All posts by roy7

ഇടയൻ

ഇടയൻ

‘ചിലരെ ഇടയന്മാരായും നിയമിച്ചിരിക്കുന്നു;’ (എഫെ, 4:11). സഭയെ പത്ഥ്യോപദേശത്തിൽ പരിപാലിക്കുന്ന അദ്ധ്യക്ഷന്മാരെയാണ് ഇടയന്മാർ എന്ന് വിവക്ഷിച്ചിരിക്കുന്നത്. യഹോവയും യിസ്രായേലും തമ്മിലുള്ള ബന്ധം ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിനു സദൃശമാണ്. “യഹോവ എന്റെ ഇടയനാകുന്നു” എന്ന് ദാവീദു പാടുന്നു. (സങ്കീ, 23:1). “യഹോവ ഒരു ഇടയനെപ്പോലെ തന്റെ ആട്ടിൻകുട്ടത്തെ മേയ്ക്കുകയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്ത് മാറിടത്തിൽ ചേർത്തു വഹിക്കുകയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശ, 40:11). പുതിയ നിയമത്തിൽ ക്രിസ്തുവിനും സഭയ്ക്കും തമ്മിലുള്ള ബന്ധം വ്യക്തമാക്കുവാൻ കർത്താവുപയോഗിച്ച സാദൃശ്യങ്ങളിലൊന്നാണ് ഇടയനും ആടുകളും. സഭാപരിപാലനത്തെ കുറിക്കുന്ന പ്രയോഗമാണ് ഇടയപരിപാലനം. യേശുക്രിസ്തു നല്ല ഇടയനാണ്. ഈ നല്ല ഇടയൻ ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നു. (യോഹ, 10:11). യെഹൂദന്മാരിൽ നിന്നും ജാതികളിൽ നിന്നും വിളിച്ചു വേർതിരിക്കപ്പെട്ട സഭയാണ് ആട്ടിൻകുട്ടം. ഇടയൻ എന്ന നിലയിൽ ക്രിസ്തുവിനു മൂന്ന് പ്രത്യേക വിശേഷണങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. നല്ല ഇടയൻ (യോഹ, 10:1, 14). വലിയ ഇടയൻ (എബ്രാ, 13:20), ഇടയശ്രഷ്ഠൻ (1പത്രൊ, 5:4). ദൈവത്തിൻ്റെ ആട്ടിൻകൂട്ടമായ സഭയെ പരിപാലിക്കുവാൻ ദൈവം നല്കുന്ന വരമാണ് ഇടയശുശ്രൂഷ. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു.” (എഫെ, 4:11).

സുവിശേഷവരം

സുവിശേഷവരം

‘അവൻ ചിലരെ സുവിശേഷകന്മാരായും നിയമിച്ചിരിക്കുന്നു;’ (എഫെ, 4:11). കേൾവിക്കാർ ക്ഷണത്തിൽ രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സുവിശേഷം പ്രസംഗിക്കുവാൻ ദൈവം നൽകിയിരുന്ന വരമാണ് സുവിശേഷവരം. എവങ്ഗെലിസ്റ്റിസ് എന്ന ഗ്രീക്കു പദത്തിന് സുവാർത്ത വിളംബരം ചെയ്യുന്നവൻ എന്നർത്ഥം. യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന ഏതുവ്യക്തിയെയും സുവിശേഷകൻ എന്നുപറയാം. പുതിയനിയമത്തിൽ ഒരു പ്രത്യേക ശുശ്രൂഷാക്രമത്ത ഇത് വ്യക്തമാക്കുന്നു: “അവൻ ചിലരെ അപ്പൊസ്തലന്മാരെയും ചിലരെ പ്രവാചകന്മാരായും ചിവരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു. (എഫെ, 4:11). സഭ സ്ഥാപിക്കുന്നത് സുവിശേഷകന്മാരാണ്; വിശ്വാസത്താൽ സഭയെ പണിതുയർത്തുന്നതു അദ്ധ്യക്ഷനും. സുവിശേഷം കേട്ടിട്ടില്ലാത്തവരോടു സുവിശേഷം പ്രസംഗിച്ചുകൊണ്ട് സുവിശേഷകൻ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നു. അപ്പൊസ്തലന്മാരും (പ്രവൃ, 8:25, 14:7, 1കൊരി, 1:7), മൂപ്പന്മാരും (2തിമൊ, 2:4-5) സുവിശേഷകന്റെ പ്രവൃത്തി ചെയ്തിരുന്നു. സുവിശേഷകൻ എന്നത് പ്രവൃത്തിയെ കുറിക്കുന്ന പദമാണ്; അല്ലാതെ പദവിയെക്കുറിക്കുന്നതല്ല. സുവിശേഷകൻ അപ്പൊസ്തലനോ, മൂപ്പനോ, ഡീക്കനോ ആയിരിക്കണമെന്നില്ല. ഇവരിൽ ആർക്കും സുവിശേഷകൻ ആകാവുന്നതാണ്.

വെളിപ്പാട്

വെളിപ്പാട്

“ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.” (1കൊരി, 14:26). വെളിപ്പാടുകൾ രണ്ടുവിധമുണ്ട്: സാമാന്യ വെളിപ്പാടും, സവിശേഷ വെളിപ്പാടും. എല്ലാ മനുഷ്യരെയും സംബന്ധിച്ച് ദൈവം നല്കുന്നതാണ് സാമാന്യ വെളിപ്പാട്. (റോമ, 1:19,20). സവിശേഷ വെളിപ്പാട് അഥവാ, പ്രകൃത്യാതീതമായ വെളിപ്പാടാണ് ദൈവജനത്തിനു നല്കുന്നത്. മനുഷ്യൻ്റെ സ്വാഭാവിക കഴിവുകൾകൊണ്ട് ദൈവത്തിൻ്റെ അഗാധതത്വം (ഇയ്യോ, 11:7; 36:26) ഗ്രഹിക്കാൻ കഴിയാത്തതുകൊണ്ട്, അഗോചര കാര്യങ്ങളെ ദൈവം തന്നെയാണ് വെളിപ്പെടുത്തുന്നത്. (യിരെ, 33:3). നോഹ, അബ്രാഹാം, മോശെ എന്നിവർക്ക് ദൈവം തൻ്റെ നിർണ്ണയങ്ങൾ വെളിപ്പെടുത്തിക്കൊടുത്തു. (ഉല്പ, 6:13-21; 15:13-21, 17:15-21; പുറ, 3:2-22). യിസ്രായേലിനു തൻ്റെ ഉടമ്പടിയും ന്യായപ്രമാണവും വെളിപ്പെടുത്തിക്കൊടുത്തു. (പുറ, 20-23). പ്രവാചകന്മാർക്ക് തൻ്റെ നിർണ്ണയങ്ങൾ അനാവരണം ചെയ്തു. (ആമോ, 3:7). പിതാവിൽനിന്ന് കേട്ടതെല്ലാം യേശു ശിഷ്യന്മാർക്ക് വെളിപ്പെടുത്തി. (യോഹ, 15:15). യോഹന്നാനു ക്രിസ്തു ഭാവി സംഭവങ്ങളും (വെളി, 1:1), തന്നെത്തന്നെയും വെളിപ്പെടുത്തി. (വെളി, 1:12-17). ദൈവം പൗലൊസിനു തൻ്റെ ഹിതത്തിൻ്റെ മർമ്മം വെളിപ്പെടുത്തുകയും (എഫെ, 1:9, 3:3-11), വെളിപ്പാടുകളുടെ ആധിക്യത്താൻ നിഗളിക്കാതിരിക്കാൻ ഒരു ശൂലവും നല്കി: “വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.” (2കൊരി,12:7).

സങ്കീർത്തനം

സങ്കീർത്തനം

‘സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു;’ (1കൊരി, 14:26). “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.” (കൊലൊ, 3:16). ദൈവനാമമഹത്വത്തിനായി കീർത്തനങ്ങൾ രചിക്കുന്നതും, അതു ശ്രുപിമധുരമായി ആലപിക്കാൻ കഴീയുന്നതും ഒരു വരമാണ്. പഴയനായമ കാലത്തും സങ്കീർത്തനത്തിന് വലിയ തോതിലുള്ള പ്രാധാന്യമുണ്ടായിരുന്നു. സങ്കീർത്തനപുസ്തകം അതനുദാഹരണമാണ്. യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ‘സ്തോത്രം പാടിയശേഷം ഒലീവുമലക്കു പുറപ്പെട്ടുപോയി’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. (മർക്കൊ, 14:26). അപ്പസ്തലന്മാരായ പൗലൊസും ശീലാസും കാരാഗൃഹത്തിൽ വെച്ച് ദൈവത്തെ പിടിസ്തുതിച്ചതായും കാണുന്നുണ്ട്. (പ്രവൃ, 16:25). വെളിപ്പാട് പുസ്തകത്തിലും പാട്ടിൻ്റെ അലയടികൾ കാണാം. (5:10; 14:3; 15:3). “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെ,5:19,20).

പരിപാലനവരം

പരിപാലനവരം

‘പരിപാലനവരം’ (1കൊരി, 12:28). സഭയുടെ പരിപാലനത്തിനുള്ള കഴിവ് ഒരു കൃപാവരമാണ്. (1കൊരി, 12:28). ഭരിക്കുന്നവൻ ഉത്സാഹത്തോടെ ചെയ്യേണ്ടതാണ്. (റോമ, 12:8). അന്ന് സഭയുടെ സംവിധാനവും സ്ഥാനങ്ങളും വ്യക്തമായിരുന്നില്ല; സഭയെ നടത്തിയിരുന്നത് നിയമിക്കപ്പെട്ട കാര്യദർശികളുമായിരുന്നില്ല. തന്മൂലം പ്രാദേശിക സഭകളെ ഭരിക്കുന്നതിന് പ്രത്യേകം പരിപാലനവരം ലഭിച്ചവർ വേണ്ടിയിരുന്നു. കാലക്രമത്തിൽ ഈ വരം ചില വ്യക്തികൾക്കു ലഭിക്കുകയും അവർ പ്രസ്തുത ചുമതലകൾ നിർവ്വഹിക്കുകയും ചെയ്തു.

സഹായം ചെയ്യുവാനുള്ള വരം

സഹായം ചെയ്യുവാനുള്ള വരം

‘സഹായം ചെയ്യുവാനുള്ള വരം’ (1കൊരി, 12:28). സഹായം ചെയ്യുവാനുള്ള ഈ വരം എന്താണെന്ന് അപ്പൊസ്തപ്രവൃത്തി 20:35-ൽ നിന്ന് മനസ്സിലാക്കാം: “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” സ്വന്തം മാതൃക ചൂണ്ടിക്കാണിച്ചാണ് അപ്പൊസ്തലൻ സഭയെ പ്രബോധിപ്പിക്കുന്നത്. ആദിമസഭ ദരിദ്രരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു. അതിനു ക്രിസ്തുവാണ് നമ്മുടെ മാതൃക: “നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ?” (2കൊരി, 8:9). ഈ വരം മക്കദോന്യ സഭയ്ക്കുണ്ടായിരുന്നതായി അപ്പൊസ്തലൻ സാക്ഷ്യം പറയുന്നു. (2കൊരി, 8:1). “വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കുമീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി.” (2കൊരി, 8:3,4).

ഭാഷകളുടെ വ്യാഖ്യാനം

ഭാഷകളുടെ വ്യാഖ്യാനം

‘മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം’ (1കൊരി, 12:10), ‘എല്ലാവരും വ്യാഖ്യാനിക്കുന്നുവോ?’ (1കൊരി, 12:31), “അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.” (1കൊരി, 14:13). അന്യഭാഷയെ പിന്തുടരുന്ന വരമാണ് വ്യാഖ്യാനവരം. അന്യഭാഷ സംസാരിക്കുന്നവൻ തന്നെ വ്യാഖ്യാനിയാകാം. (1കൊരി, 14:13). പൊതുവെ വ്യാഖ്യാനവരം മറ്റുള്ളവർക്കായിരുന്നു. (1കൊരി, 14:27, 28). പെന്തെക്കൊസ്തിലെ അന്യഭാഷയ്ക്ക് വ്യാഖ്യാനിയുടെ ആവശ്യമില്ലായിരുന്നു. കാരണം, ഗലീലക്കാരായ ശിഷ്യന്മാരുടെ അന്യഭാഷ അവിടെ വന്നു കൂടിയ മറുഭാഷക്കാരായ യെഹൂദന്മാർക്ക് മനസ്സിലാകുന്നതായിരുന്നു. (പ്രവൃ, 2:7,8). എന്നാൽ കൊരിന്തു സഭയിൽ വ്യാഖ്യാനിയെക്കുടാതെയുള്ള അന്യഭാഷ വിലക്കുന്നതായും കാണാം. “അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരുവൻ വ്യാഖ്യാനിക്കുകയും ചെയ്യട്ടെ, വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1കൊരി, 14:27,28). ‘ഭാഷാവരമോ അതു നിന്നുപോകും’ (1കൊരി, 13:8) എന്നു പറഞ്ഞിട്ടുണ്ട്. ഭാഷാവരമുണ്ടെങ്കിൽ മാത്രമേ വ്യാഖ്യാനിയുടെ ആവശ്യമുള്ളൂ. ഇന്ന് ലോകത്തിൽ അനവധിയാളുകൾ അന്യഭാഷകളിൽ സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരാളുപോലും വ്യാഖ്യാനിക്കുന്നില്ല. ഖ്യാഖ്യാനവരം ആർക്കുമില്ലാത്തതും അന്യഭാഷ നിന്നുപോയതിൻ്റെ തെളിവാണ്.

വിവിധഭാഷാവരം

വിവിധഭാഷാവരം

‘വേറൊരുവന്നു പലവിധ ഭാഷകൾ (1കൊരി, 12:10), ‘വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു’ (1കൊരി, 12:28), ‘ഭാഷാവരമോ, അതു നിന്നുപോകും.’ (1കൊരി, 13:8). ഭാഷാവരം ഒരു സഭയ്ക്കോ സഭയുടെ ഏതെങ്കിലും വിഭാഗത്തിനോ മാത്രമായി നല്കപ്പെട്ടതായിരുന്നില്ല. വരങ്ങളുടെ താരതമ്യവിവേചനത്തിൽ ഒടുക്കത്തെ സ്ഥാനമാണ് ഭാഷാവരത്തിനും വ്യാഖ്യാനവരത്തിനും അപ്പൊസ്തലൻ രണ്ടു പട്ടികകളിലും നല്കുന്നത്. (1കൊരി, 12:8-10; 28-30). അന്യഭാഷ ആരും തിരിച്ചറിയുന്നില്ല; അതുകൊണ്ട് അത് സഭയ്ക്ക് ആത്മിക വർദ്ധന വരുത്തുന്നില്ല. (1കൊരി, 14:2). “ലോകത്തിൽ വിവിധ ഭാഷകൾ അനവധിയുണ്ട്; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവകയാൽ സഭയുടെ ആത്മികവർദ്ധനക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.” (1കൊരി, 14’10-12). എന്നാൽ പെന്തെക്കൊസ്തു നാളിൽ സംസാരിച്ചത് അറിയപ്പെട്ട മാനുഷിക ഭാഷയിലായിരുന്നു. “ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതുകേട്ട് അമ്പരന്നു പോയി.” (പ്രവൃ, 2:6). അന്യഭാഷ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു. (1കൊരി, 14:4). അന്യഭാഷ സംസാരിക്കുന്നവന് ബുദ്ധിപരമായ കഴിവുകൾ നഷ്ടപ്പെട്ടിരിക്കും. (1കൊരി, 14:14-15). എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല. (1കൊരി, 12:29). അന്യഭാഷ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ്. (1കൊരി, 14:22). സഭയൊക്കെയു കൂടി അന്യഭാഷകളിൽ സംസാരിക്കാൻ പാടില്ല. (1കൊരി, 14:23). വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ ഹൃദയത്തിൽ സംസാരിക്കണം: “വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1കൊരി, 14:28).

“സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.” (1കൊരി, 13:8). കർത്താവിൻ്റെ വരവിലാണ് അന്യഭാഷയും ജ്ഞാനവും പ്രവചനവും നിന്നുപോകുന്നതെന്ന് പഠിപ്പിക്കുന്നവരുണ്ട്. കർത്താവിൻ്റെ വരവിനുശേഷം ഭൂമിയിൽ ദൈവസഭ ഉണ്ടാകില്ലെന്നു മാത്രമല്ല; വേദപുസ്തകം നിഷ്ക്രിയമാകുകയും ചെയ്യും. മാത്രമല്ല, കൃപാവരങ്ങൾ യാതൊന്നിൻ്റെയും ആവശ്യവുമില്ല. പിന്നെ കുറഞ്ഞത് മുപ്പത് വരങ്ങളെങ്കിലും ഉള്ള സ്ഥാനത്ത് മൂന്നു വരങ്ങൾ മാത്രം മാറിപ്പോകുമെന്ന് പറയുന്നതെന്തിനാണ്?

ആധുനിക അന്യഭാഷയുടെ വീഡിയോ കാണാൻ ലിങ്കിൽ പോകുക:👇

ആധുനിക അന്യഭാഷ

ആത്മാക്കളുടെ വിവേചനം

ആത്മാക്കളുടെ വിവേചനം

‘മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം.’ (1കൊരി, 12:10). വ്യക്തികളെ കാണുമ്പോൾ തന്നെ തിരിച്ചറിയാനുള്ള കഴിവാണ് ആത്മാക്കളുടെ വിവേചനവരം. അദ്ധ്യക്ഷന്മാരായിരിക്കുവാൻ യോഗ്യതയുള്ളവരെ തിരിച്ചറിയുവാനുള്ള കഴിവ് അപ്പൊസ്തലന്മാർക്ക് ഉണ്ടായിരുന്നത് ഈ വരത്താലാണ്. (പ്രവൃ, 14:23; 1തിമൊ, 3:1-7; തീത്താ, 1:5-9). സാക്ഷാൽ പ്രവചനവരം ഉള്ളവരോടൊപ്പം കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നു. അവരെ തിരിച്ചറിയുവാനുള്ള കഴിവ് ഈ വരത്താൽ ലഭ്യമായിരുന്നു. “പ്രവചനം തച്ഛീകരിക്കരുതു. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1തെസ്സ, 5:20,21).

സ്നേഹം

സ്നേഹം

‘സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല’ (1കൊരി, 13:8), “ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.” (1കൊരി, 13:13). “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” (1യോഹ, 4:7). നിലനില്ക്കുന്ന കൃപാവരങ്ങളിൽ പ്രഥമസ്ഥാനം സ്നേഹത്തിനാണ്; കാരണം, ദൈവത്തിൻ്റെ ലക്ഷണവും (1യോഹ, 4:8, 16), ക്രിസ്തുവിൻ്റെ സ്വരൂപവും സ്നേഹമാണ്. ക്രൈസ്തവ ധർമ്മശാസ്ത്രത്തിലെ അടിസ്ഥാന സുകൃതങ്ങൾ മൂന്നാണ്; അവയിയിൽ വലിയത് സ്നേഹമാണ്. (1കൊരി,13:13). ദൈവം ലോകത്തെ സ്നേഹിച്ചത് തൻ്റെ ഏകജാതനായ പുത്രനിലൂടെയാണ്. (യോഹ, 3:16). പ്രസ്തുതസ്നേഹം വിശ്വാസികളിലേക്ക് ഒഴുക്കിയത് പരിശുദ്ധാത്മാവാണ്. (റോമ, 5:5). ലോകത്തിലേക്ക് ആ സ്നേഹം പകരപ്പെടുന്നത് ദൈവമക്കളിലൂടെയാണ്. (ലൂക്കൊ, 6:35). ദൈവികവും മാനുഷികവുമായ ഉത്തമബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹമാണ്. വിശ്വാസികൾ ദൈവത്തെയും സഹജീവികളെയും സ്നേഹിക്കുന്നു. ഇവയിൽ ഒന്നിൻ്റെ അഭാവത്താൽ മറ്റേതില്ല. (1യോഹ, 4:20). ന്യായപ്രമാണത്തിലെ മുഖ്യകല്പനയും (ആവ, 6:5, മത്താ, 22:37), ന്യായപ്രമാണം മുഴുവനും ഉൾക്കൊള്ളുന്നത് സ്നേഹത്തിലധിഷ്ഠിതമായ രണ്ടു കല്പനകളിലാണ്. (മത്താ, 22:37,38). സ്നേഹം നിർവ്യാജമായിരിക്കണം (റോമ, 12:9), ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കണം (1പത്രൊ,1:22), സമ്പൂർണ്ണതയുടെ ബന്ധമാണ് സ്നേഹം. (കൊലൊ, 3:14). “പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.” (1യോഹ, 4:7). “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.” (റോമ, 13:8). “എന്നാൽ ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം’ എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങൾ നിവർത്തിക്കുന്നു എങ്കിൽ നന്നു.” (യാക്കോ, 2:8).