“ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു; താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊഥെയൊസ് 3:14-16)
ഏകദൈവത്തെയും ക്രിസ്തുവിനെയും സംബന്ധിച്ച വലിയൊരു രഹസ്യമാണ് പൗലൊസ് തിമൊഥെയൊസിന് എഴുതിയ ലേഖനത്തിലൂടെ സഭയ്ക്ക് വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവഭക്തിയുടെ മർമ്മത്തെ, നീതിയുടെ രഹസ്യം (വിശുദ്ധഗ്രന്ഥം), ആരാധനാ ജീവിതത്തിന്‍റെ രഹസ്യം (ഇ.ആർ.വി), മതവിശ്വാസത്തിന്‍റെ മര്‍മ്മം (സ.വേ.പു.സ.പ), ദൈവഭക്തിയുടെ അഗാധരഹസ്യം (മ.ബൈ.നൂ.പ), മതത്തിൻ്റെ രഹസ്യം’ (പി.ഒ.സി) എന്നൊക്കെയാണ് മറ്റു പരിഭാഷകളിൽ കാണുന്നത്. പൂർവ്വകാലങ്ങളിൽ അഥവാ, പഴയനിയമകാലത്ത് മറഞ്ഞുകിടന്നതും അഥവാ, വെളിപ്പെടാതിരുന്നതും നിത്യദൈവത്തിൻ്റെ നിയോഗപ്രകാരം പുതിയനിയമ സഭയ്ക്ക് വെളിപ്പെട്ടതിനെയുമാണ് മർമ്മം എന്ന് പറയുന്നത്. (റോമർ 16:24,25; എഫെ, 3:5; കൊലൊ, 1:26). ദൈവം, ഈ മർമ്മം പൗലൊസിലൂടെ വെളിപ്പെടുത്തിയിട്ട് രണ്ടായിരം വർഷമായെങ്കിലും, ഇന്നയോളം ഈ രഹസ്യം വെളിപ്പെടാത്ത അനേകരുണ്ട്. പുതിയനിയമത്തിൽ അനേകം മർമ്മങ്ങൾ ദൈവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തേതായ സ്വർഗ്ഗരാജ്യത്തിൻ്റെ മർമ്മം യേശുക്രിസ്തുവാണ് വെളിപ്പെടുത്തുന്നത്. (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15). തുടർന്ന്, ദൈവസഭയെക്കുറിച്ചുള്ള മർമ്മങ്ങളെല്ലാം പൗലൊസിനാണ് വെളിപ്പെട്ടത്. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റ മർമ്മം. (റോമ, 11:25). വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം. (റോമ, 16:24,25). മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം. (1കൊരി, 2:7-10). സഭയുടെ ഉൽപാപണ മർമ്മം. (1കൊരി, 15:51,52; 1തെസ്സ, 4:14-17). ദൈവഹിതത്തിന്റെ മർമ്മം. (എഫെ, 1:9,10). തുടങ്ങിയ പ്രധാനപ്പെട്ട പന്ത്രണ്ടോളം മർമ്മം പൗലൊസിലൂടെ സഭയ്ക്ക് വെളിപ്പെട്ടിട്ടുണ്ട്. കൂടാതെ, അന്ത്യകാലത്തെക്കുറിച്ചുള്ള ചില മർമ്മങ്ങൾ യോഹന്നാനും വെളിപ്പെട്ടിട്ടുണ്ട്. എന്നാൽ, എല്ലാ മർമ്മങ്ങളിലും വെച്ച് അതിശ്രേഷ്ഠമായ ഒരു മർമ്മമാണ് ദൈവഭക്തിയുടെ മർമ്മം. നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ ചുമന്നുകൊണ്ട് രക്തംചിന്തി ക്രൂശിൽമരിച്ചിട്ട് ദൈവം ഉയിർപ്പിച്ച, ദൈവപുത്രനായ ക്രിസ്തു ആരാണ്? എന്ന ചോദ്യത്തിൻ്റെ ഉത്തരം ഉള്ളത് ദൈവഭക്തിയുടെ മർമ്മത്തിലാണ്. (കാണുക: മർമ്മം)
അവൻ ജഡത്തിൽ വെളിപ്പെട്ടു: “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നത് ഒരു കർത്തരി പ്രയോഗമാണ്. കർതൃകാരകത്തിന് പ്രാധാന്യമുള്ളതാണ് കർത്തരി പ്രയോഗം. ക്രിയ നിർവ്വഹിക്കുന്നത് ആരാണോ അഥവാ, എന്താണോ അതാണ് കർത്തൃകാരകം. ഇവിടെ ‘വെളിപ്പെട്ടു‘ എന്ന ക്രിയ നിർവ്വഹിക്കുന്നത് ‘അവൻ‘ എന്ന കർത്താവാണ്. ‘അവൻ‘ എന്നത് പ്രഥമപുരുഷ സർവ്വനാമമാണ്. ജഡത്തിൽ വെളിപ്പെട്ട ‘അവൻ‘ ആരാണോ അതാണ് പൗലൊസ് വെളിപ്പെടുത്തുന്ന മർമ്മം; ആ രഹസ്യം എന്താണെന്ന് അറിയണമെങ്കിൽ ‘അവൻ‘ എന്ന സർവ്വനാമത്തിൻ്റെ “ഉടയവനെ അഥവാ, നാമം” കണ്ടെത്തണം. അതിന് ആദ്യം സർവ്വനാമം എന്താണെന്ന് അറിയണം:
സർവ്വനാമം: നാമത്തിനു പകരം ഉപയോഗിക്കുന്ന പദങ്ങളെയാണ് സർവ്വനാമം എന്ന് പറയുന്നത്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. ആര്, ആരോട്, ആരെക്കുറിച്ച് എന്നിങ്ങനെ സർവ്വനാമങ്ങൾ മൂന്നു വിധത്തിലുണ്ട്. അഥവാ, ഉത്തമപുരുഷൻ (first person), മധ്യമപുരുഷൻ (second person), പ്രഥമപുരുഷൻ (third person). ആരാണോ സംസാരിക്കുന്നത്, ആ വ്യക്തിയാണ് ഉത്തമപുരുഷൻ. ഉദാ: ഞാൻ, എൻ്റെ, എനിക്കു, എന്നോട് തുടങ്ങിയവ. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ഉദാ: നീ, നിൻ്റെ, നിനക്ക്, നിന്നോട്, നിങ്ങളോട് തുടങ്ങിയവ. ആരെക്കുറിച്ചാണോ സംസാരിക്കുന്നത്, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. ഉദാ: അവൻ, ഇവൻ, അവൾ, ഇവൾ, അത്, ഇത്, അവൻ്റെ, ഇവൻ്റെ, അവളുടെ, ഇവളുടെ, അവരുടെ, അവർക്ക് തുടങ്ങിയവ. ഈ വേദഭാഗത്ത് എഴുത്തുകാരനായ പൗലൊസാണ്, ‘ഞാൻ’ എന്ന ഉത്തമപുരുഷ സർവ്വനാമത്തിൽ സംസാരിക്കുന്നത്. ലേഖനം സ്വീകരിച്ച തിമൊഥെയൊസിനെയാണ്, ‘നിൻ്റെ, നീ’ എന്നീ മധ്യമപുരുഷ സർവ്വനാമത്തിൽ പൗലൊസ് സംബോധന ചെയ്തിക്കുന്നത്. പൗലൊസ് തിമൊഥെയൊസിനാണ് ലേഖനം എഴുതുന്നതെന്ന് നമുക്കറിയാം. അതിനാൽ, ആദ്യത്തെ രണ്ട് സർവ്വനാമങ്ങളെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. എന്നാൽ നമുക്കറിയേണ്ടത്, പൗലൊസ് ആരെക്കുറിച്ചാണ് തിമൊഥെയൊസിനോട് പറയുന്നതെന്നാണ്. അഥവാ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ, ‘അവൻ’ എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെയാണ് നമുക്ക് കണ്ടെത്തേണ്ടത്.
അവൻ ആരാണ്?: ബൈബിളിൽ എന്നല്ല; ഏതൊരു പുസ്തകത്തിലാണെങ്കിലും പ്രഥമപുരുഷനെ കണ്ടെത്താൻ, ആ സർവ്വനാമം ഉപയോഗിച്ചിരിക്കുന്ന വിഷയത്തിൻ്റെ തുടക്കത്തിൽ നോക്കിയാൽ മതി. 1തിമൊഥെയൊസ് മൂന്നാമദ്ധ്യായത്തിൽ മൂന്നു വിഷയമാണുള്ളത്: 1-മുതൽ 7-വരെ മൂപ്പന്മാരുടെ യോഗ്യതയും; 8-മുതൽ 13-വരെ ശുശ്രൂഷകന്മാരുടെ യോഗ്യതയും; 14-മുതൽ 16-വരെ ദൈവഭക്തിയുടെ മർമ്മവും. പൗലൊസ് പറയുന്നത് വിസ്തരമായ ഒരു വിഷയമല്ല. അതിനാൽ, “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ ആരാണെന്ന് കണ്ടെത്താൻ എളുപ്പമാണ്. നാമം ആവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണല്ലോ സർവ്വനാമം ഉപയോഗിക്കുന്നത്. അതിനാൽ, പ്രഥമപുരുഷൻ്റെ പേരോ, പദവിയോ, വിശേഷണമോ ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ‘അവൻ’ എന്ന സർവ്വനാമം ഉപയോഗിക്കാൻ കഴിയില്ല. തന്മൂലം, ‘അവൻ’ ആരാണെന്ന് കണ്ടെത്താൻ തൊട്ടുമുകളിൽ നോക്കിയാൽ മതി. അവിടെ മുന്നു പേരെ കാണാം: 1. എഴുത്തുകാരനായ പൗലൊസ്. 2. ലേഖനം സ്വീകരിച്ച തിമൊഥെയൊസ്. 3. ജീവനുള്ള ദൈവം. പൗലൊസ് എന്ന എഴുത്തുകാരൻ അഥവാ, ഉത്തമപുരുഷൻ, തിമൊഥെയൊസ് എന്ന ലേഖന സ്വീകർത്താവിനോട് അഥവാ, മധ്യമപുരുഷനോട്, പ്രഥമപുരുഷനായ ജീവനുള്ള ദൈവത്തെക്കുറിച്ചും അവൻ്റെ സഭയാകുന്ന ദൈവാലയത്തെക്കുറിച്ചുമാണ് പറയുന്നത്. തന്മൂലം ‘അവൻ’ എന്ന പ്രഥമപുരുഷൻ (third person) പൗലൊസുമല്ല; തിമൊഥെയൊസുമല്ല; ജീവനുള്ള ദൈവമാണെന്ന് മനസ്സിലാക്കാം. എന്നിട്ടാണ്, പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു❓ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God manifest in the flesh). അതാണ്. പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ദൈവപുത്രനായ ക്രിസ്തു ആരാണ് എന്ന ചോദ്യത്തിൻ്റെ ലളിതമായ ഉത്തരം: ദൈവത്തിൻ്റെ വെളിപ്പാട് (Manifestation of God) എന്നാണ്. അഥവാ, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് യേശു.
ജീവനുള്ള ദൈവം: ജീവനുള്ള ദൈവം യഹോവയാണെന്ന് ആവർത്തനപുസ്തകം മുതൽ ആവർത്തിച്ച് കാണാൻ കഴിയും. “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: ആവ, 5:26; യോശു, 3:10; ഹോശേ, 1:10; മർക്കൊ, 12:27). അടുത്തവാക്യം: “നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.” (യിരെ, 23:36). ഈ വേദഭാഗം വളരെ ശ്രദ്ധേയമാണ്: ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ് മനുഷ്യനായ ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). എന്നാൽ, അതേ ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ മറിച്ചുകളഞ്ഞിട്ടാണ്, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസുകൾ ക്രിസ്തുയേശു എന്ന പരിശുദ്ധമനുഷ്യനെ സത്യദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു സത്യദൈവമാക്കി ത്രിത്വവിശ്വാസം ഉണ്ടാക്കിയത്. ക്രിസ്തു ജീവനുള്ള ദൈവമല്ല; ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനാണ്. (മത്താ, 16:16; 8:40). അതായത്, പിതാവായ യഹോവ പ്രവചനം പോലെ (ഉല്പ, 3:15; ആവ, 18: 15,18; സങ്കീ, 40:6–എബ്രാ, 10:5), തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ ഉല്പാദിപ്പിച്ച, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) വിശുദ്ധപ്രജ (ലൂക്കൊ, 1:32) അഥവാ, പരിശുദ്ധമനുഷ്യനാണ് യേശു. (യോഹ, 6:69; 8:40). താൻ ദൈവമല്ലെന്ന് ക്രിസ്തു കുറഞ്ഞത് ഒരു ഡസൻ (12) പ്രാവശ്യം പറഞ്ഞിട്ടുണ്ട്. അപ്പൊസ്തലന്മാർ അതിലേറ പറഞ്ഞിട്ടുണ്ട്. യഹോവ അതിലേറെ പറഞ്ഞിട്ടുണ്ട്. പഴയനിയമത്തിലെ മശീഹമാർ അതിലേറെ പറഞ്ഞിട്ടുണ്ട്. താൻ മനുഷ്യനാണെന്ന് ക്രിസ്തുവും, അവൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും, ഒന്നാം നൂറ്റാണ്ടിൽ അവനെക്കണ്ട യോഹന്നാൽ സ്നാപകൻ മുതൽ എല്ലാത്തരം ആളുകളും പറഞ്ഞിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് ദൈവാത്മാവിനാൽ 40 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. അതായത്, യഹുവയായ ഏകസത്യദൈവത്തിൻ്റെ (Father, the only true God) ജഡത്തിലെ വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ് ക്രിസ്തു.
KJV ഉൾപ്പെടെ അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ ‘ദൈവം ജഡത്തിൽ വെളിപ്പെട്ടു’ (God was manifested in the flesh) എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: ABU, ACV, AKJV, Anderson; AV; AVW, BB, BSV, CVB, Darby, EE; EMTV, FAA, FBV; GB1539, GB1587, GB 1599, GWN; HKJV, HNV, JUB, KJ1769; KJ3; KJV, KJ2000, KJCNT; KJLNT, KJV+; KJV1611; LHB, LITV, Logos, Matthew, MKJV, MLV; MTNT; NKJV, NMB, NTWE, Niobe, NTABU, NTWE, RWE, RWV+; RYNT, SLT, T4T, Thomson; TRCC, UDB, UKJV, VW, WB, WBS, WEB, WEBBE, WEBL, WEBME, WEBP, Webster, WEBPE, WMB, WMBB, WoNT; WPNT; WSNT, Worsly, YLT എന്നിവ ഉദാഹരണങ്ങളാണ്. ”ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്ന പ്രയോഗം ഒരു പരിധിവരെ ശരിയാണെന്നല്ലാതെ, വ്യാകരണനിയമപ്രകാരം അത് പൂർണ്ണമായി ശരിയാണെന്ന് പറയാൻ കഴിയില്ല. 15-ാം വാക്യത്തിൽ, “The Living God” എന്ന നാമം പറഞ്ഞിട്ട്, അടുത്തവാക്യത്തിൽ നാമം ആവർത്തിക്കാതിരിക്കാൻ ഒന്നെങ്കിൽ, അവൻ അല്ലെങ്കിൽ, അദ്ദേഹം എന്ന സർവ്വനാമം ഉപയോഗിക്കണം. അല്ലെങ്കിൽ, ഒരു പ്രധാനപ്പെട്ട വിഷയമെന്ന നിലയിൽ ആവർത്തന വിരസത കണക്കാക്കാതെ, “The Living God was manifest in the flesh” എന്ന് പൂർണ്ണമായി പരിഭാഷ ചെയ്യണം. അതാണ് ഭാഷയുടെ ശരിയായ നിയമം. അങ്ങനെയും പരിഭാഷ ചെയ്തിട്ടുണ്ട്: New Messianic Version Bible-ൽ, “God-The Father was manifest in the flesh” എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്: “And without controversy great is the mystery of godliness: God-The Father was manifest in the flesh, justified in the Spirit [Ruach], seen of angels, preached unto the Goyim [Gentiles], believed on in the world, received up into glory.” ഈ പരിഭാഷ വ്യാകരണനിയമപ്രകാരം ശരിയാണ്. 15-ാം വാക്യത്തിൽ, സഭയെ “ദൈവപിതാവിന്റെ ഭവനം” (the house of God-The Father) എന്നാണ് പറഞ്ഞിരിക്കുന്നത്: “But if I wait long, that you may know how you ought to behave yourself in the house of God-The Father, which is the church of the living God-The Father, the pillar and ground of the truth.” (3:15). എന്നിട്ടാണ്, പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നത്. (യിരെ, 10:10); അതാണ്, പൗലൊസ് അപ്പൊസ്തലനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം. ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച്, “ദൈവം ജഡത്തിൽ വെളിപ്പെട്ടു” (God manifest in the flesh) എന്നതിനെ അവർ ശരിയായ രീതിയിൽ മനസ്സിലാക്കും. എന്നാൽ, ത്രിത്വവിശ്വാസികൾ അരങ്ങുവാഴുന്ന ക്രൈസ്തവസഭയിൽ ആ പരിഭാഷ ദുർവിനിയോഗം (Misuse) ചെയ്യപ്പെടും. ദൈവത്തിന് ഇല്ലാത്ത ഒരു പുത്രദൈവം അവതരിച്ചു എന്ന് പഠിപ്പിക്കുന്നവരാണ് ട്രിനിറ്റി. അവതാരം എന്നൊരു വാക്കോ, അങ്ങനെയൊരു ആശയമോ ബൈബിൽ ഇല്ലെന്നും അവതാരമെടുക്കാൻ സത്യേക ദൈവത്തിന് സാദ്ധ്യമല്ലെന്നും ട്രിനിക്ക് അറിയില്ല.
മറ്റൊരു വിധത്തിലും ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടതാണ് ആ വേദഭാഗത്തെ മർമ്മമെന്ന് കണ്ടെത്താൻ കഴിയും. പ്രസ്തുത വേദഭാഗത്ത് ആറ് കാര്യങ്ങൾ പറയുന്നുണ്ട്: അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു.
1. അവൻ ജഡത്തിൽ വെളിപ്പെട്ടു: ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in flesh). (1തിമോ, 3:15)
2. ആത്മാവിൽ നീതീകരിക്കപ്പെട്ടു: യേശു യോഹന്നാനാൽ സ്നാനമേല്ക്കുവാൻ യോർദ്ദാനിൽ ചെല്ലുമ്പോൾ സ്നാപകൻ യേശുവിനെ വിലക്കുകയുണ്ടായി. അപ്പോൾ യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു.” (മത്താ, 3:14,15). അനന്തരം യേശു സ്നാനം ഏറ്റു വെള്ളത്തിൽനിന്നു കയറിയപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ ഇറങ്ങിവരുകയും, ഇവനെൻ്റെ പ്രിയപുത്രനെന്ന് സ്വർഗ്ഗത്തിൽനിന്ന് ശബ്ദം ഉണ്ടാകുകയും ചെയ്തു. (മത്താ, 3:16,17). പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ മനുഷ്യരിൽ നീതിമാനായി ആരുമില്ലാത്തതുകൊണ്ട് (റോമ, 3:10), ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പരിശുദ്ധനെ അഥവാ, നീതിമാനെ പരിശുദ്ധാത്മാവ് യോഹന്നാന് ചൂണ്ടിക്കാണിക്കുകയായിരുന്നു. (മത്താ, 17:5; യോഹ, 16:7-11; റോമ, 1:5). യേശുവിൻ്റെ മരണം കണ്ട ശതാധിപനും (ലൂക്കൊ, 23:47), പുനരുത്ഥാനശേഷം അപ്പൊസ്തലന്മാരും യേശു നീതീമാനാണെന്ന സാക്ഷ്യം പറഞ്ഞത് പരിശുദ്ധാത്മാവിൽ ആയിരുന്നു. (പ്രവൃ, 3:14; 7:52; 22:14; 1പത്രൊ, 3:18; 1യോഹ, 1:9; 2:1; 2:27; 3:7).
യോഹന്നാൻ്റെ സാക്ഷ്യത്തിൽനിന്ന് ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണെന്ന് മനസ്സിലാക്കാം: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീർന്നു” എന്നാണ്, യോഹന്നാൻ സ്നാനാപകൻ പറഞ്ഞത്. (യോഹ, 1:30). ഇവിടെപ്പറയുന്ന പുരുഷൻ (anir – Man) മനുഷ്യൻ ആണ്. യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). യോഹന്നാനെക്കാൾ ഇളയവനായ യേശുവെന്ന മനുഷ്യന് അവനെക്കാൾ മുമ്പെ ഉണ്ടായിരിക്കാൽ കഴിയില്ല. പിന്നെയാരാണ് അവനെക്കാൾ മുമ്പെ ഉണ്ടായിരുന്നത്? അതിൻ്റെ ഉത്തരവും യോഹന്നാൻതന്നെ പറഞ്ഞിട്ടുണ്ട്. “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). യേശുവെന്ന മനുഷ്യനെ ദൈവം യോർദ്ദാനിൽവെച്ച് പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് അവനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുകയായിരുന്നു. (ലൂക്കൊ, 3:22; പ്രവൃ, 2:22; 10:38). അല്ലാതെ, മനുഷ്യനായ യേശു സ്വന്തശക്തിയാലല്ല അത്ഭുതങ്ങൾ പ്രവർത്തിച്ചത്. അതായത്, തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുമെന്നല്ല അവൻ പറഞ്ഞത്. ആരാണോ, ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്, അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നാണ്. അത് യഹോവയായ പിതാവാണ്. അവൻ്റെ മനുഷ്യപ്രത്യക്ഷതയാണ് ക്രിസ്തുയേശു. (1തിമൊ, 2:6; 3:16). അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവിൽ നിറഞ്ഞവനാണ് യോഹന്നാൻ സ്നാപകൻ. (ലൂക്കോ, 1:15,41). സ്ത്രീകളിൽനിന്നു ജനിച്ചവരിൽ ഏറ്റവും വലിയവനെന്ന് ക്രിസ്തു സാക്ഷ്യം പറഞ്ഞവനും, ന്യായപ്രമാണത്തിലെ അവസാനത്തെ പ്രവാചകനുമാണ് യോഹന്നാൻ. (മത്താ, 11:11,13). അവൻ തൻ്റെ ഉള്ളിലുള്ള അഭിഷിക്തൻ്റെ ആത്മാവിനാൽ അഥവാ, പരിശുദ്ധാത്മാവിനാലാണ് ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞതെന്ന് ഓർക്കണം. യോഹന്നാൻ യേശുവിനെ നോക്കി പറഞ്ഞ അതേ കാര്യമാണ്, അവൻ്റെ അപ്പനായ സെഖര്യാപ്രവാചകൻ പരിശുദ്ധത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്. “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കൊ, 1:68. ഒ.നോ: യെശ, 25:8-9; 35:4-6; 40:3). യിസ്രായേലിന്റെ ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (പുറ, 5:1; 24:10). യഹോവ തൻ്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യുമെന്നാണ് സെഖര്യാവിൻ്റെ പ്രവചനം. ഒ,നോ: (യെശ, 25:8-9; 29:18; 35:3-6–മത്താ, 11:4-5; ലൂക്കൊ, 7:22; യെശ, 40:3). അതായത്, യഹോവയായ ഏകദൈവം യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്താണ്, തൻ്റെ ജനത്തിൻ്റെ പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; എബ്രാ, 2:14-16).
ഇനി, പൗലൊസ് പറയുന്നത് നോക്കുക: ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). എന്നാൽ, KJV ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും, വിശുദ്ധഗ്രന്ഥം ബെഞ്ചമിൻ ബെയിലി, മാണിക്കത്തനാർ, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ മലയാളം പരിഭാഷകളിലും, രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ള കർത്താവ് എന്നാണ് കാണുന്നത്. യേശുവെന്ന മനുഷ്യൻ പഴയനിയമത്തിൽ ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അക്കാര്യം അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ യോർദ്ദാനിൽവെച്ചാണ് ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്. (യെശ, 61:1-2; ലൂക്കോ, 1:32; 1:35; 2:11). താൻ യോർദ്ദാനിൽവെച്ചാണ് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയതെന്ന്, യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). അതായത്, ബി.സി. 6-ന് മുമ്പെ യേശുവെന്ന മനുഷ്യനില്ല. എ.ഡി. 29-ന് മുമ്പെ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനുമില്ല. അതിനാൽ, യേശുവെന്ന മനുഷ്യൻ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല; യഹോവയുടെ ജഡത്തിലെ വെളിപ്പാടിനായി, കന്യകയിൽ ഉല്പാദിതമായവനാണെന്ന് മനസ്സിലാക്കാം. (മത്താ, 1:20; ലൂക്കൊ, 2:21). തന്മൂലം, സ്വർഗ്ഗത്തിൽനിന്ന് വന്ന രണ്ടാം മനുഷ്യൻ എന്ന് പോലൊസ് പറയുന്നത്, സ്വർഗ്ഗത്തിലെ കർത്താവ് അഥവാ, യഹോവ എടുത്ത മനുഷ്യ പ്രത്യക്ഷത ആയതുകൊണ്ടാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. യഹോവയെ പുതിയനിയമത്തിൽ കുറിയോസ് (kyrios) അഥവാ, കർത്താവെന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [മുഴുവൻ തെളിവുകളും അറിയാൻ ആഗ്രഹിക്കുന്നവർ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ ദയവായി കാണുക]
3. ദൂതന്മാർക്കു പ്രത്യക്ഷനായി: യേശുവിൻ്റെ ജനനസമയത്തും (ലൂക്കൊ, 2:9-14), പരീക്ഷാവേളയിലും (മത്താ, 4:10), ഗെത്ത്ശെമനയിലെ വ്യഥയിലും (ലൂക്കൊ, 22:43), പുനരുത്ഥാനത്തിലും (മത്താ, 28:2; യോഹ, 20:12) ദൂതന്മാർ പ്രത്യക്ഷരായതായി അഥവാ, ജഡത്തിൽ വെളിപ്പെട്ടവനെ ദൂതന്മാർ ദർശിച്ചതായി നാം വായിക്കുന്നു.
4. ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു: കല്പനപോലെ, പെന്തെക്കൊസ്തു നാൾ തുടങ്ങി സകല ജാതികളോടും അപ്പൊസ്തലന്മാർ സുവിശേഷം പ്രസംഗിച്ചു തുടങ്ങി. (മത്താ, 24:14; മർക്കൊ, 13:10; 16:15; ലൂക്കൊ, 24:47; പ്രവൃ, 1:8; 8:27-38; 10:24-48; 13:46).
5. ലോകത്തിൽ വിശ്വസിക്കപ്പെട്ടു: ലോകം മുഴുവൻ വിശ്വസിക്കപ്പെട്ടു എന്നല്ല; ലോകത്തിൽ വിശ്വസിക്കപ്പെട്ടു. ലോകത്തിലെ സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവർ വിശ്വസിച്ചു. (വെളി, 7:9). ക്രിസ്തു ലോകത്തിൽ വിശ്വസിക്കപ്പെട്ടു എന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ്, മുമ്പെ ലോകക്കാരും ദൂരസ്ഥരുമായിരുന്ന നമ്മൾ ഇപ്പോൾ ക്രിസ്തുവിൽ വിശ്വസിക്കുന്നത്.
6. തേജസ്സിൽ എടുക്കപ്പെട്ടു: ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന മനുഷ്യനായ ക്രിസ്തയേശു, ഏകദൈവത്തിനും മനുഷ്യർക്കും ഇടയിൽ മഹാപുരോഹിതനായി നിന്നുകൊണ്ട്, മറുവിലയായി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനായി അർപ്പിച്ചിട്ട്, മൂന്നാംദിവസം ദൈവത്താൽ ഉയിർപ്പിക്കപ്പെട്ട് അന്നുതന്നെ സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയതിനെ ഇത് സൂചിപ്പിക്കുന്നു. (യോഹ, 20:17; എഫെ, 5:2; 1തിമൊ, 2:5-6; എബ്രാ, 2:9). തന്മൂലം, ക്രിസ്തു ദൈവത്തിൻ്റെ വെളിപ്പാടാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
ഏകദൈവത്തിൻ്റെ പ്രകൃതി: ദൈവത്തിൻ്റെ പ്രത്യക്ഷത എന്താണെന്നും എന്തിനാണെന്നും മനസ്സിലാകണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ പ്രകൃതിയാണ് ആദ്യം മനസ്സിലാക്കേണ്ടത്. “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos).” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6; വെളി, 4:10). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. എന്നാൽ, ട്രിനിറ്റിയുടെ ദൈവം ഏകനല്ല; മൂന്നുപേരാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്നുപേരെക്കുറിച്ച് ട്രിനിറ്റി വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? മൂന്നുപേരുടെ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതിൽ ഒരുത്തനാണ്, ക്രൂശിൽ മരിച്ചതെന്നുകൂടി ചിന്തിച്ചാൽ; അതോടെ ട്രിനിറ്റിയുടെ ആപ്പീസ് പൂട്ടും. സർവപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവമല്ല ക്രൂശിൽ മരിച്ച യേശു; ആ ദൈവത്തിൻ്റെ വെളിപ്പാടായ പരിശുദ്ധ മനുഷ്യനാണ് ക്രിസ്തു. (യോഹ, 6:69; 8:40; 1തിമൊ, 3:14-16). ആ മനുഷ്യനാണ് നമ്മുടെ പാപങ്ങളെ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. (1തിമൊ, 2:6; 1പത്രൊ, 2:24). ഏകസത്യദൈവമായ പിതാവിനെയും ഏകമനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ: (യോഹ, 17:3; റോമ, 5:15; 1കൊരി, 8:6; 1തിമൊ, 2:5-6).
ദൈവം ഒരുത്തൻ മാത്രം: ദൈവത്തിൻ്റെ പ്രകൃതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവം ഏകൻ അഥവാ, ഒരുത്തൻ മാത്രം എന്നതാണ്. അതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം അറിവല്ല; അതൊരു പരിജ്ഞാനവൂം പ്രാർത്ഥനയുമാണ്. (ആവ, 6:4:9). ഏകൻ, ഏകസത്യദൈവം, ഒരുവൻ, ഒരുത്തൻ മാത്രം, ദൈവവും പിതാവുമായവൻ ഒരുവൻ, പിതാവായ ഏകദൈവം എന്നിങ്ങനെയാണ് ബൈബിൾ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്:⏬
1️⃣യഹോവ: “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല; ഞാൻ, ഞാൻ മാത്രമേയുള്ളു, ഞാനല്ലാതെ ദൈവമില്ല; ഞാനല്ലാതെ വേറൊരു ദൈവമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 9:14; 20:2-3; ആവ, 32:39; യെശ, 43:10; 44:8; 45:5; 46:9).
2️⃣ക്രിസ്തു: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monou theou – the only God), പിതാവ് മാത്രമാണ് സത്യദൈവം (pater ton monon alethinon theon – Father, the only true God) എന്നും (യോഹ, 17:3), അവനെ മാത്രം ആരാധിക്കണം (Worship Him only) എന്നും (മത്താ, 4:10; ലൂക്കൊ, 4:8), ആ നാളും നാഴികയും എൻ്റെ പിതാവ് മാത്രം (My Father only) അല്ലാതെ പുത്രനുംകൂടി അറിയുന്നില്ല (മത്താ, 24:36) എന്നൊക്കെ ക്രിസ്തു പറഞ്ഞത്, പഴയനിയമത്തിൽ ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന യാഹീദിന് (yahid) തുല്യമായ മോണോസ് (monos) കൊണ്ട് ഖണ്ഡിതമായിട്ടാണ്.
3️⃣പഴയനിയമ മശിഹമാർ: “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമ അഭിഷിക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).
4️⃣അപ്പൊസ്തലന്മാർ: “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24. ഒ.നോ: റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6).
5️⃣”ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: 1രാജാ, 8:23; യോശു, 2:11; 2ദിന, 6:14). ദൈവം യഹോവ ഒരുത്തൻ മാത്രമാണെങ്കിൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടല്ലാതെ മറ്റൊരുത്തൻ ആകുക സാദ്ധ്യമല്ല.
മോണോസ് തിയോസ്: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു” (thou art the God, even thou alone, of all the kingdoms of the earth. 2രാജാ, 19:15). ഈ വേദഭാഗത്ത് ദൈവം ഒരുത്തൻ മാത്രമെന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ബാദ് ആണ്. പഴയനിയമത്തിൽ കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന അക് (ak), റാഖ് (raq), ബാദ് (bad), ബദാദ് (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 24 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ബാദ് ഉപയോഗിച്ചിരിക്കുന്ന 20 വാക്യങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ മോണോസ് ആണ് കാണുന്നത്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 83:18; 86:10; യെശ, 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹീദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ് (monos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്.അതിനാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ, ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. തന്മൂലം, സത്യദൈവത്തിന് സമനായോ സദൃശനായോ ആരും ഉണ്ടാകുക സാദ്ധ്യമല്ല.
വെളിപ്പാടും അവതാരവും: അദൃശ്യനായ ഏകദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പറയുന്നില്ല; ദൈവത്തിന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണുള്ളത്: “ഗതിഭേദത്താലുള്ള ആഛാദനമില്ലാത്ത അഗോചരനായ ഏകദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, സൃഷ്ടികൾക്ക് തന്നെത്തന്നെ ഗോചരമാക്കാൻ താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് ബൈബിൾ പറയുന്നത്.” അവതാരം: “ഒരുത്തൻ തൻ്റെ സ്ഥായിയായ സ്വരൂപം ത്യജിച്ചിട്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം.” അവതാരം ജാതികളുടെ സങ്കല്പമാണ്; അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ് സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും ശ്രമിക്കുന്നത്. ത്രിത്വം (Trinty) എന്ന പദമോ, ആശയമോ ബൈബിളിൽ ഇല്ലാത്തപോലെ, അവതാരം (Incarnation) എന്ന പദമോ, ആശയമോ ബൈബിളിൽ ഉള്ളതല്ല. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ല എന്ന് പറയുമ്പോൾത്തന്നെ, ദൈവത്തെ അനേകംപേർ കണ്ടതായി പറഞ്ഞിട്ടുണ്ട്: മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ 1:26-28), ദാനീയേൽ (7:9), ആമോസ് 9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ ദൈവത്തെ കണ്ടവരാണ്. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെക്കണ്ട യോഹന്നാനാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത്. ക്രിസ്തു പറയുന്നു: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ക്രിസ്തു പറഞ്ഞ, ദൂതന്മാർ എപ്പോഴും മുഖം കാണുന്ന അഥവാ, ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെയാണ് മീഖായാവ്, യെശയ്യാവ്, യെഹെസ്ക്കേൽ, ദാനീയേൽ, യോഹന്നാൻ തുടങ്ങിയവർ കണ്ടത്. ദൈവത്തെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:3; വെളി, 4:8). അതായത്, അദൃശ്യനായ ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെയാണ് ഭക്തന്മാർ കണ്ടത്. ദൈവത്തെ കണ്ടു എന്ന് പറയാതെ, ദൈവം പലർക്കും പ്രത്യക്ഷനായതായും പറഞ്ഞിട്ടുണ്ട്: അബ്രാഹാം (പ്രവൃ, 7:2,3; ഉല്പ, 12:7), യിസ്ഹാക്ക് (ഉല്പ, 26:2,24), യാക്കോബ് (ഉല്പ, 35:9-10; 48:3), മോശെ (പുറ, 4:1-5; സംഖ്യാ, 12:8), ബിലെയാം (സംഖ്യാ, 23:4,16), ദാവീദ് (2ദിന, 3:1), ശലോമോൻ (2ദിന, 7:12; 1രാജാ, 11:9) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായതായി പറഞ്ഞിട്ടുണ്ട്. ദൈവത്തിൻ്റെ പലനിലകളിലുള്ള പ്രത്യക്ഷതകൾ ബൈബിളിൽ കാണാം. ദൈവത്തിന് മനുഷ്യപ്രത്യക്ഷത എടുക്കാനും ഒരു സ്ത്രീയുടെ സഹായം ആവശ്യമില്ല. അതിൻ്റെ വ്യക്തമായ തെളിവ് പഴയനിയമത്തിലുണ്ട്: യഹോവ മമ്രേയുടെ തോപ്പിൽ തൻ്റെ സ്നേഹിതനായ അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്നത് സ്ത്രീയിലൂടെയല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ പുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച പാപരഹിതനായ ഒരു മനുഷ്യന് മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഒരു യെഹൂദാ കന്യകയുടെ ഉദരത്തിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി, ദൈവം ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. (മത്താ, 1:1,16; 1തിമൊ, 3:14-16). അതായത്, പ്രവചനംപോലെ ദൈവം തൻ്റെ പ്രത്യക്ഷതയ്ക്കായി കന്യകയുടെ ഉദരത്തിലൂടെ ഒരുക്കിയ അഥവാ, ഉല്പാദിപ്പിച്ച ശരീരം അഥവാ, മനുഷ്യനാണ് യേശുവെന്ന പരിശുദ്ധൻ. (മത്താ,, 1:20; ലൂക്കൊ, 2:21; യോഹ, 6:69; 8:40; ഉല്പ, 3:15; ആവ, 18:15,18; സങ്കീ, 40:6–എബ്രാ, 10:5).
ജീവനുള്ള ദൈവത്തിൻ്റെ പുത്രൻ: ക്രിസ്തു ജീവനുള്ള ദൈവത്തിൻ്റെ പുത്രനാണെന്ന് പത്രൊസ് പറഞ്ഞിരിക്കയാൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രനാണെന്ന് വിചാരിക്കുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ മൂന്ന് കാര്യങ്ങൾ പറയാം: 1. നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്ന് പത്രൊസ് ഏറ്റുപറഞ്ഞത്, ഒരു സവിശേഷ വെളിപ്പാട് നിമിത്തമല്ല; അതൊരു സാധാരണ വെളിപ്പാടാണ്. എന്റെ പിതാവത്രേ നിനക്കു ഇതു വെളിപ്പെടുത്തിയതു” എന്നു യേശു അവനോടു പറഞ്ഞത്, യോർദ്ദാനിൽ വെച്ചുള്ള പിതാവിൻ്റെ സാക്ഷ്യത്തെക്കുറിച്ചാണ്. (മത്താ, 3:17; 16:16-17). യോർദ്ദാനിലെ പിതാവിൻ്റെ സാക്ഷ്യം മുതൽ യോഹന്നാൻ സ്നാപകനും (യോഹ, 1:34), നഥനയേലും (യോഹ, 1:49), ഭൂതഗ്രസ്തരും (മത്താ, 8:29; മർക്കൊ, 3:11; 5:7; ലൂക്കൊ, 4:41; 8:28), യേശുവും (യോഹ, 5:25; 9:35; 10:36; 11:4), ശിഷ്യന്മാർ തന്നെയും അവൻ ദൈവപുത്രനാണെന്ന് ഏറ്റുപറഞ്ഞതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിലെ സംഭവം നടക്കുന്നത്. യേശു ദൈവപുത്രനാണെന്ന് യോഹന്നാൻ സ്നാപകൻ സാക്ഷ്യം പറഞ്ഞകാര്യം പത്രോസിനും യോഹന്നാനും അന്ത്രെയാസിനും അറിവുള്ളതാണ്. ആ സമയത്ത് അവർ സ്നാപകൻ്റെ ശിഷ്യന്മാരായിരുന്നു. പന്ത്രണ്ടു ശിഷ്യന്മാരിൽ ഉൾപ്പെട്ടവനാണ് നഥനയേൽ അഥവാ, ബർത്തൊലോമായി; അവൻ്റെ സാക്ഷ്യവും എല്ലാവർക്കും അറിവുള്ളതാണ്. അനേകം ഭൂതഗ്രസ്തർ യേശു ദൈവപുത്രനാണെന്ന് വിളിച്ചു പറയുമ്പോഴും, താൻ ദൈവപുത്രനാണെന്ന് ദൈവാലയത്തിൽവെച്ച് യേശു പറഞ്ഞപ്പോഴും ശിഷ്യന്മാർ അവൻ്റെ കൂടെയുണ്ടായിരുന്നു. യേശു കടലിന്മേൽ നടന്ന് പടകിൽ കയറിയപ്പോൾ, ശിഷ്യന്മാരൊന്നടങ്കം “നീ ദൈവപുത്രൻ സത്യം” എന്നു പറഞ്ഞു അവനെ നമസ്കരിച്ചതാണ്. (മത്താ, 14:33). അതിനുശേഷമാണ് ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ചുള്ള ഈ സംഭവം. അതിനാൽ, യേശു ദൈവപുത്രനാണെന്ന് പത്രൊസ് ഏറ്റുപറഞ്ഞത് ഒരു സവിശേഷ വെളിപ്പാടുകൊണ്ടല്ലെന്ന് വ്യക്തമാണ്.
2. ദൈവത്തിന് ദൂതന്മാരും മനുഷ്യരുമായി കോടിക്കണക്കിനു പുത്രീപുത്രന്മാർ ഉണ്ട്: ദൂതന്മാർ (ഇയ്യോ, 1:6; 2:1; 38:6), ആദാം (ലൂക്കൊ, 3:38), ശേത്തിൻ്റെ സന്തതികൾ (ഉല്പ, 6:2,4), യിസ്രായേൽ (പുറ, 4:22), എഫ്രയീം (യിരെ, 31:9), ക്രിസ്തുവിശ്വാസികൾ. (1യോഹ, 3:2). അവരെല്ലാവരും ജീവനില്ലാത്ത ദൈവത്തിൻ്റെ പുത്രീപുത്രന്മാർ അല്ല; ജീവനുള്ള ദൈവത്തിൻ്റെ പുത്രീപുത്രന്മാർ ആണ്. തന്മൂലം, യേശുവിനെ ജീവനുള്ള ദൈവത്തിൻ്റെ പുത്രനെന്ന് വിളിച്ചിരിക്കുന്ന കാരണത്താൽ, അവൻ ദൈവത്തിൻ്റെ നിത്യപുത്രൻ ആകില്ല.
3. മർക്കൊസിലെയും ലൂക്കൊസിലെയും ഫിലിപ്പിൻ്റെ കൈസര്യയിലെ സമാന്തരവേദഭാഗങ്ങളിൽ ‘ദൈവപുത്രൻ’ എന്നല്ല പറയുന്നത്; യഥാക്രമം ‘ക്രിസ്തു, ദൈവത്തിൻ്റെ ക്രിസ്തു’ എന്നിങ്ങനെയാണ്: “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (മർക്കൊ, 8:29). “അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.” (ലൂക്കോ, 9:20). ഒന്നിനെതിരെ രണ്ട് വാക്യങ്ങളിൽ, ദൈവപുത്രനില്ല; ക്രിസ്തു മാത്രമേയുള്ളു. തന്മൂലം ഫിലിപ്പിൻ്റെ കൈസര്യയിലെ വിഷയം ദൈവപുത്രൻ എന്നുള്ളതല്ല; ക്രിസ്തു ആണെന്ന് മനസ്സിലാക്കാം. മൂന്ന് വേദഭാഗത്തും ഒരുപോലെ പറഞ്ഞിരിക്കുന്നത് ക്രിസ്തു എന്നാണ്. ക്രിസ്തുവിലൂടെയാണ് സകലജാതികൾക്കും രക്ഷ വരേണ്ടത്. പ്രവചനംപോലെ താൻ ക്രിസ്തു ആയതും ദൈവപുത്രനായതും എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 3:22; പ്രവൃ, 10:38). യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് താൻ ക്രിസ്തു ആയത് യോർദ്ദാനിൽവെച്ചാണെന്ന് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). തന്മൂലം, എ.ഡി. 29-ൽ മാത്രം ദൈവപുത്രൻ ആയവൻ ദൈവത്തിൻ്റെ നിത്യപുത്രനല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
ഞാനും പിതാവും ഒന്നാകുന്നു: ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് പറഞ്ഞത്. (യോഹ, 8:24,28; 13:19). അബ്രാഹാം ജനിച്ചതിനു മുമ്പേയുള്ള എഗോ എയ്മി അഥവാ, യഹോവയാണെന്ന് പറഞ്ഞത്. (യോഹ, 8:58). ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. (യോഹ, 10:30). എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ, ഭാഷാപരമായി അതബദ്ധമാണ്. അങ്ങനെയൊരു പ്രയോഗം ലോകത്തിൽ ആരും പറഞ്ഞതായിട്ടും കാണാൻ കഴിയില്ല. അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഐക്യത്തിൽ ഒന്നാകുന്ന പ്രയോഗവും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 17:11,23). രണ്ട് പ്രയോഗങ്ങളും അജഗജാന്തരം ഉള്ളതാണ്. സുവിശേഷചരിത്രകാലത്ത്, ഏകദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ മനുഷ്യനും എന്ന നിലയിൽ, പിതാവും പുത്രനും വിഭിന്നരായിരുന്നു. (1തിമൊ, 2:5-6). അതുകൊണ്ട്, ഞാനും പിതാവും എന്ന് വേർതിരിച്ച് പറഞ്ഞത്. എന്നാൽ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ, പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, നിത്യമായ അസ്തിത്വത്തിൽ പുത്രൻ പിതാവിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല അഥവാ, പിതാവ് മാത്രമേ ഉണ്ടായിരിക്കയുള്ളു. അതുകൊണ്ടാണ്, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് ക്രിസ്തുവും (യോഹ, 17:3), പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാരും പറഞ്ഞത്: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ഒന്നൂകൂടി വ്യക്തമാക്കിയാൽ, പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവെന്ന മനുഷ്യൻ്റെ പൂർവ്വാസ്തിത്വവും സുവിശേഷ ചരിത്രകാലം ഒഴികെയുള്ള നിത്യമായ അസ്തിത്വവും പിതാവെന്ന നിലയിലാണ്. പ്രത്യുത, നിത്യമായ അസ്തിത്വം വചനമെന്ന നിലയിലോ, മറ്റേതെങ്കിലും വിധത്തിലോ പിതാവിൽനിന്ന് വിഭിന്നമാണെങ്കിൽ, താൻ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പരമാബദ്ധമായി മാറും.
“ഞാനും പിതാവും ഒന്നാകുന്നു” എന്ന വേദഭാഗം ഉദ്ധരിച്ചുകൊണ്ട്, “പിതാവും പുത്രനും ഒരു വ്യക്തിയാണെന്ന് നമുക്കറിയാം”എന്ന് ട്രിനിറ്റിയുടെ ദൈവശാസ്ത്രത്തിലും പറഞ്ഞിട്ടുണ്ട്. (Systematic theology, പേജ്, 147). വ്യവസ്ഥിത ദൈവശാസ്ത്രത്തിൻ്റെ രചയിതാവ് ജീ. സുശീലൻ ത്രിത്വവിശ്വാസിയാണെങ്കിലും, അദ്ദേഹം ഭാഷാപണ്ഡിതനാകയാൽ; ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണെന്ന് പുള്ളിക്കറിയാം. പള്ളിയുടെ വിശാസത്തിന് വിരുദ്ധമാണെങ്കിലും, ഇതുപോലെ പല സത്യങ്ങളും പുള്ളി ദൈവശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഉദാ: സ്നാനം യേശുവിൻ്റെ നാമത്തിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതും ത്രിത്വവിശ്വാസത്തിന് എതിരാണ്. (പേജ്, 630). അതായത്, “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം” എന്ന വാക്യാംശം ഒരു സംജ്ഞാനാമം (proper noun) അഥവാ, പ്രത്യേകനാമത്തെ (proper name) കുറിക്കുന്നതാണെന്ന് പുള്ളിക്കറിയാം. [കൂടുതൽ അറിയാൻ കാണുക: ഒനോമയും (Name) ഒനോമാട്ടയും (Names)]
പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1 കൊരി. 8:6). ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനല്ല; ആത്മാവാണ്. (ഇയ്യോ, 9:32; ഹോശേ, 11:9; യോഹ, 4:24). നമ്മുടെ പാപങ്ങളെ ചുമക്കാൻ ശരീരവും (1പത്രൊ, 2:24) പാപപരിഹാരത്തിനായി ചിന്താൻ രക്തവും (1പത്രൊ, 1:19) മറുവിലയായ മരിക്കാനും കഴിയാത്ത (1തിമൊ, 6:16) ദൈവമല്ല നമുക്കുവേണ്ടി മരിച്ചത്; ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പരിശുദ്ധമനുഷ്യനാണ് നമുക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്. (യോഹ, 6:69; 8:40). നമുക്കുവേണ്ടി മരിച്ച യേശുവെന്ന പാപം അറിയാത്ത മനുഷ്യനെയാണ് പ്രവചനംപോലെ, ദൈവം മരണത്തിൽ നിന്നു ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചത്. (ലൂക്കൊ, 2:11; പ്രവൃ, 2:22-24,36). അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ്, പെന്തെക്കൊസ്തുനാളിൽ, ഈ സത്യം വിളിച്ചുപറഞ്ഞപ്പോഴാണ്, മൂവായിരം യെഹൂദന്മാരുടെ ഹൃദയത്തിൽ കുത്തുകൊണ്ടതും, അവർ കർത്താവും ക്രിസ്തുവുമായ യേശുവിലൂടെ രക്ഷപ്രാപിച്ചതും. (പ്രവൃ, 2:22-24,36-37). അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ടെന്ന് പൗലോസ് പറയുന്നത്. (1കൊരി, 8:6). അതിനാലാണ്, “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കുന്നത്. (റോമ, 10:9). ദൈവം നമ്മുടെ കർത്താവും ക്രിസ്തുവും ആക്കിവച്ച, ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യരുടെ രക്ഷ. അതുകൊണ്ടാണ്, “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു” എന്ന് പൗലോസ് പറഞ്ഞത്. (റോമ, 5:15. ഒ.നോ: 5:16-19). അതിനാലാണ്, കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും അഥവാ, ജാതികളും വിശ്വസിക്കുന്നു” എന്ന് പത്രോസ് പറഞ്ഞത്. (പ്രവൃ, 15:11). അതുകൊണ്ടാണ്, ദൈവമായ പിതാവിനും പരിശുദ്ധാത്മാവിനുമൊപ്പം ഏകമനുഷ്യനായ പുത്രൻ്റെ കൃപയും ആശംസിക്കുന്നത്. (2കൊരി, 13:14). വഴിയും സത്യവും ജീവനും ഏകമനുഷ്യനുമായ യേശുക്രിസ്തുവിലൂടെയാണ് ഏകസത്യദൈവത്തെ പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. (യോഹ, 14:6; റോമ, 5:15). തന്മൂലം, മദ്ധ്യസ്ഥനും മറുവിലയുമായ ഏകമനുഷ്യനെ അറിയാതെ, ഏകസത്യദൈവത്തെ അറിയാൻ ആർക്കും കഴിയില്ല. (യോഹ, 8:19; 14;7; 1തിമൊ, 2:5-6). ഏകസത്യദൈവമായ പിതാവിനെയും അഥവാ, ഒരേയൊരു സത്യദൈവമായ പിതാവിനെയും അവൻ അയച്ച അഥവാ, അവൻ്റെ വെളിപ്പാടായ യേശുക്രിസ്തുവിനെയും (ഏകമനുഷ്യൻ) അറിയുന്നതാണ് നിത്യജീവൻ. (യോഹ, 17:3. ഒ.നോ: 1യോഹ, 5:20). ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപാലുള്ള ദാനമാണ് നിത്യജീവൻ. (റോമ, 5:15; പ്രവൃ, 15:11).
മൂന്ന് വെളിപ്പാടുകൾ: ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളിലൂടെയാണ് സുവിശേഷചരിത്രം പൂർത്തിയാക്കിയത്. യോർദ്ദാനിലെ അഭിഷേകത്താലുള്ള ആത്മാവിൻ്റെ ശക്തിയോടെയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14; 1തിമൊ, 3:14-16). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത് യേശുവെന്ന മനുഷ്യനാണ്. (യോഹ, 8:40). അവൻ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചത്, യോർദ്ദാനിലെ അഭിഷേകം മുതൽ തന്നോടുകൂടെയിരുന്ന ദൈവത്താലാണ്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; ലൂക്കൊ, 5:17; യോഹ, 3:2). അവൻ പാപമോചനം നല്കിയത്, ദൈവം കൊടുത്ത അധികാരത്താലാണ്. (മത്താ, 9:8). യേശുവെന്ന മനുഷ്യൻ തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14) ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവാത്മാവിനാൽ അഥവാ, ദൈവത്താൽ ഉയിർപ്പിക്കപ്പെട്ടവൻ അന്നുതന്നെ, തൻ്റെ പിതാവും ദൈവവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; റോമ, 10:9; എബ്രാ, 7:27; 9:11-12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്നു് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, ജീവനുള്ള ദൈവമായ യഹോവ മനുഷ്യനായും ദൈവമായും അദൃശ്യനായ ആത്മാവായും മൂന്ന് വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ എടുത്താണ് സുവിശേഷ ചരിത്രം പൂർത്തിയാക്കിയത്. ഇനി ഒലിവുമലയിൽ തേജസ്സിൽ പ്രത്യക്ഷമാകുന്നത് മഹാദൈവമായ യഹോവയാണ്. (സെഖ, 14:1-4. ഒ.നോ: ആവ, 10:17; എസ്രാ, 5:8; നെഹെ, 8:6; സങ്കീ, 95:3; ദാനീ, 2:46). പുതിയനിയമത്തിൽ പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും ഒന്നുതന്നെയാണ്. (യോഹ, 5:43; 17:11-12. ഒ.നോ: മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5). [മുഴുവൻ തെളിവുകളും കാണാൻ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്താണ്? എന്ന വീഡിയോ കാണുക]. അതുകൊണ്ടാണ്, മഹാദൈവമായ യേശുക്രിസ്തു തേജസ്സിൽ പ്രത്യക്ഷനാകുമെന്ന് പൗലൊസ് പറഞ്ഞതും അവൻ പോയപോലെ മടങ്ങിവരുമെന്ന് ദൂതന്മാർ പ്രവചിച്ചതും: (തീത്തൊ, 2:11-12; പ്രവൃ, 1:11. വെളി, 19:18). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ പിതാവായ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14).
ഞാൻ അവൻ ആകുന്നു: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ, 3:25,26. ഒ.നോ: ഉല്പ, 22:18). ദൈവം അബ്രാഹാമിനോടു ചെയ്ത നിയമത്തിൻ്റെ സന്തതി അഥവാ, വാഗ്ദത്തസന്തതി യിസ്രായേലാണെന്ന് പത്രൊസ് അപ്പൊസ്തലൻ യെഹൂദന്മാരോടു പറഞ്ഞശേഷം അടുത്തവാക്യത്തിൽ, വാഗ്ദത്തസന്തതിയെ അവൻ്റെ അകൃത്യങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം തൻ്റെ ദാസനായ യേശുവിനെ അയച്ചകാര്യം പറഞ്ഞിരിക്കുന്നു. ഈ ദാസൻ ആരാണെന്ന് യെശയ്യാവ് 43:10-ൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, മിക്ക പരിഭാഷകളിലും വാക്യം തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. അതിനാൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ മലയാളം പരിഭാഷ ചേർക്കുന്നു: “ഞാൻ അവൻ ആകുന്നു എന്ന് നിങ്ങൾ അറിഞ്ഞു, എന്നെ വിശ്വസിച്ചു, തിരിച്ചറിയേണ്ടതിനു നിങ്ങളും, ഞാൻ തിരഞ്ഞെടുത്തിട്ടുള്ള ഭൃത്യനും എൻ്റെ സാക്ഷികൾ ആകുന്നു. എന്നു യഹോവ പറയുന്നു: എനിക്കു മുമ്പെ ഒരു ദൈവവും രൂപമാക്കപ്പെട്ടിട്ടില്ല, എൻ്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ഈ വാക്യത്തിൽ മൂന്നുപേരാണ് ഉള്ളത്. ഞാൻ, എന്നെ എന്നിങ്ങനെ ഉത്തമ പുരുഷനിൽ സംസാരിക്കുന്നത് യഹോവയാണ്. നിങ്ങൾ എന്ന് മധ്യമപുരുഷനിൽ യഹോവ സംബോധന ചെയ്യുന്നത് യിസ്രായേലിനെയാണ്. ഒന്നാം വാക്യം മുതൽ അത് കാണാൻ കഴിയും. അവൻ എന്ന് പ്രഥമപുരുഷനിൽ ആദ്യഭാഗത്ത് സംബോധന ചെയ്യുന്നതും ഭൃത്യൻ അഥവാ, ദാസൻ എന്ന് സംബോധന ചെയ്തിരിക്കുന്നതും ക്രിസ്തുവിനെക്കുറിച്ചാണ്. അതായത്, സാക്ഷിയായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഭൃത്യൻ, അവൻ ഞാൻ തന്നെയാണ്. അതാണ്, യിസ്രായേൽ അറിയേണ്ടതും വിശ്വസിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റെ പരിഭാഷയിൽ നിന്ന് അത് കൃത്യമായി മനസ്സിലാക്കാം. “Be ye my witnesses, and I too am a witness, saith the Lord God, and my servant whom I have chosen: that ye may know, and believe, and understand that I am he: before me there was no other God, and after me there shall be none.” (LXXe). “നിങ്ങൾ എൻ്റെ സാക്ഷികളായിരിക്കുവിൻ, ഞാനും ഒരു സാക്ഷിയാണ്, ദൈവമായ കർത്താവും ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസനും അരുളിച്ചെയ്യുന്നു. അങ്ങനെ നിങ്ങൾ എന്നെ അറിയുകയും വിശ്വസിക്കുകയും ഞാൻ അവനാണെന്ന് മനസ്സിലാക്കുകയും ചെയ്യും.” ബെഞ്ചമിൻ ബെയ്‌ലി പരിഭാഷയിൽ യിസ്രായേലും ഭൃത്യനുമാണ് സാക്ഷികൾ. സെപ്റ്റ്വജിൻ്റ് പരിഭാഷപ്രകാരം, യിസ്രായേലും യഹോവയുമാണ് സാക്ഷികൾ .തന്നെയുമല്ല, ദാസൻ താൻ തന്നെയാണെന്നും യഹോവ പറയുന്നു. യഹോവ സാക്ഷിയായി വരുമെന്ന് പഴയനിയമത്തിൽ വ്യക്തമായി പ്രവചനമുള്ളതാണ്: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു. (സെഫ, 3:8). പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. (യിരെ, 31:31-34; എബ്രാ, 8:8-12; മത്താ, 5:17-18). “സത്യത്തിനു സാക്ഷിനില്ക്കേതിനു ഞാൻ ജനിച്ചു അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു” എന്നാണ് ക്രിസ്തു പറഞ്ഞത്. (യോഹ, 18:37). എന്തെന്നാൽ, യഹോവയ്ക്ക് മുമ്പും പിമ്പും മറ്റൊരു ദൈവമില്ല. അടുത്തവാക്യം: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.” (യെശ, 43:11). യേശുവെന്ന ദാസനെ അയച്ചത് എന്തിനാണെന്ന് പത്രൊസ് പറഞ്ഞത്, ഒന്നുകൂടി ശ്രദ്ധിക്കുക: ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാണ്. (പ്രവൃ, 3:26). എന്നാൽ, യഹോവയാണ് യിസ്രായേലിനെ അവൻ്റെ അകൃത്യങ്ങളിൽ നിന്ന് വീണ്ടെടുക്കുന്നതെന്നും കൃത്യമായി പ്രവചനമുണ്ട്: യഹോവ യിസ്രായേലിനെ; അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കും. (സങ്കീ, 130:8). മനുഷ്യരെ രക്ഷിക്കാൻ, യഹോവയല്ലാതെ മറ്റൊരു ദൈവമില്ല. അതുകൊണ്ടാണ്, യഹോവ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്. യഹോവ പറഞ്ഞകാര്യം, പുതിയനിയമത്തിൽ ക്രിസ്തു തിരിച്ചും പറയുന്നതായി കാണാം: “ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ തന്നേ അവൻ (I am he) എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും,” (യോഹ, 8:24. ഒ.നോ: 8:28; 13:19). പിതാവിനെക്കുറിച്ച് പറഞ്ഞുവന്നിട്ടാണ് താനിത് പറയുന്നതെന്ന് ഓർക്കണം: (യോഹ, 16-19). അതായത്, ഞാൻ തന്നേ അവൻ. അഥവാ, യഹോവ തന്നേ യേശു; യേശു തന്നേ യഹോവ. അതാണ്, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു (The Living God manifest in the flesh) എന്ന് പൗലൊസിനു വെളിപ്പെട്ട ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവീകരഹസ്യം. (1തിമൊ, 3:14-16). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളപ്പാടാകയാൽ, സുവിശേഷ ചരിത്രകാലത്ത്, യഹോവയായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകമനുഷ്യനും യഥാർത്ഥത്തിൽ ഒന്നായിരുന്നില്ല; ഐക്യത്തിൽ ഒന്നായിരുന്നു. (യോഹ, 17:11,21,23; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, പൂർവ്വാസ്തിത്വത്തിലും (ലൂക്കൊ, 1:68; യോഹ, 130-33) സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും യഹോവയും യേശുവും യഥാർത്ഥത്തിൽ ഒന്നുതന്നെ ആണ്. (യോഹ, 10:30). അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലോ, 3:2; 1തിമൊ, 3:14-16). എന്നാൽ, ക്രിസ്തു ഏകസത്യദൈവമായ പിതാവിൽനിന്ന് നിത്യമായി വ്യത്യസ്തനാണെന്ന് പഠിപ്പിക്കുകവഴി ട്രിനിറ്റി അവനെ വ്യാജദൈവം ആക്കുന്നു. യഹോവയല്ലാത്ത മറ്റേവനും അന്യദൈവം അഥവാ, വ്യാജദൈവമാണ്. അതാണ് ഒന്നാം കല്പന. (പുറ, 20:3; ആവ, 5:7). ക്രിസ്തുവിനെ വ്യാജദൈവം ആക്കുന്ന ഉപദേശമാണ് ട്രിനിറ്റി. സത്യം അറിയുക, അംഗീകരിക്കുക, വിശ്വസിക്കുക, രക്ഷപ്രാപിക്കുക!