All posts by roy7

ശീലോ

ശീലോ (Shiloh)

ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലിന്റെ വിശുദ്ധമന്ദിരസ്ഥാനം ശീലോവിലായിരുന്നു. അത് യെരൂശലേമിൽ നിന്ന് ബേഥേലിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കു ഭാഗത്തു ആയിരുന്നു. “ബേഥേലിനു വടക്കും ബേഥേലിൽ നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്ക് തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.” (ന്യായാ, 21:19). ബേഥേലിന് ഏകദേശം 14 കി.മീറ്റർ വടക്കാണ് ശീലോ. രാജ്യസ്ഥാപനത്തിനു മുമ്പു യിസ്രായേല്യ ഗോത്ര സംവിധാനത്തിന്റെ കേന്ദ്രം അതായിരുന്നു.

കനാൻ ആക്രമണകാലത്ത് സമാഗമനകൂടാരം ശീലോവിലാണ് വെച്ചിരുന്നത്. (യോശു, 18:1). ന്യായാധിപന്മാരുടെ കാലത്ത് പ്രധാന വിശുദ്ധമന്ദിരം ഇവിടെയായിരുന്നു. (ന്യായാ, 18:31). ശീലോവിൽ ആണ്ടുതോറും ഉത്സവം നടത്തിയിരുന്നു. (ന്യായാ, 21:19). ഈ ഉത്സവം തുടർന്ന് വാർഷിക തീർത്ഥാടനം ആയിമാറി. ശമുവേൽ പ്രവാചകന്റെ മാതാപിതാക്കൾ വർഷം തോറും യഹോവയ്ക്ക് യാഗം കഴിപ്പാൻ പോകുമായിരുന്നു. (1ശമൂ, 1:3). യോശുവയുടെ കാലത്തു സ്ഥാപിച്ചിരുന്ന കൂടാരത്തിന്റെ സ്ഥാനത്തു മന്ദിരം പണിതു. (1ശമൂ, 1:9). ഇതിന്റെ നാശത്തെക്കുറിച്ച് തിരുവെഴുത്തുകൾ ഒന്നും പറയുന്നില്ല. ബി.സി. 1050-നടുത്ത് ഫെലിസ്ത്യർ അതു നശിപ്പിച്ചു എന്നു കരുതപ്പെടുന്നു. (1ശമൂ, 4). ഈ നാശത്തെക്കുറിച്ചു യിരെമ്യാവ് സൂചിപ്പിക്കുന്നു. (7:12-15; 26:6-7). പിന്നീട് പൗരോഹിത്യം നോബിലേക്കു മാറി. (1ശമൂ, 22:11). ശീലോ ഒരു മതകേന്ദ്രമല്ലാതായി തീർന്നു.

ശിനാർ

ശിനാർ (Shinar)

ബാബേൽ, എരെക്, അക്കാദ്, കല്നേ എന്നീ പട്ടണങ്ങൾ ശിനാർ ദേശത്തായിരുന്നു. (ഉല്പ, 10:10). ശിനാർ ദേശം ദക്ഷിണ ബാബിലോണിയ ആയിരുന്നുവെന്നു പറയാം. ബാബിലോണിയൻ ശിലാലിഖിതങ്ങളിൽ കാണുന്ന സുമർ ശിനാറുമായി ബന്ധപ്പെട്ടതാകണം. സുമറിന്റെയും അക്കാദിന്റെയും രാജാവ് എന്ന പ്രയോഗമാണ് അധികമായി കാണുന്നത്. എന്നാൽ ഈ പ്രയോഗത്തിന്റെ അർത്ഥം ഇന്നും പണ്ഡിതന്മാരുടെ ഇടയിൽ വിവാദവിഷയമാണ്. ബാബിലോണിയയിലെ ചില പൗരാണിക രാജാക്കന്മാർ ഈ സ്ഥാനപ്പേര് വഹിച്ചിരുന്നു. ബി.സി. നാലാം സഹസ്രാബ്ദത്തിനു മുമ്പ് സുമേരിയർ ഇവിടെ പ്രവേശിച്ചു ഒരു നല്ല നാഗരികത വളർത്തി. ഇവരായിരുന്നു ക്യൂണിഫോം ലിപി ഏർപ്പെടുത്തിയത്. അന്ത്യകാലത്തു ശിനാർ ദേശത്തുനിന്നും യെഹൂദന്മാരെ കൂട്ടിച്ചേർക്കുമെന്നു യെശയ്യാവ് (11:11) പ്രവചിച്ചു. ഏഫയുടെ നടുവിലിരിക്കുന്ന സ്ത്രീയുടെ ദർശനത്തിൽ സെഖര്യാവ് (5:11) ശിനാർ ദേശത്തെക്കുറിച്ചു പറയുന്നു. നെബൂഖദ്നേസർ രാജാവ് യെരൂശലേം ദൈവാലയത്തിൽ നിന്നും കൊണ്ടുപോയ നിക്ഷേപങ്ങൾ സൂക്ഷിച്ചത് ശിനാർ ദേശത്തു തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിലായിരുന്നു. (ദാനീ, 1:2).

ശാരോൻ

ശാരോൻ (Sharon)

പേരിനർത്ഥം — സമതലം

തെക്കു യോപ്പ മുതൽ വടക്കു ശീഹോർ ലിബ്നാത്ത് (യോശു, 19:26) വരെ 65 കി.മീറ്റർ നീണ്ടു കിടക്കുകയാണ് ശാരോൻ സമതലം. 10 മുതൽ 18 കി.മീറ്റർ വരെ വീതിയുണ്ട്. ഫലപുഷ്ടിക്കും പുഷ്പ സൗന്ദര്യത്തിനും പ്രസിദ്ധിയാർജ്ജിച്ച പ്രദേശമാണിത്. യെശയ്യാ പ്രവാചകൻ (35:2) ശാരോന്റെ ശോഭയെക്കുറിച്ചു പറയുന്നു. ഉത്തമഗീതത്തിൽ ശൂലംകാരി സ്വയം വർണ്ണിക്കുന്നത് ശാരോനിലെ പനിനീർ പുഷ്പം എന്നാണ്. (2:1). ശാരോൻ ആടുകൾക്കു മേച്ചിൽപ്പുറമാണ്. (യെശ, 65:10). പ്രധാന പട്ടണങ്ങൾ: ദോർ, ലുദ്ദ, യോപ്പ, കൈസര്യ, അന്തിപത്രീസ്, രെക്കോൻ, ടെൽ അവീവ്.

ശമര്യ

ശമര്യ (Samaria)

വടക്കെ രാജ്യമായ യിസ്രായേലിന്റെ തലസ്ഥാനനഗരം. യെരുശലേമിനു 55 കി.മീറ്റർ വടക്കും ശൈഖമിനു 11 കി.മീറ്റർ വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. മനശ്ശെ ഗോത്രത്തിന്റെ അവകാശത്തിൽപ്പെട്ട പ്രദേശമാണ് ശമര്യ. ഏകദേശം 90 മീറ്റർ ഉയരമുള്ള കുന്നിൻപുറത്താണ് പട്ടണത്തിന്റെ സ്ഥാനം. ശമര്യ മൂന്നു വശത്തും (വടക്കു, കിഴക്കു, തെക്കു) മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പടിഞ്ഞാറോട്ടു ഈ പ്രദേശം 463 മീറ്റർ ഉയരത്തിൽ നിന്നും അല്പാല്പമായി ചരിഞ്ഞു 35 കി.മീറ്റർ അകലെയുള്ള മെഡിറ്ററേനിയൻ സമുദ്രത്തിൽ എത്തുന്നു. ശമര്യാപട്ടണത്തിൽ നിന്നും ഏകദേശം 13 കി.മീറ്റർ ദൂരം വരെ വിശാലമായ താഴ്വര കാണാം. താഴ്വരയ്ക്കപ്പുറത്തു പൊക്കം കുറഞ്ഞ കുന്നുകളും അതിനപ്പുറം സമുദ്രവുമാണ്. 

യിസ്രായേൽ രാജാവായ ഒമ്രി രണ്ടു താലന്തു വെള്ളി കൊടുത്തു ശെമെറിന്റെ കൈയിൽനിന്നും വിലയ്ക്കുവാങ്ങിയ കുന്നിന്റെ പുറത്തു പട്ടണം പണിതു. ആ കുന്നിന്റെ ഉടമസ്ഥന്റെ പേർ തന്നെയാണു പട്ടണത്തിനു നല്കിയത്. (1രാജാ, 16:24). അന്നു മുതൽ പത്തു ഗോത്രങ്ങളും പ്രവാസികളായി പോകുന്നതുവരെ ഏകദേശം 200 വർഷം ശമര്യ യിസ്രായേലിന്റെ രാജധാനി ആയിരുന്നു. ഒമ്രി മുതൽ ഹോശേയ വരെയുള്ള പതിന്നാലു രാജാക്കന്മാരുടെ വഴി തെറ്റിയ ജീവിതമാണ് ശമര്യയുടെ ചരിത്രം. ഈ കാലം മുഴുവൻ വിഗ്രഹാരാധനയുടെ കേന്ദ്രസ്ഥാനമായിരുന്നു ശമര്യ. (യെശ, 9:9; യിരെ, 23:13,14; യെഹ, 16:46-55; ആമോ, 6:1; മീഖാ, 1:1). 

ഒമ്രിയുടെ മരണശേഷം പുത്രനായ ആഹാബ് ശമര്യയുടെ പണി തുടർന്നു. ബാലിന് ഒരു ക്ഷേത്രവും ബലിപീഠവും അശേരാപ്രതിഷ്ഠയും നിർമ്മിച്ചു. (1രാജാ, 16:28-33; 18:18,19; 2രാജാ, 13:6). ആഹാബ് ശമര്യയിൽ ഒരു ദന്തമന്ദിരം നിർമ്മിച്ചു. (1രാജാ, 22:39). ശമര്യയുടെ ശൂന്യശിഷ്ടങ്ങളിൽ നിന്നും അഞ്ഞൂറിലധികം ദന്തഖണ്ഡങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവയിലധികവും കലാപരമായ കൊത്തുപണികൾ ഉള്ളവയാണ്. ആഹാബിന്റെ വാഴ്ചയുടെ ഉത്തരാർദ്ധത്തിൽ അരാം രാജാവായ ബെൻ-ഹദദ് ശമര്യയെ നിരോധിച്ചു. യഹോവ തന്നെ ദൈവം എന്നു ആഹാബിനു ബോദ്ധ്യമാക്കിക്കൊടുക്കാൻ വേണ്ടി ദൈവം യിസ്രായേലിനു വിജയം നല്കി. (1രാജാ, 20:1-21). പിറ്റെയാണ്ടിൽ ബെൻ-ഹദദ് കീഴടങ്ങിയെങ്കിലും ആഹാബ് അവനെ ഉടമ്പടി ചെയ്ത് വിട്ടയച്ചു. ഇതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു. (1രാജാ, 20:35-47). മൂന്നു വർഷത്തിനുശേഷം അരാമ്യരിൽ നിന്നും രാമോത്ത്-ഗിലെയാദ് മോചിപ്പിക്കുവാനായി യെഹൂദാരാജാവായ യെഹോശാഫാത്തിനെ ക്ഷണിച്ചു. ഇരുരാജാക്കന്മാരും ശമര്യയുടെ പടിവാതിലിൽ വെച്ചു ആലോചിച്ചുറച്ചശേഷം പ്രവാചകന്റെ വാക്കുകളെ നിരസിച്ചു കള്ള പ്രവാചകന്മാരുടെ വാക്കനുസരിച്ചു യുദ്ധത്തിനു പുറപ്പെട്ടു. (1രാജാ, 22:1-28; 2ദിന, 18:2, 9). അമ്പേറ്റു ആഹാബ് രഥത്തിൽക്കിടന്നു മരിച്ചു. അടക്കത്തിനുവേണ്ടി അവനെ ശമര്യയിലേക്കു കൊണ്ടുവന്നു, രഥം ശമര്യയിലെ കുളത്തിൽ കഴുകി. (1രാജാ, 22:29-38). ആഹാബ് ഗൃഹത്തെ മുഴുവൻ സംഹരിക്കുന്നതിനു യഹോവ യേഹുവിനെ അഭിഷേകം ചെയ്തു. (2രാജാ, 9:6-10). യോരാമിനെയും അഹസ്യാവിനെയും ഈസേബെലിനെയും യേഹൂ വധിച്ചു. (2രാജാ, 9:22-37). തുടർന്ന് ആഹാബിന്റെ എഴുപതു പുത്രന്മാരെയും കൊന്നു. 

ശമര്യയും യെരുശലേമും പലപ്പോഴും ബദ്ധവൈരത്തിലായിരുന്നു. ചിലപ്പോൾ തുറന്ന യുദ്ധവും നടന്നിരുന്നു. ഒരിക്കൽ യെഹൂദാരാജാവ് ഏദോം ആക്രമിക്കുവാൻ ഒരുങ്ങിയപ്പോൾ യിസ്രായേലിലെ ഒരു ലക്ഷം കൂലിപ്പടയാളികളെ യഹോവയുടെ കല്പനയനുസരിച്ച് മടക്കി അയച്ചു. നൂറു താലന്തു വെള്ളി അവർക്കു നല്കിയെങ്കിലും രോഷാകുലരായ യിസ്രായേല്യർ യെഹൂദ്യപട്ടണങ്ങളെ കൊള്ളയടിച്ചു. (2ദിന, 25:5-13). യെഹൂദാ രാജാവായ അമസ്യാവ് ഏദോമിനെ ജയിച്ചശേഷം ശമര്യയുമായി മത്സരിച്ചു. യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽ വെച്ചു യെഹൂദാരാജാവായ അമസ്യാവിനെ നേരിട്ടു, യെഹൂദാ തോറ്റു. യെഹോവാശ് ദൈവാലയത്തിലും രാജധാനിയിലും ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും എല്ലാം കൊണ്ടുപോയി. (2രാജാ, 14:8-14; 2ദിന, 25:17-24).

ശമര്യയിലെ രാജാക്കന്മാർ എല്ലാം ദുഷ്ടത നിറഞ്ഞവരായിരുന്നു. പ്രവാചകന്മാർ രാജാക്കന്മാർക്കും പ്രജകൾക്കും ഒരുപോലെ താക്കീതു നല്കി. ഏലീയാവ്, എലീശ (1രാജാ, 20:13, 28, 35-42; 22:8), യെശയ്യാവ് (8:4; 9:9), ഹോശേയ (7:1; 8:5,6; 10:5, 7; 13:16), ആമോസ് (3:9; 8:14), മീഖാ (1:1, 5,6) എന്നീ പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കുക. ബി.സി. 742-ൽ ശല്മനേസ്സർ അഞ്ചാമൻ ശമര്യയെ നിരോധിച്ചു. ബി.സി. 721-ൽ ശല്മനേസ്സറുടെ അനന്തരഗാമിയായ സർഗ്ഗോൻ ശമര്യ പിടിച്ചു, രാജ്യത്തെ നശിപ്പിച്ചു. ബി.സി. 331-ൽ അലക്സാണ്ടർ ശമര്യ കീഴടക്കി. റോമൻ ആധിപത്യ കാലത്ത് അഗസ്റ്റസ് സീസർ ശമര്യയെ ഹെരോദാ രാജാവിനു നല്കി. ഹെരോദാവ് പട്ടണത്തെ മോടിപിടിപ്പിച്ചു, സെബസ്തെ (Sebaste) എന്നു പേരിട്ടു. ഔഗുസ്ത (Augusta) എന്ന ലത്തീൻ നാമത്തിന്റെ ഗ്രീക്കു രൂപമാണിത്. സെബസ്തിയേ (Sebastiyeh) എന്ന അറബിനാമം ഹെരോദാവു നല്കിയ പേരിനെ പ്രതി ഫലിപ്പിക്കുന്നു. 

യെഹൂദന്മാർക്കു ശമര്യരോടുള്ള വൈരം പുതിയനിയമ കാലത്ത് പ്രവൃദ്ധമായിരുന്നു. യേശു നല്ല ശമര്യാക്കാരന്റെ ഉപമ പറയുകയും, ശമര്യാക്കാരനായ കുഷ്ഠരോഗിക്കു സൗഖ്യം നല്കുകയും, ശമര്യാ സ്ത്രീയോടു സംഭാഷിക്കുകയും ചെയ്തു. ഇവയെല്ലാം യാഥാസ്ഥിതിക യെഹൂദന്മാരെ ചൊടിപ്പിക്കുന്നതായിരുന്നു. യേശു രണ്ടു ദിവസം ശെഖേമിൽ ചെലവഴിച്ചു എന്നു യോഹന്നാൻ രേഖപ്പെടുത്തുന്നു. ശമര്യയിൽ അനേകം പേർ യേശുവിൽ വിശ്വസിച്ചു. തന്റെ ശുശ്രൂഷാകാലത്ത് തന്റെ ദൗത്യം പ്രധാനമായും യിസ്രായേലിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ പുനരുത്ഥാനത്തിനു ശേഷം ശമര്യയിൽ പ്രസംഗിക്കുവാനായി യേശുക്രിസ്തു ശിഷ്യന്മാരെ നിയോഗിച്ചു. പെന്തെക്കൊസ്തിനു ശേഷം ഫിലിപ്പോസ് ശമര്യാപട്ടണത്തിൽ ചെന്ന് ക്രിസ്തുവിനെ പ്രസംഗിച്ചു. (പ്രവൃ, 8:5). ഇതാണ് ശമര്യയെക്കുറിച്ചുള്ള അവസാന പരാമർശം.

ലേഹി

ലേഹി (Lehi)

പേരിനർത്ഥം — താടിയെല്ല്

യെഹൂദയിലെ ഒരു സ്ഥലം. (ന്യായാ, 15:9, 14, 19). ന്യായാധിപന്മാർ 15:17-ൽ രാമത്ത്-ലേഹി എന്നു കാണാം. ലേഹിയിൽ വച്ച് ശിംശോൻ കഴുതയുടെ പച്ചത്താടിയെല്ലു കൊണ്ട് ആയിരം ഫെലിസ്ത്യരെ സംഹരിച്ചു. “അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ടു ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു. കഴുതയുടെ താടിയെല്ലുകൊണ്ടു കുന്നു ഒന്നു, കുന്നു രണ്ടു; കഴുതയുടെ താടിയെല്ലുകൊണ്ടു ആയിരം പേരെ ഞാൻ സംഹരിച്ചു എന്നു ശിംശോൻ പറഞ്ഞു.” (ന്യായാ, 15:14-16). അനന്തരം ശിംശോന് ദാഹിച്ചപ്പോൾ യഹോവ ഒരു കുഴി പിളരുമാറാക്കി. “അപ്പോൾ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചുവീണ്ടു ജീവിച്ചു. അതുകൊണ്ടു അതിന്നു ഏൻ-ഹക്കോരേ എന്നു പേരായി; അതു ഇന്നുവരെയും ലേഹിയിൽ ഉണ്ടു.” (ന്യായാ, 15:19).

ലുസ്ത്ര

ലുസ്ത്ര (Lystra)

ലുക്കവോന്യയിലെ ഒരു പട്ടണം. ഒന്നാം മിഷണറിയാത്രയിൽ ഇക്കോന്യയിൽ എതിർപ്പുണ്ടായപ്പോൾ പൗലൊസും ബർന്നബാസും ലുസ്ത്രയിലേക്കു പോയി. (പ്രവൃ, 14:2-7). ലുസ്ത്രയിലെ ഒരു മുടന്തനെ പൗലൊസ് സൗഖ്യമാക്കി. ദേവന്മാർ മനുഷ്യരൂപത്തിൽ വന്നിരിക്കുന്നു എന്നു പറഞ്ഞു, ആളുകൾ ബർന്നബാസിനെ ഇന്ദ്രൻ എന്നും പൗലൊസിനെ ബുധൻ എന്നും വിളിച്ചു. പൗലൊസ് അതിനെ വിലക്കി. (പ്രവൃ, 14:8). അന്ത്യാക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും വന്ന യെഹൂദന്മാർ കലഹം ഉണ്ടാക്കി. അവർ പൗലൊസിനെ കല്ലെറിഞ്ഞു മൃതപ്രായനാക്കി. പൗലൊസ് ദെർബെയ്ക്ക് പോയെങ്കിലും പെട്ടെന്നു മടങ്ങിവന്നു. (പ്രവൃ, 14:21). തിമൊഥയൊസ് ലുസ്ത്രക്കാരനാണ്. (പ്രവൃ, 16;1). ആധുനിക ഗ്രാമമായ ‘കാത്യൻ സെരായി’യിൽ (Katyn Serai) ലുസ്ത്രയുടെ ശൂന്യശിഷ്ടങ്ങളുണ്ട്. ഇക്കോന്യയ്ക്ക് 29 കി.മീറ്റർ തെക്ക്- തെക്ക്പടിഞ്ഞാറാണ് ലുസ്ത്ര.

ലുദ്ദ

ലുദ്ദ (Lydda)

യോപ്പയ്ക്ക് 18 കി.മീറ്റർ തെക്കു കിഴക്കുള്ള ശാരോൻ സമതലത്തിലെ ഒരു പട്ടണം. പഴയനിയമത്തിൽ ലോദ് എന്നുപേർ. (1ദിന, 8:12). ആധുനിക നാമം ലുദ്ദ. പ്രവാസശേഷം മടങ്ങിവന്ന യെഹൂദന്മാരുടെ കുടിപാർപ്പു ലോദ് വരെ എത്തി. (എസ്രാ, 2:33; നെഹെ, 7:37). ലുദ്ദയിൽ എട്ടുവർഷമായി പക്ഷവാതം പിടിച്ചു കിടപ്പിലായിരുന്ന ഐനെയാസിനെ പത്രൊസ് സൗഖ്യമാക്കി. (പ്രവൃ, 9:32-35).

ലുക്കിയ

ലുക്കിയ (Lycia)

ഏഷ്യാമൈനറിനു തെക്കു പടിഞ്ഞാറുള്ള റോമൻ പ്രവിശ്യ. ലുക്കിയ മലമ്പ്രദേശമാണ്. ലുക്കിയയിലെ പട്ടണങ്ങളായ പത്തരയും, മുറയും പൗലൊസ് സന്ദർശിച്ചു. “അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി; കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.” (പ്രവൃ, 27:4,5).

ലുക്കവോന്യ

ലുക്കവോന്യ (Lycaomia) 

ഏഷ്യാമൈനറിലെ ഒരു ചെറിയ റോമൻ പ്രവിശ്യ. ലുക്കവോന്യയുടെ വടക്കു ഗലാത്യയും കിഴക്കു കപ്പദോക്യയും തെക്കു ഇസൗറിയയും പടിഞ്ഞാറു ഫ്രുഗ്യയും കിടക്കുന്നു. ദേശനിവാസികൾ പിന്നോക്കരാണ്. ദെർബ്ബെ, ഇക്കോന്യ, ലുസ്ത്ര എന്നിവ ലുക്കവോന്യയിലെ പട്ടണങ്ങളാണ്. ലുക്കവോന്യഭാഷ അപഭ്രംശം സംഭവിച്ച ഗ്രീക്കും അശ്ശൂര്യൻ ഭാഷയും തമ്മിലുള്ള മിശ്രമാണ്. (പ്രവൃ, 14:11). പൗലൊസ് ഇവിടെ പ്രസംഗിക്കുകയും (പ്രവൃ, 14:1-6) വീണ്ടും ഇവിടം സന്ദർശിക്കുകയും ചെയ്തു. (പ്രവൃ,16:1,2).

ലവൊദിക്യാ

ലവൊദിക്യാ (Laodicea)

സിറിയയിലെയും ഏഷ്യാമൈനറിലെയും അനേകം പട്ടണങ്ങൾക്കു ലവൊദിക്യ എന്നുപേരുണ്ട്. എഫെസൊസിൽ നിന്നും ഏചദേശം 65 കി.മീറ്റർ അകലെയായി ലൈകസിന്റെ തീരത്തു സ്ഥിതിചെയ്തിരുന്ന ലവൊദിക്യ മാത്രമാണ് തിരുവെഴുത്തുകളിൽ പറയപ്പെടുന്നത്. അന്ത്യാക്കസ് രണ്ടാമൻ (ബി.സി. 261-246) ഭാര്യയായ ലവൊഡിസിന്റെ സ്മാരകമായി ലവൊദിക്യ എന്നു പട്ടണത്തിനു പേരിട്ടു. എ.ഡി. 66-ലെ ഭൂകമ്പം പട്ടണത്ത നിലംപരിചാക്കി. പരസഹായം കൂടാതെ ലവൊദിക്യ പണിയപ്പെട്ടു. റോമൻ സെനറ്റിന്റെ ഭൂകമ്പ ദുരിതാശ്വാസസഹായം അവർ നിരസിച്ചു. “ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു: എനിക്കു ഒന്നിനും മുട്ടില്ല” എന്ന സ്ഥിതിയായിരുന്നു ലവൊദിക്യയുടേത്. (വെളി, 3:17). കറുത്ത അങ്കികൾക്കും പരവതാനികൾക്കും പ്രസിദ്ധിയാർജ്ജിച്ച നഗരമായിരുന്ന ലവൊദിക്യാ. ഇവ നിർമ്മിക്കാനാവശ്യമായ കറുത്ത കമ്പിളിരോമം ലൈകസ് താഴ്വരയിൽ സമൃദ്ധമായിരുന്നു. ഇവിടെ ഒരു മെഡിക്കൽ സ്കൂൾ ഉണ്ടായിരുന്നു. കൊള്ളീറിയം എന്നപേരിൽ അറിയപ്പെടുന്ന നയനലേപം നിർമ്മിച്ചിരുന്നു. ലവൊദിക്യയിൽ ഒരു സഭ ഉണ്ടായിരുന്നു. (കൊലൊ, 2:1; 4:13, 15,16; വെളി, 1:11). ലവൊദിക്യ ഇന്നു ശൂന്യമാണ്. തുർക്കികൾ അതിനെ എസ്കി-ഹിസ്സാർ (പൗരാണിക ഹർമ്മ്യം) എന്നു വിളിക്കുന്നു.