പ്രവൃത്തി കണ്ട് മാനസാന്തരം വിലയിരുത്തുന്ന ദൈവം
ദൈവാലയാരാധനകളിലും കൺവെൻഷനുകളിലും ധ്യാനങ്ങളിലും ഉപവാസ ശുശ്രൂഷകളിലുമെല്ലാം മുടക്കം കൂടാതെ പങ്കെടുക്കുന്നവർ അനേകരാണ്. ഇങ്ങനെയുള്ള ആത്മീയ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതുകൊണ്ടുമാത്രം ദൈവം തന്റെ കൃപയും കാരുണ്യവും ചൊരിയുകയില്ലെന്നും, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ മനുഷ്യൻ ശ്രവിക്കുന്ന ദൈവത്തിന്റെ ശബ്ദത്തെ അനുസരിച്ച് പാപം വിട്ടുതിരിഞ്ഞുവെന്നു പ്രവൃത്തികൊണ്ട് ദൈവത്തെ ബോദ്ധ്യമാക്കുമ്പോഴാണ്, ദൈവം തന്റെ കാരുണ്യത്തിന്റെ കലവറ തുറക്കുന്നതെന്നും നീനെവേ നിവാസികളോടുള്ള ദൈവത്തിന്റെ പ്രതികരണ വിളംബരം ചെയ്യുന്നു. മേച്ഛതയിലും വഷളത്തത്തിലും ആണ്ടുകിടന്ന നീനെവേ നിവാസികളുടെ അടുക്കലേക്ക് “ഇനി 40 ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും” (യോനാ, 3:4) എന്ന മുന്നറിയിപ്പു നൽകുവാനായി ദൈവം തന്റെ പ്രവാചകനായ യോനായെ അയച്ചു. ദൈവത്തിന്റെ മുന്നറിയിപ്പു കേട്ട മാത്രയിൽ നീനെവേക്കാർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ഓരോരുത്തരും അവരവരുടെ ദുർമ്മാർഗ്ഗങ്ങളും സാഹസങ്ങളും ഉപേക്ഷിച്ച് മനംതിരിഞ്ഞ് ഉപവസിക്കുവാൻ നീനെവെ രാജാവ് വിളംബരം പുറപ്പെടുവിച്ചു. അങ്ങനെ നീനെവേനിവാസികൾ, കന്നുകാലികൾക്കുപോലും തീറ്റയോ വെള്ളമോ കൊടുക്കാതെ ഒന്നടങ്കം ഉപവസിച്ചു. ഒരു ദേശം മുഴുവൻ ഇത്ര തീക്ഷണതയോടെ അത്യുന്നതനായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഉപവസിച്ചിട്ടും അവർ ഉപവസിച്ച ഉടനേ അവരുടെമേൽ താൻ വരുത്തും എന്നരുളിച്ചെയ്ത ശിക്ഷാവിധി ദൈവം മാറ്റുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. എന്നാൽ അവർ ഉപവാസത്തിനുശേഷം തങ്ങളുടെ പാപപങ്കിലമായ വഴികൾ വിട്ടു തിരിഞ്ഞുവെന്ന് ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ട് മനസ്സലിഞ്ഞു; താൻ അവർക്കു വരുത്തുമെന്ന് അരുളിച്ചെയ്ത അനർത്ഥം വരുത്തിയതുമില്ല. (യോനാ, 3:10). നാം ഉപവാസങ്ങൾ അനുഷ്ഠിക്കുമ്പോഴും ദൈവവചനം ശ്രവിക്കുമ്പോഴും അനുതാപത്തോടെ പ്രാർത്ഥനാപൂർവം എടുക്കുന്ന തീരുമാനങ്ങളിലല്ല ദൈവം പ്രസാദിച്ച് ഉത്തരമരുളുന്നത്, പിന്നെയോ ദൈവസ്വഭാവത്തോടു താദാത്മ്യം പ്രാപിക്കുവാനായി നാം എടുത്ത തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് ദൈവം പ്രസാദിക്കുന്നതെന്ന് നിനെവേനിവാസികളോടുള്ള ദൈവത്തിന്റെ സമീപനം നമ്മെ പഠിപ്പിക്കുന്നു.