മഹാസമുദ്രം (Great Sea)
മഹാസമുദ്രം (വലിയ കടൽ) എന്നാണ് ബൈബിളിൽ പൊതുവെ മെഡിറ്ററേനിയൻ സമുദ്രത്ത വിളിച്ചിട്ടുള്ളത്: (യോശു, 1:4; 9:1; 15:12; യെഹെ, 47:10; 48:28; ദാനീ, 7:2). അപ്പൊസ്തല പ്രവൃത്തികളിൽ കടൽ എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. (10:6; 27:30). യിസ്രായേലിനു വാഗ്ദാനം ചെയ്യപ്പെട്ട പ്രദേശത്തിന്റെ പശ്ചിമ അതിർത്തി മെഡിറ്ററേനിയൻ സമുദ്രം ആണ്. “പടിഞ്ഞാറു മഹാസമുദ്രം വരെയും നിങ്ങളുടെ അതിരായിരിക്കും.” (യോശു, 1:4). മെഡിറ്ററേനിയൻ സമുദ്രത്തിനു തെക്ക് ആഫ്രിക്കയും വടക്കു സ്പെയിൻ, ഇറ്റലി, ഗ്രീസ്, ഏഷ്യാമൈനർ എന്നിവയും കിഴക്കു സിറിയയും പലസ്തീനും സ്ഥിതി ചെയ്യുന്നു. പശ്ചിമഭാഗത്തുള്ള ജിബ്രാൾട്ടർ കടലിടുക്ക് മെഡിറ്ററേനിയൻ സമുദ്രത്തെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുന്നു. ഈ സമുദ്രത്തെ ചെങ്കടലുമായി യോജിപ്പിക്കുന്നതു തെക്കുകിഴക്കുള്ള സൂയസ് തോടാണ്. പലസ്തീന്റെ പടിഞ്ഞാറെ അതിരാണ് മെഡിറ്ററേനിയൻ സമുദ്രം. മെഡിറ്ററേനിയന്റെ പലസ്തീൻ തീരത്തു തുറമുഖങ്ങൾ കുറവാണ്. തന്മൂലം യിസ്രായേലിന് മഹാസമുദ്രം കൊണ്ടുള്ള പ്രയോജനം വളരെക്കുറവാണ്. പഴയനിയമകാലത്തു യോപ്പ (ആധുനിക ജാഫ) ഒരു തുറമുഖമായി പ്രയോജനപ്പെട്ടിരുന്നു. റോമൻ ഭരണകാലത്ത് കൈസര്യ പലസ്തീന്റെ ഒരു പ്രധാന തുറമുഖമായി തീർന്നു. കർമ്മേൽ പർവ്വതത്തിന്റെ അടിവാരത്തുള്ള ഹൈഫയാണ് ആധുനിക യിസ്രായേലിന്റെ പ്രധാന മെഡിറ്ററേനിയൻ തുറമുഖം. പൗലൊസ് അപ്പൊസ്തലന്റെ കാലത്തു മെഡിറ്ററേനിയൻ തീരത്തുള്ള എല്ലാ പ്രദേശങ്ങളും റോമാ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. പൗലൊസിൻ്റെ മിഷണറിയാത്ര ഈ സമുദ്രത്തിലുടെയായിരുന്നു.