മർമ്മം

മർമ്മം (mystery)

റാസ്സ് (raz) എന്ന അരാമ്യപദം ദാനീയേൽ പ്രവചനത്തിൽ ഒമ്പതു പ്രാവശ്യമുണ്ട്. (ദാനീ, 2:18; 2:19; 2:27; 2:28; 2:29; 2:30; 2:47; 2:47; 4:9). അതിനെ സെപ്റ്റ്വജിന്റിൽ ‘മിസ്റ്റീറിയൊൻ’ (mysterion) എന്നു പരിഭാഷ ചെയ്തിരിക്കുന്നു. പുതിയനിയമത്തിൽ ഈ പദം 27 പ്രാവശ്യമുണ്ട്. (മത്താ, 13:11; മർക്കൊ, 4:11; ലൂക്കൊ, 8:10; റോമ, 11:25; 16:25; 1കൊരി, 2:7; 4:1; 13:2; 14:2; 15:51; എഫെ, 1:9; 3:3; 3:4; 3:9; 5:32; 6:19; കൊലൊ, 1:26; 1:27; 2:2; 4:3; 2തെസ്സ, 2:7; 1തിമൊ, 3:8; 3:16; വെളി, 1:20; 10:7; 17:5; 17:7). ദാനീയേൽ പ്രവചനത്തിൽ രഹസ്യമെന്നും, പുതിയനിയമത്തിൽ മർമ്മമെന്നും തർജ്ജമ ചെയ്തിരിക്കുന്നു. പൗലൊസിന്റെ ലേഖനങ്ങളിലാണ് അധികവും ഈ പദം കാണപ്പെടുന്നത്.  ‘മർമ്മം’ ഒരു പുതിയനിയമസത്യം ആണെന്നു ചൂണ്ടിക്കാണിക്കുന്നതും പൗലൊസ് ആണ്. റോമർ 16:25-ൽ പുതിയ നിയമ പ്രയോഗത്തിനു അനുസരണമായുള്ള നിർവ്വചനം കാണാം: “പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗ്രപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിനായി പ്രവാചകന്മാരുടെ എഴുത്തുകളാൽ അറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിനു അനുസരണമായുള്ള എന്റെ സുവിശേഷത്തിനും;” (റോമ, 16:24,25).

മർമ്മം എന്ന പദത്തിന്റെ ധാത്വർത്ഥം മാരകമായത് എന്നത്ര. മർമ്മത്തിന്റെ അപരാർത്ഥങ്ങളാണ് രഹസ്യം, ഗൂഢസത്യം മുതലായവ. മലയാളം ബൈബിൾ മൂന്നു സ്ഥാനങ്ങളിലൊഴികെയും (1കൊരി, 14:2; 2തെസ്സ, 2:7; വെളി, 17:5), പി.ഒ.സി.യിൽ രണ്ടു സ്ഥാനങ്ങളിലൊഴികെയും (2തെസ്സ, 2:7, വെളി, 17:5) ‘മിസ്റ്റീറിയാൻ’ എന്ന പദത്തെ ഏതാണ്ടു ഐകരൂപ്യമായി രഹസ്യം എന്നു വിവർത്തനം ചെയ്തിട്ടുണ്ട്. ബൈബിളിനു വെളിയിൽ രഹസ്യോപദേശം എന്ന ധ്വനിയാണ് ഈ പ്രയോഗത്തിനുള്ളത്. ഉപനിഷത്ത് എന്ന സംസ്കൃത പദവും ഇതേ അർത്ഥതലത്തിലാണ് പ്രയോഗത്തിൽ വന്നത്. പുതിയനിയമ ഉപദേശത്തിന്റെ പശ്ചാത്തലത്തിൽ ‘മിസ്റ്റീറിയൊൻ’ എന്നതുകൊണ്ടു നാം മനസ്സിലാക്കുന്നത് പഴയനിയമത്തിൽ മറഞ്ഞിരുന്നതും പുതിയനിയമത്തിൽ വെളിപ്പെട്ടതും ആയ സത്യം എന്നത്രേ.

പ്രധാനമായി പതിനഞ്ചു മർമ്മം പുതിയനിയമത്തിൽ അനാവരണം ചെയ്യപ്പെടുന്നു: അവ:

1. സ്വർഗ്ഗരാജ്യത്തിന്റെ മർമ്മം: (മത്താ, 13:3-50, മർക്കൊ, 4:1-32; ലൂക്കൊ, 8:4-15)

2. കൃപായുഗത്തിൽ യിസ്രായേലിന്റെ കാഠിന്യത്തിന്റെ മർമ്മം: (റോമ, 11:25)

3. വിശ്വാസത്തിൻ്റെ അനുസരണത്തിനായുള്ള മർമ്മം: (റോമ, 16:24,25)

4. മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിൻ്റെ ജ്ഞാനമെന്ന മർമ്മം: (1കൊരി, 2:7-10)

5. സഭായുഗാന്ത്യത്തിൽ ജീവനോടിരിക്കുന്ന വിശുദ്ധന്മാരുടെ രൂപാന്തരവും സഭയുടെ ഉൽപാപണവും എന്ന മർമ്മം: (1കൊരി, 15:51,52; 1തെസ്സ, 4:14-17)

6. ദൈവഹിതത്തിന്റെ മർമ്മം: (എഫെ, 1:9,10)

7. രക്ഷിക്കപ്പെട്ട യെഹൂദന്മാരും യവനന്മാരും ചേർന്നുള്ള ക്രിസ്തുവിന്റെ ശരീരമായ സഭ എന്ന മർമ്മം: (എഫെ, 3:1-11; 6:19; കൊലൊ, 4:3)

8. ക്രിസ്തുവിന്റെ മണവാട്ടിസഭ എന്ന മർമ്മം: (എഫെ, 5:28-32)

9. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നമ്മിൽ വസിക്കുന്നു എന്ന മർമ്മം: (കൊലൊ, 1:26,27; ഗലാ, 2:20)

10. ക്രിസ്തു എന്ന ദൈവമർമ്മം: (കൊലൊ, 2:2,3; കൊലൊ, 2:9; യോഹ, 1:14)

11. അധർമ്മത്തിന്റെ മർമ്മം: (2തെസ്സ, 2:7; മത്താ, 13:33)

12. വിശ്വാസത്തിൻ്റെ മർമ്മം. (1തിമൊ, 3:9)

13. ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:16)

14. ഏഴു നക്ഷത്രത്തിന്റെ മർമ്മം: (വെളി, 1:20)

15. മഹതിയാം ബാബിലോൻ എന്ന മർമ്മം: (വെളി, 17:5-7).

മരുഭൂമികൾ

മരുഭൂമി (desert, wilderness) 

ജന്തുക്കൾ ദാഹം നിമിത്തം മരിച്ചു പോകുന്ന (മൃങ്പ്രാണത്യാഗേ) സ്ഥലമാണ് മരുഭൂമി. നിർജ്ജലഭൂമിക്കും പർവ്വതത്തിനും മരു എന്നു പേരുണ്ട്. ബൈബിളിൽ മരുഭൂമി എന്നു പറയപ്പെടുന്ന പ്രദേശങ്ങൾ പൂർണ്ണമായും ആൾപാർപ്പില്ലാത്തതോ കൃഷിചെയ്യപ്പെടാത്തതോ ആയ പ്രദേശങ്ങളായിരുന്നില്ല. മേച്ചില്പുറങ്ങളും സമഭുമികളും ഉറവകളും വല്ലപ്പോഴും മഴലഭിക്കുന്ന മരുപ്പച്ചകളും ജലസംഭരണം സാദ്ധ്യമായ സ്ഥലങ്ങളും ആയിരുന്നു മരുഭൂമി. അവിടെ ഗ്രാമങ്ങൾ ഉണ്ടായിരുന്നു; വാണിജ്യമാർഗ്ഗങ്ങൾ വികസിച്ചിരുന്നു. സിറിയയിലെയും അറേബ്യയിലെയും മരുഭൂമികൾ വിസ്തൃതങ്ങളാണ്. യോർദ്ദാന്നക്കരെയുള്ള പീഠഭൂമിയിലും, ചാവുകടലിനു അരികെയും സീനായിലും ഉളള മരുഭൂമികളാണ് ബൈബിളിൽ അധികമായി പരാമർശിക്കപ്പെടുന്നത്. മരുഭൂമിയെക്കുറിക്കുന്ന എബ്രായ ഗ്രീക്കുപദങ്ങൾ പിൻവരുന്നവയാണ്: 

മിദ്ബാർ, അറാവാഹ്, യെഷീമോൻ’ തുടങ്ങിയവയാണ് എബ്രായ പദങ്ങൾ.

‘മിദ്ബാർ’നെ സെപ്റ്റ്വജിന്റിൽ എറീമൊസ് എന്നു വിവർത്തനം ചെയ്യുന്നു. പഴയനിയമത്തിൽ 270 പ്രാവശ്യം ഈ പദം ഉണ്ട്. മരുഭൂമിയിൽ (മിദ്ബാർ), മേച്ചില്പുറങ്ങളും (സങ്കീ, 65:13; യിരെ, 23:10), പുല്പുറങ്ങളും (യോവേ, 2:22), ആടുകളും (1ശമൂ, 17:28) ഉണ്ട്. ബേർ-ശേബ (ഉല്പ, 24:14), മോവാബ് (സംഖ്യാ, 21:11), ഏൻ-ഗെദി (1ശമൂ, 24:1), ഗിബെയോൻ (2ശമൂ, 2:24), ഏദോം (2രാജാ, 3:8), ദമ്മേശെക്ക് (1രാജാ, 19:15) തുടങ്ങിയ മരുഭൂമികൾ കൃഷി ചെയ്യാത്ത സ്ഥലങ്ങളാണ്. മരുഭൂമികളിൽ പട്ടണങ്ങളും വിശ്രമ സ്ഥലങ്ങൾ അഥവാ സത്രങ്ങളും ഉണ്ട്. (യോശ, 15:61,62; യിരെ, 9:2). മരുഭൂമിയിലെ ജീവികളാണ് കാട്ടുകഴുത (ഇയ്യോ, 24:5), കുറുനരി (മലാ, 1:3), വേഴാമ്പൽ (സങ്കീ, 102:6), ഒട്ടകപ്പക്ഷി (വിലാ, 4:3) തുടങ്ങിയവ. മരുഭൂമിയിൽ മുള്ളുകളും (ന്യായാ, 8:7), കുഴികളും (ഉല്പ, 37:22) ഉണ്ട്. തരിശും ശൂന്യവുമായ നിലം (ഇയ്യോ, 38:26), ഓളി കേൾക്കുന്ന ശൂന്യപ്രദേശം (ആവ, 32:10) എന്നീ പ്രയോഗങ്ങൾ മരുഭൂമിയുടെ ശൂന്യതയെ വെളിപ്പെടുത്തുന്നു. അറാവാഹ്: വരണ്ട പ്രദേശമാണ്. (യെശ, 33:9; 35:1, 6; 40:3; 51:3). മരുപ്രദേശത്തിലെ ചെന്നായ് (യിരെ, 5:6) ദൈവത്തെ അനുസരിക്കാത്തവർക്കുള്ള നാശത്തിന്റെ പ്രതീകമാണ്. യെഷീമോൻ: മരുപ്രദേശമാണ്. (ആവ, 32:10; സങ്കീ, 68:7). 

എറീമൊസ്, എറീമിയാ: പുതിയ നിയമത്തിലും സെപ്റ്റജിന്റിലും മരുഭൂമിക്കു പ്രയോഗിച്ചിട്ടുള്ള ഗ്രീക്കുപദമാണു് എറീമിയ. യെഹൂദ്യമരുഭൂമിയൊഴികെ (മത്താ, 3:1) മരുഭൂമികളുടെ പേരുകളൊന്നും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. ‘എറീമൊൻ ടൊപൊൻ’ എന്നതിനെ നിർജ്ജനസ്ഥലം (മത്താ, 14:13; മർക്കൊ, 1:35; ലൂക്കൊ, 4:42), ഏകാന്ത സ്ഥലം (മർക്കൊ, 6:31,32), നിർജ്ജനപ്രദേശം (മർക്കൊ, 6:35) എന്നിങ്ങനെ തർജ്ജമ ചെയ്തിട്ടുണ്ട്. തിരുവെഴുത്തുകളിൽ പ്രലോഭനം, ഏകാന്തത, പീഡനം എന്നിവയുടെയും (യെശ, 27:10; 33:9) ദൈവത്തെ ഉപേക്ഷിച്ച യിസായേലിന്റെയും (യെശ, 40:3) പ്രതീകമാണ് മരുഭൂമി. 

ബൈബിളിലെ മരുഭൂമികൾ

1. ബേർ-ശേബ (ഉല്പ, 21:14)

2. പാരാൻ മരുഭൂമി (ഉല്പ, 21:21)

3. ശൂർ മരുഭൂമി (പുറ, 15:22)

4. സീൻ (Sin) മരുഭൂമി – പുറ, 16:1

5. സീനായി മരുഭൂമി (പുറ, 19:1)

6. സീൻ (Zin) മരുഭൂമി (സംഖ്യാ, 20:1)

7. ഏഥാ മരഭൂമി (സംഖ്യാ, 33:8)

8. മഹാമരുഭൂമി (ആവ, 1:19)

9. മോവാബ് മരുഭൂമി (ആവ, 2:8)

10. കെദേമോത്ത് മരുഭൂമി (ആവ, 2:26)

11. ബേത്ത്-ആവെൻ മരുഭൂമി (യോശു, 18:12)

12. യെഹൂദാ മരുഭൂമി (ന്യായാ, 1:16)

13. സീഫ് മരുഭൂമി (1ശമൂ, 23:14)

14. മാവോൻ മരുഭൂമി (1ശമൂ, 23:24)

15. ഏൻ-ഗെദി മരുഭൂമി (1ശമൂ, 24:1)

16. ഗിബെയോൻ മരുഭൂമി (2ശമൂ, 2:24)

17. ദെമ്മേശെക്ക് മരുഭൂമി (1രാജാ, 19:15)

18. ഏദോം മരുഭൂമി (2രാജാ, 3:8)

19. യെരൂവേൽ മരുഭൂമി (2ദിന, 20:16)

20. തെക്കോവ മരുഭൂമി (2ദിന, 20:20)

21. കാദേശ് മരുഭൂമി (സങ്കീ, 29:8)

22. സമുദ്രതീരത്തെ മരുഭൂമി (യെശെ, 24:1)

23. രിബ്ലാ മരുഭൂമി (യെഹെ, 6:14)

24. മിസ്രയീം മരുഭൂമി (യെഹെ, 20:36)

മുന്നിയമനം

മുന്നിയമനം (predestination)

ദൈവശാസ്ത്രത്തിൽ വളരെയധികം വാദപ്രതിവാദങ്ങൾക്കു വിധേയമായ വിഷയങ്ങളിലൊന്നാണ് മുന്നിയമനം. രക്ഷാവിജ്ഞാനീയത്തിലെ അഞ്ചു പ്രധാന പ്രയോഗങ്ങളാണ് മുന്നിയമനം, മുൻനിർണ്ണയം, മുന്നറിവ്, തിരഞ്ഞെടുപ്പ്, വിളി, എന്നിവ. പര്യായങ്ങളെന്നപോലെ പ്രയോഗിക്കപ്പെടുന്നെങ്കിലും അവ വിഭിന്നങ്ങളാണ്. 

പ്രയോഗങ്ങൾ: ‘പ്രൊഹെറിഡ്സോ’ എന്ന പദമാണ് മുന്നിയമിക്കുക എന്ന അർത്ഥത്തിൽ ഗ്രീക്കിൽ. പ്രവൃത്തി 4:28; റോമർ 8:29,30 ; 1കൊരിന്ത്യർ 2:7; എഫെസ്യർ 1:6, 12 എന്നീ ഭാഗങ്ങളിലാണ് ‘പ്രൊഹൊറിഡ്സോ’യുടെ പ്രയോഗം കാണുന്നത്. ഈ ആറു സ്ഥാനങ്ങളിലും മുന്നിയമിക്കുക എന്നു തന്നെയാണു പരിഭാഷ. പുതിയനിയമത്തിൽ പ്രസ്തുത ക്രിയയുടെ കർത്താവ് ദൈവമാണ്. ഒരു വ്യക്തിക്കുവേണ്ടി ഒരു ചുറ്റുപാടിനെ മുൻകൂട്ടി നിയമിക്കുകയോ ഒരു ചുറ്റുപാടിനായി ഒരു വ്യക്തിയെ മുൻകൂട്ടി നിയമിക്കുകയോ ചെയ്യുക എന്ന ആശയമാണ് ഈ ക്രിയയ്ക്കുള്ളത്. മുൻകൂട്ടി എന്ന അർത്ഥമാണ് ‘പ്രൊ’ എന്ന ഉപസർഗ്ഗത്തിനു സമാനമായ ആശയമാണു ‘പ്രൊ’ ചേർന്നുള്ള മറ്റു പല സംയുക്തരൂപങ്ങളിലും കാണുന്നത്. ഉദാ: മുന്നൊരുക്കുക (റോമ, 9:23; എഫെ, 2:10), മുൻനിയമിക്കുക (പ്രവൃ, 3:20; 22:14), മുമ്പുകൂട്ടി നിയമിക്കുക (പ്രവൃ, 10:41), മുൻകാണുക (ഗലാ, 3:8; എബ്രാ, 11:40), മുന്നറിയുക (റോമ, 8:29; 11:2; 1പത്രൊ, 1:20), മുന്നറിവ് (1പത്രൊ, 1:2; പ്രവൃ, 2:23) ഇവ മുന്നിയമനത്തിന്റെ ആശയം വെളിപ്പെടുത്തുന്നവയാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുരോഗതിക്കും ആവശ്യമായ സർവ്വവും കരുതിക്കൊണ്ടാണ് ദൈവം പ്രപഞ്ചം സൃഷ്ടിച്ചതെന്നു മുന്നിയമനം വ്യക്തമാക്കുന്നു. സൃഷ്ടിക്കു മുമ്പുതന്നെ . ദൈവം സ്വന്തനിർണ്ണയം ഉറപ്പാക്കിക്കഴിഞ്ഞു. (എഫെ, 1:4).

മുന്നിയമനവും മുന്നിർണ്ണയവും: ദൈവം മുൻനിയമിച്ചതിനെ ഉറപ്പാക്കുന്ന പ്രവൃത്തിയാണു നിർണ്ണയം. ദൈവത്തിന്റെ പദ്ധതി അഥവാ സംവിധാനം എന്താണെന്നു മുന്നിയമനം വ്യക്തമാക്കുന്നു. ദൈവം മുന്നിയമിച്ചതിന്റെ ഉറപ്പു സ്ഥിരീകരിക്കുകയാണ് ദൈവിക നിർണ്ണയം. അപ്പൊസ്തലൻ അതിനെ സ്ഥിരനിർണ്ണയം എന്നു വിളിക്കുന്നു. തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനു അനേകം സാധ്യതകളും പദ്ധതികളും ദൈവത്തിനുണ്ട്. എന്നാൽ ഒരു പ്രത്യേക ഉദ്ദേശ്യവും ഒരു പ്രത്യേകപദ്ധതിയും ദൈവം ഉറപ്പാക്കി, അതിനെ മാറ്റമില്ലാത്ത നിർണ്ണയമായി കല്പ്പിക്കുന്നു. “നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും.” (ഇയ്യോ, 22:28). ഒരു പ്രത്യേക പ്രവർത്തനപദ്ധതി ദൈവം ആജ്ഞാപിക്കുന്നതോടുകൂടി അതു അന്തിമവും ദൃഢവും ആയിത്തീരുകയും ആ നിലയിൽ മാത്രം അതു പൂർത്തിയാക്കുവാൻ ദൈവം സ്വയം ബദ്ധനാകുകയും ചെയ്യും. ദാനീയേൽ പ്രവാചകൻ ഈ സത്യം സ്പഷ്ടമാക്കുന്നു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവനും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കുകയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും. നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.” (ദാനീ, 11:36). ദൈവത്തിന്റെ നിർണ്ണയം നിശ്ചയമായും നിവൃത്തിയാകും. കർത്താവായ യേശുക്രിസ്തു തന്റെ ജീവിതത്തിലും മരണത്തിലും എന്തു ചെയ്യുമെന്നു ദൈവം നിർണ്ണയിച്ചിരുന്നു, അതുപോലെ സംഭവിച്ചു. (പ്രവൃ, 4:27, 29). “നിർണ്ണയിച്ചിരിക്കുന്നതു പോലെ മനുഷ്യപുത്രൻ പോകുന്നു സത്യം, എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനു അയ്യോ കഷ്ടം.” (ലൂക്കൊ, 22:22). ഒരു പ്രത്യേക നിലയിലുള്ള സംഭവഗതിയെ ദൈവം മുന്നിയമിക്കുകയും അതിന്റെ നിശ്ചയവും മാറിക്കൂടായ്മയും നിർണ്ണയത്താൽ ഉറപ്പിക്കുകയും ചെയ്യുന്നു. 

ദൈവിക നിർണ്ണയം: ദൈവിക നിർണ്ണയം കേവലവും നിരുപാധികവും സർവ്വസാന്തസൃഷ്ടികളിൽ നിന്നു സ്വതന്ത്രവും ദൈവഹിതത്തിന്റെ നിത്യമായ ആലോചനയിൽ നിന്നുത്ഭവിക്കുന്നതുമാണ്. ദൈവം പ്രകൃതിയുടെ ഗതിയെ നിയമിക്കുകയും ചരിത്രഗതിയെ അല്പാംശങ്ങളിൽപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.” (പ്രവൃ, 17:26). ദൈവികനിർണ്ണയങ്ങൾ നിത്യവും മാറ്റമില്ലാത്തവയും വിശുദ്ധവും വിവേകപൂർണ്ണവും പരമവുമാണ്. ഭാവി സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിവിന്റെ അടിസ്ഥാനത്തിൽ ഉളളവയാണ് ദൈവിക നിർണ്ണയങ്ങൾ. 

ദൈവികനിർണ്ണയങ്ങളുടെ ക്രമം: ദൈവികനിർണ്ണയങ്ങളുടെ ക്രമത്തെക്കുറിച്ചു വിഭിന്ന ചിന്താഗതികളുണ്ട്. 

പതനപൂർവ്വ നിർണ്ണയവാദം: 1. ചിലരെ രക്ഷിക്കുന്നതിനും മറ്റുള്ളവരെ നഷ്ടാവസ്ഥയിൽ ഉപേക്ഷിക്കുന്നതിനും ഉള്ള നിർണ്ണയം. 2. ഇരുകൂട്ടരെയും സൃഷ്ടിക്കുന്നതിനുളള നിർണ്ണയം. 3. ഇരുകൂട്ടരുടെയും വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 4. വൃതന്മാർക്കു രക്ഷ നല്കുന്നതിന് ക്രിസ്തുവിനെ അയയ്ക്കാനുള്ള നിർണ്ണയം. 5. വൃതന്മാർക്കു രക്ഷ പ്രായോഗികമാക്കുന്നതിനു പരിശുദ്ധാത്മാവിനെ അയയ്ക്കാനുളള നിർണ്ണയം. ഇവയിൽ നാലും അഞ്ചും ഒന്നായി വ്യവഹരിക്കുന്നവരുമുണ്ട്. സൃഷ്ടിക്കുവാൻ നിർണ്ണയിക്കുന്നതിനു മുമ്പ് ചിലരെ രക്ഷിക്കുവാനും ഉപേക്ഷിക്കുവാനും നിർണ്ണയിച്ചു എന്നതു തിരുവെഴുത്തുകളിലെ ഉപദേശത്തിനും ദൈവസ്നേഹത്തിനും നിരക്കുന്നതല്ല. അതിനാൽ പതനപൂർവ്വനിർണ്ണയവാദം ഒരു വിധത്തിലും അംഗീകാരയോഗ്യമല്ല. 

പതനാനന്തര നിർണ്ണയവാദം: 1. മനുഷ്യരെ സൃഷ്ടിക്കുന്നതിനുളള നിർണ്ണയം. 2. വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 3. വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനും, വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുന്നതിനും ഉളള നിർണ്ണയം. 4. വൃതന്മാർക്കു വീണ്ടെടുപ്പുകാരനെ നല്കുന്നതിനുള്ള നിർണ്ണയം. 5. വൃതന്മാരിൽ വീണ്ടെടുപ്പു പ്രായോഗികമാക്കുന്നതിനു പരിശുദ്ധാത്മാവിനെ അയക്കാനുളള നിർണ്ണയം. പതനാനന്തര നിർണ്ണയവാദമനുസരിച്ചു ദൈവത്തിന്റെ വീണ്ടെടുപ്പു പരിമിതമാണ്. എന്നാൽ വീണ്ടെടുപ്പ് അപരിമിതമാണെന്നു തെളിയിക്കുന്ന അനേകം ഭാഗങ്ങൾ തിരുവെഴുത്തുകളിലുണ്ട്. രക്ഷാകരമായ ദൈവകൃപ ഉദിച്ചതു വൃതന്മാർക്കുവേണ്ടി മാത്രമല്ല, സകല മനുഷ്യർക്കും വേണ്ടിയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്താ, 2:11). ക്രിസ്തു എല്ലാവർക്കും വേണ്ടി മരിച്ചു. (1തിമൊ, 2:6; 4:10; എബ്രാ, 2:9; 1യോഹ, 2:2; 4:14). ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ദൈവം ആഗ്രഹിക്കുന്നു. (2പത്രൊ, 3:9). “മരിക്കുന്നവന്റെ മരണത്തിൽ എനിക്കു ഇഷ്ടമില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; ആകയാൽ നിങ്ങൾ മനന്തിരിഞ്ഞു ജീവിച്ചു . കൊൾവിൻ.” (യെഹെ, 18:32). രക്ഷയ്ക്കുള്ള ആഹ്വാനം എല്ലാവർക്കും വേണ്ടിയുള്ളതാണ്. (യോഹ, 3:15; 11:26; പ്രവൃ, 2:21; 10:43). 

തന്മൂലം ദൈവികനിർണ്ണയങ്ങൾ ഈ ക്രമത്തിൽ മനസ്സിലാക്കുകയാണുചിതം: 1. മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള നിർണ്ണയം. 2. വീഴ്ച അനുവദിക്കുന്നതിനുള്ള നിർണ്ണയം. 3. സകല മനുഷ്യർക്കും പര്യാപ്തമായ വീണ്ടെടുപ്പു ക്രിസ്തുവിൽ നല്കാനുള്ള നിർണ്ണയം. 4. വിശ്വസിക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനും വിശ്വസിക്കാത്തവരെ ഉപേക്ഷിക്കുന്നതിനും ഉള്ള നിർണ്ണയം. 5. വിശ്വസിക്കുന്നവർക്കു രക്ഷ ഭദ്രമാക്കുന്നതിനു പരി ശുദ്ധാത്മാവിനെ അയയ്ക്കുന്നതിനുളള നിർണ്ണയം. ഈ ക്രമത്തിൽ തിരഞ്ഞെടുപ്പിനും അപരിമിതമായ വീണ്ടെടുപ്പിനും സാദ്ധ്യത നല്കുകയും തിരഞ്ഞെടുക്കപ്പെട്ടവർക്കു വീണ്ടെടുപ്പിന്റെ വിശേഷപ്രയോജനം അംഗീകരിക്കുകയും ചെയ്യുന്നു. (യോഹ, 17:9, 20, 24; പ്രവൃ, 13:48; റോമ, 8:29; എഫെ, 1:4; 2തിമൊ, 1:9; 1പത്രൊ, 1:1) 

പ്രപഞ്ചത്തിൽ സംഭവിക്കുന്നവ എല്ലാം ദൈവിക നിർണ്ണയത്തിലും പദ്ധതിയിലും ഉൾപ്പെട്ടവയാണ്. മനുഷ്യന്റെ ദോഷ പ്രവൃത്തികൾക്കും അതിൽ സ്ഥാനമുണ്ട്. ദൈവം അവയെ പൂർവ്വവൽ ദർശിക്കുകയും അനുവദിക്കുകയും ചെയ്തു. എല്ലാം സ്വന്തമഹത്വത്തിനായി ദൈവം നിയന്ത്രിക്കുകയും മാറ്റുകയും ചെയ്യുന്നു. സൃഷ്ടിപ്പിനു മുമ്പു തന്നെ ദുഷ്ടതയുടെ സാദ്ധ്യത സർവ്വജ്ഞനായ ദൈവം അറിഞ്ഞു. ദുഷ്ടത ഉൾക്കൊണ്ട ഒരു സംവിധാനത്തിന്റെ ശില്പി ദൈവമായിരുന്നെങ്കിലും ദുഷ്ടതയ്ക്കുത്തരവാദി ദൈവമല്ല. ലുസിഫറിന്റെ മത്സരവും ആദാമിന്റെ ലംഘനവും ഒന്നും തന്മൂലം ദൈവത്തിനു അത്ഭുതകരമായിരുന്നില്ല. മനുഷ്യചരിത്രത്തിലെ മഹാദുഷ്ടതയായ ക്രിസ്തുവിന്റെ ക്രൂശീകരണം പോലും ദൈവത്തിന്റെ മുന്നറിവിനും, മുന്നിയമനത്തിനും വിധേയമായിരുന്നു. (പ്രവൃ, 2:23; 4:28). 

മുന്നിർണ്ണയവും മുന്നറിവും: ഒരു സംഭവം ദൈവം നിർണ്ണയിച്ചതുകൊണ്ടുതന്നെ സംഭവിക്കുമെന്നു ദൈവം അറിയുന്നതാണ് മുന്നറിവ്. എന്തു സംഭവിക്കുമെന്നു മാത്രമല്ല തന്റെ പ്രവർത്തനപദ്ധതിയുടെ നിർവ്വഹണത്തിനു ആരെല്ലാമായിരിക്കും ഉപകരണങ്ങളെന്നും ദൈവം അറിയുന്നു. സംഭവങ്ങളെപ്പോലെ തന്നെ വ്യക്തികളും ദൈവത്തിന്റെ മുന്നറിവിലുണ്ട്. അതിനാലാണ് പൗലൊസ് അപ്പൊസ്തലൻ എഴുതുന്നത്: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചിരിക്കുന്നു.” (റോമ, 8:29). 

ക്രിസ്തുവിനെ സ്വീകരിക്കുന്നത് ആരൊക്കെയാണെന്നു ദൈവം അറിയുന്നു എന്നും ദൈവം അവരെ തിരഞ്ഞടുത്തു എന്നും ധാരണയുണ്ട്. അതു തെറ്റാണ്. അങ്ങനെയാണെങ്കിൽ ദൈവം മുന്നിയമിക്കുകയോ മുൻനിർണ്ണയിക്കുകയോ മുന്നറിയുകയോ ചെയ്തിട്ടില്ല. ദൈവം തന്റെ സർവ്വജ്ഞാനം പ്രയോജനപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മനുഷ്യന്റെ സ്വതന്ത്രേച്ച ദൈവത്തെ പരിമിതപ്പെടുത്തുന്നു എന്നു പറയേണ്ടിവരും. മനുഷ്യഹിതത്തിന്റെ പരിമിതികൾക്കപ്പുറത്തു ദൈവത്തിനു പ്രവർത്തിക്കുവാൻ കഴിയാതെ വരും. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുമെന്നു താൻ അറിയുന്നവരെ മാത്രം ദൈവം തിരഞ്ഞെടുക്കുകയാണെങ്കിൽ ദൈവം പരമാധികാരിയല്ലാതായിത്തീരും. വിശ്വാസികൾ തിരഞ്ഞെടുക്കപ്പെട്ടതു ദൈവത്തിന്റെ മുന്നറിവിനൊത്തവണ്ണമാണ്. അല്ലാതെ മുന്നറിവു കാരണമായല്ല. (1പത്രൊ, 1:2) 

മുന്നറിവ്

ഭാവി സംഭവങ്ങളുടെ മുഴുവൻ ഗതിയെയും സംബന്ധിച്ചുള്ള ദൈവത്തിനു മുൻകൂട്ടിയുള്ള അറിവാണ് മുന്നറിവു് (fore knowledge; ഗ്രീ: പ്രൊഗ്നോസിസ്). ദൈവത്തിന്റെ മുന്നറിവു അപരിമിതവും അന്തർജ്ഞാനപരവും, സഹജവും, പ്രത്യക്ഷവുമാണ്. ദൈവത്തിന് സ്വയത്തെക്കുറിച്ചുളള ജ്ഞാനവും തന്റെ നിത്യമായ പദ്ധതിയിലുൾപ്പെട്ട സകലത്തിന്റെയും ജ്ഞാനവും ഉണ്ട്. ദൈവിക മനസ്സിൽ എല്ലാം നിത്യമായ ‘ഇന്നു’ മാത്രം; ഭൂതം, വർത്തമാനം, ഭാവി എന്നീ കാലവരമ്പുകൾ അതിനില്ല. ഉന്നതനും, ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമാണ് ദൈവം. (യെശ, 57:15). ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.” (യെശ, 46:10). മനുഷ്യന്റെ അറിവാകട്ടെ സാന്തവും നിരീക്ഷണത്തിൽ നിന്നും ചിന്തയിൽ നിന്നും വ്യൂൽപ്പന്നവുമാണ്. 

മനുഷ്യന്റെ സ്വാതന്ത്ര്യവും തൽഫലമായുള്ള ഉത്തരവാദിത്വവും ദൈവിക മുന്നറിവും തമ്മിലുള്ള ബന്ധം ദുർജ്ഞേയമാണ്. എല്ലാ സംഭവങ്ങളെയും ദൈവം മുന്നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വതന്ത്രേച്ഛയുള്ള മനുഷ്യൻ സ്വയം തിരഞ്ഞെടുക്കുന്നു; തന്റെ പ്രവൃത്തികൾക്കെല്ലാം അവൻ ഉത്തരവാദി ആണ്. ഈ രണ്ടു സത്യങ്ങളും തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നു. (പ്രവൃ, 4:27,28; എഫെ, 1:11; റോമ, 8:29,30; സങ്കീ, 33:11; യെശ, 14:14; ലൂക്കൊ, 22:22; ദാനീ, 4:35). അർമ്മീനിയൻ സിദ്ധാന്തപ്രകാരം മുന്നിയമനവും മുന്നറിവും ഒന്നാണ്. ദൈവം സർവ്വവും മുന്നറിയുന്നു എന്നു ചിലർ അംഗീകരിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അറിയപ്പെടാവുന്ന കാര്യങ്ങളെല്ലാം ദൈവം മുന്നറിയുന്നു. സ്വതന്ത്രച്ഛയുള്ളവരുടെ പ്രവൃത്തി ദൈവത്തിനു അവ്യക്തമാണ്. ദൈവം എല്ലാം മുന്നറിയുന്നുവെന്നു അംഗീകരിക്കുന്നതും മനുഷ്യരുടെ പ്രവൃത്തികൾ ദൈവം മുന്നിയമിച്ചതാണെന്നു അംഗീകരിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. ദൈവത്തിന്റെ മുന്നറിവു പരിമിതമാണെങ്കിൽ ഭാവിയെക്കുറിച്ചു ഭാഗികമായെങ്കിലും ദൈവം അജ്ഞനാണ്. ദൈവം അനുദിനവും അറിവു വർദ്ധിപ്പിക്കുകയാണ്. തന്മൂലം ദൈവത്തിന്റെ സംവിധാനവും നിർണ്ണയവും മാറിക്കൊണ്ടിരിക്കുന്നുവെന്നു സമ്മതിക്കേണ്ടിവരും. മാത്രവുമല്ല, ദൈവത്തിന്റെ സർവ്വജ്ഞാനത്തെ നിഷേധിക്കുന്നതിനു തുല്യമാണത്. 

ചിലരെ പ്രത്യേക അനുഗ്രഹത്തിനും വിശിഷ്ടാനുകൂല്യങ്ങൾക്കുമായി വേർതിരിക്കുന്നതാണ്ഴതിരഞ്ഞെടുപ്പ്. പാപികളുടെ രക്ഷയുമായി ബന്ധപ്പെടുമ്പോൾ അതു മുന്നിയമനസിദ്ധാന്തത്തിന്റെ പ്രയുക്തിയാണ്. ദൈവത്തിന്റെ നിത്യനിർണ്ണയം മനുഷ്യവർഗ്ഗത്തെ രണ്ടായി തിരിക്കുന്നു: ഒരു വിഭാഗം നിത്യജീവനായി തിരഞ്ഞെടുക്കപ്പെടുന്നു; മറ്റു വിഭാഗം നിത്യനാശത്തിനായി പാപാവസ്ഥയിൽ ഉപേക്ഷിക്കപ്പെടുന്നു. ‘നിത്യജീവനായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.’ (പ്രവൃ, 13:48). ദൈവം മുന്നറിയുകയും തിരഞ്ഞെടുക്കുകയും മുന്നിയമിക്കുകയും ചെയ്തവരെ തന്നിലേക്കു കൂട്ടിച്ചേർക്കുന്നു. മുന്നിയമനത്തിലെ ഉച്ചസ്ഥമായ പ്രവൃത്തിയാണ് വിളി. “എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിനു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു. മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.” (റോമ, 8:28-30). വിളിക്കുന്നതു ദൈവമാണ്. അന്ധകാരത്തിൽ നിന്നും അത്ഭുതപ്രകാശത്തിലേക്കും സ്വപുത്രനായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കും ഉള്ള ഈ വിളി പരമവിളിയും, സ്വർഗ്ഗീയവിളിയും, വിശുദ്ധവിളിയും ആണ്. (1പത്രൊ, 2:9; 1കൊരി, 1:9; ഫിലി, 3:14; എബ്രാ, 3:1; 2തിമൊ, 1:29). ദൈവത്തിന്റെ മുന്നിയമനത്തിനു അനുസരണമായി (പ്രവൃ, 13:48; 18:10) നല്കപ്പെടുന്ന മുൻകൃപയുടെ ഫലമായിട്ടാണ് ദൈവവിളിയോടു പ്രതികരിക്കുവാൻ പാപികൾക്കു കഴിയുന്നത്. (പ്രവൃ, 2:47; 11:18, 21-23; 14:27; 15:7; 16:14; 28:27).

മശീഹ

മശീഹ (Messiah) 

മശീഹ എന്ന എബ്രായപദത്തിനും ക്രിസ്തു എന്ന ഗ്രീക്കുപദത്തിനും അഭിഷിക്തൻ എന്നാണർത്ഥം. പഴയനിയമത്തിൽ പുരോഹിതന്മാരും (പുറ, 6:23; 29:21; 1ദിന, 29 22), പ്രവാചകന്മാരും (1രാജാ, 19:16), രാജാക്കന്മാരും (1ശമൂ, 10:10; 16:1; 19:10; 1രാജാ, 1:39; 51; 19:15; 2രാജാ, 9:36; 11:12; 23:30; യെശ, 45:1) അഭിഷേകം ചെയ്യപ്പെട്ടിരുന്നു. പുതിയനിയമത്തിൽ അഭിഷിക്തൻ യേശുവാണ്. (ലൂക്കൊ, 4:18; പ്രവൃ, 10:38). മേല്പറഞ്ഞ മൂന്നു പദവികളും യേശുവിനുണ്ട്. (മത്താ, 2:2; പ്രവൃ, 3:22; എബ്രാ, 3:1). യേശുവിനെ കൂടാതെ പുതിയനിയമത്തിൽ പറഞ്ഞിരിക്കുന്ന രണ്ടഭിഷിക്തനുണ്ട്: മോശെയും (എബ്രാ, 11:24-26) യിസ്രായേലും. (പ്രവൃ, 4:26). പഴയനിയമ പ്രവാചകന്മാരെയും അഭിഷിക്തരെന്ന് പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:10,11). കർത്താവിൻ്റെ ജനത്തെ ഭരിക്കുന്ന ഭൗമികരാജാവാണ് അഭിഷിക്തൻ. ശൗൽ മുതലുള്ള പല രാജാക്കന്മാരും അഭിഷിക്തരാണെങ്കിലും, ‘എൻ്റെ അഭിഷിക്തൻ’ (1ശമൂ, 2:35; സങ്കീ, 132:17), ‘എൻ്റെ അഭിഷിക്തന്മാർ’ (1ദിന, 16:22; സങ്കീ, 105:15) എന്ന് യഹോവ പറയുന്നതും; ‘നിൻ്റെ അഭിഷിക്തൻ’ (2ദിന, 6:42; സങ്കീ, 84:9; 89:38; 89:51; 132:10; ഹബ, 3:13) എന്ന് ഭക്തന്മാർ യഹോവയോടു പറയുന്നതും യിസ്രായേലിനെക്കുറിച്ചാണ്. ദാവീദിൻ്റെ വാഗ്ദത്തസന്തതിയായ അഭിഷിക്തരാജാവ് ദാവീദിൻ്റെ സ്വന്തപുത്രന്മാരല്ല; യിസ്രായേലാണ്. “യഹോവ തന്റെ രാജാവിന്നു മഹാരക്ഷ നല്കുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (2ശമൂ, 22:51). ദാവീദിൻ്റെ വാഗ്ദത്തസന്തതി നിത്യരാജാവാണ്. (2ശമൂ, 8:13,16; 1ശമൂ, 17:11,12,14; സങ്കീ, 89:29,36,37; ദാനീ, 7:27). ഈ വാഗ്ദത്തസന്തതിയായ യിസ്രായേലാണ് പഴയനിയമത്തിലെ പ്രധാന അഭിഷിക്തൻ അഥവാ മശീഹ. (1ശമൂ, 2:10; 2:35; 22:51; 1ദിന, 16:22; സങ്കീ, 2:2; 20:6,7; 20:17; 28:8; 84:9; 89:38; 89:51; 105:15; 132:10; 132:17; ദാനീ, 7:27). പില്ക്കാലത്ത് ദാവീദിൻ്റെ സന്തതി/പുത്രൻ എന്ന പ്രയോഗം മശീഹയുടെ പര്യായമായി മാറി. (മത്താ, 22:42; മർക്കൊ, 10:47). സ്വന്തജനമായ യിസ്രായേലിന് ദൈവം നല്കിയ അനേകം പദവികളിൽ ഒന്നാണ് അഭിഷിക്തൻ അഥവാ മശീഹ/ക്രിസ്തു. ജഡത്താലുള്ള ബലഹീനത അഥവാ പാപംനിമിത്തം യിസ്രായേലിനു അവരുടെ പദവികളൊന്നും സാക്ഷാത്കരിക്കാനോ ന്യായപ്രമാണത്താൽ രക്ഷപ്രാപിക്കുവാനോ അവർക്ക് കഴിഞ്ഞില്ല. (റോമ, 8:3). അതിനാൽ തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ യഹോവയായ ദൈവം (ആവ, 27:9; മത്താ, 1:21) യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) അഭിഷിക്ത മനുഷ്യൻ അഥവാ ക്രിസ്തുവായി (ലൂക്കൊ, 4:18; പ്രവൃ, 10:38) ജഡത്തിൽ വെളിപ്പെട്ട്, അവരുടെ പദവികൾ അവർക്ക് സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). (വാഗ്ദത്തസന്തതി (2) എന്ന ലേഖനവും; യിസ്രായേലിൻ്റെ പദവികൾ എന്ന ലേഖനവും കാണുക)

മരണം

മരണം (death)

തനറ്റൊസ് എന്ന ഗ്രീക്കു പദത്തിനു രണ്ടാശയങ്ങളുണ്ട്: 1. ശാരീരിക മരണം. (യോഹ, 11:13; എബ്രാ, 2:15; 5:7; 7:23). 2. ദൈവത്തിൽ നിന്നുള്ള വേർപാട്. (റോമ, 5:12, 14, 17, 21). മരണം ജീവന്റെ വിപര്യായമാണ്, അഭാവമല്ല. മണ്ണിൽ നിന്നെടുക്കപ്പെട്ട മനുഷ്യൻ മണ്ണിലേക്കു മടങ്ങുന്നു. “നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” പാപത്തിൽ വീണ മനുഷ്യനോടുള്ള ദൈവകല്പനയാണിത്. (ഉല്പ, 3:19). മനുഷ്യന്റെ പേരുകളിലധികവും മണ്ണിനെയും മരണത്തെയും വ്യഞ്ജിപ്പിക്കുന്നു. മനുഷ്യൻ്റെ കൂടെപ്പിറപ്പാണ് മരണം. ജനിക്കുന്ന നിമിഷം മുതൽ മരണ വക്ത്രത്തിലേക്കു ചുവടുവച്ചു അവൻ പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുന്നു. മരണ നിമിഷംവരെയും മനുഷ്യൻ മരിച്ചുകൊണ്ടിരിക്കുകയാണ്. ബാല്യം മുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു. (സങ്കീ, 88:15). ഞാൻ ജീവിക്കുന്നു എന്ന ബോധം ഉണ്ടാകുന്നതിനു മുമ്പു തന്നെ എത്രയോ ഭ്രൂണങ്ങൾ അകാലത്തിൽ വിസ്മൃതിയിൽ വിലയം പ്രാപിക്കുന്നു. മനുഷ്യാനുഭവത്തിൽ എല്ലാവരാലും വിലപിക്കപ്പെടുന്ന ഒരു സംഭവമാണ് മരണം. വെറും ഒരു പ്രാകൃതിക പ്രതിഭാസമായി പരിഗണിക്കപ്പെടാവുന്ന ഒന്നല്ല അത്. മരണം ഒരു നിഗുഢതയാണ്. ദൈവസൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. പക്ഷേ താഴെക്കിടയിലുള്ള പലയിനം സസ്യങ്ങൾക്കും ചില ജന്തുക്കൾക്കും ഉള്ളത്രപോലും ആയുസ്സു മനുഷ്യനില്ല. ദൈവസാദൃശ്യത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെങ്കിൽ എന്തുകൊണ്ടു അവൻ മരിക്കുന്നു എന്നതും ഒരു പ്രശ്നമാണ്. ദൈവഹിതത്തിനു വിരുദ്ധമായി മനുഷ്യൻ പാപത്തിൽ വീണതാണ് അതിനു കാരണമെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (ഉല്പ, 2:17). പാപം സാർവ്വത്രികമായതുകൊണ്ടു പാപത്തിന്റെ ശമ്പളമായ മരണവും സാർവ്വത്രികമാണ്. “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12).

പ്രാകൃതിക ജീവന്റെ വിച്ഛേദനമാണ് മരണം. ഏതവസ്ഥയിലും വർഗ്ഗത്തിലും പ്രായത്തിലുമുളളവർ മരണത്തിനു വിധേയരാണ്. (ഉദാ: അബ്രാഹാം (ഉല്പ, 25:11), അഹരോന്റെ പുത്രന്മാർ (ലേവ്യ, 16:1), മോശെ (ആവ, 34:5), പ്രസവവേദനയിലായിരുന്ന സ്ത്രീ (1ശമൂ, 4:20), ദാവീദിന്റെ കുഞ്ഞ് (2ശമൂ, 12’23). ശരീരത്തിൽ നിന്നും ആത്മാവ് വേർപെടുന്നതാണു മരണം. (2തിമൊ, 4:6; ലൂക്കൊ, 23:46). അതു സകല ഭൂവാസികളുടെയും വഴിയാണ്. (യോശു, 23:14). പൂർവ്വാവസ്ഥയിലേക്കുള്ള മടക്കമാണു് മരണം. “എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു.” (സഭാ, 3:20). മരണത്തെക്കുറിക്കുന്ന ഒരു ശുഭപദമാണ് നിദ്ര. പഴയനിയമത്തിൽ രാജാക്കന്മാരുടെ മരണത്തെക്കുറിച്ചു പറയുമ്പോൾ നിദ്രകൊണ്ടു എന്നാണ് രേഖപ്പെടുത്തിയിട്ടുളളത്. യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. (2രാജാ, 8:24). ലാസറിന്റെ മരണത്തെക്കുറിച്ച് അവൻ നിദ്രകൊള്ളുന്നു എന്നു യേശു പറഞ്ഞു; എന്നാൽ ശിഷ്യന്മാർക്കതു മനസ്സിലായില്ല. (യോഹ, 11:11-15). മരണത്തിനും നിദ്രയ്ക്കും തമ്മിൽ ഉപരിപ്ലവമായ സാമ്യം മാത്രമേയുള്ളൂ. നിദ്രയിൽ വ്യക്തി അവിടെ കിടക്കുകയാണ്. ഏതു സമയത്തും അവനെ ഉണർത്താം. മരണത്തിൽ വ്യക്തി അവിടെയില്ല. ഭൗതിക ശരീരം മാത്രമാണ് അവിടെ കിടക്കുന്നത്. ഏറെത്താമസിയാതെ ശരീരം ചീഞ്ഞഴുകും. മരണാവസ്ഥയെക്കുറിച്ചുള്ള ചില വിവരണങ്ങളുണ്ട്. മൃതനു ദൈവത്തെ കാണാൻ കഴിയുകയില്ല. (യെശ, 38:11; ഇയ്യോ, 35:14). ദൈവത്തെ സ്തുതിക്കുവാൻ കഴിയുകയില്ല. (സങ്കീ, 6:5; യെശ, 38:18). 

ആത്മീയാർത്ഥത്തിൽ ദൈവത്തിൽ നിന്നുള്ള വേർപാടാണ് മരണം. ഇതിനെ ഇരുളായും മരണനിഴലായും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 1:78; 1യോഹ, 3:14; റോമ, 5:12; 6:23; യോഹ, 3:36; എഫെ, 2:1, 5; വെളി, 2:11). ദൈവകല്പപന ലംഘിച്ചപ്പോൾ ആദാം മരിച്ചു. (ഉല്പ, 2:17). തന്മൂലം എല്ലാ മനുഷ്യരും ഇതേ അവസ്ഥയിലാണ് ജനിക്കുന്നത്. അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവർ എന്നാണ് അപ്പൊസ്തലൻ അവരെക്കുറിച്ചു പറയുന്നത്. (റോമ, 5:12, 14, 17, 21; എഫെ, 2:1). ദൈവത്തോടുള്ള കൂട്ടായ്മയിൽ ബോധപൂർവ്വമായ അസ്തിത്വമാണ് ആത്മീയജീവിതം. ദൈവത്തിൽ നിന്നും വേർപെട്ടുള്ള ബോധപൂർവ്വമായ അസ്തിത്വമാണ് ആത്മീയ മരണം. 

സ്നേഹവാനായ ദൈവം പാപത്തിനു ഇത്രയും വലിയ ശിക്ഷ നല്കുമോ എന്ന സംശയം ഉദിക്കാം. മരണം ജീവിതം പോലെ ഒരവസ്ഥയാണ്. ജഡത്തിന്റെ ചിന്ത മരണം (റോമ, 8:6) എന്നു അപ്പൊസ്തലനായ പൗലൊസ് എഴുതുന്നു. ജഡത്തിനാണ് മരണം. അതായത്, ജഡത്തിന്റെ അന്ത്യമാണ് മരണം. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല എന്നു അപ്പൊസ്തലൻ തുടരുന്നു. (റോമ, 8:7). സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു എന്നു യോഹന്നാൻ അപ്പൊസ്തലൻ വ്യക്തമാക്കുന്നു. (1യോഹ, 3:14). മരണശേഷം രക്ഷപ്രാപിക്കു വാനുള്ള സാധ്യത ആർക്കുമില്ല. അപ്രകാരം ഒരു സാധ്യതയുണ്ടെങ്കിൽ രക്ഷ എന്ന പ്രയോഗത്തിന്റെ വിവക്ഷ തന്നെ തെറ്റാകും. മരണത്തിൽ നിന്നു ജീവങ്കലേക്കു കടക്കുന്നതാണല്ലോ രക്ഷ. (യോഹ, 5:24). 

മരണത്തിന്മേലുളള വിജയം പുതിയനിയമ ഉപദേശങ്ങളിൽ പ്രധാനമാണ്. പാപവും മരണവും തമ്മിലുള്ള ബന്ധം ക്രിസ്തു നേടിയ വീണ്ടെടുപ്പിൽ സ്വന്തം മരണം അനിവാര്യമാക്കിത്തീർത്തു. (1കൊരി, 15:3; റോമ, 4:24,25; 1പത്രൊ, 3:18). മരണത്തിനു വിധേയനായിക്കൊണ്ടു ക്രിസ്തു മരണത്തെ ജയിക്കുകയും ജീവനും അമർത്ത്യതയും വെളിപ്പെടുത്തുകയും ചെയ്തു. (2തിമൊ, 1:10). മരണത്തിന്റെ അധികാരിയായ പിശാചിനെ സ്വന്തം മരണത്താൽ നീക്കി മരണഭീതിയിൽ നിന്നും മനുഷ്യനെ വിടുവിച്ചു. (എബ്രാ, 2:14). മരണത്തിലൂടെ ക്രിസ്തു പാപത്തിനു അന്ത്യം കുറിച്ചു. “അവൻ മരിച്ചതു പാപസംബ ന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.” (റോമ, 6:10). ക്രിസ്തുവിനെ കൂടാതെ മരണം നമ്മുടെ അത്യന്തിക ശത്രുവാണ്. മരണത്തിന്മേലുള്ള വിജയത്തെ കർത്താവ് തന്റെ ഉയിർത്തെഴുന്നേല്പിലൂടെ സ്ഥിരീകരിച്ചു. “ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിനു അവന്റെമേൽ ഇനി കർതൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.” (റോമ, 6:9). പുതിയനിയമ വെളിച്ചത്തിൽ നിത്യജീവൻ എന്നത് ആത്മാവിനെ സംബന്ധിക്കുന്നതു മാത്രമല്ല ശരീരപുനരുത്ഥാനവും കൂടിച്ചേർന്നതാണ്. 

ആത്മീയ ജീവൻ പ്രാപിച്ചുവെങ്കിലും വിശ്വാസി ശാരീരികമരണത്തിനു വിധേയനാണ്. ജയിക്കപ്പെടേണ്ട ഒരുക്കത്തെ ശത്രുവാണ് മരണം. (1കൊരി, 15:26). ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിൽ മരിച്ചവർ അമർത്യരായി ഉയിർപ്പിക്കപ്പെടുമ്പോൾ മരണം എന്നേക്കുമായി നീങ്ങിപ്പോകും. (1കൊരി, 15:52; ഫിലി, 3:20,21). രക്ഷിക്കപ്പെടാത്ത വ്യക്തിക്ക് മരണം നഷ്ടവും രക്ഷിക്കപ്പെട്ടവർക്കു മരണം ലാഭവുമത്ര. (ഫിലി, 1:21). ശരീരത്തിന്റെ ഭാവിക പുനരുത്ഥാനത്തിന്റെ വെളിച്ചത്തിൽ വിശ്വാസിക്കു മരണം നിദ്ര മാത്രമാണ്. മരണഭയം എന്നേക്കുമായി ഒഴിഞ്ഞുപോയി. ദൈവസന്നിധിയിൽ നില്ക്കുമ്പോൾ അവനു പാപം പ്രശ്നമല്ല. ക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിലുടെ മരണത്തിന്റെ വിഷമുള്ളായ പാപം മാറ്റപ്പെട്ടു. (1കൊരി, 15:56). മരണം ലാഭമാണ്; കാരണം മരണത്തോടുകൂടി ദൈവപുത്രന്റെ സാന്നിദ്ധ്യത്തിലായിരിക്കുവാൻ വിശ്വാസിക്കു കഴിയും. (ഫിലി, 1:21, 23; 2കൊരി, 5:8).;മരണത്തിന് ക്രിസ്തുവിൽ നിന്നും ഒരു വ്യക്തിയെ വേർപെടുത്തുവാൻ കഴിയുകയില്ല. (റോമ, 8:38). അവിശ്വാസി പാപം നിമിത്തം മരിച്ചവനാണ്. (എഫെ, 2:1; കൊലൊ, 2:11). ദുരുപദേഷ്ടാക്കന്മാർ രണ്ടുരു ചത്തവരാണ്. (യൂദാ, 12). അന്ത്യശിക്ഷാവിധിയിൽ ദുഷ്ടന്മാർ ദൈവത്തിൽ നിന്നും എന്നേക്കുമായി വേർപെടും. ഈ വേർപാടാണു രണ്ടാം മരണം. (വെളി, 2:11; 21:8). നിത്യനാശമാണു് അത്. നിത്യാഗ്നി, നിത്യദണ്ഡനം, നരകം എന്നെല്ലാം വ്യവഹരിക്കുന്നതു രണ്ടാം മരണത്തെയാണ്.

ഏഴുവിധ മരണങ്ങൾ

1. ആത്മീയ മരണം. (എഫെ, 2:1).

2. പാപസംബന്ധമായ മരണം. (റോമ, 6:2).

3. ജഡചിന്തയായ മരണം. (റോമ, 8:6).

4. കഷ്ടങ്ങളും പ്രയാസങ്ങളുമായ മരണം. (2കൊരി, 4:12).

5. ശാരീരിക മരണം. (എബ്രാ, 9:27).

6. പിന്മാറ്റമാറ്റത്താലുള്ള മരണം. (വെളി, 3:1).

7. നിത്യമരണം. (വെളി, 20:14).

മനുഷ്യൻ

മനുഷ്യൻ (Man)

മനുഷ്യനെക്കുറിക്കുവാൻ പ്രധാനപ്പെ ആറു വാക്കുകൾ ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്: പഴയനിയമത്തിൽ നാലും (ആദാം, ഈഷ്, എനോഷ്, ഗെവെർ), പുതിയ നിയമത്തിൽ രണ്ടും (അന്ത്രാപൊസ്, അനീർ). മനുഷ്യനെക്കുറിക്കുന്ന പ്രധാന എബ്രായ പദം ‘ആദാം’ ചെമ്മണ്ണ് എന്നർത്ഥം. മൂന്നു പ്രധാന ആശയങ്ങളിൽ ‘ആദാം’ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. 1. സംജ്ഞാനാമം: ആദ്യമനുഷ്യന്റെ പേരാണിത്. (ലൂക്കൊ, 3:38; റോമ, 5:14; 1കൊരി, 15:45; 1തിമൊ, 2:13-14). 2. സാമാന്യനാമം: സ്ത്രീയെയും പുരുഷനെയും ഉൾപ്പെടുത്തി മനുഷ്യ സാമാന്യത്തിന്റെ പേരായി. (ഉല്പ, 1:26-27; 5:1; ആവ, 8:3). 3. ആൺ: സ്ത്രീയുടെ വിപര്യായം. (ഉല്പ,3:12). പുരുഷൻ എന്ന അർത്മത്തിൽ ഉപയോഗിക്കുന്ന പദമാണ് ‘ഈഷ്.’ ഉത്തമ മനസിക ഗുണമുള്ള മനുഷ്യനെ കുറിക്കുവാൻ ഈ പദം ഉപയോഗിക്കുന്നു. (യിരെ, 5:1). ദുർബ്ബലൻ, മർത്ത്യൻ എന്നീ ആശയങ്ങളാണ് ‘എനോഷി’നുള്ളത്. ശക്തിയുമായി ബന്ധപ്പെടുത്തി മനുഷ്യനെ കുറിക്കുന്ന പദമാണ് ‘ഗെവെർ.’ മനുഷ്യനെക്കുറിക്കുന്ന ഗ്രീക്കു പദങ്ങളാണ് അന്ത്രോപൊസ് (നരമുഖമുള), അനീർ (പുരുഷൻ) എന്നിവ. മനുഷ്യന്റെ ഏഴ് അവസ്ഥകളെക്കുറിക്കുവാൻ ഏഴു പദങ്ങൾ ഗ്രീക്കിൽ പ്രയോഗിച്ചു കാണുന്നു. അവ: 1. പൈഡിയൊൻ – ശിശു. 2. പെസ് – ബാലൻ. 3. മൈരാകിയൊൻ – കുമാരൻ. 4. നെയാനിസ്കൊസ് – യുവാവ്. 5. അനീർ – പുരുഷൻ. 6. പ്രെസ്ബ്യൂട്ടിസ് – മൂപ്പൻ. 7. ഗെരോൻ – വൃദ്ധൻ. 

മനുഷ്യസൃഷ്ടി: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പ, 1:26-27). ഒന്നുമില്ലായ്മയിൽ നിന്നുള്ള സൃഷ്ടിക്ക് എബ്രായിയിൽ ഉപയോഗിക്കുന്ന പ്രയോഗം ‘ബാറാ’ ആണ്. ആകാശം, ഭൂമി (ഉല്പ, 1:1), തിമിംഗലങ്ങൾ, ജീവജന്തുക്കൾ (ഉല്പ, 1:21) മനുഷ്യൻ (ഉല്പ, 1:27) എന്നിവയുടെ സൃഷ്ടിയെ കുറിക്കുന്നതിന് ‘ബാറാ’ ആണു പ്രയോഗിച്ചിട്ടുള്ളത്. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടു. ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചു അഥവാ രൂപം നല്കി. (ഉല്പ, 2:7; സഭാ, 12:7). മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. (ഉല്പ, 2:7). ബാറാ, ആസാ, യാറ്റ്സർ എന്നിങ്ങനെ മൂന്ന് എബായ ധാതുക്കളാണ് മനുഷ്യസൃഷ്ടിയോടുള്ള ബന്ധത്തിൽ ഉപര്യുക്ത സ്ഥാനങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. ഇവ മൂന്നും യെശയ്യാവ് 43:7-ൽ അടുത്തടുത്തായി കാണാം. എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു (ബാറാ – ഒന്നുമില്ലായ്മയിൽ നിന്നും നിർമ്മിച്ചു) നിർമ്മിച്ചു (ആസാ – രൂപം നല്കി) ഉണ്ടാക്കി (യറ്റ്സർ). ഇങ്ങനെ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പ, 1:27; 5:1; ആവ, 4;32; സങ്കീ, 104:30; യെശ, 45:12, 1കൊരി, 11:9). നിലത്തെ പൊടിയിൽ നിന്നാണ് മനുഷ്യനെ നിർമ്മിച്ചത്. (ഉല്പ, 1:26; 2:22; 6:6; സങ്കീ, 100:3; 103:14; 1തിമൊ, 2:13). ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യൻ പൊടിയിൽനിന്നു നിർമ്മിക്കപ്പെട്ടവനാണ്. എന്നാൽ മനുഷ്യനിലെ അഭൗമഘടകം ദൈവശ്വാസത്തിൽ നിന്നും ലഭിച്ചതത്ര. (ഉല്പ, 2:7; ഇയ്യോ, 33:4, സഭാ, 12:7). 

ദൈവസ്വരൂപവും ദൈവസാദൃശ്യവും: ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. (ഉല്പ, 1:27; 5:1). സ്വരൂപത്തിനും (റ്റ്സെലെം), സാദൃശ്യത്തിനും (ദെമൂത്) ഉപയോഗിച്ചിട്ടുള്ള എബായ പദങ്ങൾക്കു തമ്മിൽ സാരമായ അർത്ഥ വ്യത്യാസമില്ല. അവ സാധാരണ പര്യായങ്ങളായി മാത്രമേ കരുതപ്പെടുന്നുള്ളൂ. യവന, ലത്തീൻ സഭാപിതാക്കന്മാർ സ്വരൂപത്തെ (ഗ്രീ. ഐകോൻ; ല. ഇമാഗോ) ദൈവസാദൃശ്യത്തിന്റെ ഭൗതികവശമായും, സാദൃശ്യത്തെ (ഗ്രീ. ഹൊമൊയിയോസിസ്) നൈതികവശമായും വ്യാഖ്യാനിച്ചിരുന്നു. ദൈവത്തിന്റെ സാദൃശ്യം എന്താണെന്നു വ്യക്തമാക്കുക പ്രയാസമാണ്. അതു ശരീരരൂപമോ (ദൈവത്തിനു ശരീരമില്ല) നിവർന്നു നില്ക്കാനുളള കഴിവോ അല്ല; മറിച്ച്, ദൈവത്തിന്റെ ആത്മ പ്രകൃതിയാണ്. ദൈവ സ്വരൂപം ഒരിക്കലും മൂർത്തമല്ല; കാരണം ദൈവം ആത്മാവാണ്. ആത്മാവിന്റെ ഗുണങ്ങളാണ് വിവേകം, മനസ്സാക്ഷി, ഇച്ഛാശക്തി തുടങ്ങിയവ. തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കയിലൂടെ ദൈവം മനുഷ്യനു നല്കിയത് സ്വന്തം ഗുണങ്ങളായ വിവേകവും മനസ്സാക്ഷിയും ഇച്ഛാശക്തിയുമത്രേ. ദൈവസാദൃശ്യത്തിലൂടെ മനുഷ്യനു തന്റെ സ്രഷ്ടാവായ ദൈവത്തോടു ബന്ധപ്പെടുവാൻ കഴിയുന്നു. ദൈവസാദൃശ്യം പാപത്താൽ നഷ്ടപ്പെട്ടു. പുതുജനനത്തോടുകൂടി സഷ്ടാവിന്റെ പ്രതിമപ്രകാരം ഒരു പുതിയ മനുഷ്യനെ നാം ധരിക്കുന്നു. (കൊലൊ, 3:10; എഫെ, 4:24). മനുഷ്യന്റെ നൈതികപ്രകൃതി ദൈവസാദൃശ്യത്തിന്റെ ഭാഗമാണ്. ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു. (സഭാ, 7:29). ദൈവത്തിന്റെ സാദൃശ്യം മനുഷ്യന്റെ നിത്യതയെ വെളിപ്പെടുത്തുന്നു. മനുഷ്യന് അവസാനമില്ല. അവനെ ഉന്മൂലനം ചെയ്യാൻ ആർക്കും കഴിയുകയില്ല. ഒന്നുകിൽ നിത്യദണ്ഡനത്തിലേക്ക്, അല്ലെങ്കിൽ നിത്യജീവനിലേക്കു അവൻ പോകുന്നു. (മത്താ, 25:46). 

മനുഷ്യന്റെ വീഴ്ച: ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു അവനെ ഏദൻ തോട്ടത്തിലാക്കി. വിശുദ്ധനായി സൃഷ്ടിക്കപ്പെട്ട ആദാമിനു തന്റെ വിശുദ്ധി ഒരു പരിശോധനയിലൂടെ തെളിയിക്കണമായിരുന്നു. ഏദെൻ തോട്ടത്തിന്റെ നടുവിലുള്ള നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കരുതു എന്നായിരുന്നു കല്പന. സാത്താന്റെ പ്രലോഭനം ഹേതുവായി ഹവ്വ വഞ്ചിക്കപ്പെട്ടു. തുടർന്നു അവൾ തന്നെ പരീക്ഷകയായി ആദാമിനും വൃക്ഷഫലം കൊടുത്തു. ദൈവകല്പന മനഃപൂർവ്വം ലംഘിച്ചത് ആദാമാണ്. ആദാമിന്റെ വീഴ്ചയിലൂടെ മനുഷ്യവർഗ്ഗം മുഴുവൻ പാപത്തിനു വിധേയമായി; ഭൂമി ശപിക്കപ്പെട്ടു. പാപത്തിൽ വീഴുന്നതിനു മുമ്പ് ദൈവതേജസ്സ് അവരെ ആവരണം ചെയ്തിരുന്നു. പാപം നിമിത്തം ദൈവതേജസ്സ് നഷ്ടപ്പെട്ടു. (റോമ, 3:23). ദൈവസന്നിധിയിൽ നിന്ന് അവർ ഓടിയൊളിച്ചു. (ഉല്പ, 3:8-10). ആദാമിനെയും ഹവ്വയെയും തോട്ടത്തിൽ നിന്നു പുറത്താക്കി. ശാരീരികവും ആത്മീയവുമായ മരണവും നിത്യമരണവും പാപം നിമിത്തമുണ്ടായി. വീഴ്ചയോടുകൂടി മനുഷ്യന് പാപം ചെയ്യാതിരിക്കാനുളള കഴിവ് നഷ്ടപ്പെട്ടു; പാപം ചെയ്യാനുളള കഴിവ് പാപം ചെയ്യാതിരിക്കാനുളള കഴിവില്ലായ്മയായി മാറി. ഈ അവസ്ഥയെയാണ് പാപവാസന, ദുഷ്ടത, വഷളത്തം, മേച്ഛത, എന്നിങ്ങനെ വ്യവഹരിക്കുന്നത്. 

മനുഷ്യനും പ്രകൃതിയും: സൃഷടിയുടെ മകുടമാണ് മനുഷ്യൻ. മറ്റു സൃഷ്ടികളെല്ലാം പൂർണ്ണത നേടുന്നത് മനുഷ്യനിലൂടെയാണ്. പൊടിയും പൊടിയാൽ നിർമ്മിക്കപ്പെട്ടവനുമാകയാൽ ജീവശാസ്ത്രപരമായും ഭൗതികമായും മനുഷ്യൻ പ്രകൃതിയോടു ബന്ധപ്പെട്ടിരിക്കുന്നു. (ഉല്പ, 18:27; ഇയ്യോ, 10:8-9; സങ്കീ, 103:14; സഭാ, 3:19-20; 12:5-7). ജഡമാകയാൽ മറ്റു സൃഷ്ടികളെപ്പോലെ ദൈവത്തെ ആശ്രയിക്കുവാനുള്ള നിസ്സഹായത മനുഷ്യനുണ്ട്. (യെശ, 2:22; 40:6; സങ്കീ, 103:15; 104:27-30). മനുഷ്യൻ പ്രകൃതി നിയമങ്ങൾക്കു വിധേയനാണ്. മനുഷ്യന്റെ ഭാഗധേയം ഭൂമിയെയും ബാധിക്കുന്നു. മനുഷ്യന്റെ വീഴ്ച്ചയിലൂടെ സൃഷ്ടി മുഴുവൻ ദ്രവത്വത്തിനു വിധേയമായി. മനുഷ്യവർഗ്ഗത്തിന്റെ അന്തിമ വീണ്ടെടുപ്പിനു ശേഷമാണ് സൃഷ്ടി ദ്രവത്വത്തിൽ നിന്നു മുക്തമാകുന്നതു. ഈ മോചനത്തിനുവേണ്ടി സൃഷ്ടി വേദനയോടെ കാത്തിരിക്കുന്നു. (റോമ, 8:19-23). മനുഷ്യന്റെ വീണ്ടെടുപ്പിൽ പ്രപഞ്ചം ഒന്നാകെ ആഹ്ളാദിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. സകല സൃഷ്ടികളും ഈ ആഹ്ളാദത്തിൽ പങ്കുചേരുന്നു. (സങ്കീ, 96:10-13; യെശ, 35; 55:12-13). മനുഷ്യന്റെ വീണ്ടെടുപ്പോടുകൂടിയാണ് അവയും വീണ്ടെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നത്. (യെശ, 11:6-9; 65:25). 

മനുഷ്യവർഗ്ഗത്തിന്റെ ഏകത്വം: മനുഷ്യവർഗ്ഗം മുഴുവൻ ആദാമിൽ നിന്നാണുത്ഭവിച്ചത്. (ഉല്പ, 1:27; 2:7,22; 3:20; 9:19). പൗലൊസ് അപ്പൊസ്തലൻ അരയോപഗക്കുന്നിൽ വെച്ച് ഈ സത്യം വ്യക്തമാക്കി. “ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” (അപ്പൊ, 16:27). മനുഷ്യർ എല്ലാം ഒരേ പിതാവിന്റെ മക്കളാകയാൽ അവരുടെ പ്രകൃതിയിൽ ഏകത്വം ദൃശ്യമാണു. ഈ ജൈവശാസ്ത്രപരമായ ഏകത്വം ഏകമനുഷ്യന്റെ ലംഘനത്തിലൂടെ എല്ലാ മനുഷ്യരും പാപികളായിത്തീരുവാൻ കാരണമായി. ഏകനായ ക്രിസ്തുവിലൂടെ സർവ്വ മനുഷ്യർക്കും രക്ഷാമാർഗ്ഗം ഒരുക്കപ്പെടുവാൻ അടിസ്ഥാനമായത് മനുഷ്യവർഗ്ഗത്തിന്റെ ഏകത്വമാണ്. (റോമ, 5:12,19; 1കൊരി, 15:21). മനുഷ്യന് സഹജീവിയോട് ഉത്തരവാദിത്വം ഉണ്ടാകുവാൻ കാരണവുമതാണ്. (ഉല, 4:39). ജനവർഗ്ഗങ്ങളുടെയും സംസ്കാരങ്ങളുടെയും ചരിത്രം മനുഷ്യവർഗ്ഗത്തിന്റെ ഏകത്വം വ്യക്തമാക്കുന്നു. ഭാഷകളുടെ പ്രാഭവസ്ഥാനവും ഒന്നാണെന്ന സത്യം പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നോഹയുടെ പുത്രന്മാരിൽ നിന്നാണ് സെമിറ്റിക്, ഹമിറ്റിക് ഭാഷാഗോത്രങ്ങൾക്കു പേര് ലഭിച്ചത്. ബാബേൽ ഗോപുരവുമായി ബന്ധപ്പെട്ടുള്ള ഭാഷാ വൈവിദ്ധ്യത്തിന്റെ വിവരണവും (ഉല്പ, 11) ശ്രദ്ധേയമാണ്. ശരീരശാസ്ത്രവും മനശ്ശാസ്ത്രവും മനുഷ്യവർഗ്ഗത്തിന്റെ ഏകത്വത്തെ തെളിയിക്കുന്നു. ഒരു വർഗ്ഗത്തിലുള്ള വ്യക്തികളുടെ രക്തം മറ്റു വർഗ്ഗത്തിലുള്ള വ്യക്തികൾക്കു നല്കാം; അവയവങ്ങൾ പരസ്പരം മാറ്റി വയ്ക്കാം. ശരീരോഷ്മാവും, നാഡിയുടെ സ്പന്ദനക്രമവും എല്ലാവർഗ്ഗങ്ങൾക്കും ഏതാണ്ടൊന്നുപോലെ തന്നെയാണ് മിശ്രവിവാഹങ്ങളിലൂടെ സന്തതികൾ ജനിക്കുന്നു. സമാനമായ രോഗങ്ങൾ എല്ലാ വർഗ്ഗത്തിലുമുളളവരെ പിടികൂടുന്നു. മാനസിക പ്രകൃതിയിലും വർഗ്ഗങ്ങൾക്കു തമ്മിൽ വലിയ അന്തരമൊന്നുമില്ല. ആർത്തികളും അഭിലാഷങ്ങളും ചോദനകളും വാസനകളും വികാരങ്ങളും സംവേദനങ്ങളും മനുഷ്യർക്കെല്ലാം ഒന്നുപോലെയാണ്. വർഗ്ഗങ്ങളുടെ ഉച്ചനീച ഭാവങ്ങളെക്കുറിച്ചുളള അവകാശ വാദങ്ങൾ വിജ്ഞന്മാരും വിവേകികളും ഇന്നു അഗീകരിക്കുന്നില്ല. വർഗ്ഗമേന്മയെക്കുറിച്ചുളള വാദഗതികൾ അസംബന്ധമാണ്. സാഹചര്യവും ചുറ്റുപാടുകളും അനുകൂലമായാൽ എല്ലാ വർഗ്ഗങ്ങളും ഒന്നുപോലെ വളർച്ചയും വികാസവും പ്രാപിക്കും.

മനുഷ്യസൃഷ്ടിയുടെ ഉദ്ദേശ്യം: ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും ദൈവമഹത്വം ഘോഷിക്കുന്നതിനും വേണ്ടിയാണു ദൈവം മനുഷ്യനെ സ്യഷ്ടിച്ചത്. “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പ്പിക്കും.” (യെശ, 43:7). തിന്നാലും കുടിച്ചാലും എന്തു ചെയ്താലും ദൈവമഹത്വത്തിനായി ചെയ്യേണ്ടതാണ്. (1കൊരി, 10:31). ദൈവത്തിനു നാം മാന്യരും വിലയുള്ളവരുമാണ്. ദൈവത്തിൽ ആനന്ദിക്കുകയും ദൈവത്തോടു കൂട്ടായ്മ പുലർത്തുകയും ചെയ്യുന്നത് മനുഷ്യജീവിതത്തിന് ലക്ഷ്യബോധം നല്കും. (സങ്കീ, 16:11; 27:4). മനുഷ്യൻ ദൈവത്തിൽ സന്തോഷിക്കുന്നതു പോലെ ദൈവം മനുഷ്യനിലും സന്തോഷിക്കുന്നു. “യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതു പോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.” (യെശ, 62:5). ഭാവിയിൽ ദൈവം സ്വന്തജനത്തിൽ ആനന്ദിക്കുന്നതിനെക്കുറിച്ചു സെഫന്യാവു പ്രവചിച്ചു; “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദു:ഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും.” (സെഫ, 3:17-18).

ജന്തുശാസ്ത്രവും മനുഷ്യനും ജന്തുശാസ്ത്രം (Zoology) മനുഷ്യനു നൽകിയിട്ടുള്ള സാങ്കേതിക നാമമാണ് ‘ഹോമോസാപിയൻസ്.’ (Homo sapiens) മനുഷ്യൻ നട്ടെല്ലികൾ എന്ന ജന്തു മണ്ഡലത്തിൽ (phylum-chordata) സസ്തനജീവി വിഭാഗത്തിൽ (class-mammalia) പ്രൈമേറ്റ് ഗോത്രത്തിൽ (Order-prl mates കുരങ്ങുകളും ആൾക്കുരങ്ങുകളും ഇതിൽപ്പെടുന്നു). ഹോമിനീഡേ (Hominidae) കുടുംബത്തിൽ ഹോമോഗണത്തിൽ (Genus-Homo) സേപ്പിയൻസ് എന്ന ജീവജാതിയിൽ (Species-sapiens)പ്പെടുന്നു. മനുഷ്യനു ജന്തുക്കളുമായുള്ള ബന്ധമാണ് ജന്തുശാസ്ത്രത്തിന്റെ അംഗീകൃത വിഭജനസമ്പ്രദായം വെളിപ്പെടുത്തുന്നത്.

മദ്ധ്യസ്ഥൻ

മദ്ധ്യസ്ഥൻ (mediator)

മദ്ധ്യസ്ഥൻ, മാദ്ധ്യസ്ഥ്യം എന്നീ പ്രയോഗങ്ങൾ വിരളമാണെങ്കിലും പ്രസ്തുത ആശയം തിരുവെഴുത്തുകളിൽ പ്രബലമാണ്. രണ്ടു വ്യക്തികളോ കക്ഷികളോ തമ്മിലുളള ബന്ധം നഷ്ടപ്പെടുകയും ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കുവാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ മദ്ധ്യവർത്തിയായി നിന്നു അവരെ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടി വരികയില്ല.” (ഗലാ, 3:20). ഒന്നിലധികം പേർ തമ്മിലുള്ള പ്രശ്നത്തിലാണ് മദ്ധ്യസ്ഥൻ വേണ്ടിവരുന്നത്. ദാവീദും അബ്ശാലോമും തമ്മിലുള്ള പിതൃപുത്രബന്ധം നഷ്ടപ്പെട്ടപ്പോൾ മദ്ധ്യസ്ഥനായി വർത്തിച്ചത് യോവാബ് ആയിരുന്നു. (1ശമൂ, 14:1-23). ‘ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിനു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല’ (ഇയ്യോ, 9:33) എന്നു ഒരു മദ്ധ്യസ്ഥന്റെ ആവശ്യത്തെക്കുറിച്ചു ഇയ്യോബു പറഞ്ഞു. പഴയനിയമത്തിൽ വ്യക്തികളും ദൂതന്മാരും മദ്ധ്യസ്ഥന്മാരായി പ്രവർത്തിച്ചിരുന്നു. എന്നാൽ പുതിയനിയമത്തിൽ ഈ ശുശ്രുഷ ക്രിസ്തുവിൽ സമ്മുഖമാണ്. അബീമേലെക്കിനു വേണ്ടി അബാഹാം മാദ്ധ്യസ്ഥ്യം വഹിച്ചു. (ഉല്പ, 20:7). സൊദോം നശിപ്പിക്കാതിരിക്കുവാൻ അബ്രാഹാം ദൈവത്തോടപേക്ഷിച്ചു. (ഉല്പ, 18:23-33). ഫറവോനു വേണ്ടിയും (പുറ, 8:8-13; 9:28-33), യിസ്രായേലിനു വേണ്ടിയും (പുറ, 33:12-17 ) മോശെ പ്രാർത്ഥിച്ചു. യിസ്രായേലിനു രാജാവിനെ നല്കിയപ്പോഴും യിസ്രായേൽ പാപത്തിൽ വീണപ്പോഴും മദ്ധ്യസ്ഥനായി വർത്തിച്ചത് ശമൂവേൽ പ്രവാചകനായിരുന്നു. 

പഴയനിയമകാലത്ത് ദൈവവും സ്വന്തജനവുമായുളള ബന്ധത്തിൽ സ്ഥാപിച്ച നിയമത്തിൽ മദ്ധ്യസ്ഥന്റെ ജോലി നിറവേറ്റിയിരുന്നത് പ്രവാചകന്മാരും പുരോഹിതന്മാരും ആയിരുന്നു. പ്രവാചകന്മാർ ദൈവത്തിന്റെ വക്താക്കളായിരുന്നു. മനുഷ്യരുടെ മുമ്പിൽ അവർ ദൈവത്തിനു വേണ്ടി പ്രവർത്തിച്ചു. (ആവ, 18:18-22). പുരോഹിതന്മാർ ദൈവസന്നിധിയിൽ മനുഷ്യനു പ്രാതിനിധ്യം വഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു. (പുറ, 28:1; ലേവ്യ, 9:7; 16:6; സംഖ്യാ, 16:40; 2ദിന, 26:18; എബ്രാ, 5:1-4). പഴയനിയമത്തിന്റെ മദ്ധ്യസ്ഥൻ മോശെയായിരുന്നു. (പുറ, 32:30-32; സംഖ്യാ, 12:6-8; ഗലാ, 3:19; എബ്രാ, 3:2-5). പുതിയനിയമത്തിന്റെ മദ്ധ്യസ്ഥൻ ക്രിസ്തുവാണ്. ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു മോശെ. 

മാദ്ധ്യസ്ഥ്യത്തെ സംബന്ധിക്കുന്ന ചില വസ്തുതകൾ ശ്രദ്ധേയമാണ്: 

1. ദൈവത്തിന്റെ വിശുദ്ധിയും മനുഷ്യന്റെ പാപപൂർണ്ണതയും ഒരു മദ്ധ്യസ്ഥന്റെ ശുശ്രൂഷ അനിവാര്യമാക്കിത്തീർത്തു. ക്രിസ്തു ദൈവത്തെ മനുഷ്യനോടും മനുഷ്യനെ ദൈവത്തോടും നിരപ്പിച്ചു: (2കൊരി, 5:18-20). ദൈവസ്നേഹമാണ് ഈ നിരപ്പിക്കലിന്റെ അടിസ്ഥാനം. 

2. ക്രിസ്തുവാണ് ഏക മദ്ധ്യസ്ഥൻ: (1തിമൊ, 2:5; എബ്രാ, 8:6; 9:15; 12:24). ക്രിസ്തുവിന്റെ മദ്ധ്യസ്ഥശുശൂഷയിലെ കേന്ദ്രബിന്ദു തന്റെ പ്രായശ്ചിത്തമരണമാണ്: (മത്താ, 20:28; 26:28; റോമ, 5:6; 1കൊരി, 1:18; 2:2; 1പത്രൊ, 2:24; 3:18). പ്രവാചകൻ, പുരോഹിതൻ, രാജാവു എന്നീ നിലകളിലുള്ള ക്രിസ്തുവിന്റെ വേല മുഴുവൻ ഇതിൽ ഉൾപ്പെട്ടതാണ്.

3. മദ്ധ്യസ്ഥനാവശ്യമായ എല്ലാ ഗുണങ്ങളും ക്രിസ്തുവിൽ സമന്വയിക്കുന്നു. ക്രിസ്തു പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമാണ്. ക്രിസ്തു ദൈവമല്ലെങ്കിൽ സ്വന്തം യാഗത്തിലൂടെ പാപപരിഹാരം സാദ്ധ്യമല്ല. മാത്രവുമല്ല, മനുഷ്യർക്ക് ദൈവത്തിന്റെ സമ്പൂർണ്ണ വെളിപ്പാടോ വിശ്വാസികൾക്കു നിത്യജീവന്റെ ഉറവയോ ആകാനും കഴിയുകയില്ല. (എബ്രാ, 9:14; റോമ, 8:3; യോഹ, 10:10; 1കൊരി, 15:25). മദ്ധ്യസ്ഥൻ മനുഷ്യനുമായിരിക്കണം. അല്ലെന്നു വരികിൽ അവനു മരിക്കുവാനോ ദൈവ നിയമത്തിനു മുമ്പിൽ മനുഷ്യനു പ്രാതിനിധ്യം വഹിക്കുവാനോ മാനുഷികാനുഭവങ്ങളിൽ പങ്കാളിയാവാനോ കഴിയുകയില്ല. (എബ്രാ, 2:11-16; 4:15; റോമ, 8:3; ഫിലി, 2:7). 

മദ്ധ്യസ്ഥൻ പാപം കൂടാത്തവനാണ്. ന്യായപ്രമാണ കല്പനയനുസരിച്ചു യാഗമൃഗം ഊനമില്ലാത്തതായിരിക്കണം. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാടു പാപത്തിൽ നിന്നും മുക്തനായിരിക്കണം. അല്ലെന്നുവരികിൽ അവന്റെ യാഗം ദൈവത്തിനു സ്വീകാര്യമാകയില്ല. പാപമില്ലാത്ത വ്യക്തിക്കു മാത്രമേ ദൈവത്തെ സമീപിക്കുന്നതിനും സ്വന്തം ജനത്തിനു വിശുദ്ധ ജീവിതത്തിന്റെ ഉറവ ആയിരിക്കുന്നതിനും സാധിക്കൂ. (എബ്രാ, 7:26; 4:15,16; 1പത്രൊ, 1:19; 2:22). ക്രിസ്തുവിന്റെ മദ്ധ്യസ്ഥത നിരന്തരമാണ്. വർത്തമാനകാലത്ത് ക്രിസ്തു സ്വജനത്തിനു വേണ്ടി പിതാവായ ദൈവത്തോടു പക്ഷവാദം ചെയ്യുന്നു. “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). നമ്മുടെ സ്തുകളും സ്തോത്രങ്ങളും പ്രാർത്ഥനയും ക്രിസ്തു നല്കുന്ന കൃപയിൽ അധിഷ്ഠിതവും ക്രിസ്തുവിലൂടെ ദൈവത്തിനു സമർപ്പിക്കപ്പെടുന്നതും ആണ്. (യോഹ, 14:14; റോമ, 7:25; കൊലൊ, 3:17; എബ്രാ, 13:15). പുനരുത്ഥാനവും ന്യായവിധിയും ക്രിസ്തുവിലൂടെയാണ് നടക്കുന്നത്. (1കൊരി, 15:22; 1തെസ്സ, 4:16).

ഭൂമി

ഭൂമി (Earth)

കോടിക്കണക്കിനു ഗാലക്സികൾ ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. ക്ഷീരപഥ ഗാലക്സിയിൽ ഒരു ചെറിയ നക്ഷത്രമാണു സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യൻ. സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമാണു് ഭൂമി. ജീവജന്തുക്കളുടെ നിലനില്പിന് അനുയോജ്യമായ അകലത്തിലാണു ഭൂമിയുടെ സ്ഥിതി. ജീവന്റെ നിലനില്പിന് സൂര്യനിൽ നിന്നുളള ചൂടും വെളിച്ചവും അനിവാര്യമാണ്. ഭൂമി കുറേക്കൂടി സൂര്യനു അടുത്തായിരുന്നുവെങ്കിൽ അത്യുഷ്ണം മൂലം ജീവജാലങ്ങൾക്കു നിലനില്ക്കാൻ കഴിയുമായിരുന്നില്ല. സൂര്യനിൽ നിന്നു വളരെ അകലെയായിരുന്നുവെങ്കിൽ അതിശൈത്യം മൂലം ഭൂമിയിൽ ജീവൻ നിലനില്ക്കുകയില്ല. ജീവന്റെ നിലനില്പ് സാധ്യമാകത്തക്കവണ്ണം ദൈവം ഭൂമിയെ സൃഷ്ടിച്ചു. വെള്ളം ജീവജാലങ്ങൾക്കാവശ്യമാണ്. ‘ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവനു അവന്റെ ദയ എന്നേക്കുമുളളതു’ എന്ന് ഓരോ ജീവിയും പറയേണ്ടതുതന്നെ. (സങ്കീ, 136:6). ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം 509,700,000 ച.കി.മീറ്റർ ആണ്. കരയുടെ വിസ്തീർണ്ണം 148,400,000 ച.കി.മീറ്ററും, ഭൂമിയിലെ ജലപ്പരപ്പ് 361,300,000 ച.കി.മീറ്ററും ആണ്. ഭൂമിയിൽ കര 29%-ഉം കടൽ 71%-ഉം ആണ്. കരയിൽ ഏറ്റവും ഉയർന്ന പ്രദേശം എവറസ്റ്റു കൊടുമുടിയും (8848 മീ.) താണസ്ഥലം ചാവുകടൽ തീരവും (സമുദ്രനിരപ്പിൽ നിന്നു 399 മീ. താഴെ) ആണ്. പ്രപഞ്ചത്തിൽ ജലം ദുർല്ലഭമാണ്. എന്നാൽ ഭൂമിയുടെ സവിശേഷത ജലവും അതിന്റെ ആകരമായ സമുദ്രവുമാണ്. 

ആകാശഭൂമികളുടെ സൃഷ്ടിയെ അവതരിപ്പിച്ചുകൊണ്ടാണ്. തിരുവെഴുത്തുകൾ ആരംഭിക്കുന്നത്; “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ,1:1). യഹോവയാണ് ഭൂമിയെ പരത്തുകയും (യെശ, 42:5; 44:24), സമുദ്രങ്ങളുടെ മേൽ സ്ഥാപിക്കുകയും നദികളുടെ മേൽ ഉറപ്പിക്കുകയും (സങ്കീ, 24:2), വെളളത്തിന്മേൽ വിരിക്കുകയും (സങ്കീ, 136:6), നാസ്തിത്വത്തിന്മേൽ തൂക്കുകയും (ഇയ്യോ, 26:7) ചെയ്തത്. ഭൂമിയെ തൂണുകളിൽ ഉറപ്പിച്ചു. (ഇയ്യോ, 9:6; സങ്കീ, 75:3). ഒരിക്കലും ഇളകിപ്പോകാതവണ്ണം ഭൂമിയെ അടിസ്ഥാനത്തിൽ സ്ഥാപിച്ചു . (സങ്കീ, 104:5; 2ശമൂ, 22:16; സദൃ, 8:29; യെശ, 24:18; യിരെ, 31:37). ഭൂമിയെ മൂടിക്കളയാതെ യഹോവ സമുദ്രത്തിനു് അതിർവച്ചു. (ഇയ്യോ, 26:10; സദൃ, 8:29). 

നാലുദിക്കുകൾ എന്ന പ്രയോഗം ഭൂമിയുടെ മുഴുവൻ പ്രതലത്തെയും ഉൾക്കൊള്ളുന്നു. (യെശ, 11:12; യെഹെ, 7:2). IIഎസ്രഡാസ് 6-42-ൽ ഭൂമിയുടെ ആറു ഭാഗങ്ങൾ വാസയോഗ്യമായും ഏഴാമത്തെ ഭാഗം വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നതായും പറഞ്ഞിരിക്കുന്നു. “മൂന്നാം ദിവസം നീ വെളളത്തോടു ഭൂമിയുടെ ഏഴിൽ ഒരു ഭാഗത്തു കൂടുന്ന തിനു ആജ്ഞാപിച്ചു; മറ്റേ ആറു ഭാഗങ്ങളെ നീ ഉണങ്ങിയ ഭൂമിയാക്കി; അതിൽ നിന്നും കുറെ നിന്റെ ഉപയോഗത്തിനായി വിതയ്ക്കുന്നതിനും കിളയ്ക്കുന്നതിനും സൂക്ഷിച്ചു.” പ്രാചീന എഴുത്തുകാർ ആരും തന്നെ ഈ വിധം ഒരു ധാരണ പുലർത്തിയിരുന്നതായി കാണുന്നില്ല. 

മനുഷ്യന്റെ ദുഷ്ടത ഭൂമിയെ ബാധിക്കും. പ്രകൃതിയുടെ ക്രമവും താളവും തെറ്റുകയും ഭൂമിയുടെ ഫലപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുന്നത് മനുഷ്യന്റെ ദോഷം കാരണമാണെന്ന് പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്; “നിങ്ങളുടെ ഹൃദയത്തിനു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിനു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കുകയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തു നിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.” (ആവ, 11:16-17). ആദ്യം ഊഷരമായിരുന്നതും പിന്നെ ഫലപുഷ്ടിയുള്ളതായിത്തീർന്നതും ആയ ഭൂമിയെ ആദ്യം ഉപേക്ഷിക്കപ്പെട്ടവളും പിന്നീടു വിവാഹം ചെയ്യപ്പെട്ടവളുമായി രൂപണം ചെയ്തിട്ടുണ്ട്. (യെശ, 62:4). രക്തച്ചൊരിച്ചിൽ ഭൂമിയെ മലി നമാക്കും. നിഷ്ക്കളങ്ക രക്തം ചൊരിഞ്ഞിടത്തു സസ്യങ്ങൾ വളരുകയില്ല; മഴ ലഭിക്കുകയുമില്ല. (ഉല്പ, 4:11-12; സംഖ്യാ, 35:33-34; 2ശമൂ, 1:21). തരിശുഭൂമി ഭൂതങ്ങളുടെ ആവാസസ്ഥാനമായി കരുതപ്പെട്ടിരുന്നു. (യെശ, 13:21; 32:14). ഭൂമിയെ അമ്മയായി ആരാധിക്കുന്ന സമ്പ്രദായം പ്രാചീന ജനസമൂഹങ്ങളുടെ ഇടയിൽ നിലനിന്നിരുന്നു. ആ ധാരണയ്ക്ക് ഇന്നും വലിയ കോട്ടം തട്ടിയിട്ടില്ല. അശ്ശൂരിൽ നിന്നു ലഭിച്ച ദേവന്മാരുടെ പട്ടികയിൽ ഭൂമിയുടെ പേരുണ്ട്. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭൂമി മാതാവും ദേവിയുമാണ്. യിസ്രായേല്യരുടെ ഇടയിൽ അപ്രകാരമൊരു സങ്കല്പം ഉണ്ടായിരുന്നില്ല. ഭൂമി ദൈവത്തിന്റെ സൃഷ്ടിയാണ്. “ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.” (സങ്കീ, 24:1).”ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിനു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കു ന്നവനല്ലതാനും.” (അപ്പൊ, 17:26-27).

അംപ്ലിയാത്തൊസ്

അംപ്ലിയാത്തൊസ് (Ampliatus)

പേരിനർത്ഥം – വിശാലമായ

റോമിലെ ഒരു ക്രിസ്ത്യാനി. ‘എനിക്കു പ്രിയൻ’ എന്നു പൗലൊസ് എടുത്തു പറയുന്നു: “കർത്താവിൽ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.” (റോമ, 16:8).

വെളിപ്പാട്

വെളിപ്പാട് പുസ്തകം (Book of Revelation)

ബൈബിളിലെ അവസാന പുസ്തകവും പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥവും ആണ് വെളിപ്പാട് പുസ്തകം. ഇത് ഒരു വെളിപ്പാടും (1:1-2; 20), പ്രവചനവും (1:3; 22:7, 10, 18-19), സപ്തലേഖന സഞ്ചയവും (1:4, 11; 2:1; 3:22) ആണ്. ഉള്ളടക്കത്തെ സംബന്ധിച്ചു ഇതു വെളിപ്പാടും സന്ദേശം സംബന്ധിച്ചു പ്രവചനവും സ്വീകർത്താക്കളോടുള്ള ബന്ധത്തിൽ ലേഖനവും ആണ്. ക്രിസ്തുവിന്റെ വീണ്ടും വരവിനുമുമ്പുള്ള സംഭവങ്ങൾ സഹസ്രാബ്ദ രാജ്യസ്ഥാപനം, നിത്യരാജ്യം തുടങ്ങിയവയെ കുറിച്ചുള്ള പ്രവചനങ്ങളാണധികവും. ഇത് യേശുക്രിസ്തുവിന്റെ വെളിപ്പാടാണ്. (1:1). യോഹന്നാൻ കണ്ടതും ഇപ്പോൾ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും ആണ് വെളിപ്പാടിന്റെ വിഷയം. (1:19). ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം മൂന്നു കാര്യങ്ങൾ പ്രാധാന്യം അർഹിക്കുന്നു: 1. ഈ പ്രവചനം വായിച്ചുകേൾപ്പിക്കുന്നവനും, കേൾക്കുന്നവനും, പ്രമാണിക്കുന്നവനും അനുഗ്രഹം വാഗ്ദാനം ചെയ്തിരിക്കുന്നു. (1:3). 2. ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്. (22:10). 3. ഈ പുസ്തകത്തിലെ വചനത്തോട് കൂട്ടുകയോ അതിൽ നിന്ന് കുറയ്ക്കുകയോ അരുത്. (22:18,19). ഈ പുസ്തകം പ്രതീകങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ അധികം വായനക്കാർക്കും ദുർഗ്രഹമായി തോന്നാം. എന്നാൽ ബൈബിളിലെ പ്രവചനങ്ങൾ മുഴുവൻ സമഗ്രമായി പഠിക്കുമ്പോൾ വെളിപ്പാടിന്റെ വ്യാഖ്യാനം പ്രയാസകരമായി തോന്നുകയില്ല.

വെളിപ്പാട് സാഹിത്യം എന്ന ശാഖയിലുൾപ്പെടുന്നതാണ് വെളിപ്പാടു പുസ്തകം. വെളിപ്പാടു സാഹിത്യത്തിൽ ഉൾപ്പെടുന്ന ഗ്രന്ഥങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്. ദൈവം സർവ്വശക്തനാണ്, തന്റെ നന്മ നിറഞ്ഞതും, പൂർണ്ണവുമായ ഹിതം നടപ്പിലാക്കുന്നതിനു ദാരുണ സംഭവങ്ങളിലൂടെ ദൈവം ഇടപെടും. ദൈവത്തിന്നെതിരായി പ്രവർത്തിക്കുന്ന തിന്മയുടെ ശക്തികളെ പൂർണ്ണമായി പരാജയപ്പെടുത്തും. ഈ തിന്മയുടെ ശക്തികളെ മൃഗങ്ങൾ, കൊമ്പുകൾ എന്നിങ്ങനെ പ്രതീകങ്ങളെ കൊണ്ടായിരിക്കും പ്രതിപാദിക്കുക. ദൂതന്മാരുടെ പ്രവർത്തനം പ്രത്യേക നിലയിൽ നടക്കും. മഹാശക്തികളുടെ സംഘട്ടനം ഉണ്ടാകും. ഒടുവിൽ പീഡിപ്പിക്കപ്പെട്ട വിശുദ്ധന്മാർക്ക് ന്യായവും നീതിയും ലഭിക്കും. ഇവയാണ് വെളിപ്പാട് സാഹിത്യത്തിലെ പുസ്തകങ്ങളുടെ സാധാരണസ്വഭാവം. ഈ രൂപത്തിൽ ഉള്ളതാണെങ്കിൽ തന്നെയും ബൈബിളിലെ വെളിപ്പാടുപുസ്തകം വ്യത്യസ്തനിലവാരം പുലർത്തുന്നു. വെളിപ്പാട് സാഹിത്യത്തിലെ കൃതികൾ അജ്ഞാത കർത്തൃകങ്ങളാണ്. സ്വന്തം പേർ അവർ വെളിപ്പെടുത്തുകയില്ല. ഭൂതകാലത്തിലെ പ്രസിദ്ധന്മാരുടെ പേരുകൾ സ്വീകരിച്ച് തങ്ങളുടെ രചനയെ അവരിൽ ആരോപിക്കുകയാണ് ചെയ്യുക. എന്നാൽ വെളിപ്പാട് പുസ്തകത്തിൽ എഴുത്തുകാരൻ സ്വയം വെളിപ്പെടുത്തുന്നു. (1:1). ഇത് പുസ്തകത്തിന്റെ പ്രവചനസ്വഭാവത്തെ സ്പഷ്ടമാക്കുന്നു. പരിശുദ്ധാത്മാവ് ഒരു അംഗീകൃത സാഹിത്യരൂപത്തെ സ്വീകരിച്ചു എന്നേയുള്ളൂ. 

പ്രമുഖ വിഷയങ്ങൾ: നിരവധി പ്രവചന വിഷയങ്ങളുടെ പരിസമാപ്തി വെളിപാടിലാണ് നാം ദർശിക്കുന്നത്. 1. ഉല്പത്തിയിൽ (3:15) വാഗ്ദത്തം ചെയ്യപ്പെട്ട സ്ത്രീയുടെ സന്തതി ഭൂമിയെ വാഴുന്നതും നിത്യരാജ്യത്തിൽ ചെയ്യുന്ന ശുശ്രൂഷയും വെളിപ്പാടിൽ കാണാം. യേശുവിന്റെ സാക്ഷ്യമാണ് പ്രവചനത്തിന്റെ ആത്മാവ്: (19:10). 2. ക്രിസ്തുവിന്റെ ശരീരമായ സഭ: (മത്താ, 16:18; 1കൊരി, 12:13; വെളി, 2,3അ). 3. വിശുദ്ധന്മാരുടെ പുനരുത്ഥാനവും ഉൽപ്രാപണവും (4:1, 2, 4), മഹാപീഡനം: (ആവ, 4:29,30; യിരെ, 30:5-8; വെളി, 4-19അ). 5. സാത്താനും അവന്റെ സൈന്യവും: (യെശ, 14:12-14; യെഹെ, 28:1-18; വെളി, 12;7-12; 16:13, 20:1). 6. അധർമ്മ മൂർത്തി: (2തെസ്സ, 2:1-8; വെളി, 13:1-10). 7. കള്ളപ്രവാചകൻ: (വെളി, 13:11-18). 8. ജാതീയ ശക്തികളുടെ നാശം: (ദാനീ, 2:31-45; വെളി, 5-19അ). 9. ഭൂമിയുടെ വീണ്ടെടുപ്പ്: (വെളി, 5അ). 10. ക്രിസ്തുവിന്റെ രണ്ടാം വരവ്: (വെളി, 19:1-10). 11. പാപികളുടെ ന്യായവിധി: (വെളി, 20:11-15). 12. ഒന്നാം പുനരുത്ഥാനം: (വെളി, 20:4-6). 13. സഹസ്രാബ്ദ വാഴ്ച: (വെളി, 20:1-6). 14. പുതിയ ആകാശവും പുതിയ ഭൂമിയും: (വെളി, 21അ). 15. നിത്യരാജ്യം: (22അ). 

വ്യാഖ്യാന രീതികൾ: വെളിപ്പാട് പുസ്തകവ്യാഖ്യാനത്തെ സംബന്ധിച്ചു നാലു പ്രധാന വീക്ഷണങ്ങൾ നിലവിലുണ്ട്: 1. ഭൂതകാലപര വ്യാഖ്യാനം: സമകാലിക സംഭവങ്ങളെ വിവരിക്കുകയാണ് എന്നതാണ് ഈ വീക്ഷണത്തിന്റെ സാരാംശം. അന്നു പീഡിപ്പിക്കപ്പെട്ട സഭയെ ആശ്വസിപ്പിക്കാൻ വേണ്ടി അന്നത്തെ വിശുദ്ധന്മാർക്കു ഗ്രാഹ്യമായ രീതിയിൽ ഈ പുസ്തകം എഴുതി. റോമാസാമ്രാജ്യത്തിലെ ദുഷ്ടതയെ ഓർത്തു വ്യാകുലനായ ദർശകൻ പ്രതീകാത്മക ഭാഷയിലൂടെ അതിനെ എതിർത്തു. ലിബറൽ ചിന്തകന്മാർ അംഗീകരിക്കുന്ന വ്യാഖ്യാന സമ്പ്രദായമാണിത്. എന്നാൽ ഈ പുസ്തകം പ്രവചനമാണെന്നതിനുള്ള ആന്തരിക തെളിവുകൾ (വെളി, 1:3) അവർ അവഗണിക്കുന്നു. 2. ചരിത്രപര വീക്ഷണം: ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവുവരെയുള്ള സഭാചരിത്രത്തിന്റെ വിഹഗവീക്ഷണമാണ് വെളിപ്പാട് പുസ്തകം. പോപ്പിന്റെ റോമിനെ മൃഗമായി ചിത്രീകരിച്ച നവീകരണ നായകന്മാരിലധികം പേർക്കും ഈ വീക്ഷണമാണ് ഉണ്ടായിരുന്നത്. 3. ഭാവികാലപര വീക്ഷണം: ഈ പുസ്തകത്തിന്റെ പ്രവചന സ്വഭാവത്തെ ഗൗരവമായെടുക്കുന്നു. യോഹന്നാന്റെ കാലത്തു പുസ്തകത്തിലെ പ്രമേയങ്ങളിൽ അധികവും ഭാവികമായിരു ന്നു എന്നംഗീകരിക്കുന്നു. വെളിപ്പാട് 1:19-നെ വ്യാഖ്യാനത്തിൻ്റെ താക്കോലായി സ്വീകരിക്കുന്നു. അതനുസരിച്ചു: നീ കണ്ടത്: (1:1-18); ഇപ്പോൾ ഉള്ളതു: സഭാകാലയളവ്; (2,3അ); ഇനി സംഭവിക്കാനിരിക്കുന്നത്: (4-22അ). 4. ആദ്ധ്യാത്മിക വീക്ഷണം: പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കു അന്ത്യത്തോളം സഹിച്ചു നില്ക്കാൻ ഉത്തേജനം നല്കാൻ വേണ്ടിയാണ് ഇതെഴുതിയത്. 

ഗ്രന്ഥകർത്താവും കാലവും: എഴുത്തുകാരൻ തന്റെ പേര് യോഹന്നാൻ എന്നു (1:1,4, 9; 22:8) സ്വയം പരിചയപ്പെടുത്തുന്നു. അദ്ദേഹം ദൈവത്തിന്റെ ദാസനും (വെളി, 1:1), പ്രവാചകന്മാരിൽ ഒരാളും (22:9), നിങ്ങളുടെ സഹോദരനും കഷ്ടതയിൽ കൂട്ടാളിയും (1:9) ആണ്. ഈ യോഹന്നാൻ അപ്പൊസ്തലനായ യോഹന്നാൻ തന്നെയെന്നും അദ്ദേഹം തന്നെയാണ്ംനാലാമത്തെ സുവിശേഷവും യോഹന്നാന്റെ മൂന്നു ലേഖനങ്ങളും എഴുതിയതെന്നും പാരമ്പര്യം വ്യക്തമാക്കുന്നു. വെളിപ്പാട് പുസ്തകത്തിന്റെ എഴുത്തുകാരൻ യോഹന്നാനാണെന്ന വിശ്വാസം ജസ്റ്റിൻ മാർട്ടിയറുടെ കാലം മുതൽ (എ.ഡി. 140) ഉണ്ട്. വെളിപ്പാടിന്റെ ഭാഷാശൈലി യോഹന്നാന്റെ ലേഖനങ്ങളിലേതു പോലെയല്ല. യോഹന്നാന്റെ കർത്തൃത്വത്തിന് എതിരെയുള്ള പ്രധാനവാദം ഇതാണ്. സഭ പീഡനത്തിലും കഷ്ടതയിലും കൂടെ കടന്നുപോയ കാലത്താണ് ഈ പുസ്തകം എഴുതപ്പെട്ടത്. നീറോയുടെയും ഡൊമീഷ്യന്റെയും കാലത്താണ് സഭ ഏറ്റവും കുടുതൽ പീഡനത്തിനു വിധേയമായത്. നീറോയുടെ കാലത്തു എഴുതപ്പെട്ടു എന്ന വാദത്തിനവലംബമായി ചൂണ്ടിക്കാണിക്കുന്നത് വെളിപ്പാട് 17:9,10 ആണ്. “ഇവിടെ ജ്ഞാനബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണു പോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞൊന്നു ഇരിക്കേണ്ടതാകുന്നു.” ഇതു റോമൻ ചക്രവർത്തിമാരെ കുറിക്കുകയാണങ്കിൽ അഞ്ചാമൻ നീറോ ആണ്. വെളിപ്പാട് 13:18-ൽ മൃഗത്തിന്റെ സംഖ്യ 666 എന്നു പറഞ്ഞിരിക്കുന്നു. നീറോ കൈസർ എന്ന പേർ എബ്രായയിലെഴുതിയാൽ സംഖ്യാ വില 666 എന്നു കിട്ടും. എന്നാൽ ഗ്രീക്കിലെഴുതപ്പെട്ട ഒരു പുസ്തകത്തിൽ എബ്രായ അക്ഷര സംഖ്യകലനം പ്രയോഗിക്കുന്നതിന്റെ ന്യായീകരണം വ്യക്തമല്ല. പ്രാചീന എഴുത്തുകാരിൽ ഒട്ടധികം പേരും അനുകൂലിക്കുന്നതു ഡൊമീഷ്യന്റെ കാലമാണ്. ഇറെന്യൂസ്, യൂസിബിയസ് തുടങ്ങിയവർ ഈ ഗ്രന്ഥം ഡൊമീഷ്യന്റെ കാലത്തെഴുതപ്പെട്ടു എന്നു അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. അതിൽ നിന്നും എ.ഡി. 95/96-ൽ വെളിപ്പാട് പുസ്തകം എഴുതപ്പെട്ടു എന്നു നിർണ്ണയിക്കാവുന്നതാണ്. 

അനുവാചകർ: ആസ്യയിലെ ഏഴു സഭകൾക്കാണ് ഈ പുസ്തകം എഴുതിയത്. അക്കാലത്തു ആസ്യയിലുണ്ടായിരുന്ന സഭകളിൽ നിന്നും പ്രാതിനിദ്ധ്യരൂപേണ തിരഞ്ഞെടുത്തവയാണ് ഏഴു സഭകൾ. അവ: എഫെസൊസ്, സ്മർന്നാ, പെർഗ്ഗമൊസ്, തുയഥൈര, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നിവയാണ്. (വെളി, 1:11). ഓരോ സഭയ്ക്കും പ്രത്യേകദൂതു നല്കുന്നു. എന്നാൽ ‘ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ’ എന്നു എല്ലാ സഭകളുടെ ദൂതിലും പറയുന്നുണ്ട്. സ്ഥലകാലവ്യത്യാസം കൂടാതെ സഭയ്ക്ക് മുഴുവനായി നല്കിയ സന്ദേശമാണിതെന്നു വ്യക്തമാണ്. വായിച്ചുകേൾപ്പിക്കുന്നവനും കേൾക്കുന്നവനും പ്രമാണിക്കുന്നവനും ഒന്നുപോലെ അനുഗ്രഹം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 

ഉദ്ദേശ്യം: വെളിപ്പാട് പുസ്തകത്തിന്റെ ഉദ്ദേശ്യം മൂന്നാണു: 1. വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കുക: (1:1). വേഗത്തിൽ (എൻടഖൈ) എന്ന ക്രിയാവിശേഷണം കാലവാചിയല്ല, പ്രകാരവാചിയാണ്. സംഭവങ്ങളുടെ ദ്രുതഗതിയെയാണ് അതു കാണിക്കുന്നത്. സാത്താന്യ ശക്തികളുമായുള്ള പോരാട്ടത്തിൽ ക്രിസ്തുവും സഭയും അന്തിമവിജയം നേടുന്നതും ക്രിസ്തുവിന്റെ പുനരാഗമനത്തിനു മുമ്പുള്ള ഏഴുവർഷം നടക്കുന്ന ഭയങ്കരസംഭവങ്ങളും വെളിപ്പാട് പുസ്തകം അനാവരണം ചെയ്യുന്നു. 2. അപ്പൊസ്തലിക ഉപദേശത്തിൽ നിന്നും സഭയ്ക്ക് സംഭവിച്ച ഭ്രംശം സപ്തസഭകൾക്കുള്ള ദൂതുകൾ വെളിപ്പെടുത്തുന്നു. വീഴ്ച സംഭവിച്ചത് എന്തിലാണെന്നു മനസ്സിലാക്കി മാനസാന്തരപ്പെട്ടു ആദ്യസ്നേഹത്തിലേക്കു മടങ്ങിവരാൻ സഭയെ ഉൽബോധിപ്പിക്കുക. 3. ഡൊമീഷ്യൻ ചക്രവർത്തിയുടെ കാലത്തുണ്ടായ കഠിനപീഡകളിൽ പതറിപ്പോകാതെ ക്രിസ്തുവിനോടുള്ള വിശ്വസ്തതയിൽ നിലനില്ക്കാനും മരണപര്യന്തം വിശ്വസ്തരായിരുന്നു ജയാളികളാകുവാനും വിശ്വാസികളെ പ്രോത്സാഹിപ്പിക്കുക. 

പ്രധാന വാക്യങ്ങൾ: 1. “ഈ പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാർ; സമയം അടുത്തിരിക്കുന്നു.” വെളിപ്പാടു 1:3.

2. “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” വെളിപ്പാടു 1:7.

3. “ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു.” വെളിപ്പാടു 1:18.

4. “അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.” വെളിപ്പാടു 19:11.

5. “ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.” വെളിപ്പാടു 20:11.

6. “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.” വെളിപ്പാടു 21:1.

7. “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” വെളിപ്പാടു 22:12.

ബാഹ്യരേഖ: I. മുഖവുര: 1:1-10. 

II. ക്രിസ്തുവിന്റെ വെളിപ്പാടും ദൂതും: 1:1-20.

III. ഏഴുസഭകൾക്കുള്ള ദൂതുകൾ: 2:1-3:22.

1. എഫെസൊസ്: 2:1-7. 

2. സ്മുർന്നാ: 2:8-11.

3. പെർഗ്ഗമൊസ്: 2:12-17.

4. തുയഥൈര: 2:18-29.

5. സർദ്ദിസ്: 3:1-6.

6. ഫിലദെൽഫ്യ: 3:7-13.

7. ലവൊദിക്ക്യാ: 3:14-22. 

IV. മഹാപീഡനം: 4:1-19:21.

1. സ്വർഗ്ഗത്തിലെ ഒരുക്കം: 4;1-5:14.

2. ആറുമുദ്രകൾ പൊട്ടിക്കുന്നു: 6:1-17.

3. ഒന്നാമത്തെ ഇടവേള: 7:1-17.

4. ഏഴാം മുദ്ര പൊട്ടിക്കുന്നു: 8:1.

5. ആറു കാഹളങ്ങൾ ഊതുന്നു: 8:2-9:21.

6. രണ്ടാമത്തെ ഇടവേള: 10:1-11:14.

7. ഏഴാം കാഹളം: 11:15-18.

8. മൂന്നാമത്തെ ഇടവേള: 11:19-14:20.

9. ആറു ക്രോധകലശങ്ങൾ: 15:1-16:12.

10. നാലാം ഇടവേള: 16:13-16.

11. ഏഴാമത്തെ കോധകലശം: 16:17-21.

12. ബാബിലോണിന്റെ ന്യായവിധി: 17:1-18:24.

13. കുഞ്ഞാടിന്റെ കല്യാണസദ്യ: 19:1-10.

14. ക്രിസ്തുവിന്റെ പ്രത്യക്ഷത: 19:11-21.

V. സഹസാബ് വാഴ്ചയും നിത്യതയും: 20:1-22:5.

1. സഹസ്രാബ്ദവാഴ്ച: 20:1-6.

2. അന്ത്യമത്സരം: 20:7-10.

3. വെള്ളസിംഹാസന ന്യായവിധി: 20:11-15.

4. പുതിയ ആകാശവും പുതിയ ഭൂമിയും: 21:1-22. 

VI. ഉപസംഹാരം: 22:6-21.

സവിശേഷതകൾ: 1. പുതിയനിയമത്തിലെ ഏക പ്രവചനഗ്രന്ഥമാണ് വെളിപ്പാട് പുസ്തകം. 2. പഴയനിയമത്തിൽ നിന്നും പ്രത്യക്ഷ ഉദ്ധരണികളൊന്നും കൂടാതെ തന്നെ പഴയനിയമ പ്രവചനത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നു. പഴയനിയമത്തിലെ 27-ാമത്തെ പുസ്തകമായ ദാനീയേൽ പ്രവചനത്തിനും പുതിയനിയമത്തിൽ 27-ാമത്തെ പുസ്തകമായി വെളിപ്പാടിനും തമ്മിലുള്ള സാമ്യവും നൈരന്തര്യവും പ്രസിദ്ധമാണ്. ബാബിലോൺ, മേദ്യ-പാർസ്യ, ഗ്രീസ്, റോം എന്നീ നാലു സാമ്രാജ്യങ്ങളെക്കുറിച്ചു ദാനീയേൽ പ്രവചിച്ചു. എന്നാൽ റോമിന്റെ അന്ത്യഘട്ടം മാത്രമാണു യോഹന്നാൻ പ്രവചിച്ചത്. എഴുപതു ആഴ്ചയെക്കുറിച്ചുള്ള പ്രവചനം ദാനീയേൽ നല്കി. എന്നാൽ എഴുപതാം ആഴ്ചയെക്കുറിച്ചുള്ള വിശദമായ പ്രവചനം വെളിപ്പാടിലാണുള്ളത്. 3. വെളിപ്പാടുപുസ്തകം പ്രവചന വ്യാഖ്യാനത്തിനുള്ള താക്കോലാണ്. പഴയനിയമ പ്രവചനങ്ങൾ കാലക്രമത്തിലല്ല വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭാവികാല സംഭവങ്ങളുടെ കാലാനുക്രമം വെളിപ്പാടിൽ ഉണ്ട്: സഭാകാലം (അ.2,3), പീഡനകാലം (അ.6-19), സഹസാബ വാഴ്ച (20:1-6), ഗോഗ്-മാഗോഗ് യുദ്ധം (20:7-10), അന്ത്യന്യായവിധി (20;11-15), പുതിയ ആകാശഭൂമികൾ (21:1-22:5) എന്നിങ്ങനെ. ഈ ക്രമം അനുസരിച്ചു പഠിച്ചാൽ പഴയനിയമപ്രവചനങ്ങൾ സുഗ്രാഹ്യമാകും. 4. സംഖ്യകളുടെ പുസ്തകമാണിത്. ഏറ്റവും ചെറിയ സംഖ്യ മുതൽ 20 കോടി വരെയുള്ള സംഖ്യകൾ ഇതിൽ പയോഗിച്ചിട്ടുണ്ട്: 2, 3, 3½, 4, 5, 6, 7, 10, 12, 24, 42, 144, 666, 1000, 1260, 7000, 12000, 144000, 100000000, 200000000. സമ്പൂർണ്ണതയുടെ സംഖ്യയായ ഏഴു 54 പ്രാവശ്യത്തോളം കാണാം. 5. ദൈവദൂതന്മാരുടെ ശുശ്രൂഷയെക്കുറിച്ചുള്ള 27 വ്യത്യസ്ത പരാമർശങ്ങൾ വെളിപ്പാടിലുണ്ട്. മറ്റൊരു പുസ്തകത്തിലും ദൈവദൂതസാന്നിധ്യം ഇത്രത്തോളം കാണുന്നില്ല. 6. ഭൂരാജാക്കന്മാർക്കു അധിപതിയും രാജാധിരാജാവും കർത്താധികർത്താവും ആയി ക്രിസ്തുവിനെ വെളിപ്പെടുത്തുന്നു. (1:5; 19:16).