മഹാനഗരമായ നീനെവേ

മഹാനഗരമായ നീനെവേ 

പ്രാചീനലോകത്തിലെ വിഖ്യാത അശ്ശൂർപട്ടണമായ നീനെവേ സ്ഥിതിചെയ്തിരുന്നത് ബാബിലോണിനു 250 മൈൽ വടക്ക് ടൈഗ്രീസ് നദിയുടെ കിഴക്കേ തീരത്തായിരുന്നു. പ്രൗഢിയാർന്ന കൊട്ടാരങ്ങളാലും ക്ഷേത്രങ്ങളാലും വിശാലമായ വീഥികളാലും ഉദ്യാനങ്ങളാലും മനോഹാരിത നിറഞ്ഞ നീനെവേ ബാബിലോണിനോടു കിടപിടിക്കുന്നതായിരുന്നു. ഇരുപത്താറായിരത്തിലധികം മൺ ഫലകങ്ങളുള്ള ഗ്രന്ഥശാല പ്രാചീന നീനെവേയുടെ ശ്രേഷ്ഠതയായിരുന്നു. എന്നാൽ 100 അടി ഉയരവും 50 അടി വീതിയുമുള്ള രണ്ട് മതിലുകളാൽ ചുറ്റപ്പെട്ട നീനെവേ പട്ടണത്തിന്റെ സുരക്ഷിതത്വത്തിൽ അഹങ്കരിച്ച് അവിടത്തെ നിവാസികൾ ദൈവത്തെ മറന്നു ജീവിച്ചപ്പോൾ അത്യുന്നതനായ ദൈവം യോനാപ്രവാചകനെ ആ ദേശത്തേക്ക് അയച്ചു. “ഇനി 40 ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും” (യോനാ, 3:4) എന്ന ദൈവത്തിന്റെ മുന്നറിയിപ്പു ശ്രവിച്ച അവർ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടു തിരിഞ്ഞ് ദൈവസന്നിധിയിലേക്കു മടങ്ങിവന്നുവെങ്കിലും, കാലത്തിന്റെ കുതിച്ചോട്ടത്തിൽ അവർ പാപപങ്കിലമായ പഴയ ജീവിതത്തിലേക്കു വീണ്ടും വീണുപോയി. പ്രവാചകന്മാരായ സെഫന്യാവും (സെഫ, 2:13-15) നഹൂമും (നഹൂം, 2:1, 3:1) നീനെവേയ്ക്കു സംഭവിക്കുവാൻ പോകുന്ന നാശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും അവർ ദൈവസന്നിധിയിലേക്കു മടങ്ങിവന്നില്ല. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം മൂലം നീനെവേയുടെ അഹന്തയ്ക്കു നിദാനമായ പ്രതിരോധ മതിലുകൾ തകർന്നു വീണപ്പോൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തിയ ബാബിലോണ്യസൈന്യം ബി.സി. 612-ൽ നീനെവേപട്ടണം ഉന്മൂലമാക്കി.

തുള്ളനും വെട്ടുക്കിളിയും

തുള്ളനും വെട്ടുക്കിളിയും

തുള്ളൻ, വെട്ടുക്കിളി എന്നീ പേരുകൾ വിവേചനം കൂടാതെ മാറ്റിമാറ്റി പ്രയോഗിക്കുന്നുണ്ട്. തുള്ളൻ അതിന്റെ എല്ലാ ഘട്ടങ്ങളിലും സസ്യങ്ങളെ നശിപ്പിക്കും. (ലേവ്യ, 11:22; 1രാജാ, 8:37; 2ദിന, 6:28; സങ്കീ, 78:46; 105:34). തുള്ളന്റെ സംഘം ചേർന്നു സഞ്ചരിക്കുന്ന ഘട്ടത്തെയാണ് വെട്ടുക്കിളി എന്നു വ്യവഹരിക്കുന്നത്. “തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.” (യോവേ, 1:4). ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ഷഡ്പദപ്രാണികളിൽ വച്ചേറ്റവും പ്രധാനമാണ് വെട്ടുക്കിളി. അമ്പത്താതോളം പരാമർശങ്ങളുണ്ട്. എട്ട് എബ്രായപദങ്ങളും ഒരു ഗ്രീക്കു പദവും വെട്ടുക്കിളിയെ കുറിക്കുന്നതിനു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പൗരാണിക എബ്രായർക്കു വെട്ടുക്കിളി നാശകാരിയും അതേസമയം നല്ല ഭക്ഷണപദാർത്ഥവും ആയിരുന്നു. ശുദ്ധിയുള്ളവയായി കണക്കാക്കപ്പെട്ടിരുന്ന ഒരേയൊരു ഷഡ്പദപ്രാണിയത്രേ ഇത്. “എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിന്നു കാലിന്മേൽ തുട ഉള്ളവയെ നിങ്ങൾക്കു തിന്നാം . ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതു വിധം തുള്ളൻ എന്നിവയെ നിങ്ങൾക്കു തിന്നാം.” (ലേവ്യ, 11:21,22). വെട്ടുക്കിളികൾ പറ്റമായി സഞ്ചരിക്കുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പോകുന്നതിനു വെട്ടുക്കിളികൾക്കു പ്രത്യേകം വ്യവസ്ഥയും ക്രമവും ഒന്നും തന്നെയില്ല. ഏറിയകൂറും കാറ്റിന്റെ ഗതിയാണ് പ്രമാണം. “കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.” (പുറ, 10:13). പെൺ വെട്ടുക്കിളി മണ്ണിനടിയിൽ ധാരാളം മുട്ട ഇടുന്നു. സാധാരണ ഷഡ്പദ പ്രാണികളെപ്പോലെ ഇവ മൂന്നു ദശകളെ (മുട്ട, പുഴു, ശലഭം) തരണം ചെയ്യുന്നില്ല. മുട്ട വിരിയുമ്പോൾ അതിനു വെട്ടുക്കിളിയുടെ രൂപം ഉണ്ടായിരിക്കും. ചിറകുകൾ കാണുകയില്ലെന്നേ ഉള്ളു. പ്രായപൂർത്തി എത്താത്തവയെ തുള്ളൻ എന്നു വിളിക്കും. വെട്ടുക്കിളികൾ സസ്യഭുക്കുകളാണ്. അവ സസ്യങ്ങൾക്കു ഭീമമായ നാശം വരുത്തുന്നു. 1889-ൽ ചെങ്കടൽ കടന്ന ഒരു വെട്ടുക്കിളി സമൂഹം അയ്യായിരം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചതായി കണക്കാക്കിയിട്ടുണ്ട്. 

വെട്ടുക്കിളിബാധ ദൈവികശിക്ഷയാണ്. മിസ്രയീമിനെ പീഡിപ്പിച്ച എട്ടാമത്തെ ബാധ വെട്ടുക്കിളിയായിരുന്നു. തന്റെ ജനത്തെ വിട്ടയയ്ക്കുവാൻ മിസയീമ്യരാജാവായ ഫറവോൻ വിസമ്മതിച്ചപ്പോൾ ദൈവം മിസ്രയീം ദേശത്ത് വെട്ടുക്കിളികളെ അയച്ചു. അവയുടെ ബാഹുല്യത്താൽ ദേശം ഇരുണ്ടുപോയി. അവ ദേശത്തിലെ സസ്യങ്ങളും വൃക്ഷങ്ങളും അവയുടെ ഫലങ്ങളും തിന്നുകളഞ്ഞപ്പോൾ, ഫറവോൻ യിസ്രായേൽമക്കളെ വിട്ടയയ്ക്കാമെന്നു സമ്മതിക്കുകയും യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻകാറ്റ് അടിപ്പിച്ച് ദേശത്തെങ്ങും ഒരു വെട്ടുക്കിളിപോലും അവശേഷിക്കാത്തവണ്ണം അവയെ ചെങ്കടലിൽ ഇട്ടുകളയുകയും ചെയ്തു. (പുറ, 10:12-20). യിസ്രായേൽമക്കൾ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിക്കകയും പാപത്തിൽ ജീവിക്കുകയും ചെയ്തപ്പോൾ ദൈവം വെട്ടുക്കിളികളുടെ മഹാസൈന്യത്തെ അയച്ച് അവരുടെ കാർഷികവിളകൾ നശിപ്പിച്ച് അവരെ ക്ഷാമത്തിലും കഷ്ടതയിലുമാക്കി. (യോവേ, 1:4). അത്യുന്നതനായ ദൈവം തന്റെ കല്പനയാൽ അസംഖ്യം വെട്ടുക്കിളികളെ അയയ്ക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ സാക്ഷിക്കുന്നു. (സങ്കീ, 105:34). മനുഷ്യനെ ശിക്ഷിക്കുവാൻ ദൈവം അയച്ച വെട്ടുക്കിളി യോഹന്നാൻ സ്നാപകന് ജീവൻ നിലനിർത്തുവാനുള്ള ആഹാരമായിത്തീർന്നതായും തിരുവചനം വെളിപ്പെടുത്തുന്നു. (മത്താ, 3:4).

സിംഹരാജൻ

സിംഹരാജൻ

ഒരു കാലത്തു മദ്ധ്യപൂർവ്വദേശം, പേർഷ്യ, ഗ്രീസ് എന്നിവിടങ്ങളിൽ സിംഹങ്ങളെ കണ്ടിരുന്നു. മാംസഭുക്കുകളിൽ ബൈബിൾ നാടുകളിൽ നിന്ന് അപ്രത്യക്ഷമായ ഒരേയൊരു മൃഗം സിംഹമാണ്. പലസ്തീനിലെ ഒടുവിലത്തെ സിംഹം മെഗിദ്ദോയ്ക്കടുത്തുവച്ചു എ.ഡി. 13-ാം നൂററാണ്ടിൽ കൊല്ലപ്പെട്ടു. എ.ഡി. 1900 വരെ പേർഷ്യയിൽ സിംഹം ഉണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ സിറിയ (അരാം), ഇറാക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സിംഹം അപ്രത്യക്ഷമായി. എബ്രായ ബൈബിളിൽ സിംഹത്തിന് ഒൻപതോളം പേരുകൾ ഉണ്ട്. ഇവ ആൺസിംഹത്തെയും പെൺസിംഹത്തെയും സിംഹക്കുട്ടികളെയും കുറിക്കുന്നവയാണ്. ഈ പദസമുച്ചയത്തിൽ നിന്നും വേദനാടുകളിൽ സിംഹം സുലഭമായിരുന്നു എന്നനുമാനിക്കാം. സിംഹത്തെ വെറുകൈയോടെ കൊന്ന വീരന്മാരുടെ ചരിതങ്ങളിൽ ശിംശോനും (ന്യായാ, 14:5,6), ദാവീദും (1ശമൂ,17:36), ബെനായാവും (2ശമൂ, 23:20) ഉൾപ്പെടുന്നു. തന്നെ അനുസരിക്കാതിരുന്ന പ്രവാചകനെ ദൈവം കല്പിച്ചപകാരം സിംഹം കൊന്നതായി തിരുവചനം രേഖപ്പെടുത്തുന്നു. (1രാജാ, 13:21-26). ഒരുവൻ രാജാവിനെ അല്ലാതെ മറ്റേതെങ്കിലും മനുഷ്യനെയോ ദൈവത്തെയോ ആരാധിച്ചാൽ അവനെ സിംഹക്കുട്ടിൽ എറിഞ്ഞുകളയുമെന്നുള്ള ദാര്യാവേശ് രാജാവിന്റെ വിളംബരം ഉണ്ടായിട്ടും ദാനീയേൽ മാളികയുടെ കിളിവാതിൽ തുറന്ന് പതിവുപോലെ യെരൂശലേമിനെ നോക്കി ദിവസവും മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു. (ദാനീ, 6:10). ഇപ്രകാരം ദാനീയേൽ രാജവിളംബരം ലംഘിച്ചതിനാൽ അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു. എന്നാൽ സിംഹങ്ങൾക്ക് ദാനീയേലിനെ ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. (ദാനീ, 6:22). എന്നാൽ ദാനീയേലിനെതിരെ ഗൂഢാലോചന നടത്തിയവരെയും അവരുടെ കുടുംബാംഗങ്ങളെയും രാജകല്പനയാൽ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടപ്പോൾ അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനു മമ്പ് സിംഹങ്ങൾ അവരെ പിടിച്ച്, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു. (ദാനീ, 6:24). ബൈബിളിലെ സിംഹപരാമർശങ്ങളിൽ പലതും അതിന്റെ ശക്തിയെയും രാജകീയ സ്വഭാവത്തെയും വ്യക്തമാക്കുന്ന ആലങ്കാരിക പ്രയോഗങ്ങളാണ്. കർത്താവായ യേശുക്രിസ്തു യെഹൂദയിലെ സിംഹം ആണ്. (വെളി, 5:5). യിസ്രായേലിന്റെ ആദ്യന്യായാധിപതിയായ ഒത്നീയേലിന്റെ പേരിനർത്ഥം ‘ദൈവത്തിന്റെ സിംഹം’ എന്നാണ്. സാത്താൻറ ശക്തിയെ ക്കുറിക്കുവാൻ പത്രൊസ് അപ്പൊസ്തലൻ സാത്താനെ അലറുന്ന സിംഹം എന്നു വിളിക്കുന്നു. (1പത്രൊ, 5:8). സാത്താന്യ ആക്രമണത്തിൻ്റെ ഉഗ്രതയും, ക്രൂരതയും ഇതു വ്യക്തമാക്കുന്നു.

ദൈവത്തിൻ്റെ വിരലുകൾ

ദൈവത്തിൻ്റെ വിരലുകൾ

ദൈവത്തിന് എഴുതുവാൻ കഴിയുമോ? ദൈവത്തിനു വിരലുകളുണ്ടോ? എന്തിനാണ് ദൈവം എഴുതുന്നത്? ബുദ്ധിരാക്ഷസന്മാരെന്ന് അഭിമാനിക്കുന്നവരുടെ ഇത്തരം ചോദ്യങ്ങളുടെ മുമ്പിൽ ദൈവജനംപോലും പകച്ചുനിന്നുപോകാറുണ്ട്. ലോകജനതകൾക്ക് മാതൃകാമുദ്രയാക്കുവാൻ സർവ്വശക്തനായ ദൈവം തിരഞ്ഞെടുത്ത യിസ്രായേൽമക്കൾ അനുഷ്ഠിക്കേണ്ടതും അനുസരിക്കേണ്ടതുമായ കല്പനകൾ രണ്ടു കല്പലകകളിൽ തന്റെ വിരൽ കൊണ്ടെഴുതി ആ സാക്ഷ്യപലകകൾ മോശെയുടെ കൈയിൽ കൊടുത്തു. (പുറ, 31:18, 32:16). വായ്മൊഴി കാലത്തിന്റെ കുതിച്ചോട്ടത്തിൽ വിസ്മൃതിയിൽ അലിഞ്ഞില്ലാതാകും. എന്നാൽ വരമൊഴി കാലത്തിനോ മനുഷ്യനോ മറക്കുവാനും മായിക്കുവാനും സാദ്ധ്യമല്ലാത്തതുകൊണ്ടാണ് ദൈവം തന്റെ കല്പനകൾ തൻ്റെ വിരലുകൾ കൊണ്ടെഴുതി ജനത്തിനു നൽകിയത്. അഹന്തയാൽ ദൈവത്തെ അവഹേളിച്ചുകൊണ്ട് യെരൂശലേം ദൈവാലയത്തിൽ ഉപയോഗിച്ചിരുന്ന സ്വർണ്ണവും വെള്ളിയുംകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളിൽ തന്റെ ആയിരം പ്രഭുക്കന്മാരോടും ഭാര്യമാരോടും വെപ്പാട്ടികളോടുമൊപ്പം വീഞ്ഞു കുടിച്ച് ആനന്ദിച്ചുകൊണ്ടിരുന്ന കൽദയരാജാവായ ബേൽശസ്സരിന്റെ കൊട്ടാരത്തിന്റെ ചുവരിന്മേലാണ് വീണ്ടും ദൈവത്തിന്റെ എഴുത്തു തെളിയുന്നത്. അരാമ്യഭാഷയിൽ ‘മെനേ, മെനേ, തെക്കേൽ, ഊഫർസീൻ’ എന്നായിരുന്നു അവിടെ എഴുതപ്പെട്ടത്. അത് അവന്റെമേലും ബാബിലോണിന്റെ മേലുമുള്ള ദൈവത്തിന്റെ ന്യായവിധിയായിരുന്നു. ദൈവം അവനെ തുലാസിൽ തൂക്കിനോക്കി; തുക്കത്തിൽ കുറവുള്ളവനായി കണ്ടതിനാൽ അവന്റെ രാജത്വത്തിന്റെ നാളുകൾ എണ്ണി അതിന് അന്ത്യം വരുത്തി. അവന്റെ രാജ്യം വിഭജിച്ച് മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു എന്നതായിരുന്നു ആ എഴുത്തിന്റെ അർത്ഥം. (ദാനീ, 5:25-28). ന്യായപ്രമാണത്തിന്റെ കല്പനകളും ഈ ന്യായവിധിയും എഴുതിയ ദൈവത്തിന്റെ പുത്രനും തന്റെ വിരലുകൾകൊണ്ടു നിലത്തെഴുതിയതായി തിരുവചനം സാക്ഷിക്കുന്നു. (യോഹ, 8:6,8?. ആ എഴുത്ത് പാപിനിയായ ഒരു സ്ത്രീയെ മരണത്തിൽ നിന്നു വിമോചിപ്പിച്ച, പാപിയോടുള്ള സ്നേഹത്തിന്റെ പ്രതികരണമായിരുന്നു.

മിനി ബൈബിൾ

മിനി ബൈബിൾ

യെശയ്യാവിന്റെ പുസ്തകത്തെ മിനി ബൈബിൾ അഥവാ ചെറിയ വേദപുസ്തകമെന്നും, വേദപുസ്തകത്തിനുള്ളിലെ വേദപുസ്തകമെന്നും വിശേഷിപ്പിക്കാറുണ്ട്. വേദപുസ്തകത്തിന്റെ പൊതുഘടനയും സാരാംശവും യെശയ്യാ പ്രവചനത്തിൽ ദർശിക്കുവാൻ കഴിയുന്നതിനാലാണ് ഇപ്രകാരം വിളിക്കുന്നത്. യെശയ്യാപ്രവചനത്തിലെ അറുപത്താറ് അദ്ധ്യായങ്ങൾ വേദപുസ്തകത്തിലെ അറുപത്താറ് പുസ്തകങ്ങളെ അനുസ്മരിപ്പിക്കുന്നു. ന്യായപ്രമാണത്തെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പ്രതിപാദിക്കുന്ന യെശയ്യാ പ്രവചനത്തിലെ ആദ്യത്തെ മപ്പത്തൊമ്പത് അദ്ധ്യായങ്ങൾ, യിസ്രായേൽ മക്കൾക്ക് ദൈവം നൽകിയ ന്യായപ്രമാണവും അതു ലംഘിച്ചപ്പോൾ ദൈവം അവർക്കു നൽകിയ കഠിനമായ ശിക്ഷകളും അവരോടുള്ള വാഗ്ദത്തങ്ങളും പ്രതിപാദിക്കുന്ന പഴയനിയമത്തിലെ മുപ്പത്തൊമ്പതു പുസ്തകങ്ങളുടെ പ്രതിബിംബമാണ്. മശീഹായുടെ കാരുണ്യത്തിന്റെയും രക്ഷയുടെയും വീണ്ടെടുപ്പിന്റെയും വിവരണങ്ങൾ നൽകുന്ന ശിഷ്ടമുള്ള ഇരുപത്തേഴ് അദ്ധ്യായങ്ങൾ കർത്താവിന്റെ ജനനവും ജീവിതവും ക്രൈസ്തവസഭയുടെ ഉത്ഭവവും വിവരിക്കുന്ന പുതിയനിയമത്തിലെ ഇരുപത്തേഴു പുസ്തകങ്ങളുടെ പ്രതിഫലനമായി വിളങ്ങുന്നു. മശീഹായെക്കുറിച്ചുള്ള വിവരങ്ങൾ പൂർണ്ണമായി നൽകിയിരിക്കുന്നതിനാൽ യെശയ്യാപ്രവചനത്തെ അഞ്ചാമത്തെ സുവിശേഷമെന്നു വിശേഷിപ്പിക്കുന്നുണ്ട്. പുതിയനിയമത്തിൽ പ്രത്യക്ഷമാകുന്ന പഴയനിയമത്തിലെ ഏറ്റവുമധികം ഉദ്ധരണികൾ യെശയ്യാപ്രവചനത്തിൽനിന്ന് എടുത്തിട്ടുള്ളവയാണ് ഈടുറ്റ വിഷയങ്ങൾ അതിമനോഹരമായി ഗദ്യത്തിലും പദ്യത്തിലും പ്രതിപാദിച്ചിരിക്കുന്ന ഈ പ്രവചനപുസ്തകം കവികൾക്കും ചരിത്രകാരന്മാർക്കും ഏറെ പ്രചോദനമായിത്തീർന്നിരിക്കുന്നു.

ശലോമോൻ്റെ ജ്ഞാനം

ശലോമോൻ്റെ ജ്ഞാനം  

ചരിത്രസംഭവങ്ങളുടെ നീണ്ട പട്ടികയിൽ യിസ്രായേൽ രാജാവായിരുന്ന ശലോമോനെപ്പോലെ ജ്ഞാനം സമ്പാദിച്ച വിശ്വവിഖ്യാതനായ മറ്റൊരുവനില്ല. ശലോമോന്റെ വാഴ്ചയുടെ കാലഘട്ടത്തിൽ, ജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളെന്ന് അംഗീകരിക്കപ്പെട്ടിരുന്ന കിഴക്കൻ രാജ്യങ്ങളിലെ ജ്ഞാനത്തെക്കാളും മിസ്രയീമിലെ സർവ്വജ്ഞാനത്തെക്കാളും ശ്രേഷ്ഠമായിരുന്നു ശലോമോന്റെ ജ്ഞാനം. (1രാജാ, 4:30). എന്തെന്നാൽ ലോകത്തിന്റെ പാഠശാലകളിൽനിന്നോ സർവ്വകലാശാലകളിൽ നിന്നോ ഗുരുശ്രേഷ്ഠന്മാരിൽനിന്നോ സ്വന്തം അനുഭവപരിചയത്തിൽ നിന്നോ നേടിയ ജ്ഞാനമായിരുന്നില്ല അത്; സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ യഹോവ നൽകിയ ജ്ഞാനമായിരുന്നു ശലോമോനിൽ നിവസിച്ചിരുന്നത്. 

രാജവംശത്തിൽ ജനിച്ച ആദ്യരാജാവാണ് ശലോമോൻ. ശൗലും ദാവീദും ന്യായാധിപന്മാരെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരായിരുന്നു. ദൈവം അവർക്കു പ്രത്യേക കഴിവുകൾ നല്കിയിരുന്നു. ശലോമോൻ രാജാവായശേഷം ഗിബയോനിൽ വച്ചു യാഗങ്ങൾ അർപ്പിച്ചു. യഹോവ അവനു പ്രത്യക്ഷനായി വേണ്ടുന്ന വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹൃദയം അവൻ ചോദിച്ചു. യഹോവ അവന് അതു കൊടുത്തു; കൂടാതെ സമ്പത്തും മഹത്വവും കൂടി കൊടുത്തു. (1രാജാ, 3:4-15). രണ്ടു വേശ്യമാർ തമ്മിൽ ഒരു കുട്ടിക്കു വേണ്ടിയുണ്ടായ തർക്കത്തിൽ രാജാവിന്റെ ന്യായതീർപ്പ് അവന്റെ ജ്ഞാനം വിളിച്ചറിയിക്കുന്നു. (1രാജാ, 3:16-28). ശലോമോന്റെ ജ്ഞാനം മറ്റെല്ലാ വിദ്വാന്മാരിലും പുർവ്വ ദിഗ്വാസികളിലും മിസ്രയീമ്യരിലും ശ്രേഷ്ഠമായിരുന്നു. (1രാജാ, 4:29-31). അവൻ 3000 സദൃശവാക്യങ്ങളും 1005 ഗീതങ്ങളും ചമച്ചു. ഉത്തമഗീതത്തിന്റെ കർത്താവ് ശലോമോനാണ്. (1:1) കൂടാതെ സദൃശവാക്യങ്ങളും (1:1), സഭാപ്രസംഗിയും (1:1, 12), രണ്ടു സങ്കീർത്തനങ്ങളും (72-ഉം, 127-ഉം) രചിച്ചു. വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏതു വിഷയം സംബന്ധിച്ചും അവനു അറിവുണ്ടായിരുന്നു. (4:32-34). ശൈബാ രാജ്ഞി അവന്റെ ജ്ഞാനം ഗ്രഹിപ്പാനും അവനെ പരീക്ഷിക്കുവാനും വന്നിട്ട്, “ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു” എന്നു പ്രസ്താവിച്ചു. (1രാജാ, 10:1-18).

മദ്യപാനം

മദ്യപാനം

മദ്യപാനം ഇന്നു പുരോഗമന സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. മദ്യപിക്കുന്നവരെ സമൂഹം അവജ്ഞയോടെ വീക്ഷിച്ചിരുന്ന കാലവും കഴിഞ്ഞുപോയി. വിശേഷ അവസരങ്ങളിലെങ്കിലും അല്പം മദ്യപിക്കാത്തവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയിൽ ആധുനിക സമൂഹം എത്തിനിൽക്കുന്നു. തന്നിമിത്തം ക്രൈസ്തവ സഹോദരങ്ങൾക്കുപോലും മദ്യപാനത്തെ ഒരു പാപമായി കണക്കാക്കുവാൻ കഴിയുന്നില്ല. മദ്യത്തിന്റെ ലഹരി വരുത്തിവയ്ക്കുന്ന വിനകളെക്കുറിച്ച് തിരുവചനം നൽകുന്ന താക്കീതുകൾ പലരും വിസ്മരിച്ചുകളയുന്നു. പുരോഹിതൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കാൻ പാടില്ല. (ലേവ്യ, 10:9). സങ്കീർത്തനക്കാരന്റെ ആവലാതി “ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു” എന്നത്രേ. (സങ്കീ, 69:12). വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കും മദ്യാസക്തി പ്രഭുക്കന്മാർക്കും ചേർന്നതല്ല. അവർ കുടിച്ചിട്ടു നിയമം മറക്കുകയും ന്യായം മറിച്ചുകളയുകയും ചെയ്യും. (സദൃ, 31:4,5). മദ്യത്തിന്റെ ദോഷത്തെക്കുറിച്ചു വ്യക്തമായ വിവരണം സദൃശവാക്യങ്ങളിലുണ്ട്: ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം , ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിച്ചുനോക്കുവാൻ പോകുന്നവർക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്. ഒടുക്കം അതു സർപ്പം പോലെ കടിക്കും; അണലിപോലെ കൊത്തും. നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും. നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും. അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതുതന്നേ തേടും എന്നു നീ പറയും.” (സദൃ, 23:29 – 35). 

മദ്യം ജഡത്തെയാണ് ഉത്തേജിപ്പിക്കുന്നത്. ആത്മാവിനോ ആത്മീയ ജീവിതത്തിനോ അതു ഗുണകരമല്ല. മദ്യം ആദ്യം കണ്ണുകളെ മോഹിപ്പിക്കുന്നു. തുടർന്നു അതിന്റെ രുചി മദ്യപനെ വശീകരിക്കുന്നു. പലരും മദ്യപാനം ആരംഭിക്കുന്നതു ജീവിതപ്രശ്നങ്ങളെയും ദുഃഖങ്ങളെയും മറക്കുവാനാണ്. പക്ഷേ ഈ മറവി താൽക്കാലികം മാത്രമാണ്. ബോധം തെളിയുമ്പോൾ അവ പതിന്മടങ്ങു വർദ്ധിക്കുകയേയുള്ളൂ. കഷ്ടം, സങ്കടം, കലഹം, ആവലാതി, ശരീരത്തിൽ അനാവശ്യമായ മുറിവുകൾ, കൺചുവപ്പു ഇവയെല്ലാം മദ്യപന്റെ നിരന്തരാനുഭവങ്ങളാണ്. മദ്യം കാണ്മാൻ മനോഹരവും പാനം ചെയ്യുവാൻ രൂചികരവുമാണ്. ദുർന്നടപ്പിന് മദ്യപാനം കാരണമാണ്. ദൈവകൃപ പ്രാപിച്ചവനും ദൈവത്തോടുകൂടെ നടന്നവനുമായ നോഹ ജലപ്രളയത്തിനു ശേഷം മുന്തിരിത്തോട്ടം നട്ടുണ്ടാക്കി വീഞ്ഞു കുടിച്ചു ബോധം നഷ്ടപ്പെട്ടു വിവസ്ത്രനായി കിടന്നു. അതുമൂലം തന്റെ പൗത്രനെ (കനാൻ) ശപിക്കുവാൻ ഇടയായി. (ഉല്പ, 9:21-26). ലോത്തിന്റെ പുത്രിമാർ ലോത്തിനെ മദ്യം കുടിപ്പിച്ച ശേഷമാണ് അനാശാസ്യ പ്രവർത്തനത്തിനു വിധേയനാക്കിയത്. (ഉല്പ, 19:30:38). അബ്ശാലോമിന്റെ സഹോദരിയായ താമാരിനെ മാനഭംഗപ്പെടുത്തിയ അമ്നോനെ അബ്ശാലോമിന്റെ അനുയായികൾ കൊന്നത് അവൻ വീഞ്ഞു കുടിച്ച് ഉന്മത്തനായപ്പോഴായിരുന്നു. (2ശമൂ, 13:28-29). അരാം രാജാവായ ബെൻ-ഹദദും കൂട്ടരും മദ്യപാനം നിമിത്തം യുദ്ധത്തിൽ പരാജയപ്പെട്ടു. (1രാജാ, 20:16-21). അഹശ്വേരോശ് രാജാവ് തന്റെ പത്നിയായിരുന്ന വസ്ഥിരാജ്ഞിയെ ഉപേക്ഷിക്കുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടതും അയാൾ വീഞ്ഞിന് അടിമപ്പെട്ടപ്പോഴായിരുന്നു. (എസ്ഥേ, 1:9-22). ബേൽശസ്സർ രാജാവു മദ്യപാനാഘോഷം നടത്തിയ രാത്രിയിലാണ് കൊല്ലപ്പെട്ടത്. (ദാനീ, 5:1-31). കൊരിന്തിലെ ചില വിശ്വാസികൾ സഭയായി കൂടി വരുമ്പോൾ ഭക്ഷണം കഴിക്കയും ലഹരി പിടിക്കയും ചെയ്തിരുന്നു. (1കൊരി, 11:21). സ്വയം മദ്യപിക്കുന്നതു മാത്രമല്ല, മറ്റുള്ളവരെ മദ്യപിപ്പിക്കുന്നതും പാപമാണെന്ന് ഹബക്കുക് പ്രവാചകൻ ഉദ്ബോധിപ്പിക്കുന്നു. (ഹബ, 2:15).

പുരോഹിതന്മാരും പ്രവാചകന്മാരും വീഞ്ഞു കുടിച്ചു ചാഞ്ചാടി നടക്കുന്നുവെന്നു യെശയ്യാവു കുറ്റപ്പെടുത്തി. (യെശ, 28:7-9). പലരും അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകിയിരിക്കുകയും ചെയ്യും. (യെശ, 5:11). ജഡത്തിന്റെ പ്രവൃത്തികളിൽ ഒന്നാണ് മദ്യപാനം. (ഗലാ, 5:21). മദ്യപാനികൾ ദൈവരാജ്യം അവകാശമാക്കിയില്ല. (1കൊരി, 6:10). വെറിക്കുത്ത്, മദ്യപാനം തുടങ്ങിയവയിൽ നിന്നു വിശ്വാസികൾ വേർപെട്ടിരിക്കേണ്ടതാണ്. (1പത്രൊ, 4:3). വീഞ്ഞുകുടിച്ചു മത്തരാകരുത്, അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ. (എഫെ, 5:18). സഭാശുശ്രഷകന്മാരും അദ്ധ്യക്ഷന്മാരും മദ്യപ്രിയരായിരിക്കുവാൻ പാടില്ല. (1തിമൊ, 3:3; തീത്തൊ, 1:7). “വീഞ്ഞു ചുവന്നിരിക്കുമ്പോഴും അത് പാത്രത്തിൽ തിളങ്ങുമ്പോഴും രസമായി ഇറങ്ങുമ്പോഴും നീ നോക്കരുത്” എന്നുള്ള ശലോമോന്റെ കർശനമായ താക്കീത്, മദ്യം മനുഷ്യനെ പാപത്തിന്റെ അഗാധ ഗർത്തത്തിലേക്കു ക്ഷണത്തിൽ തള്ളിയിടുമെന്നുള്ള മുന്നറിയിപ്പാണ്.

ദാവീദിൻ്റെ സങ്കീർത്തനങ്ങൾ

ദാവീദിൻ്റെ സങ്കീർത്തനങ്ങൾ

ദാവീദ് രചിച്ച എഴുപത്തേഴ് സങ്കീർത്തനങ്ങളുണ്ട്. എഴുപത്തഞ്ചു സങ്കീർത്തനങ്ങൾക്കു ദാവീദിന്റെ സങ്കീർത്തനം എന്ന മേലെഴുത്തുണ്ട്. (3–9; 11–32; 34–41; 51–65; 68–70; 86; 101; 103; 108–110; 122; 124; 131; 133; 138–145). കൂടാതെ 2-ാം സങ്കീർത്തനവും ദാവീദ് രചിച്ചതാണെന്നു പ്രവൃത്തി 4:25,26-ൽ നിന്നും വ്യക്തമാകുന്നുണ്ട്. അതുപോലെ 72-ാം സങ്കീർത്തനം ദാവീദിന്റേതാണെന്ന് പ്രസ്തുത സങ്കീർത്തനം 20-ാം വാക്യത്തിൽ നിന്നു മനസ്സിലാക്കാം. ഇതിൽ പതിമൂന്നെണ്ണം തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞവയാണ്. ദൈവത്തിലുള്ള ദാവീദിന്റെ അചഞ്ചലവും അഗാധവുമായ വിശ്വാസത്തിന്റെ ദീപസ്തംഭങ്ങളാണ് ഈ സങ്കീർത്തനങ്ങൾ. 

ദാവീദിൻ്റെ ജീവിതത്തിലുണ്ടായ ‘സംഭവം — സങ്കീർത്തനം — വേദഭാഗം’ എന്നിങ്ങനെ ചുവടെ ചേർക്കുന്നു: 

1. ദാവീദിനെ കൊല്ലേണ്ടതിനു ശൗൽ അയച്ച ആളുകൾ വീടു കാത്തിരുന്ന കാലത്ത് ചമച്ചത് — 59 — (1ശമൂ, 19).

2. ദാവീദ് അബീമേലെക്കിൻ്റെ മുമ്പിൽവെച്ച് ബുദ്ധിഭ്രമം നടിക്കുകയും, അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവൻ പോകുമ്പോൾ പാടിയത് — 34 — (1ശമൂ, 21).

3. ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽവെച്ച് പിടിച്ചപ്പോൾ ചമച്ചത് — 56 — (1ശമൂ, 21).

4. ദാവീദ് അദുല്ലാം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന — 142 — (1ശമൂ, 22).

5. എദോമ്യനായ ദോവേദ് ചെന്ന് ശൗലിനോട്: ദാവീദ് അഹീമേലെക്കിൻ്റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ചത് — 52 — (1ശമൂ, 22).

6. സീഫ്യർ ചെന്ന് ശൗലിനോട്: ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോൾ ചമച്ചത് — 54 — (1ശമൂ, 23).

7. ദാവീദ് ശൗലിൻ്റെ മുമ്പിൽനിന്ന് ഗുഹയിലേക്ക് ഓടിപ്പോയ കാലത്ത് ചമച്ചത് — 57 — (1ശമൂ, 24).

8. ദാവീദ് യെഹൂദാ മരുഭൂമിയിൽ ഇരിക്കും കാലത്ത് ചമച്ചത് — 63 — (1ശമൂ, 24).

9. യോവാബ് മെസൊപ്പൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധംചെയ്തു മടങ്ങി വന്നശേഷം ഉപ്പുതാഴ്വരയിൽ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമച്ചത് — 60 — (2ശമൂ, 10).

10. ദാവീദ് ബത്ത്ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ അവൻ്റെ അടുക്കൽ വന്നപ്പോൾ ചമച്ചത് — 51 — (2ശമൂ, 12).

11. ദാവീദ് തൻ്റെ മകനായ അബ്ശാലോമിൻ്റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോൾ പാടിയത് — 3 — (2ശമൂ, 15).

12. ബെന്യാമിനായ ശിമെയിയുടെ ശാപവാക്കുകൾ നിമിത്തം ദാവീദ് യഹോവയ്ക്ക് പാടിയത് — 7 — (2ശമൂ, 16).

13. യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കയ്യിൽനിന്നും ശൗലിൻ്റെ കയ്യിൽനിന്നും വിടുവിച്ച കാലത്ത് അവൻ യഹോവയ്ക്ക് പാടിയത് — 18 — (2ശമൂ, 22).

ദൈവത്തിന്റെ പുസ്തകം

ദൈവത്തിന്റെ പുസ്തകം 

സർവ്വശക്തനും സർവ്വവ്യാപിയും സർവ്വജ്ഞാനിയുമായ ദൈവത്തിന് ഒരു പുസ്തകം ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെ സൂക്ഷിക്കും? ഇപ്രകാരമുള്ള ചോദ്യങ്ങൾ പലപ്പോഴും ദൈവജനത്തെപ്പോലും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഈ അഖിലാണ്ഡത്തെ സൃഷ്ടിച്ചത് അത്യുന്നതനായ ദൈവമാണെന്നു വിശ്വസിക്കുന്ന ഒരു ദൈവപൈതൽ തന്റെ ദൈവത്തിന് അതിനെക്കുറിച്ചൊരു പുസ്തകം സൂക്ഷിക്കുവാൻ യാതൊരു പ്രയാസവുമില്ല എന്നുകൂടി വിശ്വസിക്കണം. എന്തെന്നാൽ സർവ്വശക്തനായ ദൈവം ഒരു പുസ്തകം സൂക്ഷിക്കുന്നുവെന്ന് തിരുവചനം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. സ്വർണ്ണംകൊണ്ട് കാളക്കുട്ടിയെ വാർത്തുണ്ടാക്കിയ യിസ്രായേൽ മക്കളുടെ പാപം ക്ഷമിക്കണമേ എന്ന് ദൈവത്തോടപേക്ഷിക്കുന്ന മോശെ, ക്ഷമിക്കുവാൻ തിരുമനസ്സാകുന്നില്ലെങ്കിൽ ദൈവം എഴുതിയ ദൈവത്തിന്റെ പുസ്തകത്തിൽനിന്ന് തന്റെ പേരു മായിച്ചുകളയണമേ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു. അതിനു മറുപടിയായി ദൈവം മോശെയോട്: “എന്നോടു പാപം ചെയ്തവന്റെ പേര് ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും” എന്നരുളിച്ചെയ്യുന്നു. (പുറ, 32:33). ഇതിൽനിന്ന് ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കുവാൻ കഴിയുന്നു. ദൈവത്തിന്റെ പുസ്തകത്തെക്കുറിച്ച് ദാവീദിന്റെ സങ്കീർത്തനങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്: “നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?” (56:8). “ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.” (69:28). “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (139:16). “യഹോവാഭക്തന്മാർക്കും അവന്റെ നാമം സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണയുടെ പുസ്ത കം എഴുതിവച്ചിരിക്കുന്നു” (മലാ, 3:16) എന്ന പ്രവാചകന്റെ പ്രഖ്യാപനം ദൈവത്തിന്റെ പുസ്തകത്തിന്റെ സാധുത അടിവരയിട്ടുറപ്പിക്കുന്നു. ജീവന്റെ പുസ്തകം, ജീവപുസ്തകം തുടങ്ങിയ സംജ്ഞകളിൽ വെളിപാട് പുസ്തകത്തിൽ ഇതിനെക്കുറിച്ചു വിവരിച്ചിരിക്കുന്നതും നമുക്കു ദർശിക്കാം. (വെളി, 3:5, 13:8; 17:8; 20:12, 15; 21:27).

ഈസോപ്പ്

ഈസോപ്പ്

ഈസോപ്പു ചെടിയായി പൊതുവെ കരുതപ്പെടുന്നത് സിറിയൻ മാർജോരം എന്നറിയപ്പെടുന്ന ഒരു ചെടിയാണ്. ഇത് 20-30 സെ.മീ. ഉയരത്തിൽ വളരും. ഇവയുടെ ഇല സൗരഭ്യവും ചാരനിറവും ഉള്ളതാണ്. ഈസോപ്പു ചെടി വരണ്ട പാറപ്രദേശങ്ങളിൽ വളരുന്നു. 1രാജാക്കന്മാർ 4:33-ൽ പറയപ്പെടുന്നത് പന്നയുടെ വർഗ്ഗത്തിലുള്ളതും പഴയ ചുവരുകളുടെ വിള്ളലുകളിൽ വളരുന്നതുമായ ഒരു മുള്ളൻ കുറ്റിച്ചെടിയാണ്. ഇതിന് നല്ല തണ്ടും വലിയ വെളുത്ത പുഷ്പങ്ങളുമുണ്ട്. പുളിച്ച വീഞ്ഞു നിറച്ച സ്പോങ്ങ് വച്ച ഓടത്തണ്ട് ഈസോപ്പു തണ്ടാണെന്നു വിചാരിക്കാൻ നിർവ്വാഹമില്ല. (മത്താ, 27:48; മർക്കൊ, 15:36, യോഹ, 19:29). ഇവിടെ ഈസോപ്പു തണ്ട് വിവർത്തനപ്പിശകായിരിക്കണം; അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവക്ഷ ഉണ്ടായിരിക്കണം. ചില യാഗങ്ങളിൽ അപരാധിയുടെമേൽ യാഗരക്തം തളിക്കുന്നത് ഈസോപ്പിൽ മുക്കിയാണ്. ഈസോപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ആദ്യത്തെരേഖ പുറപ്പാടിനോടുള്ള ബന്ധത്തിലാണ്. പെസഹകുഞ്ഞാടിന്റെ രക്തം ഈസോപ്പിൽ മുക്കി കട്ടളപ്പടിമേൽ തേച്ചു. “ഈസോപ്പു ചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ; രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിനു പുറത്തിറങ്ങരുത്. (പുറ, 12:22). കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനും കുഷ്ഠബാധയുള്ള വീട്ടിൽ രക്തം തളിക്കുന്നതിനും ഈസോപ്പ് ഉപയോഗിച്ചിരുന്നു. (ലേവ്യ, 14:4-7, 48-53). ചുവന്ന പശുക്കിടാവിന്റെ യാഗത്തിൽ ഈസോപ്പ് ഉപയോഗിച്ചിരുന്നു. (സംഖ്യാ, 19:2-6; എബ്രാ, 9:19). ശലോമോൻ രാജാവിന് ലഭിച്ചിരുന്ന വൃക്ഷജ്ഞാനത്തിന്റെ വിശാലതയെ വ്യക്തമാക്കുന്നതിന് ‘”ലെബാനോനിലെ ദേവദാരു മുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെ” എന്നാണ്. പറഞ്ഞിട്ടുള്ളത്. (1രാജാ, 4:33). പൊക്കംകൂടിയ ദേവദാരുവും ഏറ്റവും ചെറിയ ഈസോപ്പും സസ്യലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നു. ഈസോപ്പിന്റെ ശുദ്ധീകരണ ഗുണം പ്രസിദ്ധമാണ്. ഞാൻ നിർമ്മലനാകേണ്ടതിനു് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നു.  (സങ്കീ, 51:7).