ബ്ലസ്തൊസ്

ബ്ലസ്തൊസ് (Blastus)

ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ പളളിയറസൂക്ഷിപ്പുകാരൻ. സോർ-സീദോൻ നിവാസികൾ ഈയാളെ വശത്താക്കി രാജാവിനെ സ്വാധീനിച്ച് പ്രീതി നേടുവാൻ ശ്രമിച്ചു. “അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.” (പ്രവൃ, 12:20).

ബലീയാൽ

ബലീയാൽ (Belial)

പഴയനിയമത്തിൽ പലസ്ഥാനങ്ങളിലും വരുന്ന ഒരു പ്രയോഗമാണ് ബെലീയാൽ. നീചത്വം, നിസ്സാരത, ദുഷ്ടത എന്നീ അർത്ഥങ്ങളിലാണ് പ്രയോഗം. ബെലീയാലിന്റെ പുത്രന്മാർ (ആവ, 13:13; ന്യായാ, 19:22; 1ശമൂ, 2:12), ബെലീയാലിന്റെ മകൾ (1ശമൂ, 1:16), ബെലീയാലിന്റെ മനുഷ്യൻ (2ശമൂ, 20:1; സദൃ, 16:27) എന്നിങ്ങനെ സംയുക്ത പദങ്ങളായാണ് കാണപ്പെടുന്നത്. ‘ബെലീയാലിന്റെ പുത്രന്മാർ’ എന്ന പ്രയോഗത്തെ നീചന്മാർ എന്നും ‘ബെലീയാലിന്റെ മകളെ’ നീചസ്ത്രീ എന്നും ‘ബെലീയാലിന്റെ മനുഷ്യനെ’ നീചൻ അഥവാ നിസ്സാര മനുഷ്യൻ എന്നും സത്യവേദപുസ്തകത്തിൽ തർജ്ജമ ചെയ്തിരിക്കുന്നു. ചില സ്ഥാനങ്ങളിൽ ഈ പദത്തെ തനിയെ പ്രയോഗിച്ചിട്ടുണ്ട്. അവിടെ നീചൻ, വഷളൻ എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (2ശമൂ, 23:6; ഇയ്യോ, 34:18). ദോഷപൂർണ്ണവും പൈശാചികവുമായ ശക്തിയെ കുറിക്കുന്നതിനും ‘ബെലീയാൽ’ എന്ന പദം പ്രയോഗിച്ചിട്ടുണ്ടങ അധർമ്മം, നിയമരാഹിത്യം, ഭോഷത്വം എന്നീ അർത്ഥങ്ങളുളള പദങ്ങൾകൊണ്ട് സന്ദർഭാനുസരണം സെപ്റ്റ്വജിന്റ് ബെലീയാലിനെ പരിഭാഷപ്പെടുത്തി. എട്ടു സ്ഥാനങ്ങളിൽ ബെലീയാൽ ഒരു സംജ്ഞാനാമമാണെന്ന പാരമ്പര്യം നിലവിലുണ്ട്. (ആവ, 13:13; ന്യായാ, 19:22; 1ശമൂ, 1:16; 2:12; 10:27; 25:17; 2ശമൂ, 16:7; നഹൂം, 1:15). ഈ ഭാഗങ്ങളിലെല്ലാം ലത്തീൻ വുൾഗാത്ത ബെലീയാലിനെ ലിപ്യന്തരണം ചെയ്തതേയുള്ളൂ. 1രാജാക്കന്മാർ 21:13-ൽ പിശാചെന്നു തർജ്ജമ ചെയ്തു. പില്ക്കാലത്ത് ബെലീയാൽ ദുഷ്ടതയുടെ പ്രഭുവും പിശാചുമായി മാറി. പുതിയ നിയമത്തിൽ 2കൊരിന്ത്യർ 6:15-ൽ മാത്രമാണ് ബെലീയാലിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്. ഇവിടെ മശീഹയുടെ പ്രതിയോഗിയാണ് ബെലീയാൽ. “ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം?” ചില വ്യാഖ്യാതാക്കൾ 2തെസ്സലോനിക്യർ 2:3-ലെ അധർമ്മമൂർത്തിയിലും ബെലീയാലിൻ്റെ സൂചന കാണുന്നു.

ബെൻ-ഹദദ്

ബെൻ-ഹദദ് (Ben-hadad)

പേരിനർത്ഥം – ഹദദിന്റെ പുത്രൻ

ദമ്മേശെക് ആസ്ഥാനമാക്കി ഭരിച്ചിരുന്ന അരാമ്യ രാജാക്കന്മാരുടെ പദവിനാമമാണ് ബെൻ-ഹദദ്. ഈ പേരിൽ രണ്ടു രാജാക്കന്മാർ ബൈബിളിൽ പരാമൃഷ്ടരായിട്ടുണ്ട്; ചിലരുടെ അഭിപ്രായത്തിൽ മുന്നും. ഒരു നൂറ്റാണ്ടുകാലം പ്രസ്തുത രാജാക്കന്മാർ യിസ്രായേലിന്റെ പ്രതിയോഗികളായിരുന്നു. എ.ഡി. 1940-ൽ ഉത്തര സിറിയയിൽ നിന്നു കണ്ടെടുത്ത ബെൻ-ഹദദ് ഒന്നാമന്റെ ലിഖിതം ബൈബിൾ രേഖകൾ ശരിയാണെന്നു തെളിയിച്ചു.

ബെൻ-ഹദദ് ഒന്നാമൻ: ബെൻഹദദ് ഒന്നാമൻ ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകനാണ്. (1രാജാ, 15:18). ഈ രാജാവിന്റെ മെൽക്കാത്ത് ശിലാസ്തംഭ ലിഖിതത്തിൽ രാജാവിനെക്കുറിച്ചു ഇതേ വിവരണം തന്നെ നല്കിയിരിക്കുന്നു. ബി.സി. 890-നടുപ്പിച്ചാണ് ഇയാൾ അരാം രാജാവായത്. അക്കാലത്ത് പശ്ചിമേഷ്യയിലെ ശക്തമായ രാജ്യമായിരുന്നു അരാം. യിസ്രായേൽ രാജാവായ ബയെശാ യെഹൂദയെ ആക്രമിച്ചപ്പോൾ യെഹൂദാ രാജാവായ ആസാ ബെൻ-ഹദദിന്റെ സഹായം തേടി. ബയെശാ യെരുശലേമിനു 8 കി.മീ. അകലെവരെ എത്തി, രാമായെ പണിതുറപ്പിച്ചു. രാജധാനിയിലെ ഭണ്ഡാരത്തിലും ദൈവാലയത്തിലും ശേഷിച്ചിരുന്നതെല്ലാം ആസാ എടുത്തു ബെൻ-ഹദദിനു നല്കി അദ്ദേഹത്തിന്റെ സഹായം ഉറപ്പാക്കി. ബെൻ-ഹദദ് യിസ്രായേലിന്റെ ഉത്തരഭാഗം ആക്രമിക്കുകയും ബയെശാ രാമായിൽ നിന്നു പിന്മാറുകയും ചെയ്തു. (1രാജാ, 15:20-22). ഈ പ്രവൃത്തിയിലൂടെ യിസ്രായേലിന്റെയും യെഹൂദയുടെയും ഒരു പൊതു ശത്രുവിനെ വളർത്തി എടുക്കുകയാണ് ആസാ ചെയ്തത്. ആസായുടെയും ബയെശയുടെയും സമകാലികനായ ബെൻ-ഹദദ് ഒന്നാമനും ഏലീയാവിന്റെയും എലീശയുടെയും സമകാലികനായ ബെൻ-ഹദദും ഭിന്ന വ്യക്തികളാണെന്നു പൊതുവെ കരുതപ്പെട്ടിരുന്നു. ബെൻ-ഹദദ് ഒന്നാമൻ ഒമ്രിയുടെയോ ആഹാബിന്റെയോ കാലത്തിന്റെ തുടക്കത്തിൽ (ഏകദേശം 865 ബി.സി.) മരിച്ചു എന്നും തുടർന്നു ബെൻ-ഹദദ് രണ്ടാമൻ രാജാവായി എന്നും അധികം പണ്ഡിതന്മാരും കരുതിയിരുന്നു. എന്നാൽ ബെൻ-ഹദദിന്റെ ശിലാസ്തംഭം കണ്ടെടുത്തതോടുകൂടി ഇരുവരും ഒരാളാണെന്നു അസന്നിഗ്ദ്ധമായി തെളിഞ്ഞു. ബെൻ-ഹദദ് ഒന്നാമനും രണ്ടാമനും ഭിന്നരാണെന്നു കാണിക്കുവാൻ ആഹാബിനോടു ബെൻ-ഹദദ് പറയുന്ന വാക്കുകളെ പ്രധാനമായി എടുക്കാറുണ്ട്. തോറ്റ അരാം രാജാവ് യിസ്രായേൽ രാജാവായ ആഹാബിനോടു പറഞ്ഞു “എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിനു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.” (1രാജാ, 20:34). ഇവിടത്തെ സൂചന ആഹാബിന്റെ പിതാവായ ഒമ്രിയെക്കുറിച്ചാകാനിടയില്ല. ഉത്തരരാജ്യത്തിന്റെ തലസ്ഥാനമായ ശമര്യ പണിതത് ഒമ്രിയാണ്. സിറിയയോടുള്ള യുദ്ധത്തിൽ ഒമ്രി പരാജയപ്പെട്ടതിനെക്കുറിച്ചു ഒരു രേഖയുമില്ല. ഇവിടെ പിതാവിനു മുൻഗാമി എന്ന അർത്ഥം നല്കിയാൽ മതി. ബെൻ-ഹദദ് ഒന്നാമൻ ആഹാബിനോടു യുദ്ധം ചെയ്തു. (1രാജാ, 20:1-21). ആ യുദ്ധത്തിൽ ആഹാബു ജയിച്ചു എന്നു മാത്രമല്ല പിറ്റേവർഷം അഫേക്കിൽ വച്ചു നടന്ന യുദ്ധത്തിലും ജയിച്ചു. (1രാജാ, 20:26-43). പിറ്റേവർഷം പ്രബലമായ അശ്ശൂർ സൈന്യം സുറിയ-പലസ്തീനിൽ ആക്രമണത്തിനു വന്നു. അതിനെ ചെറുക്കാനായി ആഹാബും ബെൻ-ഹദദും ഒരു പൊതുധാരണയിലെത്തി. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിക്കുന്ന ശിലാലിഖിതത്തിൽ ശല്മനേസർ മൂന്നാമന്റെ ആക്രമണത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അരാമിലെ ബെൻ-ഹദദിന്റെ നേതൃത്വത്തിലുളള അരാമ്യസൈന്യത്തോടു താൻ യുദ്ധം ചെയ്തതിനെയും രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. 853-ൽ ഓറന്റീസ് താഴ്വരയിലെ ഹമാത്തിനു വടക്കുളള കാർക്കാറിൽ വച്ചായിരുന്നു യുദ്ധം. ലിഖിതത്തിൽ ആഹാബിനെ ബെൻ-ഹദദിനോടൊപ്പം പരാമർശിച്ചിട്ടുണ്ട്. ബെൻ-ഹദദിന്റെ 1,200 രഥങ്ങളും 20,000 പടയാളികളും ആഹാബിന്റെ 2,000 രഥങ്ങളും 10,000 പടയാളികളുമാണ് യുദ്ധത്തിനിറങ്ങിയത്. ഈ യുദ്ധം ശല്മനേസറിനു വിജയമായിരുന്നില്ല. വീണ്ടും ബി.സി. 848-ൽ ശല്മനേസർ മൂന്നാമൻ അരാമിലേക്കു കടന്നു. ബെൻ-ഹദദ് ഒന്നാമന്റെ കീഴിൽ പന്ത്രണ്ടു രാജാക്കന്മാരുടെ സഖ്യമാണ് അദ്ദേഹത്തെ എതിരിട്ടത്. ബി.സി. 843-നടുപ്പിച്ച് ബെൻ-ഹദദ് ഒന്നാമന്റെ വാഴ്ച അവസാനിച്ചു. ബി.സി. 841-ൽ ഹസായേൽ രാജാവായി.

ബെൻ-ഹദദ് രണ്ടാമൻ: ഹസായേലിന്റെ പുത്രനാണു ബെൻ-ഹദദ് രണ്ടാമൻ. ഇയാൾ ദുർബ്ബലനായിരുന്നു. (2രാജാ, 13:3, 24). പിതാവു നേടിയ രാജ്യത്തെ സംരക്ഷിക്കുന്നതിനു അയാൾക്കു കഴിഞ്ഞില്ല. പിതാവിനെപ്പോലെ ഇയാളും യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു. യോവാശ് രാജാവ് ബെൻ-ഹദദിന്റെ ആക്രമണങ്ങൾ ചെറുത്ത് നഷ്ടപ്പെട്ട പട്ടണങ്ങൾ വീണ്ടെടുത്തു. (2രാജാ, 13;14-19, 25) ഹസായേലിനും ബെൻ-ഹദദിനും വിരോധമായി ആമോസ് പ്രവാചകൻ പ്രവചിച്ചു. (1:4). ബെൻ-ഹദദിന്റെ നാശത്തെക്കുറിച്ചു യിരെമ്യാ പ്രവാചകൻ പരാമർശിച്ചിട്ടുണ്ട്. (49:27). ബെൻ-ഹദദ് രണ്ടാമൻ ഹമാത്ത് രാജാവിനെതിരെ അരാമ്യ രാജാക്കന്മാരുടെ കൂട്ടുകെട്ടുണ്ടാക്കി. ഹമാത്ത് രാജാവിന്റെ ശക്തി കേന്ദ്രമായ ഹദ്രാക്കിനെ (സെഖ, 9:1) നിരോധിച്ചുവെങ്കിലും ഹമാത്ത് രാജാവായ സക്കീർ ശ്രതുക്കളെ അതിജീവിച്ചു. ബി.സി. 773-ൽ ശല്മനേസർ നാലാമൻ ദമ്മേശെക് നിരോധിച്ചപ്പോൾ ബെൻ-ഹദദ് മരിച്ചുവെന്നു കരുതപ്പെടുന്നു.

ബെഥൂവേൽ

ബെഥൂവേൽ (Bethuel)

പേരിനർത്ഥം – ദൈവനിവാസം

അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ പുത്രനും ലാബാന്റെയും റിബെക്കയുടെയും പിതാവും. (ഉല്പ, 22:22,23; 24:15, 24, 47; 28:2). നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർക്കുവാൻ ഇടമുണ്ടോ എന്നു അബ്രാഹാമിന്റെ ദാസൻ റിബെക്കയോടു ചോദിച്ചപ്പോൾ, അവൾ ഓടിച്ചെന്നു വീട്ടുകാരെ ഈ വിവരം അറിയിച്ചു. (ഉല്പ, 24:23, 28). റിബെക്കയുടെ വിവാഹത്തെ സംബന്ധിച്ചു ലാബാനും ബെഥൂവേലും ‘ഈ കാര്യം യഹോവയാൽ വരുന്നു’ എന്നു പറഞ്ഞു. (ഉല്പ, 24:50). കാര്യങ്ങളെല്ലാം ക്രമീകരിക്കുന്നതു ലാബാനാണ്. വാർദ്ധക്യം കൊണ്ടോ കഴിവുകേടുകൊണ്ടോ കുടുംബ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുവാൻ ബെഥൂവേലിനു കഴിഞ്ഞിരുന്നില്ല. ബെഥൂവേലിനെ അരാമ്യൻ എന്നു പറഞ്ഞിട്ടുണ്ട്. (ഉല്പ, 25:20; 28:35).

ബിൽദാദ്

ബിൽദാദ് (Bildad)

പേരിനർത്ഥം – ആശയക്കുഴപ്പം ഉണ്ടാക്കുന്ന സ്നേഹം

ഇയ്യോബിന്റെ കഷ്ടതയിൽ അവനെ ആശ്വസിപ്പിക്കാൻ വന്ന മൂന്നു സ്നേഹിതന്മാരിൽ രണ്ടാമൻ ശൂഹ്യനായ ബിൽദാദ് ആണ്. (ഇയ്യോ, 2:11). അബ്രാഹാമിനു കെതുറയിൽ ജനിച്ച ശൂവഹിന്റെ (ഉല്പ, 25:2) വംശത്തിലുള്ളവനായിരിക്കണം ബിൽദാദ്. ഒരറബിഗോത്രത്തിന്റെ തലവനായിരുന്നു ശൂവഹ്. ബിൽദാദ് ഒരു പാരമ്പര്യവാദി ആയിരുന്നു. (ഇയ്യോ, 8:8-10). ഇയാൾ മൂന്നു പ്രഭാഷണങ്ങൾ നടത്തി. ഒന്നാമത്തെ പ്രഭാഷണത്തിൽ (8 അ) ഇയ്യോബിന്റെ മക്കളുടെ മരണം അവരുടെ അതിക്രമം കൊണ്ടാണെന്നു പറഞ്ഞു. രണ്ടാം പ്രഭാഷണത്തിൽ (18 അ) ദുഷ്ടന്മാർക്കു വരുന്ന താൽക്കാലിക ദോഷങ്ങളെയും ഇയ്യോബിന്റെ തിന്മകളെയും വിശദമാക്കി. മൂന്നാം പ്രഭാഷണത്തിൽ ഇയ്യോബിന്റെ വാദമുഖങ്ങൾക്കു മറുപടി പറയാൻ കഴിവില്ലാതെ ദൈവമഹത്വത്തിലും മനുഷ്യന്റെ ഏതുമില്ലായ്മയിലും പിടിച്ചു നിന്നു. ഒടുവിൽ ഇയ്യോബ് ബിൽദാദിനു വേണ്ടി അപേക്ഷിച്ചു. (42:9).

ബിലെയാം

ബിലെയാം (Balaam)

പേരിനർത്ഥം – ദേശസഞ്ചാരി

മെസൊപ്പൊട്ടേമ്യയിലെ പെഥോരിൽ പാർത്തിരുന്ന ഒരു പ്രശ്നക്കാരൻ. (ആവ, 23:4). ബെയോരിന്റെ മകനായ ബിലെയാമിനു സത്യദൈവത്തെക്കുറിച്ചു അല്പമായ പരിജ്ഞാനം ഉണ്ടായിരുന്നു. തന്റെ കഴിവുകൾ ദൈവത്തിൽ നിന്നു ലഭിച്ചതാണെന്നു അവൻ ഏറ്റു പറയുന്നുണ്ട്. യിസ്രായേൽ ജനം മോവാബ് സമതലത്തിൽ താവളമടിച്ചിരിക്കുകയായിരുന്നു. മോവാബ് രാജാവായ ബാലാക് യിസ്രായേലിനെതിരെ മിദ്യാന്യരുമായി കൂട്ടുകൂടി. ബിലെയാം വന്ന് യിസ്രായേൽ ജനത്തെ ശപിക്കേണ്ടതിനു മോവാബ് രാജാവ് പെഥോരിലേക്കു പ്രഭുക്കമാരെ അയച്ചു. പ്രഭുക്കന്മാരുടെ അപേക്ഷ ബിലെയാമിനു സ്വീകാര്യമായി തോന്നിയില്ല. അന്നുരാത്രി അവിടെ കഴിയുവാൻ പ്രഭുക്കന്മാരോടു പറഞ്ഞു. ദൈവം അനുവദിക്കാത്തതു കൊണ്ടു ബിലെയാം പ്രഭുക്കന്മാരെ മടക്കി അയച്ചു. അവർ ബാലാക്കിന്റെ അടുക്കലേക്കു മടങ്ങിവന്നു. വീണ്ടും മോവാബ്യർ ബിലെയാമിന്റെ അടുക്കൽ ചെന്നു ധാരാളം പ്രതിഫലവും പദവിയും വാഗ്ദാനം ചെയ്തു, ബിലെയാമിനെ നിർബ്ബന്ധിച്ചു. ദൈവം വെളിപ്പെടുത്തുന്നതു മാത്രമേ പറയൂ എന്നു ബിലെയാം മറുപടി പറഞ്ഞു. അവരോടു രാത്രി അവിടെ താമസിക്കുവാനാവശ്യപ്പെട്ടു. പിറ്റേദിവസം പ്രഭുക്കന്മാരോടൊപ്പം ബിലെയാം യാത്ര തിരിച്ചു. എന്നാൽ യഹോവയുടെ ദൂതൻ വഴിയിൽ നിന്നു തടഞ്ഞു. ബിലെയാം ദൂതനെ കണ്ടില്ല. ദൂതന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ കഴുത ഒഴിഞ്ഞുപോകാൻ ശ്രമിച്ചു. മൂന്നാം പ്രാവശ്യവും ദൂതനെക്കണ്ടപ്പോൾ കഴുത വീണു. ക്രൂദ്ധനായ ബിലെയാം കഴുതയെ അടിച്ചു. ഉടൻ കഴുത വായ്തുറന്നു സംസാരിച്ചു. അപ്പോഴാണ് ബിലെയാം ദൈവദൂതനെ കണ്ടത്. ദൈവം കല്പിക്കുന്നതു മാത്രമേ പറയാവൂ എന്നു പറഞ്ഞ് ബിലെയാമിനു പോകാൻ അനുമതി നല്കി. ബാലാക്കിനെ കണ്ട ഉടൻ ബിലെയാം ഇതു വെളിപ്പെടുത്തി. ബിലെയാമിന്റെ നിർദ്ദേശമനുസരിച്ചു ഏഴു യാഗപീഠം നിർമ്മിച്ചു. ബാലാക്കും ബിലെയാമും ഓരോന്നിലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും അർപ്പിച്ചു. മൂന്നുപ്രാവശ്യം യിസ്രായേലിനെതിരെ സംസാരിക്കുവാൻ ബിലെയാം ശ്രമിച്ചു. പക്ഷേ അപ്പോഴെല്ലാം ദൈവനിയന്ത്രണത്തിനു വിധേയമായി യിസ്രായേലിനെ അനുഗ്രഹിക്കുകയാണ് ചെയ്തത്. യിസ്രായേലിനെ പരാജയപ്പെടുത്തുവാൻ അവരെ ദുർന്നടപ്പിലേക്കു പ്രലോഭിപ്പിക്കുകയാണു വേണ്ടതെന്നു ബിലെയാം ബാലാക്കിനുപദേശം നല്കി. മോവാബ്യ സ്ത്രീകളുമായി യിസ്രായേല്യർ പരസംഗം ചെയ്യുകയും (സംഖ്യാ, 31:16) അതിന്റെ ശിക്ഷ അവർ അനുഭവിക്കുകയും ചെയ്തു. (സംഖ്യാ, 25:1-12). തുടർന്നു മിദ്യാന്യരുമായുണ്ടായ യുദ്ധത്തിൽ യിസ്രായേൽ അവരെ തോല്പിക്കുകയും ബിലെയാമിനെ കൊല്ലുകയും ചെയ്തു. (സംഖ്യാ, 31:8).

സംഖ്യാ 22-24 വരെ മൂന്നദ്ധ്യായങ്ങളിൽ ബിലെയാം എന്ന പേര് 50 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവത്തെ അറിഞ്ഞവനും ദൈവത്തിൽ നിന്നു അരുളപ്പാടുകൾ ലഭിച്ചവനുമായിരുന്നു ബിലെയാം. എങ്കിലും അവൻ ദൈവജനത്തെ ശപിക്കുവാൻ പുറപ്പെട്ടു. ബിലെയാം ഒരു പ്രശ്നക്കാരനായിരുന്നു. (യോശു, 13:22). യിസ്രായേലിനെ ശപിക്കാതെ മടങ്ങിപ്പോയി എങ്കിലും യിസ്രായേലിനെ ബാൽ-പെയോർ പൂജയിലേക്കു വശീകരിക്കുവാൻ മിദ്യാന്യരെ ഉപദേശിച്ചു. തത്ഫലമായി 24000 യിസ്രായേല്യർ മരിച്ചു. (സംഖ്യാ, 25:9). ബിലെയാമിന്റെ വഞ്ചന (യൂദാ, 11), ബിലെയാമിന്റെ വഴി (2പത്രൊ, 2:15) ബിലെയാമിന്റെ ഉപദേശം (വെളി, 2:14) എന്നിവയ്ക്കെതിരെ പുതിയ നിയമത്തിൽ താക്കീതുകൾ നല്കിയിട്ടുണ്ട്. ദൈവത്തിന്റെ കൃപാവരം സാമ്പത്തിക നേട്ടത്തിന് ഉപയോഗിക്കുന്നതാണ് ബിലെയാമിന്റെ വഴി. (2പത്രൊ, 2:15). വിശുദ്ധിയും വേർപാടും ഉപേക്ഷിച്ച് ഭൗമികത്വത്തോട് അനുരൂപപ്പെട്ടു ജീവിക്കുവാനുള്ള ഉപദേശമാണ് ബിലെയാമിന്റെ ഉപദേശം. (വെളി, 2:14). തനിക്കു ശപിക്കുവാൻ കഴിയാത്ത ജനത്തെ വഷളാക്കുവാനുള്ള ഉപദേശം ബിലെയാം ബാലാക്കിനു നല്കി. (സംഖ്യാ, 31:15,16; 22:5; 23:8). യിസ്രായേലിനെക്കൊണ്ടു മോവാബ്യസ്ത്രീകളെ വിവാഹം കഴിപ്പിക്കുവാനും ആത്മീയമായ ദുർന്നടപ്പ് ആചരിക്കുവാനും ബിലെയാം പ്രേരിപ്പിച്ചു. (യാക്കോ, 4:4).

ബാലാക്

ബാലാക് (Balak)

പേരിനർത്ഥം – ശൂന്യമാക്കുന്നവൻ

സിപ്പോരിന്റെ മകൻ; മോവാബ്യ രാജാവ്. (സംഖ്യാ, 22:2-4). യിസ്രായേല്യ സൈന്യത്തിന്റെ വരവുകണ്ടു ഭയന്ന് അവരെ ശപിക്കുവാനായി ബാലാക് ബിലെയാമിനെ വിളിച്ചു വരുത്തി. യിസ്രായേലിനെ ശപിക്കുന്നതിനു പകരം ബിലെയാം അനുഗ്രഹിച്ചു. തന്റെ പദ്ധതി പരാജയപ്പെട്ടതു നിമിത്തം വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിനും ബാലാക് യിസ്രായേലിനെ പ്രലോഭിപ്പിച്ചു. ബിലെയാം നല്കിയ നിർദ്ദേശം അനുസരിച്ചാണ് ബാലാക് പ്രവർത്തിച്ചത്. (സംഖ്യാ, 25:1-3; വെളി, 2:14).

ബാരൂക്

ബാരൂക് (Baruch)

പേരിനർത്ഥം – അനുഗൃഹീതൻ

നേര്യാവിന്റെ പുത്രനും സെരായാവിന്റെ സഹോദരനുമായ ബാരൂക് സിദെക്കീയാ രാജാവിന്റെ കൊട്ടാരത്തിൽ മാന്യമായ സ്ഥാനം അലങ്കരിച്ചിരുന്നു. (യിരെ, 36:14; 51:59). യിരെമ്യാപ്രവാചകന്റെ വിശ്വസ്ത മിത്രവും എഴുത്തുകാരനുമായിരുന്നു. യെഹോയാക്കീം രാജാവിന്റെ നാലാം വർഷത്തിൽ യിരെമ്യാവിന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തി ജനത്തെ വായിച്ചു കേൾപ്പിക്കുവാൻ ബാരുക് നിയോഗിക്കപ്പെട്ടു. ആ വർഷവും അടുത്ത വർഷവും ബാരൂക് അതു ചെയ്തു. (യിരെ, 36:4,14,15, 32). അനന്തരം പ്രഭുക്കന്മാരെയും അതു സ്വകാര്യമായി വായിച്ചു കേൾപ്പിച്ചു. യിരെമ്യാപ്രവാചകനിൽ നിന്നു കേട്ടതാണെന്നു ബാരൂക് പ്രഭുക്കന്മാരോടു പറഞ്ഞു. ആ ചുരുൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ അദ്ദേഹം അതിനെ കത്തി കൊണ്ടു മുറിച്ചു നെരിപ്പോടിലെ തീയിലിട്ടു ചുട്ടുകളഞ്ഞു. (യിരെ, 36 : 21-25). യിരെമ്യാവിനെയും ബാരൂക്കിനെയും തടവിലാക്കുവാൻ രാജാവു കല്പന കൊടുത്തു. യിരെമ്യാവു പറഞ്ഞതനുസരിച്ച് ബാരൂക് പിന്നെയും ഒരു ചുരുൾ എഴുതി. ഈ ചുരുളിൽ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്നതിൽ കൂടുതലായി യെഹോയാക്കീമിന്റെയും കുടുംബത്തിന്റെയും നാശത്തെ സംബന്ധിക്കുന്ന പ്രവചനവും രേഖപ്പെടുത്തി. യെഹൂദയ്ക്ക് നേരിടുവാൻ പോകുന്ന നാശത്തിൽ നിന്നു ബാരൂക്കിനെ ഒഴിവാക്കുമെന്നു യഹോവ അവനു ഉറപ്പു നല്കി. (യിരെ, 45:1-5). യെരുശലേം നിരോധനകാലത്തു യിരെമ്യാവു തന്റെ ഇളയപ്പന്റെ മകനായ ഹനമെയേലിനോടു അനാഥോത്തിലെ നിലം വാങ്ങി അതിന്റെ ആധാരം സൂക്ഷിക്കുവാൻ ബാരൂക്കിനെ ഏല്പിച്ചു. (യിരെ, 32:1-16). കല്ദയർക്കനുകൂലമായി യിരെമ്യാവിനെ സ്വാധീനിക്കുന്നുവെന്നു ബാരൂക്കിനെ കുറ്റപ്പെടുത്തി. (യിരെ, 43:3). പ്രവാചകനോടൊപ്പം ബാരൂക്കിനെയും കാരാഗൃഹത്തിലടച്ചു. യെരുശലേമിന്റെ പതനം വരെ കാരാഗ്യഹത്തിൽ കഴിഞ്ഞു. നെബുഖദ്നേസരിന്റെ അനുവാദത്തോടു കൂടി യിരെമ്യാവിനോടൊപ്പം ബാരൂക് മിസ്പയിൽ വസിച്ചു. യിരെമ്യാവിനെയും ബാരൂക്കിനെയും ശത്രുക്കൾ മിസയീമിലേക്കു കൊണ്ടുപോയി. (യിരെ, 43:1-7). ബാരൂക്കിന്റെ അന്ത്യനാളുകളെക്കുറിച്ചു വ്യക്തമായ അറിവില്ല. യിരെമ്യാവിന്റെ മരണശേഷം ബാരൂക് ബാബിലോനിൽ പോയി എന്നും യെരൂശലേം നാശത്തിന്റെ പന്ത്രണ്ടാം വർഷം മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. ഒരു കുലീനനാണ് ബാരൂക് എന്നു ജൊസീഫസ് പറഞ്ഞിട്ടുണ്ട്. ബാരൂക്കിന്റെ പേരിൽ ചില അപ്പൊക്രിഫാ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്.

ബറബ്ബാസ്

ബറബ്ബാസ് (Barabbas)

പേരിനർത്ഥം – പിതാവിന്റെ പുത്രൻ

ഒരു കലഹത്തിൽ കൊല ചെയ്തവനായ കവർച്ചക്കാരൻ. (മർക്കൊ, 15:7; ലൂക്കൊ, 23:18, 19). യേശു പീലാത്തോസിന്റെ മുമ്പിൽ വിസ്തരിക്കപ്പെടുമ്പോൾ ബറബ്ബാസ് കാരാഗൃഹത്തിൽ കിടക്കുകയായിരുന്നു. പെസഹയ്ക്ക് ഒരു തടവുപുള്ളിയെ വിട്ടു കൊടുക്കുക പതിവായിരുന്നു. യേശുവിനെ രക്ഷിക്കുവാനുളള താൽപര്യത്തിൽ യേശുവിനെ അവർക്കു വിട്ടുകൊടുക്കാമെന്നു പീലാത്തോസ് പറഞ്ഞു. എന്നാൽ ജനം ബറബ്ബാസിനെ ആവശ്യപ്പെട്ടു. നഗരത്തിൽ ഉണ്ടായ കലഹവും കൊലയും ഹേതുവായി അവൻ തടവിലായിരുന്നു. (ലൂക്കൊ, 23:19). ഒരു കലഹത്തിൽ കൊലചെയ്തവരായ കലഹക്കാരോടു കൂടെ ബറബ്ബാസിനെ ബന്ധിച്ചിരുന്നു വെന്നു മർക്കൊസ് (15:7) വിവരിക്കുന്നു. റോമൻ നിയമമനുസരിച്ചും യെഹൂദനിയമമനുസരിച്ചും ശിക്ഷാർഹനാണ് ബർബ്ബാസ്. എന്നാൽ യേശുവിന്റെ മരണത്തിനു നിലവിളിച്ച യെഹൂദന്മാർ ബറബ്ബാസിന്റെ മോചനമാണ് ആവശ്യപ്പെട്ടത്. (മത്താ, 27:20, 22; മർക്കൊ, 15:10-15; ലൂക്കൊ, 23:17,18; യോഹ, 18:39,40). “പീലാത്തോസ് പുരുഷാരത്തിനു തൃപ്തി വരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ എല്പ്പിച്ചു.” (മർക്കൊ, 15:15).

ബർയേശു

ബർയേശു (Barjesus)

പേരിനർത്ഥം – യേശുവിന്റെ മകൻ

കുപ്ര (സൈപ്രസ്) ദ്വീപിലെ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടൊപ്പം ഉണ്ടായിരുന്ന ഒരു കള്ളപ്രവാചകൻ. ഇവൻ ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു. പൗലൊസ് അവനെ ശപിക്കുകയും അവൻ കുരുടനായിത്തീരുകയും ചെയ്തു. (പ്രവൃ, 13:4-12). എന്നാൽ എലീമാസ് എന്ന വിദ്വാൻ – ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം. (പ്രവൃ, 13:8).