സദൃശ്യവാക്യങ്ങളിൽ പറയുന്ന ജ്ഞാനം (wisdom) നമ്മുടെ കർത്താവായ യേശുവാണെന്ന് യഹോവസാക്ഷികളെ പോലുള്ളവർ പഠിപ്പിക്കുന്നു. സദൃശ്യവാക്യങ്ങൾ 8:22-30 വാക്യങ്ങൾ പ്രകാരം ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണ് യേശുവെന്ന് അവർ വിചാരിക്കുന്നു. അതിൽ വല്ല വസ്തുതയുമുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്:
1️⃣ ജ്ഞാനത്തെ (wisdom) കുറിക്കുന്ന “ഹക്മാ” (חָכְמָ֥ה – hakma) എന്ന എബ്രായപദം സദൃശ്യവാക്യങ്ങളിൽ 38 വേദഭാഗത്തായി 40 പ്രാവശ്യം കാണാൻ കഴിയും. അതൊരു സ്ത്രീലിംഗ നാമപദമാണ് (feminine noun): [കാണുക: Pro, 1:2; Pro, 1:7; Pro, 1:8]. പലരും വിചാരിക്കുന്നപോലെ ജ്ഞാനം ക്രിസ്തു ആയിരുന്നെങ്കിൽ, സ്ത്രീലിംഗ നാമപദം ഉപയോഗിക്കില്ലായിരുന്നു. ദൈവത്തിനു് ജെൻ്ററില്ല; ദൈവം പുരുഷനോ, സ്ത്രീയോ അല്ല. ദൂതന്മാർക്കും ജെൻ്ററില്ലെന്ന് കർത്താവിൻ്റെ വാക്കിനാൽ മനസ്സിലാക്കാം: (മത്താ, 22:30; മർക്കൊ, 12:25; ലൂക്കൊ, 20:35-36). എന്നാൽ ക്രിസ്തു മനുഷ്യനും വിശേഷാൽ പുരുഷനുമാണ്. ഗ്രീക്കിലെ “ആന്ത്രോപോസ്” (ἄνθρωπος – ánthrōpós) എന്ന പദത്തിനു്, മനുഷ്യൻ (human being), വ്യക്തി (person), മനുഷ്യവംശം (mankind) എന്നിങ്ങനെയാണ് അർത്ഥം. ആന്ത്രോപോസിനെ ഇംഗ്ലീഷിൽ Man എന്നും മലയാളത്തിൽ മനുഷ്യൻ എന്നുമാണ് പരിഭാഷ. ഇംഗ്ലീഷിലെ Man എന്നതിന് രണ്ടർത്ഥമുണ്ട്: 1. മനുഷ്യവർഗ്ഗത്തിലെ ഒരംഗം. 2. പ്രായപൂർത്തിയായ ഒരു പുരുഷ്യൻ. മലയാളത്തിൽ മനുഷ്യൻ എന്നു പറഞ്ഞാൽ പ്രധാനമായും മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്നാണർത്ഥം. സ്ത്രീയുടെ വിപര്യായം (antonym) മനുഷ്യൻ എന്നല്ല; പുരുഷൻ എന്നാണ്. ക്രിസ്തുവിനെ മനുഷ്യവർഗ്ഗത്തിലെ ഒരംഗം എന്ന നിലയിൽ “മനുഷ്യൻ” (ánthrōpós) എന്നും സ്ത്രീയുടെ വിപര്യായം എന്ന നിലയിൽ “പുരുഷൻ” (അനീർ – ἀνὴρ – anḗr) എന്നും അഭിന്നമായിട്ട് പറഞ്ഞിട്ടുണ്ട്: (കാണുക: യോഹ, 5:12; യോഹ, 7:46; യോഹ, 9:11 → യോഹ, 1:30; പ്രവൃ, 2:22; 2കൊരി,11:2). ക്രിസ്തു ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ക്രിസ്തു മനുഷ്യനാണെന്ന് അൻപതുപ്രാവശ്യം പറഞ്ഞിട്ടുണ്ട്: [കാണുക: മനുഷ്യനായ ക്രിസ്തുയേശു]. അവൻ പുരുഷനാണെന്നതിന് ചരിത്രപരമായും തെളിവുണ്ട്. അവനെ പരിച്ഛേദന കഴിച്ചത് പുരുഷപ്രജ ആയതുകൊണ്ടാണ്: (ലൂക്കൊ, 1:21). ജ്ഞാനം യേശുവായിരുന്നെങ്കിൽ, “ഹക്മാ” (חָכְמָ֥ה – hakma) എന്ന സ്ത്രീലിംഗ നാമപദം (feminine noun) പുരുഷനായ യേശുവിനു് ഒരിക്കലും ഉപയോഗിക്കില്ലായിരുന്നു.
2️⃣ സദൃശ്യവാക്യങ്ങളിൽ നിന്നുതന്നെ മറ്റൊരു തെളിവ് കാണിക്കാം: “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.” (സദൃ, 12:15). ഈ വേദഭാഗത്ത്, ഭോഷൻ (fool) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “എവിൽ” (לֶֽאֱוִ֣יל – le’evíl) എന്ന പദം പത്തിലേറെ പ്രാവശ്യം കാണാം, (കാണുക: Pro, 7:22; Pro, 10:8; Pro, 11:29). ഇതൊരു പുല്ലിംഗ നാമവിശേഷണം (masculine adjective) അഥവാ, പുരുഷനെ കുറിക്കുന്ന പദമാണ്. ബുദ്ധിയില്ലാത്തവൻ അഥവാ, ഭോഷൻ എന്നാണർത്ഥം. സാക്ഷികളുടെ ബൈബിളായ പുതിയലോകം ഭാഷാന്തരത്തിൽ “വിഡ്ഢി” (fool) എന്നാണ്. ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനാണ് സദൃശ്യവാക്യങ്ങളുടെ എഴുത്തുകാരൻ എന്നോർക്കണം: (1രാജാ, 4:29-30). ഒരു വിഡ്ഢിയായ മനുഷ്യനെ കുറിക്കാൻ പുല്ലിംഗപദം ഉപയോഗിച്ച ശലോമോൻ, “ജ്ഞാനം” നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു ആയിരുന്നെങ്കിൽ സ്ത്രീലിംഗപദം ഉപയോഗിക്കുമായിരുന്നോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ് അല്ലെങ്കിൽ, ദൈവപ്രചോദിതമായി എഴുതിയതാണെന്ന് വിശ്വസിക്കാത്തവരാണ് വചനത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്.
3️⃣ ജ്ഞാനത്തിനു് “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന അനേകം വേദഭാഗങ്ങൾ സദൃശ്യവാക്യങ്ങളിൽ കാണാം. എബ്രായ ബൈബിളിലെ വാക്യം കാണിക്കാം: “Wisdom crieth aloud in the streets, she uttereth her voice in the broad places; She calleth at the head of the noisy streets, at the entrances of the gates, in the city, she uttereth her words:” (Pro, 1:20-21, MasoreticText). “ജ്ഞാനമായ അവൾ വീഥികളിൽ ഘോഷിക്കുന്നു; വിശാലസ്ഥലങ്ങളിൽ സ്വരം കേൾപ്പിക്കുന്നു. അവൾ നഗരത്തിൽ, ആരവമുള്ള വീഥികളുടെ തലെക്കലും പടിവാതിലുകളുടെ പ്രവേശനകവാടത്തിലും വിളിച്ചു പറയുന്നു; അവൾ തന്റെ വാക്കുകൾ പ്രസ്താവിക്കുന്നു:” (ഇംഗ്ളീഷ് മേല്പറഞ്ഞ രണ്ട് വേദഭാഗത്തും, ജ്ഞാനത്തിനു് “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമം (Feminine Pronoun) വ്യക്തമായി പറഞ്ഞിട്ടുണ്ട്. [ഒ.നോ: Tanakh, JewishVirtualLibrary]. ഇതുപോലെ പല വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്: സദൃ, 8:1-3. [കാണുക: MasoreticText, Tanakh, JewishVirtualLibrary]. സദൃ, 9:1-3. [കാണുക: MasoreticText, Tana kh, JewishVirtualLibrary]. മേല്പറഞ്ഞ മൂന്നു വേദഭാഗത്തും ജ്ഞാനത്തെ “അവൾ” (She) എന്ന സ്ത്രീലിംഗ സർവ്വനാമമാണ് (Feminine Pronoun) ഉപയോഗിച്ചിരിക്കുന്നത്. അവിടെപ്പറയുന്ന ജ്ഞാനം ക്രിസ്തു ആയിരുന്നെങ്കിൽ, “അവൻ” (He) എന്ന പുല്ലിംഗസർവ്വനാമം (Masculine pronoun) അല്ലാതെ, സ്ത്രീലിംഗം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോനു് അതൊന്നും അതറിയില്ലായിരുന്നെന്നാണ് നിങ്ങൾ കരുതുന്നത്? ലോകത്ത്, യഹോവസ്ക്ഷികളുടെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളിൽ മാത്രം, “അതു” (it) എന്ന നപുംസഗലിംഗമാണ് കാണുന്നത്. എന്നാൽ നിങ്ങൾ മനസ്സിലാക്കിക്കൊൾക: യേശുവെന്ന പുരുഷനു് “അതു” എന്ന നപുംസകലിംഗം ഉപയോഗിക്കാനും വ്യാകരണത്തിൽ വ്യവസ്ഥയില്ല.
4️⃣ പുതിയനിയമത്തിൽനിന്ന് ഒരു തെളിവ് കാണിക്കാം: യേശു ജ്ഞാനമാണെന്ന് യഹോവസാക്ഷികൾ വിചാരിക്കുന്നപോലെ, അവൻ വചനമാണെന്ന് ട്രിനിറ്റിയും വിചാരിക്കുന്നു. യേശു വചനമാണെന്ന് ബൈബിളിലെ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെട്ട വാക്കിനെയാണ് “വചനം” എന്ന് പറയുന്നത്: (യെശ, 55:12). പുതിയനിയമത്തിൽ ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെട്ട വചനത്തെ (word) കുറിക്കാൻ “റീമ” (ῥῆμα – rēma) എന്ന നപുംസകലിംഗ നാമപദവും (neuter noun) “ലോഗോസ്” (λόγος – logos) എന്ന പുല്ലിംഗ നാമപദവും (masculine noun) അഭിന്നമായി ഉപയോഗിച്ചിട്ടുണ്ട്. (കാണുക: Psa, 33:6 → Heb, 11:3; 2Pet, 3:5). യോഹന്നാൻ്റെ സുവിശേത്തിൽ പറയുന്ന ക്രിസ്തു വചനമല്ല; ദൈവത്തിൻ്റെ വചനം ജഡമായിത്തീർന്നവൻ അഥവാ, മനുഷ്യനായിത്തീർന്നവനാണ്: (യോഹ, 1:14). യോഹന്നാൽ ജഡമായിത്തീർന്നു എന്ന് പറയുന്ന യേശു, ഒരു പുരുഷൻ ആയതുകൊണ്ടാണ്, “റീമ” (rēma – word)) എന്ന “നപുംസകലിംഗം” (neuter) ഉപയോഗിക്കാതെ, “ലോഗോസ്” (logos – വചനം) എന്ന “പുല്ലിംഗം” (masculine) യോഹന്നാൻ ഉപയോഗിച്ചത്. വചനം ജഡമായിത്തീർന്നു എന്ന് പറയുന്നവനു് പുല്ലിംഗനാമപദം ഉപയോഗിച്ചുവെങ്കിൽ, ജ്ഞാനം യഥാർത്ഥത്തിൽ ക്രിസ്തു ആയിരുന്നെങ്കിൽ, സ്ത്രീലിംഗനാമപദം ഉപയോഗിക്കുമായിരുന്നോ? വചനത്തെയും ഭാഷയെയും അതിക്രമിക്കുമ്പോഴാണ്, ദുരുപദേശം ഉണ്ടാകുന്നത്. [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?]
5️⃣ സദൃശ്യവാക്യങ്ങളിൽ പറയുന്ന “ജ്ഞാനം” (wisdom) ഒരു വ്യക്തിയല്ല; ഒരു സൽഗുണം (Good attribute) അല്ലെങ്കിൽ, സവിശേഷ ഗുണമാണ് (special attribute). ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനുമുള്ള മാനസികനിലപാട് അഥവാ, മനസിന്റെ ശക്‌തിയാണ് ജ്ഞാനം. ജ്ഞാനത്തിൻ്റെ പര്യായങ്ങളാണ്: അറിവ്, പഠിപ്പ്, ബുദ്ധി, വിജ്ഞാനം, വിദ്യ, വിവേകം തുടങ്ങിയവ. ജ്ഞാനം ഒരു വ്യക്തിയല്ല എന്നതിൻ്റെ വ്യക്തമായ തെളിവുകൾ സദൃശ്യവാക്യങ്ങളിൽത്തന്നെ കാണാം. സാക്ഷികളുടെ ബൈബിളായ പുതിയലോകം ഭാഷാന്തരത്തിൽ നിന്നുതന്നെ അത് കാണിക്കാം. സുഭാഷിതങ്ങളിൽ ജ്ഞാനത്തെ കുറിക്കുന്ന പ്രഥമവാക്യം ഇപ്രകാരമാണ്: “ജ്ഞാനം നേടാനും ശിക്ഷണം സ്വീകരിക്കാനും ജ്ഞാനമൊഴികൾ മനസ്സിലാക്കാനും” (സുഭാ: 1:2). ഈ പ്രയോഗം ക്രിസ്തുവിനെ കുറിക്കുന്നതല്ല; ആർജ്ജിച്ചെടുക്കുന്ന ഒരു ഗുണത്തെക്കുറിച്ചാണെന്ന് ഭാഷയറിയാവുന്ന ആർക്കും മനസ്സിലാകും. ➦ “യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിൻ്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.” (സുഭാ: 2:6). ദൈവം തൻ്റെ ഭക്തന്മാർക്ക് നൽകുന്ന സൽഗുണമാണ് ജ്ഞാനമെന്ന് ഈ വേദഭാഗത്തുനിന്ന് മനസ്സിലാക്കാം. ➦ “ജ്ഞാനത്തോട്, “നീ എൻ്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക. (സുഭാ, 7:4). ക്രിസ്തു ദൈവമക്കളുടെ മൂത്ത സഹോദരനാണ്; അല്ലാതെ സഹോദരിയല്ല: (റോമ, 8:29 → എബ്രാ, 2:11). ➦ “യഹോവയോടുള്ള ഭയഭക്തിയാണ് ജ്ഞാനത്തിൻ്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം.” (സുഭാ, 9:10). ഒരു വ്യക്തിക്ക് ദൈവികമായ ജ്ഞാനം ഉണ്ടാകാൻ തുടങ്ങുന്നത് സത്യദൈവമായ യഹോവയോടുള്ള ഭയഭക്തി നിമിത്തമാണ്. താഴെയുള്ള പ്രയോഗങ്ങളും ശ്രദ്ധിക്കുക:
➦ എൻ്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക (5:1),
➦ ജ്ഞാനം പവിഴക്കല്ലുകളെക്കാൾ മേന്മയേറിയതാണ് (8:11),
➦ ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു (8:12),
➦ വകതിരിവുള്ളവൻ്റെ ചുണ്ടിൽ ജ്ഞാനമുണ്ട് (10:13),
➦ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.” (10:23),
➦ നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു (10:31),
➦ എളിമയുള്ളവർ ജ്ഞാനികളാണ്. (11:2),
➦ ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്. (13:10),
➦ വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു (14:8),
➦ യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു (15:33),
➦ ജ്ഞാനത്തിൻ്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ (18:4),
➦ ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക. (23:23),
➦ ജ്ഞാനംകൊണ്ട് വീടു പണിയുന്നു (24:3),
➦ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപെടും (28:26),
➦വടിയും ശാസനയും ജ്ഞാനം നൽകുന്നു (29:15),
➦കാര്യപ്രാപ്തിയുള്ള ഭാര്യ ജ്ഞാനത്തോടെ സംസാരിക്കുന്നു (31:26). ഇതൊക്കെ ക്രിസ്തുവാണെന്ന് പറയുന്നവരെ സമ്മതിക്കണം. മുഴുവൻ വാക്യങ്ങളും ഫുട്ട്നോട്ടിൽ കാണാം. [കാണുക: Footnote]
6️⃣ സദൃശ്യവാക്യങ്ങളിലെ പ്രധാനപ്പെട്ട രണ്ട് വേദഭാഗങ്ങൾ ഒഴികെ, “ജ്ഞാനം” (wisdom), “അവൾ” (She) എന്നിങ്ങനെ ജ്ഞാനത്തെക്കുറിച്ച് പ്രഥമപുരുഷനിൽ (3rd Person) പറയുന്നത് ഉത്തമപുരുഷനായ (1st Person) അഥവാ, എഴുത്തുകാരനായ ശലോമോനാണ്. എന്നാൽ രണ്ട് സ്ഥാനങ്ങളിൽ എഴുത്തുകാരൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം (Personification) കൊടുത്തിട്ട് ജ്ഞാനം സംസാരിക്കുന്നതായി കാണാം: “അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:” (സദൃ, 1:21). ഇത് ശലോമോൻ്റെ വാക്കുകളാണ്. “അവൾ അഥവാ, ജ്ഞാനം പ്രസ്താവിക്കുന്നതു:” എന്ന് പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞശേഷം ഭിത്തിക (:) അഥവാ അപൂർണ്ണവിരാമം (Colon) ഇട്ടിരിക്കുന്നത് നോക്കുക. “പറയാനുള്ള കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ചിഹ്നമാണ് ഭിത്തിക.”
താഴോട്ടുള്ള 1:22-മുതൽ അദ്ധ്യായത്തിൻ്റെ അവസാനം വരെയുള്ള ഭാഗങ്ങൾ ജ്ഞാനത്തെക്കൊണ്ടാണ് എഴുത്തുകാരൻ സംസാരിപ്പിക്കുന്നത്. അഥവാ, “എൻ്റെ, ഞാൻ” എന്നിങ്ങനെ ഉത്തമപുരുഷനിൽ (1st Person) സംസാരിക്കുന്നത് ജ്ഞാനമാണ്. അടുത്തത്, എട്ടാം അദ്ധ്യായത്തിലാണ്: “ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.” (സദൃ, 8:11). എട്ടാം അദ്ധ്യായം 1-മുതൽ 11-ാം വാക്യംവരെ “ജ്ഞാനം, അവൾ” എന്നിങ്ങനെ ജ്ഞാനത്തെ പ്രഥമപുരുഷനിൽ (3rd Person) പറഞ്ഞുകൊണ്ട്, ഉത്തമപുരുഷനായ (1st Person) ശലോമോനാണ് സംസാരിക്കുന്നത്. അടുത്തവാക്യം: “ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടു പിടിക്കുന്നു.” (സദൃ, 8:12). ഇവിടെ ശ്രദ്ധിക്കുക: ജ്ഞാനം തന്നെത്തന്നെ പരിചയപ്പെടുത്തിക്കൊണ്ട് ഉത്തമപുരുഷനിൽ (1st Person) തൻ്റെ പ്രഭാഷണം ആരംഭിക്കുകയാണ്. പിന്നീട് ആ അദ്ധ്യായത്തിൻ്റെ അവസാനംവരെ സംസാരിക്കുന്നത് ജ്ഞാനമാണ്. മേല്പറഞ്ഞ രണ്ട് ഭാഗങ്ങളിലും, എഴുത്തുകാരൻ ജ്ഞാനമെന്ന സവിശേഷ ഗുണത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനത്തെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. അതായത്, സദൃശ്യവാക്യങ്ങളിൽ വ്യക്തിവൽക്കരിക്കപ്പെട്ട ഒരു സ്ത്രീയായി (a personified woman) ജ്ഞാനത്തെ ആത്മീയമായി ചിത്രീകരിച്ചിരിക്കയാണ്. ഒന്നാം അദ്ധ്യായത്തിൽ പറയുന്നത്, മനുഷ്യരുടെ സൽഗുണമായ ജ്ഞാനത്തെക്കുറിച്ചും എട്ടാം അദ്ധ്യായത്തിൽ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തെക്കുറിച്ചുമാണ് പറയുന്നത്. ശലോമോൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നപോലെ, യോഹന്നാൻ്റെ തൻ്റെ സുവിശേഷത്തിൽ വചനത്തിനും മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നതു കാണാം. തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ: മേല്പറയപ്പെട്ട വേദഭാഗങ്ങളിൽ ശലോമോൻ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനത്തെക്കൊണ്ട് ഉത്തമപുരഷനിൽ സംസാരിപ്പിക്കുകയാണ്. എന്നാൽ യോഹന്നാൻ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നിങ്ങനെ വചനത്തെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത് യോഹന്നാൻ തന്നെയാണ്: (യോഹ, 1:1-3). ശലോമോൻ ജ്ഞാനത്തെ സ്ത്രീയായിട്ടും യോഹന്നാൻ വചനത്തെ പുരുഷനായിട്ടുമാണ ചിത്രീകരിച്ചിരിക്കുന്നത്.
7️⃣ യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണോ? “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നേ, ഭൂമിയുടെ ഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നേ. പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ. അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവൻ സമുദ്രത്തിന്നു അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃ, 8:22-30). യേശു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് കാണിക്കാൻ യഹോവസാക്ഷികൾ എടുക്കുന്ന വേദഭാഗമാണ് മേല്പറഞ്ഞത്. സദൃശ്യവാക്യങ്ങളിലെ ജ്ഞാനം ക്രിസ്തു അല്ലെന്ന് മുകളിൽ കണ്ടതാണ്. എട്ടാം അദ്ധ്യായത്തിൽ എഴുത്തുകാരൻ ദൈവത്തിൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, ജ്ഞാനം സംസാരിക്കുന്ന വേദഭാഗമാണ് മുകളിൽ കാണുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ “ഞാൻ അവിടെ ഉണ്ടായിരുന്നു” എന്നും (സദൃ, 8:27), ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോൾ “ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു” എന്നും (സദൃ, 8:29-30) ജ്ഞാനം പറയുന്നതിൻ്റെ അടിസ്ഥാനം എന്താണ്? ശലോമോൻ പറയുന്ന മറ്റൊരു വാക്യം കാണിക്കാം: ➦ “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃ, 3:19). യഹോവ തൻ്റെ ജ്ഞാനത്താലാണ് (חָכְמָה – hahma) സൃഷ്ടി നടത്തിയതതെന്ന് ശലോമോൻ പറയുന്നു. ദൈവം സകലവും സൃഷ്ടിച്ച തൻ്റെ സവിശേഷ ഗുണമായ ജ്ഞാനത്തിനാണ് ശലോമോൻ മനുഷ്യത്വാരോപണം കൊടുത്തിരിക്കുന്നത്. ജ്ഞാനത്തെ എഴുത്തുകാരൻ ഒരു സ്ത്രീയായി ചിത്രീകരിച്ചുകൊണ്ടാണ്, “ദൈവം ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോൾ ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു” എന്നൊക്കെ ജ്ഞാനനത്തെക്കൊണ്ട് പറയിക്കുന്നത്. ഇത് എഴുത്തുകാരൻ്റെ കാവ്യാത്മകമായ ഉപമാരീതിയാണ് (Poetic Allegory). അല്ലാതെ, ജ്ഞാനം മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ സവിശേഷ ഗുണമാണ്. ദൈവം ജ്ഞാനത്താലാണ് സൃഷ്ടി നടത്തിയത് എന്നതിന് വേറെയും വചനങ്ങളുണ്ട്: (യിരെ, 10:12; യിരെ, 51:15).
ദൈവം തൻ്റെ വചനത്താൽ സൃഷ്ടിച്ചു എന്നും പറഞ്ഞിട്ടുണ്ട്: “യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി.” (സങ്കീ, 33:6). അടുത്തവാക്യം: “ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും” (2പത്രൊ, 3:5 → എബ്രാ, 11:3). വചനം ദൈവത്തിൻ്റെ വായിൽനിന്ന് പുറപ്പെടുന്നതാണ്: “എന്റെ വായിൽ നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശ, 55:11 → 2ദിന, 36:12; ഇയ്യോ, 22:22; സങ്കീ, 119:72; യെശ, 45:23; യിരെ, 9:20; യെഹെ, 3:17; യെഹെ, 33:7). തൻ്റെ വായിൽനിന്നുവരുന്ന ഈ വചനത്താലാണ് ആദിയിൽ ദൈവം “ഉളവാകട്ടെ” എന്ന് കല്പിച്ചുകൊണ്ട് ആകാശവും ഭൂമിയും സൃഷ്ടിച്ചത്. അതുകൊണ്ടാണ്, യോഹന്നാൻ വചനത്തിനു് മനുഷ്യത്വാരോപണം കൊടുത്തിട്ട്, “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല” എന്നിങ്ങനെ വചനത്തെക്കുറിച്ച് പ്രഥമപുരുഷ സർവ്വനാമത്തിൽ പറയുന്നത്: (യോഹ, 1:1-3). “ലോകം അവൻ (വചനം) മുഖാന്തരം ഉളവായി” എന്ന പ്രയോഗം ശ്രദ്ധിക്കുക: (യോഹ, 1:10). സദൃശ്യവാക്യങ്ങളിലെപ്പോലെ, യോഹന്നാൻ ഒന്നാം അദ്ധ്യായം ഒന്നുമുതൽ പതിനാലുവരെ വ്യക്തിവൽക്കരിക്കപ്പെട്ട ഒരു മനുഷ്യനായി (a personified Man) വചനത്തെ ആത്മീയമായി ചിത്രീകരിച്ചിരിക്കയാണ്. വചനവും മറ്റൊരു വ്യക്തിയല്ല; ദൈവത്തിൻ്റെ വായിൽനിന്ന് വരുന്ന വാക്കാണ്. (യെശ, 55:11). പുതിയനിയമത്തിൽ വചനം (logos) ക്രിസ്തുവിൻ്റെയും അപ്പൊസ്തലന്മാരുടേയും വായിൽ നിന്നാണ് പുറപ്പെടുന്നത്: (ലൂക്കൊ, 4:22 → ലൂക്കൊ, 4:32, യോഹ, 12:48, യോഹ, 15:3; യോഹ, 17:20 → പ്രവൃ, 2:38; പ്രവൃ, 10:44). [കാണുക: ദൈവപുത്രൻ വചനമെന്ന ദൈവമാണോ?; വചനം ജഡമായിത്തീർന്നു]
8️⃣ യഹോവ ഒറ്റയ്ക്കാണ് സകലതും സൃഷ്ടിച്ചത്: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). തനിക്ക് സഹായി ഉള്ളതായി ദൈവത്തിനുപോലും അറിയില്ല. യഹോവസാക്ഷികളുടെ ഭാഷയിൽ സൃഷ്ടിയായ യേശു സ്രഷ്ടാവിനൊപ്പം സഹായിയായി ഉണ്ടായിരുന്നു. ട്രിനിറ്റിയുടെ ഭാഷയിൽ ദൈവമായ യേശു സ്രഷ്ടാവായ യേശു ദൈവത്തോടൊപ്പം സഹായിയായി ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ യഹോവയ്ക്കും (യെശ, 44:24), ദൈവപുത്രനായ യേശുവിനും (മത്താ, 19:4; മർക്കൊ, 10:6), പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനായ മോശെയ്ക്കും (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6), പഴയനിയമത്തിലെ മശീഹമാർക്കും ഭക്തന്മാർക്കും (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 51:13; യെശ, 64:8; മലാ, 2:10), അപ്പൊസ്തലന്മാർക്കും അക്കാര്യം അറിയില്ലായിരുന്നു: (1കൊരി, 8:6; 1കൊരി, 11:12; എബ്രാ, 2:10). അതുകൊണ്ടാണ്, യഹോവ ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്ന് എല്ലാവരും ഒരുപോലെ പറയുന്നത്. സൃഷ്ടിക്കുമാത്രമല്ല; മനുഷ്യൻ്റെ പുതുസൃഷ്ടിക്കും (2കൊരി, 5:17-18) പുതുവാനഭൂമിയുടെ സൃഷ്ടിക്കും കാരണഭൂതൻ പിതാവായ യഹോവ ഒരുത്തൻ മാത്രമാണ്: (യെശ, 65:17-18; യേശ, 66:22; വെളി, 4:11). യഹോവ എപ്രകാരം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നോ, അപ്രകാരം തന്നെയാണ് തൻ്റെ ആത്മാവിനാലും വചനത്താവും സവിശേഷ ഗുണങ്ങളാലും സൃഷ്ടിച്ചു എന്ന് പറഞ്ഞിരിക്കുന്നത്:
➦ യഹോവ ആകാശവും ഭൂമിയും സൃഷ്ടിച്ചു: (ഉല്പ, 2:4, പുറ, 20:11),
➦ ദൈവത്തിൻ്റെ ആത്മാവ് സഷ്ടിച്ചു: (ഇയ്യോ, 33;4; സങ്കീ, 104:30),
➦ യഹോവയുടെ വചനത്താൽ സൃഷ്ടിച്ചു: (സങ്കീ, 33:6; 2പത്രൊ, 3:5 → എബ്രാ, 11:3)
➦ യഹോവയുടെ ജ്ഞാനത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; യിരെ, 51:15)
➦ യഹോവയുടെ ഭുജത്താൽ സൃഷ്ടിച്ചു: (യിരെ, 27:5; യിരെ, 32:17)
➦ യഹോവയുടെ വിവേകത്താൽ സൃഷ്ടിച്ചു: (സദൃ, 3:19; യിരെ, 10:12; യിരെ, 51:15).
➦ യഹോവയുടെ ശക്തിയാൽ സൃഷ്ടിച്ചു: (യിരെ, 10:12; യിരെ, 51:15). മേല്പറഞ്ഞതിൻ്റെയെല്ലാം അർത്ഥം ഒന്നുതന്നെയാണ്. (ഈ ലേഖനം ഞാൻ എഴുതി എന്നു പറയുന്നതും എൻ്റെ കൈയാണ് എഴുതിയതെന്നു പറയുന്നതും തമ്മിൽ എന്ത് വ്യത്യാസമുണ്ടോ, അത്രയുംപോലും വ്യത്യാസം മേല്പറഞ്ഞ വേദഭാഗങ്ങൾക്കില്ല). യഹോവ സൃഷ്ടിച്ചു എന്ന് പറയുന്നതിന് ബദലായി പറയുന്നതാണ്: ദൈവത്തിൻ്റെ ആത്മാവ് സൃഷ്ടിച്ചു, വചനത്താൽ സൃഷ്ടിച്ചു, ജ്ഞാനത്താൽ സൃഷ്ടിച്ചു, ഭുജത്താൽ സൃഷ്ടിച്ചു, വിവേകത്താൽ സൃഷ്ടിച്ചു, ശക്തിയാൽ സൃഷ്ടിച്ചു. മേല്പറഞ്ഞതൊന്നും വ്യത്യസ്ത വ്യക്തികളല്ലെന്ന് വചനപരിജ്ഞാനം ഇല്ലാത്തവർക്കുപോലും മനസ്സിലാകും. വചനവും ജ്ഞാനവും ദൈവത്തിൽനിന്നും വിഭിന്നരായ വ്യക്തികളാണെന്ന് വിചാരിക്കുന്നവർ, സൃഷ്ടി നടത്തിയ യഹോവയുടെ ഭുജവും, വിവേകവും ശക്തിയും വിഭിന്ന വ്യക്തികളല്ലെന്ന് എങ്ങനെ പറയും? ദൈവത്തിൻ്റെ വചനത്തിനും ജ്ഞാനത്തിനും എഴുത്തുകാർ മനുഷ്യത്വാരോപരണം (Personification) കൊടുത്തപോലെ, ദൈവത്തിൻ്റെ ഭുജത്തിനും വിവേകത്തിനും ശക്തിക്കും മനുഷ്യത്വാരോപണം കൊടുത്താൽ, “ദൈവം സകലവും സൃഷ്ടിക്കുമ്പോൾ, ഞാൻ ദൈവത്തോടുകൂടെ സഹായിയായും ശില്പിയായും ഉണ്ടായിരുന്നു” എന്ന് അവയും പറയും. സ്വന്തപ്രസ്ഥാനങ്ങളുടെ ഉപദേശം സ്ഥാപിക്കാൻ വചനത്തെ കോട്ടിമാട്ടിയിട്ട് ഒടുക്കം എന്തുചെയ്യും? അന്ന് വിടുവിപ്പാൻ ആരുമുണ്ടാകില്ല: (സങ്കീ, 50:22). ബൈബിളിൻ്റെ വിരുദ്ധകോടിയിൽ നില്ക്കുന്ന ഉപദേശങ്ങളാണ് പലരും വിശ്വസിക്കുന്നത്.
9️⃣ തനിക്ക് സ്രഷ്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് യേശു പറയുന്നു: മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ആദ്യത്തെ സൃഷ്ടിയായ യേശു ഉണ്ടായിരുന്നു എന്ന് യഹോവസാക്ഷികളും ദൈവത്തോടൊപ്പം ദൈവത്തിനു് സമനായ ക്രിസ്തു ഉണ്ടായിരുന്നെന്ന് ട്രിനിറ്റിയും പറയുന്നു. ഇരുകൂട്ടരുടെയും വാദം വഞ്ചനാപരമാണെന്ന് ദൈവത്തിൻ്റെ ക്രിസ്തു സാക്ഷ്യപ്പെടുത്തുന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ” എന്നുചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4 → മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ” (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, പിതാവായ യഹോവയോടൊപ്പം സ്രഷ്ടാവായി താനും ഉണ്ടായിരുന്നെങ്കിൽ, “സൃഷ്ടിച്ച അവൻ” എന്ന ഏകവചനമല്ല, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ട്രിനിറ്റിയുടെ വ്യാഖ്യാനപ്രകാരം; ദൈവത്തിലെ മൂന്നു പേർ ചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു പേരെയാണ് ഉണ്ടാക്കിയത്. യഹോവസാക്ഷികളുടെ വ്യാഖ്യാനപ്രകാരം ദൈവവും ക്രിസ്തുവും കൂടിയാണ് ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. എന്നാൽ ക്രിസ്തു പറഞ്ഞത്: “സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു” എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് “അവരെ” (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു പേരെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് ഒന്നിലധികം പേർ ആയിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? 3. സൃഷ്ടിച്ച “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ഏകദൈവത്തെ പ്രഥമപുരുഷനിൽ അഥവാ, മൂന്നാമനായും ഏകവചനത്തിലും വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. ദൈവം സമനിത്യരായ മൂന്നുപേരാണെങ്കിലോ, താൻ ദൈവമാണെങ്കിലോ, ആദ്യത്തെ സൃഷ്ടിയെന്ന നിലയിൽ ദൈവത്തോടൊപ്പം സഹായിയായോ, ശില്പിയായോ ഉണ്ടായിരുന്നെങ്കിലോ “സൃഷ്ടിച്ച അവൻ” (he wich made) എന്ന് പ്രഥമപുരുഷ ഏകവചന സർവ്വനാമത്തിൽ പറയാതെ, “സൃഷ്ടിച്ച ഞങ്ങൾ” (we which made) എന്ന് ഉത്തമപുരുഷ ബഹുവചന സർവ്വനാമത്തിൽ പറയുമായിരുന്നു. മർക്കൊസിൽ പറയുന്നതും ദൈവം അവരെ സൃഷ്ടിച്ചു (God made them) എന്ന് പ്രഥമ പുരുഷനിലാണ്. (മർക്കൊ, 10:6 → മർക്കൊ, 13:19). സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, സൃഷ്ടിച്ച “ഞങ്ങൾ” എന്നോ, “ദൈവവും ഞാനുകൂടി സൃഷ്ടിച്ചു” എന്നോ പറയുമായിരുന്നു. അതാണ് ഭാഷ. സൃഷ്ടിയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ക്രിസ്തുതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കി. വചനത്തെയും ഭാഷയെയും വ്യഭിചരിച്ചുകൊണ്ടല്ലാതെ, ഒരു ത്രിത്വദൈവം ബൈബിളിൽ ഉണ്ടെന്ന് പറയാനോ, ക്രിസ്തു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയാണെന്ന് പറയാനോ ആർക്കും കഴിയില്ല. സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (ഉല്പ, 1:27; ഉല്പ, 2:7; ഉല്പ, 5:1; ഉല്പ, 9:6; നെഹെ, 9:6; 2രാജാ, 19:15; യെശ, 37:16; യെശ, 44:24; 64:8; മലാ, 2:10). സൃഷ്ടിക്കുമാത്രമല്ല; പുതുവാനഭൂമിയുടെ സൃഷ്ടിക്കും (യെശ, 65:17-18; യെശ, 66:22) പുതുസൃഷ്ക്കും അഥവാ, പുതിയജനനത്തിനും കാരണഭൂതൻ ദൈവം ഒരുത്തൻ മാത്രമാണ്: (2കൊരി, 5:17-18).
🔟 അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6 → 1കൊരി, 11:12; എബ്രാ, 2:10). പിതാവായ ഏകദൈവമാണ് സകലത്തിന്നും കാരണഭൂതൻ അഥവാ, സൃഷ്ടികർത്താവ് എന്നാണ് അപ്പൊസ്തലൻ പറയുന്നത്. അടുത്തവാക്യം: “തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.” (കൊലൊ, 3:10). ഈ വാക്യം ശ്രദ്ധിക്കുക: “തന്നെ സൃഷ്ടിച്ച അവൻ്റെ പ്രതിമപ്രകാരം” (the image of him that created him) എന്നാണ്. സൃഷ്ടാവ് അവർ അഥവാ, പലരല്ല; അവൻ അഥവാ, ഒരുത്തൻ മാത്രമാണ്. അടുത്തവാക്യം: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.” (വെളി, 4:11 → വെളി, 10:7). ഈ വാക്യവും ശ്രദ്ധിക്കുക: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചു” (O Lord, thou hast created all things). പലർ ചേർന്നല്ല; നീ (thou) അഥവാ, ഒരുത്തൻ മാത്രമാണ് സൃഷ്ടിച്ചത്. അടുത്തഭാഗം: “എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായി” (thy pleasure they are and were created). പലരുരുടെ ഇഷ്ടത്താലല്ല; “നിൻ്റെ” (thy) അഥവാ, ഒരുത്തൻ്റെ ഇഷ്ടത്താലാണ് സകലവും ഉണ്ടായത്. ഈ വേദഭാഗങ്ങളിലൂടെ സ്രഷ്ടാവ് പിതാവായ ദൈവം ഒരുത്തൻ മാത്രമാണെന്ന് അപ്പൊസ്തലന്മാർ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. പ്രാർത്ഥന പിതാവായ ദൈവത്തിനു് മാത്രം അവകാശപ്പെട്ടതാണെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. [മുഴുവൻ വചനത്തെളിവുകളും കാണുക: നാം നമ്മുടെ സ്വരൂപത്തിൽ]
1️⃣1️⃣ യേശു ജ്ഞാനമാണെന്ന് വനത്തിൽ പറഞ്ഞിട്ടുണ്ടോ? ഉണ്ട്. “ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.” (1കൊരി, 1:24). ഇവിടെപ്പറയുന്ന “ദൈവശക്തി” എന്നതും “ദൈവജ്ഞാനം” എന്നതും യേശുവിൻ്റെ പ്രകൃതിയല്ല; പദവിയാണ്. തെളിവ് അതേ അദ്ധ്യായം താഴത്തെ വാക്യത്തിലുണ്ട്: ➦ “നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.” (1കൊരി, 1:30). ഇവിടെയവൻ ജ്ഞാനം ആണെന്നല്ല പറയുന്നത്; ജ്ഞാനം ആയിത്തീർന്നു എന്നാണ് പറയുന്നത്. മുമ്പെ അവൻ ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പും ആയിരുന്നെങ്കിൽ, പിന്നെ ആയിത്തീരേണ്ട കാര്യമില്ലല്ലോ? അവൻ തൻ്റെ ക്രൂശിലെ പരമയാഗത്താലാണ് ദൈവത്തിൽനിന്ന് നമുക്കു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നത്. എബ്രായരിൽ ഇതുപോലെ ഒരു പ്രയോഗമുണ്ട്: “സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ” (made higher than the heavens). ഇവിടെയും, അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനാണെന്നല്ല പറയുന്നത്; ഉന്നതനായിത്തീർന്നു. എപ്പോഴാണവൻ ഉന്നതനായത്? യെഹൂദന്മാർ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറെച്ചുകൊന്ന മനുഷ്യനായ നസറായനായ യേശുവിനെ ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവുമായി തൻ്റെ വലങ്കയ്യാൽ ഉയർത്തിയപ്പോഴാണ് അവൻ സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നത്: (പ്രവൃ, 2:23-24; പ്രവൃ, 2:36; പ്രവൃ, 5:31 → എബ്രാ, 7:26). തൻ്റെ പാപപരിഹാര ബലികൊണ്ട് ദൈവത്തിൽനിന്ന് നമ്മുടെ ജ്ഞാനമായിത്തീർന്ന യേശു എങ്ങനെ ജ്ഞാനമായി സൃഷ്ടിയിങ്കൽ ഉണ്ടാകും? യേശുവിനെക്കുറിച്ച് പറയുന്ന രണ്ട് വാക്യം നോക്കുക: ➦ “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). ➦ “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.” (ലൂക്കോ, 2:52). ഈ രണ്ട് വാക്യങ്ങൾ പരിശോധിച്ചാൽ, യേശു ദൈവത്താൽ ജ്ഞാനംനിറഞ്ഞ് വളർന്നവനാണെന്ന് മനസ്സിലാക്കാം. അതായത്, ക്രൂശുമരണശേഷം ജ്ഞാനമെന്ന ഒരു പദവി യേശുവിനു് ഉണ്ടായി എന്നല്ലാതെ, യേശു ജ്ഞാനമെന്ന പ്രകൃതിയുള്ളവൻ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
യേശുവിനു് ജ്ഞാനമെന്ന പദവി മാത്രമല്ല ഉള്ളത്; നൂറുകണക്കിനു് പദവികളുണ്ട്: അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമ (കൊലൊ, 1:15), അപ്പൊസ്തലൻ (എബ്രാ, 3:1), അബ്രാഹാമിൻ്റെ പുത്രൻ (മത്താ, 1:1), ആടുകളുടെ ഇടയൻ (യോഹ, 10:2), ആടുകളുടെ ലവിയ ഇടയൻ (എബ്രാ, 13:20), ആദ്യജാതൻ (കൊലൊ, 1:18), ആദ്യഫലം (1കൊരി, 15:23), ഇടർച്ചക്കല്ല് (1പത്രൊ, 2:7), ഏകജാതൻ (യോഹ, 1:14), ഏകജാതനായ പുത്രൻ (യോഹ, 3:16), ഒടുക്കത്തെ ആദാം (1കൊരി, 15:45), കർത്താവിൻ്റെ ഭുജം (യോഹ, 12:38), കർത്താവ് (പ്രവൃ, 2:36), കർത്താവായ ക്രിസ്തു (കൊലൊ, 3:24), കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു (ലൂക്കൊ, 2:11), കർത്താവും രക്ഷിതാവുമായവൻ (2പത്രൊ, 3:2), കാര്യസ്ഥൻ (1യോഹ, 2:1), ക്രിസ്തു (മർക്കൊ, 8:29), ഗുരു (മത്താ, 9:11), ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ (മത്താ, 11:19), ജീവൻ (യോഹ, 14:6), ജീവനായകൻ (പ്രവൃ, 3:14), ജീവനുള്ള കല്ല് (1പത്രൊ, 2:4), ജീവന്റെ അപ്പം (യോഹ, 6:35), ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു (മത്താ, 16:16), ജീവിപ്പിക്കുന്ന ആത്മാവ് (1കൊരി, 15:45), ജ്ഞാനം (1കൊരി, 1:30), തച്ചൻ (മർക്കൊ, 6:3), തടങ്ങൽ പാറ (1പത്രൊ, 2:7), ദാവീദിൻ്റെ പുത്രൻ (മത്താ, 1:1), ദാവീദിൻ്റെ വേര് (വെളി, 5:5), ദാസൻ (പ്രവൃ, 3:13), ദൈവജ്ഞാനം (1കൊരി, 2:24), ദൈവത്തിൻ്റെ ഏകജാതനായ പുത്രൻ (യോഹ, 3:18), ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:36), ദൈവത്തിൻ്റെ ക്രിസ്തു (ലൂക്കൊ, 9:20), ദൈവത്തിൻ്റെ ദാസൻ (മത്താ, 12:17), ദൈവത്തിൻ്റെ പരിശുദ്ധൻ (യോഹ, 6:66), ദൈവത്തിൻ്റെ പ്രിയൻ (മത്താ, 12:17), ദൈവത്തിൻ്റെ രക്ഷ (ലൂക്കൊ, 2:31), ദൈവപുത്രൻ (മത്താ, 14:33), ദൈവപ്രതിമ (2കൊരി, 4:4), ദൈവശക്തി (1കൊരി, 1:24), നല്ല ഇടയൻ (യോഹ, 10:11), നസറായൻ (മത്താ, 2:22), നാഥൻ (ലൂക്കൊ, 5:5), നിത്യരക്ഷയുടെ കാരണഭൂതൻ (എബ്രാ, 5:9), നീതി (1കൊരി, 1:30), നീതിമാൻ (പ്രവൃ, 3:14), പരിശുദ്ധദാസൻ (പ്രവൃ, 4:27), പരിശുദ്ധൻ (പ്രവൃ, 3:14), പിതാവിൻ്റെ മടിയിൽ (മാർവ്വിൽ) ഇരിക്കുന്ന ഏകജാതനായ പുത്രൻ (യോഹ, 1:18), പാറ (1കൊരി,10:4), പുതുനിയമത്തിൻ്റെ മദ്ധ്യസ്ഥൻ (എബ്രാ, 12:24), പുത്രൻ (മത്താ, 11:27), പെസഹാക്കുഞ്ഞാട് (1കൊരി, 5:7), പ്രവാചകൻ (മത്താ, 21:11), പ്രായശ്ചിത്തം (1യോഹ, 2:2), ഭൂരാക്കന്മാർക്ക് അധിപതി (വെളി, 1:5), മണവാളൻ (മത്താ, 9:15), മദ്ധ്യസ്ഥൻ (1തിമൊ, 2:5), മനുഷ്യപുത്രൻ (മത്താ, 8:20), മരിച്ചവരിൽ ആദ്യജാതൻ (വെളി, 1:5), മറിയയുടെ മകൻ (മർക്കൊ, 6:3), മറുവില (1തിമൊ 2:6), മഹാപുരോഹിതൻ (എബ്രാ, 3:1), മുന്തിരിവള്ളി (യോഹ, 15:5), മൂലക്കല്ല് (എഫെ, 2:20), മോശെയെപ്പോലൊരു പ്രവാചകൻ (പ്രവൃ, 3:22), യജമാനൻ (യോഹ, 4:11), യാഗം (എഫെ, 5:2), യിസ്രായേലിന്റെ രാജാവ് (യോഹ, 1:49), യെഹൂദാഗോത്രത്തിലെ സിംഹം (വെളി, 5:5), യോസേഫിന്റെ പുത്രൻ (യോഹ, 1:45), രക്ഷയുടെ കൊമ്പ് (ലൂക്കൊ, 1:71), രക്ഷാനായകൻ (എബ്രാ, 2:10), രക്ഷിതാവ് (പ്രവൃ, 5:31), രണ്ടാം മനുഷ്യൻ (1കൊരി, 15:47), രാജാവ് (മത്താ, 2:2), ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് (യോഹ, 1:29), ലോകരക്ഷിതാവ് (യോഹ, 4:42), ലോകത്തിൻ്റെ വെളിച്ചം (യോഹ, 8:12), വഴി (യോഹ, 14:6), വഴിപാട് (എഫെ, 5:2), വാതിൽ (യോഹ, 10:9), വിശ്വസ്തസാക്ഷി (വെളി, 1:5), വീണ്ടെടുപ്പ് (1കൊരി, 1:30), വെളിച്ചം (യോഹ, 12:46), ശുദ്ധീകരണം (1കൊരി, 1:30), ശ്രേഷ്ഠമഹാപുരോഹിതൻ (എബ്രാ, 4:15), സത്യം (യോഹ, 14:6), സത്യവെളിച്ചം (യോഹ, 1:9), സമാധാനം (എഫെ, 2:14), സർവ്വസൃഷ്ടിക്കും ആദ്യജാതൻ (കൊലൊ, 1:15), സഹോദരന്മാരിൽ ആദ്യജാതൻ (റോമ, 8:29), സ്ത്രീയുടെ സന്തതി (ഗലാ, 4:4 → ഉല്പ, 3:15). മേല്പറഞ്ഞതൊക്കെ യേശുവിൻ്റെ അസ്തിത്വമോ, പേരോ, പ്രകൃതിയോ അല്ല; പദവികളാണ്. “ജ്ഞാനം” എന്നത് അതിലൊരു പദവി (Title) മാത്രമാണ്. അതായത്, യേശുവിൻ്റെ “ദൈവപുത്രൻ, ക്രിസ്തു, കർത്താവു, ജ്ഞാനം” തുടങ്ങിയ എല്ലാ പദവികളും എ.എം 3755-ൽ (ബി.സി. 6) അവൻ ജനനശേഷം ഉണ്ടായതാണ്. അവൻ എങ്ങനെ സൃഷ്ടിയിൽ ശില്പിയായി (വിദഗ്ധജോലിക്കാരൻ) ദൈവത്തോടൊപ്പം ഉണ്ടാകും?
“യെഹൂദന്മാർ അവനോടു: നിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.” (യോഹ, 8:19). ക്രിസ്തു ആരാണ്❓ അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്❓ എന്നറിയാത്തവരാണ്, ട്രിനിറ്റിയിലും വൺനെസ്സിലും യഹോവസാക്ഷികളുടെ ഉപദേശത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് യഥാർത്ഥമായി മനസ്സിലാക്കിക്കഴിയുമ്പോൾ, നിങ്ങൾ രട്ടിലും വെണ്ണിരിലും മാനസാന്തരപ്പെട്ട്, ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച സത്യേകദൈവത്തെ തിരിച്ചറിയുകയും ക്രിസ്തുവിൻ്റെ അനുയായി ആകുകയും ചെയ്യും. [കാണുക: ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
Footnote:
“പുതിയലോകം ഭാഷാന്തരം” എന്ന യഹോവസാക്ഷികളുടെ ബൈബിൾ പരിഭാഷയിലെ “സുഭാഷിതങ്ങൾ” എന്ന പുസ്തകത്തിൽ ജ്ഞാനത്തെക്കുറിച്ച് (hakma – חָכְמָ֥ה – wisdom) പറഞ്ഞിരിക്കുന്ന വാക്യങ്ങൾ:
1. ജ്ഞാനം നേടാനും ശിക്ഷണം സ്വീകരിക്കാനും ജ്ഞാനമൊഴികൾ മനസ്സിലാക്കാനും (1:2)
2. യഹോവയോടുള്ള ഭയഭക്തിയാണ് അറിവിൻ്റെ ആരംഭം; വിഡ്ഢികൾ മാത്രമേ ജ്ഞാനവും ശിക്ഷണവും നിരസിക്കൂ. (1:7)
3. മകനേ, ജ്ഞാനത്തിനായി കാതോർക്കുകയും വകതിരിവിനായി ഹൃദയം ചായിക്കുകയും ചെയ്തുകൊണ്ട് (2:2)
4. യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിൻ്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്. (2:6)
5. ജ്ഞാനം നിൻ്റെ ഹൃദയത്തിൽ പ്രവേശിക്കുകയും അറിവ് നിന്നെ സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ (2:10)
6. ജ്ഞാനം നേടുകയും വകതിരിവ് സമ്പാദിക്കുകയും ചെയ്യുന്ന മനുഷ്യൻ സന്തുഷ്ടൻ. (3:13)
7. യഹോവ ജ്ഞാനത്താൽ ഭൂമി സ്ഥാപിച്ചു; വിവേകത്താൽ ആകാശം ഉറപ്പിച്ചു. (3:19)
8. ജ്ഞാനം നേടുക, വകതിരിവ് സമ്പാദിക്കുക. ഇത് മറക്കരുത്, ഞാൻ പറയുന്ന കാര്യങ്ങൾ വിട്ടുമാറരുത്. (4:5)
9. ജ്ഞാനമാണ് ഏറ്റവും പ്രധാനം; അതുകൊണ്ടു ജ്ഞാനം സമ്പാദിക്കുക; മറ്റ് എന്തു നേടിയായും ശരി, വകതിരിവ് നേടാൻ മറക്കരുത്. (4:7)
10. ഞാൻ നിന്നെ ജ്ഞാനത്തിൻ്റെ വഴികളിലൂടെ നയിക്കും; നേരിൻ്റെ പാതകളിലൂടെ നടത്തും. (4:11)
11. മകനേ, എൻ്റെ ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക; ഞാൻ വകതിരിവിനെക്കുറിച്ച് പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക. (5:1)
12. ജ്ഞാനത്തോട്, “നീ എൻ്റെ സഹോദരി” എന്നു പറയുക; വകതിരിവിനെ ബന്ധു എന്നു വിളിക്കുക. (7:4)
13. ജ്ഞാനം വിളിച്ചുപറയുന്നു; വകതിരിവ് ശബ്ദമുയർത്തുന്നു. (8:1)
14. ജ്ഞാനം പവിഴക്കല്ലുകളെക്കാൾ മേന്മയേറിയതാണ്; അമൂല്യവസ്തുക്കളെയൊന്നും അതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. (8:11)
15. ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം താമസിക്കുന്നു; ഞാൻ അറിവും ചിന്താശേഷിയും നേടിയിരിക്കുന്നു. (8:12)✔️
16. യഹോവയോടുള്ള ഭയഭക്തിയാണ് ജ്ഞാനത്തിൻ്റെ തുടക്കം; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവാണു വിവേകം. (9:10)
17. വകതിരിവുള്ളവൻ്റെ ചുണ്ടിൽ ജ്ഞാനമുണ്ട്; എന്നാൽ സാമാന്യബോധമില്ലാത്തവൻ്റെ മുതുകിൽ അടിവീഴും. (10:13)
18. നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നതു വിഡ്ഢിക്ക് ഒരു വിനോദം; എന്നാൽ വകതിരിവുള്ളവനു ജ്ഞാനമുണ്ട്.” (10:23)
19. നീതിമാന്മാരുടെ വായിൽനിന്ന് ജ്ഞാനം പുറപ്പെടുന്നു; എന്നാൽ വഞ്ചനയോടെ സംസാരിക്കുന്ന നാവ് മുറിച്ചുകളയും. (10:31)
20. അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു; എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്. (11:2)
21. അഹംഭാവം കലഹങ്ങളിലേ അവസാനിക്കൂ; എന്നാൽ ഉപദേശം തേടുന്നവർക്കു ജ്ഞാനമുണ്ട്. (13:10)
22. പരിഹാസി ജ്ഞാനം തേടുന്നെങ്കിലും കണ്ടെത്തുന്നില്ല; എന്നാൽ വകതിരിവുള്ളവൻ എളുപ്പം അറിവ് നേടുന്നു. (14:6)
23. വിവേകമുള്ളവൻ ജ്ഞാനത്താൽ താൻ പോകുന്ന വഴി മനസ്സിലാക്കുന്നു; എന്നാൽ വിഡ്ഢികൾ തങ്ങളുടെ വിഡ്ഢിത്തം നിമിത്തം കബളിപ്പിക്കപ്പെടുന്നു. (14:8)
24. വകതിരിവുള്ളവൻ്റെ ഹൃദശത്തിൽ ജ്ഞാനം സ്വസ്ഥമായി വിശ്രമിക്കുന്നു; എന്നാൽ വിഡ്ഢികൾക്ക് അതു വിളമ്പിയാലേ സമാധാനമാകൂ. (14:33)
25. യഹോവയോടുള്ള ഭയഭക്തി ജ്ഞാനത്തോടെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കുന്നു; താഴ്മ മഹത്വത്തിനു മുന്നോടി. (15:33)
26. ജ്ഞാനം നേടുന്നതു സ്വർണ്ണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലതു! വകതിരിവ് നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്ഠം! (16:16)
27. ജ്ഞാനം സമ്പാദിക്കൻ വഴിയുണ്ടായിട്ടും അതു നേടാൻ വിഡ്ഢിക്ക് ആഗ്രമില്ലെങ്കിൽ പിന്നെ അതുകൊണ്ട് എന്തു ഗുണം? (17:16)
28. വകതിരിവുള്ളവൻ്റെ കൺമുന്നിൽ ജ്ഞാനമുണ്ട്; എന്നാൽ വിഡ്ഢിയുടെ കണ്ണുകൾ ഭൂമിയുടെ അറ്റത്തോളം അലഞ്ഞുതിരിയുന്നു. (17:24)
29. മനുഷ്യൻ്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം; ജ്ഞാനത്തിൻ്റെ ഉറവയോ ഒഴുകുന്ന ഒരു അരുവിപോലെ. (18:4)
30. യഹോവയ്ക്കെതിരായി ജ്ഞാനമോ വകതിലോ ഉപദേശമോ ഇല്ല. (21:30)
31. സത്യം വാങ്ങുക, അത് ഒരിക്കലും വിറ്റുകയരുത്; ജ്ഞാനവും ശിക്ഷണവും ഗ്രാഹ്യവും വാങ്ങുക. (23:23)
32. ജ്ഞാനംകൊണ്ട് വീടു പണിയുന്നു; വകതിരിവുകൊണ്ട് അതു സുരക്ഷിതമാക്കുന്നു. (24:3)
33. അതുപോലെ, ജ്ഞാനവും നിനക്ക് നല്ലതാണ്; അതു നേടിയാൽ നിൻ്റെ ഭാവി ശോഭനമാകും. (24:14)
34. സ്വന്തഹൃദയത്തെ ആശ്രയിക്കുന്നവർ വിഡ്ഢികൾ; എന്നാൽ ജ്ഞാനത്തോടെ നടക്കുന്നവർ രക്ഷപെടും. (28:26)
35. ജ്ഞാനത്തെ സ്നേഹിക്കുന്നവർ അപ്പനെ സന്തോഷിപ്പിക്കുന്നു; എന്നാൽ വേശ്യകളുടെകൂടെ നടക്കുന്നവൻ സമ്പത്തു നശിപ്പിക്കുന്നു. (29:3)
36. വടിയും ശാസനയും ജ്ഞാനം നൽകുന്നു; തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്കു നാണക്കേട്. (29:15)
37. ഞാൻ ജ്ഞാനം പഠിച്ചിട്ടില്ല; അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല. (30:3)
38. അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു; ദയയുടെ നിയമം അവളുടെ നാവിലുണ്ട്. (31:26)