അലക്സാന്ത്രിയ

അലക്സാന്ത്രിയ (Alexandria)

പേരിനർത്ഥം – പ്രതിരോധിക്കുന്ന പുരുഷന്മാർ

നൈൽ ഡൽറ്റയുടെ ഉത്തര പശ്ചിമതീരത്തുള്ള തുറമുഖപട്ടണം. നൈൽനദിയുടെ ഏറ്റവും പടിഞ്ഞാറെ ശാഖയായ റോസറ്റയുടെ മുഖത്തിന് തെക്കുപടിഞ്ഞാറ് അബുക്വിർ ഉൾക്കടലിനും മരിയോട്ടീസ് തടാകത്തിനുമിടയിൽ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു. കെയറോ പട്ടണത്തിൽ നിന്നു 208 കിമീറ്റർ അകലെയാണ് അലക്സാന്ത്രിയ. ബി.സി. 332-ൽ മാസിഡോണിയയിലെ ചക്രവർത്തിയായ അലക്സാണ്ടർ ഈ പട്ടണം സ്ഥാപിച്ചു സ്വന്തം പേരു നൽകി. ക്രിസ്തുവിന്റെയും അപ്പൊസ്തലന്മാരുടെയും കാലത്ത് ഈജിപ്റ്റിലെ പ്രധാന പട്ടണമായിരുന്നു അലക്സാന്ത്രിയ. ആധുനിക അലക്സാണ്ഡ്രിയ (അറബിയിൽ: അൽ-ഇസ്കന്തരിയാ) പഴയസ്ഥാനത്തുള്ള ഒരു തുറമുഖം തന്നെയാണെങ്കിലും പൂർവ്വകാലമഹത്വം അതിനിപ്പോൾ ഇല്ല. ഈജിപ്റ്റിലെ ഗ്രേക്കോ-മാസിഡോണിയൻ രാജാക്കന്മാരായ ടോളമിമാരുടെ ഭരണകാലത്തു് (ബി.സി. 323-30) അലക്സാന്ത്രിയ ഈജിപ്റ്റിന്റെ തലസ്ഥാനമായിരുന്നു. ആദ്യ രാജാക്കന്മാരുടെ കാലത്ത് അത് യവന സംസ്കാരത്തിന്റെ കേന്ദ്രമായി മാറി. റോമൻ ഭരണകാലത്തും ഈ നില തുടർന്നു. എ.ഡി. 7-ാം നൂറ്റാണ്ടിലെ അറബികളുടെ ആക്രമണംവരെയും റോമൻ ബൈസാന്റിയൻ കാലങ്ങളിൽ ഈജിപ്റ്റിന്റെ ഭരണകേന്ദ്രമായിരുന്നു അലക്സാന്ത്രിയ. 

വളരെക്കാലം അലക്സാന്ത്രിയയിലെ ജനസംഖ്യയിൽ സിംഹഭാഗവും യെഹൂദന്മാരായിരുന്നു. ഒരുകാലത്ത് എട്ടു ലക്ഷത്തോളം യെഹൂദന്മാർ ഇവിടെ ഉണ്ടായിരുന്നു. യെരുശലേമിന്റെ പതനകാലത്ത് ഈജിപ്റ്റിലേക്ക് ഓടിപ്പോയ അഭയാർത്ഥികളുടെ സന്തതികളാണ് ഇവരിലധികവും. തിബെര്യൊസ് കൈസരിന്റെ കാലത്ത് പട്ടണത്തിലെ ജനസംഖ്യയുടെ മുന്നിലൊന്നു യെഹൂദന്മാർ ആയിരുന്നുവെന്നു പറയപ്പെടുന്നു. റെജിയോ യുദെയോരും (Regio Judaeorum) എന്ന പേരിൽ അവരുടെ ഒരു പ്രത്യേക താവളത്തിൽ സ്വന്തം ന്യായപ്രമാണവും സ്വന്തം ഗവർണറുമായി കഴിയുവാൻ അവരെ അനുവദിച്ചിരുന്നു. യവനർക്കു തുല്യമായ അവകാശങ്ങൾ യെഹൂദന്മാർക്കും അനുവദിച്ചു. യെഹൂദന്മാരുടെ വാണിജ്യസാമർത്ഥ്യം, ഈ പട്ടണത്തിന്റെ സമ്പൽസമൃദ്ധി വർദ്ധിപ്പിക്കുകയും അതിനെ പ്രധാന ധനവിനിമയ കേന്ദ്രമായി മാറ്റുകയും ചെയ്തു. ഇവിടത്തെ വ്യവസായ ശാലകളിൽനിന്നും തുറമുഖങ്ങളിൽനിന്നും പാപ്പിറസ്, ഗ്ലാസ്, സുഗന്ധദ്രവ്യങ്ങൾ, തുണിത്തരങ്ങൾ, ഗോതമ്പു തുടങ്ങിയ അനേകം സാധനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. എബ്രായ ബൈബിളിന്റെ (പഴയനിയമം) ആദ്യത്തെ വിവർത്തനമായ സെപ്റ്റ്വജിന്റ് അഥവാ ഗ്രീക്കുസപ്തതി നിർമ്മിച്ചത് ഇവിടെവെച്ചായിരുന്നു. ടോളമി ഫിലാഡൽഫസിന്റെ കാലത്തായിരുന്നു അത്. പട്ടണത്തിൽ എല്ലായിടവും യെഹൂദന്മാരുടെ സിനഗോഗുകൾ ഉണ്ടായിരുന്നു. ജ്ഞാനഗ്രന്ഥങ്ങൾ അധികവും നിർമ്മിക്കപ്പെട്ടത് ഇവിടെവെച്ചാണ്. പ്രസിദ്ധ പണ്ഡിതനായി ഫിലോ അലക്സാണ്ഡ്രിയനാണ്.

ക്രിസ്തുമാർഗ്ഗം അലക്സാന്ത്ര്യയിൽ പ്രവേശിച്ചത് എന്നാണെന്നോ എങ്ങനെയാണെന്നോ നമുക്കറിയില്ല. വിശ്വസിക്കാൻ പ്രയാസമായ പാരമ്പര്യങ്ങളനുസരിച്ചു മർക്കൊസാണിവിടെ സുവിശേഷം പ്രസംഗിച്ചത്. അപ്പൊസ്തലിക സഭയിൽ ഒരു പ്രമുഖ വ്യക്തിയും വാഗ്മിയും സഞ്ചാര പ്രസംഗിയുമായിരുന്ന അപ്പൊല്ലൊസ് (പ്രവൃ, 18:24) അലക്സാന്ത്ര്യൻ യെഹൂദനായിരുന്നു. രണ്ടാം നൂറ്റാണ്ടിൽ ക്രൈസ്തവ പഠനത്തിന്റെ ഒരു പ്രമുഖ കേന്ദ്രമായിരുന്ന ഇവിടെ അതിന്റെ നേതൃത്വം വഹിച്ചിരുന്നത് ക്ലെമന്റും ശിഷ്യൻ ഓറിജനുമാണു. ക്രൈസ്തവ ഗ്രീക്കു തിരുവെഴുത്തുകളുടെ കാനോനികതയെക്കുറിച്ച് വിലയേറിയ സാക്ഷ്യം നല്കിയിട്ടുള്ളവരാണിവർ. നാലാം നൂറ്റാണ്ടിലെ അത്തനേഷ്യസ് അലക്സാന്ത്ര്യയിലെ ബിഷപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *