All posts by roy7

എസ്സീന്യർ

എസ്സീന്യർ

യെഹൂദമതത്തിന്റെ മുഖ്യധാരയിൽ നിന്നു വിട്ടുമാറി ഒരു വിധത്തിലുള്ള സന്ന്യാസജീവിതം നയിച്ച യെഹൂദ മതവിഭാഗമാണ് എസ്സീന്യർ. ബി.സി. ഒന്നാം നൂറ്റാണ്ടിലും എ.ഡി. ഒന്നാം നൂറ്റാണ്ടിലും ഈ സമൂഹം നിലനിന്നിരുന്നു. ഫിലോ തന്റെ രണ്ടുഗ്രന്ഥങ്ങളിൽ ഇവരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ‘യെഹൂദ്യ യുദ്ധം’ എന്ന ഗ്രന്ഥത്തിൽ വിശദമായും ‘യെഹൂദപ്പഴമകളിൽ’ ഹ്രസ്വമായും ജൊസീഫസ് ഇവരെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. സ്വമേധയാ ദരിദ്രജീവിതം സ്വീകരിക്കുകയും, ദൈവികവും ധാർമ്മികവുമായ പഠനങ്ങൾക്കു ജീവിതം ഉഴിഞ്ഞുവയ്ക്കുകയും, ശബ്ബത്തിൽ സമൂഹമായി ആരാധിക്കുകയും കാർമ്മികമായ ശുദ്ധിയിൽ ശ്രദ്ധചെലുത്തുകയും, സമ്പത്ത് പൊതുവായി അനുഭവിക്കുകയും മൃഗബലി വർജ്ജിക്കുകയും, അടിമകളെ സൂക്ഷിക്കാതിരിക്കുകയും രോഗികൾക്കും വൃദ്ധർക്കും വേണ്ടി കരുതുകയും ചെയ്തുകൊണ്ടു, ആണയിടുകയോ സൈനിക സേവനത്തിൽ ഏർപ്പെടുകയോ വാണിജ്യാദികളിൽ വ്യാപരിക്കുകയോ ചെയ്യാതെ ജീവിച്ച സന്യാസസമൂഹം എന്നു ഫിലോ ഇവരെ വർണ്ണിക്കുന്നു. ഗ്രാമങ്ങളിൽ പാർത്തിരുന്ന ഇവർ കർഷകവൃത്തി സ്വീകരിച്ചിരുന്നു. 

എസ്സീന്യരുടെ ഉത്ഭവം അവ്യക്തമാണ്. യോനാഥാൻ മക്കാബിയുടെ കാലത്ത് (ബി.സി. 150) എസ്സീന്യർ ഉണ്ടായിരുന്നതായി ജൊസീഫസ് പറയുന്നു. എസ്സീന്യനായ ഒരു യൂദാസിനെക്കുറിച്ചു (ബി.സി. 105-104) അദ്ദേഹം പറയുന്നുണ്ട്. ഇതിൽനിന്നും അവരുടെ ഉത്ഭവം ബി.സി. രണ്ടാം നൂറ്റാണ്ടിലാണെന്നതു വ്യക്തമാണ്. ചാവുകടലിനടുത്തു ഏൻഗെദിക്കു വടക്കായി ഇവർ പാർത്തിരുന്നുവെന്ന് പ്ലിനി പ്രസ്താവിച്ചിട്ടുണ്ട്. യെരൂശലേം ഉൾപ്പെടെ യെഹൂദ്യയിലെ എല്ലാ പട്ടണങ്ങളിലും എസ്സീന്യർ കാണപ്പെട്ടിരുന്നുവെന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ സമൂഹം അദ്ധ്യക്ഷന്മാരുടെ കീഴിൽ സംഘടിപ്പിച്ചിരുന്നു. സംഘത്തിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്കു ഒരു പിക്കാസ്സും കുപ്പായവും ശുഭ്രവസ്ത്രവും നല്കും. ഒരു വർഷം കഴിഞ്ഞതിനു ശേഷം വീണ്ടും രണ്ടുവർഷത്തെ പരിശോധനാ കാലയളവാണ്. കഠിനമായ പ്രതിജ്ഞയെടുത്താണ് സംഘത്തിൽ അംഗമാകുന്നത്. സമൂഹത്തിന്റെ ഉപദേശങ്ങൾ നിഗുഢമായി സൂക്ഷിക്കുമെന്നും സഹോദരന്മാരോടു പൂർണ്ണമായും തുറന്നമനസ്സോടെ പെരുമാറുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രായപൂർത്തി ആയവരെയായിരുന്നു പ്രായേണ അംഗങ്ങളായി സ്വീകരിച്ചിരുന്നത്. 

ശിക്ഷണം കർക്കശ സ്വഭാവമുള്ളതായിരുന്നു. കുറ്റങ്ങൾ വിസ്തരിക്കുന്നതിനു ഒരു കോടതിയുണ്ടായിരുന്നു. നൂറിൽ കുറയാത്ത വോട്ടുകൾ കൊണ്ടാണ് ശിക്ഷ വിധിച്ചിരുന്നത്. ഇപ്രകാരം എടുക്കുന്ന വിധി റദ്ദാക്കപ്പെടാവുന്നതല്ല. അശുദ്ധികാരണം അന്യർ തയാറാക്കിയ ഭക്ഷണം ഈ സമുഹത്തിലെ ആരും കഴിക്കാൻ പാടില്ല. സമൂഹഭ്രഷ്ട് ഇഞ്ചിഞ്ചായി മരിക്കുന്നതിനു തുല്യമാണ്. സമ്പത്തു പൊതുവായി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തവന്നു. രോഗികളെയും വൃദ്ധരെയും അവർ പൊതുനിധിയിൽ നിന്നും സംരക്ഷിച്ചു. അംഗങ്ങളെല്ലാം നിയന്ത്രണ വിധേയമായി ദൈനംദിന പ്രവർത്തനങ്ങളിലേർപ്പെട്ടു. രാവിലെ പ്രാർത്ഥനയ്ക്കുശേഷം ജോലിക്കു പോകുന്ന അവർ മടങ്ങി വന്നു കാർമ്മികമായ പ്രക്ഷാളനവും പൊതുഭോജനവും കഴിഞ്ഞു വീണ്ടും വേലയ്ക്ക് മടങ്ങിപ്പോകും. സന്ധ്യാഭോജനത്തിനു അവർ വീണ്ടും ഒത്തുചേരും. പ്രധാനതൊഴിൽ കൃഷിയാണ്. ധനമോഹത്തിനു പ്രേരിപ്പിക്കും എന്ന കാരണത്താൽ കച്ചവടം ചെയ്തിരുന്നില്ല. അമിതഭോഗവർജ്ജനവും ആർഭാടരാഹിത്യവും ലാളിത്യവും അവരുടെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു. വിവാഹബന്ധനത്തിൽ നിന്നൊഴിഞ്ഞ അവർ കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്തി. പൂർണ്ണമായും ഉപയോഗ ശൂന്യമാകുന്നതുവരെ വസ്ത്രങ്ങളും പാദുകങ്ങളും ഉപയോഗിച്ചു. അവരുടെ ഇടയിൽ അടിമകളില്ല. എല്ലാവരും സ്വതന്ത്രരാണ്. ആണയിടുകയോ, ശരീരത്തിൽ തൈലം പൂശുകയോ ചെയ്യുകയില്ല. ഓരോ ഭക്ഷണത്തിനു മുമ്പും ശീതജലസ്നാനം നിർബ്ബന്ധമാണ്. എല്ലാ അവസരങ്ങളിലും ശുഭ്രവസ്ത്രം ധരിച്ചിരുന്നു. അവർ വഴിപാടായി സുഗന്ധവസ്തുക്കൾ ദൈവാലയത്തിലേക്കു അയച്ചുകൊടുത്തു. ആത്മബലി ശ്രേഷ്ഠമായി കരുതിയതുകൊണ്ടു അവർ മൃഗബലി അനുവദിച്ചിരുന്നില്ല. അവരുടെ പൊതുഭോജനം യാഗസദ്യക്കു തുല്യമായി കരുതപ്പെട്ടിരുന്നു. ശുദ്ധീകരണ കർമ്മങ്ങളോടുകൂടെ പുരോഹിതന്മാരായിരുന്നു ഭക്ഷണം തയ്യാറാക്കിയിരുന്നത്.

യെഹൂദന്മാരുടെ പ്രപഞ്ച വീക്ഷണമായിരുന്നു എസ്സീന്യരുടേത്. ദൈവികസംരക്ഷണത്തിലും കരുതലിലും അവർ സമ്പൂർണ്ണമായി വിശ്വസിച്ചു. ന്യായപ്രമാണ ദാതാവായ മോശെയുടെ പേരിനു ദൈവത്തിനടുത്ത സ്ഥാനം അവർ നല്കിയിരുന്നു. അതിനെ ദുഷിക്കുന്നവർക്കു മരണശിക്ഷ നല്കി. ആരാധനകളിൽ തിരുവെഴുത്തുകളെ വായിച്ചു വ്യാഖ്യാനിക്കും. ചെറിയ ജോലിപോലും ചെയ്യാതെ വലിയ നിഷ്കർഷയോടുകൂടി ശബ്ബത്ത് ആചരിച്ചു. ശരീരം നാശോന്മുഖമാണെന്നും ആത്മാവ് അമർത്യമാണെന്നും അവർ പഠിപ്പിച്ചു. സൂക്ഷ്മമായ ആകാശത്തിൽ ആത്മാവ് വസിക്കുന്നുവെന്നും, അമിതഭോഗത്തിൽ മുഴുകുക നിമിത്തം ആത്മാവ് ശരീരത്തിൽ ബന്ധനാവസ്ഥയിൽ കഴിയുമെന്നും, ഇന്ദ്രിയങ്ങളുടെ ബന്ധനത്തിൽ നിന്നു മുക്തമാകുമ്പോൾ ഉന്നതങ്ങളിലേക്കു ഉയർന്നു പോകുമെന്നും അവർ വിശ്വസിച്ചു. ശുദ്ധാത്മാക്കൾക്കു കടലിനപ്പുറം ജീവിതം ലഭിക്കും. അവിടെ മഴയോ മഞ്ഞാ ചൂടോ അവരെ ശല്യപ്പെടുത്തുകയില്ല. മന്ദമാരുതൻ സദാ വീശിക്കൊണ്ടിരിക്കും. നിരന്തരം പീഡനം അനുഭവിക്കേണ്ടിയിരിക്കുന്ന, അന്ധകാരവും ശീതവും നിറഞ്ഞ ദേശമാണ് ദുഷ്ടാത്മാക്കൾക്ക് ലഭിക്കുന്നത്. 

ചുരുക്കത്തിൽ ഉയർന്ന തലത്തിലുള്ള പരീശമതമാണ് എസ്സീന്യരുടേത്. ബുദ്ധമതം, പാർസികളുടെ മതം, പിത്തഗോറസിന്റെ സിദ്ധാന്തം തുടങ്ങിയവയുടെ സ്വാധീനം എസ്സീന്യമതത്തിലുണ്ട്. യെരൂശലേമിന്റെ നാശത്തോടു കൂടി എസ്സീന്യർ ചരിത്രത്തിൽനിന്നു അപ്രത്യക്ഷരായി. കുമ്രാൻ സമൂഹം എസ്സീന്യരുടെ ഉപഗണമായിരിക്കണം. ചാവുകടൽ ചുരുളുകളിൽ ചിലതു അതിനനുകൂലമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. ഹാനോക്കിന്റെ പുസ്തകം, ജൂബിലി ഗ്രന്ഥം, പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ നിയമങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ എസ്സീന്യരുടേതായിരിക്കണം. എസ്സീന്യരുടെ ബഹ്മചര്യവും ഇന്ദ്രിയസംയമവും ശ്ലാഘ്യമാണ്. ആദിമ ക്രിസ്തുമതത്തിനു ഇവരുമായുള്ള ബന്ധം ചർച്ചാവിഷയമാണ്. യോഹന്നാൻ സ്നാപകനു മാത്രമല്ല ക്രിസ്തുവിനു പോലും എസ്സീൻ സമുഹത്തോടു ബന്ധമുണ്ടെന്നു കരുതുന്നവരുണ്ട്. പക്ഷേ ഇതിനൊന്നിനും മതിയായ തെളിവുകളില്ല. തിരുവെഴുത്തുകളിൽ എസ്സീന്യരെക്കുറിച്ചു പ്രത്യക്ഷ പരാമർശമില്ല. മത്തായി 19:11,12; കൊലൊസ്സ്യർ 2:8, 18 എന്നിവിടങ്ങളിൽ വിദൂര സൂചനകളുണ്ട്.

സദൂക്യർ

സദൂക്യർ

യേശുക്രിസ്തുവിന്റെ കാലത്ത് യെഹൂദന്മാരുടെ ഇടയിൽ നിലനിന്നിരുന്ന മതവിഭാഗങ്ങളിലൊന്നാണ് സദൂക്യർ. മറ്റു രണ്ടു വിഭാഗങ്ങളാണ് എസ്സീന്യരും പരീശന്മാരും. സോഖോയിലെ ആന്റിഗോണസിന്റെ ശിഷ്യനായ ഒരു സാദോക്കിൽ നിന്നാണ് സദൂക്യരുടെ ഉൽപത്തി എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. സെദെക് എന്ന എബ്രായപദത്തിനു നീതി എന്നർത്ഥം. സദൂക്യർ കുലീനന്മാരായിരുന്നു. മഹാപുരോഹിത കുടുംബങ്ങൾ സദൂക്യവിഭാഗത്തിലുൾപ്പെടുന്നു. (പ്രവൃ, 5:17). സദൂക്യമതത്തിൽ കുലീന പുരോഹിതന്മാരാണ് ഉണ്ടായിരുന്നത്. 

സദൂക്യർ എഴുതപ്പെട്ട ന്യായപ്രമാണത്തെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. പരമ്പരാഗത വ്യാഖ്യാനങ്ങളെയും നൂറ്റാണ്ടുകളായി ശാസ്ത്രിമാർ ന്യായപ്രമാണത്തിനു നല്കിയ വിശദീകരണങ്ങളെയും അവർ നിരാകരിച്ചു. പിതാക്കന്മാരുടെ സമ്പ്രദായത്തിൽ നിന്നു വന്നതൊന്നും അനുഷ്ഠിക്കേണ്ടതില്ലെന്നവർ പഠിപ്പിച്ചു. എന്നാലവർ പ്രവാചകന്മാരെ നിഷേധിച്ചില്ല. കുറ്റക്കാരെ വിധിക്കുന്നതിൽ മറ്റുള്ള യെഹൂദന്മാരെ അപേക്ഷിച്ചു സദൂക്യർ കർക്കശരായിരുന്നു. പരീശന്മാരാകട്ടെ വിട്ടുവീഴ്ചയുള്ളവരും കരുണയുള്ളവരും ആയിരുന്നു. വിവാഹം പൂർണ്ണമായില്ലെങ്കിൽ മാത്രമേ ദേവരവിവാഹനിയമം ബാധകമാകൂ എന്നതായിരുന്നു സദൂക്യമതം. വിവാഹം നിശ്ചയിച്ച പുരുഷൻ സ്ത്രീയുമായി സഹവസിക്കാതെ മരണമടഞ്ഞെങ്കിൽ ശേഷിക്കുന്ന സഹോദരനു ദേവരവിവാഹ ക്രമമനുസരിച്ച് പരസംഗദോഷം ബാധിക്കാതെ അവളെ വിവാഹം ചെയ്യാം. അവൾ കന്യക തന്നെയാണല്ലോ. മത്തായി 22:23-31; മർക്കൊസ് 12:18; ലൂക്കൊസ് 20:27 എന്നീ ഭാഗങ്ങളിൽ ആഖ്യാനം ചെയ്തിരിക്കുന്ന സംഭവം ശ്രദ്ധിക്കുക. ഭർത്താവു മരിച്ചു പോയാൽ ഭർത്താവിന്റെ സഹോദരൻ ദേവരധർമ്മം നിർവഹിക്കേണ്ടതാണ്. അവൻ ദേവരധർമ്മം അനുഷ്ഠിക്കാൻ വിസമ്മതിച്ചാൽ വിധവ മൂപ്പന്മാർ കാൺകെ അവന്റെ കാലിൽ നിന്നു ചെരിപ്പഴിച്ചു അവന്റെ മുഖത്തു തുപ്പണമെന്നാണ് ന്യായപ്രമാണം അനുശാസിക്കുന്നത്. (ആവ, 25:9). സദൂക്യർ ഇതിനെ അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ചു. പരീശന്മാരുടെ അഭിപ്രായമനുസരിച്ചു അവന്റെ മുമ്പിൽ തുപ്പിയാൽ മാത്രം മതി; ന്യായപ്രമാണം നിവർത്തിക്കപ്പെടും. കണ്ണിന്നു പകരം കണ്ണ് (പുറ, 21:23) എന്ന പ്രതിക്രിയയ്ക്കു സദൂക്യർ നിർബ്ബന്ധം പിടിച്ചിരുന്നു. ചിലകാര്യങ്ങളിൽ പരീശന്മാർ സദൂക്യരെക്കാളും കർക്കശമായിരുന്നു. 

ശുദ്ധം അശുദ്ധം എന്നിവയെക്കുറിച്ചു പരീശന്മാർ പുറപ്പെടുവിച്ചിട്ടുള്ള വിധികളെ സദൂക്യർ കണക്കിലെടുക്കുന്നില്ല. ലേവ്യ അശുദ്ധിയെ സംബന്ധിക്കുന്ന തത്വങ്ങൾ സദൂക്യർ തള്ളിക്കളയുന്നില്ല. ചുവന്ന പശുക്കിടാവിനെ ദഹിപ്പിക്കുന്ന പുരോഹിതനു കൂടുതൽ ശുദ്ധി ആവശ്യമാണെന്നവർ കരുതുന്നു. പരീശന്മാർ അതാവശ്യപ്പെടുന്നില്ല. ഉത്സവങ്ങളെ സംബന്ധിക്കുന്ന നിയമങ്ങളിലും ഈ വ്യത്യാസം ദൃശ്യമാണ്. പൊതുവെ പരീശന്മാരുടെ സമ്പ്രദായങ്ങളെ സദൂക്യർ നിരാകരിക്കുന്നുവെന്നു കാണാം. പരീശന്മാരുടെ പാരമ്പര്യങ്ങളിൽ പലതിനോടും സിദ്ധാന്തപരമായി സദൂക്യർക്കു യോജിപ്പുണ്ട്. എന്നാൽ അവ അനുസരിക്കാനുള്ള ബാദ്ധ്യതയയാണ് സദൂക്യർ അംഗീകരിക്കാത്തത്.

വ്യക്തിഗതമായ അമർത്യത, ശരീരത്തിന്റെ പുനരുത്ഥാനം, ഭാവിന്യായവിധി (മത്താ, 22:23; മർക്കൊ, 12:18; ലൂക്കൊ, 20:27) എന്നിവയിൽ സദൂക്യർ വിശ്വസിക്കുന്നില്ല. ന്യായപ്രമാണദാതാവായ മോശെ പ്രസ്താവിച്ചിട്ടില്ലെങ്കിൽ ഒരു ഉപദേശവും സ്വീകരിക്കുവാൻ തങ്ങൾക്കു ബാദ്ധ്യത ഇല്ലെന്ന നിലപാടാണ് സദൂക്യരുടേത്. മരിച്ചവരുടെ പുനരാത്ഥാനത്തെക്കുറിച്ചു ഒരു പ്രത്യക്ഷ പ്രസ്താവനയും ലിഖിത ന്യായപ്രമാണത്തിൽ ഇല്ല. ഈ വിഷയത്തെ സംബന്ധിച്ചുള്ള വാദപ്രതിവാദത്തിൽ ക്രിസ്തു ഗ്രന്ഥപഞ്ചകത്തിൽ നിന്നും ഉദ്ധരിച്ച് പ്രസ്തുത ഭാഗത്തിനു നല്കുന്ന വ്യാഖ്യാനം നോക്കേണ്ടതാണ്. (പുറ, 3:6; മർക്കൊ, 12:26,27; മത്താ, 22:31,32; ലൂക്കൊ, 20:37). പുനരുത്ഥാനത്തിന്റെ സൂചന മാത്രമേ ഈ ഭാഗത്തുള്ളൂ എന്നത് അവഗണിക്കാവുന്നതല്ല. പുനരുത്ഥാനത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്ന ചില ഭാഗങ്ങൾ പഴയനിയമത്തിലുണ്ട്. (യെശ, 26:19; ദാനീ, 12:2; ഇയ്യോ, 19:26). എന്നാൽ ഈ ഭാഗങ്ങളുടെ ആധികാരികതയെ സദൂക്യർ അംഗീകരിക്കുന്നില്ല. ഈ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളെ അവർ വിശുദ്ധമായി കരുതുന്നു എങ്കിലും ലിഖിത ന്യായപ്രമാണത്തിനു നല്കുന്ന പവിത്രത ഈ പുസ്തകങ്ങൾക്ക് നല്കുന്നുവോ എന്നത് സംശയമാണ്. 

ദൂതനും ആത്മാവും ഇല്ലെന്നാണ് സദൂക്യർ പഠിപ്പിക്കുന്നത്. (പ്രവൃ, 23:8). ദൈവം ഒഴികെ സ്വതന്ത്രമായ ആത്മീയ സത്തകളുടെ അസ്തിത്വം അവർ നിഷേധിക്കുന്നു. മരിച്ചുപോയവരുടെ ആത്മാക്കൾ നിലനില്ക്കുന്നുവെന്നു അവർ വിശ്വസിക്കുന്നില്ല. ആത്മാവ് അവർക്ക് സംസ്കരിക്കപ്പെട്ട ദ്രവ്യം മാത്രമാണ്. ശരീരത്തോടൊപ്പം അതു നശിക്കുന്നു. പഴയനിയമത്തിലെ ദൂതന്മാർ യഹോവയുടെ ക്ഷണികമായ മിഥ്യാദർശനങ്ങളായി അവർ വ്യാഖ്യാനിക്കുന്നു. മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയ്ക്ക് സദൂക്യർ ഊന്നൽ നല്കുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു അവർ പരമമായ പ്രാധാന്യം നല്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങളിൽ ദൈവം സഹായിക്കുന്നു എന്ന ധാരണയെ അവർ നിഷേധിക്കുന്നു. പരീശന്മാർ ദൈവത്തിന്റെ മുൻനിർണ്ണയത്തെയും സദൂക്യർ മനുഷ്യന്റെ സ്വതന്ത്രച്ഛയെയും ഊന്നിപ്പറയുന്നു.

ഗിരിപ്രഭാഷണത്തിൻ്റെ അന്തഃസത്ത

ഗിരിപ്രഭാഷണത്തിൻ്റെ അന്തഃസത്ത

യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിൽ, ദൈവം തന്റെ ജനമായി തിരഞ്ഞെടുത്തവർക്കോ മറ്റാർക്കെങ്കിലുമോ ദൈവരാജ്യം അവകാശമാക്കുവാൻ കഴിയണമെങ്കിൽ, ആ വ്യക്തികൾ തങ്ങളുടെ ജീവിതങ്ങളിൽ പ്രാവർത്തികമാക്കേണ്ട അടിസ്ഥാനപ്രമാണങ്ങൾ അടിവരയിട്ടു പ്രഖ്യാപിക്കുന്നു. മത്തായി തന്റെ സുവിശേഷത്തിന്റെ മൂന്ന് അദ്ധ്യായങ്ങളിലായി (5,6,7) യേശു പ്രസ്താവിച്ചിട്ടുള്ള അടിസ്ഥാനപ്രമാണങ്ങൾ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു . യഥാർത്ഥ ശിഷ്യത്വത്തിലൂടെ നേടുവാൻ കഴിയുന്ന സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ വിവരണങ്ങളോടെ (മത്താ, 5:3-12) ആരംഭിക്കുന്ന ഗിരിപ്രഭാഷണം, ഒരു ദൈവപൈതൽ ‘ഭൂമിയുടെ ഉപ്പാണെന്നും,’ ‘ലോകത്തിന്റെ വെളിച്ചം’ ആണെന്നും പഠിപ്പിക്കുന്നു. (മത്താ, 5:13-16). അന്നുവരെ ആക്ഷരികമായി അനുഷ്ഠിച്ചുപോരുന്ന പഴയനിയമങ്ങളുടെ അഗാധമായ അന്തഃസത്ത ഉൾക്കൊണ്ട് അവയുടെ വിശദവും വിശാലവുമായ അർത്ഥവ്യാപ്തി വ്യക്തമാക്കുന്ന പുതിയ നിയമങ്ങൾ യേശു ഗിരിപ്രഭാഷണത്തിൽ പ്രഖ്യാപിക്കുന്നു. (മത്താ, 5:17-18). പഴയനിയമം അനുസരിച്ച് ശാരീരികമായി ഒരുവനെ കൊലചെയ്യുന്നവൻ മാത്രമാണ് ന്യായവിധിക്കു വിധേയനാകുന്നത്. എന്നാൽ സഹോദരനോടു ‘കോപിക്കുന്നവരെയും’ സഹോദരനെ ‘നിസ്സാരനാക്കുന്നവരെയും’ സഹോദരനോടു നിരപ്പുപ്രാപിക്കുവാൻ കഴിയാത്തവരെയും കർത്താവ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നു; സഹോദരനെ ‘മൂഢാ’ എന്നു വിളിക്കുന്നവർക്ക് അഗ്നിനരകമാണ് ശിക്ഷ.(മത്താ, 5:21-26). അതുപോലെ വ്യഭിചാരം ചെയ്യരുത് എന്നുള്ള പഴയനിയമ കല്പന അനുസരിച്ച് ദാമ്പത്യത്തിനു പുറത്തുള്ള ശാരീരികവേഴ്ച മാത്രമാണ് വ്യഭിചാരമായി കണക്കാക്കിയിരുന്നത്. എന്നാൽ കാമാസക്തിയോടെ സ്ത്രീയെ നോക്കുന്നതുപോലും ഹൃദയംകൊണ്ടു ചെയുന്ന വ്യഭിചാരമാണെന്ന് കർത്താവ് പഠിപ്പിച്ചു. (മത്താ, 5:28). അതോടൊപ്പം വിവാഹമോചനം പഴയനിയമത്തിൽ അനുവദനീയമായിരുന്നു എങ്കിലും വ്യഭിചാരം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുവാനോ വിവാഹമോചനം നടത്തുവാനോ അവകാശമില്ലെന്ന് കർത്താവ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ‘കണ്ണിനു പകരം കണ്ണ്  അഥവാ പകരത്തിനു പകരം’ ചെയ്യണമെന്നുള്ള പഴയനിയമത്തെ സ്നേഹത്തിന്റെ അഗാധതയിൽ പൊളിച്ചെഴുതി, ശ്രതുവിനെ സ്നേഹിക്കുവാനും ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും കർത്താവ് ആവശ്യപ്പെടുന്നു. (മത്താ, 5:38-44). മാത്രമല്ല, ആത്മീയമായ അച്ചടക്കത്തിന്റെ വിവിധ തലങ്ങളും കർത്താവ് വിശദീകരി ക്കുന്നു. (മത്താ, 6:1-7:27). ഭിക്ഷ നൽകുന്നതു രഹസ്യമായിട്ടായിരിക്കണമെന്നു കല്പിച്ചശേഷം, എപ്രകാരമാണ് ദൈവത്തോടു പ്രാർത്ഥിക്കേണ്ടതെന്ന് പ്രാർത്ഥനയുടെ മാതൃക നൽകി കർത്താവ് പഠിപ്പിക്കുന്നു. അതോടൊപ്പം ഉപവാസം അനുഷ്ഠിക്കേണ്ടത് മനുഷ്യന്റെ മുമ്പിൽ മാന്യത നേടുവാനല്ല; പ്രത്യുത, രഹസ്യത്തിൽ കാണുന്ന പിതാവിന്റെ പ്രസാദവർഷം നേടുവാനാണെന്നും കർത്താവ് ഉദ്ബോധിപ്പിച്ചു. മറ്റുള്ളവരെ വിധിക്കരുതെന്നു പ്രബോധിപ്പിക്കുകയും പ്രാർത്ഥനയിലുടെ എങ്ങനെ മറുപടി ലഭ്യമാകുമെന്നു പഠിപ്പിക്കുകയും ചെയ്യുന്ന കർത്താവ് ജീവനിലേക്കുള്ള വാതിൽ തിരഞ്ഞെടുക്കുവാൻ ആഹ്വാനം ചെയ്യുന്നു. ദൈവത്തെ അനുസരിക്കുന്നുവെന്നു പറയുന്നതിനെക്കാളുപരി അനുസരണം പ്രവൃത്തികളാൽ പ്രതിഫലിപ്പിക്കുമ്പോഴാണ് സ്വർഗ്ഗീയ അനുഗ്രഹങ്ങൾ അനുഭവമാക്കുവാൻ കഴിയുന്നതെന്ന് ഉപമയിലൂടെ വ്യക്തമായി ഉദ്ബോധിപ്പിച്ചുകൊണ്ട് കർത്താവ് ഗിരിപ്രഭാഷണം ഉപസംഹരിക്കുന്നു.

വംശാവലിയിലെ സ്ത്രീകൾ

യേശുവിന്റെ വംശാവലിയിലെ സ്ത്രീകൾ 

മത്തായി സുവിശേഷത്തിലെ കർത്താവിന്റെ വംശാവലിയിൽ പ്രതിപാദിച്ചിരിക്കുന്ന അഞ്ച് സ്ത്രീകളിൽ കർത്താവിന്റെ മാതാവായ മറിയ സർവ്വഥാ ആദരണീയയും സർവ്വരാലും അറിയപ്പെടുന്ന സ്ത്രീരത്നവുമാണ്. എന്നാൽ അവൾക്കു മുമ്പ് കർത്താവിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുന്ന നാല് സ്ത്രീകൾ പാപക്കറകളാൽ വിശുദ്ധി നഷ്ടപ്പെട്ടവരുടെയും വിജാതീയരുടെയും ഇരുളടഞ്ഞ പട്ടികയിൽപ്പെട്ടവരാണ്. ആദ്യമായി കർത്താവിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ യെഹുദായുടെ മരുമകളായ താമാർ ആണ്. അവളുടെ ഭർത്താവായ ഏർ മരിച്ചുപോയ സാഹചര്യത്തിൽ അവളിൽനിന്ന് ജ്യേഷ്ഠസഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കുവാൻ ഓനാൻ വിസമ്മതിച്ചു. ഏറ്റവും ഇളയ ഭർതൃസഹോദരനായ ശേലാ പ്രായപൂർത്തിയായപ്പോൾ അവനെ തനിക്കു നൽകാതിരുന്ന സാഹചര്യത്തിൽ, ഒരു വേശ്യയെപ്പോലെ അഭിനയിച്ച താമാർ തന്റെ അമ്മാവിയപ്പനായ യെഹൂദായെ കബളിപ്പിച്ച് അവനിൽനിന്നു ഗർഭം ധരിച്ച് പേരെസ്സിനെ പ്രസവിച്ചു. (ഉല്പ, 38:1-30). രണ്ടാമതായി പ്രത്യക്ഷപ്പെടുന്ന രാഹാബ് എന്ന കനാന്യസ്ത്രീ, വേശ്യയെന്ന് അറിയപ്പെട്ടിരുന്നവളായിരുന്നു. അത്യുന്നതനായ ദൈവത്തിലുള്ള വിശ്വാസത്താൽ ദേശം പരിശോധിക്കുവാൻ അയച്ച ചാരന്മാർക്ക് അഭയം നൽകിയ രാഹാബിനെയും കുടുംബത്തെയും യോശുവ രക്ഷിച്ചു. (യോശു, 2:1-21, 6:22-25; എബ്രാ, 11:31). തുടർന്ന്, ഒരു എബ്രായനെ വിവാഹം ചെയ്ത അവൾക്ക് ബോവസ് ജനിച്ചു. ദൈവം സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചപ്പോൾ തന്റെ ജീവിതം പാഴായിപ്പോകുമെന്നു കരുതി സ്വന്തം പിതാവിനെ മദ്യപിപ്പിച്ച് അവനിൽനിന്നു ഗർഭം ധരിച്ചു പ്രസവിച്ച ലോത്തിന്റെ മകളിൽനിന്ന് ഉദ്ഭവിച്ച മോവാബിന്റെ വംശപരമ്പരയിൽപ്പെട്ട രൂത്തും കർത്താവിന്റെ വംശാവലിയിൽ ഉൾപ്പെട്ടിരുന്നു. വിധവയായിത്തീർന്ന രൂത്ത് തന്റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് തന്റെ അമ്മാവിയമ്മയായ നൊവൊമിയെ കൈവിടാതെ അവളോടൊപ്പം ബേത്ലേഹെമിലേക്കു പോയി. അവളെ ബോവസ് വിവാഹം ചെയ്തു . ദാവീദിന്റെ പിതാമഹനായ ഓബേദ് അവരുടെ മകനായിരുന്നു. (രൂത്ത്, 4:17). പേരെടുത്തു പറയുന്നില്ലെങ്കിലും “ദാവീദിന് ഊരീയാവിന്റെ ഭാര്യയായിരുന്നവളിൽ ശലോമോൻ ജനിച്ചു” (മത്താ, 1:6) എന്ന് മത്തായി നാലാമതായി പ്രതിപാദിക്കന്ന സ്ത്രീ ബത്ത്-ശേബയാണെന്ന് നിസ്സംശയം മനസ്സിലാക്കാം. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾത്തന്നെ വ്യഭിചാരത്താൽ ഗർഭം ധരിക്കുകയും അതു ഭർത്താവിന്റെ ദാരുണമായ കൊലപാതകത്തിനു വഴിയൊരുക്കുകയും ചെയ്ത സ്ത്രീയാണ് ബത്ത്-ശേബയെങ്കിലും അവളും കർത്താവിന്റെ വംശാവലിയിൽ പ്രത്യക്ഷപ്പെടുന്നു. താൻ പാപികളെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്നവനും, സ്തീപുരുഷഭേദമെന്യേ സർവ്വജനതകളുടെയും രക്ഷിതാവായ മശീഹായാണെന്നും യേശുക്രിസ്തുവിന്റെ വംശാവലി വ്യക്തമാക്കുന്നു.

മഹാനഗരമായ നീനെവേ

മഹാനഗരമായ നീനെവേ 

പ്രാചീനലോകത്തിലെ വിഖ്യാത അശ്ശൂർപട്ടണമായ നീനെവേ സ്ഥിതിചെയ്തിരുന്നത് ബാബിലോണിനു 250 മൈൽ വടക്ക് ടൈഗ്രീസ് നദിയുടെ കിഴക്കേ തീരത്തായിരുന്നു. പ്രൗഢിയാർന്ന കൊട്ടാരങ്ങളാലും ക്ഷേത്രങ്ങളാലും വിശാലമായ വീഥികളാലും ഉദ്യാനങ്ങളാലും മനോഹാരിത നിറഞ്ഞ നീനെവേ ബാബിലോണിനോടു കിടപിടിക്കുന്നതായിരുന്നു. ഇരുപത്താറായിരത്തിലധികം മൺ ഫലകങ്ങളുള്ള ഗ്രന്ഥശാല പ്രാചീന നീനെവേയുടെ ശ്രേഷ്ഠതയായിരുന്നു. എന്നാൽ 100 അടി ഉയരവും 50 അടി വീതിയുമുള്ള രണ്ട് മതിലുകളാൽ ചുറ്റപ്പെട്ട നീനെവേ പട്ടണത്തിന്റെ സുരക്ഷിതത്വത്തിൽ അഹങ്കരിച്ച് അവിടത്തെ നിവാസികൾ ദൈവത്തെ മറന്നു ജീവിച്ചപ്പോൾ അത്യുന്നതനായ ദൈവം യോനാപ്രവാചകനെ ആ ദേശത്തേക്ക് അയച്ചു. “ഇനി 40 ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും” (യോനാ, 3:4) എന്ന ദൈവത്തിന്റെ മുന്നറിയിപ്പു ശ്രവിച്ച അവർ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടു തിരിഞ്ഞ് ദൈവസന്നിധിയിലേക്കു മടങ്ങിവന്നുവെങ്കിലും, കാലത്തിന്റെ കുതിച്ചോട്ടത്തിൽ അവർ പാപപങ്കിലമായ പഴയ ജീവിതത്തിലേക്കു വീണ്ടും വീണുപോയി. പ്രവാചകന്മാരായ സെഫന്യാവും (സെഫ, 2:13-15) നഹൂമും (നഹൂം, 2:1, 3:1) നീനെവേയ്ക്കു സംഭവിക്കുവാൻ പോകുന്ന നാശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും അവർ ദൈവസന്നിധിയിലേക്കു മടങ്ങിവന്നില്ല. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം മൂലം നീനെവേയുടെ അഹന്തയ്ക്കു നിദാനമായ പ്രതിരോധ മതിലുകൾ തകർന്നു വീണപ്പോൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തിയ ബാബിലോണ്യസൈന്യം ബി.സി. 612-ൽ നീനെവേപട്ടണം ഉന്മൂലമാക്കി.

തുള്ളനും വെട്ടുക്കിളിയും

തുള്ളനും വെട്ടുക്കിളിയും

തുള്ളൻ, വെട്ടുക്കിളി എന്നീ പേരുകൾ വിവേചനം കൂടാതെ മാറ്റിമാറ്റി പ്രയോഗിക്കുന്നുണ്ട്. തുള്ളൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സസ്യങ്ങളെ നശിപ്പിക്കും. (ലേവ്യ, 11:22; 1രാജാ, 8:37; 2ദിന, 6:28; സങ്കീ, 78:46; 105:34). തുള്ളന്റെ സംഘം ചേർന്നു സഞ്ചരിക്കുന്ന ഘട്ടത്തെയാണ് വെട്ടുക്കിളി എന്നു വ്യവഹരിക്കുന്നത്. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” (യോവേ, 1:4). ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഷഡ്പദപ്രാണികളിൽ വച്ചേറ്റവും പ്രധാനമാണ് വെട്ടുക്കിളി. അമ്പത്താതോളം പരാമർശങ്ങളുണ്ട്. എട്ട് എബ്രായപദങ്ങളും ഒരു ഗ്രീക്കു പദവും വെട്ടുക്കിളിയെ കുറിക്കുന്നതിനു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പൗരാണിക എബ്രായർക്കു വെട്ടുക്കിളി നാശകാരിയും അതേസമയം നല്ല ഭക്ഷണപദാർത്ഥവും ആയിരുന്നു. ശുദ്ധിയുള്ളവയായി കണക്കാക്കപ്പെട്ടിരുന്ന ഒരേയൊരു ഷഡ്പദപ്രാണിയത്രേ ഇത്. “എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം . ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.” (ലേവ്യ, 11:21,22). വെട്ടുക്കിളികൾ പറ്റമായി സഞ്ചരിക്കുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നതിനു വെട്ടുക്കിളികൾക്കു പ്രത്യേകം വ്യവസ്ഥയും ക്രമവും ഒന്നും തന്നെയില്ല. ഏറിയകൂറും കാറ്റിന്റെ ഗതിയാണ് പ്രമാണം. “കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.” (പുറ, 10:13). പെൺ വെട്ടുക്കിളി മണ്ണിനടിയിൽ ധാരാളം മുട്ട ഇടുന്നു. സാധാരണ ഷഡ്പദ പ്രാണികളെപ്പോലെ ഇവ മൂന്നു ദശകളെ (മുട്ട, പുഴു, ശലഭം) തരണം ചെയ്യുന്നില്ല. മുട്ട വിരിയുമ്പോൾ അതിനു വെട്ടുക്കിളിയുടെ രൂപം ഉണ്ടായിരിക്കും. ചിറകുകൾ കാണുകയില്ലെന്നേ ഉള്ളു. പ്രായപൂർത്തി എത്താത്തവയെ തുള്ളൻ എന്നു വിളിക്കും. വെട്ടുക്കിളികൾ സസ്യഭുക്കുകളാണ്. അവ സസ്യങ്ങൾക്കു ഭീമമായ നാശം വരുത്തുന്നു. 1889-ൽ ചെങ്കടൽ കടന്ന ഒരു വെട്ടുക്കിളി സമൂഹം അയ്യായിരം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചതായി കണക്കാക്കിയിട്ടുണ്ട്. 

വെട്ടുക്കിളിബാധ ദൈവികശിക്ഷയാണ്. മിസ്രയീമിനെ പീഡിപ്പിച്ച എട്ടാമത്തെ ബാധ വെട്ടുക്കിളിയായിരുന്നു. തന്റെ ജനത്തെ വിട്ടയയ്ക്കുവാൻ മിസയീമ്യരാജാവായ ഫറവോൻ വിസമ്മതിച്ചപ്പോൾ ദൈവം മിസ്രയീം ദേശത്ത് വെട്ടുക്കിളികളെ അയച്ചു. അവയുടെ ബാഹുല്യത്താൽ ദേശം ഇരുണ്ടുപോയി. അവ ദേശത്തിലെ സസ്യങ്ങളും വൃക്ഷങ്ങളും അവയുടെ ഫലങ്ങളും തിന്നുകളഞ്ഞപ്പോൾ, ഫറവോൻ യിസ്രായേൽമക്കളെ വിട്ടയയ്ക്കാമെന്നു സമ്മതിക്കുകയും യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻകാറ്റ് അടിപ്പിച്ച് ദേശത്തെങ്ങും ഒരു വെട്ടുക്കിളിപോലും അവശേഷിക്കാത്തവണ്ണം അവയെ ചെങ്കടലിൽ ഇട്ടുകളയുകയും ചെയ്തു. (പുറ, 10:12-20). യിസ്രായേൽമക്കൾ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിക്കകയും പാപത്തിൽ ജീവിക്കുകയും ചെയ്തപ്പോൾ ദൈവം വെട്ടുക്കിളികളുടെ മഹാസൈന്യത്തെ അയച്ച് അവരുടെ കാർഷികവിളകൾ നശിപ്പിച്ച് അവരെ ക്ഷാമത്തിലും കഷ്ടതയിലുമാക്കി. (യോവേ, 1:4). അത്യുന്നതനായ ദൈവം തന്റെ കല്പനയാൽ അസംഖ്യം വെട്ടുക്കിളികളെ അയയ്ക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ സാക്ഷിക്കുന്നു. (സങ്കീ, 105:34). മനുഷ്യനെ ശിക്ഷിക്കുവാൻ ദൈവം അയച്ച വെട്ടുക്കിളി യോഹന്നാൻ സ്നാപകന് ജീവൻ നിലനിർത്തുവാനുള്ള ആഹാരമായിത്തീർന്നതായും തിരുവചനം വെളിപ്പെടുത്തുന്നു. (മത്താ, 3:4).

സിംഹരാജൻ

സിംഹരാജൻ

ഒരു കാലത്തു മദ്ധ്യപൂർവ്വദേശം, പേർഷ്യ, ഗ്രീസ് എന്നിവിടങ്ങളിൽ സിംഹങ്ങളെ കണ്ടിരുന്നു. മാംസഭുക്കുകളിൽ ബൈബിൾ നാടുകളിൽ നിന്ന് അപ്രത്യക്ഷമായ ഒരേയൊരു മൃഗം സിംഹമാണ്. പലസ്തീനിലെ ഒടുവിലത്തെ സിംഹം മെഗിദ്ദോയ്ക്കടുത്തുവച്ചു എ.ഡി. 13-ാം നൂററാണ്ടിൽ കൊല്ലപ്പെട്ടു. എ.ഡി. 1900 വരെ പേർഷ്യയിൽ സിംഹം ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ സിറിയ (അരാം), ഇറാക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സിംഹം അപ്രത്യക്ഷമായി. എബ്രായ ബൈബിളിൽ സിംഹത്തിന് ഒൻപതോളം പേരുകൾ ഉണ്ട്. ഇവ ആൺസിംഹത്തെയും പെൺസിംഹത്തെയും സിംഹക്കുട്ടികളെയും കുറിക്കുന്നവയാണ്. ഈ പദസമുച്ചയത്തിൽ നിന്നും വേദനാടുകളിൽ സിംഹം സുലഭമായിരുന്നു എന്നനുമാനിക്കാം. സിംഹത്തെ വെറുകൈയോടെ കൊന്ന വീരന്മാരുടെ ചരിതങ്ങളിൽ ശിംശോനും (ന്യായാ, 14:5,6), ദാവീദും (1ശമൂ,17:36), ബെനായാവും (2ശമൂ, 23:20) ഉൾപ്പെടുന്നു. തന്നെ അനുസരിക്കാതിരുന്ന പ്രവാചകനെ ദൈവം കല്പിച്ചപകാരം സിംഹം കൊന്നതായി തിരുവചനം രേഖപ്പെടുത്തുന്നു. (1രാജാ, 13:21-26). ഒരുവൻ രാജാവിനെ അല്ലാതെ മറ്റേതെങ്കിലും മനുഷ്യനെയോ ദൈവത്തെയോ ആരാധിച്ചാൽ അവനെ സിംഹക്കുട്ടിൽ എറിഞ്ഞുകളയുമെന്നുള്ള ദാര്യാവേശ് രാജാവിന്റെ വിളംബരം ഉണ്ടായിട്ടും ദാനീയേൽ മാളികയുടെ കിളിവാതിൽ തുറന്ന് പതിവുപോലെ യെരൂശലേമിനെ നോക്കി ദിവസവും മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു. (ദാനീ, 6:10). ഇപ്രകാരം ദാനീയേൽ രാജവിളംബരം ലംഘിച്ചതിനാൽ അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു. എന്നാൽ സിംഹങ്ങൾക്ക് ദാനീയേലിനെ ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. (ദാനീ, 6:22). എന്നാൽ ദാനീയേലിനെതിരെ ഗൂഢാലോചന നടത്തിയവരെയും അവരുടെ കുടുംബാംഗങ്ങളെയും രാജകല്പനയാൽ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടപ്പോൾ അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനു മമ്പ് സിംഹങ്ങൾ അവരെ പിടിച്ച്, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. (ദാനീ, 6:24). ബൈബിളിലെ സിംഹപരാമർശങ്ങളിൽ പലതും അതിന്റെ ശക്തിയെയും രാജകീയ സ്വഭാവത്തെയും വ്യക്തമാക്കുന്ന ആലങ്കാരിക പ്രയോഗങ്ങളാണ്. കർത്താവായ യേശുക്രിസ്തു യെഹൂദയിലെ സിംഹം ആണ്. (വെളി, 5:5). യിസ്രായേലിന്റെ ആദ്യന്യായാധിപതിയായ ഒത്നീയേലിന്റെ പേരിനർത്ഥം ‘ദൈവത്തിന്റെ സിംഹം’ എന്നാണ്. സാത്താൻറ ശക്തിയെ ക്കുറിക്കുവാൻ പത്രൊസ് അപ്പൊസ്തലൻ സാത്താനെ അലറുന്ന സിംഹം എന്നു വിളിക്കുന്നു. (1പത്രൊ, 5:8). സാത്താന്യ ആക്രമണത്തിൻ്റെ ഉഗ്രതയും, ക്രൂരതയും ഇതു വ്യക്തമാക്കുന്നു.

ദൈവത്തിൻ്റെ വിരലുകൾ

ദൈവത്തിൻ്റെ വിരലുകൾ

ദൈവത്തിന് എഴുതുവാൻ കഴിയുമോ? ദൈവത്തിനു വിരലുകളുണ്ടോ? എന്തിനാണ് ദൈവം എഴുതുന്നത്? ബുദ്ധിരാക്ഷസന്മാരെന്ന് അഭിമാനിക്കുന്നവരുടെ ഇത്തരം ചോദ്യങ്ങളുടെ മുമ്പിൽ ദൈവജനംപോലും പകച്ചുനിന്നുപോകാറുണ്ട്. ലോകജനതകൾക്ക് മാതൃകാമുദ്രയാക്കുവാൻ സർവ്വശക്തനായ ദൈവം തിരഞ്ഞെടുത്ത യിസ്രായേൽമക്കൾ അനുഷ്ഠിക്കേണ്ടതും അനുസരിക്കേണ്ടതുമായ കല്പനകൾ രണ്ടു കല്പലകകളിൽ തന്റെ വിരൽ കൊണ്ടെഴുതി ആ സാക്ഷ്യപലകകൾ മോശെയുടെ കൈയിൽ കൊടുത്തു. (പുറ, 31:18, 32:16). വായ്മൊഴി കാലത്തിന്റെ കുതിച്ചോട്ടത്തിൽ വിസ്മൃതിയിൽ അലിഞ്ഞില്ലാതാകും. എന്നാൽ വരമൊഴി കാലത്തിനോ മനുഷ്യനോ മറക്കുവാനും മായിക്കുവാനും സാദ്ധ്യമല്ലാത്തതുകൊണ്ടാണ് ദൈവം തന്റെ കല്പനകൾ തൻ്റെ വിരലുകൾ കൊണ്ടെഴുതി ജനത്തിനു നൽകിയത്. അഹന്തയാൽ ദൈവത്തെ അവഹേളിച്ചുകൊണ്ട് യെരൂശലേം ദൈവാലയത്തിൽ ഉപയോഗിച്ചിരുന്ന സ്വർണ്ണവും വെള്ളിയുംകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളിൽ തന്റെ ആയിരം പ്രഭുക്കന്മാരോടും ഭാര്യമാരോടും വെപ്പാട്ടികളോടുമൊപ്പം വീഞ്ഞു കുടിച്ച് ആനന്ദിച്ചുകൊണ്ടിരുന്ന കൽദയരാജാവായ ബേൽശസ്സരിന്റെ കൊട്ടാരത്തിന്റെ ചുവരിന്മേലാണ് വീണ്ടും ദൈവത്തിന്റെ എഴുത്തു തെളിയുന്നത്. അരാമ്യഭാഷയിൽ ‘മെനേ, മെനേ, തെക്കേൽ, ഊഫർസീൻ’ എന്നായിരുന്നു അവിടെ എഴുതപ്പെട്ടത്. അത് അവന്റെമേലും ബാബിലോണിന്റെ മേലുമുള്ള ദൈവത്തിന്റെ ന്യായവിധിയായിരുന്നു. ദൈവം അവനെ തുലാസിൽ തൂക്കിനോക്കി; തുക്കത്തിൽ കുറവുള്ളവനായി കണ്ടതിനാൽ അവന്റെ രാജത്വത്തിന്റെ നാളുകൾ എണ്ണി അതിന് അന്ത്യം വരുത്തി. അവന്റെ രാജ്യം വിഭജിച്ച് മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു എന്നതായിരുന്നു ആ എഴുത്തിന്റെ അർത്ഥം. (ദാനീ, 5:25-28). ന്യായപ്രമാണത്തിന്റെ കല്പനകളും ഈ ന്യായവിധിയും എഴുതിയ ദൈവത്തിന്റെ പുത്രനും തന്റെ വിരലുകൾകൊണ്ടു നിലത്തെഴുതിയതായി തിരുവചനം സാക്ഷിക്കുന്നു. (യോഹ, 8:6,8?. ആ എഴുത്ത് പാപിനിയായ ഒരു സ്ത്രീയെ മരണത്തിൽ നിന്നു വിമോചിപ്പിച്ച, പാപിയോടുള്ള സ്നേഹത്തിന്റെ പ്രതികരണമായിരുന്നു.

മിനി ബൈബിൾ

മിനി ബൈബിൾ

യെശയ്യാവിന്റെ പുസ്തകത്തെ മിനി ബൈബിൾ അഥവാ ചെറിയ വേദപുസ്തകമെന്നും, വേദപുസ്തകത്തിനുള്ളിലെ വേദപുസ്തകമെന്നും വിശേഷിപ്പിക്കാറുണ്ട്. വേദപുസ്തകത്തിന്റെ പൊതുഘടനയും സാരാംശവും യെശയ്യാ പ്രവചനത്തിൽ ദർശിക്കുവാൻ കഴിയുന്നതിനാലാണ് ഇപ്രകാരം വിളിക്കുന്നത്. യെശയ്യാപ്രവചനത്തിലെ അറുപത്താറ് അദ്ധ്യായങ്ങൾ വേദപുസ്തകത്തിലെ അറുപത്താറ് പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്നു. ന്യായപ്രമാണത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പ്രതിപാദിക്കുന്ന യെശയ്യാ പ്രവചനത്തിലെ ആദ്യത്തെ മപ്പത്തൊമ്പത് അദ്ധ്യായങ്ങൾ, യിസ്രായേൽ മക്കൾക്ക് ദൈവം നൽകിയ ന്യായപ്രമാണവും അതു ലംഘിച്ചപ്പോൾ ദൈവം അവർക്കു നൽകിയ കഠിനമായ ശിക്ഷകളും അവരോടുള്ള വാഗ്ദത്തങ്ങളും പ്രതിപാദിക്കുന്ന പഴയനിയമത്തിലെ മുപ്പത്തൊമ്പതു പുസ്തകങ്ങളുടെ പ്രതിബിംബമാണ്. മശീഹായുടെ കാരുണ്യത്തിന്റെയും രക്ഷയുടെയും വീണ്ടെടുപ്പിന്റെയും വിവരണങ്ങൾ നൽകുന്ന ശിഷ്ടമുള്ള ഇരുപത്തേഴ് അദ്ധ്യായങ്ങൾ കർത്താവിന്റെ ജനനവും ജീവിതവും ക്രൈസ്തവസഭയുടെ ഉത്ഭവവും വിവരിക്കുന്ന പുതിയനിയമത്തിലെ ഇരുപത്തേഴു പുസ്തകങ്ങളുടെ പ്രതിഫലനമായി വിളങ്ങുന്നു. മശീഹായെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായി നൽകിയിരിക്കുന്നതിനാൽ യെശയ്യാപ്രവചനത്തെ അഞ്ചാമത്തെ സുവിശേഷമെന്നു വിശേഷിപ്പിക്കുന്നുണ്ട്. പുതിയനിയമത്തിൽ പ്രത്യക്ഷമാകുന്ന പഴയനിയമത്തിലെ ഏറ്റവുമധികം ഉദ്ധരണികൾ യെശയ്യാപ്രവചനത്തിൽനിന്ന് എടുത്തിട്ടുള്ളവയാണ് ഈടുറ്റ വിഷയങ്ങൾ അതിമനോഹരമായി ഗദ്യത്തിലും പദ്യത്തിലും പ്രതിപാദിച്ചിരിക്കുന്ന ഈ പ്രവചനപുസ്തകം കവികൾക്കും ചരിത്രകാരന്മാർക്കും ഏറെ പ്രചോദനമായിത്തീർന്നിരിക്കുന്നു.

ശലോമോൻ്റെ ജ്ഞാനം

ശലോമോൻ്റെ ജ്ഞാനം  

ചരിത്രസംഭവങ്ങളുടെ നീണ്ട പട്ടികയിൽ യിസ്രായേൽ രാജാവായിരുന്ന ശലോമോനെപ്പോലെ ജ്ഞാനം സമ്പാദിച്ച വിശ്വവിഖ്യാതനായ മറ്റൊരുവനില്ല. ശലോമോന്റെ വാഴ്ചയുടെ കാലഘട്ടത്തിൽ, ജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളെന്ന് അംഗീകരിക്കപ്പെട്ടിരുന്ന കിഴക്കൻ രാജ്യങ്ങളിലെ ജ്ഞാനത്തെക്കാളും മിസ്രയീമിലെ സർവ്വജ്ഞാനത്തെക്കാളും ശ്രേഷ്ഠമായിരുന്നു ശലോമോന്റെ ജ്ഞാനം. (1രാജാ, 4:30). എന്തെന്നാൽ ലോകത്തിന്റെ പാഠശാലകളിൽനിന്നോ സർവ്വകലാശാലകളിൽ നിന്നോ ഗുരുശ്രേഷ്ഠന്മാരിൽനിന്നോ സ്വന്തം അനുഭവപരിചയത്തിൽ നിന്നോ നേടിയ ജ്ഞാനമായിരുന്നില്ല അത്; സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ യഹോവ നൽകിയ ജ്ഞാനമായിരുന്നു ശലോമോനിൽ നിവസിച്ചിരുന്നത്. 

രാജവംശത്തിൽ ജനിച്ച ആദ്യരാജാവാണ് ശലോമോൻ. ശൗലും ദാവീദും ന്യായാധിപന്മാരെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരായിരുന്നു. ദൈവം അവർക്കു പ്രത്യേക കഴിവുകൾ നല്കിയിരുന്നു. ശലോമോൻ രാജാവായശേഷം ഗിബയോനിൽ വച്ചു യാഗങ്ങൾ അർപ്പിച്ചു. യഹോവ അവനു പ്രത്യക്ഷനായി വേണ്ടുന്ന വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹൃദയം അവൻ ചോദിച്ചു. യഹോവ അവന് അതു കൊടുത്തു; കൂടാതെ സമ്പത്തും മഹത്വവും കൂടി കൊടുത്തു. (1രാജാ, 3:4-15). രണ്ടു വേശ്യമാർ തമ്മിൽ ഒരു കുട്ടിക്കു വേണ്ടിയുണ്ടായ തർക്കത്തിൽ രാജാവിന്റെ ന്യായതീർപ്പ് അവന്റെ ജ്ഞാനം വിളിച്ചറിയിക്കുന്നു. (1രാജാ, 3:16-28). ശലോമോന്റെ ജ്ഞാനം മറ്റെല്ലാ വിദ്വാന്മാരിലും പുർവ്വ ദിഗ്വാസികളിലും മിസ്രയീമ്യരിലും ശ്രേഷ്ഠമായിരുന്നു. (1രാജാ, 4:29-31). അവൻ 3000 സദൃശവാക്യങ്ങളും 1005 ഗീതങ്ങളും ചമച്ചു. ഉത്തമഗീതത്തിന്റെ കർത്താവ് ശലോമോനാണ്. (1:1) കൂടാതെ സദൃശവാക്യങ്ങളും (1:1), സഭാപ്രസംഗിയും (1:1, 12), രണ്ടു സങ്കീർത്തനങ്ങളും (72-ഉം, 127-ഉം) രചിച്ചു. വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏതു വിഷയം സംബന്ധിച്ചും അവനു അറിവുണ്ടായിരുന്നു. (4:32-34). ശൈബാ രാജ്ഞി അവന്റെ ജ്ഞാനം ഗ്രഹിപ്പാനും അവനെ പരീക്ഷിക്കുവാനും വന്നിട്ട്, “ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു” എന്നു പ്രസ്താവിച്ചു. (1രാജാ, 10:1-18).