നടുക്കടലിൽ ഉത്തരമരുളുന്ന ദൈവം
യേശുവിന്റെ വിളികേട്ടിറങ്ങിത്തിരിച്ച് യേശുവിന്റെ ദൗത്യവുമായി ലോകസാഗരത്തിലൂടെ മുമ്പോട്ടുപോകുന്ന ഒരു ദൈവപൈതലിന് കൊടുങ്കാറ്റിനെയും കൂരിരുട്ടിനെയും തിരമാലകളെയും അഭിമുഖീകരിക്കേണ്ടിവരും. മരണത്തിന്റെ താഴ്വാരങ്ങളിലൂടെയുള്ള ആ പ്രയാണത്തിൽ അവനിൽ ഉരുത്തിരിയുന്ന പ്രതികരണങ്ങളാണ് അവന്റെ ജയാപജയങ്ങൾ നിർണ്ണയിക്കുന്നത്. യെഹൂദന്മാരുടെ ക്രൂരമായ മർദ്ദനത്താൽ തളർന്നവശനായി യെരുശലേമിൽ തടവറയിൽ കിടക്കുന്ന പൗലൊസിന്റെ അടുത്തേക്ക് രാത്രിയിൽ കർത്താവ് കടന്നുചെന്ന് അവനോട് നീ എന്നെ യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു (പ്രവൃ, 23:11) എന്നു കല്പിച്ചു. കർത്താവിന്റെ കല്പന അനുസരിച്ച് റോമിലെത്തുവാനായി റോമാപൗരനായ പൗലൊസ് തന്റെ വിചാരണ റോമിൽ കൈസരുടെ ന്യായാസനത്തിനു മുമ്പാകെ വേണമെന്നു വാദിച്ചപ്പോൾ അവനെ റോമിലേക്ക് അയയ്ക്കുവാൻ അവർ നിർബ്ബന്ധിതരായി. കപ്പലിൽ റോമിലേക്കുള്ള യാത്ര ആരംഭിച്ചപ്പോൾ കാറ്റ് അവർക്ക് അനുകൂലമായിരുന്നു. എന്നാൽ യാത്ര തുടർന്നപ്പോൾ ഈശാനമൂലൻ എന്ന ഭീകരമായ കൊടുങ്കാറ്റ് ആഞ്ഞടിച്ച് കപ്പലിന്റെ നിയന്ത്രണം അസാദ്ധ്യമാക്കി. ചരക്കെല്ലാം അവർ കടലിൽ എറിഞ്ഞു കളഞ്ഞു. കൊടുങ്കാറ്റിനു ശമനമുണ്ടാകാതിരുന്ന ആ വേളയിൽ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണുവാൻ കഴിയാതെ, ദിനരാത്രങ്ങൾ വേർതിരിച്ചറിയുവാൻ കഴിയാതെ അവർ ഘോരാന്ധകാരത്തിൽ ആടിയുലഞ്ഞു. മരണത്തിന്റെ ഗന്ധം വമിക്കുന്ന അതിഭയാനകമായ ആ സാഹചര്യത്തെ പൗലൊസ് നേരിട്ടത് ഉപവാസത്തോടു കൂടെയായിരുന്നു. നിശ്ചിത കാലയളവിൽ പൂർത്തിയാക്കുവാനായിട്ടല്ല അവൻ ഉപവാസം ആരംഭിച്ചത്. കാരണം, ഈശാനമൂലൻ എത്രനാൾ തുടരുമെന്ന് ആർക്കും നിർണ്ണയിക്കുവാൻ സാദ്ധ്യമല്ലായിരുന്നു. അവന്റെ സഹയാത്രികരായി കപ്പലിലുണ്ടായിരുന്ന 275 പേരും അവനോടുകൂടെ ഉപവാസമാരംഭിച്ചു. ഈശാനമൂലനിൽപ്പെട്ട് ആടിമറിയുന്ന കപ്പലിന്റെ അടിത്തട്ടിൽ, തടവുകാരെ പാർപ്പിച്ചിരുന്ന അറയിൽ കിടന്നിരുന്ന പൗലൊസിന്റെ അടുത്തേക്ക് അത്യുന്നതനായ ദൈവം തന്റെ ദൂതനെ അയച്ച് അവനോടൊപ്പമുള്ള 275 യാത്രികരെ അവനു നൽകിയിരിക്കുന്നതായും അവൻ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാണെന്നും അറിയിച്ചു. (പ്രവൃ, 27:23,24). പൗലൊസിന്റെ നിർബ്ബന്ധത്താൽ അവന്റെ സഹയാത്രികരും അവനോടൊപ്പം പതിന്നാലാമത്തെ ദിവസം ഉപവാസം അവസാനിപ്പിച്ചു. കപ്പൽ തകർന്നുവെങ്കിലും യാത്രക്കാരെല്ലാവരും പൗലൊസിനോടൊപ്പം മെലിത്തദ്വീപിലെത്തി. അങ്ങനെ മെലിത്താനിവാസികളെയും യേശുവിനുവേണ്ടി നേടുവാൻ പൗലൊസിനു കഴിഞ്ഞു. യേശു കല്പിച്ചതനുസരിച്ച് റോമിലെത്തുവാൻ തടവുകാരനായി പുറപ്പെട്ട പൗലൊസ് ശക്തമായ ഈശാനമൂലനെ നേരിട്ടപ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സന്നിധിയിൽ ഉപവസിച്ചു പ്രാർത്ഥിച്ച് തന്റെ 275 സഹയാത്രികരെ മാത്രമല്ല, മെലിത്താനിവാസികളെയും യേശുവിനുവേണ്ടി നേടി. കർത്താവിന്റെ വിളികേട്ട് അവന്റെ ദൗത്യത്തിനു വേണ്ടി നാം ഇറങ്ങിത്തിരിക്കുമ്പോൾ ‘ഈശാനമൂലനുകളെ’ നേരിടേണ്ടിവരും. എന്നാൽ, ഉപവാസത്തോടും പ്രാർത്ഥനയോടും അചഞ്ചലമായ വിശ്വാസത്തോടും അത്യുന്നതനായ ദൈവത്തെ മുറുകെപ്പിടിക്കുമ്പോൾ ഈശാനമൂലൻ സൃഷ്ടിക്കുന്ന അന്ധകാരത്തെ പിളർന്ന് അവൻ കടന്നുവന്ന് നമ്മെ രക്ഷിക്കും; അവന്റെ ദൗത്യത്തിൽ വിജയക്കൊടി പാറിക്കുവാൻ നമ്മെ സഹായിക്കും.