ആത്മാവിന്റെ ഇരട്ടിപ്പങ്ക്

ആത്മാവിന്റെ ഇരട്ടിപ്പങ്ക്

എലീശാ വയലിൽ ഉഴവ് നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു ദൈവത്തിന്റെ കല്പനപ്രകാരം പ്രവാചകനായ ഏലീയാവ് അവനെ കണ്ടെത്തി തന്റെ മേലങ്കി അവന്റെമേൽ ഇട്ടത്. ഉടനേ എലീശാ തന്റെ ഉപജീവനമാർഗ്ഗമായിരുന്ന കാളകളെ അറുത്ത്, കലപ്പയുടെ വിറകുപയോഗിച്ച് മാംസം പാകംചെയ്ത് ജനത്തിനു നൽകി ഏലീയാവിനെ അനുഗമിക്കുകയും അവനെ ഗുരുവായി സ്വീകരിച്ച് ദീർഘകാലം ശുശ്രൂഷിക്കുകയും ചെയ്തു. യഹോവ ഏലീയാവിനെ സ്വർഗ്ഗത്തിലേക്ക് എടുക്കുവാനുള്ള സമയമടുത്തപ്പോൾ അവൻ ഗില്ഗാലിൽ വച്ച് എലീശായോട് യഹോവ തന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നുവെന്നും അവിടേക്ക് എലീശാ തന്നെ അനുഗമിക്കേണ്ടതില്ലെന്നും അറിയിച്ചു. അപ്പോൾ എലീശാ: “യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:2) എന്നു പറഞ്ഞ് ഏലീയാവിനോടൊപ്പം ബേഥേലിലേക്കു പോയി. പിന്നെയും, യഹോവ തന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നതുകൊണ്ട് എലീശാ ബേഥേലിൽ പാർക്കണമെന്ന് ഏലീയാവ് പറഞ്ഞതിന് “ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:4) എന്ന മറുപടിയോടെ അവൻ ഏലീയാവിനോടുകൂടെ യെരീഹോവിൽ എത്തി. അവിടെവച്ച് വീണ്ടും, യഹോവ തന്നെ യോർദ്ദാനിലേക്ക് അയയ്ക്കുന്നതിനാൽ എലീശാ യെരീഹോവിൽ താമസിക്കുവാൻ ഏലീയാവ് പറയുമ്പോൾ മൂന്നാം പ്രാവശ്യവും “ഞാൻ നിന്നെ വിടുകയില്ല” (2രാജാ, 2:6) എന്ന് അവൻ ഉത്തരം പറഞ്ഞു. അങ്ങനെ തന്റെ മേലങ്കികൊണ്ട് യോർദ്ദാനെ വിഭാഗിച്ച് ഏലീയാവ് അക്കരെ എത്തിയപ്പോൾ, തന്നെ നിർബ്ബന്ധപൂർവ്വം പിന്തുടർന്ന എലീശായോട്: “ഞാൻ നിന്നിൽനിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്ന് പറയുക?” എന്നു പറഞ്ഞു. അതിന് എലീശാ അവനോട്: “നിന്റെ ആത്മാവിൽ ഇരട്ടിപ്പങ്ക് എന്റെമേൽ വരുമാറാകട്ടെ” (2രാജാ, 2:9) എന്നാണ് മറുപടി നൽകിയത്. ഏലീയാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടതു കണ്ട അവൻ എലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് പ്രാപിച്ചുകൊണ്ടായിരുന്നു യോർദ്ദാനിൽനിന്നു മടങ്ങിപ്പോയത്. ഏലീയാവിന്റെ പിൻഗാമിയായി എലീശായെ തിരഞ്ഞെടുത്തത് ദൈവമാണെങ്കിലും എലീശായുടെ തീക്ഷ്ണതയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയും നിശ്ചയദാർഢ്യവുമാണ് ഏലീയാവിനുള്ളതിന്റെ ഇരട്ടി പരിദ്ധാത്മനിറവ് പ്രാപിക്കുവാൻ ഇടയാക്കിയത്. കർത്താവിനുവേണ്ടി വിളിക്കപ്പെടുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നവർ തടസ്സങ്ങളെയും കഷ്ടങ്ങളെയും വകവയ്ക്കാതെ കർത്താവിന്റെ പാത പിന്തുടർന്ന് അവനുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുമ്പോഴാണ്, കാരുണ്യവാനും സ്നേഹവാനുമായി ദൈവം കൃപകളും കൃപാവരങ്ങളും അത്യധികമായി നൽകുന്നതെന്ന്, ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് സ്വന്തമാക്കിയ പ്രവാചകനായ എലീശാ ചൂണ്ടിക്കാണിക്കുന്നു. (വേദഭാഗം: 2രാജാക്കന്മാർ (2:1-13).

മതി യഹോവേ!

മതി യഹോവേ!

മാനുഷിക ബുദ്ധിക്കും യുക്തിക്കും വിഭാവനം ചെയ്യുവാൻ കഴിയാത്ത അത്യുന്നതനായ ദൈവത്തിന്റെ അത്ഭുതങ്ങളും ശക്തിയും മഹത്ത്വവും സ്വന്തം ജീവിതങ്ങളിൽ രുചിച്ചറിത്തിട്ടുള്ളവരും, ലോകത്തിനു വെളിപ്പെടുത്തി കൊടുത്തിട്ടുള്ളവരുമായ വിശ്വാസവീരന്മാർ പോലും സാത്താൻ സൃഷ്ടിക്കുന്ന ഭീഷണികൾക്കു മുമ്പിൽ, പെട്ടെന്ന് നിരാശയുടെ അഗാധഗർത്തങ്ങളിലേക്കു വീണുപോകാറുണ്ട്. തന്റെ രാജാവിനെയും അവന്റെ പ്രജകളെയും, ബാലിന്റെയും അശ്ശേരിയുടെയും 850 പ്രവാചകന്മാരെയും ഏകനായി കർമ്മേൽപർവ്വതത്തിൽ വച്ച് ദൈവത്തിനുവേണ്ടി വെല്ലുവിളിച്ച ഏലീയാവ്, ദൈവത്തോടപേക്ഷിച്ചപ്പോൾ ദൈവം സ്വർഗ്ഗത്തിൽനിന്നു തീയിറക്കി യാഗപീഠത്തെയും യാഗവസ്തുവിനെയും ദഹിപ്പിച്ചു; അതിനു ചുറ്റും ഉണ്ടായിരുന്ന തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു. ഇതു കണ്ട് യഹോവതന്നെ ദൈവം എന്ന് ജനം ഘോഷിച്ച് ഏറ്റുപറഞ്ഞു. തുടർന്ന്, ബാലിൻ്റെയും അശ്ശേരയുടെയും 850 പ്രവാചകന്മാരെ കീശോൻ തോട്ടിനരികെവച്ച് ഏലീയാവ് കൊന്നുകളഞ്ഞു. തന്റെ ദേവന്മാരുടെ പ്രവാചകന്മാരെ ഏലിയാവ് കൊന്നതിൽ രോഷാകുലയായ ഈസേബെൽ തന്റെ ദൂതനെ ഏലീയാവിന്റെ അടുത്തേക്കയച്ച്, അടുത്ത ദിവസം, തന്റെ ദേവന്മാരുടെ പ്രവാചകന്മാരെ കൊന്ന സമയത്തിനുമുമ്പ്, ഏലീയാവിനെയും അവരിൽ ഒരുവനെപ്പോലെ കൊന്നുകളയുമെന്ന് അറിയിച്ചു. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്താൽ ഏകനായി രാജാവിനെയും അവന്റെ പ്രജകളെയും ബാലിന്റെയും അശ്ശേരയുടെയും 850 പ്രവാചകന്മാരെയും വെല്ലുവിളിച്ച ഏലീയാവ്, ഈസേബൈലിന്റെ വധഭീഷണിക്കു മുമ്പിൽ ഭയന്നുപോയി. കേവലം മണിക്കൂറുകൾക്കുമുമ്പ് ദൈവം അവന്റെ നിലവിളിക്കു മുമ്പിൽ തീയിറക്കിയ കാര്യം ഓർക്കുവാൻ കഴിയാതെ ഏലീയാവ് ബേർശേബ മരുഭൂമിയിലേക്ക് ഓടി. മരിക്കുവാൻ ഇച്ചിച്ചുകൊണ്ട് അവിടെ ഒരു ചുരച്ചെടിയുടെ തണലിൽ കിടന്ന് “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളണമേ” (1രാജാ, 19:4) എന്ന് ഏലീയാവ് പ്രാർത്ഥിച്ചു. നമുക്കു തരണം ചെയ്യുവാൻ കഴിയാത്ത പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും നമ്മെ എന്നെന്നേക്കുമായി തകർത്തുകളയുമെന്ന് തോന്നിക്കുന്ന ഭീഷണികളെയും നമുക്കു നേരിട്ടു വിജയിക്കുവാൻ കഴിയണമെങ്കിൽ ആ നിമിഷംവരെ നമ്മെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെ ഓർക്കുകയും അവനിലേക്കു കണ്ണുകളുയർത്തുകയും ചെയ്യണം. മരിക്കുവാനല്ല, പിന്നെയോ സകല പ്രതിബന്ധങ്ങളെയും തകർത്ത് ഭീഷണികളെ ഛിന്നഭിന്നമാക്കി വിജയം വരിക്കുവാൻ! (വേദഭാഗം: 1രാജാക്കന്മാർ 18:1-19:4).

ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ

ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ

യുദ്ധങ്ങളിൽ രാജാക്കന്മാർ തങ്ങളുടെ സൈന്യങ്ങളെ നയിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു അമ്മോന്യർക്കെതിരെ ദാവീദ് രാജാവ് സൈന്യാധിപനായ യോവാബിന്റെ നേതൃത്വത്തിൽ തന്റെ സൈന്യത്തെ അയച്ചത്. തന്റെ പടയാളികളോടൊപ്പം യുദ്ധക്കളത്തിൽ ആയിരിക്കേണ്ട ദാവീദ് യെരൂശലേമിൽ തന്റെ രാജധാനിയുടെ മാളികയിൽ ഒരു സന്ധ്യയ്ക്ക് ഉലാത്തിക്കൊണ്ടിരുന്നപ്പോൾ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ട് അവളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. തനിക്കും തന്റെ രാജ്യത്തിനും വേണ്ടി യുദ്ധക്കളത്തിൽ ആയിരിക്കുന്ന ഊരിയാവിന്റെ ഭാര്യയാണ് അവളെന്നറിഞ്ഞിട്ടും ദാവീദ് അവളെ തന്റെ അരമനയിൽ വരുത്തി അവളുമായി പാപം ചെയ്തു. (2ശമൂ, 11:1-4). അവൾ ഗർഭംധരിച്ചു എന്നറിഞ്ഞ ദാവീദ് ഊരീയാവിനെ യുദ്ധക്കളത്തിൽനിന്നു വിളിപ്പിച്ച് അവനു വിലയേറിയ സമ്മാനങ്ങൾ നൽകിയശേഷം അവനോടു വീട്ടിലേക്കു പോകുവാൻ കല്പിച്ചു. എന്നാൽ ദൈവത്തിന്റെ പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുകയും സൈന്യം വെളിമ്പ്രദേശത്തു പാളയമടിച്ചു പാർക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്റെ ഭാര്യയോടുകൂടെ ശയിക്കുവാൻ തന്റെ വീട്ടിലേക്കു പോകുകയില്ലെന്ന് ഊരീയാവ് ശഠിച്ചപ്പോൾ ദാവീദിന്റെ തന്ത്രം പാളിപ്പോയി. അടുത്ത ദിവസം ഊരീയാവിനെ മദ്യത്താൽ ലഹരിപിടിപ്പിച്ച് അവന്റെ ഭാര്യയുടെ അടുത്തേക്ക് അയയ്ക്കുവാനുള്ള ശ്രമവും വിഫലമായപ്പോൾ, യുദ്ധമുന്നണിയിൽ ഊരീയാവിനെ നിർത്തണമെന്നും അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ ഒറ്റപ്പെടുത്തിയശേഷം സൈന്യം പിന്മാറണമെന്നുമുള്ള കല്പന, ഊരീയാവിന്റെ കൈവശംതന്നെ ദാവീദ് യോവാബിനു കൊടുത്തയച്ചു. അങ്ങനെ സ്വരാജ്യത്തിനും സ്വജനത്തിനുംവേണ്ടി കർമ്മനിരതനായി പൊരുതിയ ഊരീയാവിനെ ദാവീദിന്റെ വഞ്ചനയുടെ വാൾ വെട്ടിക്കൊന്നു. അതിനുള്ള ദൈവത്തിന്റെ ശിക്ഷ ദാവീദിൽമാത്രം അവസാനിക്കുന്നതല്ലായിരുന്നു. ദാവീദിന്റെ ഗൃഹത്തെ, അവന്റെ തലമുറകളെ, ഒരിക്കലും വിട്ടുമാറാത്ത വാൾ അഥവാ രക്തച്ചൊരിച്ചിലാണ് ദാവീദ് തന്റെ പാപത്താൽ എന്നന്നേക്കുമായി സമ്പാദിച്ചത്. ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നാം വരാത്തുന്ന വീഴ്ച്ചയിൽ നിന്നുടലെടുക്കുന്ന പ്രവൃത്തികൾ നമ്മെ പാപത്തിലേക്കും പാപഗർത്തത്തിലേക്കും തള്ളിയിടുമെന്ന് ദാവിദിന്റെ പതനം വിരൽചൂണ്ടുന്നു. (വേദഭാഗം: 2ശമൂവേൽ 11:1-12:14).

നഷ്ടങ്ങൾ വീണ്ടെടുത്തു നൽകുന്ന ദൈവം

നഷ്ടങ്ങൾ വീണ്ടെടുത്തു നൽകുന്ന ദൈവം

സർവ്വശക്തനായ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അവനോടുള്ള ഭക്തിയിൽ ജീവിക്കുകയും അവന്റെ നാമ മഹത്ത്വത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് ചില സന്ദർഭങ്ങളിൽ തങ്ങൾ നേടിയെടുത്തതും തങ്ങൾക്ക് ഏറ്റവും പ്രിയമായതും സമ്പൂർണ്ണമായി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള പരീക്ഷണ വേളകളിൽ ചിലരുടെ ദൈവഭക്തിയും വിശ്വാസവും ചില്ലുകൊട്ടാരം പോലെ തകർന്നു നാമാവശേഷമാകും. എന്നാൽ തങ്ങളുടെ തകർന്നതും തളർന്നതുമായ ഏതവസ്ഥയിലും ദൈവത്തെ മുറുകെപ്പിടിച്ച് ദൈവത്തോടു പറ്റിനിന്നാൽ, അവർക്കു നഷ്ടമായതൊക്കെയും ദൈവം വീണ്ടെടുത്തു കൊടുക്കുമെന്ന് ദാവീദിന്റെ ചരിത്രം തെളിയിക്കുന്നു. ആഖീശിന്റെ അടുക്കൽനിന്ന് തങ്ങളുടെ താൽക്കാലിക താമസസ്ഥലമായ സിക്ലാഗിൽ മടങ്ങിയെത്തിയ ദാവീദും അനുചരന്മാരും, അമാലേക്യർ സിക്ലാഗ് തീവെച്ചു നശിപ്പിച്ചിരിക്കുന്നു എന്നും, തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തങ്ങൾക്കുള്ളതൊക്കെയും അപഹരിച്ചുകൊണ്ടുപോയി എന്നും മനസ്സിലാക്കി. അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവാളം കരഞ്ഞു (1ശമൂ, 30:1:4). തുടർന്ന് ജനമെല്ലാം ദാവീദിനെതിരെ തിരിഞ്ഞ്, അവനെ കല്ലെറിയുവാൻ തുനിഞ്ഞപ്പോൾ ദാവീദ് തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു (1ശമൂ, 30:6) എന്ന് തിരുവചനം സാക്ഷിക്കുന്നു. തദനന്തരം ദൈവത്തിന്റെ അരുളപ്പാടനുസരിച്ച് അമാലേക്യരെ പിന്തുടർന്ന ദാവീദ് അമാലേക്യരെ സംഹരിച്ചു. അമാലേക്യർ തടവുകാരായി കൊണ്ടുപോയ തന്റെ ഭാര്യമാരെയും അവർ അപഹരിച്ചുകൊണ്ടു പോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു കൊണ്ടുവന്നു. (1ശമൂ, 30:18,19). ദാവീദിന്റെ സകല അനുഗ്രഹങ്ങളുടെയും സ്രോതസ്സ് അവന്റെ സർവ്വശക്തനായ ദൈവത്തിലുള്ള സുദൃഢമായ വിശ്വാസമായിരുന്നു. നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും നടുവിലും അചഞ്ചലമായ ദൈവവിശ്വാസത്തിൽ നിന്നുടലെടുക്കുന്ന നമ്മുടെ പ്രതികരണങ്ങളാണ് ദൈവത്തെ പ്രവർത്തനനിരതനാക്കി നമ്മുടെ നഷ്ടങ്ങൾ വീണ്ടെടുക്കുവാൻ മുഖാന്തരമൊരുക്കുന്നത്. (വേദഭാഗം: 1ശമൂവേൽ 30:1-23).

ദൈവത്തിനു പ്രയോജനമുള്ള മക്കൾ

ദൈവത്തിനു പ്രയോജനമുള്ള മക്കൾ

ദൈവത്തിനുവേണ്ടി സമർപ്പിതരായി ഇറങ്ങിത്തിരിക്കുകയും ദൈവത്തിനുവേണ്ടി വൻകാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ മക്കൾ, തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ മറന്നു ജീവിച്ചതിന്റെ ഫലമായി ദൈവനാമം ദുഷിക്കപ്പെട്ടതും ദൈവജനത്തിന്റെ ഭാവിയെക്കുടി അതു പ്രതികൂലമായി ബാധിച്ചതും ശമൂവേലിന്റെ ഒന്നാം പുസ്തകം സാക്ഷിക്കുന്നു. ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ പുരോഹിതനായ ഏലിയുടെ പുത്രന്മാരായിരുന്നു. പക്ഷേ അവർ നീചന്മാരും യഹോവയെ ആദരിക്കാത്തവരും ആയിരുന്നു.(1ശമൂ, 2:12). ദൈവം അവരുടെ പാപത്തെക്കുറിച്ച് ഏലിയെ ബോദ്ധ്യപ്പെടുത്തിയിട്ടും തന്റെ പുത്രന്മാരെ നിയന്ത്രിക്കുവാനോ ശിക്ഷിച്ചു വളർത്തുവാനോ ഏലിക്കു കഴിഞ്ഞില്ല. അതിന്റെ പരിണതഫലം ഭയാനകമായിരുന്നു. ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യിസായേൽമക്കൾ പരാജയപ്പെട്ടു. യുദ്ധക്കളത്തിലേക്കു കൊണ്ടുപോയ യഹോവയുടെ പെട്ടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞ 98 വയസ്സുകാരനായ ഏലി ഇരിപ്പിടത്തിൽനിന്നു വീണ് കഴുത്തൊടിഞ്ഞു മരിച്ചു. ഫീനെഹാസിന്റെ ഗർഭിണിയായ ഭാര്യ ഈ വിവരമറിഞ്ഞ് പ്രസവസമയത്തു മരണമടഞ്ഞു. അങ്ങനെ തങ്ങളുടെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതിരുന്ന ഏലിയുടെ മക്കൾ നിമിത്തം ആ കുടുംബത്തോടൊപ്പം യിസ്രായേൽമക്കളും ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടതായിവന്നു. ബാല്യത്തിൽത്തന്നെ ദൈവത്തിനായി പ്രതിഷ്ഠിക്കപ്പെടുകയും പുരോഹിതനായ ഏലിയോടൊപ്പം പാർക്കുകയും ദൈവത്തിന്റെ അരുളപ്പാടുകൾ ലഭിക്കുകയും ചെയ്തിരുന്ന പ്രവാചകനും ദൈവത്തിന്റെ അഭിഷിക്തനുമായ ശമൂവേലിനും തന്റെ മക്കളെ ദൈവനാമ മഹത്ത്വത്തിനായി വളർത്തിക്കൊണ്ടുവരുവാൻ കഴിഞ്ഞിരുന്നില്ല. ശമൂവേൽ വൃദ്ധനായപ്പോൾ അവൻ തന്റെ പുത്രന്മാരായ യോവേലിനെയും അബീയാവിനെയും ന്യായാധിപന്മാരാക്കി. പക്ഷേ അവർ ദുരാഗ്രഹികളായി, ദൈവത്തെ മറന്ന് ന്യായം ത്യജിച്ചുകളഞ്ഞു. അവരുടെ ദുർമ്മാർഗ്ഗം നിമിത്തം യിസ്രായേലിലെ മൂപ്പന്മാർ ഒന്നിച്ചുകൂടി അവർക്കൊരു രാജാവിനെ വാഴിച്ചുകൊടുക്കണമെന്ന് ശമൂവേലിനെ നിർബ്ബന്ധിച്ചു. “അവർ നിന്നെയല്ല , അവരുടെ രാജാവായിരിക്കുന്നതിൽനിന്ന് എന്നെയാകുന്നു തിരസ്കരിച്ചിരിക്കുന്നത്” (1ശമൂ, 8:7) എന്നാണ് ദൈവം അവരുടെ ആവശ്യത്തെക്കുറിച്ച് പ്രതികരിച്ചത്. അതിന്റെ യഥാർത്ഥ കാരണക്കാർ ശമൂവേലിന്റെ മക്കളായിരുന്നു. നാം ദൈവജനമെന്നും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെന്നും അഭിമാനിക്കുന്നതിനു മുമ്പ് നമുക്ക് ദൈവം തന്നിരിക്കുന്ന മക്കളെ ദൈവനാമ മഹത്ത്വത്തിനായി വളർത്തുവാൻ കഴിയുന്നുണ്ടോ എന്ന് ആത്മപരിശോധന ചെയ്യണം. (വേദഭാഗം: 1ശമൂവേൽ 1:1-8:7).

പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക

പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക

മോവാബ്യർ യിസ്രായേൽ മക്കളോടു ശത്രുത പുലർത്തിപ്പോരുന്ന ഒരു ജനതയായിരുന്നു. അന്യദൈവങ്ങളെയും മിഥ്യാമൂർത്തികളെയും ആരാധിച്ചിരുന്ന അവരെ പലപ്പോഴും ദൈവം കഠിനമായി ശിക്ഷിച്ചിരുന്നു. ആ ജനതയിൽ ഉൾപ്പെട്ട ഒരുവൾക്ക് തന്റെ ഓമനപ്പുത്രന്റെ വംശാവലിയിൽ സ്ഥാനം നൽകുവാൻ ദൈവം തിരുമനസ്സായതിലൂടെ, ദൈവത്തിന്റെ അനന്തമായ സ്നേഹവും മാനവരാശിയെ മുഴുവനും രക്ഷിക്കുവാനുള്ള അഭിവാഞ്ഛയും വ്യക്തമാകുന്നു. യൗവനക്കാരിയും മക്കളില്ലാത്തവളുമായ ഒരു വിധവ, തന്റെ ബന്ധുമിത്രാദികളെ വിട്ട്, സ്വന്തം ദേശം വിട്ട്, മറ്റൊരു വിധവയും സർവ്വവും നഷ്ടപ്പെട്ടവളുമായ തന്റെ അമ്മാവിയമ്മയോടൊപ്പം അവളുടെ ദേശത്തേക്കു പോകുക എന്നത് അന്നെന്നപോലെ ഇന്നും അവിശ്വസനീയമായ കാര്യമാണ്. ആരുടെയും സമ്മർദ്ദമില്ലാതെ, യാതൊരു വ്യവസ്ഥയുമില്ലാതെ, തന്റെ അമ്മാവിയമ്മയായ നൊവൊമി നിരുത്സാഹപ്പെടുത്തിയിട്ടും പിന്മാറാതെ, “നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ” (രൂത്ത്, 1:16-17) എന്നു പറഞ്ഞ് സ്വന്തം ഭാവിയെ അവ്യക്തതയിൽ ഹോമിച്ചുകൊണ്ട് രൂത്ത് അമ്മാവിയമ്മയോടൊപ്പം ബേത്ലേഹെമിലേക്കു പോയി. മോവാബ്യ സ്ത്രീയായിരുന്ന അവൾ തന്റെ അമ്മാവിയമ്മയെ ഉപേക്ഷിക്കാതെ, അമ്മാവിയമ്മയുടെ ദൈവത്തെ തന്റെ ദൈവമായി പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചതിന്റെ ഫലമായി അവളിൽ ദൈവം പ്രസാദിക്കുകയും അവൾക്കായി ബോവസ് എന്ന വീണ്ടടുപ്പുകാരനെ ഒരുക്കുകയും ചെയ്തു. ദാവീദിന്റെ പിതാമഹനായ ഓബേദ്, രൂത്ത് – ബോവസ് ദമ്പതികളുടെ മകനായിരുന്നു. കടമകളുടെ മുമ്പിൽ ഓടിയൊളിക്കാതെ, ത്യാഗങ്ങളും കഷ്ടതകളും സഹിക്കുവാൻ സ്വയം സമർപ്പിച്ച്, സർവ്വശക്തനായ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം രൂത്തിലൂടെ നാം ദർശിക്കുന്നു. അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം ദൈവസ്നേഹത്തിൽ കെട്ടുറപ്പുള്ളതായിത്തീരുമ്പോൾ ഇരുവരുടെയും ജീവിതങ്ങൾ അനുഗ്രഹസമ്പൂർണ്ണമായി തീരുന്നുവെന്നും രൂത്തിന്റെയും – നൊവൊമിയുടെയും, ജീവിതത്തിൽ നാം കാണുന്നു.

ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

പൊതുപ്രവർത്തനധാരയിലേക്കു കടന്നുവരുവാൻ അനുവാദമോ അംഗീകാരമോ ലഭിക്കാതെ, ഗാർഹിക ചുമതലകളുമായി സ്ത്രീകൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സർവ്വശക്തനായ ദൈവം ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരായെ യിസ്രായേൽമക്കളെ ന്യായപാലനം ചെയ്യുവാനായി അവരോധിച്ചത്. (ന്യായാ, 4:4). അവൾ മിര്യാമിനുശേഷം തിരുവചനത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പ്രവാചിക കൂടിയാണ്. തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിച്ച യിസ്രായേൽ മക്കളെ ദൈവം കനാന്യരാജാവായ യാബീനു വിറ്റുകളഞ്ഞു (ന്യായാ, 4:2). അവൻ അവരെ 20 വർഷം കഠിനമായി പീഡിപ്പിച്ചപ്പോൾ യിസായേൽ മക്കൾ വീണ്ടും ദൈവത്തോടു നിലവിളിച്ചു. എന്നാൽ സൈന്യാധിപനായ സീസെരായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന 900 ഇരുമ്പു രഥങ്ങളോടുകൂടിയ യാബീന്റെ സൈന്യത്തെ നേരിടുവാൻ യിസ്രായേൽ മക്കൾക്കു കഴിവില്ലായിരുന്നു. നിസ്സഹായരായ തന്റെ ജനത്തിന്റെ നിലവിളി കേട്ട ദൈവം, സീസെരായെയും അവന്റെ ഇരുമ്പുരഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിനരികെവച്ച് യിസ്രായേൽ മക്കൾക്ക് എല്പിച്ചുകൊടുക്കുമെന്ന് ദെബോരായ്ക്ക് അരുളപ്പാടു നൽകി. അതിനുവേണ്ടി അബീനോവാമിന്റെ മകനായ ബാരാക്ക് 10,000 പേരെ കൂട്ടിക്കൊണ്ട് കീശോൻ തോട്ടിനരികെ പോകണമെന്നും ദെബോരാ ബാരാക്കിനോട് ആവശ്യപ്പെട്ടു. പക്ഷേ, ദെബോരായില്ലാതെ യുദ്ധമുന്നണിയിലേക്കു പോകുവാൻ ബാരാക്കിന് ധൈര്യമില്ലായിരുന്നു. സീസെരായുടെ സൈന്യത്തെ ഭയപ്പെടാതെ സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ വാക്കിൽ വിശ്വസിച്ചുകൊണ്ട് അവൾ 10,000 പേരുമായി ബാരാക്കിനോടൊപ്പം പുറപ്പെട്ടു. ദൈവം യാബീന്റെ സൈന്യത്തെ താറുമാറാക്കി. സൈന്യാധിപനായ സീസരായെ യായേൽ എന്ന സ്ത്രീ ഒരു കുറ്റികൊണ്ടു കൊന്നു. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് ദെബോരായുടെ പിന്നിൽ അണിനിരന്ന യിസ്രായേൽമക്കൾ യാബീനെ കീഴടക്കി. തന്നിൽ സമ്പൂർണ്ണമായി വിശ്വാസമർപ്പിച്ച് വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന സ്ത്രീകളെയും തന്റെ ദൗത്യത്തിനായി ദൈവം ഉപയോഗിക്കുമെന്ന് യിസ്രായേലിന്റെ ചരിത്രത്തിലെ ഏക ന്യായാധിപയായിരുന്ന ദെബോരായുടെ ജീവിതം ദൃഢമായി സാക്ഷിക്കുന്നു.

വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

വാർദ്ധക്യത്തിലേക്കുള്ള യാത്രയിൽ മനുഷ്യന്റെ ശരീരമനസ്സുകളുടെ ബലവും പ്രവർത്തനക്ഷമതയും കുറഞ്ഞുപോകും. 85 വയസ്സുള്ള ഒരു വ്യക്തി ആ വാർദ്ധക്യത്തിലും തനിക്ക് 40-ാമത്തെ വയസ്സിൽ ഉണ്ടായിരുന്ന അതേ ബലമുണ്ടെന്നും, 45 വർഷങ്ങൾക്കുമുമ്പ് താൻ ഏറ്റെടുക്കുവാൻ തയ്യാറായ അതേ ദൗത്യം തന്നെ ഏല്പിക്കണമെന്നും, യഹോവ കൂടെയുണ്ടെങ്കിൽ അതു താൻ പൂർത്തിയാക്കുമെന്നും ശഠിക്കുന്നത് (യോശു, 14:10-12) അനിതരസാധാരണമായ ഒരു കാര്യമാണ്. കാൽനടയായി കനാൻദേശത്തെത്തുവാൻ 11 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആ ദേശം രഹസ്യമായി പരിശോധിക്കുവാൻ പോയ 12 ഗോത്രത്തലവന്മാരിൽ ഒരുവനായിരുന്നു കാലേബ്. തന്നോടൊപ്പമുണ്ടായിരുന്നവരിൽ 10 പേരും ദൈവം യിസായേൽമക്കൾക്കു നൽകുമെന്നു വാഗ്ദത്തം ചെയ്ത കനാൻദേശത്ത് അനാക്യമല്ലന്മാരുണ്ടെന്നും, അവരുടെ മുമ്പിൽ തങ്ങൾക്കുതന്നെ വെട്ടുക്കിളികളെപ്പോലെ തോന്നിയെന്നും പറഞ്ഞ് ജനത്തെ ഭയപ്പെടുത്തിയപ്പോൾ, അവർക്കെതിരേ ആദ്യമായി ശബ്ദമുയർത്തിയത് കാലേബ് ആയിരുന്നു. തങ്ങൾക്കെതിരേ കലാപമുയർത്തിയ യിസ്രായേൽ മക്കളുടെ സർവ്വസംഘത്തിന്റെയും മുമ്പിൽ മോശെയും അഹരോനും കവിണ്ണു വീണപ്പോൾ യോശുവയോടൊപ്പം വസ്ത്രം കീറി, ജനത്തെ ഭയപ്പെടാതെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്” (സംഖ്യാ, 14:9) എന്ന് കാലേബ് അവരെ ഉദ്ബോധിപ്പിച്ചു. ഇപ്രകാരം അനാക്യമല്ലന്മാരെ ഭയപ്പെടാതെ അത്യുന്നതനായ ദൈവത്തിൽ വിശ്വാസം അർപ്പിച്ച് തങ്ങളോടൊപ്പം ചേർന്നുനിന്ന കാലേബിന് കനാൻ ദേശത്ത് അനാക്യമല്ലന്മാർ അധിവസിച്ചിരുന്ന ഹെബ്രോൻ നൽകാമെന്ന് മോശെ സത്യം ചെയ്തിരുന്നു. യിസ്രായേൽ മക്കൾ കനാൻ ദേശത്തെത്തിയശേഷം ഓരോ ഗോത്രങ്ങൾക്കും അവകാശം വിഭാഗിച്ചു കൊടുത്തപ്പോൾ 45 വർഷംമുമ്പ് മോശെ ചെയ്ത വാഗ്ദാനം കാലേബ് യോശുവയെ ഓർമ്മപ്പെടുത്തി. അപ്പോഴും അവിടെ അനാക്യമല്ലന്മാരുണ്ടായിരുന്നു. എന്നാൽ, യഹോവ തന്നോടുകൂടെയുണ്ടെങ്കിൽ അവരെ നീക്കിക്കളയുവാൻ സാധിക്കുമെന്നാണ് 85-ാം വയസ്സിലും കാലേബിനു പറയുവാനുണ്ടായിരുന്നത്. തദനന്തരം ഈ വയോധികൻ യഹോവയുടെ അമിതബലത്താൽ അനാക്കിന്റെ മുന്നു പുത്രന്മാരെ ഹെബ്രോനിൽനിന്നു നീക്കിക്കളഞ്ഞു. (ന്യായാ, 1:20). തങ്ങളുടെ പ്രായവും അനാരോഗ്യവും ചൂണ്ടിക്കാണിച്ച് ദൈവത്തിനുവേണ്ടി ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ വിമുഖത കാട്ടുന്നവർ 85-ാം വയസ്സിലും യഹോവയെ ശരണമാക്കിക്കൊണ്ട്, വർദ്ധിച്ച ബലത്തോടെ അനാക്യമല്ലന്മാരെ കീഴടക്കിയ കാലേബിനെ മാതൃകയാക്കണം.

ഉറപ്പും ധൈര്യവും

ഉറപ്പും ധൈര്യവും

ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്നവരുടെയും ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരുടെയും ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാനഘടകങ്ങളാണ് ഉറപ്പും ധൈര്യവും. മോശയുടെ നിര്യാണത്തെ തുടർന്ന് യിസായേൽമക്കളെ കനാൻദേശത്തേക്കു നയിക്കുവാനായി നിയോഗിക്കപ്പെട്ട യോശുവയോട് ദൈവം അതു വ്യക്തമാക്കുന്നു. അതു സ്വന്തം ബലത്തിൽനിന്നും ബുദ്ധിയിൽനിന്നും ഉണ്ടാകേണ്ടതല്ല, പിന്നെയോ, സർവ്വശക്തനായ ദൈവത്തിലുളള വിശ്വാസത്തിൽനിന്നും വിശ്വസ്തതയിൽനിന്നും ഉരുത്തിരിയേണ്ടതാണ്. അങ്ങനെ ദൈവത്തിൽ സമ്പൂർണ്ണമായി വിശ്വസിക്കുകയും അവനാടു വിശ്വസ്തത പുലർത്തുകയും ചെയ്യുന്ന ഒരുവനു മാത്രമേ ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടുകൂടെ പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. തന്നോടൊപ്പം കനാൻദേശം രഹസ്യമായി പരിശോധിച്ച പതിനൊന്നു ഗോത്രത്തലവന്മാരിൽ പത്തു പേരും അനാക്യമല്ലന്മാരെ കണ്ടു ഭയപ്പെട്ട്, 20 ലക്ഷത്തോളം ജനങ്ങളെ മോശെയ്ക്കും അഹരോനുമെതിരായി തിരിച്ചപ്പോൾ, കാലേബിനോടൊപ്പം മോശെയോടും അഹരോനോടും ചേർന്നുനിന്ന യോശുവ തനിക്ക് ദൈവത്തിലുള്ള അചഞ്ചലവും അത്യഗാധവുമായ ഉറപ്പും ധൈര്യവും പ്രകടമാക്കി. യിസ്രായേൽമക്കളെ കനാനിലേക്കു നയിക്കുവാനായി നിയോഗിക്കപ്പെടുമ്പോൾ മൂന്നു പ്രാവശ്യം യോശുവയോട് ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കണമെന്ന് യഹോവ അരുളിച്ചെയ്യുന്നു. (യോശു, 1:6,7, 9). കരകവിഞ്ഞൊഴുകിയ യോർദ്ദാനും മുന്നോട്ടു പോകുവാൻ തടസ്സമായി നിന്ന യെരീഹോമതിലും കണ്ടു പതറാതെ, അവ മറികടന്ന്, 32 രാജാക്കന്മാരെ തോല്പിച്ച് യിസ്രായേൽമക്കളെ കനാനിലെത്തിച്ചത് യോശുവയ്ക്ക് യഹോവയിലുണ്ടായിരുന്ന ഉറപ്പും ധൈര്യവുമായിരുന്നു. ദൈവത്തിനുവേണ്ടി പ്രവർത്തിക്കുവാൻ ആഗ്രഹമുണ്ടെന്നു പറയുകയും അതിനായി പല പരിപാടികൾ സ്വപ്നം കാണുകയും ചെയ്യുന്ന അനേകരുണ്ട്. പക്ഷേ യോശുവയ്ക്ക് ഉണ്ടായിരുന്നതു പോലെയുള്ള ഉറപ്പും ധൈര്യവും അവർക്കില്ലാത്തതുകൊണ്ട്, അവരെ ദൈവത്തിന് ഉപയോഗിക്കുവാൻ കഴിയുന്നില്ല. “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ, 41:10). ”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19).

പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

ക്രൈസ്തവ ആരാധനകളിൽ ഗാനാലാപനത്തിന് മഹത്തായ സ്ഥാനമാണുള്ളത്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നീർച്ചുഴിയിൽ താണുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സുകൾക്ക്, കരുണാസമ്പന്നനായ ദൈവത്തിനുമാത്രം നൽകുവാൻ കഴിയുന്ന സ്വർഗ്ഗീയ സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടികളിലേക്ക് ഉയർത്തുവാൻ ആത്മീയഗീതങ്ങൾക്കു കഴിയുന്നു. എന്തെന്നാൽ അവയോരോന്നും ദൈവത്തിന്റെ സ്നേഹവും അത്ഭുതങ്ങളും അനുഗ്രഹങ്ങളും വാഴ്ത്തിപ്പാടുന്നവയാണ്. പാടുന്നവരിലുളവാക്കുന്ന ആനന്ദാനുഭൂതിയോടൊപ്പം, അവ വരുംതലമുറകൾക്ക് തന്നെക്കുറിച്ചുള്ള സാക്ഷ്യം കൂടിയായിരിക്കുമെന്ന് ദൈവം മോശെയോട് അരുളിച്ചെയ്തു. മോശെയുടെ മരണസമയം അടുത്തിരിക്കുന്നുവെന്നും യിസ്രായേൽ മക്കൾ കനാനിൽ താമസം തുടങ്ങുമ്പോൾ, അവർ അവിടെയുള്ള അന്യദൈവങ്ങളെ ആരാധിക്കുമെന്നും തന്റെ കോപത്തിൽ താൻ അവരെ കഠിനമായി ശിക്ഷിക്കുമെന്നും, അപ്പോൾ അവർ ദൈവം അവരെ ഉപേക്ഷിച്ചുകളഞ്ഞതായി പറയുമെന്നും 120 വയസ്സുള്ളവനായ മോശെയോട് ദൈവം അരുളിച്ചെയ്തു. “ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക” (ആവ, 31:19) എന്ന് ദൈവം മോശെയോടു കല്പിക്കുന്നു. മാത്രമല്ല, ദൈവത്തെ മറന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായി, ഭാവിയിൽ കഷ്ടതകളും അനർത്ഥങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവർക്കെതിരേ സാക്ഷ്യം പറയും (ആവ, 31:21) എന്ന് അരുളിചെയ്ത ദൈവം, അനുഗ്രഹങ്ങളുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യമായ ഗാനാലാപനത്തെ തലമുറകൾക്കുകൂടി മാർഗ്ഗദീപമാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നു നമുക്ക് ദൈവത്തിന്റെ അനുഗ്രഹങ്ങളും അത്ഭുതങ്ങളും വാഴ്ത്തുവാനും പാടി സ്തുതിക്കുവാനും സ്നേഹവാനായ ദൈവത്തിന്റെ സാക്ഷ്യങ്ങളായ അവയെ ഭാവിതലമുറകൾക്കു പകരുവാനും കഴിയണം.