്ടെടുത്ത ലിഖിതങ്ങൾ ദാനീയേലിൻ എബായ അരാമ്യപാഠത്തെ സാധൂകരിക്കുന്നു.

ദാനീയേലിൻ്റെ പ്രവചനങ്ങൾ: പ്രവചനപഠനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രണ്ടു പുസ്തകങ്ങളാണ് പഴയനിയമത്തിലെ ദാനീയേൽ പ്രവചനവും പുതിയനിയമത്തിലെ വെളിപ്പാട് പുസ്തകവും. പ്രവചന പഠനത്തിനുള്ള താക്കോലുകളാണാ അവ. നെബൂഖദ്നേസരിന്റെ കാലം മുതൽ ക്രിസ്തുവിന്റെ പുനരാഗമനം വരെയുള്ള യെഹൂദ യെഹൂദേതര ചരിത്രത്തിൻ്റെ ഒരു ബാഹ്യരേഖ ഈ പ്രവചനത്തിലുണ്ട്. ഒലിവുമല പ്രഭാ ഷണം (മത്താ, 24,25; ലൂക്കൊ, 21), അധർമ്മമൂർത്തി; വെളിപ്പാട് പുസ്തകം എന്നിവയുടെ ശരിയായ വ്യാഖ്യാനത്തിന് ദാനീയേൽ പ്രവചനം സഹായകമാണ്. പ്രവചനത്തെ അംഗീകരിക്കുന്നവരുടെ ഇടയിൽതന്നെ ദാനീയേൽ പ്രവചന വ്യാഖ്യാനത്തെക്കുറിച്ച് രണ്ടു വിഭിന്ന വീക്ഷണങ്ങൾ നിലവിലുണ്ട്. ഒന്നാമത്തെ വീക്ഷണം അനുസരിച്ചു പഴയനിയമ യിസ്രായേലായ യെഹൂദന്മാർക്കു ദൈവം നല്കിയ വാഗ്ദാനങ്ങളുടെ നിറവേറൽ പുതിയനിയമ യിസ്രായേലായ സഭയിലാണ്. മഹാബിംബം (2:3-48), നാലുമൃഗങ്ങൾ (7:2-27), എഴുപതു ആഴ്ചവട്ടം (9:24-27) എന്നിവ ക്രിസ്തുവിന്റെ ഒന്നാം വരവിൽ പൂർത്തിയാകുന്നു. ബിംബത്തെ അടിച്ചു തകർത്ത കല്ല് (2:34,35) ക്രിസ്തുവിന്റെ ഒന്നാം വരവിനെ കുറിക്കുന്നു. ദാനീയേൽ 7:25-ലെ കാലവും കാലങ്ങളും കാലാംശവും പ്രതീകാത്മകമായി വ്യാഖ്യാനിക്കേണ്ടതാണ്. എഴുപതു ആഴ്ചവട്ടം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിൽ പൂർത്തിയായി. യെഹൂദന്മാരുടെ യാഗവ്യവസ്ഥ നിർത്തലാക്കുന്നത് മശീഹയുടെ മരണമാണ്. ശൂന്യമാക്കുന്നവൻ തീത്തൊസ് ചക്രവർത്തി യെരുശലേം നശിപ്പിച്ചതിനെക്കുറിക്കുന്നു. (9:27). 

രണ്ടാമത്തെ വീക്ഷണമനുസരിച്ച് ഈ പ്രവചനങ്ങളെല്ലാം ക്രിസ്തുവിന്റെ രണ്ടാം വരവിൽ പൂർത്തിയാകുന്നു. ഒരിക്കൽകൂടി യിസ്രായേൽ ദൈവത്തിന്റെ പരിഗണനയിൽ വരും. ദാനീയേൽ 2-ലെ ബിംബം ലോകരാജ്യങ്ങളെക്കുറിക്കുന്ന ബാബിലോൺ, മേദ്യ, പാർസ്യ, ഗ്രീസ്, റോം, എന്നിവയാണ് നാലു സാമ്രാജ്യങ്ങൾ. ഈ യുഗാന്ത്യം വരെ ഏതെങ്കിലും രൂപത്തിൽ റോം നിലനില്ക്കും. ഒടുവിൽ വരുന്ന പത്തു രാജാക്കന്മാരെ ക്രിസ്തു തന്റെ പുനരാഗമനത്തിൽ നശിപ്പിച്ച് തന്റെ രാജ്യം സ്ഥാപിക്കും. (2:41-45; വെളി, 17:12). ഈ നാലു സാമ്രാജ്യങ്ങളെ നാലുമൃഗങ്ങളായി ദാനീയേൽ 7-ൽ കാണിക്കുന്നു. നാലാമത്തെ മൃഗത്തിന്റെ പത്തു കൊമ്പ് ബിംബത്തിന്റെ പത്തുകാൽ വിരലുകളെ സൂചിപ്പിക്കുന്നു. പതിനൊന്നാമത്തെ കൊമ്പായി എതിർക്രിസ്തു വന്ന്, മൂന്നരവർഷം വിശുദ്ധന്മാരെ പീഡിപ്പിക്കും. (7:25). മനുഷ്യപുത്രനോടു സദൃശനായവനാണ് എതിർക്രിസ്തുവിനെ നശിപ്പിക്കുന്നത്. (ദാനീ, 7:13). ചരിത്രപരമായി ദാനീയേൽ 8-ലെ ചെറിയകൊമ്പ് അന്ത്യാക്കസ് എപ്പിഫാനസ് ആണ്. (8:9-14). എഴുപതു ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം പ്രവചനകാല ഗണനയിൽ പ്രാധാന്യം അർഹിക്കുന്നു. ബി.സി. 445-ൽ യെരുശലേം പുതുക്കിപ്പണിയുവാൻ അർത്ഥഹ്ശഷ്ടാ രാജാവ് കല്പന പുറപ്പെടുവിച്ചപ്പോൾ ആരംഭിച്ച് സഹസ്രാബ്ദരാജ്യം സ്ഥാപിക്കുന്നതോടു കൂടി എഴുപതു ആഴ്ചവട്ടം അവസാനിക്കുന്നു. (9:24). അറുപത്തൊമ്പതും എഴുപതും ആഴ്ചവട്ടങ്ങൾക്കിടയ്ക്ക് ഒരു ഇടവേളയുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തിന് തൊട്ടുമുമ്പുള്ള ഏഴുവർഷം മഹാപീഡനമാണ്. അതാണ് എഴുപതാമത്തെ ആഴ്ചവട്ടം. ഈ കാലത്തു വിശ്വാധിപത്യത്തിലേക്ക് ഉയരുന്ന എതിർക്രിസ്തു വിശുദ്ധന്മാരെ പിഡിപ്പിക്കും. ദാനീയേൽ 11:2 മുതൽ നാലു പാർസി രാജാക്കന്മാർ, അലക്സാണ്ടർ ചക്രവർത്തി, സെലൂക്യ, ടോളമി രാജാക്കന്മാർ, അന്ത്യാക്കസ് എപ്പിഫാനസ്, എതിർക്രിസ്തു എന്നിവരെക്കുറിച്ച് പ്രവചിക്കുന്നു. മഹാപീഡന കാലയളവ് മൂന്നരവർഷമാണ്. അതു അവസാനിക്കുന്നത് മഹാപീഡന വിശുദ്ധന്മാരുടെയും പഴയനിയമ വിശുദ്ധന്മാരുടെയും പുനരുത്ഥാനത്തോടു കൂടിയാണ്. (ദാനീ, 12:2,3). മഹാപീഡനകാലം 1260 ദിവസമാണ്. എന്നാൽ ദൈവാലയം വെടിപ്പാക്കുന്നതിനും യഥാസ്ഥാനപ്പെടുത്തുന്നതിനും മുപ്പതുദിവസം കൂടി വേണ്ടി വരും. (ദാനീ, 12:11). വീണ്ടും 45 ദിവസം കഴിഞ്ഞാണ് സഹസ്രാബ്ദവാഴ്ച ആരംഭിക്കുന്നത്. (ദാനീ, 12:12). 

പ്രധാന വാക്യങ്ങൾ: 1. “രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.” ദാനീയേൽ 2:31.

2. “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.” ദാനീയേൽ 3:17,18.

3. “ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.” ദാനീയേൽ 4:34.

4. “അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും. അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.” ദാനീയേൽ 9:24-27.

5. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.” ദാനീയേൽ 12:1,2.

ബാഹ്യരേഖ: I. ദാനീയേലിന്റെയും സഖികളുടെയും ചരിതം: 1:1-6:28.

1. രാജഭോജനവും പാനീയവും വിശ്വസ്തരായ യെഹൂദബാലന്മാർ നിരസിക്കുന്നു: 1:1-21.

2. നെബുഖദ്നേസർ രാജാവിന്റെ സ്വപ്നം; ഒരു ബിംബം. ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു: 2:49.

3. ശ്രദ്രക്, മേശെക്, അബേദ്നഗോ എന്നിവരെ തീച്ചുളയിൽ നിന്നും വിടുവിക്കുന്നു: 3:1-30.

4. നെബൂഖദ്നേസറിൻ്റെ വൃക്ഷസ്വപ്നം ദാനീയേൽ വ്യാഖ്യാനിക്കുന്നു: 4:1-37.

5. ബേൽശസ്സർ രാജാവും ചുവരിലെ കയ്യെഴുത്തും: 5:1-31.

6. ദാനീയേൽ സിംഹഗുഹയിൽ നിന്നു വിടുവിക്കപ്പെട്ടു: 6:1-28.

II. ലോകചരിത്രഗതിയെ സംബന്ധിക്കുന്ന ദർശനങ്ങൾ: 7:1-12:13.

1. നാലു മഹാമൃഗങ്ങളെക്കുറിച്ചുള്ള ദാനീയേലിന്റെ സ്വപ്നം: 7:1-28.

2. ആട്ടുകൊറ്റൻ, കോലാട്ടുകൊറ്റൻ, കൊമ്പ് ഇവയെക്കുറിച്ചുള്ള ദാനീയേലിന്റെ ദർശനം: 8:1-12.

3. ഗ്രബീയേൽ ദൂതൻ ദർശനം വ്യാഖ്യാനിക്കുന്നു: 8:13-27.

4. ദാനീയേലിൻ്റെ പ്രാർത്ഥന: 9:1-19.

5. എഴുപതു ആഴ്ചകളെക്കുറിച്ചുള്ള ദർശനം: 9:20-27.

6. ദാനീയേലിന്റെ പ്രാർത്ഥനയുടെ മറുപടിയുമായി ദൂതൻ പ്രത്യക്ഷപ്പെടുന്നു: 10:14.

7. ദൂതൻ ദാനീയേലിനെ ശക്തിപ്പെടുത്തുന്നു: 10:15-21.

8. പേർഷ്യ, ഗ്രീസ്, വടക്കെരാജ്യം, തെക്കെരാജ്യം അന്ത്യകാല സംഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രവചനം: 11:1-45.

9. മഹാപീഡനം, പുനരുത്ഥാനം, ന്യായവിധി, അന്ത്യ സന്ദേശം: 12:1-13.

യെഹെസ്ക്കേൽ

യെഹെസ്ക്കേൽ പ്രവാചകന്റെ പുസ്തകം (Book of Ezekiel)

പഴയനിയമത്തിലെ ഇരുപത്താറാമത്തെ പുസ്തകം; എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിൽ മൂന്നാമത്തേത്. ഗ്രന്ഥകർത്താവിന്റെ പേരിൽ അറിയപ്പെടുന്നു. പുരോഹിത പാരമ്പര്യത്തിലുൾപ്പെട്ട യെഹെസ്ക്കേൽ പ്രവാചകൻ യെരുശലേമിലാണ് ജീവിച്ചിരുന്നത്. ബൂസി എന്ന പുരോഹിതന്റെ പുത്രനായ ഇദ്ദേഹവും ഒരു പുരോഹിതനായിരുന്നു. (യെഹ, 1:3). ബി.സി. 597-ൽ യെഹോയാഖീൻ രാജാവിനോടൊപ്പം ബാബിലോണിൽ പ്രവാസിയായിപ്പോയി. (1:1). ബാബിലോണിൽ തെക്കുകിഴക്കുള്ള കെബാർ നദീതീരത്തു തേൽ-അബീബിൽ പാർത്തു. (3:15). പ്രവാസത്തിന്റെ അഞ്ചാം വർഷം നാലാം മാസമാണ് പ്രവചിക്കുവാനായി യെഹെസ്ക്കേൽ വിളിക്കപ്പെട്ടത്. (1:1,2). ഈ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒടുവിലത്തെ കാലം ഇരുപത്തേഴാം വർഷം ഒന്നാം മാസം ഒന്നാം തീയതിയാണ്. (29:17). അദ്ദേഹത്തിന്റെ ശുശ്രൂഷ ഇരുപത്തിരണ്ടു വർഷം അതായത് ബി.സി. 571 വരെ നീണ്ടുനിന്നു. ദാനീയേൽ പ്രവാചകനെ യെഹെസ്ക്കേൽ പ്രവാചകൻ അറിഞ്ഞിരുന്നു. (14:14, 20; 28:35).

ഗ്രന്ഥകർത്താവും കാലവും: പ്രവചനത്തിന്റെ കർത്തൃത്വത്തെക്കുറിച്ചും കാലത്തേക്കുറിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അഭിപ്രായഭേദം ഉണ്ടായിരുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ബെൻസീറായുടെ പട്ടികയിൽ യെഹെസ്ക്കേൽ പ്രവചനത്തിനു അനിഷേധ്യമായ സ്ഥാനം നല്കിയിട്ടുണ്ട്. എന്നാൽ എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പുസ്തകത്തെ ഒഴിവാക്കാനുള്ള ശ്രമം നടന്നതായി കാണുന്നു. അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1. പതിനാറാം അദ്ധ്യായം പരസ്യവായനയ്ക്ക് പറ്റിയതല്ല. 2. ഒന്നാമദ്ധ്യായവും സമാന്തരഭാഗങ്ങളും അപകടകരമായ ദർശനങ്ങൾക്കും സിദ്ധാന്തങ്ങൾക്കും ഇടനല്കും. 3. 40-48 അദ്ധ്യായങ്ങളിലെ വിശദാംശങ്ങൾ മോശെയുടെ മാറ്റമില്ലാത്ത ന്യായപ്രമാണത്തിനു വിരുദ്ധമാണ്. ന്യായപ്രമാണം അനുസരിച്ചു മാസാരംഭങ്ങളിൽ (അമാവാസി) ഹോമയാഗത്തിനു രണ്ടു കാളക്കിടാവിനെയും ഒരു ആടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കണം. (സംഖ്യാ, 20:11). എന്നാൽ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും മാത്രമേ യെഹെസ്ക്കേൽ (46:6) പ്രവാചകൻ നിർദ്ദേശിച്ചിട്ടുള്ളൂ. എന്നാൽ ഹനന്യാബെൻ ഹെസക്കിയ മുന്നൂറു ഭരണി എണ്ണ കത്തിച്ചു കുത്തിയിരുന്നു വൈരുദ്ധ്യങ്ങൾ പരിഹരിച്ചു എന്നും തുടർന്നു പ്രവചനത്തെ കാനോനിൽ അംഗീകരിച്ചു എന്നും തലമൂദ് പാരമ്പര്യം പറയുന്നു. എന്നാൽ ഈ ശ്രമം പൂർണ്ണ വിജയമായിരുന്നു എന്നു പറയുവാൻ നിവൃത്തിയില്ല. യെഹെസ്ക്കേൽ പ്രവചനവും പഞ്ചഗ്രന്ഥവും തമ്മിലുള്ള വ്യത്യാസം ഏലീയാവു വന്നു (മലാ, 4:5) വിശദമാക്കിത്തരുമെന്നു തമൂദിൽ പറയുന്നുണ്ട്. തുടർന്നു ഈ പ്രവചനത്തിന്റെ ഏകത്വവും അധികാരവും വിരളമായി മാത്രമേ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ 1924 മുതൽ സ്ഥിതി മാറി. ബി.സി. 230-നടുപ്പിച്ചാണ് പ്രവചനം എഴുതപ്പെട്ടതെന്നു സി.സി. ടോറി പ്രസ്താവിച്ചു. ബി.സി. 200-നടുത്തു ഒരു എഡിറ്റർ പുസ്തകത്തിനു ഇന്നത്തെ രൂപം നല്കി. ഭാഷാപരമായ തെളിവുകൾ ചൂണ്ടിക്കാട്ടി ബറോസ് എന്ന പണ്ഡിതൻ ഇതേകാലം അംഗീകരിക്കുന്നു. അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്താണ് ഇതു രചിക്കപ്പെട്ടതെന്നു എൽ.ഈ ബ്രൗൺ അഭിപ്രായപ്പെട്ടു. 

ടോറി പറയുന്ന കാലം ഏറെപ്പേർ അംഗീകരിക്കുന്നില്ലെങ്കിലും പ്രവചനത്തിൽ അധികഭാഗവും പലസ്തീനിൽ വച്ചു എഴുതപ്പെട്ടതാണെന്നു ധാരാളം പേർ വിശ്വസിക്കുന്നു. ബി.സി. 597-ൽ യെഹെസ്ക്കേൽ പ്രവാചകൻ പ്രവാസിയായിപ്പോയാലും ഇല്ലെങ്കിലും ബി.സി. 586-ൽ യെരുശലേം നശിപ്പിക്കപ്പെടുന്നതു വരെ യെരുശലേമിലോ പ്രാന്തപ്രദേശത്തിലോ അദ്ദേഹം പ്രവചിക്കുകയായിരുന്നു എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. യെഹെസ്ക്കേൽ പ്രവാചകന്റെ പദ്യവും ഗദ്യവും തമ്മിലുള്ള വ്യത്യാസം അടിസ്ഥാനമാക്കി 1273 വാക്യങ്ങളിൽ 170 വാക്യങ്ങൾ മാത്രം അദ്ദേഹം എഴുതിയതായി ഹോൾഷർ പറയുന്നു. ബി.സി. 500-നും 450-നും ഇടയ്ക്കു ജീവിച്ചിരുന്ന ഒരു ലേവ്യ എഡിറ്ററാണു ബാക്കി എഴുതിയത്. 250 വാക്യങ്ങൾ യെഹെസ്ക്കേലിന്റെ വകയായി ഇർവിങ് അംഗീകരിക്കുന്നു. 40-48 അദ്ധ്യായങ്ങൾ യെഹെസ്ക്കേലിന്റേതായി പലരും അംഗീകരിക്കുന്നില്ല. 35 വർഷത്തോളം നീണ്ടുനിന്ന വിമർശന പഠനങ്ങൾ നിഷ്ഫലമായി തീരുകയാണുണ്ടായത്. ഇന്ന് ഏറെക്കുറെ പരമ്പരാഗത ധാരണയാണ് ബൈബിൾ പണ്ഡിതന്മാർക്കുള്ളത്. 

പ്രതിപാദ്യം: മറ്റു പ്രവാചകന്മാരുടെ എഴുത്തുകളെപ്പോലെതന്നെ ഇതും ദൈവശാസ്ത്രം പഠിപ്പിക്കുവാനുള്ള ഒരു പാഠപുസ്തകം അല്ലെന്നും മറിച്ചു പ്രവാസത്തിൽ കഷ്ടപ്പെടുന്ന ജനത്തോടുള്ള ദൈവവചനമാണെന്നും മനസ്സിലാക്കേണ്ടതാണ്. യെഹെസ്ക്കേൽ പ്രവചനത്തിനു വ്യക്തമായ മൂന്നുഭാഗങ്ങളുണ്ട്. ആദ്യത്തെ 24 അദ്ധ്യായങ്ങളും യെരുശലേമിന്റെ വീഴ്ചയ്ക്കു മുമ്പു പ്രവചിച്ചതാണ്. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി പ്രവചിക്കുന്നു. ആദ്യത്തെ മൂന്നു അദ്ധ്യായങ്ങളിൽ യെഹെസ്ക്കേൽ പ്രവാചകന്റെ വിളിയും നിയോഗവും വ്യക്തമാക്കുന്നു. 4-1 അദ്ധ്യായങ്ങളിൽ യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ അഭിനയിച്ചു കാണിക്കുന്നു. തുടർന്നു പ്രവാചകനെ ആത്മാവിൽ യെരുശലേമിലേക്കു കൊണ്ടുചെന്നു യെരുശലേമിന്റെ അതിക്രമത്തിന്റെ ദർശനം കാണിച്ചുകൊടുക്കുന്നു. അതിവിശുദ്ധസ്ഥലത്തു പ്രത്യക്ഷപ്പെട്ട ദൈവമഹത്വം പ്രവാചകൻ കണ്ടു. (8:4). ഈ മഹത്വം ദൈവാലയത്തെയും പട്ടണത്തെയും വിട്ടു പോയി. (9:3; 10:4, 19; 11:22, 23). വിശ്വാസത്യാഗികളായ ജനത്തെ ദൈവം ഉപേക്ഷിച്ചുവെന്നു ഇതു ചൂണ്ടിക്കാണിക്കുന്നു. യെഹെസ്ക്കേൽ പ്രവാചകൻ ആത്മാവിൽ ബാബിലോണിലേക്കു വന്നു. തുടർന്നു യെരുശലേമിന്റെ വീഴ്ചയെക്കുറിച്ചുള്ള പ്രവചനങ്ങളാണ് 12-24 അദ്ധ്യായങ്ങൾ. പ്രവാസത്തിലേക്കു പോകുന്നതിനെ പ്രവാചകൻ നടിച്ചു കാണിക്കുന്നു. (12:1-7). ജനത്തിന്റെ വിശ്വാസത്യാഗത്തെക്കുറിച്ചുള്ള രണ്ടു വെളിപ്പാടുകളാണ് 16-ഉം 23-ഉം അദ്ധ്യായങ്ങൾ. 18-ാം അദ്ധ്യായത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം വെളിപ്പെടുത്തുന്നു. ഒടുവിലായി യെരൂശലേമിന്റെ നിരോധനം പ്രവചിക്കുന്നു. അന്നു വൈകിട്ടു തന്നെ പ്രവാചകന്റെ ഭാര്യ മരിച്ചു. (24 അ.). 

പ്രവചനത്തിലെ രണ്ടാം ഭാഗം ജാതികളുടെ മേലുള്ള ശിക്ഷാവിധികളാണ്. (25-32 അ.). പ്രവചനത്തിന്റെ മൂന്നാം ഭാഗം യിസ്രായേലിന്റെ പുന:സ്ഥാപനമാണ്. യെരൂശലേമിന്റെ പതനത്തിനുശേഷമാണ് ഈ രണ്ടു ഭാഗങ്ങളും എഴുതപ്പെട്ടത്. ദൈവം തന്റെ ജനത്തെ സ്വന്തം ദേശത്തു മടക്കിക്കൊണ്ടുവരുകയും ദാവീദിന്റെ പുത്രൻ അവരെ ഭരിക്കുകയും ചെയ്യും. ദൈവം അവർക്കു ഒരു പുതിയ ഹ്യദയം നല്കും. (34,36). ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനമാണ് 37-ാം അദ്ധ്യായം. യിസ്രായേലിന്റെ പുന:സ്ഥാപനത്തെ പ്രതീകരൂപത്തിൽ വർണ്ണികുന്നു. ജാതീയ ശക്തികളായ ഗോഗ്-മാഗോഗ് എന്നിവയെക്കുറിച്ചുള്ള ദർശനമാണ് 38-ാം അദ്ധ്യായം. പുന:സ്ഥാപിക്കപ്പെട്ട യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണമാണ് 40-48 അദ്ധ്യായങ്ങൾ. ദൈവത്തിന്റെ തേജസ്സ് ദൈവാലയത്തിലേക്കു മടങ്ങിവരും. (43:2, 4, 5; 44:4). ‘നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.’ (48:35). 

പ്രധാന വാക്യങ്ങൾ: 1. “കേട്ടാലും കേൾക്കാഞ്ഞാലും–അവർ മത്സരഗൃഹമല്ലോ–തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം. നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുതു; പറക്കാരയും മുള്ളും നിന്റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാർത്താലും അവരുടെ വാക്കു പേടിക്കരുതു; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്കു പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.” യേഹേസ്കേൽ 2:5,6.

2. “എന്നാൽ യഹോവയുടെ മഹത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്വത്തിന്റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.” യേഹേസ്കേൽ 10:4.

3. “സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും.” യേഹേസ്കേൽ 18:4.

4. “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.” യേഹേസ്കേൽ 33:11.

5. “അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.” യേഹേസ്കേൽ 48:35.

ബാഹ്യഹ്യരേഖ: I. യെരുശലേമിനും യെഹൂദയ്ക്കും ആസന്നമായ ശിക്ഷാവിധി: 1:1-24-27. 

1. പ്രവാചകന്റെ വിളിയും നിയോഗവും: 1:1-3:27.

2. യെരുശലേമിന്റെ നാശത്തെ പ്രതീകങ്ങളിലൂടെ നാടകീയമായി കാണിക്കുന്നു: 4:1-7:27.

3. യെരൂശലേമിന്റെ അതിക്രമത്തെക്കുറിച്ചുള്ള ദർശനം: 8:18-11:25.  

4. വ്യാജോപദേശത്തിനും കള്ളപ്രവാചകന്മാർക്കുമായി യെരൂശലേം ഉപേക്ഷിക്കപ്പെടുന്നു: അ . 12:1-28-14:23. 

5. അനിവാര്യവും അനിരോദ്ധ്യവുമായ ശിക്ഷാവിധി: 15:1-8-17:24.

6. വ്യക്തിയോടു ദൈവം നീതിയിൽ ഇടപെടുന്നു: 18:1-32. 

7. യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചുള്ള വിലാപം: 19:1-14. 

8. യെരൂശലേമിന്റെ നാശത്തിനു മുമ്പു അന്ത്യമുന്നറിയിപ്പ്: 20:49-24:27.

II. ശിക്ഷാവിധി വിദേശീയരുടെ മേൽ: 25:17-32:32.

1. അമ്മോന്യരുടെ മേൽ: 25:1-7.

2. മോവാബിന്റെ മേൽ: 25:8-11.

3. ഏദോമിന്മേൽ: 25:12-14.

4. ഫെലിസ്ത്യരുടെ മേൽ: 25:15-17. 5. സോരിന്റെ മേൽ: 26:1-28:19. 

6. സീദോനുമേൽ: 28:20-26. 

7. മിസ്രയീമിനു മേൽ: 29:1-32:32.

III. യിസ്രായേലിന്റെ യഥാസ്ഥാപനം; യെരുശലേമിന്റെ പതനത്തിനു ശേഷമുള്ള പ്രവചനങ്ങൾ: 33:1-48:35. 

1. പുതിയ ഉടമ്പടി, പാപിയോടുള്ള ദൈവസ്നേഹം: 33:1-33.

2. ആടുകൾക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതൽ: 34:1-31.

3. ഏദോമിന്റെ നാശം: 35:1-15.

4. യിസ്രായേലിനു നിർമ്മലഹൃദയവും പുതിയ ആത്മാവും: 36:1-38.

5. ഉണങ്ങിയ അസ്ഥികളുടെ താഴ്വരയെക്കുറിച്ചുള്ള ദർശനം; യിസ്രായേലിന്റെ യഥാസ്ഥാപനം പ്രതീകരുപത്തിൽ: 37:1-28.

6. മാഗോഗ് ദേശത്തിലെ ഗോഗിനെക്കുറിച്ചുള്ള പ്രവചനം: 38:1-39:24.

7. യഥാസ്ഥാനപ്പെട്ട ജനത്തെക്കുറിച്ചുള്ള ദർശനം: 39:25-29.

8. പുന:സ്ഥാപിത യിസ്രായേലിൽ നിർമ്മിക്കപ്പെടേണ്ട ദൈവാലയത്തിന്റെ വിവരണം: 40:1-48:35.

വിലാപങ്ങൾ

വിലാപങ്ങളുടെ പുസ്തകം (Book of Lamentations)

പഴയനിയമത്തിലെ ഇരുപത്തഞ്ചാമത്തെ പുസ്തകം. എബ്രായകാനോനിലെ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കൈത്തുവീം) പെട്ടതാണ് വിലാപങ്ങൾ. മെഗില്ലോത്ത് അഥവാ അഞ്ചു ചുരുളുകളിൽ മൂന്നാമത്തേതാണിത്. അബ് മാസം 9-നുള്ള ഉപവാസത്തിൽ സിനഗോഗിലെ പ്രഭാത സന്ധ്യാരാധനകളിൽ വിലാപങ്ങൾ പാരായണം ചെയ്യും. ബി.സി. 587-ൽ കല്ദായരും എ.ഡി. 70-ൽ തീത്തൂസിന്റെ കീഴിൽ റോമാക്കാരും വിശുദ്ധനഗരം നശിപ്പിച്ചതിന്റെ സ്മാരകദിനമാണ് അബ്മാസം ഒമ്പതാം തീയതി. അയ്യോ എങ്ങനെ എന്നർത്ഥം വരുന്ന ‘ഏഹാഹ്’ ആണ് എബ്രായ പേര്. ഈ പദം കൊണ്ടാണ് എബായയിൽ വിലാപങ്ങൾ ആരംഭിക്കുന്നത്. പാരമ്പര്യമനുസരിച്ച് യിരെമ്യാവാണ് എഴുത്തുകാരൻ. പ്രവാചകൻ യഹോവയുടെ നീതിയെ വാഴ്ത്തുകയും യിസ്രായേൽ ജനത്തിന്റെ അതിക്രമത്തിൽ ദു:ഖിക്കുകയും ചെയ്യുന്നു. അനുതപിക്കുവാൻ അദ്ദേഹം ജനത്തെ ആഹ്വാനം ചെയ്യുന്നു. ദുഷ്ടത ഹേതുവായിട്ടാണ് യഹോവ സ്വന്തം ജനത്തെ ഉപേക്ഷിക്കുകയും വിശുദ്ധമന്ദിരം ജാതികൾക്കു ഏല്പിച്ചു കൊടുക്കുകയും ചെയ്തത്. 

ഗ്രന്ഥകർത്താവും കാലവും: എബ്രായയിൽ പുസ്തകത്തിന്റെ പേരിനോടൊപ്പം എഴുത്തുകാരന്റെ പേർ ചേർത്തിട്ടില്ല. ‘യെരൂശലേമിനെക്കുറിച്ചു യിരെമ്യാവു ഈ വിലാപം വിലപിച്ചു’എന്ന ആമുഖക്കുറിപ്പ് സെപ്റ്റജിന്റിലുണ്ട്. യിരെമ്യാവിന്റെ കർത്തൃത്വത്തെ നിഷേധിക്കുന്ന പല പണ്ഡിതന്മാരുമുണ്ട്. അവരുടെ നിഗമനത്തിൽ പാരമ്പര്യം വിശ്വാസയോഗ്യമല്ല. യിരെമ്യാവിന്റെ മറ്റു രചനകളുമായി തുലനം ചെയ്യുമ്പോൾ ആന്തരികമായ തെളിവും ചരിത്രപരമായ ചില സൂചനകളും യിരെമ്യാവിന്റെ കർത്തൃത്വത്തിന്നെതിരാണ്. അവരുടെ അഭിപ്രായത്തിൽ പലർ ചേർന്നെഴുതിയതാണ് വിലാപങ്ങൾ. ഈ പുസ്തകത്തിനു അന്തിമരൂപം നല്കിയതു് ബാരൂക്കാണെന്നു കരുതുന്നവരുമുണ്ട്. എന്നാൽ യിരെമ്യാവിന്റെ കർത്തൃത്വം നിഷേധിച്ചുകഴിഞ്ഞാൽ ഇതിന്റെ കർത്താവായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒരു സമകാലീന വ്യക്തിയില്ല. യിരെമ്യാവാണ് എഴുത്തുകാരൻ എന്ന് ദീർഘകാലമായി നിലനിന്നുപോരുന്ന പാരമ്പര്യം ഒരടിസ്ഥാനവുമില്ലാതെ ഉണ്ടായതാവാൻ ഇടയില്ല. പദസഞ്ചയത്തിലെ വ്യത്യാസം അടിസ്ഥാനമാക്കിയുള്ള വാദം നിലനില്പ്പുള്ളതല്ല. ഈ പാരമ്പര്യമാകട്ടെ ഗ്രീക്കു വിവർത്തനത്തിന്റെ കാലം മുതൽ നിലനിന്നു വരുന്നതാണ്. വുൾഗാത്ത, യോനാഥാന്റെ തർഗും, സഭാപിതാക്കന്മാർ എന്നിങ്ങനെ സാക്ഷികളുടെ പിൻബലം പാരമ്പര്യത്തിനുണ്ട്. വിലാപങ്ങളിലെ വർണ്ണന ഒരു ദൃക്സാക്ഷിയുടേതാണ്. ബി.സി. 587-ലെ ദുരന്തത്തിനു എഴുത്തുകാരൻ സാക്ഷിയായിരുന്നു എന്ന് രണ്ടും നാലും അദ്ധ്യായങ്ങൾ സൂചിപ്പിക്കുന്നു. പുസ്തകത്തിന്റെ ശേഷിച്ച ഭാഗം പ്രവാസത്തിന്റെ ആരംഭകാലത്ത് ബാബിലോണിൽ വച്ചെഴുതിയിരിക്കാം. യിരെമ്യാ പ്രവാചകന്റെ വികാര നിർഭരമായ ഹൃദയമാണ് വിലാപങ്ങളിൽ തുടിക്കുന്നത്.

ഉദ്ദേശ്യം: ബി.സി. 587-ൽ വിശുദ്ധനഗരത്തിനു നേരിട്ട നാശത്തെക്കുറിച്ചു ദു:ഖിച്ചെഴുതിയ അഞ്ചു വിലാപകവിതകളാണ് ഉള്ളടക്കം. ആദ്യത്തെ രണ്ടിലും (ഒന്നും രണ്ടും അദ്ധ്യായങ്ങൾ) വാക്യം തുടങ്ങുന്നത് എബായ അക്ഷരമാലാ ക്രമത്തിലാണ്. മൂന്നാമത്തെ അദ്ധ്യായത്തിൽ ഓരോ അക്ഷരത്തിലും മൂന്നു വാക്യം വീതമുണ്ട്. ഒരേ അക്ഷരം കൊണ്ടു തന്നെയാണ് ഓരോ മൂന്നു വാക്യങ്ങളും ആരംഭിക്കുന്നത്. അഞ്ചാമത്തെ ഗീതത്തിന് ഇരുപത്തിരണ്ടു വാക്യങ്ങളുണ്ടെങ്കിലും അത് അക്ഷരമാലാ ക്രമത്തിലല്ല. വിലാപഗാനം എന്നതിലേറെ അതൊരു പ്രാർത്ഥനയാണ്. യഹൂദയുടെ നിരന്തരവും അനുതാപമില്ലാത്തതുമായ വിഗ്രഹാരാധനയുടെ ഫലമായി, യെരൂശലേം നഗരം ഉപരോധിക്കാനും കൊള്ളയടിക്കാനും നശിപ്പിക്കാനുമായി ദൈവം ബാബിലോണിയരെ അനുവദിച്ചു. ഏകദേശം 400 വർഷമായി നിലനിന്നിരുന്ന ശലോമോന്റെ ദൈവാലയം ശത്രുക്കൾ തീവെച്ച് നശിപ്പിച്ചു. ഈ സംഭവങ്ങളുടെ ദൃക്സാക്ഷിയായ യിരെമ്യാ പ്രവാചകൻ യഹൂദയ്ക്കും യെരൂശലേമിനും സംഭവിച്ചതിന്റെ വിലാപമായിട്ടാണ് ഈ ഗ്രന്ഥം എഴുതുന്നത്. യിരമ്യാപ്രവചനങ്ങളുടെ ഒരു അനുബന്ധം എന്ന രീതിയിലാണ് ഈ പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. യെരുശലേമിന്റെയും ആലയത്തിന്റെയും നാശത്തിങ്കലുള്ള പ്രവാചകന്റെ അഗാധമായ ദുഃഖമാണ് അതിൽ വിവരിച്ചിരിക്കുന്നത്. തന്റെ പ്രവചനങ്ങൾ നിവൃത്തിയായതിൽ ആവേശഭരിതനാകാതെ, തന്റെ ജനത്തിന്റെ കഷ്ടതയോർത്ത് താൻ കയ്പോടെ കരയുകയാണ് ചെയ്യുന്നത്.

പ്രധാന വാക്യങ്ങൾ: 1. “യഹോവ നിർണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു; അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയർത്തിയിരിക്കുന്നു.” വിലാപങ്ങൾ 2:17.

2. “നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.” വിലാപങ്ങൾ 3:22,23.

3. “യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു? യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.” വിലാപങ്ങൾ 5:19-21.

ബാഹ്യരേഖ: I. യെരുശലേമിന്റെ ഭയങ്കരമായ ശൂന്യത: 1:1-11.

II. ജനത്തിന്റെ ദാരുണമായ അവസ്ഥ: 1:12-22.

1. കരച്ചിൽ: 1:12-17.

2. അനുതാപം: 1:18,19.

3. പ്രാർത്ഥന: 1:20-22. 

III. യെരുശലേമിന് എതിരെയുള്ള ദൈവത്തിൻ്റെ കോപം: 2:1-22.

1. ദൈവകോപത്തിന്റെ ഫലങ്ങൾ: 2:1-13.

2. ദൈവകോപത്തിന്റെ കാരണം; ജനത്തിനു താക്കീതു നൽകുന്നതിലെ കള്ളപ്രവാചകന്മാരുടെ പരാജയം: 2:14.

3. കാഴ്ചക്കാരുടെ പരിഹാസം: 2:15,16.

4. ദൈവികമുന്നറിയിപ്പുകളുടെ നിവൃത്തീകരണം: 2:17.

5. അനുതാപത്തിനായുള്ള ക്ഷണം: 2:18,19.

6. ദൈവിക കരുണയ്ക്കു വേണ്ടിയുള്ള പ്രാർത്ഥന: 2:20-22. 

IV. ശേഷിപ്പിന്റെ ദുഃഖവും അനുതാപവും പ്രവാചകന്റെ വാക്കുകളിൽ: 3:1-66.

1. ദൈവത്തിന്റെ ന്യായവിധികൾ: 3:1-18.

2. ദൈവത്തിന്റെ കരുണ: 3:19-39.

3. ആത്മീയ പുതുക്കത്തിനായുള്ള ക്ഷണം: 3:40-42. 

4. യെരുശലേമിനെ കുറിച്ചുള്ള യിരമ്യാവിന്റെ ദുഖം: 3:43-51.

5. ശത്രുക്കളിൽ നിന്നുള്ള വിടുതലിനു വേണ്ടിയുള്ള പ്രവാചകന്റെ പ്രാർത്ഥന: 3:52-66.

V. യഹൂദയുടെ കഴിഞ്ഞകാലവും ഇപ്പോഴത്തെ അവസ്ഥയും:  4:1-20.

VI. നശിപ്പിക്കപ്പെടുന്ന ഏദോമും, പുനരുദ്ധരിക്കപ്പെടുന്ന യഹുദയും: 4:21,22.

VIl. കരുണയ്ക്കും പുനരുദ്ധാരണത്തിനുമായി ശേഷിപ്പ് ദൈവത്തോട് അപേക്ഷിക്കുന്നു: 5:1-22.

യിരെമ്യാവ്

യിരെമ്യാ പ്രവാചകന്റെ പുസ്തകം (Book of Jeremiah)

പഴയനിയമത്തിലെ ഇരുപത്തിനാലാമത്തെ പുസ്തകം; വലിയ പ്രവാചകന്മാരിൽ രണ്ടാമത്തേതും. പ്രവാചകന്റെ പേരിൽ പുസ്തകം അറിയപ്പെടുന്നു. സങ്കീർത്തനങ്ങൾ കഴിഞ്ഞാൽ ബൈബിളിലെ ഏറ്റവും ദീർഘമായ പുസ്തകം ഇതാണ്. യിർമെയാഹു അഥവാ യിർമെയാഹ് എന്നാണ് എബ്രായരൂപം. യെഹൂദാ ചരിത്രത്തിലെ അവസാന വർഷങ്ങളിലാണ് യിരെമ്യാവ് പ്രവചിച്ചത്. 

ഗ്രന്ഥകർത്താവ്: ബെന്യാമീൻ ദേശത്തു അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവ് (1:1) ആണ് ഗ്രന്ഥകാരൻ എന്നതിന് ഉപോദ്ബലകമായി വേണ്ട തെളിവുകളുണ്ട്. തന്റെ ശുശ്രൂഷയുടെ ആരംഭം മുതൽ യെഹോയാക്കീം രാജാവിന്റെ ഭരണത്തിന്റെ നാലാം വർഷം വരെയുള്ള പ്രവചനങ്ങൾ യിരെമ്യാവ് പറഞ്ഞു കൊടുക്കുകയും എഴുത്തുകാരനായ ബാരൂക്ക് രേഖപ്പെടുത്തുകയും ചെയ്തു. (36:1-4). ഈ ചുരുളിനെ യെഹോയാക്കീം നശിപ്പിച്ചപ്പോൾ കൂടുതൽ പ്രവചനങ്ങൾ ചേർത്തു മറ്റൊരു ചുരുൾ യിരെമ്യാവ് പറഞ്ഞുകൊടുത്തു ബാരുക്ക് എഴുതി. (36:32). യിരെമ്യാ പ്രവചനം മുഴുവനും ആ ചുരുൾ ഉൾക്കൊണ്ടിരുന്നില്ല. പ്രവചനത്തിൽ പല ഭാഗങ്ങളും ഈ സംഭവത്തിനു ശേഷം എഴുതിയതാണ്. 52-ാം അദ്ധ്യായം പ്രവാചകന്റേത് ആയിരിക്കണമെന്നില്ല. 2രാജാക്കന്മാർ 24:18-25:30 വരെയുള്ള ഭാഗം എടുത്തു ചേർത്തതായിരിക്കണം. 

യിരെമ്യാവിന്റെ ഗ്രന്ഥകർത്തൃത്വത്തിനു ബാഹ്യ തെളിവുകളുമുണ്ട്. യിരെമ്യാ പ്രവാചകന്റെ പുസ്തകത്തെ പേരുപറഞ്ഞു അതിൽ നിന്നും ദാനീയേൽ ഉദ്ധരിച്ചിട്ടുണ്ട്. (ദാനീ, 9:2; യിരെ, 25:11-14; 29:10). യിരെമ്യാവിന്റെ പ്രവചനത്തിനും കാലത്തിനും 2ദിന, 36:21; എസ്രാ 1:1 എന്നീ ഭാഗങ്ങളിൽ നിന്നും സ്ഥിരീകരണം ലഭിക്കുന്നു. യിരെമ്യാ പ്രവാചകന്റെ പ്രവചനവും മുന്നറിയിപ്പും നിഷേധിച്ചത് കൊണ്ടാണ് യെരുശലേമിനു നാശം സംഭവിച്ചതെന്നു പ്രഭാഷകനിൽ കാണുന്നു. “അവർ യിരെമ്യാ പ്രവചിച്ചതുപോലെ, വിശുദ്ധസ്ഥലം സ്ഥിതിചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട നഗരം അഗ്നിക്കിരയാക്കി; അതിന്റെ തെരുവുകൾ ശൂന്യമാക്കി. അവർ യിരെമ്യായെ പീഡിപ്പിച്ചിരുന്നു; പക്ഷെ, പിഴുതെടുക്കാനും പീഡിപ്പിക്കാനും നശിപ്പിക്കാനും അതുപോലെ തന്നെ നിർമ്മിക്കാനും നട്ടു പിടിപ്പിക്കാനും മാതാവിന്റെ ഉദരത്തിൽ വച്ചുതന്നെ പ്രവാചകനായി അഭിഷേചിക്കപ്പെട്ടവനായിരുന്നു അയാൾ.” (പ്രഭാ, 49:6,7). ജൊസീഫസും തല്മൂദും ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമത്തിൽ യിരെമ്യാ പ്രവചനത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉണ്ട്. 1. (മത്താ, 2:17,18 – യിരെ, 31:15); 2. (മത്താ, 21:13; മർക്കൊ, 11:17;  ലൂക്കൊ, 19:46 – യിരെ, 7:11). 3. (റോമ, 11:27 – യിരെ, 31:3-34);  4. (എബാ, 8:8-13 – യിരെ, 31:31-34). 

സംവിധാനം: യിരെമ്യാ പ്രവചനത്തിലെ ഉള്ളടക്കം കാലാനുക്രമത്തിലല്ല നിബന്ധിച്ചിരിക്കുന്നത്. എന്നാൽ സാകല്യമായി ഒരു ക്രമം വിഷയത്തിൽ ദൃശ്യമാണ്. 1-25 അദ്ധ്യായങ്ങൾ ഒരു പ്രത്യേക ഭാഗമാണ്. 26-45 അദ്ധ്യായങ്ങൾ മറ്റൊരു ഭാഗമാണ്. ഈ ഭാഗം പ്രവാചകന്റെ വ്യക്തിപര ജീവിതത്തെ സംബന്ധിക്കുന്നതാണ്. അതിന്റെ ആഖ്യാനം ഉത്തമപുരുഷ ഏകവചനത്തിലത്രേ. 46-51-ൽ കാണുന്ന ജാതീയ ദേശങ്ങൾക്കെതിരെയുള്ള പ്രവചനങ്ങൾ മൂന്നാമതൊരു ഗണമാണ്; 52-ാം അദ്ധ്യായം ചരിത്രപരമായ അനുബന്ധവും. ഈ ഐക്യം ഗ്രന്ഥസംവിധാനത്തിൽ കാണാമെങ്കിലും ചില ഖണ്ഡങ്ങൾ എന്തുകൊണ്ടാണ് പ്രസ്തുത സ്ഥാനത്ത് ചേർത്തിരിക്കുന്നു എന്നതു വിശദമാക്കാൻ സാധ്യമല്ല. ചരിത്രപശ്ചാത്തലത്തിൽ പ്രവചനത്തെ പിൻവരുമാറു പുനസ്സംവിധാനം ചെയ്യാം:

1. യോശീയാവിന്റെ കാലം: 1:1-19; 2:1-3:5; 3:6-6:30; 7:1-10:25; 18:1-20:18.

2. യെഹോവാഹാസിന്റെ കാലം: ഇല്ല.

3. യെഹോയാക്കീമിന്റെ കാലം: 11:1-13:14; 14:1-15:21; 16:1-17:2; 22:1-30; 23:1-8,9-40; 25:1-14; 15:38; 26:1-24; 35:1-19; 36:1-32; 45:1-5; 46:1-12,13-28; 47:1-7; 48:1-47.

4. യെഹോയാഖീന്റെ കാലം: 31:15-27.

5. സിദെക്കീയാവിന്റെ കാലം: 21:1-22:30; 24:1-10; 27:1-22; 28:1-17; 29;1-32; 30:1-31:40; 32:1-44; 33:1-26; 34:1-7,8-11,12-22; 37:1-21; 38:1-28; 39:1-18; 49:1-22,23-33,34-39; 50:1-51:64.

6. ഗെദല്യാവിന്റെ കാലം: 40:1-42:22; 43:1-44:30.

7. ചരിത്രപരമായ അനുബന്ധം: 52:1-34.

സെപ്റ്റ്വജിന്റു പാഠവും എബ്രായപാഠവും: പഴയനിയമത്തിൽ എബ്രായപാഠവും സെപ്റ്റ്വജിന്റു പാഠവും തമ്മിൽ സാരമായ വ്യത്യാസമുള്ള ഒരു പുസ്തകമാണു യിരെമ്യാപ്രവചനം. സെപ്റ്റ്വജിന്റു പാഠത്തിൽ എബ്രായ പാഠത്തിലുള്ളതിനെക്കാൾ 2700 വാക്കുകൾ കുറവാണ്. എബ്രായ പാഠത്തിലില്ലാത്ത നൂറോളം വാക്കുകൾ സെപ്റ്റജിന്റിൽ കൂടുതലുണ്ട്. അധിക പദങ്ങൾ അത്ര പ്രാധാന്യമുള്ളവയല്ല. എബ്രായ പാഠത്തിലെ പല ആവർത്തനങ്ങളും സെപ്റ്റജിന്റ് വിട്ടുകളഞ്ഞു. അന്യജനതകളെക്കുറിച്ചുള്ള അരുളപ്പാടുകൾ സെപ്റ്റ്വജിന്റിൽ യിരെമ്യാവ് 25:13-നു ശേഷമാണ്. എബ്രായയിലെ 14-ാം വാക്യം സെപ്റ്റ്വജിൻ്റിൽ ഉപേക്ഷിച്ചു. ഈ അരുളപ്പാടുകൾക്കു ശഷം സെപ്റ്റ്വജിന്റു 25:15 മുതൽ തുടങ്ങുന്നു. എബ്രായ പാഠത്തിൽ 46-51 അദ്ധ്യായങ്ങളിലാണ് അന്യജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ.

പ്രധാന വാക്യങ്ങൾ: 1. “യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: നിന്നെ ഉദരത്തിൽ ഉരുവാക്കിയതിന്നു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” യിരേമ്യാവ് 1:4,5.

2. “ഇരുട്ടാകുന്നതിന്നും നിങ്ങളുടെ കാൽ അന്ധകാരപർവ്വതങ്ങളിൽ ഇടറിപ്പോകുന്നതിന്നും മുമ്പെ നിങ്ങളുടെ ദൈവമായ യഹോവെക്കു ബഹുമാനം കൊടുപ്പിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിന്നു കാത്തിരിക്കെ അവൻ അന്ധതമസ്സും കൂരിരുട്ടും വരുത്തും. നിങ്ങൾ കേട്ടനുസരിക്കയില്ലെങ്കിൽ ഞാൻ നിങ്ങളുടെ ഗർവ്വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻ കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാൻ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.” യിരേമ്യാവു 13:1617.

3. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ? യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” യിരേമ്യാവ് 17:9,10.

4. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.” യിരേമ്യാവ് 29:10,11.

ബാഹ്യരേഖ: I. യെഹൂദയ്ക്കും യെരൂശലേമിനും എതിരെയുള്ള പ്രവചനങ്ങൾ: 1:1-25:38.

1. പ്രവാചകന്റെ വിളി: 1:1-19.

2. യെഹൂദയുടെ പാപവും അവിശ്വസ്തതയും: 2:1-3:5.

3. വടക്കുനിന്നു വരുന്ന നാശം: 3:6-6:30.

4. പ്രവാസഭീഷണി: 7:1-10:25.

5. ലംഘിക്കപ്പെട്ട നിയമം: 11:1-23.

6. യിരെമ്യാവിന്റെ പരാതിയും ദൈവത്തിന്റെ മറുപടിയും: 12:1-17. 

7. ചണനൂൽക്കച്ച: 13:1-27.

8. യെഹൂദയുടെമേൽ ന്യായവിധി: 14:1:15:21.

9. യിരെമ്യാവിനോടു വിവാഹം കഴിക്കരുതെന്നു കല്പിക്കുന്നു: 16അ. 

10. ശബ്ബത്തുലംഘനം: 17 അ.

11. കുശവന്റെ ഉപമ: 18:1-17.

12. യിരെമ്യാവിനെതിരെയുള്ള ഗൂഢാലോചന: 18:18-23.

13. പ്രതീകാത്മക പ്രവൃത്തികളും ബന്ധനവും: 19:1-20:18.

14. യെഹൂദയെ സംബന്ധിച്ചുള്ള അരുളപ്പാടുകൾ: 21:1-23:8.

15. പ്രവാചകന്മാരെ സംബന്ധിച്ചുള്ളവ: 23:9-40.

16. യെഹൂദയ്ക്കുള്ള താക്കീതുകൾ: 24:1-25:38.

II. യിരെമ്യാവിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ: 26-45 അ. 

1. മതനേതാക്കന്മാരുമായുള്ള സംഘർഷം: 26:1-29:32.

2. ആശ്വാസത്തിന്റെ അരുളപ്പാടുകൾ: 30:1-31:40.

3. യിരെമ്യാവു നിലം വാങ്ങുന്നു: 32:1-44.

4. മശീഹയുടെ കീഴിൽ പുന:സ്ഥാപനം: 33:1-26.

5. സിദെക്കീയാവിന്റെ പാപവും രേഖാബ്യരുടെ വിശ്വസ്തതയും: 34:1-35:19.

6. പ്രവചനച്ചുരുളുകൾ: 36:1-32.

7. യെരൂശലേമിന്റെ നിരോധനവും പതനവും: 37:1-40:6.

8. ഗെദല്യാവിന്റെ ഭരണം: 40:7-41-18.

9. മിസയീമിലേക്കുള്ള പലായനം: 42:1-43 ?:7.

10. പ്രവാചകൻ മിസ്രയീമിൽ: 43:8-44:30.

11. ബാരൂക്കിനോടുള്ള ദൂത്: 45:1-5.

III. അന്യദേശങ്ങൾക്കെതിരായ പ്രവചനങ്ങൾ: 46:1 ?-51:54.

1. മിസയീം: 46:1-28.

2. ഫെലിസ്ത്യ: 47:1-7.

3. മോവാബ്: 48:1-47.

4. അമ്മോന്യർ: 49:1-6.

5. ഏദോം: 49:7-22.

6. ദമ്മേശെക്ക്: 49:23-27.

7. അറബിദേശം: 49:28-33.

8. ഏലാം: 49:34-39.

9. ബാബിലോൻ: 50:1:51:64.

IV. ചരിത്രപരമായ അനുബന്ധം: 52-1-34. 

1. യെഹൂദയുടെ പതനവും പ്രവാസവും: 52:1-30.

2. യെഹോയാഖീന്റെ മോചനം: 52:31-34.

യെശയ്യാവ്

യെശയ്യാ പ്രവാചകന്റെ പുസ്തകം (Book of Isaiah)

പഴയനിയമത്തിലെ ഇരുപത്തിമൂന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ പിൻപ്രവാചകന്മാരിലെ ആദ്യ പുസ്തകമാണ്. എബ്രായ പ്രവാചകന്മാരിൽ അദ്വിതീയനാണ് യെശയ്യാവ്. ശൈലിയുടെ മനോഹാരിത, വിഷയവൈവിധ്യം, ഭാവനാവൈഭവം എന്നിവയിൽ യെശയ്യാ പ്രവചനം അതുല്യമാണ്. യെഹൂദാ രാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്ക്കീയാവു എന്നീ നാലു പേരുടെ വാഴ്ചക്കാലത്താണ് യെശയ്യാവ് പ്രവചിച്ചത്. പ്രവചന കാലം 740-700 ബി.സി. 

ഗ്രന്ഥകർത്താവ്: പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം വരെ മുഴുവൻ പ്രവചനത്തിന്റെയും കർത്താവായി യെശയ്യാവ് സർവ്വാദൃതനായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി പുസ്തകത്തിന്റെ ഏകത്വം വിവാദ വിഷയമായി തീർന്നിരിക്കുകയാണ്. കാരണം പുതിയ രേഖകളുടെ കണ്ടു പിടിത്തമല്ല, പ്രത്യുത പ്രവചനത്തിന്റെ നേർക്കുള്ള ആധുനിക വീക്ഷണമാണ്. പ്രവാചകൻ തന്റെ കാലത്തുള്ള തലമുറയോടാണ് സംസാരിക്കുന്നതെന്നും ഭാവി തലമുറയോടല്ലെന്നും ഉള്ളതാണ് ഈ നവവീക്ഷണം. യെശയ്യാവ് 40-66 അദ്ധ്യായങ്ങൾ യെശയ്യാവിന്റെ രചനയല്ലെന്നു എ.ഡി. 1775-ൽ ജെ.സി. ഡോഡർ ലൈൻ വാദിച്ചു. അതോടുകൂടി ഒരു രണ്ടാം യെശയ്യാവിനെക്കുറിച്ചുള്ള ധാരണ പരന്നു. ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിനു തൊട്ടുമുമ്പു (550-539 ബി.സി.) അജ്ഞാതനായ ഈ എഴുത്തുകാരൻ രണ്ടാം ഭാഗം എഴുതി. യെശയ്യാവ് 55-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ ഒരു മൂന്നാം യെശയ്യാവാണെന്നു ഡ്യൂം (Duhm) വാദിക്കുകയുണ്ടായി. പലസ്തീനിൽ ജീവിച്ചിരുന്ന ഒരു ഏഴുത്തുകാരനായിരുന്നു 34-66 അദ്ധ്യായങ്ങൾ (36-39 അ. ഒഴികെ) എഴുതിയതെന്നു 1928-ൽ സി.സി. ടോറി തന്റെ :രണ്ടാം യെശയ്യാവു’ എന്ന ഗ്രന്ഥത്തിൽ സിദ്ധാന്തിച്ചു. 40-66 വരെയുള്ള അദ്ധ്യായങ്ങൾ ഒരു ഏകകമാണെന്നും അതിന്റെ രചനാസ്ഥലം പലസ്തീനാണെന്നും ഉള്ളതിനു മതിയായ തെളിവുകൾ ടോറി അവതരിപ്പിച്ചു. ചുരുക്കത്തിൽ യെശയ്യാവ് 1-39 അദ്ധ്യായങ്ങൾ ആമോസിന്റെ മകനായ യെശയ്യാവും 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന ഒരജ്ഞാതനാമാവായ ഗ്രന്ഥകാരനും എഴുതി എന്നതാണ് നിരൂപകന്മാരുടെ വാദം. തെളിവായി മൂന്നു വാദമുഖങ്ങൾ അവർ ഉന്നയിക്കുന്നു: 

1. 40-66 അദ്ധ്യായങ്ങൾ ബാബേൽ പ്രവാസത്തെ സംബന്ധിക്കുന്നതാകയാൽ ആമോസിന്റെ മകനായ യെശയ്യാവല്ല പ്രസ്തുത ഭാഗം എഴുതിയത്. പ്രവചനത്തിന്റെ ചരിത്രപരമായ ധർമ്മം യെശയ്യാവിന്റെ കർത്തൃത്വത്തിനെതിരാണ്. ഭാവി തലമുറയോടു ഭാവി കാര്യങ്ങൾ സംസാരിക്കുവാൻ ഒരു പ്രവാചകൻ പ്രവചനാത്മാവിനാൽ ഭാവിയിലേക്കു നയിക്കപ്പെടുകയില്ല. പ്രവചനത്തിന്റെ ഭാവികത്വം നിരൂപകർ നിഷേധിക്കുന്നു. തന്മൂലം പ്രവചനത്തിന്റെ രണ്ടാം ഭാഗത്തിന്റെ കർത്താവു യെശയ്യാവാണ് എന്ന പരമ്പരാഗത ധാരണയെ അവർ അംഗീകരിക്കുന്നില്ല. 

ഭാവികാര്യങ്ങൾ പ്രവചിക്കുക എന്നത് ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാണ്. പ്രവാചകന്മാർ ഭാവികാര്യങ്ങൾ പ്രവചിക്കുകയും അവരുടെ കാലത്തും പില്ക്കാലത്തും അവ നിറവേറുകയും ചെയ്തതിന്റെ തെളിവുകൾ തിരുവെഴുത്തുകളൽ ഉടനീളം കാണാം. പ്രവാസത്തിന്റെ 20-ാം വർഷത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ ബാബിലോണിൽ നിന്നും യിസ്രായേൽ ദേശത്തേക്കു ദിവ്യദർശനങ്ങളിൽ നയിക്കപ്പെടുകയും സഹസ്രാബ്ദവാഴ്ചയിൽ യെരൂശലേമിൽ പണിയപ്പെടേണ്ട ആലയത്തിന്റെ ദർശനം കാണുകയും ചെയ്തു. (യെഹെ, 40-48). യഹോവയുടെ ആത്മാവിൽ യെഹെസ്ക്കേൽ പ്രവാചകനെ പുറപ്പെടുവിച്ചു അസ്ഥികൾ നിറഞ്ഞിരുന്ന താഴ്വരയുടെ നടുവിൽ നിറുത്തി (37:1) യിസ്രായേലിന്റെ ചിതറലും യഥാസ്ഥാപനവും കാണിച്ചു കൊടുത്തു. യോഹന്നാൻ അപ്പൊസ്തലനെ കർത്താവിന്റെ ദിവസത്തിലേക്കു കുട്ടിക്കൊണ്ടുപോയി, ഭാവി സംഭവങ്ങൾ മുഴുവൻ കാട്ടി ക്കൊടുത്തു. (വെളി, 4:1). പൗലൊസ് അപ്പൊസ്തലൻ മുന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു. (2കൊരി, 12:2-4). ഭാവികാര്യങ്ങൾ പ്രവചിച്ചിരിക്കുന്നതുകൊണ്ടു 40-66 അദ്ധ്യായങ്ങളുടെ എഴുത്തുകാരൻ യെശയ്യാവല്ല എന്നു സിദ്ധാന്തിക്കുകയാണെങ്കിൽ 1-39 വരെയുള്ള അദ്ധ്യായങ്ങളുടെ എഴുത്തുകാരനും യെശയ്യാവല്ലെന്നു പറയേണ്ടിവരും. കാരണം ആദ്യഭാഗത്തും അനേകം ഭാവിപ്രവചനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ഏറെത്താമസിയാതെയും ചിലതു വളരെ പിന്നീടും നിറവേറുകയുണ്ടായി. സൻഹേരീബിൽ നിന്നുള്ള മോചനം (യെശ, 37), ദമ്മേശെക്കിന്റെ പരാജയം (8:4, 7), മേദ്യർ ബാബിലോൺ കീഴടക്കുന്നത് (13:17), ബാബിലോണിന്റെ ശൂന്യാവസ്ഥ (13:19-20) എന്നിവ നോക്കുക. 

പാർസിരാജാവായ കോരെശിനെ (539-530 ബി സി) പേരിനാൽ നിർദ്ദേശിച്ചിരിക്കുന്നതാണ് യെശയ്യാവ് 40-55-ന്റെ രചനയെ പ്രവാസകാലവുമായി ബന്ധിപ്പിക്കുവാനൊരു കാരണം. യെശയ്യാവ് 44:28-ലും 45:1-ലും കോരെശിന്റെ പേർ പറഞ്ഞിട്ടുണ്ട്. മൂന്നു പരിഹാര മാർഗ്ഗങ്ങളാണ് ഈ പ്രശ്നത്തിനു നിർദ്ദേശിച്ചിട്ടുള്ളതാ. 1. ഈ ഭാഗം പ്രവാസകാല രചനയെന്നു കണക്കാക്കുക. 2. യാഥാസ്ഥിതിക പണ്ഡിതന്മാർ പരിഗണിക്കുന്നതു പോലെ ഈ ഭാഗം കോരെശ് ചക്രവർത്തിയെക്കുറിച്ചുള്ള പ്രാവചനിക പരാമർശം എന്നു ചിന്തിക്കുക. യോശീയാ രാജാവിന്റെ പേർ ജനനത്തിനു മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നതു പോലെ (1രാജാ, 13:2) കോരെശിന്റെ പേർ ഒന്നര നൂറ്റാ ണ്ടുകൾക്കു മുമ്പു പ്രവചിച്ചിരുന്നു എന്നു മനസ്സിലാക്കുന്നതിൽ അപാകതയൊന്നുമില്ല. യെശയ്യാ പ്രവാചകന്റെ സമകാലികനായ മീഖാ മശീഹയുടെ ജനനസ്ഥലം ബേത്ത്ലേഹമാണെന്നു കൃത്യമായി പ്രവചിച്ചു. (മീഖാ, 5:2; മത്താ, 2:6). 3. പ്രവാസാനന്തരകാലത്തു ജീവിച്ചിരുന്ന ഒരു പകർപ്പെഴുത്തുകാരൻ വിശദീകരണക്കുറിപ്പായി കോരെശിന്റെ പേർ ചേർത്തു എന്നു കരുതുക. അടുത്തടുത്ത വാക്യങ്ങളിൽ കോരെശിന്റെ പേർ കാണപ്പെടുന്നത് തങ്ങളുടെ വാദത്തിനനുകൂലമായി ഈ ചിന്താഗതിയെ പിന്താങ്ങുന്നവർ ചൂണ്ടിക്കാണിക്കുന്നു. 

2. യെശയ്യാവു 1-39 അദ്ധ്യായങ്ങളിലെ ശൈലിയും 40-66 അദ്ധ്യായങ്ങളിലെ ശൈലിയും വ്യത്യസ്തമാണ്. തന്മൂലം ഇരു ഭാഗങ്ങളുടെയും കർത്താവു ഒരാളല്ല. 

യെശയ്യാവിന്റെ പ്രവചനകാലം 40 വർഷത്തോളം ദീർഘമാണ്. ഈ നീണ്ട കാലയളവിനുള്ളിൽ ശൈലിയിൽ ഉണ്ടാകുന്ന മാറ്റം സ്വാഭാവികമാണ്. വിഷയത്തിന്റെ സ്വഭാവമനുസരിച്ചു ശൈലി മാറ്റുക എന്നതും ഒരു നല്ല എഴുത്തുകാരന്റെ സവിശേഷതയാണ്. സാഹിത്യകൃതികൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. യെശയ്യാ പ്രവചനത്തിന്റെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും കാണപ്പെടുന്ന ശൈലീ സാമ്യങ്ങൾ ശ്രദ്ധേയമാണ്.  ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്നു യെശയ്യാവു ദൈവത്തെ വിശേഷിപിക്കുന്നു. ഈ പ്രയോഗം ആദ്യത്തെ 39 അദ്ധ്യായങ്ങളിൽ 12 പ്രാവശ്യവും ഒടുവിലത്തെ 27 അദ്ധ്യായങ്ങൾളിൽ 14 പ്രാവശ്യവും കാണുന്നു. പ്രവചനത്തിന്റെ ഏകത്വം വ്യക്തമാക്കുന്ന തെളിവാണിത്. ചില വാക്യങ്ങളും വാക്യാംഗങ്ങളും ഇരുഭാഗത്തും ഒന്നുപോലെ കാണപ്പെടുന്നുണ്ട്. ഉദാ: 1. യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു. (യെശ, 1:20; 40:5). 2. അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും. (യെശ, 35:10; 51:11). 3. യിസായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കും. (യെശ, 11:12; 56:8). 

3. ഇരുഭാഗങ്ങളിലെയും ദൈവശാസ്ത്രപരമായ ധാരണകളുടെ വൈവിധ്യം ചില വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 1. ഒന്നാം ഭാഗത്തു ദൈവത്തിന്റെ മഹത്വമാണു വർണ്ണിക്കപ്പെടുന്നത്; രണ്ടാം ഭാഗത്തു ദൈവത്തിന്റെ അനന്തതയും. ആദ്യഭാഗത്തു യഹോവ അന്യദേവന്മാരെക്കാൾ ഉയർന്നിരിക്കുന്നതായി പറയുമ്പോൾ, രണ്ടാം ഭാഗത്തു അന്യദേവന്മാരുടെ അസ്തിത്വത്തെ നിഷേധിച്ചിരിക്കുന്നു. 2. ഒരു ശേഷിപ്പിനെക്കുറിച്ചുള്ള ഊന്നൽ ഒന്നാം ഭാഗത്തുണ്ട്. അവർ യെരൂശലേമിലെ വിശ്വസ്തരാണ്. എന്നാൽ രണ്ടാം ഭാഗത്തു പറയപ്പെടുന്ന ശേഷിപ്പു പ്രവാസത്തിൽ നിന്നു മടങ്ങി വരാനിരുന്ന വിശ്വസ്തരായ പ്രവാസിഗണമാണ്. 3. ആദ്യഭാഗത്തു പ്രവചിക്കപ്പെട്ട മശീഹാരാജാവ് രണ്ടാം ഭാഗത്തു ദാസനായി മാറുന്നു. ഈ വാദഗതികൾ ബാലിശമെന്നേ പറയേണ്ടതുള്ളൂ. സന്ദർഭവുമായി പൊരുത്തപ്പെടാത്ത ഉൗന്നലും ആവർത്തനവും ഗ്രന്ഥത്തിന്റെ സംവിധാന ശൈഥില്യത്തിനു കാരണമാവുകയേ ഉള്ളൂ. 

പ്രവചനത്തിന്റെ ഏകത്വം: യെശയ്യാപ്രവചനത്തിന്റെ ഏകത്വം പുതിയനിയമം വ്യകതിമായി അംഗീകരിക്കുന്നു. പുതിയ നിയമത്തിൽ ഏറ്റവും അധികം ഉദ്ധരിക്കപ്പെടുന്ന പ്രവചനം യെശയ്യാവിന്റേതാണ്. യെശയ്യാ പ്രവാചകൻ പറഞ്ഞു, എഴുതി എന്നിങ്ങനെയുള്ള അനുബന്ധ വാക്യത്തോടു കൂടി യെശയ്യാ പ്രവചനത്തിൽ നിന്നുള്ള 21 ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. 

ക്രമസംഖ്യ – പുതിയനിയമം – യെശയ്യാവു 

1. മത്താ, 3:6       — യെശ, 40:3.

2. മത്താ, 8:17     — യെശ, 5:3,4.

3. മത്താ, 12:17   — യെശ, 42:1.

4. മത്താ, 13:14   — യെശ, 6:9,10.

5. മത്താ, 15:7     — യെശ, 29:13.

6. മർക്കൊ, 1:2   — യെശ, 40:3.

7. മർക്കൊ, 7:6   — യെശ, 29:13.

8. ലൂക്കൊ, 3:4    — യെശ, 40:3-5.

9. ലൂക്കൊ, 4:17  — യെശ, 61:1,2.

10. യോഹ, 1:23  — യെശ, 40:3.

11. യോഹ, 12:38 — യെശ, 53:1.

12. യോഹ, 12:39 — യെശ, 6:9,10.

13. യോഹ, 12:41 — യെശ, 53:1

14. പ്രവൃ, 8:28      — യെശ, 53:7,8.

15. പ്രവൃ, 8:30      — യെശ, 53:7,8.

16. പ്രവൃ, 8:32      — യെശ, 53:7,8.

17. പ്രവൃ, 28:25.   — യെശ, 6:9,10.

18. റോമ, 9:27.    — യെശ, 10:22,23.

19. റോമ, 9:29     — യെശ, 1:9.

20. റോമ, 10:16.  — യെശ, 53:1.

21. റോമ, 10:20.  — യെശ, 65:1.

യോഹന്നാൻ 12:38-41-ൽ യെശയ്യാ പ്രവചനത്തിൽ നിന്നും രണ്ടുദ്ധരണികൾ (53:1; 6:9,10) ഒരുമിച്ചു ചേർത്തിരിക്കുകയാണ്. ഇതു യെശയ്യാ പ്രവചനത്തിന്റെ ഏകത്വത്തെ വ്യക്തമാക്കുന്നു. റോമ, 9:27-ൽ; യെശ, 10:2, 23 എന്നീ വാക്യങ്ങളും, റോമ, 10:16, 20-ൽ യെശ, 53:1; 65:1 എന്നീ വാക്യങ്ങളും ഉദ്ധരിച്ചുകൊണ്ടു ‘യെശയ്യാവു പറഞ്ഞു’ എന്നു പൗലൊസ് രേഖപ്പെടുത്തി. പേർ പറയാതെ തന്നെ ഈ പ്രവചനത്തിൽ നിന്നുള്ള അനേകം ഉദ്ധരണികളും പരാമർശങ്ങളും പുതിയ നിയമത്തിലുണ്ട്. പഴയനിയമത്തിലെ സുവിശേഷകൻ എന്നാണ് യെശയ്യാവ് അറിയപ്പെടുന്നത്. നസറെത്തിൽ വച്ചു യേശു പരസ്യശുശ്രൂഷ ആരംഭിച്ചതുതന്നെ യെശയ്യാവ് 61-ൽ നിന്നു വായിച്ചു, അതു തന്നെ  ചൂണ്ടിക്കാണിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ടാണ്. (ലൂക്കൊ. 4:17-21). 

അപ്പോക്രിഫാ ഗ്രന്ഥമായ പ്രഭാഷകനിൽ യെശയ്യാവ് 40:1, 61:1,2 എന്നീ ഭാഗങ്ങൾ ഉദ്ധരിച്ചശേഷം യെശയ്യാവ് സീയോനിൽ വിലപിച്ചവരെ സമാശ്വസിപ്പിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം. അതിൽ നിന്നും ബി.സി. രണ്ടാം നൂറ്റാണ്ടിൽ തന്നെ പ്രവചനത്തിന്റെ ഗ്രന്ഥകാരൻ യെശയ്യാവാണെന്നു വിശ്വസിച്ചിരുന്നതായി കാണാം. കോരെശ് ചക്രവർത്തി തന്നെക്കുറിച്ചു യെശയ്യാ പ്രവചനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഭാഗങ്ങൾ (44:26-28; 45:1-6) വായിക്കുകയും പ്രവാസികൾക്കു മടങ്ങിപ്പോകുവാൻ അനുവാദം നല്കുകയും ചെയ്തു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചാവുകടൽ ചുരുളുകളിൽ 66 അദ്ധ്യായങ്ങളും തുടർച്ചയായി കാണപ്പെടുന്നു. പ്രവാസത്തിനു മുമ്പു ജീവിച്ചിരുന്ന സെഫന്യാവ്, നഹും, യിരെമ്യാവ് തുടങ്ങിയവർ യെശയ്യാ പ്രവചനത്തിന്റെ രണ്ടാം ഭാഗത്തു നിന്നും സൂചനകളോ ഉദ്ധരണികളോ നല്കുന്നുണ്ട്. (നഹും, 1:15 – യെശ, 52:7; യിരെ, 31:35 – യെശ, 51:15; യിരെ, 10:1-16 – യെശ, 41:7; 44:15-25; സെഫ, 2:15 – യെശ, 47:8, 10). മേല്പറഞ്ഞ പ്രവാചകന്മാരുടെ കാലത്തിനു മുമ്പു തന്നെ യെശയ്യാ പ്രവചനത്തിലെ അവസാന അദ്ധ്യായങ്ങൾ എഴുതപ്പെട്ടു കഴിഞ്ഞു എന്നു ഈ ഉദാഹരണങ്ങളിൽ നിന്നു മനസ്സിലാക്കാം. ബാബേൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ പ്രവചനങ്ങൾ (യെശ, 40-66അ.) നല്കിയ ഒരു പ്രവാചകൻ സ്വന്തം പേരു വെളിപ്പെടുത്താതെ അപ്രത്യക്ഷനായി എന്നതു അത്ഭുതമായിരിക്കുന്നു. അതിലേറെ അത്ഭുതകരമാണ് അജ്ഞാത കർത്തൃകങ്ങളായ രണ്ടോ മൂന്നോ രചനകൾ ഒരു ആമോസിന്റെ മകനായ യെശയ്യാവിന്റെ തലയിൽ ചുമത്തി എന്നത്. ഈ വൈരുദ്ധ്യകഥനങ്ങൾക്കു പരിഹാരം യെശയ്യാപ്രവചനത്തിന്റെ ഐക്യം അംഗീകരിക്കുക മാത്രമാണ്. 

പ്രധാന പ്രമേയം: യെശയ്യാപ്രവചനത്തിലെ പ്രധാനപ്രമേയം വീണ്ടെടുപ്പാണ്. ദൈവത്തിന്റെ മഹത്വം, പരിശുദ്ധി, പാപത്തോടുള്ള വെറുപ്പ്, വിഗ്രഹാരാധനയുടെ മൗഢ്യം, ദൈവത്തിന്റെ കൃപയും, കനിവും, ആർദ്രസ്നേഹവും, അനുസരണത്തിൻ്റെ അനുഗ്രഹങ്ങൾ എന്നിവ ആവർത്തിക്കപ്പെടുന്ന പ്രമേയങ്ങളാണ്. വാഗ്ദത്ത മശീഹയുടെ സ്വഭാവം വെളിപ്പെടുത്തുന്ന പ്രയോഗങ്ങൾ യെശയ്യാ പ്രവചനത്തിൽ സുലഭമാണ്. അത്ഭുതമന്ത്രി (9:6, ഒ.നോ. 25:1; 28:29; 29:14; 19:17; 40:10, 13), വീരനാം ദൈവം (9:6, ഒ.നോ. 30:29; 33:13; 40:17, 26; 42:13), നിത്യപിതാവു (9:6, ഒ.നോ. 26:4; 40:28; 45:17), സമാധാന പ്രഭു (9:6, ഒ.നോ. 26:12; 45:7; 52:7; 53:5:55:12; 57:19; 66:12). പ്രകൃതി സൗന്ദര്യത്തിന്റെ കറയറ്റ വർണ്ണന പ്രവചനത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാണ്. ഉദാ: 35അ. ‘പെരുവഴി’ പ്രവചനത്തിലിടയ്ക്കിടെ കാണാം. (11:16; 19:23; 33:8; 35:8; 36:2; 40:3; 49:11; 57:14; 62:10). രാജാവിന്റെയും രാജ്യത്തിന്റെയും ആഗമനത്തിനു വിഘ്നമായി നില്ക്കുന്ന എല്ലാ ദുർഘടങ്ങളും മാറുകയും യഹോവയുടെ മഹത്വം വെളിപ്പെടുകയും സകല ജഡവും ഒരുപോലെ അതിനെ കാണുകയും ചെയ്യും. (40:5).

പ്രധാന വാക്യങ്ങൾ: 1. “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടയിൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” യെശയ്യാ 6:8.

2. “അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.” യെശയ്യാ 7:14.

3. “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” യെശയ്യാ 9:6.

4.  സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” യെശയ്യാ 45:22.

5. “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു. എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.” യെശയ്യാ 53:4-6.

6. “ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.” യെശയ്യാ 65:25.

7. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർ‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?” യെശയ്യാ 66:1.

8. “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാടു.” യെശയ്യാ 66:22.

വിഷയാപഗ്രഥനം: I. യെഹൂദയെയും യെരൂശലേമിനെയും സംബന്ധിക്കുന്ന പ്രവചനങ്ങൾ: 1:1-12:6.

1. പൊതു മുഖവുര: 1:1:31.

2.  യിസ്രായേലിന്റെ ശുദ്ധീകരണവും സഹൃസാബ്ദ അനുഗ്രഹങ്ങളും: 2:1-4:6.

3. മുന്തിരിത്തോട്ടത്തെ കുറിച്ചുള്ള ഗീതം അഥവാ ഉപമ: 5:1-30.

4. പ്രവാചകന്റെ ദർശനവും നിയോഗവും: 6:1-13.

5. ഇമ്മാനുവേലിനെ കുറിച്ചുള്ള പ്രവചനം: 7:1-25.

6. അശ്ശൂർ ആക്രമണത്തെ കുറിച്ചുള്ള പ്രവചനം: 8:1-22.

7. മശീഹയെക്കുറിച്ചുള്ള പ്രവചനം: 9:1-21.

8. അശ്ശൂരിന്റെ ശിക്ഷ: 10:1-34.

9. മശീഹയുടെ വാഴ്ച: 11:1-12:6. ദേശം നാശത്തിലേക്ക്; രക്ഷകൻ രക്ഷിക്കുന്നു: 9:8-10:34. യിസ്രായേലിന്റെ ഭാവി പ്രത്യാശ: മശീഹയുടെ ഭരണം: 11:1-12:6. 

ll. ജാതികൾക്കെതിരെയുള്ള പ്രവചനങ്ങൾ: 13:1-23:18.

1. ബാബിലോൺ: 13:1-14:23 

2. അശ്ശൂർ: 14:24-27.

3. ഫെലിസ്ത്യ: 14:28-32.

4. മോവാബ്: 15:1-16:14.

5. ദമ്മേശെക്ക്: 17:1-14.

6. കുശ്: 18:1-7.

7. മിസ്രയീം: 19:1-25.

8. അശ്ശൂർ ആക്രമണം: 20:1-6.

9. മരുഭൂമി പ്രദേശങ്ങൾ: 21:1-22:25.

10. സോർ: 23:1-18.

Ill. രാജ്യസ്ഥാപനത്തെ സംബന്ധിച്ചുള്ള പ്രവചനം: 24:1-27:13 . 

IV. യെഹൂദയെയും അശ്ശൂരിനെയും സംബന്ധിച്ചുള്ള പ്രവചനങ്ങൾ: 28:1-35:10.

1. അപകടവും വീണ്ടെടുപ്പം: 28:1-33:24.

2. യഹോവയുടെ ദിവസം: 34:1-17.

3. സഹസ്രാബ്ദ വാഴ്ചയിലെ അനുഗ്രഹങ്ങൾ: 35:1-10.

V. ഹിസ്ക്കീയാ രാജാവിന്റെ വാഴ്ചയിലെ സംഭവങ്ങൾ: 36:1-39:8.

1. സൻഹേരീബിന്റെ ആക്രമണം: 36:1-37:38.

2. ഹിസ്കീയാവിന്റെ രോഗം, ശാന്തി ൾ, സ്തോത്രഗീതം: 38:1-22.

3. ഹിസ്കീയാവിന്റെ അഹങ്കാരം: 39:1-8.

VI . യിസ്രായേലിന്റെ ഭാവി മഹത്വം: 40:1-66:24. 

1. യിസ്രായേലിനു ആശ്വാസവും സുരക്ഷയും: 40:1-41:29.

2. യഹോവയുടെ ദാസൻ: 42:1-25. 

3. യിസായേലിന്റെ യഥാസ്ഥാപനം: 43:1-45:25.

4. ബാബിലോന്യ വിഗ്രഹങ്ങളുടെയും ബാബിലോണിന്റെയും തകർച്ച: 46:1-47:15.

5. യിസ്രായേലിന്റെ അവിശ്വസ്തത: 48:1-22.

VII. വീണ്ടെടുപ്പുകാരനായ മശീഹാ: 49:1-57:21.

1. മശീഹയുടെ വിളിയും വേലയും: 49:1-26.

2. അവന്റെ അനുസരണം: 50:1-11. 

3. യിസ്രായേലിന്റെ വീണ്ടെടുപ്പ്: 51:1-52:12.

4. മശീഹയുടെ കഷ്ടാനുഭവം: 52:13-53:12.

5. വീണ്ടെടുക്കപ്പെട്ട യിസ്രായേലിന്റെ സന്തോഷം: 54:1-17.

6. ആഗോള രക്ഷ: 55:1-13.

7. നീതിയ്ക്കായുള്ള ആഹ്വാനം: 56:1-57:21.

VII. അന്തിമ സംഘർഷവും ഭാവി മഹത്വവും: 58:1-66:24.

1. യഥാർത്ഥ അനുതാപം: 58:1-14.

2. സീയോന്റെ വീണ്ടെടുപ്പുകാരൻ: 59:1-21.

3. സീയോന്റെ ഭാവി മഹത്വം: 60:1-22.

4. പീഡിതർക്കു സദ്വർത്തമാനം: 61:1-11.

5. യെരുശലേമിന്റെ ഭാവി മഹത്വം: 62:1-11.

6. യിസ്രായേലിന്റെ ശത്രുക്കളുടെമേൽ മശീഹയുടെ ജയം: 63:1-14.

7. ശേഷിപ്പിന്റെ പ്രാർത്ഥന: 63:15-64:12.

8. പുതിയ ആകാശവും പുതിയ ഭൂമിയും: 65:1-25.

9. സീയോന്റെ ഭാവി പ്രത്യാശ: 66:1-24.

ഉത്തമഗീതം

ഉത്തമഗീതം (Song of Songs)

പഴയനിയമത്തിലെ ഇരുപത്തിരണ്ടാമത്തെ പുസ്തകം. എബ്രായ ബൈബിളിൽ ഉത്തമഗീതം ഷീർഹഷ്ഷീറീം (പാട്ടുകളുടെ പാട്ട്) എന്ന പേരിലറിയിപ്പെടുന്നു. ഇയ്യോബിനുശേഷം വരുന്ന മെഗില്ലോത്ത് അഥവാ ചുരുളുകളിൽ ആദ്യത്തേതാണിത്. സെപ്റ്റ്വജിന്റിലും അതിനെ പിന്തുടരുന്ന പരിഭാഷകളിലും സഭാപ്രസംഗിക്കു ശേഷമാണ് ഉത്തമഗീതത്തിന്റെ സ്ഥാനം. സെപ്റ്റ്വജിന്റിൽ ‘അസ്മഅസ്മറ്റോൻ’ എന്നും ലത്തീൻ വുൾഗാത്തയിൽ canticum canticorum എന്നും വിളിക്കുന്നു. ഈ പേരുകളെല്ലാം തന്നെ ഷീർഹഷ്ഷീറിം എന്ന എബ്രായ സംജ്ഞയുടെ പദാനുപദ വിവർത്തനമാണ്. നാമപദത്തിന്റെ ദ്വന്ദ്രപ്രയോഗം അത്യുത്തമാർത്ഥം വിവക്ഷിക്കുന്നു. എബ്രായ ബൈബിളിൽ എഴുത്തുകൾ (കെത്തുവീം) എന്ന വിഭാഗത്തിൽ യെഹൂദന്മാരുടെ പെരുനാളുകളിൽ വായിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നാമത്തേതാണിത്. രൂത്ത്, വിലാപങ്ങൾ, സഭാപ്രസംഗി, എസ്ഥേർ എന്നിവയാണ് മറ്റുനാലു ചുരുളുകൾ. പെസഹാ പെരുനാളിലാണ് ഉത്തമഗീതം വായിച്ചിരുന്നത്. 

കാനോനികത്വം: ബൈബിൾ കാനോനിൽ ഏറ്റവുമൊടുവിൽ അംഗീകാരം കിട്ടിയ പുസ്തകമാണിത്. വളരെയധികം വിവാദങ്ങൾക്കു ശേഷമാണ് ഉത്തമഗീതത്തിന് അംഗീകാരം ലഭിച്ചത്. റബ്ബി യെഹൂദ ഉത്തമഗീതത്തിന് അംഗീകാരം നല്കി. എന്നാൽ റബ്ബി യോസെ അതിനെ എതിർത്തു. അക്കിബാ റബ്ബി അത്യുത്തമ പദാവലിയിൽ ഇതിന്റെ കാനോനികത്വം അംഗീകരിച്ചുകൊണ്ടു പറഞ്ഞു; “പാട്ടുകളുടെ പാട്ട് (ഉത്തമഗീതം) യിസ്രായേലിനു നല്കിയ ദിവസത്തിനുള്ള മൂല്യം മുഴുവൻ ലോകത്തിനുമില്ല. എഴുത്തുകളെല്ലാം വിശുദ്ധമാണ്; പാട്ടുകളുടെ പാട്ടു അതിവിശുദ്ധവും (holiest of holies).” ഉത്തമഗീതത്തിൽ കാണപ്പെടുന്ന മാനുഷിക തലത്തിലുള്ള രതിയാണു കാനോനികത്വം നല്കുന്നതിനു പ്രതിബന്ധമായി നിന്നത്. എന്നാൽ ശലോമോന്റെ കർത്തൃത്വത്തെക്കുറിച്ചുള്ള പാരമ്പര്യവും റബ്ബിമാരുടെയും ക്രൈസ്തവരുടെയും അന്യാപദേശപര വ്യാഖ്യാനവും ഉത്തമഗീതത്തെ വെറും ഐന്ദ്രിയതലത്തിൽ നിന്നും ആത്മീയതലത്തിലേക്കു ഉയർത്തുകയുണ്ടായി. 

ഗ്രന്ഥകർത്താവ്: ശലോമോന്റെ ഉത്തമഗീതം (ഷീർ ഹഷ്ഷീറിം അഷർ ലിഷ്ലോമോ) എന്ന് ശീർഷകത്തിൽ പറഞ്ഞിട്ടുണ്ട്. ശലോമോൻ ആയിരത്തഞ്ചു ഗീതങ്ങൾ രചിച്ചു. അവയിൽ ഏറ്റവും മെച്ചമാണ് ഉത്തമഗീതം. (1രാജാ, 4:32). ശലോമോന്റെ പേർ പുസ്തകത്തിൽ ആറുസ്ഥാനങ്ങളിലുണ്ട്. (1:5; 3:7, 9, 11; 8:11,12). ഒന്നാമത്തെയും ഒടുവിലത്തെ രണ്ടും പരാമർശങ്ങൾ ശലോമോന്റെ അമിത സമ്പത്തിനെക്കുറിച്ചുള്ളതാണ്. പ്രിയ സ്വയം ശലോമോന്റെ തിരശ്ശീലകളെപ്പോലെ കറുത്തവളാണെന്നു പറയുന്നു. (1:5). മൂന്നാമദ്ധ്യായത്തിൽ ശലോമോന്റെ പേർ മുന്നുപ്രാവശ്യം പറയുന്നുണ്ട്. രാജാവിനെക്കുറിച്ചുള്ള മൂന്നു പരാമർശങ്ങളും (1:4, 12; 7:6) ശലോമോനുമായി ബന്ധപ്പെട്ടതാണ്. പക്ഷേ ഇവിടെ ഒരിടത്തും ശലോമോൻ സംസാരിക്കുന്നില്ല. ലിഷ്ലോമോ എന്ന പ്രയോഗത്തിന് ശലോമോനാൽ എന്നും ശലോമോനു വേണ്ടി എന്നും അർത്ഥം പറയാവുന്നതാണ്. ശലോമോന്റെ കർത്തൃത്വം നിഷേധിക്കുന്നവർ ശലോമോനുവേണ്ടിയുള്ളത് എന്ന അർത്ഥമ്മാണ് സ്വീകരിക്കുന്നത്. ഉത്തമഗീതത്തിന് ശലോമോന്റെ മറ്റു രചനകളോടു സാമ്യമുണ്ട്. സസ്യമൃഗാദികളെക്കുറിച്ചുള്ള വിവരണം ശലോമോന്റെ കർത്തൃത്വത്തെ ഉറപ്പിക്കുകയാണ്.  “ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പു വരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.” (1രാജാ, 4:33). നൂറ്റിപ്പതിനാറു വാക്യങ്ങളുള്ള ഉത്തമഗീതത്തിൽ ഇരുപത്തൊന്നിനം സസ്യങ്ങളെക്കുറിച്ചും പതിനഞ്ചിനം മൃഗങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഫറവോന്റെ രഥത്തിനു കെട്ടുന്ന പെൺകുതിരയോടു പ്രിയതമയെ ഉപിമിച്ചിരിക്കുന്നു. മിസ്രയീമിൽനിന്ന് കുതിരകളെകൊണ്ടു വന്നതു് ശലോമോനാണ്. (1രാജാ, 10:28). കൂടാതെ ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. (1രാജാ, 11:1). യിസ്രായേലിന്റെ വിഭജനത്തിനു മുമ്പുള്ള കാലത്തെയാണ് ഉത്തമഗീതം പ്രതിഫലിപ്പിക്കുന്നത്. യെരൂശലേം, കർമ്മേൽ, ശാരോൻ, ലെബാനോൻ, ഏൻ-ഗെദി, ഹെർമ്മോൻ, ഗിലെയാദ് തുടങ്ങിയ സ്ഥലങ്ങൾ ഒരു രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി പ്രസ്താവിക്കുന്നു. ഇവയെല്ലാം ശലോമോന്റെ കർത്തൃത്വത്തിനുള്ള തെളിവുകളാണ്.

എഴുതിയ കാലം: ഉത്തമഗീതത്തിന്റെ രചനാകാലത്തെക്കുറിച്ചും അഭിപ്രായൈക്യമില്ല. ശലോമോന്റെ കർത്തൃത്വം അംഗീകരിച്ചു കഴിഞ്ഞാൽ ബി.സി. പത്താം നൂറ്റാണ്ടിലാണ് കാലം. ഫീഫർ പ്രേമഗീതങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുകയും രചനാകാലം ബി.സി 250 ആയി കണക്കാക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലെ ഒരു പേർഷ്യൻ പദവും (പാർദേസ്=തോട്ടം 4:12), ഒരു ഗ്രീക്കു പദവും (അപ്പിര്യോൻ=പല്ലക്ക്  3:9) ചൂണ്ടിക്കാണിച്ചുകൊണ്ടു ഈ ഭാഷകളുടെ സ്വാധീനം വർദ്ധിച്ച ബി.സി. മൂന്നാം നൂറ്റാണ്ടാണ് രചനാകാലം എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അത് ഒരു നിർണ്ണായകമായ തെളിവല്ല. 6:4-ൽ യെരുശലേം, തിർസ്സാ എന്നീ സ്ഥലനാമങ്ങൾ സമാന്തരമായി പ്രയോഗിച്ചിട്ടുണ്ട്. തിർസ്സാ ഉത്തരരാജ്യമായ യിസ്രായേലിന്റെ തലസ്ഥാനമായിരുന്ന കാലത്തെയാകണം സൂചിപ്പിക്കുന്നത്. ബയേശാ മുതൽ ഒമ്രിവരെയുള്ള രാജാക്കന്മാരുടെ ഭരണകാലത്താണ് (ബി.സി. 909-873) തിർസ്സാ ഉത്തരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്. ചില ഭാഷാപരമായ തെളിവുകളും ഭൂമിശാസ്ത്രപരമായ സൂചനകളും (ശാരോൻ: 2:1; ലെബാനോൻ: 3:9; 4:8, 11, 15; അമാനാ, ശെനീർ, ഹെർമ്മോൻ: 4:8; തിർസ്സാ: 6:4; ദമ്മേശക്: 7:5; കർമ്മേൽ: 7:6) എടുത്തു കാണിച്ചു ഇത് ഉത്തരദേശത്ത് എഴുതപ്പെട്ടതാണെന്ന് എസ്.ആർ. ഡ്രിവർ വാദിക്കുന്നു. എന്നാൽ ഇവിടെ പ്രാദേശികത്വം ഇല്ലെന്നതാണ് വാസ്തവം. ചാവുകടലിനടുത്തുള്ള ഏൻഗെദി മുതൽ (ഉത്ത, 1:14) ലെബാനോൻ പർവ്വതംവരെയുള്ള പലസ്തീന്റെയും സിറിയയുടെയും ഭൂമിശാസ്ത്രം മുഴുവൻ എഴുത്തുകാരനു സുപരിചിതമാണ്. പുരാതനഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം ചില പ്രയോഗങ്ങളിൽ കാണാം . ജടാമാംസി: സം. നലദു: എ. നർദ്: (1:12; 4:13,14); രക്താംബരം: സം. രാഗമൻ: എ. അർഗാമാൻ: (3:10; 7:6); പല്ലക്കു: സം . പര്യങ്ക: എ. അപ്പിര്യാൻ: (3:9) എന്നിവ ഉദാഹരണങ്ങൾ. ഗ്രീക്കിൽ നിന്നല്ല, സംസ്കൃതത്തിൽ നിന്നാണ് പല്ലക്കിനെക്കുറിക്കുന്ന എബായപദം വന്നത്. 

സാഹിത്യപരമായ മേന്മ: ലോകോത്തരമായ ഭാവഗീതങ്ങളിൽ ഒന്നാണ് ഉത്തമഗീതം. തീവ്രമായ വൈകാരികഭാവം മുറ്റിനില്ക്കുന്നവയാണ് വൈയക്തിക ഭാഷണങ്ങൾ. അവ പ്രധാനമായും രണ്ടു വിധത്തിലാണ് കാണപ്പെടുന്നത്: 1. സംഭാഷണം: (1:9).2. ആത്മഗതം: (2:8-3:5). കാമുകീ കാമുകന്മാരൊഴികെ സംഭാഷണത്തിൽ ഭാഗഭാക്കുകളാകുന്ന അന്യരെ തിരിച്ചറിയുവാൻ സാദ്ധ്യമല്ല. യെരുശലേം പുത്രിമാരെക്കുറിച്ചും (1:5; 2:7; 3:5) യെരുശലേമിലെയും, ശൂലേമിലെയും പൗരന്മാരെക്കുറിച്ചും (3:6-11; 8:5) പറയുന്നുണ്ട്. ഉന്നതമായ ഭാവഗീതങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ മറ്റു കഥാപാത്രങ്ങളുടെ പ്രതികരണം പുനരാവിഷ്ക്കരിക്കാറുണ്ട്. ഉത്തമഗീതത്തിൽ ശൂലേംകാരി തന്റെ സഹോദരന്റെ വാക്കുകൾ ഉദ്ധരിക്കുന്നു. (8:8,9). മനോഹരമായ ബിംബങ്ങളിലൂടെ പ്രകാശിതമായ സ്നേഹവും ഭക്തിയും ആണ് ഈ കാവ്യത്തിന്റെ ജീവൻ. വർണ്ണനകൾ എല്ലാം തന്നെ ഭാവോദ്ദീപകങ്ങളായ അലങ്കാരങ്ങൾകൊണ്ട് മധുരതരമാണ്. കാമുകീ കാമുകന്മാരുടെയും അവരുടെ അനുരാഗത്തിന്റെയും വർണ്ണനകൾ അന്യാദൃശങ്ങളാണ്. മൃഗങ്ങളുടെയും സസ്യങ്ങളുടെയും പരാമർശങ്ങൾ ധാരാളമുണ്ട്. പ്രകൃതി അതിൻ്റെ സർവ്വഭാവഹാവങ്ങളോടെ കാവ്യത്തിന് പശ്ചാത്തലം ഒരുക്കുന്നു. (2:8-17; 7:11-13). പുഷ്പങ്ങൾ (മയിലാഞ്ചി, പനിനീർപുഷ്പം, താമരപ്പൂ), വൃക്ഷങ്ങൾ (ദേവദാരു, ആപ്പിൾ, സരളവൃക്ഷം), കാർഷികോത്പന്നങ്ങൾ (മാതളം, വീഞ്ഞു, തേൻ), മൃഗങ്ങൾ, പക്ഷികൾ, (പ്രാവ്, ചെറുമാൻ, കലക്കുട്ടി, കുറുപ്രാവ്, കുതിര, പേടമാൻ) എന്നിവയുടെ പ്രതീകാത്മകമായ പരാമർശമുണ്ട്. ബൈബിളിലെ കവിതയുടെ സാമാന്യസ്വഭാവങ്ങൾ ഉത്തമഗീതത്തിലും ദൃശ്യമാണ്. വൃത്തങ്ങൾ, അലങ്കാരങ്ങൾ എന്നിവ ഉദാഹരണങ്ങൾ. ബൈബിളിലെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തമഗീതത്തിനു ചില പ്രത്യേകതകളുണ്ട്. ബൈബിളിൽ ഒരിക്കൽ മാത്രം പ്രയോഗിച്ചിട്ടുള്ള നാല്പത്തൊമ്പതു വാക്കുകൾ ഈ ചെറുഗ്രന്ഥത്തിലാണുള്ളത്. കൂടാതെ മറ്റ് ഏഴുപതു അസാധാരണ പദങ്ങളും ഇതിലുണ്ട്. 

വ്യാഖ്യാനസിദ്ധാന്തങ്ങൾ: ഉത്തമഗീതത്തിന്റെ വ്യാഖ്യാനരീതികൾ നിരവധിയാണ്. ഉത്തമഗീതത്തിന്റെ സ്രോതസ്സ്, അർത്ഥം, ലക്ഷ്യം എന്നിവയെക്കുറിച്ച് പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായ സമന്വയമില്ല. വിശദമായ വർണ്ണനകളും ഭാവാവിഷ്കരണങ്ങളും വാചികമായ മതപരപ്രമേയങ്ങളുടെ അഭാവവും, ഇതിവൃത്തത്തിന്റെ അവ്യക്തതയും വ്യാഖ്യാനത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നു. വ്യാഖ്യാന മാതൃകകളിൽ പ്രധാനപ്പെട്ടവ: 

 1. അന്യാപദേശപരവ്യാഖ്യാനം: യെഹൂദ റബ്ബിമാരും സഭാപിതാക്കന്മാരും അന്യാപദേശപര വ്യാഖ്യാനംകൊണ്ടാ തൃപ്തിയടയുന്നു. മിഷ്ണയിലും തൽമൂദിലും ഈ വ്യാഖ്യാനരീതിയുടെ കിരണങ്ങൾ കാണാം. ഉത്തമഗീതത്തിന്റെ തർഗും യിസ്രായേലിന്റെ ചരിത്രത്തിലുടനീളം വെളിപ്പെടുന്ന ദൈവത്തിന്റെ കൃപാപൂർണ്ണമായ ഇടപെടലുകളുടെ സ്പഷ്ടമായ ചിത്രമാണ് ഉത്തമഗീതത്തിൽ ദർശിക്കുന്നത്. ഒരു പഴുതും ഇല്ലാത്ത ഇടത്തുനിന്നുപോലും യിസ്രായേലിന്റെ ചരിത്രസൂചനകൾ ഞെക്കിയെടുക്കാൻ ശ്രമിക്കുന്നു. സഭയോടു അഥവാ വിശ്വാസിയോട് ക്രിസ്തുവിനുള്ള സ്നേഹമാണ് സഭാപിതാക്കന്മാരും അനന്തരകാല ക്രൈസ്തവ്യാഖ്യാതാക്കളും ഉത്തമഗീതത്തിൽ കണ്ടത്. മദ്ധ്യയുഗത്തിലെ പല എഴുത്തുകാരും അംബ്രോസിനെ പിന്തുടർന്നു ശൂലംകാരിയിൽ കന്യാമറിയയെ നിഴലിട്ടുകണ്ടു. അന്യാപദേശപര വ്യാഖ്യാനത്തിനു ചില സവിശേഷതകളുണ്ട്. പ്രധാനമായും ഈ വ്യാഖ്യാനം ഉത്തമഗീതത്തിന് ഉന്നതമായ ആത്മീയാർത്ഥം നല്കുന്നു. ദൈവത്തിന് തന്റെ ജനത്തോടുള്ള സ്നേഹം ഭർതൃഭാര്യാബന്ധത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. പാപത്തിന്റെ ഫലമായി പരിത്യജിക്കപ്പെട്ടതും വീണ്ടും യഥാസ്ഥാനപ്പെടുവാൻ പോകുന്നതുമായ ഭാര്യയായി യിസ്രായേലിനെ പഴയനിയമത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. (ഹോശേ, 2:19-23; യെശ, 54:5; യിരെ, 3:1). “അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭർത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാടു.’ (ഹോശേ, 2:16). പുതിയനിയമത്തിൽ ക്രിസ്തു എന്ന ഏകപുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ട കന്യകയാണ് സഭ. (2കൊരി, 11:2; എഫെ, 5:23-32; വെളി, 19:6-8). 

അന്യാപദേശപര വ്യാഖ്യാന രീതിക്കു രണ്ടു പ്രധാന പോരായ്മകളുണ്ട്. 1. വസ്തുതകളുടെ യഥാർത്ഥ ചരിത്രവശം നിഷേധിക്കുന്നു. 2. അതിരുകടന്ന വ്യാഖ്യാനങ്ങൾക്ക് അത് ഇടനല്കുന്നു. അതിനുകാരണം ഈ വ്യാഖ്യാന പദ്ധതി ആത്മനിഷ്ഠം എന്നതത്രേ. പ്രതീകാത്മകമായി സ്ത്രീപുരുഷബന്ധത്തെക്കുറിച്ചു പറയുമ്പോൾ പഴയനിമയത്തിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ അപ്രകാരമൊരു സൂചന ഉത്തമഗീതത്തിൽ ഒരിടത്തുമില്ല. ഈ വ്യാഖ്യാനമാർഗ്ഗം ആത്മനിഷ്ഠമായതുകൊണ്ട് ഒരേ വാക്യത്തിന് വ്യത്യസ്തവും വിരുദ്ധവുമായ വ്യാഖ്യാനങ്ങൾ സ്വാഭാവികം മാത്രം. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. “എന്റെ പ്രിയൻ എനിക്കു സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മുറിന്റെ കെട്ടുപോലെയാകുന്നു.” (1:13). കെരൂബുകൾക്കു മദ്ധ്യേ നിയമപെട്ടകത്തിനുമേലുള്ള ദൈവത്തിന്റെ സാന്നിദ്ധ്യമായി ഈ പ്രയോഗത്തെ റാഷിയും ഇബൻ എസ്രായും വ്യാഖ്യാനിക്കുമ്പോൾ അലക്സാണ്ഡ്രിയയിലെ സിറിൽ അതിനെ ക്രിസ്തുവും രണ്ടു നിയമങ്ങളുമായി വ്യാഖ്യാനിക്കുന്നു. വിശ്വാസിയെ സന്തോഷത്തിലും സന്താപത്തിലും ശക്തിപ്പെടുത്തുന്ന ക്രിസ്തുവിന്റെ ക്രൂശീകരണമാണ് ബർണാഡ് ഈ വാക്യത്തിൽ കാണുന്നത്. “രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എൻ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.” (3:1). റാഷിയുടെ പക്ഷത്തിൽ ഇത് യിസായേല്യരുടെ മരുഭൂമി പ്രയാണമാണ്. പുനരുത്ഥാനത്തിന്റെ പ്രഭാതത്തിൽ സ്ത്രീകൾ നടത്തിയ ക്രിസ്ത്വന്വേഷണമാണ് ഈ വാക്യത്തിൽ സുചിതമെന്നു സിറിൽ വ്യാഖ്യാനിക്കുന്നു. “നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു; അതിൽ കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പു ചുറ്റിയിരിക്കുന്ന കോതമ്പു കൂമ്പാരംപോലെ ആകുന്നു.” (7:3). ഇബൻ എസ്രായ്ക്ക് നാഭി സന്നദ്രീം സംഘവും (Sanhedrin ) കലക്കിയ വിഞ്ഞു ന്യായപ്രമാണവുമാണ്. ശീമോൻ പാട്രിക്ക് തുടങ്ങിയവർ ഈ വാക്യത്തിൽ സ്നാനവും കർത്തൃമേശയും ദർശിക്കുന്നു. അവർക്കു നാഭി സ്നാനപാത്രവും ഉദരം കർത്താവിന്റെ അത്താഴവുമാണ്. 

2. പ്രതിരൂപാത്മകം: അന്യാപദേശപര വ്യാഖ്യാനവുമായി അടുത്തബന്ധം പ്രതിരൂപാത്മക വ്യാഖ്യാനത്തിനുണ്ട്. ഈ വ്യാഖ്യരീതി കാവ്യത്തിന്റെ വാച്യാർത്ഥം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ആദ്ധ്യാത്മികാർത്ഥം കണ്ടെത്തുകയും ചെയ്യുന്നു. വിശദ വ്യാഖ്യാനം മൂലം അന്യാപദേശപര വ്യാഖ്യാനത്തിൽ സംഭവിക്കുന്ന അമിതത്വത്തെ ഒഴിവാക്കിക്കൊണ്ട് പ്രതിരൂപാത്മക വ്യാഖ്യാനം, അർപ്പണം, സ്നേഹം എന്നീ പ്രധാന വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ ക്രിസ്തുവും വിശ്വാസികളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ചിത്രം ഉത്തമഗീതത്തിൽ കാണുന്നു. പഴയനിയമത്തിലെ പല സംഭവങ്ങളും നിഴലുകളായെടുത്തു പുതിയനിയമത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് ഈ വ്യാഖ്യാനരീതിക്ക് അടിത്തറ നല്കുന്നു. യോനായുടെ ചരിത്രം (മത്താ, 12:40), മരുഭൂമിയിലെ സർപ്പം (യോഹ, 3:14), വിവാഹം (ഹോശേ, 1:3; യിരെ, 2:2; 3:1; യെഹ, 16:6; എഫെ, 5:22) തുടങ്ങിയവ ഉദാഹരണങ്ങൾ. ഈ വ്യാഖ്യാന രീതിയനുസരിച്ച് ശലോമോൻ ക്രിസ്തുവിനു നിഴലും ശുലേംകാരി ക്രിസ്തുവിന്റെ കാന്തയായ സഭയ്ക്ക് നിഴലുമാണ്. അന്യാപദേശ വ്യാഖ്യാനത്തിനും പ്രതിരൂപാത്മക വ്യാഖ്യാനത്തിനും ഭക്തി സംവർദ്ധകങ്ങളായ സവിശേഷതകളുണ്ടെങ്കിലും അവയുടെ വ്യാഖ്യാനപരമായ അടിസ്ഥാനം ഭ്രദമല്ല. ഉത്തമഗീതത്തിനകത്ത് ആഴമേറിയ ആത്മീയ സൂചനകളൊന്നും തന്നെയില്ല. ദൈവനാമംപോലും ഇതിലില്ല. ദിവ്യജ്വാലയെക്കുറിക്കുന്ന സമസ്തപദത്തിന്റെ ഒടുവിൽ മാത്രം യാഹ് (യഹോവ) ഉണ്ട്. (8:6). പക്ഷേ അതിനു ഉത്തമത്വാർത്ഥമേ ഉള്ളു.

3. നാടകീയം: ഉത്തമഗീതത്തിന് ഓറിജനും മിൽട്ടനും നല്കിയ നാടകീയ വ്യാഖ്യാനങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ രണ്ടു പ്രധാന രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എഫ്. ഡലിറ്റ്ഷ് ഉത്തമഗീതത്തിൽ രണ്ടു പ്രധാന കഥാപാത്രങ്ങളെ കണ്ടു; ശലോമോൻ രാജാവും ശൂലേംകാരിയും. ശലോമോൻ രാജാവ് ശുലേംകാരിയെ കാണുകയും അവളിൽ അനുരക്തനാകുകയും ചെയ്തു. തന്റെ ഗ്രാമീണ ഭവനത്തിൽനിന്നും ശൂലേംകാരിയെ കൊണ്ടുവന്നു കാമസ്പർശമില്ലാത്ത പവിത്ര സ്നേഹത്തോടുകൂടി അവളെ ഭാര്യയായി സ്നേഹിക്കുന്നു. ഈ സിദ്ധാന്തത്തിന് ചില പോരായ്മകളുണ്ട്. ഇടയനെന്ന നിലയിൽ ശലോമോൻ ഒരു കഥാപാത്രമാവുകയില്ല. (1:7). കൂടാതെ സമാപനരംഗം വധുവിന്റെ ഗ്രാമീണ ഭവനത്തിൽ നടക്കുവാനുമിടയില്ല. 6:8-ൽ വരൻ വധുവിനെ രാജകീയാന്തഃപുരവുമായി തുലനം ചെയ്യുന്നതു ശലോമോനെക്കുറിച്ചുള്ള പാരമ്പര്യങ്ങൾക്കു നിരക്കുന്നതല്ല. ഈ കഥയുടെ അല്പം വ്യത്യസ്തമായ രൂപം ഇവാൾഡ് അവതരിപ്പിച്ചു. അതിൽ ശലോമോൻ, ശുലേംകാരി, ഇടയ കാമുകൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളുണ്ട്. ഇതിന് അജപാലസിദ്ധാന്തം എന്നു വിളിക്കുന്നു. ശുലേംകാരി ഇടയബാലനുമായി വിവാഹനിശ്ചയം ചെയ്തിരുന്നു. ശലോമോൻ അവളെ കൊട്ടാരത്തിലേക്കു കുട്ടിക്കൊണ്ടു വന്നു. അവളുടെ ഹൃദയം ഇടയബാലനിൽ ദൃഢമായിരുന്നു. അവളുടെ അനുരാഗത്തിന്റെ ഗതിമാറ്റുവാൻ യെരുശലേം പുത്രിമാരെക്കൊണ്ട് ശലോമോൻ വേണ്ടുവോളം ശ്രമിച്ചു. അവളുടെ ഹൃദയം അല്പവും വ്യതിചലിച്ചില്ല. ശലോമോൻ അവളെ പുകഴ്ത്തുമ്പോൾ അവൾ തന്റെ പ്രിയനായ ഇടയബാലനെയാണ് പുകഴ്ത്തിയത്. അവൾ ഇടയബാലനോടുള്ള ഉടമ്പടിയിൽ ഉറച്ചുനിന്നു. ഒടുവിൽ രാജാവ് അവളെ മടക്കി അയക്കുകയും അവൾ തന്റെ ഇടയ കാമുകനുമായി യോജിക്കുകയും ചെയ്തു. രാജാവിന്റെയും കൊട്ടാരത്തിലെയും സകലപ്രലോഭനങ്ങളെയും അതിജീവിച്ച പരിശുദ്ധമായ സ്നേഹമാണിത്. നാടകീയ വ്യാഖ്യാനത്തിനുള്ള പ്രധാന പ്രതിബന്ധം എബായരുടെ ഇടയിലുള്ള നാടകസാഹിത്യത്തിന്റെ അഭാവമാണ്. 

4. വിവാഹഗാനസമാഹാരം: ഉത്തമഗീതം വിവാഹഗാനങ്ങളുടെ സമാഹാരമാണെന്ന് ഒരഭിപ്രായമുണ്ട്. എ.ഡി. 1894-ൽ ബുദ്ദേ (Budde) ഈ സിദ്ധാന്തം അവതരിപ്പിച്ചു. സുറിയാനികളുടെ ഇയിടയിൽ വിവാഹവിരുന്നിന് ഒരാഴ്ചത്തെ ദൈർഘ്യമുണ്ട്. അക്കാലത്ത് വധുവിനെയും വരനെയും രാജ്ഞിയും രാജാവുമായി കിരീടം ധരിപ്പിക്കും. ഉത്തമഗീതം ഒരു പൗരാണിക പലസ്തീന്യ കാവ്യമാണ്. അതിൽ ആധുനിക സുറിയാനി ആചാരങ്ങൾ ആരോപിക്കുന്നതു ശരിയല്ല. മാത്രവുമല്ല, വിവാഹോത്സവത്തിന്റെ ഏഴുദിവസവും പാടാൻ ഉത്തമഗീതം പര്യാപ്തവുമല്ല. ശൂലേംകാരിയെ ഉത്തമഗീതത്തിൽ ഒരിടത്തും രാജ്ഞിയെന്നു വിളിച്ചിട്ടില്ലെന്നതും പ്രസ്താവ്യമാണ്.

5 , അനുഷ്ഠാനപരം: മീകിന്റെ (T.J. Meek) അഭിപ്രായത്തിൽ അദോണീസ് തമ്മൂസ് പൂജയുടെ ചടങ്ങുകളിൽനിന്നും രൂപപ്പെട്ടതാണ് ഉത്തമഗീതം. ഈ പൂജയെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രവാചക പുസ്തകങ്ങളിലുണ്ട്. (യെഹെ, 8:14). കാമവും ലൈംഗികതയും നിറഞ്ഞു നില്ക്കുന്ന ജാതീയാനുഷ്ഠാനങ്ങളെ പരിഷ്ക്കരിച്ച് എബായ കാനോനിൽ സ്വീകരിക്കുമെന്നു കരുതാൻ ഒരു സാദ്ധ്യതയുമില്ല. ലിറോയ് വാട്ടർമാൻ (Liroy Waterman) ഉത്തമഗീതത്തിന് ചരിത്രപരമായ അടിസ്ഥാനം കണ്ടെത്താൻ ശ്രമിച്ചു. അന്ത്യകാലത്ത് ദാവീദിനെ ശുശ്രൂഷിക്കുവാൻ കൊണ്ടുവന്ന ശൂനേം കാരിയായിരുന്നു അബീശഗ്, അബീശഗിന്റെ ചരിത്രവുമായി വാട്ടർമാൻ ഉത്തമഗീതത്ത ബന്ധിപ്പിച്ചു. ഇടയ കാമുകനുവേണ്ടി അബീശഗ് ശലോമോന്റെ പ്രേമാഭ്യർത്ഥന കളെല്ലാം നിരസിച്ചു. സ്വഗ്രാമത്തിൽ ശൂനേംകാരിക്ക് ഒരു കാമുകനുണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ല. കൂടാതെ ശൂനേംകാരിയും ശുലേംകാരിയും ഒന്നായിരിക്കുമെന്ന ഊഹബന്ധത്തിന്മേലാണ് ഈ വ്യാഖ്യാനം നിലകൊള്ളുന്നത്. 

അനേകം പ്രേമഗാനങ്ങളുടെ സമാഹാരമായി ഉത്തമഗീതത്തെ കാണുന്നവരുമുണ്ട്. ഈ ഗാനങ്ങൾ വിവാഹോത്സവവുമായോ മറ്റു പ്രത്യേക സന്ദർഭങ്ങളുമായോ ബന്ധപ്പെടണമെന്നില്ല. ഓസ്റ്റർലി ഉത്തമഗീതത്തെ ഇരുപത്തെട്ടു പ്രത്യേക ഗാനങ്ങളായി വിഭജിക്കുകയും പുസ്തകത്തിന്റെ ഐക്യത്തെ നിഷേധിക്കുകയും ചെയ്തു. ഉത്തമഗീതം ആദിയോടന്തം ഏക കർത്തൃകമാണെന്നും അതിൽ സുഘടിതമായ ഒരു ഇതിവൃത്തമുണ്ടെന്നും ഇന്നധികം പേരും കരുതുന്നു. ഉത്തമഗീതത്തിന്റെ എല്ലാഭാഗങ്ങളിലും ഒരേ വിധത്തിലുള്ള കല്പനകളും പ്രാദേശികമായ വർണ്ണനകളും കാണാം. പ്രിയനെ കലക്കുട്ടിയോട് ഉപമിക്കുന്നു: (2:9, 17; 8:14). അവൻ താമരകളുടെയിടയിൽ ആടുമേയ്ക്കന്നു: (2:16; 4:5; 6:2,3). പ്രിയ സ്ത്രീകളിൽ അതിസുന്ദരിയാണ്: (1:8; 5:9; 6:1). കാവ്യത്തിന്റെ എല്ലാഭാഗത്തും ഒരേ വ്യക്തികൾ പ്രത്യക്ഷപ്പെടുന്നു; കാന്ത: (1:5; 2:16; 3:4; 7:11; 8:2, 8). കാന്തൻ: (1:7; 2;13; 4:8-5:1; 6:1; 7:11-13). യെരൂശലേം പുത്രിമാർ: (1:5; 2:7; 3:5 , 10; 5:8, 16; 8:4. ഈ ആവർത്തനങ്ങളെല്ലാം ഏക ഹസ്തരചനയുടെ തെളിവുകളാണ്. ഉത്തമഗീതം അന്യാപദേശമോ പ്രതിരൂപമോ അല്ല. മാനുഷിക സ്നേഹത്തിന്റെ വിസ്മയങ്ങളെ വെളിപ്പെടുത്തുകയാണ് ഉത്തമഗീതത്തിന്റെ ഉദ്ദേശ്യം. ശാരീരിക സ്നേഹത്തിന്റെ നന്മയെ നിഷേധിക്കുന്ന സന്യാസത്തിനും വികടമായ ലൈംഗികത്വത്തിനും മദ്ധ്യ സന്തുലിതമായ ഒരു നിലപാടാണ് ഉത്തമഗീതം കാണിച്ചുതരുന്നത്. മാനുഷികസ്നേഹം പരിശുദ്ധവും ദൈവികമാനദണ്ഡത്തിലേക്കു ഉയരുവാൻ ശക്യവുമാണ്. വിവാഹത്തെ മാന്യമായി വ്യവസ്ഥാപനം ചെയ്ത ദൈവം വിവാഹവുമായി ബന്ധപ്പെട്ട പ്രമത്തെയും ആദരിച്ചു എന്നതിനു തെളിവാണു് ഉത്തമഗീതം. ഇ.ജെ. യംഗിന്റെ വാക്കുകൾ ഇതു വ്യക്തമാക്കുന്നു.  “മാനുഷിക സ്നേഹത്തിന്റെ പവിത്രതയും മഹിമയും പ്രകീർത്തിക്കുകയാണ് ഉത്തമഗീതം. വേണ്ടുവോളം ഊന്നൽ നല്കപ്പെടാത്ത ഒരു വസ്തുതയാണിത്. ഈ ഗീതം, തന്മൂലം പ്രബോധനപരവും നൈതികഗുണപാഠം ഉൾക്കൊള്ളുന്നതുമാണ്. മോഹവും കാമവും സാർവ്വത്രികമായിരിക്കുകയും തീവ്രമായ പ്രലോഭനങ്ങൾ നമ്മെ കടന്നാക്രമിക്കുകയും ദൈവദത്തമായ വിവാഹ മാനദണ്ഡത്തിൽനിന്നു നമ്മെ തിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്യുന്ന പാപപൂർണ്ണമായ ലോകത്തിലാണ് ഉത്തമഗീതം നമ്മുടെ അടുക്കലേക്ക് വരുന്നത്. സാക്ഷാൽ സ്നേഹം എത്ര പവിത്രവും കുലീനവും എന്നു മനോഹരമായി അത് നമ്മെ ഓർപ്പിക്കുന്നു. പുസ്തകത്തിന്റെ ഉദ്ദേശ്യം അതുകൊണ്ടു സമ്പൂർണ്ണമാകുന്നില്ല. മാനുഷിക സ്നേഹത്തിന്റെ പവിത്രയെക്കുറിച്ച് അതു സംസാരിക്കുക മാത്രമല്ല കാനോനിൽ ഉൾപ്പെടുത്തുക നിമിത്തം നമ്മുടെതിനേക്കാൾ പവിത്രമായ ഒരു സ്നേഹത്തെക്കുറിച്ച് അതു നമ്മ ഓർപ്പിക്കുകയും ചെയ്യുന്നു.” 

പ്രധാന വാക്യങ്ങൾ: 1. “യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.” ഉത്തമഗീതം 2:7, 3:5, 8:4.

2. “എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!” ഉത്തമഗീതം 5:1.

3. “എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ.” ഉത്തമഗീതം 5:10.

4. “ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുപ്പാൻ പോരാ; നദികൾ അതിനെ മുക്കിക്കളകയില്ല. ഒരുത്തൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.” ഉത്തമഗീതം 8:7.

ഉള്ളടക്കം: ഉത്തമഗീതത്തിന്റെ ഉള്ളടക്കം വസ്തുനിഷ്ഠമായി അപ്രഗഥിക്കുക പ്രയാസമാണ്. സംഭാഷണങ്ങളും (2:9), ആത്മഗതങ്ങളും (2:8-3:5) ഉണ്ട്. കാമുകീകാമുകന്മാർ ഒഴികെയുള്ള വക്താക്കളെ തിരിച്ചറിയുവാനും പ്രയാസമാണ്. 

1. പ്രിയനുവേണ്ടിയുള്ള പ്രിയയുടെ വാഞ്ഛ: 1:1-2:7.

2. സ്നേഹത്തിന്റെ വൃദ്ധി: 2:8-3:5.

3. ശലോമോനെക്കുറിച്ചുള്ള പ്രകീർത്തനം, വിവാഹനിശ്ചയം, പ്രിയനെക്കുറിച്ചുള്ള വർണ്ണന: 3:6-5:1.

4. പ്രിയ പ്രിയതമനുവേണ്ടി വാഞ്ഛിക്കുന്നു: 5:2-6:9.

5. പ്രിയയുടെ സൗന്ദര്യവർണ്ണന: 6:10-8:4.

6. ഉപസംഹാരം: സ്നേഹത്തിന്റെ മഹത്ത്വപ്രകീർത്തനം: 8:5-14.

സഭാപ്രസംഗി

സഭാപ്രസംഗി (Book of Ecclesiastes)

പഴയനിയമത്തിലെ ഇരുപത്തൊന്നാമത്തെ പുസ്തകം. എബ്രായ കാനോനിൽ കൈത്തൂവീമിൽ (എഴുത്തുകൾ) പെടുന്നു. പുസ്തകത്തിന്റെ എബ്രായപേര് ‘കോഹെലെത്തും’ ഗീക്കുപേര് ‘എക്ലിസിയാസ്റ്റീസും’ ആണ്. സഭയിൽ പ്രഭാഷണം നടത്തുന്നവൻ എന്നാണ് ഇതിനർത്ഥം. കോഹെലെത് ഒരപൂർവ്വ പദമാണ്. ഈ പുസ്തകത്തിലുള്ള ഏഴു പരാമർശങ്ങളൊഴികെ കാനോനിക തിരുവെഴുത്തുകളിൽ മറ്റൊരിടത്തും ഈ പദം പ്രയോഗിച്ചിട്ടില്ല. സെപ്റ്റജിന്റിൽ സദൃശവാക്യങ്ങൾ, ഉത്തമഗീതം എന്നിവയോടൊപ്പം സങ്കീർത്തനത്തിനു ശേഷമാണ് സഭാപ്രസംഗിയുടെ സ്ഥാനം. ദാവീദിന്റെ സങ്കീർത്തനങ്ങൾക്കു ശേഷം പുത്രനായ ശലോമോന്റെ പുസ്തകങ്ങൾ എന്ന സാമാന്യ യുക്തിയാണ് ഈ വർഗ്ഗീകരണത്തിനടിസ്ഥാനം. അഞ്ചു ചുരുളുകളിൽ (മെഗില്ലോത്ത്) ഒന്നായ ഇതിനെ യെഹൂദന്മാർ കുടാരപ്പെരുന്നാളിനു പാരായണം ചെയ്യുന്നു. 

ഗ്രന്ഥകർത്താവ്: മാർട്ടിൻ ലൂഥറിന്റെ കാലം മുതൽ ശലോമോന്റെ കർത്തൃത്വം നിഷേധിക്കപ്പെട്ടു വരുന്നു. ഭാഷാരീതി, അരാമ്യ ഭാഷാസ്വാധീനം, ചിലപ്രയോഗങ്ങളുടെ കാലപ്പൊരുത്തമില്ലായ്മ എന്നിവയാണ് വിമർശകന്മാർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ. എന്നാൽ ശലോമോന്റെ ഗ്രന്ഥകർത്തൃത്വം പൊതുവെ ഇന്നു അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശലോമോന്റെ കാലം ബി.സി. പത്താം നൂറ്റാണ്ടാണ്. ശലോമോന്റെ കർത്തൃത്വത്തിനു അനുകൂലമായ വാദഗതികൾ താഴെപ്പറയുന്നവയാണ്. 1. ബാബാബ്രതയിൽ സെപ്റ്റ്വജിന്റിലെ ക്രമമനുസരിച്ച് സദൃശവാക്യങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി, എന്നിങ്ങനെ വർഗ്ഗീകരിച്ചിരിക്കുന്നു. ശലോമോൻ യൗവനകാലത്ത് പ്രേമത്തിനു ഊന്നൽ നല്കിക്കൊണ്ട് ഉത്തമഗീതവും ജീവിതമദ്ധ്യത്തിൽ പ്രായോഗിക ജീവിതത്തിൽ സദാചാരതത്വങ്ങൾക്ക് ഊന്നൽ നല്കിക്കൊണ്ട് സദൃശവാക്യങ്ങളും ജീവിത സായാഹ്നത്തിൽ വാർദ്ധക്യസഹജമായ ദോഷാനുദർശനത്തിൽ സഭാപ്രസംഗിയും എഴുതി എന്നു റബ്ബിമാർ പറഞ്ഞിട്ടുണ്ട്. 2. ശലോമോന്റെ ഗ്രന്ഥകർത്തൃത്വത്തിനു ഏറ്റവും പ്രാചീനമായ തെളിവ് പുസ്തകത്തിലെ ആദ്യ വാക്യമാണ്. യെരുശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ (1:1,12) എന്നിങ്ങനെ എഴുത്തുകാരൻ ദാവീദിന്റെ പുത്രനായിരുന്നുവെന്നും, യെരുശലേമിലെ രാജാവായിരുന്നുവെന്നും പ്രത്യക്ഷമായി പറയുന്നു. ശലോമോൻ എന്ന പേര് സഭാപ്രസംഗിയിലില്ല; ശലോമോനാണ് എഴുതിയതെന്നു സഭാപ്രസംഗി അവകാശപ്പെടുന്നുമില്ല. ശലോമോൻ സഭാപ്രസംഗി എന്ന ഗൂഢനാമം പ്രയോഗിക്കുന്നത് വ്യാഖ്യാനക്ഷമവുമല്ല. എങ്കിലും മറ്റു തെളിവുകൾ സഭാപ്രസംഗിയെ ശലോമോനായി മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നു. 3. യെരുശലേമിൽ ഉണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം തനിക്കുണ്ടായിരുന്നു എന്നു എഴുത്തുകാരൻ പറയുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശലോമോന്റെ ജ്ഞാനവുമായി പൊരുത്തപ്പെടുന്നുണ്ട്. (1:16; 2:9; 1രാജാ, 4:30). 4. യെരൂശലേമിന്റെ പ്രതാപത്തെക്കുറിച്ചുള്ള വർണ്ണന ശലോമോന്റെ കാലത്തിന് അനുയോജ്യമാണ്. (2:4-9; 1ദിന, 29:25). ഈ പുസ്തകത്തിലെ ചില പരോക്ഷസൂചനകളും ശലോമോന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. (4:13; 7:26-28). 5. സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നതുകൂടാതെ, അവൻ ജനത്തിനു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധനകഴിച്ചു അനേകം സദൃശവാക്യം ചമെക്കുകയും ചെയ്തു. (12:9; 1രാജാ, 4:32). സഭാപ്രസംഗിക്കും സദൃശവാക്യങ്ങൾക്കും തമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. അത് രണ്ടിന്റെയും എഴുത്തുകാരൻ ഒരാളാണെന്നതിനു തെളിവാണ്. 

പ്രതിപാദ്യം: ബൈബിളിലെ ഏറ്റവും സങ്കീർണ്ണമായ പുസ്തകമാണ് സഭാപ്രസംഗി. സൂര്യന്റെ കീഴിലുള്ള ഒരു മനുഷ്യന്റെ ചിന്ത ഏതുവരെ ചെന്നെത്തുമെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. സഭാപ്രസംഗിയിൽ വെളിപ്പെടുന്നത് ഒരു വിധത്തിലുള്ള ദോഷാനുദർശനവും വീക്ഷണവ്യതിരേകവുമാണ്. തന്മൂലം ഈ പുസ്തകത്തെ കാനോനിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പലർക്കും എതിരഭിപ്രായമാണ് ഉണ്ടായിരുന്നത്. എന്നാൽ പുസ്തകത്തിന്റെ പ്രതിപാദ്യത്തെക്കുറിച്ചുള്ള ഒരു സാമാന്യധാരണ ഇതിന്റെ ഉദ്ദേശ്യത്തെ വെളിപ്പെടുത്തുന്നു. ഈ പുസ്തകത്തിൽ ഈശ്വരവാചിയായി ഉപയോഗിക്കുന്ന പദം എലോഹീം ആണ്, യഹോവ അല്ല. സ്രഷ്ടാവ് എന്ന നിലയിലാണ് ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധം വ്യക്തമാക്കുന്നത്; രക്ഷിതാവ് എന്ന ബന്ധം അല്ല. സൂര്യനു കീഴെ എന്ന പ്രയോഗത്തിന്റെ ആവർത്തനം എഴുത്തുകാരൻ ഒരു സാധാരണ മനുഷ്യന്റെ അഥവാ ലൗകിക മനുഷ്യന്റെ വീക്ഷണകോണിൽ നിന്നാണ് കാര്യങ്ങളെ നോക്കി കാണുന്നത് എന്നു സൂചിപ്പിക്കുന്നു. പ്രകൃത്യതീത വെളിപ്പാടല്ല; പ്രത്യുത, സാമാന്യ വെളിപ്പാടാണ് ഈ പുസ്തകത്തിലെ വിഷയം. ഹാ, മായ, മായ, സകലവും മായ എന്നാവർത്തിച്ചുള്ള പ്രയോഗവും ഈ വസ്തുതയെ തന്നെ സ്ഥിരീകരിക്കുകയാണ്. സൂര്യനു കീഴിൽ പുതുതായി ഒന്നും ഇല്ല എന്നുള്ള പ്രസ്താവന ഒരു പുതിയനിയമത്തെ വിവക്ഷിക്കാതെ പഴയനിയമത്തിൽ തന്നെ ചിന്തയെ തളച്ചിടുന്നു. (1:9) ദൈവത്തിന്റെ അസ്തിത്വം (3:14; 5:2), പരമാധികാരം (6:2; 7:13; 9:1), നീതി (5:8; 8:12), മനുഷ്യന്റെ പാപവും പരിമിതികളും (7:20; 8:8-17, 9:3), മനുഷ്യന്റെ ചുമതലയും ഉത്തരവാദിത്വവും (9:7-10; 12:13), അമർത്ത്യത (3:11; 12:7), ശിക്ഷയും പ്രതിഫലവും (2:26; 3:17; 8:12; 11:9; 12:14) എന്നിങ്ങനെ സാമാന്യ വെളിപ്പാടിന്റെ വിഷയങ്ങൾ ഇതിൽ തെളിഞ്ഞുകാണാം. 

പ്രധാന വാക്യങ്ങൾ: 1. “ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.” സഭാപ്രസംഗി 1:2.

2. “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.” സഭാപ്രസംഗി 1:18.

3. “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.” സഭാപ്രസംഗി 2:11.

4. “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും.” സഭാപ്രസംഗി 12:1.

5. “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.” സഭാപ്രസംഗി 12:13.

ബാഹ്യരേഖ: I. ആമുഖം 1:1-11.

II ഭൗമിക വസ്തുക്കളെല്ലാം മായ: 1:12-6:12.

1. മാനുഷിക വിജ്ഞാനം അന്വേഷിക്കുന്നതിന്റെ അർത്ഥശൂന്യത: 1:12-18.

2. സന്തോഷം, സുഖം എന്നിവയുടെ മിഥ്യാത്വം: 2:1-11.

3. മാനുഷിക ജ്ഞാനത്തിന്റെയും സമ്പത്തിന്റെയും വ്യർത്ഥത: 2:12-23.

4. മാനുഷിക പ്രയത്നങ്ങളുടെ വൃഥാത്വം: 2:24-3:15.

5. പീഡകന്മാരും ദുഷ്ടന്മാരും മായ: 3:16-4:6.

6. ഒരു പ്രവൃത്തി തനിയെ ചെയ്യാൻ ശ്രമിക്കുന്നതിന്റെ വ്യർത്ഥത: 4:7-12.

7. സമ്പത്തിന്റെയും ഭോഷത്വത്തിന്റെയും വ്യർത്ഥത: 4:13-16.

8. പൊള്ളവാക്കുകളുടെ വ്യർത്ഥത: 5:1-7.

9. സമ്പത്തിന്റെ വ്യർത്ഥത: 5:8-6:12.  

III. ജ്ഞാനം, ഭോഷത്വം എന്നിവയെ സംബന്ധിച്ചുള്ള നിരീക്ഷണം: 7:1-12:8.

1. ക്രമീകൃതമായ ജീവിതം: 7:1-29.

2. ദുഷ്ടൻ നീതിമാനെക്കാൾ ശുഭപ്പെടുന്നില്ല: 8:1-9:18.

3. ജ്ഞാനത്തിന്റെ വൈശിഷ്ട്യം: 10:1-11:10.

4. യൗവനകാലത്തു സഷ്ടാവിനെ ഓർക്കുക: 12:1-8.

IV. ഉപസംഹാരം: ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചു കൊൾക: 12:9-14.