
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16)
ദൈവം ഏകനാണ് അഥവാ, ഒരുത്തൻ മാത്രമാണ് എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. അപ്പോൾത്തന്നെ, ദൈവത്തിൻ്റെ ക്രിസ്തു, താൻ ഏകനല്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. അതിനാൽ, ദൈവത്തിനു ബഹുത്വമുണ്ട് അഥവാ, ദൈവത്തിൽ ഒന്നിലേറെ വ്യക്തികൾ ഉണ്ടെന്ന് അനേകർ വിശ്വസിക്കുന്നു. എന്നാൽ, ദൈവം ഏകനാണ് എന്നല്ലാതെ, ദൈവം മനുഷ്യരെപ്പോലെ വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിൾ പഠിപ്പിക്കുന്നില്ല. ഏകദൈവത്തിനു വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ് ഉള്ളത്.
ആദ്യം നമുക്ക് ഏക ദൈവത്തെക്കുറിച്ച് നോക്കാം: ഒന്നാം കല്പന തുടങ്ങി, താൻ ഒരുത്തൻ മാത്രമാണ് ദൈവം എന്ന് യഹോവ ആവർത്തിച്ച് പറയുന്നതായി കാണാം. യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. (പുറ, 20:2,3; ആവ, 5:6,7). ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ല, ഞാനല്ലാതെ ഒരു ദൈവവും ഇല്ല, എനിക്ക് സമനായും സദൃശനായും ആരുമില്ല, എനിക്ക് മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവയായ ഏകദൈവം പറയുന്നത്. (യെശ, 40:25; 43:10; 44:6,8; 45:5,6). “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ” എന്നാണ് യഹോവ അരുളിച്ചെയ്യുന്നത്. (യെശ, 45:22). പഴയനിയമഭക്തന്മാരുടെ സാക്ഷ്യം: യഹോവ ഒരുത്തൻ മാത്രമാണ് ദൈവം, യഹോവയ്ക്ക് സമനും സദൃശനുമായി മറ്റൊരുത്തനുമില്ല എന്നാണ് പഴയനിയമ ഭക്തന്മാർ പറയുന്നത്. (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 86:10; 35:10; 40:5). “ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല, നീ അല്ലാതെ ഒരു ദൈവവുമില്ല” എന്നാണ് ദാവീദ് പറയുന്നത്. (1ദിന, 17:20). ക്രിസ്തുവിൻ്റെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). അപ്പൊസ്തലന്മാരുടെ സാക്ഷ്യം: ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5: 21; യോഹ, 8:41;1കൊരി, 8:6; എഫെ, 4:6; യൂദാ, 1:24). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല; എന്ന് നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക” എന്നാണ് ദൈവത്തിൻ്റെ വചനം പറയുന്നത്. (ആവ, 4:39). അതായത്, യഹോവയായ ദൈവവും പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും ദൈവം ഒരുത്തൻ മാത്രമാണെന്ന് ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
മോണോസ് തെയൊസ്: ദൈവം ഒരുത്തൻ മാത്രമാണ് എന്നതിന് മേല്പറഞ്ഞതിലും സ്ട്രോങായ തെളിവുകൾ വേറയുമുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ്, ദൈവത്തെ കുറിക്കാൻ 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഉദാ: (2രാജാ, 19:15,19; നെഹെ, 9:6). ദൈവം മോണോസ് ആണെന്ന് പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (ലൂക്കൊ, 5:21; യോഹ, 5:44; 17:3; റോമ, 16:26. പഴയനിയമത്തിലെ യാഖീദിനു തത്തുല്യമായ ഗ്രീക്കുപദമാണ് മോണോസ്. അതായത്, ദൈവം മോണോസ് ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന സെപ്റ്റ്വജിൻ്റ് പരിഭാഷയിൽ ഇരുപത് പ്രാവശ്യവും, ദൈവം മോണോസ് ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായകൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. അത്രയ്ക്കും സ്ഫടിക സ്ഫുടമായാണ് ദൈവം ഒരുത്തൻ മാത്രമാണെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെച്ചിരിക്കുന്നത്.
ഞാൻ ഏകനല്ല: എന്നാൽ, ക്രിസ്തു താൻ ഏകനല്ലെന്ന് പറയുന്ന രണ്ട് വാക്യങ്ങൾ കാണാൻ കഴിയും. “ഞാൻ വിധിച്ചാലും ഞാൻ ഏകനല്ല; ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാൽ എന്റെ വിധി സത്യമാകുന്നു.” (യോഹ, 8:16). അടുത്തവാക്യം: “നിങ്ങൾ ഓരോരുത്തൻ താന്താന്റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു, വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല താനും.” (യോഹ, 16:32). ഈ വേദഭാഗങ്ങളിൽ ക്രിസ്തു പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ, പ്രധാനമായും രണ്ട് കാര്യങ്ങളറിയണം. താൻ ഏകനല്ലെന്ന് പറയുന്ന ആൾ ആരാണ് അഥവാ, അവൻ്റെ അസ്ഥിത്വം എന്താണെന്ന് ആദ്യം അറിയണം. അതായത്, യേശു എന്ന ക്രിസ്തു അഥവാ, നമ്മുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിൽ ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ച് ഉയിർത്തെഴുന്നേറ്റത് ദൈവമാണോ, മനുഷ്യനാണോ എന്നാണ് ആദ്യം അറിയേണ്ടത്. ദൈവത്തിനു ജനിക്കാനോ, മരിക്കാനോ കഴിയില്ല. എന്നത് ശിശു സഹജമായ ഒരു അറിവാണ്. മാത്രമല്ല, ദൈവം അമർത്യനാണ് അഥവാ, മരണമില്ലാത്തവൻ ആണെന്നും, ക്രൂശിൽ മരിച്ചത് ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനാണെന്നും അക്ഷരംപ്രതി ബൈബിളിൽ എഴുതിവെച്ചിട്ടുമുണ്ട്. (1തിമൊ, 2:6; 6:16; എബ്രാ, 2:9). എങ്കിലും, ജനിച്ചുജീവിച്ച് ക്രൂശിൽമരിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അവരുടെ അറിവിലേക്കായി ക്രിസ്തുവിനെക്കുറിച്ച് അല്പമായി ചിന്തിക്കാം:
ഏകമനുഷ്യനായ യേശുക്രിസ്തു: കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന് പേരുള്ള പാപമറിയാത്ത മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ സ്നാനാനന്തരം ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവത്തിനില്ലായിരുന്നു. അനന്തരം, ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് പിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്യുന്നതുവരെ, യേശുവെന്ന് പേരുള്ള ഒരു ദൈവപുത്രനും ഇല്ലായിരുന്നു. അതായത്, കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ, വിശേഷാൽ മറിയയുടെ ആദ്യജാതനായ ഒരു വിശുദ്ധപ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1; ലൂക്കോ, 1:35; 2:7; 2കൊരി, 5:21). മറിയ പ്രസവിച്ച കുഞ്ഞിനെ, എല്ലാ യെഹൂദാ പുരുഷപ്രജയെയും പോലെ, എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കുകയും, ദൈവകല്പനപോലെ യേശു എന്ന് പേർ വിളിക്കുകയും ചെയ്തു. (ലൂക്കോ, 2:21). യേശു മറിയയുടെയും യോസേഫിൻ്റെയും ആദ്യജാതനാകകൊണ്ട്, അവളുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങളും ചെയ്തു. (ലേവ്യാ, 12:2 6; ലൂക്കോ, 2:22-24). അനന്തരം, ആത്മാവിൽ ബലപ്പെട്ട് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ ഏകദേശം മുപ്പത് വയസ്സായപ്പോൾ, യോർദ്ദാനിൽവെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കോ, 2:40,52; 3:22; പ്രവൃ, 10:38). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ടു പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, ദൈവപിതാവിനാൽ ഇവൻ എൻ്റെ പ്രിയപുത്രൻ, എന്ന് വിളിക്കപ്പെട്ടപ്പോഴാണ് അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ദൂതൻ്റെ ഒന്നാമത്തെ പ്രവചനം: “നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവനു യേശു എന്ന് പേർ വിളിക്കേണം. അവൻ വലിയവൻ ആകും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്കൊ, 1:31,32). മറിയയോട് ദൂതൻ പറഞ്ഞത്, നീ ദൈവപുത്രനെ പ്രസവിക്കുമെന്നല്ല പ്രത്യുത, നീ ഒരു മകനെ പ്രസവിക്കും എന്നാണ്. ലൂക്കൊസ് 2:7-ൽ പറയുന്നത്, അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു എന്നാണ്. അതായത്, പരിശുദ്ധാത്മാവിനാൽ മറിയ പ്രസവിച്ചത്, ദൈവത്തെയോ, ദൈവപുത്രനെയോ അല്ല. അവളുടെ മൂത്തമകനെയാണ്. അടുത്തഭാഗം: അവൻ വലിയവനാകും, അത്യുന്നതന്റെ അഥവാ, ദൈവത്തിൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. ലൂക്കൊസ് 2:52-ൽ പറയുന്നത്, “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു” എന്നാണ്. അതായത്, കന്യകയായ മറിയയുടെ മകനായി ജനിച്ച യേശുവെന്ന പാപമറിയാത്ത ശിശു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ വളർന്നു വലുതായി ഏകദേശം 30 വയസ്സായപ്പോഴാണ് ദൈവപുത്രൻ എന്ന് വിളിക്കപ്പെട്ടത്. ദൂതൻ്റെ രണ്ടാമത്തെ പ്രവചനം: “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും, ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). ഇവിടെയും, മറിയയിൽ നിന്ന് ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും എന്നാണ് പ്രവചനം. അതായത്, അവൻ ദൈവപുത്രനെന്ന് വിളിക്കപ്പെടും എന്ന രണ്ടു പ്രവചനങ്ങളാണ്, അവൻ ജനിച്ച് ഏകദേശം 30 വയസ്സായപ്പോൾ യോർദ്ദാനിൽവെച്ച് നിവൃത്തിയായത്. ഭാവിയിൽ സംഭവിപ്പാനുള്ള കാര്യങ്ങളെ മുൻകൂട്ടി അറിയിക്കുന്നതാണ് പ്രവചനം. (സംഖ്യാ, 24:14). ഒരു പ്രവചനം നിവൃത്തിയായി കഴിയുമ്പോഴാണ് അത് ചരിത്രം ആകുന്നത്. അതായത്, യഥാർത്ഥത്തിൽ യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് നിഖ്യാ വിശ്വാസപ്രമാണം പറയുംപോലെ, സർവ്വലോകങ്ങൾക്കു മുമ്പേയുമല്ല, കന്യകയുടെ ഉദരത്തിൽ നിന്നുമല്ല, യോർദ്ദാനിൽ വെച്ചാണ്. കാലസമ്പൂർണ്ണതയിൽ കന്യകയിൽനിന്ന് ജനിച്ച് 30 വർഷങ്ങൾക്കുശേഷം പ്രവചന നിവൃത്തിയായിട്ടാണ് അവൻ ദൈവപുത്രനായത്. ഇത് ആരുടെയും വ്യാഖ്യാനമല്ല. ഏകദേശം രണ്ടായിരം വർഷമായി പുതിയനിയമത്തിൻ്റെ തുടക്കത്തിൽത്തന്നെ ദൈവാത്മാവ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്ന വസ്തുതകളാണ്.
ക്രിസ്തു തന്നെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം: ഏകദൈവം അഥവാ, ദൈവം ഒരുത്തൻ മാത്രമാണ്. (യോഹ, 5:24). പിതാവാണ് ഏക സത്യദൈവം അഥവാ, പിതാവ് മാത്രമാണ് സത്യദൈവം. (യോഹ, 17:3). അവനെമാത്രം ആരാധിക്കണം. (മത്താ, 4:10; ലൂക്കൊ, 4:8). പിതാവ് മാത്രമാണ് സകലവും അറിയുന്നത്. (മത്താ, 24:36). ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും അവനെ മാത്രം ആരാധിക്കണമെന്നും അവൻ മാത്രമാണ് സകലവും അറിയുന്നതെന്നും ക്രിസ്തു പറഞ്ഞത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം കൊണ്ടാണ്. അതായത്, താൻ ദൈവമല്ല, പിതാവ് മാത്രമാണ് ദൈവം എന്നാണ് ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും. താൻ മനുഷ്യനാണെന്നും ക്രിസ്തു പറഞ്ഞു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). തനിക്കൊരു ദൈവമുണ്ട് അഥവാ, പിതാവ് തൻ്റെ ദൈവമാണെന്നും അവൻ പറഞ്ഞു: “യേശു അവളോട്, എന്നെ തൊടരുത്, ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല. എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്ന് പറഞ്ഞു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കോ, 15:34). പിതാവ് എന്നെക്കാളും എല്ലാവരെക്കാളും വലിയവനാണെന്നും അവൻ പറഞ്ഞു. (യോഹ, 10:29; 14:28). ക്രിസ്തു താൻ ദൈവമായിരുന്നെങ്കിൽ, ഇങ്ങനൊക്കെ പറയുമായിരുന്നോ?
അപ്പൊസ്തലന്മാരുടെ പഠിപ്പിക്കൽ നോക്കാം: ദൈവം ഒരുവൻ അഥവാ, ഒരുത്തൻ മാത്രം (ലൂക്കൊ, 5:21), ഏകജ്ഞാനിയായ ദൈവം:(റോമ, 16:26), അക്ഷയനും അദൃശ്യനുമായ ഏകദൈവം (1തിമൊ, 1:17), ധന്യനായ ഏകാധിപതി (1തിമൊ, 6:15), താൻ മാത്രം അമർത്യതയുള്ളവൻ (1തിമൊ, 6:16) ഏകനാഥൻ (യൂദാ, 1:4), രക്ഷിതാവായ ഏകദൈവം (യൂദാ, 1:24), നീയല്ലോ ഏകപരിശുദ്ധൻ (വെളി, 15:4). എന്നൊക്കെ അപ്പൊസ്തലന്മാർ പഠിപ്പിച്ചതും ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ടാണ്. അടുത്തത്: പിതാവായ ഏകദൈവമേ നമുക്കുള്ളു. (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6). ക്രിസ്തുവും ദൈവമായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവാണെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറയുമായിരുന്നോ?ക്രിസ്തുവിന് ഒരു ദൈവമുണ്ടെന്ന് അപ്പൊസ്തലന്മാരും സാക്ഷ്യപ്പെടുത്തുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.” (2കൊരി, 11:31; എഫെ, 1:3; 1:17). ക്രിസ്തു മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായ നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23). “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമർ 5:15). ക്രിസ്തു ദൈവമായിരുന്നെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ ഉള്ളെന്നും ക്രിസ്തുവിനൊരു ദൈവമുണ്ടെന്നും അവൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ? ക്രിസ്തു മനുഷ്യനാണെന്ന് താൻ തന്നെയും തന്നോടുകൂടെ മൂന്നരവർഷം സഹ വസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ തന്നെ കണ്ട യോഹന്നാൻ സ്നാപകനും, യെഹൂദന്മാരും, ശമര്യാസ്ത്രീയും, പിറവിക്കുരുടനും, പരീശന്മാരും, മഹാപുരോഹിതന്മാരും, കയ്യാഫാവും, പീലാത്തോസും,, ശതാധിപനും ന്യായാധിപസംഘവും ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യോഹ, 1:30; 4:29; 8:40; 9:11,16; 10:33; 11:50; ലൂക്കോ, 23:4; മർക്കോ, 15:39; പ്രവ, 2:23; 5:28). നമ്മുടെ പാപപരിഹാരാർത്ഥം ജനിച്ചുജീവിച്ചു ക്രൂശിൽ മരിച്ചത് മനുഷ്യനാണെന്ന് 36 പ്രാവശ്യം ബൈബിളിലുണ്ട്. 2,000 വർഷമായിട്ട് ഇക്കാര്യങ്ങളെല്ലാം ബൈബിളിൽത്തന്നെ ഉണ്ടായിട്ടും, ദൈവമാണ് മരിച്ചതെന്നാണ് അനേകരും വിശ്വസിക്കുന്നത്. അതായത്, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച് രക്ഷയൊരുക്കിയ ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നില്ല. ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണ മനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാലാണ് തന്നെത്തന്നെ മരണത്തിനു ഏല്പിച്ചത്. (ലൂക്കൊ 23:46; എബ്രാ ,9:14). ദൈവമാണ് മൂന്നാം ദിവസം അവനെ ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവായ ക്രിസ്തുവും കർത്താവും ആക്കിവെച്ചത്: ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്ന് യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36; 10:40). അപ്പോൾ, ഒന്നാമത്തെ ചോദ്യത്തിൻ്റെ ഉത്തരം നമുക്കു കിട്ടി. അതായത്, ഞാൻ ഏകനല്ല എന്ന് പറഞ്ഞത് ദൈവമല്ല. പാപമറിയാത്ത മനുഷ്യനാണ്.
രണ്ടാമത് അറിയേണ്ടത്, ഏകനല്ല എന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണ്? തനിക്ക് ബഹുത്വമുണ്ടെന്നാണോ? അല്ല. എന്തെന്നാൽ, ഏകനായ ദൈവത്തിനോ, ഏകമനുഷ്യനായ ക്രിസ്തുവിനോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുക സാദ്ധ്യമല്ല. യഥാർത്ഥത്തിൽ, അവിടെ ക്രിസ്തു താൻ ഏകനല്ല എന്നല്ല പറയുന്നത്, ഞാൻ തനിച്ചല്ല, അഥവാ, ഒറ്റയ്ക്കല്ല എന്നാണ് പറയുന്നത്. ഇംഗ്ലീഷിൽ, I am not alone എന്നാണ്. ഇത്, സത്യവേദപുസ്തകം പരിഭാഷയുടെ പ്രശ്നമാണ്. വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു. “എന്നാല്‍ ഞാന്‍ വിധിച്ചാല്‍ എന്‍റെ വിധി സത്യമായിരിക്കും. എന്തെന്നാല്‍ ഞാന്‍ തനിച്ചല്ല, പിന്നെയോ, ഞാനും എന്നെ അയച്ച എന്‍റെ പിതാവും കൂടിയാണ്.” (യോഹ, 8:16). ഇആർവി പരിഭാഷയും, പിഒസി പരിഭാഷയും നോക്കുക. ഒരാൾ ഞാൻ തനിച്ചല്ല അഥവാ, ഒറ്റയ്ക്കല്ല എന്ന് പറഞ്ഞാൽ എന്താണർത്ഥം, തനിക്ക് ബഹുത്വമുണ്ടെന്നാണോ? അല്ല. തന്റെകൂടെ മറ്റൊരാൾ ഉണ്ടെന്നാണ്. യേശുവിൻ്റെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ആരാണ്? ക്രിസ്തുതന്നെ അതിൻ്റെ ഉത്തരം കൃത്യമായി പറഞ്ഞിട്ടുണ്ട്: “എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ട്, ഞാൻ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവൻ എന്നെ ഏകനായി അഥവാ, ഒറ്റയ്ക്ക് വിട്ടിട്ടില്ല.” (യോഹ, 8:29). നമ്മൾ ചിന്തിക്കുന്ന വാക്യത്തിലും അതിൻ്റെ ഉത്തരമുണ്ട്: “പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ട് ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല താനും.” (യോഹ, 16:32). അപ്പോൾ, ദൈവപിതാവ് അദൃശ്യനായി ക്രിസ്തുവിനോടുകൂടെ ഇരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല എന്ന് പറഞ്ഞത്. “ദൈവം തന്നോടു കൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാൻ ആർക്കും കഴികയില്ല” എന്ന് നിക്കോദേമൊസ് യേശുവിനോടു പറയുന്നതായി കാണാം. (യോഹ, 3:2). അപ്പോൾ, താൻ ഏകനല്ല എന്ന് പറഞ്ഞതിൻ്റെ കാര്യം മനസ്സിലായല്ലോ? ദൈവം യേശുവെന്ന മനുഷ്യൻ്റെകൂടെ ഇരുന്നതുകൊണ്ടാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് അവൻ പറഞ്ഞത്. സുവിശേഷങ്ങൾ മുഴുവനും ദൈവവും അഭിഷിക്തനായ മനുഷ്യനുമെന്ന രണ്ടുപേരക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഉദാ: (മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5);തുടങ്ങി നൂറോളം വാക്യങ്ങളുണ്ട്. ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്: പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37). പിതാവിനെയും ചേർത്ത്, ഞങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). താനും പിതാവും ശിഷ്യന്മാരും ഐക്യത്തിൽ ഒന്നാണെന്നും അവൻ പറഞ്ഞു. (യോഹ, 17:23).
അപ്പോൾ ഒരു ചോദ്യംവരും: എപ്പോൾ മുതലാണ് ദൈവം യേശുവെന്ന മനുഷ്യനോടുകൂടി മറ്റൊരാളായി ഉണ്ടായിരുന്നത്. അതിൻ്റെ ഉത്തരം അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രോസ് പറയും: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട്, അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ട്, സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). ഇവിടെ പത്രോസ് പറയുന്നത് ശ്രദ്ധിക്കുക. പരിശുദ്ധാത്മാവിനാലും ശക്തിയാലും അവനെ അഭിഷേകം ചെയ്തിട്ട്, ദൈവം അവനോടുകൂടെ ഇരുന്നു എന്നാണ് പറയുന്നത്. യോർദ്ദാനിലെ സ്നാനാനന്തരമാണ് ദൈവം അവനെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തത്. (മത്താ, 3:16. ഒ.നോ: ലൂക്കൊ, 4:18-21). അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ച് 30 വർഷങ്ങൾക്കുശേഷം, യോർദ്ദാൻ മുതലാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനോടുകൂടെ ഇരിക്കാൻ തുടങ്ങിയത്. അപ്പോൾ, ഒരു ചോദ്യം കൂടിവരും: യോർദ്ദാൻ മുതലാണ് ദൈവം യേശുവിനോടുകൂടെ ഇരുന്നതെങ്കിൽ, എപ്പോൾവരെ അവനോടുകൂടെ ഉണ്ടായിരുന്നു? ആദ്യരണ്ട് സുവിശേഷകന്മാരും അതിൻ്റെ ഉത്തരം പറഞ്ഞിട്ടുണ്ട്: “ഏകദേശം ഒമ്പതാംമണി നേരത്ത് യേശു, ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം.” (മത്താ, 27:46; മർക്കൊ, 15:33). ദൈവം യേശുവെന്ന ക്രിസ്തുവിനെ വിട്ടുമാറിയ ശേഷമാണ് അവൻ ക്രൂശിൽമരിച്ചത്. കൃത്യമായ സമയം സമവീക്ഷണ സുവിശേഷകന്മാർ പറഞ്ഞിട്ടുണ്ട്: “എന്റെ ഉള്ളം മരണവേദനപോലെ അതി ദുഃഖിതമായിരിക്കുന്നു, ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു. കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു.” (മർക്കൊ, 14:34,35; മത്താ, 36:38,39). അടുത്തഭാഗം ലൂക്കൊസ് പറയും: “പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ, എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്ന് പ്രാർത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവനു പ്രത്യക്ഷനായി. പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കോ, 22:42-44). മർക്കൊസ് പറയുന്നത് ക്രിസ്തു മുമ്പോട്ടുചെന്ന് നിലത്തുവീണു എന്നാണ്. ഗത്ത്ശെമന എന്ന തോട്ടത്തിൽ വെച്ചാണ് മനുഷ്യരുടെ പാപങ്ങൾ തൻ്റെ ശരീരത്തിൽ വഹിച്ചുകൊണ്ട് താൻ പരിക്ഷീണനായി നിലത്തുവീണത്. അടുത്ത് പറയുന്നത്: അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി എന്നാണ്. അവൻ അത്രമാത്രം ബലഹീനൻ ആയതുകൊണ്ടാണ് അവനെ ബലപ്പെടുത്താൻ ദൂതൻ വന്നത്. യേശു നമ്മുടെ പാപം വഹിച്ചുകൊണ്ട് അതിയായി ക്ഷീണിച്ചു എന്നതിൻ്റെ തെളിവാണ്, അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയത്. അപ്പോൾ, ഗത്ത്ശെമനയിൽ വെച്ചാണ്, ആദാം മുഖാന്തരം ഉണ്ടായ മാനവകുലത്തിൻ്റെ സകല പാപവും ദൈവം അവൻ്റെമേൽ ചുമത്തിയത്. (1കൊരി, 15:3; 1പത്രോ, 2:24; 1യോഹ, 2:2). അതിനാൽ, ഗത്ത്ശെമനയിൽ വെച്ചാണ് ഏകദൈവം ഏകമനുഷ്യനായ ക്രിസ്തുവിനെ വിട്ടുമാറിയതെന്ന് മനസ്സിലാക്കാം. അപ്പോൾ, ഏകദൈവം അദൃശ്യനായി തൻ്റെകൂടെ വസിച്ചിരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് മനുഷ്യനായ ക്രിസ്തുയേശു പറഞ്ഞതെന്ന് വ്യക്തമാണല്ലോ? അല്ലാതെ, യേശുവെന്ന മനുഷ്യനോ, ഏകസത്യദൈവത്തിനോ ബഹുത്വമില്ല. ഞാൻ ഏകനല്ലെന്ന് ക്രിസ്തു പറഞ്ഞപോലെ, ദൈവം കൂടെയുണ്ടെന്ന് ഉറപ്പുള്ള ആർക്കുവെണമെങ്കിലും പറയാം. എന്തെന്നാൽ, ദൈവം നമ്മെ വീണ്ടുംജനിപ്പിച്ചിട്ട് നമ്മുടെ ഹൃദയത്തെ തൻ്റെ മന്ദിരമാക്കി നമ്മോടൊപ്പം വസിക്കുകയാണ് ചെയ്യുന്നത്. (1കൊരി, 3:16; 6:19; ഗലാ, 3:2; എഫെ, 1:13,14). അതിനാൽ, ദൈവം തൻ്റെ കൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരാൾക്കും പറയാവുന്ന പ്രസ്താവനയാണ്, ഞാൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ല എന്നത്. അതുകൊണ്ട്, ദൈവത്തിനോ, പറയുന്ന ആൾക്കോ തന്നിൽത്തന്നെ ബഹുത്വമുണ്ടാകുന്നില്ല.
എന്നാൽ, ഒരുചോദ്യം ഇനിയും അവശേഷിക്കുന്നു. ക്രിസ്തു കേവലം മനുഷ്യനായിരുന്നോ? അല്ല. യേശുവെന്ന മനൂഷ്യന് ഒരു പൂർവ്വാസ്തിത്വം ഉള്ളതായി താൻതന്നെയും മറ്റുള്ളവരും പറയുന്നതായി കാണാം. യോഹന്നാൻ സ്നാപകനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കോ ,1:26,36). എന്നാൽ, അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ സ്നാപകൻ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത്. (യോഹ, 1:15). അവൻ മേലിൽ നിന്നു വരുന്നവൻ, എല്ലാവർക്കും മീതെയുള്ളവൻ, സ്വർഗ്ഗത്തിൽനിന്നു വന്നവൻ എന്നൊക്കെയാണ് യോഹന്നാൻ അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തുന്നത്. (യോഹ, 3:31). നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽ നിന്നുള്ളവൻ, നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല എന്ന് ക്രിസ്തു പറയുന്നു. (യോഹ, 8:23). ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ, രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ എന്നാണ് പൗലോസ് പറയുന്നത്.” (1കൊരി, 15:47). രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ എന്നു പറഞ്ഞാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്കു വന്നു എന്നല്ല; മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുക്രിസ്തു ജഡത്തിൽ അഥവാ, മനുഷ്യനായി വന്നു എന്ന് സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. എതിർ ക്രിസ്തുവിന്റെ ആത്മാവാണെന്ന് യോഹന്നാൻ വീണ്ടും പറയുന്നു. (1യോഹ, 4:3). മനുഷ്യനായി വരണമെങ്കിൽ, അവൻ വേറൊരു അസ്തിത്വത്തിൽ മുമ്പേ ഉണ്ടാകണമല്ലോ? അവൻ അന്ത്യകാലത്ത് വെളിപ്പെട്ടവൻ അഥവാ, മാനിഫെസ്റ്റ് ചെയ്തവനാണെന്ന് പത്രോസ് അപ്പൊസ്തലൻ പറയുന്നു. “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). അതിനാൽ, മുമ്പെ ഉണ്ടായിരുന്ന ഒരുവനാണ് അന്ത്യകാലത്ത് പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടതെന്ന് വ്യക്തമാണ്. അതായത്, ക്രിസ്തുവിനൊരു പൂർവ്വാസ്തിത്വം ഉണ്ടെന്നും, അന്ത്യകാലത്താണ് അവൻ മനുഷ്യനായി വെളിപ്പെട്ടതെന്നും വളരെ വ്യക്തമായാണ് പറഞ്ഞിരിക്കുന്നത്.
ദൈവഭക്തിയുടെ മർമ്മം: അപ്പോൾ, കാലസമ്പൂർണ്ണത വന്നപ്പോൾ മനുഷ്യരുടെ പാപപരിഹാരാർത്ഥം മറിയ യിലൂടെ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടവൻ ആരായിരുന്നു എന്നാണ് ഇനി അറിയേണ്ടത്. അതിൻ്റെ ഉത്തരമാണ്, പൗലൊസിലൂടെ ദൈവം വെളിപ്പെടുത്തിയ ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവികരഹസ്യം. (1തിമൊ, 3:14-16). അവിടെ, അവൻ ജഡത്തിൽ വെളിപ്പെട്ടു എന്നതിലെ, അവൻ എന്ന സർവ്വനാമം മാറ്റിയിട്ട്, തൽസ്ഥാനത്ത് നാമം ചേർത്താൽ, ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്ന് കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും ഏകദൈവമായ യഹോവയാണ്. (യിരെ, 10:10). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട്, മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ, ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8), 1തിമൊ, 3:14-16; എബ്രാ, 2:14-16). അതായത്, ജീവനുള്ള ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന നാമത്തിൽ മനുഷ്യനായി മാനിഫെസ്റ്റ് ചെയ്തത്. അതിനാൽ, സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, ജഡത്തിൽ പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ, ആ പ്രത്യക്ഷ ശരീരം അഥവാ, ആ മനുഷ്യവ്യക്തി പിന്നെയുണ്ടാകില്ല,. അതുകൊണ്ടാണ്, ഞാൻ തന്നെ അവൻ അഥവാ പിതാവെന്നും, ഞാനും പിതാവും ഒന്നാകുന്നു എന്നും, എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ ക്രിസ്തു പറഞ്ഞത്. യോഹന്നാൻ 8ൻ്റെ24,28, 10ൻ്റെ30, 14ൻ്റെ9.
യഹോവയായ ഏകദൈവം തന്നെയാണ് പൂർണ്ണമനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് എന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ വേറെയുമുണ്ട്. ഉദാ: യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു. “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1: 68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (എബ്രാ, 2:14-15). ജഡത്തിൽ പ്രത്യക്ഷനാകാൻ മറ്റൊരു ദൈവമില്ല. ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10;44:8; 45:5). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.