മഗദാ, മഗ്ദല (Magdala)
ഗലീലാക്കടലിന്റെ പടിഞ്ഞാറുള്ള പട്ടണമാണ് മഗ്ദല. മഗ്ദലേന എന്ന വിശേഷണ രൂപം ഒരു മറിയയെ മറ്റു മറിയകളിൽ നിന്നു വേർതിരിച്ചു കാണിക്കുന്നതിനായി സുവിശേഷങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. മഗ്ദലയിൽ നിന്നുള്ളവൾ എന്നത്രേ മഗ്ദലേനയ്ക്കു അർത്ഥം. പുതിയനിയമകാലത്തു മഗ്ദലയ്ക്കു നല്കിയിരുന്ന ഗ്രീക്കുപേരാണ് ടാറിഖെയ (Tarichea). മഗ്ദല മത്സ്യവ്യവസായത്തിനു പ്രസിദ്ധമായിരുന്നു. ഇതിന്റെ ആധുനിക നാമം മെഗദെൽ (Megdel) ആണ്. മഗ്ദല തിബെര്യാസിൽ നിന്ന് അല്പം അകലെയാണെന്നു തല്മൂദ് പറയുന്നു. തിബെര്യാസ് കടലിന് 5 കി.മീറ്റർ വടക്കാണ് മഗ്ദല. ഇത് തല്മൂദിലെ പ്രസ്താവനയുമായി ഒക്കുന്നു. മത്തായി 15:39-ലെ മഗദാ മഗ്ദലയാണ്. മർക്കൊസ് സുവിശേഷത്തിൽ സമാന്തരഭാഗത്ത് (8:10) ദല്മനൂഥ എന്നു കാണുന്നു.