നയമാൻ പുകഴ്ത്തിപ്പറഞ്ഞ ദമസ്തക്കൊസിലെ നദികളിലൊന്ന്. “ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ ക്രോധത്തോടെ പോയി.” (2രാജാ, 5:12). 64 കി.മീറ്റർ നീളമുള്ള പർപ്പർ അബാന അഥവാ ബാരദയുടെ പോഷക നദിയാണ്. ദമസ്ക്കൊസിനു അല്പം തെക്കായി ഹെർമ്മോനു കിഴക്കായി ഒഴുകുന്ന പർപ്പർ ഇന്നറിയപ്പെടുന്നതു അവാജ് എന്ന പേരിലാണ്.
സത്യവേദപുസ്തകത്തിലെ നീലനദി നൈലാണ്. (യെശ, 23:3, 10; യിരെ, 46:7,8; ആമോ, 8:8; 9:5; സെഖ, 10:11). നൈൽ ഗ്രീക്കിൽ നൈലൊസ്-ഉം ലത്തീനിൽ നീലൂസ്-ഉം ആണ്. നീലൂസ് ആണ് മലയാളത്തിൽ നീലനദിയും ഇംഗ്ലീഷിൽ നൈലും ആയത്. ഈ പേരിന്റെ ഉത്പത്തി അവ്യക്തമാണ്. പഴയനിയമത്തിൽ പൊതുവെ നദി എന്നർത്ഥമുള്ള ‘യഓർ’ ആണ് പ്രയോഗിച്ചിട്ടുള്ളത്. അബ്രാഹാമിന്റെ സന്തതിക്ക് വാഗ്ദത്തം ചെയ്ത ദേശത്തിന്റെ രണ്ടുതിരുകളാണ് നൈൽനദിയും ഫ്രാത്ത് അഥവാ യൂഫ്രട്ടീസ് നദിയും. ഇവിടെ നൈൽ നദിയെ മിസ്രയീം നദിയെന്നും യൂഫ്രട്ടീസ് നദിയെ ഫ്രാത്ത് അഥവാ മഹാനദി എന്നും പറഞ്ഞിരിക്കുന്നു. രണ്ടിടത്തും നദിയെക്കുറിക്കുന്ന എബായപദം ‘നാഹാർ’ ആണ്. (ഉല്പ, 15:18).
ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയായ നൈലിനു നീളത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ട്. ഏകദേ 6500 കി.മീറ്റർ നീളമുള്ള ഈ നദി മദ്ധ്യ ആഫിക്കയിലെ ‘ടാങ്കനിക്കാ’ തടാകത്തിനു സമീപത്തു നിന്നു പുറപ്പെട്ട മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്നു. ഈജിപ്റ്റിനെ നൈലിന്റെ ദാനം എന്നാണു വിളിക്കുന്നത്. ലോകത്തിൽ വച്ചേറ്റവും ഉയരം കൂടിയ അണക്കെട്ടായ അസ്വാൻ നൈലിലാണ്.
മുഫുംബിറോ പർവ്വതങ്ങളിൽ നിന്നും റുവൻസോറി പർവ്വതനിരകളുടെ രണ്ടുവശത്തു നിന്നുമാണ് നൈൽ നദി യഥാർത്ഥത്തിൽ ഉത്ഭവിക്കുന്നത്. ഇതിന്റെ പ്രധാന സ്രോതസ്സായ കഗേറാനദി (Kagera) ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലേക്കു ഒഴുകുന്നു. വിക്ടോറിയ തടാകത്തിൽ നിന്നാണു നൈൽ പുറപ്പെടുന്നത്. അവിടെ നദിക്ക് 400 മീറ്റർ വീതിയേ ഉള്ളൂ. ആൽബർട്ടു തടാകത്തിൽ എത്തിച്ചേരുന്ന നൈൽ അവിടെനിന്നും വടക്കോട്ടൊഴുകി സുഡാനിൽ പ്രവേശിക്കുന്നു. ‘നോ’ തടകത്തിൽ വച്ചു ‘ബാഹ്ർ എൽഘാസൽ’ നൈലിൽ വന്നു ചേരുന്നു. ഈ സംഗമസ്ഥാനം തൊട്ടു നെലിന്റെ പേര് വെള്ള നൈൽ (ബാഹ്ർ എൽ അബ്യാസ്) ആണ്. ആറാം ജലപാതത്തിനു തെക്കുവശത്തുള്ള ഖാർട്ടുമിൽ വച്ചു വെള്ള നൈലും, നീലനൈലും (ബാഹ്ർ അസ്രാഖ്) സംയോജിച്ചു യഥാർത്ഥ നൈൽ നദിയായി രൂപപ്പെടുന്നു. പിന്നീട് ഒരു മുഖ്യ പോഷകനദി മാത്രമേ (അത്ബാറ) നൈലിനോടു ചേരുന്നുള്ളു. അത്ബാറ സംഗമത്തിൽ നിന്നു 2560 കി.മീറ്റർ ഒഴുകി നൈൽ മെഡിറ്ററേനിയൻ സമുദ്രത്തോടു ചേരുന്നു.
നൈൽ നദിയുടെ തടത്തിൽ പുല്ലും ഞാങ്ങണയും സമൃദ്ധിയായി വളരുന്നു. (ഉല്പ, 41:2). ഞാങ്ങണച്ചെടി അഥവാ പാപ്പിറസ് കടലാസുണ്ടാക്കാൻ ഉപയോഗിച്ചു വരുന്നു. ‘പാപ്പിറസ്’ എന്ന പേരിൽ നിന്നാണു പേപ്പർ വന്നത്. മഴക്കാലത്തു നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ നദിയുടെ ഇരുവശത്തുമുള്ള പാടങ്ങൾ വെളത്തിന്നടിയിലാവും. ഇക്കാലത്തെ കൃഷി ഒരു ഭാഗ്യപരീക്ഷണമായിരുന്നു. നീലനദിയിലെ കൊയ്ത്തിനെക്കുറിച്ചു യെശയ്യാവ് 23:3-ൽ പറഞ്ഞിട്ടുണ്ട്. മിസ്രയീമ്യരുടെ ഒരാരാധ്യ ദേവതയായിരുന്നു നൈൽ. യിസ്രായേൽമക്കളുടെ പുരുഷസന്താനത്തെ നൈൽനദിയിൽ ഇട്ടുകളയുവാനാണ് ഫറവോൻ കല്പിച്ചത്. യിസ്രായേലിന്റെ വീണ്ടെടുപ്പിൽ ഒരു പ്രധാന സ്ഥാനം നൈലിനുണ്ട്. മോശെയെ ഞാങ്ങണപ്പെട്ടകത്തിലാക്കി ഒളിച്ചുവെച്ചത് നൈൽ നദിയിലായിരുന്നു. പ്രസ്തുത നദിയിൽ കുളിക്കാൻ വന്ന ഫറവോന്റെ പുത്രി മോശെയെ രക്ഷപ്പെടുത്തി. മോശെ എന്ന പേരും (വെള്ളത്തിൽ നിന്നെടുക്കപ്പെട്ടവൻ) നൈലുമായി ബന്ധപ്പെട്ടതാണ്. യഹോവയെ ആരാധിക്കാൻ യിസ്രായേൽ ജനത്തെ വിട്ടയക്കണമെന്നു മോശെ ഫറവോനോട് ആവശ്യപ്പെട്ടതു നെൽനദീതീരത്തു വച്ചായിരുന്നു. (പുറ, 7:15). മിസ്രയീമ്യരുടെമേൽ യഹോവ അയച്ച പത്തുബാധകളിൽ രണ്ടെണ്ണം നൈൽനദിയുമായി ബന്ധപ്പെട്ടതാണ്. മോശ വടി ഓങ്ങി അടിച്ചപ്പോൾ നൈൽ നദിയിലെ വെള്ളം രക്തമായി, മത്സ്യം ചത്തു, നദി നാറി. (പുറ, 7:20,21). അടുത്ത ബാധയായ തവള അനവധിയായി ജനിച്ചതും നൈൽനദിയിൽ തന്നെയായിരുന്നു. (പുറ, 8:3).
ഏദെൻ തോട്ടത്തിലെ നദിയുടെ നാലു ശാഖകളിലൊന്നാണു ഗീഹോൻ. അത് ഏതാണെന്നു വ്യക്തമായറിയില്ല. ഓക്സസ്, അരാക്സസ്, നൈൽ തുടങ്ങിയ പല പേരുകളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഗീഹോൻനദി കുശ് ദേശമൊക്കെയും ചുറ്റുന്നു (ഉല്പ, 2:13) എന്ന പ്രസ്താവനയിൽ നിന്നാണ് അതു നൈൽ നദിയായിരിക്കാമെന്നു അനുമാനിക്കുന്നത്. കുശ് എത്യോപ്യ ആണ്. എന്നാൽ ഉല്പത്തി 2:13-ലെ കുശ് മെസൊപ്പൊട്ടേമിയയ്ക്കു കിഴക്കുള്ളതാണ്. അതിനാൽ പൂർവ്വപർവ്വത നിരകളിൽനിന്നു മെസൊപ്പൊട്ടേമിയയിലേക്കു ഒഴുകുന്ന നദി ഒരുപക്ഷെ ‘ദിയാലയോ കെർഖയോ’ ആയിരിക്കണം.
യെരൂശലേമിന്നരികെയുള്ള ഒരു പ്രസിദ്ധമായ ഉറവയ്ക്കും ഗീഹോൻ എന്നു പേരുണ്ട്. പ്രാചീനകാലത്ത് യെരുശലേമിലെ ജലവിതരണത്ത മുഴുവൻ സഹായിച്ചത് ഈ ഉറവയാണ്. കിദ്രോൻ താഴ്വരയിലെ പ്രകൃതിദത്തമായ ഒരു ഗുഹയിൽനിന്നാണ് അത് പുറപ്പെടുന്നത്. മതിലുകൾക്കു അപ്പുറത്തുനിന്ന് ഈ ജലത്തിന്റെ പ്രാഭവം കണ്ടെത്തുക സാധ്യമല്ല. നഗരനിരോധനത്തിൽ ഉള്ളിലകപ്പെടുന്ന ജനത്തിനു ആവശ്യമായ ജലം ഇതിൽനിന്നു ലഭിക്കും. യെഹിസ്കീയാ രാജാവിന്റെ കാലത്ത് യെരൂശലേമിലെ ജനത്തിനു വേണ്ടി ഒരു തുരങ്കം വഴി ജലത്തെ തിരിച്ചുവിട്ടു. (2ദിന, 32:27-30). ശീലോഹാം കുളത്തോടുകൂടി ബന്ധിക്കപ്പെട്ടിരുന്നത് ഈ തുരങ്കം ആയിരുന്നുവെന്നു ആധുനിക ഗവേഷണം തെളിയിക്കുന്നു. കുളത്തിലേക്കു വെള്ളം പ്രവേശിച്ചിരുന്ന തോടിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് യെശയ്യാ പ്രവാചകൻ എഴുതിയത്. (8:6). ഗീഹോനിൽ വച്ചായിരുന്നു ശലോമോൻ രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. ഹിസ്കീയാവ് ഗീഹോൻ വെളളത്തിന്റെ മുകളിലത്തെ ഒഴുക്കു തടഞ്ഞാ ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് താഴോട്ടു വരുത്തി. (2ദിന, 32:2-4, 30).
യോർദ്ദാന്റെ കിഴക്കുഭാഗത്തുനിന്നും ഉത്ഭവിക്കുന്ന തോട്. ആഹാബിനെ ഭയന്ന് ഏലീയാവു ഒളിച്ചതും കാക്കയാൽ പോഷിപ്പിക്കപ്പെട്ടതും ഈ തോട്ടിന്നരികെയാണ്. “പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക. തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു. (1രാജാ, 17:2-5).
ബാബിലോണിയയിലെ ഒരു നദി. ഈ നദിയുടെ തീരത്തു യെഹൂദ്യ പ്രവാസികൾ പാർത്തിരുന്നു. യെഹെസ്ക്കേൽ പ്രവാചകൻ ദിവ്യദർശനങ്ങളെ കണ്ടതു കെബാർ നദീതീരത്തുവച്ചായിരുന്നു. “മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.” (യെഹ, 1:1, 3; 3:15, 23; 10:15, 20, 22; 43:3). നദിയുടെ സ്ഥാനം നിശ്ചയമില്ല. ‘നാരിക ബരി’ (വലിയതോട്) ആണിതെന്നു പറയപ്പെടുന്നു.
കീശോൻ തോടിനു മെഗിദ്ദോവെള്ളം എന്നും പേരുണ്ട്. (ന്യായാ, 5:19). ദെബോരയുടെ പാട്ടിൽ കീശോൻ തോടിനെ പുരാതനനദി എന്നു വിളിക്കുന്നു. (ന്യായാ, 5:21). താബോർ, ഗിൽബോവാ എന്നീ മലകളിൽ നിന്നുത്ഭവിക്കുന്ന ഈ നദി മെഗിദ്ദോയുടെ വടക്കു ജെസ്റീൽ സമതലത്തുവച്ച് ഒന്നിക്കുന്നു. അവിടെനിന്ന് വടക്കുപടിഞ്ഞാറോട്ടു ഒഴുകി ഹൈഫാ പട്ടണത്തിന്റെ വടക്കുള്ള ആക്കർ ഉൾക്കടലിൽ പതിക്കുന്നു. യിസ്രായേൽ സീസെരയുടെ കനാന്യ സൈന്യങ്ങളെ തോല്പിച്ചതിനു കാരണം ഒരു കൊടുങ്കാറ്റ് എന്നാണ് പറയപ്പെടുന്നത്. ഈ കൊടുങ്കാറ്റിൽ കീശോൻതോടു കരകവിഞ്ഞൊഴുകുകയും സീസെരയുടെ രഥങ്ങൾ ചെളിയിൽ താഴുകയും ചെയ്തു. സൈന്യാധിപനായ സീസെര യായേലിന്റെ കൂടാരത്തിൽ മരണമടഞ്ഞു. (ന്യായാ, 4:4-24; 5:21; സങ്കീ, 83:39). ബാൽ പ്രവാചകന്മാരുടെ കൊലയുടെ രംഗവും കീശോൻ തോടായിരുന്നു. (1രാജാ, 18:40). ഏലീയാവു ബാലിൻ്റെ 400 പ്രവാചകന്മാരെ കൊന്നതു കർമ്മേലിന്റെ അടിവാരത്തുവച്ചാണ്.
കിദ്രോൻ മഴക്കാലത്തു വെള്ളം ഒഴുകുന്ന തോടും വേനൽക്കാലത്ത് താഴ്വരയും ആണ്. യെരുശലേം കുന്നിന്റെ കിഴക്കെ ചരിവിനെ ഒലിവുമലയിൽ നിന്നു വേർപെടുത്തുന്നത് കിദ്രോൻ തോടാണ്. പിന്നീട് അതു തെക്കോട്ടൊഴുകി വാദി-എൻ-നാർ (അഗ്നിയുടെ താഴ്വര) എന്ന പേരിൽ ചാവുകടലിൽ പതിക്കുന്നു.
അബ്ശാലോമിനെ ഭയന്നു കൊട്ടാരം വിട്ടോടിയ ദാവീദ് കിദ്രോൻതോടു കടന്നു. (2ശമൂ, 15:23, 30). ശിമെയിക്ക് കടക്കുവാൻ പാടില്ലാത്ത അതിരായി ശലോമോൻ നിർദ്ദേശിച്ചതു കിദ്രോൻ തോടായിരുന്നു. (1രാജാ, 2:37). ആസാ രാജാവ് തന്റെ അമ്മയായ മയഖായുടെ മേച്ഛവിഗ്രഹം വെട്ടിമുറിച്ചു ചുട്ടുകളഞ്ഞതു കിദ്രോൻ തോട്ടിനരികെ വച്ചായിരുന്നു. (1രാജാ, 15:13). അഥല്യയെ വധിച്ചതും ഇവിടെ വച്ചായിരുന്നു. (2രാജാ, 11:16). തുടർന്നു വിഗ്രഹാരാധനയുടെ ഉപകരണങ്ങൾ ഒക്കെയും യഹോവയുടെ മന്ദിരിത്തിൽ നിന്നും പുറത്തുകൊണ്ടു പോയി ചുട്ടു നശിപ്പിച്ചതു കിദ്രോൻ താഴ്വരയിൽ ആയിരുന്നു: (2 രാജാ, 23:4, 6, 12; 2ദിന, 29:16; 30:14). യോശീയാവിൻറ കാലത്തു യെരൂശലേമിൻ്റെ പൊതു ശ്മശാനമായിരുന്നു ഈ താഴ്വര. (2രാജാ, 23:6; യിരെ, 26:23; 31:39). യെഹെസ്കേൽ പ്രവാചകൻ ഉണങ്ങിയ അസ്ഥികൾ ദർശിച്ചത് ഈ താഴ്വരയിലാണ്. (യെഹെ, 37). കിദ്രോൻ തോട്ടിന്റെ കിഴക്കെ കരയിലാണു ഗെത്ത്ശെമന. ക്രൂശീകരണത്തിനു മുമ്പ് കർത്താവു പ്രാർത്ഥിക്കുവാൻ പോയതു ഈ തോട്ടത്തിലായിരുന്നു. (യോഹ, 18:1).
കൈസര്യയ്ക്കും യോപ്പയ്ക്കും മദ്ധ്യേ മെഡിറ്ററേനിയൻ സമുദ്രത്തിൽ പതിക്കുന്ന ഒരു തോട്. യോശു, 16:8). എഫ്രയീമിന്റെയും മനശ്ശെയുടെയും അതിരാണു കാനാതോട്. “പിന്നെ ആ അതിർ കാനാതോട്ടിങ്കലേക്കു തോട്ടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിന്നുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്നു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.” (യോശു, 17:9).
പാർസിരാജ്യത്തിലെ ഏലാം സംസ്ഥാനത്തിൽ സൂസയ്ക്കു (ശൂശൻ) കിഴക്കുമാറി ഒഴുകുന്ന നദി. ഊലായി നദീതീരത്തു വച്ചു ദാനീയേലിനു ദർശനം ലഭിച്ചു. “ഞാൻ ഒരു ദർശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നപ്പോൾ അതു കണ്ടു; ഞാൻ ഊലായി നദീതീരത്തു നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.” (ദാനീ, 8:2). “ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.” (ദാനീ, 8:16).
ബാബിലോണിലെ ഒരു നദി. പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ കാലത്ത് ബാബേൽ പ്രവാസികളിൽ ഒരു വിഭാഗത്തെ മടക്കി അയച്ചു. അവർ അഹവാ നദീതീരത്ത് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി. (എസ്രാ, 8:21). പട്ടണത്തിന്റെ പേരാണ് നദിക്കു കൊടുത്തിട്ടുള്ളത്. അഹവായിലേക്കു ഒഴുകുന്ന ആറ് എന്നു എസ്രാ 8:15-ൽ കാണാം.