All posts by roy7

കൊർബ്ബാൻ

കൊർബ്ബാൻ (Corban)

വഴിപാട്, നേർച്ച, സമ്മാനം എന്നൊക്കെയർത്ഥം. ദൈവത്തിനു അർപ്പിക്കുന്ന രക്തം ചൊരിഞ്ഞുളളതും അല്ലാത്തതുമായ വഴിപാടുകളെക്കുറിക്കുവാൻ ‘കൊർബ്ബാൻ’ എന്ന എബ്രായപദം പഴയനിയമത്തിൽ എഴപത്തെട്ടു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: (ലേവ്യ, 1:2,3; 2;1; 3:1; സംഖ്യാ, 7:12-17). പുതിയനിയമത്തിൽ പ്രസ്തുത എബ്രായപദവും ഒപ്പം അർത്ഥവും നല്കിയിട്ടുണ്ട്: (മർക്കൊ, 7:11). ഇവിടെ കൊർബ്ബാൻ ദൈവത്തിനു വഴിപാടായി അർപ്പിച്ച പണത്തെക്കുറിക്കുന്നു. മുമ്പുംപിമ്പും നോക്കാതെ ആണയിടുന്നതിൽ യെഹൂദന്മാർ മുൻപന്തിയിലായിരുന്നു. പുര കത്തുമ്പോൾ, ‘തീയണഞ്ഞാൽ വീട് കൊർബ്ബാൻ’ എന്നും, ഭക്ഷ്യപേയങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുവാൻ നിശ്ചയിക്കുന്നവൻ, ‘ഞാൻ കഴിക്കുന്ന ഭക്ഷണം കൊർബ്ബാൻ’ എന്നും വേഗത്തിൽ ആണയിട്ടിരുന്നു. ആവർത്തനം 23:21-23 പ്രകാരം യഹോവയ്ക്ക് നേർന്ന വഴിപാട് നിവർത്തിക്കുകതന്നെ വേണം. എന്നാൽ, ഇവർ തിരക്കിട്ടെടുത്ത തീരുമാനങ്ങൾ നിവർത്തിക്കാൻ കൂട്ടാക്കിയിരുന്നില്ല. “യെഹൂദന്മാർ ഒരു ചിന്തയും കൂടാതെ ദൈവത്തിന്റെ മുമ്പിൽ സത്യം ചെയ്യുമെന്നും എന്നാൽ ഒരിക്കലും അവർ അതു നിവർത്തിക്കയില്ലെന്നും” തല്മൂദിലും പറഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ ഭൗതികമായ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കേണ്ടത് മക്കളുടെ കടമയാണ്. എന്നാൽ ഈ കടമ നിറവേറ്റാതിരിക്കാൻ വേണ്ടി പണം ദൈവത്തിനു വഴിപാടായി അർപ്പിച്ചിരിക്കയാണെന്നു അവർ പറയും. ദൈവത്തിന് വഴിപാടായി അർപ്പിക്കുന്നതിന് കൊർബ്ബാൻ എന്നു പറഞ്ഞാൽ മാത്രം മതിയാകും. കൊർബ്ബാൻ എന്നു പറയുമ്പോൾ ആ പണം ദൈവത്തിനായി വേർതിരിക്കപ്പെടും. തന്റെ കാലത്ത് നിലവിലിരുന്ന ഈ കീഴ്വഴക്കത്തെ പരാമർശിച്ചുകൊണ്ട് ‘അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്നിങ്ങനെയുള്ള കല്പനകളെപ്പോലും യെഹൂദന്മാർ അവഗണിക്കുന്നതിനെ ക്രിസ്തു അപലപിക്കുകയായിരുന്നു. ഇട്ട ആണയുടെ ന്യായപ്രമാണ് മൂല്യം എത്ര ഉന്നതമായിരുന്നാലും മാതാപിതാക്കളോടുള്ള കടമ അതിനെക്കാൾ പ്രധാനമാണ് എന്ന ആശയമാണ് യേശു അവതരിപ്പിച്ചത്. അതിന്റെ സ്വാധീനത്തിലാവണം എലിയേസർ ബെൻ ഹിർക്കാനുസ് എന്ന റബ്ബി ക്രിസ്തുവിനുശേഷം എ.ഡി. 90-ൽ ആണയിൽ നിന്ന് തലയൂരാൻ വഴി വേണം എന്ന് അഭിപ്രായപ്പെട്ടത്. നെദറീം എന്ന തല്മുദിൽ ഇത് സംബന്ധിച്ച ചർച്ചകളുടെ അന്ത്യത്തിൽ എലിയേസറിന്റെ അഭിപ്രായം മാതാപിതാക്കന്മാരുടെ കാര്യത്തിൽ അംഗീകരിക്കപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു. മറ്റ് സംഗതികളിൽ മാറ്റം അനുവദിച്ചില്ല. ദേവാലയഭണ്ഡാരത്തിന്റെ ആരോഗ്യത്തിനും ആ നിലപാട് ആവശ്യമായിരുന്നു!

കെരൂബുകൾ

കെരൂബുകൾ (Cherubs)

അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെക്കുറിച്ചുളളതാണ്. പാപത്തിൽ വീണ മനുഷ്യനെ ഏദെൻ തോട്ടത്തിൽനിന്നും പുറത്താക്കി. പാപിയായ മനുഷ്യൻ ഏദെൻ തോട്ടത്തിലേക്കു മടങ്ങിവന്ന് ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതിരിക്കേണ്ടതിനു ജീവവൃക്ഷത്തിന്റെ വഴി സൂക്ഷിക്കുവാൻ കെരൂബുകളെ നിറുത്തി. “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവൻ വൃക്ഷത്തിങ്കലേക്കുളള വഴി കാപ്പാൻ അവൻ ഏദെൻ തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). ഈ വിവരണത്തിൽ കെരൂബുകളുടെ രൂപത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഒരു സൂചനയുമില്ല. കെരൂബുകളെക്കുറിച്ചുളള അടുത്ത പരാമർശം സമാഗമന കൂടാരവുമായുള്ള ബന്ധത്തിലാണ്. അതിവിശുദ്ധസ്ഥലത്തു നിയമപെട്ടകത്തിനു മേൽ കൃപാസനത്തിന്റെ രണ്ടറ്റത്തും രണ്ടു കെരൂബുകളെ തങ്കം കൊണ്ടു നിർമ്മിച്ചു. (പുറ, 25:17-22). ഇവ അടിച്ചുരൂപപ്പെടുത്തിയതാണ്. അവയുടെ വിരിച്ച ചിറകു കൃപാസനത്തിനൊരു മറപോലെ നിലകൊണ്ടു. കെരൂബുകളുടെ മദ്ധ്യേ ആയിരുന്നു യഹോവയുടെ തേജസ്സു വെളിപ്പെട്ടിരുന്നത്. അതുകൊണ്ട് എബ്രായർ 9:5-ൽ ഇവയെ തേജസ്സിന്റെ കെരൂബുകൾ എന്നു വിളിക്കുന്നു. കൃപാസനത്തിന്മേൽ നിർമ്മിച്ചിരുന്ന കെരൂബുകൾക്ക് ഒരു മുഖവും രണ്ടു ചിറകുകളും ഉണ്ട്. അവ മേലോട്ടു ചിറകു വിടർത്തി ചിറകുകൊണ്ടു കൃപാസനത്ത മൂടി തമ്മിൽ അഭിമുഖമായിരുന്നു. സമാഗമനകൂടാരത്തിന്റെ അകത്തെ മൂടുശീലയിൽ ചിത്രപ്പണിയായി കെരൂബുകളെ നെയ്തു ചേർത്തിരുന്നു. (പുറ, 26:1). സമാഗമനകൂടാരത്തിലെ തിരശ്ശീലയിലും കെരൂബുകളെ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31). കെരൂബുകളെക്കുറിച്ചുള്ള മൂന്നാമത്തെ പരാമർശം ശലോമോൻ്റെ ദൈവാലയത്തെക്കുറിച്ചുള്ള വിവരണത്തിലാണ്. (1രാജാ, 6:23; 2ദിന, 3:7-14). ഒലിവു മരംകൊണ്ടു രണ്ടു കെരൂബുകളെ നിർമ്മിച്ചു സ്വർണ്ണം പൊതിഞ്ഞു. അഞ്ചു മീറ്റർ ഉയരമുള്ള ശരീരത്തോടു കൂടിയ അവ മനുഷ്യരെപ്പോലെ സ്വന്തം കാലുകളിൽ നിന്നു. അവയുടെ ചിറകിനു അഞ്ചുമുഴം നീളമുണ്ടായിരുന്നു. അകത്തോട്ടു മുഖം തിരിച്ചായിരുന്നു അവയുടെ നില. ദൈവാലയത്തിന്റെ ചുവരിന്മേൽ കെരൂബുകളെ കൊത്തിച്ചു. (2ദിന, 3:7). തിരശ്ശീലയിൽ കെരൂബുകളെ നെയ്തു ചേർത്തു. (2ദിന, 3:14). പുതിയ ദൈവാലയത്തെക്കുറിച്ചുള്ള ദർശനത്തിലും (യെഹെ . 41) കെരൂബുകളെക്കുറിച്ചു പറയുന്നുണ്ട്. ദർശനത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ നാലുജീവികളുടെ സാദൃശ്യം കണ്ടു. (യെഹെ, 1:28). അനന്തരപരാമർശങ്ങൾ ഇവ കെരൂബുകളെന്നു വ്യക്തമാക്കുന്നു. (യെഹെ, 10:1). വെളിപ്പാടു പുസ്തകത്തിലെ ജീവികളുടെ വർണ്ണന യെഹെസ്ക്കേലിന്റെ ദർശനത്തിലെ കെരൂബുകളുമായി പൊരുത്തപ്പെടുന്നു. (വെളി, 4:6-5:14). യഹോവ കെരൂബിനെ വാഹനമാക്കി പറന്നുവെന്നും (സങ്കീ, 18:10), യഹോവ കെരൂബുകളിന്മേൽ വസിക്കുന്നു എന്നും സങ്കീർത്തനങ്ങളിൽ (80:1; 991) പറയുന്നു.

ഗെബാലിലെ രാജാവായ ഹീരാമിന്റെ സിംഹാസനത്തെ താങ്ങിനിറുത്തുന്ന രണ്ടു കെരൂബുകളുടെ ചിത്രം ഖനനം ചെയ്തെടുത്തിട്ടുണ്ട്. ഈ ജീവിക്ക് സിംഹഗാത്രവും മനുഷ്യമുഖവും ചിറകുകളും ഉണ്ട്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും സൂക്ഷിക്കുന്ന ചിറകുള്ള സിംഹങ്ങളുടെയും കാളകളുടെയും രൂപങ്ങൾ അശ്ശൂരിൽ നിന്നും മറ്റും ലഭിച്ചിട്ടുണ്ട്. ശലോമോൻ നിർമ്മിച്ച കെരൂബുകൾ കാലൂന്നിനിന്നു. (2ദിന, 3:13).

യെഹെസ്ക്കേലിന്റെ ദർശനത്തിലെ കെരൂബുകൾക്ക് മനുഷ്യ സാദൃശ്യമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും നന്നാലുമുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു. “അവയുടെ മുഖരൂപമോ: അവയ്ക്ക് മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തു ഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകു മുഖവും ഉണ്ടായിരുന്നു. ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറച്ചും ഇരുന്നു.” (യെഹെ, 1:10-11). കെരൂബുകളുടെ നാലുമുഖം യിസ്രായേൽ സൈന്യത്തിൻ്റെ നാലുവിഭാഗങ്ങളുടെ കൊടികളെ പ്രതിനിധാനം ചെയ്തിരുന്നതായി ഒരു പാരമ്പര്യമുണ്ട്. അതനുസരിച്ച് കെരൂബുകളുടെ നേതൃത്വത്തിലുള്ള സ്വർഗ്ഗീയ സൈന്യത്തിന്റെ പ്രതിരൂപമാണ് നാലുകൊടികളുടെ കീഴിൽ പുറപ്പെട്ട യിസ്രായേൽ സൈന്യം. കിഴക്ക് സിംഹം യെഹൂദയും, പടിഞ്ഞാറ് കാള എഫ്രയീമും, തെക്ക് മനുഷ്യൻ രൂബേനും, വടക്ക് കഴുകൻ ദാനും ആണ്. ആദിമ സഭാപിതാക്കന്മാരുടെ ദൃഷ്ടിയിൽ കെരൂബിൻ്റെ നാലുമുഖം നാലു സുവിശേഷങ്ങളാണ്. മത്തായി സിംഹവും, മർക്കൊസ് കാളയും, ലൂക്കൊസ് മനുഷ്യനും, യോഹന്നാൻ കഴുകനും. യെഹെസ്ക്കേൽ പ്രവാചകൻ ദർശനത്തിൽ കണ്ട ദൈവാലയത്തിൽ ചുവരുകളെ അലങ്കരിക്കുവാൻ കെരൂബുകൾ കൊത്തിയിരുന്നു. ഈ കെരൂബുകൾക്കു രണ്ടുമുഖം ഉണ്ടായിരുന്നു; മനുഷ്യമുഖവും സിംഹമുഖവും. (യെഹെ, 41;17-25). മനുഷ്യസാദൃശ്യവും മൃഗസവിശേഷതകളും ഇണങ്ങിച്ചേർന്നവയാണ് കെരൂബുകൾ എന്നാണ് ബൈബിളിലെ വിവരണങ്ങൾ പൊതുവെ വ്യക്തമാക്കുന്നത്. മനുഷ്യമുഖത്തോടുകൂടി ചിറകുള്ള സിംഹമായിരിക്കണം. ആത്മലോകത്തിലെ ജീവികളെ സംബന്ധിച്ചിടത്തോളം രൂപബോധം അപ്രസക്തമാണ്.

ദൈവത്തിന്റെ മഹിമാസാന്നിദ്ധ്യവും സർവ്വാധികാരവും വിശുദ്ധിയും വെളിപ്പെടുത്തുകയാണ് കെരൂബുകളുടെ കർത്തവ്യം. ദൂതഗണത്തിൽ ഉൾപ്പെട്ടവയാണെങ്കിലും കെരൂബുകളെ ദൂതന്മാർ എന്നു വിളിച്ചിട്ടില്ല. അവ ഒരിക്കലും ദൂതുവാഹികൾ ആയിരിക്കാത്തതു കൊണ്ടായിരിക്കണം. മറ്റെങ്ങും പോകാതെ ദൈവം വസിക്കുന്നിടത്തു മാത്രം അവ ഒതുങ്ങി നില്ക്കുന്നു. യഹോവ കെരൂബുകളിന്മീതെ വസിക്കുന്നു. കൃപാസനത്തിൽ ദൈവത്തിൻ്റെ സാന്നിദ്ധ്യം അവ വിളിച്ചറിയിക്കുന്നു. ക്രിസ്തുവിന്റെ യാഗത്തിലൂടെ ദൈവത്തിന്റെ നീതി സമ്പൂർണ്ണമാക്കപ്പെട്ടതിന്റെ പ്രതിരൂപമായ പുണ്യാഹരക്തത്തെ (തളിക്കപ്പെട്ട രക്തം) സാക്ഷ്യപ്പെട്ടകത്തിന്റെ മുകളിലിരിക്കുന്ന കെരൂബുകൾ കുനിഞ്ഞു നോക്കുന്നു. വർഷത്തിലൊരിക്കൽ മഹാപുരോഹിതൻ പാപപരിഹാരരക്തം കൃപാസനത്തിൽ തളിക്കാനായി ഇവിടെ വരുമ്പോൾ ആ രക്തം ദൈവത്തിലേക്കുള്ള വാതിലും പാപപരിഹാരവുമായി മാറും.

അവിവാഹജീവിതം

അവിവാഹജീവിതം

“സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.” (1കൊരി, 7:7). വരം ലഭിച്ചവർക്കു മാത്രമേ അവിവാഹിതാവസ്ഥയിൽ ദൈവനാമ മഹത്വത്തിനായി ജീവിക്കാൻ സാധിക്കൂ. വിവാഹം ചെയ്യാത്തവർക്കു ഇപ്പോഴത്തെ കഷ്ടതയിൽ നിന്നും ചിന്താകുലത്തിൽനിന്നും വിടുതൽ ലഭിക്കുന്നു. “വിവാഹം കഴിയാത്തവരോടും വിധവമാരോടും അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.” (1കൊരി, 7:8). “നിങ്ങൾ ചിന്തകുലമില്ലാത്തവർ ആയിരിക്കണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കർത്താവിനുള്ളതു ചിന്തിക്കുന്നു.” (1കൊരി, 7:32). “വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കർത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിലുള്ളതു ചിന്തിക്കുന്നു.” (1കൊരി, 7:34).

വിവാഹജീവിതം

വിവാഹജീവിതം

“സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.” (1കൊരി, 7:7). അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം ഒരു കൃപാവരം ആണ്. സഭയിലെ അദ്ധ്യക്ഷന്മാരും ശുശ്രൂഷകന്മാരും ഏകഭാര്യയുടെ ഭർത്താവും മക്കളെ പത്ഥ്യോപദേശത്തിലും അനുസരണത്തിലും വളർത്തുന്നവരായിരിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. (1തിമൊ, 3:1-13). “എങ്കിലും ദുർന്നടപ്പു നിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യയ്ക്കും ഭാര്യ ഭർത്താവിനും കടപ്പെട്ടിരിക്കുന്നത് ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിൽ അവനല്ല ഭാര്യക്കത്രേ അധികാരം.” (1കൊരി, 7:2-4). “വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവുതന്നെ കൽപ്പിക്കുന്നത്; ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നുവരുകിലോ വിവാഹം കുടാതെ പാർക്കണം; അല്ലെന്നുവരുകിൽ ഭർത്താവിനോടു നിരന്നു കൊള്ളണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്. (1കൊരി, 7:11).

കഷ്ടം അനുഭവിപ്പാനുള്ള വരം

കഷ്ടം അനുഭവിപ്പാനുള്ള വരം

“ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” (ഫിലി, 1:29). വിശ്വാസികളുടെ കഷ്ടതയെക്കുറിച്ച് തിരുവെഴുത്തുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” (യോഹ, 15:20) എന്നും, ‘ലോകത്തിൽ നിങ്ങൾക്കു് കഷ്ടം ഉണ്ട’ എന്നും ക്രിസ്തു തെളിവായി പറഞ്ഞു. (യോഹ, 16;33). അനേകം കഷ്ടങ്ങളിൽ കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു (അപ്പൊ, 14:22) എന്നു പൗലൊസും ബർന്നബാസും വിശ്വാസികളെ പ്രബോധിപ്പിച്ചു. വിശ്വാസികൾ കഷ്ടം അനുഭവിപ്പാൻ നിയമിക്കപ്പെട്ടിരിക്കുകയാണ്. “ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.” (ഫിലി, 1:29). ക്രിസ്തുവിൽ വിശ്വസിക്കുന്നതുകൊണ്ട് കഷ്ടം അനുഭവിക്കേണ്ടിവരുന്നത് ഭാഗ്യമാണ്. (പ്രവൃ, 5:41; 1പത്രൊ, 4:14). നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുകയും (1പത്രൊ, 2:20), നീതി നിമിത്തം ഉപദ്രവിക്കപ്പെടുകയും (മത്താ, 5:10), ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുകയും (1പത്രൊ, 4:19) ചെയ്യുന്നതു നല്ലതാണ്. നൊടിനേരത്തേക്കുളള ഈ ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘനം നേടുവാൻ വിശ്വാസിയെ പ്രാപ്തനാക്കുന്നു. (2കൊരി, 4:17). “നീയും എന്നോടുകൂടെ കഷ്ടം സഹിക്ക; സുവിശേഷകൻ്റെ പ്രവൃത്തി ചെയ്ക (2തിമൊ, 1’8; 2:3; 4:5). എന്നാണ് പൗലൊസപ്പൊസ്തലൻ തിമൊഥയൊസിനെ ഉപദേശിക്കുന്നത്. വിശ്വാസിയുടെ കഷ്ടതയ്ക്ക് മൂന്നുദ്ദേശ്യങ്ങളുണ്ട്: 1. അത് ലോകത്തിന്റെ കഷ്ടതയെ പ്രതിഫലിപ്പിക്കുന്നു. (റോമ, 8:19-22). 2. ലോകനേഹത്തിന്റെയും സ്വാർത്ഥതയുടെയും എല്ലാ മാലിന്യങ്ങളിൽ നിന്നും അത് വിശ്വാസത്തെ വിമലീകരിക്കുന്നു. (2തിമൊ, 1:8, 12; റോമ, 5:3). 3. കഷ്ടത്തിൽ ദൈവം നല്കുന്ന ആശ്വാസം കഷ്ടത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിന് വിശ്വാസിയെ ശക്തനാക്കുന്നു. (കൊരി, 1:4-7). വിശ്വാസിക്കു കഷ്ടം പ്രശംസാവിഷയമാണ്: കാരണം കഷ്ടത സഹിഷ്ണതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു. (റോമ, 5:3). കഷ്ടം അനുഭവിക്കുന്നതിനു നമുക്കു മാതൃക ക്രിസ്തുവാണ്. “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻ്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1പത്രൊ, 2:21).

കരുണ കാണിക്കൽ

കരുണ കാണിക്കൽ

‘കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ’ (റോമ, 12:8). അനുകമ്പയുടെ ബാഹ്യപ്രകടനമാണ് കരുണ. കരുണ ലഭിക്കേണ്ടവന് ആവശ്യബോധവും, കരുണ കാണിക്കുന്ന വ്യക്തിക്ക് പ്രസ്തുത ആവശ്യം സാധിപ്പിച്ചുകൊടുക്കാൻ മതിയായ വിഭവവും ഉണ്ടായിരിക്കണം. ദൈവം കരുണാസമ്പന്നനാണ്. (എഫെ, 2:4). എല്ലാവർക്കും അവൻ രക്ഷ കരുതി. (തീത്താ, 3:5). യെഹൂദന്മാരോടും (ലൂക്കൊ, 1:72), ജാതികളോടും (റോമ, 15:9) ദൈവം കരുണ കാണിച്ചു. ദൈവത്തെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമും തലമുറയോളം ഇരിക്കുന്നു. (ലൂക്കൊ, 1:50). നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കർത്താവിനു മാത്രമേ കഴിയു. “അതുകൊണ്ടു കരുണ ലഭിക്കുവാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.” (എബ്രാ, 4:16). യേശുക്രിസ്തു കരുണയുടെ മൂർത്തിഭാവമായിരുന്നു. (മത്താ, 9:13, 27; 12:7; 17:15; ലൂക്കൊ, 3:29). കർത്താവ് മഹാകരുണയും മനസ്സലിവുള്ളവനുമാകകൊണ്ട് ക്രിസ്ത്വാനുരൂപരായി സൃഷ്ടിക്കപ്പെട്ട നാമും സഹജീവികളോട് കരുണയുള്ളവരായിരിക്കണം എന്ന് അവൻ ആഗ്രഹിക്കുന്നു. (മത്താ, 5:7; യൂദാ, 2). യേശുവിലുള്ള ഭാവം വിശ്വാസികൾക്കും ഉണ്ടാകാൻ അപ്പൊസ്തലൻ ഉദ്ബോധിപ്പിക്കുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” (ഫിലി, 2:5). അല്ലെങ്കിൽ, കരുണ കൂടാതെയുള്ള ന്യായവിധിയുണ്ടാകും എന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. (യാക്കൊ, 2:13).

സഭാഭരണം

സഭാഭരണം

‘ഭരിക്കുന്നവൻ ഉത്സാഹത്തോടെ’ (റോമ, 12:8). സഭയെ ശാസിച്ചും ഉപദേശിച്ചും ആത്മീയകാര്യങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നല്കിയും മുന്നോട്ടുനയിക്കുന്ന മൂപ്പന്മാരിലാണ് ഈ ശുശ്രൂഷ ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്. “സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.” (1തെസ്സ, 5:13). മൂപ്പന്മാരെ പ്രത്യേകം കരുതഞമെന്നും കല്പനയുണ്ട്: “നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ. രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.” (1തിമൊ, 5:17

ദാനം ചെയ്യൽ

ദാനം ചെയ്യൽ

‘ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ’ (റോമ, 12:8). “ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സാഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” (പ്രവൃ, 20:35). മനുഷ്യരുടെ എല്ലാ നന്മകളും സമ്പത്തും ദൈവത്തിന്റെ ദാനമാത്രേയാകുന്നു. ഇത് ദൈവാത്മാവിനാൽ ഗ്രഹിക്കുന്ന മനുഷ്യൻ തങ്ങളുടെ ധനവും വസ്തുക്കളും മറ്റുള്ളവർക്കു പ്രയോജനകരമാംവണ്ണം ദാനം ചെയ്യുവാനുള്ള ദൈവദത്തമായ കഴിവാണ് ദാനവരം. എല്ലാ നന്മകളും മനുഷ്യർ ദൈവത്തിൽനിന്നു പ്രാപിക്കുന്നതാണ്. “ധനവും ബഹുമാനവും നിങ്കൽ നിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു.” (1ദിന, 29:12). “തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” (2പത്രൊ, 1:3). വിശ്വാസികൾ എല്ലാവരും മറ്റുള്ളവരെ സഹായിക്കുവാനും ദൈവനാമത്തിനായി കൊടുക്കുവാനും ബാധ്യസ്ഥരാണ്. ‘പ്രാപ്തിയുള്ളതു പോലെ കൊടുക്കണം’ (2കൊരി, 8:12), ‘ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കണം’ (2കൊരി, 9:7), ‘സന്തോഷത്തോടെ കൊടുക്കണം’ (2കൊരി, 9:7), ‘എല്ലാ നന്മയിലും ഓഹരി കൊടുക്കണം’ (ഗലാ, 6:6). “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.” (മത്താ, 6:19).

പ്രബോധനം

പ്രബോധനം

‘പ്രബോധിപ്പിക്കുന്നവൻ എങ്കിൽ പ്രബോധനത്തിൽ’ (റോമ, 12:8). സമാശ്വാസം നല്കുക, ഉപദേശം നല്കുക, പ്രോത്സാഹനം നല്കുക, പ്രേരണ നല്കുക, പ്രചോദനം നല്കുക ശിക്ഷണം നല്കുക പഠിപ്പിക്കുക എന്നിങനെ വ്യത്യസ്തമായ അർത്ഥങ്ങളാണ് ഈ പദത്തിനുള്ളത്. പ്രവാചകനോടും ഉപദേഷ്ടാവിനോടും അടുത്ത ബന്ധമുള്ള ഒരു ഗണമാണ് പ്രബോധകർ. ഗുണദോഷിച്ചു വിശ്വാസികളെ ജീവിതത്തിന്റെ ഉത്തമമാർഗ്ഗത്തിൽ എത്തിക്കുകയും ക്രിസ്തുവിനു വേണ്ടി സമർപ്പണജീവിതത്തിൽ അവരെ ഉറപ്പിക്കുകയുമാണ് പബോധകന്റെ പ്രവൃത്തി. ആത്മീയമായ പ്രേരണാശക്തി ഈ വരത്തിനു അനുബന്ധമാണ്. “കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.” (സദൃ, 6:23). “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” (സദൃ, 1:7). “പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.” (സദൃ, 5:23).

ശുശ്രൂഷ

ശുശ്രൂഷ

‘ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ (റോമ, 12:7). ആത്മിക ശുശ്രൂഷകൾക്കായി ദൈവം നല്കുന്നതാണ് ശുശ്രൂഷാവരം. സഭയിൽ അദ്ധ്യക്ഷന്മാർ, ശുശ്രൂഷകന്മാർ എന്നിങ്ങനെ രണ്ട് ഔദ്യോഗിക പദവികൾ നാം കാണുന്നു. ശുശ്രൂഷകന്മാരുടെ ഔദ്യോഗിക പദവി എങ്ങനെ നിലവിൽ വന്നുവെന്നു നമുക്കറിയില്ല. ശുശ്രൂഷകരുടെ യോഗ്യതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം 1തിമൊഥെയൊസ് 3:8-13-ൽ നല്കിയിട്ടുണ്ട്. വ്യക്തിപരമായി ശുശ്രൂഷകന്മാർ ഘനശാലികളും അനിന്ദ്യരും ആയിരിക്കണം. ഇരുവാക്കുകാരും, മദ്യപരും ദുർല്ലാഭമോഹികളും ശുശ്രൂഷക്കാരായിരിക്കുവാൻ പാടില്ല. സാമൂഹികമായി ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തം കുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആത്മീയമായി വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവരും ആയിരിക്കണം അവർ. ശുശ്രുഷകന്മാരെ നിയോഗിക്കുന്നത് സഭ തന്നെയാണ്. ഓരോ പ്രാദേശികസഭയിലും അനേകം ശുശ്രൂഷകന്മാരുണ്ടായിരുന്നു. (ഫിലി, 1:1; 1തിമൊ, 3:8, അപ്പൊ, 6:1-6). പ്രവൃത്തി ആറാമദ്ധ്യായത്തിൽ ഏഴു പേരെയാണ് തിരഞ്ഞെഞ്ഞെടുത്തത്. എന്നാൽ പ്രാദേശികസഭയുടെ ചുറ്റുപാടുകളും വലിപ്പവും ശുശ്രൂഷകളുടെ വൈവിധ്യവും കണക്കിലെടുത്തു ശുശ്രൂഷകന്മാരുടെ എണ്ണം വ്യത്യാസപ്പെടുത്താൻ കഴിയും. സാധുക്കളുടെ കാര്യം നോക്കുന്നതിനാണ് ആദിമ സഭയിൽ ഏഴുപേരെ തിരഞ്ഞെടുത്തത്. ഇതു അപ്പൊസ്തലന്മാർക്ക് പ്രാർത്ഥനയിലും വചന ശുശ്രൂഷയിലും ഉറ്റിരിക്കുവാൻ സ്വാതന്ത്ര്യവും സമയവും നല്കി. സ്തെഫാനൊസ്, ഫിലിപ്പോസ് എന്നിവരുടെ സേവനം സഭയുടെ സാമ്പത്തികവും ഭൗതികവുമായ തലങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.