All posts by roy7

മന്നാ

മന്നാ (manna)

യിസ്രയേൽ ജനത്തിനു മരുഭൂപ്രയാണത്തിൽ ലഭിച്ച അത്ഭുതകരമായ ഭക്ഷണമാണ് മന്ന. മന്നാ നിലത്തു കിടക്കുന്നതു കണ്ട് യിസ്രായേൽജനം അത്ഭുതപ്പെട്ടു, ഇതെന്ത്? (മൻ-ഹൂ) എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. (പുറ, 16:14,15). ശബ്ബത്ത് ഒഴികെ എല്ലാ ദിവസവും രാവിലെ മന്നാ വീണിരുന്നു. അതു ഉറച്ച മഞ്ഞുപോലുള്ള നേരിയ വസ്തുവായിരുന്നു. വെയിൽ മൂക്കുമ്പോൾ മന്നാ ഉരുകിപ്പോകും. അടുത്ത ദിവസത്തേക്കു സൂക്ഷിച്ചുവയ്ക്കുവാൻ പാടില്ല. പിറ്റേദിവസം അതു കൃമിച്ചു നാറിപ്പോകും. എന്നാൽ ശബ്ബത്തിന്റെ തലേദിവസം പെറുക്കി ശബ്ബത്തിനു സൂക്ഷിച്ചുവെക്കുന്നത് നാറുകയില്ല. അതിനെ പാകം ചെയ്തതോ, ചുട്ടോ ഭക്ഷിക്കാം. അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻകൂട്ടിയ ദോശ യുടെ രുചിയുള്ളതും ആയിരുന്നു. യിസ്രായേൽജനം നാല്പതു വർഷം മന്നാ ഭക്ഷിച്ചു. കനാനിലെ പുതിയ ധാന്യം ലഭിച്ച ഉടൻ മന്നാ നിന്നുപോയി. “അവർ ദേശത്ത വിളവു അനുഭവിച്ചതിന്റെ പിറ്റെദിവസം മന്നാ നിന്നുപോയി; യിസ്രായേൽ മക്കൾക്കു പിന്നെ മന്നാ കിട്ടിയതുമില്ല ആയാണ്ടു അവർ കനാൻ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.” (യോശു, 5:12).

എബായലേഖനകാരൻ നിയമപെട്ടകത്തിനകത്തുള്ള വസ്തുക്കളുടെ കൂട്ടത്തിൽ മന്ന ഇട്ടുവച്ച പൊൻപാത്രത്തെക്കുറിച്ചു പറയുന്നു. (എബ്രാ, 9:4). കല്ദയർ യെരൂശലേം ആക്രമിച്ചപ്പോൾ നിയമപെട്ടകം, കല്പലകകൾ, അഹരോന്റെ വടി, വിശുദ്ധ അഭിഷേക തൈലം, മന്നാ ഇട്ടുവച്ച പൊൻപാത്രം എന്നിവ ഒളിപ്പിച്ചു എന്നും മശീഹയുടെ കാലത്ത് അവ പുനഃസ്ഥാപിക്കപ്പെടുമെന്നും ഒരു പ്രബലമായ വിശ്വാസം യെഹൂദന്മാരുടെ ഇടയിലുണ്ട്. 

പെർഗ്ഗമൊസ് സഭയിലെ ജയാളിക്ക് വാഗ്ദത്തം ചെയ്യപ്പെട്ട പ്രതിഫലങ്ങളിൽ ഒന്നാണ് മറഞ്ഞിരിക്കുന്ന മന്നാ. (വെളി, 2:17). മന്നയെ ശക്തിമാന്മാരുടെ അപ്പം എന്നും സ്വർഗ്ഗീയധാന്യം എന്നും പറഞ്ഞിട്ടുണ്ട്. (സങ്കീ, 78:24,25) അനന്തരതലമുറകൾ കാണേണ്ടതിനു ഒരിടങ്ങഴി സൂക്ഷിച്ചു വയ്ക്കുവാൻ ദൈവം മോശെയോടു കല്പിച്ചു. (പുറ, 16:32-34). ജീവന്റെ അപ്പത്തെ യേശു മന്നയോടു സാദൃശ്യപ്പെടുത്തി. (യോഹ, 6:31, 49-58). സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന ജീവന്റെ അപ്പം ക്രിസ്തുവത്രേ. മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചവർ മരിച്ചു. എന്നാൽ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിയ ജീവന്റെ അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവർ ഒരിക്കലും മരിക്കയില്ല. (യോഹ, 6:51).

മന്നായുടെ സ്വാദിനെക്കുറിച്ചുള്ള മൂന്നുവിധ പ്രസ്താവനകൾ തിരുവചനത്തിലുണ്ട്: ഒന്ന്; “യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.” (പുറ, 16:31). ദൈവത്തിൻ്റെ കൃപാദാനം ആദ്യം അനുഭവിക്കുന്ന ഏവർക്കും വളരെയേറെ രുചികരമായി അതനുഭവപ്പെടും. രണ്ട്; “അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.” (സംഖ്യാ, 11:8). കുറച്ചുനാൾ മന്നാ ഭക്ഷിച്ചുകഴിഞ്ഞപ്പോൾ തേനിൻ്റെ രുചിപോയി; എണ്ണ ചേർത്ത ദോശപോലെയായി. ദൈവം നല്കിയ അനുഗ്രഹങ്ങളോടുള്ള രുചിക്കുറവ്, അവനോടുള്ള ആദ്യസ്നേഹം കുറഞ്ഞു പോകുന്നതിൻ്റെ ലക്ഷണമാണ്. മൂന്ന്; “ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.” (സംഖ്യാ, 21:5). കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ മന്നാ സാരമില്ലാത്ത (വിലകെട്ട) ആഹാരമായി മാറി. ജനത്തിൻ്റെ വിശ്വാസരാഹിത്യം പൂർണ്ണമായതിൻ്റെ തെളിവാണത്. ആ ജനമാണ് മരുഭൂമിയിൽ പട്ടുപോയത്. ദൈവം നല്കിയ നന്മകൾ ചെറുതാകട്ടെ വലുതാകട്ടെ, എല്ലാക്കാലവും അതിനെ നന്ദിയോടെ സ്മരിക്കാനും ദൈവത്തിന് സ്തോത്രം കരേറ്റാനും ദൈവമകൾക്ക് കഴിയണം.

കല്പലകകൾ

പത്തു കല്പനകൾ എഴുതിയ കല്പലകകൾ

യിസ്രായേൽ മക്കൾ മിസ്രയീം ദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി. അവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി. (പുറ, 19:1,2). ദൈവകല്പന സ്വീകരിക്കുന്നതിനു രണ്ടുദിവസം തങ്ങളെത്തന്നെ ശുദ്ധീകരിച്ചു, വസ്ത്രം അലക്കി കാത്തിരിക്കുവാൻ യിസ്രായേൽ മക്കളോടു യഹോവ കല്പിച്ചു. (പുറ, 19:10,11). മൂന്നാം ദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങി. മൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി. യഹോവ അഗ്നിയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതുമുഴുവനും പുകകൊണ്ടു മൂടി പർവ്വതം ഏറ്റവും കുലുങ്ങി. മോശെ നാല്പതു ദിവസം പർവ്വതത്തിൽ ആയിരുന്നു. (പുറ, 24:18). ദൈവം മോശെയോടു അരുളിചെയ്തു തീർന്നശേഷം തന്റെ വിരൽ കൊണ്ടെഴുതിയ കല്പലകകൾ മോശെയെ ഏല്പിച്ചു. പലക ദൈവത്തിന്റെ പണിയും ഇരുവശവും എഴുതിയതും ആയിരുന്നു. (പുറ, 32:15). പർവ്വതത്തിൽ നിന്നു ഇറങ്ങിവന്ന മോശെ; ജനം സ്വർണ്ണകാളക്കുട്ടിയെ ആരാധിക്കുന്നതു കണ്ടു കോപിച്ചു കല്പലകകൾ പർവതത്തിന്റെ അടിവാരത്തുവച്ചു എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. (പുറ, 32:19). അനന്തരം രണ്ടു കല്പലകകൾ മോശെ ഉണ്ടാക്കി: “യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവ പോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.” (പുറ, 34:1). ദൈവം അവയിൽ കല്പനകൾ എഴുതിക്കൊടുത്തു: “യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.” (പുറ, 34:27,28).

നിയമപെട്ടകം

നിയമപെട്ടകം (ark of covenant)

പേരുകൾ: 1. നിയമപെട്ടകം (ആറോൻ ബെറീത്): പത്തു കല്പനകൾ അടങ്ങിയ രണ്ടു കല്പലകകളും സൂക്ഷിച്ചിരുന്നതിനാലാണ് ഈ പേർ ലഭിച്ചത്. യിസ്രായേൽ മക്കളോടു ദൈവം ചെയ്ത നിയമമാണ് അത്. (സംഖ്യാ, 10:33; 14:44; എബ്രാ, 9:4). 2. സാക്ഷ്യപെട്ടകം (ആറോൻ ഹ ഏദുത് ark of testimony): ദൈവത്തിന്റെ വിശുദ്ധിയെയും ജനത്തിന്റെ പാപത്തെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ സാക്ഷ്യങ്ങളാണു് കല്പനകൾ. (പുറ, 25:16, 22). 3. ദൈവത്തിന്റെ പെട്ടകം: ദൈവികസാന്നിദ്ധ്യത്തിന്റെ അധിഷ്ഠാനമായതു കൊണ്ടാണ് നിയമപെട്ടകത്തിന് ദൈവത്തിന്റെ പെട്ടകം എന്ന പേർ ലഭിച്ചത്. (1ശമൂ, 3:3; 4:11). 

നിർമ്മാണം: പെട്ടകം നിർമ്മിച്ചത് ഖദിര മരം കൊണ്ടാണ്. പെട്ടകത്തിന് 2½ മുഴം നീളവും 1½ മുഴം വീതിയും 1½ മുഴം ഉയരവുമുണ്ട്. ശുദ്ധസ്വർണ്ണം കൊണ്ട് അകവും പുറവും മൂടി. പെട്ടകത്തിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള വക്കും നിർമ്മിച്ചു. പെട്ടകത്തിന്റെ മേൽമുടിയെ കൃപാസനം എന്നു വിളിക്കുന്നു. (പുറ, 25:20-22). പെട്ടകത്തിന്റെ അതേ അളവാണു് കൃപാസനത്തിന്. പെട്ടകത്തിന്റെ രണ്ടുവശത്തും ഈരണ്ടു പൊൻവളയങ്ങൾ ഉണ്ട്. ഈ പൊൻ വളയങ്ങളിൽ പൊന്നുകൊണ്ടു പൊതിഞ്ഞ തണ്ടുകൾ കടത്തിയാണ് പെട്ടകം ചുമക്കുന്നത്. തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ നിന്ന് മാറ്റാൻ പാടില്ല. (പുറ, 25:15). കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ അടിപ്പുപണിയായിരുന്നു. ഒരു മനുഷ്യന്റെ പൊക്കം അവയ്ക്കുണ്ട്. അവയുടെ നില്പ് നേരെയായിരുന്നു. (2ദിന, 3:13). കെരൂബുകൾ മേലോട്ട് ചിറകു വിടർത്തി, ചിറകു കൊണ്ടു കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25:20). വർഷത്തിലൊരിക്കൽ മഹാപുരോഹിതൻ സ്വർണ്ണധൂപകലശവുമായി അതിവിശുദ്ധ സ്ഥലത്തു പ്രവേശിക്കുമ്പോൾ ധൂപകലശം വച്ചിരുന്നത് കൃപാസനത്തിന്മേലാണ്. കെരൂബുകൾക്കു മദ്ധ്യേയാണു് യഹോവ പ്രത്യക്ഷപ്പെട്ടത്. (പുറ, 25:22). 

പെട്ടകത്തിലെ ഉള്ളടക്കം: പത്തുകല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ദൈവം വിരൽ കൊണ്ടെഴുതിയ കല്പലകകളെ മോശെ ഉടച്ചശേഷം യഹോവ വീണ്ടും എഴുതിക്കൊടുത്ത കല്പലകകളാണ് അവ. (പുറ, 31:18-34:29; ആവ, 9:10-10:4). ന്യായപ്രമാണപുസ്തകം അതിൽ വച്ചിരുന്നു. (ആവ, 31:26). യോശീയാരാജാവിന്റെ കാലത്തു കണ്ടെടുത്ത ന്യായപമാണപുസ്തകം ഇതാണെന്നു് കരുതപ്പെടുന്നു. (2രാജാ, 22:8). ശലോമോൻ രാജാവിന്റെ കാലത്തു രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറെറാന്നും ഉണ്ടായിരുന്നില്ല. (1രാജാ, 8;9). ശലോമോന്റെ കാലത്തിനുമുമ്പു കല്പലകകൾ ഒഴികെയുള്ള വസ്തുക്കൾ പെട്ടകത്തിൽ നിന്നു മാറ്റിക്കളഞ്ഞിരിക്കണം. കല്പലകകൾ കൂടാതെ മന്നാ ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33, 34), അഹരോന്റെ തളിർത്ത വടിയും (എബ്രാ, 9:4), നിയമപെട്ടകത്തിൽ ഉണ്ടായിരുന്നു. 

ചരിത്രം: ദൈവിക സാന്നിദ്ധ്യത്തിന്റെ പ്രതീകമാണ് നിയമപെട്ടകം. സൈന്യം പുറപ്പെടുമ്പോൾ മുമ്പിൽ പുരോഹിതന്മാർ നിയപെട്ടകം ചുമന്നുകൊണ്ടുപോകും. (സംഖ്യാ, 10:33; ആവ, 1:33). നിയമപെട്ടകത്തിന്റെ സാന്നിദ്ധ്യത്തിൽ യോർദ്ദാൻ നദിയിലെ വെള്ളം വേർപെട്ടു. നിയമപെട്ടകം മറുകരയിൽ എത്തിയശേഷമാണ് ജലത്തിന്റെ ഗതി പഴയനിലയിലായത്. (യോശു, 3:1-17; 4:7, 11, 18). യെരീഹോമതിലിന്റെ വീഴ്ചയ്ക്കുമുമ്പായി നിയമപെട്ടകം മതിലിനു ചുറ്റും കൊണ്ടു നടന്നു. (യോശു, 6:4-12). ചുറ്റുമുള്ള ജാതികൾ നിയമപെട്ടകം യിസ്രായേലിന്റെ ദൈവമാണെന്നു കരുതി. (1ശമു, 4:6,7). 

ഏലിയുടെ കാലംവരെ നിയമപെട്ടകം ശീലോവിൽ ആയിരുന്നു. തുടർന്നു ഫെലിസ്ത്യരുടെ മേൽ യിസ്രായേലിനു ജയം ലഭിക്കുമെന്ന വിശ്വാസത്തിൽ സൈന്യം നിയമപെട്ടകം കൂടെ കൊണ്ടുപോയി. ഫെലിസ്ത്യർ ജയിക്കുക മാത്രമല്ല, നിയമപെട്ടകം പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. (1ശമൂ, 4:3-11). ഏഴുമാസത്തിനു ശേഷം അവർ പെട്ടകം തിരിച്ചു നല്കി. (1ശമൂ, 5:7). അനന്തരം കിര്യത്ത്-യെയാരീമിൽ ദാവീദിന്റെ കാലംവരെ പെട്ടകം സൂക്ഷിക്കപ്പെട്ടു. പെട്ടകം അശ്രദ്ധമായി കൈകാര്യം ചെയ്യുക നിമിത്തം ഉസ്സ മരിച്ചു. അതിനാൽ യെരൂശലേമിലേക്കു പെട്ടകം കൊണ്ടു പോകുന്നതിനു മൂന്നുമാസം താമസം നേരിട്ടു. ഈ കാലത്തു പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിലായിരുന്നു സൂക്ഷിക്കപ്പെട്ടത്. അവിടെനിന്നും വലിയ ഘോഷത്തോടെ പെട്ടകം സീയോനിലേക്കു കൊണ്ടു പോയി. (2ശമൂ, 6:19). ദൈവാലയത്തിന്റെ പണിപൂർത്തിയായപ്പോൾ നിയമപെട്ടകം അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിൻ കീഴെവച്ചു. (1രാജാ, 8:6-9). യോശീയാ രാജാവിന്റെ നവീകരണത്തിൽ നിയമപെട്ടകത്തെ ലേവ്യർ വിശുദ്ധസ്ഥലത്തു വച്ചതായി കാണുന്നു. (2ദിന, 35:3). ബാബിലോന്യർ ദൈവാലയം നശിപ്പിച്ചപ്പോൾ നിയമപെട്ടകം മാറ്റുകയോ, നശിപ്പിക്കുകയോ ചെയ്തിരിക്കണം. പുതിയനിയമത്തിൽ രണ്ടിടത്തു നിയമ പെട്ടകത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. (എബ്രാ, 9:4; വെളി, 11:19).

കാനേഷുമാരി

കാനേഷുമാരി (പുറപ്പാടിലെ ജനസംഖ്യ)

യഹോവ തൻ്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീമിൽ നിന്ന് മോശെ മുഖാന്തരം പുറപ്പെടുവിച്ചു കൊണ്ടുവന്ന യിസ്രായേൽജനം ആകെ എത്രപേരുണ്ടായിരുന്നു എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല. ഏകദേശം ഇരുപതുലക്ഷം (2,000,000) ജനം വരുമെന്നാണ് പണ്ഡിതമതം പറയുന്നത്. എന്നാൽ, എത്ര ജനമുണ്ടായിരുന്നു എന്നു കണക്കുകൂട്ടാൻ കഴിയുന്ന രണ്ടു കാനേഷുമാരിയും മറ്റു സൂചനകളും ബൈബിളിലുണ്ട്. നമുക്കതൊന്നു പരിശോധിച്ചുനോക്കാം: ഒന്ന്; ഈജിപ്റ്റിലെ റമസേസിൽനിന്നു യാത്ര പുറപ്പെട്ട ജനം പുരുഷന്മാർ മാത്രം ഏകദേശം ആറുലക്ഷമാണെന്ന് പറഞ്ഞിട്ടുണ്ട്. (പുറ, 12:37). രണ്ട്; കാനേഷുമാരി അഥവാ, ജനസംഖ്യ എടുക്കുന്നതിനെക്കുറിച്ചു ന്യായപ്രമാണത്തിൽ വ്യക്തമായ കല്പന നല്കിയിട്ടുണ്ട്. (പുറ, 30:12-14, സംഖ്യാ, 3:46,47). മിസ്രയീമിൽനിന്ന് പുറപ്പെട്ടുപോന്ന ജനത്തെ ദൈവത്തിന്റെ നിയോഗമനുസരിച്ചു മൂന്നുപ്രാവശ്യം എണ്ണിയതായിട്ട് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതു വയസ്സിനു മുകളിലുളള പുരുഷന്മാരുടെ കണക്കാണെടുക്കുന്നത്. സമാഗമനകൂടാര നിർമിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോഴും (പുറ, 38:26). യുദ്ധപ്രാപ്തരായവരെ എണ്ണിയപ്പോഴും (സംഖ്യാ, 1:2,3; 26:2) ഇരുപതുവയസ്സ് മുതലുള്ളവരെയാണ് എണ്ണിയത്. ഇരുപതു വയസ്സു മുതൽ അമ്പതു വയസ്സു വരെയുള്ളവരെയാണ് യോദ്ധാക്കളായി കണക്കാക്കിയിരുന്നത്? മുപ്പതു വയസ്സു മുതൽ അമ്പതു വയസ്സു വരെയാണ് സമാഗമന കൂടാരത്തിൽ വേലചെയ്യുവാനുള്ള ലേവ്യരുടെ പ്രായം. (സംഖ്യാ, 42, 23, 30, 34, 39). 

പുറപ്പാടിന്റെ മൂന്നാമത്തെയോ നാലാമത്തെയോ മാസത്തിൽ സീനായിൽ താവളമടിച്ചിരുന്ന സമയത്ത്, സമാഗമനകൂടാര നിർമ്മിതിക്കുവേണ്ടി ദ്രവ്യം ശേഖരിക്കാൻ കണക്കെടുത്തപ്പോൾ ആറു ലക്ഷത്തി മൂവായിരത്തി അഞ്ചൂറുപേർ (6,03,550) ഉണ്ടായിരുന്നു. (പുറ, 38:26). പുറപ്പാടിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി സീനായിൽ വെച്ച് യോദ്ധാക്കളായ പുരുഷന്മാരുടെ എണ്ണമെടുത്തപ്പോഴും 603,550 പേർ തന്നെയായിരുന്നു. 38 വർഷങ്ങൾക്കുശേഷം കനാൻ പ്രവേശനത്തിനു മുമ്പായി, മൂന്നാമതൊരു കണക്കെടുത്തപ്പോൾ 1820 പേരുടെ കുറവുണ്ടായിരുന്നു. മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നവരുടെ എണ്ണമറിയാൻ ആദ്യത്തെ രണ്ടു കണക്കെടുപ്പുകൾ മാത്രം പരിശോധിച്ചാൽ മതി. മൂന്നു കണക്കെടുപ്പിലും ലേവ്യരെ പന്ത്രണ്ടു ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണിയിരുന്നില്ല; അവരെ പ്രത്യേകമാണ് എണ്ണിയിരുന്നത്. (സംഖ്യാ, 1:47-49). മോശെയും അഹരോനും മരിക്കുന്നത് 120 വയസ്സിനും അതിനു ശേഷവുമാണ്. തന്മൂലം അന്നത്തെ ശരാശരി ആയുസ്സ് 100 വയസ്സെന്ന് കണക്കാക്കുന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 603,550 എന്നത് കുഞ്ഞുകുട്ടികൾ തുടങ്ങി വൃദ്ധന്മാർവരെയുള്ള പുരുഷപ്രജകളിൽ 30% മാത്രമാണ്. ഇരുപത് വയസ്സുവരെയുള്ള കുഞ്ഞുങ്ങളെയും, അമ്പത് വയസ്സിനു മുകളിലുള്ള പ്രായമായവരേയും ചേർത്ത് 70% കൂടി കൂട്ടുമ്പോൾ, 603,550+1,408,281 = 2,011,831 പേർ എന്നുകിട്ടും. ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ ആയിരുന്നു. (സംഖ്യാ, 3:39). ലേവ്യരേയും കൂട്ടുമ്പോൾ 2,011,831+22000 = 2,033,831 എന്നുകിട്ടും. അത്രയുംതന്നെ സ്ത്രീകളും എന്നു കണക്കാക്കിയാൽ, നാല്പതുലക്ഷത്തി അറുപത്തേഴായിരത്തി അറൂന്നൂറ്റി അറുപത്തിരണ്ടെന്നു (4,067,662) കിട്ടും. “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും” (ഉല്പ, 22:17) എന്നരുളിച്ചെയ്തത് യഹോവയാണ്. തന്മൂലം, സ്ത്രീപുരുഷ അനുപാതം കൃത്യമായിരിക്കും. 

നാല്പതുലക്ഷത്തിലധികം ആളുകളെന്നത് പെട്ടെന്ന് ഒരതിശയോക്തിയായിട്ട് തോന്നുമെങ്കിലും, കണക്കുകൾ സസൂക്ഷ്മം പരിശോധിച്ചാൽ, തെല്ലും അതിശയോക്തിക്ക് വകയുണ്ടാവില്ല. 40 ലക്ഷത്തിലധികം ആളുണ്ടെങ്കിലും, യുദ്ധം ചെയ്യാൻ പുരുഷന്മാരിൽ 30% പേരായ 6 ലക്ഷം പേരാണുള്ളത്. അതിൽത്തന്നെ, പകുതിപ്പേർക്കു മാത്രമേ ശത്രുരാജ്യത്തു കടന്നുകയറി യുദ്ധം ചെയ്യുവാൻ കഴിയുകയുള്ളൂ. ബാക്കിയുള്ളവർ തങ്ങളുടെ ദൈവത്തിൻ്റെ വാസസ്ഥലമായ സമാഗമന കൂടാരത്തെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, പ്രായമായ മാതാപിതാകളെയും, തങ്ങൾ മിസ്രയീമിൽനിന്ന് കൊള്ളയിട്ട വസ്തുവകകളെയും സൂക്ഷിക്കുകയാവും ചെയ്യുന്നത്. മാത്രമല്ല, വാളും കുന്തവുമല്ലാതെ, ഇന്നത്തെപ്പൊലെ അത്യാധുനിക യുദ്ധസാമഗ്രികളൊന്നും അക്കാലത്തുണ്ടായിരുന്നില്ല; കായികബലം കൊണ്ടാണ് യുദ്ധം ജയിച്ചിരുന്നത്. അമോര്യരാജാവായ സീഹോനെയും (സംഖ്യാ, 21:21-24), ബാശാൻ രാജാവായ ഓഗിനെയും (21:33-35), കനാൻദേശത്തിലെ ഏഴുജാതികളെരും (പ്രവൃ, 13:19), കനാനിലെ എഴുപത് രാജാക്കന്മാരുടെ കൈകാലുകൾ മുറിച്ച് അടിമയാക്കിയിരുന്ന അദോനീ ബേസെക്കിനെ തോല്പിക്കുകയും ചെയ്തത് (ന്യായാ, 1:7). ഈ സൈന്യബലത്താലാണ്. (യഹോവയുടെ ഭുജബലത്തെ വിസ്മരിക്കുകയല്ല; ഇവിടെ ജനത്തിൻ്റെ കണക്കെടുക്കുക മാത്രമാണ് ചെയ്യുന്നത്).

സംഖ്യാപുസ്തകം 1-ാം അദ്ധ്യായം

രൂബേൻ –         46,500  

ശിമെയൊൻ – 59,300 

ഗാദ് –                 45,650  

യെഹൂദാ –       74,600 

യിസ്സാഖാർ –    54,400 

സെബൂലൂൻ –  57,400 

എഫ്രയീം –       40,500 

മനശ്ശെ –           32,200  

ബെന്യാമീൻ –  35,400  

ദാൻ –                62,700  

ആശേർ –        41,500 

നഫ്താലി –     53,400 

                     ……………….

                     = 603,550

38 വർഷത്തിനുശേഷം സംഖ്യാ, 26

രൂബേൻ –         43,730 

ശിമെയൊൻ – 22,200  

ഗാദ് –                 40,500  

യെഹൂദാ –       76,500  

യിസ്സാഖാർ –    64,300  

സെബൂലൂൻ –  60,500  

മനശ്ശെ –           52,700  

എഫ്രയീം –       32,500  

ബെന്യാമീൻ –  45,600 

ദാൻ –                64,400 

ആശേർ –        53,400 

നഫ്താലി –     45,400 

                   ……………….

                     = 601,730 

ലേവ്യരെ ആദ്യം കണക്കെടുക്കുമ്പോൾ 22,000 പേരും (സംഖ്യാ, 3:39), രണ്ടാമത് കണക്കെടുത്തപ്പോൾ 1,000 പേർ കൂടി 23,000 പേരായി. (സംഖ്യാ, 26:57-61).

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

മിസ്രയീമിൽ 430 വർഷം ജീവിച്ചിരുന്ന യിസായേൽമക്കളിൽ മിസ്രയീമ്യദേവന്മാർ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. മിസ്രയീമിലെ സകല ദേവന്മാരെയും തകർക്കുകയും അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്യുന്ന സർവ്വശക്തനായ ദൈവമാണ് താനെന്ന് (പുറ, 12:12) മിസ്രയീമ്യരെയും യിസ്രായേൽ മക്കളെയും ഒരുപോലെ ബോദ്ധ്യപ്പെടുത്തുവാനാണ് ഓരോ ബാധയും മിസ്രയീമ്യരുടെമേൽ യഹോവ അയച്ചത്. നൈൽനദിയിലെ വെള്ളത്തെ ദൈവം രക്തമാക്കിയപ്പോൾ (പുറ, 7:14-24) മിസ്രയീമ്യർ ആരാധിച്ചിരുന്ന ഹാപി എന്ന ദേവതയുടെ നിസ്സഹായത വെളിപ്പെട്ടു. രണ്ടാമത്തെ ബാധയായ തവള, അവരുടെ ഹെക്ട് എന്ന ആരാധനാമൂർത്തിയുടെ ശക്തിഹീനതയ്ക്കു നേരേയുള്ളതായിരുന്നു. പേനിനെ അവർ ആരാധിച്ചിരുന്നതുകൊണ്ട് ദൈവം അതിനെ മൂന്നാമത്തെ ബാധയാക്കിത്തീർത്തു. നാലാമത്തെ ബാധയായ ഈച്ച, അവരുടെ ദേവനായ ബീൽസിബബിനെയും, അഞ്ചാമത്, കന്നുകാലികളുടെ മേലുണ്ടായ ബാധ അവർ ആരാധിച്ചുവന്ന ആപിസ് എന്ന വിശുദ്ധകാളയെയും ന്യായം വിധിക്കുന്നതായിരുന്നു. ആറാമത്തെ ബാധയായ പരുക്കൾ, അവരുടെ സൗഖ്യദായക ദേവതയായ സേഖ്മത്തിന് സൗഖ്യം വരുത്തുവാൻ കഴിവില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. കല്മഴയുടെ ബാധയാൽ കൃഷിയും കന്നുകാലികളും നശിച്ചപ്പോൾ, കാർഷികവിളകളുടെ പരിരക്ഷകനായ സേത്ത് എന്ന ദേവന്റെയും നട്ട് എന്ന ആകാശദേവതയുടെയും കഴിവില്ലായ്മയെ ദൈവം വെളിപ്പെടുത്തി. വെട്ടുക്കിളികളുടെ ബാധയാൽ മിസ്രയീമ്യദേശത്ത് അവശേഷിച്ചിരുന്ന കാർഷികവിളകൾ നശിച്ചപ്പോൾ ജീവസംരക്ഷകയായ ഐസിസ് എന്ന ദേവതയുടെമേൽ ദൈവം ന്യായം വിധിച്ചു. ഒൻപതാമത്തെ ബാധയായ ഇരുട്ട് ദേശത്തെ മുടിയപ്പോൾ അവർ ആരാധിച്ചിരുന്ന രേ എന്ന സൂര്യദേവന്റെ കഴിവില്ലായ്മ ദൈവം ബോദ്ധ്യപ്പെടുത്തി. പത്താമത്തെ ബാധയായ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂൽ സംഹാരത്തിലൂടെ ജീവദാതാവായ ഒസീറിസിനെയും ദേവതുല്യനായി കരുതപ്പെട്ടിരുന്ന ഫറവോനെയും തകർക്കുകയും, അവരുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു. ഇങ്ങനെ, “അവന്റെ വാക്കുകേട്ട് ഞാൻ യിസ്രായേൽ ജനത്തെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഈ യഹോവ ആര്?” (പുറ, 5:2) എന്ന ഫറവോന്റെ ചോദ്യത്തിന് പൂർണ്ണമായ അർത്ഥത്തിൽ ദൈവം മറുപടി നൽകുകയും, സർവ്വശക്തനായ ദൈവമാണ് താനെന്ന് യഹോവയാം ദൈവം അവരെ ബോദ്ധ്യപ്പെടുന്നത്തുകയും ചെയ്തു. “ഞാനല്ലാതെ അന്യദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത്” എന്ന് താൻ നിഷ്കർഷിക്കുന്നതിന്റെ സാരം ദൈവം ഇപ്രകാരം വെളിപ്പെടുത്തി.

ദൈവം നരബലി ഇച്ഛിക്കുന്നുവോ?

ദൈവം നരബലി ഇച്ഛിക്കുന്നുവോ?

അബ്രാഹാമിനു ദൈവത്തോടുള്ള പരമ വിശ്വസ്തതയെ പരീക്ഷിക്കുവാനായി തന്റെ ഏകജാതനായ പുത്രനെ ബലിയർപ്പിക്കുവാൻ ആബാഹാമിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യ കാലത്ത് യിസ്രായേൽമക്കളുടെ ഇടയിൽ നരബലി നടന്നിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. അബ്രാഹാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരിക്ഷണമായിരുന്നു വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. യിസ്ഹാക്കിന് അപ്പോൾ 25 വയസ്സ് പ്രായമായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. മോരിയാമലയിൽ കൊണ്ടുപോയി (ഈ മലയിലാണു പില്ക്കാലത്തു ദൈവാലയം പണിതത്) യാഗം കഴിക്കുവാനായിരുന്നു കല്പന. അബ്രാഹാം മടിച്ചില്ല. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രണ്ടുബാല്യക്കാരോടൊപ്പം യാത്രയായി. മൂന്നാമത്തെ ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു. ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞ് ബാല്യക്കാരെ അവിടെ വിട്ടിട്ട് അബ്രാഹാം മകനുമായി നടന്നു. ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന യിസ്ഹാക്കിന്റെ ചോദ്യത്തിന് ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം പറഞ്ഞു. നിർദ്ദിഷ്ടസ്ഥാനത്തെത്തി അബ്രാഹാം യാഗപീഠം പണിതു യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. മകനെ അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ യഹോവയുടെ ദൂതൻ തടഞ്ഞു. കുറ്റിക്കാട്ടിൽ കെട്ടുപിണഞ്ഞു കിടന്ന ആട്ടുകൊറ്റനെ പിടിച്ച് യിസ്ഹാക്കിനു പകരം യാഗം കഴിച്ചു. അനന്തരം അബ്രാഹാം മടങ്ങിവന്ന് ബേർ-ശേബയിൽ പാർത്തു. (ഉല്പ, 22:1-19). തന്റെ വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കിയപ്പോൾ തന്റെ ദൈവത്തിന്റെ പ്രകൃതി വ്യത്യസ്തമാണെന്നു അബ്രാഹാം മനസ്സിലാക്കുകയും ചെയ്തു.

ആദ്യജാതനെ ബലികഴിച്ചു ഉദ്ദേശിച്ച ഫലം ഉളവാക്കാമെന്ന വിശ്വാസം കനാനിലെ ജനങ്ങൾക്കുണ്ടായിരുന്നു. കഷ്ടതയുടെയും, പോംവഴിയില്ലായ്മയുടെയും സമയത്തു തങ്ങളുടെ ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായതിനെ മനുഷ്യർ ദൈവത്തിനർപ്പിക്കും. “എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” (മീഖാ, 6:7). ആഹാസ് രാജാവ് സ്വന്തം പുത്രനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. (2രാജാ, 16:3). “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിനു അവൻ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.” (യിരെ, 7:31). പട അതികഠിനമെന്നു കണ്ടപ്പോൾ മോവാബ് രാജാവ് തന്റെ ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. (2രാജാ, 3:26,27). യിസ്രായേല്യർ നരബലി നടത്തിയിരുന്നു എന്നോ യഹോവ അതിനെ അനുവദിച്ചിരുന്നു എന്നോ ബൈബിൾ പറയുന്നില്ല. പ്രവാചകനായ മീഖായിലുടെ ദൈവം പറയുന്നതും ശ്രദ്ധിക്കുക: “എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതനായ ദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു – വയസ്സുപ്രായമുള്ള കാളക്കിടാങ്ങളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ? ആയിരം ആയിരം ആട്ടു കൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ? മനുഷ്യാ നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ, 6:6-8).

ബാബേൽ ഗോപുരം

ബാബേൽ ഗോപുരം

ബാബേൽ ഗോപുരം എന്ന പ്രയോഗം പഴയനിയമത്തിലില്ല. ശിനാർ സമഭുമിയിൽ പണിത ഗോപുരത്തിനു നല്കിയ പേരാണ് ബാബേൽ ഗോപുരം. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാനായിരുന്നു ശിനാർ ദേശത്തിലെ ആളുകൾ ആഗ്രഹിച്ചത്. യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞു. തന്മൂലം അവർക്കു ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ബാബേൽ ഗോപുരം പണിയുവാനുള്ള ശ്രമത്തിനു മുമ്പ് ഏകഭാഷയാണ് നിലവിലിരുന്നത്. (ഉല്പ, 11:1-9). മെസൊപ്പൊട്ടേമിയയിലെ പല പ്രാചീന നഗരങ്ങളുടെയും സ്ഥാനങ്ങളിൽ നിന്നും സിഗ്ഗൂറത്തുകൾ (Ziggurats) എന്നറിയപ്പെടുന്ന വലിയ ഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടടുത്തിട്ടുണ്ട്. ക്ഷേത്രഗോപുരം, ഗിരിശൃംഗം എന്നീ അർത്ഥങ്ങൾ ‘സിഗ്ഗൂറത്തി’നുണ്ട്. വെയിലിലുണക്കിയ കട്ട കൊണ്ടുണ്ടാക്കിയ വലിയ കുന്നുകളാണ് ബാബിലോണിലെ ക്ഷേത്രഗോപുരങ്ങൾ. ലഭ്യമായവയിൽ ഏറ്റവും വലുത് എരെക് (ആധുനിക വാർകാ) അഥവാ ‘ഉറുകി’ൽ ഉള്ളതാണ്. ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിനു ഏഴുനിലയുണ്ട്. സാമാന്യമായ പൊക്കം മൂന്നു നിലയാണ്. ബാബേൽ ഗോപുരം ഇതുപോലുള്ള ക്ഷേത്രഗോപുരമാണെന്നു തോന്നുന്നില്ല.

സർവ്വശക്തനായ ദൈവത്തക്കൂടാതെ പേരും പെരുമയും നേടുവാനുള്ള മനുഷ്യന്റെ അത്യാഗ്രഹമാണ് അവനെ ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് അകറ്റി ദൈവകോപത്തിലേക്കു തള്ളിയിടുന്നത്. ശിനാർദേശത്തു പാർത്തിരുന്ന നോഹയുടെ പിൻതലമുറക്കാർ ദൈവത്തോട് അനുവാദം ചോദിക്കാതെ, അവർക്കു പ്രശസ്തിയുണ്ടാക്കുവാനായി ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാൻ ആരംഭിച്ചു. ഭൂമിയിൽ മനുഷ്യന്റെ നിരൂപണങ്ങളൊക്കെയും ദുഷ്ടതയും ദോഷവും നിറഞ്ഞതെന്നു കണ്ട് നോഹയും കുടുംബവുമൊഴികെയുള്ള സർവ്വമനുഷ്യരെയും ജലപ്രളയത്താൽ നശിപ്പിച്ച അത്യുന്നതനായ ദൈവം, മനുഷ്യന്റെ അഹന്തയുടെ പ്രതീകമായ ബാബേൽ ഗോപുരം പണിതുകൊണ്ടിരുന്ന മനുഷ്യരെ നശിപ്പിക്കുവാൻ ആഗ്രഹിച്ചില്ല. എന്നാൽ ആകാശത്തോളം അഥവാ ദൈവത്തോളം എത്തുവാൻ ഗോപുരം പടുത്തുയർത്തിക്കൊണ്ടിരുന്ന, ഒരേ ഭാഷ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ ഭാഷ സർവ്വശക്തനായ ദൈവം കലക്കിക്കളഞ്ഞു. അങ്ങനെ പരസ്പരം ആശയവിനിമയം ചെയ്യുവാൻ കഴിവില്ലാത്തവരായിത്തീർന്ന അവർ പണിയുപേക്ഷിച്ചു. ദൈവം അവരെ ഭൂതലത്തിലെങ്ങും പല ഭാഷകൾ സംസാരിക്കുന്നവരാക്കി ചിതറിച്ചുകളഞ്ഞു. അഹംഭാവം മനുഷ്യനിൽ നിറഞ്ഞുകവിയുമ്പോഴാണ് അവനു സ്നേഹവാനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ആലോചനകളും ആഗ്രഹങ്ങളും സമർപ്പിക്കുവാനോ ദൈവത്തിന്റെയോ സമസൃഷ്ടികളുടെയോ ഭാഷ്യം മനസ്സിലാക്കുവാനോ കഴിയാതെ വരുന്നത്. അപ്പോഴാണ് അഹന്തയുടെ ദന്തഗോപുരങ്ങളിൽ വിരാജിക്കുന്ന മനുഷ്യനെ ദൈവം തകർത്തുകളയുന്നത്.

നോഹയുടെ പെട്ടകം

നോഹയുടെ പെട്ടകം

ഇന്നേക്ക് ഏകേദശം 5,500 വർഷങ്ങൾക്ക് മുമ്പ് ഭൂമിമുഴുവനും ഉണ്ടായ ജലപ്രളയത്തിൽ നിന്ന് നോഹയും കുടുംബവും അടങ്ങുന്ന ഏട്ടു മനുഷ്യരും, ഭൂമിയിലെ മറ്റെല്ലാ ജീവികളും ഓരോ ജോഡിവീതം കയറി രക്ഷപെട്ട ഒരു പെട്ടകത്തെക്കുറിച്ച് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ഈ പെട്ടകത്തിന്റെ വലിപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. മലയാള പരിഭാഷയിൽ അതിന്റെ അളവുകൾ രേഖപ്പെടുത്തിയിരിക്കുന്നത് മുഴത്തിന്റെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷിലെ ക്യുബിറ്റ് (cubit) എന്ന വാക്കാണ് മലയാളത്തിൽ മുഴം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ക്യുബിറ്റ് 25 ഇഞ്ച് ആണെന്നുള്ള പൊതുവായ കണക്കനുസരിച്ച് നോഹയുടെ പെട്ടകത്തിന് 450 അടി നീളവും 75 അടി വീതിയും 45 അടി ഉയരവും ഉണ്ടായിരുന്നു. പെട്ടകം മൂന്നു തട്ടുകളായാണ് പണിതിരുന്നത്. ഭൂമിയിൽ ആണും പെണ്ണുമായി ദൈവം സൃഷ്ടിച്ച സകല ജീവജാലങ്ങളിൽനിന്നും രണ്ടുവീതം പെട്ടകത്തിൽ പാർപ്പിക്കുവാൻ സ്ഥലമുണ്ടോ എന്നു ചിലരെങ്കിലും സംശയിച്ചേക്കാവുന്നതുകൊണ്ടാണ് പെട്ടകത്തിന്റെ വലിപ്പം വിശദമാക്കുന്നത്. കീടങ്ങൾ, ഈച്ചകൾ തുടങ്ങിയ വിവിധതരം പറക്കുന്ന പ്രാണികൾക്കും, ചിലന്തികൾ, പല്ലികൾ തുടങ്ങിയവയ്ക്കും പരിമിതമായ സ്ഥലം മാത്രമേ ആവശ്യമായിരുന്നുള്ളു; വിവിധതരം ഇഴജന്തുക്കൾക്കും വിശാലമായ സ്ഥലം ആവശ്യമായിരുന്നില്ല. വിവിധതരം പറവജാതികളെ തട്ടിൻപുറങ്ങളിലും, തുക്കിയിട്ടിരിക്കുന്ന കൂടുകളിലും പാർപ്പിക്കുവാൻ കഴിയുമായിരുന്നതുകൊണ്ട് അവയ്ക്ക് പ്രത്യേകമായ സ്ഥലം ആവശ്യമായിരുന്നില്ല. മൃഗങ്ങളെ പാർപ്പിക്കുവാനുള്ള സ്ഥലം ഇന്നത്തെ അളവിൽ ഒരുക്കുകയാണെങ്കിൽപ്പോലും അവയ്ക്കല്ലാം വസിക്കുന്നതിനും 382 ദിവസങ്ങൾ അവയ്ക്കു ഭക്ഷിക്കുന്നതിനുളള ആഹാരം സാക്ഷിക്കുന്നതിനും ആവശ്യമായ സ്ഥലവും പെട്ടകത്തിൽ സജജീകരിച്ചിരുന്നു. ഇപ്രകാരം ആധുനിക ശാസ്ത്രജ്ഞന്മാർക്കും ഗവേഷകന്മാർക്കും നോഹയുടെ പെട്ടകം ഇന്നും നിഷേധിക്കാനാവാത്ത ഒരു സത്യമായി അവശേഷിക്കുന്നു. കാരണം അത് ദൈവത്താൽ പണിയിപ്പിക്കപ്പെട്ട പെട്ടകമായിരുന്നു. 

പെട്ടകത്തിൻ്റെ നീളവും വീതിയും ഉയരവും തമ്മിലുള്ള അനുപാതം നോക്കുക: നീളം 450 അടി അഥവാ 137 മീററർ; വീതി 75 അടി അഥവാ 23 മീറ്റർ; ഉയരം 45 അടി അഥവാ 14 മീറ്റർ. ഒരു വർഷമായിരുന്നു വെള്ളപ്പൊക്കത്തിന്റെ കാലാവധി. (ഉല്പ, 7:11-8:13,14). എഞ്ചിനും കപ്പിത്താനും ഇല്ലാതെ ഒരുവർഷം മുഴുവനും മറിയാതെ വെള്ളത്തിൽ സഞ്ചരിക്കാൻ ഈ അനുപാതം കൃത്യമാണെന്നു ലോകത്തിലുള്ള ഏതൊരു വിദഗ്ധ എഞ്ചിനീയറും സമ്മതിക്കില്ലേ? ബി.സി. 3,500-നോടടുത്തു നടന്ന നോഹയുടെയും ജലപ്രളയത്തിന്റെയും ചരിത്രം സത്യമാണെന്നു ക്രിസ്തുവിനും 700 വർഷംമുമ്പു ജീവിച്ചിരുന്ന പ്രവാചകനായ യെശയ്യാവു രേഖപ്പെടുത്തിയിട്ടുണ്ട്. (54:9). ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെഹെസ്ക്കേലും (14:14, 20), എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്റെ ശിഷ്യനായ പത്രൊസും (1പത്രൊ, 3:20; 2പത്രൊ, 2:5), മറ്റൊരു ശിഷ്യനായ പൗലൊസും (എബ്രാ, 11:7) നോഹയുടെ ചരിത്രം സത്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലുപരി കർത്താവായ യേശുക്രിസ്തു തന്റെ പുനരാഗമനം നോഹ പെട്ടകത്തിൽ കയറി രക്ഷപെട്ട കാലംപോലെ ആയിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്താ, 24:37-39).

കാണുക:👇

ജലപ്രളയം

സ്യഷ്ടി

സ്യഷ്ടി (Creation)

ഇല്ലായ്മയിൽ നിന്ന് സകലത്തെയും വിളിച്ചുവരുത്തുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. ആദിയിൽ ദൈവം ഒന്നുമില്ലായ്മയിൽ നിന്ന് ദൃശ്യാദൃശ്യ പ്രപഞ്ചത്തെ അസ്തിത്വത്തിലേക്കു കൊണ്ടുവന്നതിനെ സൃഷ്ടി എന്നു പറയുന്നു. സൃഷ്ടി ദൈവത്തിന്റെ സ്വതന്ത്രവും സ്വച്ഛന്ദവും ആയ പ്രവൃത്തിയാണ്. സൃഷ്ടിയെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് രേഖപ്പെടുത്തുകയാണ് ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങൾ. ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങൾ വിവരിക്കുകയല്ല തിരുവെഴുത്തുകളുടെ ലക്ഷ്യം. എങ്കിലും, സൃഷ്ടിയെ സംബന്ധിക്കുന്ന ഉപദേശം പഴയപുതിയനിയമങ്ങളിൽ പ്രചുരമായി കാണാം. (നെഹെ, 9:6; ഇയ്യോ, 38:4; സങ്കീ, 33:6, 9; 90:2; 102:25; യെശ, 40:26, 28; 42:5; 45;18; യിരെ, 10:12-16; ആമോ, 4:13; അപ്പൊ, 17:24; റോമ, 1:20, 25; 11:36; കൊലൊ, 1:16; എബ്രാ, 1:2; 11:3; വെളി, 4:11; 10:6). ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു (എബ്രാ, 11:3) എന്നതാണ് സൃഷ്ടിയെ സംബന്ധിച്ചുള്ള ഉപദേശത്തിന്റെ അടിസ്ഥാനം. ബൈബിളിലെ സൃഷ്ടി വിവരണം ദൈവിക വെളിപ്പാടിൽ അധിഷ്ഠിതമാണെന്നും അതു ഗ്രഹിക്കേണ്ടതു വിശ്വാസത്താൽ ആണെന്നും തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നതാണു ബൈബിളിലെ പ്രാരംഭ വാക്യം. മുമ്പുണ്ടായിരുന്ന ദ്രവ്യത്തിൽ നിന്നല്ല മറിച്ചു ഒന്നുമില്ലായ്മയിൽ (ex nihilo) നിന്നാണു ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ദ്രവ്യം നിത്യമാണെന്ന ചിന്താഗതിയെ ഇതു ഖണ്ഡിക്കുന്നു. ദൈവത്തിനെതിരെ മറ്റൊരു അസ്തിത്വം ദൈവിക വെളിപ്പാടു നിഷേധിക്കുന്നു. ദ്വന്ദ്വവാദമനുസരിച്ചു രണ്ടു നിത്യതത്ത്വങ്ങളുണ്ട്; നന്മയും തിന്മയും അല്ലെങ്കിൽ രണ്ടു സത്തകൾ: ദൈവവും സാത്താനും അഥവാ ദൈവവും ദ്രവ്യവും. കേവല സത്തയുടെ ആവിഷ്കാരം മാത്രമാണു സൃഷ്ടി എന്ന ചിന്താഗതിയെയും ബൈബിളിലെ സൃഷ്ട്ടിവിവരണം നിഷേധിക്കുന്നു. സഷ്ടാവു സൃഷ്ടിയിൽ നിന്നും ഭിന്നനാണ്. എന്നാൽ മനുഷ്യരെ സൃഷ്ടിച്ചത് ഒന്നുമില്ലായ്മയിൽ നിന്നല്ല പ്രത്യുത ഭൂമിയിലെ പൊടിയിൽ നിന്നാണ്. (ഉല്പ, 2:7). ഭൂമിയിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും ഭൂമിയിൽ നിന്നു നിർമ്മിച്ചു. (ഉല്പ, 2:19). 

പ്രപഞ്ചസൃഷ്ടി: പ്രപഞ്ചസൃഷ്ടി ദൃശ്യവും അദൃശ്യവുമായ സകലത്തെയും ഉൾക്കൊള്ളുന്നു. ദൂതന്മാർ, സ്വർഗ്ഗീയ ജീവികൾ, ജന്തുക്കൾ, മനുഷ്യർ എന്നിവ മാത്രമല്ല സ്വർഗ്ഗവും അതിലുള്ള സർവ്വവും ദൈവത്തിന്റെ സൃഷ്ടിയത്രേ. എസ്രായുടെ പ്രാർത്ഥന ശ്രദ്ധേയമാണ്: “നീ, നീ മാത്രം യഹോവ ആകുന്നു: നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.” (നെഹെ, 9:6). ദൃശ്യവും അദൃശ്യവുമായ സകലവും ക്രിസ്തു മുഖാന്തരവും ക്രിസ്തുവിനായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നു അപ്പൊസ്തലനായ പൌലൊസ് രേഖപ്പെടുത്തുന്നു. (കൊലൊ, 1:16).

ദൃശ്യലോകത്തിന്റെ സൃഷ്ടി: ദൃശ്യലോകം എങ്ങനെ ഉണ്ടായി എന്ന് ഉല്പത്തി ഒന്നാം അദ്ധ്യായത്തിലെ സൃഷ്ടിവൃത്താന്തം വ്യക്തമാക്കുന്നു. ആറു ദിവസം കൊണ്ടാണ് സൃഷ്ടി പൂർത്തിയായത്. ദൈവം കല്പിച്ചു എന്ന് സൃഷ്ടിപ്പിന്റെ എട്ടു പ്രത്യേക പ്രവൃത്തികൾ രേഖപ്പെടുത്തുന്നു. ഒന്നാം ദിവസം വെളിച്ചം (1:3), രണ്ടാം ദിവസം വിതാനം (1:6), മൂന്നാം ദിവസം സമുദ്രവും ഉണങ്ങിയ നിലവും സസ്യങ്ങളും (1:9, 11), നാലാം ദിവസം ജ്യോതിർഗോളങ്ങൾ (1:15), അഞ്ചാം ദിവസം പക്ഷികളും മത്സ്യങ്ങളും (1:20), ആറാം ദിവസം മൃഗങ്ങളും മനുഷ്യനും (1:24, 26). ഒന്നാം ദിവസമാണ് ദൈവം വെളിച്ചം സൃഷ്ടിച്ചത്; എന്നാൽ ജ്യോതിർഗോളങ്ങളെ സൃഷ്ടിച്ചതാകട്ടെ നാലാം ദിവസവും. ആദ്യത്തെ മൂന്നു ദിവസങ്ങളിലെയും സൃഷ്ടി പശ്ചാത്തല സജ്ജീകരണമാണ്. വെളിച്ചം, വിതാനം, സമുദ്രം, കര, സസ്യങ്ങൾ എന്നിവ ഒരുക്കിയത് ജീവജാലങ്ങൾക്കു നിവസിക്കുവാൻ വേണ്ടിയാണ്. ആകാശം പക്ഷികൾക്കും, സമുദ്രം മത്സ്യങ്ങൾക്കും, ഭൂമി മൃഗങ്ങൾക്കും മനുഷ്യനും വേണ്ടിയാണ്. മൂന്നാം ദിവസവും ആറാം ദിവസവും സൃഷ്ടിപ്പിന്റെ രണ്ടു പ്രവൃത്തികൾ വീതം നടന്നതായി കാണുന്നു. ഏഴാം ദിവസം ദൈവം സ്വസ്ഥനായി. സൃഷ്ടിക്കും ആഴ്ചയിൽ ഒരു ദിവസത്തെ സ്വസ്ഥത ദൈവം കല്പിച്ചു. (പുറ, 20:8-11). 

മനുഷ്യസൃഷ്ടി: മനുഷ്യനെ സൃഷ്ടിച്ചത് ആറാം ദിവസമാണ്. പ്രത്യേക വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). അനന്തരം ആദാമിന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തു ഹവ്വയെ സൃഷ്ടിച്ചു. (ഉല്പ, 2:21:23). മനുഷ്യനെ പൂർണ്ണവളർച്ചയെത്തിയ അവസ്ഥയിൽ തന്നെ ദൈവം സൃഷ്ടിച്ചു എന്നാണ് സൃഷ്ടിവൃത്താന്തം രേഖപ്പെടുത്തുന്നത്. ഹവ്വയ്ക്ക് മുൻഗാമിയായി ഒരു സ്ത്രീ ഇല്ലായിരുന്നു. പുരുഷനിൽ നിന്നാണ് സ്ത്രീ നിർമ്മിക്കപ്പെട്ടത്. “പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നതേ ഉണ്ടായത്.” (1കൊരി, 11:8). ഭൗതിക രൂപങ്ങളിലും വൈകാരിക ചോദനകളിലും മൃഗങ്ങളോടു സാദൃശ്യമുണ്ടെങ്കിലും മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാണ് മനുഷ്യൻ. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ സൃഷ്ടിയുടെ മകുടവും സൃഷ്ടിയുടെ മേൽ വാഴാൻ അനുഗ്രഹം പ്രാപിച്ചവനുമാണ്.

1-ാം ദിവസം: വെളിച്ചം

“വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” (ഉല്പത്തി 1:3).

2-ാം ദിവസം: ആകാശം

“ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.” (ഉല്പത്തി 1:6-8). 

3-ാം ദിവസം: ഭൂമിയും സസ്യങ്ങളും

“ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

ഉല്പത്തി 1:13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.” (ഉല്പത്തി 1:9-13).

4-ാം ദിവസം: സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും

പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.” (ഉല്പത്തി 1:14-19).

5-ാം ദിവസം: ജലജന്തുക്കളും പറവജാതികളും

“വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.” ഉല്പത്തി 1:20-23).

6-ാം ദിവസം: കന്നുകാലി ഇഴജാതി മനുഷ്യൻ

“അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു…….. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.” (ഉല്പത്തി 1:24-31).

7-ാം ദിവസം: യഹോവയുടെ ശബ്ബത്ത്

“ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” (ഉല്പത്തി 2:1).

വൃതന്മാർ

വൃതന്മാർ (elect’s)

തിരഞ്ഞെടുക്കപ്പെട്ടവരും (2ശമൂ, 21:6, സങ്കീ, 89:19), യേശുക്രിസ്തുവിൻ്റെ രക്തത്താൽ കഴുകപ്പെട്ടവരുമാണ് വൃതന്മാർ (1പത്രൊ, 1:2). ചില പ്രത്യേക വ്യക്തികളെയോ ഗണത്തയോ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ട ആനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ് തിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ തിരഞ്ഞെടുപ്പ് മുന്നിയമന സിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. പഴയനിയമത്തിലും പുതിയനിയമത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന വിഷയമാണിത്. പുതിയനിയമത്തിൽ മാത്രം തിരഞ്ഞെടുപ്പ് 48 സ്ഥാനങ്ങളിലുണ്ട്. 

തിരഞ്ഞെടുക്കുക എന്ന അർത്ഥത്തിൽ പഴയനിയമത്തിൽ ഉപയോഗിച്ചിട്ടുള്ള പ്രധാനപ്പെട്ട എബ്രായധാതു ‘ബാഹർ’ ആണ്. ഒരു വലിയ ഗണത്തിലോ കുട്ടത്തിലോ ഉൾപ്പെടുന്നവയെ എല്ലാം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയശേഷം ഒരു വ്യക്തിയെയോ വസ്തുവിനെയോ സ്വന്തം ഇച്ഛപോലെ തിരഞ്ഞെടുക്കുക എന്ന ആശയമാണ് ബാഹർ എന്ന ധാതുവിനുള്ളത്. കവിണക്കല്ലുകളെ തിരഞ്ഞെടുക്കുക (1ശമൂ, 17:40), ഭാര്യയെ തിരഞ്ഞെടുക്കുക (ഉല്പ, 6:2), നന്മ തിരഞ്ഞെടുക്കുക (യെശ, 7:15), ജീവനെ തിരഞ്ഞെടുക്കുക (ആവ, 30:20), യഹോവയുടെ സേവ തിരഞ്ഞെടുക്കുക (യോശൂ, 24:22) എന്നിവ ഉദാഹരണങ്ങൾ. ഈ എബ്രായ ധാതുവിന് സമാനമായ ഗ്രീക്കു ധാതു എക്ലെഗൊമായ് ആണ്. തിരഞ്ഞെടുക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ എബ്രായയിൽ ബാഹിർ-ഉം ഗ്രീക്കിൽ എക്ലെക്ടൊസും പ്രയോഗിക്കുന്നു. തിരഞ്ഞെടുക്കുന്നതു ദൈവമാണ്. മോശെ വൃതനാണു് (സങ്കീ, 106:23). യിസായേല്യരെ ദൈവം തിരഞ്ഞെടുത്തു എന്ന് ആറു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (1ദിന, 16:12; സങ്കീ, 105:5, 43; 106:4; യെശ, 43:20; 45:4). ശൗൽ രാജാവിനെയും (2ശമൂ, 21:6), ദാവീദിനെയും (സങ്കീ, 89:3) വൃതൻ എന്നു ഓരോ പ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവചനത്തിൽ മശീഹയെ ഒരുപ്രാവശ്യം (യെശ, 42:1) വൃതൻ എന്നു വിളിച്ചിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട യിസ്രായേൽ ഭാവിയിൽ ദൈവത്തിന്റെ വൃതർ ആയിരിക്കും. (യെശ, 65:9, 15, 22). ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചവരെ പുതിയനിയമത്തിൽ 20 പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടവർ എന്നു വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ കുറിക്കുന്ന ഗ്രീക്കുപദം ‘എക്ലോഗീ’ ആണ്. 

പഴയനിയമത്തിൽ യിസ്രായേൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. രണ്ടു പരസ്പര ബദ്ധമായ പ്രവൃത്തികളിലൂടെയാണ് ദൈവം അവരെ തിരഞ്ഞെടുത്തത്. ഒന്നാമതായി, ദൈവം അബ്രാഹാമിനെയും സന്തതിയെയും തിരഞ്ഞെടുത്തു. കല്ദയരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനെ വിളിച്ചു വേർതിരിച്ച് വാഗ്ദത്തനാടായ കനാനിൽ കൊണ്ടുവന്നു. അനന്തരം അബ്രാഹാമിനോടും അവന്റെ സന്തതികളോടും ശാശ്വത നിയമം ചെയ്തു. ഈ നിയമമനുസരിച്ച് അബ്രാഹാമിന്റെ സന്തതിയിലൂടെ ഭൂമി അനുഗ്രഹിക്കപ്പെടും. (ഉല്പ, 11:31-12:7; 15:17; 22:15-18; നെഹെ, 9:7; യെശ, 41:8). രണ്ടാമതായി, മിസ്രയീമിലെ അടിമത്തത്തിൽ നിന്നും വീണ്ടെടുത്തുകൊണ്ട് യിസ്രായേലിനെ ദൈവം തന്റെ ജനമായി തിരഞ്ഞെടുത്തു. അബ്രാഹാമിനോടു ചെയ്ത നിയമം സീനായിയിൽ വച്ചു പുതുക്കി വാഗ്ദത്തദേശം അവർക്കു ജന്മഭൂമിയായി നല്കി. (പുറ, 3:6-10; ആവ, 6:21-23; സങ്കീ, 105). ഈ തിരഞ്ഞെടുപ്പുകളെ ദൈവത്തിന്റെ വിളി എന്നും പ്രസ്താവിച്ചിട്ടുണ്ട്. അബ്രാഹാമിനെയും അബ്രഹാമിന്റെ സന്തതികളെയും ദൈവം വിളിച്ചത് തന്റെ ജനമായിരിക്കുവാൻ വേണ്ടിയാണ്. 

തിരഞ്ഞെടുപ്പും മുന്നിയമനവും: രക്ഷിക്കപ്പെടുന്നവർ ആരെന്നത് ദൈവം മുന്നിർണ്ണയിച്ചു കഴിഞ്ഞു എന്നു വ്യക്തമാക്കുന്ന അനേകം ഭാഗങ്ങളുണ്ട്. പൗലൊസും ബർന്നബാസും ജാതികളുടെ ഇടയിൽ സുവിശേഷം പ്രസംഗിച്ചപ്പോൾ ഉണ്ടായ ഫലത്തെക്കുറിച്ച് ലൂക്കൊസ് എഴുതി; “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.” (പ്രവൃ, 13:48). എത്രപേർ വിശ്വസിച്ചു എന്ന ചോദ്യത്തിനുത്തരം നിത്യജീവനായി നിയമിക്കപ്പെട്ടവർ എന്നത്രേ. (റോമ, 8:28-30). ഏശാവിനെ ഉപേക്ഷിച്ച് ദൈവം യാക്കോബിനെ തിരഞ്ഞെടുത്തു. (റോമ, 9:11-13). യിസ്രായേലിൽ തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമാണ് രക്ഷ പ്രാപിച്ചത്. (റോമ, 11:7). “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പ് നമ്മെ അവനിൽ തിരഞ്ഞെടുക്കു കയും ….. സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ.” (എഫെ, 1:4-6 – എഫെ, 1:11,12; 1കൊരി, 2:7). 

തിരഞ്ഞെടുപ്പിന്റെ സവിശേഷതകൾ: പുതിയനിയമത്തിൽ പൗലൊസിന്റെ ലേഖനങ്ങളിലാണ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ദൈവശാസ്ത്രപരമായ വിചിന്തനം വ്യക്തമായി കാണുന്നത്. 1. ദൈവത്തിൻറ തിരഞ്ഞെടുപ്പ് കൃപയാലാണ്. പാപത്തിൽ വീണുപോയ മനുഷ്യവർഗ്ഗത്തോട് ദൈവം സൗജന്യമായി കാട്ടിയ കൃപയാണ് തിരഞ്ഞെടുപ്പ്: (റോമ, 11:5). മനുഷ്യൻ സാക്ഷാൽ അർഹിക്കുന്നത് ദൈവക്രോധം മാത്രമാണ്. (റോമ 1:18). 

2. തിരഞ്ഞെടുപ്പ് ദൈവത്തിന്റെ സർവ്വാധികാരത്തിൽ പെടുന്നു. തിരുഹിതത്തിന്റെ പ്രസാദ്രപ്രകാരമാണ് ദൈവം മനുഷ്യരെ തിരഞ്ഞെടുത്തത്. മനുഷ്യരുടെ പ്രവൃത്തികൾ അതിനു കാരണമല്ല. (എഫെ, 1:5,9; റോമ, 9:11). പാപികളിൽ നിന്ന് ഒരു വിഭാഗത്തെ തൻ്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്താനായി ദൈവം കരുണാപാത്രങ്ങളായി തിരഞ്ഞെടുത്തു. (റോമ, 9:23). പാപികളിൽ ചിലരെ അവർ അർഹിക്കുന്നത് അനുസരിച്ച് ഹൃദയകാഠിന്യത്തിനും നാശത്തിനും ഏല്പിച്ചു. (റോമ, 9:18, 21; 11:7 -10). ഈ വിവേചനത്തിൽ അനീതിയായി ഒന്നുംതന്നെയില്ല. മത്സരികളായ മനുഷ്യരോടു എന്തു ചെയ്യാനുമുള്ള അവകാശം സഷ്ടാവിനുണ്ട്. (റോമ, 9:14-21). ചിലരോടു ദൈവം കരുണ കാണിക്കുന്നില്ലെന്നതിനേക്കാൾ പ്രധാനം ചിലരോടു ദൈവം കരുണ കാണിക്കുന്നു എന്നതാണ്. അബ്രാഹാമിനോടുളള വാഗ്ദാനം ഏശാവിനെ ഉപേക്ഷിച്ചുകൊണ്ട് യാക്കോബിനു മാത്രമായി പരിമിതപ്പെടുത്തിയതിൽ നിന്നും ഇതു വ്യക്തമാണ്. (റോമ, 9:7-13). യിസ്രായേലിൽ നിന്നു ജനിച്ചവരെല്ലാം യിസ്രായേല്യർ അല്ല. തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷ അനുഭവിക്കുന്നവരത്രേ യിസ്രായേലിലെ ശേഷിപ്പ്. (റോമ, 11:5; 9:27-29). 

3. തിരഞ്ഞെടുപ്പു നിത്യമാണ്. ഭൂതകാലനിത്യതയിൽ തന്നെ തിരഞ്ഞെടുപ്പു പൂർത്തിയായി. ലോകസ്ഥാപനത്തിനു മുമ്പു തന്നെ ദൈവത്തിന്റെ നിത്യമായ ആലോചനയി മനുഷ്യനെ സംബന്ധിക്കുന്ന സകലകാര്യങ്ങളും നിരണ്ണയിച്ചു കഴിഞ്ഞു. “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ അവനിൽ തിരഞ്ഞെടുക്കുകയും.” (എഫെ, 1:4). തിരഞ്ഞെടുപ്പും വിളിയും പരസ്പരബദ്ധമാണ്. (2തിമൊ, 1:9; 2തെസ്സ, 2:13,14). തിരഞ്ഞെടുപ്പും ദൈവത്തിന്റെ നിത്യനിർണ്ണയത്തിന്റെ ഭാഗമാണ്. (എഫെ, 1:9). 

4. തിരഞ്ഞെടുപ്പു ക്രിസ്തുവിലാണ്. (എഫെ, 1:4). ക്രിസ്തുവിന്റെ ജഡധാരണവും പ്രായശ്ചിത്ത മരണവും ദൈവത്തിന്റെ നിത്യനിർണ്ണയത്തിൽ ഉൾപ്പെട്ടതാണ്. പത്രാസപ്പൊസ്തലൻ ഈ വിഷയം സ്പഷ്ടമായി പ്രസ്താവിച്ചു. “ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തുവിലൂടെയുള്ള തിരഞ്ഞെടുപ്പിന്റെ ഫലം തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിന്റെ രൂപത്തോട് അനുരൂപരാകുകയും ക്രിസ്തുവിന്റെ തേജസ്സിനു പങ്കാളികളാകുകയും ചെയ്യുക എന്നതത്രേ. “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29,30(. ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കുന്നവർ ദൈവം ക്രിസ്തുവിനു നല്കിയ ഇഷ്ടദാനമാണ്. ദൈവം ക്രിസ്തുവിനു നല്കിയവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. അവർക്കു ക്രിസ്തു നിത്യജീവൻ നല്കുന്നു. (യോഹ, 17:2, 6, 9, 24). 

തിരഞ്ഞെടുപ്പിന്റെ ലക്ഷ്യവും ഫലവും: തിരഞ്ഞെടുപ്പിന്റെ ആത്യന്തികലക്ഷ്യം ദൈവനാമ മഹത്വമാണ്. തിരഞ്ഞെടുപ്പിലൂടെ ലഭിച്ച വിശിഷ്ട പദവിയും ആനുകൂല്യങ്ങളും നിമിത്തം യിസ്രായേൽ ദൈവത്തിനു സ്തോത്രം ചെയ്യുകയും അവന്റെ സ്തുതി പ്രസ്താവിക്കുകയും ചെയ്തതുകൊണ്ട് ദൈവത്തിനു മഹത്വവും ബഹുമാനവും നല്കുന്നു. (യെശ, 43:20; സങ്കീ, 79:13; 96:1-10). ഒരു വിശ്വാസി ദൈവത്തിൽ പ്രശംസിച്ച് (1കൊരി, 1:31) ദൈവത്തിന് എന്നേക്കും മഹത്വം നല്കേണ്ടതാണ്. (റോമ, 11:36; എഫെ, 1:5,6, 12). തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ദൈവിക വെളിപ്പാട് വാദപ്രതിവാദത്തിലേക്കല്ല ആരാധനയിലേക്കാണ് നയിക്കേണ്ടത്.

ദൈവത്തിന്റെ ആർദ്രസ്നേഹം വെളിപ്പെടുത്തുകയാണ് തിരഞ്ഞെടുപ്പ്. തന്റെ പ്രത്യേക സ്നേഹത്തിന് പാത്രമായതുകൊണ്ടാണ് യഹോവ യിസ്രായേലിനെ തിരഞ്ഞെടുത്തത്. യിസ്രായേൽ ദൈവത്തെ തിരഞ്ഞെടുക്കുകയോ ദൈവത്തിന്റെ പ്രീതി അർഹിക്കുകയോ ചെയ്തില്ല. അവർ സംഖ്യയിൽ കുറവുളളവരും ദുർബലരും മത്സരികളും ആയിരുന്നു. (ആവ, 7:7; 9:4-6; 23:5). തിരുഹിതത്തിന്റെ പ്രസാദപ്രകാരമായിരുന്നു യിസായേലിൻ്റെ തിരഞ്ഞെടുപ്പ്. പുതിയനിയമത്തിൽ സഭയുടെ തിരഞ്ഞിടുപ്പിനും കാരണമായതു ദൈവത്തിന്റെ സ്നേഹം മാത്രം. പാപികളും അഭക്തരും ബലഹീനരും ശത്രുക്കളും (റോമ, 5:6, 8, 10) ആയി അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരെ (എഫെ, 2:1) ആണ് ദൈവം തിരഞ്ഞെടുത്തത്. (യോഹ, 3:16.

തിരഞ്ഞെടുപ്പു് വിശ്വാസിയുടെ നിത്യരക്ഷ ഉറപ്പാക്കുന്നു. ഒരു വ്യക്തി ഇപ്പോൾ കൃപയിലാണെങ്കിൽ അവൻ എന്നേക്കും കൃപയിൽ തന്നെയാണ്. അവന്റെ നീതീകരണം ഒന്നിനാലും ബാധിക്കപ്പെടുകയില്ല. (റോമ, 8:33). ക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്ന് അവനെ വേർപെടുത്തുവാൻ ഒന്നിനും കഴിയുകയില്ല. (റോമ, 8:35-39).  

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസിയെ സൽപ്രവൃത്തികൾക്കു പ്രേരിപ്പിക്കുന്നു. ദുർന്നടപ്പ്, അഹങ്കാരം തുടങ്ങിയവ വിട്ടൊഴിഞ്ഞ് സ്വയം താഴ്ത്തി ദൈവത്തിനു സ്തോത്രം ചെയ്തുകൊണ്ടു വിശുദ്ധജീവിതം ചെയ്യുവാൻ അവനു പ്രചോദനം നല്കുന്നു. (റോമ, 11:19-22; കൊലൊ, 3:12-17).